Showing posts with label മനുസ്‌മൃതി. Show all posts
Showing posts with label മനുസ്‌മൃതി. Show all posts

Sunday, 11 October 2026

മനുസ്‌മൃതി ഒരു സ്ത്രീപക്ഷ രചന

സ്ത്രീയെ പൂജിക്കുക

ശൂദ്രൻ്റെ കാതിൽ ഈയം ഉരുക്കി ഒഴിക്കണമെന്ന് ‘മനുസ്മൃതി’യിൽ പറഞ്ഞിട്ടുണ്ടെന്ന് എത്രയോ കാലം മണ്ടന്മാർ പാടി നടന്നു. ഇങ്ങനെ അതിലുണ്ടെന്ന് അംബേദ്ക്കർ പറഞ്ഞ വിഡ്ഢിത്തമാണ് പലരും വിശ്വസിച്ചത്. എന്നാൽ, അത് ആരും പരിഗണിക്കാത്ത ‘ഗൗതമ ധർമ്മസൂത്ര’ത്തിലാണ് (12:4-6) എന്ന് വെളിവായതിൽ പിന്നെ ബുദ്ധിയുള്ളവർ മിണ്ടാതായി. ജിഹാദി ക്യാമ്പിലുള്ള ചില ദലിത് കൂലിയെഴുത്തുകാർ ഇനിയും അത് അവർത്തിച്ചെന്ന് വരും.

ഇങ്ങനെ സമീപഭാവിയിൽ പൊളിയാൻ പോകുന്ന ഒന്നാണ്, ‘മനുസ്മൃതി’യിൽ ഉള്ള ‘ന സ്ത്രീ സ്വാതന്ത്ര്യമർഹതി’  (9:3) എന്ന വാചകത്തിന് അക്ഷരവൈരികൾ കൽപിച്ച ധ്വനി. ഈ വാചകത്തിന് മുൻപുള്ള വരികൾ സ്ത്രീസംരക്ഷണം എങ്ങനെയെന്ന് പറയുന്നതിനാൽ, ഇതിലെ ‘സ്വാതന്ത്ര്യം’ എന്ന വാക്ക് ഏത് കാലത്തിൽ ഏത് അർത്ഥത്തിൽ പ്രയോഗിച്ചു എന്ന് ആലോചിക്കേണ്ടതാണ്. മാത്രമല്ല, കുറഞ്ഞത് പത്ത് ശ്ലോകങ്ങൾ എങ്കിലും ‘മനുസ്മൃതി’യിൽ സ്ത്രീപക്ഷം പറയുന്നതാണ്. അതിന് പുറമെ, ഒൻപതാം അധ്യായത്തിൽ സ്ത്രീകൾക്ക് സ്വത്തവകാശം നിർണയിച്ചു നൽകുന്നു. ‘മനുസ്മൃതി’ സ്ത്രീകൾക്ക് സ്വത്തവകാശം പറയുന്ന കാലത്ത്, ഗ്രീസിൻ്റെ നേതൃത്വത്തിൽ യൂറോപ്പ് ആകെ അടിമത്തം പുരുഷന്മാർക്ക് മേൽ പോലും അടിച്ചേൽപിച്ചിരുന്നു എന്നും ഓർക്കണം.


അതിനാൽ, ‘സ്വാതന്ത്ര്യം ‘ എന്ന വാക്കിനെ നിർധാരണം ചെയ്യും മുൻപ്, ‘മനുസ്മൃതി’ എങ്ങനെ സ്ത്രീപക്ഷ രചനയാകുന്നു എന്ന് നോക്കാം.


സ്ത്രീ ഐശ്വര്യം 


മനുസ്മൃതിയിൽ സ്ത്രീകളെ ദേവതമാരായി കാണുന്ന 10 മുഖ്യ ശ്ലോകങ്ങൾ:

.

1. യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ 

യത്രൈതാസ്തു ന പൂജ്യന്തേ സർവാസ്തത്രാഫലാ: ക്രിയാഃ (3:56)


(സ്ത്രീകൾ ആദരിക്കപ്പെടുന്നിടത്ത് ദേവതകൾ പ്രസന്നരാകുന്നു. അല്ലാത്തിടത്ത് ചെയ്യുന്ന കർമ്മങ്ങൾ ഫലപ്രാപ്തി അടയില്ല.).


2. ശോചന്തി ജാമയോ യത്ര ദിനശ്യത്ത്യാസ്തു തത്കുലം 

ന ശോചന്തി തു യത്രൈതാ വർധതേ തദ്ധി സർവഥാ (3:57)


(സ്ത്രീകൾ ദുഃഖിക്കുന്ന കുടുംബം വേഗം നശിക്കുന്നു; അവർ ദുഃഖിക്കാത്ത കുടുംബം എപ്പോഴും വളരുന്നു.)


3. ജാമയോ യാനി മോഹാനി ശപന്ത്യപ്രതിപൂജിതാഃ 

താനി കൃത്യാഹതാനീവ വിനശ്യന്തി സമന്തതഃ (3:58)

  

(സ്ത്രീകളെ ആദരിക്കാത്ത വീടുകൾ അവരുടെ ശാപത്താൽ എന്ന പോലെ തകർന്നുപോകുന്നു ).


4. തസ്മാദേതാ: സദാ പൂജ്യാ ഭൂഷണാച്ഛാദനാശനൈ:

ഭൂതികാർമൈർനരേർനിത്യം സത്കാരേഷുത്സ്വതേഷു ച (3:59)


(കുടുംബ ക്ഷേമം ആഗ്രഹിക്കുന്ന പുരുഷന്മാർ സ്ത്രീകളെ അലങ്കാരങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷണം തുടങ്ങിയവ നൽകി സദാ ആദരിക്കണം.)


5. സന്തുഷ്‌ടോ ഭാര്യയാ ഭർത്താ ഭർത്രൗ ഭാര്യാ തഥൈവ ച 

യസ്മിന്നേവ കുലേ നിത്യം കല്യാണം തത്ര വൈ ധ്രുവം (3:60)


(ഭാര്യ ഭർത്താവിലും ഭർത്താവ് ഭാര്യയിലും സന്തുഷ്ടരായ കുടുംബത്തിൽ നിതാന്ത ക്ഷേമം ഉണ്ടാകും.)


6. സ്ത്രീയസ്തു രോചമാനാ വൈ രോചയന്തി കുലം കുലം (3:62)


(സന്തുഷ്ടരും പ്രസന്നകളുമായ സ്ത്രീകൾ കുടുംബത്തെ മുഴുവൻ സന്തുഷ്ടമാക്കുന്നു).


ഇത്രയും സ്ത്രീക്ക് വേണ്ടി പറഞ്ഞ ശേഷമാണ്, ദുർവ്യാഖ്യാനം ചെയ്യപ്പെട്ട വരിയുള്ള ശ്ലോകം വരുന്നത്:


7. പിതാ രക്ഷതി കൗമാരേ ഭർത്താ രക്ഷതി യൗവനേ 

രക്ഷന്തി സ്ഥാവിരേ പുത്രാ ന സ്ത്രീ സ്വാതന്ത്ര്യമർഹതി. (9:3)


(സ്ത്രീയെ ബാല്യത്തിൽ പിതാവ്, യൗവനത്തിൽ ഭർത്താവ്, വാർധക്യത്തിൽ പുത്രന്മാർ സംരക്ഷിക്കണം; സ്ത്രീ (സംരക്ഷണം ഇല്ലാത്തവളായി) സ്വതന്ത്രമായി കഴിയരുത് 



ഇതിലുള്ളത്, കുടുംബത്തിലെ പുരുഷ ബന്ധുക്കൾ സ്ത്രീയെ സംരക്ഷിക്കണം എന്ന ആജ്ഞയാണ്. സ്ത്രീയുടെ കാര്യത്തിൽ പുരുഷൻ്റെ കടമയെന്ത് എന്ന് വിശദീകരിക്കുകയാണ്. ചില ജനപഥങ്ങൾ ഒഴിച്ചാൽ, ഭാരതം മുഴുവൻ വനസ്ഥലിയായിരുന്നപ്പോൾ, സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത സ്ത്രീക്ക് ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ സംരക്ഷണം ഉറപ്പ് വരുത്തുകയാണ്. ഇതിന് അർത്ഥം, സ്ത്രീക്ക് സകല കാര്യത്തിലും സ്വാതന്ത്ര്യമില്ല എന്നല്ല എന്ന് മേധാതിഥി വ്യാഖ്യാനിച്ചിട്ടുണ്ട്. ശാരീരികമായി അവർക്ക് സ്വയം സംരക്ഷിക്കാനാവാത്തതിനാൽ, മരണം വരെയുള്ള സംരക്ഷണ നിയമം സ്ത്രീക്ക് പാസാക്കി കൊടുത്തതാണ്. ഇങ്ങനൊന്ന് ലോകത്തിൽ ഏത് പൈതൃകത്തിലാണ് ഉള്ളത്?


അന്നത്തെ വന്യമായ സാഹചര്യങ്ങളിൽ യോദ്ധാവായ സ്ത്രീ ഉണ്ടെങ്കിൽ അവർക്കല്ലാതെ മറ്റൊരു സ്ത്രീക്കും പുറത്തിറങ്ങാൻ കഴിയില്ല. ജനാധിപത്യം ആയില്ല. രാജാവ് പറഞ്ഞത് കേട്ടില്ലെങ്കിൽ തല പോകും. എന്നിട്ടും, സ്ത്രീയെ ഉയർന്ന പീഠത്തിൽ പൂജിച്ച് ഇരുത്തിയ ശ്ലോകങ്ങൾക്ക് ശേഷം, ആ ദേവതയെ എങ്ങനെ സംരക്ഷിക്കണമെന്ന് പറയുന്നത്, സനാതന ധർമ്മമാണ്. ആദി കാവ്യമായ രാമായണത്തിൽ മിക്കവാറും ശ്ലോകങ്ങളിൽ വരുന്ന വാക്കാണ്, ധർമ്മം. സ്ത്രീയെ കുറിക്കുന്ന പുരുഷധർമ്മമാണ്, ‘മനുസ്മൃതി’ ഇവിടെ പറയുന്നത്. 


തുടർന്ന് സ്ത്രീയെപ്പറ്റി സ്മൃതി പറയുന്നത് കൂടി നോക്കാം. 


8. അസൂയൈ: ശുചിഭിർ ദേക്ഷൈ: സ്ത്രീഭിർഭർതൃവശാനുഗൈ:

പുത്രേഷു രതിമാസ്ഥായ രക്ഷ്യാ ഹി കുലയോഷിതഃ (9:26)


(കുടുംബ സ്ത്രീകൾ ശുദ്ധിയും ഉത്തരവാദിത്തവും പാലിച്ച് കുടുംബജീവിതത്തിൽ ഏർപ്പെട്ടിരിക്കണം.).


9. പ്രജാനാർത്ഥ മഹാഭാഗാ: പൂജാർഹാ ഗൃഹദീപ്തയ:

സ്ത്രിയഃ ശ്രിയശ്ച ഗേഹേഷു ന വിശേഷോസ്തി കശ്ചന (9:27)


(സ്ത്രീകൾ സന്താനോൽപ്പാദനം,  ഗൃഹജീവിതം എന്നിവയുടെ പ്രധാന ഭാഗമാണ്; അവർ വീട്ടിലെ ഐശ്വര്യവും പ്രകാശവുമാണ്).


10. അപത്യം ധർമ്മകാര്യാണി ശുശ്രൂഷാ രതിരുത്തമാ 

ദാരാധീനസ്തഥാ സ്വർഗ്ഗ: പിതൃണാമാത്മനശ്ച ഹ. (9:28)

 

(സന്താനം, ധാർമിക കടമകൾ, ഭർതൃശുശ്രൂഷ, ദാമ്പത്യജീവിതം എന്നിവ കുടുംബജീവിതത്തിൻ്റെ  പ്രധാന ഘടകങ്ങളാണ്. പിതൃക്കളുടെയും സ്വധർമ്മ  ജീവിതത്തിൻ്റെയും കാര്യങ്ങളിൽ ഭാര്യയ്ക്ക് പ്രധാന പങ്കുണ്ട്.)


സ്വത്തവകാശം 


ഏതൊരു യജ്ഞത്തിലും അവിഭാജ്യ ഘടകമായ സ്ത്രീയെ കുടുംബം എന്ന സംവിധാനത്തിൽ നെടുംതൂണായി പ്രതിഷ്ഠിച്ച് അവരുടെ നിതാന്ത സാന്നിധ്യം ഉറപ്പു വരുത്തുകയാണ് ‘മനുസ്മൃതി’ ചെയ്തിട്ടുള്ളത്. പൊതു ഇടങ്ങളിൽ സ്ത്രീ സാന്നിധ്യം അരുത് എന്ന് ഉസ്താദുമാർ ഇന്നും പറയുമ്പോൾ, പെൺമക്കൾക്ക് സ്വത്തവകാശമില്ലെന്ന് ശരീ അത്ത് നിഷ്കർഷിക്കുമ്പോൾ, സ്ത്രീക്കും പെണ്മക്കൾക്കും സ്വത്തവകാശം ഉറപ്പിച്ച ഹിന്ദു നിയമവ്യവസ്ഥയാണ്, ‘മനുസ്‌മൃതി’. അടുത്ത പട്ടായ യാത്രയിലെങ്കിലും, അതിലെ ഒൻപതാം അധ്യായം രാഹുൽ ഗാന്ധി നോക്കുന്നത് നന്നായിരിക്കും. മുഴുവൻ വായിക്കണമെന്ന് ഒരു അക്ഷരവൈരിയെയും നിർബന്ധിക്കാനാവില്ല.


മനുവിൻ്റെ കാലത്ത് ഇറ്റലി ഉൾപ്പെടെ യൂറോപ്പിൽ ഒരിടത്തും കുടുംബ സ്വത്തിൽ, പിതൃസ്വത്തിൽ, മാതൃസ്വത്തിൽ സ്ത്രീക്ക് അവകാശം ഉണ്ടായിരുന്നില്ല. ക്രിസ്ത്യൻ സ്ത്രീക്ക് ഇവിടെ അവകാശം കിട്ടിയത് തന്നെ, അയ്മനം അരുന്ധതിയുടെ അമ്മ കേസ് കൊടുത്ത ശേഷമാണ്. 


‘മനുസ്മൃതി’ പറയുന്നു:


“മാതൃസ്വത്ത് പെൺമക്കൾക്ക് അവകാശപ്പെട്ടതാണ് (ശ്ലോകം 131). ഒരു കുടുംബത്തിൽ മാതാപിതാക്കളുടെ മരണ ശേഷം, സഹോദരന്മാർ സ്വത്തിലെ നാലിലൊന്ന് അവിവാഹിതരായ സഹോദരിമാർക്ക് നൽകണം (ശ്ലോകം 118). ഭർത്താവിനെ ഉപേക്ഷിച്ച ഭാര്യ പിതൃ സംരക്ഷണയിൽ കഴിയണം.”


ഇറ്റലിയിൽ സ്ത്രീകൾക്ക് സ്വത്തവകാശം കിട്ടിയത് 1865-ൽ മാത്രമാണ്. വോട്ടവകാശം 1945-ലും. ജനാധിപത്യ പിള്ളത്തൊട്ടിൽ എന്ന് ചുമ്മാ പറയുന്ന ഗ്രീസിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയ 1952-ൽ ഇന്ത്യയിൽ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ സ്ത്രീകളും വോട്ട് ചെയ്തു. ബ്രിട്ടനിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയത്, 1928-ൽ മാത്രമാണ്. 


ഹിന്ദുമതം ഇന്ത്യയിൽ ധാരാളം വെല്ലുവിളികൾ അതിജീവിച്ചതിനാൽ, ഇറ്റാലിയൻ അധിനിവേശത്തെയും ഇറ്റലി വഴിയുള്ള ചെനീസ് അധിനിവേശത്തെയും ചെറുക്കും. മൗര്യഭരണത്തിൽ അശോകൻ ബുദ്ധമതത്തെ രാഷ്ട്ര മതമാക്കിയത് ഉദാഹരണമാണ്. ഹിന്ദു മതവും ആചാരങ്ങളും വർണ്ണ വ്യവസ്ഥയും ആ ഭരണത്തിൽ തുടച്ചു നീക്കപ്പെട്ടു. പഞ്ചയജ്ഞങ്ങൾ നിലച്ചു, സമൂഹം അരാജകത്വത്തിൽ അമർന്നു. 


അവസാന മൗര്യ രാജാവായ ബ്രിഹദ്രഥനെ കൊന്ന് സേനാധിപനായ പുഷ്യമിത്ര ശുംഗ ശുംഗ സാമ്രാജ്യം സ്ഥാപിച്ചപ്പോൾ, ബി സി ഇ 185-ൽ ഹിന്ദുമതം തിരിച്ചെത്തി. അദ്ദേഹത്തിൻ്റെ ആചാര്യൻ പതഞ്‌ജലി ആചാരങ്ങൾ പുനരുജ്ജീവിപ്പിച്ചു. പതഞ്‌ജലി മുഖ്യ കാർമികനായി രണ്ട് അശ്വമേധ യാഗങ്ങൾ നടത്തി. പുഷ്യമിത്രൻ ഗ്രീക്ക് അധിനിവേശങ്ങളെ ചെറുത്തു. സഹിഷ്ണുത ഹിന്ദുമതത്തിൻ്റെ കൂടപ്പിറപ്പായതിനാൽ ഇക്കാലത്ത് ബുദ്ധ കേന്ദ്രങ്ങളായ സാഞ്ചിയും ബാർഹുതും വികസിപ്പിച്ചു. 


പതഞ്ജലിയാണ്, രാജധർമ്മം വിശദീകരിക്കുന്ന, സ്ത്രീപക്ഷ രചന കൂടിയായ ‘മനുസ്‌മൃതി’ ക്രോഡീകരിച്ചത് എന്നാണ് വിശ്വാസം. അതിൽ നിന്ന് ആദ്യം ചൊല്ലേണ്ടത് ഈ ശ്ലോകമാണ്:


‘യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ 

യത്രൈദാസ്തു ന പൂജ്യന്തേ സർവാസ്തത്രാ ഫലാ: ക്രിയാഃ 


അപ്പോൾ സ്വാതന്ത്ര്യം എന്ന വാക്ക് പ്രകാശം പരത്തി വിരാജിക്കും.


© Ramachandran


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...