Thursday, 13 June 2019

പുസ്തകത്തിലെ തീ

റാക്ക് സേന, ഐഎസില്‍നിന്ന്, നിംറൂദ് വീണ്ടെടുത്തു എന്നു വായിച്ചപ്പോള്‍, പൊടുന്നനെ ഓര്‍മയില്‍ വന്നത്, കൊര്‍ദോബ എന്ന വാക്കാണ്. അവിടത്തെ ഗ്രന്ഥശാല കത്തിച്ച കാര്യം കുട്ടിക്കാലത്തു വായിച്ചപ്പോള്‍ ഉള്ളുനൊന്തു. ആറാം വയസുമുതല്‍ തൃപ്പൂണിത്തുറ മഹാത്മാ ഗ്രന്ഥശാലയിലെ സ്ഥിരക്കാരനായിരുന്നു, ഞാന്‍. എന്‍.വി. കൃഷ്ണവാരിയര്‍ സെക്രട്ടറിയായിരുന്ന ആ ഗ്രന്ഥശാലയാണ്, ചങ്ങമ്പുഴ 'രമണന്‍' എഴുതിയതിന് പിന്നാലെ, അദ്ദേഹം വിഷാദകവിതകള്‍ എഴുതുന്നതു നിര്‍ത്തണമെന്ന് പ്രമേയം പാസാക്കിയത്. ഗ്രന്ഥശാലയുടെ ഒരു വാര്‍ഷികത്തില്‍ അധ്യക്ഷനായത്, ഗാന്ധിയാണ്. 
ഇസ്ലാമിക സ്‌പെയിനിലെ നഗരമായിരുന്നു, കൊര്‍ദോബ. റോമിലെ അഗസ്റ്റസ് ചക്രവര്‍ത്തിയുടെ കാലത്ത് (ബിസി 27 -എഡി 14) അത് ബേട്ടിക്കയുടെ തലസ്ഥാനമായിരുന്നു; റോമന്‍ തത്വചിന്തകന്‍ സെനേക്കയുടെ ജന്മനഗരം. ഇസ്ലാമിക സ്‌പെയിന്‍ അഥവാ, അല്‍ അന്‍ഡാലസിന്റെ തലസ്ഥാനമായിരുന്നപ്പോഴാണ് (756-1031) അത് തിളങ്ങിനിന്നത്. കൊര്‍ദോബയിലെ ഖലീഫയായ അല്‍ ഹക്കം രണ്ടാമന്റെ (961-976) ഗ്രന്ഥശാലയില്‍ നാലുലക്ഷം ഗ്രന്ഥങ്ങളുണ്ടായിരുന്നു. തന്റെ കാലശേഷം ഗ്രന്ഥശാല നിലനില്‍ക്കില്ല എന്ന് അല്‍ ഹക്കം ശങ്കിച്ചു. 976 മുതല്‍ 1002 വരെ അല്‍ അന്‍ഡാലസിന്റെ അനൗദ്യോഗിക ഭരണാധികാരിയായ അല്‍ മന്‍സൂര്‍, ഗ്രന്ഥശാലയിലെ മിക്കവാറും തത്വചിന്താ ഗ്രന്ഥങ്ങള്‍, മുസ്ലിം പുരോഹിതരെ പ്രീണിപ്പിക്കാന്‍ ചുട്ടുകരിച്ചു. കുറെയൊക്കെ വിറ്റഴിച്ചു. ബാക്കി ആഭ്യന്തരയുദ്ധത്തില്‍ നശിച്ചു. മൊസൂളില്‍ നിന്ന്, 30 കിലോമീറ്റര്‍ തെക്കാണ്, നിംറൂദ്. അത്, പുരാതന അസീറിയന്‍ നഗരത്തിന്റെ അറബിക്കിലും അരമായിക്കിലുമുള്ള പേരാണ്. യേശു സംസാരിച്ചിരുന്ന അരമായിക്ക് ഭാഷ, അന്യംനിന്നുപോയി. ബൈബിളിലെ നിംറോദ് എന്ന വേട്ടക്കാരന്റെ പേര് പുരാതന നഗരത്തിന് പില്‍ക്കാലത്തു നല്‍കിയതാണ്. ബൈബിളില്‍ പറയുന്ന 'കാല' നഗരമാണ്, നിംറൂദ്. അത് ഉല്‍പത്തി പുസ്തകത്തില്‍, നിംറോദിനെ പരാമര്‍ശിക്കുമ്പോള്‍ വരുന്നുണ്ട്. ഇസ്ലാമികമല്ലാത്ത നഗരമല്ലാത്തതിനാല്‍ ഇതിനെ നശിപ്പിക്കുമെന്ന്, 2015 ലാണ് ഐഎസ് പ്രഖ്യാപിച്ചത്. ഐഎസ്, നഗരം നശിപ്പിക്കാന്‍ ബുള്‍ഡോസറുകള്‍ ഇറക്കി. നഗരത്തിലെ ലമാസു പ്രതിമ, ഇടിച്ചു തകര്‍ക്കുന്ന വീഡിയോ വന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍, ബാമിയാന്‍ ബുദ്ധപ്രതിമകള്‍ തകര്‍ത്തത് ഓര്‍ത്തുപോയി. ജെങ്കിസ് ഖാന്റെ ഇറാക്ക് ആക്രമണം വഴിയും മറ്റും ടാട്ടാര്‍ ബീജം പലയിടത്തും ചെന്നെത്തിയതാണ്, ഇസ്ലാമിനെ ക്രൂരമാക്കിയതെന്ന്, ജെങ്കിസ് ഖാന്റെ ജീവചരിത്രത്തില്‍ വായിച്ചതും ഓര്‍ത്തു. ഹരിയാനയില്‍ ഓംപ്രകാശ് ചൗട്ടാലയുടെ ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്തു മടങ്ങിയശേഷം, ഒരിക്കല്‍ ഒ.വി. വിജയനെ വീട്ടില്‍ കണ്ടു; എന്തുകൊണ്ടാണ്, ഹരിയാന ഇങ്ങനെയായത് എന്നു ചോദിച്ചപ്പോള്‍, അദ്ദേഹം ആദ്യം കുസൃതി പറഞ്ഞു: ''ജാട്ടുകള്‍ ഇവിടത്തെ ഈഴവരാണ്!'' അതുകഴിഞ്ഞ്, അദ്ദേഹം കാര്യം പറഞ്ഞു: ഹരിയാനയ്ക്ക് സ്വന്തമായി സാഹിത്യമോ പുസ്തകമോ ഇല്ല. അപ്പോള്‍ പിന്നെ ഗ്രന്ഥശാലകളും ഇല്ലല്ലോ. പലവട്ടം ഞാന്‍ ഹരിയാനയില്‍ പോയിട്ടുണ്ട്. സാഹിത്യമല്ല, എരുമകളും പാലുമാണ് കൂടുതല്‍; പോത്തുകളാണ്, വളരെക്കൂടുതല്‍. സാഹിത്യവും സംസ്‌കാരവുമില്ലെങ്കില്‍, സമൂഹത്തില്‍ പോത്തുകളുടെ എണ്ണം കൂടും, കണ്ണൂരിലെ മാര്‍ക്‌സിസ്റ്റുകള്‍ അതു തെളിയിക്കുന്നു. 

മുസ്ലിംകള്‍ മാത്രമല്ല, ക്രിസ്ത്യാനികളും ഗ്രന്ഥശാലകള്‍ക്ക് തീവച്ചിട്ടുണ്ട്. അതിന് ഒരു പാത്രിയര്‍ക്കീസ് തന്നെ മുന്‍കൈ എടുത്തിട്ടുണ്ട്. അതിനാണ്, നാം അലക്‌സാണ്ട്രിയയിലെ ഗ്രന്ഥശാല നശിപ്പിച്ച കഥ പഠിക്കേണ്ടത്. പുരാതനകാലത്തെ ഏറ്റവും വലിയ ഗ്രന്ഥശാലയായിരുന്നു, അലക്‌സാണ്ട്രിയയിലേത്. വിജ്ഞാനവും സംസ്‌കാരവും സംഹരിക്കപ്പെട്ട കാര്യം പറയുമ്പോള്‍ ആദ്യം ഓര്‍ക്കുന്നത്, ഈ ഗ്രന്ഥശാലയെയാണ്. പലവട്ടം അത് അഗ്നിക്കിരയായി. അതില്‍ പ്രധാനം നാലുഘട്ടങ്ങളാണ്. ബിസി 48 ലെ ആഭ്യന്തരയുദ്ധക്കാലത്ത്, ജൂലിയസ് സീസര്‍ തീവച്ചത്. എഡി 270-275 ല്‍ ഔറേലിയന്റെ ആക്രമണം. 391 ല്‍ കോപ്റ്റിക് പാത്രിയാര്‍ക്കീസ് തിയോഫിലസിന്റെ ഉത്തരവ്. 642 ല്‍ ഈജിപ്തിന്റെ മുസ്ലിം അധിനിവേശം. 'സീസറിന്റെ ജീവിതം' എന്ന പുസ്തകത്തില്‍ ചരിത്രകാരന്‍ പ്ലൂട്ടാര്‍ക്ക് എഴുതി: സമുദ്രം വഴിയുള്ള വിനിമയം ശത്രു വിഛേദിച്ചപ്പോള്‍, ആ അപകടം അദ്ദേഹം വഴിതിരിച്ചുവിട്ടത്, സ്വന്തം കപ്പലുകള്‍ക്ക് തീവച്ചാണ്. അത് ഡോക്കുകള്‍ ചാരമാക്കി, പടര്‍ന്ന് മഹത്തായ ഗ്രന്ഥശാല നശിപ്പിച്ചു. ഗ്രന്ഥശാലയാണോ പുസ്തകശേഖരമാണോ കത്തിപ്പോയത് എന്നൊക്കെ പണ്ഡിതര്‍ തര്‍ക്കിക്കാറുണ്ട്. ബിബ്ലിയോതെക്ക അലക്‌സാണ്ട്രിയ എന്നായിരുന്നു, ഗ്രന്ഥശാലയുടെ പേര്. രണ്ട് ഗ്രീക്കു വാക്കുകള്‍ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കാം. ബിബ്ലിയോതെക്കാസ് എന്നുവച്ചാല്‍, പുസ്തകക്കൂട്ടം. ബിബ്ലിയോതെക്കാ എന്നുപറഞ്ഞാല്‍, ഗ്രന്ഥശാല. സീസറും ടോളമി പതിമൂന്നാമനും തമ്മിലായിരുന്നു, യുദ്ധം. 40,000 പുസ്തകങ്ങള്‍ നശിപ്പിച്ചതായി, റോമന്‍ ചിന്തകന്‍ സെനേക്ക കുറിച്ചിട്ടുണ്ട്. സാമ്രാജ്യത്തിന്റെ കിഴക്കന്‍ മേഖല ഭരിക്കുമ്പോള്‍, മാര്‍ക്ക് ആന്റണി, പെര്‍ഗമണിലുള്ള ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഗ്രന്ഥശാല കൊള്ളയടിച്ച് (40-30 ബിസി), പ്രണയിനിയായ ക്ലിയോപാട്രയ്ക്ക് സമ്മാനമായി കൊടുത്തു; സീസറിന്റെ അഗ്നിയില്‍ നഷ്ടപ്പെട്ട പുസ്തകങ്ങള്‍ക്ക് പകരമായിരുന്നു, അത്. ഈജിപ്ത് ഭരിച്ച പാമിറയിലെ രാജ്ഞി സെനോബിയ (269-274)യുടെ കലാപം അമര്‍ച്ച ചെയ്യുമ്പോഴാണ്, ഔറേലിയന്‍ ചക്രവര്‍ത്തി, ഗ്രന്ഥശാലയില്‍ കൈവച്ചത്. മുഖ്യ ഗ്രന്ഥശാല തകര്‍ക്കപ്പെട്ടെങ്കിലും, സെറാപ്പിയത്തില്‍ ചെറുഗ്രന്ഥശാല അവശേഷിച്ചു. അതില്‍നിന്ന് പുസ്തകശേഖരം, കോണ്‍സ്റ്റാന്റിനോപ്പിളില്‍ പുതിയ തലസ്ഥാനമുണ്ടാക്കിയപ്പോള്‍, അവിടം അലങ്കരിക്കാന്‍ കൊണ്ടുപോയി. വിഗ്രഹാരാധന, 391 ലെ തീട്ടൂരംവഴി തിയഡോഷ്യസ് ഒന്നാമന്‍ ചക്രവര്‍ത്തി നിയമവിരുദ്ധമാക്കിയപ്പോഴാണ് തിയോഫിലസ് പാത്രിയര്‍ക്കീസ് അലക്‌സാണ്ട്രിയയിലെ ദേവാലയങ്ങള്‍ പൂട്ടിയത്. മിത്രിയം തകര്‍ത്തു; അതുകഴിഞ്ഞ്, സെറാപ്പിയം. അലക്‌സാണ്ട്രിയ 642 ലാണ്, അമര്‍ ഇബന്‍ അല്‍-അസിന്റെ മുസ്ലിം സേന പിടിച്ചത്. അമര്‍ പറഞ്ഞു: ''ആ പുസ്തകങ്ങള്‍ ഖുര്‍ ആനോട് യോജിക്കുന്നുവെങ്കില്‍, നമുക്ക് അവയുടെ ആവശ്യമില്ല; അവ ഖുര്‍ ആനോട് വിയോജിക്കുന്നുവെങ്കില്‍, അവ നശിപ്പിക്കുക.'' 
നളന്ദയിലെ ഗ്രന്ഥശാല 1193 ല്‍ തുര്‍ക്കിയില്‍ നിന്നുവന്ന ബക്ത്യാര്‍ ഖില്‍ജിയാണ് തീവച്ചത്. അത്, ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ തകര്‍ച്ചയ്ക്ക്, ആക്കം കൂട്ടി.പുസ്തകം നശിപ്പിക്കാനായില്ലെങ്കില്‍, എഴുതിയവന്റെ കൈവെട്ടുന്നതാണ് നാം കേരളത്തില്‍ കണ്ടത്.

കലണ്ടറിലെ നഷ്ടങ്ങൾ

നാം പഠിപ്പിച്ച ജ്യോതിശാസ്ത്രം


ര്‍ഷവും തീയതിയും ആഴ്ചയും കലണ്ടറുമൊന്നും വിഷയമല്ലാതിരുന്ന ഒരു ദിവസമാണ്, കണകനെപ്പറ്റി അറിയുന്നത്. ആദ്യത്തെ പ്രമുഖ ഭാരതീയ ബഹിരാകാശ ഗവേഷകനും പാടലീപുത്രക്കാരനുമായ ആര്യഭടന്‍ മരിച്ച് 250 വര്‍ഷത്തിനുശേഷം, എഡി 773 ല്‍ സിന്ധുനദീതട മേഖലയില്‍നിന്ന്, ഒരു നയതന്ത്ര സംഘം പുതിയ അറബ് തലസ്ഥാനമായ ബാഗ്ദാദിലെത്തി. അവര്‍ പായ്ക്കപ്പലില്‍, ഇന്നത്തെ ഇറാന്റെ മരുതീരം ചുറ്റി പേര്‍ഷ്യന്‍ ഗള്‍ഫില്‍ കടന്ന്, അബദാന്‍ തുറമുഖത്തിലെത്തിയതാവണം. എക്കല്‍ അടിഞ്ഞ് ഇപ്പോള്‍, ആ തുറമുഖം, മുപ്പതുമൈല്‍ ഉള്ളിലേക്കു കയറിയിരിക്കുന്നു. അവിടെനിന്ന്, ടൈഗ്രിസ് വഴി 200 മൈല്‍ കടന്നാകണം, അല്‍ മന്‍സൂര്‍ ഖലീഫയുടെ കൊട്ടാര കവാടത്തിലെത്തിയത്.

സിന്ധു നദീതട മേഖല, എഡി 711 ല്‍ അറബികള്‍ കീഴടക്കിയശേഷം, പ്രാദേശിക ഭാരത നയതന്ത്ര സംഘങ്ങള്‍ പലതും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അല്‍ മന്‍സൂറിനെ ചെന്നു കണ്ടിരുന്നു. അബ്ബാസിദ് ഭരണവംശ സ്ഥാപകനായ മന്‍സൂറിന്, അവര്‍ പല സമ്മാനങ്ങളും കരുതി-രത്‌ന ഖചിത പോര്‍ച്ചട്ട, ദന്തത്തില്‍ തീര്‍ത്ത ഓടക്കുഴല്‍, നല്ല വിലയുള്ള പരുന്ത്, ചിത്രങ്ങള്‍ വരഞ്ഞ പട്ട്. മന്‍സൂര്‍ ഒരു പട്ടാളക്കാരന്‍ മാത്രമല്ല, കലാകാരനുമായിരുന്നതിനാല്‍, ആദ്യം പറഞ്ഞ സംഘം, അവരുടെ കൂട്ടത്തില്‍ ഒരു ജ്യോതിശാസ്ത്രജ്ഞനെയും കരുതിയിരുന്നു-കണകന്‍. അയാളില്‍ നിന്നാണോ, ഗണകന്‍ എന്ന വാക്കുണ്ടായത് എന്നറിഞ്ഞുകൂടാ! സൂര്യ, ചന്ദ്ര ഗ്രഹണങ്ങളില്‍ ജ്ഞാനിയായിരുന്ന കണകന്‍, ഖലീഫയ്ക്ക് കൊടുക്കാന്‍ ഭാരതീയ ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങള്‍ കൊണ്ടുപോയി. അതില്‍ 'സൂര്യസിദ്ധാന്ത'വും ആര്യഭടനെ പരാമര്‍ശിക്കുന്ന ബ്രഹ്മഗുപ്തന്റെ രചനകളും ഉണ്ടായിരുന്നു.

മൻസൂർ 

കണകനെപ്പറ്റി കൂടുതലൊന്നും നമുക്കറിഞ്ഞുകൂടാ. അയാളെ ആദ്യം പരാമര്‍ശിക്കുന്നത്, 500 വര്‍ഷത്തിനുശേഷം, അല്‍ ഖിഫ്തി എന്ന അറബ് ചരിത്രകാരനാണ്. കണകന്‍ കൊണ്ടുപോയ ഗ്രന്ഥങ്ങള്‍ ഉടന്‍ പരിഭാഷപ്പെടുത്താന്‍ അല്‍ മന്‍സൂര്‍ ഉത്തരവിട്ടെന്നാണ്, അല്‍ ഖിഫ്തി പറയുന്നത്. ഇവയുടെ ഉള്ളടക്കം, 'മഹാ സിന്ധ് ഹിന്ദ്' എന്ന പാഠപുസ്തകമായി. സിദ്ധാന്തം എന്ന സംസ്‌കൃത വാക്കിന് പര്യായമാണ്, 'സിന്ധ് ഹിന്ദ്.' ആ വാക്കില്‍ എന്റെ മുന്‍ സുഹൃത്ത് സക്കറിയ പറയുന്ന 'ഹിന്ദുത്വ' ഉണ്ട്. ഇപ്പറഞ്ഞ ജ്യോതിശാസ്ത്ര സിദ്ധാന്തം, ബാഗ്ദാദില്‍ നിന്ന് സിറിയ, സിസിലി, അറബ് ആധിപത്യത്തിലുള്ള സ്‌പെയിന്‍ വഴി ക്രിസ്ത്യന്‍ സാമ്രാജ്യത്തിലെത്തി. 1126 ല്‍ 'മഹാ സിന്ധ് ഹിന്ദ്' ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തി. യൂറോപ്പിനെ ആധുനികതയിലേക്ക് പറപ്പിക്കുകയും കൃത്യമായി വര്‍ഷം കണക്കാക്കാന്‍ സഹായിക്കുകയും ചെയ്ത ഒരു ഡസന്‍ ഗ്രന്ഥങ്ങളിലൊന്നായിരുന്നു, ഇത്. ഇതു പറഞ്ഞതു പി.പരമേശ്വരന്‍ അല്ല, 'ദ കലണ്ടര്‍' എന്ന പുസ്തകത്തില്‍, ഡേവിഡ് ഇവിംഗ് ഡങ്കന്‍ (1998) ആണ്.

അറബ് ലോകത്തെ എഡി 600 കളുടെ മധ്യത്തില്‍ പിടിച്ചുകുലുക്കിയ രാഷ്ട്രീയ ഭൂകമ്പത്തിന് ഒന്നരനൂറ്റാണ്ടുശേഷമാണ്, കണകന്‍ ബാഗ്ദാദിലെത്തിയത്. മതേച്ഛയും നൂറ്റാണ്ടു പഴക്കമുള്ള ഗോത്ര സൈനിക പരിചയവും കൂട്ടിക്കലര്‍ത്തി മുന്നേറിയ മുഹമ്മദ് നബിയുടെ സേന, തീര്‍ത്തും അപ്രതീക്ഷിതമായി, വിജ്ഞാനവ്യാപനത്തിലും ശ്രദ്ധിച്ചു. യുഡിഎഫ് ഭരണത്തില്‍ മുസ്ലിംലീഗ് വിദ്യാഭ്യാസ വകുപ്പ് വച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റിയല്ല പറയുന്നത്; വിശ്വാസികള്‍ ജ്ഞാനം നേടണമെന്ന് പ്രവാചകന്റെ ആജ്ഞയുണ്ടായി. പടിഞ്ഞാറ്, റോമിന്റെ പ്രവിശ്യകളും നഗരങ്ങളും തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്ത ബാര്‍ബറികളില്‍ നിന്നു വ്യത്യസ്തരായിരുന്നു, അറബികള്‍. ഗ്രീസും സമീപ പൗരസ്ത്യ ദേശവും കീഴടക്കിയ റോമാക്കാര്‍ ചെയ്തപ്പോലെ, അറബികളും കീഴടക്കിയ പ്രദേശത്തെ സംസ്‌കാരം ആവാഹിച്ചു.

പതിറ്റാണ്ടുകളുടെ യുദ്ധത്തിലും ആഭ്യന്തര പോരാട്ടങ്ങളിലും പെട്ട് പുരാതന പാഠശാലകളും അവയ്ക്ക് പ്രചോദനമായ സംസ്‌കൃതികളും ജീര്‍ണിച്ച ഘട്ടത്തിലാണ്, അറബ് ഭരണം വന്നത്. ഗുപ്ത ഭരണം അവസാനിച്ച്, ഭാരതം ചെറുരാജ്യങ്ങളായി; ഹൂണന്മാരുടെ ആക്രമണത്തില്‍ നില്‍ക്കക്കള്ളിയില്ലാതായി. സമീപ പൗരസ്ത്യ മേഖലയില്‍, ബൈസാന്റിയവും (തുര്‍ക്കി) പേര്‍ഷ്യയും തമ്മില്‍ നടന്ന യുദ്ധം 628 ല്‍ സന്ധിയിലായപ്പോള്‍ ഇരുരാജ്യങ്ങളും ശോഷിച്ചിരുന്നു. റോമില്‍, ബാര്‍ബറികള്‍ നാശം തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ ഇംഗ്ലീഷില്‍ പ്രാകൃതം എന്നര്‍ത്ഥം വരുന്ന Barbarians എന്ന പ്രയോഗമുണ്ടായി. ഇക്കാലത്ത്, മൗലിക ചിന്തകള്‍ക്ക് വിഘ്‌നമുണ്ടായി. ഭാരതത്തില്‍ ബ്രഹ്മഗുപ്തനെപ്പോലെ ചില അപവാദങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍, ബൈസാന്റിയ സാമ്രാജ്യത്തിനകത്തെ ഗ്രീക്ക് പാരമ്പര്യത്തിനുള്ളില്‍, പണ്ഡിതന്മാര്‍ എരിപിരികൊണ്ടു. അവശിഷ്ട റോമാ സാമ്രാജ്യം, യാഥാസ്ഥിതികമായി. വിമത ക്രിസ്ത്യന്‍ വിഭാഗങ്ങളെയും വിഗ്രഹാരാധകരെയും വരട്ടു മതാത്മകത സ്വീകരിക്കാത്തവരെയും ക്രിസ്ത്യന്‍ സഭ അടിച്ചമര്‍ത്തി. 529 ല്‍ ജസ്റ്റിനിയന്‍, ആതന്‍സിലെ 900 വര്‍ഷം പഴക്കമുള്ള പ്ലാറ്റോയുടെ അക്കാദമി അടച്ചുപൂട്ടി. അതു വിഗ്രഹാരാധകരുടെ കേന്ദ്രമായി എന്നായിരുന്നു, വിമര്‍ശനം. പേടിച്ചരണ്ട പണ്ഡിതന്മാര്‍, പേര്‍ഷ്യയിലേക്കു പലായനം ചെയ്തു. ഒരു പ്രവാസ അക്കാദമിയുണ്ടായി. ഒരു നൂറ്റാണ്ടുകഴിഞ്ഞ് അറബികള്‍ പേര്‍ഷ്യ പിടിച്ചപ്പോള്‍, ഈ ഗ്രീക്ക് പണ്ഡിതര്‍ അറബ് പണ്ഡിതര്‍ക്കു മുന്നില്‍, അവരുടെ പുസ്തകങ്ങള്‍ നിവര്‍ത്തിവച്ചു.

ഇറ്റലിയില്‍ കാസിയോഡോറസ് മരിച്ച് 30 കൊല്ലം കഴിഞ്ഞപ്പോള്‍, 610 ല്‍, മെക്കയെന്ന മരുപ്പച്ചയിലെ നാല്‍പ്പതുകാരനായ വ്യാപാരി, ഒരു ദര്‍ശനത്തില്‍ ഗബ്രിയേല്‍ മാലാഖയെ കണ്ടു. ജൂത, ക്രിസ്ത്യന്‍-പാരമ്പര്യങ്ങള്‍ ശുദ്ധീകരിക്കാന്‍ മാലാഖ ആവശ്യപ്പെട്ടു. തന്റെ പട്ടണത്തിലെ വിഗ്രഹാരാധകരോട് അദ്ദേഹം, 'സമ്പൂര്‍ണ സമര്‍പ്പണം' ഉപദേശിച്ചു. അറബിക്കില്‍ 'ഇസ്ലാം' എന്ന വാക്കിന്റെ അര്‍ത്ഥം അതാണ്. തുടക്കത്തില്‍ കുടുംബാംഗങ്ങളും ചില സുഹൃത്തുക്കളും മാത്രമാണ് അദ്ദേഹത്തിനൊപ്പം നിന്നത്. മറ്റുള്ളവര്‍ പരിഹസിച്ചു. അദ്ദേഹവും അനുയായികളും 622 ല്‍ മെദീന എന്ന മറ്റൊരു മരുപ്പച്ചയിലേക്ക് പലായനം ചെയ്തു. ഇത്, 'ദേശാന്തര ഗമനത്തിന്റെ വര്‍ഷം' ആയി അറബിക്കില്‍, ഹിജ്‌റ. ഇംഗ്ലീഷില്‍ ഹെജീറ. അങ്ങനെ, മുസ്ലിം കലണ്ടറുണ്ടായി. ജൂതരുടെ ചന്ദ്ര/സൂര്യ കലണ്ടറിനും ക്രിസ്ത്യാനികളുടെ സൂര്യകലണ്ടറിനും വിരുദ്ധമായി, ചന്ദ്ര കലണ്ടറായിരുന്നു ഇത്. ഇതാണ്, കലണ്ടറിലെ രാഷ്ട്രീയം. 

പലിശയും പന്നിമാംസവും വിലക്കിയതിലും ഒന്നാന്തരം രാഷ്ട്രീയമുണ്ടായിരുന്നു. മെദീനയില്‍ ആധിപത്യമുള്ള ജൂതന്മാര്‍, അതു രണ്ടും വഴി, പുതിയ ഇസ്ലാം മതത്തിന്റെ അനുയായികളില്‍ നിന്നു പണം തട്ടരുത്. തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ത്ത പ്രവാചകന്‍ 630 ആയപ്പോള്‍ മെക്ക കീഴടക്കിയിരുന്നു. പുതിയ മതം സ്ഥാപിച്ച അദ്ദേഹം 632 ജൂണ്‍ എട്ടിന് മരിച്ചു. ആ മരണം, അനുയായികളെ ആശയക്കുഴപ്പത്തിലാഴ്ത്തിയെങ്കിലും, പ്രവാചകന്റെ അളിയനായ അബൂബക്കര്‍ പിന്‍ഗാമി അഥവാ ഖലീഫ ആയി.

ഇത് അന്നോ പിന്നീടോ, പ്രശ്‌നം തീര്‍ത്തില്ല. പുതിയ ഭരണം രണ്ടു പതിറ്റാണ്ടിനുള്ളില്‍, പേര്‍ഷ്യന്‍ സൈന്യത്തെ തരിപ്പണമാക്കി, ഈജിപ്തും സിറിയയും ഏഷ്യാമൈനറിന്റെ ഭാഗങ്ങളും പിടിച്ചു; ബൈസാന്റിയം ഏതാണ്ടു വരുതിയിലാക്കി. 696 മുതല്‍ 720 കള്‍ വരെ, ഇസ്ലാം സൈന്യം വടക്ക് കാസ്പിയന്‍ കടലിലേക്കും തുര്‍ക്കിസ്ഥാനിലേക്കും വടക്കുകിഴക്ക് ഇറാനിലേക്കും ചൈനീസ് അധീനതയിലെ കഷ്ഗറിലേക്കും കടന്നു. തെക്കുകിഴക്ക്, സിന്ധു നദീതടം കൈവശപ്പെടുത്തി. പടിഞ്ഞാറ്, ഉത്തര ആഫ്രിക്ക പിടിച്ച്, സ്‌പെയിനിലേക്കു കടന്നു. ഫ്രാന്‍സില്‍ ചാര്‍ലിമാന്‍ ചക്രവര്‍ത്തിയുടെ മുത്തച്ഛന്‍ ചാള്‍സ് മാര്‍ട്ടലിനോടു തോറ്റപ്പോള്‍ ഈ സൈന്യം പിന്‍വാങ്ങി. ബാക്കിനില്‍ക്കുന്നത് എന്തൊക്കെ എന്നു വിലയിരുത്തിപ്പോള്‍, അതില്‍ പേര്‍ഷ്യന്‍, ഗ്രീക്ക്, ഭാരത സംസ്‌കാരവും ശാസ്ത്രവും സാഹിത്യവും ഉണ്ടായിരുന്നു.

പ്രവാചകന്‍ മരിച്ച് ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോള്‍, ഈ കൂട്ടുമൂശയില്‍നിന്ന് പുതിയ സംസ്‌കൃതി ഉണ്ടായി; അല്‍ മന്‍സൂര്‍ പണിത ബാഗ്ദാദ്, വിജ്ഞാനത്തിനു കൂടിയുള്ളതായിരുന്നു. അത്, മന്‍സൂറിന്റെ പിന്‍ഗാമികളായ ഹാരൂണ്‍ അല്‍ റഷീദ് (786-809), പുത്രന്‍ അല്‍ മാമൂണ്‍ (809-833) എന്നിവരുടെ കാലത്ത് ഉച്ചസ്ഥായിയിലെത്തി. അപ്പോഴാണ്, അവിടെ കണകനെ കണ്ടത്. പിന്നെയും 500 വര്‍ഷം കഴിഞ്ഞ്, 1267 ല്‍ ക്ലെമന്റ് നാലാമന്‍ മാര്‍പ്പാപ്പയ്ക്ക്, റോജര്‍ ബേക്കണ്‍ എന്ന ഇംഗ്ലീഷ് പാതിരി, രോഷം വാരിവിതറിയ ഒരു കത്തയച്ചു. അപ്പോഴത്തെ കലണ്ടര്‍ വര്‍ഷം, ശരിക്കുള്ള സൂര്യവര്‍ഷം നോക്കിയാല്‍, 11 മിനുട്ട് ദൈര്‍ഘ്യമേറിയതാണെന്ന് കത്തില്‍ നിരീക്ഷിച്ചു. അങ്ങനെ, 125 വര്‍ഷം കൂടുമ്പോള്‍ ഒരു ദിവസത്തിന്റെ തെറ്റുണ്ടാകും. താന്‍ ജീവിക്കുന്ന കാലത്ത് അങ്ങനെ ഒന്‍പത് അധികദിവസങ്ങളായിക്കഴിഞ്ഞു. ഇങ്ങനെയങ്ങുപോയാല്‍, മാര്‍ച്ച് ശരത്കാലത്തേക്കും ഓഗസ്റ്റ് വസന്തത്തിലേക്കും പോകും. മാത്രമോ ഇപ്പോള്‍ ക്രിസ്ത്യാനികള്‍ ഈസ്റ്ററും മറ്റു വിശുദ്ധ ദിനങ്ങളും ആചരിക്കുന്നത്, തെറ്റായ തീയതികളിലാണ് എന്നും കത്തില്‍ രേഖപ്പെടുത്തി.

അന്നത്തെ കാലത്ത് ബേക്കണെ കുരിശില്‍ തറയ്ക്കാവുന്ന കുറ്റമാണ്, ആ കത്തെഴുത്ത്. നാല്‍പ്പതാം വയസ്സു കടന്ന് പാതിരിയായ ബേക്കണ്‍, പാരിസ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴും ഫ്രാന്‍സിസ്‌കന്‍ സന്യാസ സമുഹത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും സ്വതന്ത്രചിന്തകനായിരുന്നു. അദ്ദേഹം ആലോചിച്ചുകൊണ്ടേയിരുന്നു-എന്താണ് മഴവില്ലിനു കാരണം? ലിയൊനാര്‍ദോ ഡാവിഞ്ചിക്കും രണ്ടു നൂറ്റാണ്ടുകള്‍ മുന്‍പ്, കണ്ണിന്റെ ആന്തരഭാഗങ്ങള്‍ ബേക്കണ്‍ വരച്ചു. ടെലസ്‌കോപ്പ്, കണ്ണട, വിമാനങ്ങള്‍, അതിവേഗം കറങ്ങുന്ന യന്ത്രങ്ങള്‍, യന്ത്രവല്‍കൃത കപ്പലുകള്‍ തുടങ്ങിയവയെല്ലാം ഉണ്ടാകുമെന്ന് പ്രവചിച്ചു. വെടിമരുന്നിന് രഹസ്യഫോര്‍മുല കണ്ടെത്താന്‍ ശ്രമിച്ചു. ഓക്‌സ്ഫഡിലും പാരീസിലുമുള്ള സഹപാതിരിമാര്‍ ബേക്കന്റെ ബുദ്ധിയെ പേടിച്ച് അയാളെ ഒരുതരം വീട്ടുതടങ്കലിലാക്കി. എഴുത്ത്, അധ്യാപനം എന്നിവയില്‍ നിന്നൊഴിവാക്കി. വൈദികാശ്രമത്തില്‍ അടിച്ചുതളിക്കാരനാക്കി. പലപ്പോഴും ഭക്ഷണം നിഷേധിച്ചു.

ഫ്രാന്‍സിലെ ലൂയി പതിനാലാമന്റെ കൊട്ടാര ഉപദേഷ്ടാവും അഭിഭാഷകനുമായ ഗയ്‌ഥേ ഗ്രോസ് ഫള്‍ക്കസ്, 1265 ല്‍ ബേക്കണെപ്പറ്റി അറിഞ്ഞ്, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ എഴുതി അറിയിക്കണം എന്നാവശ്യപ്പെട്ടില്ലായിരുന്നെങ്കില്‍, ബേക്കണ്‍, അങ്ങനെ ഒടുങ്ങിയേനെ. ഭാര്യ മരിച്ച 1256 ല്‍ വൈകി പാതിരിയായ ആളായിരുന്നു, ഫള്‍ക്കസ്. ശരവേഗത്തില്‍ അദ്ദേഹം മെത്രാനും കര്‍ദ്ദിനാളുമായി. അപ്പോഴാണ്, ബേക്കണ്‍ എഴുതിയത്. കുറച്ചുമാസങ്ങള്‍ കഴിഞ്ഞ്, ഫള്‍ക്കസ്, മാര്‍പ്പാപ്പയായി-ക്ലമന്റ് നാലാമന്‍. അന്ന് വിവാഹിതനും മാര്‍പ്പാപ്പയാകാം. റോമില്‍നിന്ന് മാര്‍പ്പാപ്പ വീണ്ടും ബേക്കണ് കത്തെഴുതി. സ്വന്തം സന്യാസസമൂഹത്തിന്റെ പീഡനം കാരണം, വേണ്ടവിധം സിദ്ധാന്തങ്ങള്‍ ക്രോഡീകരിക്കാനായില്ലെന്ന് ബേക്കണ്‍ അറിയിച്ചു. സ്വതന്ത്രനായി രണ്ടുവര്‍ഷത്തിനുള്ളില്‍ ബേക്കണ്‍  മുഖ്യപ്രബന്ധം മാര്‍പ്പാപ്പയ്ക്ക് ജോണ്‍ എന്ന സഹായിവശം കൊടുത്തയച്ചു.

പല വിഷയങ്ങളുമുള്ള പ്രബന്ധത്തില്‍, ഗണിതത്തിന്റെ ഭാഗത്താണ് കലണ്ടര്‍ പ്രശ്‌നം വന്നത്. കലണ്ടറുണ്ടാക്കിയ ജൂലിയസ് സീസറിനെയാണ്, ബേക്കണ്‍ പ്രതിസ്ഥാനത്തു നിര്‍ത്തിയത്. ബിസി 45 ജനുവരി ഒന്നിനാണ്, ആ കലണ്ടര്‍ ആരംഭിച്ചത്. അതില്‍ വര്‍ഷത്തിന്റെ ദൈര്‍ഘ്യം ശരിയായിരുന്നില്ല. 130 വര്‍ഷത്തിലൊരിക്കല്‍, ഒരു ദിവസം അതില്‍ കൂടുതലായിരിക്കും; അതെടുത്ത് മാറ്റിയാല്‍, കലണ്ടര്‍ നേരെയാകും. വസന്തസംക്രാന്തി കഴിഞ്ഞുവരുന്ന വെളുത്തവാവിന് ശേഷമുള്ള ഞായറാഴ്ചയാണ്, സഭ ഈസ്റ്റര്‍ ആചരിച്ചിരുന്നത്. 325 ല്‍ തുര്‍ക്കിയിലെ നിസിയയില്‍ ചേര്‍ന്ന കൗണ്‍സിലാണ്, അങ്ങനെ തീരുമാനിച്ചത്. എന്നാല്‍ 325 നുശേഷം, സംക്രാന്തി ദിവസം ദൈര്‍ഘ്യം കൂടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നു ബേക്കണ്‍ വാദിച്ചു-11 മിനുട്ടിലധികം. പ്രബന്ധമെഴുതുന്ന 1267 ല്‍ കൃത്യമായ സംക്രാന്തി നാള്‍ മാര്‍ച്ച് 12 ആയിരുന്നുവെന്ന് അദ്ദേഹം കണക്കുകൂട്ടി. അപ്പോള്‍, ഒന്‍പതു ദിവസത്തെ വ്യത്യാസം കലണ്ടറില്‍ കാണേണ്ടതായിരുന്നു. ഓരോ 125 വര്‍ഷം കൂടുമ്പോഴും ഒരു ദിവസം കലണ്ടറില്‍ കുറയ്ക്കുക എന്നതായിരുന്നു, ബേക്കണ്‍ നിര്‍ദ്ദേശിച്ച പോംവഴി.

കണക്കു ശരിയായിരുന്നില്ലെങ്കിലും, ബേക്കണ് സഹസ്രാബ്ദം മുന്‍പ്, ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞന്‍ ക്ലോഡീയസ് ടോളമി (ഏതാണ്ട് എഡി 100-178) കലണ്ടര്‍ വര്‍ഷം യഥാര്‍ത്ഥ വര്‍ഷത്തേക്കാള്‍ കുറവാണെന്ന് കണ്ടിരുന്നു. ദൈര്‍ഘ്യം കൂടുതല്‍ അഥവാ കുറവ് എന്നു ഗണിച്ചവരില്‍, ആര്യഭടന്‍ (476-550), മുഹമ്മദ് ഇബ്ന്‍മൂസാ അല്‍-ഖ്വാറിസ്മി (780-850) തുടങ്ങിയവരും പെടും. ശാസ്ത്രം മുന്നോട്ടുവച്ച സത്യം നിരാകരിക്കുന്നവന്‍ മണ്ടനാണെന്ന് ബേക്കണ്‍ എഴുതി. 1268 നവംബര്‍ 29 ന് ക്ലമന്റ് നാലാമന്‍ മാര്‍പ്പാപ്പ മരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നുവെന്ന്, നമുക്കറിഞ്ഞു കൂടാ. പിന്നീടുവന്ന ഗ്രിഗറി പത്താമന്‍ മാര്‍പ്പാപ്പയും ഒന്നും പറഞ്ഞില്ല.


1272 ല്‍ ബേക്കണ്‍ രാജാക്കന്മാരെയും മാര്‍പ്പാപ്പയെത്തന്നെയും വിമര്‍ശിച്ചു. സ്വത്തും അധികാരവും കയ്യാളി, യേശുവിന്റെ ഉദ്‌ബോധനങ്ങളില്‍ നിന്നു സഭ വഴിവിട്ടതായി കണ്ട്, ബേക്കണ്‍ യൂറോപ്പിലെ ഒരു ചെറുസംഘം വൈദികര്‍ക്കൊപ്പം ചേര്‍ന്നു. 'സംശയാസ്പദമായ നവീനതകള്‍' പ്രചരിപ്പിച്ചതിന് 1277 ല്‍ ബേക്കണെ വിചാരണ ചെയ്ത് തടവിലിട്ടു. മോചിതനായ ശേഷം, വൃദ്ധനായ ബേക്കണ്‍ 1292 ല്‍ പിന്നെയും തീപ്പൊരി പ്രബന്ധമെഴുതി. അതാരും ശ്രദ്ധിച്ചില്ല. അദ്ദേഹത്തിന്റെ മരണത്തിന്റെ രേഖകളൊന്നും നിലവിലില്ല. നവോത്ഥാനകാലത്ത്, ബേക്കണ്‍ ഉയിര്‍ത്തെഴുന്നേറ്റു. ബേക്കണ്‍ മരിച്ച് 300 കൊല്ലം കഴിഞ്ഞ്, ഗ്രിഗറി പതിമൂന്നാമന്‍ മാര്‍പ്പാപ്പ (1502-1585), 1582 ല്‍ കലണ്ടര്‍ നേരെയാക്കി. 1543 ല്‍ കോപ്പര്‍നിക്കസ് കലണ്ടര്‍ പ്രശ്‌നമുയര്‍ത്തുകയും സൂര്യനും ഗ്രഹങ്ങളും ഭൂമിക്കു ചുറ്റും വലയംവയ്ക്കുന്നുവെന്ന വിശ്വാസം വിഡ്ഢിത്തമാണെന്നു പറയുകയും സഭ അയാളെ ശിക്ഷിക്കുകയും ചെയ്തിരുന്നു. സഭയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അങ്ങനെയാണ്: വിവരം വിളിച്ചുപറയുന്നവരെ ശിക്ഷിക്കും. അപ്പോള്‍ ഇഎംഎസിനെ പുറത്താക്കാത്തതോ?



വിവരമില്ലാതിരുന്നതിനാലാണ്, എന്നതാണ് ഉത്തരം. ഇഎംഎസ് എഴുതിയ ഒരു വരിപോലും, കാലത്തെ അതിജീവിക്കില്ല. അദ്ദേഹത്തിനു സര്‍ഗശേഷിയുണ്ടായിരുന്നില്ല. ''നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, ചങ്ങലകള്‍ അല്ലാതെ'' എന്നു മാര്‍ക്‌സും എംഗല്‍സും തൊഴിലാളികളോടു പറഞ്ഞിടത്ത് ഒരു സര്‍ഗ സ്ഫുലിംഗമുണ്ട്. അത്തരം വരികള്‍ നിലനില്‍ക്കും-പ്രത്യയശാസ്ത്രം മൊത്തത്തില്‍ പൊളിഞ്ഞാലും. സഭയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കമ്മീഷനുകളെ വയ്ക്കും. ബവേറിയയിലെ ഗണിതശാസ്ത്രജ്ഞന്‍ ക്രിസ്റ്റഫര്‍ ക്ലേവിയസ്, ഇറ്റാലിയന്‍ വൈദ്യന്‍ അലോഷ്യസ് ലിലിയസ് എന്നിവരെ കമ്മീഷനാക്കിവച്ച്, ഗ്രിഗറി മാര്‍പ്പാപ്പ കലണ്ടര്‍ തിരുത്തിയ വിളംബരം 1582 ഫെബ്രുവരി 24 ന് വന്നു. ബേക്കണ്‍ മുന്‍ മാര്‍പ്പാപ്പയെ വിവരമറിയിച്ചശേഷം, അപ്പോള്‍, രണ്ടുവര്‍ഷം കൂടി നഷ്ടപ്പെട്ടിരുന്നു. എപ്പോഴും, കലാകാരനിലെ പ്രണയമാണ് സര്‍ഗശേഷിയെ ഉണര്‍ത്താറ്: ജൂലിയസ് സീസറിന് ക്ലിയോപാട്രയോട് പ്രണയം തോന്നിയിടത്താണ്, കലണ്ടര്‍ ഉണ്ടായത്. തീയതിവച്ചേ, സമാഗമം പറ്റൂ. 41 നാളത്തെ മണ്ഡലവ്രതം, റോമില്‍ ഉണ്ടായിരുന്നില്ല.


നമുക്കും സ്വന്തം കലണ്ടറുണ്ട്; കൊല്ലം തലസ്ഥാനമായ മുഹൂര്‍ത്തം വച്ചാണെന്നു പറയപ്പെടുന്നു; അതിനെ സംബന്ധിച്ച് പാഠഭേദമുണ്ട്. അതാണ് കൊല്ലവര്‍ഷം; കൊല്ലാന്‍ കിട്ടിയ നേരം എന്നതാകാം, ശരി. പൊതുവെ മനുഷ്യര്‍ക്ക് സ്വകാര്യ കലണ്ടറുള്ളതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒന്‍പതു ദിവസം നഷ്ടപ്പെട്ടതാണ് ബേക്കണ്‍ കണ്ടത് എങ്കില്‍, കലണ്ടര്‍ ദിനങ്ങള്‍ മൊത്തത്തില്‍ നഷ്ടപ്പെടുത്തുന്നവരെയും നാം കാണാറുണ്ട്; അവരിലൊരാളാണ്, നക്‌സലിസത്തില്‍ നിന്നു റിട്ടയര്‍ ചെയ്ത കെ.ഒളിവിടം തേടി ഒരിക്കല്‍ കെ., ചെന്നൈയില്‍ നടന്‍ കെ.പി.ഉമ്മറിന്റെ വീട്ടിലെത്തി. 'ചെറിയ വാടകയ്ക്ക് ലോഡ്ജ് മുറി വേണം' എന്നു പറഞ്ഞപ്പോള്‍, ഉമ്മറിന് കാര്യം മനസ്സിലായി-പണം ഇല്ല. ഉമ്മര്‍ തന്റെ കാര്‍ഷെഡ് കെ.യ്ക്ക് താമസിക്കാന്‍ കൊടുത്തു. അപ്പോഴാണ്, കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണം. അതു ചെയ്തത് തന്റെ പാര്‍ട്ടിയാണെന്ന്, അവിടെനിന്നു കെ. പ്രസ്താവനയിറക്കി. നാട്ടില്‍നിന്ന് അതിഥികള്‍ വരുന്നുവെന്നു ന്യായം പറഞ്ഞ്, ഉമ്മര്‍ കെ.യെ ഒഴിവാക്കി. കാലം ഒരു പ്രവാഹമാണ്; അതിന്റെ തീരത്തിരുന്നു കലണ്ടറുണ്ടാക്കുന്നതു തന്നെ പാഴ്‌വേലയാണ്. ക്രിസ്തു മരിച്ച അന്നാണോ ലോകമുണ്ടായത്? നബി മെദീനയ്ക്കു പോയപ്പോഴാണോ, ലോകം ആരംഭിച്ചത്? കലണ്ടര്‍ വെറും അക്കമാണ്; അക്ഷരമാണ് ജീവിതം. എങ്കിലും കാശുകായ്ക്കുമെങ്കില്‍ കലണ്ടര്‍, '.....' തന്നെ!


© Ramachandran

     


സ്വദേശാഭിമാനിയും ഈഴവരും



കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് 'കലാകൗമുദി'യില്‍ (ലക്കം 1639) 'സ്വദേശാഭിമാനി: ഒരു പൊളിച്ചെഴുത്ത്' എന്ന ശീര്‍ഷകത്തില്‍ ഒരു പ്രബന്ധം ഞാന്‍ എഴുതുകയുണ്ടായി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എങ്ങനെയാണ്, ദളിതരുടെയും പിന്നാക്കക്കാരുടെയും ആജന്മശത്രുവായതെന്ന് നിരീക്ഷിച്ച ശേഷം, ദിവാന്‍ പി.രാജഗോപാലാചാരിയെ അദ്ദേഹം ആക്രമിച്ചതിന്റെ രാഷ്ട്രീയം, ആ പ്രബന്ധത്തില്‍ വിവരിച്ചു. രാമകൃഷ്ണപിള്ളയെ ദിവാന്റെ ശത്രുവാക്കിയത്, അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥാനമോഹമാണ് എന്ന്, അതില്‍ വ്യക്തമാക്കി. 

അദ്ദേഹത്തെ നാടുകടത്തിയതു സംബന്ധിച്ച് ദിവാന്‍, തിരുവിതാംകൂര്‍ ഡര്‍ബാറിന് 1912 ഓഗസ്റ്റ് 15 ന് നല്‍കിയ റിപ്പോര്‍ട്ടില്‍ അക്കാര്യമുണ്ട്. രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന് അടിസ്ഥാനം, അദ്ദേഹത്തിന്റെ സാമാജിക മോഹമാണ് എന്ന് അതില്‍ പറയുന്നു. രാമകൃഷ്ണപിള്ളയെഴുതിയ 'എന്റെ നാടുകടത്തല്‍' എന്ന പുസത്കത്തിലാകട്ടെ, നാടുകടത്തലിന്റെ കാരണങ്ങള്‍ ഒന്നുമില്ല. പിള്ളയെ മഹാനാക്കാന്‍ ചില തല്‍പ്പരകക്ഷികള്‍ നടത്തുന്ന ദുര്‍വ്യാഖ്യാനങ്ങളാണ്, ഇപ്പോള്‍ കാരണമായി പറയുന്ന ബാക്കിയെല്ലാം. ദിവാന്റെ റിപ്പോര്‍ട്ടില്‍തന്നെ പിള്ള വ്യഭിചാരി എന്നു വിളിച്ചു മുഖപ്രസംഗങ്ങള്‍ എഴുതിയതും പറഞ്ഞിരിക്കുന്നു. ശ്രീമൂലം പ്രജാസഭയില്‍ അയ്യന്‍കാളി എത്തിയത് പോരാട്ടത്തിലൂടെയാണ്; എന്നാല്‍, ദിവാനെ ആക്രമിച്ചും പേടിപ്പിച്ചും സഭയിലെത്താനായിരുന്നു, പിള്ളയുടെ ശ്രമം. പ്രജാസഭയിലേക്കുള്ള പിള്ളയുടെ തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ 1909 ല്‍ റദ്ദാക്കി. അതിനുശേഷമാണ്, പിള്ള ദിവാനെതിരായ ആക്രമണങ്ങള്‍ക്കു മൂര്‍ച്ചകൂട്ടിയത്. പിള്ളയെ സഭയിലേക്ക് തെരഞ്ഞെടുത്തത് നെയ്യാറ്റിന്‍കരയില്‍ നിന്നായിരുന്നു. അന്നത്തെ ചട്ടമനുസരിച്ച്, ഒരാള്‍ ഒരു താലൂക്കില്‍ വോട്ടറാകാനും ആ താലൂക്കില്‍ നിന്നു തെരഞ്ഞെടുക്കപ്പെടാനും അയാള്‍ ബിരുദധാരിയും ആ താലൂക്കില്‍ സ്ഥിരതാമസക്കാരനും ആയിരിക്കണം. എന്നാല്‍, പിള്ള താമസിച്ചിരുന്നത് നെയ്യാറ്റിന്‍കര താലൂക്കിലല്ല എന്നതിനാല്‍, അദ്ദേഹത്തെ തെരഞ്ഞെടുത്തത്, 1909 ഒക്‌ടോബര്‍ 31 ന് റദ്ദാക്കി. 

തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക അവസാന അംഗീകാരത്തിനായി, സര്‍ക്കാരിന് സമര്‍പ്പിക്കും മുന്‍പുതന്നെ, പിള്ള പ്രജാസഭയില്‍ പ്രസംഗിക്കാന്‍ പോകുന്ന വിഷയങ്ങള്‍ 'ഔദ്യോഗികാഴിമതിയും ഭരണകൂടത്തിന്റെ അധികാര പ്രമത്തതയും', 'ഗവണ്‍മെന്റ് കാര്യങ്ങളില്‍ കൊട്ടാരം ഉദ്യോഗസ്ഥരുടെ കൈകടത്തലുകള്‍' എന്നിവയാണെന്ന് ദിവാന്‍ പേഷ്‌കാരെ അറിയിച്ചിരുന്നു. ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ താന്‍ അനുവദിക്കുമായിരുന്നില്ലെന്ന്, ദിവാന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി.

രാജഗോപാലാചാരി പിന്നാക്കക്കാരോട് എത്ര അനുകൂല മനോഭാവത്തോടെയാണ് പെരുമാറിയിരുന്നത് എന്നതിന് ചില തെളിവുകള്‍ കണ്ടതിനാലാണ്, ഇപ്പോള്‍ ഇതൊക്കെ ഓര്‍ത്തത്. 'ദേശാഭിമാനി' ടി.കെ. മാധവന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ്, ഈ തെളിവുകള്‍ വരുന്നത്; കുമാരനാശാന്റെ കുറിപ്പുകളുമുണ്ട്. 

സ്വദേശത്തും സ്വന്തം സമുദായമായ ഈഴവര്‍ക്കിടയിലും അപ്രസിദ്ധനായിരുന്ന കോമലേഴത്ത് മാധവന്‍ 'ദേശാഭിമാനി'യുടെ കൂട്ടുടമസ്ഥനും മാനേജരും എന്ന നിലയ്ക്കാണ്, പൊതുജീവിതത്തില്‍ ശ്രദ്ധേയനാകുന്നത്. കവിയായ പരവൂര്‍ കേശവനാശാന്‍ മുതലായ ചില സമുദായാഭിമാനികള്‍, 'സുജനാനന്ദിനി', 'കേരള സന്ദേശം', 'കേരള കൗമുദി' എന്നീ പേരുകളില്‍ 1892 മുതല്‍ ഈഴവസമുദായത്തിനായി പത്രങ്ങള്‍ നടത്തിയിരുന്നെങ്കിലും, 'ദേശാഭിമാനി' തുടങ്ങും മുന്‍പ് അവയെല്ലാം, നിലച്ചിരുന്നു. അന്നു മലയാളത്തില്‍ പ്രതിദിന പത്രങ്ങള്‍ ഉണ്ടായിരുന്നില്ല. എല്ലാ പ്രധാന സമുദായത്തിനും ഒന്നില്‍കുറയാതെ പ്രതിവാരികകളും ദ്വൈവാരികകളും ഉണ്ടായിരുന്നു. അങ്ങനെ ഈഴവര്‍ക്ക് വര്‍ത്തമാനപ്പത്രമില്ലാത്ത ന്യൂനത പരിഹരിക്കാനാണ്, മാധവന്‍ 'ദേശാഭിമാനി' തുടങ്ങാന്‍ തീരുമാനിച്ചത്. 

പുതുപ്പള്ളില്‍ ആനസ്ഥാനത്ത് കുഞ്ഞുപണിക്കര്‍ തുടങ്ങി ചിലര്‍ 'കവിതാ വിലാസിനി' എന്ന പേരില്‍, പദ്യമാസിക കായംകുളത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ പ്രവര്‍ത്തകരോടും മറ്റും ആലോചിച്ചപ്പോള്‍, പത്രം നടത്തുന്നതു നന്നെന്നു ബോധ്യപ്പെട്ടു. ഭാര്യാ സഹോദരനായ കയ്യാലയ്ക്കല്‍ പത്മനാഭന്‍ ചാന്നാര്‍, പണം മുടക്കാന്‍ സമ്മതിച്ചു. ഉടമകളായ മാധവന്‍, കെ.പി.കയ്യാലയ്ക്കല്‍, പത്രാധിപര്‍ ടി.കെ.നാരായണന്‍ എന്നിവര്‍ 1905 ല്‍ (1090 മീനം 13) കരാര്‍ ഒപ്പിട്ടു. പത്രത്തിനു പല പേരുകള്‍ നിര്‍ദ്ദേശിച്ചെങ്കിലും, വക്കം അബ്ദുല്‍ഖാദര്‍ മൗലവി ഉടമയായി, രാമകൃഷ്ണപിള്ള രണ്ടാമത്തെ പത്രാധിപരായിരുന്ന, 'സ്വദേശാഭിമാനി' എടുത്ത് 'സ്വ' കളയാനായിരുന്നു തീരുമാനം. 'സ്വ' ഇല്ലാതാകുമ്പോള്‍, സ്വാര്‍ത്ഥവും സ്വകാര്യവും ഇല്ലാതാകുന്നു എന്ന് അവര്‍ കണ്ടു. 1915 ല്‍തന്നെ (മേടം നാല്) 'ദേശാഭിമാനി' പ്രസിദ്ധീകരിച്ചു-രാമകൃഷ്ണ പിള്ളയെ നാടുകടത്തി അഞ്ചുകൊല്ലത്തിനുശേഷം.

 പിള്ളയെ നാടുകടത്തിയത്, 1910 സെപ്തംബര്‍ 26 നായിരുന്നു. 'ദേശാഭിമാനി'യുടെ പ്രസ്താവനയില്‍ പറഞ്ഞു: ''പത്രപ്രവര്‍ത്തകന്മാരുടെ ജാതിയെ അല്ലാതെ, പത്രപ്രവര്‍ത്തനത്തെ നോക്കിയല്ലല്ലൊ ഒരു പൊതുജന പ്രാതിനിധ്യത്തെ വഹിക്കുന്നതോ, അതല്ല ഒരു പ്രത്യേക ജാതിയുടെ പ്രാതിനിധ്യത്തെ വഹിക്കുന്നതോ എന്നു ജനങ്ങള്‍ സാമാന്യേന വിചാരിച്ചുപോരുന്നത്. ഇത് പൊതുജന പ്രാതിനിധ്യം വഹിക്കണമെന്നു താല്‍പ്പര്യമുള്ള പത്രപ്രവര്‍ത്തകന്മാരെക്കൂടി അപരാധികളാക്കുന്ന വ്യസനകരമായ ഒരവസ്ഥ തന്നെ. ഈ അവസ്ഥയില്‍ മലയാളരാജ്യത്തു സംഖ്യകൊണ്ടു മുന്നണിയില്‍ നില്‍ക്കുന്നവരെങ്കിലും മറ്റവസ്ഥകളില്‍, മുന്നണിയിലേക്കു വരുവാന്‍ പ്രബലങ്ങളായ പ്രതിബന്ധ ശക്തികളെക്കൂടി ജയിക്കേണ്ട ആവശ്യകത നേരിട്ടിരിക്കുന്ന ഈഴവ സമുദായത്തിന്റെ പ്രാതിനിധ്യം വഹിക്കാന്‍ ഒരു പ്രതിവാരപ്പത്രമെങ്കിലും ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ ആര്‍ക്കും വിസമ്മതിക്കാന്‍ നിവൃത്തിയുള്ളതല്ല.'' 

മാധവനും കൂട്ടരും, പത്രത്തിന്റെ ഉന്നമനത്തിനായി സമീപിച്ചവരിലൊരാള്‍, രാമകൃഷ്ണപിള്ള ആക്രമിച്ച രാജഗോപാലാചാരി ആയിരുന്നു. ദിവാന്‍പദം വിട്ട് ഊട്ടിയില്‍ താമസിച്ചിരുന്ന അദ്ദേഹം അയച്ച കുറിപ്പ്, 'ദേശാഭിമാനി' പ്രസിദ്ധീകരിച്ചു: ''ദേശാഭിമാനി' തിരുവിതാംകൂറിലെ താഴ്ത്തപ്പെട്ട വര്‍ഗക്കാരുടെ നന്മയെ ഉദ്ദേശിച്ചു നടത്തപ്പെടുന്ന ഒരു പത്രമായിരിക്കുമെന്നു കാണുന്നതിനാല്‍ അതിന്റെ നേരെ എനിക്ക് അനുകമ്പയാണുള്ളത്. ന്യായമായ സങ്കടങ്ങളുടെ പരിഹാരത്തിന് പ്രസംഗത്തിലും പ്രവൃത്തിയിലുമുള്ള മിതശീലത്തെക്കാള്‍ ഉപരിയായി മറ്റൊന്നുമില്ലെന്നുള്ള വസ്തുത ദയവുചെയ്ത് വിസ്മരിക്കരുതേ. നിങ്ങളുടെ പത്രം എല്ലായ്‌പ്പോഴും മിതഭാഷിയായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.'' 

സമനില തെറ്റിയ രാമകൃഷ്ണപിള്ളയുടെ അവസ്ഥയിലേക്ക് നിങ്ങള്‍ താഴരുതേ എന്നാണ്, ഈ കുറിപ്പിന്റെ ധ്വനി. കൊല്ലം മുണ്ടയ്ക്കല്‍ ഊരമ്പള്ളില്‍ നാണുവിന്റെ വാടകകെട്ടിടത്തിലായിരുന്നു, 'ദേശാഭിമാനി'. ആരംഭം മുതല്‍ തനിച്ചും 1916 മുതല്‍ കുടുംബസമേതവും മാധവന്‍ അവിടെ താമസിച്ചു. 1917 (വൃശ്ചികം 10) വരെ, മാനേജര്‍ എന്ന നിലയില്‍ പ്രചാരത്തിനും നിലനില്‍പ്പിനും വേണ്ടതെല്ലാം മാധവന്‍ ശ്രദ്ധയോടെ ചെയ്തു. പത്രം സ്ഥിരമായി രാജഗോപാലാചാരിക്ക് അയച്ചു. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, സര്‍ സി.ശങ്കരന്‍ നായര്‍, ആനി ബസന്റ് എന്നിവരും ആ പട്ടികയില്‍ പെട്ടു. 

മാധവന്‍ 1916 ല്‍ (മകരം 14) പത്രാധിപരായ ശേഷമാണ് പ്രശസ്തനായത്. ആദ്യ മുഖപ്രസംഗം ഈഴവ റെഗുലേഷനെപ്പറ്റിയായിരുന്നു. മിശ്രദായവാദിയായ സി.വി.കുഞ്ഞുരാമന്റെ പത്രാധിപത്യത്തില്‍ പുനരുദ്ധരിച്ച 'കേരള കൗമുദി'യുടെ പ്രചാരണത്തിനെതിരേ, 'ദേശാഭിമാനി' നിലകൊണ്ടു. കൊച്ചിയിലെ ഈഴവര്‍ നിരവധി പീഡനങ്ങള്‍ സഹിച്ചുവരികയായിരുന്നു. തൃശൂര്‍പൂരക്കാലത്ത്, ഈഴവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസുകാരുടെ സഹകരണത്തോടെ ഇറക്കിവിടുക, ഈഴവര്‍ക്ക് പ്രവേശനമുണ്ടായിരുന്ന തൃപ്പൂണിത്തുറ ഗവണ്‍മെന്റ് സ്‌കൂളില്‍ കൊച്ചുതമ്പുരാക്കന്മാരെ ചേര്‍ക്കുകയാല്‍ ഈഴവരെ സ്‌കൂളില്‍നിന്ന് ബഹിഷ്‌കരിക്കുക, ഈഴവ മാന്യരെ പോലീസുകാരെക്കൊണ്ട് മര്‍ദ്ദിപ്പിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ 1918 ല്‍ കോഴിക്കോട്ട് തീയ മഹായോഗത്തില്‍ ചര്‍ച്ച ചെയ്തപ്പോള്‍, എസ്എന്‍ഡിപി പ്രതിനിധിയായി, മാധവന്‍ പങ്കെടുത്തു. പൗരസമത്വവാദമാണ്, മാധവന്‍ പങ്കെടുത്ത ആദ്യത്തെ ശക്തമായ പ്രക്ഷോഭം. തിരുവിതാംകൂറിലെ ജനസംഖ്യയില്‍ 26 ലക്ഷത്തില്‍പ്പരം വരുന്ന ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് പ്രാഥമിക പൗരാവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാനായിരുന്നു പ്രക്ഷോഭം.

ക്രിസ്ത്യാനികള്‍, മുസ്ലിoകൾ എന്നിവര്‍ക്കും ഈഴവരാദി പിന്നാക്ക വിഭാഗത്തിനും റവന്യൂ, പട്ടാളം എന്നീ വകുപ്പുകളില്‍ പ്രവേശനം നേടുന്നത് പൗരസമത്വവാദത്തിന്റെ മുഖ്യലക്ഷ്യമായിരുന്നു. 'ദേശാഭിമാനി' നാലാം പുസ്തകം മൂന്നാം ലക്കത്തിലെ പ്രസംഗത്തില്‍, ഈഴവര്‍ ക്രിസ്ത്യാനികളോടു സഹകരിച്ചു പ്രക്ഷോഭം നടത്തണമെന്ന് ആവശ്യപ്പെട്ടു. പ്രജാസഭയുടെ പ്രാരംഭവര്‍ഷങ്ങളില്‍, ഈഴവര്‍ക്ക് എല്ലാ സ്‌കൂളുകളിലും പ്രവേശനം അനുവദിക്കണമെന്നു കാട്ടി ഒരു മെമ്മോറിയല്‍ തയ്യാറാക്കി, ഈഴവപ്രതിനിധികള്‍ കൊണ്ടുചെന്നപ്പോള്‍, 'മലയാള മനോരമ' പത്രാധിപര്‍ കെ.സി.മാമ്മന്‍ മാപ്പിള അതില്‍ ഒപ്പിടാന്‍ വിസമ്മതിച്ച വിവരം, മുഖപ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഇക്കാലത്ത്, ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ അന്തരീക്ഷം കേരളത്തില്‍ പ്രത്യക്ഷപ്പെട്ടു. 1904 ല്‍ സ്ഥാപിച്ച ശ്രീമൂലം പ്രജാസഭയും എസ്എന്‍ഡിപിയും അതിനു ചാലകശക്തികളായി. ഈ സാഹചര്യം, 'ടി.കെ.മാധവന്റെ ജീവചരിത്രം' എന്ന പുസ്തകത്തില്‍, പി.കെ.മാധവന്‍ വിവരിക്കുന്നു:

'ശ്രീമൂലം പ്രജാസഭയുടെ പ്രാരംഭം മുതല്‍ ഈഴവസമുദായത്തില്‍നിന്നു രണ്ടും അധഃകൃത ബന്ധുവായ സര്‍ രാജഗോപാലാചാരി അവര്‍കളുടെ കാലം മുതല്‍ ആറും, പുലയര്‍, പറയര്‍ മുതലായ അയിത്തജാതിക്കാരില്‍നിന്ന് ഒന്നില്‍ കുറയാതെയും പ്രതിനിധികളെ ഗവണ്‍മെന്റില്‍നിന്ന് എല്ലാവര്‍ഷങ്ങളിലും നിയമിച്ചിരുന്നതിനാല്‍, വിഭിന്ന സമുദായങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കവും സാഹചര്യവും അഭിപ്രായ വിനിമയവും സുസാധ്യമായിത്തീരുകയും തദ്വാരാ ഗവണ്‍മെന്റിനും സവര്‍ണ സമുദായങ്ങള്‍ക്കും സമത്വപരമായ അനുകൂല മനഃസ്ഥിതിയും ഹൃദയവിശാലതയും വര്‍ധിക്കുകയും ചെയ്തു.'' രാജഗോപാലാചാരിയെ ഈഴവര്‍ കണ്ടിരുന്നത്, അധഃകൃത ബന്ധുവായിട്ടാണ് എന്നതിനു വേറെ തെളിവു വേണ്ട-ദളിത് ബന്ധു എന്‍.കെ.ജോസിനു മുന്‍പേ, ഇവിടെ അധഃകൃത ബന്ധു രാജഗോപാലാചാരി ഉണ്ടായിട്ടുണ്ട്! 

പ്രജാസഭാംഗമായിരുന്ന കുമാരനാശാന്‍ 1912 ഫെബ്രുവരി ആറ് മുതല്‍ മാര്‍ച്ച് അഞ്ചുവരെ ചേര്‍ന്ന സമ്മേളനം കഴിഞ്ഞ്, 'വിവേകോദയ'ത്തില്‍ (മകരം-ദിനം ലക്കം), രാജഗോപാലാചാരിയെപ്പറ്റി ഇങ്ങനെഎഴുതി: ''യോഗ്യനായ ദിവാന്‍ പി.രാജഗോപാലാചാരി അവര്‍കള്‍ പ്രതിനിധികളോടു കാണിച്ച അനുകമ്പയും ക്ഷമയും പ്രതിപാദ്യവിഷയങ്ങള്‍ കേള്‍ക്കുന്നതില്‍ പ്രദര്‍ശിപ്പിച്ച ശ്രദ്ധയും താല്‍പ്പര്യവും അന്യാദൃശമായിരുന്നു. ദിവാന്‍ജി അവര്‍കളുടെ ഉപസംഹാര പ്രസംഗം കേവലം വസ്തുതകൊണ്ടു നിറഞ്ഞതും അത്യന്തം ഹൃദയംഗമവുമായിരുന്നു. ആ പ്രസംഗം അദ്ദേഹത്തിന്റെ അസാധാരണമായ യോഗ്യതക്കും ഭരണവിഷയത്തില്‍ അദ്ദേഹം പ്രദര്‍ശിപ്പിക്കുന്ന തീവ്രമായ ശ്രദ്ധയ്ക്കും ജനങ്ങളുടെ നന്മയില്‍ അദ്ദേഹത്തിനുള്ള നിഷ്‌കപടമായ അഭിനിവേശത്തിനും ദൃഷ്ടാന്തമായി എന്നും ശോഭിക്കുന്നതാകുന്നു. ഇദ്ദേഹം നമ്മുടെ ദിവാന്‍ജി ആയി കുറെക്കാലംകൂടി ഇരിപ്പാന്‍ ഇടയാകുന്നു എങ്കില്‍, നിശ്ചയമായും അത് നാടിനും ജനങ്ങള്‍ക്കും ഗുണകരമായിരിക്കുമെന്നു പറയാന്‍ ഞങ്ങള്‍ മടിക്കേണ്ടതില്ല. ''ഈ കൊല്ലത്തെ പ്രജാസഭയ്ക്കുള്ള പ്രധാന വിശേഷം, പുലയരുടെ പ്രതിനിധിയായി അവരുടെ വര്‍ഗത്തില്‍നിന്നുതന്നെ ഒരാളെ (അയ്യന്‍കാളി) ഗവണ്‍മെന്റില്‍നിന്നു നിശ്ചയിച്ചതാണ്. ഈ ശ്ലാഘ്യ കൃത്യത്തിന് ആ വര്‍ഗക്കാര്‍ മാത്രമല്ല, സമസൃഷ്ടി സ്‌നേഹത്തെ ഉല്‍കൃഷ്ട ഗുണമായി ഗണിക്കുന്ന ഏതു വര്‍ഗക്കാരും നമ്മുടെ ദിവാന്‍ജി അവര്‍കളെ അഭിനന്ദിക്കുകയും അദ്ദേഹത്തോടു കൃതജ്ഞരായിരിക്കുകയും ചെയ്യേണ്ടതാകുന്നു.'' 

രാമകൃഷ്ണപിള്ളയെ നാടുകടത്തി, രണ്ടുവര്‍ഷത്തിനുശേഷം, കുമാരനാശാനെപ്പോലെ ഒരാള്‍, ഇങ്ങനെയെഴുതിയതിന്റെ അര്‍ത്ഥം, ആ നാടുകടത്തല്‍ നാട്ടില്‍ വലിയ വിഷയമായിരുന്നില്ല എന്നാണ്. അനാവശ്യ വിവാദങ്ങളുണ്ടാക്കുന്ന മലയാള മാധ്യമ പ്രവണത മാത്രമാണ്, രാമകൃഷ്ണപിള്ളയുടെ സംഭാവന. മാധവന്‍ 1921 ല്‍ തിരുനല്‍വേലിയില്‍ ഗാന്ധിയെ കണ്ടു നടത്തിയ സംഭാഷണം, കേരളത്തിലെ ഈഴവരെ സംബന്ധിച്ചിടത്തോളം, സുവര്‍ണ മുഹൂര്‍ത്തമായിരുന്നു. അത് പിന്നീടു നടന്ന വൈക്കം സത്യഗ്രഹത്തിനു പകര്‍ന്ന ഇന്ധനം വളരെയധികമാണ് എന്നുമാത്രമല്ല, ഞാന്‍ വായിച്ചിട്ടുള്ള അഭിമുഖ സംഭാഷണങ്ങളില്‍, ഒന്നാംനിരയില്‍ നില്‍ക്കുന്നതുമാണ്; വലിയ പത്രപ്രവര്‍ത്തകനായിരുന്നു മാധവന്‍ എന്നതിന് സാക്ഷ്യം വേറെ വേണ്ട. 

പുലയക്കുട്ടികളെയും പറയക്കുട്ടികളെയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ച് രാജഗോപാലാചാരി 1910 ല്‍ ഉത്തരവ് പുറപ്പെടുവിച്ചതാണ് രാമകൃഷ്ണപിള്ളയെ ചൊടിപ്പിച്ചത്. സവര്‍ണരായ കുട്ടികളെയും പുലയരാദി കുട്ടികളെയും ഒരേ ക്ലാസിലിരുത്തി പഠിപ്പിക്കുന്നത്, ''കുതിരയെയും പോത്തിനെയും ഒരേ നുകത്തില്‍ കെട്ടുന്നതുപോലെ'' ആയിരിക്കുമെന്ന് 1910 മാര്‍ച്ച് രണ്ടിന് രാമകൃഷ്ണപിള്ള 'സ്വദേശാഭിമാനി'യില്‍ മുഖപ്രസംഗം എഴുതി. രാജഗോപാലാചാരി നാടുകടത്തിയിട്ടും രാമകൃഷ്ണപിള്ളയിലെ ദളിത് വിദ്വേഷി അടങ്ങിയില്ല. 'ലക്ഷ്മി വിലാസം' മാസികയുടെ 1911 ജൂണ്‍-ജൂലൈ ലക്കത്തില്‍, 'സമുദായ ക്ഷയം' എന്ന ലേഖനത്തില്‍, രാമകൃഷ്ണപിള്ള ചോദിച്ചു: ''ഒരു പൊലയക്കുട്ടി പാഠശാല വിട്ട് അവന്റെ ഗൃഹത്തിലേക്ക് മടങ്ങിച്ചെന്നാല്‍, അവന്റെ സഹവാസവും സംസര്‍ഗവും പഴയ ആളുകളുമായിട്ടും പഴയ സ്ഥിതിയിലും തന്നെയാണ്. ആ പരിസരങ്ങള്‍ പരിഷ്‌കരിക്കപ്പെടണമെങ്കില്‍, അവന്റെ കുടുംബത്തിന് ധനാഭിവൃദ്ധിയുണ്ടായിരിക്കണം. ഈ സംഗതിയില്‍ പൊലയരുടെ നില മെച്ചപ്പെട്ടിട്ടുണ്ടോ?'' അതായത്, പുലയന്‍ പണമുണ്ടാക്കിയശേഷം, പഠിച്ചാല്‍ മതി. സംഗതി തിരിച്ചല്ലേ? വിദ്യാഭ്യാസം കൊണ്ടല്ലേ മനുഷ്യന് അഭിവൃദ്ധിയുണ്ടാകുക? അപ്പോള്‍, അതല്ലേ ആദ്യം വേണ്ടത്? മറിച്ചാണെങ്കില്‍, ദളിതന് ധനം, രാമകൃഷ്ണപിള്ള വീട്ടില്‍നിന്നു കൊടുക്കുമായിരുന്നോ? 

ചരിത്രം പരതുമ്പോള്‍ കിട്ടുന്ന മറ്റൊരു വസ്തുത, 1906 ല്‍, ദളിതരുടെ പ്രതിനിധിയായി, സവര്‍ണനായ 'സുഭാഷിണി' പത്രാധിപര്‍ പി.കെ.ഗോവിന്ദപ്പിള്ളയെ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു എന്നതാണ്. രാമകൃഷ്ണപിള്ള അദ്ദേഹത്തിന്റെ ശത്രുവായിരുന്നു; എസ്.ഗോപാലാചാരിയായിരുന്നു അന്നു ദിവാന്‍. പ്രജാസഭയില്‍ ആദ്യമായി ഒരു അവര്‍ണനെത്തിയത്, അതു രൂപവല്‍ക്കരിച്ച 1904 ല്‍ തന്നെ കാര്‍ത്തികപ്പള്ളി ചേപ്പാട് ആലുംമൂട്ടില്‍ ശങ്കരന്‍ കൊച്ചുകുഞ്ഞ് ചാന്നാര്‍; അടുത്ത കൊല്ലം, കുമാരനാശാന്‍. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യത്തെ സഭയായിരുന്നു അത്; ചാന്നാര്‍ അങ്ങനെ ഭാരതത്തില്‍, നിയമസഭാംഗമാകുന്ന ആദ്യ അവര്‍ണനായി. രാജഗോപാലാചാരി ദിവാനാകുന്നത് 1907 ഒക്‌ടോബറിലാണ്. അതിനുമുന്‍പ് കൊച്ചിയില്‍ ദിവാനായിരുന്ന്, ഷൊര്‍ണൂര്‍ റെയില്‍പ്പാതപോലെ പല കുതിച്ചുചാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കി. അയ്യന്‍കാളി സാധുജനപരിപാലന സംഘമുണ്ടാക്കുന്നതും 1907 ല്‍ തന്നെ.

പുലയനെ തന്നെ പ്രജാസഭാംഗമാക്കണമെന്ന ഗോവിന്ദപ്പിള്ളയുടെ അപേക്ഷ മാനിച്ച്, രാജഗോപാലാചാരിയാണ്, 1912 ല്‍ അയ്യന്‍കാളിയെ നാമനിര്‍ദ്ദേശം ചെയ്തത്. അത്, രാമകൃഷ്ണപിള്ളയ്ക്ക് മുഖത്തേറ്റ അടിയായിരുന്നു. 1912 ഫെബ്രുവരി 27 ചൊവ്വാഴ്ച, അയ്യന്‍കാളി സഭയില്‍ ചെയ്ത ആദ്യ പ്രസംഗം, പുതുവല്‍ ഭൂമി പുലയര്‍ക്കു പതിച്ചുകിട്ടുന്നത് സംബന്ധിച്ചായിരുന്നു. 20 ലേറെ കൊല്ലം അയ്യന്‍കാളി, നിയമസഭയില്‍ പോരാടി. 1913 മുതല്‍, ഒന്നിലേറെ ദളിതര്‍ സഭയിലെത്തി-ചിലപ്പോള്‍ അഞ്ചുവരെ. 1914 ല്‍ ദിവാന്‍സ്ഥാനം ഒഴിഞ്ഞ രാജഗോപാലാചാരിയെ, അയിത്ത ജാതിക്കാര്‍ നാടുനീളെ യാത്രയയപ്പു നല്‍കി ആദരിച്ചു. എസ്എന്‍ഡിപിയും അതില്‍ ഉള്‍പ്പെട്ടു. 1921 ല്‍ അദ്ദേഹം, മദ്രാസ് ലജിസ്ലേറ്റീവ് കൗണ്‍സിലിന്റെ ആദ്യ അധ്യക്ഷനായി.മാധവൻറെ ദേശാഭിമാനി അദ്ദേഹം 1930 ൽ മരിച്ച് താമസിയാതെ നിലച്ചു.

മുണ്ടശ്ശേരിയുടെ മകൾ

2017 ജനുവരി രണ്ട് ഉച്ചയ്ക്ക്  പന്ത്രണ്ടിന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍, മില്‍ ലെവ്ന്‍ സെമിത്തേരിയിലായിരുന്നു , പ്രൊഫസര്‍ ഡോ. മേരി സത്യദാസിന്റെ സംസ്‌കാരം. രാവിലെ എട്ടു മുതല്‍ ഒന്‍പതര വരെ ബ്രൂക്ക് ഹൗസില്‍ പൊതുദര്‍ശനം. പത്തേകാല്‍ മുതല്‍ ഒരു മണിക്കൂര്‍ റോവന്‍ ചാപ്പലില്‍ ചരമശുശ്രൂഷ.
 അവര്‍ എന്റെ ഓര്‍മകളിലും നിറഞ്ഞുനില്‍ക്കും; അവര്‍ക്ക് അഞ്ചുമക്കളാണ്; മൂന്നാണും രണ്ടു പെണ്ണും. ഞാനും കൂടിയാല്‍, ആറുമക്കള്‍; എന്റെ രണ്ടാമത്തെ അമ്മ. എന്റെ മകള്‍ അശ്വതിയെ ബിഡിഎസിന് ചേര്‍ക്കും മുന്‍പ് ഞാന്‍ അവരെ കോട്ടയത്തെ വീട്ടില്‍ കണ്ടപ്പോള്‍, ഡന്റിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഒരു രോഗി, 32 രോഗിയാണ്, കാരണം പല്ലുകള്‍ 32 ആണ് എന്ന് അവര്‍ പറഞ്ഞു ചിരിച്ചത് ,ഒരു പത്ര പംക്തിയിൽ ഞാൻ എഴുതുമ്പോൾ , അവര്‍ മരിക്കുകയായിരുന്നു. അവരുടെ ഓര്‍മ എന്നില്‍ നിറയുകയായിരുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ തന്റെ ഹോസ്റ്റല്‍ മുറിയില്‍, അദ്ദേഹം തേച്ചിരുന്ന ബലാഗുളിച്യാദി എണ്ണയുടെ മണം വന്നു നിറഞ്ഞതായി മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയിട്ടുണ്ടല്ലൊ- അതുപോലെ ഒരനുഭവം.
പംക്തി വന്നത് അവര്‍ മരിച്ച ചൊവ്വാഴ്ചയാണെങ്കിലും, ഞാന്‍ അതിന്റെ പകുതി എഴുതിയത് വെള്ളിയാഴ്ചയായിരുന്നു. അന്നാണ്, അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അവര്‍ മാഞ്ചസ്റ്ററിലാണെന്നും അറിയാമായിരുന്നില്ല. മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറിയില്‍ (സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ്) കരള്‍രോഗ ചികിത്സാവിദഗ്ദ്ധനാണ്, ഇളയ മകന്‍ ഡോ. തോമസ് സത്യദാസ്.അമ്മ മരിച്ചതിന് പിറ്റേന്ന്, മൂത്തമകന്‍ ജോസഫ് സത്യദാസ്, മാഞ്ചസ്റ്ററില്‍ നിന്ന് എനിക്കെഴുതി:
ഓഗസ്റ്റില്‍ ടെഡ്ഡി (തോമസ്) അമ്മയെ പ്രത്യേക ശ്രദ്ധയോടെ നോക്കാനായി മാഞ്ചസ്റ്ററില്‍ കൊണ്ടുവന്നു. ശ്വാസകോശത്തിന് ചെറിയ പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍, മറ്റ് പ്രശ്‌നങ്ങളില്ലാതെ, എല്ലാം സ്വയം ചെയ്തുപോന്നു. രാത്രി, ശ്വാസോച്ഛ്വാസം എളുപ്പമാകാന്‍ ശ്വസന സഹായി ഉണ്ടായിരുന്നു. ഞാന്‍ 21 ന് മാഞ്ചസ്റ്ററിലെത്തുമ്പോള്‍, അമ്മ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും കമ്പിളി ഷോളുകള്‍ തയ്ക്കുകയായിരുന്നു.
പടികള്‍ കയറിയിരുന്നു. എല്ലാറ്റിലും ഇടപെട്ടിരുന്നു. 23 ന് ശ്വാസം കഴിക്കാന്‍ പ്രയാസം വന്നതിനാല്‍ ആശുപത്രിയിലാക്കി. അടുത്തനാളുകളില്‍ അവരെ മക്കളും കൊച്ചുമക്കളും വലയം ചെയ്ത്, ക്രിസ്മസ് ഗാനങ്ങളും അമ്മക്കിഷ്ടപ്പെട്ട മറ്റു പാട്ടുകളും പാടി. സമാധാനത്തോടെയുള്ള മരണത്തിന് ഏതാനും മണിക്കൂര്‍ മുന്‍പുവരെ ബോധത്തോടെ സംസാരിച്ചു. അവസാനത്തെ ഏതാനും മണിക്കൂറുകളില്‍, അമ്മയ്‌ക്കൊപ്പം ഞങ്ങള്‍ അഞ്ചുമക്കളും ഉണ്ടായിരുന്നു.
പുണ്യം ചെയ്ത ജന്മം. മക്കളെല്ലാവരും ക്രിസ്മസ് അമ്മയ്‌ക്കൊപ്പം ചെലവിടാന്‍ എത്തിയതായിരുന്നു. ജോസഫ് സിംഗപ്പൂരിലെ ‘സ്‌ട്രെയ്റ്റ്‌സ് ടൈംസി’ല്‍ പത്രാധിപ സമിതി അംഗമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ഇംഗ്ലീഷ് എംഎ ക്ലാസില്‍ ഞങ്ങള്‍ സഹപാഠികളായിരുന്നു. ജോസഫ്, മുണ്ടശ്ശേരിയുടെ കൊച്ചുമകനാണെന്നറിഞ്ഞ്, ഞാന്‍ പരിചയപ്പെട്ടു. ഇംഗ്ലീഷ് പഠിക്കുന്നവര്‍ക്ക് എന്തു മുണ്ടശ്ശേരി? അദ്ദേഹത്തിന്റെ ആത്മകഥ ‘കൊഴിഞ്ഞ ഇലകള്‍’, മറ്റു പുസ്തകങ്ങള്‍ ഒക്കെ ഹൃദിസ്ഥമാക്കിയിരുന്ന ഞാനും അവ അത്ര കാര്യമാക്കാത്ത ജോസഫും ആത്മമിത്രങ്ങളായി.
ഞങ്ങളുടെ സീനിയറായിരുന്നു, മുൻ  ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്. ഞങ്ങളുടെ പ്രൊഫസര്‍മാരായിരുന്നു, വിഷ്ണുനാരായണന്‍ നമ്പൂതിരിയും നരേന്ദ്രപ്രസാദും നര്‍ത്തകി നീനാ പ്രസാദിന്റെ അച്ഛന്‍ ഭാസ്‌കര പ്രസാദും. എന്റെ എക്കാലത്തെയും മികച്ച പ്രൊഫസറായിരുന്നു, നരേന്ദ്ര പ്രസാദ്. ടി.എസ്. എലിയറ്റിന്റെ ‘മര്‍ഡര്‍ ഇന്‍ ദ കഥിഡ്രല്‍’ നാടകമാണ്, നരേന്ദ്രപ്രസാദ് പഠിപ്പിച്ചത്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ് തോമസ് ബെക്കറ്റ്, യേശുവിനെപ്പോലെ പ്രലോഭനങ്ങള്‍ അതിജീവിക്കാന്‍ ശ്രമിക്കുന്നതിന്റെ നാടകീയ മുഹൂര്‍ത്തങ്ങളാണ് അതില്‍. അദ്ദേഹത്തിന്റെ ക്ലാസില്‍, എന്നെക്കാണാന്‍ വരുന്ന കൂട്ടുകാരെയും ഞാന്‍ വിളിച്ചു കയറ്റും. അങ്ങനെ കയറിയവരിലൊരാളാണ്, എന്‍.എം. പിയേഴ്‌സണ്‍. ഇവരും ജോസഫിന്റെ സുഹൃത്തുക്കളായി.
ഈ സൗഹൃദം, ജോസഫിന്റെ കോട്ടയം പെരുമ്പായിക്കാട്ടെ വീട്ടിലുമെത്തി. ജോസഫ് ഐഎഎസ് തയ്യാറെടുപ്പിനായി ഡല്‍ഹിയില്‍ പോയ കാലത്ത് കുറെ മാസങ്ങള്‍, ആ വീട്ടില്‍ ഞാന്‍ താമസിച്ചു. അങ്ങനെ, മേരി സത്യദാസ്, എന്റെയും അമ്മയായി. ടെഡ്ഡിയെ ഞാന്‍ എനിക്കറിയാത്ത ഒരു വിഷയം, കെമിസ്ട്രി, പഠിപ്പിച്ചു. അക്കാലത്ത് ഞാന്‍ ‘ദീപിക’യില്‍ ചേര്‍ന്നിരുന്നേയുള്ളൂ. ഒരു പാചകക്കാരനെ വച്ച് ഞങ്ങള്‍ ട്രെയിനികള്‍ റയില്‍വേ സ്റ്റേഷനടുത്ത് ഒന്നിച്ച് താമസിച്ചിരുന്നു. പാചകക്കാരന്റെ ഭക്ഷണം മോശമായതിനാല്‍, മിക്കവാറും ഞാന്‍ മേരി സത്യദാസിന്റെ വീട്ടില്‍ തന്നെയായിരുന്നു. സസ്യാഹാരിയായ എനിക്കായി അമ്മ, മെനു മാറ്റിയെഴുതി. ‘മനോരമ’യില്‍ അഭിമുഖ സമയത്ത് എവിടെയാണ് താമസം എന്ന് മാത്തുക്കുട്ടിച്ചായന്‍ ചോദിച്ചപ്പോള്‍, ‘ഡോ.മേരി സത്യദാസിന്റെ വീട്ടില്‍’ എന്നു പറഞ്ഞത്, മൊത്തം ഇന്റര്‍വ്യൂ ബോര്‍ഡില്‍ അമ്പരപ്പുണ്ടാക്കി. അപ്പോള്‍തന്നെ, മാത്തുക്കുട്ടിച്ചായന്‍ എന്നെ ക്രിസ്ത്യാനിയായി അംഗീകരിച്ചു എന്നുതോന്നി.

കറുത്തു തടിച്ച ഒരു വേലക്കാരി ഉണ്ടായിരുന്നു ആ വീട്ടില്‍. ഒരു നാള്‍ അവരെ കാണാഞ്ഞപ്പോള്‍, മേരി സത്യദാസ് വിശദീകരിച്ചു: ”she was entertaining the security man inside” പത്രപ്രവര്‍ത്തകന്‍ ശ്രദ്ധിക്കാത്തത്, വീട്ടുകാരി കണ്ടുപിടിക്കും എന്നു മനസ്സിലായി.
വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ മൂത്തമകളായിരുന്നു, മേരി സത്യദാസ്. മുണ്ടശ്ശേരിയുടെ ഭാര്യ കത്രീന വല്ലപ്പോഴും വീട്ടില്‍ വന്നിരുന്നു. മുണ്ടശ്ശേരിയുടെ കൃതികള്‍ ഡി.സി. കിഴക്കെമുറി  പ്രസിദ്ധീകരിച്ചിട്ട് റോയല്‍റ്റി കൊടുക്കാത്തതിനെപ്പറ്റി അവര്‍ എന്നോടു പറയും. പില്‍ക്കാലത്ത്, ഡിസി യുടെ മകള്‍ താരയ്ക്ക്, ജോസഫ് മിന്നുകെട്ടിയതോടെ, റോയല്‍റ്റി വിഷയമല്ലാതായി. ജോസഫിന് ഞങ്ങളുടെ ക്ലാസിലെ ഒരു കുട്ടിയുമായി മൊട്ടിട്ട പ്രണയം, ജോസഫ് എന്നോടല്ല കൂടുതല്‍ ചര്‍ച്ച ചെയ്തത്- അമ്മയോടു തന്നെയായിരുന്നു.
വെല്ലൂരില്‍നിന്ന് ജനറല്‍ മെഡിസിനില്‍ എംഡിയും ഇംഗ്ലണ്ടില്‍ നിന്ന് എഫ്ആര്‍സിഎസും എടുത്ത ഡോ. സത്യദാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ട്യൂട്ടറും, മേരി ഹൗസ് സര്‍ജനുമായിരിക്കുമ്പോഴാണ്, ഇരുവരും പ്രണയബദ്ധരാകുന്നത്. ബംഗളൂരുവില്‍ എല്‍എംപിയും കൊല്‍ക്കത്തയില്‍ കണ്ടന്‍സ്ഡ് എംബിബിഎസും തിരുവന്തപുരത്ത് ഫാര്‍മക്കോളജിയില്‍ എംഡിയും പഠിച്ച മേരി, നാടാരായ സത്യദാസിനെ പ്രണയിച്ചത്, മുണ്ടശ്ശേരിക്ക് പിടിച്ചില്ല. 1933 ഒക്‌ടോബര്‍ 26 ന് തൃശൂരില്‍ ജനിച്ച മേരിയും പട്ടം അയനിമൂട്ടില്‍ എ.എന്‍. സത്യനേശന്റെ മകന്‍ ഡോ.സത്യദാസും തമ്മിലുള്ള വിവാഹം, 1959 ഓഗസ്റ്റില്‍ മാര്‍ ഗ്രിഗോറിയസ് തിരുമേനി ആശീര്‍വദിക്കുമ്പോള്‍, മുണ്ടശ്ശേരി പങ്കെടുത്തില്ല. അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായിരുന്ന ഇഎംഎസ് മന്ത്രിസഭ പിരിച്ചുവിട്ട് ഒരു മാസം തികയും മുമ്പായിരുന്നു, വിവാഹം. മുണ്ടശ്ശേരിയുടെ മകന്‍, തൃശൂര്‍ കറന്റ് ബുക്‌സ് ഉടമ തോമസ് മാത്രം, കുടുംബത്തില്‍ നിന്ന് പങ്കുകൊണ്ടു. ധനിക കുടുംബമായിരുന്നു, സത്യദാസിന്റേത്. ‘ഭാരതി’ പത്രാധിപരായിരുന്ന അച്ഛന്‍ സത്യനേശന് കെടിസി എന്ന പേരില്‍ ബസുകളുടെ ശൃംഖലയുണ്ടായിരുന്നു. സത്യനേശന്റെ 11 മക്കളില്‍ മൂത്തവനായിരുന്നു, സത്യദാസ്. അദ്ദേഹത്തിന്റെ സഹോദരനാണ്, പിന്നീട് മേയറായ സ്റ്റാന്‍ലി സത്യനേശന്‍. മേരിക്ക് രണ്ടു കുട്ടികളാകും വരെയും മുണ്ടശ്ശേരി നീരസം കാത്തു സൂക്ഷിച്ചതായി, സ്റ്റാന്‍ലിയുടെ ഭാര്യ മോളി ഓര്‍ക്കുന്നു.
സത്യദാസും മേരിയും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തുന്നത് 1965 ലാണ്. 1979 ല്‍ 54-ാം വയസില്‍ സത്യദാസ് മരിക്കുമ്പോള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടായിരുന്നു. വീടു പണിയുടെ ബാധ്യതക്കാലത്ത്, അദ്ദേഹം മദ്യം നിയന്ത്രിച്ചിരുന്നുവെന്നാണ്, ജോസഫ് പറഞ്ഞിട്ടുള്ളത്. സത്യദാസ് മരിക്കുമ്പോള്‍ കുട്ടികള്‍ക്ക് 19 മുതല്‍ 10 വരെയാണ് പ്രായം. എനിക്ക് അഞ്ചുവയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചതിനാല്‍, അമ്മയെ ഞാന്‍ വിധവയായാണ് കണ്ടിട്ടുള്ളത്. മേരി സത്യദാസും ഞാന്‍ കാണുമ്പോള്‍ വിധവയാണ്. കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്തി വലിയ നിലയിലെത്തിച്ച മേരി സത്യദാസിന്റെ സമര്‍പ്പണം അപാരമാണ്. നന്മയല്ലാതെ മറ്റൊന്നും ഞാന്‍ അവരില്‍ കണ്ടിട്ടില്ല. കഴിഞ്ഞകൊല്ലം ജോസഫ് വന്നപ്പോള്‍, ഞാന്‍ ഉച്ചകഴിഞ്ഞാണ് കോട്ടയത്തെ വീട്ടിലെത്തിയത്. എന്നെക്കാണാന്‍ ഉച്ചയ്ക്കുള്ള പതിവ് ഉറക്കം മാറ്റിവച്ചിരുന്നു, അവര്‍. കണ്ടിട്ടേ ഉറങ്ങാന്‍ പോയുള്ളൂ.
റിട്ടയര്‍ ചെയ്തശേഷം (1988) കോയമ്പത്തൂര്‍ പിഎസ് ജി  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും മംഗലാപുരം ഡന്റല്‍ കോളജിലും വിസിറ്റിങ് പ്രൊഫസറായിരുന്നു. ഡോക്ടര്‍മാരുടെ പലതലമുറകളെ വാര്‍ത്തെടുത്ത ഒന്നാന്തരം അധ്യാപിക. അവരുടെ ക്ലാസുകള്‍ക്ക് പുറത്ത് പലപ്പോഴും സത്യദാസ് കാതുകൂര്‍പ്പിക്കുന്നതു കണ്ടവരുണ്ട്. വിരമിച്ചശേഷമുള്ള ഏകാന്തതയില്‍, പെന്തക്കോസ്തുകാര്‍ അവരുടെ മനസ്സു മാറ്റി.
ഒരു സിസേറിയന്‍ കഴിഞ്ഞ് താമസിയാതെ ഗര്‍ഭം ധരിക്കുന്നത് അപകടമാണെന്ന് വനിതാ മാസികകളില്‍ വായിച്ച് ആകുലപ്പെട്ടിരുന്നയാളാണ്, എന്റെ ഭാര്യയും. അങ്ങനെ രണ്ടാം ഗര്‍ഭം സംഭവിച്ചപ്പോള്‍, ഭാര്യ എന്നെ സ്വൈരം  കെടുത്തി, എനിക്ക് മാത്രമാണ് ഉത്തരവാദിത്തം എന്ന മട്ടില്‍. ജീവന്‍പോലെ മഹത്തായ ഒന്ന് പ്രകൃതിയില്‍ ഇല്ല എന്ന എന്റെ പ്രഭാഷണം ഭാര്യ ചെവിക്കൊണ്ടില്ല. ഞാന്‍ മേരി സത്യദാസിനെ വിളിച്ച് സംഭവം വിശദീകരിച്ച്, ഭാര്യയെ അവിടെക്കൊണ്ട് ചെല്ലാമെന്ന് അറിയിച്ചു. ഈ സംഭാഷണത്തിന്റെ കാര്യം പറയാതെ, ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യാമെന്ന് പറഞ്ഞ്, ഞാന്‍ ഭാര്യയെ അവരുടെ അടുത്തു കൊണ്ടുപോയി. അങ്ങനെയാണ് ഞങ്ങള്‍ക്ക് ഡോ . അശ്വതി ഉണ്ടായത്.

ബിഡിഎസിനു മുന്‍പ് കണ്ടപ്പോള്‍ മേരി സത്യദാസ് എന്നോടു ചോദിച്ചു: ”ആ കുട്ടിയാണോ ഈ കുട്ടി?”
ഞാന്‍ തലയാട്ടി. അക്കാര്യം ഇതുവരെ മകളോട് പറഞ്ഞിട്ടില്ല.

അമ്മയുടെ ആത്മാവിന് പ്രത്യേകം ഈ നിമിഷം നിത്യശാന്തി നേരേണ്ടതില്ല എന്ന് ഞാനറിയുന്നു. ഈ ലോകത്ത് സ്വര്‍ഗമുണ്ടെങ്കില്‍, അവിടെ മാത്രമേ അമ്മയ്ക്ക് പോകാന്‍ കഴിയൂ. ഇങ്ങനെ ഉറപ്പിച്ചു പറയാനാവുന്ന ജീവിതങ്ങള്‍ അധികം നമുക്കില്ലാതിരിക്കെ, ശരീരം ജിര്‍ണവസ്ത്രം മാത്രമാണെന്ന് ഭഗവദ്ഗീത പറഞ്ഞിടത്തു ഞാന്‍ നില്‍ക്കുന്നു. ശരീരത്തിനപ്പുറത്തെ പ്രകാശമാണ്, മേരി സത്യദാസ്; ഇനി, ഒരാകാശ നക്ഷത്രം.

അറിയപ്പെടാത്ത കാസ്ട്രോ

ഫിദല്‍ കാസ്‌ട്രോ മറ്റൊരു കമ്യൂണിസ്റ്റ് നേതാവും സ്വന്തമാക്കിയിട്ടില്ലാത്തത്ര വിശേഷണങ്ങള്‍ നേടിയാണ് വിടവാങ്ങിയത് . കാസ്‌ട്രോയുടെ ജീവിതത്തിന് നൈര്‍മല്യം കുറവായിരുന്നു. അരാധകരെ സൃഷ്ടിച്ച കാസ്‌ട്രോയെ വെറുത്തവരും അനവധിയായിരുന്നു. സ്വയം സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയ്ക്കുള്ളില്‍ നിന്നുകൊണ്ട് അദ്ദേഹം നയിച്ച ജീവിതത്തിന്റെ പൂര്‍ണരൂപം ഇരുണ്ടതാണ്.
വെട്ടിയൊതുക്കാത്ത താടിരോമങ്ങളും ഒലിവ് നിറമുള്ള കുപ്പായങ്ങളും പട്ടാള ബൂട്ടും ധരിച്ചെത്തുന്ന കാസ്‌ട്രോ ശൈലിയില്‍ ആകൃഷ്ടരായവര്‍ക്ക് ആ മാസ്മരിക വലയത്തില്‍ നിന്ന് പുറത്തുകടക്കുക അസാധ്യമായിരുന്നു. ജനങ്ങള്‍ക്കിടയില്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണ് ആ പ്രതിച്ഛായ. ദാരിദ്രത്തില്‍ കഴിയുന്ന ക്യൂബന്‍ ജനത ഒരുവശത്ത്, മറുഭാഗത്ത് അവരുടെ പ്രിയ നേതാവ് ആര്‍ഭാട ജീവിതത്തിലും. ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്, കാസ്‌ട്രോയ്‌ക്കൊപ്പം 17 വര്‍ഷം അംഗരക്ഷകനായിരുന്ന ജുവാന്‍ റെയ്‌നാള്‍ഡോ സാന്‍ചെസ്. ദയാരഹിതനായ, അനേകം വെപ്പാട്ടികളുള്ള, അത്യാര്‍ത്തിയുള്ള കാസ്‌ട്രോയെയാണ് ‘ദ ഡബിള്‍ ലൈഫ് ഓഫ് ഫിദല്‍ കാസ്‌ട്രോ’ എന്ന പുസ്തകത്തിലൂടെ സാന്‍ചെസ് വരച്ചിടുന്നത്.

ജനമധ്യത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും, അവരില്‍ നിന്നൊരകലം പാലിച്ചിരുന്ന കാസ്‌ട്രോയുടെ യഥാര്‍ത്ഥ വാസം എവിടെയായിരുന്നുവെന്ന് പലര്‍ക്കും അറിവില്ലായിരുന്നു. അനേകം സ്ത്രീകള്‍ക്കൊപ്പം ജീവിതം ആഘോഷമാക്കിയ കാസ്‌ട്രോയുടെ ആദ്യ ഭാര്യ മിര്‍ത ഡയാസ് ബലാര്‍തായിരുന്നു. ഈ ബന്ധത്തില്‍ പിറന്ന മകനാണ് ഫിദല്‍ ജൂനിയര്‍ (ഫിഡെലിറ്റോ). നതാലിയ റവ്യൂല്‍റ്റയായിരുന്നു മറ്റൊരു കാമുകി. ഹവാനയിലെ സുന്ദരികളായ സ്ത്രീകളില്‍ ഒരുവളായിരുന്നു നതാലിയ. അമ്പതുകളുടെ മധ്യത്തിലാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ആദ്യ ഭാര്യയെ മറന്ന കാസ്‌ട്രോ നതാലിയയുടെ കാമുകനായി. ഈ രഹസ്യബന്ധം നതാലിയക്ക് നല്‍കിയത് ഒരു മകളെയാണ്, അലീന. പില്‍ക്കാലത്ത് ഫിദലിന്റെ ഏറ്റവും വലിയ വിമര്‍ശകയും ഈ മകളായിരുന്നു. തന്റെ പേരിനൊപ്പം അച്ഛന്റെ പേര് കൂട്ടിച്ചേര്‍ക്കാന്‍ അവള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. തന്റേടിയായ ആ പെണ്‍കുട്ടിയെ കുറിച്ച് കാസ്‌ട്രോയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സീലിയ പറയുന്നതിങ്ങനെയാണ്: ‘1980 കളില്‍ അവളൊരു സുന്ദരിയായ മോഡല്‍ ആയിത്തീര്‍ന്നിരുന്നു. ഒരു ദിവസം ഞാന്‍ ഫിദലിന്റെ സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍, അയാളുടെ സഹായി ഒരു ക്യൂബന്‍ മാഗസിന്റെ കോപ്പിയുമായി വന്നു. അതിന്റെ രണ്ടാം പേജ് മുഴുവന്‍, ഒരു പായ് വഞ്ചിക്ക് മുകളില്‍ ബിക്കിനി ധരിച്ച് നില്‍ക്കുന്ന അലീനയുടെ ചിത്രമായിരുന്നു. ഹവാന ക്ലബ് റമ്മിന്റെ പരസ്യമായിരുന്നു അത്’.
ഈ പരസ്യം കണ്ടയുടനെ ഫിദല്‍ അലീനയെ വിളിക്കാന്‍ ആവശ്യപ്പെട്ടു. രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അലീനയെത്തി. ഇരുവരും തമ്മിലുണ്ടായ വാദപ്രതിവാദം മുറി മുഴുവന്‍ പ്രതിധ്വനിച്ചു. ”എല്ലാവര്‍ക്കും അറിയാം നീ എന്റെ മകളാണെന്ന്. ഒരു ബിക്കിനി ധരിച്ച് പരസ്യത്തിനായി പോസ് ചെയ്യുന്നത് എത്രമാത്രം അനുചിതമാണ്”. ഫിദലിന്റെ വാക്കുകള്‍ സീലിയ ഓര്‍ത്തെടുക്കുന്നു.
അലീനക്ക് പിന്നാലെ ഫിദലിന്റെ ചാരന്മാരുണ്ടായിരുന്നു. അവര്‍ മുഖേന മകള്‍ ക്യൂബ വിടാനൊരുങ്ങുന്നുവെന്ന് മനസ്സിലാക്കി. ഒരുവിധത്തിലും അവള്‍ ക്യൂബ വിടരുതെന്ന് അന്നത്തെ അംഗരക്ഷാ തലവന്‍ ആയിരുന്ന കേണല്‍ ജോസ് ദെല്‍ഗാദോയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. എന്നാല്‍ രണ്ട് മാസം കഴിഞ്ഞ് അലീന വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് ക്യൂബ വിട്ടു. ഈ സംഭവം കാസ്‌ട്രോയുടെ ക്രോധം ഇരട്ടിയാക്കി. അന്നയാള്‍ രോഷം കൊണ്ട് ഭ്രാന്തനെപ്പോലെ കാണപ്പെട്ടു.
‘യോഗ്യതയില്ലാത്ത വിഡ്ഢികള്‍’, അയാള്‍ ആക്രോശിച്ചു. ‘ആരാണ് ഇതിന് ഉത്തരവാദിയെന്നറിയണം. ഞാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന് എനിക്ക് അറിയണം’, ഫിദല്‍ നിര്‍ദ്ദേശിച്ചു.
കാസ്‌ട്രോയ്ക്ക് സ്ത്രീകളോടുള്ള താല്‍പര്യം ക്യൂബന്‍ ജനതക്കിടയില്‍ പാട്ടാണ്. അദ്ദേഹത്തോടൊപ്പം ശയിച്ച സ്ത്രീകളുടെ എണ്ണം 35,000 വരെയുണ്ടെന്നാണ് കണക്ക്. 2009 ല്‍, മാധ്യമ പ്രവര്‍ത്തകയായ ആന്‍ ലൂയിസ് ബര്‍ദാഷ്, അഭിമുഖത്തില്‍ ഫിദലിനോട് എത്ര കുട്ടികള്‍ ഉണ്ടെന്ന് ചോദിച്ചിരുന്നു. അതൊരു വംശം വരും എന്നായിരുന്നു മറുപടി. വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടമില്ലായിരുന്നു കാസ്‌ട്രോയ്ക്ക്. സ്വകാര്യ ജീവിതം, പ്രശസ്തിക്കോ, രാഷ്ട്രീയത്തിനോ വേണ്ടി ഉപകരണമാക്കരുത് എന്നായിരുന്നു ന്യായം.
കാസ്ട്രോ യുവതികളെ എപ്പോഴും ആകര്‍ഷിച്ചുകൊണ്ടിരുന്നു. അമേരിക്ക, ജര്‍മന്‍, ഇറ്റലി സ്വദേശിനികളും ഇതില്‍പ്പെടും.
മരീറ്റ 
1959 ല്‍ അധികാരം പിടിച്ചെടുത്ത് അധികം വൈകാതെ തന്നെ മരീറ്റ ലോറന്‍സ് എന്ന ജര്‍മന്‍ യുവതിയുമായി പ്രണയത്തിലായി. സിഐഎ വാടകയ്ക്കെടുത്തതായിരുന്നു മരീറ്റയെ. ഫിദലിനെ ഏതുവിധേനയും വകവരുത്തുകയെന്നതായിരുന്നു യുഎസ് ലക്ഷ്യം. വിഷം നല്‍കി അയാളെ ഇല്ലാതാക്കുക എന്ന ചുമതലയായിരുന്നു മരീറ്റയെ ആദ്യം ഏല്‍പ്പിച്ചത്. 30 സെക്കന്റുകള്‍ക്കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ ശേഷിയുള്ള വിഷഗുളികകളുമായാണ് അവള്‍ കാസ്‌ട്രോയെ കാണാന്‍ എത്തുന്നത്. പരിചയപ്പെട്ട് ഏറെ കഴിയും മുന്നേ അയാള്‍ മരീറ്റയോട് ചോദിച്ചു, ‘നീ എന്നെ കൊല്ലാന്‍ വന്നതാണോ’? അതിന് അവള്‍ മറുപടി നല്‍കിയത് അയാളെ കാണാന്‍ വന്നതാണ് എന്നാണ്. പിന്നെ ചോദിച്ചത് നീ സിഐഎയ്ക്കുവേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത് എന്നത്രെ. വാസ്തവത്തില്‍ അല്ല, ഞാന്‍ എനിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന മറുപടി മരീറ്റയും നല്‍കി. നിനക്കെന്നല്ല, ആര്‍ക്കും എന്നെ കൊല്ലാന്‍ സാധിക്കില്ലെന്ന ഫിദലിന്റെ മറുപടിയില്‍ അവളുടെ ആത്മവിശ്വാസം നഷ്ടമായി.
ചാള്‍സ് ശോഭ്‌രാജിന്റെ അഭിഭാഷക അയാളുടെ കാമുകിയായ പോലെ, കൊല്ലാന്‍ വന്നവള്‍ കാമുകിയായി. വിടര്‍ന്ന കണ്ണുകളുള്ള ആ പത്തൊമ്പതുകാരിയെ കണ്ടമാത്രയില്‍ തന്നെ ഫിദലിന് ഇഷ്ടം തോന്നി. ക്യൂബയിലെ ഹബാന ഹില്‍ട്ടണായിരുന്നു അവരുടെ സമാഗമസ്ഥലം. ഏഴുമാസമാണ് അവള്‍ അയാള്‍ക്കൊപ്പം ഉണ്ടായിരുന്നത്.
ആരേയും വശീകരിക്കുന്ന ഫിദലിനെക്കുറിച്ച് മരീറ്റ പറയുന്നത് ഇങ്ങനെ-തൊട്ടടുത്ത് നിന്ന്, കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ടാവും ഫിദല്‍ സംസാരിക്കുക. എന്നാല്‍ കാസ്‌ട്രോയുടെ മേല്‍ വിപ്ലവ നായിക സീലിയയ്ക്ക് ഉണ്ടായിരുന്ന ആധിപത്യവും അയാള്‍ക്ക് മറ്റ് സ്ത്രീകളോടുണ്ടായിന്ന അടുപ്പവും മരീറ്റ-ഫിദല്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. അപ്പോഴേക്കും മരീറ്റ ഗര്‍ഭിണിയായിരുന്നു. ഏഴ് മാസം പൂര്‍ത്തിയാകുന്നതിന് മുന്നേ വഴുതി വീണതിനെ തുടര്‍ന്ന് അവള്‍ ആശുപത്രിയിലായി. കുഞ്ഞിന് കുഴപ്പമില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് ഇഞ്ചക്ഷന്‍ നല്‍കി. ബോധം തെളിഞ്ഞപ്പോഴേക്കും ഫിദലിന്റെ ശത്രുക്കള്‍ കുഞ്ഞിനെ കൊന്നു. എന്താണ് സംഭവിച്ചത് എന്ന് അവള്‍ക്ക് ധാരണയില്ലായിരുന്നു. ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് പല അപവാദങ്ങളും കേള്‍ക്കേണ്ടി വന്നുവെങ്കിലും കാസ്‌ട്രോയുടെ പ്രതികരണം അവളെ അയാള്‍ക്കെതിരെ തിരിച്ചു.
കാസ്‌ട്രോയെ ഏറ്റവും അടുത്തറിഞ്ഞ വ്യക്തി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സീലിയ സാന്‍ചെസായിരുന്നു. മുപ്പതിലേറെ വര്‍ഷം അവര്‍ കാസ്ട്രോയ്ക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയും സീലിയയായിരുന്നു. 1980 ല്‍ ക്യാന്‍സര്‍ ബാധിതയായി മരിക്കും വരെ കാസ്ട്രോയുടെ എല്ലാമായിരുന്നു സീലിയ. ക്യൂബന്‍ വിപ്ലവത്തില്‍ സീലിയ വഹിച്ച പങ്ക് ചെറുതല്ല. 1956 ലാണ് സീലിയ മെക്‌സികോയില്‍ നിന്ന് ക്യൂബയിലെത്തുന്നത്. കാസ്‌ട്രോയ്‌ക്കൊപ്പം ഗറില്ല യുദ്ധങ്ങളില്‍ സീലിയയും സജീവ പങ്കാളിയായി.
1959 ല്‍ കാസ്‌ട്രോ അധികാരത്തിലെത്തിയപ്പോള്‍ നിഴല്‍പോലെ സീലിയ ഉണ്ടായിരുന്നു. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്നാണ് അവര്‍ മരിക്കുന്നത്. ക്യൂബന്‍ ജനതയുടെ ആരാധനാബിംബങ്ങളില്‍ ഒരാളാണ് സീലിയയും. ഇരുവരും തമ്മിലുള്ള ബന്ധം രാഷ്ട്രീയത്തിന് അതീതമായി ഗാഢമായിരുന്നു. ക്യൂബന്‍ വിപ്ലവത്തില്‍ നിര്‍ണായക പങ്കുവഹിച്ച സീലിയയാണ് ഗറില്ലകളുമായി മെക്‌സിക്കോയില്‍ നിന്ന് ക്യൂബയിലേക്ക് തിരിച്ച ‘ഗ്രാന്‍മ’ ബോട്ട് ഏത് തീരത്ത് അടുപ്പിക്കണം എന്ന് തീരുമാനമെടുത്തതത്രെ. അവര്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതും സീലിയയാണ്. ബാറ്റിസ്റ്റ ഭരണകൂടം ഏറെ ഭയപ്പെട്ടിരുന്നു ആ പെണ്‍കരുത്തിനെ. അവളെ പിടികൂടിയാല്‍ ക്യൂബയിലെ വിപ്ലവ പ്രസ്ഥാനം ശിഥിലമാകുമെന്ന് അവര്‍ കരുതി.
കാസട്രോയ്ക്കും വിപ്ലവാദര്‍ശങ്ങള്‍ക്കും വേണ്ടി സ്വയം അര്‍പ്പിച്ച ജീവിതമായിരുന്നു അവരുടേത്. ഗൗരിയമ്മയെപ്പോലെ അവര്‍ വിവാഹിതയായിരുന്നില്ല. അവര്‍ക്ക് മറ്റാരുമായെങ്കിലും പ്രണയം ഉണ്ടായിരുന്നോ എന്നതിന് തെളിവുകളും ഇല്ല. കാസ്‌ട്രോയുടെ സ്ത്രീ സൗഹൃദങ്ങളെക്കുറിച്ച് സീലിയ വെളിപ്പെടുത്തിയിട്ടുമുണ്ട്.
കരീബിയന്‍ രാജ്യത്തുടനീളം കാസ്ട്രോയ്ക്ക് 20 ആഡംബര വസതികള്‍, ഇതില്‍ സ്വന്തമായൊരു ദ്വീപും ഉള്‍പ്പെടുന്നു. ഇവിടേക്ക് എത്തിച്ചേരുന്നതിനായുള്ള ഉല്ലാസ ബോട്ട് അലങ്കരിച്ചിരിക്കുന്നതാവട്ടെ അങ്കോളയില്‍ നിന്ന് ഇറക്കുമതി ചെയ്ത സവിശേഷമായ മര ഉരുപ്പടികള്‍ കൊണ്ടായിരുന്നുവെന്ന് സീലിയ എഴുതിയിരുന്നു.
കാസ്ട്രോയുടെ ജീവിതത്തിലൂടെ വന്നും പോയും ഇരുന്ന സ്ത്രീജിവിതങ്ങള്‍ എത്രയെന്ന് നിശ്ചയമില്ല.അഞ്ച് സ്ത്രീകളിലായി പതിനൊന്ന് മക്കള്‍ ഉണ്ടെന്നാണ് പറയുന്നത്. സ്ത്രീലമ്പടനായിരുന്ന കാസ്‌ട്രോയ്ക്ക് അതിലേറെ മക്കളുണ്ടാകാന്‍ സാധ്യതയേറെയാണ്. 1962 നും 74 നും ഇടയ്ക്കാണ് ഡാലിയ സോട്ടോ ദെല്‍വാലേയുമായുള്ള ബന്ധത്തില്‍ അഞ്ച് ആണ്‍കുട്ടികള്‍ ഉണ്ടായത്. 1980 ല്‍ ഇവരെ കാസ്‌ട്രോ രഹസ്യമായി വിവാഹം കഴിച്ചു.
ഡാലിയ 
മാധ്യമ പ്രവര്‍ത്തകയായ ആന്‍ ലൂയിസ് ബര്‍ദാഷിന്റെ അന്വേഷണങ്ങള്‍ നീളുന്നത് കാസ്‌ട്രോയുടെ രഹസ്യബന്ധങ്ങളിലേക്കാണ്. 1956 ല്‍ മൂന്ന് സ്ത്രീകളിലായി മുന്ന് സന്താനങ്ങള്‍ കാസ്‌ട്രോയ്ക്കുണ്ടായെന്നാണ് കണ്ടെത്തല്‍. ഇതിലൊരാളാണ് പഞ്ചിത പുപോ.മറ്റൊരാളാണ് ജോര്‍ജ് എയ്ഞ്ചല്‍. മരിയ ലബോര്‍ഡാണ് ജോര്‍ജിന്റെ അമ്മ. സിറോയാണ് മറ്റൊരാള്‍. ഈ പുത്രനെക്കുറിച്ച് ആനിനോട് വെളിപ്പെടുത്തിയതാവട്ടെ സീലിയയും. ഇയാളുടെ അമ്മയാരെന്നത് ഇപ്പോഴും രഹസ്യം. കാസ്‌ട്രോയുടെ മക്കളില്‍ ആദ്യ ഭാര്യയില്‍ പിറന്ന ഫിഡെലിറ്റോയ്ക്കാണ് കൂടുതല്‍ സ്വീകാര്യതയുള്ളത്.
എതിര്‍ക്കുന്നവരെ ഉല്‍മൂലനം ചെയ്യുകയെന്നതായിരുന്നു കാസ്ട്രോയുടേയും രീതി. കാസ്ട്രോയുടെ ക്യൂബ അടിച്ചമര്‍ത്തപ്പെട്ടവരുടേതായിരുന്നു. ക്യൂബയെ സോവിയറ്റ് യൂണിയന്റെ കോളനിയായി മാറ്റാന്‍ ശ്രമിക്കുകയും ഒരാണവായുധ യുദ്ധത്തിന്റെ വക്കിലെത്തിക്കുകയും ചെയ്ത കാസ്ട്രോ, സാധ്യമാകുന്നയിടങ്ങളിലെല്ലാം ഭീകരത വളര്‍ത്താന്‍ സഹായം നല്‍കിയ സ്വേച്ഛാധിപതിയായിരുന്നു. ക്യൂബയില്‍ നിന്ന് നിരവധി പേരെ കാണാതാകുന്നതിനും ആയിരക്കണക്കിനാളുകളുടെ വധശിക്ഷയ്ക്കും കാരണക്കാരന്‍. ക്യൂബന്‍ ജനതയില്‍ 20 ശതമാനത്തോളം പേരെ നാടുകടക്കാന്‍ നിര്‍ബന്ധിതരാക്കി. ആയിരക്കണക്കിനാളുകള്‍ കാസ്ട്രോയുടെ ഏകാധിപത്യത്തിന്‍ കീഴില്‍ നിന്ന് പലായനം ചെയ്യുന്നതിനിടയില്‍ കടലില്‍ മരണത്തിന് കീഴടങ്ങി.
എല്ലാ സ്വത്തുക്കളുടേയും അവകാശം തനിക്കാണെന്ന് പ്രഖ്യാപിച്ച കാസ്ട്രോയുടെ ഭരണം ജനങ്ങളെ കൂടുതല്‍ ദരിദ്രരാക്കി. ഭക്ഷ്യ ഉത്പാദനം കുറഞ്ഞു. സ്വകാര്യ സംരംഭങ്ങള്‍ക്കും തൊഴിലാളി യൂണിയനുകള്‍ക്കും ക്യൂബയില്‍ ഇടമുണ്ടായിരുന്നില്ല. ബഹുഭൂരിപക്ഷം വരുന്ന മധ്യവര്‍ഗ്ഗക്കാരേയും ക്യൂബയില്‍ നിന്ന് തുടച്ചുനീക്കി. ക്യൂബന്‍ ജനത അടിമകള്‍ക്ക് തുല്യരായി. അഭിപ്രായ സ്വാതന്ത്ര്യത്തെ, സംഘം ചേരാനുള്ള സ്വാതന്ത്ര്യത്തെ, മാധ്യമ സ്വാതന്ത്ര്യത്തെ, മത സ്വാതന്ത്ര്യത്തെ എല്ലാം നിരോധിച്ചു. ഇതിനൊരു അയവ് വന്നത് 1960 കളിലാണ്. എന്നാല്‍ 1976 ല്‍ ക്യൂബന്‍ ഭരണഘടനയില്‍ ഒരു വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു. ഔദ്യോഗികമായി ക്യൂബ നിരീശ്വരവാദികളുടെ രാജ്യമാണെങ്കിലും വിപ്ലവത്തിന് വേണ്ടി ആരുടെയെങ്കിലും മതവിശ്വാസത്തെ നിന്ദിക്കുന്നത് ശിക്ഷാര്‍ഹമാണെന്നതായിരുന്നു ആ വ്യവസ്ഥ.
പതിറ്റാണ്ടുകളോളം ക്യൂബന്‍ ഭരണാധികാരിയായിരുന്ന കാസ്ട്രോയ്ക്ക് 2000ത്തിന്റെ തുടക്കത്തിലാണ് മങ്ങലേറ്റത്. കാസ്ട്രോ യുഗത്തിന്റെ അന്ത്യത്തിന് അന്ന് തുടക്കം കുറിച്ചു. എങ്കിലും തോല്‍ക്കാന്‍ മനസ്സില്ലാത്ത പോരാളിയായിരുന്നു. തന്നിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചുനിര്‍ത്തുന്ന മാസ്മരിക പ്രഭാവം അപ്പോഴേക്കും നഷ്ടമായിത്തുടങ്ങി. അനാരോഗ്യത്തെ തുടര്‍ന്ന് പൊതുവേദികളില്‍ നിന്ന് വിട്ടുനിന്ന കാസ്ട്രോ, മാധ്യമങ്ങളിലൂടെ ലേഖനങ്ങളെഴുതി ജനങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തി. കാസ്‌ട്രോ വിടവാങ്ങി എന്ന തരത്തില്‍ നിരവധി തവണ വാര്‍ത്തകള്‍ പ്രചരിച്ചു.
634 വധശ്രമങ്ങളില്‍ നിന്ന് രക്ഷപെട്ട തന്നെ അത്രവേഗം മരണം കൂട്ടിക്കൊണ്ടുപോകില്ല എന്ന ഉറപ്പോടെ, അപ്പോഴൊക്കെ അദ്ദേഹം ജനങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടു. തങ്ങളുടെ നേതാവ് മരിച്ചിട്ടില്ല എന്ന് ആരാധകര്‍ ആശ്വസിക്കുമ്പോഴും വാക്കുകള്‍ ഇടറി, ശരീരം വിറകൊള്ളുന്ന വയസ്സനായിത്തുടങ്ങിയെന്ന് ജനം തിരിച്ചറിഞ്ഞു. കഴിഞ്ഞുപോയ കാലത്തെ പ്രതാപം തിരിച്ചുപിടിക്കാന്‍ ആവില്ലെന്ന് മനസ്സിലാക്കിയ കാസ്ട്രോ, ഭരണം സഹോദരന്‍ റൗള്‍ കാസ്ട്രോയ്ക്ക് കൈമാറി. സ്വയം കെട്ടിയുയര്‍ത്തിയ പ്രതിച്ഛായക്കുള്ളില്‍ നിറഞ്ഞുനിന്ന കാസ്ട്രോയുടെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് സാന്തിയാഗോയില്‍ എത്തും. ഇനി അത്, ചാരം മൂടിയ ഓര്‍മ.

കാസ്ട്രോ കവിതയെ തടവിലിട്ടു

ഫിദല്‍ കാസ്‌ട്രോയെപ്പറ്റിയുള്ള സങ്കടാരവങ്ങള്‍ നിലച്ചെങ്കില്‍, അയാള്‍ ഒരു കവിയെ തടവിലാക്കിയ കഥ പറയാം.
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് കാസ്‌ട്രോയുടെ ഉറ്റസുഹൃത്തായിരുന്നുവെന്ന് കൊട്ടിപ്പാടപ്പെട്ടിട്ടുണ്ട്; ആ സൗഹൃദത്തെപ്പറ്റി പുസ്തകവുമുണ്ട്. ക്യൂബന്‍ വിപ്ലവത്തിനു മുന്‍പേ മാര്‍കേസ്, കാസ്‌ട്രോയെപ്പറ്റി കേട്ടിരുന്നു. പാരിസില്‍ വച്ച്, ക്യൂബന്‍ കവി നിക്കൊളാസ് ഗിയനാണ്, കാസ്‌ട്രോയെപ്പറ്റി പറഞ്ഞത്. നിയമവിദ്യാര്‍ത്ഥിയായ കാസ്‌ട്രോ എന്ന യുവാവ്, ബറ്റിസ്റ്റയെ അട്ടിമറിച്ചേക്കുമെന്ന് ഗിയന്‍ പറഞ്ഞു.
1959 ല്‍ വിപ്ലവത്തിനുശേഷം, ബറ്റിസ്റ്റയുടെ കൂട്ടാളികളെ വിചാരണ ചെയ്യുന്നതിനിടയ്ക്ക് ലോകമെമ്പാടു നിന്നും കാസ്‌ട്രോ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചപ്പോഴാണ്, മാര്‍കേസ് കാസ്‌ട്രോയെ ആദ്യമായി കണ്ടത്. ഏതാനും വാചകങ്ങള്‍ കൈമാറി-അത്രമാത്രം.
കാസ്‌ട്രോയ്ക്ക് വേണ്ടിയുള്ള ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ ആരവത്തിന്റെ ഭാഗമായി, മാര്‍കേസ്. പക്ഷേ, ബുദ്ധിജീവികളുടെ കാല്‍പനിക പിന്തുണ കാസ്‌ട്രോയ്ക്ക് 1968 ല്‍ നഷ്ടപ്പെട്ടു. പാഡില്ല സംഭവമായിരുന്നു കാരണം. വിപ്ലവ വിരുദ്ധനായ ഹെബര്‍ട്ടോ പാഡില്ലയുടെ അറസ്റ്റും വിചാരണയും, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതായി.
മാര്‍കേസിന്റെ ഉറ്റസുഹൃത്തായ നൊബേല്‍ ജേതാവും പെറുവിലെ നോവലിസ്റ്റുമായ മരിയോ വെര്‍ഗാസ് യോസ, കാസ്‌ട്രോയുടെയും മാര്‍കേസിന്റെയും വലയത്തില്‍നിന്നു മാറി. മാര്‍കേസ്, കാസ്‌ട്രോയ്‌ക്കൊപ്പം നിന്നു.
ക്യൂബയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ പിനാര്‍ ദെല്‍ റിയോയിലെ പ്യൂര്‍ത്ത ദെല്‍ ഗോല്‍പെകില്‍ 1932 ലാണ് പാഡില്ല ജനിച്ചത്. 16-ാം വയസില്‍, ‘ധിക്കാരികളായ റോസാപ്പൂക്കള്‍’ എന്ന ആദ്യ കവിതാസമാഹാരമിറക്കി. വിപ്ലവകാലത്ത്, അതിനൊപ്പം നിന്നു.
വിപ്ലവം കഴിഞ്ഞ് രണ്ടുവര്‍ഷത്തിനുശേഷം, 1961 ല്‍ എഴുത്തുകാര്‍ വിപ്ലവത്തിനൊപ്പം നില്‍ക്കണമെന്ന തിട്ടൂരം വന്നു. ”വിപ്ലവത്തിനൊപ്പം, എല്ലാം; വിപ്ലവം വിട്ടാല്‍, ശൂന്യം” എന്ന് കാസ്‌ട്രോ എഴുത്തുകാരന്റെ കടമ നിര്‍വചിച്ചു. അറുപതുകളില്‍ ഉടനീളം, എഴുത്തുകാരെ വരുതിയിലാക്കാന്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടിരുന്നു.
968 ല്‍, ദേശീയ കവിതാമത്സരത്തിലെ ജൂറിമാര്‍, പാഡില്ലയുടെ, ‘കളിക്ക് പുറത്ത്’ എന്ന സമാഹാരത്തിന് സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. അതില്‍ വിപ്ലവത്തെപ്പറ്റി സംശയം രേഖപ്പെടുത്തുന്ന വരികള്‍ ഉണ്ടായിരുന്നു.
കവിയെ പുറത്താക്കുക!
അവനിവിടെ ഒരു കാര്യവുമില്ല
അവന്‍ ശരിക്കു കളിക്കുന്നില്ല
അവന് ആവേശമില്ല
അവന്‍ വ്യക്തമായൊന്നും പറയുന്നില്ല
അവന്‍ അദ്ഭുതങ്ങള്‍ കാണുന്നില്ല.
അവാര്‍ഡ്, കോളിളക്കമുണ്ടാക്കി. പുസ്തകം പ്രസിദ്ധീകരിച്ചെങ്കിലും, അത് പ്രതിവിപ്ലവകൃതിയാണെന്ന അനുബന്ധം, ഭരണകൂടം ചേര്‍ത്തു. പാഡില്ലയെ വീട്ടുതടങ്കലിലാക്കി. 1971 ല്‍ ക്യൂബയിലെ രാഷ്ട്രീയ കാലാവസ്ഥ വഷളായിരിക്കേ, പാഡില്ലയെ ഒരു മാസം രഹസ്യപ്പൊലിസ് വിചാരണ ചെയ്തു. അതുകഴിഞ്ഞ്, എഴുത്തുകാരുടെ യൂണിയനു മുമ്പാകെ നിര്‍ബന്ധിച്ചു ഹാജരാക്കി കുമ്പസാരിപ്പിച്ചു.
അതോടൊപ്പം, തന്റെ ഭാര്യ ബെല്‍ക്കിസ് ക്യൂസ മെയ്ല്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ പ്രതിവിപ്ലവകാരികളാണെന്നും അയാളെക്കൊണ്ട് പറയിച്ചു. പാഡില്ല, രാജ്യാന്തര ശ്രദ്ധാകേന്ദ്രമായി.
ഴാങ്‌പോള്‍ സാര്‍ത്ര്, സിമൊങ് ദെ ബുവ്വ, സൂസന്‍ സൊണ്ടാഗ്, ജൂലിയോ കോര്‍ത്തസാര്‍, യോസ തുടങ്ങിയവര്‍ ഒപ്പിട്ട ദയാഹര്‍ജി പുറത്തുവന്നു.
മരിയോ വെര്‍ഗാസ് യോസ എഴുതി:
സഖാക്കളെ മനുഷ്യാഭിമാന വിരുദ്ധമായ മുറകള്‍ക്ക് വിധേയരാക്കുക, അവര്‍ക്കെതിരെ കാല്‍പനികമായ കുറ്റങ്ങള്‍ ആരോപിക്കുക, അവരെക്കൊണ്ട് പൊലിസിന്റെ വാചകങ്ങള്‍ ഓര്‍മിപ്പിക്കുന്ന കത്തുകളില്‍ ഒപ്പിടുവിക്കുക-ഇതെല്ലാം ക്യൂബന്‍ വിപ്ലവത്തിന്റെ ആദ്യദിനം മുതല്‍ ഞാന്‍ എന്തുകൊണ്ടാണോ വിപ്ലവത്തെ ആലിംഗനം ചെയ്തത്, അവയ്ക്ക് വിരുദ്ധമാണ്. ആത്മാഭിമാനം നഷ്ടപ്പെടുത്താതെ വ്യക്തിയുടെ നീതിക്കായി പ്രവര്‍ത്തിക്കുക വിപ്ലവലക്ഷ്യമായിരുന്നു.
മാര്‍കേസിനെപ്പോലുള്ളവര്‍ കരുതിയത്, അമേരിക്കയുടെ നിഴലിലുള്ള ഒരു രാജ്യത്ത് ഇത്തരം കലാത്യാഗങ്ങള്‍ അനിവാര്യമാണ് എന്നാണ്; എം.എ. ബേബിയും പ്രഭാവര്‍മയും എൻ എസ്‌ മാധവനും  ഇതിനോട് യോജിക്കും.
കവയിത്രിയുടെ കഥ കൂടി പറയാം. പാഡില്ലയ്ക്ക് മുന്‍പ് മറ്റൊരാളെ, ബെല്‍ക്കിസ് ക്യൂസ മെയ്ല്‍ വിവാഹം ചെയ്തിരുന്നു. സാന്‍ഡിയാഗോ സര്‍വകലാശാലയില്‍ പഠിക്കുമ്പോഴായിരുന്നു അത്. മരിയ ജോസഫിന എന്ന മകള്‍ പിറന്നശേഷം അവര്‍ വിവാഹമുക്തയായി.യും എന്‍.എസ്. മാധവനും ഇതിനോട് കോളജില്‍ പഠിക്കുമ്പോള്‍ ആദ്യകവിതാ സമാഹാരം പുറത്തുവന്നു. ദേശീയ കവിതാമത്സരത്തിലാണ്, ബെല്‍ക്കിസ്, പാഡില്ലയെ കണ്ടത്. അഞ്ചുവര്‍ഷത്തിനുശേഷം, അവര്‍ ഒന്നിച്ചു. വിപ്ലവത്തിന്റെ മുഖപത്രമായ ‘ഗ്രാന്‍മ’യില്‍ ചേര്‍ന്നെങ്കിലും, 1967 ല്‍ പുറത്താക്കപ്പെട്ടു. വിപ്ലവാവേശത്താല്‍ അല്ല ‘ഗ്രാന്‍മ’യില്‍ അവര്‍ പോയിരുന്നത്. ആല്‍ബര്‍ട്ടോ മൊറേവിയ, നിക്കനോര്‍ പാറ, കോര്‍ത്തസാര്‍ തുടങ്ങിയവരെ അഭിമുഖം ചെയ്ത് ഓഫിസില്‍ ലേഖനങ്ങള്‍ എത്തിക്കുന്ന സാംസ്‌കാരിക പത്രപ്രവര്‍ത്തനം മാത്രമായിരുന്നു, അത്.

പാഡില്ലയെ എഴുത്തുകാരുടെ യൂണിയനില്‍ കുമ്പസാരിപ്പിച്ചതിനെ തുടര്‍ന്ന്, 1971 മാര്‍ച്ച് 20 ന്, ബെല്‍ക്കിസ് അറസ്റ്റിലായി. വില്ല മരിസ്തയിലെ പട്ടാള ക്യാമ്പില്‍ മൂന്നുനാള്‍ അവരെ മൗനതടവിന് വിധിച്ചു; പാഡില്ല 37 നാള്‍ മൗന തടവിലായിരുന്നു. ഭര്‍ത്താവിനെ മോചിപ്പിച്ച ശേഷം, ബെല്‍ക്കിസിനെക്കൊണ്ട് യൂണിയനില്‍ ‘ആത്മവിമര്‍ശനം’ നടത്തിച്ചു. പ്രസിദ്ധീകരിച്ച കവിതാസമാഹാരം നശിപ്പിച്ചു.യോജിക്കുമായിരിക്കും.ബെല്‍ക്കിസിന്റെ മാതാപിതാക്കള്‍ 1966 ല്‍ മിയാമിയിലേക്ക് രക്ഷപെട്ടിരുന്നു. 1979 ല്‍ ബെല്‍ക്കിസും മകന്‍ ഏണസ്റ്റോയും അവര്‍ക്കൊപ്പം ചേര്‍ന്നു. അവര്‍ മിയാമി വിട്ടില്ലെങ്കില്‍, പാഡില്ലയെ വിടില്ലെന്ന് ക്യൂബന്‍ ഭരണകൂടം വാശിപിടിച്ചതിനാല്‍, അവര്‍ ന്യൂജേഴ്‌സിയിലേക്ക് മാറി. ഒരു ക്യൂബന്‍ വസ്ത്രാലയത്തില്‍ മാനേജരായി. 1982 പ്രിന്‍സ്ടണില്‍, പാഡില്ലയ്‌ക്കൊപ്പം, ‘ലിന്‍ഡന്‍ ലെവ്ന്‍’ എന്ന കലാ, സാഹിത്യ മാസിക തുടങ്ങി; 1986 ല്‍ ടെക്‌സസില്‍ ലാകാസ അസുള്‍ ആര്‍ട് ഗ്യാലറിയും. 1995 ല്‍ പാഡില്ലയും ബെല്‍ക്കിസും വിവാഹമുക്തരായെങ്കിലും, അദ്ദേഹത്തിന്റെ മരണശേഷം, ആര്‍ട് ഗ്യാലറിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കി.പാഡില്ല കടുത്ത നിരീക്ഷണത്തില്‍ ക്യൂബയില്‍ തന്നെ കഴിഞ്ഞു.

1980 ല്‍ അമേരിക്കന്‍ സെനറ്റര്‍ എഡ്വേര്‍ഡ് കെന്നഡി ഇടപെട്ട് പാഡില്ലയെ അമേരിക്കയില്‍ എത്തിച്ചു. പ്രിന്‍സ്റ്റണ്‍, ന്യൂയോര്‍ക്ക്, മിയാമി എന്നിവിടങ്ങളില്‍ പഠിപ്പിച്ച് പാഡില്ല അലബാമയിലെ ഓബേന്‍ സര്‍വകലാശാലയില്‍ അധ്യാപകനായി.കൊളംബസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍, ലാറ്റിനമേരിക്കന്‍ പഠനവിഭാഗത്തില്‍ പഠിപ്പിച്ചു. 16 വര്‍ഷം മുന്‍പ്, ക്ലാസില്‍ കാണാത്തതിനാല്‍, കുട്ടികള്‍ അന്വേഷിച്ചു. പാഡില്ല വീട്ടില്‍ മരിച്ചുകിടന്നു
കാസ്‌ട്രോയ്ക്ക് ‘ഹലേലുയ്യ’ പാടാത്തതിനാല്‍ തടവിലായ മറ്റൊരു കവിയാണ്, അര്‍മാന്‍ഡോ വല്ലദാരെസ്; പാഡില്ലയുടെ നാട്ടുകാരന്‍.
വിപ്ലവാനുകൂലിയായിരുന്നു ആദ്യം, വല്ലദാരെസ്. വിപ്ലവശേഷം, പോസ്റ്റ് ഓഫിസ് ജീവനക്കാരനായി. 1960 ല്‍, 23-ാം വയസില്‍, ജോലി ചെയ്യുന്ന ഡസ്‌കില്‍, ‘ഞാന്‍ ഫിദലിനൊപ്പം’ എന്നെഴുതി ഒപ്പിടാന്‍ വല്ലദാരെസ് വിസമ്മതിച്ചു. അങ്ങനെ അറസ്റ്റിലായി. ഒരാള്‍ക്ക് കിടക്കാനാകാത്ത ചെറിയ സ്ഥലത്ത് ഒന്നിലധികം തടവുകാരെ കക്കൂസ് സൗകര്യമില്ലാതെ കുത്തിനിറയ്ക്കുന്ന ‘വിപ്ലവ’ത്തില്‍ വല്ലദാരെസും പെട്ടു. അക്കാലം അദ്ദേഹം ഓര്‍മിച്ചു:
അത് 8000 ദിവസത്തെ വിശപ്പും നിരന്തരമായ പീഡനവും കഠിനാധ്വാനവും ഏകാന്തതടവും ഏകാകിതയുമായിരുന്നു. മനുഷ്യനാണെന്ന് തെളിയിക്കാന്‍ 8000 ദിവസത്തെ പോരാട്ടം. ക്ഷീണത്തിനും വേദനയ്ക്കുമപ്പുറം പ്രാണനു ജയിക്കാനാവുമെന്നു തെളിയിക്കാനുള്ള പോരാട്ടം. എന്റെ മതവിശ്വാസം തെളിയിക്കാനുള്ള പോരാട്ടം.”

ചെഗുവേരയെ, വല്ലദാരെസ് ഓര്‍മിച്ചു:
വെറുപ്പു നിറഞ്ഞ ഒരു മനുഷ്യന്‍… വിചാരണ ചെയ്യാതെ, കുറ്റം ചാര്‍ത്താതെ, ഡസന്‍ കണക്കിനാളുകളെ അയാള്‍ കൊന്നു…. അയാള്‍ തന്നെ പറഞ്ഞത്, ചെറിയ സംശയമുണ്ടായാല്‍ കൊന്നുകളയണമെന്നാണ്. അതാണ് അയാള്‍ സിയറാ മെയ്‌സ്ത്രയിലും ലാസ് കബാനസ് ജയിലിലും ചെയ്തത്.
തടവിലായിരിക്കേ, പല നിരാഹാരങ്ങളും വല്ലദാരെസ് അനുഷ്ഠിച്ചു. 1974 ല്‍ 49 ദിവസത്തെ നിരാഹാരം, പോളി ന്യൂറിറ്റിസ് ബാധയാല്‍ അയാളെ ചക്രക്കസേരയിലാക്കി. തടവില്‍നിന്ന് പുറത്തേക്ക് കടത്തിയ വല്ലദാരെസിന്റെ കവിതകള്‍ അയാളെ ശ്രദ്ധാകേന്ദ്രമാക്കി. ‘ചക്രക്കസേരയില്‍നിന്ന്’ എന്ന ആദ്യസമാഹാരം പീഡനങ്ങള്‍ വിവരിച്ചു. 1974 ല്‍ അത് പ്രസിദ്ധീകരിച്ചു.
ജയിലിലായിരിക്കേ വല്ലദാരെസിനെ വിവാഹം ചെയ്ത മാര്‍ത്ത, 1986 ല്‍ യൂറോപ്പില്‍ യാത്ര ചെയ്ത്, ഭര്‍ത്താവിന്റെ മോചനത്തിനായി വാതിലുകളില്‍ മുട്ടി. 22 വര്‍ഷത്തെ തടവിനുശേഷം, കവി മോചിതനായി. അമേരിക്കയില്‍ കുടിയേറി. യുഎന്‍ മനുഷ്യാവകാശ കമ്മിഷനില്‍ യുഎസ് സ്ഥാനപതിയായി പ്രസിഡന്റ് റെയ്ഗന്‍ നിയമിച്ചു. ക്യൂബന്‍ ഭരണകൂടം അയാളെ, വ്യാജനെന്നും ഒറ്റുകാരനെന്നും വിളിച്ചു.
പ്രമുഖ അമേരിക്കന്‍ കവി അലന്‍ ഗിന്‍സ് ബര്‍ഗ് 1965 ല്‍ ക്യൂബയിലെത്തുമ്പോള്‍, സ്വവര്‍ഗാനുരാഗികളെ മര്യാദ പഠിപ്പിക്കാന്‍ കാസ്‌ട്രോ, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ തുറന്നിരുന്നു. ഇതിനെതിരെ ഹവാന സര്‍വകലാശാലയില്‍ സംസാരിച്ച ഗിന്‍സ് ബര്‍ഗിനെ കാസ്‌ട്രോ പുറത്താക്കി.
കവി ഹൊസെ മറിയ റോഡ്രിഗ്‌സ് ആയിരുന്നു, ഹവാനയില്‍ ഗിന്‍സ് ബര്‍ഗിന്റെ ആതിഥേയന്‍. അദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും 17 തവണ അറസ്റ്റ് ചെയ്തു. രാത്രി മുഴുവന്‍ ചോദ്യം ചെയ്യലായിരുന്നു.
ഇത്തരം തെറ്റുകള്‍ കാസ്‌ട്രോ തിരുത്തുമെന്നായിരുന്നു, അറുപതുകളുടെ ആദ്യം ക്യൂബ സന്ദര്‍ശിച്ച അമേരിക്കന്‍ ചിന്തക സൂസന്‍ സൊണ്ടാഗിന്റെ തോന്നല്‍. എന്നാല്‍, 1982 ല്‍ ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ അവര്‍ നിരീക്ഷിച്ചു: ”കമ്യൂണിസ്റ്റുകളുടെ ഉന്മാദം, ഇടതുപക്ഷത്തെ വലിയൊരു സംഘം, കാര്യമായെടുത്തിട്ടില്ല.”
1989 ല്‍ ബര്‍ലിന്‍ മതില്‍ ഇല്ലാതായപ്പോള്‍ സൊണ്ടാഗ്, സോള്‍ ബെല്ലോ, എലീവീസല്‍ എന്നിവര്‍ക്കൊപ്പം, ‘ഫിദല്‍ കാസ്‌ട്രോയ്ക്ക് തുറന്ന കത്ത്’ എഴുതി. മനുഷ്യാവകാശ പരിഷ്‌കാരങ്ങള്‍ക്കൊപ്പം ക്യൂബയില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പു നടത്തണമെന്ന് അതില്‍ ആവശ്യപ്പെട്ടു. അത്, ഏകാധിപതി കേട്ടില്ല.
നോര്‍മന്‍ മെയ്‌ലര്‍ എന്ന മന്ദബുദ്ധിജീവി, കാസ്‌ട്രോയെ അപ്പോഴും, ”രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകത്തുണ്ടായ മഹാനായ നായകനായി” കണ്ടു. മെക്‌സിക്കോയിലെ കര്‍ഷകവിപ്ലവ നേതാവായ എമിലിയാനോ സപ്പാട്ടയോട്, കാസ്‌ട്രോയെ മെയ്‌ലര്‍ ഉപമിച്ചു. 1952 ലെ ‘വിവസപ്പാട്ട’ എന്ന ചിത്രത്തില്‍ മര്‍ലന്‍ ബ്രാന്‍ഡോ, സപ്പാട്ടയെ അവതരിപ്പിച്ചിരുന്നു.
സിനിമകണ്ട് മെയ്‌ലര്‍ ഭ്രമിച്ചതായിരുന്നില്ല. കാസ്‌ട്രോയെ നേരിട്ടുകണ്ട്, ഭ്രമിച്ചതായിരുന്നു!
മെയ്‌ലറുടെ ജീനിയസുകളുടെ പട്ടികയില്‍ കാസ്‌ട്രോയെക്കൂടാതെ ഉണ്ടായിരുന്നത്, മുഹമ്മദ് അലി (ഇ.പി. ജയരാജന്റെ മലയാളി), ചാര്‍ലി ചാപ്ലിന്‍, എസ്രാ പൗണ്ട് എന്നിവരായിരുന്നു. എസ്രാ പൗണ്ട്, ഹിറ്റ്‌ലറുടെ ആരാധകനായിരുന്നല്ലോ.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...