Saturday, 7 September 2019

മാനവികത ചോർന്ന ആ വഴിയിൽ

സംഹാരത്തിൻറെ ജന്മവേദം 

 സോവിയറ്റ് യുണിയനിൽ എഴുത്തുകാർ സ്റ്റാലിന്റെ കാലത്ത് ഉന്മൂലനം ചെയ്യപ്പെട്ടത്,ഒരു തിരശീലയിൽ എന്ന പോലെ തെളിയാൻ തുടങ്ങിയത്,രാഷ്ട്രീയ സി ജെ എന്ന പുസ്തകത്തിൻറെ രചനക്കിടയിലാണ്;സി ജെ തോമസിൻറെ രാഷ്ട്രീയമാണ് അതിൽ വിഷയം.സി ജെ കൂത്താട്ടു കുളത്തു നിന്ന് തൃശൂർക്ക് രക്ഷപ്പെട്ട് അവിടെയാണ് ആദ്യ നാടകം അവൻ വീണ്ടും വരുന്നു എഴുതിയത്.അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി കൊൽക്കത്ത തീസിസ് അംഗീകരിച്ചതിന് പിന്നാലെ,കൂത്താട്ടുകുളത്ത് ഉമ്മൻ കൊലക്കേസ് നടന്ന് നാട്ടുകാരെ പൊലീസ് വേട്ടയാടുമ്പോഴാണ് പാർട്ടി അനുഭാവിയായ സി ജെ അവിടന്ന് രക്ഷപ്പെട്ടത്.സായുധ കലാപം പാർട്ടി നയമായി അംഗീകരിച്ചപ്പോൾ,കേരളത്തിൽ പല കലാപങ്ങൾ നടന്നതിൽ ഒന്നായിരുന്നു,ഉമ്മൻ കേസ്.

ഇടപ്പള്ളി സ്റ്റേഷൻ ആക്രമണം,ശൂരനാട് കലാപം,പൂജപ്പുര ജയിൽ കലാപം,പുന്നപ്ര വയലാർ എന്നിവക്കെല്ലാം പ്രചോദനം കൊൽക്കത്ത തീസിസോ അതിനുള്ള മുന്നൊരുക്കങ്ങളോ ആയിരുന്നു.
സി ജെ യുടെ നാടകത്തിൽ സ്വാഭാവികമായും,സഖാവ് രാഘവൻ എന്ന കഥാപാത്രം വന്നു.വിമുക്ത ഭടനും അന്ധനുമായ മാത്തുക്കുട്ടിയെ ഫാക്റ്ററിയിലെ സമരത്തിന് ക്ഷണിച്ച് കൊലയ്ക്ക് കൊടുക്കുന്ന രാഘവൻ,പുന്നപ്ര വയലാറിൽ വിമുക്ത ഭടന്മാരെ ഉപയോഗപ്പെടുത്തി,നിരപരാധികളെ കൊലയ്ക്ക് കൊടുത്ത കമ്മ്യൂണിസ്റ്റ് നേതാക്കളെ ഓർമിപ്പിക്കുന്നു.ഇത്തരം ചർച്ചകളിൽ ഉയർന്നു വരുന്ന ബ്രൂഗലിന്റെ അന്ധൻ നയിക്കുന്ന അന്ധന്മാർ എന്ന ചിത്രത്തെ അന്ധനായ മാത്തുക്കുട്ടി ഓർമിപ്പിക്കുന്നു;അഥവാ സഖാവിനാൽ നയിക്കപ്പെടുന്ന അന്ധ ജനതയുടെ പ്രതിനിധിയാണ്,അയാൾ.

ഇത് കഴിഞ്ഞ്,സ്റ്റാലിന്റെ കാലത്ത് കലാകാരന്മാർക്ക് നേരെ നടന്ന ക്രൂരതകൾ എഴുതണമെന്ന് തോന്നി.മയക്കോവ്‌സ്‌കിയും ഗോർക്കിയും അന്ന അഹ്മത്തോവയും മേയർഹോൾഡും ഇസാക് ബാബേലും തുടങ്ങി പട്ടിക നീണ്ടു.സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡിന്റെ പശിമയിൽ നിർവൃതി പൂണ്ട ഒ എൻ വി പരുവത്തിലുള്ള കമ്മ്യൂണിസ്റ്റ് എഴുത്തുകാർ നിറഞ്ഞ കേരളത്തിൽ അതൊന്നും ചർച്ച ആയില്ല.അക്കാലത്ത്,1937 ൽ കമ്മ്യൂണിസ്റ്റ് എഴുത്തുകാരനായ ഹരീന്ദ്രനാഥ് ചതോപാധ്യയുടെ സഹോദരൻ വിരേന്ദ്ര നാഥിനെ സ്റ്റാലിൻ കൊന്നത് ലോകം അറിഞ്ഞത് തന്നെ സ്റ്റാലിന്റെ മരണ ശേഷമാണ്.കവികൾ തന്നെ സ്റ്റാലിന്റെ മഹത്വം പാടിയതിന് ഉദാഹരണമാണ് പാബ്ലോ നെരൂദ;സ്റ്റാലിന് വേണ്ടി നെരൂദ ട്രോട് സ്‌കിയെ കൊല്ലാൻ കൂട്ട് നിന്ന കഥ ഈ പുസ്തകത്തിൽ വായിക്കാം.നെരൂദയ്ക്ക് ആകാമെങ്കിൽ,ആലപ്പുഴ കവികൾക്ക് എന്ത് ചേതം?

മാർക്‌സിസവും അതിൽ നിന്നുള്ള കമ്മ്യൂണിസവും മാനവികതയ്ക്ക് തന്നെ എതിരായത് എങ്ങനെ എന്ന് സൈദ്ധാന്തികമായി തന്നെ അതിനിടയിൽ അന്വേഷിച്ചു;അങ്ങനെ അന്ധനായ മാർക്‌സ് എഴുതി.മനുഷ്യനെ ഒന്നായി കാണുന്നതിന് പകരം,വിഭജിക്കുന്ന പ്രത്യയ ശാസ്ത്രമാണ് അതെന്ന് ബോധ്യപ്പെട്ടു.വിഭജന ശേഷം ഒരു വർഗം മറ്റൊന്നിനെ ഉന്മൂലനം ചെയ്യുന്ന അധികാര ക്രമം മാത്രമാണ്,കമ്മ്യൂണിസം.അധികാരമുള്ള കമ്മ്യൂണിസ്റ്റ് പുതിയ വർഗമായി മാറുന്നു.തൊഴിലാളിയുടെ പേര് പറഞ്ഞ് മുതലാളിയായി തൊഴിലാളിയെ കൂട്ടക്കൊല ചെയ്യുന്ന വർഗം.മൂന്നാറിലും ചന്ദന തോപ്പിലും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ തൊഴിലാളികളെ വെടിവച്ചു കൊന്ന മാനവികത  നക്ഷത്രവും ചുറ്റികയും എന്ന കമ്മ്യൂണിസ്റ്റ് ചരിത്ര പുസ്തകത്തിൽ ഞാൻ വിവരിച്ചിരുന്നു,അന്ധനായ മാർക്‌സ് എഴുതുമ്പോൾ മൗലികത ഇല്ലാത്ത എഴുത്തുകാരനാണ് മാർക്‌സ് എന്നും ബോധ്യം വന്നു.ഹെഗലിൻറെ ഫിലോസഫി ഓഫ് ഹിസ്റ്ററി യും ഫോയർബാക്കിന്റെ എസൻസ് ഓഫ് ക്രിസ്ത്യാനിറ്റി യും ഇല്ലെങ്കിൽ,മാർക്‌സ് ഇല്ല.ഹെഗലിൽ നിന്ന് ഫോയർബാക്കിന്റെ സഹായത്തോടെ മാർക്‌സ് ദൈവത്തെ വിച്ഛേദിച്ചപ്പോൾ,മാനവികതയുടെ ശിരച്ഛേദം നടന്നു.ദൈവം രൂപമായി പ്രത്യക്ഷപ്പെടണം എന്നില്ല.മാനവികതയുടെ മൂർത്ത രൂപമാണ്,ദൈവം.അതിനെ മുറിച്ചു മാറ്റുമ്പോൾ സംഭവിക്കുന്നത്,മനുഷ്യൻറെ ആന്തരിക ജീവിത വിച്ഛേദവും ആത്മീയതയുടെ ഉന്മൂലനവുമാണ്.വെറും ഭൗതിക തലത്തിൽ നിൽക്കുന്ന ആ പ്രത്യയ ശാസ്ത്രം പൊള്ളയായതു കൊണ്ടാണ്,മിലോവൻ ജിലാസിന് മുന്നിൽ സ്റ്റാലിൻ ദസ്തയേവ്‌സ്‌കിയെ പുച്ഛിച്ചത്.അങ്ങനെ,സോവിയറ്റ് യൂണിയനിലും അതിൻറെ കിഴക്കൻ യൂറോപ്പിലെ ഉപഗ്രഹ രാജ്യങ്ങളിലും നടന്ന ഉന്മൂലനങ്ങൾ പഠിച്ചു.അതിൻറെ ഫലമാണ്,ഈ പുസ്തകം.

സ്റ്റാലിൻ മാത്രമാണ് കൊലയാളി എന്ന് വിചാരിക്കുന്നവരുണ്ട്;ലെനിനാണ് കൂട്ടക്കൊലകൾ ആദ്യം ആസൂത്രണം ചെയ്‌തത്‌.പോളണ്ടിലെ പട്ടാളക്കാർ മാത്രമല്ല,റഷ്യൻ കർഷകരും അതിൽ പെട്ടു.സ്റ്റാലിൻ അത് ജൂത വംശ ഹത്യകളിലേക്കും കമ്മ്യൂണിസ്റ്റ് രാജ്യത്തെ തന്നെ ആക്രമിക്കുന്നതിലേക്കും വ്യാപിപ്പിച്ചു.ക്രൂഷ്ചേവ് സ്റ്റാലിനെ തള്ളിപ്പറഞ്ഞു കൊണ്ട് തന്നെ,ഹംഗറിയിൽ ടാങ്കുകൾ ഉരുട്ടി.നബോക്കോവിനെ നിരോധിച്ചു.ലൂക്കാച്ച് ഉൾപ്പെടെ ഇടത് ബുദ്ധി ജീവികൾ സ്റ്റാലിന് ജയ് പാടി സാർത്രിന്  പൂർവ മാതൃകകൾ ആയി.മാർക്‌സിസം സംഹാരത്തിൻറെ വേദ പുസ്തകം ആയി.ചതിക്കും കൊലയ്ക്കും അടിയിൽ,മാർക്‌സിന്റെ കുഞ്ഞാടുകൾ ചോര കൊണ്ട് ഒപ്പിട്ടു.നിണമൊഴുകിയ ആ വഴിയിലൂടെയുള്ള സഞ്ചാരമാണ്,ഇത്.

ഗോർബച്ചേവ് വന്ന് ആ വഴിയിൽ പുണ്യാഹം തളിച്ചത് കൊണ്ടാണ് ഈ വിവരങ്ങൾ സമാഹരിക്കാൻ ആയത്.ജനാധിപത്യ ലോകത്തിന് തുറന്നു കിട്ടിയ ആർകൈവ്‌കളിൽ കൊടും ക്രൂരതകളുടെ തെളിവുകൾ ശേഷിച്ചു എന്നത് അദ്‌ഭുതമാണ്.ചിലർ സ്വന്തം ഭാഗം ന്യായീകരിക്കാൻ ഉണ്ടാക്കുന്ന തെളിവുകൾ സത്യത്തിൻറെ ഹിരണ്മയം കൊണ്ട് തിളങ്ങുക തന്നെ ചെയ്യുമെന്ന് ചരിത്രം ഒരിക്കൽ കൂടി പഠിപ്പിക്കുന്നു.ലെനിൻ ഭിന്ന ദേശീയതകൾക്കായി വാദിച്ചു.മോസ്‌കോയിൽ നിന്ന് ആയിരം മൈൽ അകലെ ജോർജിയയിൽ നിന്ന് വന്ന സ്റ്റാലിൻ,സമഗ്രാധിപത്യത്തിന് നില കൊണ്ടു.ലെനിൻ ട്രോട് സ്‌കിയെ വെട്ടി നിരത്തി തിരഞ്ഞെടുത്തവൻ ആയിരുന്നു,സ്റ്റാലിൻ.ട്രോട് സ്‌കിയെ മാത്രമല്ല,മക്കളെയും ആ നീചൻ കൊന്ന കഥ ഇവിടെ വായിക്കാം.

വായിച്ച ശേഷം മനുഷ്യനിലേക്ക് അടുക്കാൻ കഴിഞ്ഞാൽ,അതാണ്,സുകൃതം .

( ചതിയും കൊലയും : കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ പ്രതികാരത്തിൻറെ കഥകൾ എന്ന പുസ്തകത്തിൻറെ ആമുഖം )

Friday, 6 September 2019

നെഹ്രുവിന്റെ മകൻറെ അമ്മ

ആ കുട്ടി ചാപിള്ള ആയിരുന്നു 

നെഹ്രുവിന്റെ സെക്രട്ടറി ആയിരുന്ന എം ഒ മത്തായി എഴുതിയ പുസ്തകത്തിലാണ്( Reminiscnences of Nehru Age ), നെഹ്‌റുവിന് ശ്രദ്ധമാതാ എന്ന സന്യാസിനിയിൽ ഒരു മകൻ ഉണ്ടായി എന്ന് പരസ്യമായി വന്നത്;ഇക്കാര്യം രഹസ്യമായി അറിയപ്പെട്ടിരുന്നു.1978 ഫെബ്രുവരി 28 ലെ ഇന്ത്യ ടുഡേ യിൽ ശ്രദ്ധമാതായുമായി ഒരഭിമുഖം വന്നു. മകനുണ്ടായി എന്ന കാര്യം നിഷേധിച്ച അവർ,നെഹ്രുവുമായി അടുപ്പമുണ്ടായിരുന്നു എന്നും ഏഴെട്ട് കത്തുകൾ നെഹ്‌റു തനിക്ക് എഴുതിയിരുന്നു എന്നും സമ്മതിച്ചിരുന്നു.
ജയ്‌പൂർ രാജാവായിരുന്ന സവായ് മാൻ സിംഗ് നൽകിയ ഹാത്രോയ് കോട്ടയിലെ വസതിയിൽ താമസിക്കുകയായിരുന്നു,മാതാ.

നെഹ്‌റു എഴുതിയ കത്തുകൾ തൻറെ സെക്രട്ടറി ആത്മാനന്ദിൽ നിന്ന് മോഷണം പോകുകയായിരുന്നു എന്നാണ് മാതാ വിശദീകരിച്ചത്.തൻറെ ഛായയുള്ള ഒരു സ്ത്രീ സെക്രട്ടറിയെ പറ്റിക്കുകയായിരുന്നു എന്ന മാതായുടെ വിശദീകരണം വിശ്വസിക്കാൻ വയ്യ .

സന്യാസിനി ആകും മുൻപ് താൻ 50 ദിവസത്തോളം  വിവാഹിതയായിരുന്നതായി മാതാ സമ്മതിച്ചു.അത് കഴിഞ്ഞ്,ഗാന്ധിയുടെ ആശ്രമത്തിൽ എത്തി.ഉപരാഷ്ട്രപതി ആകാൻ നെഹ്‌റു പലതവണ ആവശ്യപ്പെട്ടെങ്കിലും,പാർലമെൻറിൽ ഇരിക്കാൻ വയ്യാത്തതിനാൽ സമ്മതിച്ചില്ല. അമർനാഥിൽ ഒരു ഗുഹയിൽ വസിക്കുമ്പോൾ ഇന്ദിരാഗാന്ധിയും ധീരേന്ദ്ര ബ്രഹ്മചാരിയും തന്നെ വന്നു കണ്ടിരുന്നു. നെഹ്രുവുമായുള്ള ബന്ധത്തിൽ ഇന്ദിര ഇടപെട്ടില്ലെന്നും മാതാ പറഞ്ഞിരുന്നു.താൻ ഇതൊക്കെ വിശദീകരിക്കുന്ന പുസ്തകം എഴുതിയെന്ന് പറഞ്ഞ് മാതാ,ആദ്യ അധ്യായം ലേഖകനെ വായിച്ചു കേൾപ്പിച്ചു. പുസ്തകം ഇറങ്ങിയതായി അറിവില്ല.

ശ്രദ്ധമാതയും നെഹ്രുവും 

ജയ്‌പൂർ ആകാശവാണിക്കടുത്താണ്, ഹാത്രോയ് കോട്ട.1500 വർഷം പഴക്കമുള്ള കോട്ടയിൽ മാതയ്‌ക്കൊപ്പം ഭക്തനായ പദം സിംഗ്,ക്ഷേത്ര പൂജാരി വിജേന്ദ്ര മിശ്ര,ലണ്ടനിൽ നിന്നുള്ള കലാധ്യാപിക ബാർബറ ഹട്ടൻ, വിവാഹം തകർന്ന യുവാവ് രാജാറാം എന്നിവരാണ് ഉണ്ടായിരുന്നത്.

നെഹ്‌റുവിനെ മാതാ കണ്ടത് 1948 ൽ അവർക്ക് 35 വയസ്സുള്ളപ്പോഴാണ്.ഇന്ദിരയ്ക്ക് 31 .ബനാറസിൽ നിന്നെത്തിയ സംസ്‌കൃത പണ്ഡിതയായ ഇവരെ നെഹ്രുവിന്റെ മുൻ ജീവനക്കാരൻ എസ് ഡി ഉപാധ്യായ കൊണ്ട് വന്നു എന്നാണ് മത്തായി എഴുതിയത്.ആ കാഴ്ചകൾ പിന്നെ സ്ഥിരമായി.പണി തീർന്ന ശേഷം രാത്രികളിൽ നെഹ്‌റു അവരെ കണ്ടു.ലക്‌നോയിൽ മാതാ നെഹ്‌റുവിനെ കാണാൻ ചെന്നപ്പോൾ നെഹ്രുവിന്റെ കാമുകിയും സരോജിനി നായിഡുവിൻറെ മകളുമായ പത്മജ ക്ഷുഭിതയായി.യു പി യിൽ അന്ന് ഗവർണർ ആയിരുന്നു, സരോജിനി.കുറെ നാളത്തേക്ക് മാതാ അപ്രത്യക്ഷയായി.1949 നവംബറിൽ ബംഗളുരുവിലെ ഒരു കോൺവെന്റിൽ നിന്ന് ഒരാൾ ഒരു കൂട്ടം കത്തുകളുമായി വന്നു. ഏതാനും മാസം മുൻപ് ഉത്തരേന്ത്യയിൽ നിന്നൊരു യുവതി കോൺവെന്റിൽ എത്തി ഒരു ആൺ കുഞ്ഞിനെ പ്രസവിച്ചെന്നും അവർ പേര് പറയാതെ പോയെന്നും അവർ ഉപേക്ഷിച്ച കത്തുകൾ ആണ് അവയെന്നും അയാൾ പറഞ്ഞു. കത്തുകൾ എഴുതിയത്, പ്രധാനമന്ത്രിയാണ്.നെഹ്‌റു കത്തുകൾ വാങ്ങി കീറിക്കളഞ്ഞു.

മത്തായിയുടെ ഈ വിവരണം അന്വേഷിച്ചാണ് ഇന്ത്യ ടുഡേ പോയി 65 വയസുള്ള മാതയെ കണ്ടെത്തിയത്.ഉത്തർ പ്രദേശിലെ സുൽത്താൻ പൂരിൽ നിന്നുള്ള മാതാ ഒന്നാന്തരമായി പ്രഭാഷണം നടത്തിയിരുന്നു. ഇംഗ്ലീഷ് നന്നായി സംസാരിച്ചു.അക്കാലത്ത് അവർക്കറിയാത്ത മഹാന്മാർ ഉണ്ടായിരുന്നില്ല.ഗാന്ധി, ഡോ എസ് രാധാകൃഷ്ണൻ, പുരുഷോത്തം ദാസ് ഠണ്ഡൻ, ഗുരുജി എം എസ്  ഗോൾവാൾക്കർ, കെ എം മുൻഷി, ഡോ രാജേന്ദ്ര പ്രസാദ്, സർദാർ പട്ടേൽ എന്നിവരെയൊക്കെ അറിയാമായിരുന്നു. സുഹൃത്തുക്കളിൽ ഒരാൾ എ കെ ഗോപാലൻ ആയിരുന്നുവെന്ന് അവർ ഇന്ത്യ ടുഡേ യോട് പറഞ്ഞു.

കൊൽക്കത്തയിൽ,നെഹ്‌റു മന്ത്രിസഭയിലെ ശ്യാമപ്രസാദ് മുക്കർജി അവരുടെ ശിഷ്യനായിരുന്നുവെന്ന് മാതാ അവകാശപ്പെട്ടു. മുക്കർജിയോടാണ് നെഹ്രു തന്നെപ്പറ്റി അന്വേഷിച്ചത്.ബംഗാളി ബുദ്ധിജീവി രാജാ ക്ഷിതി മോഹൻ റോയ് തന്നെപ്പറ്റി എഴുതിയത് നെഹ്‌റു വായിക്കുകയും തൻറെ ചിത്രം കാണുകയും ചെയ്തിരുന്നു.നെഹ്‌റു മുക്കർജിയെ നിര്ബന്ധിച്ചാണ്, തന്നെ കാണണം എന്നാവശ്യപ്പെട്ടത്.

ശ്യാമപ്രസാദ് മുക്കർജി ഇടത്തേയറ്റം
 
ഉത്തർ പ്രദേശിലെ ഷിക്കോഹാബാദിലെ 70 വയസുള്ള അഭിഭാഷകൻ ഫണീന്ദ്ര പാൽ സിംഗിനെ ഇന്ത്യ ടുഡേ കണ്ടു.അദ്ദേഹമാണ് 1932 ൽ ശ്രദ്ധാ മാതയെ വിവാഹം ചെയ്‌തത്‌. "അവൾ ശക്തിയെ ആരാധിച്ചിരുന്നു;ഒരിക്കൽ പൂജാ മുറിയിൽ നെഹ്രുവിന്റെ ചിത്രവും കണ്ടു", സിംഗ് പറഞ്ഞു.

മണിക്കൂറുകൾ തന്നോട് നെഹ്‌റു സംസാരിച്ചിരിക്കുമായിരുന്നുവെന്ന് മാതാ പറഞ്ഞിരുന്നു. ഉച്ചയ്‌ക്കോ രാത്രി 11 നോ ആണ് താൻ ചെന്നിരുന്നത്.തന്നെ നെഹ്‌റുവിൽ നിന്ന് വേർപെടുത്താൻ ശ്രമിച്ച ശക്തികൾ മൂന്ന് വധശ്രമങ്ങൾ നടത്തിയെന്ന് നെഹ്‌റു അറിയിച്ചതായും മാത പറഞ്ഞു. 1954 ൽ അവർ ജയ്‌പൂരിൽ താമസമായി.കോട്ടയിൽ അവർ സ്വന്തം സേനയുണ്ടാക്കിയപ്പോൾ മുഖ്യമന്ത്രി മോഹൻ ലാൽ സുഖാദിയ നെഹ്രുവിനോട് പരാതിപ്പെട്ടു.രാജസ്ഥാൻ പത്രിക അവർക്കെതിരെ എഴുതി. ഈ സംഭവങ്ങളോടെ അവസാനമായി ഒരു വട്ടം കൂടി മാതാ നെഹ്‌റുവിനെ കണ്ടു. അത് 1958 ൽ ഒരു പാർക്കിൽ ആയിരുന്നു. മാതാ 1987 ൽ മരിച്ചു.

ഈ പശ്ചാത്തലത്തിൽ 2004 ഫെബ്രുവരി 23 ന് ഔട്ട് ലുക് അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങൾ പ്രസിദ്ധീകരിച്ചു. മത്തായി പറഞ്ഞ കാര്യങ്ങൾ ശരിവയ്ക്കുന്നതായിരുന്നു വിവരങ്ങൾ.

ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷന് അടുത്ത ആശുപത്രിയിൽ നിന്ന്,പേര് വെളിപ്പെടുത്താത്തതിനാൽ പുറത്താക്കിയ ഗർഭിണിയെ 1949 ഏപ്രിലിൽ ഏറ്റെടുത്തത് ഡോ എസക്കിയൽ എന്ന വനിതാ ഡോക്റ്റർ ആയിരുന്നു. യുവതിയുടെ പക്കൽ അധികം പണമില്ലെങ്കിലും ധനികയാണെന്ന് തോന്നിച്ചു.ബെൻസൺ ടൗണിൽ മാസം 50 രൂപ വാടകയ്ക്ക് ചെറിയ വീട് എടുത്തു കൊടുത്തു. സിവിൽ സ്റ്റേഷനിലെ കത്തോലിക്ക ആശുപത്രിയിൽ രണ്ടു തവണ പരിശോധിപ്പിച്ചു. ഒരു മാസം അവിടെ കഴിഞ്ഞ യുവതി ഒരു പാക്കറ്റിലെ കത്തുകൾ ആവർത്തിച്ച് വായിച്ചു കൊണ്ടിരുന്നു. ഉറങ്ങുമ്പോൾ അവ തലയിണക്കടിയിൽ സൂക്ഷിച്ചു. 1949 മെയ് 30 രാത്രി ആശുപത്രിയിൽ ചാപിള്ളയെ പ്രസവിച്ചു.ഒൻപതു ദിവസം ആശുപത്രിയിലും തുടർന്ന് പത്തു ദിവസം വാടക വീട്ടിലും കഴിഞ്ഞു. ജൂൺ 19 ന് വിമാനത്തിൽ ഡൽഹിക്ക് പോയി. 600 രൂപ ചെലവ് വന്നത് തിരിച്ചു നൽകാമെന്ന് എസക്കിയലിന് ഉറപ്പ് നൽകി. കത്തുകൾ എടുക്കാൻ യുവതി മറന്നു.

ഹാത്രോയ് കോട്ട 

പഞ്ചാബ്,കൊൽക്കത്ത ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസ് ആയിരുന്ന ദേബി സിംഗ് തെവറ്റിയയാണ് ഔട്ട്ലുക്കി ന് തുടർന്നുള്ള വിവരങ്ങൾ നൽകിയത്.

c/o അശുതോഷ് ലാഹിരി, ജി എസ് എച്ച് എം എസ്,ന്യൂഡൽഹി എന്ന വിലാസമാണ് എസക്കിയലിന് യുവതി കൊടുത്തത്. അതിൽ എഴുതിയ കത്ത് മടങ്ങി.എസക്കിയലിന്റെ ഭർത്താവ്, ഹിന്ദി പണ്ഡിതൻ ഡോ കരം ചന്ദ് വൈദിനടുത്ത് യുവതി മറന്ന കത്തുകൾ കൊണ്ട് പോയി.ആദ്യമെടുത്ത കത്ത് 1948 മാർച്ച് രണ്ടിന് ലക്‌നോ ഗവൺമെൻറ് ഹൗസിൽ നിന്ന് അയച്ചതായിരുന്നു. അത് ഒറ്റയടിക്ക് നെഹ്രുവിന്റെ കൈയക്ഷരമാണെന്ന് വൈദ് തിരിച്ചറിഞ്ഞു. എല്ലാ കത്തും നെഹ്‌റുവിൽ നിന്ന്; എഴുതിയിരിക്കുന്നത്, ശ്രദ്ധയ്ക്ക്. എല്ലാം പ്രണയ പൂരിതം. നെഹ്രുവിന്റെ ആരാധകനായ വൈദ്,നെഹ്രുവിന്റെ പ്രശസ്തിക്ക് ഊനം തട്ടുന്നതിൽ ആശങ്കാകുലനായി. ശ്രദ്ധ കടം വാങ്ങിയ 600 രൂപ എസക്കിയലിന് കൊടുത്ത്, വൈദ് കത്തുകൾ സൂക്ഷിച്ചു. കത്തുകൾ നെഹ്‌റുവിന് നേരിട്ട് കൊടുക്കാൻ,പ്രൈവറ്റ് സെക്രട്ടറി എ വിത്തൽ പൈക്ക്, വൈദ് എഴുതി. മറുപടി പ്രോത്സാഹ ജനകം ആയിരുന്നില്ല. കത്തുകൾ നൽകാൻ ചെല്ലേണ്ടെന്നും തൻറെ വിലാസത്തിൽ അയച്ചാൽ മതിയെന്നും പൈ എഴുതി. പ്രധാനമന്ത്രിക്ക് കത്തുകൾ ദുഷ്‌ട ലാക്കോടെ ഉപയോഗിക്കുന്നതിൽ ആശങ്കയില്ല.

രാത്രി പത്തു മണിക്ക് ശേഷം കാണാമെന്ന് ശ്രദ്ധയോട് പറയുന്ന ഭാഗം വിവരിച്ച് വൈദ് വീണ്ടും പൈയ്ക്ക് എഴുതി. അത് ദുർവ്യാഖ്യാനമാണെന്ന് പൈ തിരിച്ചെഴുതി. എന്നിട്ടും വൈദ് ഡൽഹിയിൽ പോയി നെഹ്‌റുവിനെ കണ്ടു. കൂട്ടത്തിൽ നിർദോഷമായ കത്ത്, നെഹ്‌റു വൈദിന് സൂക്ഷിക്കാൻ നൽകി. ഒരു രഹസ്യ നമ്പർ നൽകി എന്താവശ്യത്തിനും വിളിക്കാൻ നെഹ്‌റു പറഞ്ഞു; ചില ജോലികൾ വാഗ്‌ദാനം ചെയ്‌തു, വൈദ് നിരസിച്ചു.ദേശാഭിമാനത്താൽ പ്രചോദിതനായാണ് താൻ വന്നത്. പ്രധാനമന്ത്രിയുടെ കീർത്തി പോകുന്നത് നന്നല്ല.

നെഹ്രുവിന്റെ മതേതരത്വം തകർക്കാൻ ഹിന്ദു മഹാസഭ ആസൂത്രണം ചെയ്‌ത പദ്ധതിയുടെ ഭാഗമായാണ് ശ്യാമപ്രസാദ് മുക്കർജി, മാതയെ പരിചയപ്പെടുത്തിയത് എന്ന വാദം, ഔട്ട്ലുക് നിരത്തുന്നുണ്ട്. അത് ശരിയാണെങ്കിൽ തന്നെ, നെഹ്‌റുവിന് വ്യഭിചാര വാഞ്ഛയുണ്ടായിരുന്നു എന്ന് സമ്മതിക്കുകയാണ്.

വേദങ്ങളെപ്പറ്റി കൊൽക്കത്തയിൽ മാതാ സംസാരിക്കുന്നത് കേൾക്കാൻ വലിയ ആൾക്കൂട്ടം കണ്ട മുക്കർജി അവരെ ഡൽഹിയിലും സംസാരിപ്പിച്ചു. അതിനും ആളു കൂടി.ആൾദൈവങ്ങളെ ഇഷ്ടമല്ലാത്ത നെഹ്‌റു, മുക്കർജി പറഞ്ഞിട്ടും മാതയെ കാണാൻ ആദ്യം വിസമ്മതിച്ചെന്നും അപ്പോൾ സുഹൃത്ത് ജഗത് നാരായൺ ലാലിനോട് മാതയെ കൂട്ടി നെഹ്രുവിനടുത്ത് ചെല്ലാൻ നിർദേശിച്ചെന്നും ഔട്ട്ലുക് എഴുതി. 15 മിനുട്ട് കൊടുത്ത നെഹ്‌റു അവരുടെ അംഗലാവണ്യത്തിൽ ഭ്രമിച്ച് ഒന്നരമണിക്കൂർ സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ രാത്രി വൈകി ആയി കാഴ്ച.

ഹിന്ദു മഹാസഭയുടെ അശുതോഷ് ലാഹിരി, വി ഡി സവർക്കർക്ക്, മാതാ നെഹ്രുവുമായി സജീവ ബന്ധം സ്ഥാപിച്ചത് വിവരിക്കുന്ന കത്ത് എഴുതിയത്, ഐ ബി പിടിച്ചെടുത്ത് ആഭ്യന്തരമന്ത്രി സർദാർ പട്ടേലിന് കൊടുത്തു. ബംഗാൾ എം എൽ എയും ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറിയും ആയിരുന്ന ലാഹിരി ആ കത്തിൽ പറഞ്ഞു:

I believe that higher powers are guiding the destiny of India. Who knows that this new contact, if it effectuates, might lead to quite new developments.

"അതീത ശക്തികൾ ഇന്ത്യയുടെ ഭാഗധേയം നിയന്ത്രിക്കുന്നു.ഈ ബന്ധം ഫലപ്രദമായാൽ പുതിയ സംഭവ വികാസങ്ങൾ ഉണ്ടാകാം."

പട്ടേൽ 1949 മാർച്ച് നാലിന് ഈ കത്ത് പട്ടേൽ,നെഹ്‌റുവിന് അയച്ചു വിശദീകരണം തേടി.നെഹ്‌റു അന്ന് തന്നെ ഇത് നിസ്സാരമാക്കി,മറുപടി എഴുതി:

"...it is perfectly true that the lady in question has met me several times in Delhi and Lucknow... (We) usually discussed two subjects—the Hindu Code Bill and the question of language, that is, Hindi. She tried to influence me in regard to these two matters and I tried to influence her the other way. I don't know what success I've had, but she had none, so far as I am concerned."

പലതവണ ഈ സ്ത്രീ തന്നെ കണ്ടെങ്കിലും, ഹിന്ദു കോഡ് ബില്ലും ഹിന്ദി ഭാഷാ പ്രശ്നവുമാണ് ചർച്ച ചെയ്‌തത്‌ !

നെഹ്‌റു മരിച്ച് 15 വർഷത്തിന് ശേഷം, മത്തായിയുടെ വെളിപ്പെടുത്തൽ വന്ന ശേഷം, ഖുശ്വന്ത്‌ സിംഗിനോട്,മാതാ പറഞ്ഞത്, തൻറെ ആകാരത്തിൽ നെഹ്‌റു ആകൃഷ്ടൻ ആയിരുന്നു എന്നാണ്. മുജ്ജന്മ ബന്ധമുണ്ടെന്ന് തോന്നി. മണിക്കൂറുകൾ ഒന്നിച്ചുണ്ടായിരുന്നു. താൻ സന്യാസിനി ആയിരുന്നില്ലെങ്കിൽ നെഹ്‌റു വിവാഹം ചെയ്തേനെ. ഒരു കത്തിൽ മാതാ എന്നതിന് പകരം 'പ്രിയേ ' എന്ന് നെഹ്‌റു സംബോധന ചെയ്‌തിരുന്നു (Not A Nice Man to Know: The Best of Khushwant Singh).

ഖുശ്വന്ത് സിംഗ് മൂന്ന് തവണ നിഗംബോധ് ഘട്ടിലും, ഡൽഹി നഗരസഭ അവരെ അവിടന്ന് പുറത്താക്കിയപ്പോൾ, 20 മൈൽ അകലെ ഓഖ്‌ലയിൽ ശിവ് ശംഭു ദയാൽ മന്ദിറിലും കണ്ടു. അവർ സിംഗിനോട് സ്വന്തം കഥ പറഞ്ഞു: അമ്മയുടെ ഒറ്റ മകൾ. അച്ഛൻ രണ്ടാം വിവാഹം ചെയ്‌ത്‌, താൻ ജനിക്കുന്നതിന് രണ്ടു മാസം മുൻപ് മരിച്ചു. അച്ഛൻറെ സഹോദരി റാണി റഖോനാഥ് കൗർ  അവരെ ദത്തെടുത്തു. സഹോദരി അയോധ്യയ്ക്കടുത്ത് സിങ്പൂർ -പാൻഹോന നാട്ടുരാജ്യത്തിലെ രാജ്ഞി ആയിരുന്നു. റാണിക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. അവരുടെ സ്വത്ത് നോക്കിയിരുന്നത് അച്ഛനായിരുന്നു. ബ്രഹ്മ ക്ഷത്രിയ കുടുംബം. കുഞ്ഞുന്നാൾ മുതലേ കാവി ഇഷ്ടം. പാവയ്ക്കു പകരം ബുദ്ധ പ്രതിമ. ഏഴാം വയസ്സിൽ, മുല കൊടുത്തിരുന്ന ആയ മരിച്ചപ്പോൾ, ഭൗതിക ജീവിതം വേണ്ടെന്ന് തോന്നി. എട്ടാം വയസിൽ ഒരു വൃദ്ധയ്‌ക്കൊപ്പം ബദരീനാഥിൽ പോയി. വൃദ്ധ പോയിട്ടും ആറുമാസം താൻ അവിടെ കഴിഞ്ഞു. ഒൻപതാം വയസ്സിൽ റാണി തൻറെ വിവാഹം നിശ്ചയിച്ചു. ആ പയ്യനുമായി നിരന്തരം തർക്കിച്ച് അത് വേണ്ടെന്നു വച്ചു. സുന്ദരി ആയിരുന്നതിനാലും സ്വത്ത് ഉണ്ടായിരുന്നതിനാലും പലരും വിവാഹ മോഹിതർ ആയിരുന്നു. 13 വയസിൽ അകന്ന ബന്ധു ഫണീന്ദ്ര പാൽ സിംഗ് വിവാഹം ചെയ്‌തു. അന്ന് നിയമം പഠിക്കുകയായിരുന്നോ അഭിഭാഷകൻ ആയിരുന്നോ എന്ന് നിശ്ചയമില്ല.
മാൻ സിംഗും ഗായത്രി ദേവിയും 

ഭർത്താവിൻറെ വീട് തടവറ ആയിരുന്നു.അതിനാൽ താൻ നിർബന്ധ വിവാഹത്തിൻറെ ഇരയാണെന്ന് ഗാന്ധിക്ക് കത്തെഴുതി.ഉടൻ ചെല്ലാൻ പറഞ്ഞ് സെക്രട്ടറി മഹാദേവ് ദേശായ് കത്തെഴുതി. അഞ്ചാറ് ആഴ്ച ഭർത്താവിൻറെ വീട്ടിൽ കഴിഞ്ഞ് രക്ഷപ്പെട്ടു. വീട്ടിൽ ഇരുന്നാണ് ഭാഷകൾ പഠിച്ചത്. 40 ദിവസം ഗാന്ധിക്കൊപ്പം കഴിഞ്ഞു. ഭർത്താവിൻറെ വീട്ടുകാർ എത്തിയപ്പോൾ ഗാന്ധി പറഞ്ഞു: "അവൾ ഗംഗയുടെ അല പോലെയാണ്; കൂട്ടിൽ ഇടേണ്ട".

ജാതകത്തിൽ പാർവതി; ശരിപ്പേര്,ശ്യാം കല. സന്യാസം സ്വീകരിച്ചപ്പോൾ സുശ്രീയാനന്ദ സരസ്വതി.ഗാന്ധിയുടെ ആശ്രമത്തിൽ സ്വയം തോന്നിയ പേരാണ്, ശ്രദ്ധ.

മഹാരാജ സവായ് മാൻ സിംഗ് 1953 ൽ ശ്രദ്ധയ്ക്ക് നൽകിയ ഹാത്രോയ് കോട്ടയിൽ ആറാം തവണ ഖുശ്വന്ത് സിംഗ്, മാതയെ കണ്ടു. അവിടെ അവർ മഹാശക്തി പീഠം സ്ഥാപിച്ചു. ഗാന്ധി ആശ്രമത്തിൽ നിന്ന് മാതാ ബംഗാൾ കാളി ഘട്ടിൽ എത്തി.അവിടത്തെ ക്ഷേത്ര പൂജാരി ഹരി പാദ ബന്ദോപാധ്യായ ഒരു ദിവസം രാവിലെ അവരെ കണ്ട്, കാളിയുടെ അവതാരം എന്ന് കരുതി കാൽക്കൽ വീഴുകയായിരുന്നു. ഭക്ത ജന പ്രവാഹമുണ്ടായി.

അക്കൂട്ടത്തിൽ, കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് രാമപ്രസാദ്‌ മുക്കർജി ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി ശ്യാമപ്രസാദ് മുക്കർജിയുടെ ജ്യേഷ്ഠൻ. ദക്ഷിണേശ്വറിൽ റാണി രാസ് മണിയുടെ കൊട്ടാരത്തിൽ താമസിച്ചു. ധീവര രാജ്ഞിയായ അവരാണ്, രാമകൃഷ്ണ പരമഹംസരെ കണ്ടെത്തിയത്. കൊട്ടാരത്തിൽ മുൻപ് സ്വാമി വിവേകാനന്ദനും സിസ്റ്റർ നിവേദിതയും താമസിച്ചിരുന്നു. മാതാ ഗീതാ പ്രഭാഷണം നടത്തി കൊണ്ടിരുന്നു.

നെഹ്രുവിനെ താൻ  സ്വാധീനിച്ച ചില കാര്യങ്ങളുണ്ടെന്ന് മാതാ, സിംഗിനോട് പറഞ്ഞു: India that is Bharat എന്ന് ഭരണഘടനയിൽ നെഹ്‌റു ചേർക്കാൻ ശ്രമിച്ചത്, ഇന്നത്തെ Bharat that is India എന്ന് മാറ്റിയത് താനാണ്; സംസ് കൃതത്തിന്റെ  ദേവനാഗരി ലിപി റോമൻ ലിപിയാക്കാൻ നെഹ്രു നടത്തിയ നീക്കം പൊളിച്ചു സംസ്‌കൃതത്തിന് സ്ഥാനം നൽകിയത് താനാണ് -നെഹ്രുവിന്റെ മതേതരത്വം അട്ടിമറിച്ചു എന്നർത്ഥം. ഗാന്ധി വധിക്കപ്പെട്ട അന്ന് മാതാ ഫരീദാബാദിൽ ആയിരുന്നു. 1952 ൽ വിദേശത്ത് പോയി. തിരിച്ചു വന്ന് നെഹ്രുവിനെ വിളിച്ചില്ല.സവായ് മാൻ സിംഗും ഭാര്യ സുന്ദരിയായ ഗായത്രി ദേവിയും ശിഷ്യരായി മാറിയിരുന്നു. നെഹ്‌റു ജയ്‌പൂരിൽ എത്തിയപ്പോൾ,ഹരി ഭൻ ഉപാധ്യായ ഒരു മെഹ്ഫിൽ സംഘടിപ്പിച്ചു. മാതാ ദൂരെയിരുന്നു കണ്ടു.

നെഹ്രുവിന് ആദ്യ ആഘാതമുണ്ടായപ്പോൾ മാതാ ആകുലയായി കത്തെഴുതി.ദേഷ്യം മാറ്റി വയ്ക്കാൻ നെഹ്‌റു മറുപടി എഴുതി. അതായിരുന്നു,അവസാന ആശയ വിനിമയം. "അടുത്തായിരുന്നപ്പോൾ ഞാൻ അദ്ദേഹത്തിന് ശക്തി പകർന്നിരുന്നു. അകന്നപ്പോൾ നടന്നില്ല. അസുഖത്തിൽ സഹായിക്കാൻ ആയില്ല", മാതാ പറഞ്ഞു.

ദേബി സിംഗ്  തെവറ്റിയ

ജസ്റ്റിസ് ദേബി സിംഗ്  തെവറ്റിയയ്ക്ക് 1976 ൽ ഡോ വൈദിൽ നിന്ന് ഒരു കത്ത് കിട്ടിയിട്ടാണ് ഇരുവരും കണ്ടത്. വൃദ്ധനായ വൈദ് കൈയിലുള്ള ഒരു കത്ത് കാട്ടി.നെഹ്രുവിന്റെ അവിഹിത സന്തതിയെപ്പറ്റി വൈദ് പറഞ്ഞത് നടുക്കി. തെവറ്റിയയ്ക്ക് 1952 മുതൽ മാതയെ അറിയാമായിരുന്നു. ഇരുവരും ലണ്ടനിൽ പാർലമെൻറ് സ്ട്രീറ്റ് 48 ൽ ഒരേ ബോർഡിങ് ഹൗസിലാണ് അന്ന് താമസിച്ചിരുന്നത്. അവരുടെ ശബ്‌ദം വികാര ലോലമായിരുന്നു. മീര ഭജനുകൾ തരളിതമായി പാടിയിരുന്നു.

നിയമവിദ്യാർത്ഥിയായ അദ്ദേഹവും സന്യാസിനിയും മത കാര്യങ്ങൾ ചർച്ച ചെയ്‌തു. ഹിന്ദി,ഇംഗ്ലീഷ്‌ പുസ്തകങ്ങൾ അവരുടെ മുറിയിൽ നിറഞ്ഞിരുന്നു. സുൽത്താൻ പൂരിൽ ജനിച്ച അവരെ അമ്മായി ദത്തെടുത്തു. അയോധ്യയ്ക്കടുത്ത ചെറിയ സ്ഥലത്ത് റാണിയായിരുന്നു, അമ്മായി. 14 വയസിൽ ബന്ധുവായ അഭിഭാഷകൻ വിവാഹം ചെയ്‌തു. രണ്ടാഴ്ച കഴിഞ്ഞ് അവർ ഗാന്ധി ആശ്രമത്തിലേക്കും അവിടന്ന് ഹിമാലയത്തിലേക്കും പോയി. 26 വയസ്സിൽ മികച്ച പ്രഭാഷകയായ സന്യാസിനിയായി. നെഹ്‌റു യുക്തിവാദിയല്ലെന്നും രേഖ നോക്കാൻ കൈ നീട്ടുമായിരുന്നെന്നും മാതാ അന്ന് പറഞ്ഞിരുന്നു.

ലണ്ടനിലുള്ള ഉപരാഷ്ട്രപതി എസ് രാധാകൃഷ്ണൻറെ നമ്പർ കൊടുത്ത് വിളിക്കാൻ തെവറ്റിയയോട് അന്ന് മാതാ ആവശ്യപ്പെട്ടു. രാധാകൃഷ്‌ണൻ ലൈനിൽ വന്നു. ഒരാഴ്ചയ്ക്കുള്ളിൽ ലണ്ടനിൽ നിന്ന് മാതയുടെ മടക്കയാത്ര ശരിയാക്കിയത് അദ്ദേഹമായിരുന്നു.

ഒരു കൊല്ലം കഴിഞ്ഞ് ഹരിയാനയിലെ ഫരീദാബാദിൽ മാതയെ കണ്ടു. അവരുടെ കോട്ടേജിന് നിരവധി നായകൾ കാവൽ നിന്നു. കമ്പി വേലി കെട്ടിയിരുന്നു. പുതിയ പാകാർഡ് കാറിൽ തെവറ്റിയയ്ക്ക് മാതാ ഡൽഹിക്ക് ലിഫ്റ്റ് നൽകി. ഫ്രഞ്ചുകാരൻ ആയിരുന്നു ഡ്രൈവർ.വിദേശികളോട് മാതായ്ക്കുണ്ടായിരുന്ന വെറുപ്പ് മങ്ങിയിരുന്നു. വിദേശ ഭാര്യയെ കിട്ടിയോ എന്ന് അവർ തെവറ്റിയയോട് ചോദിച്ചു. 1966 ൽ രാജസ്ഥാൻ ഹൗസിൽ അവരെ കണ്ടു.തടി കുറഞ്ഞിരുന്നു. അവർ ഇടതു പക്ഷത്തായിരുന്നു. ഇന്ദിര തന്നെ വേട്ടയാടുന്നുവെന്ന് അവർ പറഞ്ഞു. എന്ത് കൊണ്ടെന്ന് ചോദിച്ചില്ല.എന്ത് കൊണ്ടെന്ന് വൈദ് വന്നപ്പോൾ മനസ്സിലായി.

തെവറ്റിയ 1985 ൽ ജയ്‌പൂരിൽ ഒരു വിവാഹത്തിന് പോയപ്പോൾ മാതയെ അവസാനമായി കണ്ടു.താമസിച്ച ഹോട്ടലിന് പിന്നിലായിരുന്നു,മാതയുടെ കോട്ട.പ്രമേഹം രൂപത്തെ ബാധിച്ചിരുന്നു.

ഹരിയാനയിലെ റോഹ്ത്തക്കിൽ ജനിച്ച തെവറ്റിയ ( 1930 -2017 ) ലണ്ടനിൽ ലിങ്കൻസ് ഇന്നിൽ പഠിച്ച് 1969 ൽ ഹരിയാന അഡ്വക്കേറ്റ് ജനറൽ ആയി. അടുത്ത കൊല്ലം ജഡ്‌ജി.1987 ൽ പഞ്ചാബ് -ഹരിയാന ചീഫ് ജസ്റ്റിസ് ആയിരിക്കെ കൊൽക്കത്തയ്ക്ക് മാറ്റിയ അദ്ദേഹം ഒരു വർഷം കഴിഞ്ഞ് ചീഫ് ജസ്റ്റിസ് ആയിരിക്കെ രാജി വച്ചു. A Journey Less Travelled ആത്മകഥ.

See https://hamletram.blogspot.com/2019/09/blog-post_5.html

Thursday, 5 September 2019

സരോജിനി,ജിന്നയ്ക്ക് പ്രണയപൂർവം

ജിന്ന പ്രണയിച്ചത് സുഹൃത്തിൻറെ മകളെ  

പാക്കിസ്ഥാൻ രാഷ്ട്ര പിതാവ് മുഹമ്മദാലി ജിന്ന ( 1876 -1948 )  നാൽപതാം വയസിൽ പതിനാറുകാരി രത്തൻ ബായ് എന്ന പാഴ്‌സി പെൺകുട്ടിയെ പ്രണയിച്ചതും രണ്ടു വർഷം കഴിഞ്ഞ് വിവാഹം ചെയ്‌തതും പുസ്‌തകം ആയ കഥയാണ്.അത്തരം പുസ്തകങ്ങളിൽ നിന്ന് കിട്ടുന്ന ഉപോല്പന്നമാണ് സരോജിനി നായിഡു ( 1879 -1949 ) വിന് ജിന്നയോട് തോന്നിയ പ്രണയം.അവർ ജിന്നയ്ക്ക് കവിതകൾ എഴുതിയിരുന്നു.

ഹെക്റ്റർ ബോലിതോ എഴുതിയ,Jinna,Creator of Pakistan എന്ന പുസ്തകത്തിൽ അങ്ങനെ ഒരു കവിത ഉദ്ധരിച്ചിട്ടുണ്ട്:

In the noon-tide hours, O Love,
secure and strong, I need thee not. . . .
But in the desolate hour of midnight, when
An ecstasy of starry silence sleeps
On the still mountains and the soundless deeps,
And my soul hungers for thy voice. .



"പ്രിയനേ ഉച്ചയ്ക്ക് നിന്നെ എനിക്ക് ആവശ്യമില്ല,പാതിരയ്ക്ക് എൻറെ ആത്മാവ് നിനക്കായി കൊതിക്കുന്നു" എന്ന് പറയുന്നതിൽ പ്രണയം മാത്രമല്ല,കാമത്തിൻറെ ആക്രാന്തം ആണുള്ളത്.

ബംഗാളി ബ്രാഹ്മണനും ഹൈദരാബാദ് നൈസാം കോളജ് പ്രിൻസിപ്പലും ശാസ്ത്രജ്ഞനുമായിരുന്ന അഘോർ നാഥ് ചതോപാധ്യയുടെ എട്ടു മക്കളിൽ മൂത്തവൾ ആയിരുന്നു,സരോജിനി.അമ്മ വരദ സുന്ദരി ബംഗാളി കവയിത്രി ആയിരുന്നു.സാധാരണ മക്കൾ ആയിരുന്നില്ല.സരോജിനി,സഹോദരിമാരായ മൃണാളിനി,സുഹാസിനി എന്നിവരെ ഇന്ത്യയിലെത്തി കണ്ട് ഒരു ലേഖനം തന്നെ എഡ്‌ഗാർ സ്നോ എഴുതുകയുണ്ടായി.സുഹാസിനി മലയാളിയായ പ്രവാസി വിപ്ലവകാരി എ സി എൻ നമ്പ്യാരുടെ ഭാര്യ ആയിരുന്നു,കുറച്ചു കാലം.സുഹാസിനി ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ,സ്വന്തം സെക്രട്ടറിയുമായി കിടപ്പറ പങ്കിട്ട നമ്പ്യാർ,സുഹാസിനിയെ വഞ്ചിക്കുകയായിരുന്നു എന്ന് വാപ്പാല ബാലചന്ദ്രൻ എഴുതിയ നമ്പ്യാരുടെ ജീവ ചരിത്രം ,A Life in Shadow യിൽ വായിക്കാം.
ററ്റിയും ജിന്നയും 
സരോജിനിയുടെ സഹോദരൻമാർ  ഹരീന്ദ്രനാഥ് എഴുത്തുകാരനായും വിരേന്ദ്രനാഥ് പ്രവാസി വിപ്ലവകാരി ആയും അറിയപ്പെട്ടു.ചാറ്റോ എന്ന പേരിൽ അറിയപ്പെട്ട വിരേന്ദ്രനാഥിനെ 1937 ൽ സ്റ്റാലിൻ വെടി വച്ച് കൊന്നു.
മെട്രിക്കുലേഷൻ കഴിഞ്ഞ് നാലു വർഷം പഠനത്തിൽ നിന്ന് വിട്ടു നിൽക്കുമ്പോൾ,സരോജിനി ഡോക്റ്ററായ പടിപ്പറ്റി ഗോവിന്ദരാജുലു നായിഡുവിനെ പ്രണയിച്ചു.കേംബ്രിഡ്‌ജിൽ പഠനം കഴിഞ്ഞായിരുന്നു,വിവാഹം.നെഹ്‌റു പ്രണയിക്കുകയും പശ്ചിമ ബംഗാളിൽ  ഗവർണർ ആക്കുകയും ചെയ്‌ത പത്മജ ഉൾപ്പെടെ അഞ്ചു മക്കൾ.ഗോവിന്ദരാജുലു 1949 ൽ മരിച്ചു.എഡിൻബർഗിൽ നിന്ന് ഡോക്റ്ററേറ്റ് എടുത്ത അഘോർ നാഥ്,മകളുടെ മിശ്ര വിവാഹത്തെ അനുകൂലിച്ചു.
സരോജിനി നായിഡു 
1905 ൽ ബംഗാൾ വിഭജനം നടന്നപ്പോഴാണ് സരോജിനി സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ എത്തിയത്.ആ വർഷം തന്നെ ആദ്യ കവിതാ സമാഹാരം,The Golden Threshold ഇറങ്ങി.മഹേർ മുനീർ എന്ന ഉറുദു നാടകവും എഴുതി.അത് ഹൈദരാബാദ് നവാബിന് നന്നേ പിടിച്ചു.ബാക്കി കവിതകൾ എല്ലാം പത്മജ എഡിറ്റ് ചെയ്‌ത്‌ സരോജിനിയുടെ മരണ ശേഷം 1961 ൽ ഇറങ്ങി -The Feather of the Dawn.ഭർത്താവ് മരിച്ച വർഷം തന്നെ ആയിരുന്നു സരോജിനിയുടെയും മരണം.ജിന്ന ഒരു വർഷം മുൻപേ മരിച്ചു.

സരോജിനി 1925 ൽ കാൺപൂർ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷ ആയിരുന്നു;1931 ൽ രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിക്കും മദൻ മോഹൻ മാളവ്യയ്‌ക്കുമൊപ്പം പങ്കെടുത്തു.ഉപ്പു സത്യഗ്രഹം,ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം തുടങ്ങി എല്ലാ പോര്മുഖങ്ങളിലും അവിഭാജ്യ ഘടകം.
അവസാനം ആശുപത്രിയിൽ ശുശ്രൂഷിച്ച നഴ്‌സിനോട് അവർ പാടാൻ പറഞ്ഞിരുന്നു.അത് കഴിഞ്ഞ് ഉറക്കത്തിൽ ആയിരുന്നു,മരണം.

മുംബൈയിലെ പാഴ്‌സി കോടീശ്വരനായ ദിൻഷാ പെറ്റിറ്റിന്റെ മകൾ രത്തൻ ബായ് ( ററ്റി ) സ്വന്തം പിതാവിനെക്കാൾ മൂന്നു വയസു മാത്രം കുറഞ്ഞ ജിന്നയുമായി പ്രണയത്തിൽ ആയത് ജിന്ന ആ സുഹൃദ് കുടുംബത്തിൻറെ വേനൽക്കാല വസതിയുള്ള ഡാർജിലിംഗിൽ അവധിക്കാലം ആഘോഷിക്കുമ്പോൾ ആയിരുന്നു.നല്ല വരുമാനമുള്ള ബാരിസ്റ്ററും വൈസ്രോയിയുടെ ഇoപീരിയൽ ലെജിസ്ലെറ്റിവ്‌ കൗൺസിൽ അംഗവുമായ ജിന്നയെ വിവാഹം ചെയ്യാൻ ഇസ്ലാമിൽ ചേർന്നപ്പോൾ ററ്റി സമുദായത്തിൽ ഒറ്റപ്പെട്ടു;കുടുംബം അകന്നു.അപ്പോൾ ററ്റി,ആശ്വാസം തേടിയത് സരോജിനി നായിഡുവിൻറെയും പത്മജയുടെയും അടുത്തായിരുന്നു.പത്മജ കൂട്ടുകാരി ആയിരുന്നു.

ക്രിസ്‌മസിന്‌ ജനിച്ച ജിന്ന 16 വയസിൽ എമി ബായിയെ വിവാഹം ചെയ്‌തെങ്കിലും,ലണ്ടനിൽ പഠിക്കുമ്പോൾ അവർ ബോംബെയിൽ കോളറ ബാധിച്ചു മരിച്ചു.അത് കഴിഞ്ഞ് ജിന്ന പൊതുവെ സ്ത്രീകളിൽ നിന്ന് അകന്നാണ് കഴിഞ്ഞിരുന്നത്.ററ്റിയെ കാണും വരെ.അത്ര സുന്ദരി ആയിരുന്നു ററ്റി.1916 ൽ രണ്ടു മാസമാണ് ഡാർജിലിംഗിൽ ദിൻഷാ കുടുംബത്തോടൊപ്പം ജിന്ന ചെലവിട്ടത്.ററ്റിയും കവിത എഴുതിയിരുന്നു;രാഷ്ട്രീയം ശ്രദ്ധിച്ചിരുന്നു.ററ്റി,ജിന്നയെ ജെ എന്ന് വിളിച്ചു.വിവാഹ താൽപര്യം ജിന്ന, ദിൻ ഷായോട് നേരിട്ട് പറഞ്ഞപ്പോൾ വിസമ്മതിച്ചു.മകൾക്ക് പ്രായ പൂർത്തി ആകാത്തതിനാൽ ജിന്നക്കെതിരെ കോടതി നിരോധം വാങ്ങി.നിയമം പാലിച്ച് ററ്റിക്ക് 18 ആകും വരെ ജിന്ന അകന്നു നിന്നു.1918 ഏപ്രിൽ 16 ന് ററ്റി വീട് വിട്ടിറങ്ങി.1,25,000 രൂപയാണ് ജിന്ന നിക്കാഹ് നേരത്ത് ററ്റിക്ക് കൊടുത്ത മെഹർ.

അടുത്ത ഓഗസ്റ്റ് 14 -15 രാത്രി മകൾ ദിന പിറന്നു.പാക്കിസ്ഥാൻ പിന്നീട് ജനിച്ച സമയം.
പത്മജ നായിഡു 
കോൺഗ്രസ് രാഷ്ട്രീയത്തിൽ ജിന്ന ഒറ്റപ്പെടുകയും ററ്റിയോട് നിരന്തരം രോഷം തീർക്കുകയും ചെയ്‌തപ്പോൾ അവർ അകന്നു.ജിന്ന നല്ല കാമുകൻ ആയിരുന്നുമില്ല.കുതിര സവാരിയിൽ മാത്രമായിരുന്നു,മനപ്പൊരുത്തം .ജിന്ന രാഷ്ട്രീയത്തിൽ മുഴുകിയിരിക്കെ 1928 ഏപ്രിലിൽ ററ്റി അമ്മയ്‌ക്കൊപ്പം പാരിസിൽ ക്ഷയ ചികിത്സയ്ക്ക് പോയി.അതറിഞ്ഞ ജിന്നയും പാരിസിൽ പോയി.ഒന്നിച്ചു വീണ്ടും പാർക്കുകയും തർക്കിക്കുകയും ററ്റി ബോംബയ്ക്ക് മടങ്ങുകയും ചെയ്‌തു.ററ്റി രോഗത്തിന് കീഴടങ്ങി.29 -o ജന്മ ദിനമായ ഫെബ്രുവരി 20 നായിരുന്നു മരണം.ആ വിവരം ദിൻ ഷാ ഡൽഹിയിലുള്ള ജിന്നയെ ഫോണിൽ അറിയിച്ചു.അകന്ന ശേഷം ആദ്യ വാക്ക്.22 ന് ജഡത്തിൽ ആദ്യം മണ്ണ് തൂവി തല ഉയർത്തി ജിന്ന പൊട്ടിക്കരഞ്ഞു.
പാരിസിൽ നിന്ന് മടങ്ങുമ്പോൾ,ജിന്നയ്ക്ക് ററ്റി അവസാന കത്തെഴുതി:

'Darling I love you--I love you--and had I loved you just a little less I might have remained with you--only after one has created a very beautiful blossom one does not drag it through the mire. The higher you set your ideal the lower it falls.
I have loved you my darling as it is given to few men to be loved. I only beseech you that the tragedy which commenced in love should also end with it.
Darling Goodnight and Goodbye.''   
ജിന്ന അയച്ച ഒരു കത്തും നിലവിലില്ല.
കവിതാമയമായിരുന്നു ററ്റി സുഹൃത്തുക്കൾക്ക് എഴുതിയ കത്തുകൾ.മഹാബലേശ്വറിൽ നിന്ന് 16 വയസിൽ അതേ പ്രായമുള്ള പത്മജയ്ക്ക് എഴുതിയ കത്ത്:

All nature seems to be astir with song birds and little insects, and often while you are feasting your soul on the exquisite and fierce grandeur of the ghats, the mist will rapidly and almost suddenly veil the scenery as though it were jealous. A few days ago while returning from Bombay Point, the delicate strains of a shepherd's flute caught my ears.

ജിന്നയിൽ നിന്ന് പ്രതീക്ഷിച്ച പ്രേമം കിട്ടാതെ ഒരു വർഷം കഴിഞ്ഞപ്പോൾ ( 1917 ) എഴുതി:

I revel in the storming passions that burn and tear at the fibres of my being till my very spirit writhes in an agony of excitement.

ഷീല റെഡ്‌ഡി ഈ പ്രണയ കഥ ( Mrs and Mr Jinna ) മനോഹരമാക്കിയത്,പത്മജ സൂക്ഷിച്ചു വച്ച കത്തുകളിലൂടെയാണ്.പത്മജയുടെ ഇളയ സഹോദരി ലീലാമണിക്കും ററ്റി എഴുതി.
ററ്റി 
ഇസ്മയിലി വിഭാഗത്തിലെ ഖോജ മുസ്ലിം ആയ ജിന്ന വിസ്‌കി കുടിക്കുകയും പന്നിമാംസം ഭക്ഷിക്കുകയും ഖുർ ആൻ വായിക്കാതിരിക്കുകയും ചെയ്‌തു.ഫ്രഞ്ചുകാരൻ അല്ലാത്ത കോഴ്സിക്കൻ നെപ്പോളിയൻ ഫ്രഞ്ച് ചക്രവർത്തിയായ പോലെ,ഓസ്ട്രിയക്കാരനായ ഹിറ്റ്‌ലർ ജർമൻ ഭരണാധികാരി ആയ പോലെ,ജീവിതത്തിൽവർഗീയത തീണ്ടാത്ത ജിന്ന രാജ്യം കിട്ടാൻ രാഷ്ട്രീയത്തിൽ അത് തിരുകി.ററ്റിയുടെ സുഹൃത്ത് കാഞ്ചി ദ്വാരകാദാസ് പറഞ്ഞത്,ററ്റി ജിന്നയുടെ ജീവിതത്തിൽ തുടർന്നെങ്കിൽ ഇത് സംഭവിക്കുകയില്ലായിരുന്നു എന്നാണ്.അങ്ങനെ ആശിക്കേണ്ടതില്ല.ഉണ്ടായ മകളെ, അമ്മൂമ്മ ഏറ്റെടുക്കും വരെ പേര് പോലും നൽകാതെ,ജിന്നയും ററ്റിയും വേലക്കാർക്ക് വിട്ടിരിക്കുകയായിരുന്നു.ജിന്നയ്ക്ക് ലൈംഗിക ജീവിതം ശൂന്യമായിരുന്നു.

മതേതരനായ ജിന്ന ററ്റിയെ മതം മാറ്റിയത്,എന്തിന് ? എന്ന ചോദ്യം പ്രസക്തമാണ്.ജമാ മസ്‌ജിദിൽ മൗലാനാ എം എച്ച് നജാഫിയാണ് മതം മാറ്റിയത്.പള്ളിയിൽ അല്ലാതെ വിവാഹം അന്ന് കോടതിയിൽ നടത്താൻ ഇരുവരും മതമില്ല എന്ന് വ്യക്തമാക്കേണ്ടിയിരുന്നു.അന്ന് ജിന്ന മുസ്ലിം സീറ്റിൽ ആണ് ലെജിസ്ലെറ്റിവ് കൗൺസിലിൽ എത്തിയത്.അത് കൊണ്ട് മുസ്ലിം ആചാരം തള്ളാൻ പറ്റില്ലായിരുന്നു.

ജിന്ന ഹോം റൂൾ ലീഗിൻറെ പ്രധാന പ്രവർത്തകൻ ആയിരിക്കുമ്പോഴാണ്,സരോജിനി നായിഡുവിനെ പരിചയപ്പെടുന്നത്.ജിന്നയെക്കാൾ മൂന്ന് വയസിന് ഇളപ്പം.സരോജിനി ജിന്നയുടെ ആരാധികയായി,അദ്ദേഹത്തെ ഹിന്ദു -മുസ്ലിം മൈത്രിയുടെ പതാക വാഹകൻ ആയി വിശേഷിപ്പിച്ചു.സരോജിനി,വികാരം ജിന്നയോട് തുറന്നു പറഞ്ഞതിന് തെളിവില്ല.1915 ലെ ബോംബെ കോൺഗ്രസ് സമ്മേളനത്തിനിടയിൽ ( ഡിസംബർ 27 -29 )  പരസ്യമായാണ്,സരോജിനി ആദ്യം ഉദ്ധരിച്ച കവിത,ജിന്നയ്ക്ക് സമർപ്പിച്ചു വായിച്ചത്.അന്ന് ജിന്ന 39 വയസുള്ള ഒന്നാന്തരം സുന്ദര ബ്രഹ്മചാരിയാണ്.സമ്മേളനത്തിൽ ഉണ്ടായിരുന്നു താനും.

അന്നോ പിന്നീടോ ജിന്നയ്ക്ക് അനുകൂല പ്രതികരണം ഉണ്ടായതിന് തെളിവില്ല.എന്നാൽ സരോജിനിയുടെ കവിത കേട്ട് അടുത്ത വർഷമാണ് ററ്റിയുമായി പ്രണയത്തിൽ ആയത്.ജിന്നയ്ക്ക് വേണ്ടി മതവും കുടുംബവും വേണ്ടെന്നു വച്ച് ററ്റി ഇറങ്ങിയത് കേട്ട് സരോജിനി നായിഡു പറഞ്ഞു:

Jinnah is worth it all – he loves her: the only really human and genuine emotion of his reserved and self-centered nature.
"ജിന്ന അതർഹിക്കുന്നു;പൊതുവെ അന്തർമുഖനായ അദ്ദേഹത്തിൻറെ ഏകവും സത്യ സന്ധവുമായ പ്രണയം."

സരോജിനി നായിഡു ആയിരുന്നു എങ്കിൽ,പ്രായം കൊണ്ടും രാഷ്ട്രീയം കൊണ്ടും പൊരുത്തപ്പെടുമായിരുന്നു.പാക്കിസ്ഥാൻ ഒഴിവാക്കാനുള്ള താക്കോൽ സരോജിനിയുടെ കൈയിൽ ഭദ്രമായേനെ!
നെഹ്രുവും എഡ്വിനയും 
പതിനൊന്ന് വയസ്സ് വ്യത്യാസമുള്ള നെഹ്രുവും പത്മജയും നിരവധി വർഷങ്ങൾ ഒന്നിച്ചു ജീവിക്കുകയായിരുന്നുവെന്ന് നെഹ്രുവിന്റെ സഹോദരി വിജയലക്ഷ്‌മി പണ്ഡിറ്റ്,ഇന്ദിരാഗാന്ധിയുടെ ജീവചരിത്രം എഴുതിയ പുപുൽ ജയ്‌കറോട് പറയുകയുണ്ടായി.ഇന്ദിര സമ്മതിക്കാത്തതിനാൽ വിവാഹം നടന്നില്ല.എന്നെങ്കിലും അത് നടക്കുമെന്ന പ്രതീക്ഷയിൽ പത്മജ വിവാഹം ചെയ്‌തില്ല.റിട്ടയർ ചെയ്‌ത ശേഷം പത്മജ 1975 വരെ,നെഹ്‌റു പ്രധാനമന്ത്രി ആയപ്പോൾ താമസിച്ചിരുന്ന തീൻ മൂർത്തി ഭവൻ വളപ്പിലെ ഒരു ബംഗ്ലാവിലാണ് കഴിഞ്ഞത്.

പത്മജ 21 വയസ്സിൽ ഹൈദരാബാദിൽ കോൺഗ്രസ് സ്ഥാപകാംഗം ആയിരുന്നു.ക്വിറ്റ് ഇന്ത്യ ഉൾപ്പെടെ സമരങ്ങളിൽ പങ്കെടുത്തു.1950 ൽ ഹൈദരാബാദ് എം പി ആയിരുന്നു.ഹൈദരാബാദ് നവാബ് സലാർ ജങ് ആയിരുന്നു ആദ്യ കാമുകൻ.1946 ൽ അലഹബാദിൽ നെഹ്രുവിൻറെ വീടിൻറെ മേൽനോട്ടം അവർക്കായിരുന്നു.തുടർന്ന് ഡൽഹിയിലും അതായി.നെഹ്രുവിന്റെ അടുത്ത മുറിയിലായിരുന്നു താമസം.ഹൈദരാബാദിൽ നിന്ന് നവംബർ ആദ്യ വാരം ജന്മദിനം കൊണ്ടാടാൻ അവരെത്തിയിരുന്നു -നെഹ്‌റു നവംബർ 14,ഇന്ദിര 19,പത്മജ 17.ഇക്കാലത്ത് എഡ്വിന മൗണ്ട് ബാറ്റനുമായും നെഹ്‌റു അടുത്തു.

1947 ശിശിരത്തിൽ നെഹ്‌റു ലക്‌നോയ്ക്ക് പോയത്,പത്മജയുമായുള്ള വിവാഹത്തിനാണെന്ന് ശ്രുതി പരന്നു.സരോജിനി നായിഡു യു പി ഗവർണറായിരുന്നു,അപ്പോൾ.നെഹ്‌റു അവിടെ എഡ്വിനയുമായി ചെന്നത്,പത്മജയെ നിരാശയാക്കി.ഒരു വർഷം കഴിഞ്ഞ് നെഹ്രുവിന്റെ കിടപ്പുമുറിയിൽ എഡ്വിനയുടെ രണ്ടു ചിത്രങ്ങൾ കണ്ട് പത്മജ ക്ഷുഭിതയായി.പത്മജയുടെ ഒരു ചിത്രം കൂടി വച്ച് നെഹ്‌റു സന്ധിയിൽ എത്തി.എം പി ആയി ഡൽഹിയിൽ വന്നപ്പോൾ പ്രധാനമന്ത്രി വസതിയിൽ നെഹ്‌റുവിന് അടുത്ത മുറിയിൽ ആയിരുന്നു പത്മജ.കുറെക്കഴിഞ്ഞ് അവരെ മാറ്റി.1956 -67 ൽ ബംഗാൾ ഗവർണറായി.
എഡ്വിനയും മൗണ്ട്ബാറ്റനും ഇന്ത്യ വിടുന്നതിന് തലേന്ന് നടത്തിയ വിരുന്നിന് ശേഷം നെഹ്‌റു എഡ്വിനയ്ക്ക് എഴുതിയ വരികളിൽ ഇത് അവസാനിപ്പിക്കാം:
"A feeling of acute malaise is creeping over me, and horror seizes me when I look at a picture in my mind of your... saying your final goodbye."
"എനിക്ക് എന്തോ ബാധിച്ച പോലെ തോന്നുന്നു.എൻറെ മനസ്സിൽ നീ അവസാന യാത്ര പറയുമ്പോഴത്തെ ചിത്രം കാണുമ്പോൾ ഞാൻ നടുങ്ങുന്നു."





Wednesday, 4 September 2019

കേരളത്തിലെ ശിപായി ലഹള 1812

മൺറോ 29 പട്ടാളക്കാരെ കൊന്നു 

ഝാൻസി റാണി ലക്ഷ്‌മി ബായ് ( 1823 -1858 ) അല്ല ആദ്യം ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ രാജ്ഞി എന്ന സത്യം ഇന്ന് പലർക്കുമറിയാം.അതിന് 33 വർഷം മുൻപ് 1824 ൽ കർണാടകയിലെ കിട്ടൂരു റാണി ചെന്നമ്മ അവരോട് യുദ്ധം പ്രഖ്യാപിച്ച് കൊല്ലപ്പെട്ടിരുന്നു.ലക്ഷ്‌മി ബായ് ജനിക്കുമ്പോൾ,രാജ്ഞി ആയിരുന്നു,ചെന്നമ്മ.

ചെന്നമ്മയുടെ മകൻ 1824 ൽ മരിച്ചപ്പോൾ,ശിവലിംഗപ്പ എന്നൊരാളെ രാജ്ഞി അവകാശിയായി ദത്തെടുത്തത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അനുവദിച്ചില്ല.അവകാശികൾ ഇല്ലെങ്കിൽ നാട്ടുരാജ്യം ബ്രിട്ടീഷുകാരുടേതാകും എന്ന സിദ്ധാന്തം അന്നാണ് ആദ്യമായി പ്രയോഗിച്ചത്.ആ സിദ്ധാന്തം ( Doctrine of Lapse ) 1848 -1856 കാലത്ത് ഡൽഹൗസി ഔദ്യോഗികമാക്കി.ശിവലിംഗപ്പയെ പുറത്താക്കണമെന്ന ബ്രിട്ടീഷ് ആവശ്യം ചെന്നമ്മ നിരാകരിച്ചു.ബോംബെ ഗവർണർ മൗണ്ട് സ്റ്റുവർട്ട് എൽഫിൻസ്റ്റൺ,ചെന്നമ്മയുടെ കത്ത് നിരാകരിച്ചപ്പോൾ,യുദ്ധം പൊട്ടിപ്പുറപ്പെട്ടു.തെക്കൻ മഹാരാഷ്ട്ര ധോബ് മേഖലയുടെ കലക്റ്ററും പൊളിറ്റിക്കൽ ഏജന്റുമായ സെൻറ് ജോൺ താക്കറെ,ഷോലാപ്പൂർ സബ് കലക്ടർ ജോൺ മൺറോ എന്നിവരടക്കം പലരും കൊല്ലപ്പെട്ടു.മദ്രാസ് ഗവർണർ തോമസ് മൺറോയുടെ അനന്തരവൻ ആയിരുന്ന ഈ ജോൺ മൺറോ,തിരുവിതാംകൂറിൻറെയും കൊച്ചിയുടെയും റെസിഡൻറ് ദിവാൻ ആയിരുന്ന ജോൺ മൺറോയുടെ ബന്ധുവും കൂടി ആയിരുന്നു.
റെസിഡൻറ് കേണൽ മൺറോ 
ഇത് പോലെ,ഇന്ത്യയിലെ ആദ്യ ശിപായി ലഹളയും 1857 ൽ നടന്നത് അല്ല;കേരളത്തിലെ കൊല്ലത്ത്,അതിനും 45 വർഷം മുൻപ് ശിപായി ലഹളയുണ്ടായി.കലാപത്തിന് മുതിർന്ന 29 പട്ടാളക്കാരെ കൂട്ടക്കൊല ചെയ്‌താണ്‌,റെസിഡൻറ് കേണൽ ജോൺ മൺറോ അത് അടിച്ചമർത്തിയത്.കലാപത്തിന് ഉത്തരവാദികളായി,മൺറോ തൻറെ ശത്രുക്കളായ,പുറത്താക്കപ്പെട്ട ദിവാൻ ഉമ്മിണി തമ്പിയെയും 'യുവരാജ്'  വിശാഖം തിരുനാൾ കേരള വർമയെയും ( ഇത് ആയില്യം തിരുനാളുമായി കലഹിച്ച ഇളയരാജാവ് വിശാഖം അല്ല ) മുദ്ര കുത്തി,അവരെ വധശിക്ഷയ്ക്ക് വിധിച്ചു.ജീവപര്യന്തമായി പിന്നീട് ഇളവ് ചെയ്‌തു.മാവേലിക്കര ആറാട്ടു കടവ് കോയിക്കൽ കൊട്ടാരത്തിലെ അത്തം തിരുനാൾ മഹാറാണിയുടെ മകനായിരുന്നു,കേരള വർമ്മ.കോലത്തുനാട്ടിലെ ചെങ്ങ താവഴിയിൽ നിന്നുള്ള അദ്ദേഹത്തിൻറെ കുടുംബം,ടിപ്പുവിൻറെ പടയോട്ടക്കാലത്ത് പലായനം ചെയ്‌തവരായിരുന്നു.കേരള വർമയുടെയും ഉമ്മിണി തമ്പിയുടെയും രാഷ്ട്രീയത്തിലേക്ക് ഇവിടെ കടക്കുന്നില്ല.1814 ൽ മൺറോ റെസിഡൻറ് സ്ഥാനം ഒഴിഞ്ഞതിൻറെ ( 1819 വരെ ഉപദേഷ്ടാവായി തുടർന്നു ) കാരണമായി ഈ ശിപായി ലഹളയെ കാണാം.

കേരളത്തിന് കാര്യമായി അറിയാത്ത ഈ ലഹളയുടെ വിവരണം,ഹിസ്റ്ററി ഓഫ് മദ്രാസ് ആർമി ( 1883 ) എന്ന പേരിൽ ലഫ് കേണൽ ഡബ്ള്യു ജെ വിത്സൻ എഴുതിയ പുസ്തകത്തിൻറെ മൂന്നാം ഭാഗത്തിൽ നിന്ന്:

1812 മെയ് 24 രാത്രി കൊല്ലത്ത് നടന്ന ഒരു ഗൂഢാലോചനയുടെ വിവരം 14 -o റെജിമെന്റിലെ രണ്ടാം ബറ്റാലിയൻറെ ലഫ്റ്റനൻറ് അഡ്
ജുറ്റൻറ് കോക്സിന് കിട്ടി.ഇതേ ബറ്റാലിയനിലെ ജമേദാർ ഇയാലുവിൽ നിന്നാണ് വിവരം കിട്ടിയത്:ഇയാലുവിനോട് വിവരം പറഞ്ഞത്,അദ്ദേഹത്തിൻറെ കമ്പനിയിലെ ഒരു ശിപായി ( sepoy ) ആയിരുന്നു.കൊല്ലത്തുള്ള തിരുവിതാംകൂർ അനുബന്ധ സേനയിലെ
( Subsidiary force) ബ്രിട്ടീഷ് ഓഫീസർമാരെ കൊല്ലാനായിരുന്നു,ഗൂഢാലോചന.
അനുബന്ധ സേനയുടെ കമാൻഡർ കേണൽ ഹാമിൽട്ടൺ ഹാൾ ആയിരുന്നു;യൂറോപ്യൻ പീരങ്കിപ്പടയുടെ ഒരു കമ്പനി,9 -o റെജിമെന്റിൻറെ രണ്ടാം ബറ്റാലിയൻ,11 -o റെജിമെന്റിൻറെ രണ്ടാം ബറ്റാലിയൻ,14 -o റെജിമെന്റിൻറെ മൂന്നാം ബറ്റാലിയൻ 18 -o റെജിമെന്റിൻറെ രണ്ടാം ബറ്റാലിയൻ എന്നിവ ചേർന്നതായിരുന്നു,അനുബന്ധ സേന.ഇവ നാടൻ കാലാൾപ്പടയുടെ റെജിമെന്റുകൾ ആയിരുന്നു.കൊല്ലം റെസിഡൻസിയിൽ,25 ന് രാവിലെ കേണൽ ഹാളും ബറ്റാലിയൻ കമാൻഡർമാരും യോഗം ചേർന്നു.ഉച്ചയ്ക്ക് തന്നെ സൈന്യത്തിൻറെ പൊതു പരേഡ് നടത്തി,ഗൂഢാലോചനയിലെ പ്രധാനികളെ പിടി കൂടാൻ തീരുമാനിച്ചു.ഗൂഢാലോചനയ്ക്ക് കോഴ വാങ്ങി ഒത്താശ ചെയ്‌ത നാട്ടുകാരെ,റെസിഡൻറ് കേണൽ ജോൺ മൺറോ കണ്ടെത്തണമെന്നും തീരുമാനിച്ചു.

ഈ തീരുമാനങ്ങൾ ഫലപ്രദമായി നടപ്പാക്കി.14 -o റെജിമെന്റിലെ ജമേദാർ ഷെയ്ഖ് ഹുസൈനെയും രണ്ട് ഹവിൽദാർമാരെയും ആ ബറ്റാലിയനിലെ 22 ഭടന്മാരെയും ജോലിയിൽ നിന്ന് വിടുതൽ ചെയ്‌ത്‌ തടവുകാരാക്കി സേന,തീരുമാനത്തിനൊപ്പം നിന്നു.

പുറത്താക്കപ്പെട്ട ദിവാൻ ഉമ്മിണി തമ്പി,പരേതനായ പഴശ്ശി രാജയുടെ അനന്തരവൻ എന്നവകാശപ്പെട്ട ഒരാൾ,നിരവധി ഫക്കീർമാർ എന്നിവരെ റെസിഡന്റിൻറെ അന്വേഷകർ,മുഖ്യ സൂത്രധാരകർ എന്ന നിലയിൽ പിടി കൂടി.

ഒൻപതാം റെജിമെന്റിൻറെ രണ്ടാം ബറ്റാലിയനിലെ മേജർ ഫ്രേസർ അധ്യക്ഷനായ ഓഫിസർമാരുടെ ബോർഡ്,ജമേദാർ ഷെയ്ഖ് ഹുസൈൻ,ശിപായി സലാബുത് ഖാൻ എന്നിവരെ വിചാരണ ചെയ്‌തു.ഇരുവരെയും പീരങ്കി വായിൽ ചാരി,നിറയൊഴിക്കാനായിരുന്നു,വിധി.അത് 28 ന് പൊതു പരേഡിൽ നടപ്പാക്കി.

പതിനാലാം റെജിമെന്റിലെ രണ്ട് ഹവിൽദാർമാർ,ഒരു നായിക്ക്,26 ശിപായിമാർ എന്നിവരെ പട്ടാളക്കോടതി വധ ശിക്ഷയ്ക്ക് വിധിച്ചു.19 പേർ മുസ്ലിംകളും പത്തു പേർ ഹിന്ദുക്കളും ആയിരുന്നു.ഇതിൽ രണ്ടു ശിപായിമാർക്ക് മാപ്പ് നൽകി.ബാക്കിയുള്ളവരെ വെടി വച്ച് കൊല്ലുകയോ തൂക്കിലിടുകയോ ചെയ്‌തു.കൊല്ലം,കണ്ണൂർ,ശ്രീരംഗ പട്ടണം,തിരുച്ചിറപ്പള്ളി,വെല്ലൂർ,സെൻറ് തോമസ് മൗണ്ട് എന്നിവിടങ്ങളിൽ ശിക്ഷ നടപ്പാക്കി.

പതിനെട്ടാം റെജിമെന്റിലെ ഇന്ത്യൻ ഓഫിസർമാർ,14 -o റെജിമെന്റിലെ ഒരു ഇന്ത്യൻ ഓഫിസർ എന്നിവരെയും വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും ഇവരെ കേസിൽ കുടുക്കുകയാണെന്ന് തെളിഞ്ഞതിനാൽ വിട്ടയച്ചു.
പതിനാലാം റെജിമെന്റിലെ രണ്ടാം ബറ്റാലിയൻ അല്ലാതെ മറ്റൊരു വിഭാഗവും ഗൂഢാലോചനയിൽ പങ്കെടുത്തതായി സൂചനയില്ല.
റെസിഡൻറ്,സമയമെടുത്തു നടത്തിയ അന്വേഷണത്തിൽ കണ്ടത്,ഉമ്മിണി തമ്പിയും വ്യാജ പഴശ്ശി രാജയും ജമേദാർ ഷെയ്ഖ് ഹുസൈനുമാണ് ഗൂഢാലോചനക്കാർ എന്നാണ്.വ്യാജ പഴശ്ശിക്ക് രാജ്യാധികാരം നൽകുകയായിരുന്നു,ലക്ഷ്യം.ജമേദാർ ഷെയ്ഖ് ഹുസൈന് ദിവാൻ പദം വാഗ്‌ദാനം ചെയ്‌തു.മൊത്തത്തിൽ,ഉമ്മിണിത്തമ്പിയെ തലവനാക്കാനുള്ള തന്ത്രം.കലാപം ജയിച്ചു കഴിഞ്ഞാൽ അതിൽ പങ്കെടുത്ത ശിപായിമാർക്കെല്ലാം,മാസം പത്തു രൂപയായി ശമ്പളം കൂട്ടുമെന്ന് പറഞ്ഞിരുന്നു.

ഗൂഢാലോചനയിൽ പങ്കെടുത്തത്,വിരമിച്ച ശിപായിമാരും ഫക്കീർമാരും അസംതൃപ്തരായ നാട്ടുകാരുമായിരുന്നു.അത്താഴ വിരുന്നിന്റെ നേരത്ത് ഓഫീസർമാരെ കൊല്ലാനും അതേ നേരത്ത് ശ്രദ്ധ തിരിക്കാൻ ബാരക്കുകൾക്ക് തീവയ്ക്കാനും അത് കഴിഞ്ഞ് പൊതു ഖജനാവ് കൊള്ളയടിക്കാനും ആയിരുന്നു,പദ്ധതി.

1813 ഫെബ്രുവരി 18 ന് ജമേദാർ ഇയാലുവിന് സുബേദാറായി സ്ഥാനക്കയറ്റം നൽകി.ഒരു പല്ലക്ക് സമ്മാനിച്ചു.അത് വഹിക്കുന്നവർക്ക് കമ്പനി അലവൻസ്.അയാൾക്ക് സ്വർണ മെഡലും ആയിരം രൂപയും കൊടുത്തു.അയാളുടെ കാല ശേഷം അടുത്ത അവകാശിക്ക് മാസം 35  രൂപ  പെൻഷൻ നൽകും.

ഇയാലുവിനെ വിവരമറിയിച്ച ശിപായി വെങ്കട്ട് റാമിന് ജമേദാർ തസ്തികയിൽ പെൻഷനും 600 രൂപയും നൽകി.ഇതേ ബറ്റാലിയനിലെ ക്യാപ്റ്റൻ ലൈസിന് അവ്യക്തമായി വിവരം നൽകിയ ശിപായി ഹുസൈൻ ഖാന് തഹസിൽദാർ തസ്തികയിൽ പെൻഷൻ നൽകി.

ഉമ്മിണി തമ്പിയെയും പഴശ്ശി രാജയെയും തിരുവിതാംകൂർ കോടതി വിചാരണ ചെയ്‌തു.തമ്പിക്ക് വധ ശിക്ഷ നൽകിയെങ്കിലും അത് നാട് കടത്തലായി ഇളവ് ചെയ്‌തു.അയാളെ നെല്ലൂർക്കും പഴശ്ശി രാജയെ ചെങ്കൽ പെട്ടിലേക്കും നാടുകടത്തി.രാജയെ 1815 ൽ വിട്ടയച്ചു.

ഇത്രയുമാണ്,വിത്സന്റെ പുസ്തകത്തിൽ ഉള്ളത്.ഇതിൽ ഉമ്മിണി തമ്പി,WOMANAH TUMBY യാണ്.പഴശ്ശി രാജ,PYCHY RAJA.പഴശ്ശി രാജ നാം അറിയുന്ന പഴശ്ശി രാജ അല്ല.ഇത് വിശാഖം തിരുനാൾ കേരള വർമ്മയാണെന്ന് മനസ്സിലായത്,മൺറോയുടെ ജീവിതം വായിച്ചപ്പോഴാണ്.കോലത്തു നാട്ടിൽ നിന്ന് വന്നതിനാൽ പഴശ്ശിരാജ ആയി.യഥാർത്ഥ പഴശ്ശി രാജയെ ഇതിന് ഏഴു കൊല്ലം മുൻപ് 1805 ൽ ബ്രിട്ടീഷുകാർ കൊന്നതിനെ തുടർന്ന് അവർക്ക് ആ ഓർമ്മയുണ്ടായിരുന്നു ( അക്കാലത്ത് തലശ്ശേരി കലക്റ്റർ ആയിരുന്ന തോമസ് ബാബറുടെ അനന്തര തലമുറയിലെ ചരിത്ര കുതുകി നിക്  ബാബറുമായി ഇക്കാര്യം ഞാൻ സംസാരിച്ചിരുന്നു.കൊല്ലം കലാപത്തെപ്പറ്റി ഒരു രേഖ കണ്ടിരുന്ന അദ്ദേഹത്തിന് കഥാപാത്രങ്ങളെ മനസ്സിലായില്ല.ബാബറുടേതാണ്,പഴശ്ശിയുടെ മരണം സംബന്ധിച്ച ദൃക്‌സാക്ഷി വിവരണം).

വിത്സന്റെ വിവരണം പൂർണമല്ലാത്തതിനാൽ,The Scots Magazine and Edinburgh Literary Miscellany യുടെ 1812 നവംബർ ലക്കത്തിലെ ( വാല്യം 74,പേജ് 860 ) വിവരണത്തിലേക്ക് പോകാം.

അതനുസരിച്ച് കലാപം നടക്കേണ്ടിയിരുന്നത്,1812 മെയ് 22 നാണ്.ഇന്ത്യയിൽ നിന്ന് ഡോറിസ് എന്ന കപ്പൽ പുറപ്പെടും മുൻപ്,കൊല്ലത്തു നിന്ന് ഒരു ഓഫിസർ,മദ്രാസിലെ അദ്ദേഹത്തിൻറെ സുഹൃത്തിന് മെയ് 30 ന് അയച്ച കത്തിൽ,തിരുവിതാംകൂറിലെ അപകടകരമായ കലാപ വിവരം പറഞ്ഞിരുന്നുവെന്ന്,ഈ റിപ്പോർട്ടിൽ കാണുന്നു.മാസിക പറയുന്നത്,ഇതൊരു കത്താണ് എന്നാണ്.ഉള്ളടക്കം വച്ച് ഉന്നത ചാരമേധാവിക്കുള്ള റിപ്പോർട്ട് ആണ് അത്.ഇതാണ് "കത്ത്  ":

നമുക്ക് രണ്ട് നാട്ടു തടവുകാർ ഉണ്ടായിരുന്നു.ക്രമക്കേടിന് പുറത്താക്കപ്പെട്ട തിരുവിതാംകൂർ ദിവാനും പഴശ്ശി രാജയും.ഇവർ കോഴ കൊടുത്ത് കാലാൾപ്പടയുടെ 14 -o റെജിമെന്റിലെ നാട്ടുകാരനായ ഒരു ഓഫിസറെ വശത്താക്കി.കൊല്ലത്തെ സ്വദേശി സൈന്യത്തിൻറെ സിംഹ ഭാഗത്തെയും വരുതിയിലാക്കാൻ ശ്രമിച്ചു.വലിയൊരു പരിധി വരെ അവർ വിജയിച്ചു.ആസൂത്രകരിൽ പ്രധാനിയായ പഴശ്ശി രാജ പറഞ്ഞിരുന്നത്,വേണ്ടത്ര ശിപായിമാരെ കിട്ടിയാൽ,ബ്രിട്ടീഷ് ഓഫീസർമാരെ മുഴുവൻ കൊല്ലാം എന്നാണ്.

ഒരു പ്രത്യേക ദിവസം,18 -o റെജിമെന്റിന്റെ അവലോകനം വച്ചിരുന്നു.റെസിഡൻറ് ഉൾപ്പെടെ,കന്റോൺമെന്റിലെ എല്ലാ ഓഫീസർമാരും അന്ന് വൈകുന്നേരം നമ്മുടെ മെസിലാണ് അത്താഴം കഴിക്കേണ്ടിയിരുന്നത്.അങ്ങനെ കൂടി നമ്മുടെ തലകൾ കൊയ്യാനായിരുന്നു,പദ്ധതി.അത് കഴിഞ്ഞ് പുലർച്ചെ വരെ അവർ നിശബ്ദരായിരിക്കും.രാവിലെ സമയം വിളിച്ചറിയിക്കാനുള്ള പെരുമ്പറ മുഴങ്ങിയാൽ,മൂന്ന് സേനാ വിഭാഗങ്ങളോടും മാർച്ച് ചെയ്യാൻ പറയും.ഒന്ന് തെക്കോട്ട്,ഒന്ന് വടക്കോട്ട് ആരുവായ് മൊഴി ചുരത്തിലേക്ക്.ചുരം കടന്ന് സേന വരുന്നത് തടയും.തിരുവിതാംകൂർ പിടിക്കാൻ നിരവധി ബറ്റാലിയനുകൾ ഉണ്ടാക്കും.സേനാനികൾക്ക് നേരെ നിറയൊഴിക്കും.ഓഫിസർമാർ മെസ് വിട്ടാൽ,അവരെ ബയണറ്റുകൾ കൊണ്ട് കുത്തി പിളർക്കും.50 സഹ പ്രവർത്തകരുമായി എത്താമെന്ന് പറഞ്ഞ ഒരാൾ വരാതിരുന്നത് കൊണ്ട് മാത്രമാണ് പദ്ധതി നടപ്പാക്കാതെ പോയത്.
രണ്ടു നാൾ കഴിഞ്ഞ്,പദ്ധതി നടക്കാത്ത വർത്തമാനം ഒരു ശിപായി ഒളിച്ചിരുന്നു കേട്ടു.പദ്ധതി അടുത്ത വിരുന്നു നടക്കുന്ന ജൂൺ നാലിലേക്ക് മാറ്റുകയായിരുന്നു.വിവരം അയാൾ കമാണ്ടറെ അറിയിച്ചു.
ബ്രിഗേഡിനോട് ഉടൻ പരേഡിനെത്താൻ പറഞ്ഞു.നാട്ടുകാരനായ ഓഫീസറോട് ഏതാണ്ട് 30 ശിപായിമാർക്കൊപ്പം എത്താൻ പറഞ്ഞു.14 -o റെജിമെന്റിൽ ഗൂഢാലോചനക്കാരായ ഓരോരുത്തരുടെയും പേര് വിളിച്ചാണ് പറഞ്ഞത്.അവരെ വിലങ്ങു വച്ച് തടവിലേക്ക് വിട്ടു.

അടുത്ത നാൾ രാവിലെ ഓഫിസർമാരുടെ ബോർഡ് ചേർന്നു.ചില ശിപായിമാർ തെളിവ് നൽകി.അവർ ആരുടെയും പേര് പറഞ്ഞില്ല.അടുത്ത രാവിലെ ഒരു ഫക്കീർ,14 -o റെജിമെന്റിലെ ഒരു ഓഫിസറുടെയും 18 ലെ ഒരു ഓഫിസറുടെയും പതിനൊന്ന്,ഒൻപത് റെജിമെന്റുകളിലെ രണ്ടും മൂന്നും ബറ്റാലിയനുകളിലെ ചിലരുടെയും പേരുകൾ വെളിപ്പെടുത്തി.റെസിഡന്റിന്റെ ചില ശിപായിമാരുടെയും ചില നാട്ടുകാരുടെയും ഓഫീസർമാരുടെയും വേലക്കാരുടെയും പേരുകളും പുറത്തു വന്നു.14 റെജിമെന്റിലെ എല്ലാ ശിപായിമാരും മറ്റു വിഭാഗങ്ങളിലെ ചിലരും പദ്ധതിയിൽ പെട്ടിരുന്നു.പൊതു സമിതിയുടെ മേധാവിയും വേറെ ചിലരും കോഴ വാങ്ങിയിരുന്നു.

കൊല്ലം വലിയ സംഭ്രാന്തിയിൽ ആയി.ഒന്നോ രണ്ടോ ഗൂഢാലോചനക്കാരെ ശിക്ഷിച്ച് മാതൃക കാട്ടാൻ തീരുമാനിച്ചു.പ്രതികളായ സ്വദേശി ഓഫിസർമാരെയെല്ലാം ഉടൻ 14 ൻറെ ഒരു ഓഫിസർക്ക് കീഴിൽ,റെസിഡന്റിൻറെ 50 ശിപായിമാരുടെ അകമ്പടിയോടെ,തിരുച്ചിറപ്പള്ളിക്ക് വിട്ടു.14 റെജിമെന്റിനോട്,കൊല്ലം വിട്ട് തിരുച്ചിറപ്പള്ളിക്ക് യൂറോപ്യൻ ഓഫിസർമാർക്കൊപ്പം മാർച്ച് ചെയ്യാൻ ഉത്തരവായി.അതിന് 12 മണിക്കൂർ കാക്കാൻ പറ്റാത്തതിനാൽ,മിനിയാന്ന് ( 28) തന്നെ അവരോട് യാത്രയാകാൻ ഉത്തരവിട്ടു.

സൈന്യത്തോട് ആയുധം താഴെ വച്ച് വൈകിട്ട് അഞ്ചിന് അണി നിരക്കാൻ ശട്ടം കെട്ടി.ആ നിരയ്ക്ക് മുന്നിൽ,മധ്യത്തിൽ നിന്ന് 100 വാര മാറി,മൂന്ന് പീരങ്കികൾ നിലയുറപ്പിച്ചു.ഇതേ ദൂരത്തിൽ ഇരു വശങ്ങളിലും ഓരോ പീരങ്കികൾ വെടിയുണ്ടകൾ നിറച്ച് ബറ്റാലിയനുകൾക്ക് നേരെ തിരിച്ചു.ശിപായിമാർ പ്രതിഷേധമുയർത്തും എന്ന് കണക്കാക്കി ആയിരുന്നു,ഇത്.മധ്യത്തിലെ രണ്ടു പീരങ്കികളിൽ ഉണ്ടകൾ അല്ല വെടിമരുന്നാണ് നിറച്ചത്.പ്രതികളായ രണ്ടു ജമേദാർമാരെയും ഒരു റൈറ്ററെയും മുന്നിൽ കൊണ്ട് വന്ന് ആചാരമൊന്നുമില്ലാതെ,ആ പീരങ്കികളുടെ വായിലേക്ക് തള്ളിക്കയറ്റി.സൈന്യം,ഇത് കണ്ട് മരണ മൗനത്തിൽ അമർന്നു.ബ്രിഗേഡ് മേജറായ അലക്സ് ബാമെയിൻ,രാവിലെ ചേർന്ന ഓഫിസർമാരുടെ ബോർഡിൻറെ വിധി വായിച്ചു.കേണൽ ഗർജ്ജിച്ചു:റെഡി,ഫയർ !

സേനയാകെ,വിറച്ചു നിന്നു.ഇത്ര കടുത്ത നടപടിയുടെ കാരണം കേണൽ വിവരിച്ചു.വധിക്കപെട്ടവരുടെ ജഡങ്ങളെ വലയം ചെയ്‌ത്‌ ബാരക്കുകളിലേക്ക് മടങ്ങാൻ,സേനാംഗങ്ങളോട് ആജ്ഞാപിച്ചു.
കൊല്ലം റെസിഡൻസി 
'കത്ത്' ഇവിടെ തീരുന്നു.ഈ ദൃക്‌സാക്ഷി വിവരണത്തിൽ നിന്ന്,ദൃക്‌സാക്ഷി, സേനയുടെ കൂട്ടത്തിൽ അല്ലായിരുന്നു എന്ന് വ്യക്തം.അയാൾ,സേനയുടെ പ്രതികരണം കണ്ടിരുന്ന ഒരു സേനാനായകൻ ആയിരുന്നിരിക്കാം.അത് കേണൽ ഹാമിൽട്ടൻ ഹാൾ തന്നെയാകാം.അദ്ദേഹം മദ്രാസിലെ പട്ടാള മേധാവിക്ക് എഴുതിയതാകാം.1781 ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ചേർന്ന ഹാൾ,1827 മെയ് 12 ന് തിരുച്ചിറപ്പള്ളിയിൽ തെക്കൻ വിഭാഗം മേധാവി ആയി വിരമിച്ചു.ചെന്നൈയിൽ ഇന്ന്,കാസ മേജർ റോഡിൽ നിന്ന്,എഗ്‌മോർ ഹൈറോഡിലേക്കുള്ള പാത,ഹാൾസ് റോഡാണ്.അദ്ദേഹം കുറെ നാൾ അവിടെ താമസിച്ചിരുന്നു.

ഗൂഢാലോചന പൊളിച്ച ആളുടെ പേര് ഇയാലു എന്നും ലിയാലു എന്നും ജലോ എന്നും രേഖകളിൽ കാണാം.ഇയാലു എന്ന പേര് തെലുഗു നായിഡുമാർക്കുണ്ട്.വധിക്കപ്പെട്ട മുസ്ലിംകൾ മലയാളികൾ ആണെന്ന് തോന്നുന്നില്ല.

കേരളവർമ്മയുടെ പേര് ബ്രിട്ടീഷ് രേഖകളിൽ പഴശ്ശി രാജ,വ്യാജ പഴശ്ശി രാജ എന്നൊക്കെ കാണുന്നത്,ശ്രദ്ധിക്കണം.പഴയ ശത്രുവിൻറെ പേര് ഉയർത്തി പുതിയ ശത്രുവിനെ വെടക്കാക്കുന്ന പരിപാടി.

തിരുവിതാംകൂറിൽ 1810 ഒക്ടോബറിൽ റെസിഡന്റായി എത്തിയ മൺറോയുടെ ശത്രുക്കളായിരുന്നു,ഉമ്മിണി തമ്പിയും കേരളവർമ്മയും.മൺറോ വന്ന് ദിവസങ്ങൾക്കകം,ബാലരാമവർമ രാജാവ് 1810 നവംബർ ഏഴിന് കൊല്ലപ്പെട്ടു.അതിനു പിന്നിൽ ഉമ്മിണി തമ്പി ആയിരുന്നു എന്നാണ്,തെളിവുകൾ സൂചിപ്പിക്കുന്നത്.ബാലരാമവർമയുടെ പിൻഗാമിയാകാൻ കേരളവർമ അവകാശം ഉന്നയിച്ചെങ്കിലും,19 വയസുള്ള ലക്ഷ്‌മി ബായ് ആണ് രാജ്ഞി ആയത്-സ്വാതി തിരുനാളിൻറെ അമ്മ.കേരളവർമ,ബാലരാമവര്മയുടെ പ്രിയനായിരുന്നെങ്കിലും, ഉമ്മിണി തമ്പിയുടെ ശത്രുവായിരുന്നു .വേലുത്തമ്പിയുടെ കലാപത്തിന് പിന്നിൽ കേരളവർമയുണ്ടായിരുന്നു എന്നാണ് ബ്രിട്ടീഷ് രേഖകൾ പറയുന്നത്.അയാളെ ബാലരാമവർമ കുടുംബത്തിലേക്ക് ദത്തെടുത്തിരുന്നു എങ്കിലും,പണ്ട് മാർത്താണ്ഡ വർമ്മ അവസാനത്തെ ആറ്റിങ്ങൽ റാണിയുമായി ഉണ്ടാക്കിയ ഉടമ്പടി അനുസരിച്ച്,അയാൾക്ക് ഭരണം കിട്ടുമായിരുന്നില്ല.കേരളവർമയെ പിണക്കിയതിന് പുറമെ,ഉമ്മിണി തമ്പിയെ ദിവാൻ സ്ഥാനത്തു നിന്ന് മൺറോ പുറത്താക്കുകയും ചെയ്‌തു.ഇരുവർക്കും കലാപത്തിന് കാരണം ഉണ്ടായിരുന്നു എങ്കിലും,ഇരുവരും തടവിലായിരുന്നു.അവർ കലാപത്തിന് വട്ടം കൂട്ടാൻ സാധ്യതയില്ല.അത് കൊണ്ട്,50 സഹപ്രവർത്തകരുമായി എത്താമെന്ന് ശിപായിമാർക്ക് ഉറപ്പ് നൽകിയ കഥാപാത്രത്തെയാണ്,കണ്ടെത്തേണ്ടത്.

തമ്പിയും വർമയുമായിരുന്നു യഥാർത്ഥ ഗൂഢാലോചനക്കാർ എങ്കിൽ തൂക്കിൽ ഇടേണ്ടതായിരുന്നു.വധശിക്ഷ വിധിച്ച അപ്പീൽ കോടതി അധ്യക്ഷൻ മൺറോ തന്നെ ആയിരുന്നു.അതേ മൺറോ തന്നെ റെസിഡൻറ് എന്ന നിലയിൽ ശിക്ഷ ഇളവ് ചെയ്യാൻ മുൻകൈ എടുത്തു.1811 ൽ പ്രതിസന്ധിക്കാലത്ത്,ഉമ്മിണി തമ്പിയുടെ സഹോദരൻ മതം മാറി സാമുവൽ തമ്പി ആയിരുന്നു.മതം മാറ്റിയത്,മിഷനറി റിംഗൾടോബെ . മതം മാറ്റത്തിൽ ആവേശം ഉണ്ടായിരുന്ന മൺറോ,മതം ,മാറുമ്പോൾ,ശിക്ഷാ ഇളവ് വാക്ക് നൽകിയിരുന്നോ എന്നറിയില്ല.

അന്നത്തെ അത്താഴ വിരുന്നിൽ മൺറോ പങ്കെടുക്കും എന്നതിനാൽ,മൺറോയെ കൊല്ലുകയായിരുന്നു,ലക്ഷ്യം.അതിന് പദ്ധതിയിട്ട 14 റെജിമെൻറ് പ്രധാനമായും മുസ്ലിം റെജിമെൻറ് ആയിരുന്നു.പീരങ്കി വായിൽ പ്രാണൻ ചിന്നി ചിതറിയ ഷെയ്ഖ് ഹുസൈനും സലാബുത് ഖാനും മലയാളികൾ അല്ലെങ്കിൽ,തമ്പിയും വർമയും അവരെ നിയോഗിക്കാൻ സാധ്യത വിരളമാണ്.

ഗൂഢാലോചനക്കാർ തമിഴ്‌നാട്ടിൽ നിന്നുള്ളവരോ മൈസൂരിൽ നിന്നുള്ളവരോ ആണെങ്കിൽ,അതിന് കാക്കത്തൊള്ളായിരം കാരണങ്ങളുണ്ട്.1812 ന് ആറു വർഷം മുൻപ് ആയിരുന്നു വെല്ലൂർ പട്ടാള കലാപം.

എന്താണ് വെല്ലൂർ കലാപം?

മദ്രാസ് പട്ടാള മേധാവി ജോൺ ക്രാഡോക്,പട്ടാളക്കാർ തുകൽ കൊണ്ടുണ്ടാക്കിയ വട്ടത്തൊപ്പി വയ്ക്കണമെന്ന് നിർദേശിച്ചു.ഇത്,മുസ്ലിം,ഹിന്ദു ശിപായിമാരെ ഒരുപോലെ ബാധിച്ചു.വെല്ലൂർ കോട്ടയ്ക്ക് അകത്തായിരുന്നു,ടിപ്പു സുൽത്താന്റെ ഭാര്യമാരെയും കുട്ടികളെയും താമസിപ്പിച്ചിരുന്നത്.ഒരു മകളുടെ നിക്കാഹ് 1806 ജൂലൈ ഒൻപതിനായിരുന്നു.അന്ന് രാവിലെ,ശിപായിമാർ കൂട്ടം ചേർന്ന് 200 ബ്രിട്ടീഷ് ഓഫീസർമാരെ കൊന്നു.ഇന്ത്യയിൽ ഉടനീളം ഈ സംഭവം,ബ്രിട്ടീഷ് ഓഫീസർമാരെ പേടിപ്പിച്ചു.ഇത്തരം ഓഫിസർമാർ എവിടെയും കലാപം കാണാൻ തുടങ്ങി.1809 ൽ മദ്രാസിൽ മൺറോ ക്വാർട്ടർ മാസ്റ്റർ ജനറൽ ആയിരിക്കെ,അദ്ദേഹത്തിനെതിരെ ബ്രിട്ടീഷ് ഓഫിസർമാർ തന്നെ കലാപം നടത്തിയിരുന്നു.കൊല്ലം കലാപം കഴിഞ്ഞ്,ഒൻപത് വർഷത്തിന് ശേഷം,ആറ്റിങ്ങൽ കൊട്ടാര വളപ്പിൽ,അഞ്ചുതെങ്ങ് പണ്ടക ശാലയിൽ നിന്നുള്ള 133 ബ്രിട്ടീഷുകാരെ മലയാളി മാടമ്പിമാർ കശാപ്പ് ചെയ്‌തു.
കൊല്ലം പട്ടാള കലാപത്തിൻറെ ഉത്തരവാദിത്തം,തമ്പിയുടെയും വർമയുടെയും തലയിൽ കെട്ടിവച്ചതു കൊണ്ട് കൂടിയാകാം,മൺറോയുടെ റെസിഡൻറ് സ്ഥാനം രണ്ടു വർഷം കഴിഞ്ഞ് തെറിച്ചത്.
കഥയിൽ നിന്ന് തെളിയുന്നത് മറ്റൊന്ന് കൂടിയാണ് -ആദ്യ ശിപായി ലഹള 1806 ൽ വെല്ലൂരിൽ ആയിരുന്നു.

ബാലരാമവർമയ്ക്ക് ശേഷം കുറച്ചു കാലം റീജന്റ്‌ ആയ കേരളവർമയെ അവകാശ തർക്കം ചൊല്ലി മൺറോയും ദിവാൻ ഉമ്മിണി തമ്പിയും ചേർന്ന് പുറത്താക്കിയിരുന്നു.വർമയെ തലശ്ശേരിക്ക് നാട് കടത്തി.മലബാർ മജിസ്‌ട്രേറ്റും ജഡ്‌ജിയുമായ ടി എച്ച് ബാബർ വർമയെ കതിരൂരിൽ  തടങ്കലിൽ പാർപ്പിച്ചു.വർമ്മ മാന്യനാണെന്ന് ബാബർ രേഖപ്പെടുത്തി.വർമ്മ തനിക്കൊപ്പം,ബാലരാമ വർമ്മ സമ്മാനിച്ച 14 ലക്ഷം രൂപയുടെ ആഭരണങ്ങൾ കൂടി കൊണ്ട് പോയെന്ന് മൺറോ കണ്ടെത്തിയാണ്,അദ്ദേഹത്തെ കൊല്ലം കലാപത്തിൽ കുടുക്കി,ചെങ്കൽ പെട്ടിലേക്ക് വിട്ടത്.അവിടെ കനകവല്ലി എന്ന നർത്തകിക്ക് വർമ്മ സമ്മാനിച്ച ആഭരണങ്ങൾ ബാബർ പിടിച്ചെടുത്ത് കൊണ്ട് വന്നു.അത് കഴിഞ്ഞ് വർമ്മയെ  തലശ്ശേരിയിൽ വീട്ടു തടങ്കലിലാക്കി.11 വർഷം ചെന്നൈയിൽ കഴിഞ്ഞ വർമ്മ,ബാലരാമവർമ പ്രകടമാക്കിയ അസുഖ ലക്ഷണങ്ങളോടെ മരിച്ചു. കേരളവർമ ചെന്നൈയിൽ താമസിച്ച സ്ഥലം തമ്പുരാൻ പുരം ആയി -ഇന്നത്തെ താംബരം.

ഉമ്മിണി തമ്പി എന്നും കേരളവർമയ്ക്ക് എതിരായിരുന്നു;വർമ്മ ക്രൂരനായ പഴയ ദിവാൻ ജയന്തൻ ശങ്കരൻ നമ്പൂതിരിയുടെ ജാര സന്തതിയാണെന്ന് തമ്പി ആരോപിച്ചിരുന്നു.തമ്പി നെല്ലൂരിൽ മരിച്ചു.
മൺറോ ക്രൂരനായ കൊള്ളക്കാരനായിരുന്നു എന്ന് ഗുണ പാഠം.

See https://hamletram.blogspot.com/2015/11/tambaram-and-murder-of-king-balarama.html



Tuesday, 3 September 2019

ഡോ പൽപുവിനെ ദ്രോഹിച്ചത് നാണു പിള്ള

ജാതി കെടുത്തിയ നവോത്ഥാനം 


രിത്ര പുരുഷനായ ഡോ പി പൽപ്പുവിന് തിരുവിതാംകൂറിൽ മെഡിക്കൽ പ്രവേശനം നിഷേധിച്ചത്,സവർണ മാടമ്പികൾ ആണെന്ന് എല്ലാവർക്കും അറിയാം.നിഷേധിച്ചത് ആര് എന്ന് വ്യക്തമായി പറയാൻ എന്താണ് പ്രയാസം എന്ന് മനസ്സിലാകുന്നില്ല. വർഷവും ദിവാനും നോക്കിയാൽ കിട്ടാവുന്ന കാര്യമേയുള്ളു.നിഷേധിച്ച വർഷം 1884.നിഷേധിച്ച ദിവാൻ, വി രാമ അയ്യങ്കാർ. അതി ദുർബലനായ അയ്യങ്കാർ, അതിലും ദുർബലനായ വിശാഖം തിരുനാളിൻറെ കാലത്ത് വന്നതാണ്. അയ്യങ്കാരാണ് മുല്ലപ്പെരിയാർ കരാറിൽ 1886 ൽ ഒപ്പിട്ടത്.തൊട്ടു മുൻപ്‌ 1877 -80 ൽ നാണു പിള്ള ദിവാൻ ആയതിൻറെ ഊറ്റം നായർ സമുദായത്തിന് ഉണ്ടായിരുന്നു. നാണു പിള്ള ഉപജാപങ്ങളിലൂടെ വരുമ്പോൾ 60 വർഷത്തിന് ശേഷം ഒരു നായർ ദിവാൻ ആകുകയായിരുന്നു -1817 ൽ കൊച്ചിക്കാരൻ രാമൻ മേനോൻ ദിവാൻ ആയിരുന്ന ശേഷം നാണു പിള്ള വരും വരെ, ദിവാന്മാർ പരദേശികൾ ആയിരുന്നു. ഒരാൾ ഒഴിച്ച് എല്ലാവരും ആന്ധ്രാ ബ്രാഹ്മണർ.

ഡോ പൽപ്പു 

അയ്യൻ കാളിയും പൽപ്പുവും ഒരേ വർഷമാണ് ജനിച്ചത് -1863.അയ്യൻ‌കാളി ഓഗസ്റ്റ് 28;പൽപ്പു നവംബർ 2.രണ്ടു മാസം അയ്യൻ കാളിക്ക് മൂപ്പ് കൂടുതൽ.

പൽപ്പുവിന് പ്രവേശനം നിഷേധിക്കുമ്പോൾ,ശ്രീനാരായണ ഗുരുവിന്  29 വയസ്; ചട്ടമ്പി സ്വാമിക്ക് 31. പൽപ്പുവിന് നവോത്ഥാനത്തിലെ പങ്ക് കൂടുതൽ അന്വേഷിക്കേണ്ടതില്ല.ഒരു വിസ്‌മയം കൂടി പറയട്ടെ -അയ്യൻകാളിയും പൽപ്പുവും, പൽപ്പുവിന്റെ ജീവിതം തിരിച്ചു വിട്ട സ്വാമി വിവേകാനന്ദനും ഒരേ പ്രായക്കാരാണ്. 1863 ജനുവരി 12 ന് ജനിച്ച വിവേകാനന്ദൻ ആണ് മൂത്തയാൾ. അങ്ങനെയാണ് നവോത്ഥാനം സംഭവിക്കുക.

ഇന്ത്യയിൽ, ഇപ്പറഞ്ഞവരും ഗാന്ധിയും (ജനനം 1869) രമണ മഹർഷിയും അരവിന്ദ മഹർഷിയും സമകാലികരായിരുന്നു എന്നും, രമണ മഹർഷിയെ കണ്ട ശേഷമാണ് നാരായണ ഗുരു നിർവൃതി പഞ്ചകം എഴുതിയതെന്നുമൊക്കെ ഓർത്താൽ, നമ്മുടെ നാടിനെപ്പറ്റി അഭിമാനം തോന്നും. യൂറോപ്പിന് പ്രവാചക പാരമ്പര്യം ഇല്ല എന്ന് വിവേകാനന്ദൻ പറഞ്ഞതും കൂടി വച്ചാൽ, യൂറോപ്പ് എത്ര പൊള്ളയാണെന്ന് പിടി കിട്ടും.പൊള്ളയായ സംസ്‌കാരത്തിൽ പിറന്നവർ കൊള്ളക്കാരായതിൽ അദ്‌ഭുതപ്പെടുകയും വേണ്ട.

യൂറോപ്യൻ സംസ്‌കാരത്തിൽ അഭിരമിച്ചയാൾ ആയിരുന്നു,സ്വാതി തിരുനാളിനെ ദ്രോഹിച്ച ജനറൽ വില്യം കല്ലൻ കണ്ടെടുത്ത ദിവാൻ നാണു പിള്ള. ആയില്യം തിരുനാളിൻറെ കാലത്താണ് നാണു പിള്ള ദിവാൻ ആയിരുന്നത്.രാജാവിന് വലിയ കാര്യമൊന്നും ദിവാന്റെ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നില്ല. രാജാവും ഇളയ രാജാവ് വിശാഖം തിരുനാളും അടി മൂക്കുകയും വിശാഖത്തിനൊപ്പം നിന്ന കേരള വർമ്മ വലിയ കോയി തമ്പുരാനെ രാജാവ് തടവിലിടും ഒക്കെ ചെയ്‌ത കെട്ട കാലം കൂടി ആയിരുന്നു അത്.

നാണു പിള്ള 

മാർത്താണ്ഡ വർമയെപ്പോലെ ക്രൂരനായ ഭരണാധികാരിക്ക് തൊട്ടു പിന്നാലെയാണ്, ആയില്യം വന്നത്; ആയില്യം 1880 ൽ മരിച്ചപ്പോൾ വിശാഖം വരികയും നാണു പിള്ളയ്ക്ക് കസേര പോവുകയും ചെയ്‌തു. 20 കൊല്ലം സിംഹാസനത്തിൽ ഇരുന്നു, ആയില്യം; വിശാഖം അഞ്ചു വർഷവും.
നാണു പിള്ള ദിവാൻ ആയതിനു പിന്നിൽ, ആയില്യവും വിശാഖവും തമ്മിലുള്ള വൈരം തളം കെട്ടിക്കിടക്കുന്നു. ടി മാധവ റാവുവിനും സഹപാഠി എ ശേഷയ്യ ശാസ്ത്രിക്കും പിന്നാലെ, പേഷ്‌കാർ പി ശങ്കുണ്ണി മേനോൻ ദിവാൻ ആകേണ്ടതായിരുന്നു. ഉപജാപത്തിൽ മനം നൊന്ത്, സ്വയം വിരമിച്ച് മേനോൻ, തിരുവിതാംകൂർ ചരിത്രം എഴുതി.അദ്ദേഹത്തിൻറെ മകനാണ്, കേരള ചരിത്രവും കൊച്ചി ചരിത്രവും എഴുതിയ കെ പി പത്മനാഭ മേനോൻ.

ആയില്യവും വിശാഖവും വലിയ കോയി തമ്പുരാനും വലിയ അടുപ്പത്തിൽ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു.അവരുടെ അകൽച്ചയുടെ വിവരങ്ങൾ, തമ്പുരാൻറെ ഡയറിക്കുറിപ്പുകൾ,വിശാഖ വിജയം കാവ്യം, വിശാഖത്തിൻറെ ആത്മ കഥ Outline of Autobiography എന്നിവയിൽ നിന്നാണ് കിട്ടുന്നത്. രാജാവ് പിയാനോയും തമ്പുരാൻ വീണയും വായിച്ചിരുന്ന ജുഗൽ ബന്ദിയും ഇരുവരും ശ്ലോകങ്ങളിൽ രസിച്ച രാപ്പകലുകളും ഒക്കെ ഉണ്ടായിരുന്നു. കൊട്ടാരത്തിൽ എന്ത് സാംസ്‌കാരിക വിരുന്നുണ്ടായാലും ദൂതൻ തമ്പുരാൻ താമസിച്ചിരുന്ന കോട്ടയ്ക്കകത്തെ തേവാരത്ത് കോയിക്കൽ എത്തിയിരുന്നു. യാത്രകളിൽ തമ്പുരാൻ രാജാവിനെ അനുഗമിച്ചിരുന്നു. ചെറിയ വിക്കുണ്ടെങ്കിലും ആയില്യം നന്നായി പാടിയിരുന്നു.

വിശാഖം തിരുനാൾ 

വിശാഖത്തെക്കാൾ അഞ്ചു വയസ് മൂത്തയാൾ ആയിരുന്നു,ആയില്യം.ഇവരെ പഠിപ്പിക്കാൻ മദ്രാസിൽ നിന്ന് വന്ന മാധവ റാവു, ദിവാൻ ആവുകയായിരുന്നു. സ്വതന്ത്രമായി പോകുന്ന വിശാഖം അരുമന ലക്ഷ്‌മിയെ സ്വയം കണ്ടെത്തി കൊട്ടാരത്തിൽ നിന്ന് അകന്നു. സനാന മിഷൻ സ്‌കൂളിൽ ആദ്യം ഇംഗ്ലീഷ് പഠിച്ച യുവതി ആയ ലക്ഷ്‍മി, ബാലരാമ വർമ്മ രാജാവിൻറെ മകളായിരുന്നു. മാധവ റാവുവിന് അടുപ്പം വിശാഖത്തോടായിരുന്നു.അത് വഴി അദ്ദേഹം ബ്രിട്ടീഷുകാർക്കും അരുമയായി. 1861 ൽ ഗവർണർ വില്യം ഡെനിസൻ ഒറ്റയ്ക്ക് വിശാഖത്തെ മദ്രാസിൽ കണ്ടിരുന്നു. 1866 ൽ ഒരു ഖജനാവ് മോഷണം, ആയില്യം, മാധവ റാവുവിനെതിരെ തിരിച്ച് അദ്ദേഹത്തെ പുറത്തു ചാടിച്ചു.തെക്കേ തെരുവിൽ നിരാലംബനായി ഇറക്കി വിട്ട റാവുവിനെ പേഷ്‌കാർ ശങ്കുണ്ണി മേനോൻ ആണ് സ്വന്തം കാറിൽ ഷൊർണൂർ വരെ കൊണ്ടാക്കിയത്. വിശാഖം മദ്രാസിലെ ന്യൂ സ്റ്റേറ്റ്സ്മാനി ൽ മാധവ റാവുവിനെ പ്രകീർത്തിച്ച് പേര് വയ്ക്കാതെ ലേഖനം എഴുതി. അത് കൽക്കട്ട റിവ്യൂ വിൽ എടുത്തു ചേർത്തു. റാവു ബറോഡയിൽ റീജൻറ് ആയി.

സ്വാതിതിരുനാളിൻറെ കാലത്ത് പത്തു രൂപ ശമ്പളത്തിൽ തിരുവിതാംകൂറിൽ ജോലിക്ക് ചേർന്നയാളായിരുന്നു, വടക്കൻ പറവൂർകാരനായ ശങ്കുണ്ണി മേനോൻ. മേനോനെ ആയില്യത്തിന് വിശ്വാസം ആയിരുന്നെങ്കിലും, മാധവ റാവുവിന് ശേഷം വന്ന അമരാവതി ശേഷയ്യ ശാസ്ത്രിയും റെസിഡൻറ് ജോൺ ചൈൽഡ് ഹാനിംഗ് ടണും രാജാവിനെതിരെ ഉപജാപങ്ങൾ നടത്തി മേനോനെ സംശയിച്ചു. ഇതേ ഹാനിംഗ് ടൺ ആയിരുന്നു, മദ്രാസ് സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കെ തിരുവിതാംകൂർ ദിവാൻ രാമ അയ്യങ്കാരുമായി മുല്ലപ്പെരിയാർ കരാർ ഒപ്പിട്ടത്.മേനോനെ നീക്കണമെന്ന് ഹാനിംഗ് ടൺ, ആയില്യത്തോട് ആവശ്യപ്പെട്ടു. ആയില്യം വിസമ്മതിച്ചു.

വിശാഖത്തിൽ നിന്ന് അകന്നു നിൽക്കാൻ തമ്പുരാൻ ശ്രമിച്ചെങ്കിലും ആയില്യം, തമ്പുരാനെ സംശയിച്ചു. 1872 ൽ കാശിക്ക് പോയ ആയില്യം, തമ്പുരാൻ കാലു പിടിച്ചപ്പോഴാണ്, കൂടെ കൂട്ടിയത്. അവർ കാശിയിൽ ആയിരിക്കെ വിശാഖം അട്ടിമറി ആസൂത്രണം ചെയ്‌തെന്ന് ആയില്യത്തിന് വിവരം കിട്ടി.തമ്പുരാൻറെ ഭാര്യ ഗൂഢാലോചനയിൽ പങ്കാളി ആയി.കാശിയിൽ നിന്ന് തമ്പുരാൻറെ കത്ത് കിട്ടിയിട്ടാണ് വിശാഖവുമായി ഗൂഢാലോചന നടത്തിയതെന്ന് തമ്പുരാൻറെ ഭാര്യ ആയില്യത്തിന് മൊഴി നൽകി -ആ ബന്ധം അവസാനിച്ചു. 1873 ഫെബ്രുവരി ഒൻപതിലെ ഡയറിക്കുറിപ്പിൽ തമ്പുരാൻ ഇത് വിവരിക്കുന്നു. ഈ പശ്ചാത്തലത്തിൽ, വിശാഖവും തമ്പുരാനും പിണിയാളുകളെ വിട്ട് ആയില്യം മദിരോത്സവത്തിൽ ഏർപ്പെട്ടിരിക്കെ, ശംഖു മുഖം കൊട്ടാരത്തിന് തീ വച്ചു. വിശാഖത്തിൻറെയും തമ്പുരാന്റെയും സിൽബന്തികൾ തിരുവനന്തപുരം വിട്ടു.

ദിവാനെ കൊല്ലാൻ ആയില്യം പദ്ധതി തയ്യാറാക്കിയതായി, ശേഷയ്യ ശാസ്ത്രിക്ക് തമ്പുരാൻ ഊമ കത്തെഴുതി. ഒന്നുകിൽ രാജി വയ്ക്കുക അല്ലെങ്കിൽ ആഹാരത്തിൽ വിഷമുണ്ടോ എന്ന് പരിശോധിക്കുക.പേഷ്‌കാർ നാണു പിള്ളയെ ആയില്യം ദിവാനാക്കുമെന്നും കത്തിൽ പറഞ്ഞു.' വിശാഖ വിജയ' ത്തിൽ കത്ത് താൻ എഴുതിയതാണെന്ന് തമ്പുരാൻ പിൽക്കാലത്ത് സ്ഥിരീകരിച്ചു. ദിവാൻ കത്ത് ആയില്യത്തിന് നൽകി. ദിവാനെപ്പറ്റി മദ്യപിച്ച രാജാവ് വേണ്ടാതീനങ്ങൾ പറഞ്ഞിരുന്നു.തമ്പുരാൻ എഴുതിയ കത്ത് കോളിളക്കമുണ്ടാക്കി. രാജാവ് ഒരാളെ കൊല്ലാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. ആയില്യം മദ്രാസ് ഗവർണർ വില്യം റൈസ് റോബിൻസണ് നീണ്ട കത്തെഴുതി. തമ്പുരാൻ ആയില്യത്തിന് എഴുതിയ മാപ്പപേക്ഷ പ്രശ്‍നം വഷളാക്കി. അതിലെ വാക്കുകളിൽ പുഛം നിഴലിച്ചിരുന്നു. വിശാഖം രാജാവിനെ കണ്ടു മാപ്പപേക്ഷിച്ചപ്പോൾ ആയില്യം കൈ കഴുകി.
ആയില്യം റെസിഡൻ്റിൽ നിന്ന് തമ്പുരാനെ അറസ്റ്റ് ചെയ്യാൻ അനുവാദം വാങ്ങി. ദിവാൻ ആ ജോലി പേഷ്‌കാർ നാണു പിള്ളയെ ഏൽപിച്ചു. നാണു പിള്ള മജിസ്‌ട്രേറ്റ് ത്രിവിക്രമൻ തമ്പിക്ക് നൽകി.തമ്പി 1875 ജൂലൈ (കർക്കടകം 21) പ്രഭാതത്തിൽ എത്തിയപ്പോൾ ചൂല് കൊണ്ടടിച്ചു പുറത്താക്കുമെന്ന് തമ്പുരാൻറെ ഭാര്യ ലക്ഷ്‌മി പറഞ്ഞപ്പോൾ തമ്പി നടുങ്ങി. അപ്പോഴാണ് നാണു പിള്ള തിരുവിതാംകൂർ ചരിത്രത്തിൽ രംഗ പ്രവേശം ചെയ്യുന്നത്.

ശേഷയ്യ ശാസ്ത്രി 

തമ്പി വിട വാങ്ങിയപ്പോൾ, തമ്പുരാനെ നേരിട്ട് പോയി അറസ്റ്റ് ചെയ്യാൻ ആയില്യം, നാണു പിള്ളയോട് ഉത്തരവായി.പിള്ള എത്തി ഉപായങ്ങൾ പലതു പറഞ്ഞെങ്കിലും തമ്പുരാനും ഭാര്യയും വഴങ്ങിയില്ല. അവർ തമ്പുരാൻറെ കയ്യും പിടിച്ചു പുറത്തേക്ക് ഓടിയപ്പോൾ പിള്ള തമ്പിക്കും മറ്റും ബല പ്രയോഗത്തിന് നിർദേശങ്ങൾ നൽകി. അവർ ലക്ഷ്‌മിയെയും തമ്പുരാനെയും വേർപെടുത്തി. രണ്ടു കുതിരകളെ പൂട്ടിയ ഫീറ്റൻ വണ്ടിയിൽ തമ്പുരാനെ  വള്ളക്കടവിലേക്ക് കൊണ്ട് പോയി.ലക്ഷ്‌മി തെക്കേ ഗേറ്റ് വഴി വണ്ടിക്ക് പിന്നാലെ ഓടി. അവരെ പൊലീസ് തടഞ്ഞു.വണ്ടി പടിഞ്ഞാറേ കോട്ടയിലെത്തിയപ്പോൾ തോക്കിൽ നിന്ന് വെടി ഉതിർത്തു -വിജയകരമായി സംഗതി നടപ്പാക്കി എന്ന് ആയില്യത്തിന് സിഗ്നൽ. ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ തമ്പുരാൻ വീട്ടു തടങ്കലിൽ ആയി. തമ്പുരാൻ ഓപ്പറേഷനിൽ ജയിച്ച നാണു പിള്ള മറ്റൊരു പേഷ്‌കാർ ആയ (നാല് പേഷ്കാർമാർ ഉണ്ടായിരുന്നു) ശങ്കുണ്ണി മേനോന് എതിരെ നീങ്ങി.

ശേഷയ്യ 1877 ൽ പുതുക്കോട്ട ദിവാനായി പോയപ്പോൾ, ആയില്യം, ദിവാനാകാൻ ശങ്കുണ്ണി മേനോൻറെ സമ്മതം ചോദിച്ചു. ചരിത്രം പൂർത്തിയാക്കാൻ താൻ അവധി എടുക്കുകയാണെന്ന് മേനോൻ പറഞ്ഞപ്പോൾ, നാണു പിള്ളയ്ക്ക് നറുക്കു വീണു. വടക്കൻ പറവൂർ പുത്തൻ വേലിക്കരയിൽ പെരിയാർ തീരത്ത് വീട് പണിത് ഒരു കൊല്ലം കൊണ്ട് മേനോൻ ചരിത്രം രചിച്ചു -അതിനെക്കാൾ തിളക്കമുള്ളതാണ്, ദിവാൻ പദം വേണ്ടെന്ന് വച്ച ചരിത്രം.

നാണു പിള്ള (1827 -1886) 1877 മുതൽ മൂന്ന് വർഷമാണ് ദിവാൻ ആയത്.നെയ്യൂരിലെ നായർ കുടുംബത്തിൽ ജനിച്ച് നാഗർകോവിൽ ലണ്ടൻ മിഷനറി സൊസൈറ്റി സെമിനാരിയിൽ ഇംഗ്‌ളീഷ് പഠിച്ചു. പ്രാഥമിക വിദ്യാഭ്യാസം വീട്ടിലായിരുന്നു. റവ.ചാൾസ് മീഡിന്റെ നെയ്യൂർ മിഷന് സ്ഥലം കൊടുത്ത രാമൻ തമ്പിയുടെ കുടുംബക്കാരനായിരുന്ന നാണു പിള്ള, സെമിനാരി സ്‌കൂളിലെ ആദ്യ വിദ്യാർത്ഥി ആയിരുന്നുവെന്ന് A Hundred Years in Travancore ൽ റവ.ഐസക് ഹെൻറി ഹാക്കർ എഴുതുന്നു. മീഡിന്റെ മലയാളം മുൻഷി ആയിരുന്ന രാമൻ തമ്പി ക്രൈസ്തവരെ സഹായിച്ചതിന്, വേറെ കേസുകളിൽ രണ്ടു വർഷം തടവിലായി. നാണു പിള്ള സ്‌കൂൾ കഴിഞ്ഞ് ബ്രിട്ടീഷ് റെസിഡൻറ് കല്ലൻറെ ഓഫിസിൽ സ്വയം സന്നദ്ധ സഹായിയായി.

രാമയ്യങ്കാര് 

വില്യം കല്ലൻ (1785 -1862) 1840 മുതൽ 20 വർഷമാണ്, തിരുവിതാംകൂർ റെസിഡൻറ് ആയിരുന്നത്. സ്വാതി തിരുനാൾ, മാർത്താണ്ഡ വർമ്മ എന്നിവരുടെ കാലം. വിരമിച്ച ശേഷവും തിരുവിതാംകൂറിൽ തുടർന്ന കല്ലൻ,ഊട്ടിയിലേക്ക് മാറി താമസിക്കാൻ പോകുമ്പോൾ കൊല്ലത്ത് വച്ച് പനി വന്ന് 1862 ഒക്ടോബർ ഒന്നിന് ആലപ്പുഴയിലാണ് മരിച്ചത്.

നാണു പിള്ള കല്ലൻറെ പരിഭാഷാ ജോലി ചെയ്‌തു.ഓഫിസിൽ സെക്രട്ടറി ആയി.14 കൊല്ലം അവിടെ ജോലി ചെയ്‌ത ശേഷം അസിസ്റ്റൻറ് ശിരസ്തദാർ ആയി. ദിവാൻ മാധവ റാവു, നാണു പിള്ളയെ തെക്കൻ ഭാഗം പേഷ്‌കാർ ആക്കി. തിരുവിതാംകൂർ ഡിവിഷനിലേക്ക് താമസിയാതെ മാറ്റി; റാവു നാട്ടിൽ പോയ ആറു തവണ ദിവാന്റെ ചുമതലകൾ വഹിച്ചു. 1877 ഓഗസ്റ്റിൽ ശേഷയ്യ ശാസ്ത്രി മടുത്തു മടങ്ങിയപ്പോൾ പിള്ള ദിവാനായി. അത് അദ്ദേഹം ജനിച്ച സമുദായത്തിന് ജാതി പ്രതിഷ്ഠകൾക്ക് സഹായകമായി. വിശാഖം തിരുനാൾ, ആയില്യം തിരുനാളിൻറെ മദ്യ മദിരാ ജീവിതത്തെ ആത്മകഥയിൽ പരാമർശിച്ചിട്ടുണ്ട്; ആ ജീവിതത്തിന് ഉതകിയായിരുന്നു പിള്ളയുടെ പടുതി. മൂന്നു വർഷമേ ദിവാൻ ആയുള്ളൂ എങ്കിലും, ആറു വർഷം കൂടി പിള്ള ജീവിച്ചു. പിൻഗാമി രാമ അയ്യങ്കാർക്കെതിരെ അജ്ഞാത ലേഖനങ്ങൾ വന്നു കൊണ്ടിരുന്നു.

രാമ അയ്യങ്കാർ പാവ ദിവാൻ ആയിരുന്നുവെന്നും നാണു പിള്ള തന്നെയാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് എന്നുമാണ്, കെ ആർ ഇലങ്കത്ത് എഴുതിയ പിള്ളയുടെ ജീവചരിത്രത്തിൽ നിന്ന് മനസ്സിലാകുന്നത് -പൽപ്പുവിന് പ്രവേശനം നിഷേധിക്കുമ്പോൾ ഭരണ നിയന്ത്രണം പിള്ളയുടെ കൈയിൽ ആയിരുന്നു. പിള്ളയുടെ ഒരു തലമുറ വിട്ട അനന്തരവനാണ് (grand nephew)  ഇലങ്കത്ത്.

നാണു പിള്ള 1855 ൽ പഴവങ്ങാടി ഓവർ ബ്രിഡ്ജിന് പടിഞ്ഞാറ് അങ്ങാടി തല വീട് വാങ്ങിയിരുന്നു.മാർത്താണ്ഡ വർമ്മ ഒരിക്കൽ ഈ വീട് സന്ദർശിച്ചിട്ടുണ്ട്.റയിൽ പാത വീതി കൂട്ടാൻ ഈ വീട് പൊളിച്ചു. പൊലീസ് വകുപ്പിൽ ശിരസ്തദാറായി പടികൾ കയറുമ്പോൾ, പിള്ള വെള്ളയമ്പലം കൊട്ടാരത്തിന് വടക്കു കിഴക്ക് കുന്നിൻ മുകളിൽ ഡയമണ്ട് ഹിൽ എന്ന ബംഗ്ലാവ് പണിതു. ആയില്യം മരിച്ച് സിംഹാസനമേറിയ വിശാഖം മുൻ രാജാവിനോട് കൂറ് പുലർത്തിയവരെ പുറത്താക്കിയപ്പോൾ അതിൽ പിള്ളയും പെട്ടു. അത് ഹാനിംഗ് ടണ് പിടിച്ചില്ല. പിള്ള തിരുവനന്തപുരത്ത് തങ്ങുന്നത് ഉപജാപങ്ങൾക്ക് കാരണമാകുമെന്ന് വിശാഖം വ്യക്തമാക്കി; പിള്ള നെയ്യൂരിലേക്ക് പലായനം ചെയ്‌തു.ചെറിയ കാലയളവിൽ തന്നെ പിള്ള വിശാഖത്തിൻറെ സുഹൃദ് വലയത്തിൽ കയറിപ്പറ്റി. ഡയമണ്ട് ഹില്ലിലേക്ക് മടങ്ങി.ഹാനിംഗ് ടൺ വീട്ടിലെത്തി. വിശാഖം 1885 ൽ മരിച്ചപ്പോൾ,പിൻഗാമി ശ്രീമൂലം തിരുനാൾ പിള്ളയെ വീണ്ടും ദിവാനാക്കാൻ ഒരുമ്പെട്ടു പിള്ളയ്ക്ക് 58 വയസ് മാത്രമായിരുന്നു. ഉത്തരവ് കിട്ടുന്നതിന് മൂന്നു നാൾ മുൻപ് പിള്ള മരിച്ചു.

ഹാനിംഗ് ടൺ
 
ഇതാണ്, പൽപ്പു മെട്രിക്കുലേഷൻ 1883 ഫെബ്രുവരിയിൽ  പാസാകുമ്പോൾ, ബാഹ്യ സവർണ ശക്തികൾ ദുർബല രാജ ഭരണത്തെ നിയന്ത്രിക്കുന്ന പശ്ചാത്തലം.'നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ്' എന്ന് നാരായണ ഗുരു പറയേണ്ടി വന്ന പോലെ, സവർണ വിഘ്നങ്ങൾ പൽപ്പു കടന്നു കയറിയതിൽ ഒരു ബ്രിട്ടീഷുകാരനെ കാണാം -പഠിക്കാൻ സാമ്പത്തികമായി പ്രയാസപ്പെട്ട പൽപ്പുവിനെ സഹായിച്ചത്,തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്‌കൂൾ നടത്തിയിരുന്ന എസ് ജെ ഫെർണാണ്ടസ് എന്ന ബ്രിട്ടീഷുകാരനാണ്. 1875 -78 ൽ അദ്ദേഹത്തിൻറെ സ്‌കൂളിൽ പഠിച്ച പൽപ്പുവിന് ഒരു നേരത്തെ ഭക്ഷണം നൽകിയത് അദ്ദേഹമാണ്.1884 ൽ മെഡിക്കൽ പ്രവേശന പരീക്ഷയിൽ നാലാമനായപ്പോഴാണ്, പ്രായക്കൂടുതൽ പറഞ്ഞ് പ്രവേശനം സവർണർ തടഞ്ഞത്. അന്ന് അദ്ദേഹത്തിന് 24 വയസ്സായിരുന്നു.

ധീവര സമുദായാംഗമായിരുന്ന ഡോ എം സി കോമൻ പ്രൊഫസറായിരുന്ന മദ്രാസ് മെഡിക്കൽ കോളജിൽ ആ പ്രശ്‍നം വന്നില്ല. നാലു കൊല്ലത്തിന് ശേഷം മെഡിസിൻ പാസായി വന്നപ്പോഴും സവർണർ ജോലി കൊടുത്തില്ല. മൈസൂരിലാണ് പിന്നെ പൽപ്പു ജോലി ചെയ്‌തതെന്ന്‌ ഏവർക്കും അറിയാം. എന്നാൽ അതിന് മുൻപ് മദ്രാസിൽ ഗോവസൂരിക്ക് ലിംഫ് ഉണ്ടാകുന്ന ഇൻസ്റ്റിട്യൂട്ടിൽ, കേണൽ ഡബ്ള്യു.ജി.കിംഗ് എന്ന മിലിട്ടറി ഡോക്ടർക്ക് കീഴിൽ കുറച്ചു കാലം അദ്ദേഹം ജോലി ചെയ്‌തിരുന്നു.ഈ ബ്രിട്ടീഷുകാരന് കേരളവുമായി ബന്ധമുണ്ട്.തലശേരിക്കാരിയായ ലോക പ്രസിദ്ധ ശാസ്ത്രജ്ഞ ഡോ ഇ കെ ജാനകി അമ്മാളിന്റെ മുത്തശ്ശി കുഞ്ഞി കുറുമ്പിയുടെ മൂന്ന് ഭർത്താക്കന്മാരിൽ ഒരാളായിരുന്നു, കിംഗ്. തലശ്ശേരി ബ്രിട്ടീഷ് ഫാക്റ്ററി ഡോക്റ്റർ ആയിരിക്കെ ആയിരുന്നു, ആ ബന്ധം.

സ്വാമി വിവേകാനന്ദനെ 1892 ൽ മൈസൂരിൽ പല തവണ കണ്ട് ചർച്ച നടത്തുമ്പോൾ, Go, spiritualise and industrialise the masses എന്ന് അദ്ദേഹം പൽപ്പുവിനോട്‌ പറഞ്ഞതായിരുന്നു, വഴിത്തിരിവ് -മതം ഒരു വിമോചന മാർഗവും ആയതിനാൽ,മാർക്‌സ് വിച്ഛേദിച്ച മതത്തെ പാർട്ടി തിരിച്ചു പിടിക്കുന്നതിൽ തെറ്റില്ല.

പൽപ്പുവിന് സവർണർ പ്രവേശനം നിഷേധിക്കുമ്പോൾ സ്വദേശാഭിമാനി രാമകൃഷ്‌ണ പിള്ളയ്ക്ക് (ജനനം 1878) ആറു വയസ്സേ ആയിരുന്നുള്ളു; അതിനാൽ, പ്രവേശനം നിഷേധിച്ചതിൽ സവർണരെ മുഖ പ്രസംഗം എഴുതി ശ്ലാഘിക്കാനുള്ള അവസരം പിള്ളയ്ക്ക് നഷ്ടപ്പെട്ടു.

See https://hamletram.blogspot.com/2019/07/blog-post_5.html


© Ramachandran




Monday, 2 September 2019

സാർത്ര് വഞ്ചിച്ച വേശ്യ

പൂവിനും വണ്ടിനും ഇടയിലെ ജാലകം

ഫ്രഞ്ച് ചിന്തകനും എഴുത്തുകാരനുമായ ഴാങ് പോൾ സാർത്രിന്റെ അസ്തിത്വ ദർശനം വിശദീകരിക്കുന്ന സത്തയും ശൂന്യതയും (Being and Nothingness) ഞാൻ സ്വന്തമാക്കുന്നത്‌, 1982 ലാണ്. തിരുവനന്തപുരത്ത് എം എ യ്ക്ക് പഠിക്കുമ്പോൾ,ക്‌ളാസിക്കുകൾ കിട്ടുന്ന ഒരു പെട്ടിക്കട ഫൈൻ ആർട്സ് കോളജിന് അടുത്തുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ നിന്ന് കോളജിലേക്ക് നടക്കുമ്പോഴും മടങ്ങുമ്പോഴും അവിടെ പരതും. പ്രധാന പുസ്തകശാലകളിൽ കിട്ടാത്ത വിഖ്യാത പുസ്തകങ്ങൾ അവിടെ കിട്ടും. സത്തയും ശൂന്യതയും പേപ്പർ ബാക്ക് അവിടെ കണ്ട അദ്‌ഭുതത്തിൽ, ആ മാസം വീട്ടിൽ നിന്ന് അയച്ച പണം മുഴുവൻ അവിടെ മുടക്കി. അതും അവിടന്ന് കിട്ടിയ മിലോവൻ ജിലാസിന്റെ ന്യൂ ക്‌ളാസും ഇപ്പോഴും എൻറെ പക്കലുണ്ട്.

സാർത്ര് 

വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരത്ത് ജോലിക്ക് പോയപ്പോൾ, ആ പെട്ടിക്കടക്കാരൻ പാളയം പള്ളിക്കടുത്ത് സാമാന്യം വലിയ കട തുറന്നിരുന്നു. ക്‌ളാസിക്കുകൾ ഉപേക്ഷിച്ചിരുന്നു.

സത്തയും ശൂന്യത യും പൂർണമായി മനസിലായ രണ്ടു മലയാളികൾ ഉണ്ടായിരുന്നു: കേരള സർവകലാശാലയിൽ സംസ്‌കൃതം പ്രൊഫസറായിരുന്ന ഡോ കെ രാഘവൻ പിള്ളയും വിലാസിനിയും (എം കെ മേനോൻ). ഇരുവരും അസ്തിത്വ വാദം അറിയാവുന്നവർ എന്ന നിലയിൽ പരസ്‌പരം സുഹൃത്തുക്കൾ ആയി. സാർത്രിനെപ്പോലെ, അനൗപചാരിക ജീവിതം നയിച്ചയാളാണ് വിലാസിനി. സിംഗപ്പൂരിൽ അദ്ദേഹം തുടങ്ങിയ സഹജീവിതം അറിയാതെ, അവിവാഹിതൻ എന്ന് മാധ്യമങ്ങൾ എഴുതി. മകനെ കാണാൻ സിംഗപ്പൂരിൽ പോയി മടങ്ങിയ അമ്മ പറഞ്ഞു: "അവന് ഇനി കല്യാണത്തിൻറെ ആവശ്യമില്ല".

രാഘവൻ പിള്ളയാകട്ടെ. അദ്വൈത ജ്ഞാനം കൈയിൽ വച്ചാണ് ലണ്ടനിൽ നിന്ന് ഡോക്റ്ററേറ്റ് നേടി കലിഫോർണിയ സർവകലാശാലയിൽ പോസ്റ്റ് ഡോക്റ്ററൽ പഠനം തുടർന്ന്, അധ്യാപകനായത്. സാർത്രിന്റെ അസ്തിത്വ ദർശനം (1980) എന്ന പുസ്തകം തന്നെ എഴുതി.

സാർത്രിന്റെ അസ്തിത്വ ദർശനം മലയാളികൾക്ക് മനസ്സിലാകാത്തതിന് കാരണം, ആരംഭത്തിലേക്ക് പോകാതിരുന്നത് കൊണ്ടാണ്. ഡാനിഷ് ചിന്തകൻ സോറൻ ആബിയെ കീർക്കെഗാദിൽ തുടങ്ങണം. അവിടെയാണ്, വേര്.

കാമുകി അണിയിച്ച മനസ്സമ്മത മോതിരം തിരിച്ചു കൊടുത്ത്,ഭൗതിക ജീവിതം വിച്ഛേദിച്ച കീർക്കെഗാദ്,മനുഷ്യൻ അവൻറെ പാപ ബോധത്തിൽ കൂടി ഈശ്വര വിശ്വാസത്തിലേക്ക് കുതിക്കണം (a leap into faith) എന്ന് സിദ്ധാന്തിച്ചു.പഴയ നിയമത്തിലെ അബ്രഹാമിൻറെ കഥ ഉദാഹരിച്ച്, വിശ്വാസ പുരുഷൻ എന്ന അബ്രഹാമിൻറെ സ്ഥാനത്തിനും എത്രയോ താഴെയാണ്, ഗ്രീക്ക് ദുരന്ത നായകൻ എന്ന് അദ്ദേഹം കണ്ടു. അബ്രഹാമിനോട് ദൈവം ആവശ്യപ്പെടുന്നത്, പുത്രനെ ബലി കൊടുക്കാനാണ്. സാധാരണ മനുഷ്യൻറെ കണക്കു കൂട്ടലിന്  വിധേയമാകാത്ത ഒരു തലമാണ് അത്.അതിനാൽ അത്, അസംബന്ധ (absurd) ത്തിൻറെ മണ്ഡലമാണ്. അതിനെ വിശ്വാസം ആധാരമായ മറ്റൊരു  അസംബന്ധത്തിൻറെ കരുത്തു കൊണ്ട് അബ്രഹാം നേരിട്ടു.ദൈവം പുത്രനെ ചോദിക്കുന്ന അസംബന്ധത്തെ, അത് അനുസരിക്കുക എന്ന അസംബന്ധം കൊണ്ട് നേരിട്ടു.ഇവിടെ അസംബന്ധം nonsense അല്ല. ഈശ്വര വിശ്വാസിയായ കീർക്കെഗാദ് അങ്ങനെ കാണുകയില്ല. ആത്യന്തിക സത്യമായ ഈശ്വരന് താഴെയുള്ളതൊക്കെ, എല്ലാ ഭൗതിക വിജയവും, പാപത്തിൻറെ സന്തതികൾ ആണെന്ന് അദ്ദേഹം കരുതി. ആത്മീയ ജീവിതവും ഭൗതിക ജീവിതവും തമ്മിൽ ഒരു പൊരുത്തവും ഇല്ല. രണ്ടിലൊന്ന് സ്വീകരിക്കാം. ഇതാണ് സ്വന്തം പ്രണയ വിച്ഛേദത്തിന് ശേഷം കീർക്കെഗാദ് എഴുതിയ, 'അത്/ ഇത് ' (Either/  Or) എന്ന പുസ്തകം.


ഹെഗലിൻറെ ഭൗതിക ദർശനവും കീർക്കെഗാദിൻറെ അസ്തിത്വ ദർശനവും പേറിയാണ് പിൽക്കാല യൂറോപ്യൻ ചിന്തകർ വളർന്നത്. ഗബ്രിയേൽ മാർസൽ, കീർക്കെഗാദിനെ അങ്ങനെ തന്നെ പിൻ പറ്റിയപ്പോൾ, ഫ്രഞ്ചുകാരൻ തന്നെയായ സാർത്ര്, കീർക്കെഗാദിന്റെ അസ്തിത്വ വാദത്തെ നിരീശ്വരത്വത്തിൽ പ്രതിഷ്ഠിച്ചു. മാർട്ടിൻ ഹൈഡഗർ, കാൾ ജാസ്‌പെർസ്‌, ഫ്രഡറിക് നീഷേ എന്നിവർ രണ്ടിനുമിടയിൽ നിന്നു. മാർക്‌സിസ്റ്റും നിരീശ്വര വാദിയുമായിരുന്നു, സാർത്ര് (1905 -1980 ).

നിരീശ്വര വാദിയായ മാർക്സിസ്റ്റിനും ഈശ്വര വാദിയായ അദ്വൈതിക്കും ചർച്ച ചെയ്യാവുന്ന ഒന്ന് അസ്തിത്വ വാദത്തിലുണ്ട്- 'അസ്തിത്വം അതിൻറെ സത്തയ്ക്ക് മുൻപേ ഉണ്ട്' ( existence precedes essence ) എന്ന് അസ്തിത്വവാദം പറയുന്നതിൽ ചർച്ചയാകാം. സത്യം വ്യക്തിത്വത്തിൻറെ ലക്ഷണമായി അനുഭവിക്കുക തന്നെ വേണം; സത്യത്തിൽ എത്താനാവില്ല എന്ന ആശയത്തിലുംചർച്ച ആകാം. ഇച്ഛയ്ക്കാണ് (Will) അസ്തിത്വ വാദത്തിൽ പ്രാധാന്യം. പറയുന്നതിനേക്കാൾ പ്രധാനമാണ്,ഓരോരുത്തരും ജീവിക്കുന്ന തത്വം. അതിനാൽ ഔപചാരിക ജീവിതം കപടമാണ് എന്ന് അസ്തിത്വ വാദികൾ പറയുന്നു.

അസ്തിത്വ വാദം (existentialism) ഗ്രീക്ക്, ഭാരതീയ ദർശനങ്ങളിൽ കാണാമെങ്കിലും, സാർത്രിന്റെ യൂറോപ്പിൽ അത് വേര് പിടിച്ചത്, രണ്ടു ലോകയുദ്ധങ്ങൾ കാരണം, വിശ്വാസം ചിതറി തെറിച്ചത് കൊണ്ടാണ്. രണ്ടാം ലോകയുദ്ധം കഴിഞ്ഞ് കാൽ നൂറ്റാണ്ട് കാലം അസ്തിത്വ ദർശനം യൂറോപ്പിൽ നിറഞ്ഞു നിന്നു. എൻറെ യൗവനത്തിലെ നായകന്മാരായിരുന്നു, സാർത്രും കാമുവും കാഫ്‌കയും. മനുഷ്യൻ എന്ന പൊതു തത്വത്തെ ഉപേക്ഷിച്ച്,വ്യക്തിയുടെ ആകുലതകൾ (angst) കൈകാര്യം ചെയ്‌ത ദർശന പദ്ധതിയാണ്, അത്. വ്യക്തിയെ പ്രധാനമായി എടുക്കുമ്പോൾ, കീർക്കെഗാദ് കണ്ടത്, അന്യൻ അസ്തിത്വ സാക്ഷാൽക്കാരത്തിന് തടസ്സമാണ് എന്നാണ്. സാർത്രിന്, അന്യൻ നരകം തന്നെ ആയി. എല്ലാ അസ്തിത്വ വാദികളും വ്യക്തിയുടെ മൗലിക പ്രശ്നങ്ങളായ സ്വാതന്ത്ര്യം, നിരാശ, ആകുലത, അന്യതാ ബോധം, മൃത്യു ഭീതി എന്നിവയെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചു. അസ്തിത്വം മനുഷ്യന് മാത്രമേയുള്ളു. മനുഷ്യന് പൂർവ നിശ്ചിത സത്തയില്ല; അസ്തിത്വമേയുള്ളു. അവൻ സാധ്യതകളുടെ സമാഹാരമാണ്. അതിനാൽ, അവന് ഉചിതമായ തിരഞ്ഞെടുപ്പ് വഴി, സ്വന്തം സത്തയ്ക്ക് രൂപം നൽകാൻ സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം താങ്ങാനാവാത്ത ചുമതല ആയതിനാൽ, ആകുലമായ ശാപമാണ്. സ്ഥല കാലങ്ങളിലെ വ്യക്തിയുടെ നിൽപും (Facticity) പ്രപഞ്ചത്തിലെ അവൻറെ പാഴ്‌നിലയും (Throwness) ആകുലതയെ അസഹ്യമാം വണ്ണം തീവ്രമാക്കുന്നു.

ഈ സാഹചര്യങ്ങളിൽ സഞ്ചിയും തൂക്കി കഞ്ചാവുമായി ഹരിദ്വാറിലേക്ക് പോയാൽ മതി എന്നാണ്,അസ്തിത്വ വാദം മോരോ മുതിരയോ എന്നറിയാത്ത  എം മുകുന്ദൻ കരുതിയത്. സാർത്രിൽ നിന്ന് വിച്ഛേദിച്ച്, അലസമായിരിക്കാനല്ല (passive) കാമു അസംബന്ധ വാദത്തിൽ  വ്യക്തിയോട് പറയുന്നത്; അസംബന്ധത്തോട് കലാപം നടത്താനാണ്, കാമു അദ്ദേഹത്തിൻറെ മിത് ഓഫ് സിസിഫസ്, ദി റിബൽ എന്നീ പുസ്തകങ്ങളിൽ ആഹ്വാനം ചെയ്‌തത്‌. സാർത്രിന്റെ ദർശനത്തിലെ അവ്യക്തത നീക്കാനാണ് കാമു ശ്രമിച്ചത്. സ്വയം തിരഞ്ഞെടുക്കുന്ന കർമമാണ്,സാക്ഷാൽക്കാരം.

കീർക്കെഗാദ് 

അസ്തിത്വ വാദം ശരിയായി മലയാളത്തിൽ വന്നത്, മുകുന്ദൻ വഴി അല്ല,വിലാസിനിയുടെ 'ഇണങ്ങാത്ത കണ്ണികൾ' ( 1968 ) എന്ന നോവലിലാണ്. സ്വന്തം കർമങ്ങളുടെ ആകെത്തുകയാണ് മനുഷ്യൻ എന്ന് സാർത്രും ഭഗവദ് ഗീതയും പറയുന്നിടത്താണ്, ആ നോവൽ. ചങ്ങനാശേരി എൻ എസ് എസ് കോളജിൽ ഫിലോസഫി വിദ്യാർത്ഥികൾക്ക് ഒരിക്കൽ ക്‌ളാസ് എടുത്ത ആളാണ്, പ്രസംഗിക്കാൻ പോകാതിരുന്ന വിലാസിനി. കുരുക്ഷേത്രത്തിൽ തളർന്ന അർജുനന്റെ ആകുലതയും അസ്തിത്വ വാദികളുടെ സംത്രാസവും ഒന്നാണെന്ന് അദ്ദേഹം കണ്ടു.

സാർത്രിന്റെ സത്തയും ശൂന്യതയും എളുപ്പം വഴങ്ങില്ലെങ്കിലും, അതിലെ പനിനീർ പൂവിൻറെയും വണ്ടിൻറെയും ദൃഷ്ടാന്ത കഥ നമുക്ക് മനസ്സിലാകും. പനിനീർപ്പൂവിൽ ചെന്ന് തേൻ കുടിക്കാൻ പറക്കുന്ന വണ്ട്, ജാലക ചില്ലിൽ മൂക്കിടിച്ചു പിന്മാറി, വീണ്ടും ചെന്ന്, പിന്നെയും ജാലക ചില്ലിനപ്പുറത്തേക്ക് കടക്കാനാകാത്ത ആകുലതയിൽ പെടുന്ന ബിംബം അതിലുണ്ട്. കാമനകളും അഭിലാഷങ്ങളും വഴിമുടക്കിയ തീവ്ര യാഥാർഥ്യങ്ങളുമായി മല്ലടിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോൾ, അവന് പ്രാതികൂല്യങ്ങളോട് മത്സരിക്കാൻ ത്രാണി ഉണ്ടാകുന്നു. ഉപബോധ മനസ്സിലെ സ്നേഹം, വിദ്വേഷം തുടങ്ങിയ  വികാരങ്ങളെയും ബോധ മനസ്സിലെ വിചാരങ്ങളെയും ഇണക്കി, സ്വന്തം വ്യക്തിത്വം അഥവാ സത്ത കണ്ടെത്താൻ അവന് പല അവസരങ്ങൾ കിട്ടുന്നു. സാർത്ര് ഇതിന് ഉദാഹരിക്കുന്നത്, ദസ്തയേവ്‌സ്‌കിയുടെ കുറ്റവും ശിക്ഷയും എന്ന നോവലിലെ, റാസ്‌കോൽനിക്കോവിനെയാണ്. അയാൾ സ്വയം കുറ്റമേറ്റ് പറഞ്ഞ്, പൂർവ ജീവിതം കൈയൊഴിക്കുമ്പോൾ, പഴയ ജീവിത പദ്ധതി ഭൂതകാലത്തിൽ ഉപേക്ഷിക്കുമ്പോൾ, അതിൻറെ അവശിഷ്ടങ്ങളിൽ പുതിയൊരു ജീവിതം ഭാവന ചെയ്യുന്നു. എങ്ങുമെത്താത്ത ഈ അവസ്ഥയിൽ, അപകർഷതയും യാതനയും ആകുലതയും ഒന്നിച്ച്, വികാരങ്ങൾ കത്തി തീരുകയും സ്വാതന്ത്ര്യ വാഞ്ഛ ഉൽക്കടമാവുകയും ചെയ്യുന്നു. അതാണ്, ജീവിതത്തിലെ അഗ്നി. സാർത്ര് പറയുന്നു:

"ദയ, പ്രവർത്തന സ്വാതന്ത്ര്യം, സഹിഷ്‌ണുത തുടങ്ങിയ എല്ലാ പദ്ധതികളും,അന്യനെക്കുറിച്ചുള്ള അശ്രദ്ധയും അവഗണനയും എൻറെ തന്നെ  മാനസിക വ്യാപാരമാണ്. കർമമാണ്. എൻറെ ചേതനയുടെ വ്യവഹാരമാണ്. മറ്റുള്ളവർക്ക് അതിലുള്ള പങ്കാളിത്തം, അവരുടെ കീഴടങ്ങലിലും ഒത്തു ചേർന്ന് പോകലിലും മാത്രമാണ്...അന്യർക്കിടയിലേക്ക്, നാം വലിച്ചെറിയപ്പെട്ടിരിക്കുന്നു.ജനനത്തിലൂടെ എൻറെ ജീവിതം, ഓരോ പതനത്തിലും, മറ്റുള്ളവരുടെ കാമനകളിൽ നിയന്ത്രണങ്ങളും അതിരുകളും വയ്ക്കുന്നു. നമ്മുടെ ചേതനയും കാമനയും വളർത്തിയെടുക്കുക എന്നത്, ഈ അർത്ഥത്തിൽ, അന്യരുടെ സ്വതന്ത്ര്യം നിഷേധിക്കലാണ്, നിയന്ത്രിക്കലാണ്,ഉന്മൂലനം ചെയ്യലാണ്. എൻറെ അസ്തിത്വം അന്യരിൽ ഏൽപിക്കുന്ന ഈ സ്വാതന്ത്ര്യ നിഷേധമാണ്, ആദി പാപത്തിൻറെ കാതൽ".

ആദി പിതാക്കളായ ആദവും ഹവ്വയും ചെയ്‌ത പാപം കഴുകിക്കളയാനുള്ള പശ്ചാത്താപ, പ്രായശ്ചിത്തങ്ങളുടെ നിറുകയിലാണ്, ജീവിതം ധന്യമാകുന്നത്. ആദി പാപം, മനുഷ്യൻറെ മുക്തിയില്ലാത്ത സമ്പാദ്യമാണ്. അത് അയാളെ ജന്മാന്തരങ്ങളിലേക്ക് പിന്തുടരുന്നു. മരണം, അന്ത്യ വിധി നാളിലെ കണക്കെടുപ്പിനുള്ള കാത്തിരിപ്പാണ്.ജീവിതം ഒരിട വേള മാത്രം. അതിന് മുൻപും പിമ്പുമുള്ള പാപ ഭീതി, സ്വർഗാഭിലാഷം എന്നിവയാൽ അത് നിർണയിക്കപ്പെടുന്നു. ഇവ രണ്ടിൽ നിന്നും അന്യമായ അസ്തിത്വം അതിനില്ല. ഈ അന്തമില്ലാത്ത നൈരന്തര്യത്തിൽ നിന്ന് ജീവിതത്തെ വേർപെടുത്തി, വ്യക്തിയുടെ സ്വന്തം കൈപ്പിടിയിൽ ഒതുക്കിയെടുക്കാനുള്ള വിചാര മാർഗമാണ്, അസ്തിത്വ വാദം.

സാർത്ര് നിരീക്ഷിക്കുന്നു :

"ഞാൻ എഴുതുന്നു. പുക വലിക്കാൻ പോകുന്നു. വൈകിട്ട് എനിക്ക് പിയറിയെ കാണണം. സൈമണ് മറുപടി അയയ്ക്കണം. ക്ളോഡിയയോട് സത്യം പറയണം. ഇങ്ങനെ നൂറു കൂട്ടം പ്രതിദിന കാര്യങ്ങൾക്ക് യുക്തിയും പ്രസക്തിയും കിട്ടുന്നത്, ഞാൻ എന്നെ ആദ്യം തന്നെ ഏതു വിധം സംവിധാനം ചെയ്‌തു എന്നത് അനുസരിച്ചാണ്. എൻറെ ലോകം ഞാൻ തന്നെ മെനഞ്ഞുണ്ടാക്കുന്നു. അതാണ്, എൻറെ അസ്തിത്വം".

ഹോട്ടൽ വെയ്റ്ററെ സാർത്ര് ഉദാഹരിക്കുന്നു. അയാൾ പതിവുകാരോട് പല നാടകങ്ങൾ കളിക്കുന്നു. നടത്തം, സംഭാഷണം, അംഗ വിക്ഷേപങ്ങൾ, ഉത്സാഹം. സമാന്തരമായി,അയാൾക്കൊരു ആന്തരിക ജീവിതമുണ്ട്. സ്വന്തം നിലനിൽപിനെ ചൊല്ലി അവൻറെ വിചാരം, തീരുമാനം എന്നിവ അതിൽ നിറഞ്ഞിരിക്കുന്നു. ഹോട്ടൽ വെയ്റ്റർ ആകണമെന്ന് അയാൾ എടുത്ത തീരുമാനത്തിൻറെ മുക്തിയില്ലാ ഫലമാണ്, അത്. അവയുടെ സമഗ്രതയാണ്, അയാൾ. സ്വയം മെനഞ്ഞുണ്ടാക്കി എടുത്ത തനിമ.

വിലാസിനി 

സാർത്ര് എഴുതുന്നു:

"എന്റേതും എന്റേത് മാത്രവുമായ ആദി പദ്ധതി (original project) ഉരുവപ്പെടുത്തിയതോടെ, ഞാൻ എൻറെ തനിമയിൽ അനാവരണം ചെയ്യപ്പെടുന്നു. ആ പദ്ധതിയിലൂടെ, സ്വയം കണ്ടെത്തുന്നു. അതോടൊപ്പമുള്ള യാതനകളും വേദനകളും ഏറ്റെടുത്തു കൊണ്ട് തന്നെ. ഞാൻ, 'ഞാനാ'യി തീരാനുള്ള എൻറെ പിടിച്ചു കയറലിൽ, വിലങ്ങുകൾ അഴിഞ്ഞു വീഴുന്നു. നിയന്ത്രണങ്ങൾ റദ്ദാകുന്നു. പരമ്പരാഗത വിശ്വാസങ്ങൾ വലിച്ചെറിയുന്നു. ഞാൻ സ്വാതന്ത്രനാകുന്നു."

അസ്തിത്വ ദർശനത്തിന്റെ എല്ലാ അംശങ്ങളും സമ്മേളിച്ച സാർത്രിന്റെ നാടകമാണ്, 'മാന്യയായ വേശ്യ' (The Respectable Prostitute -1946).

രണ്ട് 

'മാന്യയായ വേശ്യ' എന്ന നാടകത്തിൻറെ പ്രശ്‍നം, സാർത്ര് വികസിപ്പിച്ചു കൊണ്ട് വരുന്ന പിരിമുറുക്കം, അവസാന രംഗത്തിൽ ചീറ്റിപ്പോകുന്നു എന്നതാണ്. അത് എങ്ങനെ ഉണ്ടായി എന്ന് വഴിയേ ചർച്ച ചെയ്യാം.
പാപ ബോധവും സ്നേഹവും വ്യക്തി സത്തയിലേക്ക് വളരാനുള്ള ശ്രമവുമൊക്കെ ഉൾക്കൊള്ളുന്നതാണ്, നാടകം. അസ്തിത്വ ദർശനത്തിൽ ഉറച്ച്,കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കമ്മിസാർ ഭരണത്തിന് എതിരെ കലഹിക്കുമ്പോഴും, മാർക്സിസത്തിൽ ഉറച്ചു നിന്ന്, ആ ദർശനം വിശദീകരിക്കാനാണ്, സാർത്ര് നോവലും നാടകവും എഴുതിയത്. അദ്ദേഹത്തിൻറെ ആദ്യ നോവൽ 'ഓക്കാനം' (Nausea), നോവൽ ത്രയങ്ങൾ എന്നിവ വായിക്കുന്ന കാലത്ത്, അവയിൽ സർഗ്ഗ ശേഷിയൊന്നും അനുഭവപ്പെട്ടിരുന്നില്ല. സർഗ്ഗ രചനകൾ വായിച്ച് ദർശനത്തിലേക്ക് പോകുന്നതിന് പകരം, ദർശനം വായിച്ച് രചനകളിലേക്ക് കടക്കുന്നതാണ്, സാർത്രിന്റെ കാര്യത്തിൽ നല്ലത്.

അമേരിക്കൻ കഥാപാത്രങ്ങളെ വച്ച്, അമേരിക്കയിൽ നടക്കുന്ന ഒരു\നാടകമാണ്, ഇത്. രണ്ടാം ലോക യുദ്ധത്തിൻറെ നായകനായ അമേരിക്കൻ പ്രസിഡൻറ് റൂസ്‌വെൽറ്റ്, സി ജെ തോമസിൻറെ 'ക്രൈം 1128 ൽ 27' എന്ന നാടകത്തിൽ എന്ന പോലെ ഇതിൽ പരാമർശിക്കപ്പെടുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തെപ്പറ്റി കമ്മ്യൂണിസ്റ്റുകൾക്കുള്ള വിമർശനവും അസ്തിത്വ വാദവും കൂടിക്കലർന്നതാണ്, നാടകം.


വേശ്യയായ ലിസി, അവളെ ഇരുട്ടിൽ പ്രാപിച്ച അമേരിക്കൻ സെനറ്ററുടെ മകൻ ഫ്രെഡ്, അയാളുടെ സുഹൃത്തുക്കളായ ജോൺ, ജെയിംസ് എന്നീ പൊലീസുകാർ, തീവണ്ടിയിൽ ലിസിക്ക് നേരെ നടന്ന ബലാൽസംഗത്തിന് ദൃക്‌സാക്ഷി ആയ നീഗ്രോ, സെനറ്റർ ക്ളർക് എന്നിവരാണ് കഥാപാത്രങ്ങൾ. നീഗ്രോ, നീഗ്രോ ആയതിനാൽ, പേരില്ല.

ന്യൂയോർക് അല്ലാത്ത ഒരമേരിക്കാൻ നഗരത്തിലെ ഒരു മുറിയിലാണ്, നാടകം സംഭവിക്കുന്നത്. ഇടത്ത് കുളിമുറിയുടെ വാതിലും പശ്ചാത്തലത്തിൽ തെരുവിലേക്ക് തുറക്കുന്ന വാതിലുമുണ്ട്. ഫ്രഡും ലിസിയും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട രാത്രിക്ക് ശേഷമുള്ള ദിവസമാണ്, നാടകം. അവർ ബന്ധത്തിൽ ഏർപെടുമ്പോൾ ഫ്രെഡ് മദ്യപിക്കുകയും ലിസിയെ സ്നേഹിക്കുന്നതായി പുലമ്പുകയും ചെയ്‌തിരുന്നു.

വാക്വം ക്ളീനർ കൊണ്ട് വീട് വൃത്തിയാക്കുന്ന ലിസി, പുറത്ത് ഒരലർച്ചയ്ക്ക് ശേഷം, വാതിലിൽ മുട്ട് കേട്ട് തുറക്കുമ്പോൾ, നീഗ്രോകളുടെ ബലാൽസംഗ ശ്രമത്തിന് ദൃക്‌സാക്ഷി ആയിരുന്ന നീഗ്രോ അകത്തു കടക്കുന്നു. ഫ്രെഡ് കുളിമുറിയിലാണ്. നീഗ്രോയെ, പ്രതിയായി കണ്ട് അമേരിക്ക വേട്ടയാടുന്നു. ലിസി അയാൾ നിരപരാധി ആണെന്ന് അധികൃതരോട് പറയണം -അതാണ് അയാളുടെ ആവശ്യം. പറയാം എന്ന് ലിസി വാക്ക് നൽകുന്നു.

നീഗ്രോ പുറത്തു പോയ ശേഷം, ഫ്രഡും ലിസിയുമായുള്ള സംസാരത്തിൽ, പാപവും ബൈബിളുമുണ്ട്. അവളുടെ കിടക്കയ്ക്ക്, പാപത്തിൻറെ ഗന്ധമാണെന്ന് അയാൾ പറയുന്നു. കിടക്കയിലിരിക്കാൻ അവളെ ക്ഷണിച്ച് അയാൾ പറയുന്നത്, "നമ്മുടെ പാപങ്ങൾക്ക് മേൽ ഇരിക്കൂ" എന്നാണ്. മനഃസാക്ഷിക്ക് മുൻപിൽ പാപങ്ങളേയുള്ളു; നല്ല സുന്ദരമായ പാപങ്ങൾ !

അവൾ ആവശ്യപ്പെട്ടിട്ടും, ഫ്രെഡ് അയാളുടെ പേര് വെളിപ്പെടുത്തുന്നില്ല. ലാസ്റ്റ് ടാംഗോ ഇൻ പാരീസ് (1972) എന്ന ബെർട്ടോലൂച്ചി സംവിധാനം ചെയ്‌ത അമേരിക്കൻ സിനിമയിൽ, മർലൻ ബ്രാൻഡോ അവതരിപ്പിക്കുന്ന നായകനും മരിയ ഷ്നെയ്‌ഡർ അവതരിപ്പിക്കുന്ന നായികയും പേരുകൾ അറിയാതെ ശാരീരിക ബന്ധത്തിൽ ഏർപ്പെടും പോലെ ഒരു സന്ദർഭം.

രാഷ്ട്രീയ ധ്വനിയുള്ള ഒരു സന്ദർഭമാണ് അടുത്തത് -ലിസി പറയുന്നത്, അവളുടെ പെട്ടിയിൽ ഒരു മികച്ച പെയിൻറിംഗ് -ൻറെ പകർപ്പുണ്ടെന്നാണ്. 'ഉടഞ്ഞ മൺകലം' എന്നാണ് അതിൻറെ പേര്. ചിത്രത്തിൽ കാണുന്ന പെൺകുട്ടി ആകാം കലം ഉടച്ചത്. അവൾ ഫ്രഞ്ചുകാരിയാണ്.
നീഗ്രോകൾക്കെതിരായ നിരവധി അമേരിക്കൻ വംശീയ പരാമർശങ്ങൾ വരുന്ന ഭാഗങ്ങൾ തുടർന്നുണ്ട്. "അവരെ കാണുന്നത് നല്ല ലക്ഷണമല്ല, അവർ ചെകുത്താന്മാരാണ്" എന്നും കേൾക്കാം.

രാത്രിയിൽ ഫ്രഡുമായി നടന്ന ലൈംഗിക ബന്ധം, അയാൾ മദ്യപിച്ചായതിനാൽ, ലിസി ഓർമിപ്പിക്കുന്നു: കുളിമുറിയിൽ നിന്ന് നഗ്നയായി അവൾ വന്നപ്പോൾ, അയാളുടെ ശരീരം ചുവന്നു. അയാൾ പരിഭ്രമിച്ചു. അയാൾ വിളക്ക് കെടുത്തി, അവളെ പ്രാപിച്ചു. അയാൾക്ക് പുരുഷത്വം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് അവർ ശിശുക്കളെപ്പോലെ, തൊട്ടിലിൽ കിടന്നു. രാത്രിയിൽ നടന്നതെല്ലാം അയാൾക്ക് വിഴുപ്പാണ്. അയാൾ ഭൂത കാലം ചുമക്കാൻ തയ്യാറല്ല.

ബാല്യത്തിൽ സ്നേഹം നഷ്ടപ്പെട്ടവളാണ് ലിസി എന്നതിന് സൂചന വേണ്ടുവോളമുണ്ട്. അവൾക്ക്, പേരക്കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന ഒരു വല്യമ്മയെ വേണം. ഫ്രഡുമായുള്ള ലൈംഗിക ബന്ധം ഓർക്കുമ്പോൾ, ലഹരിയുണ്ട്. രതി മൂർച്ഛ അതിൽ ഉണ്ടായിരുന്നു. രണ്ടു ദിവസം മുൻപ് അവിടെ താമസിക്കാൻ എത്തിയ ലിസിയുടെ ആദ്യ ഇടപാടുകാരനാണ് ഫ്രെഡ്. അവൾക്ക് രതി മൂർച്ഛ ഉണ്ടായെങ്കിൽ അതിനർത്ഥം അവൾക്ക് പഴക്കമില്ല എന്നാണ്. ആദ്യ കസ്റ്റമർക്ക് ഫ്രീ. എന്നാൽ അയാൾ പത്തു ഡോളർ മേശപ്പുറത്ത് വയ്ക്കുന്നു. തലേന്ന് സുഖിപ്പിച്ച പ്രിയൻ ഇന്ന് അമാന്യനാണ്. ഫ്രഡിനോട്, അയാളുടെ അമ്മ വേശ്യയായിരിക്കും എന്ന് അവൾ തിരിച്ചടിക്കുന്നു. അപ്പോൾ താൻ സെനറ്റർ ക്ളർക്കിന്റെ മകൻ ആണെന്ന് അയാൾ വെളിപ്പെടുത്തുന്നു. സ്വന്തം പേര് അപ്പോഴും പറയുന്നില്ല. "ഞാൻ റൂസ്‌വെൽറ്റിൻറെ മകളാണ്", ലിസി പറയുന്നു. അയാൾ ചിത്രം കാട്ടി തെളിയിക്കുന്നു. അമ്മ വേശ്യയായിരിക്കും എന്ന പരിഹാസം അവൾ പിൻവലിക്കുന്നു.

സർപ്പ ചിത്രം കൊത്തിയ ഒരു വള അവളുടെ കൈയിലുണ്ട്. അത് കുഴപ്പങ്ങൾ ക്ഷണിച്ചു വരുത്തും എന്നറിഞ്ഞാണ്, ധരിച്ചിരിക്കുന്നത്. അമേരിക്കക്കാർ വംശനാശം വരുത്തിയ റെഡ് ഇന്ത്യക്കാരുടെ ഗോത്രസ്‌മൃതികൾ ഓർമയിൽ കൊണ്ട് വരുന്ന ഈ വള, നാടകത്തിൽ പല ഘട്ടങ്ങളിലും ബിംബമാകുന്നു.

മിനിയാന്ന് ആറു മണിക്കുള്ള എക്‌സ്പ്രസിൽ ന്യൂയോർക്കിൽ നിന്ന് നഗരത്തിൽ എത്തിയ യുവതിയാണ് ലിസിയെന്ന് ഫ്രെഡ് സംഭാഷണത്തിനിടയിൽ തിരിച്ചറിയുന്നു. ആ തീവണ്ടിയിൽ ബലാൽസംഗ ശ്രമമുണ്ടായത് നഗരത്തിൽ പാട്ടാണ്. അമേരിക്കക്കാർ അതുമായി ബന്ധപ്പെട്ട് ഒരു നീഗ്രോയെ വെടി വച്ച് കൊന്നിരുന്നു. നീഗ്രോകൾ ബലാൽസംഗ ശ്രമം നടത്തിയെന്ന ഫ്രഡിൻറെ ഭാഷ്യം അവൾ നിരാകരിക്കുന്നു. നാലു വെള്ളക്കാരാണ് അത് ചെയ്‌തത്‌. നീഗ്രോകളെ അവർ കളിയാക്കിയപ്പോൾ നടന്ന പോരാട്ടത്തിലാണ്, വെടിവയ്പ് ഉണ്ടായത്.

വെള്ളക്കാരനെതിരെ ലിസി തെളിവ് കൊടുക്കരുത് എന്ന് ഫ്രെഡ് ഉത്തരവിടുന്നു. ഫ്രഡിൻറെ പിതൃ സഹോദരിയുടെ മകനാണ്, നീഗ്രോയെ കൊന്ന വെള്ളക്കാരൻ, തോമസ്. അയാളാണ്, ലിസിയുടെ പാവാടയ്ക്കുള്ളിൽ കൈയിട്ടത്. അയാളെ രക്ഷിക്കാൻ ലിസിക്ക് ഫ്രെഡ് 500 ഡോളർ വാഗ്‌ദാനം ചെയ്യുന്നു. ഫ്രഡിൻറെ സുഹൃത്തുക്കളായ പൊലീസുകാർ മുറിയിൽ എത്തി ലിസിയെ ഭീഷണിപ്പെടുത്തുന്നു. ലിസിയെ നിർബന്ധിച്ച് സത്യവാങ്മൂലത്തിൽ ഒപ്പിടീക്കുന്നു. ലിസി കയർക്കുമ്പോൾ സെനറ്റർ ക്ളർക് തന്നെ വന്ന് സഹോദരി മേരിയുടെ ദൈന്യത വിവരിച്ച്,ലിസിയുടെ അനുകമ്പ മുതലെടുക്കുന്നു.സത്യം പലതരമുണ്ടെന്ന് അയാൾ പറയുന്നു.

അങ്കിൾ സാം ലിസിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് ചിലത് ആവശ്യപ്പെട്ടാൽ ലിസി എന്ത് ചെയ്യും എന്നാണ് സെനറ്ററുടെ ചോദ്യം. രണ്ടു യുവാക്കളിൽ ആരെ രക്ഷിക്കണം എന്ന തിരഞ്ഞെടുപ്പ് ലിസി നടത്തണം. അങ്കിൾ സാം ആണ് നീഗ്രോയെ പരിപാലിച്ചത്. നീഗ്രോ മനുഷ്യനല്ല. തോമസ് നീഗ്രോയെ കൊന്നെങ്കിലും,അവൻ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ്. അവൻ പഠിച്ചത് ഹാർവാഡിലാണ്. 2000 തൊഴിലാളികൾ പങ്കെടുക്കുന്ന ഫാക്റ്ററി ഉടമയാണ് അവൻ.

ലിസി, തോമസിന് വേണ്ടി ഒപ്പിടുന്നു. അവളുടെ പാവാടയ്ക്കുള്ളിൽ കയ്യിട്ടവൻ.

അങ്കിൾ സാമിനെ ഇവിടെ യേശുവിനെ പോലെയാണ് സെനറ്റർ അവതരിപ്പിക്കുന്നത്; ലോകമാകെയുള്ള കമ്മ്യൂണിസ്റ്റുകൾ അമേരിക്കയെ കളിയാക്കി വിളിക്കുന്ന പേരാണ് അത്.

അടുത്ത രംഗത്തിൽ, സെനറ്റർ, ലിസിയോട് വാക്ക് പറഞ്ഞ പോലെ, തോമസോ മേരിയോ അവളെ കാണാൻ എത്തില്ല എന്നറിയിക്കുന്നു. സഹോദരി കൊടുത്തതെന്ന് പറഞ്ഞ് ലിസിക്ക് അയാൾ കൊടുക്കുന്ന 100 ഡോളർ അവൾ ചുരുട്ടി കൂട്ടി നിലത്തെറിയുന്നു. അതും അയാൾക്ക് ലാഭം. അമേരിക്കൻ വേട്ടയിൽ രക്ഷയില്ലാതെ എത്തുന്ന നീഗ്രോയെ ലിസി ഒളിപ്പിക്കുന്നു. തോക്ക് കൊടുത്ത് ഫ്രഡിനെ കൊല്ലാൻ അവൾ ആവശ്യപ്പെടുമ്പോൾ നീഗ്രോ വിസമ്മതിക്കുന്നു: "വെള്ളക്കാരെ വെടി വയ്ക്കാൻ എനിക്കാവില്ല".

ഫ്രെഡ് പറഞ്ഞില്ലെങ്കിലും ആ പേര് ഈ ഘട്ടത്തിൽ ലിസി പറയുന്നുണ്ട്. അവളെ പ്രാപിച്ച അബോധത്തിൽ അയാൾ പറഞ്ഞിരിക്കാം. "ലോകത്തിൽ ഇതാ രണ്ട് ഏകാകികൾ, രണ്ട് അനാഥർ", ലിസി പറയുന്നു. അപ്പോൾ വേറൊരു നീഗ്രോയെ കൊന്ന് ഫ്രെഡ് മുറിയിലെത്തുന്നു. മരക്കൊമ്പിൽ നീഗ്രോ തൂങ്ങി ആടുമ്പോൾ ഫ്രഡിന് ഉദ്ധാരണമുണ്ടായി. അപ്പോൾ ലിസിയെ ഓർത്തു വന്നതാണ്. കുളിമുറിയിൽ ഒളിച്ച നീഗ്രോ മുറിയിൽ എത്തി ഫ്രഡിനെ തള്ളി മാറ്റി രക്ഷപ്പെടുകയാണ്. ഫ്രെഡ് പിന്നാലെ ഓടി. പുറത്ത് വെടിയൊച്ചകൾ കേട്ടു.മടങ്ങി വന്ന ഫ്രഡിന് നേരെ റിവോൾവർ ചൂണ്ടിയ ലിസിക്ക് അവനെ കൊല്ലാം. അപ്പോൾ അവൻ പൈതൃകം പറഞ്ഞ് അവളെ സ്വാധീനിക്കുന്നു. പൂർവ പിതാവായ ക്ളർക് ആണ് അമേരിക്ക ഉണ്ടാക്കിയത്. അയാൾ ജോർജ് വാഷിങ്ടൻറെ സുഹൃത്തായിരുന്നു. അയാളുടെ മകനാണ് ഈ നഗരം പണിതത്.ഗവർണറും സെനറ്ററുമുള്ള കുടുംബം. എല്ലാ ക്ളർക്കുമാരെയും അവൾക്ക് കൊല്ലാൻ കഴിയുമോ? അവളുടെ മുത്തച്ഛന് പൈതൃകമുണ്ടോ?കുടുംബ മഹിമയുണ്ടോ?

ലിസി റിവോൾവർ അവന് കൈമാറുന്നു. തുടർന്ന് വാഗ്‌ദാന പെരുമഴ.നദീതീരത്ത്, കുന്നിൻ മുകളിൽ സൗധം. നീഗ്രോ പരിചാരകർ. ഇരുട്ടിയ ശേഷം ഫ്രെഡ് വരും. വേറെ ഒരാൾക്കുമൊപ്പം കിടക്കരുത്. കഴിഞ്ഞ രാത്രിയിലെ രതി മൂർച്ഛ അയാൾ ഓർമിപ്പിക്കുന്നു. "എൻറെ പേര് ഫ്രെഡ്", അയാൾ പറയുന്നു.

ഇവിടെ, നാടകം തീരുന്നു.

നാടകം വേദിയിൽ 

ആണും പെണ്ണും തമ്മിലുള്ള ലൈംഗിക ബന്ധം സംബന്ധിച്ച അസ്തിത്വ വാദികളുടെ കാഴ്ചപ്പാട് ഞാൻ നാടകത്തിൻറെ അവസാനത്തേക്ക് വച്ചത്, മനപൂർവ്വമാണ്.ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഇരുവരും പരസ്‌പരം വസ്‌തുക്കൾ ആക്കപ്പെടുന്നു. വസ്‌തു പദവി,വ്യക്തി പദവിയേക്കാൾ കുറഞ്ഞതാണ്. അന്തസ്സില്ലാത്തതാണ്. ആ ബന്ധത്തിൽ, 'ഞാൻ ' അപരന് വിഷയമായ വസ്‌തുവാകാതെ നോക്കുന്നത്, 'എൻറെ ' സ്നേഹത്തിൽ കൂടിയാണ്. ആ ബന്ധത്തിലൂടെ, 'ഞാൻ' അപരനെ 'എന്നോട് ' സ്വാംശീകരിക്കാൻ നോക്കുന്നു. എന്നാൽ,ഇവിടെ ദ്വന്ദ്വം (dialectics) ഉണ്ട്-എനിക്ക് അപരാസ്‌തിത്വ സ്നേഹം കിട്ടാൻ, അതിൻറെ 'വിഷയം ' എന്ന സ്ഥിതിയുണ്ടാകണം. അപ്പോൾ, വ്യക്തി എന്ന നിലയിൽ സ്നേഹം കൊതിക്കുകയും 'വിഷയം ' എന്ന നിലയിൽ സ്നേഹം കിട്ടുകയും വേണം. സ്നേഹം വഹിക്കേണ്ട ഒരു കുരിശാണ്, അത്.

നാടകത്തിൻറെ അവസാനം ചീറ്റിപ്പോയതിന് ന്യായീകരണം ആയല്ലോ -ലിസിക്കുള്ളിലെ അതൃപ്തമായ സ്നേഹം വഹിക്കുന്ന കുരിശാണ്, ഫ്രെഡ്. വ്യക്തികൾ എന്ന നിലയിൽ അവർക്ക് അന്യനായ നീഗ്രോയിൽ നിന്ന് വേറിട്ട് സ്വയം കണ്ടെത്തേണ്ട ജീവിതം ഉണ്ട്. അത്, റിവോൾവർ പരിഹരിക്കുകയില്ല.

സാർത്ര് അങ്ങനെ നാടകത്തിൽ ബലി കഴിച്ചത്, അദ്ദേഹത്തിലെ മാർക്സിസ്റ്റിനെയാണ്. ലിസി നീഗ്രോയ്ക്ക് ഒപ്പം നിന്നാലേ, മാർക്സിസ്റ്റ് രാഷ്ട്രീയം ശരിയാകൂ. അവൾ നിൽക്കുന്നില്ല. അവൾ എപ്പോഴും ബൂർഷ്വയ്ക്ക് വഴങ്ങുന്നു. അമേരിക്കൻ പൈതൃകം വരുമ്പോൾ ബൂർഷ്വയുടെ കൂടെയാണ്. അവൾക്ക് ഫ്രഡിനെ കൊല്ലാം, നീഗ്രോയെ കൊണ്ട് കൊല്ലിക്കാം. നീഗ്രോ പോലും വെള്ളക്കാരനെ കൊല്ലില്ല എന്ന് പറയുന്ന പ്രോലിറ്റേറിയൻ ദൗർബല്യത്തിലാണ് നാടകം ഒടുങ്ങുന്നത്.

അതിന് കാരണം ഒരേ സമയം സാർത്ര് അസ്തിത്വ വാദിയും മാർക്‌സിസ്റ്റും ആകാൻ ശ്രമിച്ച വൈരുധ്യം നിറഞ്ഞ ജീവിതമാണ്. വ്യക്തി വാദവും മാർക്‌സിസവും ഒരിക്കലും പൊരുത്തപ്പെടില്ല. സ്റ്റാലിനെ തുണച്ചു നിന്ന കാലത്താണ് സാർത്ര് ഈ നാടകം എഴുതിയത്. എന്നിട്ടും വരട്ടു വാദികളെ നാടകത്തിൽ സാർത്ര് ഉന്മൂലനം ചെയ്‌തില്ല. സ്വാതന്ത്ര്യവും ഉണ്ടായില്ല; ഉന്മൂലനവും ഉണ്ടായില്ല. പാവം വേശ്യയെയും കറുത്ത വർഗക്കാരനെയും സാർത്രും വഞ്ചിച്ചു. മാർക്‌സിസം ആഗോളമായി തൊഴിലാളിയെ വഞ്ചിച്ച് ചങ്ങാത്ത മുതലാളിത്തത്തിന് ഒപ്പം നിന്നതിൻറെ ആദ്യ മാതൃകയായി ഈ നാടകത്തെ എടുക്കാം -അതായിരുന്നില്ല സാർത്രിന്റെ ലക്ഷ്യമെങ്കിലും, പ്രത്യയ ശാസ്ത്രം അവിടെ എത്തി.


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...