Monday 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 28

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/28, വ്യക്തി ദൈവം
 ദൈവത്തെ സംബന്ധിച്ച വിചാരങ്ങളില്‍നിന്നു കിട്ടുന്നത്, സര്‍വവ്യാപിയായ, പ്രപഞ്ചനിയന്താവായ, ഒരതിബോധ ഏകകത്തിന്റെ അസ്തിത്വമാണ്; മൊത്തം പ്രപഞ്ചത്തിലും അതിനപ്പുറവും നിറഞ്ഞിരിക്കുന്ന അമൂര്‍ത്ത അസ്തിത്വം. എന്നാല്‍, പ്രപഞ്ചത്തെ നിയന്ത്രിക്കുമ്പോള്‍ അത്, പ്രകൃതിയിലെ ഓരോ പ്രതിഭാസത്തിലും ഇടപെടുന്ന അതീതവ്യക്തിയെപ്പോലെയാണ്. ആ അമൂര്‍ത്ത ഏകകത്തെ നാം ബ്രഹ്മന്‍ എന്നുവിളിക്കുന്നു; പക്ഷേ, അതിന്റെ കര്‍മത്തെ നാം ഭാവനയില്‍ ഒരതീതവ്യക്തിയായി കാണുമ്പോള്‍, അതിനെ നാം ദൈവം എന്നുവിളിക്കുന്നു. 
ബ്രഹ്മനോ ദൈവമോ ആകട്ടെ, അത് ജീവജാലങ്ങളില്‍ ജീവനായി പ്രത്യക്ഷമാകുന്ന ബോധത്തിന്റെ പ്രാപഞ്ചിക അസ്തിത്വമാകുന്നു. അത് അരൂപിയായ സര്‍വവ്യാപിയാകുന്നു. ദൈവത്തെ ആരാധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പൊതുവെ അതിനെ അറിയുകയും ഭാവനയില്‍ കാണുകയും ചെയ്യുന്നത്, കൃത്യമായ വ്യക്തിരൂപത്തിലാണ്. അങ്ങനെ അവനെ വ്യക്തിദൈവമായി വിശേഷിപ്പിക്കുന്നു. വിഷ്ണു, ദുര്‍ഗ, യഹോവ, ക്രിസ്തു, അല്ലാഹു തുടങ്ങിയവയെല്ലാം വ്യക്തിദൈവങ്ങളായാണ് ആരാധിക്കപ്പെടുന്നത്. വ്യക്തിരൂപത്തില്‍ അറിഞ്ഞാല്‍, ദൈവം വ്യക്തി ദൈവമാകും. മറിച്ച്, ദൈവത്തെ അരൂപ യാഥാര്‍ത്ഥ്യത്തില്‍ അറിഞ്ഞാല്‍ അത് അമൂര്‍ത്ത ദൈവമാകുന്നു; അത് എല്ലാ ജീവജാലത്തിലെയും ജീവന്റെ ആകെത്തുകയായി അറിയുന്നു. ഭക്തര്‍ പൊതുവേ വ്യക്തിദൈവത്തെ ആരാധിക്കുന്നു. ദൈവം യേശുവിന്റെ ജ്ഞാനസ്‌നാന സമയത്തും
 1856 മുതല്‍ കൊല്‍ക്കത്തയില്‍ മഹര്‍ഷിയായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസന്റെ മുന്‍പിലും (അധ്യായം 33) പ്രത്യക്ഷപ്പെട്ടപോലെ, ദൈവം ഇടക്കിടെ വ്യക്തിപരമായ സാന്നിദ്ധ്യം അറിയിക്കുമെന്ന് അവര്‍ കരുതുന്നു. 1874 ല്‍ ശ്രീരാമകൃഷ്ണന്‍ ദൈവത്തെ യേശുവിന്റെ രൂപത്തില്‍ ദര്‍ശിച്ചത്, ദൈവത്തിന്റെ രണ്ടു ഭാവങ്ങള്‍ക്കും ഉദാഹരണമാണ്. ആ ദര്‍ശനം വിവരിക്കപ്പെട്ടത് (Ramakrishna the Great Master) 2:21:3, പേജ് 296) ഇങ്ങനെ: 
താമസിയാതെ അയാള്‍ അദ്ദേഹത്തെ സമീപിച്ചു. അപ്പോള്‍ ഗുരുവിന്റെ ഹൃദയത്തിന്റെ അഗാധതയില്‍ നിന്ന് 'യേശു! ക്രിസ്തുവായ യേശു...' എന്ന വാക്കുകള്‍ പുറത്തുവന്നു. ദൈവവ്യക്തിയായ യേശു ഗുരുവിനെ ആലിംഗനം ചെയ്ത് ആ ശരീരത്തിലേക്ക് അപ്രത്യക്ഷനായി. ഗുരു സാധാരണ ബോധം നഷ്ടപ്പെട്ട് സമാധിയിലായി... കുറച്ചുനേരം....
 'നല്ല ഭംഗിയുള്ള അപാരനായ ദൈവ വ്യക്തി' എന്ന ശ്രീരാമകൃഷ്ണ ദൈവദര്‍ശനത്തില്‍, സുന്ദരമായ മുഖവും നീണ്ട കണ്ണുകളുമുള്ള അവന്‍ അദ്ദേഹത്തിനടുത്തേക്ക് നടന്ന് അദ്ദേഹത്തെ ആശ്ലേഷിച്ചത്, വ്യക്തിയായിത്തന്നെ ദൈവത്തെ ദര്‍ശിച്ച അനുഭവമായിരുന്നു. അവന്‍ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് അപ്രത്യക്ഷനായത്, ദൈവത്തിന്റെ പദാര്‍ത്ഥരഹിതമായ അമൂര്‍ത്ത യാഥാര്‍ത്ഥ്യത്തെ വെളിവാക്കുന്നു. ദൈവത്തിന് രണ്ടുരൂപങ്ങള്‍, മൂര്‍ത്തവും അമൂര്‍ത്തവും, രൂപമുള്ളതും ഇല്ലാത്തതുമായവ, ഉണ്ടെന്ന് തോന്നുമെന്ന് മൈത്രായനി ഉപനിഷത് (5:3) നിരീക്ഷിക്കുന്നു. ആദ്യത്തേത് തോന്നലും രണ്ടാമത്തേത് യാഥാര്‍ത്ഥ്യവുമാണ്. എന്നാല്‍, വേദങ്ങള്‍ പറയുന്നത് ദൈവത്തിന്റെ വ്യക്തിപ്രത്യക്ഷം തോന്നലല്ല എന്നാണ്. മോശയ്ക്കുമുന്നില്‍ ദൈവം പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന്റെ ജനങ്ങളോട് ഈജിപ്തിന് പുറത്തുകടക്കാന്‍ ഉപദേശിച്ചുവെന്ന് ബൈബിള്‍ (പുറപ്പാട്, അധ്യായം 4-6)പറയുന്നു. (ഇപ്പുസ്തകത്തിലെ ആദ്യ അധ്യായത്തിലെ ചാഫിന്റെ കഥ താരതമ്യം ചെയ്യുക). ചാഫിന്റെ ആത്മാവ് ഒരാള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട് ഒളിപ്പിച്ച വില്‍പത്രം കണ്ടെത്താന്‍ ഉപദേശിച്ചുവെങ്കില്‍, എന്തുകൊണ്ട് ബൈബിള്‍ പറഞ്ഞപോലെ, മോശയ്ക്കു മുന്നില്‍ ദൈവം പ്രത്യക്ഷപ്പെടാതിരുന്നു കൂടാ? പ്രഹ്ലാദനുമുന്നില്‍ ദൈവം അദൃശ്യത്തില്‍നിന്ന് ദൃശ്യത്തിലേക്ക് വന്നെന്നും, ഭക്തരെ രക്ഷിച്ചശേഷം അദൃശ്യത്തിലേക്ക് അപ്രത്യക്ഷനായെന്നും പുരാണങ്ങള്‍ പറയുന്നു. യേശുവിനെ ജ്ഞാനസ്‌നാനം ചെയ്തപ്പോള്‍, ബൈബിള്‍ (ലൂക്കോസ് 3:22) പറയുന്നു: 
പരിശുദ്ധാത്മാവ് മൂര്‍ത്തരൂപത്തില്‍ ഒരു പ്രാവിനെപ്പോലെ അവന്റെ മേല്‍ ഇറങ്ങിവന്നു. അവന്റെ ശരീരത്തിലേക്ക് അപ്രത്യക്ഷനായ 'പ്രാവ്', അവനെ പരിശുദ്ധാത്മാവ് 'നിറഞ്ഞവനാക്കി' (പരിശുദ്ധാത്മാവ് നിറഞ്ഞവനായി യേശു യോര്‍ദ്ദാനില്‍നിന്നു മടങ്ങി; ലൂക്കോസ് 4:1). 
അതിനുശേഷം അവന്‍ വചനം ഉദ്‌ഘോഷിക്കാനും ദൈവനാമത്തില്‍ അദ്ഭുത പ്രവൃത്തികള്‍ ചെയ്യാനും തുടങ്ങി. ഈ ആഖ്യാനങ്ങള്‍ ദൈവത്തിന്റെ മൂര്‍ത്തവും അമൂര്‍ത്തവുമായ ദ്വന്ദ്വഭാവം വിളംബരം ചെയ്യുന്നു. ആകാശത്തുനിന്ന് ഒരു പ്രാവിന്റെ രൂപത്തില്‍ യേശുവിനുമേല്‍ ഇറങ്ങിവന്നത് മൂര്‍ത്തമായ അദ്ഭുതമാണ്; അവന്റെ ശരീരത്തില്‍ അപ്രത്യക്ഷനായത് അതിമാനുഷ അദ്ഭുതവും. ഭഗവദ്ഗീത (4:11) പറയുന്നു:
ആരെന്നെയെമ്മട്ടണതമ്മ ട്ടവരെയേല്‍പു ഞാന്‍ 
ഒരാള്‍ തീക്ഷ്ണമായും സൂക്ഷ്മമായും ഏകാഗ്രമായും ദൈവത്തെ പ്രത്യേകരൂപത്തില്‍ വിചാരിച്ചാല്‍, ദൈവം അയാള്‍ക്കുമുന്നില്‍ ആ രൂപത്തില്‍ പ്രത്യക്ഷപ്പെടും എന്നര്‍ത്ഥം.ഫിലോകാലിയ (വാല്യം 2, പേജ് 186) പറയുന്നു: 
ഓരോ ആളും അവനെ കരുതുംമട്ടില്‍, ദൈവം അവര്‍ക്കു മുന്‍പില്‍ വെളിപ്പെടുന്നു.

 ദൈവത്തെ ഏകാഗ്രമായി വിചാരിക്കാന്‍, മനുഷ്യര്‍ക്കു പൊതുവേ ഒരുരൂപം ആവശ്യമാണ്. നാമരൂപത്തിലാണ് സാധാരണ നാം ഒരു വസ്തുവിനെ വിചാരിക്കുന്നത്. നാമവും രൂപവും വേറിടാതെ ഒന്നിച്ചുനില്‍ക്കുന്നു; ഒന്ന് മറ്റൊന്നിനൊപ്പമാണ് മനസ്സിലെത്തുന്നത്. ഒരു വസ്തുവിനെ ഓര്‍ക്കാന്‍ നാം ശ്രമിക്കുമ്പോള്‍, അതിന്റെ നാമവും രൂപവും മനസ്സിലേക്ക് വരികയും മറ്റെല്ലാ വിചാരങ്ങളും അവയ്ക്ക് ചുറ്റും സംഭവിക്കുകയും ചെയ്യുന്നു. വിചാരത്തിനൊപ്പം ഒരു രൂപമില്ലെങ്കില്‍, വിചാരം തന്നെ മായുന്നു. അതിനാല്‍, ഒരു വസ്തുവിനെപ്പറ്റി വിചാരിക്കാന്‍, മനുഷ്യന് ഒരു നാമവും രൂപവും വേണം; ഒരു വസ്തുവിനെ സംബന്ധിച്ച വിചാരം നിലനില്‍ക്കാന്‍, ഒരു കൃത്യമായ രൂപത്തില്‍ വിചാരിക്കണം. അപ്പോള്‍ ഒരു വസ്തുവിന് രൂപമില്ലെങ്കില്‍, അതിനെപ്പറ്റി ഒരുറച്ച വിചാരം നിലനിര്‍ത്താന്‍ പ്രയാസമായിരിക്കും. മൂര്‍ത്തമായും അമൂര്‍ത്തമായുമുള്ള എല്ലാ ദൈവവിചാരങ്ങളും ഒരേ ഫലത്തിലേക്ക് നയിക്കുന്നുവെന്ന് ഭഗവദ്ഗീത (12:2-5) പറയുന്നു. പക്ഷേ, ശരീരബോധമുള്ള മനുഷ്യര്‍ക്ക്, അമൂര്‍ത്ത സങ്കല്‍പത്തില്‍ ദൈവവിചാരം സാധ്യമല്ല. അതിനാല്‍, ഭക്തര്‍ സാധാരണ ദൈവത്തെ ശരീരരൂപത്തില്‍ സങ്കല്‍പിച്ച് ധ്യാനിക്കുന്നു. ശരീരരൂപമാണ് ഏറ്റവും മഹത്തായ രൂപം എന്നു കരുതുന്നതിനാല്‍ ആ രൂപത്തില്‍ അവര്‍ ദൈവത്തെ വിചാരിക്കുന്നു (ബൈബിള്‍, ഉല്‍പത്തി 1:26 -27). കൃത്യമായ രൂപത്തിലുള്ള സങ്കല്‍പം, ധ്യാനത്തെ എളുപ്പവും ദൃഢവുമാക്കുകയും, ദൈവവിചാരം ഏകാഗ്രമാക്കുകയും ആരാധന സുഖദമാക്കുകയും ആരാധനാ വൃത്തികളില്‍ തൃപ്തി നല്‍കുകയും ഭക്തിയെ തീക്ഷ്ണമാക്കുകയും ചെയ്യുന്നു.രാമപൂര്‍വതാപിനി ഉപനിഷത് (1:7) നിരീക്ഷിക്കുന്നു: 
ഭക്തര്‍ക്ക് ലക്ഷ്യസാധ്യത്തിനായി, അരൂപിയായ, സര്‍വവ്യാപിയായ ബോധ ഏകകമായ ബ്രഹ്മന്, രൂപം സങ്കല്‍പിക്കുന്നു. 
ദൈവം 'അരൂപിയായ' അല്ലെങ്കില്‍ അമൂര്‍ത്തമായ ഏകകമാണെന്നും അതിന് സങ്കല്‍പിക്കുന്ന രൂപം, മനുഷ്യന്റെ ധ്യാനം, ആരാധന എന്നിവയ്ക്ക് സൗകര്യപ്രദമായ കലാസങ്കല്‍പമാണെന്നും അര്‍ത്ഥം. എന്നാല്‍, വിഷ്ണുവിനെയും ശിവനെയും പോലുള്ള വ്യക്തിദൈവങ്ങളെ എപ്പോഴും, ചിത്‌സ്വരൂപ, ചിന്മയ, ചൈതന്യരൂപി എന്നൊക്കെയാണ് പ്രകീര്‍ത്തിക്കുന്നത്. 'ചിത്, ചൈതന്യം എന്നീ രൂപങ്ങളില്‍' ജീവബോധം; ചിത്, ചൈതന്യത്തിന്റെ ചുരുക്കരൂപം. അതിനാല്‍, വ്യക്തിദൈവം എന്നതിലെ 'വ്യക്തി' ദൈവം വ്യക്തിയായി നില്‍ക്കുന്നതിന്റെ വിവരണം അല്ല. അത്, ദൈവത്തെ കൃത്യരൂപത്തില്‍ സങ്കല്‍പിക്കുന്നതിനെ മാത്രം ധ്വനിപ്പിക്കുന്നു. വ്യക്തിരൂപത്തില്‍ സങ്കല്‍പിക്കപ്പെട്ട ദൈവത്തിന്, വ്യക്തിദൈവത്തിന് ഉള്ളതാണ്, പ്രാര്‍ത്ഥനയും ഭക്തിയും. ഒരു ദൈവദര്‍ശനം മൂര്‍ത്തരൂപത്തില്‍ ആകണം എന്നില്ല. ദൈവം പ്രാപഞ്ചികബോധമാണെന്നും ജീവശക്തിയുടെ പ്രപഞ്ചാസ്തിത്വമാണെന്നും എല്ലാ പദാര്‍ത്ഥരഹിത കണികകളും ഫോട്ടോണുകളെക്കാള്‍ അതിവേഗം കറങ്ങുന്ന ചുരുള്‍ തരംഗങ്ങളാണെന്നും നാം കണ്ടു (അധ്യായം 8). അതിവേഗ ഭ്രമണത്താല്‍, ഫോട്ടോണുകള്‍ ഒരു തിളക്കം അഥവാ വെളിച്ചം കാട്ടും. മിസിസ് ഡോറിസിനുണ്ടായ പരേതനായ പിതാവിന്റെ ആത്മാവിന്റെ ദര്‍ശനം വിസ്മയം നിറഞ്ഞ പ്രകാശധോരണിയുടെ കേന്ദ്രത്തില്‍ അദ്ദേഹം നില്‍ക്കുന്നതായിട്ടായിരുന്നു (അധ്യായം 1). ഇതെല്ലാം ഒരു ദൈവദര്‍ശനത്തിലും സംഭവിക്കുന്നു. കാളിയുടെ രൂപത്തില്‍ ദൈവത്തെ കാണാന്‍ കൊതിച്ചപ്പോള്‍ ശ്രീരാമകൃഷ്ണനുണ്ടായ ദര്‍ശനം, അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ വായിക്കാം (Sri Ramakrishna The Great Master, പേജ് 163-165). അദ്ദേഹത്തിന്റെ ദര്‍ശനം, 'അതിരില്ലാത്ത പ്രകാശസാഗരത്തിന്റെ അനന്തബോധം' ആയിരുന്നു. അതിന്റെ കേന്ദ്രത്തില്‍, പ്രകാശത്തില്‍ കുളിച്ച്, ഭഗവതി. ഏതാനും നാള്‍ കഴിഞ്ഞ്, ആശിച്ചപ്പോഴൊക്കെ ആ ദര്‍ശനം അദ്ദേഹം കാണുകയും സമാധിയില്‍ ലയിക്കുകയും ചെയ്തു. രാത്രിയിലെ എണ്ണവിളക്കിന്റെ വെട്ടത്തില്‍, ആ ദര്‍ശനങ്ങള്‍ കണ്ടപ്പോള്‍, ഒരിക്കലും ചുമരില്‍ ദേവിയുടെ നിഴല്‍ പതിഞ്ഞില്ലെന്ന് അദ്ദേഹം കണ്ടു. അതിനര്‍ത്ഥം അദ്ദേഹം കണ്ട പ്രകാശമാനമായ രൂപങ്ങള്‍ വ്യക്തിരൂപങ്ങള്‍ ആയിരുന്നില്ലെന്നും, അമൂര്‍ത്തമായ, പദാര്‍ത്ഥരഹിതമായ, ജീവബോധത്തിന്റെ രൂപങ്ങളായിരുന്നു എന്നുമാണ്.

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 27 ( 4)


ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 


അധ്യായം 27 ,ഭാഗം 4 

3.6 ഭ്രൂണം: ബീജ  സങ്കലനം നടന്ന അണ്ഡം എന്ന ഏകകോശം പെട്ടെന്ന് ഭ്രൂണമാകുന്നു. അണ്ഡത്തിന്റെ പാടയ്ക്കുള്ളില്‍, തുടര്‍ച്ചയായ വിഭജനങ്ങള്‍വഴി കോശം ഇരട്ടിക്കുന്നു. ഒന്ന് രണ്ടാകുന്നു. ഓരോ പാതിയും മൂലകോശത്തിന് സമാനമായി പൂര്‍ണകോശമാകുന്നു. രണ്ട് പിന്നെ നാലാകുന്നു. 15 മണിക്കൂര്‍ ഇടവിട്ട് ഇത് തുടരുന്നു. ജീവകണം (ആത്മാവ്) ഒരു കോശത്തില്‍ നിലനിന്ന് അതിലെ മറ്റെല്ലാ കോശങ്ങള്‍ക്കും ജീവശക്തി പ്രദാനം ചെയ്യുന്നു. കോശങ്ങള്‍ പെരുകുന്തോറും, അണ്ഡം കോശങ്ങളുടെ ഒരു പന്തായി, കോശഗോളം (module ) ആയി മാറുന്നു. ഇത്, അണ്ഡവാഹിനിക്കുഴലിലൂടെ ഉരുളുന്നു. ബീജസങ്കലനത്തിന്റെ ആ നാള്‍ ആകുമ്പോഴേക്കും കോശഗോളത്തില്‍, നൂറിലധികം കോശങ്ങളുണ്ടാകും. ആ സമയത്ത്, അണ്ഡത്തിലെ പോഷകങ്ങള്‍ വളരെ കുറഞ്ഞിരിക്കും. അപ്പോള്‍ നടുവില്‍ ഒരു വായുണ്ടാക്കി, കോശങ്ങളെല്ലാം ഉപരിതലത്തിലേക്ക് ഉയരുന്നു. അപ്പോള്‍ കോശഗോളം ഒരു കോശവലയം (Blastula) ആയിത്തീരുന്നു . (നടുവില്‍ വായുള്ള ഒരു വൃത്താകാര ഏകകോശ പാട) അണ്ഡവാഹനിക്കുഴലിലെ തരംഗങ്ങള്‍ ഉന്തുമ്പോള്‍, കോശവലയം ഗര്‍ഭപാത്രത്തിലെത്താന്‍ വെമ്പുന്നു. ഈ നേരത്ത്, അതിന്റെ ഉള്‍ഭിത്തി, പോഷകങ്ങള്‍ വന്നു വീണ്ടും നിറഞ്ഞിരിക്കും. കോശവലയം ഗര്‍ഭപാത്രത്തില്‍ സമയത്തിനെത്തിയാല്‍, അത്, ഗര്‍ഭപാത്രത്തിന്റെ വീര്‍ത്ത അരഭിത്തിയില്‍ വീഴും. അതിന്റെ ദ്രവ ആവരണം അപ്പോഴേക്കും വഴുവഴുപ്പുള്ളതായിരിക്കും. കോശവലയത്തിന്റെ പാട, ഗര്‍ഭപാത്രത്തില്‍ ഒട്ടിപ്പിടിച്ചിരിക്കും. അപ്പോള്‍, ഗര്‍ഭപാത്രത്തെ സ്പര്‍ശിക്കുന്ന അതിന്റെ കോശങ്ങള്‍, സൂക്ഷ്മ സ്പര്‍ശിനികള്‍ പുറത്തേക്ക് വിടര്‍ത്തുകയും അവ ഗര്‍ഭപാത്രത്തിനകത്തെ ഉറച്ച, മൃദുലമായ അകഭിത്തി തുരന്ന് അവിടെയുള്ള പോഷകങ്ങള്‍ വലിച്ചെടുത്ത്, അവയെ മറ്റു കോശങ്ങള്‍ക്ക് വിതരണം ചെയ്യാന്‍, കോശവലയത്തിന്റെ വായിലേക്ക് പ്രസരിപ്പിക്കും. എല്ലാ കോശങ്ങളും വളര്‍ന്ന് വിഭജനം വഴി ഇരട്ടിച്ച്, ഉറച്ച പിണ്ഡമായി, കോശവലയത്തിന്റെ വായ നിറച്ച് അതിനെ വികസിപ്പിക്കുന്നു. 

പന്ത്രണ്ടാം ദിവസമോ അതിനടുത്തോ എത്തുമ്പോള്‍, ആ പിണ്ഡത്തില്‍ 100,000 ത്തിലധികം കോശങ്ങള്‍ ഉണ്ടായിരിക്കും. അപ്പോള്‍, പൊക്കിള്‍ക്കൊടിയും മറുപിള്ളയും ഉണ്ടാക്കാന്‍ സമയമായി (വിഭജനവും ഇരട്ടിക്കലും തുടരും). ഇതുവരെ, സങ്കലനം ചെയ്ത് അണ്ഡത്തിന്റെ, അഥവാ മൂലകോശത്തിന്റെ പകര്‍പ്പുകളാണുണ്ടായത്; എന്നാല്‍, ഇനി മൃദുലമായ മസ്തിഷ്‌ക കോശങ്ങള്‍, കനത്ത അസ്ഥികോശങ്ങള്‍, ഇലാസ്റ്റിക് പേശി കോശങ്ങള്‍, നാരുപോലുള്ള ഞരമ്പുകോശങ്ങള്‍, സ്രവിക്കുന്ന ഗ്രന്ഥികോശങ്ങള്‍ തുടങ്ങിയ സവിശേഷതകള്‍ക്കു നേരമായി. ജീവശക്തി പ്രസരിപ്പിക്കുന്ന ഒരാത്മാവും ഓരോ ശരീരഭാഗത്തിന്റെയും രൂപകല്‍പന വഹിക്കുന്ന ജീനുകളും ഓരോ കോശത്തിലുമടങ്ങിയതിനാല്‍, കോശവലയത്തിന്, ഈ രൂപാന്തരങ്ങള്‍ക്ക് ശേഷിയുണ്ട്. ഓരോ കോശത്തിലും 46 വിവരക്കെട്ടുകളില്‍ മൊത്തം ശരീരത്തിന്റെ വിശദമായ ഘടനയുള്ളതിനാല്‍, അതിലൊരു കെട്ടഴിച്ച് അതിലൊരു ജീനെടുത്ത് അതിലൊരു ഭാഗത്തെ അനുഗമിച്ച്, ശരീരത്തിലെ ഒരു സവിശേഷഭാഗത്തിന്റെ ഒരു ഘടകമാകാനുള്ള തീരുമാനം ഇനി, ഒരു കോശത്തിനുള്ളതാണ്. 

അങ്ങനെ, ഒരു ഭ്രൂണമുണ്ടാകാന്‍, കോശവലയത്തിലെ ചില കോശങ്ങള്‍ മസ്തിഷ്‌ക കോശങ്ങളാകുന്നു; ചിലവ ഹൃദയ കോശങ്ങളാകുന്നു, ചിലവ അസ്ഥി കോശങ്ങളാകുന്നു, ചിലവ പേശി കോശങ്ങളാകുന്നു; ക്രമമായി, നിരവധി കുഴികള്‍ക്കും ചാലുകള്‍ക്കും സ്ഥലം വിട്ട്, വടിവുള്ള ഭ്രൂണമാകാന്‍, അവയെല്ലാം വേണ്ട സ്ഥലത്ത് നില്‍ക്കുന്നു. എത്ര സങ്കീര്‍ണമാണ് ഇത്! എങ്ങനെയാണ് ഒരു കോശം അതിലെ ആയിരക്കണക്കായ ജീനുകളില്‍ നിന്ന് ഒന്നെടുക്കുകയും മറ്റുള്ളവയെ തള്ളുകയും ചെയ്യുന്നത്? ഭ്രൂണത്തിലെ ഒരു ബിന്ദു, രണ്ടസ്ഥികളുടെ സന്ധിയാകാം, ഒരു പേശിയാകാം, ഒരു ഞരമ്പാകാം, ഒരു സിരയാകാം-എല്ലാം ഒന്നില്‍നിന്ന് ഭിന്നമാണ്, എന്നാല്‍ ഭൗതികമായി പരസ്പരം ബന്ധിതമാകണം. ഒരു കോശത്തിന് അതിന്റെ വേഷത്തെപ്പറ്റി തികഞ്ഞ ബോധമുണ്ടാകണം-ഒരസ്ഥി, ഒരു ഞരമ്പ്, ഒരു പേശി, വേറെ എന്തോ. ആ സവിശേഷഭാഗമായി മാറും മുന്‍പ്, ആ കോശം അതറിയണം. അത് ഭ്രൂണത്തിലെ ഏത് ഭാഗമാകുമെന്ന് അത് എങ്ങനെ അറിയുന്നു? ഭ്രൂണത്തിലെ ഒരു ഭാഗത്തും ഒരു കോശം വഴിതെറ്റി എത്തരുത്. ഒരസ്ഥികോശം ഒരു പേശിയുടെയോ ഒരു പേശികോശം ഒരസ്ഥിയുടെയോ ഘടകമാകരുത്. കൈകള്‍ തുല്യനീളമുള്ളതാകണം, പക്ഷേ, വിരലുകള്‍ക്ക് പല നീളമാകണം, അവയ്ക്ക് കൃത്യമായ രൂപവും വലിപ്പവുമുള്ള അസ്ഥികളും സന്ധികളും വേണം. തുടയുടെ അസ്ഥി നേരെ വേണം; വാരിയെല്ലുകള്‍ അര്‍ധവൃത്തത്തിലാകണം.

ഒരവയവത്തിന്റെ സവിശേഷഭാഗത്തിന്, കൃത്യ എണ്ണം കോശങ്ങള്‍ കൂടിച്ചേരണം; കുറയാനോ കൂടാനോ വയ്യ. ബീജത്തില്‍ പുരുഷശരീരത്തിനുള്ള രൂപകല്‍പനയും അണ്ഡത്തില്‍ പെണ്‍ശരീരത്തിനുള്ള രൂപകല്‍പനയുമുണ്ട്; അപ്പോള്‍ സംയോജിത അണ്ഡത്തിലും അതിന്റെ സന്തതി കോശങ്ങളിലും പുരുഷ, സ്ത്രീശരീരങ്ങളുടെ രൂപകല്‍പനകളുണ്ട്. ഭാവി പ്രത്യുല്‍പാദനശേഷി സംരക്ഷിക്കാന്‍, വികസിക്കുന്ന ഭ്രൂണം ഏകലിംഗമായിരിക്കാന്‍ ശ്രദ്ധവേണം. എന്നുവച്ചാല്‍, ഒരു ഭ്രൂണത്തിന്റെ ഒരു ലിംഗത്തിന്റെ രൂപഭാവങ്ങള്‍ മാത്രമേ വികസിക്കാവൂ. എതിര്‍ലിംഗത്തിന്റെ രൂപഭാവങ്ങള്‍ വികസിക്കാതെ കിടക്കണം (പുരുഷനിലെ മുലകളും സ്ത്രീയിലെ യോനീച്ഛദവും പോലെ). ഒരു കോശം ഒരു വംശമാകുമ്പോള്‍, ഈ വശങ്ങളെല്ലാം ശ്രദ്ധിക്കണം. ഭ്രൂണത്തിലെ വേഷവും സ്ഥാനവും പുതിയ കോശങ്ങള്‍ എങ്ങനെ തെരഞ്ഞെടുക്കുന്നു എന്നത്, ശാസ്ത്രത്തിന് അജ്ഞാതമാണ്. അചേതന കോശങ്ങള്‍ക്ക്, പരസ്പരധാരണ വഴി, അതീതബോധത്തിന്റെ നിര്‍ദേശമില്ലാതെ, ഇതു സാധിക്കുമോ? കോശങ്ങള്‍ ക്രമമായി വിഭജിച്ച് പരിണമിച്ച് കൂട്ടംചേര്‍ന്ന് കൃത്യമായ ലയത്തില്‍ ഭ്രൂണത്തിന്റെ വ്യത്യസ്ത ഭാഗങ്ങളാകുന്ന പ്രക്രിയ, സര്‍വവ്യാപിയായ ഒരതീതബോധത്തിന്റെ പ്രചോദനവും നിര്‍ദേശവും കരുതലും വെളിവാക്കുന്നില്ലേ? കോശപരിണാമം ലളിതമല്ല. എല്ലാ പട്ടുനൂല്‍ പുഴുക്കളും ഒരിനം ശലഭമായേ പരിണമിക്കുന്നുള്ളൂ; എന്നാല്‍, കോശവലയത്തിലെ ഒരിനം കോശങ്ങള്‍ പലയിനം കോശങ്ങളായാണ് പരിണമിക്കേണ്ടത്-മസ്തിഷ്‌കം, അസ്ഥി, പേശി, ഗ്രന്ഥി കോശങ്ങള്‍ എന്നിങ്ങനെ. ഇവ രൂപത്തിലും വലിപ്പത്തിലും നിറത്തിലും കര്‍മശേഷിയിലും വ്യത്യസ്തമാണ്. അസ്ഥികോശങ്ങള്‍ കട്ടിയുള്ളതും തറയ്ക്കുന്നതുമാണ്. പേശി കോശങ്ങള്‍ മൃദുവും സങ്കോചിക്കുന്നതും ഇലാസ്തികവുമാണ്. ഞരമ്പുകോശങ്ങള്‍ അവയുടെ ശാഖകളും നാരുകളുമായി നീണ്ടതാണ്. അവയില്‍ ചിലവ, കാലറ്റം മുതല്‍ നട്ടെല്ലുവരെയുണ്ട്. റെറ്റിനയുടെ സൂചികോശങ്ങള്‍ ചെറുതും സൂക്ഷ്മവുമാണ്; ഒരു ചതുരശ്ര മില്ലിമീറ്ററില്‍ അത്തരം 1,50,000 കോശങ്ങള്‍ കാണും. കണ്ണിലെ കോല്‍ കോശങ്ങള്‍ പ്രകാശത്തോടും സൂചികോശങ്ങള്‍ നിറങ്ങളോടും ആന്തരകര്‍ണത്തിലെ സ്വനപേടകത്തിലെ രോമകോശങ്ങള്‍ ശബ്ദത്തിനോടും മാത്രം പ്രതികരിക്കുന്നു. ഞരമ്പുകോശങ്ങള്‍ അനുഭൂതികളും സ്പന്ദനങ്ങളും വിനിമയം ചെയ്യുന്നു; ഗ്രന്ഥികോശങ്ങള്‍ രക്തചാലില്‍ നിന്ന് വൈദ്യുത കണങ്ങള്‍ ആവാഹിച്ച് ഹോര്‍മോണുകള്‍, ദീപനരസങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവ ഉല്‍പാദിപ്പിച്ച് രക്തചാലിലേക്ക് സ്രവിക്കുന്നു. അസ്ഥികോശങ്ങള്‍ വെളുപ്പാണ്; പേശികോശങ്ങള്‍ ചുവപ്പോ തവിട്ടോ; ഇന്ദ്രിയ ഞരമ്പുകോശങ്ങള്‍ ചാരം; ചലന ഞരമ്പുകോശങ്ങള്‍ വെള്ള. പ്രത്യേക മേഖലകള്‍ ഒഴിച്ചാല്‍ ത്വക്‌കോശങ്ങള്‍ക്ക് ഒറ്റനിറമായിരിക്കണം. ഗ്രന്ഥികോശങ്ങള്‍ വ്യത്യസ്തങ്ങളാണ്. കോശവലയത്തിലെ ഒരേയിനം കോശങ്ങളാണ് വ്യത്യസ്ത കോശങ്ങളായി മാറി ഭ്രൂണമാകുന്നത്. എല്ലാം ഭ്രൂണങ്ങളിലും സുന്ദരമായ ശരീരരൂപങ്ങള്‍ക്കായി, ഈ സങ്കീര്‍ണ രൂപാന്തരങ്ങള്‍ കൃത്യമായ ക്രമത്തിലും ലയത്തിലും നടക്കുന്നു. ഒരു ബോധ ഏകകത്തിന്റെ നിര്‍ദേശമില്ലാതെ ഇവ നടക്കുമോ? അങ്ങനെ ഒന്നുണ്ടെങ്കില്‍ അത്, എല്ലാ ഭ്രൂണത്തിലും ശരീരരൂപങ്ങളിലുമുണ്ടാകണം. എല്ലാ ജീവജാലങ്ങളിലും പ്രത്യുല്‍പാദന പ്രക്രിയ ഏതാണ്ട് സമാനമാണ്. ഈ സമാനത, അത് എല്ലാ ജീവജാലത്തിലും നിര്‍ദേശിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഏകകത്തിന്റെ പ്രാപഞ്ചിക സ്വഭാവം വെളിവാക്കുന്നു. ഭ്രൂണങ്ങളില്‍, സര്‍വവ്യാപിയായ സൃഷ്ടികര്‍ത്താവ് പ്രവര്‍ത്തിക്കുന്നുവെന്ന് മഹാനാരായണ ഉപനിഷത് (1:1) പറയുന്നു. 




                                      3.7 കാഴ്ച



3 .7 കാഴ്ച  : നാം ഒരു വസ്തുവിനെ കാണുന്നതിനെപ്പറ്റി ആലോചിക്കുമ്പോള്‍, കണ്ണുകള്‍ ആ ദിശയിലേക്ക് മാറി അതിന്റെ കൃത്യമായ കാഴ്ച പിടിച്ചെടുക്കുന്നു. അതു തത്സമയം സംഭവിക്കുന്നു. വസ്തുവിന്റെ പ്രതിഫലനം കണ്ണിന്റെ റെറ്റിനയില്‍ കൃത്യമായി കേന്ദ്രീകരിച്ചാലേ, ഇതു നടക്കൂ. കണ്ണില്‍നിന്ന് വസ്തുവിലേക്കുള്ള ദൂരത്തിന് പറ്റിയ വളവ് കണ്ണുകളിലെ ലെന്‍സുകള്‍ക്ക് ഉണ്ടാകണം. ലെന്‍സിന് ചുറ്റുമുള്ള തൊങ്ങല്‍ കോശങ്ങള്‍ ഒരുന്തല്‍ അഥവാ തള്ളല്‍ ഇലാസ്തിക ലെന്‍സിലുണ്ടാക്കിയാണ് അതിന്റെ വളവ്, വക്രത, സന്ദര്‍ഭത്തിനു ചേര്‍ന്നതാക്കുന്നത്. ദൂരത്തും അടുത്തുമുള്ള വസ്തുക്കള്‍ കാണുന്നതിനിടയില്‍, ലെന്‍സിന്റെ വളവ് മാറ്റുന്നത് കൃത്യതയോടെ വേണം. കണ്ണില്‍നിന്ന് വസ്തുവിന്റെ കൃത്യമായ ദൂരവും ലെന്‍സിന്റെ കൃത്യമായ വളവും, വേണ്ട തള്ളലും അറിയുന്നത് ആര്‍ക്കാണ്? അത് അചേതനമായ തൊങ്ങല്‍ കോശങ്ങള്‍ (രശഹശമൃ്യ ാൗരെഹല)െക്കാണോ? അതോ ഇതെല്ലാം അതിബോധമുള്ള സര്‍വശക്തന്‍ നിര്‍ദ്ദേശിക്കുന്നതാണോ? അങ്ങനെ ഒന്നുണ്ടെങ്കില്‍ അത് സര്‍വവ്യാപിയായിരിക്കണം; എല്ലാ ജീവജാലങ്ങളുടെയും കണ്ണുകള്‍ക്ക് ഒരുപോലെ ഗോചരമായിരിക്കണം; എത്രയോ മുകളില്‍ പറക്കുന്ന പക്ഷിയുടെ ചെറിയ കണ്ണുകള്‍വരെ.
 3.8 ശരീരം എന്തൊരു ശേഷിയുള്ള, സങ്കീര്‍ണമായ യന്ത്രമാണ് മനുഷ്യശരീരം! 206 എല്ലുകള്‍, 200 സഞ്ചികള്‍, നിരവധി പേശികള്‍, തരുണാസ്ഥികള്‍, കുഴലുകള്‍, അസംഖ്യം ഞരമ്പുകള്‍ തുടങ്ങിയവ പൂര്‍ണലയത്തില്‍ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. അതില്‍ 6000 കിലോമീറ്റര്‍ സൂക്ഷ്മരക്തവാഹിനികള്‍, വലിയ രക്തവാഹിനികളായ ധമനികളെയും സിരകളെയും കൂടാതെ, ഉണ്ട്. 3000 ലക്ഷം ശ്വാസകോശ അറകള്‍, കണ്ണുകളില്‍ 1200 ലക്ഷം സൂക്ഷ്മ കോലുകളും സൂചികളും, ഓരോ വൃക്കയിലും പത്തുലക്ഷം ശുദ്ധീകരണ ഏകകങ്ങള്‍ (നെഫ്രോണുകള്‍), ആന്തരകരണത്തിലെ സ്വനപേടകത്തില്‍ 20,000 രോമകോശങ്ങള്‍, ഓരോ വൃഷണത്തിലും 1000 സൂക്ഷ്മകുഴല്‍, ഓരോ അണ്ഡാശയത്തിലും, 300,000 അണ്ഡമൂലങ്ങള്‍. ശരീരത്തിലെ ഓരോ കോശത്തിലെ ന്യൂക്ലിയസിലും 46 ക്രോമസോം ഉണ്ട്. ഓരോന്നിന്റെയും ന്യൂക്ലിയസില്‍ നൂറുകണക്കിന് ജീനുകളും ന്യൂക്ലിയസിന് പുറത്തെ കോശദ്രവ ((cytoplasm))ത്തില്‍ നൂറുകണക്കിന് സൂത്രകണികകളും (mitochondria), ഓരോ കോശത്തിന്റെയും ജീനുകളില്‍ മൊത്തം ശരീരത്തിന്റെ പൂര്‍ണവും വിശദവുമായ രൂപകല്‍പന. കോശത്തിലെ സൂത്രകണികകള്‍ വിവിധശരീരകര്‍മങ്ങള്‍ക്കുവേണ്ട വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. വൈദ്യുത പ്രചോദനത്താല്‍, പേശീനാരുകള്‍ സങ്കോചിക്കുന്നു. ഹൃദയത്തില്‍നിന്നുള്ള രക്തം പമ്പ് ചെയ്യാന്‍, കണ്ണുകളുടെ കേന്ദ്രീകരണം, കാലുയര്‍ത്തലും മടക്കലും, ഭക്ഷണം ചവയ്ക്കല്‍, അന്നനാളത്തിലൂടെയുള്ള ഭക്ഷണ സഞ്ചാരം, അണുവാഹിനിക്കുഴലിലൂടെ അണ്ഡത്തിന്റെ ഉരുളല്‍, പ്രസവം, മൂത്രമൊഴിക്കല്‍, ശരീരം നിവര്‍ത്തല്‍ തുടങ്ങിയ ശരീരകര്‍മങ്ങളെല്ലാം വൈദ്യുത പ്രചോദങ്ങള്‍ വഴി പേശീനാരുകളുടെ വികാസസങ്കോചങ്ങള്‍ വഴി ഉണ്ടാകുന്നതാണ്. പേശീനാരുകളുടെ വികാസസങ്കോചങ്ങള്‍ വഴി, മനുഷ്യര്‍ വലിയ ഭാരം എടുത്തുയര്‍ത്തുന്നു. എന്തു ഭക്ഷണം നാം കഴിച്ചാലും, അവ അടിസ്ഥാന വൈദ്യുത കണങ്ങളായി വിഘടിക്കുന്നു. അതില്‍നിന്ന് വിവിധ ഗ്രന്ഥികോശങ്ങള്‍, വിവിധ ഹോര്‍മോണുകള്‍, ദീപനരസങ്ങള്‍, പ്രോട്ടീനുകള്‍, മാംസ്യങ്ങള്‍, പഞ്ചസാര, പാല്‍ തുടങ്ങി, ശരീരത്തിന് വേണ്ടതെല്ലാം ഉല്‍പാദിപ്പിക്കുന്നു. എത്ര വേഗമാണ് ഉമിനീര്‍ ഗ്രന്ഥികള്‍, ഭക്ഷണത്തിലെ അന്നജത്തെ പഴപ്പഞ്ചസാര (glucose)) യാക്കാന്‍, ഉമിനീര്‍ പൊഴിക്കുന്നത്! 

എല്ലാ ഗ്രന്ഥികളും ഒരുപോലെ ജാഗരൂകമാണ്. നെഫ്രോണുകളുടെ രക്തം പ്രവഹിക്കുമ്പോള്‍, അത് ശുദ്ധീകരിച്ച് യൂറിയ പോലുള്ള വിഷങ്ങളും മലിനവസ്തുക്കളും പുറന്തള്ളുന്നു. രക്തത്തില്‍ത്തന്നെ, ബാക്ടീരിയ, പൊടി തുടങ്ങി അന്യവസ്തുക്കളെ ആവാഹിച്ചു നശിപ്പിക്കുന്ന ഫാഗോസൈറ്റുകളുണ്ട്. വൃഷണങ്ങളുടെ സൂക്ഷ്മക്കുഴലുകളില്‍, ഓരോ മണിക്കൂറിലും കോടിക്കണക്കിന് ബീജങ്ങള്‍ ഉണ്ടാകുന്നു. ചാരഞരമ്പുകള്‍ ഇന്ദ്രിയങ്ങളില്‍നിന്ന് മസ്തിഷ്‌കത്തിലേക്ക് അനുഭൂതികള്‍ പ്രസരിപ്പിക്കുകയും വെള്ള ഞരമ്പുകള്‍ മസ്തിഷ്‌കത്തില്‍ നിന്ന് കര്‍മേന്ദ്രിയങ്ങള്‍ക്ക് സന്ദേശം അയയ്ക്കുകയും ചെയ്യുന്നു. ഒറ്റയടിക്ക് സൂക്ഷ്മ രക്തവാഹിനികളിലൂടെ രക്തകോശങ്ങളെ തള്ളുമ്പോള്‍, കോശങ്ങള്‍ക്ക് ഓക്‌സിജന്‍ കിട്ടുകയും, ആ ഞെരിക്കല്‍ അയയുമ്പോള്‍, കോശങ്ങളില്‍നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എടുക്കുകയും ചെയ്യുന്നു. ശ്വാസകോശങ്ങളിലാകട്ടെ, ഈ ഞെരിക്കല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ രക്തകോശങ്ങളില്‍നിന്ന് അന്തരീക്ഷത്തിലേക്ക് തള്ളുകയും അത് അയയുമ്പോള്‍, അന്തരീക്ഷത്തില്‍നിന്ന് വായു വലിച്ചെടുക്കുകയും ചെയ്യുന്നു. തലച്ചോറിന്റെ വേരിലെ കോശങ്ങളുടെ ശൃംഖല, അകത്തേക്കു വരുന്ന ശബ്ദം, ഗന്ധം, സ്പര്‍ശം എന്നിവയെ പരിശോധിക്കുന്നത്, ഉറക്കത്തെ തടയാതിരിക്കാനാണ്. എന്നാല്‍, ഒരു കുഞ്ഞിന്റെ ചെറിയ കരച്ചില്‍ പോലും, അമ്മയെ ഉണര്‍ത്തുന്നു. നമ്മുടെ ശരീരത്തില്‍ ഓരോ നിമിഷവും എന്തെന്ത് അദ്ഭുത പ്രവൃത്തികളാണ് നടക്കുന്നത്! ഓരോ സങ്കീര്‍ണയന്ത്രവും, അതിന്റെ സ്രഷ്ടാവിന്റെയും പണിക്കാരന്റെയും ശേഷിയെ വിളംബരം ചെയ്യുന്നു. അതിവേഗത്തിലും ശേഷിയിലും സങ്കീര്‍ണ കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിസങ്കീര്‍ണ യന്ത്രമാണ് മനുഷ്യശരീരം. അത് സൃഷ്ടിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ഒരദ്ഭുത ഏകകം തീര്‍ച്ചയായും ഉണ്ടാകണം. അതിന്റെ ലയം നിറഞ്ഞ ഏകോപനം വിസ്മയമാണ്. അതേപ്പറ്റി കൂടുതല്‍ ചിന്തിക്കുന്തോറും, ആ ഏകകത്തിന്റെ യാഥാര്‍ത്ഥ്യം നാം അറിയുകയും അത് അതിബോധ ഏകകമാണെന്ന് അത് സര്‍വവ്യാപിയാണെന്നും തിരിച്ചറിയുകയും ചെയ്യുന്നു. 
4. സസ്യങ്ങള്‍
 ഇതേ വെളിപാടുകളിലേക്കാണ്, ഒരു ചെടിയുടെ ശരീരത്തെ സംബന്ധിച്ച വിചാരവും നയിക്കുന്നത്. പച്ചനിറമുള്ള ചെടികളില്‍ സുന്ദരമായ നിറവും മധുരമായ ഗന്ധവുമുള്ള താമര, റോസ്, മുല്ല, മാമ്പൂ എന്നിവ പൂവിടുന്നതു നാം കാണുന്നു. ഒരു ഭ്രൂണത്തിലെ കോശവലയങ്ങളിലെപ്പോലെ, ഒരേ ഇനം സസ്യകോശങ്ങളായ, ഇല, പൂ, ഫലം, വിത്ത്, തൊലി, തടി, പാല്‍, വേര് തുടങ്ങിയ കോശങ്ങളുടെ സവിശേഷതകളാകാം അവയും. റോസിലും താമരയിലുമൊക്കെ എത്ര കൃത്യമായാണ് ഇതളുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്! എത്ര ക്രമത്തിലാണ് ഒരു മാമ്പൂക്കുലയിലെ പൂക്കള്‍! ഒരേ മണ്ണില്‍ വളരുന്ന മരങ്ങള്‍ എത്ര ഭിന്നമാണ്! ഈ സവിശേഷതകളും ക്രമങ്ങളും അചേതനമായ സസ്യകോശങ്ങള്‍ സ്വയം തെരഞ്ഞെടുത്തതാണോ, അതോ അതീതബോധ, സര്‍വ ഏകകം അവയെ നിര്‍ദേശിച്ച് നയിച്ചതാണോ? പല സസ്യങ്ങളുടെയും അറ്റത്ത്, ഒരു കൂമ്പു കാണാം. ആലിലും പ്ലാവിലും അത് ഒരിഞ്ച് നീളമുള്ളതാണ്. ഒരു വിത്തിന്റെ അറ്റത്തെ മുളയാണ് പതുക്കെ, ഇലയായും ശാഖയായും പിന്നെ വന്‍വൃക്ഷമായും വളരുന്നത്. ഒരു കൂമ്പ് അഥവാ മുളയുടെ അകംനോക്കിയാല്‍, ഇലയും തണ്ടും ചെറുചെറുതായി, ലോലലോലമായി, സൂക്ഷ്മമായി, ഒടുവില്‍ അദൃശ്യമായി തീരുന്നതുകാണാം. തീര്‍ച്ചയായും, വന്‍വൃക്ഷം, മുളയില്‍ സൂക്ഷ്മമായിരുന്ന് പതുക്കെ, ദശകങ്ങളിലോ ശതകങ്ങളിലോ അനാവരണം ചെയ്യപ്പെടുകയാണ്. ഒരു പയര്‍ വിത്ത് മുറിച്ചാല്‍, അതിന്റെ ബീജപാത്രങ്ങള്‍ക്കിടയില്‍, ഒരു സസ്യത്തിന്റെ ഭ്രൂണം കാണാം. ആലിന്റെ വിത്ത് നന്നേ ചെറുതാണ്. അതിനുള്ളിലാണ്, ഒരു തൈയുടെയും വൃക്ഷത്തിന്റെയും ഭ്രൂണം. എത്ര ക്രമമായാണ് ആ വിത്തില്‍ തണ്ടും വശങ്ങളും ഇലകളും പൂക്കളും ഫലങ്ങളും അദൃശ്യമായി ഘനീഭവിച്ചിരിക്കുന്നത്! ഇങ്ങനെ സൃഷ്ടിക്കുന്ന ആ വിശ്വകര്‍മാവ്, പദാര്‍ത്ഥത്തിലും പദാര്‍ത്ഥരഹിതത്തിലും ഒരുപോലെ ഇടപെടുന്ന ആ അതിബോധ ഏകകമാകണം. തീവ്ര ഗുണങ്ങളും ദോഷങ്ങളുമുള്ള കര്‍മഭാവങ്ങളുടെ അതിവേഗ ഫലസിദ്ധിയും സഞ്ചിതകര്‍മത്തില്‍നിന്ന് പ്രാരബ്ധകര്‍മ സൃഷ്ടിയും പോലുള്ള സര്‍ഗാത്മക പ്രക്രിയകളും ഒരതിശക്ത ഏകകത്തിന്റെ കര്‍മം വിളിച്ചറിയിക്കുന്നു. പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളെപ്പറ്റിയും ഈ വഴിക്കാലോചിച്ച് അവ എന്തു വെളിപ്പെടുത്തുന്നു എന്ന നിഗമനത്തിലെത്തുക. പ്രകൃതിയിലെ സകലതും ദൈവത്തെ വെളിപ്പെടുത്തുന്നു എന്ന് ഉപനിഷത്തുക്കള്‍ പറയുന്നു.

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 27 ( 1)

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/27, 1.വെളിപാടുകള്‍ 

പ്രപഞ്ച  കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഒരദൃശ്യ ദൈവവ്യക്തിത്വത്തിന്റെ അസ്തിത്വത്തിലും നന്മയിലും ആദ്യകാലം മുതലേ നിരവധി മനുഷ്യര്‍ വിശ്വസിച്ചുപോന്നു. അവനെ അവര്‍ ദൈവം എന്നുവിളിച്ചു. അന്നുമുതല്‍ ദൈവവിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. സാധാരണ അവന്‍ അദൃശ്യനാണെങ്കിലും, നമ്മുടെ ചലനത്തില്‍ ആത്മാവ് വെളിപ്പെടുംപോലെ, അവന്‍ പ്രകൃതിയില്‍ വെളിപ്പെട്ടുവെന്ന് മഹര്‍ഷിമാരും തത്വചിന്തകരും ശാസ്ത്രജ്ഞരും ഉദ്‌ഘോഷിച്ചു. 
തേജോബിന്ദു ഉപനിഷത് (1:29) പറയുന്നു: ദൃഷ്ടിയെ ജ്ഞാനമാക്കിക്കൊണ്ട്, പ്രപഞ്ചം ബ്രഹ്മനാല്‍ നിറഞ്ഞതായി കണ്ടാലും (ദൃഷ്ടിം ജ്ഞാനമയീം കൃത്വാ പശ്യേത് ബ്രഹ്മമയം ജഗത്). 
നമുക്ക് ചുറ്റുമുള്ള വസ്തുക്കള്‍, അവയുടെ രൂപം, ഉദ്ഭവം, പ്രവര്‍ത്തനം എന്നിവയെ വിവേകപൂര്‍വം നിരീക്ഷിച്ചാല്‍, ദൈവത്തെ എവിടെയും കാണാം എന്നര്‍ത്ഥം. ഉദാഹരണം: ഒരു മുട്ട. അതില്‍ രണ്ട് അര്‍ധ ദ്രാവകങ്ങള്‍. വെള്ളക്കരു, മഞ്ഞക്കരു, മൂന്നാഴ്ച അതൊരു കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞാല്‍, അതിന്റെ ഉള്ളടക്കം കൊക്കുകള്‍, കണ്ണുകള്‍, കൃത്യസന്ധിയുള്ള നീണ്ട കാലുകള്‍, മൃദുവായ പേശികള്‍ എന്നിവയുള്ള ജീവനുള്ള പക്ഷിയായി മാറുന്നു. കോഴി സജീവമാണ്; അതു നടക്കുന്നു, ഓടുന്നു, കൂവുന്നു, ചികയുന്നു, ചെറിയ വിത്തുകള്‍ തിന്നുന്നു. മുട്ടയും കോഴിയും തമ്മില്‍ എന്തൊരന്തരം! ആ മാറ്റത്തിലെ സങ്കീര്‍ണതയും കൃത്യതയും ഒരതിബോധ ഏകകത്തിന്റെ ക്രിയയെ വെളിവാക്കുന്നു. ആര്‍ക്ക് ഇതൊക്കെ ചെയ്യാനാവും? കോഴി വളര്‍ത്തുകേന്ദ്രത്തില്‍ നൂറുകണക്കിന് മുട്ടകള്‍ വിരിയുന്നു. ഓരോ മുട്ടയെയും ഒരു അദൃശ്യ ഏകകം ശുശ്രൂഷിച്ചോ അതോ, അതേ ഏകകം എല്ലാ മുട്ടയെയും ശ്രദ്ധിച്ചോ? ലോകമാകെയുള്ള കോഴി വളര്‍ത്തുകേന്ദ്രങ്ങളിലെല്ലാം ഈ മാറ്റമുണ്ടാകുന്നതിനാല്‍, ലോകമാകെ ആ ഏകക സാന്നിദ്ധ്യമുള്ളതിന്റെ സൂചന കിട്ടുന്നുണ്ടോ? ചിന്തിക്കുന്തോറും, അതിഭൗതിക ശേഷിയുള്ള സര്‍വവ്യാപിയായ ഒരദൃശ്യ ഏകകത്തിന്റെ സാന്നിദ്ധ്യം നമ്മുടെ മനസ്സില്‍ ഉദയം ചെയ്യുകയായി. ഇത് ദൈവത്തിന്റെ വെളിപാട്. പ്രപഞ്ചമാകെയുള്ള ജീവജാലങ്ങളിലെ ജീവന്‍ മുഴുവന്‍ ഒരു സര്‍വവ്യാപിയായ ഏകകമായി എടുത്താല്‍, അതാണ് ദൈവം.
 ഋഗ്വേദം (10:121:3) പറയുന്നു: 
ഹിമം മൂടിയ ഹിമാലയവും സാഗരങ്ങളും നദികളും സകല ദിശകളിലെയും ലോകവും ഏതു മഹിമയെ ഉദ്‌ഘോഷിക്കുന്നുവോ, ആ ദൈവത്തെ പവിത്ര നിവേദ്യങ്ങള്‍കൊണ്ട് ആരാധിച്ചാലും. 
'സകലദിശകളിലെയും ലോകം' എന്നാല്‍, മുകളിലും താഴെയുമുള്ള ലോകം; ഭൂമിയും ആകാശവും. അതിനാല്‍, എവിടെയുമുള്ള പ്രകൃതി ദൈവമഹിമ ഉദ്‌ഘോഷിക്കുന്നുവെന്ന് ശ്ലോകാര്‍ത്ഥം. ഖുര്‍ ആനില്‍ (6:100) പ്രവാചകന്‍ പറയുന്നു: 
അവന്‍ ആണ് ആകാശത്തുനിന്ന് താഴേക്ക് വെള്ളം അയയ്ക്കുന്നത്. അവകൊണ്ട്, നാം എല്ലാത്തരം ചെടികളും മുളപ്പിക്കുന്നു. നാം മുളപ്പിക്കുന്ന ഹരിതാഭമായ പുല്ലില്‍നിന്ന്, നാം കട്ടിയായ തോടുള്ള ധാന്യം കൊയ്യുന്നു; ഈന്തപ്പനയിലെ പൂമ്പൊടിയില്‍നിന്ന് സമൃദ്ധമായ കതിര്‍ക്കുലകള്‍ ഉണ്ടാകുന്നു; മുന്തിരി, ഒലിവ്, മാതളത്തോപ്പുകള്‍ എന്നിവ ഒരുപോലെയും അല്ലാതെയും (നാം വളര്‍ത്തുന്നു). അവയിലെ ഫലങ്ങള്‍, അവ പാകമാകുമ്പോള്‍ കാണുക. ആഹാ! ഇതാ, വിശ്വാസികള്‍ക്കുള്ള പ്രത്യക്ഷങ്ങള്‍.
ഫിലോകാലിയ (വാല്യം 1, പേജ് 337) നിരീക്ഷിക്കുന്നു: ദൈവം ആത്മീയമത്രെ; അവന്‍ അദൃശ്യനാണെങ്കിലും, ശരീരത്തില്‍ ആത്മാവെന്നപോലെ, അവന്‍ എല്ലാ ദൃശ്യവസ്തുക്കളിലും പ്രത്യക്ഷനാകുന്നു. 
ഫ്രഞ്ച് തത്വചിന്തകനായ ഫ്രാങ്‌സ്വാ വോള്‍തെയര്‍ (1694-1778) പറഞ്ഞു: 
ഒരു മികച്ച യന്ത്രം കാണുമ്പോള്‍, മികച്ച ജ്ഞാനമുള്ള ഒരു നല്ല പണിക്കാരനുണ്ടെന്ന് നാം പറയുന്നു. ലോകം ആരാധിക്കേണ്ട ഒരു യന്ത്രമാണ്. അത്, അതിന്റെ മഹിമയാര്‍ന്ന സ്രഷ്ടാവിനെ വെളിപ്പെടുത്തുന്നു. 
തത്വചിന്തകനായ ജെ.ജെ.റൂസ്സോ(1712-1778) പറഞ്ഞു:
ഞാനതു കാണുന്നുണ്ട്, അഥവാ അനുഭവിക്കുന്നു.... ദൈവമുണ്ട്. അവന്‍ ഈ പ്രപഞ്ചത്തെ നയിക്കുന്നു, അവന്‍ എല്ലാറ്റിനും കല്‍പന നല്‍കുന്നു.
 പ്രസിദ്ധ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ (1879-1955) പ്രഖ്യാപിച്ചു:
ഉള്ളതില്‍ കാണുന്ന ലയത്തില്‍ സ്വയം വെളിപ്പെടുത്തുന്ന ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.
പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന സകലതിലും കാണുന്ന ചലനങ്ങളില്‍, കൃത്യങ്ങളില്‍, പാരസ്പര്യത്തില്‍, ദൈവം സ്വന്തം അസ്തിത്വവും കരുതലും വെളിപ്പെടുത്തിയതായി ചിന്തകര്‍ കാണുന്നു. ആകാശത്തിലും ലോകത്തിലുമുള്ള വസ്തുക്കളില്‍, ഡമാസ്‌കസിലെ വിശുദ്ധ പത്രോസ്, ഫിലോകാലിയയില്‍ (വാല്യം  3, പേജ് 136-17)ഒരു ആന്തരധ്യാനം കാണുന്നു. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയുടെ ചലനവും സ്ഥിരതയും. ഋതുക്കള്‍, മേഘങ്ങള്‍, മഴ, മഞ്ഞ്, ഇടിമുഴക്കം, മിന്നല്‍, കാറ്റ്, വിവിധയിനം മൃഗങ്ങള്‍, പക്ഷികള്‍, ചെടികള്‍, അവയുടെ രൂപം, നിറം, അഴക്, അനുപാതം, ക്രമം, സന്തുലനം, ലയം, താളം, ഉപയോഗം തുടങ്ങിയവ ദൈവാസ്തിത്വത്തിന്റെ യാഥാര്‍ത്ഥ്യവും ദൈവത്തിന്റെ കരുതലും വെളിപ്പെടുത്തുന്നു. മേല്‍ ഉദ്ധരണികള്‍, പ്രകൃതി ദൈവത്തെ വെളിപ്പെടുത്തുന്നതായി സാക്ഷ്യപ്പെടുത്തുന്നു.
 1. ആകാശ ശരീരങ്ങള്‍ 
നമുക്ക് ചുറ്റുമുള്ള അന്തമില്ലാത്ത സ്ഥലമാണ് ആകാശം. അത് കാക്കത്തൊള്ളായിരം നക്ഷത്രങ്ങളും ഗ്രഹങ്ങളും ചന്ദ്രന്മാരും ഛിന്നഗ്രഹങ്ങളുമൊക്കെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. വലിയൊരു ദൂരദര്‍ശിനികൊണ്ടു നോക്കിയാല്‍, കോടിക്കണക്കിന് നക്ഷത്രങ്ങള്‍ കാണാം. പല വലിപ്പത്തിലുള്ള, കനമുള്ള ഗോളങ്ങളാണ് നക്ഷത്രങ്ങള്‍. നമുക്ക് ഏറ്റവുമടുത്ത ശരാശരി നക്ഷത്രമായ സൂര്യന്‍, 140 ലക്ഷം കിലോമീറ്റര്‍ വ്യാസമുള്ളതാണ്. മകയിരത്തി (മൃഗശീര്‍ഷം-Orion)) ന്റെ തോളിലുള്ള ചുവന്ന നക്ഷത്രമായ (ആര്‍ദ്ര/Betelgeuse)), 4000 ലക്ഷം കിലോമീറ്റര്‍ വ്യാസമുള്ളതാകുന്നു. സൂര്യനെക്കാള്‍ ചെറിയ നക്ഷത്രങ്ങളുണ്ട്; എന്നാല്‍ ഏറ്റവും ചെറുത്, ഭൂമിയുടെ വലിപ്പത്തിന്റെ പത്തുലക്ഷം ഇരട്ടി വലിപ്പമുള്ളതായിരിക്കും. അവ ആകാശത്തില്‍ എങ്ങനെ നില്‍ക്കുന്നു? നക്ഷത്രങ്ങള്‍ തമ്മില്‍ ഏറെ അകലമുണ്ട്. അത്തരം അകലങ്ങള്‍ ശാസ്ത്രജ്ഞര്‍ അളക്കുന്നത് പ്രകാശവര്‍ഷത്തിലാണ്. സെക്കന്റില്‍ 300,000 കിലോമീറ്റര്‍ എന്ന കണക്കില്‍ പ്രകാശം ഒരു വര്‍ഷത്തില്‍ സഞ്ചരിക്കുന്ന ദൂരമാണ് അത്. ഒരു പ്രകാശ വര്‍ഷം ഏതാണ്ട് 9.41 ദശലക്ഷം ദശലക്ഷം കിലോമീറ്ററാണ്. സൂര്യന്‍ കഴിഞ്ഞാല്‍, നമുക്കടുത്ത നക്ഷത്രം, മിത്രം (Alpha centauri)) ആണ്. ത്രിശങ്കു crux) വിനടുത്ത തിളങ്ങുന്ന നക്ഷത്രം. അത്, സൂര്യനില്‍നിന്ന് 4 1/3 പ്രകാശവര്‍ഷങ്ങള്‍ (41 ദശലക്ഷം ദശലക്ഷം കിലോമീറ്റര്‍) ദൂരെയാണ്. ഏറ്റവുമടുത്ത രണ്ടു നക്ഷത്രങ്ങള്‍ ഇവ ആയിരിക്കില്ല എങ്കിലും, രണ്ടു നക്ഷത്രങ്ങള്‍ തമ്മിലെ അപാരമായ അകലമറിയാന്‍ ഇത്രയൊക്കെ മതി. ഇത്രദൂരമുണ്ടെങ്കിലും, ഭൂരിപക്ഷം നക്ഷത്രങ്ങളും ദശലക്ഷം നക്ഷത്രങ്ങളുള്ള ഓരോ താരാപഥമായി വര്‍ത്തിക്കുന്നു എന്നു പറയപ്പെടുന്നു. നിരവധി താരാപഥങ്ങളടങ്ങിയ വമ്പന്‍ താരാപഥങ്ങളുമുണ്ട്. ഇതിലൊന്നില്‍, 400 താരാപഥങ്ങളിലധികം ആകാം. താരാപഥങ്ങള്‍ക്കിടയില്‍, അവിടെയും ഇവിടെയും സ്വതന്ത്രനക്ഷത്രങ്ങളുണ്ട്. 14 താരാപഥങ്ങള്‍ അടങ്ങിയ ക്ഷീരപഥം എന്ന വമ്പന്‍ താരാപഥ സമൂഹത്തിന്റെ പുറംകൈയിലെ ഒരു നക്ഷത്രം മാത്രമാണ്, സൂര്യന്‍. 100,000 പ്രകാശ വര്‍ഷങ്ങളാണ് അതിന്റെ വ്യാസം. ക്ഷീരപഥത്തിനപ്പുറമുള്ള അടുത്ത താരാപഥമാണ് ആന്‍ഡ്രോമിഡ. അതിനെ മീനം രാശിക്കും (Pisces))െ കാശ്യപിരാശി (Cassiopeia)))ക്കുമിടയില്‍ ഒരു രാശി (Constellation) ആയി കാണാം. അത് ഏതാണ്ട് 20 ലക്ഷം പ്രകാശവര്‍ഷങ്ങള്‍ അകലെയാണ്. സമീപവര്‍ഷങ്ങളില്‍, വലിയ റിഫ്‌ളക്ടറുകളുള്ള വന്‍ ദൂരദര്‍ശിനികള്‍, സ്‌പെക്‌ട്രോ സ്‌കോപ്പുകള്‍ എന്നിവ വഴി ശാസ്ത്രജ്ഞര്‍ 60,000 ലക്ഷം പ്രകാശവര്‍ഷങ്ങള്‍ വ്യാസം വരുന്ന ആകാശസ്ഥലം പരതുകയും ആയിരക്കണക്കിന് നക്ഷത്രപഥങ്ങള്‍ കാണുകയുമുണ്ടായി. താരാപഥങ്ങള്‍ തന്നെ അടുത്തടുത്തല്ല. ആകാശസ്ഥലവും താരാപഥങ്ങളും പിന്നീടും അകലങ്ങളിലേക്ക് തുടരുകയും അതിരില്ലാതെ അത് നീളുകയും ചെയ്യുന്നുവെന്ന് അവര്‍ പറയുന്നു. മിക്ക താരാപഥങ്ങളും കാഴ്ചയുടെ അറ്റത്തുനിന്ന് നോക്കിയാല്‍, മധ്യത്തില്‍ ഇരുപുറവും കുടവയറുമുള്ള (മുഴ) തളികയാണ്; മുഖക്കാഴ്ചയില്‍, സര്‍പ്പിളം അഥവാ, സര്‍പ്പിളമായ കമ്പികളുള്ള, വളയമില്ലാത്ത ചക്രം പോലെയാണ്. മധ്യത്തിലെ മുഴ ഒരു നക്ഷത്രക്കൂട്ടമാണ്. വിശാലമായ ആകാശത്ത് എത്ര നക്ഷത്രങ്ങള്‍! 




ആരാണ് വലിപ്പമേറിയ, തിളക്കമുള്ള ഈ വസ്തുക്കളെ ഇത്ര സമൃദ്ധമായി സൃഷ്ടിച്ച് ആകാശത്തില്‍ ക്രമമായി അടുക്കി, അതില്‍ പ്രകാശം ചൊരിഞ്ഞത്? എല്ലാ നക്ഷത്രങ്ങളും പ്രകാശം ചൊരിയുന്നു; എന്നാല്‍ തിളക്കം വ്യത്യസ്തമാകുന്നു. തിരുവാതിര 19000 ഇരട്ടി സൂര്യനെക്കാള്‍ തിളക്കമുള്ളതാണ്. സൂര്യന്റെ വെളിച്ചംതന്നെ അസഹ്യമാംവിധം തിളക്കമുള്ളതാണ്. വ്യക്തമായ ഒരുച്ചയില്‍ എത്ര തീക്ഷ്ണമാണ് പ്രകാശവും ഉഷ്ണവും! 1490 ലക്ഷം കിലോമീറ്റര്‍ അകലെനിന്ന് അത്രയും വെളിച്ചവും ഉഷ്ണവും സൂര്യനില്‍നിന്ന് വരുന്നുവെങ്കില്‍, സൂര്യന്റെ ഉപരിതലത്തിലെ ഉഷ്ണവും വെളിച്ചവും എത്രയായിരിക്കും? ഇതേക്കാള്‍ എത്രയധികമായിരിക്കും, വന്‍ നക്ഷത്രങ്ങളുടെ ഉപരിതലത്തില്‍? ആണവസംയോജനം വഴി നക്ഷത്രങ്ങള്‍ അപാരമായ വെളിച്ചം പുറത്തുവിടുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ഹൈഡ്രജന്‍ (ഡ്യൂട്ടീറിയം) ആറ്റങ്ങള്‍ ഹീലിയം ആറ്റങ്ങളായി മാറുകയാണ്. ആ സംയോജനം വഴി, ഓരോ സെക്കന്‍ഡിലും, 40 ലക്ഷം ടണ്‍ പദാര്‍ത്ഥം സൂര്യന് നഷ്ടപ്പെടുന്നു. അതിനാല്‍ സൂര്യന്‍ 1,60,000 വര്‍ഷമെങ്കിലും വെളിച്ചവും താപവും പൊഴിച്ചുകൊണ്ടിരിക്കും. ഇപ്പറഞ്ഞ പദാര്‍ത്ഥ നഷ്ടം ഹൈഡ്രജന്റേതു മാത്രമാകയാല്‍, സൂര്യനില്‍ ഓരോ സെക്കന്‍ഡിലും സംയോജിക്കുന്ന ഹൈഡ്രജന്റെ ദ്രവ്യവ്യാപ്തി എത്രയായിരിക്കും! മറ്റു നക്ഷത്രങ്ങളുടെയും സംഭവം ഇതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു; ആണവ സംയോജനത്താല്‍ എല്ലാ നക്ഷത്രങ്ങളും വെളിച്ചവും താപവും പുറന്തള്ളുന്നു. സൂര്യന്‍ ഒരുപാടുകാലമായി പ്രകാശിക്കുകയാണ്. ഇത്രയുംകാലം കൊണ്ട്, മേല്‍പറഞ്ഞ കണക്കനുസരിച്ച്, എത്ര ഹൈഡ്രജന്‍ അതില്‍ സംയോജിച്ചിട്ടുണ്ടാകും! 1,60,000 കൊല്ലംകൂടി പ്രകാശിക്കുമെങ്കില്‍, എത്രമാത്രം ഹൈഡ്രജന്‍ സൂര്യനിലുണ്ടാകും! സൂര്യനില്‍നിന്നും മറ്റു നക്ഷത്രങ്ങളില്‍നിന്നുമുള്ള പ്രകാശത്തിന്റെ വര്‍ണരാജിയുടെ വിശകലനം തെളിയിക്കുന്നത്, ഭൂമിയിലുള്ള മിക്കവാറും മൂലകങ്ങള്‍ അവയിലുമുണ്ട് എന്നാണ്. അത് തല്‍ക്കാലം മറന്ന്, നമുക്ക് അവയുടെ ഹൈഡ്രജന്‍ ഉള്ളടക്കം മാത്രമെടുക്കാം. അതിവിശാലമായ പ്രപഞ്ചത്തിന്റെ പ്രത്യേക മേഖലകളില്‍ ബൃഹത്തായ വാതകമേഘങ്ങള്‍ ഉരുണ്ടുകൂടിയാണ് സൂര്യനും ശതകോടി നക്ഷത്രങ്ങളുമുണ്ടായതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അചേതനമായ വാതകം തന്നെത്താന്‍ പ്രപഞ്ചമാകെ നിശ്ചിത ഇടവേളകളില്‍ വന്‍മേഘങ്ങളാവുകയും ഘനീഭവിച്ച് ഗോളങ്ങളാകുകയും ചെയ്തതാണോ? പിന്നീട്, ആ ഗോളങ്ങളെല്ലാം ആണവസംയോജനം തുടങ്ങി പ്രപഞ്ചത്തെ പ്രകാശമാനമാക്കാന്‍ വെളിച്ചം ചൊരിയുകയായിരുന്നോ? സര്‍വവ്യാപിയായ, അജ്ഞാതനായ ഒരതീതശക്തിയുടെ സമഗ്ര നിര്‍ദേശമില്ലാതെ പ്രപഞ്ചമാകെ ചൂഴ്ന്നു നില്‍ക്കുന്ന ഇത്ര വിസ്തൃതമായ ഒരു പ്രതിഭാസം സാധ്യമാണോ? ഭൂമി സ്ഥിരമായി ഭ്രമണം ചെയ്യുന്നതിനാല്‍ പകലും രാത്രിയും മാറി മാറി വരുന്നു. അതിന്റെ അച്ചുതണ്ടിന്റെ സ്ഥിരമായ ചരിവ്, ജീവിതത്തെ ആനന്ദമയമാക്കുന്ന ഋതുക്കളുടെ മാറ്റം ഉണ്ടാക്കുന്നു. ഓരോ നക്ഷത്രവും അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നു; ഓരോ താരാപഥവും അതിന്റെ താരാപഥ അച്ചുതണ്ടില്‍ ഭ്രമണം ചെയ്യുന്നു. ഇതെല്ലാം അതിവേഗമാണ്. ഭ്രമണങ്ങളുടെ ഈ സര്‍വവ്യാപനം, മൂലബ്രഹ്മനിലും സര്‍വഭ്രമണമുണ്ടാകുമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. 34 ലക്ഷം കിലോമീറ്റര്‍ ചുറ്റളവുള്ള സൂര്യന്‍, സെക്കന്‍ഡില്‍ 250 കിലോമീറ്റര്‍ നീങ്ങുന്നു. ഭ്രമണവും ഭ്രമണപഥത്തിലെ പ്രദക്ഷിണവും കൃത്യവും വേഗത്തിലുമായതിനാല്‍, നക്ഷത്രങ്ങള്‍ ഒരിടത്തുതന്നെ നില്‍ക്കുന്നു. വേണ്ട ഇന്ധനവും യാത്രക്കാരെയും അവരുടെ ചരക്കും വഹിക്കുന്ന കനത്ത വിമാനങ്ങള്‍, ഭൂമിയില്‍നിന്ന് 10 കിലോമീറ്റര്‍ ഉയര്‍ന്നുപൊങ്ങി അതിന്റെ വേഗതയില്‍ സ്വയം നീങ്ങുന്നത് നാം കാണുന്നില്ലേ? അതുപോലെ, നക്ഷത്രങ്ങളും ആകാശത്തു നില്‍ക്കുന്നു. ഒരു താരാപഥത്തിലെ ലക്ഷക്കണക്കിന് നക്ഷത്രങ്ങള്‍ അവയുടെ അച്ചുതണ്ടില്‍ തിരിയുകയും ഭ്രമണപഥത്തില്‍ നീങ്ങുകയും ചെയ്യുന്നു. എന്നിട്ടും അവ, പൂര്‍ണലയത്തില്‍ നീങ്ങുന്നു; ശതകോടി വര്‍ഷങ്ങള്‍, കൂട്ടിയിടിക്കാതെ, വേഗം കുറയാതെ. 
ഈ പ്രപഞ്ച ലയത്തിൽ  വിസ്മയിച്ച  ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍, വലിയ വിശ്വാസിയാവുകയും, വിരലുകള്‍ക്കിടയില്‍ ജപമാല കരുതുകയും ചെയ്തു. 
കൃത്യമായ ഭ്രമണപഥങ്ങളില്‍, സ്ഥിരമായ സ്വന്തം അച്ചുതണ്ടില്‍, ശതകോടി നക്ഷത്രങ്ങള്‍ എങ്ങനെയാണ് അതിവേഗം ഭ്രമണം ചെയ്യാനിടയായത്? കാനനങ്ങളിലെ മൃഗങ്ങള്‍ പോലെയും സാഗരങ്ങളിലെ മത്സ്യങ്ങള്‍ പോലെയും ഇവ ആകാശത്ത് അലഞ്ഞുതിരിയാത്തതെന്ത്? വാല്‍നക്ഷത്രങ്ങളുടെ നീക്കത്തില്‍നിന്ന്, നക്ഷത്രങ്ങള്‍ക്കും അവയ്ക്ക് തോന്നിയ വഴിക്ക് നീങ്ങാമായിരുന്നുവെന്ന് നമുക്കു തോന്നാം. പക്ഷേ, കാക്കത്തൊള്ളായിരം നക്ഷത്രങ്ങള്‍ ഭ്രമണവും കൃത്യതയും പ്രദക്ഷിണ വഴികളില്‍ പാലിച്ച് പ്രപഞ്ചലയം സാധ്യമാക്കുന്നു. വിശാലമായ പ്രപഞ്ചത്തിലെ വിസ്മയ ലയമാണ് അത്. ഇത് അചേതനമായ നക്ഷത്രങ്ങള്‍ സ്വയം കണ്ടെത്തിയതാണോ അതോ, നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ചന്ദ്രന്മാരെയും സൃഷ്ടിക്കുകയും അവയ്ക്ക് വേഗവും പ്രദക്ഷിണവും ക്രമപ്പെടുത്തുകയും ചെയ്ത ദൈവത്തിന്റെ കര്‍മമാണോ? ആലോചിക്കുക, നന്നായി ആലോചിക്കുക. ഈ അതീത ശക്തിയെയാണ് നാം ബ്രഹ്മനായി ആദരിക്കുന്നത്. പലതരത്തിലും അത് അതീത വ്യക്തിയായി പെരുമാറുന്നതിനാല്‍, അവനെ നാം ദൈവമായി ആരാധിക്കുന്നു.

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 25,26

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/25, ആസന്ന കര്‍മം
  ജീവിതത്തിലെ മരണത്തിനും നിലവിലെ പ്രാരബ്ധകര്‍മത്തിന്റെ അവസാന കര്‍മഭാവത്തിന്റെ ക്ഷയത്തിനും മുന്‍പ്, അടുത്ത പ്രാരബ്ധകര്‍മത്തിന്റെ ആദ്യ കര്‍മഭാവം വിടരുമെന്ന് നാം കണ്ടു. ഈ ജീവിതത്തില്‍നിന്ന് ആത്മാവ് പോകുന്ന നേരത്തെ, വിടര്‍ന്ന കര്‍മഭാവം, അടുത്ത ജീവിതം ക്രമപ്പെടുത്താനുള്ള നവ പ്രാരബ്ധകര്‍മത്തിന്റെ ആദ്യ കര്‍മഭാവമാണ്. 
ഈ ജീവിതത്തിലെ പ്രാരബ്ധകര്‍മത്തിന്റെ അവസാന കര്‍മഭാവത്തിനു വീര്യം കുറയുകയും അതിന്റെ സ്ഥാനത്ത് അടുത്ത പ്രാരബ്ധകര്‍മത്തിന്റെ ആദ്യകര്‍മഭാവം വിടരുകയും ചെയ്തപ്പോള്‍, രണ്ടാമത്തേതാണ്, മരണനേരത്ത് ഒരാളുടെ വിചാരങ്ങളെയും അഭിലാഷങ്ങളെയും പ്രചോദിപ്പിക്കുന്നത്. അതിനാല്‍, നവ പ്രാരബ്ധകര്‍മത്തിന്റെ ആദ്യകര്‍മഭാവത്തെ ആസന്നകര്‍മം എന്നുവിളിക്കുന്നു. സംസ്‌കൃതത്തില്‍, ആസന്നം എന്നാല്‍, മരണത്തിനടുത്ത എന്നര്‍ത്ഥം; 'കര്‍മം' എന്നത് കര്‍മഭാവത്തിന്റെ ചുരുക്കം. അതിനാല്‍ ആസന്നകര്‍മം എന്നാല്‍, മരണം ആസന്നമായിരിക്കുമ്പോള്‍ സജീവമായ കര്‍മഭാവം. ബുദ്ധമതഗ്രന്ഥങ്ങള്‍ അതിനെ, മൃത്യുശയ്യാകര്‍മം എന്നുവിളിക്കുന്നു. ഈ ജീവിതത്തിന്റെ ആസന്നകര്‍മം, പുനര്‍ജന്മം നേടുന്ന അടുത്ത ജീവിതത്തെ പരുവപ്പെടുത്താനുള്ള നവപ്രാരബ്ധകര്‍മത്തിന്റെ ഒരു കര്‍മഭാവം ആയതിനാല്‍, അതിന്റെ പ്രചോദനം, അടുത്ത ജന്മത്തിന്റെ ആദ്യകര്‍മമായ പുതിയ ശരീരപ്രവേശം, ആ ശരീരത്തിന്റെ സ്വഭാവം, പുതുജന്മത്തിന്റെ അന്തരീക്ഷം തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ കര്‍മാരംഭം, ഭൗതികശരീരത്തിന്റെ മരണത്തിനടുത്തായതിനാല്‍, ഈ ജീവിതത്തില്‍ അതിന്റെ സാന്നിദ്ധ്യം ഒരു വിചാരമോ അഭിലാഷമോ ആയി മാത്രമാണ് (ഒരു ഭൗതിക കര്‍മമോ അനുഭവമോ അല്ല). ഒരു കര്‍മഭാവത്തിന്റെ വിടരല്‍ അതിന്റെ പ്രചോദനം, പൂര്‍ത്തീകരിക്കുവോളം തുടരും. 

പുനര്‍ജന്മത്തെ പരുവപ്പെടുത്തുന്ന ആസന്നകര്‍മം, പുനര്‍ജന്മം സംഭവിക്കുവോളം വിടര്‍ന്നുകൊണ്ടിരിക്കും. എന്നുവച്ചാല്‍, ഈ ജീവിതത്തിലെ മരണത്തിനുമുന്‍പ് വിടരുന്ന ആസന്നകര്‍മം, അടുത്ത ജന്മത്തിനായി ആത്മാവ് ഒരു നവശരീരത്തില്‍ കടക്കുവോളം, വിടര്‍ന്നുതന്നെ നില്‍ക്കും. ഇടവേള എത്ര നീണ്ടതായാലും. പുനര്‍ജന്മം സാധിക്കുംവരെ, അതിന്റെ പ്രചോദനം, ബുദ്ധിയേയും അതുവഴി ആത്മാവിനെയും സ്വാധീനിക്കുന്നതു തുടരും. മറ്റുവാക്കുകളില്‍, മരണനേരത്തെ ഒരാളുടെ അന്ത്യാഭിലാഷമോ വിചാരമോ, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയില്‍ പുനര്‍ജന്മമുണ്ടാകുംവരെ, 'എപ്പോഴും' ഉണ്ടാകും. അവസാനവിചാരത്തില്‍ കണ്ട രൂപം, പുനര്‍ജന്മം വരെ ഓര്‍മയിലുണ്ടാകും. വിചാരം പോലെ, കര്‍മം. ആ രൂപത്തിലായിരിക്കും, പുനര്‍ജന്മം. 
അതിനാല്‍ ഭഗവദ്ഗീത (8:6) പറയുന്നു: 
മരണനേരത്ത് ഒരാള്‍ അന്തിമമായി വിചാരിക്കുന്ന രൂപം, അയാള്‍ പുനര്‍ജന്മംവരെ 'എപ്പോഴും' ഓര്‍ക്കുകയും, അടുത്ത ജന്മത്തില്‍ അയാള്‍ ആ രൂപത്തില്‍ പിറക്കുകയും ചെയ്യും. സാത്വിക രാജാവായിരുന്ന ഭരതന്‍, തന്റെ പ്രിയപ്പെട്ട മാനിനെ നോക്കി അന്ത്യശ്വാസം വലിച്ചതിനാല്‍, അടുത്ത ജന്മത്തില്‍ മാനായി ജനിച്ചെന്ന്, ഭാഗവതം (5:8) പറയുന്നു. ആത്മീയ ജ്ഞാനം നേടിയിട്ടും, അപാന്തരാതമ മഹര്‍ഷി, ശരീരം വിടുമ്പോള്‍ വേദങ്ങളെ കൃത്യമായി ക്രമീകരിക്കാന്‍ ആഗ്രഹിച്ചതിനാല്‍ വേദവ്യാസനായി പുനര്‍ജന്മം നേടിയെന്നും കഥയുണ്ട്. അന്ത്യനിമിഷത്തില്‍, ഈശ്വരനെ ഓര്‍ക്കുന്നയാള്‍ ശരീരം വിടുമ്പോള്‍, ദൈവത്തിലെത്തും എന്നു സാരം (ഭഗവദ്ഗീത 8:5). അന്ത്യവിചാരം പകയാണെങ്കില്‍, പുനര്‍ജന്മത്തില്‍ ആത്മാവ് അസുരനായിരിക്കും. അങ്ങനെ അങ്ങനെ. ഈ ജീവിതത്തില്‍ നേടിയ ആത്മീയലക്ഷ്യങ്ങളാണ് അന്ത്യവിചാരമെങ്കില്‍, അടുത്ത ജന്മത്തിലും ആ അന്വേഷണങ്ങള്‍ തുടരും (ഭഗവദ്ഗീത, 6:40-44).
അധ്യായം/26, നിയന്താവ് 
തുവരെ, കര്‍മത്തിന്റെ അസംഖ്യം പ്രക്രിയകളും ഫലങ്ങളും നാം ശ്രദ്ധിച്ചു. അവശേഷിക്കുന്ന ചോദ്യം, അവയെ ആര് നിര്‍ദേശിക്കുകയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്നതാണ്. ഒരു പ്രാരബ്ധകര്‍മംതീരുമ്പോള്‍, അടുത്ത ജന്മത്തെ ക്രമപ്പെടുത്താന്‍ വേണ്ടത്ര കര്‍മഭാവങ്ങള്‍ ഒന്നിച്ച് ഉറക്കത്തില്‍ നിന്നുണരുകയും, ബുദ്ധിയിലേക്കുള്ള കാര്‍മിക പ്രചോദന പ്രവാഹത്തിന്റെ ഒഴുക്കിന് വിഘ്‌നം വരാതിരിക്കാന്‍, കൃത്യനേരത്ത് നവ പ്രാരബ്ധകര്‍മത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു. 
സഞ്ചിതകര്‍മത്തിന്റെ കൂട്ടത്തില്‍ നിന്നും, ഈ ജീവിതത്തിന്റെ കര്‍മഭാവങ്ങളില്‍നിന്നും, ആ കര്‍മഭാവങ്ങളുടെ ഉയിര്‍പ്പ്, അദ്ഭുതമാണ്. അത്, വെറുതെ അങ്ങ് സംഭവിക്കുകയാണോ? അല്ലെങ്കില്‍, തെരഞ്ഞെടുപ്പിനെ ആര് നിയന്ത്രിക്കുന്നു? ഒരു പ്രാരബ്ധകര്‍മത്തിലെ കര്‍മഭാവങ്ങള്‍ അസംഖ്യമായിട്ടും, അവയുടെ വിടരല്‍, അവ ഉണ്ടാവുന്ന ക്രമത്തിലല്ലാതായിട്ടും അവ ഒന്നൊന്നായി, കൃത്യമായ ക്രമത്തിലാണ് വിഘ്‌നമോ ഇടവേളയോ മത്സരമോ വികല്‍പമോ തിരക്കോ ഇല്ലാതെ, വിടരുന്നത്. അവയുടെ പ്രവൃത്തി ഏത് ക്രമത്തിലും ലയത്തിലുമാണ്? ഇത്ര കൃത്യമായ ക്രമത്തിലും ലയത്തിലും ആരാണ് അവയെ ചിട്ടപ്പെടുത്തിയതും നിയന്ത്രിക്കുന്നതും? സാധാരണ, കര്‍മഭാവങ്ങള്‍ പുനര്‍ജന്മത്തിലേ ഫലങ്ങള്‍ പൊഴിക്കൂ എങ്കിലും, അതിവിശിഷ്ടമായ അല്ലെങ്കില്‍ അതിക്രൂരമായ കര്‍മഭാവങ്ങള്‍, ഈ ജീവിതത്തില്‍തന്നെ അതിവേഗം ഫലം തരും. സാധാരണ ചിട്ടയില്‍നിന്ന് വ്യതിചലിച്ച് വേഗം ഫലം നല്‍കാന്‍ അവയ്ക്ക് ശേഷി നല്‍കുന്നത് എന്താണ്? ആ മുന്‍ഗണനയിലേക്ക് അവയെ നയിക്കുന്നത് ആരാണ്? ചെയ്ത കര്‍മങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലമോ ശിക്ഷയോ കര്‍മഭാവങ്ങള്‍ കൊണ്ടുവരുന്നു. ആരാണ് ഇവ നിശ്ചയിക്കുന്നത്? കര്‍മഭാവങ്ങ ള്‍ക്ക് സ്വയം ഇതു ചെയ്യാനാവുമോ? ഇല്ലെങ്കില്‍, ആരാണ് വിധിക്കുന്നത്? തീരുമാനങ്ങളെടുക്കാന്‍ പറ്റിയ ജീവജാലമല്ലാത്ത കര്‍മഭാവങ്ങള്‍, കല്‍പിക്കുന്നതനുസരിച്ചാണോ ഈ പ്രക്രിയകള്‍ കൃത്യമായി സംഭവിക്കുന്നത്? 
പ്രതിഫലമോ പിഴയോ നിശ്ചയിക്കുന്നതില്‍, വിധിക്കുന്നതിന്റെ അംശമുണ്ട്. കര്‍മഭാവങ്ങള്‍ക്ക് സ്വയം അതിന് കഴിയുമോ? നവ പ്രാരബ്ധകര്‍മം ഏതൊക്കെ കര്‍മഭാവങ്ങളാണ് രൂപീകരിക്കുന്നതെന്ന്, അവയ്ക്ക് അവയ്ക്കിടയില്‍ തന്നെ നിശ്ചയിക്കാനാകുമോ?
 മുന്‍പു വിവരിച്ച അതിസങ്കീര്‍ണതകളില്‍, അവയെ നിര്‍ദ്ദേശിക്കുകയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന, ഒരജ്ഞാത അതിബോധ ഏകകം ഉണ്ടായിരിക്കുമെന്ന് യുക്തി പറയുന്നു. ചില കര്‍മഭാവങ്ങള്‍ സമ്മാനിക്കുന്ന ദുരിതാനുഭവങ്ങള്‍ക്ക് വിധേയമാകുന്ന ആത്മാവായിരിക്കില്ല, അത്. ആത്മാവിന് തെരഞ്ഞെടുക്കാനും നിയന്ത്രിക്കാനും കഴിയുമെങ്കില്‍, അത് കയ്‌പേറിയ കര്‍മഭാവങ്ങളെ ഒഴിവാക്കിയേനെ; അതങ്ങനെ ചെയ്യുന്നില്ലെന്ന് നമുക്കറിയാം. പ്രാരബ്ധകര്‍മ രൂപീകരണത്തെയും സ്വതന്ത്ര കര്‍മഭാവങ്ങളുടെ വിടരലിനെയും നിയന്ത്രിക്കുന്ന ഏകകം, ആത്മാവല്ല, അതിനെക്കാള്‍ മഹിമയുള്ള ഒരേകകമാണെന്ന്, ഇത് തെളിയിക്കുന്നു. ശ്വേതാശ്വതാര ഉപനിഷത് (6:1), ഗോപാല ഉത്തരതാപിനി ഉപനിഷത് (18), ബ്രഹ്മോപനിഷത് (16) തുടങ്ങിയവ ഈശ്വരനെ കര്‍മാധ്യക്ഷന്‍ ആയി വിശേഷിപ്പിക്കുന്നു. കര്‍മഭാവങ്ങളുടെ അധ്യക്ഷന്‍ എന്നര്‍ത്ഥം. കര്‍മഫലങ്ങള്‍ നല്‍കുന്നയാള്‍ ഈശ്വരനാണെന്ന്, ബ്രഹ്മസൂത്രങ്ങളും (3:2:38) ബൃഹദാരണ്യക ഉപനിഷത്തും (4:4:24) വിവരിക്കുന്നു. ബൈബിളും പറയുന്നത്, ഓരോ മനുഷ്യനും അയാളുടെ മാര്‍ഗങ്ങള്‍ക്കും ചെയ്തികളുടെ ഫലങ്ങള്‍ക്കും അനുസൃതമായതു നല്‍കേണ്ടതിന്, കര്‍ത്താവായ ഞാന്‍ മനസ്സിനെ പരിശോധിക്കുന്നു; ഹൃദയത്തെ പരീക്ഷിക്കുന്നു (യിരെമ്യ 17:10) എന്നാണ്. അപ്പോസ്തലനായ പൗലോസ് ദൈവത്തെപ്പറ്റി പറഞ്ഞത്, അവനവന്റെ പ്രവൃത്തിക്ക് അനുസൃതമായത് ഓരോരുത്തനും അവന്‍ നല്‍കുന്നു (റോമാക്കാര്‍ 2:6) എന്നാണ്കര്‍മഫലങ്ങള്‍ ദൈവം നല്‍കുന്നു എന്നുപറഞ്ഞാല്‍, ദൈവം കര്‍മഭാവങ്ങളുടെ ഫലസിദ്ധിയെ നിയന്ത്രിക്കുന്നു എന്നാണ്. ജീവിത വൃത്തികള്‍ ഓരോരുത്തനും ചെയ്യാന്‍ ദൈവം നിര്‍ദ്ദേശിക്കുന്നത്, ഇങ്ങനെയായിരിക്കാം (ഭഗവദ്ഗീത 18:61). ചുരുക്കത്തില്‍, കര്‍മഭാവങ്ങളുടെ നിയന്താവായി വേദങ്ങള്‍ ദൈവത്തെ വിളംബരം ചെയ്യുന്നു; സത്യത്തില്‍ വേദങ്ങള്‍, കര്‍മഭാവങ്ങളുടെ നിയന്താവായി മാത്രമല്ല, പ്രപഞ്ചത്തിന്റെയും അതിലെ സകല പ്രതിഭാസങ്ങളുടെയും നിയന്താവായി ദൈവത്തെ പ്രഖ്യാപിക്കുന്നു.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...