Tuesday, 18 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 27 ( 2 ,3)


ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/27,  2. ആറ്റങ്ങള്‍
 രം, ദ്രാവകം, വാതകം എന്നിങ്ങനെ പ്രപഞ്ചത്തിലെ ഏതുവസ്തുവും ആറ്റങ്ങളാല്‍ നിര്‍മിതമാണ്. ഒരു മില്ലി ലിറ്ററിന്റെ പത്തിലൊന്ന് ദശലക്ഷമാണ് അതിന്റെ വ്യാസം. ഒരോ ആറ്റവും ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നീ ഉപ ആറ്റങ്ങളാല്‍ നിര്‍മിതമാണ്. എല്ലാ ആറ്റങ്ങളിലും ഇവ ഒന്നുതന്നെ; മൂലകങ്ങള്‍ അനുസരിച്ച് ഇവയുടെ എണ്ണത്തില്‍ വ്യത്യാസം കാണും. പ്രോട്ടോണുകളും ന്യൂട്രോണുകളും കൂട്ടമായി ഇടകലര്‍ന്ന് ആറ്റത്തിന്റെ ന്യൂക്ലിയസായി; ഇലക്‌ട്രോണുകള്‍ സ്വതന്ത്ര കണങ്ങളായി ന്യൂക്ലിയസിനെ വലയം ചെയ്യുന്നു. ന്യൂക്ലിയസിനു ചുറ്റും, എല്ലാ ഇലക്‌ട്രോണുകളും, നിശ്ചിത ഭ്രമണപഥത്തില്‍ നിശ്ചിത വേഗത്തിലാണ് ചുറ്റുന്നത്. ഒരാറ്റത്തില്‍ നിരവധി പ്രദക്ഷിണ വഴികളും ഓരോ പ്രദക്ഷിണ വഴിയിലും നിരവധി ഇലക്‌ട്രോണുകളുമുണ്ട്; ഇവയുടെ എണ്ണം 18 ല്‍ കവിയില്ല. ഓരോ ആറ്റത്തിലും കൂട്ടിയിടിക്കാതെ, ഇലക്‌ട്രോണുകള്‍ വേഗവും സ്ഥാനവും കൃത്യമായി നിര്‍ത്തുന്നു. ഒരു ഭ്രമണപഥത്തിലുള്ള എല്ലാ ഇലക്‌ട്രോണുകളും ഒരേ വേഗത്തില്‍ സഞ്ചരിക്കുന്നു. എന്നാല്‍, ഭിന്ന ഭ്രമണപഥങ്ങളിലെ ഇലക്‌ട്രോണുകള്‍ക്ക് ഭിന്നവേഗമാണ്. അതുപോലെ, ഒരേതരം ആറ്റങ്ങളില്‍ (ഒരേ മൂലകത്തിന്റെ ആറ്റങ്ങള്‍) ഭ്രമണപഥങ്ങളുടെ എണ്ണവും ഓരോന്നിലുമുള്ള ഇലക്‌ട്രോണുകളുടെ എണ്ണവും അവയുടെ വേഗവും ഒന്നാണ്; എന്നാല്‍ ഭിന്നമൂലകങ്ങളുടെ ആറ്റങ്ങളില്‍ ഇവ വ്യത്യസ്തമായിരിക്കും. ഒരേതരം ആറ്റങ്ങളില്‍ ഒരേതരത്തിലും ഭിന്ന ആറ്റങ്ങളില്‍ ഭിന്നമായും ഇലക്‌ട്രോണുകളുടെ ഭ്രമണപഥങ്ങളും വേഗങ്ങളും പ്രാപഞ്ചികമായി നിശ്ചയിച്ചത് ആരാണ്? പ്രപഞ്ചത്തില്‍ ഒരേപോലെ ഇത് നിശ്ചയിച്ചത് ഇലക്‌ട്രോണുകള്‍ തന്നെത്താന്‍ ആണോ? ഇത്ര ലയത്തോടെ, പാരസ്പര്യത്തോടെ ഇത് നിര്‍ണയിക്കാനുള്ള ബോധവും ധാരണയും അവയ്ക്കുണ്ടോ? ഇല്ല എങ്കില്‍, ഇത്ര കൃത്യതയോടെ, താളത്തോടെ, പാരസ്പര്യത്തോടെ, സമാനതയോടെ, ആറ്റങ്ങളിലെ ഇലക്‌ട്രോണുകളുടെ സഞ്ചാരം നിയന്ത്രിക്കാന്‍ പ്രപഞ്ചമാകെ, അവയില്‍ എത്തുന്നത് ആരാണ്? ഏകാഗ്രതയോടെ ചിന്തിക്കുക.
 3. ഭൗതിക ശരീരങ്ങള്‍ ഒരു ഭൗതിക ശരീരത്തിന്റെ അവസ്ഥ കുറെക്കൂടി സങ്കീര്‍ണവും എന്നാല്‍, സമാനമായ ജ്ഞാനം ഉളവാക്കുന്നതുമാണ്. 

3.1 കോശങ്ങള്‍ 
മുതിര്‍ന്ന ഒരാളുടെ ശരീരത്തില്‍ പല വലിപ്പത്തിലും രൂപത്തിലും നിറത്തിലും തരത്തിലുമുള്ള 30 ദശലക്ഷത്തി ദശലക്ഷത്തിലധികം കോശങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഒരു മില്ലിമീറ്ററിന്റെ പത്തിലൊന്ന് വ്യാസമുള്ള ഗോളാകൃതിയുള്ള സങ്കലനം നടന്ന ഒരു അണ്ഡത്തില്‍ നിന്നാണ് ഒരു മനുഷ്യശരീരം ഉണ്ടാകുന്നത്. ആ കോശം വിഭജനംവഴി ഇരട്ടിച്ചുണ്ടാകുന്ന കണങ്ങള്‍ വിവിധതരം സവിശേഷ കോശങ്ങളായി മാറുകയും കൃത്യമായ ക്രമത്തില്‍ കൂട്ടംചേര്‍ന്ന്, നമുക്കുള്ളപോലെ, ഒരു വടിവുള്ള ശരീരമാവുകയും ചെയ്യുന്നു. ഓരോ മനുഷ്യകോശത്തിലും 46 അതിസൂക്ഷ്മ ക്രോമസോമുകളുണ്ട്; ഓരോ ക്രോമസോമിലും നൂറുകണക്കിന് ജീനുകളുണ്ട്. ഓരോ ജീനിലും, ശരീരത്തിലെ ഒരു ചെറിയ ഭാഗത്തെ സംബന്ധിച്ച ക്രമം, സ്വഭാവം, കര്‍മം എന്നിവ സംബന്ധിച്ച വിവരങ്ങളുണ്ട്. അങ്ങനെ, 46 ക്രോമസോമുകളിലെ എല്ലാ ജീനുകളും ഒരു ശരീരത്തിന്റെ പൂര്‍ണരൂപം വഹിക്കുന്നു. ഓരോ കോശവും, അതിന്റെ 46 ക്രോമസോമുകളില്‍, ശരീരത്തിനുള്ള സമ്പൂര്‍ണ രൂപകല്‍പനയും പദ്ധതിയും വഹിക്കുന്നു. ഓരോ കോശത്തിലും, പൊതുവേ, ക്രോമസോമുകള്‍ ജോഡികളായാണ് കാണുക; ഒന്ന് മാതാവില്‍നിന്ന്, മറ്റേത് പിതാവില്‍നിന്ന്. കോശങ്ങള്‍, വിഭജനംവഴി ഇരട്ടിക്കുന്നു; ഒന്ന് രണ്ടാകുന്നു, രണ്ട് നാലാകുന്നു, നാല് എട്ടാകുന്നു; അങ്ങനെ അങ്ങനെ. കോശം വിഭജിക്കാറാകുമ്പോള്‍, അതിന്റെ ക്രോമസോമുകളെല്ലാം അതിന്റെ കേന്ദ്രത്തില്‍ സമ്മേളിച്ച്, മധ്യരേഖയുടെ ഇരുവശത്തും 23 ക്രോമസോമുകളുടെ രണ്ടു സംഘങ്ങളായി തിരിയുന്നു. എന്നിട്ട്, ഈ സംഘങ്ങള്‍ ആ രേഖയില്‍നിന്ന് മാറുന്നു. കുറച്ചുകഴിഞ്ഞ്, ഓരോ ക്രോമസോമും രണ്ടായി വിഭജിക്കുന്നു. അതില്‍ ഓരോന്നും ഏതാനും മണിക്കൂറുകള്‍ക്കകം പൂര്‍ണക്രോമസോം ആകുന്നു. ഒരു കോശത്തിലെ എല്ലാ ക്രോമസോമുകളിലും ഈ പ്രക്രിയ ഒരേ സമയമാണ് നടക്കുന്നത്. ക്രോമസോമിന്റെ പാതിയായ ഭാഗങ്ങള്‍ പൂര്‍ണമായി വളര്‍ന്നുകഴിയുമ്പോള്‍, കോശത്തിലെ ഓരോ സംഘത്തിനും 46 ക്രോമസോമുകളാവുകയും അവയില്‍ ഒന്നിച്ച് ഒരു ശരീരത്തിന്റെ വിവരങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ക്രോമസോമുകളെപ്പോലെ, കോശത്തിന്റെ മറ്റുഭാഗങ്ങളും വിഭജിക്കുകയും അതേസമയം വികസിക്കുകയും ചെയ്യുന്നു. വികാസങ്ങള്‍ തീരുമ്പോള്‍, വീര്‍ത്ത കോശം രണ്ടു പുതിയ കോശങ്ങളായി മുറിയുന്നു. മുറിഞ്ഞ മൂലകോശത്തെപ്പോലെ തന്നെയാണ്, ഇത്. ഇതാണ് വിഭജനം കൊണ്ടുള്ള ഇരട്ടിക്കല്‍ പ്രക്രിയ. തീര്‍ച്ചയായും, ഈ പ്രക്രിയവഴി, ഓരോ പാതിക്കും, കൃത്യമായ പകര്‍പ്പ് കിട്ടി. കോശത്തിന്, ജീനുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായകമായ പോഷകങ്ങള്‍ കാണും. എന്നാല്‍, ഒരചേതന സംഗതിയുടെ വിഭജിച്ചുണ്ടായ പാതിക്ക്, വിഭജനത്തില്‍ നഷ്ടമായ ജീനുകളുടെ പകര്‍പ്പുകളെ സ്വയം സൃഷ്ടിച്ച് ഉള്‍ക്കൊള്ളാന്‍ കഴിയുമോ? ഇല്ലെങ്കില്‍, വിഭജിച്ചുണ്ടായ പാതികളെ പൂര്‍ണക്രോമസോമുകളാക്കാന്‍ കൃത്യമായ പകര്‍പ്പുകള്‍ നല്‍കുന്ന ഈ പ്രക്രിയയ്ക്ക് പിന്നില്‍, ഒരു ബോധ ഏകകം ഉണ്ടാവില്ലേ? അതാരാണ്? ഓരോ പാതിക്കും നഷ്ടമായതെന്താണ് എന്നറിയാനുള്ള അവബോധവും കൃത്യവിവരങ്ങള്‍ അടങ്ങുന്ന പുതിയ ജീനുകളെ സൃഷ്ടിച്ചു സ്ഥാപിക്കാനുള്ള ശേഷിയും പ്രക്രിയയ്ക്കകത്ത് ഉണ്ടെന്ന് വ്യക്തം. ഇതൊക്കെ ചെയ്യാന്‍ കോശത്തിനകത്ത് കടക്കുന്നത് ആരാണ്? പ്രപഞ്ചമാകെ അനുസ്യൂതം എല്ലാ ജീവജാലങ്ങളിലും നടക്കുന്നതാണ് ഈ പ്രക്രിയ. തീര്‍ച്ചയായും ഇത് ചെയ്യുന്നയാള്‍, സര്‍വവ്യാപിയായ, ഒരതീത ബോധ ഏകകമായിരിക്കണം!
3.2 അണ്ഡം (അണ്ഡകോശം) 
സാധാരണ കോശങ്ങളല്ലാതെ, 23 ക്രോമസോം മാത്രമുള്ള അര്‍ധകോശങ്ങളുമുണ്ട്. അവയാണ് പുരുഷനിലെ ബീജവും സ്ത്രീയിലെ അണ്ഡവും. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയില്‍ ഏതാണ്ട് 30 ലക്ഷം അണ്ഡമൂലങ്ങള്‍ (ovule) അണ്ഡാശയത്തില്‍ കാണും. പ്രായപൂര്‍ത്തിയായാല്‍, നാലാഴ്ചകളുടെ ഇടവേളകളില്‍ അവളുടെ മസ്തിഷ്‌കത്തിനു താഴെയുള്ള ശ്ലേഷ്മഗ്രന്ഥി (Pituitary Gland) എഫ്എസ്എച്ച് (follicle stimulating hormone) എന്ന ഹോര്‍മോണ്‍, ഒരണ്ഡമൂലത്തെ വികസിക്കാന്‍ പ്രചോദിപ്പിക്കുന്ന അത്ര, അവളുടെ രക്തത്തിലേക്ക് സ്രവിക്കുന്നു. 40 സെക്കന്‍ഡുകള്‍ക്കുള്ളില്‍ രക്തം ശരീരമാകെ ചംക്രമണം ചെയ്യുന്നുണ്ട്. ഒരണ്ഡാശയത്തില്‍ എഫ്എസ്എച്ച് എത്തിയാല്‍, ഒരണ്ഡമൂലം അതിനെ സ്വീകരിച്ച് ഒരണ്ഡമായി വികസിക്കും; താമസിയാതെ അത് അണ്ഡാശയത്തിന് മുകളിലേക്ക് ഉയരുകയും, പയര്‍ വലിപ്പമുള്ള ഒരു കുമിളപോലെ ഉന്തിനില്‍ക്കുകയും ചെയ്യും. അത് പാകമാവുമ്പോള്‍, ശ്ലേഷ്മഗ്രന്ഥി എല്‍എച്ച് (Luteinizing Hormone) എന്ന മറ്റൊരു ഹോര്‍മോണ്‍ രക്തത്തിലേക്ക് സ്രവിക്കുകയും അത്, കൃത്യമായി പാകമായ അണ്ഡത്തിലെത്തുകയും ചെയ്യും. ചെറുഗ്രന്ഥി പൊട്ടി അതിനടുത്തുള്ള അണ്ഡവാഹിനിക്കുഴലിലേക്ക് അണ്ഡത്തെ എടുത്തെറിയുന്നു. കുഴലിലെ മൃദുതരംഗങ്ങള്‍ അതിനെ ഉന്തുമ്പോള്‍, അത്, ഒരു ജീവന്‍ സൃഷ്ടിക്കാനുള്ള സങ്കലനത്തിനായി, പുരുഷബീജത്തെ സ്വീകരിക്കാന്‍, കുഴലിനുള്ളില്‍ ഉരുളുന്നു. അടിവയറിലെ അണ്ഡാശയം, തലയിലെ ശ്ലേഷ്മ ഗ്രന്ഥി, ശരീരമാകെ പ്രവഹിക്കുന്ന രക്തം തുടങ്ങി ശരീരത്തിലെ ഭിന്ന സംഗതികള്‍ ഭാഗഭാക്കാവുന്ന അതിസങ്കീര്‍ണമായ ഈ സൃഷ്ടി പ്രക്രിയകള്‍ എങ്ങനെ കൃത്യമായി, കൃത്യസമയത്ത്, ഒരു ബോധ ഏകകമില്ലാതെ നടക്കും? ലോകത്തിലെ എല്ലാ യുവതികളിലും ക്രമത്തില്‍ ഇതു നടക്കുന്നത്, ആകസ്മികമാണോ? അല്ലെങ്കില്‍ ലോകമാകെ, ആരാണ് ഇത് നിര്‍ദ്ദേശിക്കുന്നത്?
 3.3 ശ്ലേഷ്മ ഗ്രന്ഥി 
ശരീരത്തിലെ ഭിന്ന പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കാന്‍, ശരീരത്തില്‍ നിരവധി ഗ്രന്ഥികളുണ്ട്; അവ ഹോര്‍മോണുകള്‍ എന്ന സ്രവങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു. അതിലൊന്നാണ് മസ്തിഷ്‌കത്തിന് താഴെ കാണുന്ന പയര്‍ വലിപ്പമുള്ള ശ്ലേഷ്മഗ്രന്ഥി. ആവശ്യമുള്ളപ്പോള്‍ ഒന്നൊന്നായി അത് ഒന്‍പത് ഹോര്‍മോണുകള്‍ സ്രവിക്കുന്നു; അന്ത്യം കഴിയുമ്പോള്‍, നിര്‍ത്തുന്നു. രക്തരസ(chyle)ത്തില്‍നിന്ന് വേണ്ടത്ര വൈദ്യുത കണ(ion)ങ്ങളെ ശേഖരിച്ച്, വേണ്ട ഹോര്‍മോണിനെ പാകംചെയ്ത് ആവശ്യമുള്ള ശരീരഭാഗത്തിലെത്തിക്കാന്‍ രക്തചാലിലേക്ക് സ്രവിക്കുന്നു. ഉദാഹരണത്തിന്, ഒരു യുവതി പ്രത്യുല്‍പാദനത്തിന് പാകമായാല്‍, അവളുടെ ശരീരത്തില്‍ ശ്ലേഷ്മഗ്രന്ഥി എഫ്എസ്എച്ച് എന്ന ഹോര്‍മോണ്‍ ഒരണ്ഡമൂലത്തെ അണ്ഡമാക്കി മാറ്റാനുള്ള പ്രചോദനത്തിന് വേണ്ടത്ര ഉല്‍പ്പാദിപ്പിക്കുന്നു. അണ്ഡം പാകമാകുമ്പോള്‍, അത് എല്‍എച്ച് എന്ന ഹോര്‍മോണ്‍, അണ്ഡത്തിന് ചുറ്റുമുള്ള ഛിന്നഗ്രന്ഥി (follicle)യെ പൊട്ടിക്കാന്‍ വേണ്ടത്ര സ്രവിക്കുന്നു. അങ്ങനെ, അണ്ഡം അണ്ഡവാഹിനിക്കുഴലിലും ഗര്‍ഭപാത്രത്തിലുമെത്തും. പ്രസവം അടുക്കുമ്പോള്‍, ശ്ലേഷ്മഗ്രന്ഥി പ്രോലാക്ടിന്‍ എന്ന ഹോര്‍മോണ്‍, മുലകളില്‍ പാല്‍ ഉല്‍പാദിപ്പിക്കാനായി, സ്രവിക്കുന്നു. ഭ്രൂണം പ്രസവത്തിന് പാകമാവുമ്പോള്‍, ഗ്രന്ഥി റിലാക്‌സിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നത്, ഇടുപ്പെല്ലുകളെ താങ്ങിയിരിക്കുന്ന തരുണാസ്ഥി (ligament)കളെ അയവാക്കി അവയുടെ പിടുത്തം മയപ്പെടുത്താനാണ്. ഗര്‍ഭപാത്രത്തെ സങ്കോചിപ്പിച്ച് കുഞ്ഞിനെ പുറന്തള്ളാന്‍, ഓക്‌സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ പിന്നീട് സ്രവിക്കുന്നു. അമ്മയുടെ മുലക്കണ്ണില്‍ കുഞ്ഞിന്റെ ചുണ്ടു സ്പര്‍ശിക്കുമ്പോള്‍, ക്ഷീരഗ്രന്ഥികളില്‍നിന്ന് മുലക്കണ്ണിലേക്ക് പാല്‍ പ്രവഹിക്കാന്‍, ശ്ലേഷ്മഗ്രന്ഥി ഓക്‌സിറ്റോസിന്‍ തന്നെ സ്രവിക്കുകയും, കുഞ്ഞ് മുലകുടി നിര്‍ത്തുമ്പോള്‍ അതിന്റെ സ്രവം നിര്‍ത്തുകയും ചെയ്യുന്നു. അങ്ങനെ അങ്ങനെ. വേണ്ടനേരത്ത് വ്യത്യസ്ത ഹോര്‍മോണുകളുടെ ഉല്‍പാദനം, പയര്‍പോലുള്ള ഒരു ഗ്രന്ഥി നിര്‍വഹിക്കുന്നത്, വിസ്മയമാണ്. ഭക്ഷ്യപദാര്‍ത്ഥം വൈദ്യുത കണങ്ങളായി വിഘടിക്കുന്നതും വേണ്ടത്ര കണങ്ങള്‍ രക്തചാലില്‍നിന്ന് വലിച്ചെടുക്കുന്നതും വേണ്ട ഹോര്‍മോണിന്റെ തത്സമയ ഉല്‍പാദനവും ആവശ്യം കഴിയുമ്പോള്‍ അതു നിര്‍ത്തുന്നതും ഗണ്യമായ ബോധവും ജാഗ്രതയും ബുദ്ധിയും വേണ്ട ഒന്നാണ്. അചേതനമായ ഒരു ഗ്രന്ഥിക്ക്, ഇത്ര സങ്കീര്‍ണമായ സംഗതികള്‍, ഒരു ബോധ ഏകകത്തിന്റെ പ്രചോദനവും നിര്‍ദ്ദേശവുമില്ലാതെ ചെയ്യാനാവുമോ? അത് എല്ലായിടത്തും എല്ലാവരിലും സംഭവിക്കുമ്പോള്‍, അതൊരു പ്രപഞ്ച ഏകകത്തിന്റെ അസ്തിത്വം വിളംബരം ചെയ്യുന്നില്ലേ?

 3.4 ബീജം 
മനുഷ്യ വിത്താണ് ബീജം. അതിന്റെ തലയിലെ ന്യൂക്ലിയസില്‍ 23 ക്രോമസോം മാത്രമുള്ള, ചലിക്കുന്ന അര്‍ധകോശമാണ് അത്. ഒരു മില്ലിമീറ്ററിന്റെ 1/2500 മാത്രം നീളമുള്ള തലയും കഴുത്തും വാലുമുള്ള ഒന്നാണ് അത്. നനഞ്ഞ യോനിയില്‍ അത് നിക്ഷേപിച്ചാല്‍, ഗര്‍ഭപാത്രത്തിന്റെ ആവരണസ്തര (mucous membrane) ത്തില്‍ നിന്നുള്ള ദ്രവസ്രവത്തില്‍, അതിവേഗം വാലാട്ടി അത് മുന്നോട്ടുനീന്തുന്നു. തീര്‍ച്ചയായും ബീജത്തില്‍ ജീവനുണ്ട്. മണിക്കൂറില്‍ ദശലക്ഷക്കണക്കില്‍ കുഴല്‍ ബീജങ്ങളായാണ് അവ ഓരോ വൃഷണത്തിലും ഉണ്ടാകുന്നത്. ശാസ്ത്രജ്ഞര്‍ പറയുന്നത്, ഒറ്റ സ്ഖലനത്തില്‍ നൂറു ദശലക്ഷത്തിലധികം ബീജങ്ങള്‍ യോനിയില്‍ നിക്ഷേപിക്കപ്പെടുമെന്നും അതില്‍ ആയിരങ്ങള്‍ ഗര്‍ഭപാത്രത്തിലെ ന്യൂനമര്‍ദം വലിച്ചെടുക്കുമെന്നും അണ്ഡത്തിന് ചുറ്റുമുള്ള ന്യൂനമര്‍ദം അണ്ഡത്തിലേക്ക് ഒരു ബീജത്തെ ആവാഹിക്കുമെന്നുമാണ്. അണ്ഡവാഹിനിക്കുഴലില്‍ സങ്കലനം കാത്തുകഴിയുന്ന അണ്ഡത്തിന് ഒരു ബീജത്തെ സ്വീകരിക്കാന്‍ മാത്രമേ അനുവാദമുള്ളൂ. അതിനുള്ള ഓട്ടത്തില്‍, അഞ്ചോ അതിലധികമോ ബീജങ്ങള്‍ അണ്ഡത്തിനടുത്ത് ഒന്നിച്ചെത്തുന്നു. അതിലൊന്നിനേ അണ്ഡം തുളച്ചുകടന്ന് സങ്കലനം ചെയ്യാനാവൂ. അണ്ഡം, ബീജത്തെക്കാള്‍ 200 മടങ്ങ് വലിപ്പമുള്ളതാണ്. അണ്ഡവും ബീജവും അര്‍ധകോശങ്ങളായതിനാല്‍, അവയുടെ സംയോഗം ഒരു കോശത്തെയാകും സൃഷ്ടിക്കുക. അണ്ഡത്തിലെ ജീനുകളില്‍ സ്ത്രീക്കുള്ള രൂപകല്‍പനയും, ബീജത്തിലെ ജീനുകളില്‍ പുരുഷനുള്ള രൂപകല്‍പനയും അടങ്ങിയിരിക്കുന്നു. അവ സംയോജിപ്പിക്കുമ്പോള്‍, സയോജിത അണ്ഡം, ഏകലിംഗ ശരീരമായാണ് വസിക്കേണ്ടത്. അങ്ങനെ, അണ്ഡത്തിലെ ജീനുകള്‍ക്ക് കൃത്യമായി ചേര്‍ന്ന (അവയെ ആശയക്കുഴപ്പത്തിലാഴ്ത്തുകയോ അവയ്ക്ക് പകര്‍പ്പാവുകയോ ചെയ്യാത്ത) ജീനുകളുള്ള ഒരു ബീജമേ അണ്ഡവുമായി ഐക്യപ്പെടാനാവൂ. അണ്ഡത്തിനടുത്തെത്തുന്ന ഒന്നിലധം ബീജങ്ങള്‍ക്ക് ഈ യോഗ്യതയുണ്ടാകാം; എന്നിട്ടും ഒരു ബീജത്തെ മാത്രമേ അണ്ഡവുമായി സംയോഗത്തിന് അനുവദിക്കുന്നുള്ളൂ. അതല്ലെങ്കില്‍, സംയോജിത അണ്ഡത്തില്‍ 69 അഥവാ 23 ന്റെ ഗുണിതങ്ങളായ ക്രോമസോമുകള്‍ അടങ്ങിയിരിക്കും-അത് ഒരു കോശത്തില്‍ സാധ്യമല്ല. ഈ സംയോഗ നിയന്ത്രണം ഇങ്ങനെയാണ് സംഭവിക്കുന്നത്: ആദ്യബീജം അണ്ഡത്തെ തൊടുമ്പോള്‍, ആ ബിന്ദുവില്‍ ബീജം ഒരു ദീപന രസം (enzyme) സ്രവിക്കുന്നു. തത്സമയം, ആ ബിന്ദുവിലെ അണ്ഡത്തിന്റെ പാട അലിയുന്നു. ആ തുളയിലൂടെ ബീജം അണ്ഡത്തിലേക്ക് തലനീട്ടുന്നു, സങ്കലനം നടക്കുന്നു. തത്സമയം, അണ്ഡത്തിന് ചുറ്റുമുള്ള വഴുവഴുപ്പന്‍ ആവരണം കട്ടിയാകുന്നു. ഇത്, മറ്റൊരു ബീജത്തിന്റെ പ്രവേശനത്തെ തടയുന്നു. ആദ്യ ബീജം അണ്ഡത്തിനുള്ളിലേക്ക് പൂര്‍ണമായി തലനീട്ടിയാല്‍, അതിന്റെ വാല്‍ പൊഴിഞ്ഞു വീഴുകയും, അണ്ഡപാടയിലുണ്ടായ തുള അടയുകയും ചെയ്യും. രണ്ടാമതൊരു ബീജത്തിന് തലനീട്ടാനാകാത്തവിധം വേഗത്തിലാണ് ഇതെല്ലാം നടക്കുന്നത്. സന്തുലിത അണ്ഡം, ഭ്രൂണമായി വളരുന്നു. എത്ര കൗശലത്തോടെ, വേഗത്തോടെയാണ്, സങ്കലിത അണ്ഡത്തിന് ഒരു സുരക്ഷിത കോട്ട ചമയ്ക്കുന്നത്! അണ്ഡവുമായി സംയോജിക്കുന്ന ബീജത്തിന്റെ തെരഞ്ഞെടുപ്പ് എത്ര സങ്കീര്‍ണമാണ്! അണ്ഡത്തിലെ ജീനുകളുടെ ഉള്ളടക്കം, സംയോജനം നടത്തേണ്ട ബീജം എന്നിവയെ സംബന്ധിച്ച കൃത്യമായ ബോധം ഇതിനുണ്ടായേ പറ്റൂ. ബീജമാണ്, അണ്ഡത്തിന് ജീവന്‍ കൊണ്ടുവരുന്നത്. ബീജം അണ്ഡവുമായി സംയോജിക്കുമ്പോള്‍, ബീജത്തിലെ ജീവന്‍, സംയോജിത അണ്ഡത്തിന്റെ ജീവനാകുന്നു. പിന്നീട് അത് കുഞ്ഞിലെ ജീവനാകുന്നു. അതിനാല്‍, അണ്ഡത്തില്‍ പ്രവേശിക്കുന്ന ബീജം ഏത് എന്നത് സുപ്രധാനമാണ്. യോനിയില്‍ നിക്ഷേപിച്ച 100 ദശലക്ഷം ബീജത്തില്‍ ഒന്നുമാത്രമാണ് അതിനെക്കാള്‍ 200 മടങ്ങ് വലിപ്പമുള്ള അണ്ഡത്തില്‍ കടക്കുന്നത് എന്നത് ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് അദ്ഭുതമാണ്. ഭൂമിയിലെ എല്ലാ യൗവനയുക്തകളിലും ഇത് കൃത്യമായി ഒരുപോലെ ക്രമമായി നടക്കുന്നതിനാല്‍, ഇത് ആക്‌സമികമാവില്ല; അത് ബുദ്ധികൂര്‍മതയോടെ നയിക്കപ്പെടുന്ന ഒന്നാകണം. ഒരു പ്രത്യേക ആത്മാവിന്റെ പുനര്‍ജന്മം സാധ്യമാക്കാന്‍, ഒരു പ്രത്യേക ബീജത്തെ കര്‍മാധ്യക്ഷന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച്, തെരഞ്ഞെടുക്കുകയാണോ? (ഭഗവദ്ഗീത 14:4). 

3.5 ബീജസങ്കലനം
 ബീജവും അണ്ഡവുമായുള്ള സംയോജനമാണ് ബീജസങ്കലനം. അതിന്റെ ഉല്‍പാദനം, സങ്കലനം നടന്ന അണ്ഡം അഥവാ അണ്ഡബീജം (oosperm)ബീജത്തിലേക്കുള്ള ആത്മാവിന്റെ പ്രവേശം പുനര്‍ജന്മത്തിന്റെ ഉപക്രമമായും, ആ ബീജം വഴിയുള്ള അണ്ഡ സംയോജനം പൂര്‍ണതയായും ഐതരേയ ഉപനിഷത് (2:1) കാണുന്നു. തുടര്‍ന്ന്, പുതിയ ജീവന്റെ സ്വഭാവിക വളര്‍ച്ചയാണ്. ഒരു കോശത്തിലെ 46 ക്രോമസോമില്‍ രണ്ടെണ്ണം ലിംഗക്രോമസോമുകളാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അവ X രൂപമുള്ളതോ Y രൂപമുള്ളതോ ആണ്. പെണ്ണില്‍, എല്ലാ കോശത്തിലും രണ്ടുലിംഗ ക്രോമസോമുകളും X രൂപത്തിലാണ്; അതിനാല്‍, അവളിലെ ഓരോ അര്‍ധ കോശവും (അണ്ഡം) ഒരു X ക്രോമസോം ഉള്‍ക്കൊള്ളുന്നു. പുരുഷനിലെ കോശങ്ങളില്‍, ഒരു ലിംഗ ക്രോമസോം X രൂപത്തിലും, മറ്റേത് Y രൂപത്തിലുമാണ്. അതിനാല്‍ ഒരു സമയത്ത് ആകെയുള്ള അര്‍ധകോശ(ബീജം)ങ്ങളില്‍ പാതി X ക്രോമസോമും മറ്റുപാതി Y ക്രോമസോമും അടങ്ങിയതായിരിക്കും. അണ്ഡവുമായി സംയോജിക്കുന്ന ബീജത്തിലുള്ളത് X ക്രോമസോം ആണെങ്കില്‍, സംയോജിത അണ്ഡത്തില്‍ രണ്ട് X ക്രോമസോമുകള്‍ ഉണ്ടാകും. അതിനാല്‍ വളരുന്ന കുഞ്ഞ് പെണ്ണായിരിക്കും. സങ്കലനം ചെയ്യുന്ന ബീജത്തില്‍ ഒരു Y ക്രോമസോം ആണെങ്കില്‍, സംയോജിത അണ്ഡത്തില്‍ ഒരു X, ഒരു Y ക്രോമസോം ഉണ്ടാകും; വളരുന്ന കുഞ്ഞ് ആണായിരിക്കും. ബീജം, അണ്ഡം എന്നിവയെ ദ്രവ നൈട്രജനില്‍ മരവിപ്പിച്ചു സൂക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കായിട്ടുണ്ട്; അതിനാല്‍, വന്ധ്യയുടെയോ വാടക അമ്മയുടെയോ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാന്‍ സംയോജിത അണ്ഡമുണ്ടാക്കാം. പക്ഷേ, ഇവരെ, X വഹിക്കുന്ന ബീജത്തെ Y വഹിക്കുന്ന ബീജത്തില്‍നിന്ന് വേര്‍തിരിക്കാന്‍ കഴിഞ്ഞിട്ടില്ല. ശാസ്ത്രജ്ഞര്‍ക്ക് പ്രതീക്ഷയുണ്ടെങ്കിലും, പ്രക്രിയ പ്രയാസമുള്ളതാണെന്ന് വ്യക്തം. എന്നാല്‍, ഇത് ഗര്‍ഭപാത്രങ്ങളില്‍ എളുപ്പത്തില്‍ സംഭവിക്കുകയും, ഒരു ഘട്ടത്തില്‍ ലോകത്തിലെ ഏതു ജില്ലയിലും ജനിക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും എണ്ണം ഏതാണ്ട് തുല്യമായിരിക്കുകയും ചെയ്യും. എല്ലാ സമയത്തും എവിടെയും ഇതു ക്രമമായി നടക്കുന്നത് ആകസ്മികമാണോ? അല്ലെങ്കില്‍, ആരാണ്, എന്താണ്, ലോകമാകെ ഗര്‍ഭപാത്രത്തിനകത്തുള്ള പ്രതിഭാസത്തെ നയിക്കുന്നത്? ഖുര്‍ആന്‍ (3:6) പറയുന്നു: അവനാണ്, അവനിഷ്ടപ്പെട്ടപോലെ, ഗര്‍ഭപാത്രങ്ങളില്‍ നിന്നെ രൂപപ്പെടുത്തുന്നത്.

ഉയിർപ്പ്, ഒരു പൊളിച്ചെഴുത്ത്

യേശു കുരിശിൽ മരിച്ചില്ല 


യേശു കുരിശില്‍ മരിക്കാത്തതിനാല്‍, ഉത്ഥാനം അഥവാ ഉയിര്‍പ്പ്, പ്രതീകാത്മകമാണ്; മരിച്ച യേശു ജീവിച്ചു എന്നല്ല. യേശു കുരിശില്‍ മരിക്കുകയുണ്ടായില്ല. കുരിശില്‍ തറയ്ക്കപ്പെട്ടയാള്‍ രാത്രി മുഴുവന്‍ കുരിശില്‍ കിടക്കരുത്, എന്നതാണ്, ജൂതചട്ടം. 

യേശുവിന്റെ ബ്രഹ്മചാരി സംഘത്തിലെ എസനീയന്‍ എഴുതിയ 'കുരിശേറ്റല്‍' എന്ന കത്തില്‍, യേശുവിന്റെ ഒരു വശത്തെ മുറിവ് പരാമര്‍ശിക്കുന്നു. യേശുവിന്റെ കുരിശിലേറ്റിനുശേഷം അവിടെയെത്തിയ നിക്കോദേമസ് എന്ന വൈദ്യന്, യേശു മരിച്ചില്ല എന്നറിയാമായിരുന്നു. യേശു മരിച്ചിരുന്നെങ്കില്‍, ആ മുറിവില്‍നിന്ന് അത്രനേരം ചോര ഒഴുകില്ലായിരുന്നു. അതിനാല്‍, നിക്കോദേമസ്, അരിമത്തിയയിലെ ജോസഫിനെ പിലാത്തോസിന്റെ അടുത്തേക്ക് അയച്ചു. അദ്ദേഹം സ്വയം, ഔഷധലേപനത്തിനുള്ള മരുന്നുകള്‍ ശേഖരിക്കാനെന്ന നാട്യത്തില്‍, പുറത്തേക്ക് പോയി. അരയ്ക്കുമുകളിലെ മുറിവിനെപ്പറ്റി, കുരിശേറ്റല്‍ പ്രസ്താവിക്കുന്നു. അതിനര്‍ത്ഥം, ഈ മുറിവ്, പൊതുവിശ്വാസത്തിന് വിരുദ്ധമായി, സാമാന്യം താഴത്തായിരിക്കും. പ്രധാന അവയവങ്ങള്‍ക്കൊന്നും പരിക്കേറ്റില്ല. കുന്തം തൊലി പിളര്‍ത്തി എന്നേയുള്ളൂ. 

കുരിശേറ്റലിന്റെ ചട്ട പ്രകാരം, കാലുകള്‍ കുന്തംകൊണ്ട് കുത്തിയില്ല. അപ്പോഴുണ്ടായ ഭൂകമ്പം, യേശുവിന്റെ ഞരമ്പുകളെ വൈദ്യുതീകരിച്ചിരിക്കാം. അരിമത്തിയയിലെ ജോസഫിനെ പിലാത്തോസിനടുത്തേക്ക് അയച്ചു എന്ന ബൈബിള്‍ വചനം ഞാന്‍ അടിവരയിടുന്നു. എന്തിന്? യേശുവിന്റെ രക്ഷപ്പെടുത്തല്‍ സുഗമമാക്കാന്‍. യേശുവിന്റെ കാലത്ത് ഉപയോഗിച്ചിരുന്നത്, 'താവു' കുരിശാണ്. ഇംഗ്ലീഷിലെ T എന്ന അക്ഷരംപോലെയുള്ളത്. 

കാറ്റ കോംബ്സിലെ യേശു ചിത്രം -നാലാം നൂറ്റാണ്ട്
 
പെയിന്റിംഗുകള്‍ കണ്ട്, യേശു മൊത്തം കുരിശ് തന്നെത്താന്‍ വഹിച്ചു എന്നാണ് നമ്മുടെ ധാരണ. സത്യം അതല്ല. കുരിശിന്റെ വിലങ്ങനെയുള്ള, പ്ലാറ്റിബുലം എന്ന ഭാഗം മാത്രമാണ്, യേശു വഹിച്ചത്. അത് അന്നത്തെ ചട്ട പ്രകാരം, 110 പൗണ്ട് അഥവാ 50 കിലോ വരും. കുരിശിന്റെ ലംബമായ, സ്റ്റൈപ്‌സ് എന്ന ഭാഗം, കുരിശില്‍ തറയ്ക്കുന്നിടത്ത്, സ്ഥിരമായി നിന്നിരുന്നതാണ്. കൈപ്പത്തിയില്‍ മുള്ളാണി തറയ്ക്കുമായിരുന്നില്ല. കൈത്തണ്ടയിലെ റേഡിയല്‍, അള്‍ന എന്നീ ചെറിയ എല്ലുകള്‍ക്കിടയിലാണ്, ആണി തറച്ചിരുന്നത്. വൈദ്യനായ ലൂക്കോസ് അദ്ദേഹത്തിന്റെ സുവിശേഷത്തില്‍ പറയുന്നത്, ഗത്‌സമേനില്‍, യേശുവിന്റെ വിയര്‍പ്പ്, ചോരത്തുള്ളികളായി എന്നാണ്. 

ആധുനിക വൈദ്യശാസ്ത്രത്തില്‍, ഇതിന്, ഹെമാറ്റിഡ്രോസിസ് എന്ന് പറയും. മാനസികമായ പിരിമുറുക്കത്തില്‍, വിയര്‍പ്പുഗ്രന്ഥികളിലെ സൂക്ഷ്മ രക്തവാഹിനിക്കുഴലുകള്‍ (capillaries) പൊട്ടുന്നു. കുരിശേറ്റല്‍ സാധാരണ അവസാനിച്ചിരുന്നത്, കാലിലെ എല്ലുകള്‍ പൊട്ടിച്ചുകൊണ്ടാണ്. ഇര, മേലോട്ട് സ്വയം തള്ളാതിരിക്കാനാണ്, ഇത്. ഇതിന് Cruris fracture എന്നുപറയും. യേശുവിനൊപ്പം കുരിശില്‍ തറച്ച കള്ളന്മാരുടെ കാലുകളിലെ എല്ലുകള്‍ തകര്‍ത്തു. എന്നാല്‍ യേശുവിന്റെ എല്ലുകള്‍ തകര്‍ത്തില്ല. അതാണ്, അതിജീവനത്തിന് വഴിവച്ചത്. യോഹന്നാന്‍ (19:33-34) പറയുന്നു: അവര്‍ അവന്റെ കാലുകള്‍ ഒടിച്ചില്ല. പടയാളികളില്‍ ഒരാള്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ട് കുത്തി. ഉടനെ രക്തവും വെള്ളവും പുറത്തുവന്നു. ഉടനെ രക്തവും വെള്ളവും പുറത്തുവന്നു എന്നതിനര്‍ത്ഥം, യേശു ശ്വാസംമുട്ടി മരിച്ചില്ല എന്നുതന്നെ. മാര്‍ക്കോസും ലൂക്കോസും പറയുന്ന ഉയിര്‍പ്പിനെ കോറിന്തോസുകാര്‍ക്കുള്ള ആദ്യ കത്തില്‍, പൗലോസ് നിരാകരിക്കുന്നു (1കോറിന്തോസുകാര്‍, 15:50): 

സഹോദരരേ, ഞാന്‍ പറയുന്നു: ജഡത്തിനും രക്തത്തിനും ദൈവരാജ്യം അവകാശമാക്കാന്‍ സാധ്യമല്ല; നശ്വരമായതിന് അനശ്വരമായതിനെ അവകാശമാക്കാന്‍ സാധ്യമല്ല. 

കുരിശേറ്റലിന് സാക്ഷികളായ, മത്തായിയും യോഹന്നാനും, ഉയിര്‍പ്പിനെ പരാമര്‍ശിക്കുന്നില്ല. ശരീരത്തിന്റെ ഉയിര്‍പ്പ്, പല ഭാരതീയ പുരാണങ്ങളിലുമുണ്ടല്ലോ. തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ നിന്ന്, സുന്ദരമൂര്‍ത്തി നായനാര്‍, ഉടലോടെ സ്വര്‍ഗത്തിലേക്ക് പോയി. ഉടലോടെ സ്വര്‍ഗത്തിലേക്ക് പോകാം; മരിച്ചശേഷം എഴുന്നേറ്റു നടക്കാന്‍ പറ്റില്ല.

സഭയുടെ നിർമ്മിതി 

സഭ നിര്‍മിച്ച അശ്ലീല സിദ്ധാന്തമാണ്, ഉയിര്‍പ്പ്. ആ സിദ്ധാന്തം, ത്യാഗത്തെ ചെറുതാക്കുന്നു. ഉയിര്‍പ്പുണ്ടെങ്കില്‍, മരണം വഴിയുള്ള ത്യാഗം ഇല്ല. യേശു ഉയിര്‍ത്തുവെങ്കില്‍, ഒളിംപസില്‍നിന്ന് മനുഷ്യകുലത്തിന് അഗ്നികൊണ്ടുവന്ന പ്രൊമിത്യൂസിന്റെ ത്യാഗത്തിന് മുന്നില്‍, അവന്‍ ആരുമല്ല. പ്രൊമിത്യൂസിനെ, കഴുകന്‍മാര്‍ക്ക് തീറ്റയായി, പാറയില്‍ കെട്ടിയിടുകയായിരുന്നു. ഉയിര്‍പ്പുവഴി പ്രൊമിത്യൂസ് തിരിച്ചുവന്നിരുന്നെങ്കില്‍, അയാള്‍ ലോകത്തിന് മുന്നില്‍ ഇത്ര വലുതാകുമായിരുന്നില്ല. ഒരു ത്യാഗത്തിനും, ഉയിര്‍പ്പ് പകരമല്ല. ഉയിര്‍പ്പ് രക്തസാക്ഷിത്വമല്ല. ഒരു രക്തസാക്ഷി ഉയിര്‍ക്കുന്നത്, മാനവ മനസ്സിലാണ്. അതിനാല്‍, യേശു ഉയിര്‍ത്തില്ല എന്നു നാം വിശ്വസിക്കുന്നതാണ്, അദ്ദേഹത്തിന് നന്ന്.

യഹൂദിയയില്‍ പിലാത്തോസിന് മുന്‍പ് ഗവര്‍ണറായിരുന്ന പൂബ്ലിയസ് ലെന്തുലസ് എഴുതിയ ഒരു യേശു വിവരണം, കുരിശേറ്റല്‍ പുസ്തകത്തി ലുണ്ട്:

അവന്‍ കുലീനനും സുന്ദരനുമായിരുന്നു. മുടിക്ക്, പാകമായ ചെസ്റ്റ്‌നട്ടിന്റെ നിറമായിരുന്നു. ചുമലുകള്‍ക്ക് മണ്ണിന്റെ നിറം. നെറ്റിക്ക് നടുവില്‍ മുടി പകുത്തിരുന്നു. കട്ടിയുള്ള, നീളം കുറഞ്ഞ താടി, നടുവില്‍ പകുത്തിരുന്നു. അവന്‍ ശാസിച്ചപ്പോള്‍, ആളുകള്‍ ഭയന്നു. അപ്പോള്‍ അവന്‍ കരഞ്ഞു. അവന്‍ ചുരുക്കമായേ സംസാരിച്ചിരുന്നുള്ളൂ. ജ്ഞാനത്തില്‍ അവന്‍ അപാരനായിരുന്നു. അവന് എല്ലാ ശാസ്ത്രവും അറിയാമായിരുന്നു. അവന്‍ ചെരുപ്പുകള്‍ ധരിച്ചു. 

ഈ വിവരണം, റോമിലെ കാറ്റാ കോംബ്‌സിലെ ഒരു കുഴിമാടത്തില്‍ കാണുന്ന യേശുവിന്റെ ഏറ്റവും പഴയ ചിത്രവുമായി യോജിക്കുന്നു. ഒരു കലാകാരന്‍ വരച്ച ആദ്യ ചിത്രത്തോട്, 1266-1337 ല്‍ ജീവിച്ച ഗിയോട്ടോ വരച്ച ചിത്രത്തോട് കുറെയൊക്കെ യോജിക്കുന്നു. യോഹന്നാനൊപ്പം എസനീയ ബ്രഹ്മചാരി സംഘത്തില്‍ അംഗമായിരുന്ന യേശു, ഭാരതത്തിലാകാം, ശാസ്ത്രങ്ങള്‍ പഠിച്ചിരിക്കുക. ഗലീലിയയില്‍ പ്രത്യക്ഷപ്പെടും മുന്‍പേ, യേശു മറ്റുള്ളവര്‍ക്ക് ജ്ഞാനസ്‌നാനം നടത്തിയിരുന്നുവെന്ന്, ഡോ.എസ്. രാധാകൃഷ്ണന്‍ എഴുതിയിട്ടുണ്ട്. ഫരിസേയരും സദ്ദൂക്കിയരുമായിരുന്നു, അന്ന് ജനപ്രിയര്‍. എസനീയര്‍ ചെറുവിഭാഗമായിരുന്നു.

എന്തിന്?

എന്തിനാണ്, യേശുവിനെ കുരിശില്‍ തറച്ചത്? അതൊരു രാഷ്ട്രീയ നടപടിയായിരുന്നു. അന്ന് രാഷ്ട്രീയമെന്നാല്‍, മതരാഷ്ട്രീയമാണ്. ഫരിസേയരും സദ്ദൂക്കിയരും കയ്യാളിയിരുന്ന മതത്തിനെതിരായ മതം യേശു മുന്നോട്ടുവച്ചു. സദൂക്കിയര്‍ എപിക്യൂറിയന്‍മാരും ഫരിസേയര്‍, സ്റ്റോയിക്കുകളുമായിരുന്നു. ഭക്ഷണത്തിലും പാനീയത്തിലും സുഖം കണ്ടെത്തിയിരുന്നവരാണ്, ഗ്രീക്ക് തത്വചിന്തകന്‍ എപിക്യൂറസിന്റെ ശിഷ്യര്‍; നിസംഗമായി എല്ലാം സഹിച്ചവരായിരുന്നു, സ്റ്റോയിക്കുകള്‍. യേശു ഇരുകൂട്ടരെയും ശാസിച്ചു; അവന്‍ ശിഷ്യരോട് പറഞ്ഞു (മത്തായി, 6-7): 

നിങ്ങള്‍ ശ്രദ്ധിക്കുക. ഫരിസേയരുടെയും സദ്ദൂക്കിയരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുക. അവന്‍ വീണ്ടും പറയുന്നു (മത്തായി, 23: 29-30): വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ പ്രവാചകര്‍ക്കു ശവക്കല്ലറകള്‍ തീര്‍ക്കുന്നു. നീതിമാന്‍മാരുടെ സ്മാരകങ്ങള്‍ അലങ്കരിക്കുന്നു.
 
ജൂതന്മാരില്‍ ഏറ്റവും അപകടകാരികളും നീചരും സൂത്രശാലികളുമാണ്, ഫരിസേയരെന്നു യേശു കണ്ടു. ഫരിസേയര്‍ കപടനാട്യക്കാരാണെങ്കില്‍, സദ്ദൂക്കിയര്‍, ആത്മാവ് അനശ്വരമാണെന്നും പുനര്‍ജന്മമുണ്ടെന്നുമുള്ള വാദം, നിരാകരിച്ചു. ഫരിസേയരും സദ്ദൂക്കിയരും യോഹന്നാന്റെയടുത്ത് ജ്ഞാനസ്‌നാനത്തിനു പോയപ്പോള്‍, എസനീയനായ അദ്ദേഹം വഴങ്ങിയില്ല. അദ്ദേഹം പറഞ്ഞു (മത്തായി, 3:7-8): അണലിസന്തതികളേ, വരാനിരിക്കുന്ന ക്രോധത്തില്‍ നിന്ന് ഓടിയകലാന്‍ ആരാണ് നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയത്? അതിനാല്‍, പ്രായശ്ചിത്തത്തിന്റെ കാഴ്ചദ്രവ്യങ്ങള്‍ കൊണ്ടുവരൂ.


ആദ്യ കുരിശേറ്റൽ ചിത്രം- :ഗിയോട്ടോ വരച്ചത് 

സദ്ദൂക്കിയരില്‍ പെട്ടവനായിരുന്നു , ഹെറോദ് രാജാവ്. അയാളെ, യോഹന്നാന്‍ പലകുറി ശപിച്ചിരുന്നു. അതിനാണ്, യോഹന്നാനെ തടവിലിട്ട് ശിരഛേദം നടത്തിയത്. ജൂതരുടെ വേദപുസ്തകമായ താലമൂടില്‍, ജാനസിന്റെ വര്‍ഷത്തില്‍ (ബിസി 106-79), പെസഹയുടെ തലേന്ന്, കല്ലെറിഞ്ഞുകൊന്ന് കെട്ടിത്തൂക്കിയ ഒരു യേശുബെന്‍ പന്തേരയെപ്പറ്റി പറയുന്നുണ്ട്. അയാളാണ് എസനീയ സമൂഹ സ്ഥാപകനെന്ന് പറയപ്പെടുന്നു. മൂന്നുവര്‍ഷം എസനീയ പരിശീലനം കിട്ടിയ ഫ്‌ളേവിയസ് ജോസഫസ് എന്ന ചരിത്രകാരന്‍, ടൈറ്റസ് ജറുസലേം നഗരം നശിപ്പിച്ചതിനു മുന്‍പും പിന്‍പും ജീവിച്ചിരുന്നു. യേശു പ്രചരിപ്പിച്ച എസനിയിസത്തെപ്പറ്റി അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്. അവര്‍ സസ്യഭുക്കുകളായിരുന്നു. സമൂഹത്തില്‍നിന്നും സ്ത്രീകളില്‍നിന്നും അകന്നുജീവിച്ചു. 

യോഹന്നാന്റെയും യേശുവിന്റെയും കാലത്ത് പലസ്തീനില്‍ എസനീയര്‍ ജീവിച്ചിരുന്നത്, നസ്രേത്ത്, പൈതബാരയ്ക്കടുത്ത് ആക്കര്‍ താഴ്‌വര, മസേദ കൊട്ടാരത്തിനടുത്ത ഇഗുത്താ മല, ജറുസലേമിനടുത്ത ബഥാനിയ, താബോര്‍ താഴ്‌വര, യോഹന്നാനെ പില്‍ക്കാലത്ത് തടവിലിട്ട മക്കേരോസിനു ചുറ്റുമുള്ള പട്ടണം എന്നിവിടങ്ങളിലായിരുന്നു. യേശുവിന്റെ സമകാലികനായിരുന്ന അലക്‌സാണ്ട്രിയയിലെ നവ പ്ലാറ്റോണിസ്റ്റ് ഫിലോ പറയുന്നത്, എസനീയര്‍ നാലായിരം പേരേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. എസനി എന്ന വാക്ക്, ഈശാന അഥവാ ശിവനില്‍ നിന്നുണ്ടായതാണെന്ന സിദ്ധാന്തത്തില്‍ കഴമ്പുണ്ടോ എന്നറിഞ്ഞുകൂടാ

യേശുവിനെ പരാമര്‍ശിക്കുമ്പോള്‍, കേരള ക്രിസ്ത്യാനികള്‍ പലപ്പോഴും നാഥന്‍ എന്ന വാക്കുപയോഗിക്കാറുണ്ട്. കൊൽക്കത്ത രാമകൃഷ്ണ മഠത്തിലെ സ്വാമി പ്രജ്ഞാനാനന്ദ, Christ the Savior and  Christ Myth എന്ന പുസ്തകത്തിൽ പറയുന്നത്, നാഥനും ശിവനാണെന്നാണ്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ സൈന്യാധിപനും മാസിഡോണിയയിലെ പ്രഭുവുമായിരുന്ന ഹെഫര്‍സ്റ്റിയണ് ഫിലോ എഴുതി: ഇതാണ് ഭാരതം, ഇതാണ് യോഗവിദ്യ. 

അദ്വൈതം പഠിച്ചശേഷമേ എനിക്ക് യേശുവിനെ മനസിലായുള്ളൂ: ഏഷ്യയില്‍ മനുഷ്യര്‍ നിലത്തിരുന്നാണ് ഭക്ഷിച്ചിരുന്നത്; യൂറോപ്പിലെ ചിത്രകാരന്മാര്‍ വരച്ചതിനാലാണ്, അവസാനത്തെ അത്താഴ ചിത്രങ്ങളില്‍ തീന്‍മേശ വന്നതെന്ന് വിവേകാനന്ദന്‍ നിരീക്ഷിച്ചിട്ടുണ്ട്. അതുപോലെ, ഒരു ഏച്ചുകെട്ടലാണ്, ഉയിര്‍പ്പ്. അതില്ലെങ്കില്‍ സഭയില്ല; ഉയിര്‍പ്പുണ്ട് എന്നു കുഞ്ഞാടുകളെ വിശ്വസിപ്പിച്ചാണ് സഭ നില്‍ക്കുന്നത്. ഉയിര്‍പ്പില്ലാത്തതിനാല്‍, സഭ പിരിച്ചുവിടേണ്ടതാണ്. അതു നടപ്പില്ല-കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധി പറഞ്ഞിട്ടു നടപ്പായില്ലല്ലോ.  അങ്ങനെ, സഭ, ജീര്‍ണതകളുടെ കുപ്പത്തൊട്ടിയായി. 


© Ramachandran

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 36

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/36 മതം
ടിസ്ഥാനപരമായി മതം, ദൈവത്തെ സംബന്ധിച്ച ഒരുപിടി വിശ്വാസങ്ങളും അവനെ ആരാധിക്കാനുള്ള അനുഷ്ഠാനങ്ങളുമാണ്. ഈ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും വളരെ പ്രിയപ്പെട്ടതാകയാല്‍, അവ ഒരാളുടെ സ്വഭാവത്തിന്റെയും സംസ്‌കാരത്തിന്റെയും സത്തയാകുന്നു. ദൈവവുമായി മനുഷ്യന്‍ പുലര്‍ത്തുന്ന ബന്ധങ്ങളുടെ സംഹിതയുമാണ്, മതം. ദൈവം സര്‍വവ്യാപിയാണെന്നും അതീതമനുഷ്യനെപ്പോലെ പെരുമാറുന്നുവെന്നും എല്ലാ ജീവജാലങ്ങളുടെയും ക്ഷേമം ശ്രദ്ധിക്കുന്നുവെന്നും മതങ്ങള്‍ പ്രഖ്യാപിക്കുന്നു. 
ഹിന്ദുമതം, ക്രിസ്തുമതം, ഇസ്ലാം തുടങ്ങിയവ ഈ വീക്ഷണമുള്ളതാണ്. ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നിവപോലെ, ഒരതീതശക്തിയുടെ അസ്തിത്വം അംഗീകരിക്കാത്ത മതങ്ങളുമുണ്ട്. പ്രപഞ്ചത്തെയോ ജീവജാലങ്ങളെയോ സൃഷ്ടിച്ച് ഭരിക്കാന്‍ അങ്ങനെ ഒരു ശക്തി ഇല്ലെന്ന് അവ പറയുന്നു. എങ്കിലും, ഓരോ വ്യക്തിയും മനഃപൂര്‍വമുള്ള കര്‍മങ്ങളുടെ ഫലം അനുഭവിക്കാന്‍ ബാധ്യസ്ഥനാണെന്നും അവ പൂര്‍ത്തീകരിക്കാന്‍ പുനര്‍ജന്മങ്ങള്‍ വേണ്ടിവരുമെന്നും ആ മതങ്ങളും പറയുന്നു. ആ ബാധ്യത ബന്ധപ്പെട്ട കാര്‍മികര്‍ക്ക് നല്‍കുന്ന ഒരസ്തിത്വത്തെ അവ പരാമര്‍ശിക്കുന്നില്ല. ദൈവത്തില്‍ വിശ്വസിക്കുന്ന മതങ്ങള്‍, കാര്‍മികര്‍ക്ക് കര്‍മഫലങ്ങള്‍ നല്‍കുന്നുവെന്നു വിശ്വസിക്കുന്നു. ഹിന്ദുമതം, ക്രിസ്തുമതം തുടങ്ങിയവ ദൈവത്തെ ആരാധിക്കുംപോലെ, ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നിവയുടെ അനുയായികള്‍ അവയുടെ സ്ഥാപകരെ നിവേദ്യങ്ങളുമായി ആരാധിക്കുന്നു. ആചാരങ്ങളുടെ ഈ പൊതുസ്വഭാവം, ഒരതീത ഏകകത്തെ പ്രപഞ്ചവിധാതാവായി ആരാധിക്കാനുള്ള മനുഷ്യന്റെ ഉള്‍പ്രേരണ തെളിയിക്കുന്നു. ഈശ്വരനില്ലാത്ത മതങ്ങള്‍, ഈ ആന്തരിക പ്രേരണ കാണുന്നില്ല എന്നെനിക്ക് തോന്നുന്നു. ഈശ്വരനെ അംഗീകരിച്ച് അവനെ ആരാധിക്കുന്ന മതങ്ങളെയേ ഞാന്‍ ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുള്ളൂ. ഓരോ മതത്തിനും, അതിന്റെ പ്രണാമങ്ങളും തത്വങ്ങളും അനുഷ്ഠാനങ്ങളും വിവരിക്കുന്നു. ഒന്നിലധികം ആധികാരിക ഗ്രന്ഥങ്ങളുണ്ട്. അവ, ഓരോന്നിന്റെയും അനുയായികള്‍ക്ക് വിശുദ്ധമാണ്. ഇവയെ പൊതുവേ വേദങ്ങള്‍ എന്നുപറയുന്നു. ഹിന്ദുക്കളുടെ വേദങ്ങളും ഭഗവദ്ഗീതയും, ജൂതന്മാരുടെ തോറ, ക്രിസ്ത്യാനികളുടെ ബൈബിള്‍, മുസ്ലിംകളുടെ ഖുര്‍ആന്‍ തുടങ്ങിയവ വേദങ്ങളാണ്. ബുദ്ധ, ജൈന, സിഖ് മതങ്ങള്‍ക്കും അവരുടെ വേദങ്ങളുണ്ട്. ദൈവത്തെ അംഗീകരിക്കുന്ന വേദങ്ങള്‍, ദൈവജ്ഞാനം, ആരാധനാക്രമം, അവനെ സാക്ഷാല്‍ക്കരിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ മനുഷ്യന് പകരുന്നു. വേദത്തിലടങ്ങിയ ദൈവജ്ഞാനം പൂര്‍ണമാണെന്ന് മിക്കവരും കരുതുന്നു.
 ഒരു സ്ഥലത്തിന്റെ ഭൂപടംപോലെയാണ് വേദങ്ങള്‍ എന്ന് സ്വാമി വിവേകാനന്ദന്‍ പറയുന്നു; അവ ആ സ്ഥലത്തിന്റെ 'ഒരുതരം സങ്കല്‍പം' മാത്രമേ നല്‍കുന്നുള്ളൂ. സ്ഥലം കണ്ടാലേ അതേപ്പറ്റി യഥാര്‍ത്ഥ ജ്ഞാനം ഉണ്ടാകൂ. 'അതുപോലെയാണ് മതസാക്ഷാല്‍ക്കാരവും വേദാശ്രിതത്വവും തമ്മിലുള്ള അന്തരം' (സമ്പൂര്‍ണ കൃതികള്‍, വാല്യം 6, പേജ് 14-17). സാക്ഷാല്‍ക്കാരം യഥാര്‍ത്ഥാനുഭവമാണ്; അതു ഗ്രന്ഥങ്ങളില്‍ നിന്നു കിട്ടില്ല. അത് നിരന്തര സാധന വഴിയേ ഉണ്ടാകൂ. അത്, ആത്മീയ പുരോഗതിയുടെ ഉച്ചഘട്ടമാണ്. തത്വങ്ങളിലോ പിടിവാശികളിലോ ബുദ്ധിവികാസത്തിലോ അല്ല മതം; അത് ഉള്ളതും ആകുന്നതും ആണ്; അത് സാക്ഷാല്‍ക്കാരമാണ്. (വാല്യം 2, പേജ് 45). 
വേദപഠനം ബുദ്ധിയെ ഉദ്ദീപിക്കുമെങ്കിലും, ആത്മാവിനെ വികസിപ്പിക്കില്ല എന്ന് പറയപ്പെടുന്നു. ഒരാത്മാവിന്റെ ശക്തിയും, ശേഷിയും വികസിപ്പിക്കാന്‍, ഉന്നത ആത്മീയത സാക്ഷാല്‍ക്കരിച്ച മറ്റൊരാത്മാവിന്റെ ഊര്‍ജം പ്രവഹിക്കണം. ആ സ്പന്ദം പ്രവഹിക്കുന്നയാള്‍ ഗുരുവും മറ്റേയാള്‍ ശിഷ്യനുമാണ്. വിനിമയം നടക്കാന്‍, ഗുരുവിന് അത് പ്രവഹിപ്പിക്കാനുള്ള കഴിവും ശിഷ്യന് അത് സ്വീകരിക്കാനുള്ള തയ്യാറെടുപ്പും വേണം. സാധനയിലൂടെ ഗുരു ആത്മീയത സാക്ഷാല്‍ക്കരിച്ച്, വിചാരം, സംസാരം, കര്‍മം എന്നിവയില്‍ ശുദ്ധി നേടിയിരിക്കണം. ശിഷ്യനെ സഹായിക്കുന്നതില്‍ വ്യക്തിപരമായ നേട്ടം കാംക്ഷിച്ചാല്‍, അത് അയാളുടെ മനസ്സിനെ മലിനമാക്കുകയും ആത്മീയ ഊര്‍ജം ശിഷ്യനിലേക്ക് വിനിമയം ചെയ്യുന്നതിനെ ബാധിക്കുകയും ചെയ്യും. മാനവരാശിയോടുള്ള സ്‌നേഹവും ദൈവഭക്തിയും നിമിത്തമാവണം ശിഷ്യനുള്ള സഹായം. ശിഷ്യനും മനസ്സിലും സംസാരത്തിലും കര്‍മത്തിലും ശുദ്ധനായിരിക്കണം. ''വിശ്വാസം, വിനയം, അര്‍പ്പണം, ഗുരുവിനോടുള്ള കേവല ആദരം'' എന്നിവയില്ലാതെ, ഗുരുവില്‍നിന്ന് ശിഷ്യനിലേക്ക് ആത്മീയ സ്പന്ദനം വിനിമയം ചെയ്യപ്പെടില്ല. ശിഷ്യന് ആത്മീയതയോട് അഭിനിവേശവും അത് സാക്ഷാല്‍ക്കരിക്കാന്‍ ക്ഷമയുടെ നിലയ്ക്കാത്ത ത്വരയും വേണം.
 ഇത്തരമൊരു ശിഷ്യന്‍, ''തീര്‍ച്ചയായും വിജയവും സാക്ഷാല്‍ക്കാരവും ഒടുവില്‍ കണ്ടെത്തും'' എന്നു സ്വാമി വിവേകാനന്ദന്‍ പറയുന്നു. മേല്‍ഗുണങ്ങള്‍ ശിഷ്യനില്‍ പൂര്‍ണമായാല്‍, വേണ്ട ആത്മീയ സ്പന്ദം വിനിമയം ചെയ്യാന്‍ ഗുരു എത്തും. 
'അത് പ്രകൃതിയുടെ അജ്ഞാതമായ നിയമമാണ്..... ആത്മാവ് മനമുരുകി മതത്തിന് ആഗ്രഹിച്ചാല്‍, അതു വിനിമയം ചെയ്യുന്നയാള്‍ ആ ആത്മാവിനെ സഹായിക്കാന്‍ എത്തിയേ തീരൂ. സ്വീകരിക്കുന്ന ആത്മാവില്‍ മതപ്രകാശം ആകര്‍ഷിക്കുന്ന ഊര്‍ജം പൂര്‍ണവും ശക്തവുമാണെങ്കില്‍, അതിനുത്തരം നല്‍കി പ്രകാശം വിനിമയം ചെയ്യുന്ന ശക്തി സ്വാഭാവികമായി വന്നുചേരും. ദൈവം നിയമിച്ച ആ ഗുരു എത്തുമ്പോള്‍, ശിഷ്യന് ആ ഗുരുവിനെയും സാന്നിധ്യത്തെയും തത്സമയം അറിയാന്‍ കഴിയും. അപ്പോള്‍ ശിഷ്യന്‍, 'കുട്ടിയെപ്പോലെ ആത്മവിശ്വാസം, ലാളിത്യം എന്നിവയോടെ അദ്ദേഹത്തെ ഉപചരിച്ച്, അദ്ദേഹത്തിന്റെ സ്വാധീനത്തിന് ഹൃദയം തുറന്ന്, അദ്ദേഹത്തില്‍ ദൈവപ്രത്യക്ഷം കാണണം. അത്തരമൊരു പ്രേമവും ആരാധനയും സഹിതം സത്യം തിരഞ്ഞെടുത്തവര്‍ക്ക്, സത്യത്തിന്റെ യജമാനന്‍ അദ്ഭുതങ്ങള്‍ വെളിപ്പെടുത്തും...' (സമ്പൂര്‍ണകൃതികള്‍, വാല്യം 3, പേജ് 45-53). 
മതത്തിന്റെ ഏറ്റവും വലിയ പാഠം, മനുഷ്യന്‍ അയാള്‍ക്കുള്ളിലെ ആത്മാവാണെന്നും ആ ശരീരമല്ലെന്നും ആണ്. ആത്മാവ് അനശ്വരമാകയാല്‍, നശിക്കുന്ന ശരീരവുമായി അതിനെ അറിയരുത്. ഓരോ ആത്മാവും ദൈവകണമാണ്. ഇന്ദ്രിയസുഖങ്ങള്‍ ആസ്വദിക്കാനുള്ള മാധ്യമമാകയാല്‍, മനുഷ്യന് ശരീരം പ്രിയപ്പെട്ടതായിരിക്കും. സ്ഥൂലശരീരത്തിലിരിക്കുമ്പോഴും, ആത്മാവ് സൂക്ഷ്മ ശരീരത്താല്‍ ആവൃതമായ ദൈവകണമാണെന്ന നിര്‍ണായക സത്യം, ആ തോന്നലാല്‍ മൂടപ്പെടരുത്. 'നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ കുടികൊള്ളുന്നു എന്നും നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ?' (1 കോറിന്തോസുകാര്‍ 3:16, 6:19, 2 കോറിന്തോസുകാര്‍ 6:16)എന്ന് ബൈബിള്‍ ആവര്‍ത്തിച്ചു ചോദിക്കുമ്പോള്‍, ബുദ്ധികുറഞ്ഞവനുപോലും മുന്‍ചൊന്ന ആത്യന്തിക സത്യം പറഞ്ഞുകൊടുക്കുകയാണ്. ഭഗവദ്ഗീത (15:7,8) ഇത് ലളിതമായി പറയുന്നു: 
എന്നംഗമീ ജീവലോകം ജീവഭൂതം സനാതനം 
മനസ്സൊത്തൊരിന്ദ്രിയവും കര്‍ഷിപ്പൂ പ്രകൃതിസ്ഥമായ്,
ദേഹം പൂകുമ്പൊഴും വിട്ടുപോകുമ്പൊഴുതുമീശ്വരന്‍ 
ഇവയും കൊണ്ടുപോം ഗണങ്ങളെക്കാറ്റു കണക്കിനെ
 ഓരോ വേദത്തില്‍ നിന്നുമെടുത്ത നാല് ഉപനിഷത്തുക്കളില്‍ കാണുന്ന നാലു മഹാവാക്യങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍, ശുകരഹസ്യ  ഉപനിഷത് ഈ തത്വം വിശദീകരിക്കുന്നു:

1 .ബ്രഹ്മൻ ബോധമാണ് ( പ്രജ്ഞാനം ബ്രഹ്മ ):ഋഗ്വേദത്തിലെ ഐതരേയ ഉപനിഷത് ( 3 :3 ):എന്ത് കൊണ്ടാണോ ഒരാൾ കാണുന്നതും കേൾക്കുന്നതും മണക്കുന്നതും രസങ്ങൾ അറിയുന്നതും ,അതാണ് ,ജീവ ബോധം ( പ്രജ്ഞാനം ).
ബ്രഹ്മാവ്, എന്നീ ദൈവങ്ങളിലും മനുഷ്യന്‍, കുതിര, പശു തുടങ്ങിയ ജീവികളിലും എന്നിലും ഒരേ ബോധമാണ് (ആത്മാവായി) നില്‍ക്കുന്നത്. പ്രാപഞ്ചികമായി നില്‍ക്കുന്ന ആ ബോധമാണ്, ഒന്നിച്ചെടുത്താല്‍, ബ്രഹ്മന്‍. ബ്രഹ്മനാണ് ബോധം, ബോധമാണ് ബ്രഹ്മന്‍. പ്രപഞ്ചം നിയന്ത്രിക്കാന്‍ ബ്രഹ്മന്‍ അതീതവ്യക്തിയെപ്പോലെ പെരുമാറുമ്പോള്‍, അതാണ് ദൈവം. ഇങ്ങനെ, ഈ മഹാവാക്യം, നമ്മിലെ ജീവശക്തിയായ ആത്മാവിനെ, ദൈവമായി ആവിഷ്‌കരിക്കുന്നു.
2 .ഈ ആത്മാവ് ബ്രഹ്മനാണ്‌ ( അയം ആത്മാ  ബ്രഹ്മ )അഥർവ വേദത്തിലെ മാണ്ഡുക്യോപനിഷത് (2 ):ഈ' എന്നാല്‍, അറിഞ്ഞത്. ജീവജാലങ്ങളില്‍ ജീവശക്തിയായി നാം 'അറിഞ്ഞ' ആത്മാവാണ് ബ്രഹ്മന്‍, അഥവാ ദൈവം. ഈ ആത്മാവ് സര്‍വവ്യാപിയായി എല്ലാറ്റിലും ദൃശ്യമായും അദൃശ്യമായും ഉള്ള ദൈവകണമാണ്
3 .ഞാനാണ് ബ്രഹ്മൻ ( അഹം ബ്രഹ്മാസ്മി ):യജുർവേദത്തിലെ ബ്രിഹദാരണ്യക ഉപനിഷത് (1:4 :10 ): : കടലില്‍നിന്ന് ഒരു മണ്‍കുടത്തില്‍ ഇത്തിരി വെള്ളമെടുത്താല്‍, കുടത്തിലെ വെള്ളം കടലിലെ വെള്ളമാണെന്നു നാം പറയും. രണ്ടും ഒന്നാണ്. എന്റെ ആത്മാവും ദൈവവും അങ്ങനെ തന്നെ. ഞാന്‍ എന്നിലെ ആത്മാവും അത് എല്ലായിടവും നിറഞ്ഞ ദൈവകണവുമാണ്. അതിനാല്‍, ഞാനാണ് ബ്രഹ്മന്‍. ഘടകമായും സമഗ്രമായും, ഞാനും ദൈവവും ഒന്ന്. ഞാന്‍ ദൈവാസ്തിത്വത്തിന്റെ ഭാഗമാണ്.
4.നിങ്ങളാണ് ബ്രഹ്മൻ ( തത് ത്വം അസി ):സാമവേദത്തിലെ ഛാന്ദോഗ്യ ഉപനിഷത് ( 6 :8 -16 ): തത് ബ്രഹ്മന്റെ പര്യായമാണെന്ന് ഭഗവദ് ഗീത (17 :23 )( പറയുന്നു. ത്വം (നിങ്ങള്‍) പ്രഭാഷകന്‍ ഒഴിച്ചുള്ള എല്ലാവരും. ഞാന്‍ ദൈവകണംഎന്നപോലെ, നിങ്ങളെല്ലാവരും ദൈവാസ്തിത്വത്തിലെ കണങ്ങളാണ്. നിങ്ങളാണ് ബ്രഹ്മന്‍. ഞാനാണ് ബ്രഹ്മന്‍. അതുപോലെ, എല്ലാവരും ബ്രഹ്മന്‍. പ്രകൃതിയിലെ ഗുണങ്ങള്‍, മനുഷ്യരില്‍ പ്രതിഫലിക്കുന്നു. അവ ഓരോ മനുഷ്യനിലും വ്യത്യസ്തമായിരിക്കുകയും അവ വ്യത്യസ്ത തരത്തില്‍ മനുഷ്യരെ കര്‍മം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതില്‍നിന്ന് ഓരോന്നുമായി ബന്ധപ്പെട്ട കര്‍മഭാവങ്ങള്‍, വ്യത്യസ്തങ്ങളായി, സൂക്ഷ്മ ശരീരത്തിലുണ്ടാകുന്നു. കര്‍മഭാവങ്ങള്‍ കളങ്കിതമാക്കാതെ, ശുദ്ധമാണ് ആത്മാവ്. കര്‍മഭാവങ്ങളെ വിഛേദിച്ച്, ആത്മാവിനെ അതിന്റെ കുലീന ശുദ്ധിയില്‍ പ്രകാശിപ്പിക്കുക എന്നതാണ് മതധര്‍മം. ഒരു മനുഷ്യന്റെ സ്വഭാവവും സംസ്‌കാരവുമായി പുറത്തുകാണുന്നത്, സൂക്ഷ്മശരീരത്തിലെ കര്‍മഭാവങ്ങളാണ്. അവ ആത്മാവിന്റെ സ്ഥിരം ഗുണങ്ങള്‍ അല്ല; അവ ആത്മാവിന്റെ ആവരണത്തില്‍ കുറച്ചുകാലം തങ്ങും, പിന്നെ അപ്രത്യക്ഷമാകും; അവ ആത്മാവിന്റെ ഭാഗമല്ല; ഓരോരുത്തരിലും ഒരു വ്യത്യസ്ത കാലം അവ പ്രതിഫലിക്കും. അതുകഴിഞ്ഞ് അവ അപ്രത്യക്ഷമാകും. അനശ്വരവും അക്ഷയവുമായ ആത്മാവാണ് ഒരാളിലെ സത്ത. ഓരോരുത്തരിലെയും ആത്മാവ് ദൈവാസ്തിത്വത്തിന്റെ ഭാഗമാകയാല്‍, എല്ലാവരിലും ഒന്നാണ്, എല്ലാവരും ആത്മാവില്‍ ഒന്നാണ്. ഈ സമത്വമാണ് സാക്ഷാല്‍ക്കരിക്കേണ്ട ആത്യന്തിക തത്വം. ജ്ഞാനത്തിന്റെ ഉച്ചഘട്ടമായ മതം, ഇത് വ്യക്തമായി പ്രഖ്യാപിക്കുന്നു (ഭഗവദ്ഗീത 13:28). അത് ഒരാദര്‍ശമല്ല; അത് വസ്തുതാ സത്യമാണ്. സാധനയിലൂടെ ഈ ആത്യന്തിക സത്യത്തിന്റെ സാക്ഷാല്‍ക്കാരമാണ് ഉത്തമം എന്ന് മഹാനിര്‍വാണ തന്ത്രം (14:22) പറയുന്നു. അത് ദൈവത്തില്‍ ജീവിക്കലാണ് (ഗീത 6:31). അത്, തത്-ത്വം-അസിയുടെ സത്യസന്ധമായ ആചരണമാണ്. അത്തരമൊരു ജീവിതത്തില്‍, സ്‌നേഹം മാത്രേമയുള്ളൂ; വെറുപ്പോ വിദ്വേഷമോ ഒരിക്കലും ഇല്ല. അതാണ് സാക്ഷാല്‍ക്കരിക്കേണ്ട ഉന്നതസ്ഥാനം (പ്രായോഗികമായി പ്രയാസമേറിയതും). ഫിലോകാലിയ (വാല്യം 1, പേജ് 68) നിരീക്ഷിക്കുന്നു: മനുഷ്യനെ ദൈവത്തിനുശേഷമുള്ള ദൈവമായി കാണുന്ന സന്യാസി ഭാഗ്യവാന്‍. ഈ നിരീക്ഷണം, മേല്‍ ഉദ്ധരിച്ച അപ്പോസ്തലിക വചനങ്ങളിലും വേദമഹാവാക്യങ്ങളിലും ഉള്‍ച്ചേര്‍ന്ന, ഓരോ മനുഷ്യാത്മാവിലും ദൈവത്തെ കാണാനുള്ള കല്‍പനയായി മുഴങ്ങുന്നു. ഇവിടെ വിവരിച്ച എല്ലാ മഹത്വങ്ങളോടെയും, ആത്മാവിന്റെ യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ച ഈ തത്വം മതത്തിന്റെ മഹാതത്വമായി ഭഗവദ്ഗീത ഉദ്‌ഘോഷിക്കുന്നില്ല. ദൈവേച്ഛ നടപ്പാക്കലാണ് നിര്‍ണായകതത്വം എന്ന് അതുപറയുന്നു. മനുഷ്യര്‍ക്കിടയില്‍ നീതിയുക്തമായ ലയം നിലനിര്‍ത്താന്‍ ദൈവം കര്‍മങ്ങള്‍ ആവിഷ്‌കരിക്കുകയും അവ പൊതുവേ മനുഷ്യര്‍ക്ക് നല്‍കുകയും ചെയ്യുന്നു. ദൈവേച്ഛ നിറവേറ്റാനുള്ള ബാധ്യതയില്‍നിന്ന് ആര്‍ക്കും ഒഴിയാനാവില്ല (ഗീത 11:33).
 എപ്പോഴൊക്കെ ധര്‍മത്തിന് ഗ്ലാനിയുണ്ടാകുന്നുവോ, അതിന്റെ പുനഃസ്ഥാപനത്തിനായി, സാത്വിക രക്ഷയ്ക്കും ദുഷ്ടനാശത്തിനുമായി, മനുഷ്യരൂപത്തില്‍ ഭഗവാന്‍ അവതരിപ്പിക്കുമെന്നാണ് ഗീത പറയുന്നത് (4:7-8). മനുഷ്യര്‍ക്കിടയില്‍ നീതി പുലര്‍ത്താനാണ് ദൈവത്തിന്റെ പ്രാഥമിക ധര്‍മം. സാത്വികത രണ്ടാമതേ വരുന്നുള്ളൂ. അര്‍ജുന രാജകുമാരന്‍ സാത്വികത ആചരിച്ച് ദുഷ്ടശത്രുക്കള്‍ക്കും അനുയായികള്‍ക്കുമെതിരെ യുദ്ധം ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍, കൃഷ്ണന്‍ അയാളില്‍ ദുര്‍ബല മനസ്സിന്റെ ഷണ്ഡത്വം ആരോപിച്ച്, ധീരമായി യുദ്ധം ചെയ്യാന്‍ അയാളോട് ആജ്ഞാപിച്ചു. യുദ്ധഭൂമിയില്‍, സാത്വികതയും ഫലവും നോക്കാതെ, തന്നെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച ദുഷ്ടശക്തികളെ സംഹരിക്കുന്നതിനെപ്പറ്റി മാത്രം വിചാരിക്കാനുള്ള ആഹ്വാനമായിരുന്നു അത്. ചെയ്യുന്നതെല്ലാം ദൈവത്തിനര്‍പിച്ച് പോരാട്ടം തുടരുക. ദൈവേച്ഛ എന്തെന്നറിയലാണ് ആദ്യ കടമ. എന്നിട്ട് അതു പിന്തുടരുക. അതിനുശേഷമേ, ആത്മാവിനെ ദൈവത്തിനു ശേഷമുള്ള ദൈവമായി കാണാനുള്ള ബാധ്യത വരുന്നുള്ളൂ. 

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 34,35

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/34, മനഃശുദ്ധി 

നഃശുദ്ധിയും കര്‍മശുദ്ധിയും ആത്മീയവികാസത്തിനുള്ള അവശ്യ ഉപാധികളാണ്. കര്‍മശുദ്ധി ആത്മാവിനെ കര്‍മത്തോടുള്ള അതിന്റെ ബന്ധത്തില്‍ നിന്നകറ്റുന്നു; മനശുദ്ധി, ദൈവവുമായുള്ള ലയത്തിന് കാരണമാകുന്നു. അഭിലാഷങ്ങളില്‍നിന്നുള്ള മുക്തിയാണ് മനഃശുദ്ധിയെന്ന്, ബ്രഹ്മബിന്ദു ഉപനിഷത്(1), മൈത്രായനി ഉപനിഷത് (4:6), ത്രിപുരതാപിനി ഉപനിഷത് (5:2)തുടങ്ങിയവ നിര്‍വചിക്കുന്നു.

 അവ പറയുന്നു: 
മനസ്സ് രണ്ടുതരത്തിലുണ്ടെന്ന് പറയുന്നു-ശുദ്ധവും അശുദ്ധവും; അഭിലാഷങ്ങളോടു ഭ്രമമുള്ളത് അശുദ്ധം; അവയില്ലാത്തത് ശുദ്ധം.
 ഈ ശ്ലോകത്തില്‍, 'ശുദ്ധം' എന്നാല്‍ ആത്മീയമായി ശുദ്ധം എന്നും, 'അഭിലാഷ'ങ്ങള്‍ എന്നാല്‍ ഭൗതിക ആഗ്രഹങ്ങളുമാണ്-ഭൗതിക സുഖങ്ങള്‍ക്കുള്ള ആഗ്രഹങ്ങള്‍. അത്തരം ആഗ്രഹങ്ങള്‍ മനസ്സിനെയും ബുദ്ധിയെയും ദൈവം, ആത്മീയാന്വേഷണം എന്ന ചിന്തകളില്‍നിന്ന് വ്യതിചലിപ്പിക്കുകയും, ഭൗതിക താല്‍പര്യങ്ങളിലേക്ക് വലിച്ച് കാമക്കാഴ്ചകളിലേക്ക് തുടര്‍ച്ചയായി തട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇങ്ങനെ, ആഗ്രഹങ്ങള്‍ മനസ്സിനെ മലിനമാക്കുന്നു. ബൈബിള്‍ ആറ്റിക്കുറുക്കി അത് ആവിഷ്‌കരിക്കുന്നു: ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടേ? (യാക്കോബ് 4:4) .

ഭൗതികസുഖങ്ങളോടുള്ള അടുപ്പം, മനസ്സിനെ ദൈവവിചാരങ്ങളില്‍ നിന്നകറ്റുന്നു എന്നര്‍ത്ഥം. അഭിലാഷങ്ങളാണ് മനസ്സിനെ അഭിലഷിക്കേണ്ട വസ്തുക്കളോട് അടുപ്പിക്കുന്നത്. അടുപ്പം മനഃശുദ്ധിയെ ബാധിക്കുന്നു. പൊതുവേ, ലോകസുഖങ്ങള്‍ ആഗ്രഹിക്കുന്ന മനസ്സ് അവയുമായി കൂടുതല്‍ കൂടുതല്‍ ചുറ്റിപ്പിണയുന്നു. ഏത് അഭിലാഷവും, സാധിച്ചു കഴിഞ്ഞാലും മരിക്കുന്നില്ല, കുറയുന്നില്ല. മുഴുകുന്തോറും, അത് കൂടുതല്‍ അള്ളിപ്പിടിക്കുകയും ശക്തമാകുകയും മനസ്സിനെ കീഴ്‌പ്പെടുത്തുകയും ചെയ്യും. ഉയരത്തില്‍ കത്തിയാല്‍ കൂടുതല്‍ കൂടുതല്‍ ഇന്ധനം ആഗ്രഹിക്കുന്ന തീപോലെ ശമിക്കാത്തതാണ് അത് (ഭഗവദ്ഗീത 3:37-39). ഭഗവദ്ഗീത നമ്മോട് പ്രത്യേകം ഒഴിവാക്കാന്‍ ആവശ്യപ്പെടുന്ന ഒരഭിലാഷം, നമ്മുടെ കര്‍മങ്ങളുടെ ഫലത്തെ സംബന്ധിച്ച അഭിലാഷമാണ്. സാധാരണക്കാരന്‍ ജോലി ചെയ്യുന്നത് അതിന്റെ ഫലത്തിനും പ്രസിദ്ധിക്കും ഭാവി ജീവിതത്തില്‍ സന്തോഷം കൊണ്ടുവരുന്ന നേട്ടങ്ങള്‍ക്കുമൊക്കെയാണ്. ഫലം ഇച്ഛിച്ചുകൊണ്ടു ചെയ്യുന്ന കര്‍മം, മനസ്സിനെ കര്‍മത്തോട് അടുപ്പിക്കുകയും അത് മനഃശുദ്ധിയെ ബാധിക്കുകയും ചെയ്യുന്നു. മറിച്ച്, ഫലേച്ഛയില്ലാത്ത കര്‍മം മനസ്സിനെ അതില്‍നിന്നെല്ലാം അകറ്റിനിര്‍ത്തുന്നു. തന്റെ കര്‍മങ്ങളുടെ ഫലങ്ങളെല്ലാം തന്റെ ശ്രമത്തിന്റെ സ്വാഭാവിക നേട്ടങ്ങളാണെന്ന് സാധാരണ മനുഷ്യന്‍ കരുതുന്നു. അതിനാല്‍ അവ തനിക്ക് അവകാശപ്പെട്ടതാണ്. ആ വിചാരം കര്‍മത്തോട് അടുപ്പമുണ്ടാക്കുകയും മനസ്സ് കൂടുതല്‍ നേട്ടങ്ങള്‍ക്കായി കൂടുതല്‍ കൂടുതല്‍ കര്‍മത്തില്‍ മുഴുകുകയും ചെയ്യുന്നു. മനസ്സ് ഇച്ഛയില്‍ മുഴുകി അതിന്റെ അടിമയാകുന്നു. അത് മനസ്സിനെ വലിച്ചിഴയ്ക്കുകയും താഴ്ത്തിക്കെട്ടുകയും മലിനമാക്കുകയും ചെയ്യുന്നു. ഭൗതികതയിലെ അഭിരമണം, ഭക്തിയില്‍നിന്നുള്ള അകല്‍ച്ചയാണ്.




അതിനാല്‍ ഭഗവദ്ഗീത (5:11) പറയുന്നു:

 ദേഹം മനം ബുദ്ധി കേവലേന്ദ്രിയങ്ങളിവറ്റിനാല്‍ 
സംഗം വിട്ടാത്മശുദ്ധിക്കു കര്‍മം ചെയ്യുന്നു യോഗികള്‍. 

പ്രായോഗിക തലത്തില്‍, ആത്മജ്ഞാനം സിദ്ധിച്ച യോഗി ചെയ്യുന്ന കര്‍മവും, അതില്ലാത്ത സാധാരണക്കാരനും ചെയ്യുന്ന കര്‍മവും തമ്മില്‍ വലിയ വ്യത്യാസമില്ല; ഒരേ തരത്തിലാണ് ഇരുവരും കര്‍മങ്ങള്‍ ചെയ്യുന്നത് (ഭഗവദ്ഗീത 3:25). കര്‍മത്തോടും ഫലത്തോടുമുള്ള സമീപനത്തിലാണ് വ്യത്യാസം. യോഗി, മനഃശുദ്ധിക്കായി, തന്റെ കര്‍മം അതില്‍ മുഴുകാതെയാണ് ചെയ്യുന്നത്; ഇച്ഛയോ ഇച്ഛയില്ലായ്മയോ ഇല്ലാതെ. ഫലേച്ഛയാണ് വ്യത്യാസമുണ്ടാക്കുന്നത്. ഫലേച്ഛ നിരസിച്ചുകൊണ്ട് യോഗികള്‍ അവരുടെ കര്‍മങ്ങളോട് ബന്ധമില്ലാതെ നില്‍ക്കുന്നു. ഫലേച്ഛ നിരസിക്കുന്നതോടെ, കാര്‍മികന്‍ കര്‍മബന്ധത്തില്‍നിന്ന് മുക്തനാകുന്നു. അയാള്‍ കര്‍മത്തിനുവേണ്ടിയാണ് കര്‍മം ചെയ്യുന്നത്; അതില്‍ വേറെ ലക്ഷ്യം ഇല്ല. ലോകത്തിലെ ഒരു ജീവി എന്ന നിലയില്‍, ലോകത്തെ നിലനിര്‍ത്താന്‍ തന്റെ സംഭാവനയും വേണം. അതുചെയ്‌തേ പറ്റൂ. അയാള്‍ക്ക് ഫലം കിട്ടാം, കിട്ടാതിരിക്കാം. അയാള്‍ അതേപ്പറ്റി വിചാരിക്കുന്നില്ല. ജോലിക്കിടയില്‍ സ്വാഭാവികമായി വരുന്ന കര്‍മങ്ങള്‍ ചെയ്യുന്നത് കടമയാണെന്ന്, അതില്‍ മുഴുകാത്ത കാര്‍മികന്‍ കരുതുന്നു. ആ കര്‍മം ദൈവപ്രചോദിതമായാല്‍ ചെയ്‌തേ പറ്റൂ. കടമ ചെയ്യുന്നു; അവിടെ, കര്‍മത്തിലെ താല്‍പര്യം തീരുന്നു. സാധാരണഗതിയില്‍ നേട്ടങ്ങള്‍ ഉണ്ടായാല്‍, അയാള്‍ അവയെടുക്കുന്നു. ഇല്ലെങ്കില്‍, 'അത് അതിന്റെ വഴിക്കുപോട്ടെ' എന്ന് അയാള്‍ കരുതുന്നു. കര്‍മം പ്രചോദിപ്പിച്ച സര്‍വവ്യാപിയായ ലോകയജമാനന് സ്വന്തം പദ്ധതിയുണ്ടാകാം. കാര്‍മികന് ആ ലക്ഷ്യങ്ങളോ ലോകം നിലനിര്‍ത്താനുള്ള അവന്റെ അജ്ഞാത വഴികളോ അറിയില്ല. അതിനാല്‍ അയാള്‍ക്ക് ഫലേച്ഛ ഇല്ല. കര്‍മബന്ധമില്ലാത്തതിനാല്‍, നേട്ടം കിട്ടിയാല്‍ ആനന്ദിക്കുന്നില്ല; കിട്ടിയില്ലെങ്കില്‍ ദുഃഖിക്കുന്നുമില്ല. ഇങ്ങനെ അകല്‍ച്ചയോടെ കര്‍മം ചെയ്യുന്നത് ഒരു യോഗം ആയി ഭഗവദ്ഗീത വിശേഷിപ്പി ക്കുന്നു-കര്‍മയോഗം (2:48,50). അത് മനസ്സിനെ ബന്ധങ്ങളില്‍നിന്നും അഭിലാഷങ്ങളില്‍നിന്നും ഉത്കണ്ഠകളില്‍നിന്നും സ്വതന്ത്രമാക്കുന്നു. അത് മനസ്സിനെ പരമശുദ്ധിയില്‍ നിലനിര്‍ത്തുന്നു.
അധ്യായം/35, കര്‍മശുദ്ധി 

നഃശുദ്ധി സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുംവിധം, കര്‍മം ചെയ്യുന്നതാണ്, കര്‍മയോഗംകര്‍മയോഗത്തില്‍, കര്‍മം ചെയ്യുന്നതില്‍ മൂന്ന് വിഛേദങ്ങള്‍ ഉണ്ടെന്ന് വിവരിച്ച് ഭഗവദ്ഗീത (2:47), കര്‍മയോഗത്തെ ഇങ്ങനെ അനാവരണം ചെയ്യുന്നു: 

കര്‍മാധികാരി മാത്രം നീ ചെറ്റുമൊല്ലാ ഫലങ്ങളില്‍
 കര്‍മത്തില്‍ ഫലമാശിക്കൊല്ല കര്‍മത്തിലിണങ്ങൊലാ. 

 1 .ആദ്യത്തെ വിഛേദം കര്‍മഫലത്തിനുള്ള ഇച്ഛയില്‍ നിന്നാണ്. സ്വാമി വിവേകാനന്ദന്‍ (സമ്പൂര്‍ണകൃതികള്‍ വാല്യം 1, പേജ് 245) നിരീക്ഷിച്ചു:
 ഇപ്പോഴത്തെ നമ്മുടെ കര്‍മങ്ങളെല്ലാം, മുജ്ജന്മ സംസ്‌കാരങ്ങളുടെ ഫലങ്ങളാണ്.
 സംസ്‌കാരം, കര്‍മഭാവത്തിന്റെ മറ്റൊരു പേരാണ്. ഇപ്പോഴത്തെ കര്‍മത്തിന് കാരണവും പ്രചോദനവുമായ മുജ്ജന്മ സംസ്‌കാരം (കര്‍മഭാവം) ഏതെന്ന് നമുക്കറിയില്ല. ഇപ്പോഴത്തെ കര്‍മത്തിന് കാരണമായ കര്‍മഭാവം, മുജ്ജന്മത്തില്‍ കൊടുത്തു തീര്‍ക്കാത്ത കടമോ, പൂര്‍ത്തീകരിക്കാത്ത ബാധ്യതയോ ഉള്ളതാണെങ്കില്‍, കര്‍മ പ്രചോദനം ആ കടമോ ബാധ്യതയോ വീട്ടാനുള്ളതായിരിക്കും. അപ്പോള്‍ ഇപ്പോഴത്തെ കര്‍മത്തിന്റെ ഫലമോ നേട്ടമോ, പഴയ ഉത്തമര്‍ണനോ അയാളുടെ പുനരവതാരത്തിനോ പോകും; ഇപ്പോഴത്തെ കാര്‍മികന് ഒന്നും കിട്ടില്ല- സ്വീകര്‍ത്താവ് നന്ദിപോലും പ്രകടിപ്പിക്കില്ല. അയാള്‍ക്ക് കിട്ടുന്നത് കുടിശ്ശികയാണ്. ഇവിടെ, കാര്‍മികന്റെ അവകാശം കര്‍മം ചെയ്യുക എന്നതു മാത്രമാണ്. അയാള്‍ക്ക് ഫലത്തിലോ നേട്ടത്തിലോ അവകാശമില്ല. പഴയ ബാധ്യത അറിയാതെ, കാര്‍മികന്‍ ഫലമോ നേട്ടമോ ആഗ്രഹിച്ചാല്‍ പരാജയപ്പെടും; അപ്പോള്‍ അയാള്‍ നിരാശനായാല്‍, ഒരു മരീചികയുടെ നഷ്ടത്തിലാണ് അയാളുടെ ദുഃഖം. മുജ്ജന്മങ്ങള്‍ മനുഷ്യര്‍ ഓര്‍ക്കാത്തതിനാലും, പഴയ ബാധ്യതയനുസരിച്ച് ഏതു കര്‍മം, അല്ലാതെ ഏത് എന്നറിയാത്തതിനാലും, ഒരു കര്‍മഫലവും ഇച്ഛിക്കാതിരിക്കാന്‍ ഭഗവദ്ഗീത നിര്‍ദ്ദേശിക്കുന്നു. സ്വാഭാവികമായി കിട്ടുന്നതെന്തോ അതില്‍ തൃപ്തിയടയുക. 'നിങ്ങളുടെ അവകാശം കര്‍മത്തില്‍ മാത്രമാണ്, അതിന്റെ ഫലങ്ങളില്‍ അല്ല.' മാനവസേവ എന്ന നിലയില്‍ കര്‍മം ചെയ്യുകയാണ് (ലോകസംഗ്രഹം) കര്‍മേച്ഛ ഒഴിവാക്കാന്‍ ഭഗവദ്ഗീത (3:20, 25) നിര്‍ദ്ദേശിക്കുന്നത്. എല്ലാ ആത്മാക്കളും ദൈവപ്രത്യക്ഷങ്ങളാകയാല്‍, മാനവസേവ ദൈവത്തിനുള്ള സേവ തന്നെയാകുന്നു. അതിന് ഫലം (ഗീത, 3:20) ഉണ്ട്. മറിച്ച്, ഫലം ഇച്ഛിച്ചുമാത്രം ചെയ്യുന്ന കര്‍മംകൊണ്ട് ആത്മാവിന് കോട്ടമുണ്ടാകും. (ഗീത, 3:13). അതുകൊണ്ടാണ് ഭാരതത്തിലെ എല്ലാ ചടങ്ങുകളും ഈ പ്രാര്‍ത്ഥനകൊണ്ട് അവസാനിക്കുന്നത്: 'എല്ലാവരും സന്തുഷ്ടരാകട്ടെ. എല്ലാവരും ദുരിതത്തില്‍നിന്ന് മുക്തരാകട്ടെ' (ലോകാ സമസ്താ സുഖിനോ ഭവന്തു; സര്‍വേ സന്തു നിരാമയ). 
കര്‍മവും കര്‍മഫലവും ലോകനന്മയ്ക്ക് ഉതകാനുള്ള അര്‍പണമാണ്. ഇത്തരത്തില്‍ കര്‍മം ചെയ്താല്‍, കാര്‍മികന്‍ സ്വാര്‍ത്ഥതയോടെ കര്‍മം ചെയ്യുന്നില്ല. ഫലേച്ഛ ഒഴിവാക്കാന്‍ മറ്റൊരു വഴിയും നിര്‍ദേശിച്ചിട്ടുണ്ട്. യജമാനനായ ദൈവം, പ്രപഞ്ചവിധാതാവ് എന്ന നിലയില്‍, മാനവരാശിയുടെ ആത്യന്തിക നന്മയാണ് ശ്രദ്ധിക്കുന്നത് (ഭഗവദ്ഗീത 4:7,8). അതിനായി അവന്‍ കര്‍മങ്ങള്‍ കല്‍പന ചെയ്ത്, തന്റെ ജീവജാലങ്ങള്‍ വഴി ചെയ്യിക്കുകയാണ്. മനുഷ്യന് ദൈവ കല്‍പനകള്‍ ഒഴിവാക്കാനാവില്ല. ദൈവകല്‍പന പ്രപഞ്ചനന്മയ്ക്കുള്ളതാണ്. അവന്‍ സംഹാരം കല്‍പന ചെയ്താല്‍, അത് കൃത്യമായ സംരക്ഷണത്തിനുള്ള പുനരുത്ഥാനത്തിനു വേണ്ടിയായിരിക്കും. ഒരു പ്രപഞ്ച കര്‍മത്തിനുള്ള ദൈവ കല്‍പനയുടെ ഭാഗമാണ് ഓരോ മനുഷ്യകര്‍മവും എന്ന് ഋഷിമാര്‍ കണ്ടു. മനുഷ്യന് ആ കര്‍മത്തിന്റെ വ്യാപ്തിയോ പരപ്പോ അറിയില്ല. താന്‍ ചെറിയ സംഭാവന നല്‍കുന്നു എന്നു മാത്രമറിയാം. അതറിഞ്ഞ്, ദൈവത്തിന്റെ അതീവവ്യാപ്തിയുള്ള പ്രപഞ്ചകര്‍മം അറിയാനാവില്ല. ആനയുടെ തുമ്പിക്കൈ തൊട്ട അന്ധന് ആന ഒരു വലിയ അട്ടയാണെന്നേ കരുതാന്‍ കഴിയൂ. മൊത്തം കര്‍മത്തിനാണ് ഫലം; അതിനാല്‍ അത് ചെയ്യുന്ന ദൈവത്തിനാണ് ഫലത്തിന്റെ അവകാശം. അത് അവന്റെ ഇച്ഛയ്ക്ക് വിടണം. പ്രപഞ്ചകര്‍മത്തിന് ചെറിയ സംഭാവന മാത്രം നല്‍കുന്ന മനുഷ്യന്‍ അതിന് അവകാശം ഉന്നയിക്കാനോ ഫലം പ്രതീക്ഷിക്കാനോ പാടില്ല. അതിനാല്‍, ജ്ഞാനി തന്റെ കര്‍മങ്ങള്‍ ദൈവത്തിന് അര്‍പിക്കുന്നു. അതെല്ലാം ദൈവനാമത്തില്‍, ദൈവപ്രതിനിധിയായി, ചെയ്യുന്നു. അതിനാല്‍ അവന് കര്‍മത്തിന്റെ പ്രവൃത്തി മാത്രമേയുള്ളൂ; ഫലം ദൈവത്തിനാണ്. അഹന്ത നിറഞ്ഞ അര്‍ജുനന്‍ ദുഷ്ടരായ ബന്ധുക്കളോടുള്ള യുദ്ധം തന്റെ കര്‍മമാണെന്ന് ധരിച്ച്, ശത്രുക്കള്‍ നിരത്തിയ നിരപരാധികളെക്കൂടി കൊല്ലേണ്ടിവരുമെന്ന് ഖേദിച്ചു. അപ്പോള്‍, ആ യുദ്ധം, രാജ്യത്ത് നീതിയും സമാധാനവും നിലനിര്‍ത്താനുള്ള ദൈവകല്‍പനയുടെ ഭാഗം മാത്രമാണെന്ന് കൃഷ്ണന്‍ കാട്ടിക്കൊടുത്തു. അതില്‍ മനുഷ്യസംഹാരം, ദൈവത്തിന്റെ മുന്‍ നിശ്ചയിച്ച ആജ്ഞയാണ്. (ഭഗവദ്ഗീത 1:35, 11:26, 34). അതിനാല്‍, കൃഷ്ണന്‍ അര്‍ജ്ജുനന്റെ കര്‍മം, ദൈവത്തിന്റെ 'ഒരുപകരണമായി' മാത്രം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു (നിമിത്ത മാത്രം ഭവ, 11:33). അത് ഫലേച്ഛയില്ലാതെ ദൈവത്തിനര്‍പിച്ച് കര്‍മം ചെയ്യാനുള്ള നിര്‍ദേശമായിരുന്നു.
 2. കര്‍മഫലങ്ങള്‍ ഒഴിവാക്കുന്നതാണ് രണ്ടാമത്തെ വിഛേദം. കര്‍മഫലമില്ലാതെ കര്‍മം ചെയ്യാനുള്ള നിര്‍ദേശമാണ് ഇത്. സന്തോഷവും സന്താപവുമായി അനുഭവിക്കുന്നത്, കര്‍മഫലങ്ങളാണ്. അതിനാല്‍, കര്‍മഫലം ഒഴിവാക്കല്‍, സന്തോഷ സന്താപങ്ങള്‍ ഒഴിവാക്കലാണ്. ഒരാള്‍ക്ക് ദുരിതമകറ്റി സുഖങ്ങള്‍ മാത്രം ആസ്വദിക്കാന്‍ ആഗ്രഹിക്കാം; എന്നാല്‍, അത് സാധ്യമല്ല. ഈ ലോകത്തിന്റെ സുഖവും ദുഃഖവും വേര്‍തിരിക്കാനാകാത്ത വണ്ണം ബന്ധപ്പെട്ടിരിക്കുന്നു. അവക്കിടയില്‍, നൈമിഷികമായ ഭൗതികസുഖങ്ങളെക്കാള്‍ സാധാരണക്കാരനെ അഗാധമായും ദീര്‍ഘമായും ബാധിക്കുന്നത്, കഷ്ടപ്പാടുകളുടെ കയ്പായിരിക്കും. അതിനാല്‍ രണ്ടും ഒഴിവാക്കാന്‍ ഗീത ഉപദേശിക്കുന്നു. അതിനാവശ്യം കര്‍മഫലങ്ങള്‍ പാടെ ഒഴിവാക്കലാണ്. കര്‍മഫലങ്ങളില്‍ കഷ്ടപ്പാടുകള്‍ ഉണ്ടാക്കുന്നത്, കര്‍മഭാവങ്ങള്‍ആണ്; കര്‍മബന്ധമാണ് കര്‍മഭാവങ്ങള്‍ക്ക് കാരണം. കര്‍മഫലത്തിലുള്ള ഇച്ഛയാണ് കര്‍മബന്ധത്തിന് കാരണം. അതിനാല്‍, കര്‍മഫലത്തിന്റെ അടിസ്ഥാന കാരണം, ഫലേച്ഛയാണ്; അതിനാല്‍ കര്‍മഫലം ഒഴിവാക്കാന്‍, ഫലേച്ഛ ഒഴിവാക്കണം. ഫലേച്ഛയില്ലായ്മ, കര്‍മബന്ധമില്ലായ്മയാണ്. കര്‍മമല്ല ഫലേച്ഛയാണ് കര്‍മഫലത്തോട് ബന്ധത്തിന് കാരണം; ഫലേച്ഛയില്ലാത്ത കര്‍മം, കര്‍മപാശത്തെയും കര്‍മഭാവങ്ങളുടെ ഉയിര്‍പ്പിനെയും കര്‍മഫലത്തോടുള്ള അടിമത്തത്തെയും ഒഴിവാക്കുന്നു.
 ഭഗവദ്ഗീത (18:61) നിരീക്ഷിക്കുന്നു: 
നില്‍പുണ്ടര്‍ജ്ജുന, സര്‍വര്‍ക്കും ഹൃദയത്തിങ്കലീശ്വരന്‍  
യന്ത്രം കേറ്റിബ്ഭൂതജാലം മായ കൊണ്ടുതിരിപ്പവന്‍. (ജയന്റ് വീലിലോ രഥത്തിലോ കയറിയവര്‍, ആ ചക്രമോ രഥമോ നീങ്ങുന്നപോലെ നീങ്ങുന്നു എന്നര്‍ത്ഥം.) 
ദൈവം പ്രചോദിപ്പിച്ച കര്‍മം, ദൈവകര്‍മമാണ്. അപ്പോള്‍ യഥാര്‍ത്ഥ കാര്‍മികന്‍ ദൈവവും, വ്യക്തി അതിനുള്ള ഉപകരണവുമാണ്. വ്യക്തി അതിന്റെ ഫലങ്ങള്‍ ദൈവത്തിന് വിട്ടുകൊടുക്കണം. കാര്‍മികന്‍ സ്വാര്‍ത്ഥത വെടിഞ്ഞ് ഇങ്ങനെ ചിന്തിച്ചാല്‍, അയാള്‍ കര്‍മപാശത്തില്‍നിന്ന് മുക്തനായി എപ്പോഴും ദൈവത്തെ ഓര്‍മിക്കും. അപ്പോള്‍ അയാളുടെ കര്‍മം സമര്‍പ്പിത സേവ, ദൈവത്തിനുള്ള വഴിപാട് ആകും. 
ഭഗവദ്ഗീത പറയുന്നു:
സര്‍വ പ്രഭാവനല്ലോ ഞാന്‍ സര്‍വമുണ്ടാവതെന്നിലാം എന്നോര്‍ത്തെന്നെബ്ഭജിക്കുന്നു ഭാവമൊക്കുന്ന പണ്ഡിതര്‍ (10:8)
 ആരിബ്ഭൂതങ്ങള്‍ സൃഷ്ടിപ്പതാരിലെല്ലാമിരിപ്പതോ ന്‍ കര്‍മം കൊണ്ടായവനെ മര്‍ത്യനര്‍ച്ചിച്ചു സിദ്ധനാം. (18:46)

 അതിനാല്‍, എല്ലാ കര്‍മവും ദൈവത്തിനര്‍പ്പിക്കാന്‍ വേദങ്ങള്‍ നിര്‍ദേശിക്കുന്നു. നിങ്ങള്‍ തിന്നുന്നതും കുടിക്കുന്നതും, നിങ്ങള്‍ ചെയ്യുന്നതെന്തും, എല്ലാം ദേവമഹത്വത്തിനായി ചെയ്യുക (ബൈബിള്‍, 1 കോറിന്തോസുകാര്‍ 10:31) 
ചെയ്‌വതും തിന്മതും മോഹിക്കുന്നതും നല്‍കിടുന്നതും തപിപ്പതും
 ഹേ കൗന്തേയ, സമര്‍പ്പിച്ചീടുകെന്നില്‍ നീ. (ഭഗവദ്ഗീത 9:27) 
അപ്പോള്‍, എല്ലാ കര്‍മവും സര്‍വവ്യാപിയായ ദൈവത്തിന് നിവേദ്യമാകുന്നു. സ്വന്തം ശരീരത്തിനുള്ളിലെ ദൈവത്തിനുള്ള സേവയാകുന്നു തീറ്റ; മറ്റൊരാള്‍ക്കുള്ള സഹായം, അയാള്‍ക്കുള്ളിലെ ദൈവത്തിനുള്ളതാകുന്നു. അങ്ങനെ അങ്ങനെ (മത്തായി, 25:35-45). ഒരു നായയ്ക്ക് നല്‍കുന്ന ഇത്തരി ഭക്ഷണം അതില്‍ വസിക്കുന്ന ദൈവത്തിനുള്ളതാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു (സമ്പൂര്‍ണകൃതികള്‍, വാല്യം 5, പേജ് 246). എല്ലാ കര്‍മവും ദൈവത്തിനുള്ള വഴിപാടാകുമ്പോള്‍, അത് കര്‍മപാശവും കര്‍മഭാവങ്ങളുടെ ജനനവും ഒഴിവാക്കും.

ബ്രഹ്മത്തിങ്കല്‍ ചേര്‍ത്തു കര്‍മം സംഗമെന്യേ ചരിപ്പവന്‍ നീര്‍കൊണ്ടു താമരയില പോലഘം കൊണ്ടല്‍പിതനാം.(ഭഗവദ്ഗീത 5:10).

യോഗി കര്‍മഫലം വിട്ടിട്ടുറപ്പില്‍ശ്ശാന്തിയേന്തിടും യോഗമറ്റോന്‍ കാമബലാല്‍ ഫലം കാമിച്ചു ബദ്ധനാം. (ഭഗവദ്ഗീത 5:12). 

ചുരുക്കത്തില്‍, ഫലേച്ഛയില്ലാതെ, ദൈവത്തിലര്‍പ്പിച്ച് കര്‍മം ചെയ്യലാണ്, കര്‍മഫലങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള വഴി. അതിനാല്‍, രണ്ടാമത്തെ വിച്ഛേദം. മേല്‍ ഉദ്ധരിച്ച ശ്ലോകത്തില്‍ സൂചിപ്പിച്ച കര്‍മശുദ്ധിക്ക്, കര്‍മപാശത്തില്‍ നിന്നകലണം; അതിന് എല്ലാ കര്‍മവും ദൈവത്തിന് അര്‍പ്പിക്കണം. 3. മൂന്നാമത്തെ വിഛേദം, അകര്‍മത്തില്‍നിന്നാണ്. കര്‍ഫലങ്ങളുണ്ടാക്കുന്നതില്‍നിന്ന് വിഛേദം പാലിക്കാനുള്ള മുന്‍ നിര്‍ദ്ദേശം, കര്‍മത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള അനുമതി അല്ല. കര്‍മഫലത്തിനുള്ള അഭിലാഷങ്ങള്‍ ഒഴിവാക്കാനുള്ള എളുപ്പവഴിയുമല്ല, അകര്‍മം. ഭഗവദ്ഗീത അകര്‍മത്തെ തള്ളുകയും , സാധാരണഗതിയില്‍ ഉളവാക്കുന്ന കര്‍മങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. മനസ്സിലെ വികലചിന്തകള്‍ ഒഴിവാക്കാനും നിരന്തരകര്‍മം ആവശ്യമാണ്. കര്‍മങ്ങള്‍, ജീവിതത്തിന്റെ ഉള്ളടക്കമാണ്. ശരീരം, മനസ്സ്, സംസാരം എന്നിവ വഴി എന്തെങ്കിലും കര്‍മം ചെയ്യാതെ ഒരാള്‍ക്കും ഒരുനിമിഷം പോലും വെറുതെയിരിക്കാന്‍ ആവില്ല. ശരീരമുള്ള ജീവജാലങ്ങള്‍ക്ക്, കര്‍മം പൂര്‍ണമായി ഒഴിവാക്കാന്‍ സാധ്യമേയല്ല (ഭഗവദ്ഗീത18:11). അസാധ്യമായതിനെ പിന്തുടരുന്നത് മണ്ടത്തരമാണ്; ഒരാള്‍ ചെയ്യേണ്ടത് പരമാവധി നന്നായി ചെയ്യുകയാണ് വിവേകം. അതിനാല്‍, ഭഗവദ്ഗീത നിര്‍ദ്ദേശിക്കുന്നു: 

ദൃഢം കര്‍മം ചെയ്ക കര്‍മ്മമകര്‍മ്മത്തിലുമുത്തമം ര്‍മ്മം ചെയ്യാതെ 
നിന്‍ ദേഹയാത്രപോലും നടന്നിടാ. (3:8) 
സഹജകര്‍മം വിടൊല്ലാ ദുഷ്ടമാകിലും ദോഷം 
കര്‍മത്തിലുണ്ടെന്നും തീയില്‍പ്പുക കണക്കിനെ. (18:48).

 ഇന്ന് ചെയ്യാനുള്ളതെന്ന നിലയില്‍ വരുന്ന ഒരു കര്‍മവും ഒഴിവാക്കരുത്. മഹാഭാരതത്തില്‍ (വനപര്‍വം, അധ്യായം 205-2015)~ഒരു ഇറച്ചി വെട്ടുകാരന്‍, ഒരു ബ്രാഹ്മണന് വലിയ തത്വചിന്ത ഉപദേശിക്കുന്നുണ്ട്-വ്യാധ ഗീത .അ തിനൊടുവില്‍, മഹാനായ ഇത്തരമൊരു തത്വചിന്തകന്‍ എന്തുകൊണ്ട് ഇറച്ചിവെട്ടുകാരന്റെ വൃത്തികെട്ട ജീവിതം നയിക്കുന്നു എന്നു ബ്രാഹ്മണന്‍ ചോദിക്കുന്നു. അയാള്‍ മറുപടി പറഞ്ഞു: ഒരു കര്‍മവും വൃത്തികെട്ടതോ അശുദ്ധമോ അല്ല; ലോകത്തെ നിലനിര്‍ത്തുന്നതില്‍ എല്ലാ കര്‍മത്തിനും അതിന്റെ പങ്കുണ്ട്. ഇറച്ചിവെട്ടാണ് എനിക്ക് നല്‍കപ്പെട്ട കര്‍മം; കുട്ടിക്കാലത്തുതന്നെ ആ ജോലി പഠിച്ച്, കുടുംബത്തിന് സഹായം ചെയ്തു. ഒരു കുടുംബനാഥന്‍ എന്ന നിലയ്ക്ക് ഈ കര്‍മം ചെയ്യുന്നു. ഭക്ഷണത്തിന് ഇറച്ചി വേണ്ടിവര്‍ക്ക് സേവ ചെയ്യുന്നു. ദൈവേച്ഛ നിറവേറ്റുകയാണ് ഞാന്‍.
 ഇറച്ചിവെട്ടുകാരന്റെ വാക്കുകള്‍, ജീവിതത്തിന് നല്ല വഴി കാട്ടുന്നു- അകന്നുനിന്ന് കര്‍മം ചെയ്യുക. ദൈവേച്ഛയായി കരുതി, വരുന്ന കര്‍മമൊക്കെ ചെയ്യുക. ഒരാളുടെ കര്‍മഭാവത്തില്‍നിന്നാണ് കര്‍മങ്ങള്‍ വരുന്നത് എന്നതിനാല്‍, കര്‍മം അപ്പാടെ ഒഴിവാക്കുന്നത്, കര്‍മഭാവത്തില്‍ അടങ്ങിയ പ്രത്യാഘാതങ്ങളെ ഒഴിവാക്കലാവും. കര്‍മഭാവത്തിന്റെ ഫലസിദ്ധിയെ തടയലുമാകാം. ദൈവേച്ഛയാലാണ് കര്‍മഭാവങ്ങള്‍ പൂക്കുന്നത് എന്നതിനാല്‍, കര്‍മം ഒഴിവാക്കുന്നത്, ആ ഇച്ഛയെ നിരസിക്കലുമാകും. ലോകക്ഷേമത്തിന് സംഭാവന ചെയ്യാനുള്ള സ്വാഭാവിക ബാധ്യതയില്‍നിന്ന് ഓടിയൊളിക്കലുമാകും. നാം ജീവിക്കുന്ന ജീവിതത്തില്‍, മറ്റുള്ളവര്‍ ചെയ്ത കര്‍മത്തിന്റെ ഗുണവും നാം അനുഭവിക്കുന്നുണ്ട്. നമ്മുടെ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, വാഹനം, വീട് എല്ലാം മറ്റുള്ളവരുടെ കര്‍മത്തിന്റെ ഫലങ്ങളാണ്. തന്റെ മാത്രം ഗുണത്തിനായുള്ള വണ്‍വേ ട്രാഫിക് ആയിരുന്നു അവയെന്ന് ബുദ്ധിയുള്ള ആരും കരുതില്ല. മറ്റുള്ളവരുടെ കര്‍മത്തിന്റെ ഫലങ്ങള്‍ നമുക്ക് എടുക്കാമെങ്കില്‍, മറ്റുള്ളവരുടെ ഗുണത്തിന്, ജനക്ഷേമത്തിന്, നാമും കര്‍മം ചെയ്യണം. നമ്മുടെ ഭാഗത്തെ അലസത, ആ കര്‍മം, ആ ബാധ്യതയുടെ നിരാസമായിരിക്കും. അതിനാല്‍, തന്റെ വഴിക്കുവരുന്ന കര്‍മങ്ങള്‍ ചെയ്യാനും അകര്‍മത്തിനുള്ള ചായ്‌വ് ഒഴിവാക്കാനും ഗീത നിര്‍ദ്ദേശിക്കുന്നു . മേല്‍പറഞ്ഞ മൂന്ന് വിഛേദങ്ങള്‍ പാലിക്കുന്നതാണ് കര്‍മയോഗം. അത് കര്‍മശുദ്ധി ഉറപ്പുവരുത്തുകയും മനഃശുദ്ധിക്ക് സഹായിക്കുകയും ചെയ്യും; അത് കര്‍മപാശത്തില്‍നിന്ന് ജീവിതത്തെ ശുദ്ധീകരിച്ച്, ഉറച്ച ആത്മീയ ഉയര്‍ച്ചയും സ്ഥിരമായ മനസ്സമാധാനവും പ്രദാനം ചെയ്യും.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...