Monday, 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 11,12

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ : രാമചന്ദ്രൻ 


അധ്യായം/11, വ്യക്തിഗത ആത്മാവ്

 ജീവചൈതന്യം ജീവജാലങ്ങളില്‍ ആത്മാവായും പ്രപഞ്ചത്തിലും അതിനപ്പുറവും ബ്രഹ്മനായും നില്‍ക്കുന്നുവെന്ന് നാം കണ്ടു. പ്രപഞ്ചബ്രഹ്മന്റെ ചെറുതരി മാത്രമാണ് വ്യക്തിഗത ആത്മാവ്. ആത്മാവിന്റെ പൊതുസ്വഭാവങ്ങള്‍ നാം രണ്ടാം അധ്യായത്തില്‍ അറിഞ്ഞിരുന്നു. ഇനി, അതിന്റെ മറ്റൊരു വശത്തേക്ക് പോകാം. ബ്രഹ്മകണം, ആത്മാവിനെ വലയംചെയ്യുന്ന ശരീരത്തെ ആകര്‍ഷിക്കുമ്പോള്‍, വ്യക്തിഗത ആത്മാവായിത്തീരുന്നുവെന്ന് ഭഗവദ്ഗീത (15:7) പറയുന്നു: 

എന്നംശമീജ്ജീവലോകം ജീവഭൂതം
 സനാതനം മനസ്സൊത്താറിന്ദ്രിയവും 
കര്‍ഷിപ്പൂ പ്രകൃതിസ്ഥമായ്

 ബ്രഹ്മന്റെ ഒരനന്ത കണം ഒരു വ്യക്തിഗത ആത്മാവാകുമ്പോള്‍ (അതായത്, ആകുന്നതിന് മുന്‍പ്) അതിനുചുറ്റുമുള്ള സൂക്ഷ്‌മേന്ദ്രിയങ്ങളെ ആകര്‍ഷിക്കുന്നുവെന്ന് ഈ ശ്ലോകം വ്യക്തമാക്കുന്നു. ആത്മാവ് അക്ഷയമായതിനാല്‍, അതിനെ അനന്തമെന്ന് വിവക്ഷിക്കുന്നു. ജീവ (ആത്മാവ്) ആയി മാറുന്ന ബ്രഹ്മകണം, 'മനസ്സ് ആറാമതായ ഇന്ദ്രിയങ്ങളെ' ആകര്‍ഷിക്കുന്നുവെന്ന് ശ്ലോകം വിവരിക്കുന്നു. മനസ്സിനെ 'ആറാമിന്ദ്രിയം' എന്ന് മഹോപനിഷത് (2:3) വിളിക്കുന്നു. മനുസ്മൃതിയും (2:92) സാംഖ്യകാരിക (7.7)യും പറയുന്നത്, മനസ്സ് ഒരു സുഖേന്ദ്രിയവും കര്‍മേന്ദ്രിയവും ആണെന്നാണ്. മനുഷ്യനില്‍ സുഖേന്ദ്രിയങ്ങള്‍ ആറാണ്: കാത്, കണ്ണ്, ത്വക്ക്, നാക്ക്, മൂക്ക്, മനസ്സ്. അതിനാല്‍ കര്‍മേന്ദ്രിയങ്ങളും ആറാണ്: കൈ, കാല്‍, കണ്ഠം, ഗുദം, ജനനേന്ദ്രിയം, മനസ്സ്. ബ്രഹ്മകണം, സുഖേന്ദ്രിയങ്ങളെയും കര്‍മേന്ദ്രിയങ്ങളെയും 'പ്രകൃതിയെ അനുസരിക്കുന്ന ഇന്ദ്രിയങ്ങളില്‍' നിന്ന് ആകര്‍ഷിക്കുന്നു. ബ്രഹ്മകണം ആകര്‍ഷിക്കുന്നതെന്തും, അതില്‍ സ്ഥിരമായി തൂങ്ങി നില്‍ക്കും. ബ്രഹ്മകണം പ്രകൃതിയെ അനുസരിക്കുന്ന ഇന്ദ്രിയങ്ങളെ ആകര്‍ഷിക്കുന്നു എന്നാണ് ശ്ലോകത്തില്‍; ശരീരേന്ദ്രിയങ്ങള്‍ പ്രകൃതിയെ അനുസരിക്കുന്നതല്ല, അവ ശരീരത്തിന് മാത്രമുള്ളതാണ്. 

പ്രകൃതിസ്ഥമായ ഇന്ദ്രിയങ്ങള്‍, പ്രകൃതിയിലെ പരിണാമങ്ങള്‍ കൊണ്ടുണ്ടായ പ്രാപഞ്ചിക, പദാര്‍ത്ഥരഹിത, സൂക്ഷ്‌മേന്ദ്രിയങ്ങളാണ്. (പത്താം അധ്യായം). അവയുടെ കണങ്ങള്‍, പ്രകൃതിയിലാകെ അലയുന്നു. ആത്മാവ് ഇന്ദ്രിയങ്ങളെ ആകര്‍ഷിക്കുന്നു എന്നുപറയുന്നതിലെ ധ്വനി, അടുത്ത ശ്ലോകംകൂടി (ഭഗവദ്ഗീത(15:8)വായിക്കുമ്പോള്‍ പിടികിട്ടും: 

ദേഹം പൂകുമ്പോഴും വിട്ടുപോകുമ്പൊഴ-
തുമീശ്വരന്‍ ഇവയും കൊണ്ടുപോം 
ഗന്ധങ്ങളെക്കാറ്റു കണക്കിനെ

 ഈ ശ്ലോകത്തില്‍, 'ഇവയും' (ഏതാനി) സൂചിപ്പിക്കുന്നത്, മുന്‍ ശ്ലോകത്തിലെ ഇന്ദ്രിയങ്ങളെയാണ്. ആത്മാവ് ഒരു ജീവിതത്തിനായി ശരീരത്തില്‍ കിടക്കുമ്പോഴോ, മറ്റൊന്നിനായി ശരീരം വിടുമ്പോഴോ അവ ഒരുകൂട്ടം വ്യത്യസ്ത ഇന്ദ്രിയങ്ങളെയും കൊണ്ടുപോകുമെന്ന് നിനയ്ക്കുന്നത്, യുക്തിക്ക് നിരക്കുന്നതല്ല; ഈ ഇന്ദ്രിയങ്ങളുള്ള (മറ്റുള്ളവയും) ഒരു ദേഹത്തെ അതെടുക്കുന്നു എന്നാകാനേ തരമുള്ളൂ. ഇന്ദ്രിയങ്ങള്‍ ശരീരഭാഗങ്ങളാണ്; അവകൊണ്ട് ശരീരത്തിനേ ഗുണമുള്ളൂ. ഒരിന്ദ്രിയത്തെപ്പറ്റി നാം സംസാരിക്കുമ്പോഴോ കേള്‍ക്കുമ്പോഴോ, അതിനെ ശരീരഭാഗമായി മാത്രമേ നാം കരുതുന്നുള്ളൂ. ശരീരത്തില്‍നിന്ന് വേറിട്ട ഇന്ദ്രിയങ്ങള്‍കൊണ്ട്, ആത്മാവിന് ഗുണമില്ല. അതിനാല്‍, 'ഇവ', ഗീതാ ശ്ലോകം 15:7 ല്‍ വിവരിച്ച ഇന്ദ്രിയങ്ങള്‍, ആത്മാവ് ശരീരത്തില്‍ കടക്കുമ്പോഴോ വിടുമ്പോഴോ ആത്മാവ് വഹിക്കുന്ന, ശരീരത്തിന് ഉപയുക്തമായ ഇന്ദ്രിയങ്ങളാകണം. അപ്പോള്‍, ഈ ശ്ലോകങ്ങളില്‍ ഗീത ഇന്ദ്രിയങ്ങളെന്നു പറയുമ്പോള്‍ പരാമര്‍ശിക്കുന്നത്, ഒരു ദേഹമാകണം.

 പൊതുവായതിനെ ഏകമായും ഏകത്തെ പൊതുവായും വിശേഷിപ്പിക്കുന്ന ഭാഷാവിരുത് (synecdoche)) ആകാം ഇത്. സമഷ്ടിക്ക്, ഭാഗം എന്നുപറയുക. 'അത് പുറത്തെടുക്കാന്‍ കരുത്തുള്ള ഒരു കൈ വേണം' എന്നുപറഞ്ഞാല്‍, കരുത്തുള്ള ഒരാളെ വിളിക്കൂ എന്നാണര്‍ത്ഥം; 'തുറമുഖം നിറയെ പാമരം' എന്നുവച്ചാല്‍, തുറമുഖത്ത് നിറയെ കപ്പലുകളുണ്ടെന്നാണ്. ഇവിടെ, കൈ മനുഷ്യനും പാമരം കപ്പലുമാണ്-മൊത്തത്തെ കുറിക്കാന്‍ ഒരുഭാഗം മാത്രമെടുക്കല്‍. ഇതുപോലെ, ഭഗവദ്ഗീത, ആത്മാവ് അതിനൊപ്പം ചില ഇന്ദ്രിയങ്ങള്‍ കൊണ്ടുപോകുന്നു എന്നുപറയുമ്പോള്‍ അര്‍ത്ഥം, അത് ഇവയുള്ള ഒരു ശരീരത്തെ വഹിക്കുന്നു എന്നാണ്. സൂക്ഷ്മദര്‍ശിനി വച്ചാലും, ശരീരംവിടുന്ന ആത്മാവിനെ കാണാനാവില്ല, അറിയാനാവില്ല. അതില്‍ ദൃശ്യമായ എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍, അതിന്റെ വിട പറച്ചിലും, നീക്കങ്ങളും അന്വേഷിച്ചുകണ്ടെത്താനാകുമായിരുന്നു. അപ്പോള്‍, ദേഹം വിടുമ്പോള്‍ ദേഹി കൊണ്ടുപോകുന്നു എന്നുപറയുന്ന ഇന്ദ്രിയങ്ങളും അദൃശ്യ ഇന്ദ്രിയങ്ങളാകണം; അദൃശ്യമായ ആ സൂക്ഷ്‌മേന്ദ്രിയങ്ങള്‍. എങ്കിലേ വിടപറയുന്ന ആത്മാവ് വഹിക്കുന്ന ശരീരം അദൃശ്യമായിരിക്കൂ. ഈ സൂക്ഷ്മശരീരംതന്നെയാണ് ഒരു ജീവിതം ജീവിക്കാനുള്ള ജനനത്തിനായി, ആത്മാവ് ഒരു ദേഹത്തില്‍ കടക്കുമ്പോഴും, വഹിക്കുന്നത്. ജനനത്തിലും മരണത്തിലും ആത്മാവിന് അതേ അദൃശ്യശരീരമാണെന്നത് ശ്ലോകത്തില്‍ വ്യക്തമാണ്. ശരീരത്തില്‍ കടക്കുമ്പോള്‍ ആത്മാവിലുള്ളതെല്ലാം, കടക്കുന്നതിനുമുന്‍പും അതിലുണ്ടായിരിക്കണം; ആത്മാവ് ശരീരം വിടുമ്പോള്‍ ഉള്ളതെല്ലാം അതിനുശേഷവും അതിലുണ്ടായിരിക്കണം-മരണത്തിനുശേഷവും. പ്രവേശ നേരത്തും വിടയുടെ നേരത്തും ആത്മാവിലുള്ളതെല്ലാം ഇടവേളയിലും അതിലുണ്ടായിരിക്കണം. ഇടവേളയാണ്, ഭൗതികജീവിതം. 
ചുരുക്കത്തില്‍, വരുമ്പോഴും, പോകുമ്പോഴും, എപ്പോഴും, ആത്മാവിന് അദൃശ്യശരീരമുണ്ട്. അത് ആത്മാവിന്റെ അഭേദ്യ സഖാവാണ്. ഉപനിഷത്തുക്കള്‍ അതിനെ സൂക്ഷ്മശരീരം എന്നുവിളിക്കുന്നു. പുനര്‍ജന്മം നേടിയ ചില രോഗികള്‍, അന്തരീക്ഷത്തില്‍ ജഡാവസ്ഥയിലായിരുന്നപ്പോള്‍, സകലേന്ദ്രിയങ്ങളുമുള്ള ഒരു സൂക്ഷ്മ ശരീരം അനുഭവിച്ചതായി ഡോ. മൂഡി ലൈഫ് ആഫ്റ്റര്‍ ലൈഫ് -ല്‍ രേഖപ്പെടുത്തുന്നു(35, 49-50). 
ഗീതയിലെ ഈ ശ്ലോകം, തുടര്‍ന്നുപറയുന്നത്, ആത്മാവ് അതിന്റെ അദൃശ്യശരീരത്തെ വഹിക്കുന്നത്, കാറ്റ് ഗന്ധങ്ങളെ അവയുടെ ഉറവിടങ്ങളില്‍നിന്ന് (പൂക്കള്‍, സുഗന്ധദ്രവ്യങ്ങള്‍)വഹിക്കുന്ന പോലെയാണ് എന്നാണ്. കാറ്റ് ഗന്ധങ്ങളുമായി പറ്റിച്ചേര്‍ന്നാണ് അവയെ വഹിക്കുന്നത് എന്ന് നമുക്കറിയാം. അതിനാല്‍ ഈ ഉപമയ്ക്കര്‍ത്ഥം, ആത്മാവ് ആ അദൃശ്യശരീരം അഥവാ സൂക്ഷ്മശരീരവുമായി അഭേദ്യമായി ഐക്യപ്പെട്ടിരിക്കുന്നു എന്നാണ്. ആത്മാവും അദൃശ്യശരീരവും ചേര്‍ന്നതാണ് ആ ഏകകം. അതിനാല്‍, ആത്മാവ് എന്നുവച്ചാല്‍, സൂക്ഷ്മശരീരത്തിന്റെ ആവരണമുള്ള ആത്മാവ് എന്നുതന്നെ അറിയണം; സാഹചര്യം മറിച്ച് പറയാത്തിടത്തോളം

അദ്ധ്യായം 12 ,ബ്രഹ്മകണ ആവരണം 
ത്മാവിന് ചുറ്റും ഒരു സൂക്ഷ്മശരീരം ഉണ്ടാവുന്നതായി നാം കണ്ടു (പത്താം അധ്യായം). അത് ആത്മാവിന്റെ നിര്‍ണായക ആവരണമാണ്. കാരണം, അതിലാണ്, ബുദ്ധി, മനസ്സ്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ എന്നിവയെല്ലാമുള്ളത്; അതാണ്, ജീവിതത്തെ നയിക്കുന്ന കര്‍മഭാവങ്ങളുടെ ശേഖരണ കേന്ദ്രവും. അതിന് പേരുകള്‍ ഒരുപാടുണ്ട്. സംസ്‌കൃതപാഠങ്ങളില്‍, സൂക്ഷ്മശരീരം, ലിംഗശരീരം, ഭോഗദേഹം. പടിഞ്ഞാന്‍ തത്വചിന്തകര്‍ അതിനെ astral body, ethereal body, incorporeal body എന്നെല്ലാം വിളിച്ചു. സ്വാമി വിവേകാനന്ദന്‍ അതിനെ fine body എന്നുവിളിച്ചു. ബൈബിള്‍ അതിനെ ആത്മീയ ശരീരം (spiritual body) എന്നുവിളിക്കുന്നു. അതിന്റെ കേവല സ്വഭാവവും പദാര്‍ത്ഥരാഹിത്യവും വച്ച്, ശരീരത്തിനൊപ്പം ഒരു വിശേഷണം ചേര്‍ത്ത് ഓരോരുത്തരും അതിനെ ഓരോന്നു വിളിക്കുന്നു. 'ശരീരം' എന്നാല്‍, ഒരു ജീവിതത്തിന് മാത്രമുതകുന്ന ഭൗതികശരീരമാണ്. സൂക്ഷ്മശരീരമാകട്ടെ, അനശ്വരമാകുന്നു-ആത്മാവിനെപ്പോലെ അനശ്വരം. മസ്തിഷ്‌കം, ഹൃദയം, രക്തം എന്നിവ ഭൗതികശരീരത്തിന് എന്താണോ, അതാണ് ബുദ്ധി, മനസ്സ്, കര്‍മഭാവങ്ങള്‍ എന്നിവ, സൂക്ഷ്മശരീരത്തിന്. ഭൗതികശരീരത്തെക്കാള്‍ ഒട്ടും ചെറുതല്ല, അതിന്റെ പ്രാധാന്യം.
 ഭഗവദ്ഗീതയില്‍ (15:7,8) സൂക്ഷ്മശരീരത്തെ സംബന്ധിച്ച പരാമര്‍ശവും അതിന്റെ നാനാര്‍ത്ഥങ്ങളും കഴിഞ്ഞ അധ്യായത്തില്‍ ചര്‍ച്ച ചെയ്തു. ബൈബിളില്‍ സൂക്ഷ്മശരീരത്തെ സംബന്ധിച്ച പരാമര്‍ശം ഇതാണ്: മരിച്ചവര്‍ എങ്ങനെയാണ് ഉയിര്‍പ്പിക്കപ്പെടുക? എങ്ങനെയുള്ള ശരീരത്തോടെയാണ് അവര്‍ വരിക? ഭൗതികശരീരമാണ് വിതയ്ക്കപ്പെടുന്നത്, ആത്മീയശരീരമാണ് ഉയിര്‍പ്പിക്കപ്പെടുന്നത്. ഭൗതികശരീരം ഉണ്ടെങ്കില്‍ ആത്മീയശരീരവും ഉണ്ട്. (1 കോറിന്തോസുകാര്‍ 15:35,44) 'ആത്മീയ ശരീരം' എന്നാല്‍, അദൃശ്യമായ സൂക്ഷ്മശരീരം. 'പ്രകൃതി ശരീരം', 'ഭൗതിക ശരീരം' അഥവാ 'പദാര്‍ത്ഥ ശരീരം' ആകുന്നു. (ബൈബിളില്‍ natural body  എന്നാണ്). 'ഭൗതിക ശരീരമാണ് വിതയ്ക്കപ്പെടുന്നത്' എന്നുവച്ചാല്‍, ആത്മാവ്, ആ മനുഷ്യനാകാന്‍, ഒരു ഭൗതികശരീരത്തിലോ മറ്റൊരു ജീവനിലോ നടപ്പെടുന്നു എന്നര്‍ത്ഥം. ഒരാത്മാവ് ഒരു ബീജത്തില്‍ നടപ്പെടുമ്പോള്‍, ബീജത്തിന്റെ സൂക്ഷ്മശരീരരൂപം, ആത്മാവിന് പ്രകൃതിശരീരമാവുകയാണ് (ഐതരേയ ഉപനിഷത് 2:1). അപ്പോള്‍ ആ ബീജം, അതിന്റെ വാലാട്ടി ഗര്‍ഭജലത്തില്‍ മുന്നോട്ടുനീങ്ങാനാകുന്ന ഒരു ജീവജാലമാകുന്നു. ബീജം അണ്ഡവുമായി സങ്കലനം ചെയ്ത് മനുഷ്യനോ മറ്റൊരു ജീവിയോ ആകുമ്പോള്‍, ഭൗതികശരീരം, ആത്മാവിന് പ്രകൃതിശരീരമാവുകയാണ്. ബൈബിള്‍ തുടര്‍ന്നു പറയുന്നത്, ആത്മാവിന് ഭൗതിക ശരീരത്തിന് പുറമെ, ആത്മീയ ശരീരമുണ്ടെന്നും അത്, അന്ത്യവിധിനാള്‍, ആത്മീയ ശരീരത്തില്‍ ഉയിര്‍പ്പിക്കപ്പെടും എന്നുമാണ്. ശരീരം ജീര്‍ണിച്ച് ഏറെക്കാലത്തിനുശേഷമാണ് ആത്മാവ് ആത്മീയ ശരീരത്തില്‍ ഉയിര്‍ക്കുന്നത് എന്നര്‍ത്ഥം, ഇടവേളയിലും ആത്മാവ്, ആത്മീയ ശരീരത്തിലായിരുന്നു എന്നാണ്. അപ്പോള്‍, ആത്മീയ ശരീരം അഥവാ സൂക്ഷ്മ ശരീരം, ആത്മാവിന് സ്ഥിരമായ ആവരണമാണ്. ഇന്ദ്രിയങ്ങളുടെ സഞ്ചിതരൂപമാണ് ശരീരം. സൂക്ഷ്മശരീരവും, പദാര്‍ത്ഥരഹിത ഇന്ദ്രിയങ്ങളുടെ സഞ്ചിതരൂപമാണ്. സൂക്ഷ്മശരീരം അദൃശ്യമായതിനാല്‍, ഇന്ദ്രിയങ്ങളും അദൃശ്യമാണ്. പദാര്‍ത്ഥരഹിതമായ ബുദ്ധി, മനസ്സ്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ എന്നിവയാണ് അവ. സ്വപ്‌നാവസ്ഥയിലും ജഡാവസ്ഥയിലും, ഇവ വഴിയാണ് ആത്മാവ് അനുഭൂതികള്‍ അനുഭവിക്കുന്നത്. സൂക്ഷ്മ നേത്രങ്ങളാല്‍ അത് വ്യക്തികളെയും വസ്തുക്കളെയും കാണുന്നു; സൂക്ഷ്മ കാതുകള്‍ വഴി, അത് സംസാരിക്കുകയും മറ്റുശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നു; സൂക്ഷ്മ കാലുകള്‍ വഴി അത് വീടുകളിലും പൂന്തോട്ടങ്ങളിലും നടക്കുന്നു; സൂക്ഷ്മ വദനംവഴി അതു സംസാരിക്കുന്നു. അങ്ങനെ അങ്ങനെ. കാഴ്ചയ്ക്ക് കണ്ണും കേള്‍വിക്ക് കാതും നടത്തയ്ക്ക് കാലും വേണം. സ്വപ്‌നാവസ്ഥയില്‍ കാഴ്ച, കേള്‍വി തുടങ്ങിയ അനുഭൂതികളും നടത്തം, വര്‍ത്തമാനം തുടങ്ങിയ കര്‍മങ്ങളും കൃത്യമായി അനുഭവിക്കുന്നതിനാല്‍, അവ ഭൗതികശരീരത്തിലെ ഇന്ദ്രിയങ്ങള്‍ വഴിയല്ല എന്നതിനാല്‍, ആത്മാവിലെ അദൃശ്യശരീരത്തിലുള്ള ഇന്ദ്രിയങ്ങള്‍ വഴിയാണ് അവ അനുഭവിക്കുന്നതെന്ന് വ്യക്തം.
 ആ സൂക്ഷ്മശരീരത്തിന്റെ ഏറ്റവും വലിയ സവിശേഷത, നമ്മുടെ ജീവസംവിധാനത്തിലെ ഏറ്റവും വിസ്മയകരമായ കണികകള്‍, മനസ്സും ബുദ്ധിയും, സൂക്ഷ്‌മേന്ദ്രിയങ്ങളെ കൂടാതെ, അതിലുണ്ട് എന്നതാണ്. ശങ്കരാചാര്യര്‍ (788-82) വിവേകചൂഡാമണിയില്‍ (97-ാം ശ്ലോകം) നിരീക്ഷിക്കുന്നു: കര്‍മഫലങ്ങള്‍ അനുഭവിക്കുകയും വാസനകള്‍ (കര്‍മഭാവങ്ങള്‍) അടങ്ങുകയും ചെയ്യുന്ന ലിംഗശരീരം അഥവാ സൂക്ഷ്മശരീരം സൃഷ്ടിക്കപ്പെട്ടിരി ക്കുന്നത്, പഞ്ചീകരണം (മിശ്രിതങ്ങള്‍) കൊണ്ടല്ല (അപഞ്ചീകൃത ഭൂതസംഭവം). പ്രകൃതിയില്‍നിന്ന് അവസാനമുണ്ടായ സൂക്ഷ്മകണികകളുടെ അഞ്ച് ഇനം തന്മാത്രകള്‍, ഇടകലര്‍ന്നാണ് പദാര്‍ത്ഥത്തിന്റെ സ്ഥൂലരൂപങ്ങള്‍ ഉണ്ടായതെന്ന് താമസിയാതെ നാം കാണും (അധ്യായം 14). ഈ അഞ്ചിരട്ടി ഇണചേരലാണ് പഞ്ചീകരണം. സംസ്‌കൃതത്തില്‍ പഞ്ചീകരണം വഴിയുണ്ടാകുന്ന ഏകകങ്ങളാണ് പഞ്ചീകൃതഭൂതങ്ങള്‍. അവയില്‍നിന്ന് ഭിന്നമായി, അവയില്‍പ്പെടാത്ത ഏകകങ്ങളാണ് അപഞ്ചീകൃതഭൂതങ്ങള്‍. പഞ്ചീകരണത്തിന് മുന്‍പുണ്ടായ, ബുദ്ധി, അഹം ബുദ്ധി, മനസ്സ്, പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍, അഞ്ച് തന്മാത്രകള്‍ എന്നിവയാണ് അവ. അവ പദാര്‍ത്ഥരഹിതങ്ങളാണ്. ഈ പദാര്‍ത്ഥരഹിത ഏകകങ്ങളുടെ സങ്കലനം വഴിയാണ് സൂക്ഷ്മശരീരമുണ്ടായത്. അതിനാല്‍, അത് പദാര്‍ത്ഥരഹിതവും അതുകൊണ്ടുതന്നെ, അദൃശ്യവുമാകുന്നു. ആത്മാവിന്റെ ആകര്‍ഷണം നിമിത്തമാണ് സൂക്ഷ്മശരീരം ഉണ്ടായതെന്ന്, ഭഗവദ്ഗീത (15:7) വിവരിക്കുന്നു (അധ്യായം 10). 
ബ്രഹ്മകണങ്ങള്‍ വന്‍തോതില്‍ ഇളകിനടന്നപ്പോള്‍, അവ പ്രകൃതിയില്‍ നിലനിന്ന സൂക്ഷ്മ ഏകക കണങ്ങളെ ആകര്‍ഷിച്ചു. സൂക്ഷ്മകണങ്ങള്‍ ബ്രഹ്മകണങ്ങളെ വലയംചെയ്തപ്പോള്‍, അത് പൂര്‍ണമായ ആവരണമായി. ആ ആവരണമാണ് സൂക്ഷ്മശരീരം. സൂക്ഷ്മശരീരം ആവരണം ചെയ്ത ബ്രഹ്മകണമാണ് ആത്മാവ്. അതിനാല്‍, പ്രാരംഭം മുതല്‍, സൂക്ഷ്മശരീരത്തിന് അതിന്റെ കേന്ദ്രത്തില്‍ ആത്മാവുണ്ട്. ജീവന്‍ അഥവാ ആത്മാവ് വിടപറയുമ്പോള്‍, ഭൗതികശരീരം ജീര്‍ണിക്കുന്നു. ആത്മാവ് അഥവാ ജീവന്‍ സൂക്ഷ്മശരീരത്തില്‍ സ്ഥിരമായതിനാല്‍, സൂക്ഷ്മശരീരവും അനശ്വരമാണ്. സൂക്ഷ്മശരീരമില്ലാതെ ആത്മാവില്ല (സമഷ്ടിയില്‍ അല്ലാതെ). അതുപോലെ, ആത്മാവ് കേന്ദ്രത്തിലില്ലാതെ സൂക്ഷ്മശരീരവും ഇല്ല. ആത്മാവ് എന്നുപറഞ്ഞാല്‍, 'സൂക്ഷ്മശരീരത്തോടുകൂടിയ' എന്നുതന്നെ അറിയണം. അതല്ലെങ്കില്‍, അതിനകത്തെ ബ്രഹ്മകണം എന്ന് പ്രത്യേകം ആ സന്ദര്‍ഭത്തില്‍ പറയണം. ബുദ്ധി, മനസ്സ് എന്നിവ സൂക്ഷ്മശരീരത്തിലായതിനാല്‍, സൂക്ഷ്മശരീരത്തിലെ ആത്മാവും അവയുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. ബ്രഹ്മസൂത്രങ്ങള്‍ (4:2:8) പറയുന്നത്, ആത്മാവ് ബ്രഹ്മനില്‍ ലയിച്ച് സ്വതന്ത്ര ഏകകത്വം വെടിയുന്നതിന്റെ അന്ത്യമുക്തി നിമിഷംവരെ, സൂക്ഷ്മശരീരം നിലനില്‍ക്കുന്നു എന്നാണ്. ആത്മാവ്, അതിന്റെ അസ്തിത്വത്തിലുടനീളം, സൂക്ഷ്മശരീരത്തെയും വഹിക്കുന്നു. ആത്മാവ്, സൂക്ഷ്മശരീര ആവരണം കൂടാതെ നിലനില്‍ക്കാത്തതിനാലും, ആത്മാവിന്റെ കര്‍മങ്ങളിലും അനുഭവങ്ങളിലും സൂക്ഷ്മശരീര ഇന്ദ്രിയങ്ങള്‍ വലിയ പങ്ക് വഹിക്കുന്നതിനാലും, ആത്മാവിനെ സംബന്ധിച്ച സമഗ്രജ്ഞാനത്തിന്, സൂക്ഷ്മശരീരത്തെയും അതിലെ ഇന്ദ്രിയങ്ങളെയും സംബന്ധിച്ച ജ്ഞാനം കൂടി ഉണ്ടാകണം. നമ്മുടെ അകത്തും നമുക്കുചുറ്റും ഉള്ള പല പ്രതിഭാസങ്ങളെയും അറിയാന്‍ അത് സഹായിക്കും.


ന്തരീക്ഷത്തില്‍ ചിതറിക്കിടക്കുന്ന സൂക്ഷ്മകണികാ കണങ്ങളെ ബ്രഹ്മകണങ്ങള്‍ വശീകരിച്ച് അവയെ വലയം ചെയ്യുന്ന സൂക്ഷ്മ ശരീരങ്ങളുണ്ടായി. സൂക്ഷ്മശരീരങ്ങള്‍ക്ക് മൂന്ന് അടരുകള്‍ അഥവാ ആവരണങ്ങള്‍, സംസ്‌കൃതത്തില്‍ കോശങ്ങള്‍ ഉണ്ടെന്നാണ് ധാരണ (അധ്യായം 10). ആവരണങ്ങള്‍ എന്നുപറയുന്നത്, അത് ആത്മാവിനെ പൊതിഞ്ഞതിനാലാണ്. സൂക്ഷ്മവും കേവലുമായ കണികകള്‍ ഒരു ബ്രഹ്മകണ (ആത്മാവ്)ത്തിന് മൂന്ന് അടരുകള്‍ നല്‍കി, സൂക്ഷ്മശരീരമായി. ഉപനിഷത്തുക്കള്‍, ആത്മാവിന് രണ്ട് അടരുകള്‍ കൂടിയുണ്ടെന്ന് പറയുന്നു. ഒന്ന് സ്ഥൂലശരീരമായ 'ബാഹ്യാവരണം.' വ്യക്തിയുടെ ആഹാരത്തില്‍നിന്നുള്ള പദാര്‍ത്ഥം കൊണ്ടുണ്ടായതിനാല്‍, ഇത് അന്നമയകോശം. ആഹാരം, വ്യക്തിയുടെ അമ്മ, കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ ഭ്രൂണദശയില്‍ കഴിച്ചതുമാകാം. സംസ്‌കൃതത്തില്‍ അന്നം ആഹാരവും മയ ഉള്ളടക്കവും കോശം ആവരണവുമാണ്. അപ്പോള്‍, അന്ന-മയ-കോശം എന്നാല്‍, ആഹാരപദാര്‍ത്ഥം കൊണ്ടുള്ള ആവരണം. ഭൗതികശരീരത്തെ ആത്മാവിന്റെ ആവരണമോ അടരോ ആയി വിളിക്കുന്നത്, വിരോധാഭാസമായി തോന്നാം. കാരണം, മറ്റു കോശങ്ങള്‍ പദാര്‍ത്ഥരഹിതമായിരിക്കേ, അത് പദാര്‍ത്ഥമാണ്. ആറ്റത്തെക്കാള്‍ സൂക്ഷ്മമായ ആത്മാവുമായി, ശരീരത്തിന് വലിപ്പത്തിലുള്ള അന്തരം ശ്രദ്ധേയമാണ്. അത്രയും വലിപ്പമുള്ള ഒന്നിനെ വെറും ആവരണമായി ചിത്രീകരിക്കുന്നത് അസാധാരണമായി തോന്നാം. രണ്ടാമതായി, ശരീരത്തിന്റെ കര്‍മം ആവരണമെന്ന നിലയ്ക്കല്ല, ആത്മാവിന് ആസ്വദിക്കാന്‍ അനുഭൂതികളും ആനന്ദങ്ങളും പിടിച്ചെടുക്കുക എന്നതാണ്. ആത്മാവിന്റെ വാസസ്ഥാനമാണ്, ആലയമാണ്, ശരീരം. വെറും ആവരണമല്ല. എന്നാല്‍, ഉപനിഷത്തുക്കള്‍ ഏകസ്വരത്തില്‍ അതിനെ ആത്മാവിന്റെ ആവരണമായും അന്നമയകോശമായും വിശേഷിപ്പിക്കുന്നു. അടുത്ത ആവരണം, ആനന്ദമയകോശം അഥവാ ആനന്ദത്തിന്റെ ആവരണം ആണ്. ആത്മാവിനും അതിനുള്ള ബുദ്ധിയുടെ ആവരണത്തിനുമിടയിലാണ് ആനന്ദാവരണത്തിന്റെ സ്ഥാനം. ഈ ആവരണം ഇടക്കിടെ മാത്രമേ പ്രത്യക്ഷമാകൂ എന്ന് ശങ്കരാചാര്യര്‍ വിവേകചൂഡാമണി (ശ്ലോകങ്ങള്‍ 207, 208)യില്‍ പറയുന്നു-ആത്മാവ് ആനന്ദം നുകരുന്ന അഗാധനിദ്രയില്‍ പൂര്‍ണമായും, ജാഗ്രദ്, സ്വപ്ന അവസ്ഥകളില്‍ ലഘുവായും. ജാഗ്രദവസ്ഥയില്‍ (രോഗം, മുറിവ്, വിരഹം, ദാരിദ്ര്യം തുടങ്ങിയവയാല്‍) ദുരിതമനുഭവിക്കുന്ന ആത്മാവ്, അഗാധനിദ്രയില്‍ അതൊന്നുമറിയുന്നില്ല. അതിനാല്‍, അഗാധനിദ്ര അഥവാ സുഷുപ്തിയില്‍, ആത്മാവിനെ ആനന്ദകോശം പൊതിഞ്ഞിരിക്കുന്നു എന്നും അത്, ദുരിതം പ്രതിഫലിപ്പിക്കുന്ന ബുദ്ധിയില്‍നിന്ന് ആത്മാവിനെ പൊതിയുകയാണെന്നും ഭാരതീയ തത്വചിന്തകര്‍ പറയുന്നു. ബുദ്ധിവഴിയാണ്, ആത്മാവ് ദുരിതങ്ങള്‍ അനുഭവിക്കുന്നത്; അതിനാല്‍, നിദ്രാവസ്ഥയിലും മറ്റവസ്ഥകളിലെ ആനന്ദനിമിഷങ്ങളിലും, ആത്മാവും ബുദ്ധിയും തമ്മിലുള്ള ബന്ധത്തെ അവക്കിടയിലെ ആനന്ദാവരണം വിടര്‍ത്തുന്നു എന്നു കരുതപ്പെടുന്നു.ബൃഹദാരണ്യകഉപനിഷത്(4:2:21) നിരീക്ഷിക്കുന്നു:
 പ്രിയതമയുടെ അഗാധാശ്ലേഷത്തിലിരിക്കുന്നയാള്‍ അകത്തോ പുറത്തോ ഒന്നുമറിയുന്നില്ല. (പ്രിയായാ സ്ത്രീയാ സംപരീക്ഷ്വക്ത ന ബാഹ്യം കിഞ്ചന വേദാ, ന ആന്തരം).
 അത്യാനന്ദമനുഭവിക്കുന്ന  വ്യക്തി മറ്റൊന്നും അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല. അപ്പോള്‍, മറ്റ് ജ്ഞാനം, അനുഭൂതി, അനുഭവം എന്നിവയെ പുറന്തള്ളുന്ന ആവരണത്തിനകത്താണ് ആത്മാവ്. ആനന്ദമയകോശം നൈമിഷികമാണ്. ജാഗ്രത്, സ്വപ്ന അവസ്ഥകളില്‍, ആനന്ദമനുഭവിക്കുമ്പോള്‍ ആനന്ദാവരണം പ്രത്യക്ഷമാകുന്നുവെന്ന് ശങ്കരാചാര്യര്‍ വ്യക്തമാക്കി. ആനന്ദം മറയുമ്പോള്‍ ഈ ആവരണവും മറയുന്നുവെന്ന് ധ്വനി. അത് ആത്മാവിനെ എപ്പോഴും ആവരണം ചെയ്യുന്നില്ല; ആത്മാവ് ദുരിതമോ ദുഃഖമോ വേദനയോ അനുഭവിക്കുമ്പോള്‍ അതില്ല; ഇടവേളകളിലെ അതുള്ളൂ. അന്നമയകോശം, അനശ്വരമല്ലെങ്കിലും ജീവിതത്തിലുടനീളം നില്‍ക്കുന്നു. മറ്റാവരണങ്ങള്‍, വിജ്ഞാനമയകോശം, മനോമയകോശം, പ്രാണമയ കോശം എന്നിവയും ആത്മാവിനൊപ്പം എപ്പോഴുമുണ്ട്. ആനന്ദമയകോശം മാത്രമാണ്, വല്ലപ്പോഴും; നൈമിഷികം. ആത്മാവിനെ ബുദ്ധിയും മനസ്സും സ്വതന്ത്രമായും പത്തു സൂക്ഷ്‌മേന്ദ്രിയങ്ങള്‍ ഒന്നായും ആവരണം ചെയ്തിരിക്കുന്നുവെന്ന് നാം കണ്ടു (അധ്യായം 10). അവ ആത്മാവിന് മൂന്ന് വൃത്താവരണങ്ങളാകുന്നു. നേരിട്ട് ആത്മാവിനെ വലയം ചെയ്യുന്ന ബുദ്ധിയാണ്, ആദ്യ ആവരണം. അതാണ് വിജ്ഞാനമയ കോശം. മനസ്സ്, ബുദ്ധിയെ വലയം ചെയ്യുന്നതിനാല്‍, അതാണ് രണ്ടാം ആവരണം (തൈത്തീരിയ ഉപനിഷത് 2:4). അതാണ് മനോമയ കോശം, മനസ്സിന്റെ ആവരണം. പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍, മനസ്സിന് ചുറ്റും ഏക ആവരണമാകുന്നു. അതാണ് മൂന്നാം ആവരണം, പ്രാണമയകോശം. ഈ മൂന്ന് ആവരണങ്ങള്‍ സൂക്ഷ്മശരീരത്തെയുണ്ടാക്കുന്നുവെന്ന് പൈംഗള ഉപനിഷത് (2:3) നിര്‍വചിക്കുന്നു (ഏതത് കോശത്രയം ലിംഗശരീരം). ഓരോന്നിനെയും പറ്റി തുടര്‍ന്നു വിവരിക്കാം. അഹംബോധം സ്വന്തം നിലയ്‌ക്കോ മറ്റുള്ളവയുമായി ചേര്‍ന്നോ ഒന്നിനെയും ആവരണം ചെയ്യുന്നില്ല. അതിനാല്‍, ആത്മാവിന്റെ ആവരണത്തെ മാത്രം അതിന്റെ സൂക്ഷ്മശരീരമായി എണ്ണുന്ന ചിന്തകര്‍, അഹംബോധത്തെ അതിന്റെ ഘടകമായി കരുതുന്നില്ല. സൂക്ഷ്മശരീരത്തിലെ അധികപ്പറ്റായി മാത്രമേ അവര്‍ അഹംബോധത്തെ കാണുന്നുള്ളൂ. ബുദ്ധിയുടെയും മനസ്സിന്റെയും ആവരണങ്ങള്‍ക്കിടയില്‍, സ്വതന്ത്ര ഏകകമായി അത് വര്‍ത്തിക്കുന്നു; രണ്ടിനെയും ബന്ധപ്പെട്ട് അത്, ആസക്തിയും ശരീരബോധവും പ്രോത്സാഹിപ്പിക്കുന്നു. അത് സൂക്ഷ്മശരീരത്തില്‍ സ്ഥിരമാകയാല്‍, ചില ഋഷികള്‍ അതിനെ സൂക്ഷ്മശരീരഘടകമായി കാണുന്നു (സാംഖ്യകാരിക-40). ഒരു സൂക്ഷ്മശരീരവും അതിന്റെ അഹംബോധ കണികയില്ലാതെ നിലനില്‍ക്കുന്നില്ല. അത് സൂക്ഷ്മശരീരത്തില്‍ നില്‍ക്കുന്നതിനാല്‍, അതിനെ വിട്ടുകളയാനുമാവില്ല. ബുദ്ധിക്ക്, ശക്തികാരണം, അതിന്റെ സ്വാധീനത്തെ ചെറുക്കാം. എന്നാല്‍, അഹംബോധത്തെ എന്നന്നേക്കുമായി അമര്‍ച്ച ചെയ്യാന്‍ ഒന്നിനുമാവില്ല.

വിജ്ഞാനമയ കോശം :
ആത്മാവിനെ നേരിട്ട് ആവരണം ചെയ്യുന്ന ബുദ്ധിയാണ്, വിജ്ഞാന-മയ-കോശം. ബുദ്ധിയുടെ വിശേഷങ്ങളായ വിജ്ഞാനം, വിവേകം എന്നിവയ്ക്കാണ് സംസ്‌കൃതത്തില്‍ വിജ്ഞാനം എന്നുപറയുന്നത്. ഇവിടെ, ബുദ്ധിയെ തന്നെയാണ് വിവക്ഷിക്കുന്നത്. അതിനാല്‍, വിജ്ഞാനമയകോശം, ബുദ്ധിയുടെ ആവരണമാണ്. ആത്മാവിനെയാകെ ബുദ്ധി ആവരണം ചെയ്തതിനാല്‍, അതിന് മറ്റ് ഏകകങ്ങളെയും വസ്തുക്കളെയും ബുദ്ധിവഴി മാത്രമേ ബന്ധപ്പെടാനാകൂ. ബുദ്ധിവഴി ഭൗതികേന്ദ്രിയങ്ങള്‍ പിടിച്ചെടുത്ത അനുഭൂതികള്‍ ആത്മാവ് അനുഭവിക്കുന്നു. അതിനാല്‍, ഭൗതികസുഖങ്ങളില്‍ ഭ്രമമുള്ള ആത്മാവ്, ബുദ്ധിയുടെ ബന്ധങ്ങളും അനുഭവങ്ങളും പങ്കിടാന്‍ അതിനോടൊട്ടി നില്‍ക്കുന്നു. തന്നെ ആവരണം ചെയ്യുന്ന ബുദ്ധിതന്നെയായി മാറുംവിധം ദൃഢമാണ് ആ ഒട്ടിച്ചേരല്‍. ആ താദാത്മ്യം വഴി, ആത്മാവ്, ഇന്ദ്രിയകര്‍മങ്ങള്‍ അനുഭവിക്കുകയോ പങ്കിടുകയോ ചെയ്ത്, അവയുടെ പ്രത്യാഘാതങ്ങളും അനുഭവിക്കുന്നു. ഭൗതിക മനുഷ്യനില്‍, ആത്മാവും ബുദ്ധിയുമായുള്ള താദാത്മ്യം യാഥാര്‍ത്ഥ്യമാണ്; പലരും ആത്മാവും ബുദ്ധിയും ഒന്നാണെന്നുപോലും ചിന്തിക്കുന്നു. ബുദ്ധിയുമായി ബന്ധപ്പെട്ടതിനാലാണ് ആത്മാവിന് ബുദ്ധിയുള്ളത് എന്നു നിനയ്ക്കരുത്. സ്വയം ബോധതത്വമായതിനാല്‍, ആത്മാവിന് ബുദ്ധിയുണ്ട്; ബുദ്ധിക്ക് ബുദ്ധിയുള്ളത്, ബോധം അതില്‍ സമൃദ്ധമായി പ്രതിഫലിക്കുന്നതുകൊണ്ടാണ്. കര്‍മങ്ങളെ നിശ്ചയിക്കുകയും നയിക്കുകയും ചെയ്യുന്ന ബുദ്ധി, ആത്മാവല്ല; അത് പ്രകൃതിയില്‍ നിന്ന് ഭിന്നമായ ഏകകമാണ്. മനസ്സ് ശാന്തമായിരിക്കേ, തമോഗുണം ഒരാളെ തെറ്റിന് പ്രേരിപ്പിച്ചാല്‍, ഉള്ളില്‍ മൃദുവും കൃത്യവുമായ ഒരു പ്രതിഷേധം ഉയരും. ബുദ്ധിയുടെ തെറ്റായ വിചാരത്തിന് എതിരായ ആത്മാവിന്റെ പ്രതിഷേധമാണ് അത്. അവ സ്വതന്ത്രമാണ് എന്നര്‍ത്ഥം. ബുദ്ധിയെക്കാള്‍ മേലെയാണ് ആത്മാവ്. ആഗ്രഹിച്ചാല്‍ അതിന് ബുദ്ധിയെ നിയന്ത്രിക്കാം; പക്ഷേ, സാധാരണ ആത്മാവ്, പ്രത്യേകിച്ചും ലോകകാര്യങ്ങളില്‍, ബുദ്ധിയുടെ തീരുമാനങ്ങള്‍ സ്വീകരിക്കുന്നു. 

മനോമയ കോശം:
വിജ്ഞാനമയകോശത്തെ വലയം ചെയ്യുന്നതാണ് മനോമയകോശം. ആത്മാവിനെ വലയം ചെയ്തിരിക്കുന്ന ബുദ്ധിയുടെ ആവരണമാണ്, ഇത്. ബുദ്ധിവഴി, ആത്മാവിന് മനസ്സിനെ ബന്ധപ്പെടാനും, ആഗ്രഹങ്ങള്‍, വികാരങ്ങള്‍, വിചാരങ്ങള്‍ എന്നിവ പങ്കിടാന്‍, അതുമായി താദാത്മ്യം പ്രാപിക്കാനും കഴിയും. ഇത്തരത്തില്‍, ആത്മാവ്, സ്‌നേഹവും വിദ്വേഷവും, കോപവും പേടിയും, സന്തോഷവും സന്താപവും, ഭ്രമം, പക എന്നിവയുമെല്ലാം അനുഭവിക്കുന്നു. മനസ്സിനും ആത്മാവിനുമിടയില്‍ ബുദ്ധിവഴി മാത്രമേ വിനിമയം സാധ്യമാകൂ എന്നതിനാല്‍, മനസ്സിനെക്കാള്‍ ശക്തമാണ് ബുദ്ധി എന്നതിനാല്‍, ആത്മാവിലെത്തും മുന്‍പേ മനസ്സിന്റെ ഒരാശയെയോ വിചാരത്തെയോ തടയാനുള്ള അവകാശം ബുദ്ധിക്കാണ്. ഇങ്ങനെ, സംഭവിക്കാറുമുണ്ട്. മനസ്സ് ചഞ്ചലമാണെന്നും അത് അതിദൂരത്തിലും അതിവിശാലതയിലും അലഞ്ഞുനടക്കാറുണ്ടെന്നും പൊതുവേ പറയാറുണ്ട്. പക്ഷേ, മനസ്സ് ആത്മാവിനെ ആവരണം ചെയ്യുന്നുവെന്നും സൂക്ഷ്മശരീരത്തിന്റെ ഭാഗമാകുന്നുവെന്നും ഉപനിഷത്തുക്കള്‍ പറയുന്നു. അങ്ങനെയെങ്കില്‍, അതിന് ആത്മാവിനെ വിടാനാവില്ല. തന്റെ ഇരിപ്പിടത്തിലിരുന്ന് മനസ്സിന്, ഇന്ദ്രിയങ്ങള്‍ പിടിച്ചെടുക്കുന്ന അനുഭൂതികള്‍ അറിയാനും, ഇന്ദ്രിയങ്ങളും മറ്റ് അവയവങ്ങളും ചെയ്യുന്ന കര്‍മങ്ങള്‍ അറിയാനും, സൂക്ഷ്മശരീരത്തില്‍ നിലനില്‍ക്കുന്ന മുജ്ജന്മ കര്‍മങ്ങളും അനുഭൂതികളും അവലോകനം ചെയ്ത് അവയുടെ സംയുക്തങ്ങളുടെ സ്വന്തം ബിംബങ്ങള്‍ സൃഷ്ടിക്കാനും കഴിയും. മുജ്ജന്മ കര്‍മങ്ങളുടെയും അനുഭൂതികളുടെയും പ്രതിഫലനങ്ങള്‍ മനസ്സ് അവലോകനം ചെയ്യുമ്പോള്‍, അവ മനസ്സില്‍ വളരെ കൃത്യമായി വീണ്ടും സംഭവിക്കും. സൂക്ഷ്മശരീരത്തില്‍ മനസ്സിന്റെ ചുഴലിത്തിരകള്‍ വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യും; പക്ഷേ, മനസ്സിന് സൂക്ഷ്മശരീരം വിട്ട് ബാഹ്യവസ്തുക്കളെ ബന്ധപ്പെടാനാവില്ല. മനസ്സിന്റെ അലച്ചിലിനെപ്പറ്റിയുള്ള ചൊല്ലുകള്‍, കടങ്കഥകളായിരിക്കും
പ്രാണമയ കോശം:
.

മനസ്സിന്റെ ആവരണത്തിന് ചുറ്റുമാണ് പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍. അവ തൊട്ടുതൊട്ടിരുന്ന്, മനസ്സിനെ ഒരേപോലെ ബന്ധപ്പെടാനാവുംവിധം ഏക ആവരണമായി മാറുന്നു. ഈ മൂന്നാം ആവരണമാണ്, പ്രാണ-മയ-കോശം. സംസ്‌കൃതത്തില്‍, പ്രാണ എന്നാല്‍, ജീവിതത്വമോ ജീവവായുവോ ഇന്ദ്രിയങ്ങളോ ആകാം. ഉപനിഷത്തുക്കള്‍ പ്രാണ എന്ന വാക്ക്, ഇന്ദ്രിയങ്ങളെ കുറിക്കാന്‍ സമൃദ്ധമായി ഉപയോഗിക്കുന്നു. ബൃഹദാരണ്യകം 1:5:21; 2:1;17, 18; 3:2:11; 4:3:17, 4:4:6, ഛാന്ദോഗ്യം 2:6:1, 4:3:4; 5:1:15, മുണ്ഡകം 2:1:8; 2:2:5; പ്രശ്‌നോപനിഷത് 4:1 തുടങ്ങിയ ഉദാഹരണം. സൂക്ഷ്മശരീര ആവരണങ്ങളെപ്പറ്റിയുള്ള ഈ സന്ദര്‍ഭത്തിലും, പ്രാണ എന്നത്, സൂക്ഷ്‌മേന്ദ്രിയങ്ങളാണ്. അതിനാല്‍, പ്രാണമയകോശം എന്നാല്‍, ഇന്ദ്രിയങ്ങള്‍ കൊണ്ടുള്ള ആവരണം. സൂക്ഷ്മശരീരത്തിന്റെ കാര്യത്തില്‍, ബന്ധപ്പെട്ട ഇന്ദ്രിയങ്ങള്‍ പദാര്‍ത്ഥരഹിതമായ സൂക്ഷ്‌മേന്ദ്രിയങ്ങളാകാനേ വഴിയുള്ളൂ. പ്രാണന്, ജീവവായു എന്ന അര്‍ത്ഥത്തെ ആധാരമാക്കി ചില ചിന്തകര്‍ പ്രാണമയകോശത്തെ ജീവവായുവിന്റെ ആവരണമായി നിര്‍വചിച്ചിട്ടുണ്ട്. എന്നാല്‍, ജീവവായു, പദാര്‍ത്ഥമുള്ള അന്തരീക്ഷവായുവാണ് (അധ്യായം 7). പദാര്‍ത്ഥമുള്ള ഒന്നും പദാര്‍ത്ഥമില്ലാത്ത സൂക്ഷ്മശരീരത്തിന്റെ ഭാഗമാവില്ല. അതിനാല്‍, സൂക്ഷ്മശരീരത്തിന്റെ ഭാഗമായ പ്രാണമയ കോശം, ജീവവായുവല്ല. സൂക്ഷ്മശരീരത്തെ സംബന്ധിച്ച ശങ്കരാചാര്യരുടെ വിവേകചൂഡാമണിയിലെ വിവരണത്തില്‍ (അധ്യായം 13) അവ അപഞ്ചീകൃതഭൂതങ്ങള്‍ ആണെന്ന് പറയുന്നത് നാം ശ്രദ്ധിച്ചു. സംയുക്തങ്ങളല്ലാത്ത ഏകകങ്ങള്‍ എന്നര്‍ത്ഥം. ബുദ്ധി, അഹംബോധം, മനസ്സ്, പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍, അഞ്ച് തന്മാത്രകള്‍ എന്നിവയാണ് അവ (അധ്യായം 12). ജീവവായു അക്കൂട്ടത്തില്‍ ഇല്ല. സാംഖ്യകാരികയിലെ (40)അശക്തം സംസാരതി എന്ന പ്രയോഗം വ്യാഖ്യാനിക്കുമ്പോള്‍, ഗൗഡപാദര്‍, വാചസ്പതി, കോള്‍ ബ്രൂക്ക് തുടങ്ങിയവര്‍ നിരീക്ഷിക്കുന്നത്, സൂക്ഷ്മശരീരത്തിന് മലകള്‍, പാറകള്‍ തുടങ്ങി എന്തിലൂടെയും കടക്കാം എന്നാണ്. ലൈഫ് ആഫ്റ്റര്‍ ലൈഫ് ല്‍, പുനര്‍ജനിച്ചവര്‍ പറയുന്നത്, ജഡാവസ്ഥയില്‍ അവര്‍ ഭിത്തികള്‍, അടഞ്ഞ വാതില്‍, മേല്‍ക്കൂരകള്‍, ലോഹപ്പലകകള്‍ എന്നിവയിലൂടെ തടസ്സമില്ലാതെ കടന്നു എന്നാണ്. ഡോ.ഇയാന്‍ സ്റ്റീവന്‍സണും ഇതു ശരിവച്ചു (അധ്യായം 4). തടസ്സമില്ലാതെ, ഭിത്തി, അടഞ്ഞവാതില്‍ തുടങ്ങിയവയിലൂടെ, സൂക്ഷ്മ ശരീരമുള്ള ആത്മാക്കള്‍ക്ക് കടക്കാനാവും എന്നര്‍ത്ഥം. ജീവവായുവിന് അത് സാധ്യമല്ല. ഒരു സൂക്ഷ്മശരീരത്തിന് അതിന്റെപ്രാണമയകോശത്തില്‍ വായുവുണ്ടെങ്കില്‍, അവവഴി പോകാനാവില്ല; വായു അടങ്ങിയ സൂക്ഷ്മശരീര ആവരണമുള്ള ആത്മാവിനും അത് പറ്റില്ല. അതിനാല്‍, ജീവവായുക്കളല്ല പ്രാണമയകോശത്തിലുള്ളത്. പ്രാണമയകോശം, സൂക്ഷ്‌മേന്ദ്രിയങ്ങളുടെ ആവരണമാണ്.


പുറന്തോട്:
തന്മാത്രകളുടെ ഒരുറച്ച ആവരണം സൂക്ഷ്മ ശരീരത്തിന് സൂക്ഷ്മമായ പുറന്തോടാകുന്നുവെന്ന് നാം കണ്ടു (അധ്യായം 10). അത്, പ്രാണമയകോശത്തെ വലയം ചെയ്യുന്ന, തന്മാത്രകളുടെ സ്ഥിരമായ, ഉറച്ച, സൂക്ഷ്മ അടരാകുന്നു. ആത്മാവിനുള്ള നാലാം വലയമാണ് അത്; എന്നാല്‍ അതിനെ ആത്മാവിനുള്ള 'ആവരണ'മായി കാണുന്നില്ല. തന്മാത്രകള്‍ പ്രപഞ്ചത്തില്‍ എല്ലായിടത്തുമുണ്ടെങ്കിലും, മേല്‍പറഞ്ഞ അടര്, വ്യത്യസ്തവും ദൃഢവുമാണ്. ഒരിക്കലും ഒരു മാറ്റവും അതിനുണ്ടാകുന്നില്ല. അതിന് അന്തരീക്ഷത്തിലെ സ്വതന്ത്ര തന്മാത്രകളുമായുള്ള ബന്ധം, മണ്‍കുടത്തിന് കരയിലെ മണ്ണിനോടുള്ളപോലെയാകാം; അതിന് സൂക്ഷ്മശരീരവുമായുള്ള ബന്ധം, ഓറഞ്ചിന്റെ മാംസളമായ ഒരല്ലി പോലെയാകാം.പ്രാണമയകോശത്തിനും പുറന്തോടിനുമിടയില്‍ സൂക്ഷ്മശരീരത്തിലെ ഇടം, കര്‍മഭാവങ്ങളുടെ പത്തായം എന്നനിലയില്‍, വളരെ പ്രധാനമാണ്(അധ്യായം 18). കൃത്യമായ പേരില്ലാത്തതിനാല്‍, ആ ഇടത്തെ നമുക്ക് അന്തരാളം എന്നുവിളിക്കാം. എല്ലാ കര്‍മഭാവങ്ങളും ഈ അന്തരാളത്തില്‍ വര്‍ത്തിക്കുന്നു. ഭൗതികശരീരത്തിലെ തൊലിയുമായി, സൂക്ഷ്മശരീരത്തിന്റെ പുറന്തോടിന് വലിയ സാമ്യമില്ല; എന്നാല്‍, ഈ തൊണ്ട് സ്പര്‍ശമറിയുന്നില്ല, അത് ഒരിന്ദ്രിയമല്ല; തൊലിയാകട്ടെ, സ്പര്‍ശേന്ദ്രിയമാണ്. സൂക്ഷ്മശരീരത്തില്‍, സ്പര്‍ശത്തിന്റെ ഒരവശിഷ്ട ഇന്ദ്രിയമുണ്ട്; അത് പ്രാണമയകോശത്തിന്റെ ഭാഗമാണ്; അത് സൂക്ഷ്മശരീരത്തിലെ പുറന്തോടിന്റെ ഭാഗമല്ല, സൂക്ഷ്മശരീരത്തിലെ ഒരു കണികയാണ്.



ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 10

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ  
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/10 കണികകളുടെ ആവിര്‍ഭാവം
 പ്രപഞ്ചത്തില്‍ പ്രകൃതിയുടെആവിര്‍ഭാവത്തിനുശേഷം, ബ്രഹ്മന്‍, പ്രകൃതിയിലെ പരിണാമങ്ങള്‍ വഴി കണികകള്‍ സൃഷ്ടിക്കാന്‍ അഭിലഷിച്ചു. ഇങ്ങനെ പ്രകൃതിയില്‍നിന്നുണ്ടായ കണികകളും പദാര്‍ത്ഥരഹിതമായിരുന്നു. അവ ചുഴലി തരംഗങ്ങളായി നിലനിന്നു. ഒരേകകത്തിലെ അഭിലാഷങ്ങള്‍ അതിലെ ചുഴലിതരംഗങ്ങളിലും അവയില്‍ നിന്നുണ്ടാകുന്ന പ്രസരണതരംഗങ്ങളിലും പ്രതിഫലിക്കുന്നു (14-ാം അധ്യായം). ബ്രഹ്മന്റെ അഭിലാഷം പ്രതിഫലിച്ച പ്രസരണതരംഗങ്ങള്‍ പ്രകൃതിയില്‍ ചെന്നിടിക്കുകയും അതിലെ ഒരുഭാഗം ചുഴലിതരംഗങ്ങളുമായി ഇടകലരുകയും ചെയ്തപ്പോള്‍, ഈ ചുഴലിതരംഗങ്ങള്‍ക്ക് കട്ടികൂടുകയും അവയുടെ ഭ്രമണവേഗം കുറയുകയും അവ പുതിയ കണികകളാവുകയും ചെയ്തു. ഇങ്ങനെയുണ്ടായ കണികയാണ് 'ബുദ്ധി' (സംസ്‌കൃതത്തില്‍, മഹത്). ബുദ്ധിയുടെ ആവിര്‍ഭാവം പ്രകൃതിയില്‍ എല്ലായിടത്തുമുണ്ടായി.
 അങ്ങനെ അതൊരു പ്രപഞ്ചകണികയായി. പ്രത്യേക വസ്തുക്കള്‍, വസ്തുതകള്‍, ആശയങ്ങള്‍ തുടങ്ങിയവയെപ്പറ്റിയുള്ള ബോധം അഥവാ അവബോധമായിരുന്നു ഇതിന്റെ സവിശേഷത. തിരിച്ചറിവ്, നിശ്ചയം, തീരുമാനം, വിവേചനം, ഓര്‍മ, വിവേകം തുടങ്ങിയവയ്ക്കുള്ള ശേഷി അതില്‍നിന്ന് പ്രസരിച്ചു. ഒരു പ്രപഞ്ച ഏകകമായി ബുദ്ധി ഉണ്ടായപ്പോള്‍, ബ്രഹ്മന്‍ അതില്‍നിന്ന് മറ്റൊന്നുണ്ടാക്കാന്‍ അഭിലഷിച്ചു. ആ അഭിലാഷത്തില്‍നിന്നുള്ള പ്രസരണ തരംഗങ്ങള്‍ ബുദ്ധിയുടെ ചുഴലിതരംഗങ്ങളുടെ ഒരുഭാഗവുമായി ഇടകലര്‍ന്നപ്പോള്‍, ആ ഭാഗം, 'അഹം ബോധം' (സംസ്‌കൃതത്തില്‍ അഹങ്കാരം അഥവാ അഹംബുദ്ധി; ഇംഗ്ലീഷില്‍ ഈഗോ) എന്ന കണികയായി. സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ ബോധമായി അത്. അഹംബോധ പ്രത്യേകതകളാണ്, 'ഞാന്‍', 'എന്റെ' എന്ന വിചാരങ്ങള്‍. ഇതുകഴിഞ്ഞ്, കൂടുതല്‍ കണികകള്‍ക്കായി അഹംബോധത്തില്‍ പരിണാമങ്ങളുണ്ടാക്കാന്‍ ബ്രഹ്മന്‍ അഭിലഷിച്ചു. ആ അഭിലാഷം, മുന്‍ സാഹചര്യങ്ങളിലെന്നപോലെ, അഹംബോധത്തിന്റെ ഭാഗങ്ങളില്‍ പരിണാമങ്ങളുണ്ടാക്കി. അഹംബോധത്തില്‍നിന്ന് 16 കണികകളുണ്ടായി. സുഖാനുഭൂതിക്കുള്ള ബ്രഹ്മന്റെ അഭിലാഷം പ്രതിഫലിപ്പിക്കുന്ന പ്രസാരണത്തിരകള്‍, അഹംബോധത്തിന്റെ ചുഴലിതരംഗങ്ങളുടെ ഒരുഭാഗമായി ഇടകലര്‍ന്നപ്പോള്‍, ആ ഭാഗം 'മനസ്സ്' എന്ന കണികയായി പരിണമിച്ചു. മനസ്സ്, എപ്പോഴും സുഖത്തെപ്പറ്റി ചിന്തിക്കുകയും അതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ബ്രഹ്മന്‍, സുഖത്തിനുള്ള വഴികള്‍ കണ്ടെത്താന്‍ അഭിലഷിച്ചു. ആ അഭിലാഷത്തിരകള്‍ അഹംബോധത്തില്‍ ചെന്നിടിച്ച് അതിലെ ചുഴലിതരംഗങ്ങളുടെ മറ്റൊരു ഭാഗവുമായി ഇടകലര്‍ന്നപ്പോള്‍, ആ ഭാഗം സൂക്ഷ്മ ഇന്ദ്രിയങ്ങളായി. അഞ്ച് അനുഭൂതി ഇന്ദ്രിയങ്ങളും അഞ്ച് കര്‍മേന്ദ്രിയങ്ങളും ഇങ്ങനെയുണ്ടായി (13-ാം അധ്യായം). അവ കണികകളായിരുന്നു; എന്നാല്‍, അവ, ഭൗതിക ശരീരത്തിലെ അവയവങ്ങള്‍ പോലെ, അനുഭൂതികള്‍ പിടിച്ചടക്കാനും സ്പന്ദനങ്ങള്‍ സ്വീകരിക്കാനും തുടങ്ങിയപ്പോള്‍, ഇന്ദ്രിയങ്ങള്‍ എന്നറിയപ്പെട്ടു. വിദൂരതകളിലേക്ക് അനുഭൂതികളുടെ സൂക്ഷ്മതരംഗങ്ങള്‍ വിനിമയം ചെയ്യാനുള്ള കണികകള്‍ക്ക് ബ്രഹ്മന്‍ അഭിലഷിച്ചപ്പോള്‍, അത് പ്രതിഫലിച്ച പ്രസരണത്തിരകള്‍ ബുദ്ധിയുടെ ഒരുഭാഗം ചുഴലിതരംഗങ്ങളില്‍ ചെന്നിടിക്കുകയും, ആ ഭാഗം തന്മാത്രകള്‍ എന്നറിയപ്പെട്ട അഞ്ച് സൂക്ഷ്മകണികകളാവുകയും ചെയ്തു. നക്ഷത്ര രശ്മികള്‍, അന്തരീക്ഷത്തിനപ്പുറംപോയുമുള്ള ലക്ഷ്യങ്ങളിലേക്കുള്ള റേഡിയോതരംഗങ്ങള്‍ എല്ലാം തന്മാത്രകളാണ് വിനിമയം ചെയ്യുന്നത്. ഇങ്ങനെ ബ്രഹ്മന്റെ അഭിലാഷപ്രകാരം, പ്രകൃതിയില്‍ 18 കണികകള്‍ തുടര്‍ച്ചയായി ഉണ്ടായി. അവ പ്രകൃതിയെ അനുസരിച്ചുനിന്നു. അവ പ്രപഞ്ച കണികകളാണ്. അവയെ ഒന്നിച്ച് സൂക്ഷ്മ കണികകള്‍ എന്നുവിളിക്കുന്നു. അവ പദാര്‍ത്ഥരഹിതമാണ്. അവയുടെ ആവിര്‍ഭാവ നേരത്ത്, ഒരു രൂപത്തിലും പദാര്‍ത്ഥമുണ്ടായിരുന്നില്ല. പിന്നീട് മാത്രമുണ്ടായ ഫോട്ടോണുകളെക്കാള്‍, ഇവയ്ക്ക് ഭ്രമണവേഗം കൂടിയിരുന്നു (13-ാം അധ്യായം). ഫോട്ടോണുകളെക്കാള്‍ ഭ്രമണവേഗം കൂടിയതിനാല്‍, സൂക്ഷ്മകണികകളിലും കണങ്ങളുടെ ചിതറലുണ്ടായി. ഈ കണങ്ങളെയാണ്, ആത്മാക്കള്‍ ആകര്‍ഷിച്ച് സൂക്ഷ്മശരീരമെന്ന ആവരണമാക്കിയത്. ബ്രഹ്മനില്‍നിന്നുള്ള പ്രസരണത്തിരകള്‍ പ്രകൃതിയിലെ ചുഴലിതരംഗങ്ങളില്‍ ചെന്നിടിച്ചു എന്നു പറയുമ്പോള്‍, ബ്രഹ്മനും പ്രകൃതിയും തമ്മില്‍ അകലമുണ്ടെന്ന് നിനയ്ക്കരുത്; മഹാസിദ്ധികള്‍, ഉയര്‍ത്തിവിട്ട, രണ്ടിനുമിടയിലെ പരസ്പര വിനിമയം വിവരിക്കാന്‍ ഇങ്ങനെ പറയേണ്ടിവരുന്നു എന്നേയുള്ളൂ. ബ്രഹ്മനും പ്രകൃതിയും പ്രാപഞ്ചികമായി നില്‍ക്കുന്നു; അവ സര്‍വവ്യാപികളായിരിക്കെത്തന്നെ, വ്യത്യസ്തങ്ങളുമാണ് (13-ാം അധ്യായം). പ്രകൃതി, ബ്രഹ്മനില്‍ നിന്നുണ്ടായതിനാല്‍, രണ്ടും തമ്മില്‍ മമതയുണ്ടായിരുന്നു. പ്രകൃതിയും അതില്‍നിന്നുളവായ സൂക്ഷ്മകണികകളും തമ്മിലും ആ മമത നിലനിന്നു. അന്തരീക്ഷത്തില്‍ ഇളകിനടന്ന ബ്രഹ്മകണികകള്‍, അന്തരീക്ഷത്തില്‍ അലഞ്ഞുനടന്ന സൂക്ഷ്മകണികകളുടെ കണങ്ങളെ ആകര്‍ഷിച്ചു. സൂക്ഷ്മകണികാ കണങ്ങള്‍ ബ്രഹ്മകണികകള്‍ക്ക് ചുറ്റും വന്നുനിറഞ്ഞപ്പോള്‍, ഒരേ കണികയുടെ കണങ്ങള്‍, ഒരേ ധ്രുവത്തിലെ കാന്തങ്ങള്‍ കണക്കെ പരസ്പരം വികര്‍ഷിച്ചു. ഈ വികര്‍ഷണത്താല്‍, ഓരോ സൂക്ഷ്മ കണികയുടെയും ഒരു കഷണം മാത്രം ബ്രഹ്മ കണികയ്‌ക്കൊപ്പം അവശേഷിച്ചു. അങ്ങനെ, വ്യത്യസ്ത സൂക്ഷ്മകണികകളുടെ കണങ്ങള്‍ ബ്രഹ്മകണികയ്ക്ക് ചുറ്റും വലയം തീര്‍ത്തു. അപ്പോള്‍, അതിവേഗം കറങ്ങുന്നവ, ചെറുതായി കറങ്ങുന്ന കണികകളുടെ ചുഴലിതരംഗങ്ങളിലേക്ക് കടക്കുകയും അങ്ങനെ, അതിവേഗത്തിലുള്ളവയെ ചെറുവേഗക്കാര്‍ വലയം ചെയ്യുകയുമുണ്ടായി. എന്നിട്ടും, അവ വ്യത്യസ്തങ്ങളായിരിക്കുകയും ഭ്രമണം തുടരുകയും ചെയ്തു. ഇങ്ങനെ, ബ്രഹ്മന്റെ ഒരു കണം ബുദ്ധിയുടെ കണത്തിന്റെ ചുഴലിതരംഗങ്ങളിലേക്ക് കടന്ന് അതിന്റെ വലയത്തിലാവുകയും അത് ആവരണമാവുകയും ചെയ്തു. അത്, ആത്മാവിന് 'ബുദ്ധിയുടെ ആവരണം' ആയി വിശേഷിപ്പിക്കപ്പെട്ടു (14-ാം അധ്യായം). ബുദ്ധിയുടെ ആവരണത്തിലെ ബ്രഹ്മകണം മനസ്സിന്റെ കണത്തെ ആകര്‍ഷിക്കുകയും അത് അടുക്കുകയും ചെയ്തപ്പോള്‍, ബുദ്ധിയുടെ ഭ്രമണവേഗം മനസ്സിന്റേതിനെക്കാള്‍ കൂടിയതിനാല്‍, ബുദ്ധികണം (ബ്രഹ്മകണം അതിന്റെ കേന്ദ്രമായിക്കൊണ്ട്) മനസ്സിന്റെ കണത്തിലേക്ക് കടന്ന്, അതിനാല്‍ ആവരണം ചെയ്യപ്പെട്ടു. മനസ്സിന്റെ ആ കണം, ബ്രഹ്മകണത്തിന് രണ്ടാം ആവരണമായി; അത് ആത്മാവിനുള്ള 'മനസ്സിന്റെ ആവരണം' ആയി അറിയപ്പെട്ടു. 
ഇങ്ങനെ, രണ്ടാവരണങ്ങളുള്ള ബ്രഹ്മകണം, സൂക്ഷ്‌മേന്ദ്രിയ കണങ്ങളെ ആകര്‍ഷിച്ചു. ഓരോതരം സൂക്ഷ്‌മേന്ദ്രിയത്തില്‍നിന്നും ഓരോ കണം മനസ്സിനെ വലയം ചെയ്തു. സൂക്ഷ്‌മേന്ദ്രിയങ്ങളുടെ ഭ്രമണവേഗം തുല്യമായതിനാല്‍, അവ ഓരോന്നിനെയും തുളച്ചുകയറിയില്ല. അവ, അടുത്തടുത്ത് ചേര്‍ന്നിരുന്ന് മനസ്സിന് ചുറ്റും ഒരടരായി. മനസ്സിലേക്ക് ഓരോന്നിനും തുല്യ പ്രവേശം കിട്ടി. ഇവ, ഇങ്ങനെ ബ്രഹ്മകണത്തിന് മൂന്നാം ആവരണമായി. ഇതിനെ ആത്മാവിനുള്ള 'ഇന്ദ്രിയങ്ങളുടെ ആവരണം' എന്നുവിളിച്ചു. വൃത്താകൃതിയിലുള്ള ഈ മൂന്നാവരണങ്ങള്‍ ഒന്നിച്ച് ബ്രഹ്മകണത്തിന്, സൂക്ഷ്മശരീരമായി. തുടര്‍ന്ന്, ബ്രഹ്മകണത്തിന്റെ ആകര്‍ഷണത്താല്‍, തന്മാത്രകളുടെ നിരവധി കണങ്ങള്‍ സൂക്ഷ്മശരീരത്തിന് ചുറ്റും ഒരു സൂക്ഷ്മ ത്വക്കിന്റെ അടരായി. ബ്രഹ്മകണത്തിന് തന്മാത്രകള്‍ നാലാം ആവരണമായെങ്കിലും, അതിനെ ഒരാവരണമായി എണ്ണുന്നില്ല; അത് സൂക്ഷ്മശരീരത്തിന് ഒരു വലയമാണ് എന്നേയുള്ളൂ. അഹംബോധം, ആത്മാവിനെ വലയം ചെയ്യാതെ, പ്രകൃതിയുടെ സൂക്ഷ്മകണികകളുടെ സംഘത്തില്‍, വിമതനായി. ബുദ്ധിക്കും മനസ്സിനുമിടയില്‍, രണ്ടിനെയും പ്രലോഭിപ്പിച്ച്, സ്വതന്ത്രനായി അത് ഭ്രമണം ചെയ്തു. അത്, ഭൗതികാനുഭൂതികള്‍ക്ക് പിന്നാലെ പായുകയും കനത്ത ആത്മീയാന്വേഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. സൂക്ഷ്മശരീരത്തിന്റെ ആവരണം നിമിത്തം സ്വതന്ത്ര ഏകകമായ ബ്രഹ്മകണമാണ്, ആത്മാവ്. ബ്രഹ്മകണത്തെ വലയം ചെയ്യുന്ന സൂക്ഷ്മശരീരം വിഘടിച്ചുപോകുമ്പോള്‍, ബ്രഹ്മകണം 'മോക്ഷ'മടയുകയും ബ്രഹ്മന്റെ പ്രപഞ്ചാത്മാവില്‍ ലയിക്കുകയും ചെയ്യും. പ്രകൃതിയില്‍ പദാര്‍ത്ഥത്തിന്റെ രൂപീകരണം  സൂക്ഷ്മശരീരത്തില്‍ ആത്മാവിനൊപ്പം കൂടിച്ചേര്‍ന്നിരുന്ന മനസ്സ്, ആത്മാവില്‍ പ്രതിഫലിച്ചിരുന്ന സുഖാനുഭൂതികളിലാണ് തുടര്‍ച്ചയായി ഭ്രമിച്ചത്. ഈ ഭ്രമം വ്യക്തിഗത ആത്മാക്കളുടെ പൊതുസ്വഭാവമായപ്പോള്‍, സുഖാനുഭൂതികള്‍ നല്‍കാന്‍, അതാഗ്രഹിക്കുന്ന ആത്മാക്കള്‍ക്കായി, സുഖവസ്തുക്കള്‍ സൃഷ്ടിക്കുന്നതിനെപ്പറ്റി ബ്രഹ്മന്‍ ചിന്തിച്ചു. ഈ വിചാരം പ്രതിഫലിച്ച പ്രസരണത്തിരകള്‍, തന്മാത്രകളെ അവക്കിടയില്‍ തന്നെ ഇടകലരാന്‍ പ്രേരിപ്പിക്കുകയും, പ്രപഞ്ചം മുഴുവന്‍ പദാര്‍ത്ഥ കണികകള്‍ ഉണ്ടാവുകയും ചെയ്തു. പദാര്‍ത്ഥ കണികകള്‍ പലതരത്തില്‍ ഇടകലര്‍ത്തി പ്രകൃതി അതിന്റെ സര്‍ഗബുദ്ധി പൂര്‍ണതോതില്‍ പുറത്തെടുത്തു. ആത്മാവിന് ബുദ്ധി, മനസ്സ്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ എന്നിവ വഴി മാത്രം ആസ്വദിക്കാവുന്ന ഭൗതിക, സുഖവസ്തുക്കളും ശരീരങ്ങളും പ്രകൃതി സൃഷ്ടിച്ചപ്പോള്‍, ആത്മാവിന്, സൂക്ഷ്മശരീരത്തോടുള്ള പ്രതിപത്തി ദൃഢമായി. സൂക്ഷ്മശരീരം വ്യക്തിഗത ആത്മാവിന് സ്ഥിര സില്‍ബന്തിയും ആവരണമാവുകയും, അതിനൊപ്പം ആത്മാവ്, ഫലത്തില്‍ ബ്രഹ്മനില്‍ നിന്ന് വേറിട്ട ഏകകമാവുകയും ചെയ്തു.
ആത്മാവും ബ്രഹ്മനും ശരീരത്തിലാണ്  
ബ്രഹ്മനും വ്യക്തിഗത ആത്മാക്കളും ജീവചൈതന്യത്തിന്റെ പ്രത്യക്ഷങ്ങളാണ്. ബ്രഹ്മന്‍ അതിന്റെ പ്രപഞ്ച പ്രത്യക്ഷം; വ്യക്തിഗത ആത്മാവ് സൂക്ഷ്മശരീരത്തില്‍ അതിന്റെ ചിതറിയ പ്രത്യക്ഷവും. സ്വകര്‍മങ്ങളില്‍, അവ വ്യത്യസ്ത ജീവനുകളെപ്പോലെ പെരുമാറുന്നു. പൊതുവില്‍, വ്യക്തിഗത ആത്മാവ് ഒരു ഭൗതികശരീരത്തില്‍ നില്‍ക്കുന്നത്, ഒരു ജീവിതം ജീവിക്കാനും മുജ്ജന്മ കര്‍മങ്ങളുടെ ഫലം അനുഭവിക്കാനുമാണ് (21-ാം അധ്യായം). മൊത്തം പ്രപഞ്ചവും അതിലെ ജീവജാലങ്ങളുമായി, ബ്രഹ്മന്‍ എല്ലായിടത്തുമുണ്ട്. എല്ലായിടത്തുമെന്നപോലെ അത് ശരീരത്തിനുള്ളിലുണ്ട്. പ്രപഞ്ചകര്‍മങ്ങളുടെ ഭാഗമായി, അത് ശരീരത്തില്‍ ചില കര്‍മങ്ങള്‍ ചെയ്യുന്നു. ക്രോമസോമുകളുടെ വിഘടിച്ച പാതികള്‍ക്ക് പുതിയ ജീനുകള്‍ നല്‍കല്‍, കൃത്യമായ ബീജവുമായി അബദ്ധത്തിന്റെ സങ്കലനം, എല്ലിന്റെ കോശങ്ങള്‍, മസ്തിഷ്‌ക കോശങ്ങള്‍, പേശീകോശങ്ങള്‍ എന്നിങ്ങനെ കോശവലയ (Blastula))ങ്ങളുടെ രൂപമാറ്റം, ഹോര്‍മോണുകളുടെ നിയന്ത്രണം തുടങ്ങിയവയും സമാനമായ നിരവധി സര്‍ഗപ്രക്രിയകളും, സര്‍വജീവജാലങ്ങളിലും ഒരുപോലെ പ്രത്യക്ഷമാകുന്ന, ബ്രഹ്മന്റെ പ്രപഞ്ചകര്‍മങ്ങളുടെ ഭാഗമാണ് (27-ാം അധ്യായം). മനുഷ്യന്റെ വ്യക്തിഗത കര്‍മങ്ങള്‍ (ഒരു തൊഴില്‍ ചെയ്യല്‍, കാര്‍വാങ്ങല്‍ എന്നിങ്ങനെ)ശരീരത്തില്‍ ആത്മാവ് നടത്തുന്ന വിക്രിയകളാണ്. ഒരു ശരീരത്തിനകത്തോ ശരീരം കാരണമോ ഉണ്ടാകുന്ന രണ്ടുതരം ക്രിയകളും രണ്ടിന്റെയും അതിലെ സാന്നിദ്ധ്യവും പ്രവൃത്തിയും തെളിയിക്കുന്നു. ഈ പാരസ്പര്യവും സഹവാസവും ഉപനിഷത്തുകള്‍ ബിംബാത്മകമായി വിവരിച്ചിട്ടുണ്ട്. അന്നപൂര്‍ണ ഉപനിഷത് (4:32), രുദ്രഹൃദയ ഉപനിഷത് (41) എന്നിവ ഇങ്ങനെ പറയുന്നു: 
ജീവ എന്നും ഈശ (ഈശ്വരന്റെ ചുരുക്കം) എന്നുംപേരുള്ള രണ്ടു പക്ഷികള്‍ ശരീരത്തില്‍ സഹവസിക്കുന്നു; ഇതില്‍ ജീവകര്‍മങ്ങളുടെ ഫലങ്ങള്‍ ഭക്ഷിക്കുന്നു, ഈശ അത് ഭക്ഷിക്കുന്നില്ല. മുണ്ഡകഉപനിഷത് (3:1:1), ശ്വേതാശ്വേതാര ഉപനിഷത് (4:6) എന്നിവയില്‍ ഇങ്ങനെ: രണ്ടുപക്ഷികള്‍, കൂട്ടുകാരായി ഒന്നിച്ച് ഒരേ വൃക്ഷത്തില്‍ വസിക്കുന്നു; അതിലൊന്ന് നല്ല രുചിയുള്ള ആല്‍ ഫലങ്ങള്‍ ഭക്ഷിക്കുന്നു; അപരന്‍, ഒന്നും തിന്നാതെ, എല്ലാം കാണുന്നു. 
ജീവ, വ്യക്തിഗത ആത്മാവാണ്. ഈശ, ഈശ്വരനും. ബ്രഹ്മന്‍ പ്രകൃതിവഴി അവയാവുകയാണ്. ഈശ്വര എന്ന പ്രതീക പക്ഷി, ജീവിത വൃക്ഷത്തിന്റെ ഏറ്റവും മുകളിലാണ്. അത് ഒന്നും തിന്നാതെ, താഴെ വസിക്കുന്ന ജീവ പക്ഷി, കര്‍മങ്ങളുടെ കയ്പും മധുരവുമുള്ള ഫലങ്ങള്‍ തിന്നാന്‍, ശാഖകളില്‍നിന്ന് ശാഖകളിലേക്ക്, ചാടുന്നത് നോക്കിക്കൊണ്ടിരിക്കുന്നു (മുജ്ജന്മകര്‍മ ഫലങ്ങള്‍ ആസ്വദിക്കാനോ അനുഭവിക്കാനോ വേണ്ടി). ജീവ കഷ്ടപ്പാടുകളില്‍ മടുത്ത്, മുകളിലേക്ക് നോക്കി, ഈശ്വരന് ഒപ്പമെത്താന്‍ അഭിലഷിക്കുന്നു; എന്നാല്‍ അത് താഴേക്ക് നോക്കുമ്പോള്‍ ഫലങ്ങള്‍ കാണുകയും ഈശ്വരനെ മറക്കുകയും ഫലങ്ങള്‍ തിന്നാന്‍ വീണ്ടും ശാഖകളില്‍നിന്ന് ശാഖകളിലേക്ക് ചാടുകയും ചെയ്യുന്നു. കയ്പുനിറഞ്ഞ അനുഭവങ്ങളില്‍ മടുത്ത് വീണ്ടും അത് മുകളിലെ പക്ഷിക്കടുത്തെത്താന്‍ വെമ്പുന്നു. പിന്നെയും താഴെനോക്കി ഫലങ്ങള്‍ ഭക്ഷിക്കുന്നത് തുടരുന്നു. ഇങ്ങനെ കഥ തുടരുന്നു. പക്ഷേ, ഓരോ തവണയും ഉറച്ചമനസ്സോടെ ഈശ്വരനിലെത്താന്‍ അതാഗ്രഹിക്കുമ്പോള്‍, അത് മുകളിലെ പക്ഷിയിലേക്ക് ഒരു ചുവടുമുന്നിലെത്തുന്നു. വേണ്ടത്ര മുകളിലെത്തിക്കഴിയുമ്പോള്‍, ഫലങ്ങളോടുള്ള പ്രതിപത്തി (സുഖാനുഭൂതികളോടുള്ള മമത) ക്ഷയിക്കുകയും അത്, ലോകത്തിലെ സകലാത്മാക്കളുമായുള്ള കേളികള്‍ ഉള്‍പ്പെടെയുള്ള ബ്രഹ്മന്റെ മഹത്വങ്ങളില്‍ ആഹ്ലാദിക്കുകയും ചെയ്യുന്നു. ബ്രഹ്മസൂത്രങ്ങളില്‍ (4:4:17-22) പറഞ്ഞപോലെ, അപ്പോള്‍ അത്, മുക്തിനേടിയ ആത്മാവാകുന്നു (സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണകൃതികള്‍, വാല്യം 2, പേജ് 394-395). അതിനുശേഷം, താമസിയാതെ, ജീവ ജീവന്റെ പരമപദത്തിലെത്തിച്ചേരുകയായി. പ്രകൃതിയുടെ ആവിര്‍ഭാവവും തുടര്‍ന്നുള്ള അതിന്റെ പരിണാമങ്ങളും ഭാരതീയ ചിന്തകളില്‍ വിവരിക്കുന്ന പ്രകാരം, ലളിതമായ ഭാഷയില്‍ നാം കണ്ടുകഴിഞ്ഞു. പദാര്‍ത്ഥരഹിതമായ ഏകകങ്ങള്‍ക്ക് യോജിച്ചവണ്ണമാണ് ഇത് മനസ്സിലാക്കേണ്ടത്. ഉദാഹരണത്തിന്, പദാര്‍ത്ഥരഹിതമായ ഒരേകകത്തിന്റെ ഒരുഭാഗം പുതിയ ഏകകമായി പരിണമിച്ചു എന്നു പറയുമ്പോള്‍, സമഷ്ടിയില്‍നിന്ന് ആ ഭാഗം വിഘടിച്ചു എന്ന് കരുതരുത്. അതിന്റെ പഴയ പ്രത്യക്ഷം വലിപ്പത്തിലോ കനത്തിലോ കുറഞ്ഞു എന്നും വിചാരിക്കരുത്. ചുഴലിതരംഗങ്ങളായി നില്‍ക്കുന്ന പദാര്‍ത്ഥരഹിത ഏകകങ്ങള്‍ക്ക്, വലിപ്പമോ, പിണ്ഡമോ ഇല്ല. അതിനാല്‍, വലിപ്പമോ കനമോ കുറയുന്ന പ്രശ്‌നമില്ല. പദാര്‍ത്ഥരഹിതമായ ഒരേകത്തിന്റെ ഒരുഭാഗത്തിന്റെ പരിണാമം, ഗുരു, ശിഷ്യരിലേക്ക് ജ്ഞാനം പകരുംപോലെയാണ്. ഗുരുവിന്റെ ജ്ഞാനം ശിഷ്യര്‍ക്ക് കിട്ടുമ്പോള്‍ തന്നെ, ഗുരുവിന്റെ ജ്ഞാനം ക്ഷയിക്കുന്നില്ല. ബ്രഹ്മനില്‍നിന്നാണ് ആത്മാക്കള്‍ ഉണ്ടായതെങ്കിലും, പ്രപഞ്ചത്തിലും അതിലപ്പുറവും വ്യാപിച്ച ബ്രഹ്മന്റെ അനന്തതയെ അത് ബാധിക്കുന്നില്ല. ബൃഹദാരണ്യക ഉപനിഷത്തിലെഒരു ശ്ലോകം (5:1:1). ഇങ്ങനെ: 
അത് അനന്തമാണ്; ഇത് അനന്തമാണ്. അനന്തത്തില്‍നിന്ന് അനന്തമുണ്ടാകുന്നു. അനന്തം അനന്തത്തില്‍നിന്നുണ്ടായിക്കഴിഞ്ഞ് അവശേഷിക്കുന്നതും അനന്തമാണ് (പൂര്‍ണമദ പൂര്‍ണമിദം; പൂര്‍ണാദ് പൂര്‍ണമുദച്യതേ; പൂര്‍ണസ്യ പൂര്‍ണമാദായ പൂര്‍ണമേവാവശിഷ്യതേ) 
അതായത്, ബ്രഹ്മം അനന്തം (അനന്തമായ പ്രപഞ്ചത്തില്‍ നിറഞ്ഞതിനാല്‍). പ്രകൃതിയും അനന്തം. അനന്തമായ ബ്രഹ്മത്തില്‍നിന്ന് അനന്തമായ പ്രകൃതിയുണ്ടായി. അനന്തമായ ബ്രഹ്മത്തില്‍നിന്ന് അനന്തമായ പ്രകൃതിയുണ്ടായപ്പോള്‍, അവശേഷിച്ചത്, അനന്തമായ, പൂര്‍ണമായ ബ്രഹ്മമാണ്. ബ്രഹ്മനില്‍നിന്ന് അനന്തമായ ജീവബിന്ദുക്കള്‍ (ആത്മാവ്) ഉയരുന്നതും ഇതുപോലെ. ആദിമ പദാര്‍ത്ഥരഹിത കണങ്ങളില്‍നിന്ന് പ്രപഞ്ചകണങ്ങള്‍ പിറവികൊള്ളുന്നതും ഇങ്ങനെ. ബ്രഹ്മന്റെ പ്രചോദനത്താല്‍, ഉറവിടത്തില്‍നിന്ന് സമൃദ്ധമായി പുതിയ കണങ്ങള്‍ ഉണ്ടാക്കുമ്പോഴും ഉറവിടം അങ്ങനെ തന്നെ ഇരിക്കുന്നു. ഈശ്വരന്‍ എന്ന നിലയില്‍ ബ്രഹ്മനെപ്പറ്റി, ഈ പുസ്തകത്തിന്റെ നാലാം ഭാഗത്തില്‍ പറയാം.

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 8,9

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ : രാമചന്ദ്രൻ 

അധ്യായം 8 ബ്രഹ്മന്‍ 
നി, ആത്മാവിന്റെ ഉറവിടത്തിലേക്ക് പോകാം. പ്രാചീന ഭാരതീയ ചിന്തകര്‍, പ്രപഞ്ചത്തിന് കാരണമായ ആദ്യ പ്രഭാവത്തെ ബ്രഹ്മന്‍ എന്ന് വിളിച്ചു. (ത്രിമൂര്‍ത്തികളില്‍പ്പെട്ട ബ്രഹ്മാവ് വേറെയാണ്; അദ്ദേഹം കൃത്യമായ, നാലുതലകളും നാല് കൈകളുമുള്ള, വിഷ്ണുവിനും സരസ്വതിക്കും ജനിച്ച വ്യക്തിവൈഭവമാണ്; എന്നാല്‍, മൗലിക പ്രഭാവമായ ബ്രഹ്മന്‍ അമൂര്‍ത്തമായ പ്രാപഞ്ചിക അസ്തിത്വമത്രെ). ബ്രിഹ് എന്ന സംസ്‌കൃത വാക്കിനര്‍ത്ഥം, വികസിക്കുക അല്ലെങ്കില്‍ വളരുക എന്നാണ്. ബ്രഹ്മന്‍ എന്ന വാക്കിനര്‍ത്ഥം, പ്രപഞ്ചത്തെ വളര്‍ത്തിയുണ്ടാക്കിയ/വികസിപ്പിച്ചുണ്ടാക്കിയ പ്രഭാവം എന്നാണ്. അത് സര്‍വവ്യാപിയാണ്; അത്, അതിരുകളില്ലാത്ത സ്ഥലികളില്‍ മുഴുവനുണ്ട്. അത് അനന്തമായ അസ്തിത്വമാകുന്നു. ബ്രഹ്മന്റെ ഒരു ഭാഗത്തിന്റെ രൂപാന്തരമാണ് ബ്രഹ്മന്‍ എന്ന് ഛാന്ദോഗ്യ ഉപനിഷത് (3:12:6) പറയുന്നു. ആദ്യം ബ്രഹ്മന്‍, പ്രപഞ്ചമാകെ വ്യാപിച്ചിരുന്നുവെന്നും, പിന്നീട് പ്രപഞ്ചം ബ്രഹ്മന്റെ ഒരു ഭാഗത്തില്‍ നിന്നുണ്ടായെന്നും അര്‍ത്ഥം. 
സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്, ബ്രഹ്മന്‍ പ്രപഞ്ചത്തിന്റെ 'കാര്യവും കാരണവും കളിമണ്ണും കുശവനും' ആണ് എന്നാണ്. ഒരു സംഗതിയുടെ സ്വഭാവവും പെരുമാറ്റവും അറിയാനാഗ്രഹിക്കുന്നവര്‍ അവരുടെ ഗവേഷണം തുടങ്ങുക അതിന്റെ ഉറവിടത്തിലായിരിക്കും. ആത്മാവിന്റെ സ്വഭാവമറിയാനാഗ്രഹിച്ച പ്രാചീന ചിന്തകര്‍, അതിന്റെ ഉറവിടം അന്വേഷിച്ചു; ആ അന്വേഷണം, പ്രപഞ്ചത്തിന്റെയും ജീവജാലങ്ങളുടെയും സൃഷ്ടിരഹസ്യം കണ്ടെത്തുന്നതില്‍ അവസാനിച്ചു. സൃഷ്ടിരഹസ്യം കണ്ടെത്തിപ്പോകുമ്പോള്‍, 'എ', 'ബി' യില്‍ നിന്നുണ്ടായതാണെന്നും 'ബി', 'സി'യില്‍ നിന്നുണ്ടായതാണെന്നും 'സി' 'ഡി'യില്‍നിന്നുണ്ടായതാണെന്നുമൊക്കെ തിരിച്ചറിഞ്ഞു കഴിയുമ്പോള്‍, ഉറവിടമില്ലാത്ത ഒരു സംഗതിയില്‍ അന്വേഷണം ചെന്നുമുട്ടും. അത്, ആരംഭം മുതല്‍ സ്വയം ഉണ്ടായിരുന്നു; അത് ബുദ്ധിക്ക് അതീതമാണ്. ആ പ്രഥമ സംഗതിയാണ്, പ്രപഞ്ചത്തിലെ എല്ലാ സംഗതികളുടെയും ആരംഭം; പ്രപഞ്ചത്തിന്റെതന്നെ ആരംഭം. ആരംഭത്തില്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് നിരീശ്വരര്‍ വാദിച്ചേക്കാം. ഛാന്ദോഗ്യ ഉപനിഷത് (6:2:2) ഈ തോന്നലിനെ നിരാകരിക്കുന്നു. ഒരു സംഗതിക്ക് ശൂന്യതയില്‍ നിന്നുണ്ടാകാനാവില്ല എന്നതിനാല്‍, പ്രപഞ്ചത്തിന് കാരണമായ ഒന്നുണ്ട്. അത് മാത്രമായിരിക്കണം ആദ്യമുണ്ടായിരുന്നത്; അത് എല്ലായിടത്തും നിറഞ്ഞിരിക്കണം. ഭാരതീയ തത്വചിന്ത അതിനെ ബ്രഹ്മന്‍ എന്നുവിളിക്കുന്നു. പ്രപഞ്ചം ഉറവെടുത്ത ആദിമ സംഗതി ഒരനന്തസംഗതിയാണെന്ന് മഹാനായ പ്രാചീന ഗ്രീക്ക് ചിന്തകന്‍ അനക്‌സിമാണ്ടര്‍ (611-567 ബിസി) സമര്‍ത്ഥിച്ചു. പദാര്‍ത്ഥരൂപമില്ലാതെ അത്, സ്ഥലകാലങ്ങളില്‍, അതിരുകളില്ലാതെ നിലകൊണ്ടു (In Search of Soul, വാല്യം 1 പേജ്, 26). 'പദാര്‍ത്ഥരൂപമില്ലാത്ത' എന്ന വിശേഷംകൊണ്ടു സിദ്ധിക്കുന്നത്, അത് പദാര്‍ത്ഥരഹിത ഏകകമായിരുന്നു എന്നാണ്. ഛാന്ദോഗ്യ ഉപനിഷത് (6:12:1), ഒരു കൊച്ചുവിത്തിലെ സൂക്ഷ്മ ബീജത്തില്‍നിന്ന് വലിയൊരു ആല്‍മരം വളര്‍ന്ന് വികസിക്കുന്നതിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. സാധാരണ നമുക്ക് ഒരു ചെടിയുടെ ബീജം വിത്തില്‍ കാണാമെങ്കിലും (ബീന്‍സ് ഉദാഹരണം), അത് നമുക്ക് ആലിന്റെ വിത്തില്‍ കാണാനാവില്ല. ആലിന്റെ വിത്തുകളും മുളയ്ക്കുകയും തൈകളാവുകയും ചെയ്യുന്നതിനാല്‍, ആ വിത്തുകളിലും, ആല്‍മരത്തിന്റെ ബീജങ്ങളുണ്ടായിരിക്കും; പക്ഷേ, അത് സൂക്ഷ്മമായതിനാല്‍ അദൃശ്യമാണ്. ആ ബീജം വികസിച്ച് തൈയായി മുളപൊട്ടുമ്പോള്‍, നാം മുകളില്‍ ഒരു കൂമ്പു കാണുന്നു. ഈ തൈയും കൂമ്പും ബീജമെന്ന നിലയില്‍, വിത്തിലുണ്ടായിരുന്നിരിക്കണം. ആ കൂമ്പു തുറന്നാല്‍ നമുക്ക്, ചെടിത്തണ്ടിന്റെ ലോലമായ തുടര്‍ച്ച, നേര്‍ത്ത ഇലകളും അതിന് മുകളില്‍ നേര്‍ത്ത മറ്റൊരു കൂമ്പുമായി, കാണാം. ഈ ആന്തരിക കൂമ്പു തുറന്നാല്‍ പിന്നെയും തണ്ടും ഇലകളും കൂമ്പുകളും നേര്‍ത്ത് നേര്‍ത്ത് വരുന്നതായും അവസാനം അതിസൂക്ഷ്മമാകുന്നതായും കാണാം. ഇതെല്ലാം വിത്തിലെ ബീജത്തിലുണ്ടായിരുന്നു. കാലക്രമേണ, ആലിന്റെ കൂമ്പ്, പക്ഷെ വികസിക്കുകയും അതിന്റെ ഉള്ളടക്കം വെളിവാക്കി അവസാനം, അസംഖ്യം ശാഖകളും തണ്ടുകളും ഇലകളും പഴങ്ങളുമൊക്കെയുള്ള വന്‍വൃക്ഷമായിത്തീരുകയും ചെയ്യുമെന്ന് നമുക്കറിയാം. അതിനൊരു കൃത്യമായ സംവിധാനമുണ്ടാകും. ഇത് വെളിവാക്കുന്നത്, ആ വന്‍വൃക്ഷം, ആലിന്റെ വിത്തില്‍, സൂക്ഷ്മരൂപത്തില്‍ അദൃശ്യമായി നിലകൊണ്ടിരുന്നുവെന്നും കാലക്രമത്തില്‍ അത് സാവധാനം, കൃത്യമായി, വികസിച്ചു എന്നുമാണ്. ആ സൂക്ഷ്മരൂപത്തിലുള്ള കൃത്യമായ സംവിധാനവും അതിന്റെ വികാസവും കാണിക്കുന്നത്, ആ രൂപാന്തരവും വികാസവും ഒരു മഹാബോധ ഏകകം അതിനെ നയിക്കുന്നു എന്നാണ്. ഈ പ്രക്രിയ ലോകത്തെല്ലായിടത്തും ഒരുപോലെ സംഭവിക്കുന്നതിനാല്‍, ആ ബോധ ഏകകം എല്ലായിടത്തുമുണ്ടായിരിക്കും. സൂക്ഷ്മ ബീജ (zygote)ങ്ങളില്‍നിന്ന് മനുഷ്യനും മൃഗവും കരയും ആകാശവും സാഗരവും വികസിച്ചതിന്റെ കഥയും ഇതേ അനുമാനത്തില്‍ എത്തിച്ചു (27-ാം അധ്യായം കാണുക). മായിക സൃഷ്ടികള്‍ക്ക് കാരണമായ ആ മഹാബോധ പ്രപഞ്ച ഏകകമാണ് ബ്രഹ്മന്‍. പ്രപഞ്ചത്തില്‍ എല്ലായിടത്തും, അതിനപ്പുറം അതിരുകളില്ലാത്ത ആകാശത്തും നില്‍ക്കുന്ന ഏകകം, അനന്തവും അമൂര്‍ത്തവുമാകാതെ വയ്യ. അത്തരം അസ്തിത്വമാണ് ബ്രഹ്മന്‍. ജീവബോധത്തിന്റെ പ്രത്യക്ഷമാണ് ബ്രഹ്മന്‍ എന്ന് നാം അടുത്ത അധ്യായത്തില്‍ കാണും.
 ലളിതമായി പറഞ്ഞാല്‍, ജീവശക്തിയുടെ പ്രാപഞ്ചിക അസ്തിത്വമാണ് അത്. പ്രാരംഭത്തില്‍, ബ്രഹ്മന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്; അത് സൂക്ഷ്മമായി നിലകൊണ്ടു. ബൃഹദാരണ്യക ഉപനിഷത് (1:4:11) പറയുന്നു: തുടക്കത്തില്‍, ബ്രഹ്മന്‍ മാത്രമായിരുന്നു; അതുമാത്രം; അതുമാത്രം നിലനിന്നു. അത് കര്‍മം ചെയ്തില്ല (ബ്രഹ്മാവാ ഇദമഗ്ര ആസീത്, ഏകമേവ, തദേകം സത്, ന വ്യഭാവാത്) ശുകരഹസ്യ ഉപനിഷത്, ഐതരേയോപനിഷത്, തുടങ്ങിയവ, ബ്രഹ്മനെ, ബോധമായാണ് കാണുന്നത് (പ്രജ്ഞാനം ബ്രഹ്മ). ബ്രഹ്മന്റെ സവിശേഷത, അതിനൊരു കേന്ദ്രമില്ല എന്നതാണ്. എന്നിട്ടും, ഒരുപോലെ എല്ലായിടത്തും നിലനില്‍ക്കുന്നുതാനും. (ഭഗവദ്ഗീത 13:28-31). ഒരു വറുത്ത വിത്ത്, ഒരു ചെടിയെ മുളപ്പിക്കുന്നില്ല. അതിലെ ജീവന്‍ നഷ്ടപ്പെട്ടതിനാലാണ് അത്. വിത്തില്‍നിന്ന് ചെടിയെ വികസിപ്പിക്കുന്ന ഏകകം, അതിലെ ജീവനാണ് എന്നര്‍ത്ഥം. സൈഗോട്ടുകളില്‍നിന്ന് മനുഷ്യനും മൃഗവും വികസിക്കുന്നതിനും ഇത് ബാധകമാണ്. ആ ജീവനാണ് ആത്മാവ്. അതാണ് ജീവചൈതന്യം. അത് പ്രപഞ്ചബോധത്തിന്റെ ഒരു സൂക്ഷ്മകണിക മാത്രമാണ്. അത് സ്വതന്ത്രകണികയായത്, അതിന് ചുറ്റും ഒരാവരണം വന്നപ്പോഴാണ് (പത്താം അധ്യായം കാണുക). എല്ലാ ആത്മാക്കളും ബ്രഹ്മന്റെ കണികകളാണെന്ന് ഭഗവദ്ഗീത (15:7) ലളിതമായി പറയുന്നു. അത് തിരിച്ചിട്ടാല്‍, എല്ലാ ജീവജാലങ്ങളിലും അതിനപ്പുറവുമുള്ള സംഗതികളിലെ ആത്മാക്കളുടെ ആകെത്തുകയാണ് ബ്രഹ്മന്‍ എന്നര്‍ത്ഥം കിട്ടും. അത്, പ്രപഞ്ചത്തിലും അതിനപ്പുറത്തെ അതിരുകളില്ലാത്ത ആകാശത്തിലും നിലനില്‍ക്കുന്ന ജീവശക്തിയുടെ സമഗ്രതയാണ്. അത് അനന്തമായ അസ്തിത്വമാണ്. ഈശ്വരന്‍, പ്രപഞ്ചത്തിന്റെ വിധാതാവ് എന്ന നിലയില്‍, അതിന്റെ പ്രത്യക്ഷമാണ്. ജീവജാലങ്ങളിലെ ജീവന്‍ എന്ന നിലയില്‍, ആത്മാക്കള്‍ അതിന്റെ സൂക്ഷ്മ പ്രത്യക്ഷങ്ങളാണ്. പ്രാരംഭത്തില്‍, ബ്രഹ്മന്‍ നിലനിന്നത്, പ്രത്യക്ഷങ്ങള്‍ ഇല്ലാതെയാണ്. 'അസ്തിത്വമുണ്ടെന്നോ അസ്തിത്വമില്ലെന്നോ' പറയാനാവാത്ത അവസ്ഥയായിരുന്നു ബ്രഹ്മന്റെ പ്രാരംഭനിലയെന്ന്, ഋഗ്വേദ (10:129:1)വും ഭഗവദ്ഗീത(13:13)യും വിവരിക്കുന്നു. പ്രാരംഭത്തില്‍, അസ്തിത്വം വെളിവാക്കാതെ, അസ്തിത്വമില്ല എന്നു പറയാവുന്ന നിലയായിരുന്നു ബ്രഹ്മന്റേത് എന്നര്‍ത്ഥം. ഇല്ല എന്നുപറയാവുന്ന അവസ്ഥയിലും അനാവരണം ചെയ്യാതെ അതുണ്ടായിരുന്നു. അന്ന് അതുണ്ടായിരുന്നു; പക്ഷേ, പ്രത്യക്ഷങ്ങളില്ലായിരുന്നു. പക്ഷേ, യഥാര്‍ത്ഥത്തില്‍ അത് ജീവചൈതന്യമായിരുന്നതിനാല്‍, കര്‍മനിരതമാകാനുള്ള ശീലം അതിനുണ്ടായിരുന്നു. അതിനാല്‍ ഒരു കാലത്ത്, ബ്രഹ്മനില്‍ കര്‍മത്തിന്റെ കമ്പനങ്ങളുണ്ടായി. പ്രത്യക്ഷമാകുന്നതിന്റെ തുടക്കമായിരുന്നു അത്. അഗണ്യതയില്‍നിന്ന് കര്‍മത്തിലേക്കുള്ള അതിന്റെ വികാസം ഋഗ്വേദത്തില്‍ (10:129:1-5) വിവരിക്കുന്നുണ്ട്. സ്വാമി വിവേകാനന്ദന്റെ പരിഭാഷ ഇതാ (സമ്പൂര്‍ണകൃതികള്‍, വാല്യം 6, 178-179): 
അന്നുണ്ടായിരുന്നില്ല, ഇല്ലായിരുന്നുമില്ല, ലോകമുണ്ടായിരുന്നില്ല, അപ്പുറം ആകാശവും.... എന്നാല്‍, അത് അനക്കമില്ലാതെ കമ്പനം ചെയ്തു, തനിയെ, സ്വേച്ഛയാല്‍. ഏകം. അതിന് അപ്പുറം, ഒന്നുമുണ്ടായിരുന്നില്ല.... ആദ്യം അഭിലാഷമുണ്ടായി, മനസിന്റെ ആദ്യ ബീജം... അതിന്റെ രശ്മികള്‍, മേലെ, താഴെ, വശങ്ങളില്‍, വ്യാപിച്ചു. അപ്പോള്‍ ഇച്ഛ കര്‍മമായി,താഴെ ജീവതത്വം മുകളില്‍ കര്‍മ ശക്തി. 
ഈ വേദഭാഗത്തില്‍, 'അത്', 'ഏകം' എന്നൊക്കെ വിശേഷിപ്പിക്കുന്നത്, ജീവതത്വമായ ബ്രഹ്മനെയാണ്; 'ഇച്ഛ' എന്നത് അതിന്റെ ശക്തിയോ സവിശേഷശേഷിയോ ആണ്. നിരവധി വേദശ്ലോകങ്ങളില്‍, അത് (തത്) എന്നത്, ബ്രഹ്മന്റെ പര്യായമായിട്ടാണെന്ന് ഭഗവദ്ഗീത (17:23) നിരീക്ഷിക്കുന്നു. 'ഏകം' എന്ന പ്രയോഗത്തില്‍നിന്ന് സിദ്ധിക്കുന്നത്, ബ്രഹ്മന്‍ അന്ന് മൊത്തം അതിരുകളില്ലാത്ത മഹാസത്തയില്‍ നിലനിന്ന ഏക സംഗതിയായിരുന്നു എന്നാണ്. ഈ വേദഭാഗം ഒരുപാടുകാര്യങ്ങള്‍ വെളിവാക്കുന്നു. ബ്രഹ്മന്‍ 'സ്വേച്ഛയില്‍ കമ്പനം ചെയ്തു' എന്നു കാണാം. വായനക്കാരനെ ഞാന്‍ ഓര്‍മിപ്പിക്കട്ടെ- കമ്പനം, തരംഗം തുടങ്ങി ഇവിടെ ഉപയോഗിച്ച വാക്കുകള്‍ അവയുടെ വാച്യാര്‍ത്ഥത്തിലല്ല, പദാര്‍ത്ഥരഹിത കണികകള്‍ക്ക് ചേര്‍ന്ന അര്‍ത്ഥത്തിലാണ് മനസിലാക്കേണ്ടത് (നാലാം അധ്യായം കാണുക). ഭാഷ ഇവിടെ തോല്‍ക്കുന്നു. നാലാം അധ്യായത്തില്‍ ആത്മാവുമായി ബന്ധപ്പെട്ട് പറഞ്ഞതെല്ലാം ബ്രഹ്മനും ചേരും. മേല്‍പറഞ്ഞ വേദഭാഗവും, ഐതരേയ ഉപനിഷത്തും (1:1:1)ഛാന്ദോഗ്യ ഉപനിഷത്തും (6:2:3) പറയുന്നത്, ബ്രഹ്മനില്‍ ഒരഭിലാഷം ഉണര്‍ന്നു എന്നാണ്. ബ്രഹ്മന്‍ അന്ന് തിനിച്ചായിരുന്നതിനാല്‍, മറ്റുള്ളവയുടെ കൂട്ടിനുള്ള അഭിലാഷമായിരുന്നു അത് എന്നര്‍ത്ഥം. മറ്റുള്ളവയുടെ സൃഷ്ടിക്കുള്ള അഭിലാഷം. അന്ന് ബ്രഹ്മന്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാല്‍, തുടര്‍ന്നുള്ള സൃഷ്ടികള്‍ സ്വയം വേണം. അഭിലാഷം ആന്തരികമായതിനാല്‍, ഏത് സാഹചര്യത്തിലും അത് ബോധത്തിലുണ്ടാകാം; അതിന്റെ നിദ്രാവസ്ഥയിലുമുണ്ടാകാം (മൂന്നാം അധ്യായം); എന്നാല്‍ ആ അഭിലാഷം സാധ്യമാക്കാന്‍ അത് അഗണ്യതയില്‍നിന്ന് പ്രത്യക്ഷത്തിലേക്ക് വരണം. പ്രത്യക്ഷത്തിലേക്കുള്ള ഉയര്‍ച്ചയാണ് കമ്പനം. 'ബ്രഹ്മന്‍ കമ്പനം ചെയ്തു, എന്നാല്‍ ആദ്യം അഭിലാഷം ഉണര്‍ന്നു' എന്നാണ് വേദഭാഗത്തില്‍. സ്വയം പരിണമിച്ച് സൃഷ്ടിക്കുക എന്ന ആശയം ബ്രഹ്മനില്‍ ആവേശമുണ്ടാക്കുകയും അത് കമ്പനത്തില്‍ പ്രതിഫലിക്കുകയും ചെയ്തതാകാം. 'അതിന്റെ രശ്മികള്‍' (ആ അഭിലാഷത്തിന്റെ തരംഗങ്ങള്‍) 'മുകളിലും താഴെയും വശങ്ങളിലും' പ്രസരിച്ചു എന്നുവച്ചാല്‍, എല്ലായിടത്തും എന്നര്‍ത്ഥം. അത് ബ്രഹ്മന്‍ കര്‍മനിരതമാകുന്നതിന്റെ ആരംഭമായിരുന്നു. ബ്രഹ്മന്‍ മുഴുവന്‍ സൂക്ഷ്മവും ഏകവുമായതിനാല്‍, ആവേശവും കമ്പനവും അത് മുഴുവനുമുണ്ടായി. ബ്രഹ്മനിലാകെ കമ്പനം നിറഞ്ഞു. ബ്രഹ്മന്‍ സ്വേച്ഛയാല്‍ കമ്പിതമായി; ഉള്ളിലെ ശേഷിയാണ് അത്. ആ ശേഷി ഒരിക്കലും ക്ഷയിച്ചിട്ടില്ല. സൃഷ്ടികള്‍ക്കുള്ള ബ്രഹ്മന്റെ അഭിലാഷവും ക്ഷയിച്ചില്ല. ബ്രഹ്മനിലുണ്ടായ കമ്പനം ഒരിക്കലും നിന്നില്ല. അത്, അതിന്റെ എല്ലാ സൃഷ്ടികളിലേക്കും-ആറ്റങ്ങളിലേക്കും  ജീവജാലങ്ങളിലേക്കുമെല്ലാം വ്യാപിച്ചു.

ബ്രഹ്മന്‍ 'അനക്കമില്ലാതെ കമ്പനം ചെയ്തു' എന്നാണ് വേദഭാഗത്തില്‍. നിന്നിടത്തു നിന്നനങ്ങാതെ കമ്പനം ചെയ്തു എന്നര്‍ത്ഥം. കമ്പനങ്ങള്‍ അവയ്ക്ക് ചുറ്റും തരംഗങ്ങളുണ്ടാക്കുന്നു എന്നാണ് പൊതുവേ പറയാറ്. ബ്രഹ്മനിലുണ്ടായ കമ്പനങ്ങള്‍ അവയ്ക്ക് ചുറ്റും തരംഗങ്ങളുണ്ടാക്കുകയും അവ സകലദിശയിലേക്കും-മുകളില്‍, താഴെ, പാര്‍ശ്വത്തില്‍, പ്രസരിക്കുകയും ചെയ്തു. സൂക്ഷ്മമായിരുന്നെങ്കിലും അവ എല്ലായിടത്തും നിറഞ്ഞിരുന്നു. അന്നാകെ നിലനിന്ന പദാര്‍ത്ഥരഹിതമായ ബോധത്തില്‍ സിദ്ധികള്‍ ഉണ്ടാക്കാന്‍ അതുമതിയായിരുന്നു. അവ ഉണ്ടാക്കിയ അനുരണനങ്ങള്‍ അഥവാ സിദ്ധികള്‍ രണ്ടായിരുന്നു: ഒന്നാമതായി, ഒരു തരംഗം മറ്റൊന്നില്‍ ഇടിക്കുമ്പോള്‍ രണ്ടാമത്തേതില്‍ ഒരാക്കം ഉണ്ടാക്കുന്നതിനാല്‍, ബ്രഹ്മനിലെ അടുത്തടുത്ത കമ്പനങ്ങള്‍ പരസ്പരം തള്ളുകയും ആ തള്ളല്‍ കമ്പനങ്ങളെ വിഘടിപ്പിച്ച് സ്വതന്ത്രഘടകങ്ങളാക്കുകയും ചെയ്തു. ഇത് ബ്രഹ്മനിലുടനീളം ഉണ്ടാകയാല്‍, ബ്രഹ്മന്‍ അനന്തമായ കമ്പന കണികകളുടെ സങ്കരമായി. ബ്രഹ്മനിലെ കമ്പന കണികകളിലെ സംഭവവികാസങ്ങളെ പ്രതിപാദിക്കുമ്പോള്‍, 'കമ്പന കണിക' എന്ന പ്രയോഗം, കമ്പനങ്ങളുടെ ആന്ദോളനങ്ങളെ കുറിക്കാന്‍ മാത്രമല്ല, കമ്പനം ചെയ്യുന്ന ബ്രഹ്മന്റെ ഭാഗത്തെ കുറിക്കാന്‍കൂടിയാണ് ഉപയോഗിക്കുന്നത്. രണ്ടിനെയും ചേര്‍ത്ത് 'കമ്പന കണിക' എന്നുപറയുകയാണ്. രണ്ടാമതായി, തരംഗങ്ങളുടെ അനുസ്യൂതമായ തള്ളല്‍, കമ്പനകണികകളുടെ കറക്കത്തിന് കാരണമായി. പ്രകൃതിയില്‍ ചുഴലിക്കാറ്റുണ്ടാകുന്നതുപോലെയായിരുന്നു അത്. ഭിന്നദിശകളില്‍ വീശുന്ന കാറ്റുകള്‍ ഒരു കേന്ദ്രത്തിലെത്തി സംഘര്‍ഷത്തിലാകുമ്പോള്‍, അവയുടെ പരസ്പരമുള്ള തള്ളല്‍, ഒന്നിച്ച് ഒരു ചുഴലിയുണ്ടാക്കുകയും കാറ്റുകളെല്ലാം ചേര്‍ന്ന് ചുഴലിക്കാറ്റാവുകയും ചെയ്യുന്നു. ശ്വേതാശ്വതാര ഉപനിഷത് (5:8) സൂചിപ്പിക്കുന്നത്, ഒരാത്മാവിന് സൂചിയുടെ അഗ്രത്തിന്റെ വലിപ്പം (ആരാഗ്രമാത്ര) മാത്രമേ ഉണ്ടാവുകയുള്ളൂ എങ്കിലും, അതിന്റെ തരംഗങ്ങളുടെ ശക്തി പ്രപഞ്ചത്തില്‍ തള്ളവിരലിന്റേതു (അംഗുഷ്ടമാത്ര)പോലെ അനുഭവപ്പെടുമെന്നാണ്. ബ്രഹ്മനിലെ ഓരോ കമ്പനകണികയില്‍നിന്നുമുള്ള അംഗങ്ങള്‍ സകലദിശയിലേക്കും പ്രസരിക്കുമ്പോള്‍, ബ്രഹ്മനിലെ ഓരോ കമ്പനകണികയിലും, മറ്റു കണികകളില്‍നിന്ന് സകലദിശയിലും പ്രസരിക്കുന്ന തരംഗങ്ങള്‍ വന്നിടിക്കുന്നു. ഭിന്നദിശകളില്‍നിന്നുള്ള തള്ളല്‍ ഒന്നിക്കുമ്പോള്‍, (ചുഴലിക്കാറ്റിലെന്നപോലെ), ഭ്രമണമുണ്ടാകുന്നു. ഇങ്ങനെ, ബ്രഹ്മനിലെ കമ്പനങ്ങള്‍ കറങ്ങാന്‍ തുടങ്ങി. ബ്രഹ്മന്‍ പദാര്‍ത്ഥരഹിതമായതിനാല്‍, ഭ്രമണത്തിന് പ്രതിരോധമുണ്ടായില്ല. ബ്രഹ്മനിലെ കമ്പനം ചെയ്ത ഓരോ സൂക്ഷ്മകണികയും കറങ്ങാന്‍ തുടങ്ങി. തുടര്‍ച്ചയായി അവ കറങ്ങിയപ്പോള്‍, അവയില്‍നിന്നുള്ള തരംഗങ്ങള്‍ ശക്തമാവുകയും, അവയുടെ തള്ളല്‍ ശക്തമാവുകയും, കറക്കങ്ങള്‍ക്ക് വേഗം കൂടുകയും ചെയ്തു. ഇത് നിരന്തരമായപ്പോള്‍, കറക്കങ്ങള്‍ അതിവേഗമാവുകയും അത് ഉച്ചസ്ഥായിലെത്തുകയും ചെയ്തു. ഫോട്ടോണുകളില്‍ നാം കണ്ടതിനെക്കാള്‍ (നാലാം അധ്യായം) ഭ്രമണവേഗമാണ് ഇവയിലുണ്ടായത്. പ്രകാശത്തിന്റെ സൂക്ഷ്മകണികകളായ, ഏതാണ്ട് പദാര്‍ത്ഥരഹിതമായ ഫോട്ടോണുകള്‍ സെക്കന്‍ഡില്‍ 600 ബില്യണ്‍ ഭ്രമണവേഗത്തില്‍ കറങ്ങുന്നു എന്നതുവച്ച്, ബ്രഹ്മനിലെ പദാര്‍ത്ഥരഹിതമായ കണികകളുടെ അതിദ്രുത ഭ്രമണവേഗം നമുക്ക് ഊഹിക്കാന്‍ കഴിയും. കമ്പനങ്ങള്‍ അവയുടെ ഇരിപ്പിടങ്ങളില്‍നിന്ന് അതിവേഗം കറങ്ങുമ്പോള്‍, അവ സ്ഥിരമായ ചുഴലിതരംഗങ്ങളാകുന്നു. ഇങ്ങനെ, ബ്രഹ്മന്‍, അനന്തമായി, അതിവേഗം ഭ്രമണം ചെയ്യുന്ന ചുഴലിതരംഗങ്ങളുടെ പ്രപഞ്ചസങ്കരമായി. ഇങ്ങനെ, സൃഷ്ടിക്കായുള്ള അഭിലാഷം, ബ്രഹ്മനിലെ ഓരോ കണികയെയും ചുഴലിതരംഗങ്ങളെപ്പോലെ കറക്കി. ബ്രഹ്മനിലെ ചുഴലിതരംഗ കണികകളുടെ വലിയ ഭ്രമണവേഗം കാരണം, അതിലെ ചില കണികകള്‍ ഇരിപ്പിടങ്ങളില്‍ നിന്ന് വഴുതി അലഞ്ഞുതിരിയാന്‍ തുടങ്ങി. അവ മഹാപ്രപഞ്ചത്തില്‍ വീണ സൂക്ഷ്മ ബ്രഹ്മകണികകളായി. അപ്പോഴും അവ കറങ്ങിക്കൊണ്ടിരുന്നു. അവയില്‍ പലതും, താമസിയാതെ, ബ്രഹ്മനില്‍ തന്നെ ലയിച്ചു. ചിലവ ഇളകി നടന്ന്, ജീവജാലങ്ങളില്‍ ആത്മാ  ക്കളായി. അവസാനമായി, എല്ലാ ആത്മാക്കളും ബ്രഹ്മനില്‍ ലയിച്ചേക്കാം. 
ഇത്തരം കണികകളുടെ അലച്ചിലും ലയനവും ബ്രഹ്മനിലെ സാധാരണ വിശേഷമായെന്ന് മുണ്ഡക ഉപനിഷത് (2:1:1) വിവരിക്കുന്നു: ആളിക്കത്തുന്ന അഗ്നിയില്‍നിന്നുള്ള ഒരേതരം സ്ഫുലിംഗ സഹസ്രങ്ങള്‍ പോലെ, അനന്തത (ബ്രഹ്മന്‍)യില്‍നിന്ന് ഒരുപാട് ജീവനുകള്‍ ഉറവെടുക്കുന്നു; അവസാനമായി അവ അതിലേക്ക് മടങ്ങുന്നു. ഈ ശ്ലോകത്തിലെ 'ജീവനുകള്‍', 'ജീവനുകളിലെ ആത്മാക്കള്‍' എന്നതിന് സമമാണ്. ആളിക്കത്തുന്ന അഗ്നിയില്‍നിന്നുള്ള സ്ഫുലിംഗങ്ങള്‍ പോലെ, ബ്രഹ്മനില്‍നിന്ന് അറ്റുപോയ കണികകളാണ് ആത്മാക്കള്‍ എന്നര്‍ത്ഥം. വേറൊര്‍ത്ഥത്തില്‍, ആത്മാക്കള്‍, ബ്രഹ്മകണങ്ങളാണ്. അവ ബ്രഹ്മന്റെ 'അതേ രൂപ'ത്തിലാണ്; എന്നുവച്ചാല്‍, ആത്മാവും ബ്രഹ്മനും സൃഷ്ടിച്ചത് ഒരേ സംഗതികൊണ്ടാണ്. അഗ്നിസ്ഫുലിംഗങ്ങള്‍, സൂക്ഷ്മാഗ്നിയാണ്; അങ്ങനെ, ആത്മാവ്, അതിസൂക്ഷ്മ ബ്രഹ്മനാണ്. ആത്മാക്കള്‍, അവയോട് പറ്റിക്കിടക്കുന്ന സൂക്ഷ്മ കണികകളെ ആകര്‍ഷിച്ച് സൂക്ഷ്മ ആവരണങ്ങളാക്കി, അഥവാ സൂക്ഷ്മ ശരീരങ്ങളാക്കി എന്ന്, താമസിയാതെ കാണാം. പ്രകൃതിയില്‍ ഭൗതിക ശരീരങ്ങളുണ്ടാവുകയും അലയുന്ന ബ്രഹ്മകണികകള്‍ (സൂക്ഷ്മശരീരത്തോടെ) അവയില്‍ കടക്കുകയും ചെയ്തപ്പോള്‍, അവ ജീവജാലങ്ങളായി. ഇങ്ങനെ അസംഖ്യം ജീവജാലങ്ങളുണ്ടായി. ബ്രഹ്മകണങ്ങളാണ് അവയില്‍ ജീവനായത്. ജീവചൈതന്യത്തിന്റെ അഥവാ ജീവന്റെ കണങ്ങള്‍ ആണ് ബ്രഹ്മകണങ്ങള്‍ എന്ന് തെളിഞ്ഞു; ജീവചൈതന്യത്തിന്റെ പ്രപഞ്ചാസ്തിത്വം ബ്രഹ്മന്‍ തന്നെയാണെന്നും തെളിഞ്ഞു. ശരീരത്തിലെ ബ്രഹ്മകണത്തെ ആത്മന്‍ അഥവാ ആത്മാവ് എന്നുവിളിക്കുംപോലെ, ബ്രഹ്മനെ പ്രപഞ്ചാത്മാവ് അഥവാ പരമാത്മന്‍ എന്നുവിളിക്കുന്നു. ബ്രഹ്മന്‍, പ്രപഞ്ചചൈതന്യമാണെന്ന ജ്ഞാനം, ബ്രഹ്മന്‍ സര്‍വവ്യാപിയും സമഷ്ടിയുമാണെന്ന നിഗമനത്തിലേക്ക് നയിച്ചു. പ്രപഞ്ചത്തില്‍ സര്‍വ്യാപിയായ ബോധത്തിന്, നിലനില്‍ക്കുന്ന എല്ലാറ്റിനെപ്പറ്റിയും ബോധമുണ്ടാകണം. അതിനാല്‍, സര്‍വവ്യാപിയായ ബ്രഹ്മന്‍, സൃഷ്ടിയുമാണ്.
 ഒരു സാഹചര്യത്തെ സംബന്ധിച്ച വസ്തുതകളെക്കുറിച്ചുള്ള പൂര്‍ണ അവബോധം, ആ സാഹചര്യത്തില്‍ ആഗ്രഹിച്ച സിദ്ധിയുണ്ടാക്കാന്‍ ഒന്നിനെ പ്രാപ്തമാക്കും. എന്നുവച്ചാല്‍, സമഷ്ടി, പ്രായോഗികതലത്തില്‍, സര്‍വവ്യാപിയാകുന്നു. അതിനാല്‍, ബ്രഹ്മനെ സര്‍വവ്യാപിയായും വിവരിക്കുന്നു. അത്രയും പരമശക്തിയുള്ളതിനാല്‍, ബ്രഹ്മന്‍ സ്വയം സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ വിധാതാവായി. ആ വേഷത്തില്‍, ബ്രഹ്മന്‍, ഈശ്വരനാകുന്നു. ഒരു മൂര്‍ത്ത ഏകകമെന്ന നിലയില്‍, ഈശ്വരന്‍ അദൃശ്യനായിരിക്കുമെങ്കിലും, സര്‍വവ്യാപിയായ വ്യക്തിയെപ്പോലെ, പ്രപഞ്ചത്തിലുടനീളം സദാ കര്‍മനിരതനാണ്. ഇത് പിടികിട്ടാത്ത ഒന്നായി തോന്നാം. എന്നാല്‍, പ്രപഞ്ചത്തിലെ ഏത് പ്രതിഭാസവും അപഗ്രഥിക്കുന്ന ആര്‍ക്കും, അതില്‍ സര്‍വവ്യാപിയായ ബ്രഹ്മന്‍ കെട്ടിയാടുന്ന അപാരമായ വേഷം മനസ്സിലാകും (27-ാം അധ്യായം കാണുക). അപ്പോള്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ബ്രഹ്മന്‍ എന്നും മനസ്സിലാകും .



അധ്യായം/9 , പ്രകൃതിയുടെ ആവിര്‍ഭാവം
 ബ്രഹ്മന്‍ അനന്തമായ ബോധമാണെന്നും, ജീവിതശക്തിയാണെന്നും അതിന്റെ കണികകള്‍ പരമാവധി വേഗത്തില്‍ കറങ്ങുന്ന ചുഴലിതരംഗങ്ങളാണെന്നും നാം കണ്ടു. കഴിഞ്ഞ അധ്യായത്തില്‍ ഉദ്ധരിച്ച വേദഭാഗത്തില്‍നിന്ന്, ബ്രഹ്മനില്‍ അഭിലാഷമുണര്‍ന്ന് അത് കമ്പനം ചെയ്തപ്പോള്‍, അതിന്റെ 'ഇച്ഛ' അഥവാ ശക്തി, 'സര്‍ഗാത്മക'മായെന്നും നാം കണ്ടു. ബ്രഹ്മന്റെ ഇച്ഛ, അതിന്റെ ചൈതന്യബോധമാണ്. അതിന്റെ നിരവധി ശേഷികളിലൊന്നാണ്, സൃഷ്ടി ശേഷി. അതിനാല്‍, 'ബ്രഹ്മന്റെ ഇച്ഛ സര്‍ഗാത്മകമായി' എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം, അതിന്റെ സര്‍ഗാത്മകശക്തി അഥവാ അതിന് (സൂക്ഷ്മവും സ്ഥൂലവുമായ) ഭിന്നവസ്തുക്കള്‍ സങ്കല്‍പ്പിക്കാനും രൂപകല്‍പന ചെയ്യാനും ഉണ്ടാക്കാനുമുള്ള സവിശേഷ ശേഷി തിണര്‍ക്കുകയും ആ ശക്തിയുടെ ഒരു ഭാഗം, സ്വതന്ത്ര ഏകകമാവുകയും ചെയ്തു എന്നാണ്. അതായിരുന്നു സൃഷ്ടിയുടെ ആരംഭം. ആ പുത്തന്‍ ഏകകം, ബ്രഹ്മന്റെ സര്‍ഗശക്തിയുടെ ഒരുഭാഗം മാത്രമായിരുന്നുവെങ്കിലും, അത് എല്ലായിടത്തും നിറഞ്ഞിരുന്നു. അത് ബ്രഹ്മനൊപ്പം നിലനിന്നു.

 സര്‍ഗശേഷിയായിരുന്നു അതിന്റെ അടിസ്ഥാന സ്വഭാവം; അതിന്റെ മറ്റു വിശേഷങ്ങള്‍ ഇതിന് കീഴ്‌പ്പെട്ടുനിന്നു. ഈ പുതിയ ഏകകത്തെ മൂലപ്രകൃതിയെന്നോ പ്രകൃതി എന്നു മാത്രമോ വിളിച്ചു. 'ബ്രഹ്മന്റെ സാന്നിധ്യത്തില്‍, അപാരമായ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതില്‍ വിരുതുള്ള, ബുദ്ധിയുടെ രൂപമാര്‍ന്ന ബ്രഹ്മശക്തിയാണ് പ്രകൃതി'യെന്ന് നിരാലംബ ഉപനിഷത് നിര്‍വചിക്കുന്നു. ബ്രഹ്മന്‍ എല്ലായിടത്തുമുള്ളതിനാല്‍, പ്രകൃതിയുടെ സൃഷ്ടിയില്‍ അതിന്റെ സാന്നിദ്ധ്യം പരാമര്‍ശിക്കുന്നതിന്, പ്രത്യേക സവിശേഷത കാണണം. ബ്രഹ്മന്‍ അതിന്റെ അനന്തതയില്‍, ജീവചൈതന്യം (അഥവാ ജീവന്‍) ആണ്. പ്രകൃതിക്ക്, സര്‍ഗവിരുതുണ്ട്; എന്നാല്‍ അതിന് ആ വിരുത്, ജീവന്റെ അഥവാ ജീവചൈതന്യത്തിന്റെ സാന്നിദ്ധ്യത്തിലേ പ്രകടിപ്പിക്കാനാവൂ. പ്രകൃതിക്ക് മുട്ടയില്‍നിന്ന് കോഴിയോ വിത്തില്‍നിന്ന് ചെടിയോ സൃഷ്ടിക്കാനാവും; എന്നാല്‍ അതിന്, മുട്ടയിലോ വിത്തിലോ ജീവന്റെ സാന്നിധ്യമുണ്ടാകണം. ജീവന്‍ ബ്രഹ്മകണികയാണ്. അതിനാല്‍, 'ബ്രഹ്മസാന്നിധ്യത്തില്‍' പ്രകൃതി സൃഷ്ടിക്കുന്നു എന്ന് ഉപനിഷത് വിവരിക്കുന്നു. സാന്നിധ്യം എന്നാല്‍, പ്രചോദനം, നിര്‍ദേശം, പിന്തുണ, സഹകരണം എന്തുമാകാം. അതാണ് 'സര്‍ഗാത്മകത പിന്നീട് സ്വയം നിലനിര്‍ത്തുന്ന തത്വം താഴെയും സര്‍ഗോര്‍ജം മുകളിലും ആയി ഇച്ഛയായി മാറി' എന്നുപറയുന്നതിലെ ധ്വനി. 

സ്വയം നിലനിര്‍ത്തുന്ന തത്വമാണ് ബ്രഹ്മന്‍; സര്‍ഗോര്‍ജമാണ് പ്രകൃതി. ബ്രഹ്മന്‍ പ്രത്യക്ഷമല്ലാതെ താഴെയും, പ്രകൃതി, കര്‍മനിരതമായി കാണുന്നതിനാല്‍ മുകളിലും ആണെന്ന് ശ്ലോകം നിരീക്ഷിക്കുന്നു. ബ്രഹ്മന്‍ കൗശലത്തോടെ പ്രചോദിപ്പിക്കുകയും പ്രകൃതി പ്രത്യക്ഷത്തില്‍ എല്ലാ സൃഷ്ടികളും നടത്തുകയും ചെയ്യുന്നുവെന്ന് സാരം. മറ്റൊരിടത്ത്, നിരാലംബ ഉപനിഷത് (ഈശ്വരനെ നിര്‍വചിക്കുമ്പോള്‍) ലളിതമായി നിരീക്ഷിക്കുന്നത്, 'ബ്രഹ്മന്‍, പ്രകൃതി എന്ന അതിന്റെ ശക്തിയാല്‍, ലോകങ്ങളെ സൃഷ്ടിക്കുന്നു' (ഗീത 9:8) എന്നാണ്. സൃഷ്ടിയുടെ ഉറവിടം ബ്രഹ്മനാണ്; പ്രകൃതി, സൃഷ്ടി നടത്താനായി, ബ്രഹ്മന്റെ പ്രതിനിധിയായി മാറുന്നു. ബ്രഹ്മന്‍ സൃഷ്ടിയുടെ പിതാവാണെന്നും പ്രകൃതി മാതാവാണെന്നും കവികള്‍ പറയും (ഗീത 14:4). ഈ നിരീക്ഷണങ്ങള്‍, പ്രകൃതിയുടെ ഘടകങ്ങളുടെ നിര്‍വഹണത്തിനും ബാധകമാണ്. ബുദ്ധിക്ക്, തീരുമാനിക്കാനും നിര്‍ദ്ദേശിക്കാനുമൊക്കെ കഴിവുണ്ട്; മനസ്സിന്, ആഗ്രഹങ്ങള്‍, വികാരങ്ങള്‍, വിചാരങ്ങള്‍ എന്നിവ രൂപീകരിക്കാന്‍ കഴിവുണ്ട്. എന്നാല്‍, അവ, ജീവ സാന്നിദ്ധ്യത്തിലേ ആ കഴിവുകള്‍ കാണിക്കൂ. ബ്രഹ്മന്‍ പ്രകൃതിക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പോലെ, നിഗൂഢമായി, ആത്മാവില്‍നിന്ന് പ്രചോദനമുണ്ടാകുമ്പോഴാണ് അവ പ്രകടിപ്പിക്കുക. അതിനാല്‍, ബുദ്ധിയുടെ തീരുമാനങ്ങളെല്ലാം ആത്മാവിന്റെ തീരുമാനങ്ങളാണെന്ന് പറയുന്നു. പ്രകൃതിസൃഷ്ടികളെ പരാമര്‍ശിച്ച്, കത്തോലിക്കാ വേദഗ്രന്ഥമായ ധര്‍മാരാമം (ഫിലോകാലിയ, വാല്യം 2, പേജ് 165) നിരീക്ഷിക്കുന്നു: ആ ശക്തിയാണ് പ്രകൃതിക്ക് രൂപങ്ങള്‍ ഉണ്ടാക്കാനുള്ള ഊര്‍ജം നല്‍കിയതും ജീവജാലങ്ങള്‍ക്ക് നിലനില്‍ക്കാനുള്ളത് 'അതു' നല്‍കിയതും. ബോധത്തിന്റെ അതിവേഗം കറങ്ങുന്ന ചുഴലിതരംഗങ്ങളാണ് ബ്രഹ്മന്റെ ഉള്ളടക്കമെന്നപോലെ, ബ്രഹ്മനില്‍നിന്ന് ഉരുവംകൊണ്ട പ്രകൃതിയുടെ ഉള്ളടക്കവും വേഗം കറങ്ങുന്ന ബോധത്തിന്റെ ചുഴലിതരംഗങ്ങള്‍ തന്നയാണ്; വേഗം അതേക്കാള്‍ കുറവാണെന്നു മാത്രം. അതിവേഗ ഭ്രമണം, പ്രകൃതിയെ അതീവ കര്‍മനിരതമായ ഏകകമാക്കി. പ്രകൃതിയും ബ്രഹ്മനും, പാരസ്പര്യത്തോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി-ബ്രഹ്മന്‍ കാംക്ഷിച്ച രൂപങ്ങളും സംഗതികളും പ്രകൃതി സൃഷ്ടിച്ചപ്പോള്‍, താന്‍ തെരഞ്ഞെടുത്ത ആ രൂപങ്ങള്‍ക്ക് ബ്രഹ്മന്‍ ജീവന്‍ നല്‍കി. സൃഷ്ടിക്ക് പല ഘടകങ്ങള്‍ വേണമെന്നുണ്ടെങ്കിലും, അപ്പോള്‍, ബ്രഹ്മനും (അലയുന്ന കണികകളോടെ) പ്രകൃതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഒരിടത്തും മറ്റൊന്നും നിലനിന്നിരുന്നില്ല. അതിനാല്‍, സൃഷ്ടിക്കു സത്തയുണ്ടാക്കാന്‍, ബ്രഹ്മന്‍ പ്രകൃതിയില്‍ രൂപാന്തരങ്ങള്‍, പുതിയ സംഗതികള്‍ക്കായി, ആഗ്രഹിച്ചു. അതാണ് തരംഗ പ്രസാരണത്തില്‍ പ്രതിഫലിച്ചത്. 
ആ തരംഗങ്ങള്‍ പ്രകൃതിയില്‍ ചെന്നിടിച്ചപ്പോള്‍, അതിന് മാറ്റങ്ങള്‍ക്ക് ആഗ്രഹമുണ്ടായി. സ്വന്തം നിലയില്‍ മാറ്റങ്ങള്‍ സ്വീകരിക്കുവോളം, പ്രകൃതിക്ക് മാറ്റത്തോട് ഭ്രമമുണ്ടായി. പ്രകൃതി അതിന്റെ അസ്തിത്വത്തില്‍ മൂന്ന് നിലകളാണ് സ്വീകരിക്കുന്നതെന്ന് മഹര്‍ഷിമാര്‍ പറയുന്നു. സംസ്‌കൃതത്തില്‍ ഇവയെ ഗുണം എന്നുവിളിക്കുന്നു. സത്വ (നന്മ), രജോ (സ്വാര്‍ത്ഥ), തമോ (തിന്മ) ഗുണങ്ങളാണ് ഇവ. ഇവ ഭിന്ന അളവുകളില്‍ സങ്കരമായി നിലകൊള്ളുകയും ഇടക്കിടെ അളവുകള്‍ മാറ്റുകയും ചെയ്യുന്നു. പ്രകൃതിയില്‍ അവ ഒരിക്കലും സന്തുലനത്തില്‍ അല്ല; എപ്പോഴും ഒന്ന് മറ്റ് രണ്ടിനെയുംകാള്‍ മുന്തിനില്‍ക്കും. ഈ അധീശത്വം പലപ്പോഴും മാറുകയും ചെയ്യും. പ്രകൃതി സൃഷ്ടികര്‍മം തുടങ്ങിയപ്പോള്‍, ഗുണങ്ങള്‍ സൃഷ്ടികളിലും പ്രതിഫലിച്ചു; അവയിലും ഇടക്കിടെ അളവുകള്‍ മാറുകയും ചെയ്തു. അങ്ങനെ സത്വ ഗുണമുള്ളവന്‍ പൊതുവേ സദ്ഗുണമുള്ളവനായിരിക്കുമെങ്കിലും, കോപാകുലനാകുമ്പോള്‍ അയാളില്‍ തമോ ഗുണം മുന്തിനില്‍ക്കും. ബ്രഹ്മനും പ്രകൃതിയും ഒന്നിച്ചു പണി തുടങ്ങിയപ്പോള്‍, പ്രകൃതിയുടെ ഗുണങ്ങള്‍ ബ്രഹ്മനിലും പ്രതിഫലിച്ചു. ഒരു വസ്തു കണ്ണാടിയില്‍ പ്രതിഫലിക്കുമ്പോള്‍, കണ്ണാടിക്ക് ഒന്നും സംഭവിക്കുന്നില്ല; എന്നാല്‍, കണ്ണാടിക്കുള്ളില്‍ ആ വസ്തുവുണ്ടെന്നാണ് കാഴ്ച. ഇതൊരു തോന്നലാണെങ്കിലും, യഥാര്‍ത്ഥം പോലിരിക്കുന്നു. ഇതുപോലെ, പ്രകൃതിയുടെ ഗുണങ്ങള്‍ ബ്രഹ്മനില്‍ പ്രതിഫലിക്കുമ്പോള്‍, ബ്രഹ്മനെ അത് ബാധിക്കുന്നില്ലെങ്കിലും, അതിന്റെ പ്രത്യക്ഷം, ഈ ഗുണങ്ങള്‍ സ്വാധീനിച്ചപോലെയായിരിക്കും.
 ആ നേരത്ത് ഉച്ചത്തിലിരിക്കുന്ന ഗുണമനുസരിച്ചായിരിക്കും അപ്പോഴത്തെ സമീപനവും ലക്ഷണവും. ഇങ്ങനെ പെരുമാറുന്ന ബ്രഹ്മനെയാണ് ഈശ്വരന്‍ എന്നുവിളിക്കുന്നത്. സംസ്‌കൃതത്തില്‍, സഗുണബ്രഹ്മന്‍. 'സ' എന്നാല്‍, 'കൂടിയ;' 'സഗുണ ബ്രഹ്മന്‍' എന്നാല്‍, ഗുണങ്ങളോടുകൂടിയ ബ്രഹ്മന്‍; ഗുണങ്ങള്‍കൊണ്ടുള്ള സമീപനവും പെരുമാറ്റവും പ്രതിഫലിക്കുന്ന ബ്രഹ്മന്‍ (ഗുണം എന്നത് പ്രകൃതിയുടെ ഒരു വിശേഷത്തെ സൂചിപ്പിക്കുന്നുവെങ്കിലും, അത് പ്രകൃതിയെ തന്നെ ധ്വനിപ്പിക്കുന്ന ഒരു വാക്പ്രയോഗമാകാം. അങ്ങനെയെങ്കില്‍, സഗുണബ്രഹ്മന്‍ എന്നാല്‍, പ്രകൃതിക്കൊപ്പമുള്ള ഈശ്വരന്‍). ഉപനിഷത്തുക്കളില്‍ പലപ്പോഴും, സഗുണബ്രഹ്മന്‍ എന്നതിനു പകരം, ബ്രഹ്മന്‍ എന്നുതന്നെ ഉപയോഗിച്ചുകാണുന്നു. ഈശ്വരന്‍, സര്‍വവ്യാപിയായ പ്രപഞ്ചവിധാതാവ് എന്നനിലയില്‍, സഗുണബ്രഹ്മന്‍ ആണ്. അമൂര്‍ത്താവസ്ഥയില്‍, ഈശ്വരനെ ബ്രഹ്മന്‍ എന്നോ ഈശ്വരചൈതന്യം എന്നോ ദൈവകണം എന്നോ വിശേഷിപ്പിക്കാം. പ്രകൃതിഗുണങ്ങള്‍ പ്രതിഫലിക്കാത്ത ശുദ്ധബ്രഹ്മനെ, സഗുണബ്രഹ്മനില്‍ നിന്ന് വേര്‍തിരിക്കാന്‍, നിര്‍ഗുണബ്രഹ്മന്‍ എന്നുപറയാറുണ്ട്. പ്രകൃതിഗുണങ്ങളില്ലാത്ത ബ്രഹ്മന്‍ എന്ന് വാച്യാര്‍ത്ഥം. ബ്രഹ്മന്റെ നിര്‍ദ്ദേശപ്രകാരം, പ്രകൃതിയില്‍ പരിണാമങ്ങളുടെ ഒരു പരമ്പരയുണ്ടായി; ഓരോ പരിണാമത്തിലും, പുതുതായി ഉണ്ടായ കണികയുടെ സൂക്ഷ്മത്തിലും അതിന്റെ ചുഴലിതരംഗങ്ങളുടെ ഭ്രമണവേഗത്തിലും കുറവുണ്ടായി. സൂക്ഷ്മകണികകളിലെ ചുഴലിതരംഗങ്ങളുടെ കറക്കം, കൃത്യവേഗങ്ങളിലെ വൃത്താകൃതിയിലുള്ള ചലനങ്ങളല്ല; സവിശേഷ ശേഷികളുള്ള വ്യത്യസ്ത കണികകളാണ് അവ. ജീവചൈതന്യം, ഭിന്നശേഷികളുടെ പ്രത്യക്ഷങ്ങളായി ഭവിക്കുന്നത്, അതിലെ തരംഗങ്ങളുടെ ഭ്രമണവേഗത്തിന്റെ ഭിന്നതകള്‍കൊണ്ടുകൂടിയാണ്. അങ്ങനെ, പരമാവധി വേഗത്തിലെ ചുഴലി തരംഗങ്ങളുടെ ഭ്രമണത്തില്‍ (ബ്രഹ്മനിലുള്ളത്), ജീവചൈതന്യം ഈശ്വരനാകുന്നു. അതില്‍നിന്ന് അല്‍പം കുറഞ്ഞ വേഗത്തില്‍ (ആത്മാക്കളില്‍) അത് ജീവന്റെ പ്രത്യക്ഷമാകുന്നു. അതിലും കുറഞ്ഞ വേഗത്തില്‍ (പ്രകൃതിയില്‍)അത് സര്‍ഗശേഷിയുള്ളവനാകുന്നു. അതിലും കുറഞ്ഞ വേഗത്തില്‍ (ബുദ്ധിയില്‍)അത് തീരുമാനങ്ങള്‍ക്ക് കഴിവുകാട്ടുന്നു. പിന്നെയും കുറഞ്ഞാല്‍ (മനസ്സില്‍) വിവേകവിചാരങ്ങള്‍ക്കുള്ള ശേഷി. അങ്ങനെ അങ്ങനെ. വ്യത്യസ്ത ദൂരങ്ങളിലെ കാഴ്ചകള്‍ കാണാന്‍ കണ്ണ് അതിന്റെ ലെന്‍സിന്റെ അളവുകള്‍ മാറ്റുംപോലെ, ഭ്രമണവേഗത്തിലെ മാറ്റങ്ങള്‍ വഴി, ജീവചൈതന്യം, വ്യത്യസ്ത ശേഷികള്‍ പ്രകടിപ്പിക്കുന്നു.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...