Tuesday, 8 October 2019

പലായനശേഷം അവൻ വന്നു

പ്രളയകാലത്തെ മൺവണ്ടി 13

O light! This is the cry of all the characters of ancient drama brought face to face with their fate. This last resort was ours, too, and I knew it now. In the middle of winter I at last discovered that there was in me an invincible summer.
― Albert Camus/Return to Tipasa

ഒന്ന് 

സി ജെ തോമസിൻറെ മൂന്നങ്കങ്ങളുള്ള 'അവൻ വീണ്ടും വരുന്നു' നാടകത്തിൻറെ രംഗ വിവരണത്തിൽ തന്നെ,രാഷ്ട്രീയമുണ്ട്.നാടകം സംഭവിക്കുന്ന മാത്തുക്കുട്ടിയുടെ വീടിൻറെ ചുമരിൽ,യേശുവിൻറെയും പട്ടാളവേഷത്തിലുള്ള മാത്തുക്കുട്ടിയുടെയും ചിത്രങ്ങൾക്ക് പുറമെ,ചർച്ചിൽ,സ്റ്റാലിൻ,റൂസ്‌വെൽറ്റ് എന്നിവരുടെ പടങ്ങൾ ഒരു പഴയ പഞ്ചാംഗത്തിൻറെ മുകളിൽ ഒട്ടിച്ചിരിക്കുന്നു എന്നാണ്,വിവരണം.വീട് ദരിദ്രമാണ്.ആ വീട്ടിൽ ബുദ്ധിജീവികൾ ഇല്ല.യേശുവിൻറെയും മാത്തുക്കുട്ടിയുടെയും ചിത്രങ്ങൾ സ്വാഭാവികം.മറ്റ് മൂന്നെണ്ണം അങ്ങനെയല്ല.അത് സി ജെ മനഃപൂർവം തിരുകിയതാണ്.അതാണ് ഈ നാടകത്തിലെ രാഷ്ട്രീയം.

നാടകം ആദ്യ പതിപ്പ് 1949 ഓഗസ്റ്റിൽ.സി ജെ യുടെ ആദ്യ നാടകം.അദ്ദേഹം എഴുതിയ പുസ്തകങ്ങളിൽ മൂന്നാമത്തേത്.പിറ്റേ വർഷം 'ഉയരുന്ന യവനിക'.
ദാരിദ്ര്യത്താൽ പട്ടാളത്തിൽ ചേർന്ന് വെടികൊണ്ട് അന്ധനായ മാത്തുക്കുട്ടി തിരിച്ചു വീട്ടിൽ എത്തുന്നതിനെ തുടർന്നുള്ള സംഭവങ്ങളാണ്,പ്രമേയം.ഭാര്യ സാറാമ്മ,അവളെ ഗർഭിണിയാക്കിയ മാത്തുക്കുട്ടിയുടെ ആത്മസുഹൃത്ത് കുഞ്ഞുവർക്കി,മാത്തുക്കുട്ടിയുടെ അമ്മ,ഉപദേശി,മാത്തുക്കുട്ടിയുടെ വെടിമരുന്ന് പരിചയം സമരത്തിന് ഉപയോഗിക്കുന്ന ഫാക്റ്ററി തൊഴിലാളിയും കമ്മ്യൂണിസ്റ്റുമായ രാഘവൻ,സാറാമ്മയുടെ പേറെടുക്കുന്ന പതിച്ചി എന്നിവർ കഥാപാത്രങ്ങൾ.മതവും രാഷ്ട്രീയവും,സമൂഹവും വ്യക്തിയും തമ്മിലുള്ള സംഘർഷത്തിന്,പ്രാതിനിധ്യ സ്വഭാവമുള്ള കഥാപാത്രങ്ങളെ ഉപയോഗിച്ചിരിക്കുന്നു.മാത്തുക്കുട്ടിയെക്കാൾ മിഴിവുള്ള കഥാപാത്രമാണ്,ആധുനികനായ പ്രതിനായകൻ കുഞ്ഞു വർക്കി.അയാളാണ്,മതത്തെയും സമൂഹത്തെയും പ്രധാനമായും ചോദ്യം ചെയ്യുന്നത്.
കൂത്താട്ടുകുളത്തെ യൗവനത്തിൽ കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്ന സി ജെ,കമ്മ്യൂണിസവുമായി വഴിപിരിഞ്ഞ ശേഷമാണ്,ഈ നാടകം.ആ രാഷ്ട്രീയ പശ്ചാത്തലത്തിലേക്ക് കടക്കും മുൻപ്,തൃശൂരിൽ സി ജെ പങ്കാളിയായ ഒരു സാഹിത്യ സംഘർഷം നടന്ന കഥ:

നാടകത്തിന് പശ്ചാത്തലമായ രണ്ടാം ലോകയുദ്ധം അവസാനിച്ച 1945 ലാണ് പുരോഗമന സാഹിത്യ സംഘടന സജീവമായത്.പഴഞ്ചൻ എഴുത്തുകാരെ വിറളി പിടിപ്പിച്ച കോട്ടയം സമ്മേളനം നടന്നത്,1945 മേയിലാണ്.എം പി പോൾ ആയിരുന്നു സംഘടനയുടെ അധ്യക്ഷൻ.സരോജിനി നായിഡുവിൻറെ സഹോദരൻ കമ്മ്യൂണിസ്റ്റ് സഹയാത്രികൻ ഹരീന്ദ്രനാഥ് ചതോപാധ്യായ മുഖ്യാതിഥി.ചങ്ങമ്പുഴ ഒരു സമ്മേളന അധ്യക്ഷൻ.സംഘടനയിൽ ധാരാളം കമ്മ്യൂണിസ്റ്റുകൾ ഉണ്ടായിരുന്നതിനാൽ,പാർട്ടിയുടെ ആജ്ഞാനുവർത്തിയാണ് സംഘടന എന്ന തോന്നലുണ്ടായി.സംഘടനയുടെ നിലപാടുകൾ അതല്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു,പോളിൻറെ സ്വാഗത പ്രസംഗം.ആ പ്രസംഗമാണ്,'സാഹിത്യ വിചാരം' എന്ന പുസ്തകത്തിലെ 'മലയാള സാഹിത്യത്തിൻറെ കുറവുകൾ' എന്ന പ്രബന്ധം.

പി കേശവദേവ് എഴുതിയ 'നാടകകൃത്ത്' എന്ന നാടകം,അവിടെ അരങ്ങേറി.പോളിൻറെ മകൾ പതിനേഴുകാരി റോസി,നായിക.ഒരു നല്ല നാടകകൃത്ത് രചിച്ച നല്ല നാടകം,അതിൽ പൊളിച്ചെഴുത്ത് നടത്തി വികൃതമാക്കുന്നതാണ്,പ്രമേയം.റിഹേഴ്‌സൽ ക്യാമ്പിലെ കോമളാംഗി എന്ന,കണ്ണേറ് കൊണ്ട് സകലരെയും മയക്കുന്ന ഏക നടിയുടെ വേഷമായിരുന്നു,റോസിക്ക്.മുൻ മന്ത്രി പി ടി ചാക്കോ,കോമളാംഗിയെ പ്രണയിച്ച വില്ലൻ.അഭയ ദേവും കേശവ ദേവിൻറെ ഭാര്യ ഗോമതിയും മറ്റ് അഭിനേതാക്കൾ.യാഥാസ്ഥിതിക സുറിയാനി ക്രിസ്ത്യാനികളുടെ പൊളിറ്റ് ബ്യുറോ ആസ്ഥാനമായ കോട്ടയത്ത്,അത് തരക്കേടില്ലാത്ത വിപ്ലവം ആയിരുന്നു.

അന്നത്തെ പ്രസംഗത്തിൽ പോൾ പറഞ്ഞു:
"നമ്മുടെ സാഹിത്യം അലസ ധനികന്മാരുടെയും പ്രഭുക്കന്മാരുടെയും സുഖോപരണമായി കഴിഞ്ഞു പോന്നിരുന്നു.ചതുരംഗത്തെക്കാൾ മഹനീയമായ സ്ഥാനം സാഹിത്യത്തിനുണ്ടെന്ന് വെളിപ്പെട്ടു തുടങ്ങിയിട്ട് ഏറെ നാളായില്ല.സാഹിത്യത്തിനും ജീവിതത്തോട് അവിച്ഛിന്നമായ ബന്ധമുണ്ടെന്നും അത് സമുദായ ശരീരത്തിൻറെ അകത്തും പുറത്തും മേലും കീഴും വ്യാപിക്കുന്നുണ്ടെന്നും അത് ജീവിതത്തിൻറെ പ്രതിബിംബം മാത്രമല്ല,അതിപ്രധാനമായ ഒരംശമാണ് എന്നുമുള്ള ബോധത്തിൽ നിന്നാണ് പുരോഗമന സാഹിത്യം ഉണ്ടായത്."

നിയമം പാസായി കോട്ടയം വൈ എം സി എ യിൽ കഴിഞ്ഞിരുന്ന സി ജെ യെ,നാഗമ്പടത്തെ പോൾസ് ട്യൂട്ടോറിയൽ കോളജിൽ പോൾ അധ്യാപകനായി നിയമിച്ച കാലം.റോസി സി ജെ യുടെ കാമുകി.സി ജെ സമ്മേളനത്തിൻറെ ഭാഗമായിരുന്നു-പിന്നിൽ നിന്ന് ചരട് വലി.
സ്വാതന്ത്ര്യ ശേഷം,1947 ഡിസംബറിൽ തൃശൂരിൽ ചേർന്ന സംഘടനയുടെ സമ്മേളനം കലുഷമായി.ഇ എം എസ്,കെ ദാമോദരൻ,സി അച്യുതക്കുറുപ്പ്,എം എസ് ദേവദാസ് എന്നിങ്ങനെ രാഷ്ട്രീയക്കാരും എഴുത്തുകാരുമായ നേതാക്കൾ,സാംസ്‌കാരിക സംഘടനകൾ പിടിച്ചെടുക്കാൻ നടപ്പായിരുന്നു.തൃശൂർ സെൻറ് തോമസ് കോളജിൽ ഇ എം എസിന്റെയും സി അച്യുത മേനോന്റെയും അധ്യാപകനായിരുന്നു,പോൾ.ഇ എം എസും മേനോനും സഹപാഠികൾ ആയിരുന്നു.

തൃശൂർ,കോട്ടയം സമ്മേളനങ്ങൾ തമ്മിൽ ഒരു സാമ്യവും ഉണ്ടായിരുന്നില്ല.തൃശൂരിൽ മുൽക് രാജ് ആനന്ദ് ഉദഘാടകൻ.പൊതുസമ്മേളന തലേന്ന്,പാർട്ടി എഴുത്തുകാർ സ്വന്തം മാനിഫെസ്റ്റോ അവതരിപ്പിച്ചു.അട്ടിമറി നീക്കം സി ജെ,അന്ന് രാത്രി പോളിനെ അറിയിച്ചു.പോൾ,ജോസഫ് മുണ്ടശ്ശേരി,തകഴി ശിവശങ്കര പിള്ള,പി കേശവ ദേവ് എന്നിവർക്കൊപ്പം,സി ജെ യും മാനിഫെസ്റ്റോയെ എതിർത്തു.രാഷ്ട്രീയ നുഴഞ്ഞു കയറ്റക്കാരെ എതിർത്ത് പോൾ നടത്തിയ അധ്യക്ഷ പ്രസംഗം കോളിളക്കമുണ്ടാക്കി.സംഘടനയുടെ പേരിൽ ചിലർ പടച്ചു വിട്ട അശ്ലീല സാഹിത്യത്തെ പോൾ വിമർശിച്ചു.

പോളിൻറെ പ്രസംഗത്തിൽ നിന്ന്:

"സംസ്കാരത്തിൻറെ ഉത്തമ മാതൃകകൾ നമുക്ക് എവിടെ നിന്നും സ്വീകരിക്കാം.പക്ഷെ ഒരു രാജ്യത്തിൻറെയോ കക്ഷിയുടെയോ പേരിൽ എന്തെങ്കിലും പ്രമാണ സംഹിത പുരോഗമന സാഹിത്യകാരൻറെ തലയിൽ കെട്ടി വയ്ക്കുന്നത്,എത്രമാത്രം അനാശാസ്യമാണെന്ന് കാണിക്കാൻ മാത്രമാണ്,വിവാദത്തിനും പ്രക്ഷോഭത്തിനും ഇടയ്ക്കുള്ള ഈ വിഷയത്തെക്കുറിച്ച് ഞാൻ ഇത്രയും പ്രസ്താവിച്ചത്.ഒരു കലാകാരന് തൻറെ ആശയ സ്വാതന്ത്ര്യം ജീവനെക്കാൾ വലിയതാണ്.ഒരു രാഷ്ട്രീയ കക്ഷിക്കാകട്ടെ,പല സമര മുഖങ്ങളിൽ ഒന്ന് മാത്രമാണ്,സാംസ്‌കാരിക രംഗം.ഒരു സാംസ്‌കാരിക സംഘടനയ്ക്കാകട്ടെ,പല സമരമുഖങ്ങളിൽ ഒന്നാണ് ,രാഷ്ട്രീയ രംഗം.കലയുടെ പ്രേരണാ ശക്തി എല്ലാവർക്കുമറിയാം.അത് സ്വാധീനമാക്കാൻ ഓരോ കക്ഷിയും ശ്രമിക്കുന്നത് സ്വാഭാവികമാണ്.എന്നാൽ കലയ്ക്ക് കക്ഷി നിരപേക്ഷമായ ഒരു മനഃസാക്ഷിയുണ്ട്.അതനുസരിച്ച് മാത്രമേ അതിന് പ്രവർത്തിക്കാൻ പാടുള്ളു".

ഒന്നാന്തരമാണ്,ഈ നിലപാട്.
എം പി പോൾ 
സി ജെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായപ്പോൾ,അദ്ദേഹത്തിന് മേൽ ഒരു വിധവയുടെ അവിഹിത ഗർഭം കെട്ടി വച്ചു,പ്രകോപിതരായ കമ്മ്യൂണിസ്റ്റ് പക്ഷം.നേർ മറുപടി ഇല്ലാത്തതിനാൽ,പോളിനെ വത്തിക്കാൻറെ ഏജൻറ് എന്ന് വിളിച്ചു.ആ സംഘടന നാമാവശേഷമായി എന്ന് മാത്രമല്ല,പോളും സി ജെയും ആയിരുന്നു ശരിയെന്ന് 40 വർഷത്തിന് ശേഷം,'ഭാഷാപോഷിണി' സമ്മേളനത്തിൽ ഇ എം എസ് കുമ്പസാരിക്കുകയും ചെയ്‌തു.
പി ഭാസ്കരൻറെ 'എന്നുമെന്നും വയലാർ' എന്ന നിഴൽ നാടകത്തിൽ,കിഴവൻറെ നിഴലായി അഭിനയിച്ച് സി ജെ തൃശൂരിൽ നിന്ന് മടങ്ങി.

ഇനി രാഷ്ട്രീയ പശ്ചാത്തലം.

കമ്മ്യൂണിസ്റ്റ് പാർട്ടി ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ എതിർത്ത് ബ്രിട്ടീഷ് പക്ഷത്ത് നിലയുറപ്പിച്ചിരുന്നു എന്നും പാകിസ്ഥാൻ വാദത്തെ അനുകൂലിച്ചിരുന്നു എന്നും ചരിത്രത്തിലുണ്ട്.ബ്രിട്ടീഷ് നേതൃത്വത്തിൽ നാസിസത്തിനെതിരായി നടക്കുന്ന യുദ്ധം,ജനകീയ യുദ്ധമാണെന്ന് അന്ന് പാർട്ടി കണ്ടു;പാകിസ്ഥാൻ വാദം ഉപദേശീയതയാണെന്ന് തെറ്റിദ്ധരിച്ചു.
ലോക നാടക ചലനങ്ങൾ ശ്രദ്ധിച്ച സി ജെ യ്ക്ക്,ലോക കമ്മ്യൂണിസ സംഘർഷവും അന്യമായിരുന്നിരിക്കില്ല.'അവൻ വീണ്ടും വരുന്നു' എഴുതും മുൻപ്,കേരള കമ്മ്യൂണിസത്തെ രണ്ടു സംഭവ വികാസങ്ങൾ പിടിച്ചുലച്ചു:ബ്രോഡർ സിദ്ധാന്തവും കൊൽക്കത്ത തീസിസും.

1934 -1945 ൽ അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ആയിരുന്ന,ഏൾ ബ്രോഡർ ( Earl Browder 1891 -1973 ) ഒന്നാം ലോകയുദ്ധത്തെ എതിർത്ത് ജയിലിലായി.1936 ലും 1940 ലും യു എസ്‌ പ്രസിഡൻറ് സ്ഥാനാർഥി.സോവിയറ്റ് ചാരനായി,പാസ്പോർട്ട് തട്ടിപ്പിന് 1940 ൽ തടവിലിട്ടു.1946 ൽ പാർട്ടിയിൽ നിന്ന് പുറത്തായി.

രണ്ടാം ലോകയുദ്ധം അവസാനിച്ചയുടനെയാണ്,ബ്രോഡർ സിദ്ധാന്തം വന്നത്.സാമ്രാജ്യത്വ ശക്തി ക്ഷയിച്ചെന്നും ലോകം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കീഴിൽ അമർന്നെന്നും പഴയ മട്ടിലുള്ള സംഘടനാ പ്രവർത്തനം ഇനി ആവശ്യമില്ലെന്നും സംഘടന പിരിച്ചു വിടണമെന്നും ആയിരുന്നു,സിദ്ധാന്തം.പാർട്ടിക്ക് ഇനി പഴയ പോലെ മുഴുവൻ സമയ പ്രവർത്തകർ ആവശ്യമില്ലെന്നും പ്രവർത്തകർ വേറെ പണി ചെയ്‌ത്‌ ജീവിക്കണമെന്നും ബ്രോഡർ നിർദേശിച്ചു.

ഇത് വിശ്വസിച്ച് പാർട്ടി സെക്രട്ടറി പി കൃഷ്‌ണ പിള്ള സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു.മണ്ടനായിരുന്നു എന്നർത്ഥം.ഇ എം എസ് യോഗ ക്ഷേമ സഭ പ്രസിഡൻറായി.സി എച്ച് കണാരൻ എസ് എൻ ഡി പി യിൽ പോയി.പിരിച്ചു  വിടും മുൻപ് പാർട്ടി,പ്രതിസന്ധിയിൽ ആയിരുന്നു.പിള്ളയും ഇ എം എസും വ്യത്യസ്ത ധ്രുവങ്ങളിൽ ആയിരുന്നു.'പ്രസ്ഥാനത്തിൻറെ മുകളിൽ കയറിയിരുന്ന് മറ്റുള്ളവരെ ഹനിക്കുന്നതും ശാസിക്കുന്നതും നേതൃത്വമായി വിചാരിച്ചവരെ'  പി നാരായണൻ നായർ ആത്മകഥയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്."ഒളിവിൽ ജീവിച്ചതിൻറെ അഭിജാത്യത്തിൽ മറ്റുള്ളവരോട് അവരുടെ പ്രവർത്തനങ്ങളെപ്പറ്റി ഡയറികളും റിപ്പോർട്ടുകളും എഴുതി വാങ്ങിക്കുക,അവ വസ്തുനിഷ്ഠമായി പരിശോധിക്കാനുള്ള കഴിവില്ലാതെ റിഫോമിസ്റ്റ് മുദ്രയും പെറ്റി ബൂർഷ്വാ വിളികളും അച്ചടക്ക ഖഡ്‌ഗവുമായി കേവലം യാന്ത്രികമായി വിലസുക"' ഇതൊക്കെയായിരുന്നു ഈ നേതൃത്വത്തിൻറെ പരിപാടിയെന്ന് നാരായണൻ നായർ നിരീക്ഷിക്കുന്നു.ഈ സ്ഥിതി വിശേഷം കൃഷ്‌ണ പിള്ളയെ വ്യാകുലപ്പെടുത്തിയപ്പോൾ ഉണ്ടായ  പ്രതികരണമായിരുന്നു,പിരിച്ചു വിടൽ.'ഈ നേതൃത്വം'' എന്ന് നായർ പറയുന്നത് ആരെപ്പറ്റിയാണ്?ഇ എം എസ് മാത്രമാണ് അന്ന് ദേശീയ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് ഉണ്ടായിരുന്നത്.

ഇ എം എസിനോട് വള്ളുവനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കൃഷ്‌ണപിള്ള നിർദേശിച്ചു. കണാരന് കർഷക സംഘം ചുമതല നൽകി.മുഴുവൻ സമയ പ്രവർത്തകർ ജോലിക്ക് പോയി ജീവിക്കാനും  മിച്ചമുള്ള സമയത്ത് പാർട്ടി പ്രവർത്തനത്തിന് പോകാനും ഇ എം എസ് നിർദേശിച്ചു.കെ പി ജി നമ്പൂതിരി വിപ്ലവ പാട്ടെഴുത്ത് നിർത്തി തിരുവനന്തപുരം ലോ കോളജിൽ ചേർന്നു.തുടർന്നുള്ള കാലത്ത് കേന്ദ്ര കമ്മിറ്റി ഇവിടെ പുനഃസംഘടന നടപ്പാക്കിയെങ്കിലും,പാർട്ടിയിൽ ആകെ നിരാശയുടെ കരിനിഴൽ വീണ കാലമായിരുന്നു,1946 -1948.കേരളകമ്മിറ്റിക്ക് മുൻപ് കമ്മ്യൂണിസ്റ്റ് ഇന്റര്നാഷനലും പിരിച്ചു വിട്ടു.
ബ്രോഡർ 
ഐക്യമുന്നണിയല്ല,കമ്മ്യൂണിസ്റ്റ് പാർട്ടി ആധിപത്യമാണ് വേണ്ടത് എന്ന ലൈൻ 1947 മധ്യത്തിൽ സ്റ്റാലിൻ എടുത്തു.മധ്യ,പൂർവ യൂറോപ്യൻ രാഷ്ട്രങ്ങളിൽ പാർട്ടി അധികാരത്തിൽ എറിയതായിരുന്നു ലൈൻ മാറ്റത്തിന് കാരണം.കോമിൻഫോം രൂപീകരിച്ചു.സോവിയറ്റ്,മധ്യ / പൂർവ യൂറോപ്യൻ പാർട്ടികൾ,ഇറ്റലി,ഫ്രഞ്ച് പാർട്ടികൾ എന്നിവ അംഗങ്ങൾ.ചൈനീസ് പാർട്ടിയെ ഒഴിവാക്കി.ടിറ്റോയുടെ അധീശത്വം കാരണ,യുഗോസ്ലാവ്യൻ പാർട്ടിക്കായിരുന്നു രണ്ടാം സ്ഥാനം.

കോമിൻഫോം ഉദ് ഘാടന യോഗത്തിൽ സോവിയറ്റ് സൈദ്ധാന്തികൻ ഷഡാനോവ് പറഞ്ഞു:
"ഇന്ന് ലോകത്ത് രണ്ടു ചേരികളേയുള്ളു.ഒന്ന് സോഷ്യലിസ്റ്റ്,സാമ്രാജ്യത്വ വിരുദ്ധ ചേരി.രണ്ട്,മുതലാളിത്ത സാമ്രാജ്യത്വ അനുകൂല ചേരി."
നിങ്ങൾ ഏതു ചേരിയിൽ എന്നായി ചോദ്യം.

ഈ ലൈൻ അനുസരിക്കുന്നവരുടെ മുഴക്കം തൃശൂർ സമ്മേളനത്തിൽ കേട്ടു.സ്റ്റാലിൻ ലൈൻ അംഗീകരിക്കുക എന്നതിനർത്ഥം,ഇന്ത്യയ്ക്ക് കിട്ടിയത്,സ്വാതന്ത്ര്യം അല്ല എന്നായിരുന്നു.ഇത് ഇന്ത്യൻ പാർട്ടിയെ പ്രതിസന്ധിയിലാക്കി.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് അംഗീകരിച്ചത് ഏതാനും വർഷം കഴിഞ്ഞ് പാലക്കാട് കോൺഗ്രസിലാണ്.
പുതിയ ലൈനിന്റെ അടിസ്ഥാനത്തിൽ,13 കൊല്ലം ജനറൽ സെക്രട്ടറി ആയിരുന്ന പി സി ജോഷിയെ ആ സ്ഥാനത്ത് നിന്ന് മാറ്റി,ബി ടി രണദിവെയെ അവരോധിച്ചു.രണദിവെയുടെ നേതൃത്വത്തിൽ 1948 ഫെബ്രുവരി 28 മുതൽ മാർച്ച് ആറു വരെ കൊൽക്കത്തയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസാണ് കൊൽക്കത്ത തീസിസ് അംഗീകരിച്ചത്.സായുധ കലാപം പാർട്ടി നയമാക്കിയ ആ നയത്തിന് മുൻപ് തെലങ്കാന,പുന്നപ്ര വയലാർ കലാപങ്ങൾ സംഭവിച്ചു.-1946.തെറ്റായ ആ നയം തെറ്റായി കേരളത്തിൽ നടപ്പാക്കി.


സി ജെ ജനിച്ചു വളർന്ന കൂത്താട്ടുകുളം ആ നയത്തിന് കൊടുത്ത വില വലുതായിരുന്നു.കൂത്താട്ടുകുളം മേരിയോട് പൈശാചികമായി പോലീസ് പക തീർത്തു.അക്കാലത്ത് ആദ്യ നാലു നാൾ പോലീസ് സ്റ്റേഷനുകളിൽ സ്ത്രീ പുരുഷന്മാരെ നഗ്നരായി തടവിലിട്ടു.സ്ത്രീകളുടെ മുലക്കണ്ണുകളിൽ വെള്ളയ്ക്കാ മോടo തൂക്കി.ഇരിങ്ങാലക്കുടയിൽ അറസ്റ്റിലായ പി കെ കുമാരനോട് സ്റ്റേഷനിലുണ്ടായിരുന്ന മഹിളാ സംഘം പ്രവർത്തക പി സി കുറുമ്പയുടെ സ്വകാര്യ ഭാഗം നക്കാൻ ആവശ്യപ്പെട്ടു.വിസമ്മതിച്ച കുമാരൻറെ മുഖം പോലീസ് ബലമായി അവരോട് ചേർത്തുരുമ്മി.മൊയാരത്ത് ശങ്കരൻ,എരൂർ സി കെ ദാമോദരൻ,വൈക്കം ദാമോദരൻ,തിരുമാറാടി രാമകൃഷ്ണൻ,മണ്ണത്തൂർ വർഗീസ്,പാമ്പാക്കുട രാജപ്പൻ,ഉല്ലല ദാമോദരൻ എന്നിവർ ലോകകപ്പുകളിൽ കശാപ്പ് ചെയ്യപ്പെട്ടു.
സി ജെ നാടകങ്ങൾക്ക് പശ്ചാത്തലം യുദ്ധവും സംഘർഷവും ആയതിൽ അദ്‌ഭുതമില്ല.

കൂത്താട്ടുകുളത്ത് പൊതുസമ്മതനായിരുന്ന യോഹന്നാൻ കോർ എപ്പിസ്കോപ്പയുടെ മകനായി ജനിച്ച സി ജെ,14 വയസിൽ നിരീശ്വരതയോട് ചായ്‌വ് കാട്ടാൻ തുടങ്ങി.പിതാവിൻറെ നിർബന്ധത്താൽ ശെമ്മാശനായി.ളോഹ ഊരി 1941 -'43 ൽ തിരുവനന്തപുരം ലോ കോളജിൽ പാർട്ടി ഘടകം സെക്രട്ടറിയായി.ഫ്ലെച്ചർ ബിൽഡിങ്സിൽ പാർട്ടി ഓഫീസ് ഉദ് ഘാടനം ചെയ്യുമ്പോൾ,കെ സി ജോർജിനും പി ടി പുന്നൂസിനുമൊപ്പം സി ജെ യും ഉണ്ടായിരുന്നു.പാർട്ടി ഓഫിസ് പുസ്തക ശാലാ ചുമതല സി ജെ യ്ക്ക് ആയിരുന്നു.

ഉത്തരവാദ പ്രക്ഷോഭത്തിൽ ( 1938 ) പങ്കെടുത്ത സി ജെ യുടെ ജ്യേഷ്ഠൻ സി ജെ ജോസഫിനെ പോലീസ് മർദിച്ച്  ക്ഷയരോഗിയാക്കി കൊന്നു.കൂത്താട്ടുകുളം മേരി അടുത്ത ബന്ധുവായിരുന്നു.സംഘർഷം സി ജെ യുടെ വീട്ടിലും വിരുന്നിനെത്തി.
'അവൻ വീണ്ടും വരുന്നു' എഴുതുമ്പോൾ സി ജെ സംശയാലുവായ തോമസ് ( Doubting Thomas ) ആയിരുന്നു.

തൃശൂർ സമ്മളനത്തിന് ശേഷം,സി ജെ,പാർട്ടിയിൽ നിന്ന് വഴിമാറി നടന്നു.കൊൽക്കത്ത തീസിസിന് ശേഷമായിരുന്നു,കൂത്താട്ടുകുളത്ത് കോളിളക്കമുണ്ടാക്കിയ ഉമ്മൻ കൊലക്കേസ്.ഒരുമാതിരി കമ്മ്യൂണിസ്റ്റുകളെയൊക്കെ പിടിക്കാൻ വാറൻറ് ഉണ്ടായിരുന്നു.അതിൽപെട്ട കമ്മ്യൂണിസ്റ്റ് ആയിരുന്നു,തിരുമാറാടിയിൽ പിഷാരടി കുടുംബത്തിൽ നിന്ന് വിവാഹം ചെയ്‌ത നരസിംഹയ്യർ.ഒളിവിൽ പോകാൻ അയ്യരോട് പാർട്ടി നിർദേശിച്ചു.പ്രസംഗം ദൗർബല്യമായ അദ്ദേഹം,പാലക്കുഴ ഷാപ്പിനടുത്തു നടന്ന ഒരു പാർട്ടി യോഗത്തിൽ പൊങ്ങി.അവിടന്ന് മടങ്ങുമ്പോൾ,അയ്യരെ പോലീസുകാരൻ ഉമ്മൻ പിടികൂടി.അയ്യരെ പോലീസ് ലോക്കപ്പിൽ മർദിച്ച് അവശനാക്കി.പാർട്ടിക്കാർ ഉമ്മനെ കൊന്നു.കുഞ്ഞ് എന്നൊരാളാണ് ഉമ്മനെ കുത്തിയതെന്ന് വിശ്വാസം ഉണ്ടായിരുന്നു.അയാളെയൊഴിച്ച് പലരെയും പോലീസ് പൊക്കി.നിരോധനാജ്ഞ നടപ്പാക്കി.പട്ടാളമെത്തി.നിരപരാധികളെ മർദിച്ചവശരാക്കി.സി ജെ യുടെ സുഹൃത്ത് ഫോട്ടോഗ്രഫർ ജേക്കബ് ഫിലിപ്പിനെ അറസ്റ്റ് ചെയ്തപ്പോൾ,സി ജെ തൃശൂരിലേക്ക് കടന്നു.അവിടെയാണ് 'അവൻ വീണ്ടും വരുന്നു' പിറന്നത്.

രണ്ട്‌ 

രണ്ടു വരവുകൾക്കിടയിലാണ്,നാടകം.പട്ടാളക്കാരനായിരുന്ന മാത്തുക്കുട്ടിയുടെ വരവിൽ ആരംഭിക്കുന്ന നാടകം,ഭാര്യ സാറാമ്മയുടെ അവിഹിത ഗർഭത്തിലെ കുഞ്ഞ് ലോകത്തേക്ക് വരുന്നിടത്ത്,ഒരു പ്രസവത്തിൽ,അവസാനിക്കുന്നു.ലോകനാടകത്തിൽ പ്രസവത്തിൽ അവസാനിക്കുന്ന ഏകനാടകം.

ഗ്രീക്ക് ദുരന്ത നാടകങ്ങളിൽ കാണുന്ന ഡെൽഫിയിലെ വെളിച്ചപ്പാടിൻറെ ( Oracle of Delphi ) മട്ടിലാണ്,സി ജെ ഉപദേശിയെ രൂപപ്പെടുത്തിയിരിക്കുന്നത്.കഥാപാത്രത്തെ സോഫോക്ലിസിൻറെ തൈറേഷ്യസ് പോലെ കാണുന്നതിന് പകരം, പെന്തക്കോസ്ത് മാതൃകയിലെ ഉപദേശിയുടെ മട്ടിൽ പരിഹാസ്യമാക്കിയ സംവിധായകൻ കേരളത്തിൽ ഉണ്ടായി-എന്നിട്ടും തിരുവനന്തപുരം വി ജെ ടി ഹാളിലെ അരങ്ങേറ്റം വിജയമായിരുന്നു എന്ന് അതിൽ അഭിനയിച്ച എസ് ഗുപ്തൻ നായർ 'മനസാ സ്മരാമി'യിൽ എഴുതി;ആരോ വിഡ്ഢിത്തം പറഞ്ഞത് കേട്ട് അത് പരാജയമായിരുന്നു എന്ന് എം തോമസ് മാത്യു,'സി ജെ യുടെ നാടകങ്ങൾ'എന്ന പുസ്തകത്തിൻറെ അവതാരികയിൽ പകർത്തി.മഹത്തായ നാടകം അല്ലെങ്കിലും കന്നി നാടകം എന്ന നിലയിൽ,ശിൽപ ഭംഗിയുണ്ട്.തുളച്ചു കയറുന്ന സംഭാഷണങ്ങൾ ചിലതുണ്ട്.മതത്തെയും ദൈവത്തെയും പൗരോഹിത്യത്തെയും ചോദ്യം ചെയ്യുന്ന സംഭാഷണങ്ങൾക്ക് അതി മുഴക്കമില്ല.ഉപദേശിയെ സന്നിവേശിപ്പിച്ചതിൽ ചാരുതയുണ്ട്.പശ്ചാത്തല ശബ്ദമായും അയാളുണ്ട്.ബൈബിളിലെ കയ്യടക്കം പാത്ര സൃഷ്ടിയിൽ കാണാം.
സി ജെ തോമസ് 
''ലോകാവസാനം അടുത്തിരിക്കുന്നു!ഇപ്പോൾ സുപ്രസാദ കാലം;ഇപ്പോൾ തന്നെ രക്ഷാ ദിവസം'' എന്ന് പറയുന്ന ഉപദേശി,
"അവൻ വീണ്ടും വരുന്നു! നിങ്ങളുടെ വിളക്കുകളിൽ എണ്ണയൊഴിച്ചു കാത്തിരിപ്പിൻ" എന്ന് നാന്ദി ചൊല്ലുന്നതിൽ,മാത്തുക്കുട്ടിയുടെ മടങ്ങി വരവിന്റെ സൂചനയുണ്ട്.

രണ്ടാം ലോകയുദ്ധ കാലമാണ് നാടക കാലം.ആ യുദ്ധം എന്ന് കഴിയുമെന്ന് മാത്തുക്കുട്ടിയുടെ അമ്മ ചോദിക്കുന്നതിന്,
"പുറം ജാതിക്കാരെയും അവിശ്വാസികളെയും പോലെ ജ്യോതിഷത്തിൽ വിശ്വസിക്കരുത്" എന്ന് മറുപടി പറഞ്ഞ് ഒഴിയുകയാണ്,ഉപദേശി.
അത്യാവശ്യം ജ്യോതിഷം അറിയാമായിരുന്ന സി ജെ,42 വയസ്സിലെ മരണവും അതിൽ നിന്നറിഞ്ഞിരുന്നു.

അവിഹിത ഗർഭം പേറുന്ന സാറാമ്മ,ഉപദേശിക്ക് കൊടുക്കേണ്ട കാപ്പി അടങ്ങിയ കോപ്പ താഴെ വീഴ്ത്തി പൊട്ടിച്ചു കൊണ്ടാണ്,വേദിയിൽ എത്തുന്നത്.ഞെട്ടിയും വിരണ്ടും അമ്പരന്നുമാണ് സാറാമ്മ വേദിയിൽ ഉടനീളം.

യുദ്ധക്കെടുതികൾ മാത്തുക്കുട്ടിയുടെ അമ്മ വിവരിക്കേ,ലൂക്കോസിൻറെ സുവിശേഷത്തിലെ 10:23 -24 വാക്യങ്ങൾ ഉപദേശി ഉദ്ധരിക്കുന്നു:
നിങ്ങൾ കാണുന്നവ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവ.എന്തുകൊണ്ടെന്നാൽ,ഞാൻ നിങ്ങളോട് പറയുന്നു,വളരെ പ്രവാചകന്മാരും രാജാക്കമാരും നിങ്ങൾ കാണുന്നത് കാണാൻ ആഗ്രഹിക്കുന്നു എങ്കിലും,കണ്ടില്ല;നിങ്ങൾ കേൾക്കുന്നത് കേൾക്കാനും എങ്കിലും കേട്ടില്ല!

ഉപദേശി മാത്തുക്കുട്ടിയെയും അമ്മയെയും ഇത് മറുതലിപ്പിൻറെ കാലം എന്ന് പറഞ്ഞ് പേടിപ്പിക്കുന്നു."സ്രഷ്ടാവ് കണക്ക് ചോദിക്കും."
സാറാമ്മ കാപ്പിയുമായി വരുമ്പോൾ,ഉപദേശിയിൽ നിന്ന് കേൾക്കുന്നത്,കർത്താവ് കണക്കു ചോദിക്കുന്ന മുഹൂർത്തത്തെപറ്റിയാണ്:
....അന്നു രണ്ടു സ്ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചു കൊണ്ടിരിക്കും.ഒരുത്തിയെ അവൻ സ്വീകരിക്കും.മറ്റവളെയോ അവൻ ചാകാത്ത പുഴുവും കെടാത്ത തീയും നിറഞ്ഞ നിത്യ നരകത്തിലേക്ക് തള്ളും !

തനിക്ക് പറഞ്ഞുറപ്പിച്ച നരകത്തീയെപ്പറ്റി കേട്ടാണ്,സാറാമ്മയിൽ നിന്ന് ചായക്കോപ്പ വീണുടയുന്നത്.

സാറാമ്മയും ജാരനായ കുഞ്ഞുവർക്കിയും തമ്മിലുള്ള സംഭാഷണത്തിൽ നിന്ന്,പള്ളിയിലെ മിന്നു കെട്ട് കഴിഞ്ഞ ഉടൻ,സാറാമ്മയുടെ വികാരങ്ങളെ അവഗണിച്ചാണ്,മാത്തുക്കുട്ടി മുന്നണിയിലേക്ക് പോയതെന്നറിയാം.നാല് വർഷമായി സ്നേഹിക്കാൻ ആരും ഉണ്ടായിരുന്നില്ല.വെറും അരിവയ്‌പുകാരി ആയാണ് അവിടെ കഴിഞ്ഞത്.കുഞ്ഞുവർക്കി പോറ്റാൻ തയ്യാറല്ല.ഒളിച്ചോടിയാൽ മാനം വിൽക്കേണ്ടി വരും.

മാത്തുക്കുട്ടി വരുന്ന തീവണ്ടിയുടെ മടക്കശബ്ദം കേട്ട് ഭ്രാന്തിയെപ്പോലെ സാറാമ്മ എഴുന്നേറ്റോടുന്ന മൂന്നാം രംഗത്തിൽ,അവൾ തൈർക്കലത്തിൽ കാൽ തട്ടി മറിഞ്ഞു വീഴുമ്പോൾ,മാത്തുക്കുട്ടിയുടെ അമ്മ നടത്തുന്ന ദേഹ പരിശോധനയിലാണ്,അവിഹിത ഗർഭം വെളിച്ചത്ത് വരുന്നത്.മാത്തുക്കുട്ടി വരുന്നത്,സാറാമ്മ മാനം കളഞ്ഞെന്ന അമ്മയുടെ വിലാപം കേട്ടാണ്.
നാടകം സംഘർഷ ഭരിതമാകുന്നു.നരകത്തെപ്പറ്റി ഉപേദശി ആവർത്തിക്കുമ്പോൾ,യുദ്ധ നരകം ഓർക്കുന്നു,മാത്തുക്കുട്ടി.അതൊന്നും ഇത്ര വേദനിപ്പിച്ചില്ല.സാറാമ്മ അയാളുടെ കാലിൽ വീഴുന്നു.

മൂന്നു മാസം കഴിഞ്ഞാണ്,രണ്ടാം അങ്കം.മാത്തുക്കുട്ടി,സാറാമ്മയ്ക്കും വർക്കിക്കും ഇടയിൽ താൻ പ്രതിബന്ധമാണെന്ന തിരിച്ചറിവിൽ വീട് വിടാൻ തീരുമാനിക്കുന്നു.അപ്പോൾ ഫാക്റ്ററി തൊഴിലാളി രാഘവൻ വരുന്നു.പുന്നപ്ര വയലാറിന് രക്ത സാക്ഷികളെ നൽകിയ വിമുക്ത ഭടൻമാരെ ഓർമിപ്പിക്കുമാറ്,രാഘവൻ വെടിമരുന്ന് പടക്കമായി എറിയുന്നതും കെട്ടുന്നതുമായ വിദ്യ പഠിപ്പിക്കാൻ അപേക്ഷിക്കുന്നു.ഇവിടത്തെ അക്രമവും അനീതിയും കണ്ട് മാത്തുക്കുട്ടി യുദ്ധത്തിന് തയ്യാർ.

ഉപദേശിയോട് സാറാമ്മ പാപ പരിഹാരം തേടുമ്പോൾ,അയാൾ ഉന്നയിക്കുന്നത്,യേശു,സ്വന്തം മാതാവിനോട് ചോദിച്ച ചോദ്യമാണ്:
"സ്ത്രീയേ,എനിക്കും നിനക്കും തമ്മിൽ എന്ത്?"

ദൈവം കൂട്ടിച്ചേർത്തവരെ മനുഷ്യൻ അകറ്റാതിരിക്കട്ടെ എന്ന ഉപദേശിയുടെ നിലപാടിനെ മാത്തുക്കുട്ടി ചോദ്യം ചെയ്യുന്നു:
"ദൈവം ആരെയാണ് കൂട്ടി ചേർത്തത് ? എന്തിനാണ് ഈ യുദ്ധമുണ്ടായത്?എന്തിനാണ് പട്ടാളത്തിൽ പോകാൻ മാത്രം ഞാൻ ദരിദ്രനായത്?ആരാണ് സാറാമ്മയെയും കുഞ്ഞു വർക്കിയെയും ഒരുമിച്ചു കൊണ്ട് വന്നത്?..ആരാണ് ഇതിനൊക്കെ കാരണക്കാരൻ?"

അന്ധനായ മാത്തുക്കുട്ടി വിപ്ലവത്തിനിറങ്ങുന്നു.ദൈവത്തെ ചോദ്യം ചെയ്യുന്ന നിലപാട് അവസാന അങ്കത്തിൽ,കുഞ്ഞു വർക്കി ആവർത്തിക്കുന്നു:

ഉപദേശി:ഏതു പള്ളിയിൽ വച്ചാണ് നിങ്ങളുടെ വിവാഹം നടന്നത്.
സാറാമ്മ:ഈ പള്ളിയിൽ വച്ച് തന്നെ
കുഞ്ഞുവർക്കി:അതിന് പള്ളി തന്നെ വേണമെന്നുണ്ടോ ?
ഉപദേശി:പുരോഹിതനും വേണ്ടേ?
കുഞ്ഞുവർക്കി:കിട്ടാൻ മാർഗ്ഗമില്ലെങ്കിൽ,കൂടാതെ കഴിക്കണം .
ഉപദേശി:ഞാൻ തുറന്നു പറയുകയാണ്,കുഞ്ഞുവർക്കീ,നീ എന്നോട് പരിഭവിക്കേണ്ട.ദൈവത്തിൻറെ ജോലി ചെയ്യുന്നതിൽ മുഖം നോക്കാൻ നിവൃത്തിയില്ല.മാത്തുക്കുട്ടി പോയിട്ട് ഇന്നു രണ്ടുമാസം തികയുന്നു.നിങ്ങൾ രണ്ടു പേരും ഇങ്ങനെ ഇവിടെ ഒരുമിച്ചു താമസിക്കയും. ഇത് ദൈവത്തിനും മനുഷ്യനും നിരക്കാത്ത പ്രവൃത്തിയാണ്.
കുഞ്ഞുവർക്കി:തൽക്കാലം ഞാൻ ദൈവത്തെയും മനുഷ്യനെയുമല്ല നോക്കാൻ നിശ്ചയിച്ചിരിക്കുന്നത്;സാറാമ്മയെയാണ്.
ഉപദേശി:അത് ദൈവം നോക്കിക്കൊള്ളും 
കുഞ്ഞുവർക്കി:പട്ടിണിയിലേക്ക് തുറന്ന വഴി .
ഉപദേശി:ദൈവം അങ്ങനെ തിരുമനസ്സാണെങ്കിൽ,മനുഷ്യൻ അതും അനുഭവിക്കണം 
കുഞ്ഞുവർക്കി:അവളുടെ ഈ അവസ്ഥയിലുമോ ?
ഉപദേശി:തീർച്ചയായും;അത് ദൈവത്തെ ഭരമേൽപിക്കുക 
കുഞ്ഞുവർക്കി:ദൈവത്തിന് ഒരു വയറ്റാട്ടിയെയും പരിചയമില്ല,വൈദ്യനെ വിളിക്കാനും മരുന്ന് വാങ്ങാനും അദ്ദേഹത്തിന് നേരവുമില്ല.

പ്രതിനായകൻ നായകനാകുന്ന സന്ദർഭം.ദൈവത്തെയും ആത്മാവിനെയുംകാൾ വലുതാണ് കാരുണ്യം എന്ന് വർക്കി പ്രഖ്യാപിക്കുന്നു.
സാറാമ്മ ഇന്നും മാത്തുക്കുട്ടിയുടെ ഭാര്യയാണ് എന്ന് ഉപദേശി പറയുമ്പോൾ,സാറാമ്മ താലി പൊട്ടിച്ചെറിയുന്നു -ഒരു ഇബ്‌സൻ സന്ദർഭം.
"ദൈവം കൂട്ടിച്ചേർത്തതിനെ" എന്ന വാചകം,സി ജെ നിരന്തരം ദാമ്പത്യത്തെ പരിഹസിക്കാൻ പ്രയോഗിച്ചിരുന്നതായി,റോസി എഴുതിയിട്ടുണ്ട്."നിന്നെ ഒരു ഹിന്ദുവിന് വിവാഹം ചെയ്‌തു കൊടുക്കും"എന്ന് കൗമാരത്തിൽ റോസിയോട് പറയുമായിരുന്ന പോൾ,സി ജെ യുമായി പ്രണയത്തിൽ ആയപ്പോൾ അതിന് വിഘ്നം തീർത്തു.അതേസമയം പള്ളിയിൽ പോക്കും കുമ്പസാരവും ഇല്ലാതിരുന്ന പോളിനെ തെമ്മാടിക്കുഴയിലാണ്,അടക്കിയത്.
അവിഹിത ഗർഭമാണെങ്കിലും സാറാമ്മയുടെ പേറെടുക്കാൻ വയറ്റാട്ടി എത്തിയപ്പോൾ കുഞ്ഞുവർക്കി സാറാമ്മയോട് പറയുന്നു:

"താഴ്ന്നവൻറെ സന്മാർഗ ക്രമത്തിനുമുണ്ട് വ്യത്യാസം.അവന് വേറൊരു നിയമമാണ്;നമ്മുടെ തെറ്റ് അവൻറെ കണ്ണിൽ ക്ഷമിക്കത്തക്കതായിരിക്കും.അവർ നമ്മെ സ്വീകരിക്കുകയും ചെയ്യും".

ഫാക്റ്ററിയിൽ നടന്ന വെടിവയ്‌പിൽ മാത്തുക്കുട്ടി മരിച്ച വിവരം ഇരുവരും രാഘവനിൽ നിന്നാണ് അറിയുന്നത്.ശവങ്ങളെല്ലാം മണ്ണെണ്ണ ഒഴിച്ച് അവർ കത്തിച്ചു കളഞ്ഞുവെന്നും അയാൾ പറയുന്നു.അങ്ങനെയാണ് പുന്നപ്ര വയലാറിലും സംഭവിച്ചത്.

സാറാമ്മയുടെ പ്രസവം കാത്തിരിക്കുന്ന അവസാന രംഗത്തിൽ,''ഉണർവുള്ള മണവാട്ടികളേ,നിങ്ങളുടെ ദീപങ്ങളെ കൊളുത്തുക! അവൻ വീണ്ടും വരുന്നു" എന്ന ഉപദേശി വചനത്തെ കുഞ്ഞുവർക്കിയും രാഘവനും പരിഹസിക്കുന്നു:

രാഘവൻ:വലിക്കുന്നോ ?
കുഞ്ഞുവർക്കി:ഒരുപാട് വലിച്ചു 
രാഘവൻ:ഇത് ആ ഉപദേശി പറയുന്ന പോലെയാ ...ഏതോ അഞ്ചു മണവാട്ടിമാർ രാത്രി മുഴുവൻ ആരെയോ കാത്തിരുന്നെന്ന് 
കുഞ്ഞുവർക്കി:അവരും ഒരുപാട് ബീഡി വലിച്ചായിരിക്കും.ഇവിടെ മണവാട്ടിയൊന്നും ഇല്ല.പ്രസവം കൊണ്ടാണ് ആരംഭം.
സാറാമ്മ പ്രസവിക്കുന്ന കുഞ്ഞിന് മാത്തുക്കുട്ടി എന്ന് പേരിടുകയും,ഉപദേശി അവൻ വീണ്ടും വരുന്നു എന്ന് പ്രവചിക്കുകയും ചെയ്യുന്നിടത്തു നാടകം തീരുന്നു.

കമ്മ്യൂണിസം അന്ധനായ മാത്തുക്കുട്ടിയെ കൊലയ്ക്ക് കൊടുക്കുന്നു;അശരണനെ സഹായിക്കാൻ മതം എത്തുന്നില്ല.യുദ്ധo പോലെ ജീവിതവും അസംബന്ധം.രാഷ്ട്ര തലവന്മാരുടെ ചിത്രങ്ങൾ പഴയ പഞ്ചാംഗത്തിൽ തന്നെ സി ജെ ഒട്ടിച്ചു വച്ചത് മനഃപൂർവമായിരിക്കും.കാലഹരണപ്പെട്ട രാഷ്ട്രീയം.യുദ്ധം കഴിഞ്ഞാൽ അതുണ്ടാക്കിയവനും അതിൽ പങ്കെടുത്തവനും വെറും ചുവർ ചിത്രങ്ങൾ.
ആൽബേർ കാമുവിൻറെ The Misunderstanding സി ജെ യുടെ നാടക പശ്ചാത്തലത്തിൽ കാണാം.യുദ്ധവും മരണവും പരസ്ത്രീ ഗമനവുമാണ് 1943 ൽ കാമു എഴുതിയ ഈ നാടകത്തിൽ വിഷയം.

ഒരമ്മയും അവരുടെ മകൾ മാർത്തയും നടത്തുന്ന ലോഡ്ജിൽ അന്തേവാസിയായി ധനിക പ്രവാസി എത്തുന്നിടത്താണ്,കാമു നാടകം തുടങ്ങുന്നത്.കാൾ പിസേക് എന്ന വ്യാജപ്പേരിൽ എത്തുന്ന അയാൾ ആ അമ്മയുടെ മകൻ ജാൻ തന്നെ.38 വയസുള്ള അയാൾ ബൊഹീമിയയിൽ നിന്നാണ്.അന്തേവാസികളെ കൊന്ന് പണം തട്ടുന്ന പരിപാടിയാണ്,അമ്മയ്ക്കും മകൾക്കും.ഇരുവരും ജാനിനെയും കൊല്ലുന്നു.പാസ്സ്‌പോർട്ട് കണ്ട് കൊല്ലപ്പെട്ടയാൾ മകനായിരുന്നു എന്നറിയുന്നു.അപ്പോൾ അമ്മ മകളോട് പറയുന്നു:
"ഇത് മാർത്താ,ശിക്ഷയാണ്.നമുക്കുള്ള ശിക്ഷ.എല്ലാ കൊലയാളികൾക്കും ഇങ്ങനെ ഒരു നിമിഷമുണ്ട്.അവർ എന്നെപ്പോലെ ഉള്ളു പൊള്ളയായും വന്ധ്യമായും ഭാവി ശൂന്യമായും ഇങ്ങനെ നിൽക്കേണ്ടി വരും.ജീവിച്ച ഒരു മനുഷ്യന്,മരണം,അർത്ഥരഹിതമാണ്."

അവിവാഹിതയായ മാർത്ത പറയുന്നു:
"ഒരാളും എന്നെ ചുംബിച്ചിട്ടില്ല.ഒരാളും എന്നെ നഗ്നയായി കണ്ടിട്ടില്ല.അത് ഒരു കടമാണ്"  

കൊലയ്ക്ക് ശേഷം,അയാളെ തിരക്കി ഭാര്യ മരിയ വരുന്നു.ഇരുവരും കുറ്റം ഏറ്റു പറയുന്നു.മരിയ ദൈവത്തെ വിളിക്കുന്നു.അപ്പോൾ നാടകത്തിലെ ഓരോ അങ്കത്തിലും പ്രത്യക്ഷപ്പെടുന്ന മൗനിയായ വൃദ്ധൻ കടന്നു വരുന്നു.
"എന്നെ രക്ഷിക്കൂ ",മരിയ അപേക്ഷിക്കുന്നു.
"ഇല്ല",കനത്ത ശബ്ദത്തിൽ വൃദ്ധൻ നിരാകരിക്കുമ്പോൾ,നാടകം തീരുന്നു -ദൈവം ഇവിടെയും കരുണ വറ്റിയ കഥാപാത്രമാണ്.ഈ വൃദ്ധൻ മതമാകാം,മരണമാകാം,ഹിറ്റ്ലറാകാം.

ഈ നാടകമാണ് തന്നെ പ്രതിനിധീകരിക്കുന്നത് എന്ന് കാമു പറഞ്ഞിരുന്നു.ഹിറ്റ്‌ലർ കീഴടക്കിയ ഫ്രാൻസിലാണ് നാടകം എഴുതിയത്.രണ്ടാം ഭാര്യയെ അൾജിയേഴ്‌സിൽ വിട്ട്,ആദ്യ ഭാര്യയ്‌ക്കൊപ്പം ക്ഷയം ബാധിച്ച് ഫ്രാൻസിൽ എത്തിയ കാമു,ഫ്രഞ്ച് ഒളിപ്പോരാളികൾക്കൊപ്പം നിന്നതിനാൽ,വധഭീഷണി നേരിട്ടു.നാടക പ്രമേയം,കാമുവിൻറെ 'അന്യൻ' ( The Stranger / Outsider ) എന്ന നോവലിൽ നായകൻ വായിക്കുന്ന പത്ര റിപ്പോർട്ട് പോലെയാണ്.അത്,ധനിക പ്രവാസി,സഹോദരിയും വിധവയായ അമ്മയും നടത്തുന്ന ഹോട്ടലിൽ കൊല്ലപ്പെടുന്നതാണ്.

കാമുവിൻറെ നാടകം എൻ എൻ പിള്ള പകർത്തി -ദി ഡാം.പിള്ള പറഞ്ഞത്,താനും കാമുവും ഒരിടത്തു നിന്നാണ് എടുത്തത് എന്നാണ്.ഒരു സ്കാന്ഡിനേവിയൻ നാടോടിക്കഥ ആധാരമാക്കി റൂപർട്ട് ബ്രുക് ( 1887 -1915 ) എഴുതിയ 'ലിത്വനിയ' ( 1915 ).

സംഗതി സത്യമാണ് -ഒരമ്മ,മകൾ,ഒരന്യൻ,ഒരച്ഛൻ,യുവാവ്,വോഡ്‌ക സ്റ്റോർ കീപ്പർ,അയാളുടെ മകൻ എന്നിവർ ആ നാടകത്തിൽ.ഈ നാടകങ്ങളിലെല്ലാം,മകൻറെ തിരിച്ചു വരവുണ്ട്.

സോഫോക്ലിസിനൊപ്പം,കാമുവും സി ജെ യ്ക്ക് പ്രിയൻ ആയിരുന്നെന്ന് റോസിയുടെ 'ഇവൻ എൻറെ പ്രിയ സി ജെ' യിൽ കാണാം.
ഗ്രീക്ക് നാടകത്തിലെ വെളിച്ചപ്പാടിൻറെ നിഴൽ കാമു നാടകത്തിലെ വൃദ്ധനിലും സി ജെ യുടെ ഉപദേശിയിലുമുണ്ട്.ദൈവ നിരാകരണവുമുണ്ട്.രാഘവനെ രൂപപ്പെടുത്താൻ അറിയാവുന്ന കമ്മ്യൂണിസം സി ജെ ഉപയോഗിച്ചു.കൊൽക്കത്ത തീസിസിന് പിന്നാലെ സി ജെ തൃശൂർക്ക് പലായനം ചെയ്യുമ്പോൾ അമ്മ മരിച്ച് അധികം ആയിരുന്നില്ല.പുരയിടത്തിലെ ആദായം,സി ജെ യ്ക്കായി കാത്തു വയ്ക്കുമായിരുന്നു,അവർ.സി ജെ പോയതോടെ,തൻറെ ഭാര്യ പോയതോടെ,സി ജെ യുടെ പിതാവ് വീട് വിട്ട് വികാരിയായിരുന്ന കൂത്താട്ടുകുളം വടകര പള്ളിയിൽ താമസമായി.

'അവൻ വീണ്ടും വരുന്നു' നിൽക്കുന്നത് ഒരു വഴിത്തിരിവിലാണ്.മതത്തിൻറെയും അധികാരത്തിൻറെയും കമ്മ്യൂണിസത്തിന്റെയും ആൾക്കൂട്ടങ്ങളിൽ നിന്ന്,വ്യക്തി സത്തയിലേക്ക് സി ജെ വളരുന്ന ദശാ സന്ധി.
---------------------------------------------------
See https://hamletram.blogspot.com/2019/10/blog-post_5.html




















Sunday, 6 October 2019

ഒരു സർ ശങ്കരൻ നോവൽ

സർ സി ശങ്കരൻ നായരും വീരൻ !

കുറച്ചു കാലം കോണ്ഗ്രസിൽ പ്രവർത്തിക്കുകയും പിന്നെയുള്ള ആയുസ്സ് ബ്രിട്ടന് നീക്കി വയ്ക്കുകയും ചെയ്‌ത സർ സി ശങ്കരൻ നായർ നായകനായി ഒരു നോവൽ ഇറങ്ങി:'സാമ്രാജ്യത്തെ പിടിച്ചു കുലുക്കിയ കേസ്' ( The Case that Shook the Empire ).ഒരു നോവലിന് ഇണങ്ങുന്ന ശീർഷകം അല്ല.ജാലിയൻ വാലാബാഗ് കേസ് വാദിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചു നായർ കുലുക്കി എന്നാണ് ധ്വനി.ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യത്തിന് ഒറ്റയാൾ പോരാട്ടം എന്ന് ഉപശീർഷകമുണ്ട്.കൂട്ടക്കൊലയ്ക്ക് പിന്നാലെ നായർക്കെതിരെ വന്ന മാനനഷ്ടക്കേസിൽ നായർ ശിക്ഷിക്കപ്പെട്ടു -അതല്ലാതെ,കൂട്ടക്കൊലക്കെതിരെ നായർ കേസ് കൊടുത്തത് അല്ല.

നോവൽ എഴുതിയത് രഘു പാലാട്ടും ഭാര്യ പുഷ്പയും ചേർന്നാണ്.രഘു,നായരുടെ കൊച്ചുമകൻ ആകയാൽ,കുടുംബ സ്നേഹ പ്രേരിതമാണ്,രചന.നായരുടെ മകൻ ആർ എം ( രാമുണ്ണി മേനോൻ ) പാലാട്ട്,അദ്ദേഹത്തിൻറെ മകൻ ശങ്കരൻ പാലാട്ട്,ശങ്കരൻ പാലാട്ടിന്റെ മകനാണ്,ബിസിനസ് പുസ്തകങ്ങൾ എഴുതിയിട്ടുള്ള രഘു.പുഷ്പ യാത്ര പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
പുസ്തകത്തിൽ ഭാവന തീരെയില്ലെന്നാണ് അവരുടെ അവകാശ വാദം.പുസ്തകവും അതേപ്പറ്റി അവർ പറഞ്ഞ കാര്യങ്ങളും പരിശോധിക്കണം എന്ന് തോന്നി.1919 ൽ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം,നായർ വൈസ്രോയിയുടെ എക്സിക്യൂട്ടീവ്‌ കൗൺസിലിൽ നിന്ന് രാജിവച്ചു.അത് അദ്ദേഹത്തെ വീരനും നായകനുമാക്കി എന്ന തോന്നൽ ഉളവാക്കും വിധമാണ് സംഗതികളുടെ പോക്ക്.

ശങ്കരൻ നായർ ആത്മകഥയിൽ തന്നെയാണ്,നായകത്വം ഇങ്ങനെ തുടങ്ങി വച്ചത്:

"Almost every day I was receiving complaints, personal and by letters, of the most harrowing description of the massacre at Jallianwalla Bagh at Amritsar and the martial law administration…At the same time, I found that Lord Chelmsford [the Viceroy] approved of what was being done in Punjab. That, to me, was shocking.”

ഇത് അദ്ദേഹത്തിൻറെ മകൾ സരസ്വതിയുടെ ഭർത്താവ് കെ പി എസ് മേനോൻ,ശങ്കരൻ നായരുടെ ജീവചരിത്രത്തിൽ ഇങ്ങനെ മുന്നോട്ട് കൊണ്ട് പോയി:

“That hour was, I think, the most glorious and golden hour of Sankaran Nair’s life. His star was never brighter.” When he made his way back to Madras after his resignation “it was an ovation all the way, the like of which had never been seen before in India. There were feasts and entertainments wherever the train stopped and crackers were fired under the wheels of the railway, so much so that there was one continuous firing for hours."

വലിയ പദവികളിൽ ഇരുന്നയാളാണ് ശങ്കരൻ നായർ.ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡൻറ് ആയ ഏക മലയാളി.ഇന്നത്തെ പ്രസിഡൻറ് പോലെ എന്ന് കരുതരുത്.1897 അമരാവതി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചയാൾ എന്നേയുള്ളു.അത് കഴിഞ്ഞ് ഉദ്യോഗത്തിൽ മുഴുകി.1899 ൽ പബ്ലിക് പ്രോസിക്യൂട്ടർ.1900 ൽ മദ്രാസ് ലജിസ്ളേറ്റിവ് കൗൺസിൽ അംഗം.1902 ൽ വൈസ്രോയ് ജോർജ് കഴ്സൺ,നായരെ റാലി യൂണിവേഴ്‌സിറ്റി കമ്മിഷൻ സെക്രട്ടറിയാക്കി.1907 ൽ മദ്രാസിൽ അഡ്വക്കേറ്റ് ജനറൽ.1908 മുതൽ 1915 വരെ മദ്രാസ് ഹൈക്കോടതി ജഡ്‌ജി.1912 ൽ സർ പദവി.1915 ൽ വൈസ്‌റോയ്‌സ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം.1919 ൽ അതിൽ നിന്ന് രാജി.1920 -21 ൽ ലണ്ടനിൽ ഇന്ത്യ സെക്രട്ടറിയുടെ കൗൺസിൽ അംഗം.

അതായത്,രണ്ടു മൂന്നു കൊല്ലത്തെ കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനം.കോൺഗ്രസ് പാളയത്തിൽ നിന്ന് ബ്രിട്ടൻ പിടിച്ചയാൾ.മദ്രാസ് ഗവർണർ ആർതർ ആംപ്റ്റ്ഹിൽ, സർ സി ശങ്കരൻ നായരെ1903 ൽ മദ്രാസ് ഹൈക്കോടതി ജഡ്‌ജി ആക്കിയത്,അബ്രാഹ്മണൻ ആയതു കൊണ്ട് തന്നെ ആയിരുന്നു;ഭാഷ്യം അയ്യങ്കാർ വിരമിച്ച ഒഴിവിൽ വി കൃഷ്‌ണ സ്വാമി അയ്യർ അടുത്ത ജഡ്‌ജി എന്ന് കരുതിയിരിക്കെ ആയിരുന്നു,നായരുടെ നിയമനം.ആംപ്റ്റ്ഹിൽ അബ്രാഹ്മണരെ തുണയ്ക്കുന്ന ആളായിരുന്നു.സർ അലക്‌സാണ്ടർ കാർഡിയു നിർദേശിച്ച പ്രകാരം 1912 മുതൽ മദ്രാസ് സെക്രട്ടേറിയറ്റ് ബ്രാഹ്മണ,അബ്രാഹ്മണ പട്ടിക പ്രത്യേകം വച്ച് അബ്രാഹ്മണരെ നിയമിച്ചിരുന്നു എന്നതാണ്,ചരിത്രം.


നായരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്,ഗാന്ധിക്കെതിരെ 1922 ൽ അദ്ദേഹം എഴുതിയ 'ഗാന്ധിയും അരാജകത്വവും' ( Gandhi and Anarchy ) എന്ന പുസ്തകമാണ്.ഗാന്ധിയോട് തരിമ്പും ആദരവില്ലാതെ,ബ്രിട്ടന് വേണ്ടി പടച്ച ഈ പുസ്‍തകം,നായർ യൂറോപ്യൻ പക്ഷപാതി ആയിരുന്നുവെന്ന് വെളിവാക്കുന്നു;ഭാരതീയതയിൽ അടിയുറച്ച ഗാന്ധിയുടെ ആശയങ്ങൾ നായർക്ക് ബ്രിട്ടീഷ് അടിമത്തം കാരണം ദഹിച്ചില്ല.
പുസ്തകത്തിലെയും അതിനെ ആധാരമാക്കി അതെഴുതിയവർ 'മാതൃഭൂമി'ക്ക് ( ഒക്ടോബർ 2,2019 ) നൽകിയ അഭിമുഖത്തിലെയും വാദങ്ങൾ ഒന്നൊന്നായി പരിശോധിക്കാം:

വാദം ഒന്ന്:ശങ്കരൻ നായർ സ്വാതന്ത്ര്യത്തിന് വേണ്ടി ചെയ്‌ത കാര്യം ആരും മനസ്സിലാക്കുന്നില്ല.മലയാളിക്ക് പോലും അദ്ദേഹം ആരായിരുന്നു എന്നത് അറിയില്ല.അതുകൊണ്ടാണ് ഈ രചന.
സത്യം:നായർ സ്വാതന്ത്ര്യത്തിനായി ചെയ്യാത്ത കാര്യങ്ങൾ മലയാളിക്ക് നന്നായി അറിയാം.ആരായിരുന്നു എന്ന് മലയാളിക്ക് വ്യക്തമായി അറിയാം.പഞ്ചാബിൽ കലാപത്തിന് കാരണമായ 1918 ലെ മൊണ്ടേഗ് -ചെംസ്ഫോഡ് ഭരണ പരിഷ്‌കാരത്തെയും അതിൻറെ അടിസ്ഥാനത്തിലുള്ള റൗലറ്റ് ആക്റ്റിനെയും,വൈസ്രോയിയുടെ കൗൺസിൽ അംഗം എന്ന നിലയിൽ പിന്തുണച്ച ആളായിരുന്നു,നായർ.ഗാന്ധിയും കോൺഗ്രസും രണ്ടിനും എതിരായിരുന്നു.ഈ പട്ടാള നിയമമാണ്,ജാലിയൻ വാലാബാഗിന് വഴി വച്ചത്.

ലണ്ടനിലെ ഇന്ത്യ സെക്രട്ടറി എഡ്വിൻ സാമുവൽ മൊണ്ടേഗ് ( 1917 -1922 ),വൈസ്രോയ് ചെംസ്ഫോഡ് എന്നിവരുടെ തലയിൽ ഉദിച്ച ഘട്ടം ഘട്ടമായുള്ള പരിഷ്‌കാരമാണ്,അവരുടെ പേരിൽ അറിയപ്പെട്ടത്.അന്ന് പഞ്ചാബിൽ ലഫ്.ഗവർണറായിരുന്നു,മൈക്കിൾ ഫ്രാൻസിസ് ഒ' ഡയർ.അവിടെ ബ്രിഗേഡിയർ ജനറലായിരുന്നു,റെജിനാൾഡ് ഡയർ.രണ്ടിലും ഡയർ ഉള്ളതിനാൽ,ഇരുവരെയും കൂട്ടിക്കുഴച്ചാണ്,സാധാരണ പറയാറ്.റെജിനാൾഡ് ഡയറുടെ കീഴിലെ ഗുർഖാ സേനയാണ്,ജാലിയൻ വാലാബാഗിൽ കശാപ്പ് നടത്തിയത്.റൗലറ്റ് ആക്റ്റിനെതിരെ കലാപം നടക്കുമ്പോൾ,1919 ഏപ്രിലിൽ അമൃത് സറിൽ നില വഷളാവുകയായിരുന്നു.

'ഗാന്ധിയും അരാജകത്വവും' പുസ്തകം നില നിൽക്കുന്നതിനാൽ നോവൽ കൊണ്ട് പ്രയോജനമില്ല.

വാദം രണ്ട്:ഗാന്ധിയൻ ദര്ശനങ്ങളെപ്പറ്റിയും രീതിയെപ്പറ്റിയുമുള്ള വിമർശനങ്ങളാണ്,ശങ്കരൻ നായർ എഴുതിയ 'ഗാന്ധിയും അരാജകത്വവും".അന്ന് എല്ലാവരും വലിയ മനസുള്ളവരായിരുന്നു.സൗഹൃദം നിലനിർത്തിക്കൊണ്ട് നടത്തിയ വിമർശനമാണ് പുസ്തകം.ഗാന്ധിയൻ രീതിയിലുള്ള സംവാദം എന്ന് അതിനെ കാണാം.നിങ്ങളുടെ അഭിപ്രായത്തോട് എനിക്ക് വിമർശനമുണ്ടായാൽ അത് ശത്രുതയല്ല.
സത്യം:ഗാന്ധിയുമായി നായർക്ക് സൗഹൃദം ഉണ്ടായിരുന്നതിന് തെളിവില്ല.ജി പി പിള്ള,ബാരിസ്റ്റർ ജോർജ് ജോസഫ്,ജി രാമചന്ദ്രൻ,മുൻഷി പരമു പിള്ളയുടെ ഭാര്യ രത്നമയീ ദേവി തുടങ്ങി ഗാന്ധിക്ക് അടുപ്പമുണ്ടായിരുന്ന മലയാളികളുടെ പട്ടികയിൽ നായർ ഇല്ല.ജോർജ് ജോസഫ് മരിച്ചപ്പോൾ ഭാര്യയ്ക്ക് ഗാന്ധി അയച്ച അനുശോചന കാർഡ് നില നിൽക്കുന്നു -അത് സംഭവിച്ചത്,ജോർജ് ജോസഫ് വൈക്കം സത്യഗ്രഹത്തിൽ നിന്ന് നീക്കപ്പെട്ട് ഗാന്ധിയുമായി തെറ്റിപ്പിരിഞ്ഞ ശേഷമാണ്.തെറ്റിപ്പിരിഞ്ഞവരോട് ഗാന്ധിക്ക് പക ഉണ്ടായിരുന്നില്ല.

ഗാന്ധിയുടെ ഹിന്ദ് സ്വരാജ്  ( 1908 ) എന്ന പുസ്തകത്തിലെ ആശയങ്ങളെയും 1922 ലെ ചൗരി ചൗരാ പൊലീസ് സ്റ്റേഷൻ ആക്രമണത്തെ തുടർന്ന് അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനം നിർത്തി വയ്ക്കുന്നത് വരെയുള്ള പ്രവർത്തനങ്ങളെയും ശത്രുതയോടെ കാണുന്നതാണ്,നായരുടെ, ഗാന്ധിയും അരാജകത്വവും  എന്ന പുസ്തകം.നായർ ഇതെഴുതുമ്പേഴേക്കും,ഗാന്ധി,രാജ്യാന്തര തലത്തിൽ അറിയപ്പെട്ടു കഴിഞ്ഞിരുന്നു.ഗാന്ധിയെ തരിമ്പു പോലും അംഗീകരിക്കാൻ കൂട്ടാക്കാത്ത ഒരാളെയാണ്,ശങ്കരൻ നായരിൽ കാണുന്നത്.നായർ എഴുതി :" ഗാന്ധി പറയുന്ന നിസ്സഹകരണം ,ഭരണഘടനാ രീതികൾ പരാജയപ്പെടുമ്പോൾ മാത്രം പ്രയോഗിക്കുന്ന ആയുധമാണ്",നായർ എഴുതുന്നു."ഗാന്ധി പറയുന്ന അഹിംസയും ഉപവാസവും സത്യഗ്രഹവും രക്ത ചൊരിച്ചിലിന് കാരണമാകും,അവ നിഷ്‌ഫലമാകും ,അവ തൃപ്‌തികരമായ ഫലങ്ങൾ ഉളവാക്കുകയില്ല".

പുസ്തകത്തിൽ നായർ എഴുതുന്നു:
''ഗാന്ധിയാണ്,സ്വാതന്ത്ര്യത്തിന്റെ ശത്രു.പഞ്ചാബ്,ഖിലാഫത് പ്രശ്നങ്ങളിൽ ഗാന്ധി,സ്വരാജ് ആധാരമാക്കിയത്,അസംബന്ധമാണ്.ഖിലാഫത്തുമായി ഹിന്ദുക്കൾക്ക് ഒരു ബന്ധവുമില്ല.തുർക്കിയിലെ ഖലീഫയുടെ അവകാശവാദങ്ങൾക്കൊപ്പം,മുസ്ലിംകൾ തന്നെയില്ല.ഖിലാഫത്തുമായി ഹിന്ദുക്കളെ കൂട്ടിക്കുഴച്ചുള്ള ഗാന്ധിയുടെ പാത,രക്ത രൂക്ഷിതമായിരിക്കും.ഗാന്ധിയുടെയും കോൺഗ്രസിന്റെയും വഴി,പാശ്ചാത്യ സംസ്‌കാരത്തിന് എതിരാണ്.അവ,പരിഷ്‌കാരങ്ങൾ നമുക്ക് നൽകിയവർക്ക് എതിരാണ്.സ്വന്തം സുവിശേഷം രാഷ്ട്രീയത്തിൽ പ്രയോഗിച്ച ഗാന്ധി,വെറും ശിശുവാണ്.

''ആഭ്യന്തര കലഹം വഴി ഗാന്ധി പ്രസ്ഥാനം തകരുക തന്നെ ചെയ്യും.കാരണം,അത് ടോൾസ്റ്റോയ്,ലെനിൻ,കമ്മ്യുണിസം,സോഷ്യലിസം,കർക്കശമായ ബ്രാഹ്മണിസം,തീവ്രമായ ഇസ്ലാമികത തുടങ്ങി,പരസ്പരം കൂട്ടി മുട്ടുമ്പോൾ പൊട്ടിത്തെറിക്കുന്ന വിവിധ ഘടകങ്ങൾ ചേർന്നതാണ്.അവസാന പതനത്തിനു മുൻപ്,അത്,ദുരിതവും രക്ത ചൊരിച്ചിലും വരുത്തി വയ്ക്കും.അതിനു മുൻപ് അതിനെ ഭരണ മികവോടെ കൈകാര്യം ചെയ്യണം.ബ്രിട്ടീഷ് ഭരണകൂടം,ഗാന്ധിക്കും അനുയായികൾക്കും അവരർഹിക്കുന്ന വിശ്രമം വിധിക്കണം.കോൺഗ്രസിനെയും ഖിലാഫത്ത് സംഘടനകളെയും,കൂറില്ലാത്ത നിയമവിരുദ്ധ സംഘടനകളായി കൈകാര്യം ചെയ്യണം.''

ഈ എഴുത്ത് സ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്നും അത് സൗഹൃദത്തിന് വേണ്ടിയാണെന്നും പറയാൻ,വിഡ്ഢികൾക്കേ കഴിയൂ;അതല്ലെങ്കിൽ മുതു മുത്തച്ഛ സ്നേഹം അന്ധമായിരിക്കണം.
വാദം മൂന്ന്:ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് നായർ ബ്രിട്ടീഷ് പദവികൾ രാജി വച്ചപ്പോഴാണ് സംഭവം ലോകം അറിയുന്നത്.
സത്യം:ഇത് പച്ചക്കള്ളം.നായർ വൈസ്‌റോയ്‌സ് കൗൺസിലിൽ നിന്നാണെങ്കിൽ,മദൻ മോഹൻ മാളവ്യ,ജിന്ന എന്നിവർ  ഇoപീരിയൽ കൗൺസിലിൽ നിന്ന് റൗലറ്റ് ആക്റ്റ് ചർച്ചാ വേളയിൽ 1919 ഫെബ്രുവരിയിൽ തന്നെ രാജി വച്ചിരുന്നു;മാർച്ച് പത്തിനാണ് ,ആക്റ്റ് പാസാക്കിയത്.ഗാന്ധി ഇതിനെതിരെ ഇന്ത്യ ഒട്ടാകെ സമരം പ്രഖ്യാപിച്ചു.അന്നത്തെ പാർലമെൻറ് ആയിരുന്നു, ഇoപീരിയൽ കൗൺസിൽ .കൂട്ടക്കൊല നടന്നപ്പോൾ ,രവീന്ദ്രനാഥ് ടാഗോർ സർ സ്ഥാനം മടക്കി.1913 ൽ നൊബേൽ സമ്മാനം കിട്ടിയ ടാഗോറിന് മുന്നിൽ 1919 ൽ നായർ ആരുമല്ല.

വൈസ്‌റോയ്‌സ് കൗൺസിലിൽ നിന്ന് നായരുടെ രാജി,ദേശസ്നേഹ പ്രേരിതമായിരുന്നില്ല എന്ന് കരുതാൻ രണ്ട് കാരണങ്ങളുണ്ട്.ഒന്ന്:ആ രാജിക്ക് ശേഷം കോൺഗ്രസ് നയിക്കുന്ന രാഷ്ട്രീയ സമരത്തിനൊപ്പം നിൽക്കാതെ നായർ ഇന്ത്യ സെക്രട്ടറി മൊണ്ടേഗിന്റെ ഉപദേഷ്ടാവായി ലണ്ടനിൽ പോയി.1925 വരെ ഇന്ത്യൻ കൗൺസിൽ ഓഫ് സ്റ്റേറ്റിൽ അംഗമായി;വൈസ്രോയിയുടെ കൗൺസിലിന് മുകളിലെ സമിതിയിൽ പോയിരുന്നു.

രണ്ട്:ഇന്ത്യ സെക്രട്ടറിയുടെ ഉപദേഷ്ടാവായിരുന്ന ലണ്ടൻ കാലത്താണ്,ഗാന്ധിക്കെതിരെ പുസ്തകം എഴുതുന്നതും,അടുത്ത വർഷം പ്രസിദ്ധീകരിക്കുന്നതും.ആ ലണ്ടൻ കാലം സംശയാസ്പദമാണ്.ആ പുസ്തകത്തിന് പിന്നിൽ ബ്രിട്ടൻറെ പ്രചോദനമായിരുന്നു.

വാദം നാല്:ജാലിയൻ വാലാബാഗ് സംബന്ധിച്ച കാര്യങ്ങൾ ഗാന്ധി തന്നെ നിര്ദേശിച്ചിട്ടാണ്,ലണ്ടനിൽ പോയി നായർ ബ്രിട്ടീഷുകാരെ ധരിപ്പിക്കുന്നത്.അതിൻറെ ഭാഗമായാണ് ഹണ്ടർ കമ്മീഷൻ വരുന്നത്.

സത്യം:ഗാന്ധിക്ക് നായരെ അയക്കേണ്ട ഗതികേട് ഉണ്ടായിരുന്നില്ല.മദൻ മോഹൻ മാളവ്യയെപ്പോലെ വലിയൊരാൾ രാജിവച്ചു നിൽപ്പാണ്.നായരെക്കാൾ തലയെടുപ്പുള്ളവർ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.ഗാന്ധി പറഞ്ഞിട്ടല്ല നായർ പോയത്.നായർ മൊണ്ടേഗ് ആവശ്യപ്പെട്ട് ഉപദേഷ്ടാവായാണ് പോയത്.ഗാന്ധി പറഞ്ഞ് പോയതാണെങ്കിൽ,അത് ഗാന്ധി രേഖകളിൽ കാണണണം -അതില്ല.

'സാമ്രാജ്യത്തെ പിടിച്ചു കുലുക്കിയ കേസ്' എന്ന ശീർഷകം സാധു ആകണമെങ്കിൽ,കേസ് കൊടുത്തത് നായർ ആയിരിക്കണം.അതല്ല.കേസ് കൊടുത്തത് ഒ'ഡയർ,നായർക്ക് എതിരെയാണ്.

ഗാന്ധിയും അരാജകത്വവും എന്ന പുസ്തകത്തിൽ തനിക്ക് എതിരായ പരാമർശത്തിന് എതിരെയാണ്  ഒ' ഡയർ മാനനഷ്ടക്കേസ് കൊടുത്തത്..കൂട്ടക്കൊലയ്ക്ക് ബ്രിട്ടനെ പഴി ചാരുന്നതിനു പകരം,കുറ്റം ലഫ് ഗവർണർ ഒ' ഡയറിൽ മാത്രം ചാർത്തി,ബ്രിട്ടനെ രക്ഷിക്കാൻ തത്രപ്പെടുകയാണ്,നായർ,പുസ്തകത്തിൽ പഞ്ചാബിനെപ്പറ്റിയുള്ള അധ്യായത്തിൽ ചെയ്തത്.നായർ ഇങ്ങനെ രേഖപ്പെടുത്തി:( മൊണ്ടേഗ് -ചെംസ്ഫോഡ് ) പരിഷ്കാരത്തിനു മുൻപ്,ലഫ് ഗവർണർ എന്ന ഏക  വ്യക്തിയുടെ അധികാരത്തിലാണ്,പഞ്ചാബിൽ അക്രമങ്ങൾ അരങ്ങേറിയത് ( പേജ് 47 )...ബ്രിട്ടീഷ് മന്ത്രിസഭ,ചെംസ്ഫോഡിലും ഒ'ഡയറിലും ചൊരിഞ്ഞ പ്രശംസ,ഇന്ത്യയിലെ പൊതു അഭിപ്രായത്തിന്മേലുള്ള കടന്നു കയറ്റമായിരുന്നു.

നായർക്കെതിരെ ഒ'ഡയർ കേസ് കൊടുത്തത് 1923 ലാണ്.1924 ൽ 120 പേരെ വിസ്തരിച്ചു.12 അംഗ ലണ്ടൻ ജൂറി 11 -1 ന് നായർ കുറ്റക്കാരനാണെന്ന് വിധിച്ചു.500 പൗണ്ട് പിഴയും 7000 പൗണ്ട് ചെലവും നൽകാൻ ഉത്തരവിട്ടു.നായർക്കൊപ്പം നിന്ന ജൂറിയിലെ ഏക അംഗം ഹാരോൾഡ്‌ ലാസ്‌കി ആയിരുന്നു.നായർ അപ്പീൽ കൊടുത്തില്ല എന്നതിൽ നിന്ന് തെളിയുന്നത്,ബ്രിട്ടീഷുകാരൻ കേസ് കൊടുത്താൽ നായർക്കൊപ്പം നിൽക്കില്ല എന്ന് തന്നെ.കേസ് ബ്രിട്ടനെ കുലുക്കിയതേ ഇല്ല.കൂട്ടക്കൊല ബ്രിട്ടനെ പിടിച്ചു കുലുക്കി.അപ്പീൽ നൽകാത്തതിന് കാരണമായി നായർ പറഞ്ഞത്,നടന്നത്,ലോകത്തെ മുഴുവൻ ക്രിസ്ത്യാനികളാക്കാൻ നോക്കുന്ന ആംഗ്ലിക്കൻ ബിഷപ്പുമാരുടെ വിധി എന്നാണ്.അത് അത് വരെ താൻ സേവിച്ച യജമാനന്മാരെ കുറ്റപ്പെടുത്തലായിരുന്നു.
രഘു പാലാട്ട് 
ചരിത്രം വച്ച് നോവൽ എഴുതുമ്പോൾ,വളച്ചൊടിക്കരുത്.ചതിയൻ ചന്തുവിനെ എം ടി വാസുദേവൻ നായർക്ക് മഹാനാക്കാം.അത് ചരിത്രമല്ല,മിത്താണ്.ചരിത്രത്തിലെ കഥാപാത്രം  മിത്താകില്ല.

കേരള ഹൈക്കോടതിയിൽ നിന്ന് 1993 ൽ വിരമിച്ച ചേറ്റൂർ ശങ്കരൻ നായർ ആമുഖത്തിൽ പറയുന്നത്,സർ സി ശങ്കരൻ നായർ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ മിശിഹ ആയിരുന്നുവെന്നാണ്.ഇന്ത്യയിലെ ബ്രിട്ടീഷ് അക്രമത്തെപ്പറ്റി നായർ വിൻസ്റ്റൺ ചർച്ചിലിനെ ബോധവാനാക്കി തുടങ്ങിയ ശരികേടുകളും ആമുഖത്തിലുണ്ട്.ഗാന്ധിയെപ്പറ്റി തന്നെ ചർച്ചിലിന് മതിപ്പുണ്ടായിരുന്നില്ല.വൈസ്രോയിയുടെ കൗൺസിൽ അംഗത്വം ഇന്ത്യക്കാരന് എത്തിപ്പെടാൻ കഴിയാത്തത് ആയിരുന്നെന്നെന്നും വൈസ്രോയ്  കഴിഞ്ഞാൽ അടുത്ത ആളാണെന്നും ആമുഖത്തിലുണ്ട്.1909 ലാണ് കൗൺസിൽ നിലവിൽ വന്നത്.ആദ്യ അംഗം സത്യേന്ദ്ര പ്രസന്ന സിൻഹ ( 1909 -1914 ) യ്ക്ക് നിയമ വകുപ്പായിരുന്നു.രണ്ടാമത്തെ അംഗം പി എസ് ശിവസ്വാമി അയ്യർക്കും അതേ വകുപ്പായിരുന്നു.മൂന്നാമത്തെ അംഗമായിരുന്നു,നായർ.

നായരെ തറവാട്ടിൽ എല്ലാവരും 'സർ' എന്നാണ് ഓർത്തിരുന്നതെന്ന് രഘു അവതാരികയിൽ പറയുന്നു.'സർ' തൃപ്പൂണിത്തുറ ഹിൽ പാലസിൽ എത്തിയിരുന്നു എന്നത്,ആ നാട്ടുകാരൻ എന്ന നിലയിൽ എനിക്ക് കൗതുകമുണ്ടാക്കി.രഘുവിൻറെ മുത്തശ്ശി രത്നമ്മ പാലാട്ട് കൊച്ചി രാജാവ് സർ രാമവർമ്മയുടെ മകൾ ആയിരുന്നു.പാലക്കാട് മങ്കരയിൽ, വൈസ്രോയ് ഹാർഡിങ് പ്രഭു 1915 ൽ റയിൽവേ സ്റ്റേഷൻ പണിതത് ശങ്കരൻ നായർക്ക് വേണ്ടി ആയിരുന്നു.'സർ' മരിച്ചപ്പോൾ ഗാന്ധി അനുശോചന സന്ദേശം അയച്ചെന്ന് രഘു എഴുതുന്നു.ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ 24 അടി ഉയരമുള്ള ദീപ സ്തംഭം 1908 ൽ 'സർ' സംഭാവന ചെയ്‌തു.

സർ രാമവർമ്മ എന്നാൽ 'ഒഴിഞ്ഞ തമ്പുരാൻ'.ബ്രിട്ടൻറെ അപ്രീതി കാരണം 1914 ൽ സ്ഥാന ത്യാഗം ചെയ്യേണ്ടി വന്നു.യാഥാസ്ഥിതികനായ രാജർഷി രാമവർമയുടെ കാലത്താണ് 1905 ൽ താത്രിക്കുട്ടിയുടെ കുപ്രസിദ്ധമായ സ്മാർത്ത വിചാരം നടന്നത്;കേംബ്രിഡ്‌ജിൽ പഠിക്കാൻ കടൽ കടന്നതിന് സർ രാമുണ്ണി മേനോനെ ഭ്രഷ്ടനാക്കിയതും അദ്ദേഹം തന്നെ.മേനോൻ മദ്രാസ് സർവകലാശാല വൈസ് ചാൻസലർ ആയി.കൊച്ചിയിൽ നിന്ന് ഷൊർണൂർ റയിൽ പാത അദ്ദേഹത്തിൻറെ കാലത്ത് ദിവാൻ പി രാജഗോപാലാചാരി പണിതു.ഭരണകാലം 1895 -1914.രത്നം പാലാട്ടിന്റെ അമ്മയെ മഹാറാണി എന്ന് രഘു വിശേഷിപ്പിച്ചിട്ടുണ്ട്.രാജാവിന് നായർ സംബന്ധം മാത്രമാണ്;അവർ റാണിയോ രാജ്ഞിയോ അല്ല.നേത്യാരമ്മ.

ശങ്കരൻ നായർ നൽകിയ സേവനങ്ങൾക്ക് റെയിൽവേ സ്റ്റേഷനും സർ സ്ഥാനവും ബ്രിട്ടൻ നൽകിയ ശേഷം, നാം സ്വാതന്ത്ര്യ സമര സേനാനി പദവി കൂടി നൽകണം എന്നാണ് കുടുംബത്തിൻറെ വാദം.ഗുരുവായൂർ ദീപ സ്തംഭം മഹാശ്ചര്യം,നമുക്കും കിട്ടണം പദവി!

'സർ' പണ്ട് നോവലിൽ വന്നിട്ടുണ്ട് -വി കെ എൻറെ 'സർ ചാത്തു'.



Saturday, 5 October 2019

ഒറ്റുകാരനൊപ്പം,സർദാർ പണിക്കർ

ജമ്മു കശ്മീരിൽ വൈസ് ചാൻസലറായി

മ്മു കശ്മീർ വാർത്തകളിൽ നിറഞ്ഞതു കൊണ്ടാണ്,സർദാർ കെ എം പണിക്കർ  1930 ൽ എഴുതിയ,Gulab Singh 1792 -1858 Founder of Kashmir തപ്പിയെടുത്ത് വായിച്ചത്.അലിഗഡ് മുസ്ലിം സർവകലാശാലയിൽ അധ്യാപകനായിരുന്ന പണിക്കർ നയതന്ത്ര പദവികൾ വഹിച്ച്,സർദാർ പട്ടേലിൻറെ അപ്രീതിക്ക് പാത്രമായി ഇന്ത്യയിൽ തിരിച്ചെത്തി,ജമ്മു കശ്മീർ സർവകലാശാല വൈസ് ചാൻസലർ ആയത്,പുസ്തകം എഴുതി 29 വർഷം കഴിഞ്ഞാണ്.പുസ്തകം എഴുതുന്നതിന് തൊട്ടു മുൻപ്,1928 ൽ,കശ്മീർ രാജാവ് ഹരി സിംഗിന് നാട്ടു രാജ്യ അവകാശങ്ങളെപ്പറ്റി ഒരു റിപ്പോർട്ട് എഴുതിക്കൊടുക്കാൻ പണിക്കർ പോയിരുന്നു.ലണ്ടനിൽ നിന്ന് വരുന്ന ബട്ട്ലർ കമ്മിറ്റിക്ക് കൊടുക്കാൻ -രാജാവ് ആവശ്യപ്പെട്ടിട്ടാകണം പ്രപിതാമഹനെപ്പറ്റി പണിക്കർ എഴുതിക്കൊടുത്തത് .പുസ്തകം എഴുതിയതിന് തൊട്ടു പിന്നാലെ വൈസ് ചാൻസലർ ആകാൻ കഴിയാത്തത്,അന്ന് സർവകലാശാല ഇല്ലാതിരുന്നത് കൊണ്ടാകണം;സർവകലാശാല ഉണ്ടായത്,1948 ലാണ്.

ലഹോർ ആസ്ഥാനമായ പഞ്ചാബ് /സിഖ് രാജവംശത്തിലെ രഞ്ജിത്ത് സിംഗിൻറെ സേനയിൽ സാദാ ഭടൻ ആയിരുന്ന ഗുലാബ് സിംഗ്,ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം,വഞ്ചകനും കൊള്ളക്കാരനും ഒക്കെയാണ്.ഇതൊക്കെ പണിക്കരും സമ്മതിക്കുന്നു.പണിക്കർ മനഃപൂർവം ഇതിൽ വിട്ടു കളഞ്ഞ കാര്യം,1857 ലെ ആദ്യ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആളാണ് ഗുലാബ് സിംഗ് എന്നുള്ളതാണ്.അത് പറഞ്ഞെങ്കിൽ പുസ്തകം ഉണ്ടാകുമായിരുന്നില്ല.നാണക്കേട് കൊണ്ടാകണം,ഈ പുസ്തകം പണിക്കർ ആത്മകഥയിൽ പരാമർശിക്കുന്നില്ല.
ഗുലാബ് സിംഗ് 
രഞ്ജിത് സിംഗിന് ശേഷമുള്ള അരാജക കാലത്ത് ജമ്മു കശ്മീർ മുഴുവൻ വരുതിയിൽ ആക്കി ദോഗ്ര രാജവംശം സ്ഥാപിച്ച ഗുലാബ് സിംഗും പിൻഗാമിയും 1857 ലെ കലാപകാരികൾക്ക് അഭയം നൽകാൻ വിസമ്മതിച്ചു.ഇംഗ്ലീഷ് സ്ത്രീകൾക്കും കുട്ടികൾക്കും അഭയം നൽകി.കലാപകാരികൾക്കെതിരെ ബ്രിട്ടീഷുകാർക്ക് വേണ്ടി പോരാടാൻ കശ്മീർ സൈന്യത്തെ അയച്ചു.കശ്മീരിൽ ദോഗ്ര ഭരണം ബ്രിട്ടൻ ഉറപ്പാക്കി ഉപകാരസ്മരണ പ്രകടിപ്പിച്ചു.

ഇന്ത്യൻ കലാപം അഥവാ ശിപായി ലഹള,1857 മെയ് 10 ന് മീററ്റിൽ തുടങ്ങി 1858 ജൂൺ 20 ന് ഗ്വാളിയറിൽ അവസാനിച്ചു .ഗുലാബ് സിംഗ് 1857 ജൂൺ 30 ന് മരിച്ചു.മകൻ രൺബീർ രാജാവായി.

ലണ്ടനിലെ മാർട്ടിൻ ഹോപ്‌കിൻസൺ പ്രസാധക കമ്പനിയാണ് പണിക്കരുടെ പുസ്തകം പ്രസിദ്ധീകരിച്ചത്.പത്തൊൻപതാം നൂറ്റാണ്ടിലെ ഇന്ത്യ ചരിത്രത്തിലെ ഒരു വിടവ് നികത്താനാണ് താൻ പുസ്തകം എഴുതിയതെന്ന് പണിക്കർ ആമുഖത്തിൽ പറയുന്നുണ്ട് -ലോകമൊട്ടാകെ കുടുംബ താൽപര്യ പ്രകാരമാണ് ഇത്തരം പുസ്തകങ്ങൾ ഉണ്ടായിട്ടുള്ളത് എന്ന് വായനക്കാർക്കറിയാം.ചരിത്ര വിദ്യാർഥികൾ ലഹോർ ആസ്ഥാനമായ സിഖ് രാജവംശത്തിൻറെ മാടമ്പി ആയി മാത്രമേ ഗുലാബ് സിംഗിനെ അറിഞ്ഞിട്ടുള്ളു.1846 ലെ ഉടമ്പടി പ്രകാരം ജമ്മു കശ്മീർ ഉണ്ടായതും പിൽക്കാലത്ത് അത് ഇന്ത്യയിൽ കൂട്ടി ചേർക്കപ്പെട്ടതും,ഗുലാബ് സിംഗിൻറെ മഹിമ ഇല്ലാതാക്കി.അത് വീണ്ടെടുക്കാനാണ് പുസ്തകം.കശ്മീർ രാജാവാകും മുൻപേ രാജ്യതന്ത്രജ്ഞൻ ആയിരുന്നു സിംഗ് എന്ന് പണിക്കർ വാദിക്കുന്നു.1839 ൽ രഞ്ജിത് സിംഗ് മരിക്കുമ്പോൾ,അദ്ദേഹത്തിന് കീഴിലെ പ്രധാന മാടമ്പി രാജ്യമായിരുന്നു,കശ്മീർ;30 വയസ്സിൽ രഞ്ജിത് സിംഗിൻറെ ലഹോർ സദസ്സിൽ ഗുലാബ് തിളങ്ങി കഴിഞ്ഞിരുന്നു.1840 -1842 ൽ ഗുലാബ് ,ബാൾട്ടിസ്‌ഥാനും ലഡാക്കും പശ്ചിമ ടിബറ്റും ആക്രമിച്ചു കീഴടക്കി.അത് സമുദ്ര ഗുപതനു പോലും കഴിഞ്ഞില്ല-ഇതാണ് പണിക്കരുടെ വാദം.
പണിക്കർ ചരിത്ര രചനയ്ക്ക് പ്രധാനമായും ആധാരമാക്കിയത്,പേർഷ്യൻ ഭാഷയിൽ ദിവാൻ കൃപാ റാം എഴുതിയ 'ഗുലാബ് നാമ'യാണ്.ഗുലാബിൻറെ പ്രധാനമന്ത്രി ആയിരുന്ന ദിവാൻ ജ്വാല സഹായുടെ മകനാണ് കൃപാ റാം.ലഹോറിലും മറ്റും പ്രവർത്തിച്ചിരുന്ന ഹെൻറി ലോറൻസ്,ലഫ് കേണൽ സ്റ്റെയിൻബാക്,അലക്‌സാണ്ടർ കണ്ണിംഗ്ഹാം,ജി സി സ്മിത്ത് തുടങ്ങിയവർ പറഞ്ഞതും ആശ്രയിച്ചിട്ടുണ്ട്.സിഖ് ചരിത്രം എഴുതിയ ക്യാപ്റ്റൻ ജെ ഡി കണ്ണിംഗ്ഹാം,ലുധിയാനയിൽ ഗവർണർ ജനറലിന്റെ പൊളിറ്റിക്കൽ ഏജൻറ് ആയിരുന്നു.ടിബറ്റിൽ ആളുകളെ ഒഴിപ്പിക്കുന്നതിന് മേൽനോട്ടം വഹിച്ചു.ലഡാക്ക് പിടിക്കൽ കഥ എഴുതിയ അലക്‌സാണ്ടർ കണ്ണിംഗ്ഹാം,ഗുലാബും ഈസ്റ്റ് ഇന്ത്യ കമ്പനിയും ചേർന്ന് ലഡാക്കും ടിബറ്റും തമ്മിൽ അതിർത്തി നിശ്ചയിക്കാൻ അയച്ച ആളായിരുന്നു.സർ ഹെൻറി ലോറൻസ്,പഞ്ചാബിലെ ബ്രിട്ടീഷ് പട്ടാള ഓഫിസറും സർവെയറും ആയിരുന്നു.ഇത്രയും പറഞ്ഞത്,ഗുലാബ് സിംഗ് ടിബറ്റ് പിടിച്ചത്,ബ്രിട്ടീഷ് സഹായത്തോടെ എന്ന് വ്യക്തമാക്കാനാണ്.സമുദ്ര ഗുപ്തന് അപ്പുറം മഹത്വം അത് കൊണ്ട് നിരക്ഷരനായ ഗുലാബിന് വരികയില്ല.
ഗുലാബ് ,1847/ J D Harding 
ആരായിരുന്നു,ഗുലാബ് സിംഗ് ?

ആദ്യ ആംഗ്ലോ സിഖ് യുദ്ധത്തിന് ശേഷം ബ്രിട്ടൻ സൃഷ്‌ടിച്ച ജമ്മു കശ്മീർ 1846 ലെ അമൃത്‌സർ ഉടമ്പടി അനുസരിച്ച് 75 ലക്ഷം നാനക് ഷാഹി രൂപയ്ക്കു വാങ്ങിയ മാടമ്പി.സിഖ് സാമ്രാജ്യത്തിലെ വെള്ളി രൂപയായിരുന്നു,അത്.ഈ പ്രദേശങ്ങൾ ഈ ഉടമ്പടിക്ക് തൊട്ടു മുൻപ് ലഹോർ ഉടമ്പടി പ്രകാരം,തോറ്റ  സിഖ് രാജാവ് ബ്രിട്ടന് കൈമാറി.

സിഖുകാർക്ക് കീഴിൽ,കശ്മീർ മേഖലയിൽ നിരവധി ദോഗ്ര രജപുത്ര മാടമ്പികൾ ഉണ്ടായിരുന്നു.അതിൽ ഒരാൾ ആയിരുന്നു,ഗുലാബ്.അതിനും മുൻപ്,സിഖ് രാജാവ് രഞ്ജിത് സിംഗിൻറെ പട്ടാളക്കാരനായ മാൻ കിഷോർ സിംഗ് ജാംവാളിന്റെ മകൻ.1808 ലാണ് രഞ്ജിത് സിംഗ്,രാജ ജിത് സിംഗിൾ നിന്ന് ജമ്മു പിടിച്ചത്.കിഷോർ സിംഗ് പട്ടാളത്തിൽ ചേർന്നത് അടുത്ത വർഷം.സൈനിക സേവനം നന്നായി നടത്തിയ കിഷോർ സിംഗിന് 12000 രൂപ നികുതി പിരിക്കാവുന്ന മേഖലയും 90 കുതിരയും രാജാവ് നൽകിയപ്പോൾ മാടമ്പി ആയി.1819 ൽ രഞ്ജിത് സിംഗ് കശ്മീർ പിടിച്ചു.ജമ്മു മേഖല രഞ്ജിത് സിംഗ്,കിഷോറിന് ഭരിക്കാൻ കൊടുത്തു.1822 ൽ കിഷോർ മരിച്ചപ്പോൾ,ഗുലാബ് രാജാവായി.രാജ എന്നാൽ,രഞ്ജിത് സിംഗിൻറെ ഗവർണർ.

സ്വന്തം ഗോത്രക്കാരെ കൊന്നു പോലും പുതിയ സ്ഥലങ്ങൾ,രജൗരി പോലെ,ഗുലാബ് പിടിച്ചു.രാജ ജിത് സിംഗിൽ നിന്ന് സ്ഥാനത്യാഗം എഴുതി വാങ്ങി.അയാൾ ബ്രിട്ടൻറെയും വിശ്വസ്തനായി -മൂന്ന് കാലാൾപ്പട റെജിമെൻറ്,15 കവചിത വാഹന പീരങ്കി,40 പീരങ്കി.1831 -39 ൽ വടക്കൻ പഞ്ചാബിലെ ഉപ്പ് പാടങ്ങൾ രഞ്ജിത് സിംഗ് നികുതി പിരിക്കാൻ ഗുലാബിന് വിട്ടു കൊടുത്തു.1837 ൽ സിഖ് സേനാ മേധാവി ഹരി സിംഗ് നൽവ ജാം രുദിൽ മുസ്ലിം സേനയുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു.മുസ്ലിം ഗോത്രങ്ങൾ കലാപത്തിന് ഒരുങ്ങിയത് അടിച്ചമർത്താൻ ഗുലാബിനെ നിയോഗിച്ചു.ഷംസ് ഖാനെയും അനുചരരെയും ക്രൂരമായി വക വരുത്തി.സാധാരണ പൗരന്മാരെ കൂട്ടക്കൊല ചെയ്‌തു.

രഞ്ജിത് സിംഗിൻറെ മരണ ശേഷം,ഗുലാബ് സിംഗും രണ്ടു സഹോദരന്മാരും ഭരണം ഏറ്റെടുത്തു.ഒരു സഹോദരൻ ധ്യാൻ സിംഗിനെ രഞ്ജിത് തന്നെ പ്രധാനമന്ത്രി ആക്കിയിരുന്നു.രഞ്ജിതിന്റെ കൊച്ചുമകൻ നൗ നിഹാൽ സിംഗിനെ ഭരണ തലപ്പത്ത് അവർ കൊണ്ട് വന്നു -രഞ്ജിതിന്റെ  മകൻ ഖരക് സിംഗിൻറെ മകൻ.1840 ൽ ഖരക് സിംഗിൻറെ വിലാപ യാത്രക്കിടയിൽ,ഒരു കൽ വാതിൽ വീണ് നിഹാൽ സിംഗും ഗുലാബിൻറെ മകൻ ഉധം സിംഗും കൊല്ലപ്പെട്ടു.അടുത്ത കൊല്ലം രഞ്ജിതിന്റെ മകൻ ഷേർ സിംഗ് ഭരണം പിടിക്കാൻ ശ്രമിച്ചപ്പോൾ,ഗുലാബും സഹോദരരും സമ്മതിച്ചില്ല.ഇരു പക്ഷവും സന്ധി ചെയ്യുമ്പോൾ,കോട്ട ഗുലാബിൻറെ പിടിയിൽ ആയിരുന്നു.സന്ധിക്ക് ശേഷം ആയുധങ്ങളുമായി പിൻവാങ്ങുമ്പോൾ,കോട്ടയിലെ ഖജനാവ് മുഴുവൻ ഗുലാബ് കൊള്ളയടിച്ചു.സിഖ് സ്വത്ത് മുഴുവൻ കയ്യിലായി.
പണിക്കർ,മാവോ,1950 
ലഹോറിലെ അരാജകത്വത്തിൽ,രഞ്ജിത് സിംഗ് ബന്ധുക്കളായ സന്ധവലിയ സർദാർമാർ,ധ്യാൻ സിംഗിനെയും ഷേർ സിംഗിനെയും 1842 ൽ കൊന്നു.ഗുലാബിൻറെ ഇളയ സഹോദരൻ സുചേത് സിംഗും അനന്തരവൻ ഹിര സിംഗും തുടർന്ന് വധിക്കപ്പെട്ടു.1844 ൽ ഗുലാബിൽ നിന്ന് പണം പിടുങ്ങാൻ ലഹോർ സിഖ് സംഘം ജമ്മു വളഞ്ഞു.27 ലക്ഷം നാനക് ഷാഹി രൂപ കൊടുക്കാമെന്ന് ഗുലാബ് സന്ധി ചെയ്‌തു.യുദ്ധത്തിൽ ബ്രിട്ടീഷ് സേന സിഖ് സംഘത്തെ തോൽപിച്ച്,ജമ്മു ഗുലാബിന് കൈമാറാൻ ഉടമ്പടി ഉണ്ടാക്കി.പഞ്ചാബ് കൂട്ടിച്ചേർത്ത ബ്രിട്ടീഷുകാർ മൊത്തം സ്ഥലം ഭരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്,75 ലക്ഷം രൂപയ്ക്ക് കശ്മീർ കൂടി ഗുലാബിന് വിട്ടു കൊടുത്ത്,തങ്ങളുടെ മേൽക്കോയ്മ അംഗീകരിക്കുന്ന മഹാരാജാവായി വാഴിച്ചത്.സിഖുകാർ ക്ഷുഭിതരായി പടയ്ക്ക് ഒരുങ്ങിയെങ്കിലും,ലഹോർ അസിസ്റ്റൻറ് റെസിഡൻറ് ഹെർബെർട് എഡ്‌വേഡ്‌സ് അവരെ അമർച്ച ചെയ്‌തു.

ഇതാണ് ഗുലാബ് സിംഗ് മഹാരാജാവായ കഥ.

ഇതിൽ എത്ര മഹത്വം ഉണ്ടെന്ന് വായനക്കാർക്ക് തീരുമാനിക്കാം.
ഇത്രയും വച്ച്,ഗുലാബ് രാജ്യതന്ത്രജ്ഞൻ ( Statesman ) ആണെന്നാണ് പണിക്കരുടെ വാദം.അങ്ങനെയുള്ള അദ്ദേഹത്തെ സിഖുകാരും സാമ്രാജ്യത്വവും കരി വാരി തേക്കുന്നു.അത് കൊണ്ട് വെള്ള പൂശാൻ ഒരു പുസ്തകം.പണിക്കരുടെ വാദം ഇന്ത്യ ഏറ്റെടുത്തില്ല.

ഗുലാബ് സിംഗ് 75 ലക്ഷം രൂപയ്ക്ക് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്ന് കശ്മീർ വാങ്ങിയത്,അയാളെ രാജാവാക്കിയ സിഖ് സമുദായത്തോട് ചെയ്‌ത വഞ്ചനയാണെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ് The Last Sunset:The Rise and Fall of the Lahore Darbar എന്ന പുസ്തകത്തിലും ഖുശ്വന്ത് സിംഗ് A History of the Sikhs ലും വിവരിക്കുന്നു.ഒരു ഉളുപ്പും ഇല്ലാത്ത കുറ്റവാളിയായി അവർ ഗുലാബിനെ കാണുന്നു.സിഖ് ഭരണം പതനത്തിൽ എത്തുമ്പോൾ,ദോഗ്രകൾ യുദ്ധത്തിൽ പഞ്ചാബികളെ സഹായിക്കാതിരിക്കാൻ ബ്രിട്ടനുമായി രഹസ്യ സന്ധി ഉണ്ടാക്കുകയാണ്,ഗുലാബ് ചെയ്‌തത്‌.1845 ലെ യുദ്ധത്തിൽ ഇത് എങ്ങനെയാണ് നടന്നതെന്ന് പണ്ഡിറ്റ് പ്രേംനാഥ് ബസസ് ( The History of Struggle for Freedom in Kashmir ) പറയുന്നു;"ഉടമ്പടിയുണ്ടാക്കിയത് ബ്രിട്ടീഷ് ആയുധങ്ങൾ ഉപയോഗിച്ചാണ്.സിഖ് ഭരണാധികാരികൾ നിയമിച്ച കശ്മീർ ഗവർണർ ഷെയ്ഖ് ഇമാമുദീൻ കശ്മീർ ഗുലാബ് സിംഗിന് നൽകാൻ വിസമ്മതിച്ചു.ബ്രിട്ടീഷ് സേനയെ അയച്ചാണ് അയാളെ രാജാവായി വാഴിച്ചത്".സി യു ഐച്ചിസൺ ഉടമ്പടികളുടെ പുസ്തകത്തിൽ എഴുതുന്നു:"ഗുലാബ് കശ്മീർ രാജ പദവിക്ക് മാത്രമല്ല,അതിൻറെ ഉടമാവകാശത്തിനും ബ്രിട്ടീഷ് അധികാരത്തോട് കടപ്പെട്ടിരിക്കുന്നു".
ഗുലാബിനെ 1846 മാർച്ച് 15 ന് സിംഹാസനത്തിൽ ഇരുത്തിയത്,ജെ ഡി കണ്ണിംഗ്ഹാം ഓർക്കുന്നു:"അദ്ദേഹം എഴുന്നേറ്റ് കൈകൂപ്പി താൻ 'സുർഖരിദ്'ആണെന്ന് പ്രഖ്യാപിച്ചു -സ്വർണവേഷമുള്ള അടിമ.ദുരർത്ഥം ഒന്നുമുണ്ടായിരുന്നില്ല".

പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പിറന്ന ഏറ്റവും മഹദ് വ്യക്തികളിൽ ഒരാളാണ് ഗുലാബ് എന്ന്,പുസ്തകാവസാനം,ഉപസംഹാരത്തിൽ പണിക്കർ വിലയിരുത്തുന്നു.പതിനെട്ടാം നൂറ്റാണ്ടിലെ ഹൈദരാലിയെയും മഹാരാജ സിന്ധ്യയെയും പോലെ.ഒന്നുമില്ലായ്മയിൽ നിന്ന് സാമ്രാജ്യം കെട്ടിപ്പടുത്തവൻ..ചരിത്രപരമായി ശൂന്യമായ ഇന്ത്യയുടെ ഒരു നൂറ്റാണ്ടിൽ,ഏകാകിയാണ് ഗുലാബ് എന്ന് പണിക്കർ പറയുന്നത്,കടന്ന കയ്യാണ് -ആ നൂറ്റാണ്ടിലാണ് കർണാടകയിൽ കിട്ടൂര് റാണി ചെന്നമ്മ 1824 ൽ ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചത്വി,1806 ൽ വിയ്യൂർ ജയിലിൽ ടിപ്പുവിൻറെ ഭടന്മാർ ബ്രിട്ടനെതിരെ കലാപം നടത്തിയത്,കൊല്ലത്ത് ദിവാൻ മൺറോയ്ക്ക് എതിരെ ശിപായി ലഹള ഉണ്ടായത്, 1857 ൽ ആദ്യ സ്വാതന്ത്ര്യ സമരമുണ്ടായത്.ബ്രിട്ടന് എതിരായ ഒരു പോരാട്ടവും നടത്താത്ത ഒരു രാജാവ് എങ്ങനെ ദേശീയ വാദിയും രാജ്യ തന്ത്രജ്ഞനും ആകും എന്നറിയില്ല.കാവാലം ചാലയിൽ പണിക്കർമാർ കവടി നിരത്തിയാൽ ഇങ്ങനെ വരുമായിരിക്കും !

പുസ്തകം കൊണ്ട് എനിക്കുണ്ടായ ഗുണം,കശ്മീർ സംസ്ഥാനം ആകും മുൻപുള്ള ധാരാളം ചെറുകിട രാജാക്കന്മാരെ ആ മേഖലയിൽ കാണാനായി എന്നതാണ്.സിഖ് ഭരണത്തിന് കീഴിലെ ദോഗ്ര രജപുത്ര മാടമ്പികളുടെ ഒരു കാലം കിട്ടി.
ഹരി സിംഗ് 
മറ്റൊന്ന്,ഗുലാബിൻറെ ബാല്യമാണ്.കുട്ടിക്കാലത്ത് ഗുലാബിനെ മുത്തച്ഛൻ സൊറാവർ സിംഗിനടുത്തേക്ക് അയച്ചു.നിരക്ഷര പോരാളി ആയിരുന്നു,മുത്തച്ഛൻ.അക്ഷരം പഠിപ്പിച്ചില്ലെങ്കിലും,ഗുലാബിനെ കുതിര സവാരിയും പയറ്റും പഠിപ്പിച്ചു.ഗുലാബിന് 16 വയസുള്ളപ്പോൾ ജമ്മു കീഴടക്കാൻ വന്ന രഞ്ജിത് സിംഗിൻറെ സേനാ മേധാവി ഹുക്കം സിംഗിന് പയ്യൻറെ വീര്യം ഉള്ളിൽ തട്ടി.അത് കഴിഞ്ഞ് മുത്തച്ഛനോട് ചോദിക്കാതെ കുതിരയെയും കൊണ്ട് പാഞ്ഞതിന് ശകാരം കിട്ടിയപ്പോൾ,മുത്തച്ഛനെ വിട്ട് യാത്രയായി.ഷാ മഹമൂദ് എന്ന അമ്മാവൻ കാബൂൾ സിംഹാസനത്തിൽ നിന്ന് പുറത്താക്കിയ ഷാ ഷൂജയ്‌ക്കൊപ്പം ചേരാനാണ് പോയത്.അട്ടാരിയിൽ ദിവാൻ ഖുഷ്‌വക്ത് റായിയുടെ കൈയിൽ എത്തിയ ഗുലാബ്,അത് വഴി 1809 ൽ രഞ്ജിത് സിംഗിൻറെ പട്ടാളത്തിൽ ചേരുകയായിരുന്നു.

ഗുലാബ് സിംഗ്,ധ്യാൻ സിംഗ്,സുചേത് സിംഗ് എന്നിവർ ജമ്മു സഹോദരർ എന്നറിയപ്പെട്ടു.ഗുലാബിന് മൂന്ന് മക്കൾ :രൺധീർ,സോഹൻ,രൺബീർ.ഗുലാബിന് ശേഷം രൺബീർ രാജാവായി.ധ്യാൻ സിംഗിനും മൂന്ന് മക്കൾ:ഹിര,ജവഹിർ,മോട്ടി.സുചേത് കൊല്ലപ്പെട്ടതിനാൽ മക്കളില്ല.

രൺബീറിന് ശേഷം മകൻ പ്രതാപ് രാജാവ്;പ്രതാപിന് ശേഷം വന്ന രാജാവ് ഹരി സിംഗ് ആണ്,കശ്മീർ ഇന്ത്യയ്ക്ക് കൈമാറിയത്.ഹരി സിംഗ്,പ്രതാപിൻറെ സഹോദരൻ അമറിന്റെ മകനായിരുന്നു;ഹരി സിംഗിൻറെ മകനാണ്,കരൺ സിംഗ്.

ശിപായി ലഹളയെപ്പറ്റി സുരേന്ദ്രനാഥ് സെൻ Eighteen Fifty Seven,ആർ സി മജുoദാർ The Sepoy Mutiny and Revolt of 1857 എന്നീ പുസ്തകങ്ങൾ എഴുതി;ലഹള അമർച്ച ചെയ്യാൻ തിരുവിതാംകൂർ ബ്രിട്ടനെ സഹായിച്ചു എന്ന് കാണാം.

See https://hamletram.blogspot.com/2019/07/blog-post_3.html

സി ജെ കാണാത്ത,( ഗൊയ്‌ഥെ കണ്ട ) ശാകുന്തളം

പ്രളയകാലത്തെ മൺവണ്ടി 18

The end of each tragedy sees the collapse of an entire world.The new drama brings what in fact is new,and what follows the collapse differs qualitatively from the old;whereas in Shakespeare the difference was merely quantitative.
-Georg Lukacs/ The Socilogy of Modern Drama

ണ്ടത്തെ 'ഹരിശ്ചന്ദ്ര' നാടകത്തിൽ ചന്ദ്രമതി ദീനമായി വിലപിക്കുന്നത് കണ്ട് തേങ്ങിക്കരഞ്ഞ കുഞ്ഞായിരുന്നു,എം കെ സാനു.അപ്പോൾ അമ്മ
ഭവാനി,കുഞ്ഞിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമായിരുന്നു.സാനു പറയുന്നത്,ഇതര കാവ്യ ശാഖകളെ അപേക്ഷിച്ച് പ്രത്യക്ഷതയ്ക്ക് പ്രസക്തി നാടകത്തിലാണ്,എന്നാണ്.

ഈ നിരീക്ഷണം 'നാടക വിചാരം' എന്ന 45 ലേഖനങ്ങളുടെ സമാഹാരത്തിലാണ്.ഇവ സമാഹരിച്ചത് ടി എം എബ്രഹാം.
ബുദ്ധിമുട്ടുകൾ നിറഞ്ഞ കാലത്ത്,വായനയുടെ ലോകത്തിൽ കർമ്മ നിരതനായിരുന്നുവെന്ന് ആമുഖത്തിൽ സാനു ഓര്മിക്കുന്നു.ആ ചുറ്റുപാടിൽ നിന്ന് രക്ഷ നേടാൻ വായനാ ലോകത്തെ അഭയം പ്രാപിച്ചതല്ല.വായന നൽകുന്ന സാങ്കൽപിക ലോകത്തെ അനുഭവങ്ങൾ,നിത്യ ജീവിതത്തിലെ അനുഭവങ്ങളെക്കാൾ യഥാർത്ഥമായി തോന്നി.സാഹിത്യ ലോക സംഭവങ്ങൾ ആധാരമാക്കി,നിത്യ ജീവിത സംഭവങ്ങളെ വിലയിരുത്തിയത്.സാങ്കൽപിക രംഗങ്ങൾ ഇന്ദ്രിയങ്ങളെ ഉണർത്തി.അവയുടെ പ്രത്യക്ഷം,വാക്കുകളായും കാഴ്ചകളായും തന്നെ കീഴടക്കി.അവിടത്തെ ഗന്ധം നുകർന്നു.അവിടത്തെ കാറ്റ് തഴുകി.കഥാപാത്രങ്ങൾ കഴിക്കുന്ന ആഹാരത്തിൻറെ രുചി പോലും ആസ്വദിച്ചു.
ശകുന്തള / രാജാ രവിവർമ്മ 
വേദിയിൽ നാടകം അധികം കണ്ടില്ല.നാടകങ്ങൾ,പ്രത്യേകിച്ചും ദുരന്ത നാടകങ്ങൾ ജീവിതത്തിൻറെ ഭാഗമായി.സാനു എഴുതുന്നു:
"ദുഖത്തിൻറെ നേർക്കുള്ള ആഭിമുഖ്യം,എൻറെ സ്വഭാവത്തിലെ പ്രബല ഘടകങ്ങളിൽ ഒന്നാണ്.പരാജിതരുടെയും പീഡിതരുടെയും ദുഃഖിതരുടെയും നേർക്കാണ്,നിർഹേതുകമായ അനുഭാവം.അതിന് ആലോചനയുമായി ബന്ധമൊന്നുമില്ല.അത് സ്വാഭാവികമാണ്.അത് കൊണ്ടായിരിക്കാം,ദുരന്ത നാടകങ്ങളിലെ മുഖ്യ കഥാപാത്രങ്ങളൊക്കെയും എൻറെ ആത്മാവിൽ സ്ഥാനം ഉറപ്പിച്ചത്.

ഈ സഹജ സ്വഭാവം,ഈ പുസ്തകം തുറക്കാനുള്ള താക്കോലാണ്.സി ജെ തോമസിൻറെ ജീവിതം കൂടി വച്ച് കൊണ്ടാണ്,സാനുവിൻറെ നാടക താൽപര്യം നോക്കേണ്ടത്.പുസ്തകത്തിലെ,'നാടകം,ജീവിതം' എന്ന ആദ്യഭാഗത്തിലെ 'സി ജെ തോമസ്:ജീവിതം ഒരു പരീക്ഷണം' എന്ന ലേഖനം,അഗാധമായ ജീവിത നിരീക്ഷണങ്ങൾ നിറഞ്ഞതാണ്.
സി ജെ എഴുതിയ 'നാടകം' എന്ന ലേഖനത്തിൽ ഇങ്ങനെ പറയുന്നു:
" മനുഷ്യൻ ദൈവമായിത്തീരാൻ ശ്രമിക്കുകയോ വിധിയോട് ഏറ്റുമുട്ടുകയോ അങ്ങനെ എന്തെങ്കിലും ദുർഘട പ്രശ്നത്തെ അഭിമുഖീകരിക്കുകയോ ചെയ്യുമ്പോഴേ ഡ്രാമയ്ക്ക് അവസരം ലഭിക്കൂ ".

സോഫോക്ലിസിൻറെ 'ഈഡിപ്പസ് രാജാവ്' എന്ന നാടകമാണ്,നാടകലോകത്തിൽ സർവ ലക്ഷണവും തികഞ്ഞ കൃതി എന്ന അരിസ്റ്റോട്ടിലിൻറെ നിരീക്ഷണം ഇന്നും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്ന് സി ജെ എഴുതുന്നു -അത് ശരിയല്ല.ഈ ലേഖനത്തിൽ,സി ജെ പരാമർശിക്കുന്ന നാടകങ്ങൾ ഗൊയ്ഥെയുടെ 'ഫൗസ്റ്റ്',സോഫോക്ലിസിൻറെ 'ഈഡിപ്പസ്',എസ്കിലസിൻറെ ഒറസ്റ്റിയ ത്രയം,ഷേക്ക് സ്പിയറിൻറെ 'മാക്ബെത്','ഹാംലെറ്റ്',കിംഗ് ലിയർ,ഒഥല്ലോ,ഇബ്‌സൻറെ 'പ്രേതങ്ങൾ',പീർ ഗിന്റ്,ബർണാഡ് ഷായുടെ 'മനുഷ്യനും അതിമാനുഷനും','വിശുദ്ധ ജൊവാൻ' എന്നിവയാണ്.

വിശ്വോത്തര നാടകങ്ങളിൽ പ്രേമം ഒരു ഘടകമല്ല എന്ന് പറയാനാണ്,ഇവ സി ജെ എടുത്തത്.വളർച്ച എത്തിയ മനുഷ്യന് പ്രേമം പ്രധാന കാര്യമല്ല.ഉത്തമ നാടകങ്ങളിൽ അത്യുൽകൃഷ്ടമായ ഒരു വിഷയം വേണം.അത് മനസ്സിൽ വച്ചാണ്,ഈശ്വര ശക്തി ലഭിക്കണമെന്ന് മോഹിക്കാൻ മാത്രം വലിയവനായ ഫൗസ്റ്റിൻറെ ഹൃദയത്തിലെ കൊടുങ്കാറ്റ്,നാടക വേദിയെ കുലുക്കുന്നത് എന്നാണ്,സി ജെ യുടെ നിരീക്ഷണം.അദ്ദേഹം പറയുന്നു:
"ശങ്കരനും കൃഷ്ണനുമായി കല്യാണിയുടെ പ്രേമത്തിന് വേണ്ടിയും മാധവൻ അവൻറെ കുടികിടപ്പവകാശത്തിന് വേണ്ടിയും മത്തായി മുതലാളിയോടും നടത്തുന്ന സമരങ്ങളാണ് നാടകത്തിലെ സംഘട്ടനമെന്ന് ധരിച്ചു വച്ചിരുന്നാൽ,നാടകമെഴുത്തും ഉണ്ടാകുകയില്ല,അഭിനയവും ഉണ്ടാകുകയില്ല".
എം കെ സാനു 
നാടകങ്ങളിൽ സാനു ആദർശ രൂപമായി കണ്ട പരാജിതൻറെ സ്ഥാനത്താണ്,സി ജെ നിൽക്കുന്നത്.അദ്ദേഹത്തിൻറെ ദാർശനിക ഹൃദയം,താനിട പഴകുന്ന പലതിന്റെയും നഗ്ന രൂപം കണ്ടു.അതിൻറെ ഫലം,നിതാന്ത അസ്വസ്ഥത ആയിരുന്നു:സാനു നിരീക്ഷിക്കുന്നു.
ഒരു വശം ചെരിഞ്ഞുള്ള സി ജെ യുടെ നടത്തത്തെപ്പറ്റി വൈക്കം മുഹമ്മദ് ബഷീർ പടച്ച ഒരു കഥ:
സാങ്കല്പികമായ ഒരു കൂറ്റൻ കുരിശ് താങ്ങിക്കൊണ്ട് സി ജെ നടന്നു കൊണ്ടിരിക്കുന്നു.കുരിശിൻറെ ഭാരവും വേദനയും നിരന്തരം അനുഭവിച്ചു കൊണ്ടിരിക്കുന്നു.ആ ഭാരം നിമിത്തമാണ്,അദ്ദേഹം ഒരു വശത്തേക്ക് അൽപം ചെരിഞ്ഞു നടന്നത് !

സി ജെ യുടെ 'ഈഡിപ്പസ്' പരിഭാഷയുടെ ആദ്യ ഭാഗം,സാനു പത്രാധിപർ ആയ 'സാഹിത്യ പരിഷത്'മാസികയിലാണ് വന്നത്.
കാമുവിൻറെ നാടകങ്ങൾ നാസിസത്തിന് എതിരായ പൊട്ടിത്തെറി ആയിരുന്നു.അവയെ അസംബന്ധ നാടകങ്ങൾ ആയല്ല,ദുരന്ത നാടകങ്ങൾ ആയാണ് സി ജെ യും സാനുവും കണ്ടത് എന്ന് തോന്നുന്നു.
നാടകദർശനത്തിൽ,സാനു സി ജെ യുമായി താത്വികമായി വഴി പിരിയുന്ന ഒരു സന്ദർഭമുണ്ട്.കാളിദാസൻറെ 'അഭിജ്ഞാന ശകുന്തള'ത്തെ ഇരുവരും വിലയിരുത്തുമ്പോഴാണ്,ഇത്.

ശരിയായ നാടകത്തിൽ ഇന്ത്യയ്ക്ക് പാരമ്പര്യമില്ല എന്നാണ് 'നാടകം' എന്ന ലേഖനത്തിൽ സി ജെ യുടെ പക്ഷം.അദ്ദേഹം എഴുതുന്നു:
"നാടകം എന്നുപറഞ്ഞ് എപ്പോഴും 'ശാകുന്തളം' പൊക്കിപ്പിടിച്ചു കൊണ്ട് വരാറുണ്ട്.ഒരു കാവ്യം എന്ന നിലയ്ക്കല്ലാതെ,നാടകം എന്ന നിലയ്ക്കതിനെ ഉത്തമ കൃതിയായി ഗണിച്ചു കൂടാ.ആ മുദ്രാ മോതിരവും മത്സ്യവും വരുന്നതിന് മുൻപുള്ള കഥ കുറേക്കൂടി ഉത്തമ നാടകമാണെന്ന് ഞാൻ ഗണിക്കുന്നു".

പല വിദഗ്ദ്ധരും അഭ്പ്രായപ്പെട്ട പോലെ,'ശാകുന്തളം' അഞ്ചാം അങ്കത്തിൽ നിർത്തേണ്ടിയിരുന്നു എന്നർത്ഥം.ഗർഭിണിയായ ശകുന്തളയെ കണ്ട് ഓര്മയില്ലെന്ന് പറയുകയും അതേ സമയം ഏതോ ജന്മാന്തര വിധിയിൽ അകപ്പെടുകയും ചെയ്യുന്ന രാജാവിൻറെ ദുരന്തത്തിൽ നാടകം തീരുന്നതാണ്,സി ജെ യ്ക്ക് ഇഷ്ടം.
എന്നാൽ,തരുണ വത്സരത്തിലെ പൂക്കളും പരിണിത വത്സരത്തിലെ ഫലങ്ങളും,ഭൂമിയും സ്വർഗ്ഗവും ഒരേയിടത്ത് സമ്മേളിച്ച് ആത്മാവിനെ ആനന്ദ നിർവൃതിയിൽ എത്തിക്കുന്നു ശാകുന്തളം എന്ന് ഗൊയ്ഥെ പറഞ്ഞതാണ്,സാനു സ്വീകരിക്കുന്നത്.
ഗൊയ്ഥെ 1791 ൽ പറഞ്ഞത്:

'Wouldst thou the young year's blossoms and the fruits of its declineAnd all by which the soul is charmed, enraptured, feasted, fed,Wouldst thou the earth and heaven itself in one sole name combine?I name thee, O Sakuntala! and all at once is said.
— Goethe / translation by Edward Backhouse Eastwic

വില്യം ജോൺസ് അതിന് രണ്ടു വർഷം മുൻപാണ് അത് പരിഭാഷ ചെയ്തത്.
മരണത്തിന് മുൻപ് 'ശാകുന്തള'ത്തെപ്പറ്റി ഗൊയ്ഥെ ഇത്ര കൂടി പറഞ്ഞു :
"പകലിനെക്കാൾ രാത്രിയെ അവിസ്മരണീയമാക്കുന്ന നക്ഷത്രം".
ഈ നാടകത്തിൻറെ നാന്ദി,'ഫൗസ്റ്റി'ന് അദ്ദേഹം മാതൃകയാക്കി.
ഭാസൻറെ 'ഊരു ഭംഗം'പോലെ പോലെ വിരലിൽ എണ്ണാവുന്നവ അല്ലാതെ സംസ്‌കൃത നാടകങ്ങൾ ദുഃഖ പര്യവസായികൾ അല്ല.ദുരന്തത്തിലൂടെ കടന്നു പോകുന്ന മനുഷ്യൻ വിമലീകരണത്തിൽ,വിശ്രാന്തിയിൽ എത്തുന്നതാണ്,ഭാരതീയ പാരമ്പര്യം.അരിസ്റ്റോട്ടിലിന്,വീരൻ ദുരന്തത്തിൽ പതിക്കുന്നതാണ്,വിശ്രാന്തി ( Catharsis ).ഭരതമുനിക്ക് ശുഭാന്ത്യമാണ് വിശ്രാന്തി.അതിനാൽ,ദുരന്തത്തിൻറെ അഞ്ചാം അങ്കത്തിൽ നിന്ന് 'ശാകുന്തളം' വിശ്രാന്തിയുടെ ഏഴാം അങ്കത്തിലേക്ക് വികസിക്കുന്നിടത്ത് സാനു കയ്യടിക്കുന്നു.സി ജെ,ഭാരതീയതയ്ക്ക് പുറംതിരിഞ്ഞു നിൽക്കുന്നു.
ഗൊയ്ഥെ 
ധാരാളം പശ്ചാത്യ നാടകങ്ങളെ സാനു മലയാളിക്കു പരിചയപ്പെടുത്തി -ജൂലിയസ് ഹേയുടെ 'കുതിര'( 1961 ),ഴാങ് കോക്തോയുടെ 'നരക യന്ത്രം'( The Infernal Machine ),ആൽഫ്രഡ്‌ ജാറിയുടെ 'ഉബുറോയ്' ഒക്കെ ഇതിൽ പെടും.സോഫോക്ലിസിൻറെ 'ആന്റിഗണി'ക്ക് പുതിയ ഭാഷ്യം ചമച്ച ജീൻ അനുയിയും കടന്നു വരുന്നു.കോക്തോയെ പരാമർശിക്കുന്നത്,അദ്ദേഹം ഈഡിപ്പസ് നാടകത്തിന് പുത്തൻ വ്യാഖ്യാനം നൽകിയത് വിശദീകരിക്കാനാണ്.

സി ജെ യുടെ അവസാന കാലത്താണ് സാനു 'നാടക സാഹിത്യം' ( 1959 ) എഴുതുന്നത്.അതിൽ.എഴുതപ്പെട്ട കൃതിയും വേദിയിലെ നാടകവും തമ്മിലുള്ള വ്യത്യാസമാണ്,ചർച്ച.നാടകം സംവിധായകൻറെ കല എന്ന് സമർത്ഥിക്കുന്ന ഒരു ലേഖനവുമുണ്ട്.സംവിധായകനായ സ്റ്റാനിസ്ലാവ്സ്കി,മെയ്റ്റർലിങ്ക്,ചെക്കോവ് എന്നിവരുടെ രചനകൾ വേദിയിൽ എത്തിച്ച കഥയുണ്ട്.ഇബ്‌സൻ,ചെക്കോവ്,സ്ട്രിൻഡ്‌ബെർഗ് എന്നീ ലോക നാടക പ്രതിഭകൾ,നാടക സിദ്ധാന്തം എന്ന നിലയിൽ ഒന്നും എഴുതിയില്ല.സ്ട്രിൻഡ്‌ബെർഗ്,'മിസ് ജൂലി' എന്ന നാടകത്തിൻറെ ആമുഖത്തിൽ,അൽപം തത്വം പറഞ്ഞിട്ടുണ്ട്.Theory of Modern Stage എഴുതിയ എറിക് ബെന്റ്ലി ഇവരുടെ നാടക ലേഖനങ്ങൾ ഒന്നും കിട്ടിയില്ല എന്ന് രേഖപ്പെടുത്തി.ഇബ്‌സൻറെ 'ഭൂത'ത്തെ ആധുനിക ദുരന്ത നാടകമായി സാനു കാണുന്നു.ആർതർ മില്ലറുടെ 'സെയിൽസ്മാൻറെ മരണ'വും അക്കൂട്ടത്തിലാണ്.

സി ജെ യുടെ 'ഉയരുന്ന യവനിക' ( 1950 )യ്ക്ക് ശേഷം,ജി ശങ്കരപ്പിള്ളയുടെ 'നാടകദർശനം' ( 1990 ) വന്നു.അസാമാന്യ നാടക ബോധമുണ്ടായിരുന്ന എൻ എൻ പിള്ള തത്വ വിചാര പുസ്തകം ഒന്നും ബാക്കി വച്ചില്ല.സാനുവിൻറെ 'ദുരന്ത നാടകം', 'നാടക വിചാരം' എന്നിവയും ടി എം എബ്രഹാമിൻറെ 'നവീന നാടക ചിന്തകൾ' ( 2019 ) എന്ന പുസ്തകവും മലയാള നാടക സാഹിത്യ ഈടു വയ്‌പുകളാണ്.

---------------
See https://hamletram.blogspot.com/2019/10/blog-post_32.html








Friday, 4 October 2019

ദുരന്ത ഗാന്ധാരം

പ്രളയകാലത്തെ മൺവണ്ടി 19 

വികൃതിക്കുട്ടികളുടെ കൈയിൽ 
ശലഭങ്ങളെപ്പോലെയാണ് 
ഈശ്വരന്മാരുടെ കൈയിൽ നമ്മൾ,
വിനോദത്തിനായി അവർ നമ്മെ കൊല്ലുന്നു.
-ഷേക്ക് സ്പിയർ 
ദുരന്തനാടകങ്ങളെപ്പറ്റി എഴുതാത്ത ധിഷണാശാലികൾ കുറയും.നീഷെയുടെ 'ദുരന്തത്തിൻറെ ജനന'വും ജോർജ് സ്‌റ്റെയ്‌നറുടെ 'ദുരന്തത്തിൻറെ മരണ'വും ഓർമയിൽ നിൽക്കുന്നു.തത്വ ചിന്താ വിദ്യാർത്ഥികൾക്ക്,കീർക്കെഗാദിന്റെ 'ഭയ സംഭ്രമങ്ങൾ' പോലുള്ള പാഠങ്ങൾ ഉണ്ട്.

സ്വകാര്യങ്ങൾ മറന്ന് ദുരന്തനാടകങ്ങൾ വായിക്കുമ്പോൾ കിട്ടുന്ന 'ആനന്ദ'ത്തിൽ അഭിരമിച്ചിരുന്നതായി എം കെ സാനു 'ദുരന്ത നാടകം' എന്ന കൃതിയുടെ മുഖവുരയിൽ പറയുന്നു.അതാണ്,അരിസ്റ്റോട്ടിൽ
'പൊയറ്റിക്സി'ൽ പറഞ്ഞത് -ഒരു വീരൻറെ ജീവിത ദുരന്ത കഥ അനുധാവനം ചെയ്യുമ്പോൾ കിട്ടുന്ന വിമലീകരണമാണ്,ആനന്ദം.

ഫ്രഡറിക് ഷില്ലറുടെ പ്രഭാഷണങ്ങൾ കേട്ടാണ്,മാർക്‌സ് സ്വന്തം സിദ്ധാന്തങ്ങൾ ആലോചിച്ചത്.അവ കേട്ടിരുന്നയാളാണ്,കീർക്കെഗാദ്.ബൈബിൾ പഴയ നിയമത്തിലെ അബ്രഹാമിന് മുന്നിൽ,ഗ്രീക്ക് ദുരന്ത നായകൻ ഒന്നുമല്ല എന്ന് അദ്ദേഹം 'ഭയ സംഭ്രമങ്ങൾ' ( Fear and Trembling ) എന്ന പുസ്തകത്തിൽ സമർത്ഥിക്കുന്നു.ആടുകളെ ബലി ചോദിക്കേണ്ട ദൈവം,അബ്രഹാമിനോട്,സ്വന്തം മകനെ ബലി ചോദിച്ചു.ആ ആവശ്യം 'അസംബന്ധം' ( Absurd ) ആണ്.അതിനെ വിശ്വാസം എന്ന 'അസംബന്ധം' വഴി അതിജീവിക്കുന്ന അബ്രഹാം,ദൈവ കല്പനയ്ക്ക് കീഴടങ്ങുന്ന ഗ്രീക്ക് ദുരന്ത നായകനെക്കാൾ മഹാൻ എന്ന് കീർക്കെഗാദ് പറഞ്ഞ വിചാരമാണ്,'അസംബന്ധം'എന്ന് പലരും തെറ്റിദ്ധരിക്കുന്ന തത്വ ചിന്താ പ്രയോഗത്തിന് വിത്തിട്ടത്.ദുരന്തത്തിന് വിപരീതമായ അസംബന്ധ നാടക വേദിയും ഉണ്ടായി.

മാർക്സിന് ചൂട്ട് തെളിച്ച ഹെഗൽ,ദുരന്ത നാടകങ്ങളെപ്പറ്റി എഴുതിയത് നാം വേണ്ടത്ര ശ്രദ്ധിച്ചില്ല.ഷേക്ക്സ്പിയറിൻറെ ദുരന്ത നാടകങ്ങളിൽ അവസാന വാക്ക് എ സി ബ്രാഡ്‌ലി ( Shakespearean Tragedy ) എന്ന് പണ്ട് പഠിച്ചിരുന്നു.'ഹെഗലിൻറെ ദുരന്ത സിദ്ധാന്തം' എന്ന പ്രബന്ധം ബ്രാഡ്‌ലി എഴുതിയിട്ടുണ്ട്.ബ്രാഡ്‌ലി ഇംഗ്ലീഷ് ലോകത്തിന് അത് പരിചയപ്പെടുത്തി.ഗ്രീക്കിൽ 'ഹമർഷ്യ' ( Hamartia ) എന്ന് വിളിക്കുന്ന വിധി പ്രഹരം ( Fatal flaw ) ദുരന്ത നായകർക്കുണ്ട്.ഈ വാക്ക് 'പൊയറ്റിക്സി'ൽ ഉണ്ട്.ദുരന്ത നായകൻ ജീവിതത്തിൽ കാട്ടുന്ന വിധി നിർണായകമായ തെറ്റാണ് ഇത്.ഇത് അയാളെ ദുരന്തത്തിലേക്ക് നയിക്കുന്നു.
ഈ പരമമായ തെറ്റിനെതിരെ നിൽക്കുന്നതാണ്,ഹെഗലിൻറെ സിദ്ധാന്തം.എസ്കിലസിൻറെ ഒറെസ്റ്റിയൻ നാടക ത്രയവും സോഫോക്ലിസിൻറെ 'ആന്റിഗണി'യും വച്ചാണ്,പൊതുവെ ഗ്രീക്ക് ദുരന്ത വ്യാഖ്യാനങ്ങൾ കാണുക.കുറേക്കൂടി സങ്കീർണമായി ഇത് കാണണം എന്നാണ് ,ഹെഗൽ 'The Phenomenology of Spirit എന്ന പ്രബന്ധത്തിൽ വാദിക്കുന്നത്.ഗ്രീക്ക് ദുരന്തത്തിനും ഷേക്‌സ്‌പിയർ ദുരന്ത നാടകങ്ങൾക്കും ഒരേ അളവ് കോൽ പറ്റില്ല എന്ന് അദ്ദേഹം കരുതുന്നു.ദ്വന്ദ്വാത്മകത ( Dialectics ) ആണ് ഇവിടെ പ്രയോഗിക്കേണ്ടത്.ഒരേ ദ്വന്ദ്വാത്മകതയുടെ രണ്ടു ശാഖകൾ ആണ്,ഗ്രീക്ക്,ഷേക്‌സ്‌പിയർ ദുരന്ത നാടകങ്ങൾ.ഗ്രീക്ക് ദുരന്ത നാടകത്തിൽ,നൈതികതയുടെ ശക്തികൾ തമ്മിലാണ്,സംഘർഷം.ഷേക്ക് സ്പിയറിൽ ആകട്ടെ,വ്യക്തിയും ബാഹ്യ ലോകവും തമ്മിലാണ്.പ്രതിലോമകരമായ ബാഹ്യ ലോകത്തിന് എതിരെ,വ്യക്തി സ്വയം നാശത്തിന് കാരണമായ വികാരങ്ങൾ പ്രകടിപ്പിക്കുന്നു.ഇതാണ്,ദുരന്ത നാടകം സംബന്ധിച്ച ഹെഗൽ ദർശന സത്ത.ഹാംലെറ്റിനെപ്പറ്റി ഹെഗൽ പറയുന്നു:

"പുറത്തു നിന്ന് നോക്കിയാൽ,ഹാംലെറ്റിൻറെ മരണം,ആകസ്മികം ആണെന്ന് തോന്നും ...എന്നാൽ,ഹാംലെറ്റിൻറെ ആത്മാവിൽ,മരണം ആദ്യം മുതൽ പതുങ്ങിയിരുന്നു.പരിമിതികളുടെ മണൽ ഭിത്തികൾ,അയാളുടെ ദുഃഖവും ദുർബലതയും ആകുലതയും പിരിമുറുക്കവും തടയാൻ പോന്നതല്ല.പുറത്തുനിന്ന് മരണമെത്തും മുൻപ് തന്നെ,ആന്തര സംഘർഷം വിഴുങ്ങി കഴിഞ്ഞ ഒരാളാണ് അയാളെന്ന് നാം അറിയുന്നു ".

ഗ്രീക്ക് നാടകങ്ങളിപ്പോലെ ദുരന്തം,ഭരത മുനി,'നാട്യ ശാസ്ത്ര'ത്തിൽ അനുവദിച്ചില്ല.ഭാസൻ 'ഊരുഭംഗ'ത്തിൽ ഇത് ലംഘിച്ചു.അത് 'നാട്യ ശാസ്ത്ര'ത്തിന് മുൻപുണ്ടായത് ആകാമെന്ന് വാദമുണ്ട്.

'നാട്യശാസ്ത്ര'കല്പനകൾ അനുസരിച്ചാണ് കാളിദാസൻ 'അഭിജ്ഞാന ശാകുന്തളം'എഴുതിയത്.അത് ദുരന്ത നാടകം അല്ല.അതും സാനുവിൻറെ 'ദുരന്ത നാടക'ത്തിൽ ഉണ്ട്.

'ശാകുന്തള'ത്തിന് പുറമെ ,എസ്കിലസിൻറെ 'പ്രോമിത്യുസ് ബന്ധനത്തിൽ',സോഫോക്ലിസിൻറെ 'ഈഡിപ്പസ് രാജാവ്',ഷേക്ക് സ്പിയറിൻറെ 'മാക്ബെത്',ഇബ്‌സൻറെ 'ഭൂതം',ഓഗസ്റ്റ് സ്ട്രിൻഡ്ബർഗിന്റെ 'പിതാവ്',ബ്രെഹ്തിൻറെ 'മദർ കറേജ്' എന്നിവയാണ് സാനു പഠനത്തിന്.എടുത്തത് 'പിതാവി'ന് പിന്നാലെ വരികയായിരുന്നു,'മദർ' എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

സ്ട്രിൻഡ്‌ബെർഗ് 1887 ലാണ് 'പിതാവ്' എഴുതിയത്.40 വർഷം കൊണ്ട് 60 നാടകങ്ങൾ അദ്ദേഹം എഴുതി.ഇബ്‌സനെ പുച്ഛമായിരുന്നു.അതുവരെ പരിചയിച്ച ഉദ്വേഗ നാടകങ്ങൾക്ക് എതിരായ കലാപം ആയിരുന്നു,'പിതാവ്','ലേഡി ജൂലി' എന്നിവ.ഇക്കാര്യം 'ജൂലി'യുടെ ആമുഖത്തിൽ ഉണ്ട്.ഒരു വർഷം ഇടവിട്ട് വന്ന രണ്ട് നാടകങ്ങളും ഇബ്‌സൻറെ നാടക ബോധത്തോട് സാമ്യമുള്ളതാണ്.'പിതാവി'ൽ,ഇബ്‌സനെയും ഹാംലെറ്റിനെയും ഉദ്ധരിക്കുന്നു.ഇബ്‌സനെ സ്ട്രിൻഡ്‌ബെർഗ് പൊളിക്കാൻ നോക്കിയത്,സാമ്പ്രദായിക നാടക രൂപത്തെ പൊളിച്ചാണ്.രൂപമില്ലാത്ത നാടകമാണ് 'പിതാവ്' എന്ന് റെയ്മണ്ട് വില്യംസ്,'Drama From Ibsen to Brecht എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നു.'പിതാവി'ലെ നാടകീയതയുടെ അഭാവം 'ജൂലി'യിൽ പരിഹരിച്ചു.

'ഭൂതം' പരിഭാഷപ്പെടുത്തിയത് സി ജെ തോമസാണ്.അതിൻറെ ആമുഖക്കുറിപ്പിൽ സി ജെ പറയുന്നു:

"ഇന്നലെ എന്ന ഭൂതം ഇന്നിനെയും നാളെയെയും ദുരന്തത്തിലേക്ക് വലിച്ചിഴയ്ക്കുന്നു-ശാരീരികമായും ആത്മീയമായും.ഈ അധോഗതിയെ തടയുന്ന കാര്യത്തിൽ 'മനുഷ്യ വർഗം പരാജയപ്പെട്ടിരിക്കുന്നു ' എന്നാണ്,ഇബ്‌സൻറെ തീരുമാനം."

ഇത്രമാത്രം നരകാത്മകമല്ല സാനുവിൻറെ നാടക ദർശനം എന്നതിനാലാണ് അദ്ദേഹം 'ശാകുന്തള 'ത്തിലേക്ക് മടങ്ങിയത്.ബാല്യത്തിൽ ധാരാളം സംഗീത കച്ചേരികൾ കേട്ടതായി സാനു പറയുന്നു.അദ്ദേഹം ഓർക്കുന്നവരുടെ കൂട്ടത്തിൽ മധുരൈ മണി അയ്യർ പ്രത്യേക സരണി ഉദഘാടനം ചെയ്‌തു.'നാട്യ ശാസ്ത്ര'ത്തിലും സംഗീതമുണ്ട്.ഗാന്ധാരമാണ്,ദുരന്ത രാഗം.ഋഷഭം വിശ്രാന്തിയുടെയും.
----------------------------------------
See https://hamletram.blogspot.com/2019/09/blog-post_44.html



എങ്ങുമെത്താതെ ആ മനുഷ്യൻ,ദാവീദ്

പ്രളയകാലത്തെ മൺവണ്ടി 15 

ഗ്രീക്കുകാരൻറെ ജീവിതം,ഈ ലോകത്തിൽ മാത്രമാണ്.അവന് മനോരാജ്യം കാണാൻ താൽപര്യമില്ല.അവൻറെ കവിത പോലും പ്രയോഗികമാണ്.
-സ്വാമി വിവേകാനന്ദൻ 

ബൈബിൾ പഴയ നിയമത്തിലെ ശമുവേലിന്റെ പുസ്തകത്തിലാണ്,സി ജെ തോമസിൻറെ 'ആ മനുഷ്യൻ നീ തന്നെ' എന്ന നാടകത്തിന് ആധാരമായ ദാവീദിൻറെ കഥയുള്ളത്.ദാവീദ്,ഇസ്രായേലിൻറെ രാജത്വത്തിൽ നിന്ന് കർത്താവ് പുറന്തള്ളിയ ശൗലുമായി നടത്തുന്ന പോരാട്ടങ്ങളും ഫെലിസ്ത്യരും ആയുള്ള സമരവും സ്വന്തം കുടുംബ സംഘർഷവും ആണ് പശ്ചാത്തലം.അധികാരത്തിൻറെയും  പാപത്തിൻറെയും മലവെള്ളപ്പാച്ചിലിൽ തകർന്നടിയുന്ന ദാവീദിനെയാണ് നാം കാണുന്നത്.കുടുംബ സംഘർഷത്തിലാണ്,നാടകത്തിൻറെ ഊന്നൽ.

പഴയനിയമത്തിലെ ദാവീദ്,ദൈവഹിതം അനുസരിച്ച് മാത്രം പ്രവർത്തിക്കുന്നു.രാജാവായ ശൗലിന് നേരെ ദാവീദ് ഒരിക്കലും കൈ ഉയർത്തിയില്ല.അധാർമിക പ്രവൃത്തികളെ എപ്പോഴും എതിർത്തു.പക്ഷെ,ബത്‌ശേബയെ കാണുന്നിടം മുതൽ അയാളുടെ ജീവിതം പാളുന്നു.അമ്മോന്യർക്ക് മേൽ ദാവീദ് വിജയം നേടുകയും ബത്ശേബയെ കാണുകയും ചെയ്യുന്നിടത്ത് നാടകം ആരംഭിക്കുന്നു.
നാടകം ഒരു മനുഷ്യൻറെയുള്ളിലെ രാഷ്ട്രീയാധികാരിയും കവിയും തമ്മിലുള്ള സംഘർഷത്തിൻറെ കഥയാണ്;സി എൻ ശ്രീകണ്ഠൻ നായരുടെ 'ലങ്കാലക്ഷ്മി'യും അങ്ങനെ തന്നെ.അതിൽ രാവണൻ രചിച്ച ശിവസ്തോത്രം പോലുമുണ്ട്.
സി ജെ തോമസ് 
ദാവീദിൻറെ ഈ സംഘർഷം പഴയ നിയമത്തിൽ ഇല്ല.സൈനികൻ ഊറിയാവിന്റെ ഭാര്യ ബത്‌ശേബയെ  ദാവീദ് പ്രാപിക്കുന്നത്,രണ്ടു വാചകങ്ങൾ മാത്രമുള്ള ദ്രുത സ്ഖലന സാഹിത്യമാണ്,അതിൽ ( 2 ശമുവേൽ 11 ).അമ്മോന്യരിൽ നിന്ന് റബ്ബ പിടിച്ച് യരൂശലേമിൽ തന്നെ നിന്ന ദാവീദ് കൊട്ടാരത്തിന് മുകളിൽ നിന്നാണ്,ബെത്ശേബ കുളിക്കുന്നത് കണ്ടത്.ശതാധിപൻ ഊറിയാവിൻറെ ഭാര്യയായ അവളെ വരുത്തി അയാൾ പ്രാപിച്ചു.ഇതിൽ പ്രണയം ഇല്ല.അവൾ ഗർഭിണിയായപ്പോൾ,അത് ഊറിയാവിൻറെ തലയിൽ കെട്ടിവയ്ക്കാൻ,അയാളോട് യുദ്ധം വിട്ട് വീട്ടിലേക്ക് പോകാൻ ദാവീദ് കൽപിച്ചു.അയാൾ വീട്ടിൽ പോകാതെ സൈനികർക്കൊപ്പം നിന്നു.ദാവീദ് അയാളെ മുന്നണിയിൽ അയച്ച് കൊന്നു.ബെത്ശേബ വിലപിച്ചു.അവൾ ദാവീദിൻറെ ഭാര്യയായി ഒരു കുഞ്ഞിനെ പ്രസവിച്ചു.ഇത്രയുമാണ് പഴയ നിയമ കഥ.

കിരീടം തലയിൽ കയറിയപ്പോൾ ഓടക്കുഴലും പാട്ടും നഷ്ടപ്പെട്ടു ശൂന്യ ഹൃദയനായ ഭരണാധികാരിയെ പുത്തൻ പ്രണയം വീണ്ടും കവിയാക്കി മാറ്റുന്ന പരിവർത്തനമാണ്,സി ജെ വരയ്ക്കുന്നത്.അവിടെ സി ജെ യുടെ പ്രതിഭ പ്രജാപതി ആകുന്നു.നാടകത്തിൻറെ ഒന്നാം അങ്കത്തിലെ നാലാം രംഗത്തിൽ വിശേഷിച്ചും.

തന്നെ ഗായകനായി കാണുന്നതാണ് സന്തോഷം എന്ന് ദാവീദ് ബത്ശേബയോട് പറയുന്നു.നാടകം തുടങ്ങുന്നത്,കണ്ണുള്ളത് തുറക്കാൻ മാത്രമല്ല,അടയ്ക്കാൻ കൂടിയാണ് എന്ന് ദാവീദിനെക്കൊണ്ട് പറയിച്ചാണ്.പ്രണയ വിവശയായ ബത്ശേബ അതിന് നാലാം രംഗത്തിൽ മറുപടി നൽകുന്നു.കണ്ണ് തുറന്നാൽ കാണുന്നത് പേടിപ്പിക്കുന്നതാണെങ്കിൽ,കണ്ണടയ്ക്കുകയാണ് ഉചിതം. 
സർവൈശ്വര്യങ്ങളുമുള്ള താൻ സ്നേഹം അറിയാത്ത ഏകാകിയാണെന്ന് ദാവീദ് കുമ്പസാരിക്കുന്നു.ആദ്യം കിട്ടിയ രണ്ടു പെണ്ണുങ്ങൾ സ്വസ്ഥതയില്ലാത്ത സന്തതികളെ നൽകി.ആ അസ്വസ്ഥത ആദ്യമൊക്കെ ശത്രു രക്തത്തിൽ മുക്കി കൊന്നു.എത്രകാലം കശാപ്പ് കൊണ്ട് ആത്മശക്തി നേടും?പ്രേമം ഒരുവനെ ചെറുതാക്കുകയാണെങ്കിൽ,താൻ ഒരു മണൽത്തരിയോളം ആയിക്കൊള്ളട്ടെ.

തൻറെ ജീവിതം ഒരു പാഴ്‌ചെലവായിരുന്നോ എന്ന് 'ലങ്കാലക്ഷ്മി'യിൽ രാവണൻ ആകുലപ്പെടുന്നതിനോട് ചേരും പടി,ദാവീദ് പറയുന്നു:

''ശമുവേൽ പ്രവാചകൻ പറഞ്ഞു,എനിക്ക് വേണ്ടിയല്ല ഞാൻ രാജാവായി അഭിഷേകം ചെയ്യപ്പെട്ടതെന്ന്.അന്ന് ഞാൻ അതിൻറെ അർഥം മുഴുവൻ മനസ്സിലാക്കിയില്ല.ഒളിച്ചു നടക്കുക,ബഹുമാനിക്കുന്ന രാജാവിന് എതിരായി ലഹളയ്ക്ക് പുറപ്പെടുക,ആത്മ സുഹൃത്തിൻറെ കിരീടം പിടിച്ചു പറിക്കുക -ഇതൊന്നും സന്തോഷകരമായ ചുമതലയല്ല.നിരന്തരമായ സമരം.,.മുഖസ്തുതിക്കാരായ അന്തേവാസികൾ,ദുഷ്ടന്മാരായ സേവകർ,ബത്ശേബാ,കിരീടം ഒരു ആനന്ദമല്ല ".

തൻറെ ഗാനം നിന്ന് പോയി,ജീവിതം ഉണങ്ങിപ്പോയി,താനിന്നൊരു മരുഭുമിയാണ്.തനിക്ക് ഒരു ജീവിത സഖി വേണം.

ഇന്ന്,മനുഷ്യൻറെ സ്വാധീനത്തിലുണ്ടെന്ന് ദാവീദ് പറയുമ്പോൾ,ബത്‌ശേബ ചോദിക്കുന്നു:"ഇന്ന് നമ്മുടെ സ്വാധീനത്തിൽ ഉണ്ടോ ?"

ദാവീദ് പറയുന്നു:
"അതെ എന്നാണെൻറെ വിശ്വാസം.അത് അവിഹിതമായിരിക്കാം.എങ്കിലും ഒരു കവിക്ക് അങ്ങനെയല്ലാതെ ചിന്തിക്കാൻ വയ്യ.അയാൾ അല്പനേരത്തേക്ക് സർവ്വാധികാരിയാണ്,സർവ്വാന്തര്യാമിയാണ്,അന്ധനാണ്,മഹിമയുടെ മൂർത്തീകരണമാണ്,ദൈവമാണ്,അവൻറെ പ്രതിഭയുടെ പ്രഭാകാലത്തിൽ.അവൻ ഇടവിട്ടേ ജീവിക്കുന്നുള്ളു.മിന്നിപ്പൊലിയുന്ന ഉൽക്കകളെപ്പോലെ,ഒരു പ്രകാശ പ്രഹരത്തിനും അടുത്തത്തിനുമിടയ്ക്ക് ഒരു അന്ധകാര ശൂന്യതയുണ്ടായിരിക്കും ".

സി ജെ നടത്തിയ 'കല കലയ്ക്കു വേണ്ടി' എന്ന നിലപാടുമായുള്ള സമരത്തിൻറെ ഫലശ്രുതിയായി ഇതിനെ ചുരുക്കേണ്ടതില്ല;ഇത് അപൂർവ പ്രതിഭകൾക്ക് വെളിപാടുകൾ ഉണ്ടാകുന്ന സവിശേഷ സർഗാത്മക മുഹൂർത്തമാണ്.

ഇവിടെ നിന്ന് രണ്ടാം രംഗത്തേക്ക് ഒരു ഫ്ലാഷ് ബാക്ക് വേണം.അവിടെ രണ്ടും ഒന്നിച്ചായിക്കൂടേ  ( ഓടക്കുഴലും യുദ്ധത്തിനുള്ള കവിണയും) എന്ന് ഭർത്താവായ ഊറിയാവിനോട് ബെത്ശേബ ചോദിക്കുന്നു.ഊറിയ ദൂരെ ദാവീദിൻറെ കൊട്ടാരം ചൂണ്ടി പറയുന്നത്,അത് അവിടെ ഒരാൾക്കേ കഴിയൂ എന്നാണ്.

ഓടക്കുഴൽ പ്രസിദ്ധമാണ് എന്ന് ബത്‌ശേബ;കവിണയാണ് പ്രസിദ്ധം എന്ന് ഊറിയ.

ബത്ശേബ പറയുന്നു:
"അദ്ദേഹം ആരെയും കൊല്ലുന്നതിന് മുൻപാണ് പ്രവാചകൻ അദ്ദേഹത്തെ അഭിഷേകം ചെയ്‌തത്‌.വെറും ഒരിടയച്ചെറുക്കൻ.അന്ന്,ഓടക്കുഴൽ മാത്രമേ ഉണ്ടായിരുന്നുള്ളു".
സാഹിത്യ ശിക്ഷണം ഉള്ളവർക്കറിയാം,രചനയുടെ ആത്മാവിലേക്ക് ഇറങ്ങുന്ന താക്കോൽ വാക്കുകൾ ( key words ) പാഠത്തിൽ ഉണ്ടാകും.ഈ നാടകത്തിലെ താക്കോൽ വാക്കുകളാണ്,ഓടക്കുഴലും കവിണയും.കവിണ കൊണ്ടാണ്,ദാവീദ്, ഗോലിയാത്തിനെ കൊന്നത്.അന്ന് മാറാപ്പിൽ കവിണ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഇനി,ഒന്നാം രംഗത്തേക്ക് ഫ്ലാഷ് ബാക്ക്.
ദാവീദ്,ഊറിയാവിനോട് പറയുന്നു:
"ഒരോടക്കുഴലും അപ്പൻറെ ആടുകളും ...ആ പുൽമേടുകൾ സ്വർഗം തന്നെ ആയിരുന്നു.അന്ന് ഞാൻ ചാടിപ്പോയി.യഹോവ എൻറെ ഇടയനാകുന്നു.എനിക്ക് മുട്ടുണ്ടാകയില്ല.പച്ചയായ പുൽപ്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു.സ്വസ്ഥതയുള്ള വെള്ളത്തിനരികത്തേക്ക്...സ്വസ്ഥതയ്ക്ക് വേണ്ടി ഞാൻ ഇന്നെന്തു തന്നെ കൊടുക്കയില്ല?ആ പുല്ലാങ്കുഴലിന് വേണ്ടി ഈ ചെങ്കോൽ ..."

എന്തെങ്കിലും സംശയം ശേഷിക്കുന്നുവെങ്കിൽ,നാലാം രംഗത്തിൽ,ദാവീദ്:
"ബത്‌ശേബ,ഞാൻ ഒരേകാന്തനാണ്.ഒരു ജനക്കൂട്ടത്തിൻറെ മധ്യത്തിലെ ഏകാകി.എൻറെ അന്തപ്പുരത്തെ ആയിരിക്കും നീ ഉദ്ദേശിക്കുന്നത്.ഒരുപറ്റം ദുരാഗ്രഹികളായ പെണ്ണുങ്ങൾക്ക് ഒരു ഹൃദയം എങ്ങനെ പങ്കിട്ടു കൊടുക്കും?അത് പ്രേമമല്ല,വെറും നാടകം.ഞാൻ അതു കണ്ടു മുഷിഞ്ഞു.എല്ലാറ്റിനും പിന്നിൽ ഞാൻ ഒരു കവിയാണ്."

പ്രണയത്തിന് മുന്നിൽ,ബത്‌ശേബയ്ക്ക് മുന്നിൽ,ഉണങ്ങിപ്പോയ കവി ഉണരുകയാണ്.കാരണം,കനാൻ നാട്ടിൽ കുന്നുകൾ അനവധിയുണ്ട്;ഹെർമോൻ ഒന്ന് മാത്രമേയുള്ളൂ .

രണ്ടാം അങ്കത്തിലെ രണ്ടാം രംഗത്തിൽ ബത്ശേബ പറയുന്നു:
"അങ്ങയുടെ ഗാനങ്ങൾ എൻറെ ഹൃദയത്തുടിപ്പുകളാണ്.അവയില്ലാതെ എനിക്കൊരു നിമിഷം കഴിയാൻ ഒക്കുകയില്ല".

അപ്പോൾ ദാവീദ് അപേക്ഷിക്കുന്നു:
"കനാൻ നാടിൻറെ കിരീടമാണ് ഞാൻ അടിയറ വയ്ക്കുന്നത്.നിനക്കറിയാം ഒരു രക്തപ്പുഴയിൽ കൂടി നീന്തി സമ്പാദിച്ചതാണ് അതെന്ന്.അതിനെ തട്ടി എറിയരുത്."

ശത്രുവിൻറെ കോട്ട ആക്രമിക്കാൻ ഊറിയാവിനെ മുന്നിൽ നിർത്തി ദാവീദ് അവൻറെ മരണം ഉറപ്പ് വരുത്തുന്നത്,ഒരു പ്രണയം ജയിക്കാനാണ്.അത് കവിയുടെയും കാമുകൻറെയും യുദ്ധമാണ്.അത് കഴിഞ്ഞ് അയാൾ ബത്‌ശേബയോട് പറയുന്നു:
"മരണത്തെ മറക്കൂ;ജീവിതമാണ് നാളെയുള്ളത്".

ദാവീദിൻറെ മൂത്ത മകൻ അബ്‌ശാലോം കൊട്ടാരം വളഞ്ഞപ്പോഴാണ്,നാഥാൻ പ്രവാചകൻ ദൃഷ്ടാന്ത കഥയുമായി എത്തുന്നത്.ധനവാന് നിരവധി ആടുകൾ ഉണ്ടായിട്ടും,അയാൾ ഒരു വഴിയാത്രക്കാരനായി അയലത്തെ ദരിദ്രനുണ്ടായിരുന്ന ഏക പെൺ കുഞ്ഞാടിനെ കൊന്നു.ആ ധനവാനെപ്പോലെയാണ്,ഊറിയാവിൻറെ ഭാര്യയെ തട്ടിയെടുത്ത് ഊറിയാവിനെ കൊന്ന ദാവീദ്.അത്,യഹോവയുടെ കൽപനയുടെ ലംഘനമായിരുന്നു.
ആ പാപം ചെയ്തവനാര് എന്ന ദാവീദിൻറെ ചോദ്യത്തിന് ഉത്തരമാണ്,ആ മനുഷ്യൻ നീ തന്നെ !

ആ പാപം,ബത്ശേബയുടെ കുഞ്ഞ്  മരിക്കുന്നതോടെ തീർന്നുവെന്ന് ദാവീദ് കരുതുന്നിടത്ത് നാടകം തീരുന്നു.അതോടെ സി ജെ കെട്ടിപ്പൊക്കി കൊണ്ട് വന്ന ഓടക്കുഴലിൻറെയും കവിണയുടെയും സങ്കൽപം വഴിയാധാരമാകുന്നു.പഴയ നിയമത്തിൽ,ബത്ശേബയ്ക്ക് പിന്നെ സോളമൻ ഉണ്ടാവുകയും കഥ മുന്നോട്ട് പോവുകയും ചെയ്യുന്നു.ആ ഭാഗം ഇവിടെ പ്രസക്തമല്ല.കവിയും ഭരണാധികാരിയും തമ്മിലുള്ള സംഘർഷത്തിൻറെ കഥയിൽ ഊളിയിടുന്നതിന് പകരം,പ്രവാചകൻറെ മുഴക്കമുള്ള ആ മനുഷ്യൻ നീ തന്നെ ! എന്ന വചനത്തിൽ തട്ടി വിമ്മിഷ്ടപ്പെടുകയാണ്,നാടക കൃത്ത്.ഈ വചനമാകട്ടെ,സി ജെ പരിഭാഷപ്പെടുത്തിയ സോഫോക്ലിസിൻറെ 'ഈഡിപ്പസി'ൽ ഉള്ളതുമാണ്;തീബ്സിലെ രാജാവായ ഈഡിപ്പസ് പിതാവിനെ കൊന്ന് അമ്മയെ പരിണയിക്കുമെന്ന് പ്രവചനം ഉണ്ടായിരുന്നു. അത് ആകസ്മികമായി സംഭവിച്ചു. അപ്പോൾ അന്ധനായ പ്രവാചകൻ തൈറേഷ്യസ് ,ഈഡിപ്പസിനോട് പറഞ്ഞു:
Thou art the man,
Thou the accursed polluter of this land.
(ആ മനുഷ്യൻ നീ തന്നെ;ഈ രാജ്യത്തെ മലിനമാക്കുന്ന പാപി ).

ഈഡിപ്പസിലെ തീക്ഷ്‌ണമായ ഈ വചനത്തിൽ മനസ്സ് ഉടക്കിയതിനാൽ ആകാം നാടകം ഒടുവിൽ പാളിയത്.അതുവരെ നാടകം സംഗീതം നിറഞ്ഞതായിരുന്നു.കിന്നരങ്ങൾ നിറഞ്ഞതായിരുന്നു.ബൈബിളിൽ നിന്ന് വഴിമാറിയ കഥ,ബൈബിളിലേക്ക് തിരിച്ചു നടന്ന് തട്ടിത്തടഞ്ഞു നിൽക്കുമ്പോൾ,ദാവീദിൻറെ സംഘർഷമാണോ,നാടക കൃത്തിൻറെ വിശ്വാസ സംഘർഷമാണോ വഴി മുട്ടിയത് എന്ന് വ്യക്തമല്ല.ഈ കവലയിൽ ദിശാ സൂചികകൾ ഒന്നും കാണുന്നില്ല.പഴയ കഥയിൽ,ശൗലിൻറെ ഭ്രാന്ത് പോലും ശമിപ്പിച്ചിരുന്ന ദാവീദിൻറെ കിന്നരം,കർത്താവേ,ഈ നാടകത്തിൽ എവിടെപ്പോയി ?

ഈ നാടകത്തെ,സി ജെ യുടെ  നാടക സങ്കൽപ്പത്തിലെ തന്നെ,സംഘർഷത്തിൻറെ പരിണതി ആയാണ് കാണേണ്ടത്.ഒരു ഗംഭീര ജീവിത ദുരന്തമാണ്,ഗ്രീക്ക് നാടകം.സംഘർഷങ്ങൾ ഏറ്റുമുട്ടി,ഒരുവന്റെയുള്ളിലെ സ്വർഗീയതയിൽ വിശ്രാന്തി തേടുന്നതാണ്,ഭാരതീയ നാടകം.സി ജെ യുടെ ആദ്യ രണ്ടു നാടകങ്ങൾ,അവൻ വീണ്ടും വരുന്നു,1128 ൽ ക്രൈം 27 എന്നിവ ദുരന്ത നാടകങ്ങൾ അല്ല.ഒരു ദുരന്ത നാടകം കെട്ടിപ്പൊക്കാൻ നടന്ന ശ്രമം ആയിരുന്നു,ആ മനുഷ്യൻ നീ തന്നെ ! വീരനായ ദാവീദിൻറെ ജീവിതത്തിൽ പ്രണയവും കൊലയും നിറയ്ക്കുന്ന പാപ ബോധം വരെ നാടകം എത്തുന്നു.ദുരന്ത കൊടുമുടികൾ താണ്ടാതെ നാടകം സ്‌തംഭിക്കുന്നു.

പൗരസ്ത്യവും പാശ്ചാത്യവുമായ സംസ്‌കൃതികളുടെ സംഘർഷം,യേശുവിനെപ്പറ്റി സ്വാമി വിവേകാനന്ദൻ ചെയ്‌ത ഒരു പ്രഭാഷണത്തിൽ ഇങ്ങനെ വ്യക്തമാക്കി:

"നസ്രേത്തിലെ മഹാപുരുഷനെക്കുറിച്ചുള്ള എൻറെ അഭിപ്രായം,പൗരസ്ത്യരുടെ വീക്ഷണ കോണിൽ നിന്നായിരിക്കും.നസറായക്കാരൻ തനി പൗരസ്ത്യൻ ആയിരുന്നു എന്ന വസ്‌തുത നിങ്ങൾ പലപ്പോഴും മറക്കുന്നു.നീലക്കണ്ണും മഞ്ഞ മുടിയുമായി അദ്ദേഹത്തെ ചിത്രീകരിക്കാനുള്ള നിങ്ങളുടെ പ്രയത്നങ്ങൾ ഒക്കെ കഴിഞ്ഞിട്ടും,നസറായക്കാരൻ പൗരസ്ത്യനായി തന്നെ നിൽക്കുന്നു.ബൈബിൾ എഴുതാൻ ഉപയോഗിച്ച ഉപമാലങ്കാരങ്ങൾ,കാഴ്ചകൾ,ഇടങ്ങൾ,ഭാവങ്ങൾ,കൂട്ടങ്ങൾ,കവിത,പ്രതീകങ്ങൾ എല്ലാം കിഴക്കൻ ദേശത്തെ പ്രഖ്യാപിക്കുന്നു.വിളങ്ങുന്ന ആകാശം,ചൂട്,സൂര്യൻ,മണൽക്കാട്,ദാഹിച്ചു വലഞ്ഞ മനുഷ്യരും മൃഗങ്ങളും,തലയിൽ കുടവും താങ്ങി വെള്ളം കോരാൻ കിണറ്റിനടുത്തേക്ക് വരുന്ന നര നാരികൾ,ആടുമാടുകൾ,കൃഷി വയലുകൾ,ചുറ്റിലും നടക്കുന്ന കൃഷിപ്പണി,വെള്ളം തേകാനുള്ള യന്ത്രവും ചക്രവും,കുളം,തിരി കല്ല് ഇവയൊക്കെ ഇന്നും ഏഷ്യയിൽ കാണാം.

"ഏഷ്യയുടെ ശബ്ദം ധർമത്തിന്റെ ശബ്ദമാണ്.യൂറോപ്പിന്റേത് രാഷ്ട്രീയത്തിൻറെ ശബ്ദമാണ്.യൂറോപ്പിൻറെ ശബ്ദം പുരാതന ഗ്രീസിന്റേതാണ്.ഗ്രീക്കുകാരന് തൊട്ടടുത്തുള്ള സമുദായമാണ്,സർവസ്വവും.അതിനപ്പുറമെല്ലാം,പ്രാകൃതം.യവനൻ അല്ലാതാർക്കും ജീവിക്കാൻ അവകാശമില്ല.അവൻ ചെയ്യുന്നതാണ് ആവശ്യവും ശരിയും.ലോകത്തിൽ വേറൊന്നും ശരി അല്ല.ബാക്കി വയ്ക്കുകയും അരുത്.ഗ്രീക്ക് മനസ്സിൻറെ ചിന്ത സമ്പൂർണമായും വ്യക്തി നിഷ്ഠമായിരുന്നു.ഏറ്റവും പ്രകൃതി നിഷ്ഠം.വളരെ സുന്ദരം.ഗ്രീക്കുകാരൻറെ ജീവിതം മുഴുവൻ ഈ ലോകത്തിൽ മാത്രമാണ്.അവന് മനോരാജ്യം കാണാൻ താൽപര്യം ഇല്ല.അവൻറെ കവിത പോലും പ്രായോഗികമാണ്.പിന്നീട് പിറന്ന പാശ്ചാത്യ സംസ്കാരത്തിൻറെ ആചാര്യന്മാർ ഗ്രീക്കുകാരായതിനാൽ,യൂറോപ്പിൻറെ നാദം,ഗ്രീസിൻറെ നാദമാണ്.

"ഏഷ്യയിൽ മറ്റൊരു തരം ജനതയാണ്. വിസ്‌തൃതമായി മലർന്നു കിടക്കുന്ന ദേശം.കാർ നിരകളെ തുരന്ന്,ആകാശത്തെ നീല മേലാപ്പിൽ മുട്ടി നിൽക്കുന്ന ഗിരി ശൃംഗങ്ങൾ,തുള്ളി വെള്ളം പോലും കിട്ടാതെ,ഒരു പുൽക്കൊടി പോലും ഉയിർക്കാതെ,നാഴികക്കണക്കിന് പരന്നു മലർന്ന മണൽക്കാട്,ഒടുങ്ങാത്ത കാടുകൾ,കടലിലേക്ക് ഇരമ്പി പായുന്ന വലിയ പുഴകൾ.ഈ സ്ഥിതിയിൽ,പൗരസ്ത്യരുടെ സൗന്ദര്യ പ്രേമവും വിസ്മയ കൗതുകവും മറ്റൊരു വഴിക്ക് വികസിച്ചു.അവർ ഉള്ളിലേക്ക് കണ്ണയച്ചു.പുറത്തേക്കല്ല.പ്രകൃതി സൗന്ദര്യത്തിന് ദാഹമുണ്ട്.അധികാരാവേശമുണ്ട്.അന്യരെ കടന്നു കയറാൻ ആഗ്രഹവുമുണ്ട്.ഗ്രീക്കുകാരൻറെയും ബർബരന്റെയും അതേ ചിന്ത -പക്ഷെ അത് വിപുലമായ ഒരു മണ്ഡലത്തിൽ വ്യാപിച്ചു.ഇന്നും ഏഷ്യയിൽ ജന്മമോ ജാതിയോ ഭാഷയോ അല്ല ഒരു ജനതയെ നിർണയിക്കുന്നത്;മതമാണ്.അതേ കാരണത്താൽ,പൗരസ്ത്യൻ ആദർശ വാദിയാണ്;മനോരാജ്യ സഞ്ചാരിയാണ്."
ആ മനുഷ്യൻ നീ തന്നെ / നാട്യഗൃഹം,തിരുവനന്തപുരം 
അത് കൊണ്ടാണ്,ഭരണാധികാരി ആയിരിക്കെ തന്നെ ദാവീദ് കവിയും ആയത്.ശോക,നാശ സങ്കുലമായ ലോകത്തിന് നടുവിൽ,നിത്യവും അമരവുമായ ഒന്നിനെ കാണാൻ അയാൾ ആശിക്കുന്നു.എല്ലാ പ്രവാചകന്മാരും ദേവ ദൂതന്മാരും കിഴക്കാണ് ഉദിച്ചത്.ഗ്രീസിൽ വെളിച്ചപ്പാടേ ( oracle ) ഉള്ളു.'ഈഡിപ്പസി'ലെ തൈറേഷ്യസ് Prophet അല്ല,Oracle ആണ്.ദാവീദിൻറെ ലോകത്ത് പ്രവാചകന്മാർക്ക് പഞ്ഞമില്ല;ശമുവേൽ കഴിഞ്ഞാൽ,നാഥാൻ.

നാടകത്തിൽ സി ജെ പൗരസ്ത്യ വീക്ഷണത്തിൽ ആയിരുന്നില്ല.ഗ്രീക്ക് ദുരന്ത നാടകം ആയിരുന്നു അദ്ദേഹത്തിന് കൊടുമുടി.കാളിദാസൻറെ 'അഭിജ്ഞാന ശകുന്തള'ത്തിൽ,ദുരന്തം കഴിഞ്ഞുള്ള വിശ്രാന്തി രംഗം നീക്കണമെന്ന് സി ജെ എഴുതി.എന്നാൽ,ഭരത മുനിയുടെ 'നാട്യ ശാസ്ത്രം' ദുരന്തം അനുവദിക്കുന്നില്ല.ദാവീദ് പൗരസ്ത്യൻ ആയതിനാൽ,ഗ്രീക്ക് അല്ലാത്തതിനാൽ,അധർമ്മം നടത്തിയാൽ,ധർമ്മ വിചാരണയ്ക്ക് കീഴ്‌പെടണം-അതാണ് പ്രവാചക ധർമം.അവിടെ ഊന്നാൻ പാശ്ചാത്യ ചിന്ത പിൻ പറ്റിയ സി ജെ യ്ക്ക് കഴിഞ്ഞില്ല.

സി ജെ യുടെ ദാവീദ്,കിരീടം തൻറെ തലയിൽ വിധി കെട്ടി വച്ച ഭാരമാണ് എന്ന് കരുതുന്നു.നിരവധി സഹശയനങ്ങൾക്ക് ശേഷം ഒരു പ്രണയ സ്വാർത്ഥതയിൽ വീഴുന്നു.യേശുവിലും മഹാഭാരതത്തിലും ഇതിന് മറുപടി,ത്യാഗമാണ്.

ഒരു ധനിക രാജാവ്,യേശുവിനോട് ചോദിച്ചു:
"സദ് ഗുരോ,നിത്യ ജീവിതം നേടാൻ ഞാൻ എന്ത് ചെയ്യണം ?"
യേശു അരുളി:
"നിനക്കൊരു പോരായ്മയുണ്ട്.നീ മടങ്ങിപ്പോകൂ.ഇവയെല്ലാം വിറ്റ് പാവങ്ങൾക്ക് കൊടുക്കൂ.നിനക്ക് സ്വർഗത്തിൽ നിധി കിട്ടും.എന്നിട്ടെൻറെ അടുത്തു വരൂ.കുരിശും തോളിലേന്തി എൻറെ പിന്നാലെ വരൂ ..."

യേശു പറയുന്ന കുരിശ്,അവനവൻറെ കുരിശാണ്.പൗരസ്ത്യന് സ്വർഗം പുറത്തല്ല,സ്വർഗ്ഗവും നരകവും അവനവൻറെ ഉള്ളിലാണ്.അവൻ തന്നെയാണ്,രണ്ടിൻറെയും വിധാതാവ്.ഞാൻ എന്നും എൻറെ എന്നും വിളിക്കാൻ ഒന്നും ഇല്ലാതാകുമ്പോൾ,തന്നെത്താൻ നിശ്ശേഷം ഉപേക്ഷിച്ചു കഴിയുമ്പോൾ,ഞാൻ തന്നെ തകർന്നു കഴിയുമ്പോൾ,അയാളുടെ ഉള്ളിൽ ഈശ്വരൻ,സ്വർഗം,സ്വയം വരുന്നു.അയാളുടെ താൻ -തോന്നിത്തം ( അഹങ്കാരം ) ഞെരിഞ്ഞമർന്നു.അവനാണ് നമുക്ക് ആദർശ പുരുഷൻ.അല്ലാതെ,ഗ്രീക്ക് ദുരന്തം പേറി നടക്കുന്നവൻ അല്ല.
ഡേവിഡ് ആൻഡ് ബെത്ശേബ സിനിമയിൽ നിന്ന് 
യേശുവിനെപ്പറ്റിയുള്ള പ്രഭാഷണം,വിവേകാനന്ദൻ അവസാനിപ്പിച്ചത്,സദസ്സിനോട് ഇങ്ങനെ പറഞ്ഞാണ്:

"ഒരർത്ഥത്തിൽ നിങ്ങൾ എല്ലാവരും പ്രവാചകന്മാരാണ്.ലോകത്തിൻറെ കദന ഭാരം സ്വന്തം തോളിൽ താങ്ങുന്ന ഓരോ ദൈവദൂതർ.സ്വന്തം ജീവിതത്തിലെ ചെറിയ ചുമട് ശാന്തമായും നിശബ്ദമായും ചുമക്കാത്ത ഒരൊറ്റ പുരുഷനെയോ സ്ത്രീയെയോ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ?വലിയ പ്രവാചകർ ഗംഭീരർ;അവർ വിശ്വമെല്ലാം ചുമലിൽ വഹിച്ചു.അവരുമായി ഒത്തു നോക്കിയാൽ,നാം വാമനന്മാർ.എങ്കിലും,ആ വേല തന്നെയാണ്,നമ്മളും ചെയ്യുന്നത്.നമ്മുടെ ചെറിയ ചുറ്റുപാടിൽ,നമ്മുടെ ചെറിയ വീടുകളിൽ,നാം നമ്മുടെ കുരിശ് ചുമക്കുന്നു.സ്വന്തമായി ഒരു കുരിശും ചുമക്കാൻ ഇല്ലാത്ത വിധം നീചനോ തെമ്മാടിയോ ആയി ആരുമില്ല.നമ്മുടെ തെറ്റുകളോ ദുഷ്ട ചിന്തകളോ ദുഷ്‌കർമങ്ങളോ എന്തായാലും,എവിടെയോ ഒരു പ്രകാശ ശകലമുണ്ട്.നമ്മെയും ഈശ്വരനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സുവർണ സൂത്രം എവിടെയോ ഉണ്ട്.ആ ആത്മീയ ബന്ധം ശിഥിലമാകുന്ന നിമിഷം,നാം നിശ്ശേഷം സഹിച്ചു.ആരെയും നിർമൂലം നശിപ്പിക്കാൻ ആകാത്തതിനാൽ,എത്ര നീചനായാലും നികൃഷ്ടനായാലും,ഓരോരുത്തന്റെയും ഹൃദയത്തിൽ,ഈശ്വരനെ നിരന്തരം സ്പർശിക്കുന്ന ഒരു ചെറിയ ജ്യോതിര്മണ്ഡലമുണ്ട് ".

ഈ തിരിച്ചറിവ് പഴയ നിയമത്തിലെ ദാവീദിന് പ്രവചനങ്ങളിൽ നിന്ന് കിട്ടുന്നുണ്ട്.തിരിച്ചറിവുണ്ടാകുന്നവനെ സി ജെ കണ്ടില്ല.അയാൾ നാടകത്തിൽ ദുരന്തത്തിൽ അടിപ്പെട്ട് കിടക്കുകയും വിശ്രാന്തിയുടെ ഉത്ഥാനത്തിലേക്ക് പോകാൻ മടിക്കുകയും ചെയ്യുന്നു.ഗ്രീക്ക് നാടകത്തിനും ഭാരതീയ നാടകത്തിനും ഇടയിൽ,പൗരസ്ത്യ,പാശ്ചാത്യ ദര്ശനങ്ങൾക്കിടയിൽ,അയാൾ ഗതി കിട്ടാ പ്രേതമായി.ഇത് മലയാള നാടകത്തിലെ ദുരന്തമായി.ഒരു അദ്വൈതം നമുക്ക് നഷ്ടപ്പെട്ടു.
സി ജെ നാടകം എഴുതുന്നതിന് നാല് വർഷം മുൻപ് ഹെൻറി കിംഗ് സംവിധാനം ചെയ്‌ത്‌,ഗ്രിഗറി പെക്,സൂസൻ ഹേവാർഡ് എന്നിവർ അഭിനയിച്ച 'David and Bathsheba' എന്ന പണം വാരി ഹോളിവുഡ് ചിത്രം വന്നു.ലിത്വനിയൻ ഗുസ്തിക്കാരൻ വാൾട്ടർ താലുൻ ആയിരുന്നു,ഊറിയാവ്.ഈ ചിത്രത്തിൻറെ കഥയാണ്,സി ജെ പിന്തുടർന്നത്.ഫിലിപ് ഡൻ എഴുതിയ തിരക്കഥയിൽ,ഒടുവിൽ ഇരുവരും തെറ്റുകാരാണ് എന്ന് ദാവീദുo ബെത്ശേബയും തിരിച്ചറിയുന്നു - വരൾച്ച വരികയും കുഞ്ഞ് മരിക്കുകയും ചെയ്യുമ്പോൾ.ബെത്ശേബയെ കൊല്ലണമെന്ന് ജനം പറയുന്നു.ദാവീദ് സങ്കീർത്തനങ്ങൾ 23 ഉരുവിടുന്നു:

"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.
എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.
നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും."

മാനസാന്തരം വന്ന ദാവീദ്,ക്ഷാമത്തിൽ നിന്ന് രക്ഷ നേടാനും ദയാവായ്പ്പിനും വേണ്ടി,സ്വയം മരിക്കാൻ,ഉടമ്പടിയുടെ പെട്ടകം സ്പർശിക്കാൻ ഒരുങ്ങുന്നു.യരുശലേമിൽ അത് കൊണ്ടുവന്നപ്പോൾ,ഒരു ഭടൻ അതിൽ തൊട്ടപ്പോൾ മിന്നൽ പ്രഹരത്തിൽ കൊല്ലപ്പെട്ടിടത്താണ് ചിത്രം തുടങ്ങുന്നത്.ദാവീദ് പെട്ടകം തൊടുമ്പോൾ ഉണ്ടാകുന്ന മിന്നലിന് പിന്നാലെ പെരുമഴ പെയ്യുന്നു."മെഡിറ്ററേനിയനിലെ ന്യൂനമർദ്ദം കൊണ്ടാണോ ദൈവിക ഇടപെടൽ കൊണ്ടാണോ മഴ പെയ്തതെന്ന് പ്രേക്ഷകൻ തീരുമാനിക്കട്ടെ",തിരക്കഥാകൃത്ത് ഡൻ അന്ന് പറഞ്ഞു.

ഒന്നാന്തരമാണ്,സിനിമയുടെ അന്ത്യം.
--------------------------------------














FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...