Sunday, 23 June 2019

ഉന്നം തെറ്റിയ വാൻ ഗോഗും വെർലൈനും

തോക്ക് പ്രദർശനത്തിന് വച്ചപ്പോൾ 

വിഖ്യാത ചിത്രകാരൻ വിൻസന്റ് വാൻഗോഗ് ജീവനൊടുക്കാൻ ഉപയോഗിച്ച തോക്ക്, പാരിസിലെ  ദ്രോത്ത്  2019 ജൂൺ 19 ന് 115000 പൗണ്ടിന് (ഒരു കോടി രൂപ ) ലേലം ചെയ്തു. കലാചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ തോക്ക് എന്ന് വിശേഷിപ്പിച്ചായിരുന്നു, ലേലം.

7 മില്ലിമീറ്റർ ലെഫോഷെസ് റിവോൾവറിന് 60000 യൂറോ (46 ലക്ഷം) ആയിരുന്നു അടിസ്ഥാന  വില. ഡച്ച് ചിത്രകാരനായ വാൻ ഗോഗ് സ്വയം വെടിവച്ച ഗോതമ്പു പാടത്തു നിന്ന് 1965 ലാണ് ഒരു കർഷകന് തോക്ക് കിട്ടിയത്. അത് ഒരു സ്ത്രീയുടെ പക്കൽ എത്തി. അവരുടെ മകനാണ് വിറ്റത്. ഇത് ആംസ്റ്റർഡാമിലെ വാൻ ഗോഗ് മ്യൂസിയത്തിലായിരുന്നു, ഇത് വരെ. നന്നായി തുരുമ്പിച്ചതാണ്. ഹാൻഡിലിന്റെ ഒരു ഭാഗം പോയി.

പാരിസിന് വടക്ക് ഒവേർസ് – സുർ -ഓയിസ്‌ ഗ്രാമത്തിൽ 1890 ജൂലൈ 21  നാണ് വാൻ ഗോഗ് നെഞ്ചിൽ  സ്വയം നിറയൊഴിച്ചത്. അവസാനത്തെ ഏതാനും മാസങ്ങൾ ചെലവിട്ടു.സത്രം ഉടമയിൽ നിന്ന് തോക്ക് കടം  വാങ്ങുകയായിരുന്നു. ഇരുട്ടിൽ മുറിവേറ്റ് സത്രത്തിലേക്ക് വേച്ചു നടന്ന വാൻഗോഗ് ഒന്നര  ദിവസം കഴിഞ്ഞ് മരിച്ചു. അന്ന് വെറും 37 വയസ്സായിരുന്നു. സത്രം ഉടമ ആർതർ റാവോസും മകൾ അദേലിനും ശുശ്രൂഷിച്ചു. അന്ന് 13 വയസായിരുന്ന അദേലിൻ 60 വർഷത്തിന് ശേഷം സംഭവം വിവരിച്ചു.

"ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു," വാൻ ഗോഗ് പറഞ്ഞു. സത്രത്തിൽ ഉണ്ടായിരുന്ന രണ്ടു മാസം കൊണ്ട് 80 ചിത്രങ്ങൾ വരച്ചിരുന്നു.


ഇതിനു രണ്ടു വർഷം മുൻപ് ഫ്രാൻസിന് തെക്ക്, ആർലെസിലെ വേശ്യാലയത്തിലെ സ്ത്രീക്ക് സ്വന്തം ചെവി മുറിച്ചു സമ്മാനിച്ചിരുന്നു. ചിത്രകാരൻ പോൾ ഗോഗിനുമായുള്ള തർക്കത്തെ തുടർന്നാണ് ഇടതു ചെവി ബ്ലേഡ് കൊണ്ട് മുറിച്ചത്.

ഭൂരിപക്ഷം കലാചരിത്രകാരന്മാരും വാൻഗോഗ് ആത്മഹത്യ ചെയ്‌തതായി കരുതുന്നു എങ്കിലും, പാടത്ത് തോക്കുമായി കളിച്ചിരുന്ന രണ്ടു കുട്ടികൾ ആകസ്മികമായി വെടി ഉതിർത്തതാണെന്ന് ചില ഗവേഷകരുടെ നിഗമനമുണ്ട്. അറ്റ് ഏറ്റെനിറ്റിസ് ഗേറ്റ് എന്ന പുതിയ ജീവചരിത്രത്തിൽ ഇതാണ് സ്വീകരിച്ചിരിക്കുന്നത്.

സ്റ്റീഫൻ നൈഫ്‌എ എഴുതിയ വാൻ ഗോഗ്, ദി ലൈഫ് എന്ന പുസ്തകത്തിലും ഇതുണ്ട്.

തോക്ക് വാൻ ഗോഗ് ഉപയോഗിച്ചത് തന്നെയോ എന്ന സംശയം എന്നുമുണ്ട്. 75 വർഷം മണ്ണിനടിയിൽ ആയിരുന്നു. വാൻ ഗോഗ് ബന്ധം സ്ഥിരീകരിക്കാൻ നടത്തിയ ശ്രമങ്ങൾ 2012 ൽ പുസ്തകമായി.

തു പോലൊരു ലെഫോഷെസ് തോക്കാണ് ഫ്രഞ്ച് കവി പോൾ വേർലൈൻ കാമുകനായ കവി ആർതർ റിംബോദിന് എതിരെ 1873 ൽ പ്രയോഗിച്ചത്. അത് 2016 ൽ പാരിസിൽ 385000 പൗണ്ടിന് (3 .41 കോടി ) വിറ്റു.

റിംബോദിനെ വെടിവച്ച തോക്ക് 

ഫ്രഞ്ച് സാഹിത്യത്തിലെ ഏറ്റവും അറിയപ്പെടുന്ന തോക്കാണ്, ഇത്. 1873 ജൂലൈ 10 രാവിലെ ബ്രസൽസിൽ നിന്നാണ് റിംബോദിനെ കൊല്ലാൻ വെർലൈൻ തോക്ക് വാങ്ങിയത്. 7 എം എം സിക്സ് ഷൂട്ടർ. 29 വയസുള്ള വെർലൈൻ പത്ത് വയസ് ഇളപ്പമുള്ള റിംബോദ് -മായി രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചാണ് വെർലൈൻ ഇത് ചെയ്തത്. ലണ്ടനിൽ കറപ്പ് തിന്ന് അബ്‌സിന്തേ വാറ്റിയ മദ്യം കുടിച്ച് ഭാര്യയിലേക്ക് മടങ്ങാൻ വെർലൈൻ ആഗ്രഹിച്ചു. ആ സഹവാസം റിംബോദിനെ A Season in Hell എഴുതാൻ പ്രചോദിപ്പിച്ചു. അയാളെ ഉപേക്ഷിച്ച് ബ്രസ്സൽസിലേക്കു പോയ വെർലൈനെ റിംബോദ് പിന്തുടർന്നു. അവിടത്തെ ഹോട്ടലിൽ ഉച്ചയ്ക്ക് ക്രീഡകൾക്കും കരച്ചിലിനും മദ്യപിച്ച് പൂസായത്തിനും ശേഷം, വെർലൈൻ റിംബോദ് -നു നേരെ തോക്ക് ചൂണ്ടി.

കാമുകർ ലണ്ടനിൽ വാടകയ്ക്ക് താമസിച്ച വീട് 

"എന്നെ വിട്ടു പോകാൻ നിന്നെ പഠിപ്പിക്കും," അയാൾ മുരണ്ടു. എന്നിട്ട് രണ്ടു തവണ നിറയൊഴിച്ചു. ഒരു വെടിയുണ്ട റിംബോദിന്റെ കൈത്തണ്ടയിൽ കൊണ്ടു.മറ്റേത് ചുമരിൽ തട്ടി, ചിമ്മിനിയിൽ ചെന്നു കൊണ്ടു.

ആശുപത്രിയിൽ ബാൻഡേജ് ഇട്ടു പുറത്തിറങ്ങിയ റിംബോദ്, തന്നെ ഉപേക്ഷിക്കരുതെന്ന് വെർലൈനോട് കെഞ്ചി. തെരുവിൽ വീണ്ടും വെർലൈൻ കാമുകന് നേരെ തോക്കു ചൂണ്ടി. ജീവിതം മുഴുവൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു, വെർലൈൻ.തെരുവിൽ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് ,അതു വഴി പോയ ഒരു പൊലീസുകാരൻ കണ്ടു. അയാൾ വെർലൈനെ അറസ്റ്റ് ചെയ്തു.രണ്ടു കൊല്ലം കഠിന തടവ് കിട്ടിയ വെർലൈൻ കത്തോലിക്കാ സഭയിൽ ചേർന്നത്, റിംബോദിന് പിടിച്ചില്ല. തടവിൽ 32 കവിതകൾ എഴുതി.

വെർലൈൻ,  റിംബോദ് 

അറുപതുകളിൽ ജിം മോറിസനെപ്പോലുള്ളവരുടെ പ്രതി സംസ്‌കാര പ്രസ്ഥാനത്തിന്, റിംബോദ് പ്രചോദനമായി. റിംബോദ് മൂശേട്ടയായ അമ്മയ്‌ക്കൊപ്പം പോയി, എ സീസൺ ഇൻ ഹെൽ പൂർത്തീകരിച്ചു. പൊലീസ് കണ്ടുകെട്ടിയ തോക്ക് സ്വകാര്യ ശേഖരത്തിൽ എത്തി.

ഈ കാമുക കവികളിൽ ഒരാളിൽ ചങ്ങമ്പുഴ തന്നെ കണ്ടു -അതാരാണെന്ന് കൃത്യമായി ഊഹിക്കുന്നവർക്ക്, പാരിതോഷികം നൽകുന്നതല്ല; അത് അത്ര എളുപ്പമാണ്.

രണ്ടു സംഭവങ്ങളിൽ നിന്നു ഞാൻ പഠിച്ച പാഠം ഇതാണ് -സർഗ്ഗ ശേഷി, ഉന്നത്തിന് തടസ്സമാണ്.

© Ramachandran





സാർത്ര്,കാമു -ഒരു വിച്ഛേദത്തിന്റെ കഥ

സാർത്രിന്റെ മാർക്സിസം കാമുവിനെ അകറ്റി 

രുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ധിഷണാ സൗഹൃദമായിരുന്നു.ഴാങ് പോൾ സാർത്രും ആൽബേർ കാമുവും തമ്മിൽ നില നിന്നത്.കാമു 'റിബൽ '
എഴുതുകയും സാർത്ര് അതിനെ പരസ്യമായി വിമർശിക്കുകയും ചെയ്തതോടെ,ആ ബന്ധം അവസാനിച്ചു.അങ്ങനെ അത് ആ നൂറ്റാണ്ടിലെ പ്രധാന വിച്ഛേദ കഥയുമായി.
സൗഹൃദത്തിൽ ആകുമ്പോൾ ഇരുവരും പ്രസിദ്ധരായിരുന്നു.1943 ൽ സാർത്രിന്റെ ദി ഫ്‌ളൈസ് എന്ന നാടകത്തിൻറെ റിഹേഴ്‌സൽ സമയത്താണ് ഇരുവരും പരിചയപ്പെടുന്നതെന്ന്,സാർത്രിന്റെ സഹയാത്രിക സിമോങ് ദി ബുവ്വ അവരുടെ ആത്മകഥയായ ദി പ്രൈം ഓഫ് ലൈഫി ൽ പറഞ്ഞിട്ടുണ്ട്.ദൂരത്തിരുന്ന് ഇരുവരും പരസ്‌പരം ആരാധകരായിരുന്നു.സാർത്രിന്റെ രചനകൾക്ക് കാമു നിരൂപണം എഴുതിയിരുന്നു.കാമുവിന്റെ ഔട്ട് സൈഡർ എന്ന നോവലിനെ ശ്ലാഘിച്ച് സാർത്ര് എഴുതിയിരുന്നു.കൂട്ടത്തിൽ പ്രായം കുറഞ്ഞ കാമു കോംബാറ്റ് എന്ന ഫ്രഞ്ച് മാസികയുടെ പത്രാധിപർ ആയപ്പോൾ,1945 ൽ ന്യൂയോർക്കിൽ അതിൻറെ ലേഖകൻ ആയിരുന്നു,സാർത്ര്.ഹെർബർട്ട് ഹൂവറുടെ ആതിഥ്യത്തിൽ ആയിരുന്നു,അവിടെ സാർത്ര്.ഇവരുടെ സൗഹൃദത്തെപ്പറ്റി പുസ്തകം എഴുതിയ റൊണാൾഡ്‌ ആറോൺസൺ,ബുവ്വയുടെ പുസ്തകത്തിൽ നിന്ന്,അവരുടെ ആദ്യ കാഴ്ച വിവരിക്കുന്നു:

[A] dark-skinned young man came up and introduced himself: it was Albert Camus." His novel The Stranger, published a year earlier, was a literary sensation, and his philosophical essay The Myth of Sisyphus had appeared six months previously. [Camus] wanted to meet the increasingly well-known novelist and philosopher—and now playwright—whose fiction he had reviewed years earlier and who had just published a long article on Camus's own books. It was a brief encounter. "I'm Camus," he said. Sartre immediately "found him a most likeable personality."

ഈ കൂടിക്കാഴ്ചയ്ക്ക് ഒരു കൊല്ലം മുൻപാണ് ഔട്ട് സൈഡർ വന്നത്.അത് സാഹിത്യ സംഭവമായിരുന്നു.ആറു മാസം മുൻപ് കാമുവിൻറെ തത്വ ചിന്താ പ്രബന്ധം,ദി മിത്ത് ഓഫ് സിസിഫസ് വന്നിരുന്നു.കാമുവിന് പ്രസിദ്ധനായ നോവലിസ്റ്റും ചിന്തകനുമായ സാർത്രിനെ കാണാൻ താൽപര്യമുണ്ടായിരുന്നു,ഇപ്പോൾ അദ്ദേഹം നാടക കൃത്തുമാണ്."ഞാൻ കാമു ",അദ്ദേഹം സ്വയം പരിചയപ്പെടുത്തി.സാർത്രിന് കാമുവിനെ ഇഷ്ടപ്പെട്ടു. 
അടുത്ത കാലത്ത് കാമു സാർത്രിന് എഴുതിയ രണ്ടു കത്തുകൾ പുറത്തു വരികയുണ്ടായി.ഒന്ന് ചെറുതും മറ്റൊന്ന് നീണ്ടതും.തർക്കിച്ചു പിരിയുന്നതിനു തൊട്ടു മുൻപ് വരെ അവർ സൗഹൃദത്തിലായിരുന്നു,എന്ന് കത്തുകൾ തെളിയിക്കുന്നു.



ചെറിയ കത്ത് 1943 -48 കാലത്തേതാണ്."താങ്കളും കാസ്റ്ററും ( ബുവ്വ ) ഒരുപാട് പണിയെടുക്കുന്നുണ്ടെന്ന് കരുതുന്നു:,കാമു എഴുതുന്നു,"എപ്പോൾ തിരിച്ചു വരുമെന്ന് അറിയിക്കുക ,നമുക്ക് ഒരു സായാഹ്നം സുഖമായിരിക്കാം".
രണ്ടാം ലോക യുദ്ധാനന്തരം,ഫ്രഞ്ച് ചിന്തയിലെ രണ്ടു ഭിന്ന പാതകളെ പ്രതിനിധാനം ചെയ്തു കൊണ്ടാണ്,ഇരുവരും പിരിയുന്നത്.സാർത്ര് യാഥാസ്ഥിതിക മാർക്സിസത്തിലേക്ക് പോയി.റഷ്യയിലെ ഉന്മൂലന ക്യാമ്പുകളെപ്പറ്റി അറിയാമായിരുന്നിട്ടും ,സാർത്ര് സ്റ്റാലിനൊപ്പം നിന്നു.വിപ്ലവം പറഞ്ഞുള്ള അക്രമത്തെ എതിർത്ത കാമു ,1951 ലെ റിബൽ എന്ന പുസ്തകത്തിൽ,വ്യക്‌തിയുടെ പോരാട്ടത്തിൽ ഊന്നി.യുദ്ധാനന്തരം,ഇ എം എസിനെപ്പോലെയൊക്കെ നിരന്തരം വരണ്ട പ്രബന്ധങ്ങൾ പടയ്ക്കുകയായിരുന്നു,സാർത്ര്.കാമുവാകട്ടെ,കൃത്യതയിൽ ശ്രദ്ധിച്ചു;പൊതു ആവിഷ്കാരത്തിന്റെ പ്രസക്തിയിൽ സംശയാലുവായി.സാർത്ര് കാമുവിനെ സന്യാസി എന്ന് ഇകഴ്ത്തി.ഭാഷയെ സംബന്ധിച്ച് തന്നെ ആകുലനായ കാമുവിനെയാണ്,നാം കാണുന്നത്."ഒരു ക്രമത്തിൽ വിശ്വസിക്കാനുള്ള പ്രായം എനിക്കായിട്ടില്ല" എന്ന് ന്യൂയോർക്കിൽ ഒരു സദസ്സിനെ കാമു അറിയിച്ചു .
രാഷ്ട്രീയ ക്രമത്തിൽ നിന്ന് സംശയിച്ച് അകലുകയും.മാർക്സിസത്തിൻറെ പ്രയോഗ വാദത്തെ ( praxis ) തള്ളുകയും ചെയ്യുകയാണ്,റിബൽ.കേരളത്തിൽ സി ജെ തോമസിനെ കമ്യുണിസത്തിൽ നിന്ന് അകറ്റിയ പുസ്തകം.സാർത്ര്,കാമു എന്നിവരെ അകറ്റിയതിന് അടിസ്ഥാന കാഴ്ചപ്പാടിൽ വന്ന മാറ്റത്തിനൊപ്പം,ഇരുവർക്കും താൽപര്യം തോന്നിയ ഒരു സ്ത്രീക്കും പങ്കുണ്ട് .വാൻഡ കൊസാകീവിസിനോട് ഇരുവർക്കും താൽപര്യം 
ജനിച്ചത്,വിച്ഛേദത്തിന് വളരെ മുൻപാണ്.


വാൻഡ റിഹേഴ്സലിൽ 
ഉക്രൈൻകാരിയായ വാൻഡ ( 1917 -1989 ) നാല്പതുകളിൽ ഫ്രഞ്ച് നാടക ലോകത്തെ നടിയായിരുന്നു.ബുവ്വയുടെ ശിഷ്യ ഓൾഗ കൊസാകീവിസിന്റെ സഹോദരി..ഇവർ സാർത്ര് എഴുതിയ കത്തുകളിൽ വാൻഡ ആയും ബുവ്വയുടെ കത്തുകളിൽ ടാനിയ ആയും വരുന്നു.സാർത്രിന്റെ നാടകത്തിൽ നടി .കാമുവുമായുള്ള നീരസത്തിനു കാരണങ്ങളിൽ ഒന്ന് ഇവരാണെന്ന് സാർത്ര് എഴുതിയിട്ടുണ്ട്.ഇവർക്ക് ഇരുവരുമായുണ്ടായിരുന്ന ബന്ധം,ആൻഡി മാർട്ടിൻ എഴുതിയ The Boxer and the Goalkeeper എന്ന പുസ്തകത്തിൽ വിഷയമാണ്.രണ്ടു തത്വ ചിന്തകരും സ്ത്രീകളെ വീഴ്ത്താൻ തുനിഞ്ഞറങ്ങിയവർ ആയിരിക്കെത്തന്നെ,തത്വ ചിന്തകരിലെ ചലച്ചിത്ര താരമായിരുന്നു ,കാമു.സാർത്രിന്,സ്ത്രീയെ വശീകരിക്കാൻ,സ്വന്തം മുഖം വച്ച്,പാടു പെടേണ്ടിയിരുന്നു.
ഓൾഗ 
കാമു രംഗത്ത് എത്തും മുൻപേ സാർത്ര്,വാൻഡയുമായി ബന്ധം തുടങ്ങിയിരുന്നു.ബുവ്വയുടെ ശിഷ്യയും വാൻഡയുടെ ചേച്ചിയുമായ ഓൾഗയോട്  സാർത്രിന് താല്പര്യമുണ്ടായിരുന്നു .1935 ലാണ് 19 വയസുള്ള ഓൾഗ ഈ കൂട്ടുകെട്ടിൽ എത്തുന്നത് .ഓൾഗയെ ബുവ്വ സാർത്രിനായി വശീകരിച്ചെങ്കിലും,അദ്ദേഹത്തിൻറെ നോവലുകളിലും നാടകത്തിലുമേ ഓൾഗ വന്നുള്ളൂ -കിടക്കയിലെത്താൻ അവർ വിസമ്മതിച്ചു.ഓൾഗ സാർത്രിന്റെ പൂർത്തീകരിക്കാനാകാത്ത അഭിലാഷ ബിംബമാണെന്ന് ഇരുവരുടെയും സുഹൃത്തായ മനഃശാസ്ത്രജ്ഞൻ ഴാക്വസ് ലകാൻ പറയുകയുണ്ടായി.ഓൾഗയും വാൻഡയും ചേർന്ന ഒരു രൂപമാണ് ബുവ്വ അവർ 1943 ൽ എഴുതിയ ആദ്യ നോവൽ , She Came to Stay -ൽ കാണുന്നത്.
ഓൾഗയെ കിട്ടാത്തതിനാൽ  1937 ൽ പാരിസിൽ എത്തിയ അനുജത്തിയിൽ സാർത്ര് ശ്രദ്ധ കേന്ദ്രീകരിച്ചു.വിരൂപൻ,കഷണ്ടി,വൃത്തിയില്ലാത്തവൻ,സദാ പുക വലിക്കുന്നവൻ -സ്ത്രീ ഇഷ്ടപ്പെടുന്നതൊന്നും സാർത്രിൽ ഉണ്ടായിരുന്നില്ല.സാർത്രിന് വാൻഡയുമായുള്ള ബന്ധം നന്നായി പോയില്ല.അവർക്ക് ഒരു തുമ്പിയുടെ ബുദ്ധിയേയുള്ളു എന്ന് സാർത്രിന് തോന്നുകയും അത് അവരോട് പറയുകയും ചെയ്തു.ലൈംഗികത എന്തെന്ന് അറിയില്ല എന്ന് അവർ പറഞ്ഞപ്പോൾ സാർത്ര് പഠിപ്പിക്കാമെന്നേറ്റു.ആദ്യം ചുംബിച്ച് കിടക്ക വരെ എത്തിയപ്പോൾ,അവർ കുളിമുറിയിൽ കയറി രക്ഷപ്പെട്ടു .രണ്ടു കൊല്ലം നടത്തിച്ച ശേഷം,തെക്കൻ ഫ്രാൻസിലെ ഒരു ഹോട്ടലിൽ അവർ സാർത്രിന് വഴങ്ങി.എന്നാൽ അവർ അയാളെ വെറുത്തു.സംഭവം മുഴുവൻ അന്ന് തന്നെ സാർത്ര് ബുവ്വക്കെഴുതിയതിലും വാൻഡയുടെ  ഈ വെറുപ്പ് കാണാം.നോവൽ ത്രയം വാൻഡയ്ക്ക് സമർപ്പിച്ച സാർത്ര്,വാൻഡയ്‌ക്കൊപ്പം ജീവിക്കാൻ ബുവ്വയെ ഉപേക്ഷിക്കുമെന്ന്,വാൻഡയ്ക്ക് ഉറപ്പു നൽകി.1943 ൽ Flies നാടകത്തിൽ ചെറിയ വേഷം നൽകി.അടുത്ത കൊല്ലം No Exit ലും.അവിടന്നാണ്,കാമുവിൻറെ സാന്നിധ്യം കാരണം പ്രശ്‍നം പുകഞ്ഞത്.കാമുവിനെയും വാൻഡയെയും സാർത്ര് ഒരു മുറിയിൽ താമസിപ്പിച്ചു .രണ്ടു പെണ്ണുങ്ങളും ഒരു പുരുഷനുമാണ്,നാടകത്തിൽ."മറ്റുള്ളവരാണ് നരകം " എന്ന് സാർത്ര് എഴുതിയതും ഈ നാടകത്തിലാണ്.
അൾജീരിയയിൽ ജനിക്കുകയും അവിടന്ന് എഴുതുകയും ചെയ്ത കാമുവിൻറെ ഔട്ട് സൈഡറിനെപ്പറ്റി സാർത്ര് 20 പേജ് പ്രബന്ധം എഴുതിക്കഴിഞ്ഞിരുന്നു.1943 ൽ ഇരുവരും കണ്ടുമുട്ടി കഫെ ദെ ഫ്ളോറെയിൽ സംസാരിച്ചു കൊണ്ടിരിക്കെ,അൾജിയേഴ്‌സിൽ നാടകങ്ങൾ സംവിധാനം ചെയ്ത കാര്യം കാമു,സാർത്രിനോട് പറഞ്ഞു;No Exit സംവിധാനം ചെയ്യാൻ കാമുവിനെ സാർത്ര് ക്ഷണിച്ചു -അവിടന്നാണ് സൗഹൃദം തുടങ്ങിയത്.അവർ അടുത്ത ഹോട്ടൽ ലൂസിയാനയിൽ ബുവ്വയുടെ മുറിയിൽ പോയി നാടകം വായിച്ചു.വാൻഡ റിഹേഴ്സലിനു വന്നു.അതോടെ വാൻഡ സാർത്രിന് നഷ്ടപ്പെട്ടു.പുതുതായി വന്ന ചെക്കൻ കാമുകിയെ റാഞ്ചി.അവർ സാർത്രിന് മുന്നിൽ നൃത്തം വച്ചപ്പോൾ,700 പേജ് ബുദ്ധിപരമായ സ്വയംഭോഗം,Being and Nothingness വെന്തു വെണ്ണീറായി.മരിയ കാസറസ് എന്ന നടി വന്നപ്പോൾ,കാമു വാൻഡയെ വിട്ട് സാർത്രിനെ ആശ്വസിപ്പിച്ചു.
അന്ന് വാൻഡ,കാമുവിനൊപ്പം പോയപ്പോൾ.സാർത്ര്,ബുവ്വക്കെഴുതി:"കാമുവിൻറെ പിന്നാലെ പോയപ്പോൾ,അവൾ എന്താണ് ചെയ്തത്?അയാളിൽ നിന്ന് എന്താണ് വേണ്ടത്?ഞാനല്ലേ ഭേദം ?"
വലിയ തത്വ ചിന്തകൻ ഉള്ളിൻറെ ഉള്ളിൽ നാലാംകിട മനുഷ്യനും ആകാം .
കാമു വിട്ട വാൻഡയെ സാർത്ര് തിരിച്ചെടുത്തു.


സാർത്രും കാമുവും 
ഇത് കഴിഞ്ഞും സൗഹൃദം നില നിന്നുവെന്നാണ്,2014 ൽ കിട്ടിയ,കാമു സാർത്രിന് 1951 വസന്തത്തിൽ എഴുതിയ കത്ത് തെളിയിക്കുന്നത്.ഇത് Rebel വരുന്നതിനു തൊട്ടു മുൻപാണ്.അത് കൊണ്ട് Rebel വരും വരെ സൗഹൃദം നില നിന്നെന്നും,പെണ്ണിൽ തുടങ്ങിയ നീരസം തത്വങ്ങളിൽ പൊട്ടിത്തെറിച്ചെന്നും കരുതണം.
എഴുപതുകളിൽ ഒരു ഓട്ടോഗ്രാഫ് ശേഖരണക്കാരൻ കൈവശപ്പെടുത്തി,ഫയർ പ്ളേസിനു മുകളിൽ ഫ്രെയിം ചെയ്തു സൂക്ഷിച്ചതാണ്,ഈ കത്ത്.ഇത് ലെ പാസ് സേജ് ബുക്ക് സ്റ്റോറിലെത്തി,കാമുവുമായി ബന്ധപ്പെട്ടതെല്ലാം ശേഖരിക്കുന്ന ഒരു ഫ്രഞ്ചുകാരന് വിൽക്കുകയായിരുന്നു.:ഞാൻ ഹസ്തദാനം ചെയ്യുന്നു" എന്ന് പറഞ്ഞാണ് കത്തു തുടങ്ങുന്നത്.അമിൻഡ വാൾസ് എന്ന നടിയെ കാമു സാർത്രിന്റെ പുതിയ നാടകത്തിന് ശുപാർശ ചെയ്യുന്നു.ഇവർ ഫ്രഞ്ച് നടിയും കാമുവിൻറെ മുൻ കാമുകിയുമായ മരിയ കാസറസിൻറെ കൂട്ടുകാരിയാണ്."ഇവർ സ്പാനിഷ് റിപ്പബ്ലിക്കനും മാനവരാശിയുടെ വിസ്മയവും" ആണെന്ന് കാമു എഴുതുന്നു.സാർത്ര് The Devil and the Good Lord വേദിയിൽ എത്തിക്കാൻ ശ്രമിക്കുകയായിരുന്നു.ഹിൽഡയുടെ വേഷം മരിയയ്ക്ക് കിട്ടി.കാമു ശുപാർശ ചെയ്ത നടിക്ക് വേഷം ഉണ്ടായില്ല.റു മദാമിലെ ഫ്ലാറ്റിൽ നിന്നാണ് കത്തെഴുതുന്നതെന്ന് കാമു പറയുന്നു.1950 -54 ൽ ഇവിടെയാണ്,കാമു ജീവിച്ചിരുന്നത്.
ജർമനി ഫ്രാൻസ് കീഴടക്കിയ കാലത്താണ്,അൾജിയേഴ്‌സിൽ നിന്ന് കാമു ഫ്രാൻസിൽ എത്തിയത് .പാരീസ് സ്വതന്ത്രമായപ്പോൾ,അതിനായി നില കൊണ്ട ഇരുവരും പ്രസിദ്ധരായി.ശീതയുദ്ധ കാലത്താണ്,വിച്ഛേദം.Rebel വന്ന ശേഷം,സാർത്ര്,കാമുവിന് തുറന്ന കത്തെഴുതി:""പ്രിയപ്പെട്ട കാമു,നമ്മുടെ സൗഹൃദം എളുപ്പമായിരുന്നില്ല,എന്നാലും അത് ഞാൻ മിസ് ചെയ്യും".ചിന്താപരമായ പാപ്പരത്തം സാർത്ര്,കാമുവിൽ ആരോപിച്ചു..ഇരുവരും തമ്മിൽ നടന്ന കത്തിടപാടുകൾ സാർത്ര് നശിപ്പിച്ചു.1952 വേനലിൽ,സൗഹൃദം വരണ്ടു.15 കൊല്ലം കഴിഞ്ഞ്,സാർത്രിന് 70 വയസുള്ളപ്പോൾ,സ്വന്തം മാസികയായ ലെ ടെംപസ് മോഡേണെ യിൽ വന്ന അഭിമുഖത്തിൽ ഈ വിഛേദത്തെപ്പറ്റി ചോദ്യമുണ്ടായി.സാർത്ര് പറഞ്ഞു:"മിക്കവാറും കാമുവായിരുന്നിരിക്കും എൻറെ അവസാനത്തെ നല്ല സുഹൃത്ത്".


Saturday, 22 June 2019

സാഗ ക്രൈസ്റ്റ് എന്ന വ്യാജ രാജാവ്

വ്യാജ എത്യോപ്യൻ കിരീടാവകാശി ചിത്രത്തിൽ 

ഴിഞ്ഞ കൊല്ലവും 20 വർഷം മുൻപും ലേലം ചെയ്ത ഒരു മിനിയേച്ചർ പോർട്രെയ്റ്റ്,ആരുടെതെന്ന് അത് ചെയ്ത ക്രിസ്റ്റീസ്,സോത്‌ബീസ് സ്ഥാപനങ്ങൾക്ക്,അറിയുമായിരുന്നില്ല.ചിത്രത്തിൽ ഉള്ളത് കറുത്ത വർഗ്ഗക്കക്കാരനാണ്.ഉത്തര ആഫ്രിക്കൻ,അബിസിനിയക്കാരനാകാം എന്ന് മാത്രമാണ് കാറ്റലോഗിൽ പറഞ്ഞത്.1635 ലേതാണ് ചിത്രം.ഒരു യൂറോപ്യൻ മിനിയേച്ചറിലെ ആദ്യ കറുത്ത വർഗക്കാരൻ.
ഇപ്പോൾ ചിത്രത്തിലെ രൂപം,വ്യാജ എത്യോപ്യൻ കിരീടാവകാശി സാഗ ക്രൈസ്റ്റ് ആണെന്ന് കണ്ടെത്തി.ബി ബി സി യിൽ ഫേക്ക് ഓർ ഫോർച്യൂൺ പരിപാടിയുടെ സഹ അവതാരകൻ ആയ  ഫിലിപ് മോൾഡ് ആണ് ആളെ കണ്ടെത്തിയത്.ചിത്രകാരിയുടെ  ഒപ്പ് എത്യോപ്യനിൽ കണ്ടത്,ജിയോവന്ന ഗർസോണി എന്ന് വായിക്കാനായതാണ് കുരുക്കഴിച്ചത്.പതിനേഴാം നൂറ്റാണ്ടിലെ പ്രമുഖ ഇറ്റാലിയൻ ചിത്രകാരിയായിരുന്നു,അവർ.കന്യകയായിരിക്കുമെന്ന് പ്രതിജ്ഞ എടുത്ത അവർ പഠനത്തിനായി യൂറോപ്പിൽ ഉടനീളം സഞ്ചരിച്ചു.1622 ൽ വെനീസിലെ പോർട്രെയ്റ്റ് ചിത്രകാരൻ ടിബെര്യോ ടിനെല്ലിയെ വിവാഹം ചെയ്‌തെന്നും കന്യകാ വ്രതത്താൽ അത് അധികം നീണ്ടില്ലെന്നും പറയപ്പെടുന്നു.

ജിയോവാന ഗർസോണി 
ഇറ്റലിയിലേക്ക് പോയ കറുത്ത വർഗക്കാരനെ തിരിച്ചറിയുകയായിരുന്നു,അടുത്ത പടി.ഫ്രാൻസിലെയും ഇറ്റലിയിലെയും കൊട്ടാരങ്ങളിൽ,എത്യോപ്യയിൽ കൊല ചെയ്യപ്പെട്ട ജേക്കബ് രാജാവിൻറെ മകൻ സാഗ ക്രൈസ്റ്റ് എന്നു അവകാശപ്പെട്ട് കടന്നു ചെന്നതായിരുന്നു,ഇയാൾ.ഒട്ടകപ്പുറത്ത് മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ട് പലയിടത്തും  പോയി  ഇറ്റലിയിൽ എത്തിയ ഇയാളെ,കർദിനാൾ റിച്ചലിയുവും മാർപാപ്പ ഊർബൻ എട്ടാമനും  സ്വീകരിച്ചു.പലരും സാഗയുടെ അവകാശവാദം തള്ളി;ചിലർ രാജകുമാരന്മാർക്കിടയിൽ മനസ്സും ശരീരവും കൊണ്ട് ഇയാൾ തിളങ്ങി എന്ന് പുകഴ്ത്തി.


1610 ൽ ജനിച്ച സാഗ ക്രൈസ്റ്റ്  അഥവാ സഗ്ഗാ ക്രസ്‌തോസ്,സുഡാൻ,ഈജിപ്ത്,പലസ്തിൻ,ഗ്രീസ് എന്നിവിടങ്ങളിലും എത്തി.
ഫ്രാൻസിസ്കൻ സന്യാസിനി കാറ്ററീന മാസ്സിമിയുമായി പ്രണയത്തിലായി.1633 -37 ൽ സ്വന്തം രക്തത്തിൽ പരസ്പരം എഴുതിയ കത്തുകൾ,ഫ്രാൻസിൽ പ്ലൂറിസി വന്ന് 28 വയസ്സിൽ സാഗ മരിച്ച ശേഷം കണ്ടു കിട്ടി.മരണ ശേഷം,ഇയാൾക്ക് എത്യോപ്യൻ രാജ വംശവുമായി ബന്ധമില്ലെന്ന് എത്യോപ്യയിലെ കത്തോലിക്കാ പാത്രിയർകീസ് അഫോൻസോ മെൻഡസ് എഴുതി.1606 ൽ തന്നെ,സുസൻയോസ്,ജേക്കബ് രാജാവിനെ കൊന്നതിനാൽ,1610 ൽ ജേക്കബിന് മകൻ ഉണ്ടാകുന്ന പ്രശ്നമില്ല.സാഗ  ക്രിസ്ത്യാനി ആയിരുന്നു.അമ്മയുടെ പേര് നസ്റീന എന്നായിരുന്നു.കൊസ്മെ എന്ന സഹോദരൻ ഉണ്ടായിരുന്നു.അച്ഛൻ രാജാവ് കൊല്ലപ്പെട്ടപ്പോൾ സ്വർണം പകുത്ത് ഇരുവരും സ്ഥലം വിടാൻ അമ്മ പറഞ്ഞെന്ന് 1629 ൽ ഇയാൾ അവകാശപ്പെട്ടു.സഹോദരൻ കേപ്പ് ഓഫ് ഗുഡ് ഹോപ്പിലേക്കു പോയത്രെ.സാഗയെ സെന്നാർ രാജ്യത്ത് ഓർബത് രാജാവ് സ്വീകരിച്ചെന്നും പിന്നീട് രാജകുമാരിയെ കെട്ടുന്നതുമായി ബന്ധപ്പെട്ട് രാജാവുമായി തെറ്റി കെയ്‌റോയിൽ എത്തിയെന്നും പറയുന്നു.അവിടന്ന് 1632 ൽ ജറുസലേമിൽ എത്തി,അവിടെ ഫാ.പോൾ ഡി ലാൻഡ്,സാഗയെ കത്തോലിക്കാ സഭയിലേക്ക് സ്വീകരിച്ചു.1632 -34 ൽ റോമിലായിരുന്നു.എത്യോപ്യയിൽ സുവിശേഷ കേന്ദ്രം സ്ഥാപിക്കുക,രാജ്യം തിരിച്ചു പിടിക്കുക തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു.അവിടന്ന് ഇംഗ്ലണ്ടിലേക്ക് പോകാനുള്ള പരിപാടി നടന്നില്ല.ട്യൂറിനിലേക്കും അവിടന്ന് ഫ്രാന്സിലേക്കും വച്ചു പിടിച്ചു.എത്യോപ്യയിലേക്ക് ഇനിയില്ലെന്ന് പ്രഖ്യാപിച്ചു.സഹായി ഇഗ്‌നാസ്യോയോട് നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു;അയാൾ വഴി മദ്ധ്യേ മരിച്ചു.ഫ്രഞ്ച് രാജാവ് സാഗയെ താമസിപ്പിച്ചു.1638 ഏപ്രിൽ 22 ന് മരിച്ച ശേഷം,പോർച്ചുഗലിലെ ഒരു രാജകുമാരൻറെ കല്ലറയ്ക്കടുത്ത് അടക്കി.റുവാലിലെ കല്ലറയിൽ ഇങ്ങനെ രേഖപ്പെടുത്തി:

ഇവിടെ എത്യോപ്യൻ രാജാവ് ശയിക്കുന്നു ,
സാക്ഷാൽ,അല്ലെങ്കിൽ ,പകർപ്പ് 

ചിത്രം 57 മില്ലി മീറ്റർ മാത്രം.ഇതിന് 5000 -8000 പൗണ്ട് കിട്ടുമെന്നാണ് 2018 ഡിസംബറിൽ സോത്‌ബീസ് കണക്കാക്കിയത്.അതിപ്പോൾ 55000 ( 48 ലക്ഷം രൂപ ) ആയി.ഇതിനി രണ്ടര ലക്ഷം വരെ പോകാം.

ഡാവിഞ്ചി -കണ്ണും മുടിയും ശിൽപവും

ഡാവിഞ്ചിയുടെ ഒരു കണ്ണ് വലുതായിരുന്നു 


വെറും പരന്ന ഉപരിതലത്തിൽ ഡാവിഞ്ചി കൃത്യതയോടെ ദൂരവും വസ്തുക്കളുടെ അഗാധതയും വരച്ചത് അപൂർവമായ ഒരു കണ്ണവസ്ഥ മൂലമായിരുന്നു എന്ന് ഗവേഷണ ഫലം. Exotropia എന്ന ഈ അവസ്ഥയിൽ, ഒരു കണ്ണ് വല്ലാതെ പുറത്തേക്ക് തുറിച്ചിരിക്കും. ആധുനികകാലത്ത് ഈ അവസ്ഥയുണ്ടായിരുന്നയാളാണ്, ഇരുപതാം നൂറ്റാണ്ടിനെ ചിന്ത കൊണ്ട് ഇളക്കി മറിച്ച ഴാങ് പോൾ സാർത്ര്. ജെ എ എം എ ഓഫ്‍താൽമോളജിയിലാണ് ഫലം വന്നത്. അദ്ദേഹത്തിൻറെ ചിത്രങ്ങളിലെല്ലാം വരച്ച ആളുടെ കണ്ണുകൾ വ്യത്യസ്ത ദിശകളിൽ സഞ്ചരിച്ചത് കാണാമെന്ന് ലണ്ടൻ സർവകലാശാല പ്രൊഫസർ ക്രിസ്റ്റഫർ ടൈലർ പറയുന്നു. സാൻഫ്രാൻസിസ്കോ ഐ ഇൻസ്റ്റിട്യൂട്ടിലും പ്രൊഫസറാണ്.
സാൽവറ്റോർ മുണ്ടിയിലെ കണ്ണ് -Exotropia 

ഡാവിഞ്ചിയെ കാണിക്കുന്നതായി കരുതുന്ന ആറ് ചിത്ര/ശില്പങ്ങൾ ഉണ്ട്. രണ്ട് ശിൽപ്പം, രണ്ട് എണ്ണച്ചായ ചിത്രങ്ങൾ, രണ്ട് രേഖാ ചിത്രങ്ങൾ. ഇവയിൽ കണ്ണുകൾ പുറത്തേക്ക് തള്ളി നില്കുന്നത് കാണാം. ഇവ സെൽഫ് പോർട്രെയ്റ്റുകൾ അല്ല..എന്നാൽ ഏതു പോർട്രെയ്റ്റും സ്വന്തം ചിത്രം കൂടി ആയിരിക്കണമെന്ന് ഡാവിഞ്ചി എഴുതി. ഓരോന്നിലും കൃഷ്ണമണി, മിഴി പടലം, കൺ പോള എന്നിവയിൽ വൃത്തങ്ങൾ വരച്ച് പ്രൊഫസർ അവയുടെ സ്ഥാനം രേഖപ്പെടുത്തി. അളവുകൾ കോണുകളാക്കി മാറ്റി. വിശ്രമിക്കുമ്പോൾ ഒരു കണ്ണ് -10 .3 ഡിഗ്രി പുറത്തേക്ക് തുറിച്ചിരിക്കുന്നു. ഫോക്കസ് ചെയ്യുമ്പോൾ ഡാവിഞ്ചിക്ക് അത് നേരെ കൊണ്ട് വരാം. ഇടതു കണ്ണിനായിരുന്നു ഈ നില എന്ന് പ്രൊഫസർ കരുതുന്നു. ലോക ജനസംഖ്യയിൽ ഒരു ശതമാനത്തിലേ ഇത് കാണാറുള്ളു.

ഡേവിഡ് ശില്പത്തിൻറെ കണ്ണ് 
ഡാവിഞ്ചിയെ ഇത് ലോകത്തെ വേറിട്ട് കാണാൻ സഹായിച്ചു. നാം ത്രിമാനമെന്നു കാണുന്നത് ഡാവിഞ്ചിക്ക് പര ന്നതായിരുന്നു. ഇത് വസ്തുക്കളെ കാൻവാസിൽ കൂടുതൽ കൃത്യതയുള്ളതാക്കി. ഷെയ്‌ഡിങ് അപാരമാക്കി. റെംബ്രാൻഡ്, എഡ്‌ഗാർ ദേഗാസ്, പിക്കാസോ എന്നിവർക്കും രണ്ടു കണ്ണുകളും തമ്മിൽ പൊരുത്തപ്പെടൽ പ്രശ്‍നം ഉണ്ടായിരുന്നു. ഡാവിഞ്ചിയുടെ ചിത്രങ്ങളിലെ കൃഷ്ണമണികളുടെ വ്യത്യസ്ത ദിശയും വലിപ്പവും anisocoria ആണെന്ന് വ്യാഖ്യാനിക്കപ്പെടാമെങ്കിലും സാധ്യത കുറവാണെന്ന് പ്രൊഫസർ കാണുന്നു. തൻറെ ഒരു കണ്ണ് കൂടുതൽ കാണുന്നു എന്ന് ഡാവിഞ്ചി കാണിച്ചതാകാം.

ബോധം കെട്ട്  ഡാവിഞ്ചിയുടെ ഒരു കൈ മടങ്ങി 

ജീവിതാ വസാനത്തിൽ ബോധരഹിതനായി വീണ് വലതു  കണങ്കൈ മടങ്ങിയത് കൊണ്ടാണ്  ഡാവിഞ്ചിക്ക് മൊണാലിസ എന്ന മാസ്റ്റർ പീസ് പൂർത്തിയാക്കാൻ ആകാതിരുന്നതെന്ന് പുതിയ ഗവേഷണ പ്രബന്ധം വെളിവാക്കുന്നു. ഇതുകൊണ്ട് അദ്ദേഹത്തിന് പാലറ്റും ബ്രഷും പിടിക്കാനാകാതെയായി. ഇതുവരെ കരുതിയിരുന്നത് അദ്ദഹത്തിന് പക്ഷാഘാതമുണ്ടായി വലതുവശം തളർന്നതാണ് കാരണം എന്നാണ്. രണ്ടു കൈയും ഉപയോഗിക്കാൻ കഴിയുന്നയാളായിരുന്നു, ഡാവിഞ്ചി. ഇടതുകൈ കൊണ്ട് എഴുതുകയും വരയ്ക്കുകയും ചെയ്യുമെങ്കിലും, പെയിന്റ് ചെയ്തിരുന്നത് വലതു കൈ കൊണ്ടാണ്. ചുവന്ന ചോക്ക് കൊണ്ട് ജിയോവാനി അംബ്രോഗ്യോ ഫിജിനോ വരച്ച ഡാവിഞ്ചിയുടെ ചിത്രമാണ്, റോമിലെ പ്ലാസ്റ്റിക് സർജൻ ഡേവിഡ് ലാസെറി, ന്യൂറോ സ്പെഷ്യലിസ്റ്റ് കാർലോ റോസ്സി എന്നിവർ പഠനത്തിനെടുത്തത്. ഇതിൽ വലതു കൈ ഒരു സ്ലിങിൽ ഇട്ട പോലെ കാണാം. പ്രബന്ധം , റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ജേർണലിൽ പ്രസിദ്ധീകരിച്ചു.


(ഈ ചിത്രം ഡാവിഞ്ചിയുടെ പോർട്രെയ്റ്റ് ആയി കരുതാത്തവരുമുണ്ട് ). ഈ ചിത്രവും ഡാവിഞ്ചിയുടെ ജീവിതവും ഒത്തുനോക്കുകയാണ് ഗവേഷകർ ചെയ്തത്.
ഒരു ബാൻഡേജ് പോലെ തുണിയിൽ പൊതിഞ്ഞിരിക്കുകയാണ്, ഡാവിഞ്ചിയുടെ കൈ.അത് ഉൾവലിഞ്ഞ് മുറുക്കത്തിലാണ്. Right hemiparesis എന്ന, ആഘാതം കൊണ്ടുണ്ടാകുന്ന തളർച്ചയാണ് ഇതെന്ന് കരുതിപ്പോന്നു. ഡാവിഞ്ചി സസ്യഭുക്ക് ആയതിനാൽ കൊളസ്‌ട്രോൾ കൂടിയിട്ടായിരിക്കും ആഘാതം വന്നിരിക്കുക എന്നും കരുതി.സസ്യഭുക്കുക ക്ഷീരോല്പന്നങ്ങൾ കൂടുതൽ കഴിച്ചേക്കാം. Dupuytren’s disease ആണിതെന്ന് വേറൊരു കൂട്ടം വാദിച്ചു. കൈയിന്റെ തൊലിക്കടിയിലെ അസ്ഥികോശങ്ങൾ കട്ടികൂടി മുറുകുന്ന അവസ്ഥ. എന്നാൽ ചുവന്ന ചോക്ക് ചിത്രത്തിൽ കൈ ചുരുട്ടിയ നിലയിൽ അല്ല. ആഘാതത്തിനു ശേഷമുള്ള തളർച്ചയിൽ ചുരുണ്ടു പോകും. കൈത്തണ്ടയും തള്ളവിരലും മടങ്ങിയിരിക്കുകയാണെന്ന് പ്രബന്ധം നിരീക്ഷിച്ചു. ഇത് 1505 ൽ മാർക്കന്റോണിയോ റെയ്മണ്ടി കൊത്തിയ ഡാവിഞ്ചി ചിത്രവുമായി താരതമ്യം ചെയ്തു. സ്വയം ഉണ്ടാക്കിയ ലിറ ഡി ബ്രേക്കിയോ എന്ന തന്ത്രി വാദ്യം വായിക്കുകയാണ് ഡാവിഞ്ചി. ഇതും വാസാരി ഡാവിഞ്ചിയെപ്പറ്റി എഴുതിയതും വച്ച്, Dupuytren’s disease അല്ല. അതിനാൽ ഒരു ബോധക്കേട് വലിയ വേദനയും ഞരമ്പിന് കേടും ഉണ്ടാക്കിയിരിക്കാം. തോളിൽ നിന്ന് ചെറുവിരൽ വരെയെത്തുന്ന ഉൾനാർ ഞരമ്പ് ആണ് കൈയിലെ പേശീ ചലനങ്ങൾക്കും പ്രതി ചലനങ്ങൾക്കും കാരണം. ഈ ഞരമ്പിന് തകരാർ വരുമ്പോഴാണ്, കൈ മടങ്ങുന്നത്.
അവസാന അഞ്ചു വർഷം അദ്ദേഹം പഠിപ്പിക്കുകയും ഇടതുകൈ കൊണ്ട് വരയ്ക്കുകയും ചെയ്തു; വലതു കൈ കൊണ്ട് ചിത്രം എഴുതിയില്ല – മൊണാലിസ അപൂര്ണമായി.

ഡാവിഞ്ചിയുടെ മുടി ഡി എൻ എ പരിശോധനയ്ക്ക് 

മേരിക്കയിലെ സ്വകാര്യ ശേഖരത്തിൽ നിന്ന് കിട്ടിയ  ഡാവിഞ്ചിയുടേത് എന്ന് കരുതുന്ന മുടിയിഴയിലെ ഡി എൻ എ  ഫ്രാൻസിലെ ഒരു ശവക്കല്ലറയിലെ അവശിഷ്ടങ്ങളുടേതുമായി ഒത്തു നോക്കും. മുടിച്ചുരുൾ 2019 മെയ് രണ്ടിന് ഡാവിഞ്ചിയുടെ 500 ചരമ വാർഷികത്തിൽ ടസ്കനിയിലെ നഗരമായ വിഞ്ചിയിലെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു .മുടിച്ചുരുൾ സൂക്ഷിച്ചിടത്ത് ഡാവിഞ്ചിയുടേത് എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് വച്ചു ഡി എൻ എ പഠിക്കാൻ പോകുന്നുവെന്ന് മ്യൂസിയം ഡയറക്ടർ അലസാൻഡ്രോ വെസോസി, ഡാവിഞ്ചി ഫൗണ്ടേഷൻ പ്രസിഡൻറ് അഗ്‌നീസ് സബാറ്റോ എന്നിവർ പറഞ്ഞു. ഡാവിഞ്ചിയുടെ അർധസഹോദരൻ ഡൊമിനിക്കോയുടെ 35 പുരുഷ പിൻഗാമികളുടെ വംശപരമ്പര ഇവർ 2016 ൽ ടസ്കനിയിൽ കണ്ടെത്തിയിരുന്നു. ഡാവിഞ്ചിയുടെ ഫ്രഞ്ച് കല്ലറയിൽ നിന്ന് എല്ലുകൾ കിട്ടിയിട്ടുണ്ട്. ഫ്രാൻസിലെ അംബോയ്‌സിലുള്ള ഭൗതികാവശിഷ്ടം അദ്ദേഹത്തിന്റേതാണോ എന്നും അറിയാം.

ഫ്രാൻസിലെ ലോയർ വാലിയിലെ അംബോയിസ് സെയിന്റ് ഫ്ലോറെൻറ്റൈൻ ചാപ്പലിലാണ് ഡാവിഞ്ചിയെ അടക്കം ചെയ്തിരുന്നത്. ചാപ്പൽ ഫ്രഞ്ച് വിപ്ലവത്തിൽ നശിച്ചിരുന്നു. എല്ലുകൾ അവിടന്ന് മാറ്റി അതേ വളപ്പിലെ സെയിന്റ് ഹുബെർട് എന്ന ചെറിയ ചാപ്പലിൽ അടക്കി. ഇവ ഡാവിഞ്ചിയുടേതാണെന്ന് ഊഹം മാത്രമേയുള്ളു. അവിവാഹിതനായ വക്കീലിൻറെ അവിഹിത സന്തതിയായിരുന്നു ഡാവിഞ്ചി. 64  വയസിൽ ഫ്രാൻസിലെ ഫ്രാൻസിസ് ഒന്നാമൻറെ സേവനത്തിന് അങ്ങോട്ട് പോവുകയായിരുന്നു.

ഡാവിഞ്ചിയുടെ രണ്ടാം ചിത്രം കിട്ടി 



ഡാവിഞ്ചി വിഷാദവാനും ചിന്താമഗ്നനുമായിരിക്കുന്ന പോർട്രെയ്റ്റ് കിട്ടി. അദ്ദേഹത്തിൻറെ ജീവിതകാലത്തെ അദ്ദേഹത്തിൻറെ രണ്ടാം ചിത്രം സ്റ്റുഡിയോ  സഹായിമാരിൽ ഒരാൾ വരച്ചതായിരിക്കാം. തിടുക്കത്തിൽ വരച്ച ചിത്രം രണ്ടാം എലിസബത്ത് രാജ്ഞിയുടെ വിപുലമായ ഡാവിഞ്ചി ശേഖരത്തിൽ ഉള്ളതാണ്. ആദ്യമായി ഇത്, ബക്കിങ്ങാം കൊട്ടാരത്തിൽ പ്രദർശിപ്പിച്ചു.
ഡാവിഞ്ചിയുടെ ഇതുവരെ കണ്ട ചിത്രം അദ്ദേഹത്തിൻറെ ജീവിതാന്ത്യത്തിൽ ശിഷ്യൻ ഫ്രാൻസിസ്‌കോ മെൽസി വരച്ചതാണ്. ഡാവിഞ്ചിയുടെ 500 ചരമവാർഷികം ലോകമാകെ ആചരിക്കുകയാണ്. ഇങ്ങനെ ഒരാൾ ലോകത്തുണ്ടായിട്ടില്ല – കലാകാരൻ,ശാസ്ത്രജ്ഞൻ, എഞ്ചിനീയർ, ഗണിതജ്ഞൻ, വാസ്‌തു ശിൽപി, വൈദ്യൻ, കാർട്ടോഗ്രാഫർ…. അങ്ങനെ അങ്ങനെ. 200 ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്. ഡാവിഞ്ചിയുടെ മുഖം വരച്ചിരിക്കുന്നത്, ഫ്രാൻസിലെ ഫ്രാൻസിസ് ഒന്നാമൻ രാജാവിന്  ഒരു കുതിരസ്മാരകം പണിയാൻ വേണ്ടി,കുതിരയുടെ കാൽ ഡാവിഞ്ചി വരച്ച കടലാസിൻറെ പുറത്താണ്. ഇതിനൊപ്പം ഒരു യുവാവിൻറെ ചിത്രവും സഹായി വരച്ചിട്ടുണ്ട്. 1517 -18 ൽ ഇത്തരം താടി സാധാരണമായിരുന്നില്ല. മെൽസി ചിത്രത്തിലെ താടിയും ഇത് പോലെ തന്നെ. അന്ന് 65 വയസുള്ള ഡാവിഞ്ചിക്ക് മരിക്കും എന്നറിയാമായിരുന്നു. വിഷാദമാകാം. ഇടതു കൈ തളർന്നതിനാൽ വരയ്ക്കാൻ കഴിയില്ലായിരുന്നു.

ഡാവിഞ്ചിയുടെ ഏക ശിൽപം ഇതാകാം 

റ്റലിയിലെ ഫ്ലോറൻസിൽ 2019 ൽ പ്രദർശിപ്പിച്ച  ‘കന്യയും ചിരിക്കുന്ന കുട്ടിയും’ (Virgin with the Laughing Child) എന്ന ടെറാക്കോട്ട ശിൽപം, ഡാവിഞ്ചിയുടെ അവശേഷിക്കുന്ന ഏക ശിൽപമാണെന്ന് നേപ്പിൾസിലെ ഫെഡറികോ സർവ കലാശാലാ കലാ ചരിത്ര പ്രൊഫസർ ഫ്രാൻസെസ്‌കോ കാഗ്ലിയോട്ടി അഭിപ്രായപ്പെട്ടു. ഇപ്പോൾ ഇവിടെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിലുള്ള ശിൽപം, അന്റോണിയോ റോസ്‌സെലിനോ ചെയ്‌തതാണെന്നാണ് കരുതിയിരുന്നത്.


ഡാവിഞ്ചി 1503ൽ ‘കന്യയും കുട്ടിയും വിശുദ്ധ ആനി  നൊപ്പം’ (The Virgin and the  Child with St Anne) എന്ന ചിത്രം വരച്ചിരുന്നു. അതിലെ ആനിന്റെ രൂപവുമായി ശിൽപത്തിനുള്ള സാമ്യം പോലെ ഒരുപാട് സൂക്ഷ്‌മ കാര്യങ്ങൾ ശിൽപം ഡാവിഞ്ചിയുടേതാണെന്ന് വിശദമാക്കുന്നുവെന്ന് കാഗ്ലിയോട്ടി’ലാ റിപ്പബ്ലിക്ക’യുമായുള്ള അഭിമുഖത്തിൽ നിരീക്ഷിച്ചു. വസ്ത്രങ്ങളും സൂചകങ്ങളാണ്.
വിശുദ്ധ ആനിയും മകൾ മേരിയും ഉണ്ണി യേശുവുമാണ് ചിത്രത്തിൽ.യേശു ,ബലിക്കുള്ള കുഞ്ഞാടിനെ പിടിച്ചിരിക്കുന്നു.ഫ്ലോറൻസ് പള്ളി അൾത്താരയ്ക്കുള്ള ചിത്രമായിരുന്നു,ഇത്.

Virgin and the Child with St Anne 
ഫ്രാൻസിലെ ലൂയി പന്ത്രണ്ടാമൻ,മകൾ ക്ലോദ് 1499ൽ പിറന്നപ്പോൾ ഡാവിഞ്ചിയോട് പറഞ്ഞു വരപ്പിച്ച ചിത്രമാണെന്നും കേൾവിയുണ്ട്.പക്ഷേ,അത് രാജാവിന് കൊടുത്തില്ല.ഇപ്പോൾ ഫ്രാൻസിലെ ലൂവ്രേ മ്യൂസിയത്തിലുള്ള ചിത്രത്തിൻറെ പിന്നിൽ 2008ൽ,ചില സ്‌കെച്ചുകൾ കണ്ടെത്തി.ഇങ്ങനെ ഒന്ന് ആദ്യമായിരുന്നു

മോഷ്‌ടിച്ച മൊണാലിസ 

ത്രയൊന്നും അറിയപ്പെടാതെ കിടന്ന ഡാവിഞ്ചിയുടെ മൊണാലിസ ചിത്രം,1911 ൽ വിൻസെൻസോ പെറു ഗിയ മോഷ്ടിച്ചതോടെയാണ് ലോക പ്രസിദ്ധമായത്.ലിയനാഡോ ഡാവിഞ്ചി 1507 ൽ വരച്ച 30 x 21 ഇഞ്ച് ചിത്രം,1860 കളിൽ ഫ്രഞ്ച് കലാവിമര്ശകർ പ്രകീർത്തിച്ചതോടെയാണ് അറിയപ്പെട്ടു തുടങ്ങിയത്.ലൂവ്രേ ഗാലറിയിൽ നിന്ന് ചിത്രം കാണാതായപ്പോൾ,അന്വേഷകർ വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയെ വരെ ചോദ്യം ചെയ്തു. പെറു ഗിയ  ഇറ്റലിക്കാരനായിരുന്നു . ഫ്രാൻസിലെ ലൂവ്രേ മ്യൂസിയത്തിൽ നിന്ന് , ‘മൊണാലിസ  മോഷ്ടിച്ചതാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കലാ പാതകം. ദേശാഭിമാന പ്രേരിതമായിരുന്നു ആ മോഷണമെന്ന് സിദ്ധാന്തമുണ്ട്. ഡാവിഞ്ചി ഇറ്റലിക്കാരനായിരുന്നല്ലോ.
എന്നാൽ, അതായിരുന്നോ കാരണം?

മൊണാലിസ, പെറുഗിയ 
ലൂവ്രേ യിൽ മുൻപ് ജോലി ചെയ്തിരുന്ന പെറു ഗിയ, 1911 ഓഗസ്റ്റ് 21 നാണ് ചിത്രം മോഷ്ടിച്ചത്. ചിത്രകാരന്മാർ അവർ ധരിക്കുന്ന വസ്ത്രത്തിനു പുറത്തായി ഇടുന്ന വെളുത്ത, ലൂസായ നീളൻ സ്മോക് അണിഞ്ഞാണ്, അയാൾ ജീവനക്കാർ കയറുന്ന വാതിലിലൂടെ, രാവിലെ ഏഴിന് കടന്നത്. ഇതായിരുന്നു ജീവനക്കാരുടെ യൂണിഫോം.
മൊണാലിസ ചിത്രമുണ്ടായിരുന്ന സലോൺ കാരെ യിൽ ആളൊഴിഞ്ഞപ്പോൾ അയാൾ ചിത്രം നാലു ഇരുമ്പു പെഗ് കളിൽ നിന്ന് അടർത്തി മാറ്റി, അടുത്ത കോവണിപ്പടിയിലേക്ക് കൊണ്ടു പോയി, അതിൻറെ ആവരണവും ഫ്രെയിമും നീക്കി. ഡാവിഞ്ചി മരത്തിൽ ചെയ്ത ചിത്രം, പെറു ഗിയ അയാളുടെ നീളൻ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു എന്നു പറഞ്ഞവരുണ്ട്. അയാൾക്ക് അഞ്ചടി മൂന്ന് ഇഞ്ചായിരുന്നു ഉയരം. ചിത്രം 21 x 30 ഇഞ്ച് ആണ്. അതു കൊണ്ട് വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കാൻ സാധ്യമല്ല. താൻ നീളം വസ്ത്രമഴിച്ചു അതു കൊണ്ടു ചിത്രം മൂടുകയായിരുന്നു എന്നാണ്, പെറു ഗിയ പറഞ്ഞത്. കക്ഷത്തിനടിയിൽ ചിത്രം  വച്ചു വന്ന വാതിലിലൂടെ അയാൾ പുറത്തു കടന്നു. പാരിസിലെ ഫ്ലാറ്റിൽ ചിത്രം സൂക്ഷിച്ചു. അവിടെയും പൊലീസ് എത്തിയിരുന്നു. മോഷണം നടന്ന നാൾ താൻ മറ്റൊരിടത്തായിരുന്നു എന്ന് അയാൾ പറഞ്ഞത്, പൊലീസ് വിശ്വസിച്ചു. രണ്ടു കൊല്ലം ട്രങ്കിൽ സൂക്ഷിച്ച ശേഷം ചിത്രം അയാൾ ഇറ്റലിയിലേക്ക് കടത്തി, ഫ്ലോറെൻസിലെ ഫ്ലാറ്റിൽ വച്ചു. അവിടത്തെ ആർട് ഗാലറി ഉടമയായ ആൽഫ്രഡോ ഗെറിയെ കണ്ടു.

ആൽഫ്രഡോ ഗെറി 
ചിത്രം ജന്മനാടിനു തിരികെ നൽകുന്നതിന് അയാൾ പാരിതോഷികം പ്രതീക്ഷിച്ചു. ഗെറി, ഉഫിസി ഗാലറി ഡയറക്ടർ ജിയോവാനി പോഗിയെ വിളിച്ചു വരുത്തി. ചിത്രം ഒറിജിനൽ ആണെന്ന് പോഗി സാക്ഷ്യപ്പെടുത്തി. ചിത്രം സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്‌ദാനം നൽകിയ അവർ പൊലീസിനെ വിളിച്ചു. ഹോട്ടൽ മുറിയിൽ പെറു ഗിയ അറസ്റ്റിലായി.
ചിത്രം ആഘോഷത്തോടെ ഇറ്റലി മുഴുവൻ പ്രദർശിപ്പിച്ച ശേഷം, 1913 ൽ ലൂവ്രേ ക്ക് തിരിച്ചു കൊടുത്തു. ചിത്രം വിഖ്യാതമായി.
ചെറിയ കാലം ജയിലിൽ കിടന്ന പെറു ഗിയ ഒന്നാം ലോക യുദ്ധത്തിൽ ഇറ്റാലിയൻ പട്ടാളത്തിൽ ചേർന്നു. വിവാഹിതനായ അയാൾ ഫ്രാൻസിലേക്കു മടങ്ങി, ചിത്രകാരനായി ജീവിച്ചു. അപ്പോൾ പേര് ജന്മ നാമമായ പീത്രോ പെറു ഗിയ എന്നായിരുന്നു.
1925 ഒക്ടോബർ എട്ടിന് അയാൾ മരിച്ചപ്പോൾ കാര്യമായി വാർത്ത വന്നില്ല. 1947 ൽ മറ്റൊരു വിൻസെൻസോ പെറു ഗിയ മരിച്ചപ്പോൾ തെറ്റായി വാർത്ത വന്നു.
നെപ്പോളിയൻ ചിത്രം മോഷ്ടിച്ചു എന്നാണത്രെ പെറു ഗിയ കരുതിയിരുന്നത്. അദ്ദേഹം ജനിക്കുന്നതിന് 250 വർഷം മുൻപ്, ഡാവിഞ്ചി ഫ്രഞ്ച് രാജാവ് ഫ്രാൻസിസ് ഒന്നാമന്റെ സദസിൽ അംഗമായപ്പോൾ, രാജാവിന് സമ്മാനമായി നൽകിയതാണ്, ചിത്രം.
ദേശാഭിമാന സിദ്ധാന്തം ഇപ്പോൾ ആരും വിശ്വസിക്കുന്നില്ല.അങ്ങനെയായിരുന്നെങ്കിൽ, ചിത്രം മ്യൂസിയത്തിന് സംഭാവന നൽകാമായിരുന്നു. മോഷണ ശേഷം, താൻ കോടീശ്വരനാകുമെന്ന് പെറു ഗിയ പിതാവിന് കത്തെഴുതിയിരുന്നു.
കോടതി ദേശാഭിമാന സിദ്ധാന്തം വിഴുങ്ങി ഒരു വർഷത്തെ തടവേ വിധിച്ചുള്ളൂ. അതിനു ശേഷം അയാൾ ദേശാഭിമാനി ആണെന്ന ആരവം ഇറ്റലി യിൽ മുഴങ്ങി. ഏഴു മാസത്തിനു ശേഷം അയാൾ പുറത്തിറങ്ങി.
പത്രപ്രവർത്തകൻ കാൾ ഡക്കർ 1932 ൽ എഴുതിയ ലേഖനത്തിൽ വേറൊരു തിയറി വന്നു: എഡ്വേർഡോ ഡി വാൽഫെർണോ ആസൂത്രണം ചെയ്തതായിരുന്നു മോഷണം.ചിത്രം പൊക്കിയ പെറു ഗിയയുടെ കൈയിൽ രണ്ടു കൊല്ലം ഇരുന്നു.ആ രണ്ടു വർഷം കൊണ്ട് എല്ലാ മനുഷ്യർക്കും അതു കണ്ടാൽ അറിയാമെന്നായി.
ചിത്രത്തിൻറെ 1962 ലെ ഇൻഷുറൻസ് മൂല്യം 100 മില്യൺ ഡോളർ (713 കോടി രൂപ )ആയിരുന്നു.ഇന്നത്തെ നിലയിൽ,822 മില്യൺ ഡോളർ (5863 കോടി രൂപ ).

കാണാതായ ഡാവിഞ്ചി സൗദി നൗകയിൽ 

ലോകത്തിലെ ഏറ്റവും വിലയുള്ള ചിത്രമായ ഡാവിഞ്ചിയുടെ സാൽവറ്റോർ മുണ്ടി സൗദി കിരീടാവകാശിയുടെ ഉല്ലാസ നൗകയായ സെറീനിൽ ഉണ്ടെന്ന് ഇവിടത്തെ ചിത്ര വ്യാപാരി കെന്നി ഷാക്റ്റർ കലാ വെബ് സൈറ്റ് ആയ ആർട്ട് ന്യൂസിൽ എഴുതി.2017 ൽ കിരീടാവകാശി സൽമാന് വേണ്ടി ഇടനിലക്കാർ വാങ്ങിയെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും അതിനു ശേഷം ഇത് പ്രത്യക്ഷപ്പെട്ടിട്ടില്ല. അതി വിശാലമാണ് നൗക.യേശു ഒരു കൈ കൊണ്ട് ലോകത്തെ അനുഗ്രഹിച്ച് മറു കൈയിൽ ഭൂഗോളം വഹിക്കുന്നതാണ്, ചിത്രം.സൗദി രാജകുമാരൻ ബദർ ബിൻ അബ്ദുല്ല ഇടനില നിന്ന് വാങ്ങി സൽമാന് നൽകുകയായിരുന്നു.പാരിസിലെ ലൂവ്രേ മ്യൂസിയം 2018 ഒക്ടോബറിൽ ഡാവിഞ്ചിയുടെ 500-ാo ചരമവാർഷികം പ്രമാണിച്ച് അദ്ദേഹത്തിൻറെ ചിത്രങ്ങളുടെ പ്രദർശനത്തിന് ഇത് വായ്പ ചോദിച്ചെങ്കിലും കിട്ടിയില്ല.


ചിത്രം 450 മില്യൺ ഡോളറിന് (3196 കോടി) ക്രിസ്റ്റീസ് ലേലത്തിൽ വിറ്റിരുന്നു. അത് വാങ്ങിച്ചയാളോട് ലൂവ്രേ, പ്രദർശനത്തിന് കടം ചോദിച്ചിട്ടുണ്ട്, ഉത്തരം കിട്ടിയിട്ടില്ല എന്നാണ് റിപ്പോർട്ട് അന്ന് വന്നത്.വാങ്ങിച്ചയാൾ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആണെന്ന് കരുതപ്പെടുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു ലേലത്തിനു ശേഷം, അബുദാബി സാംസ്‌കാരിക വകുപ്പ് വാങ്ങിയതായി അവകാശപ്പെട്ടിരുന്നു. അബുദാബി ലൂവ്രേ ഇതുവരെ അത് പ്രദർശിപ്പിച്ചിട്ടില്ല.
സെറീൻ നൗക 
ലേലം കഴിഞ്ഞ പാതിരയ്ക്ക് സൽമാൻറെ വിമാനത്തിൽ ഇത് കൊണ്ട് പോയി നൗകയിൽ എത്തിച്ചെന്നാണ്, കെന്നി എഴുതുന്നത്. കച്ചവടത്തിൽ ഇടപെട്ട രണ്ടു പേരെ ഉദ്ധരിച്ചാണ് ലേഖനം. കേടു വന്ന ചിത്രം ലേലത്തിന് മുൻപ് നന്നാക്കേണ്ടി വന്നുവെന്ന് കെന്നി പറയുന്നു.സൗദിയിലെ പൈതൃക കേന്ദ്രമായ അൽ ഉലയിലെ വികസന പദ്ധതി പൂർത്തിയാകുമ്പോൾ അങ്ങോട്ട് മാറ്റും.നൗക മെയ് 26 ന് ഈജിപ്തിലെ വിനോദ നഗരമായ ഷരം അൽ ഷെയ്ഖ് തീരം വിട്ട് ചെങ്കടലിൽ ആയിരുന്നു. കടൽകാറ്റ് ചിത്രത്തിന് പറ്റിയതല്ലെങ്കിലും സമ്പന്നർ നൗകകൾ ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കാറുണ്ട്. ബ്രിട്ടീഷ് വ്യവസായി ജോ ലൂയിസ് അദ്ദേഹത്തിൻറെ അവിവഎന്ന നൗകയിൽ ഫ്രാൻസിസ് ബേക്കന്റെ ട്രിപ്റ്റിക്ക് 1974 -77 വച്ചിരുന്നു. അതിന് വില 70 മില്യൺ ഡോളർ ( 485 കോടി ). 439 അടിയാണ് 500 മില്യൺ ഡോളറിന് ( 3466 കോടി ) വാങ്ങിയ സെറീൻ..

പിയറി ചെൻ 
ഒരു പൈസ പോലും മുടക്കാതെ,സാൽവറ്റോർ മുണ്ടി  ലേലത്തിന് ഇടനില നിന്ന തായ്‌വാൻ കോടീശ്വരൻ പിയറി ചെന്നിന് 135 മില്യൺ ഡോളർ ( 939 കോടി രൂപ ) കിട്ടി.ലോകത്തെ ഏറ്റവും വലിയ നോക്കു കൂലി.ലേലത്തിന് മുൻപ് ചിത്രത്തിന് നിശ്ചിത തുക വാഗ്‌ദാനം ചെയ്ത ഗ്യാരന്ററുടെ വേഷമായിരുന്നു,ചെന്നിന്;ലേലത്തുക അതിൽ കൂടിയാൽ,അതിൻറെ നിശ്ചിത ശതമാനം കിട്ടും എന്നാണ് വ്യവസ്ഥ.

Thursday, 20 June 2019

നിരാസം:സാർത്രും ടഗോറും

കെ ഒരാളേ ഇതുവരെ നൊബേൽ സമ്മാനം നിരാകരിച്ചിട്ടുള്ളു;ഫ്രഞ്ച് എഴുത്തുകാരനും ചിന്തകനുമായ ഴാങ് പോൾ സാർത്ര്.അത് 1964 ൽ ആയിരുന്നു.1958 ൽ റഷ്യൻ എഴുത്തുകാരൻ വ്ളാദിമിർ നബോക്കോവിന് പ്രഖ്യാപിച്ച നൊബേൽ സമ്മാനം വാങ്ങാൻ വിപ്ലവ ഭരണ കൂടം സമ്മതിച്ചില്ല.1964 ൽ സമ്മാനം സാർത്രിന് ആയേക്കാമെന്ന് ഒരു ഫ്രഞ്ച് പത്രം എഴുതിയപ്പോൾ,സാർത്ര് സ്വീഡിഷ് അക്കാദമിക്ക് കത്തെഴുതി -സമ്മാനം വേണ്ട.1964 ഒക്ടോബർ 14 നാണ് സാർത്ര് എഴുതിയത്.സമ്മാനം സെപ്റ്റംബർ 17 ന്  ചേർന്ന സമിതി യോഗം തീരുമാനിച്ചിരുന്നു.അതിനാൽ അത് പ്രഖ്യാപിച്ചു;സാർത്ര് പറഞ്ഞ പോലെ നിരാകരിച്ചു.
അക്കാദമി രേഖകൾ 50 വർഷം രഹസ്യമാക്കി വയ്ക്കും.സാർത്രിന്റെ കത്ത് 2015 ൽ പുറത്തു വിട്ടപ്പോഴാണ്,കാലക്രമം അറിഞ്ഞത്.
"ആശയ സമ്പുഷ്ടമായ രചനകളിൽ സ്വാതന്ത്ര്യ ദാഹവും സത്യാന്വേഷണവും ഉണ്ടെന്നും അത് നമ്മുടെ കാലത്തെ സ്വാധീനിച്ചു" എന്നുമാണ് അസ്തിത്വ വാദ ശിൽപിയായ സാർത്രിനെപ്പറ്റി അക്കാദമി പറഞ്ഞത്.സാർത്ര് സമ്മാന നിരാകരണത്തിനു പറഞ്ഞ കാരണം ഇതാണ്:"രാഷ്ട്രീയ,സാമൂഹിക,സാഹിത്യ നിലപാടുകൾ എടുക്കുന്ന എഴുത്തുകാരൻ തൻറെ കൈയിലെ ഉപകരണം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു -എഴുതുന്ന വാക്ക്.അയാൾക്ക് കിട്ടുന്ന സമ്മാനമെല്ലാം,അയാൾക്ക്‌ മേലുള്ള സമ്മർദ്ദമായി,വായനക്കാരന് മുന്നിൽ വെളിവാക്കപ്പെടും;അത് ആശാസ്യമല്ല"

ആ വർഷം മറ്റ് രണ്ടു പേരുകൾ പരിഗണിച്ചിരുന്നു -ഡോൺ ശാന്തമായി ഒഴുകുന്നു എഴുതിയ മിഖയിൽ ഷോളഖോവ്,ബ്രിട്ടീഷ് കവി ഡബ്ള്യു .എച് ഓഡൻ.സാർത്രിന്റെ കത്ത് മുൻപേ കിട്ടിയിരുന്നെങ്കിൽ,ഇവരിൽ ഒരാൾക്ക് നറുക്ക് വീണേനെ.അടുത്ത കൊല്ലം ഷോള ഖോവിന് കൊടുത്തു.രണ്ടാമന് കിട്ടിയതേയില്ല.19 പുതിയ പേരുകൾ ഉൾപ്പെടെ 76 പേർ സമിതിക്ക്  മുന്നിലുണ്ടായിരുന്നു.സാർത്രിനെപ്പറ്റി ഭിന്നതകൾ രേഖപ്പെടുത്തിയവർ ഉണ്ടായിരുന്നു.
അന്ന് സ്വീഡിഷ് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ സാർത്ര് പറഞ്ഞു:"എക്കാലവും പുരസ്‌കാരങ്ങൾ നിരാകരിച്ചിട്ടുണ്ട്-ഫ്രാൻസിന്റെ ലീജിയൻ ഓഫ് ഓണറും.ഇത്തരം പുരസ്കാരങ്ങളിൽ സ്വയം പെട്ടു പോവുകയും സ്ഥാപനവുമായുള്ള ബന്ധത്തിൽ പെട്ടു പോവുകയും ചെയ്യുന്നു.അതു കൊണ്ട് എഴുത്തുകാരൻ സ്വയം സ്ഥാപനമാകാനുള്ള സാധ്യതയിൽ ചെന്നു ചാടരുത്.ഇതവണത്തെപ്പോലെ ഏറ്റവും ആദരണീയമായ സാഹചര്യങ്ങളിൽ പോലും അങ്ങനെ വേണം."
സമ്മാനത്തോടൊപ്പം വരുന്ന പണം തന്നെ ആകുലപ്പെടുത്തിയെന്ന്  സാർത്ര് പറഞ്ഞു.അന്ന് രണ്ടര ലക്ഷം ക്രോണർ ( ഇന്നത്തെ 20 ലക്ഷം ) ആയിരുന്നു."ഒന്നുകിൽ പുരസ്‌കാരം വാങ്ങി പണം ,പ്രധാന സംഘടനകൾക്ക് കൊടുക്കാം.ലണ്ടനിലെ വർണ്ണവിവേചന വിരുദ്ധ സമിതിയെപ്പറ്റി ഞാൻ ആലോചിച്ചതാണ്.അതല്ലെങ്കിൽ,ഉദാരമായ തത്വങ്ങളുടെ പേരിൽ പുരസ്‌കാരം നിരാകരിച്ച്,സംഘടനയ്ക്ക് പണം നിഷേധിക്കാം.എന്നാൽ ഇത് ഒരു വ്യാജ പ്രശ്നമാണ്.ഞാൻ കിഴക്കോ പടിഞ്ഞാറോ സ്ഥാപനവൽക്കരിക്കപ്പെടാൻ ആഗ്രഹിക്കാത്തതിനാൽ,രണ്ടര ലക്ഷം ക്രോണർ വേണ്ടെന്നു വയ്ക്കുന്നു.രണ്ടര ലക്ഷം ക്രോണറിനായി ഒരാൾ താനും സുഹൃത്തുക്കളും വലുതാണെന്ന് കരുതുന്ന തത്വങ്ങൾ ബലി കഴിച്ചു കൂടാ.അതു കൊണ്ടാണ് സമ്മാനവും നിരാസവും എന്നെ വേദനിപ്പിക്കുന്നത്".
സാർത്ര് ഒക്ടോബർ 22 ന് നൽകിയ പ്രസ്താവന,റിച്ചാർഡ് ഹൊവാർഡ് പരിഭാഷ ചെയ്‌ത്‌ ന്യൂയോർക് റിവ്യൂ ഓഫ് ബുക്‌സ് പ്രസിദ്ധീകരിച്ചത്:

.I deeply regret the fact that the incident has become something of a scandal: a prize was awarded, and I refused it. It happened entirely because I was not informed soon enough of what was under way. When I read in the October 15 Figaro littéraire, in the Swedish correspondent’s column, that the choice of the Swedish Academy was tending toward me, but that it had not yet been determined, I supposed that by writing a letter to the Academy, which I sent off the following day, I could make matters clear and that there would be no further discussion.
I was not aware at the time that the Nobel Prize is awarded without consulting the opinion of the recipient, and I believed there was time to prevent this from happening. But I now understand that when the Swedish Academy has made a decision it cannot subsequently revoke it.
My reasons for refusing the prize concern neither the Swedish Academy nor the Nobel Prize in itself, as I explained in my letter to the Academy. In it, I alluded to two kinds of reasons: personal and objective.
The personal reasons are these: my refusal is not an impulsive gesture, I have always declined official honors. In 1945, after the war, when I was offered the Legion of Honor, I refused it, although I was sympathetic to the government. Similarly, I have never sought to enter the Collège de France, as several of my friends suggested.
This attitude is based on my conception of the writer’s enterprise. A writer who adopts political, social, or literary positions must act only with the means that are his own—that is, the written word. All the honors he may receive expose his readers to a pressure I do not consider desirable. If I sign myself Jean-Paul Sartre it is not the same thing as if I sign myself Jean-Paul Sartre, Nobel Prizewinner.
The writer who accepts an honor of this kind involves as well as himself the association or institution which has honored him. My sympathies for the Venezuelan revolutionists commit only myself, while if Jean-Paul Sartre the Nobel laureate champions the Venezuelan resistance, he also commits the entire Nobel Prize as an institution.
The writer must therefore refuse to let himself be transformed into an institution, even if this occurs under the most honorable circumstances, as in the present case.
This attitude is of course entirely my own, and contains no criticism of those who have already been awarded the prize. I have a great deal of respect and admiration for several of the laureates whom I have the honor to know.

നിരാകരണം വഴി വലിയൊരു ധാർമിക/നൈതിക പ്രശ്നത്തെ സാർത്ര് അഭിമുഖീകരിച്ചതായോ,അത് പരിഹരിച്ചതായോ എനിക്ക് തോന്നുന്നില്ല.സമ്മാനം പ്രഖ്യാപിക്കും മുൻപേ അക്കാദമിക്ക് വേണ്ടെന്ന് പറഞ്ഞ് കത്തെഴുതിയതിലെ ന്യായവും പിടി കിട്ടുന്നില്ല.ആകെ പ്രസ്താവനയിൽ കാണുന്നത്,അവ്യക്തതയും ആശയക്കുഴപ്പവുമാണ്.ഒരാൾക്ക് നൊബേൽ കിട്ടിയാൽ,അയാൾ മാത്രമല്ല,രാജ്യം കൂടിയാണ്,ആദരിക്കപ്പെടുന്നത്.ആകെ ഇന്ത്യയ്ക്ക് കിട്ടിയ സാഹിത്യ നൊബേൽ ടഗോർ നിരസിച്ചിരുന്നെങ്കിലോ? ബ്രിട്ടൻ 1915 ൽ   നൽകിയ സർ പദവി ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് 1919 ൽ  മടക്കികൊടുത്തയാളാണ്,ടഗോർ എന്നോർക്കണം.അതിനു പിന്നിൽ ധാർമികതയുണ്ട്,തത്വങ്ങളുണ്ട്.സാർത്രിന്റെ അസ്തിത്വ വാദം,വ്യക്തി നിഷ്ഠമാണ്;അപരനാണ്,നരകം എന്നു പറഞ്ഞയാളാണ്,സാർത്ര്.അതിനാൽ,സമ്മാനത്തുക വാങ്ങി പ്രസ്ഥാനങ്ങൾക്ക് കൊടുക്കേണ്ടതില്ല.വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്,സ്വാതന്ത്ര്യം എന്ന് സിദ്ധാന്തിച്ച സാർത്ര്,സഹവാസി സിമോങ് ബുവ്വ കൊണ്ടു  കൊടുത്ത ശിഷ്യകളുമായും രതി അനുഷ്ഠിച്ചത്,വ്യക്തിപരമായ തിരഞ്ഞെടുപ്പ്,പിതൃ ശൂന്യമായ അരാജകത്വത്തിൽ കലാശിക്കും എന്ന് സ്വജീവിതം കൊണ്ട് തെളിയിച്ചു കൊണ്ടാണ് .എന്നിട്ടും,സഹോദര ഭാര്യയുമായി ബന്ധമുണ്ടായിരുന്ന ടഗോർ തന്നെയാണ്,ഭേദം.സാർത്രിനെ പിൻപറ്റി ആനന്ദിനെപ്പോലുള്ളവർ,അതേ ആശയം പറഞ്ഞ് ചെറുകിട പുരസ്‌കാരങ്ങൾ വേണ്ടെന്നു വയ്ക്കുകയും ഓടക്കുഴലും മുട്ടത്തു വർക്കിയും പോലെ മറ്റു ചിലതു പോന്നോട്ടെ എന്ന് വയ്ക്കുകയും ചെയ്തതിലും,കഴമ്പില്ല.
അതിനാൽ,കൂടെ നടന്ന ആൽബേർ കാമുവിന്  ഏഴു കൊല്ലം മുൻപ്,1957 ൽ ചെറിയ പ്രായത്തിൽ തന്നെ നൊബേൽ കിട്ടിയതിലുള്ള കൊതിക്കെറുവാണ്,സാർത്രിന്റെ നിരാസത്തിൽ പ്രവർത്തിച്ചത് എന്നു കരുതിയാൽ,തെറ്റാവില്ല.കാമുവിൻറെ The Rebel,The Myth of Sisyphus എന്നീ പുസ്തകങ്ങളുടെ ഏഴയലത്തു വരുമോ,സാർത്രിന്റെ Being and Nothingness ?
കാമുവിൻറെ The Rebel വായിച്ച്,ആവേശഭരിതനായി,പുസ്തകം താഴെ വച്ച്,സി ജെ തോമസ് പറഞ്ഞു:" ഇവൻ ഒരു പന്നി തന്നെ !".അതിൻറെ നിഴലുകൾ ക്രൈം നാടകത്തിൽ  വീണിരിക്കുന്നു.


നിരോധിക്കപ്പട്ട ഗാന്ധി

ഗാന്ധി വധത്തിന് മുൻപുള്ള, ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെ യുടെ ഒൻപതു മണിക്കൂറുകൾ അധികരിച്ചു സ്റ്റാൻലി വോൾപേർട് എഴുതിയ നോവൽ,’ നയൻ അവേഴ്‌സ് ടു രാമ’ 1962 സെപ്റ്റംബർ ആറിന്  ഇന്ത്യയിൽ നിരോധിച്ചു. ഗാന്ധിക്ക് സർക്കാർ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് അതിൽ വരുന്നുണ്ട്. വധത്തിന്, അധികാര കേന്ദ്രങ്ങൾ ഒത്താശ ചെയ്‌തെന്നും സൂചനയുണ്ട്.
കലിഫോർണിയ സർവകലാശാലയിൽ ചരിത്രത്തിൽ എമെറിറ്റസ്  പ്രൊഫസറായിരുന്ന വോൾപേർട്, സത്യം പറയാനുള്ള പ്രയാസം കൊണ്ട് നോവലിൻറെ വഴി തിരഞ്ഞെടുത്തതാകാം. ഗോഡ്‌സെയെ മറ്റാരോ ഏൽപിച്ച ജോലിയായിരുന്നു അതെന്നു സംശയിക്കുന്നവരുണ്ട്. ഗോഡ്‌സെ ഉപയോഗിച്ച പിസ്റ്റൾ മൗണ്ട് ബാറ്റൺ സേവനം അനുഷ്ഠിച്ച ബർമയിൽ നിർമിച്ചതായിരുന്നു. ഗാന്ധിയുടെ ശരീരത്തിലെ ഒരു വെടിയുണ്ട ഗോഡ്‌സെയുടെ പിസ്റ്റളിൽ നിന്നായിരുന്നില്ല എന്നു വാദിക്കുന്നവരുണ്ട്. ഇതൊക്കെ കണ്ടെത്താൻ, ഗാന്ധിയുടെ ശരീരം പോസ്ററ് മോർട്ടം ചെയ്തിരുന്നില്ല.


1948 ജനുവരി 29 -30  ലെ അവസാന ഒൻപത്  മണി ക്കൂറുകളാണ്,നോവലിൽ.ഗോഡ്‌സെ പെൺ പിടിയനാണെന്ന് നോവലിൽ ചിത്രീകരിച്ചിരിക്കുന്നത് ശരിയല്ല.ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് ഗോഡ്‌സെ സന്യാസ തുല്യമായ ജീവിതം നയിച്ചിരുന്നതായി പറയുന്നു.ഗാന്ധി അവസാനമേ വരുന്നുള്ളു.അതു വരെ, ഗാന്ധി ഒരു ശല്യമാണെന്നും അദ്ദേഹത്തെ ഹിമാലയത്തിലേക്ക് അയയ്ക്കണമെന്നും ചിന്തിക്കുന്ന മുതിർന്ന രാഷ്ട്രീയ നേതാവിൻറെ കാഴ്ചപ്പാടിലാണ്,ഗാന്ധി വരുന്നത്.ഈ നേതാവ് നെഹ്രുവാണെന്നതിൽ സംശയമില്ല.തീവ്രവാദികൾക്ക് ഗാന്ധി വഞ്ചകനാണ്.ഒരു പൊലീസ് ഓഫിസർക്ക് അദ്ദേഹം,സംരക്ഷിക്കപ്പെടേണ്ട രത്നമാണ്.ഗാന്ധി ഉൾപ്പെടെ  പ്രധാനികൾക്കെല്ലാം,അന്നത്തെ പ്രാർത്ഥനാ യോഗത്തിൽ എന്ത് സംഭവിക്കും എന്നറിയാമായിരുന്നു.ആഖ്യാതാവ്,ഗാന്ധി സ്വയം ധരിച്ചിരുന്നത് പോലെ,ഗാന്ധി പരാജയമായിരുന്നു എന്ന് കരുതുന്നു.അദ്ദേഹത്തിൻറെ വാക്കുകൾക്ക് സന്ദേശവും അർത്ഥവും വിനിമയം ചെയ്യാൻ കഴിഞ്ഞില്ല.ഗാന്ധിയെപ്പോലെ ബ്രിട്ടീഷ് പട്ടാളo നിലത്തെറിഞ്ഞയാളാണ്,നോവലിൽ,ഗോഡ്‌സെ.ശൈശവ വിവാഹം ചെയ്ത ഗോഡ്‌സെയുടെ ഭാര്യ,നോവലിൽ ഒരു വർഗീയ കലാപത്തിനിടയിൽ,ബലാത്സംഗ വിധേയയായി കൊല്ലപ്പെടുന്നു.അയാൾ റാണി മേത്ത എന്ന  വിവാഹിതയുമായും അഭിസാരികയുമായും ബന്ധപ്പെടുന്നു.പൊലീസ് സൂപ്രണ്ട് ദാസ് ,ഗോഡ്‌സെയുടെ പിന്നാലെയുണ്ട്.വധിക്കപ്പെടുമെന്ന് അയാൾ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകുമ്പോൾ ഗാന്ധി പറയുന്നു:"അവർ കൊല്ലുന്നത് എൻറെ പാപങ്ങളുടെ പേരിലായിരിക്കും."
മൂന്ന് വെടിയുണ്ടകൾ നിറയൊഴിച്ച ശേഷം,ഗോഡ്‌സെ ഗാന്ധിയുടെ കാൽക്കൽ വീഴുന്നു.
ഗോഡ്‌സെ യഥാർത്ഥത്തിൽ വിവാഹിതനായിരുന്നില്ല.

ചിത്രത്തിൽ നിന്ന് 
ഇതേ പേരിൽ വന്ന സിനിമയും ( 1963 ) നിരോധിച്ചു.
നോവലിൽ, ഗാന്ധി, ഗോഡ്‌സെ, ഗോഡ്‌സെയുടെ സഹായി നാരായൺ ആപ്‌തെ എന്നിവർ ഒഴിച്ചുള്ളവർ ഭാവനാ സൃഷ്ടികൾ ആയിരുന്നു. പുസ്തകം നിരോധിച്ചത് ഇന്ത്യയുടെ ആപ്ത വാക്യമായ ‘സത്യമേവ ജയതേ’ക്ക് വിരുദ്ധമാണെന്ന് വോൾപേർട് നിരീക്ഷിച്ചു. പുസ്തകം മോശമാണെങ്കിൽ അത് സ്വയം നിരോധിച്ചോളും, അദ്ദേഹം പറഞ്ഞു. നിരോധനം നെഹ്രുവിന്റെ മഹത്വത്തിന് നിരക്കുന്നതായിരുന്നില്ല.
താൻ നോവലിൽ സത്യത്തിന് അടുത്തെത്തിയിരുന്നുവെന്ന് പില്കാലത്തു വോൾപേർട് വെളിവാക്കി.
ഹോളിവുഡ്  സംവിധായകൻ  മാർക്ക് റോബ്‌സൺ ആണ്,ട്വന്റിയത് സെഞ്ചുറി ഫോക്സിനായി  ചിത്രം എടുത്തത്. തിരക്കഥ കാട്ടി സർക്കാരിന്റെ അനുവാദം വാങ്ങിയായിരുന്നു ഷൂട്ടിംഗ്. അച്യുത് കന്യ (1936 )എന്ന ചിത്രത്തിന്റെ ഗാന രചയിതാവ് ജമുന സ്വരൂപ് കാശ്യപ് ആയിരുന്നു ഗാന്ധിയുടെ വേഷത്തിൽ. ഡേവിഡ്, അചല സച്‌ദേവ് എന്നിവരും വേഷമിട്ടു. ജർമൻ നടൻ ഹോർസ്റ്റ് ബുക്കോൾസ് ആയിരുന്നു ഗോഡ്‌സെ. ആപ്തെയായി ഡോൺ ബോറിസെങ്കോ.ജി ഡി ബിർളയായി,പി ജയരാജ്.1963 ജനുവരി രണ്ടിന് ചിത്രം രാഷ്‌ട്രപതി ഭവനിൽ നെഹ്രുവിനും അദ്ദേഹത്തിൻറെ മന്ത്രിസഭയിലെ അംഗങ്ങൾക്കും പ്രദർശിപ്പിച്ചു.രാഷ്‌ട്രപതി എസ് രാധാകൃഷ്ണൻ തലേന്ന് കണ്ടു .ഫെബ്രുവരി 23 ന് ലണ്ടനിൽ ഇറങ്ങി.
ചിത്രം നിരോധിച്ചതിനെപ്പറ്റി നെഹ്‌റു, രാജ്യ സഭയിൽ പറഞ്ഞു:”ഗാന്ധിയെയോ ഇന്ത്യയെയോ അപമാനിക്കാൻ ചിത്ര നിർമാതാക്കൾ ശ്രമിച്ചിട്ടില്ല .ഗാന്ധിജി  ചിത്രത്തിൽ ചെറുതായിപ്പോയി . ഗാന്ധിയെ അവതരിപ്പിച്ചയാൾക്ക് അന്തസ്സില്ല”
.

ഭാവനാ സമ്പന്നമായ ചിത്രത്തിൽ,നാരായൺ ആപ്‌തെ,ഗോഡ്‌സെയോട് ഇങ്ങനെ പറയുന്നു:"ഗാന്ധി ശരിക്കും സന്യാസി ആയിരുന്നെങ്കിൽ, അടുത്ത ജന്മത്തിൽ നാം കൃമികൾ ആയിരിക്കും."

ഓർവെൽ പാചകം,ഡിക്കൻസിനു ഭ്രാന്ത്

ബ്രിട്ടീഷ് പാചകത്തെപ്പറ്റി 1946 ൽ ജോർജ് ഓർവെലിനോട് ചോദിച്ചു വാങ്ങിയ ലേഖനം നിരസിച്ചതിന്,ബ്രിട്ടീഷ് കൗൺസിൽ മാപ്പു പറഞ്ഞു.
അനിമൽ ഫാം,1984 എന്നീ നോവലുകൾ എഴുതി പ്രശസ്തനായ ഓർവെൽ,”ബ്രിട്ടീഷ് കുക്കറി ‘എന്ന ശീർഷകത്തിലാണ് ലേഖനം എഴുതിയത്. ലേഖനത്തിനൊപ്പം,ഓറഞ്ച് മർമലെയ്‌ഡിന്റെ പാചക വിധിയും വച്ചിരുന്നു. ലേഖനം നന്നായിരുന്നെങ്കിലും,പാചകവിധിയിൽ പഞ്ചസാരയും വെള്ളവും കൂടിയതിനാൽ ആണത്രെ,മൊത്തത്തിൽ നിരസിച്ചത്. ലേഖനത്തിൽ,ബ്രിട്ടീഷ് ഭക്ഷണം “ലളിതവും എന്നാൽ കനത്തതും അപരിഷ്‌കൃതവുമാണെന്നും മദ്യം ഏതു നേരത്തും സ്വീകാര്യമാണെന്നും”  ഓർവെൽ പറഞ്ഞിരുന്നു. ലേഖനം രണ്ടാം ലോകയുദ്ധ കാലത്തെ ക്ഷാമത്തിന് ശേഷമായിരുന്നു . “1945 ലെ വിശന്ന ശിശിരത്തിനു ശേഷം ഇങ്ങനെ ഒന്ന് വേണ്ടെന്നു വച്ചതാകാം”,ബ്രിട്ടീഷ് കൗൺസിൽ പോളിസി അനലിസ്റ്റ് അലാസ്‌ ഡയർ ഡൊണാൾഡ് സൺ പറഞ്ഞു.

ഓർവെൽ 

ശ്ലീല നിരോധനക്കേസ് തീരുമാനിക്കാൻ കോടതിയിൽ എത്തിയ ഡി എച്ച് ലോറൻസിൻറെ ലേഡി ചാറ്റർലീസ് ലവർ എന്ന നോവലിൻറെ കോപ്പി ദേശീയ സാംസ്‌കാരിക നിധിയായി സൂക്ഷിക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. കേടുവന്ന ഈ കോപ്പി രാജ്യം വിട്ടു പോകരുതെന്ന് സർക്കാർ ഉത്തരവിട്ടു.
ഒക്ടോബറിൽ സോത്‌ബീസ് ഇത് ലേലം ചെയ്തിരുന്നു. 73000 ഡോളർ (51 ലക്ഷം രൂപ).
1960 ൽ പ്രസാധകരായ പെൻഗ്വിൻ ബുക്സിനെ ശിക്ഷിക്കാൻ ജഡ്ജി ഉപയോഗിച്ച പേപ്പർ ബാക്ക് കോപ്പിയാണിത്. ധനികയായ സ്ത്രീയും ഭർത്താവിൻറെ മൃഗശിക്ഷകനും തമ്മിലുള്ള പ്രണയമാണ്, നോവൽ. മൂന്നു മണിക്കൂർ കൊണ്ട് പെൻഗ്വിൻ കുറ്റം ചെയ്തില്ലെന്ന് കോടതി വിധിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിലെ വലിയ ചുവടു വയ്പ്. സാമൂഹികമൂല്യങ്ങളിൽ പൊളിച്ചെഴുത്ത്. ലേലത്തിൽ വാങ്ങിയ ആൾ ആരെന്ന് വെളിവാക്കിയിട്ടില്ല. പുസ്തക കയറ്റുമതി നിരോധിച്ച സർക്കാർ, ഇത് ബ്രിട്ടനിലെ ആരെങ്കിലും വാങ്ങുമോ എന്ന് നോക്കും. സാംസ്‌കാരിക ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു വിചാരണയെന്ന് സാംസ്‌കാരിക മന്ത്രി മൈക്കിൾ എല്ലിസ് പറഞ്ഞു. ഓഗസ്റ്റ് 9 വരെ വ്യക്തികൾക്കോ മ്യൂസിയങ്ങൾക്കോ ഇത് വാങ്ങാൻ സമയമുണ്ട്. അല്ലെങ്കിൽ സർക്കാർ വഴി കണ്ടെത്തും.

നോവലിലെ ലൈംഗിക വർണ്ണനകൾ ജഡ്ജി സർ ലോറൻസ് ബിർനിയുടെ ഭാര്യ ലേഡി ഡൊറോത്തിയാണ്, അടിവരയിട്ടു കൊടുത്തത്.
ലോറൻസിൻറെ അവസാന നോവൽ ആയിരുന്നു ഇത്. 1930 ൽ അദ്ദേഹം മരിച്ചു.
സാംസ്‌കാരിക കാര്യങ്ങളിൽ ഇന്ത്യൻ സർക്കാരുകൾ എത്ര പാപ്പരാണെന്ന് ഈ വിധി തെളിയിക്കുന്നു. അടുത്ത കാലത്ത് ടഗോറിൻറെയും നന്ദലാലിൻറെയും മറ്റും ചിത്രങ്ങൾ ലണ്ടനിൽ ലേലം ചെയ്തപ്പോൾ ഇന്ത്യ ഇടപെട്ടില്ല. നമ്മുടെ എത്രയോ വിഗ്രഹങ്ങൾ അവിടെ ലേലം ചെയ്തു വിൽക്കുന്നു. ടിപ്പുവിൻറെ തോക്കും ഈയിടെ അവിടെ വിറ്റു.

ലിയ കാൽപനിക കവികളിൽ ഒരാളായ വില്യം വേർഡ്‌സ്‌വർത്തിന്റെ വീടും മ്യൂസിയവും വേർഡ്‌സ്‌വർത്ത് ട്രസ്റ്റ് പരിഷ്‌കരിക്കും.
വീട് ഡോവ് കോട്ടജ് കുറേക്കൂടി മൂലരൂപത്തിലാക്കും. മ്യൂസിയം വിപുലമാക്കും. കത്തുകളും കുറിപ്പുകളും ചിത്രങ്ങളുമാണ്, മ്യൂസിയത്തിൽ.
വീടിനോട് ചേർന്ന് പൂന്തോട്ടം – പ്രകൃതിസ്നേഹി ആയിരുന്നു, കവി. 1843 മുതൽ മരണം വരെ ആസ്ഥാന കവി.
മ്യൂസിയത്തിൽ പുതിയ ഗാലറികൾ വരും,ഒരു ആമുഖ പ്രദര്ശനശാലയും വരും.
നടക്കുമ്പോൾ കണ്ട സ്ഥലം കവി വാങ്ങുകയായിരുന്നു. കാടു പിടിച്ച ആ പാത തെളിക്കും. നടുമുറ്റം പണിയും.
എന്നാലും തുഞ്ചൻ പറമ്പിൻറെ അത്ര വിസ്‌തൃതി വരില്ല.

ഡിക്കൻസ് 
വിഖ്യാത എഴുത്തുകാരനും പത്രപ്രവർത്തകനുമായ ചാൾസ് ഡിക്കൻസ്, 1858 ൽ ഭാര്യ കാതറീൻ ഹോഗാർത്തു  മായി പിരിഞ്ഞതിൻറെ കാരണം, സമൂഹത്തിൽ നിന്ന് മറച്ചു വച്ചു.ഇപ്പോൾ കണ്ടെടുത്ത കത്തുകളിൽ,ആ  രഹസ്യം വെളിവാകുന്നു: ഡിക്കൻസ്, കാതറീനെ പുറത്താക്കാൻ ശ്രമിച്ചു എന്നു മാത്രമല്ല, അവരെ ഒരു ഭ്രാന്താശുപത്രിയിൽ തടവിലിടാനും ശ്രമിച്ചു. കാരണം, ഡിക്കൻസ്, എല്ലെൻ ടെർനൻ എന്ന നടിയുമായി പ്രണയത്തിലായിരുന്നു.ഇരുപതു കൊല്ലം ഡിക്കൻസ്, കാതറീൻറെ കൂടെ ജീവിച്ചു; അവർക്ക് പത്തു കുട്ടികൾ ഉണ്ടായി.
കാതറീൻ 
യോർക്ക് സർവകലാശാലയിൽ, പത്തൊൻപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സാഹിത്യ പ്രൊഫസർ ജോൺ ബോവൻ എഴുതിയ ലേഖനത്തിലാണ്, ഈ വിവരങ്ങൾ. സ്വന്തം ഇമേജ് സൂക്ഷിക്കാൻ, ഡിക്കൻസ്, 1860 കളിൽ 20 വർഷത്തെ കത്തുകളും കടലാസുകളും തീയിട്ടു. ഡിക്കൻസ് മരിച്ച് പത്തു കൊല്ലം കഴിഞ്ഞു കാതറീൻ, അയൽക്കാരനായ നാടക വിമർശകൻ എഡ്‌വേഡ്‌ ഡാറ്റാൻ കുക്കിനോട് കാര്യങ്ങൾ പറഞ്ഞു. കുക്കിന്റെ കത്തുകളാണ്, ബോവൻ കണ്ടെടുത്തത്.
എലൻ ടെർണർ 
ഭ്രാന്താശുപത്രി നടത്തിയിരുന്ന ഡോ.തോമസ് ഹാരിങ്‌ടൺ ട്യുക്കുമായി അടുപ്പത്തിലായിരുന്നു, ഡിക്കൻസ്. ആവശ്യം ഡോക്ടർ നിരാകരിച്ചപ്പോൾ ആ ബന്ധത്തിൽ വിള്ളൽ വീണു.
ഷേക്‌സ്‌പിയർ നാടകങ്ങളുടെ 1623 ലെ അമൂല്യമായ ആദ്യ പതിപ്പ് (first folio), റൂർക്കി ഐ ഐ ടി യുടെ മഹാത്മാ ഗാന്ധി ലൈബ്രറിയിൽ നിന്ന് കിട്ടി. നാടക കൃത്ത് മരിച്ച് ഏഴാം വർഷമിറങ്ങിയ ഈ പതിപ്പിൽ, ഒരു നാടകം ഒഴികെ എല്ലാമുണ്ട്. 37 എണ്ണമാണ് ഷേക്‌സ്‌പിയർ എഴുതിയത്.നിരവധി കയ്യെഴുത്തു പ്രതികൾക്കും ഇതുവരെ കാണാത്ത ചിത്ര ശേഖരത്തിനും ഇടയിൽ നിന്നാണ്, നാടക സമാഹാരം കിട്ടിയത്.'

ലൈബ്രേറിയൻറെ ഓഫിസിൽ കാർഡ് ബോർഡ് പെട്ടിക്കുള്ളിലായിരുന്നു പുസ്തകം. ഓരോ താളിനുമിടയിൽ ട്രേസിങ് പേപ്പർ വച്ചിരുന്നു. പകുതി കീറിയ ആദ്യ പേജിൽ 1623 എന്നുണ്ട്. അന്ന് ആകെ 750 കോപ്പി അച്ചടിച്ചു എന്നാണ് വിശ്വാസം. 234 എണ്ണം നിലവിലുണ്ട്. ബ്രിട്ടീഷ് ലൈബ്രറിയിൽ അഞ്ചെണ്ണമുണ്ട്. ഷേക്‌സ്പിയറിന്റെ ചിത്രം ആലേഖനം ചെയ്തവ നാലെണ്ണം മാത്രം.ആദ്യ പതിപ്പ് നില നിന്നതു കൊണ്ടു മാത്രമാണ്, Macbeth, Twelfth Night, Measure for Measure, Julius Caesar, Tempest എന്നിവ നമുക്ക് കിട്ടിയത്.ഒരു കോപ്പി 2001ൽ ക്രിസ്റ്റീസ് ലേലം ചെയ്‌തത്‌ 6 .6 മില്യൺ ഡോളറിന് (47 കോടി രൂപ) ആണ്.

ജോർജ്‌ ഓർവെലിൻറെ, ബ്രിട്ടീഷ് കൗൺസിൽ 1946 ൽ നിരസിച്ച ഓറഞ്ച് മർമലൈഡ് പാചക വിധി.
ചേരുവകൾ:
2 സെവിൽ ഓറഞ്ചുകൾ
2 മധുര ഓറഞ്ചുകൾ
2 നാരങ്ങ
മൂന്നര കിലോ പഞ്ചസാര
നാലര ലിറ്റർ വെള്ളം.

പാകം ചെയ്യേണ്ട വിധം
പഴം കഴുകി ഉണക്കുക, പിഴിഞ്ഞ ജ്യൂസ് എടുക്കുക.കുറച്ച് അവശിഷ്ട അല്ലി എടുത്തു ബാക്കി കളയുക. കുരുക്കൾ മസ്ലിൻ സഞ്ചിയിൽ കെട്ടിയിടുക.ജ്യൂസ്, തൊലി, കുരുക്കൾ എന്നിവ 48 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.വലിയ ചട്ടിയിൽ, തൊലി മാര്ദവമുള്ളതാകും വരെ തിളപ്പിക്കുക.രാത്രി മുഴുവൻ വച്ച് പഞ്ചസാര ഇട്ട് അത് അലിയും വരെ തിളപ്പിക്കുക. തണുത്ത പ്ളേറ്റിൽ വയ്ക്കുമ്പോൾ ജെല്ലി ആകും വരെ തിളപ്പിക്കുക. ഇത് നേരത്തെ ചൂടാക്കിയ ജാറുകളിലേക്ക് പകരുക.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...