Thursday, 13 June 2019

ചെഗുവേരയുടെ ഒറ്റുകാരൻ

ങ്ങളുടെയൊക്കെ യൗവനത്തെ ചൂടുപിടിപ്പിച്ച വിപ്ലവകാരികളില്‍, ചെഗുവേര കഴിഞ്ഞാല്‍, അടുത്തയാളായിരുന്നു, റെഴിസ് ദെബ്രേ. 'വിപ്ലവത്തിനുള്ളിലെ വിപ്ലവം' എഴുതിയ ആള്‍. അയാളെപ്പറ്റി ചെറിയ വിവരങ്ങള്‍ പില്‍ക്കാലത്തു വന്നുകൊണ്ടിരുന്നു. ഫ്രാന്‍സില്‍ മിത്തറാങിന്റെ ഉപദേഷ്ടാവായതും ശ്രദ്ധിച്ചു. എന്നാല്‍ കേട്ടതിലൊന്ന് ഞെട്ടിച്ചു-ചെഗുവേരയെ ബൊളീവിയയില്‍ ഒറ്റിക്കൊടുത്തത് ദെബ്രേ ആണെന്ന വിവരമായിരുന്നു, അത്. ബൊളീവിയയില്‍, ചെയുടെ ഗറിലാ സംഘത്തില്‍, ദെബ്രേ ഉണ്ടായിരുന്നു എന്ന് ഓര്‍ക്കേണ്ടിവന്നു,
 ഗാരി പ്രാദോ സാല്‍മണ്‍ എഴുതിയ 'ഡിഫീറ്റ് ഓഫ് ചെ ഗുവേര' എന്ന പുസ്തകത്തില്‍ ദെബ്രേയുടെ ചിത്രം കണ്ടപ്പോള്‍. ആദ്യം ദെബ്രേയിലേക്ക് പോയി, ഒറ്റിലേക്ക് വരാം. പാരിസിലാണ്, 1940 സപ്തംബര്‍ രണ്ടിന് ദെബ്രേ ജനിച്ചത്. മാര്‍ക്‌സിസ്റ്റ് താത്വികനായ, ഭാര്യ ഹെലനെ കഴുത്തു ഞെരിച്ചുകൊന്ന പ്രൊഫസര്‍, ലൂയി അല്‍ത്തുസറിന് കീഴില്‍ എക്കോളെ നോര്‍മാലേ സൂപ്പീരിയറെയില്‍ പഠിച്ചു. 1960 ല്‍ ഴാങ് റൗച്ചും എഡ്ഗാര്‍ മോറിനും സൃഷ്ടിച്ച സിനിമ വെറിറ്റെ ചിത്രമായ 'ക്രോണിക് ദ അന്‍ എറ്റെ'യില്‍ ദെബ്രേ ആയിത്തന്നെ ദെബ്രെ അഭിനയിച്ചു. ആ സിനിമ ഒരു വഴികാട്ടിയായിരുന്നു. 1965 ല്‍ ഫിലോസഫി ആധാരമായ സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ചു. അതുകഴിഞ്ഞ് ക്യൂബയില്‍ ഹവാന സര്‍വകലാശാലയില്‍ പ്രൊഫസറായി. ഗറിലായുദ്ധത്തെപ്പറ്റിയുള്ള കൈപ്പുസ്തകമായ 'റവല്യൂഷന്‍ ഇന്‍ റവല്യൂഷന്‍?'(1967) എഴുതുന്നത് ഇക്കാലത്താണ്. ചെയുടെ തന്നെ ലഘുലേഖയ്ക്ക് അനുബന്ധമാവുന്ന പുസ്തകം. ലാറ്റിനമേരിക്കയിലെ തീവ്രവാദ പ്രസ്ഥാനങ്ങളില്‍ നിലനിന്ന തന്ത്രപ്രധാന സിദ്ധാന്തങ്ങള്‍ ചര്‍ച്ച ചെയ്തു, ആ പുസ്തകം. അത് വായിച്ചിട്ട് ഒന്നും മനസ്സിലായില്ല. ഷഷ്ടി ബ്രദ എന്നൊരു ഭാരതീയന്‍ 'മൈഗോഡ് ഡൈഡ് യങ്' എന്നൊരു പുസ്തകമെഴുതിയതും ഹിറ്റായി അക്കാലത്ത്. അതില്‍ ചെറുപ്പത്തിലെ ലൈംഗികത തുറന്നുപറഞ്ഞിരുന്നു. ആ പുസ്തകമാണ് ശരിക്കും മനസ്സിലായത്! 
സര്‍വകലാശാലയില്‍ നിന്ന് ദെബ്രേ, ചെയ്‌ക്കൊപ്പം ബൊളീവിയയിലേക്ക് പോയി. ഗുവേരയെ 1967 ഒക്‌ടോബര്‍ എട്ടിന് പിടിച്ച് അടുത്ത നാള്‍ കൊന്നു. പക്ഷേ, അതിന് മുന്‍പ്, ഏപ്രില്‍ 20 ന് ദെബ്രേയെ ബൊളീവിയയിലെ തന്നെ ചെറിയ പട്ടണമായ മുയുപാമ്പയില്‍ അറസ്റ്റ് ചെയ്തിരുന്നു. നവംബര്‍ 17 ന് 30 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഴാങ് പോള്‍ സാര്‍ത്ര്, ആന്ദ്രേ മാല്‍റോ, ജനറല്‍ ചാള്‍സ് ഡിഗോള്‍, പോള്‍ ആറാമന്‍ മാര്‍പാപ്പ തുടങ്ങിയവര്‍ ഇടപെട്ട് 1970 ല്‍ ദെബ്രേ മോചിതനായി. ചിലിയില്‍ രാഷ്ട്രീയാഭയം തേടിയ ദെബ്രേ, സാല്‍വദോര്‍ അലന്‍ഡേയെ അഭിമുഖം ചെയ്ത്, 'ചിലിയന്‍ റവല്യൂഷന്‍' എഴുതി (1972). ചിലി അഗസ്റ്റോ പിനോഷെ പിടിച്ചതോടെ, 1973 ല്‍ ദെബ്രേ ഫ്രാന്‍സിലേക്ക് മടങ്ങി. ഫ്രാങ്‌സ്വാ മിത്തറാങ് 1981 ല്‍ പ്രസിഡന്റായപ്പോള്‍, ദെബ്രേ, വിദേശകാര്യ ഉപദേഷ്ടാവായി. അമേരിക്കന്‍ അധീശത്വം വെടിഞ്ഞ്, ഫ്രാന്‍സ് സ്വതന്ത്രമായി നില്‍ക്കാനുള്ള നയം ആവിഷ്‌കരിച്ചു. പഴയ കോളനി രാഷ്ട്രങ്ങളുമായി സൗഹൃദത്തിലേര്‍പ്പെട്ടു. ഫ്രഞ്ച് വിപ്ലവത്തിന്റെ 200-ാം വാര്‍ഷികം ആഘോഷമാക്കി. 1988 ല്‍ രാജിവച്ചു. 1990 കളുടെ മധ്യംവരെ പല ഔദ്യോഗിക പദവികളും വഹിച്ചു. ഫ്രാന്‍സിന്റെ ഉന്നത ഭരണക്കോടതിയായ 'കോണ്‍സീല്‍ ദ് ഇറ്റാറ്റി'ല്‍ ഓണററി കൗണ്‍സലറായിരുന്നു. 1996 ല്‍ ഓര്‍മക്കുറിപ്പുകള്‍ ഇറങ്ങി: ''റെഴിസ് ദെബ്രേ; പ്രെയ്‌സ്ഡ് ബി അവര്‍ ലോര്‍ഡ്‌സ്.' 



ദെബ്രേ, 2003 ല്‍ ഫ്രാന്‍സ് പാസാക്കിയ മതേതരത്വ, മതചിഹ്ന (പാഠശാലകള്‍) നിയമം പരിശോധിച്ച സ്റ്റാസി കമ്മിഷന്‍ അംഗമായിരുന്നു. സ്‌കൂളുകളിലെ മതചിഹ്നങ്ങളെ സംബന്ധിച്ച ആ നിയമത്തെ ദെബ്രേ, തുണച്ചു. ബര്‍ണാര്‍ഡ് സ്റ്റാസിയായിരുന്നു, അധ്യക്ഷന്‍. സ്‌കൂളുകളില്‍ മതപഠനം അവസാനിപ്പിക്കുകയാണ്, നിയമം ചെയ്തത്. ജറുസലേം, ബത്‌ലഹേം തുടങ്ങിയ ക്രിസ്ത്യന്‍ ന്യൂനപക്ഷ മേഖലകളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതില്‍ തല്‍പരനാണ്, ദെബ്രേ. മത, സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് 2005 ല്‍ സ്ഥാപിച്ചു. ഭാഷ വഴിയാണോ ബിംബങ്ങള്‍ വഴിയാണോ സമൂഹത്തില്‍ സാംസ്‌കാരിക കാര്യങ്ങള്‍ വിനിമയം ചെയ്യപ്പെടുന്നത് എന്ന കാര്യം പഠിക്കുന്ന മീഡിയോളജി എന്ന ദര്‍ശന ശാഖയുടെ സ്ഥാപകനാണ്, ദെബ്രേ. ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് ലൈഫ് ആന്‍ഡ് ഡെത്ത് ഓഫ് ഇമേജ്(1995), ട്രാന്‍സ്മിറ്റിംഗ് കള്‍ച്ചര്‍(2004) എന്നിവ. 2007 ല്‍ 'ലെ മൊണ്ടെ'യില്‍ എഴുതിയ ലേഖനത്തില്‍, ഫ്രഞ്ച് രാഷ്ട്രീയം മുഴുവന്‍ വലത്തേക്കു നീങ്ങുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രീയത്തിലെ പുത്തന്‍ തലമുറയ്ക്ക് മത്സരബോധമുണ്ടെങ്കിലും, ആശയങ്ങളില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അവര്‍ക്ക് സ്വഭാവ മഹിമയും ഇല്ല. ഇടതുപക്ഷത്തിന്റെ ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ വോട്ടര്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടു. മനസ്സ് ബൊളീവിയന്‍ കാടുകളില്‍ തന്നെ എന്നുതോന്നുന്നു. ഒരുകാലത്ത് ചെയെ ആരാധിച്ച ദെബ്രേ, ക്യൂബന്‍ വിപ്ലവം 30 വര്‍ഷം പിന്നിട്ടപ്പോള്‍, ചെയില്‍നിന്ന് ഏറെ അകന്നിരുന്നു. ദെബ്രേ എഴുതിയ പ്രബന്ധം, ചെയെ പിച്ചിച്ചീന്തുന്നതായിരുന്നു. ''ചെ വിഭാഗീയത വളര്‍ത്തി; ഏകാധിപതിയായിരുന്നു'', ദെബ്രേ എഴുതി. ആലപ്പുഴയിലെ കുന്തക്കാരന്‍ പത്രോസിനെപ്പോലെ ഒരാളായിരുന്നു ചെ എന്ന് ദെബ്രേ എഴുതിയതു വായിച്ചാല്‍ തോന്നും. പരുക്കന്‍. പറഞ്ഞാല്‍ കേള്‍ക്കില്ല. കാര്‍ക്കശ്യത്തിന്റെ അതിരുകള്‍ക്കപ്പുറം പോയവന്‍. ''ചെ ചില വേള ഭയങ്കര അര്‍ജന്റീനക്കാരനാകുമായിരുന്നു'' എന്ന് ചെയില്‍ നിന്ന് വേര്‍പിരിഞ്ഞ ഭാര്യ അലൈഡ മാര്‍ച്ചും പറഞ്ഞിരുന്നു. ഗറിലാ സംഘത്തില്‍ അച്ചടക്കം പ്രധാനമാണ്. പക്ഷേ, ചെ മനുഷ്യപ്പറ്റുള്ളവനായിരുന്നു എന്നാണ് ആദ്യകാല കഥകളിലുള്ളത്. പിന്നെ എന്തുകൊണ്ട്, ദെബ്രേ കഥ മാറ്റി? തിരുവനന്തപുരത്ത് ഒരിക്കല്‍ വന്ന, ചെയുടെ മകളും ഡോക്ടറുമായ അലൈഡ ഗുവേര പറയുന്നത്, ദെബ്രേയാണ് ചെയുടെ ഒറ്റുകാരന്‍ എന്നാണ്. ബൊളീവിയന്‍ പട്ടാളം ചെയുടെ താവളം കണ്ടെത്താന്‍ കാരണം, ദെബ്രേ ആണ്; അങ്ങനെ അയാള്‍, ചെയുടെ മരണത്തിനും ഉത്തരവാദി. ബ്യൂനസ് ഐറിസില്‍ നിന്നിറങ്ങുന്ന 'ക്ലാറിയന്‍' എന്ന പത്രത്തോടാണ് അലൈഡ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 1967 മാര്‍ച്ചില്‍ പട്ടാളം പിടിച്ച ദെബ്രേയുടെ മൊഴി, പട്ടാളത്തിന്റെ പണി എളുപ്പമാക്കി. കാട്ടില്‍നിന്ന് ദെബ്രേ പിടിക്കപ്പെട്ടപ്പോള്‍, ചെയ്ക്കും സംഘത്തിനും താവളം മാറേണ്ടിവന്നു. പദ്ധതികള്‍ മാറേണ്ടിവന്നു. സമയം പാഴായി. ഇതെല്ലാം പട്ടാളത്തിന് ഗുണമായി. അലൈഡയുടെ തുറന്നുപറച്ചില്‍ വന്നപ്പോള്‍, അലൈഡയെ ദെബ്രേ തുറന്നെതിര്‍ത്തു: ''അന്ന് കുട്ടി മാത്രമായിരുന്നു, അലൈഡ. സംഭവിച്ചതെന്തെന്ന് അവള്‍ക്കെങ്ങനെ അറിയാം? മറ്റുള്ളവര്‍ പറഞ്ഞത് അവള്‍ ആവര്‍ത്തിക്കുകയാണ്. അവള്‍, സ്റ്റാലിനിസ്റ്റ് ക്യൂബന്‍ സര്‍ക്കാരിന്റെ ആജ്ഞകള്‍ അനുസരിക്കുകയാണ്.'' 



ചെയുടെ 'ബൊളീവിയന്‍ ഡയറി' കൂടി നോക്കണമല്ലോ. അതനുസരിച്ച് ദെബ്രേ ഗറിലാ ക്യാമ്പിലെത്തുന്നത് 1967 മാര്‍ച്ച് 20 നാണ്. പട്ടാളം പിടിക്കുംവരെ ദെബ്രേയെ ഡയറിയില്‍ വിശേഷിപ്പിക്കുന്നത്, 'ഡാന്റണ്‍' എന്നോ 'ഫ്രഞ്ചുകാരന്‍' എന്നോ ആണ്. മാര്‍ച്ച് 21 ന് ചെ എഴുതി: ''ഫ്രഞ്ചുകാരന്‍... വന്നു. ഞാനയാളോട് ഫ്രാന്‍സില്‍ ഒരു കാവല്‍സംഘത്തെ സൃഷ്ടിക്കാന്‍ പറഞ്ഞു. വഴിക്ക് അയാള്‍ക്ക് ക്യൂബയില്‍ ചെലവിടാം. അയാളുടെ കാമുകിയെ വിവാഹം ചെയ്ത് കുട്ടിയാകാം.'' ദെബ്രേയെ, ചെ ഉള്ളിലേക്കെടുത്തില്ല എന്നര്‍ത്ഥം. അനുഭാവി ഗ്രൂപ്പിലാണ്, അയാള്‍! ഡാന്റണെ പിന്നെ പരാമര്‍ശിക്കുന്നത് ഒരിംഗ്ലീഷ് റിപ്പോര്‍ട്ടര്‍ ക്യാമ്പിലെത്തിയത്, ഏപ്രില്‍ 19 ന് വിവരിക്കുമ്പോഴാണ്. ചെയും സംഘവും അയാളെ ചാരനായി കാണുന്നു. റിപ്പോര്‍ട്ടര്‍ തങ്ങള്‍ക്ക് ഗുണമാകാമെന്ന് ദെബ്രേ പറയുന്നു. റിപ്പോര്‍ട്ടര്‍ വഴി തനിക്ക് ഗറിലാ മേഖലയില്‍ നിന്ന് രക്ഷപ്പെടാം. ദെബ്രേയും ബുസ്റ്റോസും റിപ്പോര്‍ട്ടറും ക്യാമ്പ് വിടുന്നു. ഏപ്രില്‍ 27 ലെ ചെയുടെ ഡയറിക്കുറിപ്പ്: ''കാമിരിക്കടുത്ത്, ഡാന്റണ്‍ തടവിലായതു സ്ഥിരീകരിച്ചു.'' ഏപ്രില്‍ 30ന് ആ മാസത്തെ സംഭവങ്ങളുടെ സംഗ്രഹത്തില്‍, ചെ എഴുതുന്നത്, ദെബ്രേയ്ക്ക് ക്യാമ്പ് വിടാന്‍ ധൃതിയായിരുന്നു എന്നാണ്. എങ്കില്‍, അയാള്‍ക്ക് പിന്നില്‍ ആരോ ഉണ്ടായിരുന്നിരിക്കാം. ചെ മെയ് 5 ലെ ഡയറിക്കുറിപ്പില്‍ റേഡിയോയില്‍ കേട്ടത് ഉദ്ധരിക്കുന്നു: ''ദെബ്രേയെ കാമിരിയിലെ പട്ടാളക്കോടതി ഗറിലാ നേതാവെന്ന നിലയില്‍ വിചാരണ ചെയ്യും.'' ഏതാനും നാള്‍ മാത്രം ഗറിലാ ക്യാമ്പില്‍ കഴിഞ്ഞയാള്‍ അങ്ങനെ, ഊതിവീര്‍പ്പിക്കപ്പെട്ടു. ദെബ്രേ നേതാവായി; ചെ യെ പട്ടാളം കൊന്നു. കൊല്ലപ്പെടും മുന്‍പ്, ദെബ്രേ വേണ്ടതിലധികം പട്ടാളക്കാരുമായി ചോദ്യം ചെയ്യലില്‍ സഹകരിച്ചെന്ന് ചെയ്ക്ക് ഉറപ്പായിരുന്നു. ചില ഖണ്ഡികകള്‍ക്ക് മുമ്പ്, ദെബ്രേ ക്യൂബന്‍ സര്‍ക്കാരിനെ സ്റ്റാലിനിസ്റ്റ് എന്ന് വിളിച്ചത് ശ്രദ്ധിക്കുക. കാസ്‌ട്രോ സ്റ്റാലിനിസ്റ്റാണ് എന്നര്‍ത്ഥം. അച്യുതാനന്ദന് പറ്റിയ ചങ്ങാതി.  

ടമാര,ചെഗുവേരയുടെ കാമുകി

ക്യൂബയിലെ വിപ്ലവത്തെപ്പറ്റി വായിക്കുമ്പോള്‍, നക്‌സലൈറ്റ് അജിതയെ ഓര്‍മയിലേക്ക് കൊണ്ടുവരുന്ന കഥാപാത്രമാണ്, ചെഗുവേരയുടെയും ദെബ്രേയുടെയും കഥകളില്‍ കാണുന്ന ടാനിയ എന്ന ഹെയ്ദി ടമാര ബങ്കെ ബിദര്‍ (1937-1967). അര്‍ജന്റീനയില്‍ പിറന്ന കിഴക്കന്‍ ജര്‍മന്‍ ചാര വനിത. വിപ്ലവശേഷം ക്യൂബന്‍ പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. ചെയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച ഏക പെണ്‍ഗറില്ല. സിഐഎ സഹായത്തോടെ ബൊളീവിയന്‍ പട്ടാളം അവരെ വെടിവച്ചു കൊന്നു.
ജര്‍മന്‍ കമ്യൂണിസ്റ്റുകളായ എറിക് ബങ്കെ, നാദിയ ബിദര്‍ (പോളണ്ടുകാരി) എന്നിവരുടെ മകളായി ബ്യൂനസ് ഐറിസില്‍ ജനനം. പിതാവ് ജര്‍മന്‍ പാര്‍ട്ടിയില്‍ 1928 ല്‍ ചേര്‍ന്ന്, 1933 ല്‍ നാസിഭരണം വന്നപ്പോള്‍, ഭാര്യയ്‌ക്കൊപ്പം അര്‍ജന്റീനയ്ക്ക് രക്ഷപ്പെട്ടതാണ്. അവര്‍ അര്‍ജന്റീനയിലെ പാര്‍ട്ടി അംഗമായി. ടമാരയും സഹോദരന്‍ ഒലാഫും രാഷ്ട്രീയാതിപ്രസരത്തില്‍, കണ്ണൂര്‍ സഖാക്കളെപ്പോലെ വളര്‍ന്നു. അവരുടെ വീട്ടിലായിരുന്നു, ആയുധശേഖരം.
കിഴക്കന്‍ ബര്‍ലിനിലെ ഹംബോള്‍ട് സര്‍വകലാശാലയില്‍ രാഷ്ട്രമീമാംസ പഠിച്ചു.
തെക്കേ അമേരിക്കയിലെ നാടന്‍ പാട്ടില്‍ ഭ്രമിച്ചു. 1952 ല്‍ കുടുംബം കിഴക്കന്‍ ജര്‍മനിക്ക് മടങ്ങിയ ശേഷമാണ്, സര്‍വകലാശാലാ പഠനം. ഭരണത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ ചേര്‍ന്നു. ഹവാനയിലും വിയന്നയിലും ആഗോള വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുത്തു. റഷ്യന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ജര്‍മന്‍ ഭാഷകള്‍ സംസാരിച്ചു.
ചെ യെ പരിചയപ്പെടുന്നത് 1960 ല്‍, 23-ാം വയസ്സില്‍. അദ്ദേഹം കിഴക്കന്‍ ജര്‍മന്‍ നഗരമായ ലീപ്‌സിഗില്‍ എത്തിയതായിരുന്നു. ടാനിയ ആയിരുന്നു, ദ്വിഭാഷി. അടുത്ത വര്‍ഷം വിപ്ലവത്തിന്റെ ആരാധിക, ക്യൂബയിലെത്തി.
സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ ടാനിയ തിളങ്ങി. ബൊളീവിയയിലെ ചെയുടെ ദൗത്യത്തിന് ‘ഓപ്പറേഷന്‍ ഫന്റാസ്മ’ എന്നായിരുന്നു, പേര്. ടാനിയ അതിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡാരിയല്‍ അലാര്‍കോണ്‍ റാമിറെസ് (ബെനിഞ്ഞോ), പടിഞ്ഞാറന്‍ ക്യൂബയിലെ പിനാര്‍ ദെല്‍ റിയോയില്‍ പരിശീലിപ്പിച്ചു. കത്തി, മെഷീന്‍ഗണ്‍, പിസ്റ്റള്‍ എന്നിവ ഉപയോഗിക്കാന്‍ പഠിച്ചു. ടെലഗ്രാഫ് സന്ദേശങ്ങള്‍, കോഡ് ഭാഷയില്‍ റേഡിയോ സന്ദേശങ്ങള്‍ എന്നിവ അയയ്ക്കാന്‍ പഠിച്ചു. എല്ലാ ഗറില്ലകള്‍ക്കും വ്യാജപ്പേരുണ്ടാകുമെന്നതിനാല്‍, ടമാര, ടാനിയ ആയി. ഗിറ്റാറിലും പിയാനോയിലും അര്‍ജന്റീനയിലെ നാടന്‍ പാട്ടുകള്‍ വായിച്ച് ജനത്തെ മയക്കി.
ബൊളീവിയയിലേക്ക് 1964 ഒക്‌ടോബറില്‍ പോയത്, ലോറ ഗുട്ടിയേറസ് ബോയര്‍ എന്ന പേരില്‍. ചെയുടെ അന്തിമ പോരാട്ടത്തിന്റെ ചാരവനിത. വലതുപക്ഷ നാടന്‍ കലാകാരിയായി അഭിനയിച്ചു. ബൊളീവിയന്‍ ബുദ്ധിജീവികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍, ടാനിയ പടര്‍ന്നു. ബൊളീവിയയുടെ പ്രസിഡന്റ് റെനെ ബാരിയന്റിസിനൊപ്പം പെറുവില്‍ അവധിക്കാലം ചെലവിട്ടു; ഒരു ബൊളീവിയന്‍ യുവാവുമായി ‘സൗകര്യവിവാഹ’ത്തിലേര്‍പ്പെട്ട് പൗരത്വം നേടി.

ടാനിയയുടെ അപാര്‍ട്ട്‌മെന്റിനു പിന്നില്‍ ചുമരിലൊളിപ്പിച്ച റേഡിയോ വഴിയാണ്, കാസ്‌ട്രോയ്ക്ക് സന്ദേശം അയച്ചിരുന്നത്. താവളങ്ങളില്‍ ഗറിലകളോട് പ്രണയസന്ദേശങ്ങള്‍ അയയ്ക്കുന്നായി ഭാവിക്കുകയും ചെയ്തു. 1966 അവസാനം, പല സഖാക്കളെയും വിശ്വസിക്കാനാവില്ലെന്ന് മനസിലാക്കിയ ടാനിയ നാങ്കഹാസുവിലെ ഗ്രാമീണ ക്യാമ്പിലേക്ക് പലവട്ടം പോയി. ഇത്തരം യാത്രകളിലൊന്നില്‍, പിടിക്കപ്പെട്ട ഒരു ഗറില്ല പട്ടാളത്തിന് താവളം വെളിപ്പെടുത്തി. അവിടെ ടാനിയ പാര്‍ക്കു ചെയ്ത ജീപ്പില്‍നിന്ന് ആളുകളുടെ വിലാസമെഴുതിയ പുസ്തകം കണ്ടെത്തിയതോടെ, ടാനിയയുടെ കള്ളിവെളിച്ചത്തായി; അവള്‍ മുഴുവന്‍ സമയ ഗറില്ല മാത്രമായി. തകര്‍ന്ന വിപ്ലവത്തെ അതിജീവിച്ച ഗറില്ല ബെനിഞ്ഞോ പറഞ്ഞത്, ചെയും ടാനിയയും പ്രണയത്തിലായി എന്നാണ്. ”അവസാനകാലത്ത് അവര്‍ പതിഞ്ഞ ശബ്ദത്തില്‍ പരസ്പരം കണ്ണുകളില്‍ നോക്കി സംസാരിച്ചിരുന്നു.”
പനിയും കാലിലെ പരിക്കും കാരണം വല്ലാതായ ടാനിയയെയും 16 സംഘാംഗങ്ങളെയും ചെ മലയിറക്കിവിട്ടു. 1967 ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചരയ്ക്ക് ഗാന്‍ഡെ നദി കുറുകെ കടക്കുമ്പോള്‍, പട്ടാളം സംഘത്തെ കണ്ടെത്തി. പട്ടാളം വെടിവച്ചു കൊല്ലുമ്പോള്‍, ടാനിയ, അരക്കെട്ടോളം വെള്ളത്തില്‍, തലയ്ക്കുമേല്‍ റൈഫിള്‍ ഉയര്‍ത്തിനിന്നു. കൈയിലും ശ്വാസകോശത്തിലും വെടിയേറ്റു. സെപ്തംബര്‍ ആറിന് മാത്രമാണ്, പട്ടാളത്തിന് ടാനിയയുടെ ഒഴുകി നീങ്ങിയ ജഡം കണ്ടെത്താനായത്. പിരാനാ മത്സ്യങ്ങള്‍ കൊത്തിവലിച്ച ജഡം പ്രസിഡന്റ് ബാരിയന്റോസിനടുത്തെത്തിയപ്പോള്‍, മറ്റ് ഗറിലകള്‍ക്കൊപ്പം തെമ്മാടിക്കുഴിയിലടക്കാനായിരുന്നു തീരുമാനം; എന്നാല്‍, നാട്ടിലെ പെണ്ണുങ്ങള്‍ ഒരു ക്രൈസ്തവ സംസ്‌കാരം നല്‍കാന്‍ നിര്‍ബന്ധിച്ചു.
ചെയുടെ ജീവചരിത്രകാരന്‍ ജോണ്‍ ലി ആന്‍ഡേഴ്‌സണ്‍ 1997 ല്‍ ചെയുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയശേഷം, വല്ലെഗ്രാന്‍ഡെ പട്ടാളത്താവളത്തിലെ ഒരു തെമ്മാടിക്കുഴിയില്‍, 1998 ഒക്‌ടോബര്‍ 13 ന്, ടാനിയയുടെ അവശിഷ്ടങ്ങളും കണ്ടത്തി. അത് ക്യൂബയില്‍, ചെ മൗസോളിയത്തില്‍ സംസ്‌കരിച്ചു.
ഒരുപാട് കിംവദന്തികള്‍ നിലനില്‍ക്കുന്നു: ടാനിയ കെജിബിയുടെയുടെ കിഴക്കന്‍ ജര്‍മന്‍ സ്റ്റാസിയുടെയും ചാരപ്പണി നടത്തിയിരുന്നു; കൊല്ലപ്പെടുമ്പോള്‍, ചെയുടെ കുഞ്ഞ്, വയറ്റിലുണ്ടായിരുന്നു. റഷ്യയും ജര്‍മനിയും, അവര്‍ ചാരപ്പണി ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി.
ഉറൂഗ്വേക്കാരനായ ഹൊസേ എ. ഫ്രീഡ്ല്‍ ‘ചെഗുവേര പ്രണയിച്ച ടാനിയ’ എന്നൊരു പുസ്തകമെഴുതിയിരുന്നു. ടാനിയയുടെ അമ്മ നാദിയ, 2003 ല്‍ മരിക്കും മുന്‍പ്, ആ പുസ്തകം ജര്‍മനിയില്‍ വില്‍ക്കുന്നത് കേസുകൊടുത്ത് തടയുകയുണ്ടായി.

പിടിച്ചപ്പോൾ ദെബ്രെ തത്തയായി

ദെബ്രേ ഒറ്റുകാരനാണെന്ന് ചെ ഗുവേരയുടെ മകള്‍ ഡോ.അലൈഡ പറയുന്നുവെങ്കിലും, ചെ യെ പിടിച്ച ബൊളീവിയന്‍ ബറ്റാലിയന്റെ മേധാവി ഗാരി പ്രാദോ സാല്‍മണിന്റെ ഭാഷ്യം അങ്ങനെയല്ല. അദ്ദേഹമെഴുതിയ 'ദ ഡിഫീറ്റ് ഓഫ് ചെഗുവേര'യില്‍, ദേബ്രേയെപ്പറ്റി മൂന്നുപേജുകളുണ്ട്. ദെബ്രേ സിഐഎ ഏജന്റാണെന്ന കിംവദന്തി എക്കാലവുമുണ്ടായിരുന്നു. എന്നാല്‍, അയാള്‍ ഒരു ബുദ്ധിജീവി മാത്രമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അയാള്‍, പട്ടാളം പിടിച്ച പാടെ സര്‍വതും തത്തപോലെ പറഞ്ഞതായി, പ്രാദോയുടെ പുസ്തകത്തില്‍ കാണാം.
 കേരളത്തിലെ ഏതു നക്‌സലൈറ്റിനെ പിടിച്ചാലും, കഥ ഇതുതന്നെ; ബുദ്ധിജീവിയായിപ്പോയല്ലോ. ചെയുടെ ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട് ഒരുമണിക്കൂറിനകം, പുലര്‍ച്ചെ അഞ്ചരയ്ക്കാണ്, ദെബ്രേ, ബുസ്‌റ്റോസ് എന്നിവര്‍ റോത്തിനൊപ്പം പട്ടാളത്തിന്റെ പിടിയിലായത്. ദെബ്രേ പത്രപ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ടതു പട്ടാളം സ്വീകരിച്ചു. ബുസ്റ്റോസിന് ഒരു രേഖയും ഹാജരാക്കാനായില്ല. ദെബ്രേയുടെ പാസ്‌പോര്‍ട്ട് സ്വന്തം പേരിലായിരുന്നു; ബൊളീവിയയില്‍ മുന്‍പ് പോയിരുന്നു. അതിനാല്‍, ഗറിലകളിലൊരാളാണെന്ന വിവരം മറച്ചുവയ്ക്കാനായി. എന്നാല്‍, ബൊളീവിയയിലെ വാസം നിയമവിരുദ്ധമായിരുന്നു. ഗറില്ലയായ ടാനിയ ഉണ്ടാക്കിയ രഹസ്യവഴിയില്‍, ചിലിയില്‍ നിന്നാണ് ദെബ്രേ എത്തിയത്. മാധ്യമങ്ങളില്‍ ദെബ്രേയെപ്പറ്റി വന്നത് ഏപ്രില്‍ 23 ന്. പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ ദെബ്രേ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത രാജ്യാന്തരതലത്തില്‍ കോളിളക്കമുണ്ടാക്കി. കാരണം, ദെബ്രേയും കാസ്‌ട്രോയും സുഹൃത്തുക്കളായിരുന്നു. ഏപ്രില്‍ അവസാനം, ദെബ്രേയെയും കൂട്ടരെയും തടവിലാക്കിയ വാര്‍ത്ത ജനറല്‍ ഒവാണ്ടോ സ്ഥിരീകരിച്ചു. കാമിറിയില്‍ നിന്ന് ഇവരെ ലാ എസ്‌പെരാന്‍സയിലേക്ക് മാറ്റി. റേഞ്ചര്‍ ബറ്റാലിയന്റെ പരിശീലനകേന്ദ്രമായിരുന്ന അവിടെ, ആരും അവരെ അന്വേഷിക്കുമായിരുന്നില്ല. ഒരുമാസം ഇവരെ ചോദ്യം ചെയ്തു. ദെബ്രേ, ദീര്‍ഘമായ ചോദ്യം ചെയ്യലില്‍ താഴെ പറയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയതായി പ്രാദോ പറയുന്നു: 

 ദെബ്രേ 1966 ല്‍ ഹവാനയില്‍ കാസ്‌ട്രോയുമായി കണ്ടിരുന്നു. ബൊളീവിയയില്‍ ചെ ഗറിലാ പോരാട്ടത്തിലാണെന്ന് കാസ്‌ട്രോ പറഞ്ഞു. . നവംബര്‍ അവസാനം ഗറിലകള്‍ താവളമുണ്ടാക്കിയതിനാല്‍, ദെബ്രേയ്ക്ക് ആ വിവരം പരസ്യപ്പെടുത്താനാകുമായിരുന്നു. . ദെബ്രേ ഫെബ്രുവരി മധ്യത്തില്‍ ചിലി വഴി അനധികൃതമായി എത്തി. ലാ പാസില്‍ ടാനിയയുമായി ബന്ധപ്പെട്ട് ആ സമയത്തു കണ്ട ബുസ്റ്റോസിനും ടാനിയയ്ക്കുമൊപ്പം, ബസില്‍ കൊച്ച ബാംബയ്ക്കും സുക്രെയിലേക്കും പോയി. അവിടന്നു ടാക്‌സിയില്‍, കാമിറിയില്‍. അവിടെ കൊക്കോയെ സന്ധിച്ച്, ടാനിയ ജീപ്പില്‍ തകരമേല്‍പുരയുള്ള വീട്ടില്‍ അവരെ എത്തിച്ചു. മാര്‍ച്ച് ആറ് വൈകിട്ട് അവര്‍ ക്യാമ്പിലെത്തി. അവിടെ 20 പേരുണ്ടായിരുന്നു. ബൊളീവിയക്കാരും ക്യൂബക്കാരുമായിരുന്നു, പ്രധാനികള്‍.  ദെബ്രേ, മാര്‍ച്ച് 20 വരെ കാത്താണ്, ചെയെ കണ്ടത്. ഗ്രാന്‍ഡെ നദിയുടെ ഭാഗത്തെ ഒരു കൂടിക്കാഴ്ചയില്‍ നിന്നു സംഘത്തോടൊപ്പം മടങ്ങിയതായിരുന്നു, ചെ. . ഗറിലകള്‍ക്ക് നിരവധി താവളങ്ങള്‍. ദെബ്രേ കേന്ദ്രക്യാമ്പ് എവിടെയാണെന്ന് വെളിപ്പെടുത്തി. എല്‍ ഓസോ. ചെറിയ താവളങ്ങളെപ്പറ്റിയും പറഞ്ഞു. പട്ടാളത്തില്‍ നിന്ന് പിടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും അവിടങ്ങളില്‍ ഗുഹകളിലാണ് ഇവയും ഭക്ഷണ പദാര്‍ത്ഥങ്ങളും ഒളിപ്പിച്ചിരുന്നത്. . ചെയുമായി അഭിമുഖം നടത്തുകയായിരുന്നു, ദെബ്രേയുടെ ലക്ഷ്യം. ഇത് മാര്‍ച്ച് 22 നും 23 നും നടന്നു. അഭിമുഖത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു: ചെ നവംബറില്‍ എത്തിയത് വേഷപ്രച്ഛന്നനായാണ്. കഷണ്ടി, താടിയില്ല, വ്യാജരേഖകള്‍. വിജയംവരെ അല്ലെങ്കില്‍, മരണംവരെ, നാങ്കഹാസുവില്‍ വാസം. ഗറില യുദ്ധതന്ത്രത്തെപ്പറ്റി സംവാദം നടന്നു. ഭിന്നതകള്‍, താവളങ്ങള്‍ സ്ഥിരമാകണോ താല്‍ക്കാലികങ്ങളാവണോ എന്നതിനെപ്പറ്റിയായിരുന്നു. മുന്നണിസേന ഒന്നു വേണോ പലതുവേണോ? ചെ പദ്ധതി വിശദീകരിച്ചു. ചില കാര്യങ്ങള്‍ മുറുക്കിക്കഴിഞ്ഞാല്‍, ഭൂഖണ്ഡമാകെ. ഒരു ഏകോപനകേന്ദ്രം വേണം. ഉത്തര അമേരിക്കന്‍ സായുധ ഇടപെടല്‍ അനിവാര്യമാക്കും. എന്തുകൊണ്ട് ബൊളീവിയ തെരഞ്ഞെടുത്തു? പെറുവായിരുന്നു ഭേദം എന്നാണ് ചെയ്ക്ക് തോന്നിയത്. പക്ഷേ, ബൊളീവിയയില്‍ നിന്ന് പെറു, അര്‍ജന്റീന, പരാഗ്വേ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാം. ഇപ്പോഴത്തെ താവളത്തിന് ആ മേഖലയ്ക്കപ്പുറം ബന്ധങ്ങളില്ല. ഭക്ഷ്യക്ഷാമമുണ്ട്. അതു വാങ്ങാന്‍ ഇഷ്ടംപോലെ പണമുണ്ട്. രണ്ടു ഗറിലകള്‍, മൊയിസസ് ഗുവേരയുടെ നേതൃത്വത്തില്‍ താവളം വിട്ടതിനാല്‍, തര്‍ക്കമുണ്ടായി. മൊയിസസ് കൊണ്ടുവന്നത്, ഭീരുക്കളെയും ഒറ്റുകാരെയുമാണെന്ന് ഇന്റി പറഞ്ഞു. ദെബ്രേ, നാങ്കഹാസു, ഇരിപ്പിറ്റി പോരാട്ടങ്ങളില്‍ പങ്കെടുത്തില്ല. ഗറിലകള്‍ ദെബ്രേയെ സംരക്ഷിക്കാന്‍ ആഗ്രഹിച്ചു. റോത്തിന്റെ ബന്ധങ്ങള്‍ വഴി സ്ഥലം വിടാന്‍ ദെബ്രേ ആഗ്രഹിച്ചു. ദെബ്രേ വെളിപ്പെടുത്തിയ കാര്യങ്ങള്‍ സാഹചര്യത്തിന്റെ പൂര്‍ണചിത്രം നല്‍കിയെന്ന്, പ്രാദോ എഴുതുന്നു. ബുദ്ധിജീവികള്‍ പാവങ്ങളും ലോലമനസ്‌കരുമാണ്. ഏതൊരു ബുദ്ധിജീവിയിലും, ഒരു കെ.വേണു ഒളിഞ്ഞിരിക്കുന്നു.

Wednesday, 12 June 2019

അങ്ങനെ ചെഗുവേര കൊല്ലപ്പെട്ടു

1967 ഒക്‌ടോബര്‍ ഒന്‍പത് ഉച്ചയ്ക്ക് 1.10 ന്, ഏണസ്റ്റോ ചെ ഗുവേരയെ, ബൊളീവിയന്‍ പട്ടാളത്തിലെ സര്‍ജന്റ്, ജെയ്മി മരിയോ ടെറാന്‍ വെടിവച്ചുകൊന്നു. അയാള്‍ ചെയുടെ മുഖത്തുനോക്കിയില്ല. നെഞ്ചിലും ശരീരത്തിന്റെ ഒരു വശത്തും നിറയൊഴിച്ചു. ആ സ്‌കൂള്‍ മുറിയിലേക്ക് പിന്നെ നിരവധി പട്ടാളക്കാര്‍ ഇരച്ചെത്തി, തലങ്ങും വിലങ്ങും ചെയെ വെടിവച്ചു. ചെ യെ കൊല്ലാന്‍, ജെയ്മിയെ തെരഞ്ഞെടുത്തത്, സിഐഎ ഏജന്റ് ഫെലിക്‌സ് റോഡ്രിഗ്‌സ് ആയിരുന്നു. ലാ ഹിഗേ്വരയിലെ സ്‌കൂള്‍ മുറിയില്‍, ചെളിയില്‍ കിടക്കുകയായിരുന്നു, ചെ. കൈകള്‍ രണ്ടും പിന്നിലേക്ക് ചേര്‍ത്തുകെട്ടിയിരുന്നു. കാലുകള്‍ രണ്ടും കൂട്ടിക്കെട്ടിയിരുന്നു. സഹഗറിലകളുടെ ശവങ്ങള്‍ക്കിടയിലാണ്, അയാള്‍ കിടന്നത്. സിഐഎ ഏജന്റ് റോഡ്രിഗ്‌സ് ചെയെ കണ്ടപ്പോള്‍, ചെ, ഭാര്യയ്ക്കും ഫിഡല്‍ കാസ്‌ട്രോയ്ക്കുമുള്ള സന്ദേശങ്ങള്‍ നല്‍കി. അവര്‍ ആലിംഗനം ചെയ്തു. പുറത്തിറങ്ങിയ റോഡ്രിഗ്‌സ്, കൊലയാളിയെ, മുറിക്കകത്തേക്ക് അയച്ചു. ജെയ്മി, ലഫ്റ്റനന്റ് പെരെസില്‍നിന്ന്, എം2 കാര്‍ബൈണ്‍ കടം വാങ്ങി, മുറിക്കുള്ളിലേക്ക് കയറി. വയനാട്ടില്‍ കൊല്ലപ്പെട്ട നക്‌സല്‍ നേതാവ്, അടിമകളുടെ പെരുമന്‍, വര്‍ഗീസുമായി ചെ യ്ക്ക് പല സാമ്യങ്ങളുമുണ്ട്. ഡിഐജി ലക്ഷ്മണ, കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരെ, വര്‍ഗീസിനെ കൊല്ലാന്‍ തെരഞ്ഞെടുത്തതുപോലെയല്ലേ, റോഡ്രിഗ്‌സ്, ജെയ്മിയെ തെരഞ്ഞെടുത്തത്? കണ്ണൂരില്‍ താന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍, വര്‍ഗീസ് ഓഫിസ് സെക്രട്ടറിയായിരുന്നുവെന്ന്, എം.വി.രാഘവന്‍ എന്നോടു പറഞ്ഞിട്ടുണ്ട്; പിണറായി വിജയനും നക്‌സലൈറ്റായിരുന്നു. എകെജി മടക്കിക്കൊണ്ടുവന്നതാണ്. 

ചെയുടെ മരണത്തെപ്പറ്റി ഇനി, സംശയങ്ങള്‍ക്ക് ന്യായമില്ല; കുറെ രേഖകള്‍, സിഐഎ, രഹസ്യ സ്വഭാവം ഉപേക്ഷിച്ച് പുറത്തുവിട്ടിട്ടുണ്ട്. ചെയെ കൊന്ന ബൊളീവിയന്‍ പട്ടാളത്തിന്റെ രണ്ടാം റേഞ്ചര്‍ ബറ്റാലിയന്റെ കമാന്‍ഡര്‍ ഗാരി പ്രദോ സാല്‍മണ്‍ തന്നെ എഴുതിയ 'ദ ഡിഫീറ്റ് ഓഫ് ചെ ഗുവേര' എന്ന പുസ്തകം, ഡൽഹി  ദാരിയഗഞ്ചിലെ ഒരു ഗുദാമില്‍നിന്ന് ഒരിക്കല്‍ എനിക്ക് കിട്ടി. ചെയുടെ അന്ത്യത്തെപ്പറ്റി ലീ ആന്‍ഡേഴ്‌സന്‍ എഴുതിയ വിഖ്യാതമായ ജീവചരിത്രത്തിലുണ്ട്. അന്ത്യത്തെപ്പറ്റി മാത്രം രണ്ടു പുസ്തകങ്ങളുണ്ട്: ജോര്‍ജ് കാസ്റ്റനേഡ എഴുതിയ, The Life and Death of Che Guevara. ബട്ടര്‍ഫീല്‍ഡ് റയാന്‍ എഴുതിയ, The Fall of Che Guevara. ബ്രയാന്‍ ലാറ്റെല്‍ എന്ന സിഐഎ അനലിസ്റ്റ്, 1965 ഒക്‌ടോബര്‍ 18 ന് സിഐഎയെ അറിയിച്ച വിശകലനത്തില്‍, ചെയും ഫിദലും തമ്മിലുള്ള വിള്ളല്‍ പരാമര്‍ശിക്കുന്നു. അക്കാലത്ത്, ചെയെ ക്യൂബയില്‍ പുറത്തുകണ്ടിരുന്നില്ല; അദ്ദേഹത്തിന് സംഭവിച്ചതെന്ത് എന്ന ആകാംക്ഷ വളര്‍ന്നിരുന്നു. അന്ന്, ക്യൂബന്‍ വിപ്ലവ നേതാവ് എന്ന നിലയില്‍, ചെയുടെ പ്രാമുഖ്യം നഷ്ടപ്പെട്ടിരുന്നു. ത്വരിത വ്യവസായവികസനം എന്ന ചെയുടെ സാമ്പത്തികനയം, ക്യൂബയെ കുത്തുപാള എടുപ്പിച്ചു, ഫിദലിന്റെ ഭരണത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിച്ചു. ഫിദലും കൂട്ടരും ക്യൂബന്‍ വിപ്ലവംകൊണ്ടുണ്ടായ ആഭ്യന്തര കുഴപ്പങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും, ഗറിലാ വിപ്ലവ തന്ത്രത്തില്‍ ചെ ഉറച്ചുനിന്നു. ചെയ്ക്ക് വിരുദ്ധമായി, ഈ പ്രശ്‌നങ്ങളില്‍ ഫിദല്‍ എടുത്ത മുന്‍കരുതലോടെയുള്ള സമീപനം, ചെയെ പതനത്തില്‍ എത്തിച്ചു. അതിനാല്‍, ചെ, ക്യൂബയില്‍ ഇല്ല എന്നാണ്, ലാറ്റെലിന്റെ വിശകലനം. 1966 സെപ്തംബര്‍ -1967 ജൂണ്‍ കാലത്ത്, സിഐഎയ്ക്ക് കിട്ടിയ രഹസ്യവിവരങ്ങളുടെ സംഗ്രഹം, 1967 ഒക്‌ടോബര്‍ 17 ലെ സിഐഎ ഇന്റലിജന്‍സ് കേബിളില്‍ ഉണ്ട്. ചെയുടെ ഗറിലാ യുദ്ധമുറ, ചെയുടെ ബൊളീവിയന്‍ ദൗത്യം എന്നിവയെപ്പറ്റി, സോവിയറ്റ് യൂണിയനും ക്യൂബയും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. സോവിയറ്റ് പ്രധാനമന്ത്രി അലക്‌സി കോസിജിന്‍, 1967 ജൂണില്‍ ഹവാനയിലെത്തി, ഫിദലുമായി ഭിന്നതകള്‍ ചര്‍ച്ച ചെയ്തു. ആ ചര്‍ച്ചവഴി ഭിന്നതകള്‍ മൂര്‍ച്ഛിച്ചു. സോവിയറ്റ് യൂണിയന്‍ ലാറ്റിനമേരിക്കയില്‍ അംഗീകരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുണ്ട്. അവയുമായി സംഘര്‍ഷത്തിലാകാനേ, വിപ്ലവം ക്യൂബയില്‍നിന്നു മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുക എന്ന ചെയുടെ നയം ഉതകിയുള്ളൂ എന്നായിരുന്നു, സോവിയറ്റ് യൂണിയന്റെ വിലയിരുത്തല്‍. ഫിദലിന്റെ മന്ത്രിസഭയില്‍നിന്ന് രാജിവച്ച് ചെ എഴുതിയ വിടപറയല്‍ സന്ദേശം, ചെയുടെ ആഗ്രഹത്തിനു വിരുദ്ധമായി, 1965 ഒക്‌ടോബര്‍ മൂന്നിന്, ഫിദല്‍ പരസ്യമായി, പ്രസംഗത്തിനിടെ വായിച്ചിരുന്നു. ''ക്യൂബന്‍ വിപ്ലവത്തിലെ എന്റെ കടമ ഞാന്‍ നിര്‍വഹിച്ചു, സഖാക്കളെ, നിങ്ങള്‍ക്ക് വിട'' എന്നായിരുന്നു, സന്ദേശം. 
ഫെലിക്സ് റോഡ്രിഗ്‌സ് 
ചെ, ദുര്‍ബലനാകാന്‍ തുടങ്ങിയത് 1964 ആരംഭത്തിലാണ്. 1963 അവസാനം, ചെയുടെ ത്വരിത വ്യവസായ വികസന പദ്ധതി ക്യൂബയെ വെള്ളത്തിലാക്കി. അത് സോവിയറ്റ് മാതൃകയല്ല, ചൈനീസാണ് എന്ന വിമര്‍ശനമുണ്ടായി. 1964 ജൂലൈയില്‍, ക്യൂബന്‍ മന്ത്രിസഭയില്‍, ചെയുടെ തലയ്ക്ക് മുകളിലൂടെ രണ്ടു നിയമനങ്ങള്‍ ഉണ്ടായി. ലാറ്റിനമേരിക്കയിലെ വിവിധരാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും വിപ്ലവം കയറ്റുമതി ചെയ്യാനുള്ള ചെയുടെ പദ്ധതി, അവതാളത്തിലായി. അങ്ങനെ 1964 ഡിസംബറില്‍, ചെ, മൂന്നുമാസത്തേക്ക്, അമേരിക്ക, ആഫ്രിക്ക, ചൈന എന്നിവിടങ്ങളില്‍ യാത്ര പോയി. തിരിച്ചെത്തിയപ്പോള്‍, സ്ഥാനമൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ നയങ്ങള്‍ നിരാകരിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, അദ്ദേഹം വിപ്ലവ കയറ്റുമതിക്ക് ബൊളീവിയയില്‍ പോയത്. 1966 സെപ്തംബര്‍ രണ്ടാംവാരത്തിനും നവംബര്‍ ആദ്യവാരത്തിനുമിടയില്‍ ചെ, വ്യാജ ഉറുഗ്വേ പാസ്‌പോര്‍ട്ടില്‍, ബൊളീവിയയില്‍ എത്തി. ബൊളീവിയയില്‍ വിപ്ലവം മൂന്നു കാരണങ്ങള്‍കൊണ്ട് നടത്താന്‍ ചെ ആഗ്രഹിച്ചു: അമേരിക്കയ്ക്ക് അവിടെ ശ്രദ്ധയില്ല; അഞ്ച് രാജ്യങ്ങളുമായി ബൊളീവിയ അതിര്‍ത്തി പങ്കിടുന്നതിനാല്‍, ആ രാജ്യങ്ങളിലേക്കും വിപ്ലവം കയറ്റുമതി ചെയ്യാം. ബൊളീവിയ ദരിദ്രമായതിനാല്‍, വിപ്ലവത്തിനു പാകമാണ്. മൗലികമായ ഒരാശയവും ഇല്ലാതിരുന്നയാളാണ് ചെ. ക്യൂബ വിപ്ലവത്തിന്റെ ഇടത്താവളം മാത്രമാണെന്ന മണ്ടന്‍ ആശയം മാത്രം, മൗലികമാണെന്നു പറയാം. 
മരിയോ ടെറൻ 
ചെയുടെ ഗറിലാ സംഘത്തിന് 1967 മാര്‍ച്ച്-ഓഗസ്റ്റ് കാലത്ത്, ബൊളീവിയന്‍ പട്ടാളത്തിനുമേല്‍, ചില വിജയങ്ങളുണ്ടായി. പട്ടാളത്തിലെ അംഗസംഖ്യ 20,000 മാത്രം; 30 പട്ടാളക്കാര്‍ മരിക്കുമ്പോള്‍, ഒരു ഗറില എന്നതായിരുന്നു, നില. 1967 ഏപ്രില്‍ 28 ന്, ബൊളീവിയന്‍ പട്ടാളത്തിലെ ജനറല്‍ ഒവാന്‍ഡോയും യുഎസ് പട്ടാളത്തലവനും തമ്മില്‍ ധാരണാ പത്രം ഒപ്പിട്ടു. ബൊളീവിയന്‍ സേനയുടെ രണ്ടാം ബറ്റാലിയന്റെ പരിശീലനം, ഏകോപനം എന്നിവ യുഎസ് പട്ടാളം നിര്‍വഹിക്കും എന്നതായിരുന്നു, ധാരണ. നാലുമാസത്തെ പരിശീലനത്തിനുശേഷം, 650 അംഗ പ്രത്യേക സേന, ചെയുടെ ഗറിലാ സംഘത്തെ പിന്തുടരും. പാനമയിലെ സൗത്ത്‌കോമിലുള്ള യുഎസ് പ്രത്യേകസേനയുടെ എട്ടാം ഡിവിഷനിലെ 16 അംഗ ഗ്രീന്‍ ബെറെറ്റ് സംഘത്തിനായിരുന്നു, പരിശീലന ദൗത്യം. ഇതുവഴിയാണ്, ഒക്‌ടോബറില്‍ ബൊളീവിയന്‍ പട്ടാളത്തിന്റെ രണ്ടാം ബറ്റാലിയന്‍, സിഐഎ സഹായത്തോടെ ചെയുടെ സംഘത്തെ നാനാവിധമാക്കിയത്. ധാരണാപത്രമനുസരിച്ച്, സിഐഎ ക്യൂബന്‍-അമേരിക്കക്കാരനായ ഏജന്റ്,ഫെലിക്‌സ് റാമോസ് (റോഡ്രിഗ്‌സ്) മെദീനയെ ദൗത്യം ഏല്‍പിച്ചു. എഡ്വേര്‍ഡോ ഗോണ്‍സാല്‍വസ് ആയിരിക്കും സഹായി. ഇരുവരും ഓഗസ്റ്റ് രണ്ടിന്, ലാപാസിലെ സിഐഎ സ്റ്റേഷനില്‍, മേധാവി ജോണ്‍ ടില്‍ട്ടണെ കണ്ടു. കേസ് ഓഫിസര്‍ 'ജിം' (വ്യാജനാമം), അവിടെയുണ്ടായിരുന്നു. ഗുസ്താവോ വില്ലാഡോ ഉടനെത്തും. ഓഗസ്റ്റ് 31 ന് ചെയുടെ സംഘത്തിന്റെ മൂന്നിലൊന്ന്, പോരാട്ടത്തില്‍ നശിച്ചു. ഹൊസെ കാസ്റ്റിലോ ഷാവേസ് (പാക്കോ എന്ന് ഓമനപ്പേര്) പിടിക്കപ്പെട്ടു. ഗറിലകള്‍ പിന്‍വാങ്ങി. ചെയുടെ ആരോഗ്യം മോശമായി. സെപ്തംബര്‍ മൂന്നിന്, റോഡ്രിഗ്‌സും ബൊളീവിയന്‍ പട്ടാളത്തിലെ മേജര്‍ അര്‍നാള്‍ഡോ സെന്റേനയും സാന്താക്രൂസില്‍ നിന്ന് പാക്കോയെ ചോദ്യം ചെയ്യാന്‍, വല്ലെ ഗ്രാന്‍ഡേയിലേക്ക് പോയി. അതില്‍നിന്നാണ്, റോഡ്രിഗ്‌സിന് ചെ എവിടെയുണ്ടെന്ന സൂചന കിട്ടിയത്. അയാളാണ്, പട്ടാളത്തോട് അങ്ങോട്ടുനീങ്ങാന്‍ ഉത്തരവിട്ടത്. സെപ്തംബര്‍ 24 ന് ചെയും സംഘവും, ക്ഷീണിതരായി, രോഗികളായി, ലോമാ ലാര്‍ഗയിലും 26 ന് ലാ ഹിഗ്വേരയിലും എത്തി. ഗ്രാമീണര്‍ എല്ലാവിവരവും പട്ടാളത്തിനു നല്‍കി. നാട്ടുകാര്‍ക്ക് വിപ്ലവത്തില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല; ഒരു സ്വയംഭോഗ വിപ്ലവം. 30 ന് ഗ്രാന്‍ഡെ നദിക്കു തെക്ക്, ചെയും സംഘവും, വല്ലെ സെറാഗോ കാട്ടിലെ കെണിയില്‍ അകപ്പെട്ടു. വിപ്ലവം കയറ്റുമതി ചെയ്യാന്‍ പുറപ്പെട്ട് 11 മാസം തികഞ്ഞ ഒക്‌ടോബര്‍ ഏഴിന്, ചെ ഡയറിയില്‍, അവസാന വരികള്‍ കുറിച്ചു. ആടുവളര്‍ത്തുന്ന ഒരു വൃദ്ധ അവരെ കണ്ടത് പട്ടാളത്തെ അറിയിക്കാതിരിക്കാന്‍, 50 പീസോ കോഴ കൊടുത്ത വിവരമാണ്, അത്. ചുറോ മലയിടുക്കില്‍, ചെയും 17 ഗറിലകളും എത്തിയെന്ന വിവരം, പട്ടാളത്തിനു കിട്ടി. രണ്ടുപേരെ കൊന്നു. 'അന്റോണിയോ', 'കാര്‍ട്ടൂഗ', 'റമോണ്‍', 'വില്ലി' (വ്യാജപ്പേരുകള്‍) എന്നിവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതില്‍, റമോണ്‍ ആയിരുന്നു, ചെ. വലംകൈ, സൈമണ്‍ ക്യൂബ സരാബിയ ആയിരുന്നു, വില്ലി. ചെയ്ക്ക്, കാലില്‍ വെടിയേറ്റു. അടുത്തനാള്‍, ഒക്‌ടോബര്‍ എട്ടിന് ചെയും കൂട്ടരും യൂറോ പുഴക്കരയിലുണ്ടെന്ന് ഒരു വൃദ്ധ പട്ടാളത്തെ അറിയിച്ചു. ഇത്, കോഴ കിട്ടിയ വൃദ്ധയാണോ എന്നറിയില്ല. ഉച്ചയ്ക്ക് 12 ന്, ജനറല്‍ പ്രാദോ രണ്ടുഗറിലകളെ കൊന്നു. മറ്റുള്ളവര്‍ക്ക് പരുക്കേറ്റു. ഒന്നരയ്ക്കായിരുന്നു, അവസാന പോരാട്ടം. ചെ, സരാബിയയ്ക്ക് പിന്നില്‍നിന്നു. കാലില്‍ പല കുറി വെടിയേറ്റു. സരാബിയ, ചെയെ പൊക്കിയെടുത്ത് നീങ്ങി. ചെയുടെ തൊപ്പി വെടിയുണ്ടയേറ്റ് താഴെ വീണു. വെറും പത്തുവാര അകലെ, ചെ, റേഞ്ചേഴ്‌സിനെ കണ്ടു. ഒറ്റക്കൈ കൊണ്ട് ചെയ്ക്ക്, തോക്കുയര്‍ത്താനായില്ല. വലതുകാലില്‍ വെടിയേറ്റു. തോക്കു താഴെവീണു. വലതുകൈ വെള്ളയില്‍ ഒരു വെടിയുണ്ട തുളച്ചുകയറി. സേന, ചെയെ വളഞ്ഞു. ''വെടിവയ്ക്കരുത്, ഞാനാണ്, ചെ ഗുവേര, ഞാന്‍ ജീവിക്കുന്നതാണ്, നിങ്ങള്‍ക്ക് നന്ന്,'' ചെ പറഞ്ഞു. പ്രാദോ സന്ദേശമയച്ചു: Hello Saturn, We have Papa. സാറ്റേണ്‍ എന്നത് എട്ടാം ബൊളീവിയന്‍ പട്ടാള ഡിവിഷന്റെ മേധാവി, കേണ്‍ ജൊയാക്വിം സെന്റേന. പപ്പ എന്നാല്‍, ചെ. 'ഓപ്പറേഷന്‍ പപ്പ' എന്നായിരുന്നു, ആ ദൗത്യത്തിന്റെ പേര്. ഒരു കമ്പിളിപ്പുതപ്പില്‍, ഏഴു കിലോമീറ്ററകലെ ലാ ഹിഗ്വേരയിലേക്ക്, നാലു പട്ടാളക്കാര്‍, ചെയെ വഹിച്ചു. ചെ, സരാബിയ എന്നിവരെ ഒരു മുറിയിലാക്കി. രാത്രി വേറെ ഗറിലകളും തടവുകാരായി എത്തി. ചെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന വ്യാജ സന്ദേശം പട്ടാളം കൈമാറി. അടുത്തനാള്‍, റോഡ്രിഗ്‌സ്, സെന്റേനയ്‌ക്കൊപ്പം ഹെലികോപ്റ്ററില്‍, ലാ ഹിഗ്വേരയിലെത്തി. റേഡിയോയും ക്യാമറയും അയാള്‍ക്കൊപ്പമുണ്ടായിരുന്നു. ആശയവിനിമയ വിദഗ്ദ്ധനായിരുന്നു, റോഡ്രിഗ്‌സ്. ചെ യെ ജീവനോടെ പിടിക്കാനായിരുന്നു, സിഐഎ ആജ്ഞ. എന്നാല്‍ ബൊളീവിയന്‍ പ്രസിഡന്റ് റെനെ ബാരിയന്റോസിന്റെ ആജ്ഞയാണ്, അയാള്‍ കേട്ടത്: ചെയെ കൊല്ലുക. ചെയുടെ മുഖത്തു വെടിവയ്ക്കരുതെന്ന് റോഡ്രിഗ്‌സ് പറഞ്ഞു. അങ്ങനെയുണ്ടായാല്‍, ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നു തോന്നും. മുറിയിലേക്ക് ചെന്ന്, ചെയെ കൊല്ലുമെന്ന വിവരം, റോഡ്രിഗ്‌സ്, അദ്ദേഹത്തെ അറിയിച്ചു. 
ഗാരി പ്രാദോ സാൽമൺ 
കൊലയ്ക്കുശേഷം, ചെയുടെ റോളക്‌സ് വാച്ച്, റോഡ്രിഗ്‌സ് ഊരിയെടുത്തു. ജഡത്തില്‍ നിന്ന്, ചെയുടെ കൈകള്‍ ഗുസ്താവോ വില്ലോഡോ വെട്ടി; മരിച്ചതിനു തെളിവ്. വില്ലാ ഗ്രാന്‍ഡെയിലെ വിജനമായ വിമാനമിറക്കാനുള്ള മൈതാനത്ത്, ജഡം മറവുചെയ്തു. ആ രഹസ്യ സ്ഥലം 1997 ജൂണില്‍ കണ്ടെത്തി. കൊല്ലും മുന്‍പ്, തനിക്ക് എണീറ്റു നില്‍ക്കണം എന്നു ചെ പറഞ്ഞപ്പോള്‍, സര്‍ജന്റ് ജയ്മി പേടിച്ചു. എണീറ്റുനിന്ന ചെ പറഞ്ഞു: ''ഇതറിയുക, നീ ഒരു മനുഷ്യനെയാണ് കൊല്ലുന്നത്.'' ക്യൂബയില്‍ പോകാത്തവനാണ്, ക്യൂബാ മുകുന്ദന്‍; എം.എ.ബേബിയുടെ തീര്‍ത്ഥാടന കേന്ദ്രമാണ് ക്യൂബ. ബേബിയാണ് തന്നെ ക്യൂബയില്‍ കൊണ്ടുപോയതെന്നു നടന്‍ മുരളി എന്നോടു പറയുകയുണ്ടായി. ഫിദല്‍ കാസ്‌ട്രോ പ്രസംഗിച്ചു നില്‍ക്കുന്നിടത്തുനിന്നു പോയി, ലഹരി രുചിച്ച് അഞ്ചാറു മണിക്കൂര്‍ കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴും, ഫിദല്‍ കാസ്‌ട്രോ, പ്രസംഗിച്ചു തന്നെ നില്‍ക്കുന്നു. എന്തൊരസംബന്ധ നാടകം! ഇവിടെ നാല്‍ക്കവലകളില്‍, പാര്‍ട്ടി പോസ്റ്ററുകളില്‍ ഗുരുവിനും ചട്ടമ്പിക്കും വിവേകാന്ദനുമൊപ്പമാണ്, ചെ. ഇവരും, ചെയുമായി എന്താണ് ബന്ധം? എവിടെയാണ്, അഗാധത? ക്യൂബയിലെ അച്യുതാനന്ദനാണ് ഫിദല്‍ എന്നല്ലേ യെച്ചൂരി പറഞ്ഞത്? ചെഗുവേരയെ പൂവിട്ടു പൂജിക്കുന്നവരോട് ഒന്നുചോദിക്കട്ടെ. കൊല്‍ക്കത്ത തീസിസ് എന്ന പേരില്‍ 1948 ല്‍ തന്നെ ചെയുടെ സിദ്ധാന്തം, ഇവിടെ വന്നിരുന്നില്ലേ? അപ്പോള്‍, പി.സുന്ദരയ്യയും ബി.ടി.രണദിവെയും പി. കൃഷ്ണപിള്ളയും കെ.വി.പത്രോസുമല്ലേ കേമന്മാര്‍? പത്രോസിന്റെ ചിത്രം, സഖാവേ, എവിടെപ്പോയി?
കൊലയാളികൾ 
ഫെലിക്‌സ് റോഡ്രിഗ്‌സ് മെന്‍ഡി ഗുട്ടിയ: ചെയെ കൊന്നതില്‍ മാത്രമല്ല, ബേ ഓഫ് പിഗ്‌സ് കീഴടക്കിയതിലും പങ്ക്. 1941 മെയ് 31 ന് ജനനം. ക്യൂബന്‍ അമേരിക്കന്‍. ഇറാന്‍-കോണ്‍ട്രാ പ്രശ്‌നകാലത്ത് ജോര്‍ജ് ബുഷിന്റെ സുഹൃത്ത്. ബാറ്റിസ്റ്റ മന്ത്രിസഭയില്‍ മരാമത്തു മന്ത്രിയായിരുന്നു പിതാവ്. ധനിക കുടുംബം. കാസ്‌ട്രോ വന്നപ്പോള്‍, കുടുംബാംഗങ്ങളില്‍ പലരെയും കൊന്നു.
മരിയോ ടെറാന്‍: ചെയെ വെടിവച്ചുകൊന്നയാള്‍. 74 വയസ്സ്. വിവാഹിതന്‍, അഞ്ചുമക്കള്‍. ബൊളീവിയന്‍ നഗരമായ സാന്താക്രൂസില്‍, പെദ്രോ സലാസര്‍ എന്ന പേരില്‍ രഹസ്യജീവിതം. സിഐഎ സംരക്ഷിക്കുന്നു. 2006 ല്‍ വ്യാജനാമത്തില്‍, തിമിരത്തിന് ക്യൂബന്‍ ഡോക്ടര്‍മാര്‍ ചികിത്സിച്ചു, കാഴ്ച തിരിച്ചുകിട്ടി. രണ്ടുവര്‍ഷം മുമ്പാണ്, ഇയാളാണ് വെടിവച്ചതെന്നു കണ്ടെത്തിയത്.
ഗാരി പ്രാദോ സാല്‍മണ്‍: ചെയെ കൊന്ന സേനാ കമാന്‍ഡര്‍. 1938 ല്‍ ജനനം. ഇപ്പോള്‍, ബൊളീവിയയെ വിഭജിക്കാന്‍ ശ്രമിച്ച ഭീകരരെ തുണച്ച കേസില്‍ വീട്ടുതടങ്കലില്‍. ചെയെ പിടിച്ച കഥ 'ചെയുടെ തോല്‍വി' എന്ന പേരില്‍ പുസ്തകമാക്കി

ചെഗുവേര ,രക്തദാഹി

ഫിദല്‍ കാസ്‌ട്രോയ്ക്ക് പകരം, ചെ ഗുവേരയായിരുന്നു ക്യൂബയുടെ തലവനായത് എങ്കില്‍, എന്തു സംഭവിക്കുമായിരുന്നു?
ഹിറ്റ്‌ലര്‍, സ്റ്റാലിന്‍, പോള്‍ പോട്ട്, മാവോ എന്നിവരെപ്പോലെ ഒരു കശാപ്പുകാരനാകുമായിരുന്നു. അതിന് സൂചന നല്‍കുന്നതാണ്, ലാ കബാനയിലും സിയറാ മെയ്‌സ്ത്രയിലും ജയിലുകളില്‍ ചെ നടത്തിയ കൂട്ടക്കൊലകള്‍. അവയെ ന്യായീകരിച്ച് അയാള്‍ പറഞ്ഞു:
തോക്കു സേനയുടെ മുന്നിലേക്ക് ആളുകളെ അയയ്ക്കാന്‍, നിയമത്തിന്റെ തെളിവുവേണ്ട. ഇവയെല്ലാം പ്രാചീന ബൂര്‍ഷ്വാ പ്രക്രിയകളാണ്. നമ്മുടേത് വിപ്ലവമാണ്! ശുദ്ധമായ വെറുപ്പുകൊണ്ട് പ്രചോദിപ്പിക്കപ്പെട്ട, ക്രൂരമായി കൊല്ലുന്ന യന്ത്രമായിരിക്കണം, ഒരു വിപ്ലവകാരി.
കാസ്‌ട്രോയുമായി പിണങ്ങി ബൊളീവിയയിലേക്ക് സ്ഥലം വിട്ടില്ലെങ്കില്‍, അയാള്‍ വലിയ കശാപ്പുകാരനായേനെ. ‘ലാ കബാനയിലെ കശാപ്പുകാരന്‍’ എന്ന ഇരട്ടപ്പേര്, ബൊളീവിയയിലേക്ക് പോകും മുന്‍പേ അയാള്‍ക്ക് കിട്ടി. കാസ്‌ട്രോയുടെ മുഖ്യ രാഷ്ട്രീയ തടവറയായിരുന്നു, ലാ കബാന. മുഴുവന്‍ പേര്, സാന്‍ കാര്‍ലോസ് ദ് ലാ കബാന. ബറ്റിസ്റ്റയെ അട്ടിമറിച്ച വിപ്ലവത്തിനുശേഷം കാസ്‌ട്രോ, ചെ യെ ഈ തടവറയുടെ സൂക്ഷിപ്പുകാരനാക്കി. കരിങ്കല്ലില്‍ തീര്‍ത്ത കോട്ടയായിരുന്നു, അത്.
കശാപ്പാണ് നീതി നടത്തിപ്പ് എന്ന ആശയം 1967 ഏപ്രിലില്‍, ഇടതുമാസികയായ ‘ട്രൈ കോണ്ടിനെന്റലി’ ന് നല്‍കിയ സന്ദേശത്തില്‍ ചെ വ്യക്തമാക്കിയിരുന്നു.
വെറുപ്പ് പോരാട്ടത്തിന്റെ ഘടകമാണ്. ശത്രുവിനോടുള്ള ചാഞ്ചല്യമില്ലാത്ത വെറുപ്പ് മനുഷ്യനെ അവന്റെ പ്രകൃതിദത്തമായ പരിമിതികള്‍ ലംഘിച്ച്, പ്രാപ്തിയുള്ള, അക്രമോത്സുകനായ, തെരഞ്ഞുപിടിക്കുന്ന, തണുത്തുറഞ്ഞ, കൊലപാതക യന്ത്രമാക്കുന്നു.
ചെയുടെ മോട്ടോര്‍ സൈക്കിള്‍ യാത്രാവിവരണത്തിന്റെ മൂലത്തില്‍, ”വെടിമരുന്നിന്റെയും ചോരയുടെയും ഉന്മത്തമായ ഗന്ധം എന്റെ നാസാരന്ധ്രങ്ങളെ വികസിപ്പിക്കുന്നു” എന്നു കാണുന്നത്, ശരിയായിരിക്കാനിടയില്ല എന്ന് ചെയുടെ മുന്‍ കാമുകി ചിച്ചിന ഫെറെയ്‌റ പറഞ്ഞിട്ടുണ്ട്. എന്നാല്‍, സുഹൃത്ത് ഗ്രാനഡോയോട്, നന്നേ ചെറുപ്പത്തില്‍ ചെ പറഞ്ഞു: ”വെടിയില്ലാതെ എന്ത് വിപ്ലവം? നിനക്ക് ഭ്രാന്താണ്!”
1954 ല്‍ ഗ്വാട്ടിമാലയില്‍ ജേക്കബോ അര്‍ബെന്‍സിന്റെ വിപ്ലവ ഭരണകൂടം അട്ടിമറിക്കപ്പെട്ടത് കണ്ട ചെ, അമ്മ സീലിയ യോസയ്ക്ക് എഴുതി: ”ബോംബുകളും പ്രഭാഷണങ്ങളും മറ്റും എന്റെ വിരസതയെ തകര്‍ത്തത് നല്ല രസമായിരുന്നു.”
ബറ്റിസ്റ്റയെ അട്ടിമറിക്കാന്‍ മെക്‌സിക്കോയില്‍നിന്ന് ക്യൂബയിലേക്ക് ‘ഗ്രാന്‍മ’ ബോട്ടില്‍ കാസ്‌ട്രോയ്‌ക്കൊപ്പം യാത്ര ചെയ്ത ചെ, അതില്‍നിന്നിറങ്ങി 1957 ജനുവരി 28 ന് ഭാര്യയ്ക്ക് എഴുതി: ”ഞാന്‍ രക്തദാഹിയായി, ക്യൂബന്‍ കാട്ടിലാണ്.” ഇത്, അവര്‍, ആദ്യ ഭാര്യ ഹില്‍ഡ ഗാഡിയ, ‘മൈ ലൈഫ് വിത്ത് ചെ’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു.
അര്‍ബെന്‍സിന് അധികാരം പോയത് വേണ്ടത്ര ശത്രുക്കളെ കശാപ്പു ചെയ്യാത്തതിനാലാണെന്ന് ചെ നിരീക്ഷിച്ചു. കാമുകിയായ ടിറ്റ ഇര്‍ഫന്റെയ്ക്ക് അയാള്‍ എഴുതി: ”കുറെപ്പേരെ കൊന്നിരുന്നെങ്കില്‍, സര്‍ക്കാരിന് തിരിച്ചടിക്കാന്‍ കഴിയുമായിരുന്നു.”
ബറ്റിസ്റ്റക്കെതിരായ കലാപത്തിലും, ഹവാനയിലേക്ക്, ഭരണകൂടത്തെ അട്ടിമറിച്ച് കടക്കുമ്പോഴും, ചെ നിരവധിയാളുകളെ കൊല്ലുകയും തത്സമയ വിചാരണകളില്‍ ആള്‍ക്കൂട്ടങ്ങളെ കൊല്ലാന്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്തു. ഒരാളെ സംശയിച്ചാല്‍ തന്നെ കൊന്നുകളയുമായിരുന്നു. സിയറാ മെയ്‌സ്ത്രയില്‍നിന്നുള്ള ചെയുടെ ഡയറിക്കുറിപ്പില്‍നിന്ന്, യൂട്ടീമിയോ ഗുവേരയെ, ചെ കൊന്നത്, അയാള്‍ ശത്രുക്കള്‍ക്ക് വിവരം നല്‍കി എന്നു സംശയം തോന്നിയതിനാല്‍ മാത്രമായിരുന്നു എന്നുകാണാം. ഇതാണ് ഡയറിക്കുറിപ്പ്: ”ഞാന്‍ അയാളുടെ തലച്ചോറിന്റെ വലതുവശത്ത് 0.32 കാലിബര്‍ പിസ്റ്റള്‍ പ്രയോഗിച്ച്, ആ പ്രശ്‌നം പരിഹരിച്ചു….. അയാളുടെ സ്വത്തെല്ലാം ഇനി എന്റേതാണ്.” വിപ്ലവകാരികളില്‍നിന്ന് യാത്ര പറഞ്ഞു പിരിയാന്‍ ശ്രമിച്ച അരിസ്റ്റിഡിയോ എന്ന കര്‍ഷകനെയും ചെ വെടിവച്ചുകൊന്നു. ”അയാള്‍ മരണത്തിന് ശരിക്കും അര്‍ഹനായിരുന്നോ എന്ന് എനിക്കറിയില്ല,” ചെ എഴുതി. അകാരണമായി, തന്റെ സഖാവിന്റെ സഹോദരനായ എക്കെവെരിയയെ കൊല്ലാന്‍ ചെ ഉത്തരവിട്ടു. ഇരകളെ മാനസികമായി പീഡിപ്പിക്കാന്‍, ചെ, അവരെ കൊല്ലുന്നതായി അഭിനയിച്ചു.
ചെയെപ്പറ്റി ഡോക്യുമെന്ററിക്ക് ഗവേഷണം ചെയ്ത് ലൂയിസ് ഹാര്‍ഡിയ, പൊദ്രാ കോര്‍സാ എന്നിവരോട് വിപ്ലവ കമാന്‍ഡറായിരുന്ന ജെയ്മി കോസ്റ്റാ വാസ്‌ക്വെസ് പറഞ്ഞത്, പില്‍ക്കാലത്ത് ക്യൂബന്‍ ആഭ്യന്തരമന്ത്രിയായ റാമിറോ വാല്‍ദെസിന്റെ മേല്‍വിലാസത്തിലുള്ള കൊലകളെല്ലാം നടത്തിയത് ചെ ആയിരുന്നു എന്നാണ്. വാല്‍ദെസ് അന്ന് ചെയുടെ മേല്‍നോട്ടത്തിലായിരുന്നു. ”സംശയിച്ചാല്‍, കൊല്ലുക” എന്നായിരുന്നു ചെയുടെ ആജ്ഞ. വിപ്ലവവിജയത്തലേന്ന്, സാന്താ ക്ലാര ദ്വീപില്‍ ചെ രണ്ടു ഡസന്‍ പേരെ കൊല്ലാന്‍ ഉത്തരവിട്ടു. അതില്‍ ചിലരെ ഒരു ഹോട്ടലിലാണ് കൊന്നതെന്ന്, പിന്നീട് പത്രപ്രവര്‍ത്തകനായ വിപ്ലവകാരി മാര്‍സെലോ ഫെര്‍ണാണ്ടസ്-സയാസ് എഴുതിയിട്ടുണ്ട്. അക്കൂട്ടത്തില്‍, തൊഴിലില്ലായ്മയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രം വിപ്ലവത്തില്‍ പങ്കെടുത്ത കര്‍ഷകരും പെട്ടു.
ചെ കാമുകി ടിറ്റയ്‌ക്കൊപ്പം 
ചെ ഡ്രാക്കുളയായി മാറിയത്, വിപ്ലവശേഷം ലാ കബാന ജയിലിന്റെ ചുമതല കിട്ടിയപ്പോഴാണ്. 18-ാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഹവാനയെ രക്ഷിക്കാന്‍ കെട്ടിപ്പൊക്കിയ കോട്ടയായിരുന്നു അത്. പിന്നീട് അത് പട്ടാളത്താവളമായി. ലാ കബാനയില്‍ ചെയ്ക്ക് കീഴില്‍ പ്രവര്‍ത്തിച്ച് പിന്നീട് പോര്‍ട്ടോറിക്കോയില്‍ പ്രൊഫസറായ ഹൊസെ വിലാസുസോ പറയുന്നത്, അവിടെ ചെ പട്ടാളക്കോടതിയുണ്ടാക്കി എന്നാണ്. വിപ്ലവ നടത്തിപ്പിന് ഓരോരുത്തരും കൊലപാതകികളാകണം എന്നായിരുന്നു ആജ്ഞ. മിഗ്വല്‍ ദുഖ് എസ്ട്രാഡയായിരുന്നു വിലാസുസോയുടെ അധികാരി. വധശിക്ഷയ്ക്ക് ഫയലുകള്‍ ശരിയാക്കുകയായിരുന്നു വിലാസുസോയുടെ ജോലി.
ശിക്ഷവിധിച്ചു കഴിഞ്ഞാല്‍, തിങ്കള്‍ മുതല്‍ വെള്ളിവരെ പാതിരയ്ക്കാണ് വെടിവച്ചു കൊന്നിരുന്നത്. വിലാസുസോ ഓര്‍ക്കുന്ന ഒരു കരാള രാത്രിയില്‍, ഏഴുപേരെ വെടിവച്ചുകൊന്നു. 300 പേര്‍ക്ക് മാത്രം കഴിയാവുന്നിടത്ത് 800 പേരുണ്ടായിരുന്നെന്നാണ്, തടവുപുള്ളികള്‍ക്ക് അന്ത്യശുശ്രൂഷ നല്‍കിയിരുന്ന കത്തോലിക്കാ പുരോഹിതനും വിമോചന ദൈവശാസ്ത്രജ്ഞനുമായ ഹവിയേര്‍ അര്‍സുഗ ഓര്‍ക്കുന്നത്. അക്കൂട്ടത്തില്‍ മുന്‍ പട്ടാളക്കാര്‍, പത്രപ്രവര്‍ത്തകര്‍, കച്ചവടക്കാര്‍, വ്യവസായികള്‍ എന്നിവരുണ്ടായിരുന്നു. അപ്പീല്‍ കോടതി അധ്യക്ഷനായിരുന്നു, ചെ. ഒരു വിധിയും അയാള്‍ റദ്ദാക്കിയില്ല. ”ശിക്ഷ വിധിക്കപ്പെട്ടവര്‍ ഞാന്‍ ഹിപ്‌നൊട്ടൈസ് ചെയ്തതിനാല്‍ ശാന്തരായിരുന്നുവെന്ന് കിംവദന്തി പരന്നു; അതിനാല്‍ കൊല്ലുമ്പോള്‍ എന്റെ സാന്നിദ്ധ്യം വേണമെന്ന് ചെ നിര്‍ബന്ധിച്ചു,” അര്‍സുഗ ഓര്‍ക്കുന്നു.
അര്‍സുഗ മേയില്‍ പോയശേഷവും കൊലകള്‍ നടന്നു. 55 വധശിക്ഷകള്‍ക്ക് അര്‍സുഗ സാക്ഷിയായി. പലവട്ടം തടവുകാര്‍ക്കായി ചെയോട് അദ്ദേഹം യാചിച്ചു. ഏരിയല്‍ ലിമ എന്ന കുട്ടിക്ക് വേണ്ടിയും അപേക്ഷിച്ചു. ചെ വഴങ്ങിയില്ല. കാസ്‌ട്രോയും വഴങ്ങിയില്ല. 1959 മേയില്‍ അര്‍സുഗ, ലാ കബാന തടവറയുടെ കാസാ ബ്ലാങ്ക ഇടവക വിടുമ്പോള്‍, മടുത്തിരുന്നു. മൂന്നുവര്‍ഷം അവിടെ അദ്ദേഹം കുര്‍ബാന അര്‍പിച്ചു. അര്‍സുഗ വിട പറയുമ്പോള്‍ ചെ പറഞ്ഞു: ”നാം ഇരുവരും പരസ്പരം സ്വന്തം ചേരിയിലേക്ക് മാറാന്‍ പ്രേരിപ്പിച്ചെങ്കിലും, വിജയിച്ചില്ല. നാം മുഖംമൂടികള്‍ മാറ്റിയാല്‍, ശത്രുക്കളാകും.”
ലാ കബാനയില്‍ 200 പേരെ കൊന്നിട്ടുണ്ടാകുമെന്ന് പെദ്രോ കോര്‍സോ പറയുന്നു. റിട്ടയര്‍ ചെയ്ത ധനശാസ്ത്ര പ്രൊഫസര്‍ അര്‍മാന്‍ഡോ ലാഗോ എട്ടുവര്‍ഷത്തെ ഗവേഷണത്തില്‍ 179 പേരുകള്‍ കണ്ടെത്തിയിട്ടുണ്ട്. 1959 ജനുവരിക്കും ചെ, ലാ കബാന വിട്ട ജൂണിനുമിടയില്‍ 400 പേരെ കൊന്നതായി വിലാസുസോ കണക്കാക്കുന്നു. ഹവാനയിലെ അമേരിക്കന്‍ എംബസി അക്കാലത്തയച്ച സന്ദേശങ്ങളില്‍ 500 ആണ് കണക്ക്. കണക്ക്, പുന്നപ്ര വയലാര്‍ പോലെയാണ്. ചെയുടെ ജീവചരിത്രകാരന്മാരിലൊരാളായ ജോര്‍ജ് കാസ്റ്റനേഡ, ഫാ. ഇനാകി ദ അസ്പിയാര്‍സുവിനെ ഉദ്ധരിച്ചു പറയുന്നത്, 700 പേര്‍ കൊല്ലപ്പെട്ടു എന്നാണ്.
ബൊളീവിയയില്‍ ചെ യെ ചോദ്യം ചെയ്ത സിഐഎ ഏജന്റ് ഫെലിക്‌സ് റോഡ്രിഗ്‌സിനോട് ചെ പറഞ്ഞ കണക്കാകട്ടെ, താന്‍ തന്റെ ജീവിതകാലത്ത് 2000 പേരെ കൊന്നു എന്നത്രെ. ചെ, കബാനയുടെ ചുമതല വിട്ടശേഷം നടന്ന ഉന്മൂലനങ്ങളും അധിക കണക്കിലുണ്ടാകാം.
കാസ്‌ട്രോയ്ക്ക് മാത്രമല്ല, ഇളയ സഹോദരനും ഇപ്പോഴത്തെ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോയ്ക്കും ലാ കബാന, ശത്രുക്കള്‍ക്കുള്ള പീഡനക്കോട്ടയായിരുന്നു; ഇപ്പോള്‍ ഇത്, എല്‍മോറോ കോട്ടയ്‌ക്കൊപ്പം, പാര്‍ക്കാണ്. രാത്രി ഒന്‍പതിന് ഒരു വെടിയൊച്ച കേള്‍ക്കാം. നഗരവാതിലുകള്‍ അടയ്ക്കാന്‍ കൊളോണിയല്‍ കാലത്ത് ഉയര്‍ന്നിരുന്ന ആ വെടിയൊച്ച മാത്രം, വിപ്ലവം വേണ്ടെന്ന് വച്ചിട്ടില്ല. വെടിയൊച്ചകള്‍ വിപ്ലവത്തിന്റെ ഭാഗമാണല്ലോ.

കാസ്ട്രോയുടെ വെപ്പാട്ടിയുടെ മകൾ

ഫിദല്‍ കാസ്‌ട്രോയുടെ ഏറ്റവും വലിയ വിമര്‍ശക സ്വന്തം മകള്‍ അലീന റവ്യൂള്‍ട്ട ഫെര്‍ണാണ്ടസ് തന്നെയായിരുന്നു; മകളുടെ പേരിന്റെ കൂടെ കാസ്‌ട്രോ എന്നില്ല. കാസ്‌ട്രോയാണ് അച്ഛനെന്ന് പത്താം വയസിലാണ് അലീന അറിഞ്ഞത്. പന്ത്രണ്ടാം വയസില്‍ തന്റെ പേരു കൂടെ വയ്ക്കാമെന്ന് കാസ്‌ട്രോ പറഞ്ഞപ്പോള്‍, അവള്‍ നിരസിച്ചു. അവള്‍ കാസ്‌ട്രോയുടെ മകള്‍ മാത്രമായിരുന്നില്ല: കാസ്‌ട്രോയുടെ വെപ്പാട്ടിയുടെ മകള്‍ ആയിരുന്നു. നതാലിയ റവ്യൂള്‍ട്ട ക്ലൂസ് ആയിരുന്നു വെപ്പാട്ടി. വിപ്ലവകാലത്തെ ക്യൂബയിലെ ഏറ്റവും ധനികയായ സുന്ദരി; നിശാപാര്‍ട്ടികളിലെ സ്ഥിരക്കാരി; വിവാഹിത.

2015  മാര്‍ച്ച് നാലിന് 89-ാം വയസിലാണ് നതാലിയ എന്ന നാറ്റി മരിച്ചത് എന്നുപറഞ്ഞാല്‍, കാസ്‌ട്രോയ്ക്കും അവര്‍ക്കും ഒരേ പ്രായമായിരുന്നു എന്നറിയാം. ക്യൂബയിലെ ധനികസമൂഹത്തില്‍ ഏറ്റവും സുന്ദരിയായി കരുതപ്പെട്ട നാറ്റി, കാസ്‌ട്രോയുടെ കാമുകിയായി, വിപ്ലവത്തിനുവേണ്ടി, ആഭരണങ്ങള്‍ പണയം വച്ചു. അയാളുടെ മകളെ, അവിഹിത ഗര്‍ഭത്തില്‍ ചുമന്നു. വിപ്ലവം ജയിച്ചപ്പോള്‍ കാസ്‌ട്രോ, നാറ്റിയെ തള്ളിക്കളഞ്ഞെങ്കിലും, നാറ്റി ആ ‘പരമാവധി നേതാവി’നെ ആരാധിച്ചു.
ഹവാനാ സര്‍വകലാശാലയുടെ ചന്ദ്രപ്രകാശം വഴിഞ്ഞ പടികളില്‍, 1952 ലാണ് നാറ്റിയും കാസ്‌ട്രോയും കണ്ടുമുട്ടിയത്. അന്ന് 26 വയസുള്ള നാറ്റി തന്നെക്കാള്‍ 20 വയസ്സു മൂപ്പുള്ള ഡോക്ടറുടെ ഭാര്യയായിരുന്നു. മാതൃത്വവും കോക്‌ടെയില്‍ പാര്‍ട്ടികളും അവള്‍ക്കു മടുത്തിരുന്നു. നാറ്റിയുടെ ചുരുണ്ട മുടിയും പച്ചക്കണ്ണുകളും അളവൊത്ത രൂപവും, ടെന്നിസ് ക്ലബുകളിലും ബ്രിഡ്ജ് മേശകളിലും നിറഞ്ഞ ധനികര്‍ക്കു കുളിര്‍മയായിരുന്നു. കണ്ടയുടന്‍ കാസ്‌ട്രോയ്ക്കും, കുളിര്‍മയായി.
സ്പാനിഷ് കൊളോണിയല്‍ ശക്തികള്‍ 1871 ല്‍ ക്യൂബന്‍ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്തതിന്റെ വാര്‍ഷികാചരണത്തിലാണ് അവര്‍ കണ്ടുമുട്ടിയത്. ഫുള്‍ഗെന്‍ഷ്യോ ബാറ്റിസ്റ്റയുടെ ഭരണകൂടത്തെ എതിര്‍ത്തവര്‍ക്കൊപ്പമായിരുന്നു, നാറ്റി. താന്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തട്ടെ എന്നു കാസ്‌ട്രോ ചോദിച്ചപ്പോള്‍, ഏതു ദിവസവും അഞ്ചുമണിക്കുശേഷം വീട്ടില്‍ വരാന്‍, നാറ്റി ക്ഷണിച്ചു.
കാസ്ട്രോയും അലീനയും ;നതാലിയ 

”ഒരാള്‍ക്കും അയാളെ കണ്ടില്ലെന്ന് നടിക്കാനാവുമായിരുന്നില്ല”, വര്‍ഷങ്ങള്‍ക്കുശേഷം നാറ്റി ഓര്‍ത്തു. ”അയാള്‍ മുറിയിലുണ്ടെങ്കില്‍, ആളുകള്‍ ശ്രദ്ധിച്ചു. എനിക്കും ആകര്‍ഷണം തോന്നി.”
നാറ്റിയുടെ ഭര്‍ത്താവറിയാതെ, ആ വീട്, സാന്റിയാഗോയിലെ മൊങ്കാട പട്ടാള സങ്കേതം ആക്രമിക്കാനുള്ള കാസ്‌ട്രോയുടെ താവളമായി. നാറ്റി കമ്യൂണിസ്റ്റുകള്‍ക്ക് യൂണിഫോം തയ്ച്ചു. പത്രങ്ങളില്‍ ലഘുലേഖകള്‍ എത്തിച്ചു. സമ്പാദ്യവും വജ്രങ്ങളും വിപ്ലവത്തിന് സംഭാവന ചെയ്തു.
ആക്രമണത്തിലെ തോല്‍വി, കാസ്‌ട്രോയെ ജയിലിലെത്തിച്ചു. നാറ്റി, പുസ്തകങ്ങള്‍ അയച്ചുകൊടുത്ത് അയാളുടെ ആത്മവിശ്വാസം കാത്തു. സോമര്‍സെറ്റ് മോമിന്റെ ‘കേക്ക്‌സ് ആന്‍ഡ് എയ്ല്‍’ അയച്ചത്, അതിന്റെ മുഖചിത്രം വെട്ടി, സ്വന്തം ചിത്രം പകരം വച്ചായിരുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട കവിത നാറ്റി അയാള്‍ക്ക് അയച്ചുകൊടുത്തു. റഡ്‌യാര്‍ഡ് കിപ്ലിങ് എഴുതിയ, ‘ഇഫ്.’ കടല്‍ത്തീരം ഓര്‍മിക്കാന്‍ ഒരു കവറില്‍ കുറെ മണല്‍തരികള്‍ അയച്ചു. ”അകലത്താണെങ്കിലും, താന്‍ നല്ല കൂട്ടാണ്,” നാറ്റി എഴുതി.
അപൂര്‍വമായി മാത്രം കാണുന്ന പ്രണയവികാരം, സെന്‍സര്‍ ചെയ്ത കാസ്‌ട്രോയുടെ മറുപടിക്കത്തുകളിലും കണ്ടു. ”ഞാന്‍ തീയിലാണ്,” 1954 ല്‍ കാസ്‌ട്രോ എഴുതി, ”എനിക്ക് നിന്റെ കത്തില്ലാതെ വയ്യാ; ഞാന്‍ നിന്നെ ഒരുപാടു സ്‌നേഹിക്കുന്നു.” ടൈപ്പ് റൈറ്റര്‍ ഉപേക്ഷിച്ച് സ്വന്തം കൈപ്പടയില്‍ കത്തെഴുതാന്‍ അയാള്‍ നാറ്റിയോട് ആവശ്യപ്പെട്ടു- ”അതു സ്‌ത്രൈണം, ലോലം, അനുപമം.”
അതേസമയത്ത് അയാള്‍ ഭാര്യ മിര്‍ത്താ ഡയസിനും എഴുതി. ജയിലധികാരി പറ്റിച്ചതാകാം-ഒരു ദിവസം നാറ്റിക്കുള്ള കത്ത് മിര്‍ത്തയ്ക്കും മിര്‍ത്തയ്ക്കുള്ളത്, നാറ്റിക്കും കിട്ടി. കാസ്‌ട്രോയെ 1955 ല്‍ മോചിപ്പിച്ചപ്പോള്‍, മിര്‍ത്ത അയാളെ ഉപേക്ഷിച്ചു. ഏതാനും മാസങ്ങള്‍ നാറ്റി കാമുകിയായി. അവള്‍ ഗര്‍ഭിണിയാണ് എന്നറിയാതെ, കാസ്‌ട്രോ, മെക്‌സിക്കോയില്‍ വിപ്ലവത്തിന് പോയി. കൂടെച്ചേരാന്‍ കാസ്‌ട്രോ ക്ഷണിച്ചെങ്കിലും, അവള്‍ നിരസിച്ചു. ബാറ്റിസ്റ്റയെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ അയാള്‍ കൊല്ലപ്പെടും എന്ന് നാറ്റി കരുതി. 1956 ല്‍ മകള്‍ പിറന്നപ്പോള്‍, അത് തന്റേതായാണ്, ഭര്‍ത്താവ് കരുതിയത്.
മൂന്നുവര്‍ഷത്തിനുശേഷം കാസ്‌ട്രോയും സംഘവും ഹവാന കീഴടക്കുംവരെ, നാറ്റി അയാളെ കണ്ടില്ല. അതുകഴിഞ്ഞ് അയാള്‍ അവളെയും അലീനയെയും കണ്ടു. തൊഴിലാളികള്‍ക്കുവേണ്ടി വാദിക്കുന്ന നേതാവിന് ചേര്‍ന്ന പെണ്ണാകുമായിരുന്നില്ല, നാറ്റി. രാജ്യത്തിന്റെ പ്രഥമവനിതയാകണമെന്നു നാറ്റി ആഗ്രഹിച്ചെങ്കിലും, അയാള്‍ അവളെ ഉപേക്ഷിച്ചു. അലീനയെ മകളായി കാണാനും അയാള്‍ വിസമ്മതിച്ചു. കാസ്‌ട്രോ പലപ്പോഴും വീട്ടിലെത്തിയിരുന്നത് നാറ്റിയുടെ ഭര്‍ത്താവില്‍ സംശയമുളവാക്കിയിരുന്നു. 1961 ല്‍ അയാള്‍ നാറ്റിയെ ഉപേക്ഷിച്ച്, നറ്റാലിയ എന്നുതന്നെ പേരുള്ള മകളെയുംകൊണ്ട് അമേരിക്കയ്ക്ക് പോയി.
നാറ്റി 1925 ഡിസംബര്‍ ആറിന് ഹവാനയിലാണ് പിറന്നത്. ന്യൂകാസിലില്‍ നിന്ന് കുടിയേറിയ ഇംഗ്ലീഷ് എന്‍ജിനീയറായിരുന്നു, അവളുടെ മുത്തച്ഛന്‍. അവളുടെ ചെറുപ്പത്തില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. ദുഷ്ടയായ അമ്മ, അമേരിക്കന്‍ ഉടമയിലുള്ള ഹവാന ഇലക്ട്രിക്കല്‍ കമ്പനി എക്‌സിക്യൂട്ടീവിനെ പരിണയിച്ചു. നാറ്റി അമേരിക്കയിലെ സ്‌കൂളില്‍ പഠിച്ചു; വാഷിംഗ്ടണിലെ മര്‍ജോറി വെബ്സ്റ്റര്‍ കോളജില്‍ ബിസിനസ് പഠിച്ചു. 19-ാം വയസില്‍ ക്യൂബയിലെത്തി യുഎസ് എംബസിയിലും സ്റ്റാന്‍ഡേര്‍ഡ് ഓയിലിലും ജോലി ചെയ്തു. 22-ാം വയസില്‍ പ്രമുഖ ഹൃദയ ചികിത്സാവിദഗ്ദ്ധന്‍ ഒര്‍ലന്‍ഡോ ഫെര്‍ണാണ്ടസിന്റെ ഭാര്യയായി.
കാസ്‌ട്രോയുടെ ചിത്രം സാര്‍വത്രികമായതിനാല്‍, നാറ്റിക്ക് അയാളെ മറക്കാനായില്ല. വിവിധ മന്ത്രാലയങ്ങളില്‍ അവള്‍ ജോലി ചെയ്തു. ന്യൂയേവോ വെഡാഡോയിലെ ബംഗ്ലാവ് കൈവശം വയ്ക്കാന്‍ കാസ്‌ട്രോ അവരെ അനുവദിച്ചു.
അലീനയ്ക്ക് നാറ്റിയുമായി സ്വരച്ചേര്‍ച്ചയുണ്ടായിരുന്നില്ല. വിഷാദരോഗം കൂടപ്പിറപ്പായി. 1993 ല്‍ തിരുത്തിയ പാസ്‌പോര്‍ട്ടും വിഗുമായി, അലീന സ്‌പെയിനിലേക്ക് കടന്നു. പിന്നെ മിയാമിയിലെത്തി. അവിടെ കാസ്‌ട്രോയെ വിമര്‍ശിക്കുന്ന റേഡിയോ പരിപാടിയുടെ അവതാരകയായി. 2014 ല്‍, അമ്മയെ കാണാന്‍ ഹവാനയിലെത്തി. ആയുഷ്‌കാലം പുകവലിച്ച നാറ്റിയെ വിരുന്നുകളില്‍ സ്വര്‍ണ സിഗററ്റ് പെട്ടിയുമായാണ് കണ്ടിരുന്നത്.

അലീന, മോഡലും ഒരു ക്യൂബന്‍ ഫാഷന്‍ കമ്പനിയില്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടറുമായിരുന്നു. 37-ാം വയസിലാണ്, സ്‌പെയിനിലേക്ക് വേഷപ്രച്ഛന്നയായി, വിഗ് വച്ച് കടന്നത്. 1998 ല്‍ അലീന, ‘കാസ്‌ട്രോസ് ഡോട്ടര്‍: ആന്‍ എക്‌സൈല്‍സ് മെമ്‌വാ ഓഫ് ക്യൂബ’ എന്ന പുസ്തകം എഴുതി. ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമായിരുന്നു, ‘സിംപ്ലി അലീന’ എന്ന റേഡിയോ പരിപാടി. ‘ഫോറിന്‍ പോളിസി’ മാസികയ്ക്ക് 2008 ല്‍ നല്‍കിയ അഭിമുഖത്തില്‍, താന്‍ കാസ്‌ട്രോയുടെ സഹോദരന്‍ റൗള്‍ കാസ്‌ട്രോയുമായി, കാസ്‌ട്രോയെക്കാള്‍ അടുപ്പത്തിലായിരുന്നുവെന്ന് അലീന പറഞ്ഞു. റൗള്‍ പലപ്പോഴും സഹായിച്ചു. ഫിദല്‍ ഒരിക്കലും സഹായിച്ചില്ല.
അലീനയുടെ പുസ്തകത്തില്‍, ഫിദലിന്റെ മാതാപിതാക്കളായ ഏഞ്ചല്‍, ലിനാ റൂസ് എന്നിവരെപ്പറ്റിയും അമ്മായി ജൂവാനിറ്റയെപ്പറ്റിയും മോശം പരാമര്‍ശങ്ങളുണ്ടായിരുന്നു. ജൂവാനിറ്റ മാനനഷ്ടക്കേസ് കൊടുത്ത്, അവ നീക്കി. പ്രസാധകനായ റാന്‍ഡം ഹൗസ് 45000 ഡോളര്‍ (31 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കേണ്ടിവന്നു.
ക്യൂബയിലേക്ക് എന്നെങ്കിലും മടങ്ങുമോ എന്നാരാഞ്ഞപ്പോള്‍ അലീന പറഞ്ഞു: ”അറിയില്ല. ഈ നീണ്ട കാലത്തിനിടയില്‍, വേരില്ലാത്ത, പ്രായമായ മരമായി, ഞാന്‍ മാറി.”
അതാണ് ലോകനിയമം-ഒരു വെപ്പാട്ടിക്കും മകള്‍ക്കും വേരില്ല.

മിഷിമയുടെ വാനപ്രസ്ഥം

ലയാളി വായനക്കാര്‍ പലരും, എം.ടി.വാസുദേവന്‍ നായരുടെ 'വാനപ്രസ്ഥം' എന്ന നീണ്ട ചെറുകഥ വായിച്ചിരിക്കും. അതിനേക്കാള്‍ നീണ്ട, 60 പേജുള്ള ചെറുകഥയാണ്, 1970 ല്‍ ഹരാകിരി ചെയ്ത, വിഖ്യാത ജാപ്പനീസ് എഴുത്തുകാരന്‍ യൂകിയോ മിഷിമയുടെ 'ആക്ട്‌സ് ഓഫ് വര്‍ഷിപ്പ്' ('ആരാധനാ കര്‍മങ്ങള്‍'). വയറുകീറി ആത്മഹത്യ ചെയ്യുന്നതാണ്, ഹരാകിരി-അതൊരു മതാനുഷ്ഠാനമാണ്. 1968 ല്‍ മിഷിമയെ നൊബേല്‍ സമ്മാനത്തിന് പരിഗണിച്ചിരുന്നു. പക്ഷേ, യെസുനാരി കവാബത്തയ്ക്കായിരുന്നു സമ്മാനം. ആത്മഹത്യ ചെയ്തില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ മിഷിമയ്ക്കും നൊബേല്‍ സമ്മാനം ലഭിക്കുമായിരുന്നു.

ക്ഷേത്രനഗരമായ മൂകാംബികയില്‍ ഗുരുവും ശിഷ്യയും ചെല്ലുന്നതിൻ്റെ കഥയാണ് 'വാനപ്രസ്ഥം.' ഗുരുവും ശിഷ്യയും ക്ഷേത്രനഗരമായ കുമണോയില്‍ ചെല്ലുന്നതാണ്, 'ആക്ട്‌സ് ഓഫ് വര്‍ഷിപ് .' 

നിർമ്മാണത്തകരാർ 

വാസുദേവന്‍ നായരുടെ മിക്കവാറും പുരുഷ കഥാപാത്രങ്ങള്‍ക്കെല്ലാം നിര്‍മാണത്തകരാറുണ്ട്. നല്ല പദവിയിലെത്തുമ്പോള്‍ നായകന്‍ പഴയ കാമുകിയെ തഴയും. സ്ത്രീകളെ കിട്ടിയാല്‍ കറിവേപ്പിലപോലെ കൈകാര്യം ചെയ്യും.

'വാനപ്രസ്ഥ'ത്തിലെ മാഷ്, 23-ാം വയസില്‍, താമസസ്ഥലത്തെ സഹായിയെ തൊടുന്യായം പറഞ്ഞ് ഒഴിവാക്കി, കെ.എസ്. വിനോദിനിയെന്ന പതിനഞ്ചുകാരിയെ ക്ഷണിച്ചുവരുത്തി, ലൈംഗികതൃഷ്ണയോടെ. അവള്‍ ചെന്നില്ല. 61-ാം വയസ്സില്‍ ഈ മാഷ്, 54 വയസുള്ള വിനോദിനിയെ മൂകാംബികയില്‍ കാണുന്നതും, കുടജാദ്രിയില്‍ ഒന്നിച്ചുകിടക്കേ, അവരുടെ കൈ സ്വന്തം കൈയില്‍ അമര്‍ത്തി, കഴുതക്കാമം അടക്കുന്നതുമാണ്, 'വാനപ്രസ്ഥം.' ഒളിഞ്ഞുനോട്ടവും വായ്‌നോട്ടവും ശീലമാക്കിയ ചില മലയാളികള്‍ അത് കൊട്ടിഗ്‌ഘോഷിച്ചു. 'വാരണാസി' എന്നൊന്ന് വാസുദേവന്‍ നായര്‍ എഴുതിയപ്പോള്‍ അഗാധത ആകാമായിരുന്നു. 

പക്ഷേ, ഒരു പത്രപ്രവര്‍ത്തകൻ്റെ  അപഥസഞ്ചാരമായിപ്പോയി, വര്‍ണന. കോഴിക്കോട്ടുള്ള ഒരു പുരുഷ നോവലിസ്റ്റ്, അവിടത്തെ ഒരു സ്ത്രീ നോവലിസ്റ്റുമായി വാരണാസിക്ക് പോയെന്നും ഒരാള്‍ 'വാരണാസി'യെന്നും മറ്റേയാള്‍ 'കാശി' യെന്നും നോവല്‍ പടച്ചതായും കഥയുണ്ട്. 


കൂടല്ലൂര്‍ മലയാളി, മനുഷ്യനെ ശരീരമായി കൈകാര്യം ചെയ്യുമ്പോള്‍, ജപ്പാന്‍കാരന്‍ ആത്മാവായി, അഗാധമായി കൈകാര്യം ചെയ്യുന്നതിന് ദൃഷ്ടാന്തമാണ്, മിഷിമയുടെ കഥ. അത് ബ്രിട്ടനില്‍ പുസ്തകമായിയിറങ്ങുന്നത് 1991-ല്‍; 'വാനപ്രസ്ഥം' വന്നത്, 1992 ല്‍. 1989 ല്‍ തന്നെ 'ആക്ട്‌സ് ഓഫ് വര്‍ഷിപ്' പരിഭാഷ ചെയ്യപ്പെട്ടു. കവിയും പ്രൊഫസറുമായ ഫുജിയാമയുടെയും അദ്ദേഹത്തിനടുത്ത് കവിത പഠിക്കാനെത്തുന്ന ത്‌സുനെക്കോയുടെയും കഥയാണ് മിഷിമ പറയുന്നത്.

ഫുജിയാമയ്ക്ക് വയസ് 60; ത്‌സുനെക്കോയ്ക്ക് 45. വിധവയായ ത്‌സുനെക്കോ സഹായിയായി, ഫുജിയാമയ്‌ക്കൊപ്പം, പത്തുവര്‍ഷമായി, കൂടെയുണ്ട്. അപ്പോഴാണ്, ക്ഷേത്രനഗരമായ കുമണോയിലേക്ക് പോകാന്‍ അവരെ ഫുജിയാമ ക്ഷണിക്കുന്നത്.

കുമണോ, ഫുജിയാമയുടെ ജന്മദേശമാണ്; അവിടെ മൂന്ന് പ്രസിദ്ധമായ ബുദ്ധദേവാലയങ്ങളുണ്ട്. പരുക്കനായ ഫുജിയാമ പത്തുവര്‍ഷത്തിനിടയില്‍ വളരെയൊന്നും ത്‌സുനെക്കോയോട് ഇടപഴകിയില്ല. അവര്‍ വിധവയാണെന്ന് പോലും അയാള്‍ അറിഞ്ഞില്ല. നെയ്മി സര്‍വകലാശാലയില്‍ ജപ്പാന്‍ സാഹിത്യത്തിൻ്റെ ചെയര്‍ അലങ്കരിക്കുന്ന, ഡിലിറ്റുകാരനായ ഫുജിയാമ, കാര്യമായൊന്നും അവരെ പഠിപ്പിച്ചതും ഇല്ല. 

ലോഹങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന ശബ്ദമാണ് അയാള്‍ക്ക്. ചെറിയ കാരണങ്ങളാല്‍ അയാള്‍ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കി -വിചിത്രസ്വഭാവി. വിദ്യാര്‍ത്ഥികളുടെ സംസാരം അയാള്‍ വിലക്കിയതിനാല്‍, അയാളെ കാണുമ്പോള്‍ കുട്ടികള്‍ പറഞ്ഞു: ''അതാ, വിലാപയാത്ര പോകുന്നു.''

ബ്രഹ്മചാരിയായിരുന്നു, അയാള്‍. അതിനാല്‍, ത്‌സുനെക്കോയ്ക്ക് വീട്ടിനകത്ത് പെരുമാറാന്‍ കഴിയുന്ന സ്ഥലങ്ങള്‍ക്ക് അതിരുണ്ടായിരുന്നു. പുസ്തകങ്ങള്‍ ശേഖരിച്ച മുറികളില്‍, പ്രവേശനമുണ്ടായിരുന്നില്ല. ത്‌സുനെക്കോ സുന്ദരിയായിരുന്നില്ല.

അവരെക്കണ്ടാല്‍, ഒരു പുരുഷനും ഒന്നും തോന്നുമായിരുന്നില്ല. അവള്‍, പത്തുകൊല്ലം വെറും നിഴലായി ജീവിച്ചു. ടോക്കിയോയില്‍ ജോലിയായ ശേഷം ജന്മസഥലമായ കുമണോയിലേക്ക് ഒരിക്കല്‍പ്പോലും ഫുജിയാമ പോയിരുന്നില്ല. നാട്ടില്‍നിന്നാരെങ്കിലും വന്നാല്‍, അയാള്‍ മുഖം കൊടുത്തില്ല. അതുകൊണ്ടാണ്, കുമണോ ക്ഷേത്രങ്ങളിലേക്കുപോകാന്‍ പ്രൊഫസര്‍ വിളിച്ചപ്പോള്‍, ത്‌സുനെക്കോയ്ക്ക് അദ്ഭുതമായത്. അയാള്‍ അവളോട് പറഞ്ഞു: ''ആധുനിക കവിത വിട്ടേക്കൂ; എയ്ഫുക്കു മോണിൻ്റെ സമ്പൂര്‍ണകവിതാ സമാഹാരം എടുക്കൂ.'' കമാകുറ വംശത്തിലെ 92-ാം ചക്രവര്‍ത്തി ഫുഷിമിയുടെ ഭാര്യയായിരുന്നു, മോണിന്‍. 

ക്ഷേത്ര നഗരത്തിൽ 

തീവണ്ടിയിലായിരുന്നു യാത്ര.

മോണിൻ്റെ സമാഹാരം എടുത്തോ എന്ന് അയാള്‍ ചോദിച്ചു. ഈ യാത്രയില്‍ കവിതയെ സംബന്ധിച്ച അവളുടെ ബാലാരിഷ്ടതകള്‍ തീരുമെന്ന് അയാള്‍ പറഞ്ഞു. അവളുടെ കണ്ണുകള്‍ നിറഞ്ഞു. നഗോയയിലിറങ്ങി, ഉച്ചഭക്ഷണത്തിനിടയിലായിരുന്നു അവരുടെ കൈവിരലുകള്‍ ഉരുമ്മിയത്. അത്, വെളുത്ത മഗ്നോലിയ പൂവിൻ്റെ , പ്രായം കവിഞ്ഞ സുഗന്ധത്തോടെ, നനവായി അവളില്‍ ശേഷിച്ചു. വെവ്വേറെ മുറികളില്‍ സത്രത്തില്‍ അവര്‍ രാത്രി തങ്ങി. അവള്‍, അയാള്‍ എഴുന്നേറ്റശേഷവും ഉറങ്ങിയപ്പോള്‍, അയാള്‍ ഉപദേശിച്ചു-സ്ത്രീകള്‍ പെരുമാറുന്നതിന് ചില രീതികളൊക്കെയുണ്ട്. ഉപദേശം, പിതൃസമാനമായിരുന്നോ, വെറുപ്പോടെയായിരുന്നോ എന്ന് അവള്‍ ശങ്കിച്ചു. 

ബോട്ടില്‍ അവര്‍ താവോ അമരന്‍മാരുടെ മേഖലയിലേക്ക്, നംച്ചി വെള്ളച്ചാട്ട പ്രദേശത്തേക്ക്, യാത്രയായി. ജപ്പാനില്‍, കടലില്‍നിന്ന് കാണാവുന്ന വെള്ളച്ചാട്ടം. വെള്ളച്ചാട്ടമുള്ളിടത്ത്, ജലകന്യകയുടെ ദേവാലയമുണ്ട്. ജമു ചക്രവര്‍ത്തിയുടെ കാലം മുതല്‍ രണ്ടായിരം കൊല്ലമായി, ഇത് തീര്‍ത്ഥാടന കേന്ദ്രമാണ്. ചക്രവര്‍ത്തിമാര്‍ 83 തവണ ഇവിടം സന്ദര്‍ശിച്ചു. നാച്ചിയിലെ ദേവാലയത്തില്‍, അത് ജലകന്യകയല്ല, പുരുഷദൈവമാണെന്ന് ത്‌സുനെക്കോയ്ക്ക് തോന്നി. ദേവാലയത്തില്‍ നിന്ന് മടങ്ങവേ, പാറയില്‍ കാലുതെന്നിയപ്പോള്‍, അയാള്‍ അയാള്‍ക്ക് കൈകൊടുത്തു. ഒരു മഗ്നോലിയ പൂവു വിടര്‍ന്ന പോലെ അവള്‍ക്ക് തോന്നി. 

നാച്ചി മഹാദേവാലയത്തിലേക്ക് 400 പടവുകള്‍ കയറേണ്ടിയിരുന്നു- മൂകാംബികയില്‍നിന്ന് കുടജാദ്രിക്ക് പോകുംപോലെ ശ്രമകരം. അവ കയറുമ്പോള്‍, അവള്‍ക്ക് ഒരു ദിവ്യപ്രണയം ഉള്ളില്‍ വന്നലച്ചപോലെ തോന്നി. ദേവാലയമുറ്റത്ത്, കീശയില്‍നിന്ന്, പ്രൊഫസര്‍ ചുവന്ന പൊതിയെടുത്ത് അഴിച്ചു. വെളുത്ത സില്‍ക്കിനുള്ളില്‍ അലങ്കരിച്ച മൂന്ന് ചീര്‍പ്പുകള്‍. ഓരോന്നിലും ഓരോ അക്ഷരം: ക, യോ, കോ. ആദ്യമായി ത്‌സുനെക്കോയ്ക്ക് അസൂയ തോന്നി- അക്ഷരങ്ങള്‍ ഒരു പെണ്ണിന്റെ പേരാകുന്നല്ലോ. 'ക' എന്നക്ഷരമുള്ള ചീര്‍പ്പ് ഒരു ചെറിയ മരത്തിന് താഴെ പ്രൊഫസര്‍ കുഴിച്ചിട്ടു. രണ്ടും മൂന്നും ക്ഷേത്രങ്ങളില്‍ അടുത്ത ചീര്‍പ്പുകളും. ത്‌സുനെക്കോയ്ക്ക്, അസൂയ കനത്തു. 

മുറിയിലെത്തി ത്‌സുനെക്കോ, മോണിൻ്റെ കവിതാസമാഹാരമെടുത്തു. ജപ്പാനില്‍ അന്നത്തെ മന്ത്രിയായ സയോണ്‍ജി സനേക്കാനെയുടെ മകളായിരുന്നു, മോണിന്‍. 18-ാം വയസില്‍, രാജസദസിലെത്തി. ഫുഷിയി ചക്രവര്‍ത്തിയുടെ രണ്ടാം ഭാര്യയായി. അയാള്‍ സിംഹാസനം ഉപേക്ഷിച്ച് ബുദ്ധസന്യാസിയായപ്പോള്‍, അവള്‍ എയ്ഫുക്കു മോണിന്‍ എന്ന പേര് സ്വീകരിച്ചു. സന്യാസിയായ രാജാവ് മരിച്ചപ്പോള്‍, 46-ാം വയസില്‍ അവള്‍ സന്യാസിനിയായി; കവയിത്രിയായി. 72-ാം വയസില്‍ അവള്‍ മരിച്ചു. 

അത് പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലമായിരുന്നു. നാല്‍പ്പത്താറാം വയസില്‍, തന്നെക്കാള്‍ ഒരു വയസു മൂപ്പുള്ളപ്പോള്‍, കവയിത്രി തലമൊട്ടയടിച്ചത് ധ്വനിപ്പിക്കാനാണോ ആ കവിതാ സമാഹാരം അടിച്ചേല്‍പ്പിച്ചതെന്ന് ത്‌സുനെക്കോയ്ക്ക് ശങ്കയായി. കല പിറക്കുന്നത്; ത്യാഗത്തില്‍നിന്നാണെന്ന് തെളിയിക്കുകയാണോ? രാവിലെ, ത്‌സുനെക്കോ പ്രൊഫസറുടെ മുറിയിലെത്തി, കവിതാ സമാഹാരം തിരിച്ചേല്‍പ്പിക്കാന്‍ ഒരുമ്പെട്ടു. 

ഫുജിയാമ പറഞ്ഞു: ''പാതിവഴിക്ക് നിര്‍ത്തരുത്. വികാരങ്ങള്‍ അടക്കണമെന്നാണ് മോണിന്‍ പഠിപ്പിച്ചത്. ആധുനിക കവിത ഈ സത്യം മറന്നു.''

ജപ്പാനിലെ, അനുഷ്ഠാന നാടകമാണ്, 'നോ'- നമ്മുടെ കൂടിയാട്ടം പോലെ. അക്കൂട്ടത്തില്‍ 'മക്കിജിനു' എന്ന നാടകത്തിലാണ്, ചീര്‍പ്പുകള്‍ വരുന്നത്. അവ മരണത്തെ ധ്വനിപ്പിക്കുന്നു.

ആ പശ്ചാത്തലത്തില്‍, പ്രൊഫസര്‍, ത്‌സുനെക്കോയോട് പുരാവൃത്തം പറഞ്ഞു. അയാള്‍ കയോക്കോ എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. മാതാപിതാക്കള്‍ ആ ബന്ധം തകര്‍ത്തു. ടോക്കിയോയില്‍ അയാള്‍ പഠിക്കാന്‍ പോയ നേരം, ആകുലതയില്‍ അവള്‍ മരിച്ചു. അറുപതാം വയസ്സില്‍ അവളെ കുമണോ ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് താന്‍ വാക്കു കൊടുത്തിരുന്നു. സ്വയം ഒരിതിഹാസമാകാന്‍, ഗുരു സൃഷ്ടിച്ച കല്‍പിത കഥയാണ് അതെന്ന് ത്‌സുനെക്കോയ്ക്ക് തോന്നി. അതാണ് പെണ്ണിൻ്റെ  മനസ്സ്. സത്യം കേട്ടുകഴിഞ്ഞാലും, അവളിലെ കാമുകി ഉണര്‍ന്നിരിക്കുന്നു.

പക്ഷേ, ക്ഷേത്ര നഗരം, തന്നെ ബന്ധനങ്ങളില്‍ നിന്ന് വിടര്‍ത്തിയെന്ന് അവള്‍ തിരിച്ചറിയുന്നു. ''ആ മൂന്ന് ചീര്‍പ്പുകളിലെ ചിത്രങ്ങളില്‍നിന്ന് അവള്‍ എത്ര സുന്ദരിയായിരുന്നിരിക്കും എന്ന് എനിക്കൂഹിക്കാം,'' ത്‌സുനെക്കോ പറഞ്ഞു. ''പകല്‍പോലെ, സുന്ദരി,'' അയാള്‍ പറഞ്ഞു, ''ഒരു കവിത ശ്രമിച്ചുകൂടേ?''

''ശ്രമിക്കാം,'' അവള്‍ പറഞ്ഞു.

ഇവിടെ കഴുതക്കാമം 

മിഷിമ പറഞ്ഞത്, പ്രണയകഥ മാത്രമല്ല, കവിതയുണ്ടാകുന്നതിൻ്റെ  സര്‍ഗാത്മക കഥ കൂടിയാണ്. വാസുദേവന്‍ നായര്‍ക്ക് പരിചയമുള്ള ചപലന്മാരുടെ കഥകളില്‍, കവിത തുളുമ്പില്ല. വാസുദേവന്‍ നായര്‍ തന്നെ 'വാനപ്രസ്ഥ'ത്തില്‍ എഴുതുന്നത്, ആ കാമാതുരനായ മാഷിൻ്റെ ഉള്ളിലെ മൃഗം ചുര മാന്തുന്നതാണ്. വയസ്സായ വിനോദിനിയുടെ കൂടെ, കുടജാദ്രിയിലെ പായയില്‍ കിടക്കുന്ന അയാളെ വാസുദേവന്‍ നായര്‍ ഇങ്ങനെ വിവരിക്കുന്നു: തളര്‍ന്ന ശരീരം, അനങ്ങാനാവാതെ, നിര്‍ജീവമായി പായില്‍ കിടന്നു. അതിൻ്റെ  കൂടു തുറന്ന് വളര്‍ത്തു മൃഗം പഴയ സ്വപ്‌നങ്ങളുടെ പൊന്തക്കാടുകളില്‍ ഇരതേടി നടക്കുന്നതും വീണ്ടും കൂട്ടില്‍ക്കയറുന്നതും അയാള്‍ക്ക് കണ്ണടച്ചു കിടക്കുമ്പോഴും വ്യക്തമായി കാണാന്‍ കഴിയുന്നു.
 
വളര്‍ത്തുമൃഗവും പൊന്തക്കാടും.. നാലാംകിട മാഷും. പൊന്തക്കാട്ടിലെ ആ മൃഗത്തിൻ്റെ  തളര്‍ന്ന മുരള്‍ച്ച- അസഹ്യമാണത്.

  © Ramachandran 

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...