Tuesday, 10 September 2019

മാർക്‌സ്,ഇന്ത്യക്കെതിരെ ബ്രിട്ടനൊപ്പം 

അന്ധനായ മാർക്‌സ് 3

ഭിമുഖ സംഭാഷണത്തെപ്പറ്റി വിദ്യാർത്ഥികൾക്കുള്ള ക്‌ളാസുകളിൽ ഞാൻ പരാമർശിക്കാറുള്ള പേരാണ്,മാർക്‌സ് ഇന്ത്യ ലേഖനങ്ങൾ എഴുതിയ ന്യൂയോർക് ഡെയിലി ട്രിബ്യുണി ന്റേത്.അതിൻറെ ഉടമയും പത്രാധിപരുമായ ഹൊറേസ് ഗ്രീലി 1859 ൽ മോർമൻ സഭാംഗമായ ബ്രിഗം യങ്ങുമായി നടത്തിയതാണ്,പത്രപ്രവർത്തനത്തിൽ ചോദ്യോത്തര രൂപേണ അടിച്ചു വന്ന ആദ്യ അഭിമുഖം ( 1 ).

അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ 1872 ൽ യുലീസസ് ഗ്രാന്റിനോട് തോറ്റ ഗ്രീലിയാണ്,റിപ്പബ്ലിക്കൻ പാർട്ടി സ്ഥാപകനായി അറിയപ്പെടുന്നത്.രണ്ടു ലക്ഷം കോപ്പിയുമായി അമേരിക്കയിൽ ഏറ്റവും പ്രചാരമുള്ള പത്രമായിരുന്നു,ട്രിബ്യുൺ.ഫ്രഞ്ച് സോഷ്യലിസ്റ്റ് ചാൾസ് ഫോറിയർ ( 1772 -1837 ) മുന്നോട്ട് വച്ച ആശയങ്ങൾ ആ പത്രം പ്രചരിപ്പിച്ചു.സ്വത്ത് പൊതു സമൂഹത്തിന്റേതായി കരുതി,മനുഷ്യർ ഒന്നിച്ചു ജീവിക്കുന്ന കമ്മ്യൂണുകൾ വഴി,സമൂഹ ഘടന പൊളിച്ചെഴുതണം എന്നാണ്,ഫോറിയർ വാദിച്ചത് -കമ്മ്യൂണിസം എന്ന ആശയം മാർക്സിന്റേതല്ല.ഈ സമൂഹങ്ങൾ Phlanx എന്നറിയപ്പെട്ടു.ഗാന്ധി തന്നെ ഫീനിക്‌സ് എന്ന കമ്മ്യൂണിൽ ജീവിക്കുകയും ടോൾസ്റ്റോയ് ഫാം തുടങ്ങുകയും ചെയ്‌തത്‌,മാർക്‌സ് പറഞ്ഞിട്ടല്ല.ഫെമിനിസം എന്ന വാക്ക് 1837 ൽ സൃഷ്‌ടിച്ച ഫോറിയറുടേതാണ് കമ്മ്യൂണുകൾ എന്ന ആശയവും ..ഫോറിയറുടെ ആശയമനുസരിച്ച് രൂപപ്പെട്ട ബ്രുക് ഫാമിൽ 1841 ൽ ചേർന്ന ചാൾസ് ആൻഡേഴ്‌സൺ ഡാന ( 1819 -1897 ) യെ,ഗ്രീലി പത്രത്തിൻറെ മാനേജിംഗ് എഡിറ്ററാക്കി.ഇതേ വർഷമാണ്,പത്രം തുടങ്ങിയത്.

സാധാരണക്കാർക്ക് മുടക്കാവുന്ന പണത്തിന് ഗൗരവമുള്ള പത്രം ആയിരുന്നു ലക്ഷ്യം.സ്വതന്ത്ര വാണിജ്യം വഴി സാമ്പത്തിക നില മെച്ചമാക്കിയ ബ്രിട്ടനെതിരായ പ്രതിരോധം ( Protectionism ),തൊഴിലാളി,സ്ത്രീ അവകാശങ്ങൾ,അടിമകളുടെ ഉന്നമനം എന്നിവയൊക്കെ ആയിരുന്നു,പത്ര നയം.ഡാന 1847 -62 ൽ എഡിറ്ററും പിന്നീട് മാനേജിംഗ് എഡിറ്ററുമായിരുന്നു.

പിതാവ് പാപ്പരായതും അമ്മ മരിച്ചതും കാരണം,അമ്മാവന്മാർ വളർത്തിയ ഡാന,ഹാർവാഡ് സർവകലാശാലയിൽ ചേർന്നെങ്കിലും,പണമില്ലാതെ പഠനം നിർത്തി.അദ്ദേഹമാണ്,പത്രത്തിൽ ലേഖനങ്ങൾ എഴുതാൻ മാർക്‌സിനോട് ആവശ്യപ്പെട്ടത്.
ഹൊറേസ് ഗ്രീലി 

ജർമനിയിലെ കൊളോണിൽ 1849 ൽ മാർക്സിനെ കണ്ട ഡാനയ്ക്ക് മതിപ്പുണ്ടായി.1851 ൽ മാർക്സ് ട്രിബ്യുണി ന്റെ 18 വിദേശ ലേഖകരിൽ ഒരാളായി.ജർമനിയിലെ സമകാലിക സംഭവങ്ങളെപ്പറ്റി ഒരു പരമ്പര എഴുതാൻ മാർക്സിനോട് ഡാന ആവശ്യപ്പെട്ടെങ്കിലും,മാർക്സിന് ഇംഗ്ലീഷ് അറിയുമായിരുന്നില്ല.നേരെ ചൊവ്വേ തമാശ കലർത്തി എഴുതാനായിരുന്നു,ഡാനയുടെ നിർദേശം.ഇംഗ്ലീഷിൽ ലേഖനങ്ങൾ എഴുതാൻ കത്തിൽ മാർക്സ്, ഫ്രഡറിക് എംഗൽസിനോട് ആവശ്യപ്പെട്ടു.ഇങ്ങനെ ആദ്യ 19  ലേഖനങ്ങൾ എംഗൽസ് എഴുതി-അവ മാർക്സിന്റെ പേരിൽ വന്നു.18 എണ്ണം ജർമനിയെപ്പറ്റി ആയിരുന്നു.ആദ്യ ലേഖനം 'ഇംഗ്ളണ്ടിലെ തിരഞ്ഞെടുപ്പ് ',1852 ഓഗസ്റ്റ് ആറിന് അയച്ചു;25 ന് വന്നു.ഇത് മാർക്‌സ് ജര്മനിൽ എഴുതി മാഞ്ചസ്റ്ററിൽ താമസിക്കുന്ന എംഗൽസ് പരിഭാഷപ്പെടുത്തി. മാർക്സിന്റെ എഴുത്തിനെപ്പറ്റി ട്രിബ്യുണി നും വായനക്കാർക്കും മതിപ്പുണ്ടായത്,എംഗൽസിന്റെ ലേഖനങ്ങൾ വഴി ആയിരുന്നു.ഈ ലേഖനങ്ങൾ ജർമനിയിലെ വിപ്ലവവും പ്രതിവിപ്ലവവും ( Revolution and Counter Revolution in Germany ) എന്ന പേരിൽ മകൾ ഏലിയനോർ 1896 ൽ പുസ്തകമാക്കിയതും മാർക്‌സിന്റെ പേരിൽ തന്നെ.നിരവധി വർഷങ്ങൾ പിതൃത്വം ഒളിച്ചു വയ്ക്കപ്പെട്ടു;വർഷങ്ങൾ കഴിഞ്ഞ്,മാർക്‌സ് ഭാര്യ ജെന്നി അഞ്ചാം പ്രസവത്തിന് പോയപ്പോൾ ഹെലൻ ഡിമുത് എന്ന വേലക്കാരിക്ക് ഉണ്ടാക്കിയ ഗർഭത്തിൻറെ പിതൃത്വവും അവിവാഹിതനായ എംഗൽസ് ഏറ്റെടുക്കുകയുണ്ടായി.

ഇംഗ്ലണ്ടിലെ കാര്യങ്ങളെപ്പറ്റി എഴുതാൻ 1852 ൽ ഡാന, മാർക്‌സിനോട് ആവശ്യപ്പെട്ടു.ജർമൻ ഭാഷയിൽ മാർക്‌സ് എഴുതിയത്,എംഗൽസ് പരിഭാഷ ചെയ്‌തു.1853 ജനുവരിയിൽ മാർക്‌സ് ഇംഗ്ലീഷിൽ തന്നെ എഴുതി.അതേ വർഷം റഷ്യയുമായുള്ള ബന്ധം വഷളായപ്പോൾ മാർക്‌സ് എഴുത്തിൻറെ മേഖല വിപുലീകരിച്ചു.-ലോകാരാഷ്‌ട്രീയം എഴുതാൻ തുടങ്ങി.1853 ജനുവരിയിൽ മാർക്സിന് പ്രതിഫലം ലേഖനം ഒന്നിന് രണ്ടു പൗണ്ട് ആക്കി കൂട്ടി.ഇമ്മാനുവൽ കാന്റ് മുതൽ ജർമൻ ചിന്തകരെപ്പറ്റി എഴുതാൻ ഒരമേരിക്കാൻ വാരികയുടെ ക്ഷണം,ഡാന വഴി 1854 തുടക്കത്തിൽ മാർക്സിന് കിട്ടി.എംഗൽസുമായി ചേർന്ന് എഴുതാനുള്ള പദ്ധതി മുന്നോട്ട് പോയില്ല.
ഡാനയുമായുള്ള മാർക്സിന്റെ ബന്ധം ഇതേ വർഷം വഷളായി.ലേഖനങ്ങൾ ഡാന തിരുത്തുകയും ചിലപ്പോൾ ആദ്യ ഖണ്ഡിക എടുത്ത് മുഖപ്രസംഗം ആക്കുകയും ചെയ്‌തതായിരുന്നു,കാരണം.ബാക്കി ഭാഗം മാർക്സിന്റെ പേര് വയ്ക്കാതെ ലേഖനമാക്കി.ഇങ്ങനെ ട്രിബ്യുണി ലെ 165 മുഖ പ്രസംഗങ്ങൾ മാർക്‌സ് ലേഖനങ്ങളിൽ നിന്നായിരുന്നു.മാർക്‌സ് ലഘുവായി കണ്ട ലേഖനങ്ങളിലാണ് പേരുണ്ടായിരുന്നത്.മാർക്‌സ് പ്രതിഷേധിച്ചപ്പോൾ പേര് അപ്പാടെ ബഹിഷ്‌കരിക്കുകയാണ് പത്രം ചെയ്‌തതെന്ന്‌ മാർക്‌സ് 1853 നവംബർ രണ്ട്,1854 ഏപ്രിൽ 22,സെപ്റ്റംബർ 29 തീയതികളിൽ എംഗൽസിന് എഴുതിയ കത്തുകളിൽ കാണാം.1853 ലും 54 ലും മാർക്‌സിന്റെ 80 വീതം ലേഖനങ്ങൾ അച്ചടിച്ചു.1855 ൽ 40 മാത്രം.1856 ൽ 24.1855 ന് ശേഷം വന്നവയിൽ മാർക്‌സിന്റെ പേരുണ്ടായിരുന്നില്ല.1857 ന് ശേഷം താൻ വേറൊരു പത്രത്തിൽ എഴുതുമെന്ന് മാർക്‌സ് ഭീഷണി മുഴക്കി.അപ്പോൾ അച്ചടിച്ചാലും ഇല്ലെങ്കിലും ആഴ്ചയിൽ ഒരു ലേഖനത്തിൻറെ പ്രതിഫലം നൽകാൻ ഡാന തയ്യാറായി.

ചാൾസ് ഡാന 

1857 ൽ ന്യൂ അമേരിക്കൻ സൈക്ലോപീഡിയ യ്ക്ക് എഴുതാൻ ഡാന മാർക്‌സിനോട് ആവശ്യപ്പെട്ടു.ബ്രുക് ഫാമിൽ ഡാനയുടെ ചങ്ങാതിയായ ജോൺ റിപ്ലിയുടേതായിരുന്നു,ആശയം.ട്രിബ്യുൺ സാഹിത്യ എഡിറ്ററായിരുന്നു,റിപ്ലി.300 ലേഖനകർത്താക്കളും 16 വാല്യങ്ങളുമായി സൈക്ലോപീഡിയ വൻ വിജയമായി.സൈനിക ചരിത്രമാണ് മാർക്‌സിനോട് ആവശ്യപ്പെട്ടത്.എംഗൽസ് ഗ്രന്ഥി വീക്കത്താൽ കിടപ്പിലായപ്പോൾ എഴുത്ത് തടസപ്പെട്ടു.എഴുതാത്ത ലേഖനങ്ങൾ തപാലിൽ നഷ്ടപ്പെട്ടതാകാമെന്ന് മാർക്‌സ് കള്ളം പറഞ്ഞു.1860 അവസാനം വരെ ചിലതൊക്കെ മാർക്‌സ് എഴുതി.പേജിന് രണ്ടു ഡോളർ ദാരിദ്ര്യ കാലത്തെ സഹായമായി.സൈക്ലോപീഡിയയിൽ വന്ന 67 മാർക്‌സ് -എംഗൽസ് ലേഖനങ്ങളിൽ 51 എണ്ണവും എംഗൽസ് എഴുതിയതായിരുന്നു.ചിലതിന് മാർക്‌സ് ബ്രിട്ടീഷ് മ്യൂസിയത്തിൽ ഗവേഷണം ചെയ്‌തു.1857 അവസാനം സാമ്പത്തിക പ്രതിസന്ധി കാരണം ട്രിബ്യുൺ മാർക്‌സും മറ്റൊരാളും ഒഴിച്ചുള്ള വിദേശ ലേഖകരെയെല്ലാം പുറത്താക്കി.1861 ൽ മാർക്‌സിന്റെ വീക്ഷണങ്ങൾ ഇഷ്ടപ്പെടാതെ അദ്ദേഹത്തെയും പുറത്താക്കാൻ ഗ്രീലി ആവശ്യപ്പെട്ടു.ഡാന നിരസിച്ചെങ്കിലും,മാസങ്ങളോളം മാർക്‌സിന്റെ ലേഖനങ്ങൾ ഒഴിവാക്കി.1861 ഒടുവിലും 1862 ആദ്യവും ചിലത് പ്രസിദ്ധീകരിച്ചു.1862 ൽ ആഭ്യന്തര യുദ്ധത്തിന് കൂടുതൽ സ്ഥലം നീക്കി വയ്ക്കണം എന്നതിനാൽ ഇനി ലേഖനങ്ങൾ വേണ്ട എന്ന് ഡാന,മാർക്സിന് എഴുതി.ട്രിബ്യുൺ അച്ചടിച്ച മാർക്‌സിന്റെ മാർക്‌സിന്റെ 487 ലേഖനങ്ങളിൽ 350 എണ്ണം മാർക്‌സ് എഴുതിയതായിരുന്നു.115 എംഗൽസിന്റേത്.രണ്ടെണ്ണം സുഹൃത്തുക്കൾ.

മാർക്‌സ് ഇന്ത്യയെപ്പറ്റി എഴുതിയ ലേഖനങ്ങളിൽ ചിലത്,പിൽക്കാലത്ത് അതേപടി മൂലധന ത്തിൽ എടുത്തു ചേർത്തു.മകൾ ഏലിയനോറും ഭർത്താവ് എഡ്‌വേഡ്‌ എവ്‌ലിങും എഡിറ്റ് ചെയ്‌ത്‌ മാർക്സിന്റെ അമേരിക്കൻ പത്ര ലേഖനങ്ങളുടെ രണ്ടാം സമാഹാരം The Eastern Question:എന്നൊരു പുസ്‍തകം ഇറക്കിയതിൽ ഇന്ത്യ ഉണ്ടായിരുന്നില്ല.അതിനാൽ റോസാ ലക്സംബർഗിൻറെ Accumulation of Capital ( 1913 ),ലെനിൻറെ Imperialism -The Highest Stage of Capitalism ( 1917 ) എന്നിവയിൽ മാർക്സിന്റെ പത്ര ലേഖനങ്ങൾ പരാമർശിക്കപ്പെട്ടില്ല.

1853 ജൂലൈ 22 ന് മാർക്‌സ് എഴുതിയ ' ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി ഫലങ്ങൾ' എന്ന ലേഖനം ഓഗസ്റ്റ് എട്ടിന് ട്രിബ്യുൺ പ്രസിദ്ധീകരിച്ചു.ആ ലേഖനത്തിൽ മാർക്‌സ് എഴുതി:

'ബ്രിട്ടന് ഇന്ത്യയിൽ ഇരട്ട ദൗത്യമാണ് നിറവേറ്റാനുള്ളത്.ഒന്ന് സംഹാരാത്മകവും  മറ്റേത് ക്രിയാത്മകവും.ഏഷ്യാറ്റിക് സമൂഹത്തെ കടപുഴക്കി എറിയുക എന്നതാണ്,ആദ്യത്തേത്.ഏഷ്യയിൽ [പാശ്ചാത്യ സമൂഹത്തിൻറെ ഭൗതികമായ അടിത്തറ പാകുക എന്നതാണ്,രണ്ടാമത്തേത്."

ഇങ്ങനെ തല തിരിഞ്ഞ കാഴ്ചപ്പാടിൽ മാർക്‌സ് എത്താൻ കാരണം,ഏഷ്യയ്ക്ക്,പ്രത്യേകിച്ചും ഇന്ത്യയ്ക്ക്,ഒരു ചരിത്രമില്ല എന്ന നാണം കെട്ട നിലപാടാണ്.ഇന്ത്യയ്ക്ക് ചരിത്രം ഇല്ലാത്തതിന് കാരണം,പാശ്ചാത്യ ലോകത്തിൽ നിന്ന് ഭിന്നമായ ഉൽപാദന രീതിയാണ് എന്ന് മാർക്‌സ് ഗണിച്ചെടുത്തു."തൃപ്തികരമായ ജലസേചനം സാധ്യമാക്കാനുള്ള  പൊതുമരാമത്ത് പണികൾ,സ്വയം പര്യാപ്‌തമായ ഗ്രാമ്യ വ്യവസ്ഥയുടെയും സ്വകാര്യ സ്വത്തിൻറെ അഭാവത്തിൻറെയും ഉപഘടനയ്ക്ക് മേൽ കേന്ദ്രീകൃത ഭരണകൂടത്തെ സൃഷ്ടിച്ചു''എന്നും മാർക്‌സ് തെറ്റിദ്ധരിച്ചു (2 ).പുറത്തു നിന്നുള്ള ആക്രമണകാരികൾ കൊണ്ട് വന്നത് മാത്രമാണ് മാറ്റങ്ങൾ;ഏറ്റവും അവസാനത്തേത് ബ്രിട്ടീഷ് മൂലധനം കൊണ്ട് വന്ന അടിസ്ഥാനപരമായ മാറ്റങ്ങളാണ്.ഇത് കൊണ്ട് ബ്രിട്ടന് ഗുണമില്ലങ്കിലും,ഇന്ത്യയെ മുതലാളിത്ത വികസനത്തിന്റെ പൊതു നിയമങ്ങൾക്ക് കീഴിൽ കൊണ്ട് വരുമെന്ന് മാർക്‌സ് കണക്കു കൂട്ടി ( 3 ).

മാർക്‌സിന്റെ ലേഖനത്തിലെ അടിസ്ഥാനമില്ലാത്ത വാദങ്ങൾ ഉദ്ധരിക്കാം:

"ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യം വരാൻ ഇടയായത് എങ്ങനെയാണ്?മുഗളന്മാർ പ്രവിശ്യകളിൽ നിയമിച്ച വൈസ്രോയിമാർ മഹത്തായ മുഗൾ സാമ്രാജ്യത്തെ തകർത്തു.അഫ്‌ഗാനികൾ മറാത്ത അധികാരത്തെ തകർത്തു.അങ്ങനെ എല്ലാവരും എല്ലാവർക്കും എതിരായി മല്ലടിച്ചു കൊണ്ടിരുന്നപ്പോൾ,കടന്നു വന്ന ബ്രിട്ടീഷുകാർ അവരെയെല്ലാം അടിച്ചമർത്തി.ഹിന്ദുക്കളും മുസ്ലികളും തമ്മിൽ എന്നതിന് പുറമെ,ഗോത്രങ്ങൾ തമ്മിലും ജാതികൾ തമ്മിലും വഴക്കിട്ടു നിന്ന ഒരു രാജ്യം.പൊതു വിദ്വേഷത്തിൻറെയും അതിൽ പെട്ടവരുടെ സഹജമായ അകൽച്ചയുടെയും ഫലമായുള്ള സന്തുലനത്തിൽ അധിഷ്ഠിതമായിരുന്ന സമൂഹം.അങ്ങനെ ഒരു രാജ്യവും സമൂഹവും വെട്ടിപ്പിടിത്തത്തിന് ഇരയായില്ലെങ്കിൽ അല്ലേ അദ്‌ഭുതമുള്ളൂ?ഇന്ത്യയുടെ പഴയ ചരിത്രത്തെപ്പറ്റി നമുക്ക് യാതൊന്നും അറിയില്ലെന്ന് വച്ചാലും,ഇന്ത്യയെ ഇപ്പോഴും ബ്രിട്ടൻ അടിമത്തത്തിൽ അടക്കി നിർത്തിയിരിക്കുന്നത്,ഇന്ത്യ തന്നെ ചെലവിന് കൊടുക്കുന്ന ഇന്ത്യൻ സേനയാണെന്ന അനിഷേധ്യമായ സത്യം,നമുക്ക് മുന്നിൽ ഇല്ലേ?വെട്ടിപ്പിടിത്തത്തിൽ നിന്ന് രക്ഷപെടാൻ ഇന്ത്യയ്ക്ക് കഴിയുമായിരുന്നില്ല.ആ രാജ്യത്തിന് ഭൂതകാല ചരിത്രം എന്നൊന്ന് ഉണ്ടെങ്കിൽ അത്,വെട്ടിപ്പിടിത്തങ്ങളുടെ ചരിത്രം അല്ലാതെ മറ്റൊന്നും അല്ല.ഇന്ത്യൻ സമൂഹത്തിന് ഒരു ചരിത്രവും ഇല്ലെന്ന്,കുറഞ്ഞപക്ഷം,അറിയപ്പെടുന്ന ചരിത്രമില്ലെന്ന് പറയേണ്ടി വരും.ചെറുത്തു നിൽക്കാത്ത,മാറ്റമില്ലാത്ത ആ സമൂഹത്തിൻറെ നിഷ്ക്രിയമായ അടിത്തറ മേൽ സാമ്രാജ്യങ്ങൾ പടുത്തുയർത്താൻ ഒന്നിന് പുറകെ ഒന്നായി എത്തിയ കയ്യേറ്റക്കാരുടെ ചരിത്രത്തെയാണ്,നാം അതിൻറെ ചരിത്രമായി കൊണ്ട് നടക്കുന്നത്.അതിനാൽ ബ്രിട്ടന് ഇന്ത്യ പിടിച്ചെടുക്കാൻ അവകാശമുണ്ടായിരുന്നോ എന്നതല്ല,ബ്രിട്ടൻ പിടിച്ചടക്കിയ ഇന്ത്യയെക്കാൾ,തുർക്കിയോ പേർഷ്യയോ റഷ്യയോ പിടിച്ചടക്കിയ ഇന്ത്യയെ നാം കൂടുതൽ ഇഷ്ടപ്പെടേണ്ടതുണ്ടോ എന്നതാണ്,നമുക്ക് മുന്നിലെ പ്രശ്‍നം."

അടുത്ത ഖണ്ഡികയിൽ മാർക്‌സ്, ഇന്ത്യയുടെ നാഗരികത മികച്ചതാണെന്ന് കണ്ടെത്തി സ്വയം ചെറുതാകുന്നു:

പുരി ക്ഷേത്രം 

"ഇന്ത്യയെ ചവിട്ടി അരച്ച അറബികളും തുർക്കികളും താർത്താറുകളും മുഗളന്മാരും എല്ലാം ഭാരതവൽക്കരിക്കപ്പെട്ടു.ശാശ്വത ചരിത്ര നിയമത്താൽ എന്ന പോലെ,കാടന്മാരായ ആ  അധിനിവേശക്കാർ അവരുടെ പ്രജകളുടെ മൊത്തം നാഗരികതയ്ക്ക് കീഴടങ്ങി.ഇന്ത്യൻ നാഗരികതയെക്കാൾ ഉയർന്നതും അതിന് അപ്രാപ്യവുമായ ഒരു നാഗരികതയുമായി വരുന്ന ആദ്യ അധിനിവേശക്കാർ ബ്രിട്ടീഷുകാരായിരുന്നു. നാടൻ സമുദായങ്ങളെ തകർക്കുകയും,നാടൻ വ്യവസായത്തെ വേരോടെ പിഴുതെറിയുകയും നാടൻ സമൂഹത്തിൽ മഹത്തരവും ,മഹോന്നതവുമായി ഉണ്ടായിരുന്ന സർവതിനെയും തകർത്ത് അവർ ഈ  നാഗരികതയെ ഇല്ലായ്‌മ ചെയ്‌തു.അവരുടെ ഇന്ത്യൻ ഭരണ ചരിത്ര ഏടുകളിൽ ഈ സംഹാര ക്രിയയ്ക്ക് അപ്പുറം ഒന്നും കാണാനാവില്ല.അവരുടെ ക്രിയാത്മകമായ ഇടപെടൽ ഈ അവശിഷ്ടങ്ങളിലൂടെ കാണാൻ പ്രയാസമാണ്.എങ്കിലും അത് ആരംഭിച്ചു കഴിഞ്ഞു എന്ന് പറയാതെ തരമില്ല."

വൈദ്യുതി,ആവിയന്ത്രങ്ങൾ,റയിൽവേ,ഇംഗ്ലീഷ് വിദ്യാഭ്യാസം,സ്വതന്ത്ര പത്രലോകം എന്നിവ ഇന്ത്യയെ മാറ്റി മറിക്കുമെന്ന പ്രവചനമാണ്,മാർക്‌സ് തുടർന്ന് നടത്തുന്നത്.ഉൽപന്നങ്ങൾ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ട് പോകാനാകാത്തതിനാൽ,ഇന്ത്യൻ ഉൽപാദന ശക്തികൾ തളർവാതം പിടിപെട്ട് കിടക്കുകയായിരുന്നുവെന്ന് മാർക്‌സ് നിരീക്ഷിക്കുന്നു.മാർക്‌സ് ലേഖനത്തിന് ആധാരമാക്കിയത്,1848 ൽ കോമൺസ് സഭാ സിലക്റ്റ് കമ്മിറ്റിക്ക് മുന്നിൽ സെൻറ് വില്യം കോട്ടയിലെ ടൗൺ മേജർ വാറൻ നൽകിയ മൊഴി,ജോൺ ചാപ് മാൻ എഴുതിയ The Cotton and  Commerce in India ,ജി കാംപ്‌ബെലിൻറെ Modern India:A Sketch of the System of Civil Government ( 1852 ) എ ഡി സൽത്തികോവിൻറെ 'ഇന്ത്യയെക്കുറിച്ചുള്ള കത്തുകൾ'( 1848 ) എന്നിങ്ങനെ പരിഗണന അർഹിക്കാത്ത രചനകളാണ്.ഒറീസയിലെയും ബംഗാളിലെയും ക്ഷേത്രങ്ങളിലേക്ക് പ്രവഹിക്കുന്ന തീർത്ഥാടകരെ പിഴിഞ്ഞ് കാശുണ്ടാക്കാൻ പുരി ജഗന്നാഥ ക്ഷേത്രത്തിൽ നടന്നിരുന്ന കൊലപാതക -വ്യഭിചാര കച്ചവടം ഈസ്റ്റ് ഇന്ത്യ കമ്പനി ഏറ്റെടുത്തതായി മാർക്‌സ് വിമർശിക്കുകയും ചെയ്യുന്നുണ്ട്.

കാര്യസാധ്യത്തിനായി നാടിനെ ഒറ്റിയവർ ഇന്ത്യയിൽ ധാരാളം ഉണ്ടായിരുന്നു.1949 നവംബർ 25 ന് കേന്ദ്ര നിയമനിർമാണ സഭയിൽ നിയമ മന്ത്രി ബി ആർ അംബേദ്‌കർ നടത്തിയ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യം അപകടത്തിലായ ചില ഘട്ടങ്ങൾ ഓർമിച്ചു.മൊഹമ്മദ് ബിൻ കാസിം സിന്ധിനെ ആക്രമിച്ചപ്പോൾ,ദഹിർ രാജാവിൻറെ സൈന്യാധിപൻ ബിൻ കാസിമിൻറെ കൈയിൽ നിന്ന് കോഴ വാങ്ങി മിണ്ടാതിരുന്നു.പൃഥ്‌വി രാജിനെ തോൽപിക്കാൻ മുഹമ്മദ് ഗോറിയെ ജയ് ചന്ദ് ക്ഷണിച്ചു വരുത്തുകയായിരുന്നു.ശിവജിക്ക് എതിരെ മറാത്താ മാടമ്പിമാരും രജപുത്ര രാജാക്കന്മാരും മുഗൾ ചക്രവർത്തിക്കൊപ്പം നിന്നു.സ്വന്തം രാജ്യത്തിന് എതിരെ സിഖ് സൈന്യാധിപൻ ഗുലാബ് സിംഗ് മൗനം പാലിച്ചു.

അംബേദ്ക്കർ അന്ന്  ഓർക്കാതിരുന്ന ചിലത് കൂടി പറയാം.ഹൈദരാലിയെ മലബാറിലേക്ക് ക്ഷണിച്ചത് അറയ്ക്കൽ അലി രാജാവാണ്.1757 ലെ പ്ലാസി യുദ്ധത്തിൽ ബംഗാൾ നവാബ് സിറാജ് ഉദ് ധൗളയെ ഈസ്റ്റ് ഇന്ത്യ കമ്പനി തോൽപിച്ചത്,മിർ ജാഫറിൻറെ സഹായത്താലാണ്.അത് നടന്നപ്പോൾ,മിർ ജാഫർ കമ്പനിക്ക് എട്ടു ലക്ഷം പൗണ്ടും റോബർട്ട് ക്ലൈവിന് 1,60,000 പൗണ്ടും സമ്മാനം നൽകി.ക്ലൈവ് മുർഷിദാബാദ് ഖജനാവ് കൊള്ളയടിച്ചു.25 ലക്ഷം പൗണ്ട് തട്ടി.ക്ലൈവ് ലണ്ടനിൽ വിചാരണ നേരിട്ടു.ധൗളയെ തോൽപിക്കാൻ നാദിയ ജമീന്ദാർ കൃഷ്ണ ചന്ദ്ര റോയിയും ക്ലൈവിനൊപ്പം നിന്നു.റോയിക്ക് ക്ലൈവ് 12 പീരങ്കികൾ കൊടുത്തിരുന്നു.

പുരിയിൽ നിലനിന്നത്,ദേവദാസി സമ്പ്രദായമാണ്.അത് ഫ്രാങ്സ്വാ ബെർണിയറുടെ യാത്രാവിവരണത്തിൽ നിന്നെടുത്ത് മാർക്‌സ്,കമ്പനിയുടെ തലയിൽ വച്ചതാണ്.

ബംഗാളി പത്രമായ 'സത്യ സനാതൻ ധര്മ' യിൽ 1910 നവംബർ 14,1911 ഏപ്രിൽ 16 തീയതികളിൽ പുരി ജഗന്നാഥ ക്ഷേത്രത്തിൽ 100 ദേവദാസികൾ ചൂഷണം ചെയ്യപ്പെടുന്നതായി വാർത്ത വന്നു.ഇത് വച്ച് ഛോട്ടാ നാഗ് പൂരിൽ നിന്നുള്ള ബാൽകൃഷ്ണ സഹായ് നിയമസഭയിൽ ചോദ്യം ഉന്നയിച്ചു ( 4 ).
ഈസ്റ്റ് ഇന്ത്യ കമ്പനി 1803 ൽ ഗവർണർ ജനറൽ വെല്ലസ്ലിയുടെ നിർദേശപ്രകാരം ഒരു തുള്ളി രക്തം പോലും ചിന്താതെ,കേണൽ ലയണൽ കാംപ്‌ബെലിൻറെ നേതൃത്വത്തിൽ ഒറീസ പിടിച്ചു.ക്ഷേത്രാചാരങ്ങളിൽ കൈ കടത്തേണ്ടെന്ന് തീരുമാനിച്ചു.കമ്പനി തീർത്ഥാടകർക്ക് രണ്ടു മുതൽ പത്തു രൂപ വരെ കരം ഏർപ്പെടുത്തി.21 കൊല്ലം കൊണ്ട് ഈയിനത്തിൽ 1,39,000 പൗണ്ട് പിരിച്ചു.

ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു വൃത്തികേട് കൂടി പരാമർശിക്കട്ടെ-മൗണ്ട് ബാറ്റനൊപ്പം ക്ഷേത്ര സന്ദർശനത്തിന് അംബേദ്ക്കർ പോയപ്പോൾ,അദ്ദേഹത്തെ പുരോഹിതർ ക്ഷേത്രത്തിൽ കയറ്റിയില്ല.മൗണ്ട് ബാറ്റന് അവർ ചുവപ്പ് പരവതാനി വിരിച്ചു.അംബേദ്ക്കർ അടുത്തുള്ള വീടിൻറെ മുകൾ നിലയിൽ കയറി ജഗന്നാഥനെ വണങ്ങി.1809 ൽ രവീന്ദ്ര നാഥ ടാഗോറിൻ്റെ കുടുംബാംഗങ്ങളെയും ക്ഷേത്രത്തിൽ കയറ്റിയില്ല.
ജഗന്നാഥ ക്ഷേത്ര പുരോഹിതരുടെ ലീലാ വിലാസങ്ങൾ ഗുരുവായൂരിൽ പരമേശ്വര മേനോൻ ആയി ജനിച്ച്,നിയമം പഠിച്ച് സന്യാസി ആയ സ്വാമി ധർമ്മ തീർത്ഥ ( 1893 -1978 ) History of Indian Imperialism ( 1941 ) എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.മാർക്‌സ് കാണാത്ത ചില കുഴപ്പങ്ങൾ നമുക്കുള്ളത് പറഞ്ഞതാണ്.
--------------------------------------------
1.The Penguin Book of Interviews / Christopher Silvester,1994.
2.Marx and the Asiatic Mode of Production/ G. Lichtheim,/ St. Anthony's
Papers,1963
3. Karl Marx on Colonialism and
Modernization / ed. S. Avineni, 1968. K. Marx and F. Engels, The Collected writings in
the New York Daily Tribune, ed. Fersusou
& O' Neil, 1973.
4. Proceedings of Bengal Legislative Council, Volume XLIV, 1913.

See https://hamletram.blogspot.com/2019/09/blog-post_59.html

Monday, 9 September 2019

ചരിത്രം ശീർഷാസനത്തിൽ 

അന്ധനായ മാർക്‌സ് 2 

മാർക്‌സിന്റെ ആദ്യ ഇന്ത്യ ലേഖനത്തിലെ കുപ്രസിദ്ധമായ ഖണ്ഡിക ഇതാണ്:

"ഇന്ത്യയിലെ അധ്വാന ശീലമുള്ള,പുരുഷാധിപത്യമുള്ള നിർദോഷകരമായ സാമൂഹിക സംഘങ്ങൾ ചിന്നിച്ചിതറി,ചെറു ഘടകങ്ങളായി ലയിച്ചു തീർന്നതും ദൈന്യതയുടെ കടലിലേക്ക് എടുത്തെറിയപ്പെട്ടതും അവയിലെ ഓരോ അംഗത്തിനും പ്രാചീന നാഗരികതയും പരമ്പരാഗത ഉപജീവന മാർഗവും നഷ്ടപ്പെട്ടതും മനുഷ്യ വികാരത്തെ ഉലയ്ക്കുന്നതാണ്.എങ്കിലും നിർദോഷമെന്ന് തോന്നുന്ന ഈ അലസ ഗ്രാമ്യ ഗ്രാമ്യ വ്യവസ്ഥയാണ് എക്കാലവും പൗരസ്ത്യ ഏകഛത്രാധിപത്യത്തിൻറെ ഉറച്ച അടിത്തറ ആയിരുന്നത് എന്ന സത്യം വിസ്‌മരിച്ചു കൂടാ.ഈ വ്യവസ്ഥയാകട്ടെ,മനുഷ്യ മനസ്സിനെ ഏറ്റവും ചെറിയ വട്ടത്തിലേക്ക് ചുരുക്കുകയും അതിനെ അന്ധവിശ്വാസത്തിൻറെ അപ്രതിരോധ്യമായ കരുവാക്കുകയും അതിനെ പൈതൃക നിയമങ്ങൾക്ക് കീഴിൽ തളയ്ക്കുകയും ചെയ്‌തു.അങ്ങനെ അതിന് ചരിത്രപരമായ ഊർജ മഹിമകൾ നഷ്ടപ്പെട്ടു."

എഡ്‌വേഡ്‌ സായിദ് 

ഈ ഖണ്ഡികയെ സംബന്ധിച്ച് മാർക്‌സിസ്റ്റ് ചിന്തകർ പരസ്‌പരം നടത്തിയ ഏറ്റുമുട്ടലുകൾ അടങ്ങിയിട്ടില്ല.അമേരിക്കൻ ജൂത മാർക്‌സിസ്റ്റ് ചിന്തകനായ എഡ്‌വേഡ്‌ സായിദ്,Orientalism എന്ന പുസ്തകത്തിൽ,മാർക്‌സ് ഇന്ത്യയെപ്പറ്റി പറഞ്ഞതെല്ലാം അപ്പടി വിഴുങ്ങുകയുണ്ടായി.ഇന്ത്യ ചരിത്രത്തിന് സായിദ്,സർദാർ കെ എം പണിക്കരുടെ Asia and Western Dominance ( 1953 ) നെയാണ് ആശ്രയിച്ചത്.മാർക്സിനെ അപ്പടി വിഴുങ്ങിയതിനെ ഉറുദു മാർക്‌സിസ്റ്റ്‌ ചിന്തകൻ ഐജാസ് അഹമ്മദ്,In Theory യിൽ തിരസ്‌കരിച്ചു.
ഇന്ത്യയുടെ പ്രൗഢമായ നാഗരികതയെ,വെറും അലസ ഗ്രാമ വ്യവസ്ഥയായി മാർക്‌സ് ലഘൂകരിച്ചതും ആ നാഗരികത തകർന്നു തരിപ്പണമായെന്ന് വിലപിച്ചതും അന്ധവിശ്വാസ ജടിലമായിരുന്നു ഇന്ത്യയുടെ അടിത്തറയെന്ന് കൽപിച്ചതും ഒരിന്ത്യക്കാരനും വകവച്ചു കൊടുക്കാൻ കഴിയില്ല.ഈ ലളിതവൽക്കരണത്തിൽ നിന്നാണ് മാർക്‌സ്,ബ്രിട്ടൻ ഇന്ത്യയിൽ സാമൂഹിക വിപ്ലവം സൃഷ്ടിച്ചു എന്ന അബദ്ധ നിഗമനത്തിൽ നിപതിച്ചത്.

ബ്രിട്ടൻറെ കോളനിവൽക്കരണം ഇന്ത്യയിൽ വിപ്ലവമല്ല,വികസന മുരടിപ്പാണ് സൃഷ്ടിച്ചത്.ഭിന്നിപ്പിക്കൽ തന്ത്രം വഴി,നാട്ടുരാജ്യങ്ങളെ തമ്മിൽ ബ്രിട്ടൻ സംഘർഷത്തിൽ തളച്ചത് കാരണം,ബ്രിട്ടനെതിരെ ഒരു ഐക്യനിര ഉണ്ടായില്ല.ഇന്ത്യയും ഏഷ്യ ആകെയും ഒരിക്കലും മാറാത്ത അലസ വ്യവസ്ഥയാണെന്ന സങ്കൽപം,മാർക്‌സിസം പോലെ തന്നെ,മാർക്‌സിന്റെ സ്വന്തമല്ല.ഹെഗൽ ഇല്ലെങ്കിൽ മാർക്‌സ് ഇല്ല.ഇന്ത്യ അലസ വ്യവസ്ഥയാണെന്ന വിഢ്‌ഡിത്തം പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്പിൽ നവോത്ഥാന ചിന്തകരായ ഹോബ്‌സ്‌,മോണ്ടെസ്ക്യൂ എന്നിവരെ പിൻപറ്റി ഒരു കൂട്ടം ചമച്ചതാണ്.ഇന്ത്യ അലസ വ്യവസ്ഥയാണെന്ന മണ്ടൻ ആശയവും മാർക്‌സ് ഹെഗലിൽ നിന്ന് മോഷ്ടിച്ചതാണ്.അത് എഡ്‌വേഡ്‌ സായിദ് തുറന്നു പറഞ്ഞില്ല.

കോളനി വാഴ്ചയ്ക്ക് മുൻപുള്ള ഇന്ത്യ അലസ വ്യവസ്ഥയാണെന്ന നിഗമനം,മാർക്‌സ് യൂറോപ്പിൻറെ ഫ്യൂഡൽ ഭൂതകാലത്തെപ്പറ്റി,അവയെ സംബന്ധിച്ച പ്രവർത്തനങ്ങളിൽ പറഞ്ഞതിൻറെ ആവർത്തനമാണ്.ഭൂതകാലം ചലന രഹിതമാണെന്ന ചാരുകസേര ചിന്ത മാത്രമാണ്,അത്.ഇന്ത്യയിലെ ജാതി വ്യവസ്ഥ ഇന്ത്യയെ ചെറിയ വട്ടത്തിൽ ഒതുക്കി എന്ന മാർക്‌സിന്റെ വിമർശനം,'യൂറോപ്യൻ ജീവിതം ഗ്രാമീണ വിഡ്ഢിത്ത'ത്തിൽ കുരുങ്ങി കിടക്കുന്നു എന്ന അദ്ദേഹത്തിൻറെ തന്നെ പ്രസ്‌താവനയുമായി തട്ടിച്ചു നോക്കിയാൽ മതി.

ഐജാസ് അഹമ്മദ് 

ഏഷ്യയിൽ ഒരു വിപ്ലവം നടക്കാതെ മാനവരാശിക്ക് അതിൻറെ ദൗത്യം പൂർത്തീകരിക്കാനാവുമോ എന്ന് മേൽ ഉദ്ധരിച്ച ഖണ്ഡികയ്ക്ക് ഒടുവിൽ മാർക്‌സ് ചോദിക്കുന്നുണ്ട്.മാർക്‌സിന്റെ രാഷ്ട്രീയ സിദ്ധാന്തത്തിൻറെ അടിസ്ഥാന ദൗർബല്യവുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയാണ്,ഇത്.മാർക്‌സിന്റെ സിദ്ധാന്ത പ്രകാരം,വിപ്ലവം നടക്കാൻ മുതലാളിത്തം മൂത്തു പഴുക്കണം.ഇങ്ങനെ മുതലാളിത്തത്തിൻറെ മൂത്തു പഴുക്കലായി അദ്ദേഹം കൊളോണിയലിസത്തെ തെറ്റിദ്ധരിച്ചിട്ടുണ്ടാകണം.സ്വന്തം നാടായ ജർമനിയിലും ഇങ്ങനെ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.

മാർക്‌സ് ഇന്ത്യയെപ്പറ്റി പത്ര പ്രവർത്തനം നടത്തുന്ന കാലത്ത്,അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം,അമേരിക്കയിൽ ഈ മൂത്തു പഴുക്കൽ നടന്നിരുന്നു.ഇന്ത്യ കുറെ മുന്നോട്ട് പോയിരുന്നു.ആഫ്രിക്കയിൽ അത് തുടങ്ങുകയായിരുന്നു.ഇങ്ങനെയൊക്കെ കാണുന്നത് പാപ്പരത്തമാകുന്നത്,1835 ൽ ഇംഗ്ലണ്ടും ഇന്ത്യയും സാമ്പത്തികമായി  ശക്തികൾ ആയിരുന്നു എന്നതിനാലാണ്.

മുൻപ് ഉദ്ധരിച്ച ഖണ്ഡികയുടെ തുടർച്ചയായി മാർക്‌സ് പറയുന്നു:

"ഏതെങ്കിലും ഒരു ചെറു തുണ്ട് ഭൂമിയിൽ അള്ളിപ്പിടിച്ചു നിന്ന് സാമ്രാജ്യങ്ങൾ മണ്ണടിയുന്നതും വിവരണാതീതമായ ക്രൂരതകൾ കാട്ടി കൂട്ടുന്നതും വൻ നഗരങ്ങളിൽ ജനത്തെയാകെ കശാപ്പ് ചെയ്യുന്നതും എല്ലാം ഏതെങ്കിലും പ്രകൃതി കോപത്തിൽ കവിഞ്ഞ ഒരു പരിഗണനയും കൂടാതെ കൈകെട്ടി നോക്കി നിൽക്കുകയും,അതേ സമയം ഏതെങ്കിലും ആക്രമണകാരിയുടെ കണ്ണിൽ പെട്ട് അവൻ തൻറെ മേൽ ചാടി വീഴാൻ വന്നാൽ നിസ്സഹായനായി സ്വയം കുമ്പിട്ട് നിൽക്കുകയും ചെയ്‌തിരുന്ന കിരാത അഹംഭാവത്തെയും നാം വിസ്മരിക്കരുത്.മറുവശത്ത്,അന്തസ്സാര ശൂന്യമായ,ചൊടി കെട്ട ഈ വെറുങ്ങലിച്ച ജീവിതം,നിഷ്ക്രിയമായ ഈ നിൽപ്,വന്യവും ലക്ഷ്യ രഹിതവുമായ സംഹാര ശക്തികളെ കെട്ടഴിച്ചു വിടുകയും നരഹത്യയെ തന്നെ ഇന്ത്യയിലെ മതാചാരമായി മാറ്റുകയും ചെയ്‌തുവെന്ന വസ്‌തുതയും നാം വിസ്‌മരിക്കരുത്.ജാതി വ്യത്യാസങ്ങളും അടിമത്തവും ഈ കൊച്ചു കൊച്ചു സമുദായങ്ങളുടെ തീരാ ശാപമായിരുന്നു എന്നും മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനൻ ആക്കുന്നതിന് പകരം,അവ,അവനെ ബാഹ്യ സാഹചര്യങ്ങളുടെ ദാസനാക്കുകയാണ് ചെയ്‌തത്‌ എന്നും സ്വയം വികസിച്ച ഒരു സാമൂഹ്യ വ്യവസ്ഥയെ ഒരിക്കലും മാറ്റമില്ലാത്ത പ്രകൃതി ദത്തമായ തലവിധിയാക്കി മാറ്റി,അവ മൃഗപ്രായമായ ഒരു പ്രകൃതി പൂജയ്ക്ക് ജന്മം നൽകി എന്ന വസ്‌തുതയും നാം വിസ്മരിക്കരുത്.ഈ അധഃപതനം പ്രകൃതിയുടെ യജമാനനായ മനുഷ്യനെക്കൊണ്ട് ഹനുമാൻ എന്ന കുരങ്ങിൻറെയും ശബള ( കാമ ധേനു ) എന്ന പശുവിൻറെയും മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്യിച്ചു."

മാർക്‌സ് തുടർന്ന് എഴുതി:

"ഇന്ത്യയിൽ ഇപ്രകാരമൊരു സാമൂഹ്യ വിപ്ലവം നടത്തുമ്പോൾ ഇംഗ്ലണ്ടിന് ഏറ്റവും ഹീനമായ സ്വാർത്ഥ താൽപര്യം മാത്രമാണ് ഉണ്ടായിരുന്നത് എന്നും ആ വിപ്ലവം നടത്തിയ രീതിബുദ്ധി ശൂന്യമായിരുന്നു എന്നും സംശയമില്ല.ഇവിടെ പ്രശ്‍നം അതല്ല.ഏഷ്യയിലെ സാമൂഹ്യ സ്ഥിതിയിൽ,അടിസ്ഥാനപരമായ ഒരു വിപ്ലവം ഉണ്ടാക്കാതെ മനുഷ്യരാശിക്ക് അതിൻറെ ദൗത്യം പൂർത്തിയാക്കാനാവുമോ എന്നതാണ് പ്രശ്‍നം.ഇല്ലെന്നാണ് ഇതിനുത്തരം എങ്കിൽ,ഇംഗ്ലണ്ടിന്റെ അപരാധം എന്ത് തന്നെ ആയാലും,ഇങ്ങനെ ഒരു വിപ്ലവം നടത്തുന്നതിൽ അവർ ചരിത്രത്തിൻറെ അബോധാത്മക കരു ആണെന്ന് പറയേണ്ടി വരും."
ചെന്നമ്മ 
അതീതത്തെ അവഗണിച്ച്,'ചരിത്രത്തിൻറെ അനിവാര്യമായ മുന്നോട്ടുള്ള പ്രയാണത്തെ' ആലിംഗനം ചെയ്‌ത മാർക്‌സിന്റെ മണ്ടൻ ചരിത്ര ബോധമാണ്,ഇംഗ്ളണ്ട് ഇന്ത്യയിൽ സാമൂഹ്യ വിപ്ലവം നടത്തിയെന്ന് പറയിച്ചത്.'മൂലധനം ' വായിച്ച മാർക്സിസ്റ്റുകൾ അധികമുണ്ടാകാൻ ഇടയില്ലെങ്കിലും,ഇത്തരം മണ്ടൻ താരതമ്യങ്ങൾ കൊണ്ട് സമൃദ്ധമാണ് ആ രചനയും.മൂലധനത്തിൻറെ ആദിമ സമാഹരണത്തിൽ,യൂറോപ്യൻ കർഷക സമൂഹം ഉന്മൂലനം ചെയ്യപ്പെട്ടതിനെയും മാർക്സ് കാണുന്നത്,ഇങ്ങനെ തന്നെയാണ്.ചരിത്രം ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്നും ചരിത്രത്തിൻറെ  ഈ കാരുണ്യമില്ലായ്മയിൽ നിന്ന് മഹത്തായ ചിലതൊക്കെ ഉണ്ടാകും എന്നുമുള്ള ഭ്രാന്തമായ മാർക്സിയൻ കാഴ്ചപ്പാടിന്റെ പ്രാകൃത  ജൽപനം മാത്രമാണ്,ഇത്.ദേശീയതയെ കരുവാക്കി,ചരിത്രത്തിന്റെ ദ്വന്ദ്വാത്മകതയെ പൊക്കിപ്പിടിക്കുന്നത്,തോരണമിട്ട ഉന്മാദമാണ്.
മാർക്സിനെ ഇന്ത്യയുടെ ചരിത്രം തന്നെ തോൽപിച്ചു.1853 ൽ മാർക്‌സ് ഈ ലേഖനം എഴുതുമ്പോൾ,ബ്രിട്ടൻ ഇന്ത്യയിൽ വിപ്ലവം സൃഷ്ടിച്ചു കഴിഞ്ഞു എന്ന് വിശ്വസിച്ച മാർക്സിന്,വെറും നാലു വർഷത്തിനുള്ളിൽ,1857 ൽ ആദ്യ സ്വാതന്ത്ര്യ വിപ്ലവം വഴി ചുട്ട മറുപടി കൊടുത്തു.അതുകൊണ്ട് ഡാനിയൽസണ്,മാർക്സ് ഇങ്ങനെ എഴുതി:

"ഇന്ത്യയിൽ പൊതു വിപ്ലവം പൊട്ടിപ്പുറപ്പെട്ടില്ലെങ്കിൽ തന്നെ,ഗൗരവതരമായ സങ്കീർണതകൾ ബ്രിട്ടീഷ് ഭരണകൂടം അഭിമുഖീകരിക്കും.ബ്രിട്ടൻ പ്രതിവർഷം ഇന്ത്യക്കാരിൽ നിന്ന് വാടക,ഹിന്ദുക്കൾക്ക് ഉപയോഗശൂന്യമായ റയിൽവേയിൽ നിന്നുള്ള തീരുവ,പട്ടാളക്കാരും അല്ലാത്തവരും ആയവർക്ക് പെൻഷൻ,അഫ്‌ഗാനിസ്ഥാനിലും മറ്റുമുള്ള യുദ്ധത്തിൻറെ വിഹിതം എന്നിങ്ങനെ പലതും പിടിച്ചു വാങ്ങുന്നു.സമാനതകൾ ഇല്ലാത്ത ഈ പിടിച്ചു വാങ്ങലും ഇന്ത്യയ്ക്കുള്ളിൽ നടത്തുന്ന കൊള്ളയും,പ്രതിവർഷം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് ഉദാരമായി അയയ്ക്കുന്ന ചരക്കിൻറെ മൂല്യവും കണക്കാക്കിയാൽ അത്,ഇന്ത്യയിലെ ആറു കോടി കാർഷിക,വ്യവസായ തൊഴിലാളികളുടെ മൊത്തം വരുമാനത്തിന് മുകളിൽ വരും.ഇത് പക മുറ്റിയ ചോരയൂറ്റലാണ്."

റഷ്യയിൽ പീറ്റേഴ്‌സ്ബർഗിലെ ഒരു ബാങ്കിൽ 50 വർഷം ജോലി ചെയ്‌ത നിക്കോളായ് ഡാനിയൽസനാണ്,മൂലധനം റഷ്യനിലേക്ക് പരിഭാഷ ചെയ്‌തത്‌.
മാർക്‌സ് ജീവിച്ചിരിക്കെ തന്നെ ഇന്ത്യ അദ്ദേഹത്തെ തിരുത്തി.
മാർക്‌സിന്റെ ആദ്യ ഇന്ത്യ ലേഖനത്തിലെ പ്രവചനം ഇതായിരുന്നു:

"പ്രാചീനമായ ആ ലോകം തവിടു പൊടിയാകുന്നത് കണ്ട്,നമുക്കുണ്ടാകുന്ന മനോവേദന എത്ര ദുസ്സഹം ആണെങ്കിലും,ചരിത്രത്തിൻറെ നിലപാടിൽ നിന്ന് നമുക്കും ഗൊയ്‌ഥെയെപോലെ ഇങ്ങനെ പറയാൻ അവകാശമുണ്ടാകും:
ഈ ദണ്ഡനം കൊണ്ട്,നമുക്ക് കൂടുതൽ സന്തോഷം ഉണ്ടാകുമെങ്കിൽ,അത് എന്തിന് നമ്മെ വേദനിപ്പിക്കണം?തിമൂറിൻറെ മരണം എത്രയെത്ര ആത്മാക്കളെയാണ് വിഴുങ്ങിയത്?"

ഏറ്റവും ക്രൂരമായ തിന്മകൾ പോലും ചരിത്രത്തിൻറെ ഫലശ്രുതിയായി കാണുന്ന ഈ സമീപനം,പ്രപഞ്ചം ഗർഭത്തിൽ വഹിക്കുന്ന ഭൂകമ്പങ്ങളെ യുക്തി കൊണ്ട് വ്യാഖ്യാനിക്കാൻ നോക്കുന്ന മുറി വൈദ്യന്റേതാണ്.1857 ൽ ഝാൻസി റാണി നടത്തിയതാണ് ആദ്യ സ്വാതന്ത്ര്യ സമരം എന്ന് ചരിത്ര പുസ്തകങ്ങളിൽ സ്ഥിരമായി നാം വായിക്കുമെങ്കിലും,അതിനും 33 വർഷം മുൻപ് കർണാടകയിൽ കിട്ടൂര് റാണി ചെന്നമ്മ ബ്രിട്ടനെതിരെ പോരാടി വീരമരണം വരിച്ചു എന്നതാണ്,മാർക്‌സും നമ്മിൽ ഭൂരിപക്ഷവും കാണാത്ത സത്യം.1824 ൽ അവർ ബ്രിട്ടനെതിരെ നടത്തിയത് സായുധ കലാപമായിരുന്നു.
ഇപ്പോഴത്തെ ബൽഗാമിൽ 1778 ഒക്ടോബർ 23 നാണ് ചെന്നമ്മ ജനിച്ചത്.15 വയസിൽ മല്ല സർജ രാജാവിനെ വിവാഹം ചെയ്‌തു.ഏകപുത്രൻ മരിച്ചപ്പോൾ 1824 ൽ ശിവലിംഗപ്പയെ ദത്തെടുത്ത് കിരീടാവകാശിയാക്കി,ബ്രിട്ടൻ ഇത് അംഗീകരിക്കാതെ ശിവലിംഗപ്പയെ പുറത്താക്കാൻ നിർദേശിച്ചു.ഇതാണ് 1856 ൽ അനന്തരാവകാശിയില്ലെങ്കിൽ നാട്ടുരാജ്യം ബ്രിട്ടന്റേതാകും എന്ന ഡൽഹൗസി നയത്തിന് ആധാരമായത്-Doctrine of Lapse.

ബ്രിട്ടീഷ് നയത്തിനെതിരെ ചെന്നമ്മ ബോംബെ ഗവർണർ എൽഫിൻസ്റ്റണ് ചെന്നമ്മ കത്തെഴുതി.ബ്രിട്ടൻ നിരാകരിച്ചപ്പോൾ ചെന്നമ്മ യുദ്ധം പ്രഖ്യാപിച്ചു.15 ലക്ഷം രൂപ വരുന്ന കിട്ടൂര് ഖജനാവ് പിടിക്കാൻ ബ്രിട്ടൻ ഒരുമ്പെട്ടു.20797 ഭടന്മാരും 437 പീരങ്കികളുമായി ബ്രിട്ടൻ കിട്ടൂരിനെ ആക്രമിച്ചു.1824 ഒക്ടോബറിലെ ആദ്യ വട്ട പോരാട്ടത്തിൽ ബ്രിട്ടൻ തോറ്റു.കലക്റ്റർ ജോൺ താക്കറെ കൊല്ലപ്പെട്ടു.രണ്ടാംഘട്ടത്തിൽ സോളാപ്പൂർ സബ് കലക്റ്റർ ജോൺ മൺറോ കൊല്ലപ്പെട്ടു.മന്ത്രി സങ്കോളി രായണ്ണയുടെ സഹായത്തോടെ പൊരുതിയ ചെന്നമ്മയെ ബെയിൽ ഹോംഗാൽ കോട്ടയിൽ തടവിലാക്കി.1829 ഫെബ്രുവരി രണ്ടിന് അവർ മരിച്ചു .

മാർക്സിന്റെ തല തിരിഞ്ഞ ചരിത്ര ബോധത്തിന് തെക്കേ ഇന്ത്യയിൽ നിന്നുള്ള തിരുത്താണ്,ചെന്നമ്മ.ഇതൊരു അലസ വ്യവസ്ഥ ആയിരുന്നില്ല.

See https://hamletram.blogspot.com/2019/09/blog-post_9.html


മാർക്‌സ് ഇന്ത്യയെ അറിഞ്ഞില്ല 

അന്ധനായ മാർക്‌സ് 1 

മാർക്‌സ് ഇന്ത്യയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് 1853 -58 കാലത്ത്,ന്യൂയോർക് ഡെയിലി ട്രിബ്യുണി ൽ 33 ലേഖനങ്ങൾ എഴുതി.1853 ൽ 12,1857 ൽ 15,1858 ൽ ആറ്.ഇതിൽ രണ്ടെണ്ണമാണ് കുപ്രസിദ്ധം.1853 ജൂൺ പത്തിന് എഴുതിയ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം,ജൂലൈ 22 ന് എഴുതിയ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി ഫലങ്ങൾ എന്നിവ.ആദ്യ ലേഖനം ട്രിബ്യുൺ ജൂൺ 25 നും ( ലക്കം 3804 ) രണ്ടാമത്തേത് ഓഗസ്റ്റ് എട്ടിനും ( ലക്കം 3840 ) പ്രസിദ്ധീകരിച്ചു.

ബ്രിട്ടൻ ഇന്ത്യയിൽ സാമൂഹിക വിപ്ലവം നടപ്പാക്കിയ,ചരിത്രത്തിൻറെ അബോധാത്മകമായ ഉപകരണമായിരുന്നു എന്ന വങ്കത്തം വിളമ്പിയതായിരുന്നു,ആദ്യ ലേഖനം.ഹനുമാൻ എന്ന കുരങ്ങിൻറെയും കാമധേനു എന്ന പശുവിൻറെയും മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്ന കിരാതനാണ് ഹിന്ദു എന്ന് മാർക്‌സ് അതിൽ പറഞ്ഞു.


യൂറോപ്പിലെ ചിന്തകർ എല്ലാവരും മാർക്‌സിനെപ്പോലെ മണ്ടന്മാരായിരുന്നു എന്ന് കരുതരുത്.സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌ കഴിഞ്ഞാൽ മനഃശാസ്ത്രത്തിൽ അറിയപ്പെടുന്ന അടുത്തയാളായ യുങ് ( 1875 -1961 ) ശ്രീരാമകൃഷ്ണ പരമഹംസൻറെ മുന്നിൽ സാഷ്ടാംഗ പ്രണാമം നടത്തിയ സന്ദർഭം വായിച്ചാൽ ആരും ധ്യാന നിമീലിതരാകും. 1936 ൽ യുങ് പ്രബുദ്ധ ഭാരത ത്തിൽ എഴുതിയ ലേഖനത്തിൽ പാശ്ചാത്യർക്ക് ചേർന്നതല്ല യോഗ എന്ന് നിരീക്ഷിച്ചിരുന്നു.അത് കഴിഞ്ഞുള്ള ശിശിരത്തിൽ അദ്ദേഹം കൊൽക്കത്ത ബേലൂർ മഠത്തിൽ എത്തി. മഠത്തിലെ ശ്രീരാമകൃഷ്ണ പ്രതിമയെപ്പറ്റി അദ്ദേഹം ഓർമിച്ചത്, സമാധി എന്ന വാക്ക് കേട്ടാൽ ഏതൊരു ഭാരതീയനും,ആ നിലയിലുള്ള യോഗിയെയാണ് ഓർക്കുക എന്നാണ്. മനസ്സ് മാറി മടങ്ങിയ യുങ്,1939 ൽ ഭാരതം നമ്മെ പഠിപ്പിക്കുന്നത് എന്ന ലേഖനത്തിൽ എഴുതിയത്, ഹിന്ദുമതത്തിൻറെ സമഗ്രത പാശ്ചാത്യ ലോകത്തിന് മാതൃകയാണ് എന്നാണ്. 1943 ൽ യുങ്, പൗരസ്ത്യ ധ്യാനത്തിൻറെ മനഃശാസ്ത്രം എഴുതി. 1944 ൽ രമണമഹർഷിയുടെ ഉപദേശ സാരം ഹെൻറിച്ച് സിമ്മർ ജർമൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ യുങ് അതിന് അവതാരിക എഴുതി.

ആ വഴിക്കാണ് പരമഹംസനിലും രമണ മഹർഷിയിലും ഞാൻ എത്തിയത്.
ജർമൻ തന്നെയായ മാർക്‌സ് 1853 ൽ എഴുതാൻ ആരംഭിക്കുമ്പോൾ,ഇന്ത്യയെ നന്നായി പഠിച്ചതിന് തെളിവൊന്നുമില്ല.യാത്രാവിവരണങ്ങളും ഈസ്റ്റ് ഇന്ത്യ കമ്പനി റിപ്പോർട്ടുകളും പിന്നെയാണ് വായിച്ചത്.ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അവകാശ രേഖ ബ്രിട്ടീഷ് പാർലമെൻറ് പുതുക്കുന്ന ആ നേരത്ത്,ചില പാർലമെൻറ് രേഖകൾ വായിച്ചതിനെ തുടർന്നുണ്ടായ തോന്നലുകളോ തോന്ന്യാസങ്ങളോ ആണ് മാർക്‌സിന്റെ ഇന്ത്യ ലേഖനങ്ങൾക്ക് ആധാരമെന്ന് മാർക്‌സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ് തന്നെ പറയുന്നുണ്ട്(1 ).ഫ്രഞ്ച് വൈദ്യനായ ഫ്രാങ്സ്വാ ബെർണിയർ എഴുതിയ യാത്രാ വിവരണം,Travels in the Mogul Empire എന്ന പുസ്തകത്തെയും മാർക്‌സ് ഇന്ത്യയെപ്പറ്റിയുള്ള വിവരങ്ങൾക്ക് ആധാരമാക്കി.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം എന്ന ലേഖനം എന്ത് പറയുന്നു എന്ന് നോക്കാം:
ഇന്ത്യയുടെ സുവർണ യുഗത്തിൽ വിശ്വസിക്കുന്നവരുമായി യോജിപ്പില്ലാത്തയാൾ ആണ് താനെന്ന് മാർക്‌സ് ആദ്യമേ പറയുന്നു.റിപ്പോർട്ടിൻറെ രണ്ടാം ഖണ്ഡികയുടെ ആദ്യ വാചകമാണ്,അത്.മൊത്തം ലേഖനത്തിൻറെ ആദ്യ വാചകം വിചിത്രമാണ്:ഏഷ്യൻ തോതിലുള്ള ഇറ്റലിയാണ് ഹിന്ദുസ്ഥാൻ.ഇന്ത്യയെ ഇറ്റലിയുമായി താരതമ്യപ്പെടുത്തി എഴുതാൻ വിവരമുള്ള ആരും ഇന്നുവരെ തയ്യാറായിട്ടില്ല. താരതമ്യം അയർലൻഡിനോടാണ്.ഭൂപ്രകൃതിയിൽ ഇന്ത്യ ഇറ്റലിയെപ്പോലെയും സാമൂഹ്യ സാഹചര്യങ്ങളിൽ അയർലൻഡിനെപ്പോലെയും,ഇറ്റലിയുടെയും അയർലൻഡിന്റെയും വിചിത്രമായ സംലയനമാണ് ഇന്ത്യ എന്നാണ് മാർക്‌സിന്റെ കണ്ടെത്തൽ.
മാർക്സിനെ ഉദ്ധരിക്കട്ടെ:

പൗരസ്ത്യ ദേശത്തെ അയർലൻഡ് ആണ്,അത്.ഇറ്റലിയുടെയും അയർലൻഡിന്റെയും വിചിത്രമായ ഈ സംലയനം,സുഖ ഭോഗങ്ങളുടെ ലോകവുംകഷ്ടപ്പാടുകളുടെ ലോകവും ലോകവും തമ്മിലുള്ള ഈ ചേരുവ,ഹിന്ദുസ്ഥാനിലെ പ്രാചീന മത പാരമ്പര്യങ്ങൾ വിഭാവനം ചെയ്‌തിട്ടുള്ള ഒന്നാണ്.അതിരു കടന്ന കാമാസക്തിയുടെയും ആത്മ പീഡനത്തോളം എത്തുന്ന സർവസംഗ പരിത്യാഗത്തിൻറെയും മതമാണ്,അത്.ലിംഗാരാധനയുടെയും ആത്മബലിയുടെയും മതമാണ്.ഭിക്ഷുവിൻറെയും അതേസമയം ദേവദാസിയുടെയും മതമാണ്,അത്.

ഇത്രയും പറഞ്ഞിട്ടാണ് താൻ ഇന്ത്യയുടെ സുവർണ യുഗത്തിൽ വിശ്വസിക്കുന്നില്ലെന്ന് മാർക്‌സ് ആണയിടുന്നത്.അതിരു കടന്ന കാമാസക്തിയുടെ മതമാണ് ഹിന്ദു മതം എന്ന് കണ്ടെത്തി കഴിഞ്ഞാൽ പിന്നെ മാർക്സിന് ഒരു കെ എൻ പണിക്കർ ആകാനേ കഴിയൂ. തുടർന്ന് മാർക്‌സ്, ജാവയിലെ ഇംഗ്ലീഷ് ഗവർണർ സർ സ്റ്റാഫോർഡ് റാഫിൾസ് പഴയ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പറ്റി നടത്തിയ വിലയിരുത്തൽ അതേ പടി ഉദ്ധരിച്ച്,ഡച്ചുകാരുടെ അനുകരണം മാത്രമാണ് ബ്രിട്ടൻ ഇന്ത്യയിൽ കാട്ടുന്നത് എന്ന് പറയുന്നു.ലാഭക്കൊതിയാൽ,വെസ്റ്റ് ഇൻഡീസ് തോട്ടമുടമ അടിമകളോട് കാട്ടുന്നത്ര ദയ പോലും സ്വന്തം പ്രജകളോട് കാട്ടാത്ത ഡച്ച് കമ്പനി,പ്രജകളുടെ അവസാന രക്തവും ഊറ്റിയെടുക്കാൻ നിലവിലുള്ള സമഗ്രാധിപത്യ മുറകളെ ഉപയോഗപ്പെടുത്തിയെന്നാണ് റാഫിൾസ് എഴുതിയത്.'പുരുഷാധിപത്യത്തിൽ ഊന്നിയ സമഗ്രാധിപത്യത്തെ ' പിന്നെയും മാർക്‌സ് പരാമർശിക്കുന്നുണ്ട്.ഇന്ത്യയിലെ ആഭ്യന്തര യുദ്ധങ്ങളും ആക്രമണങ്ങളും വെട്ടിപ്പിടിത്തങ്ങളും ക്ഷാമ ബാധയുമെല്ലാം തൊലിപ്പുറത്തിനപ്പുറം കടക്കാതിരുന്നപ്പോൾ,ബ്രിട്ടൻ ഇന്ത്യയുടെ ചട്ടക്കൂടിനെ തവിടു പൊടിയാക്കി എന്നാണ് മാർക്‌സിന്റെ കണ്ടെത്തൽ.പഴയ ലോകം കൈവിട്ടു പോയ ഇന്ത്യക്കാരന്,പുതുതായൊന്ന് കിട്ടിയതുമില്ല.

മാർക്സിനെ ഉദ്ധരിക്കട്ടെ:

ഇന്ത്യയുടെ ഭൂത കാലത്തിൻറെ രാഷ്ട്രീയ വശം എത്ര തന്നെ മാറിക്കൊണ്ടിരിക്കുന്നതായി തോന്നുന്നതാണ് എങ്കിലും,പുരാതന കാലം മുതൽ പത്തൊൻപതാം നൂറ്റാണ്ടിൻറെ ആദ്യ ദശകം വരെ അതിൻറെ സാമൂഹ്യ ജീവിതത്തിന് ഒരിളക്കവും സംഭവിച്ചിരുന്നില്ല.എണ്ണമറ്റ നൂൽ നൂൽപുകാരെയും നെയ്ത്തുകാരെയും സൃഷ്ടിച്ചിരുന്ന ചർക്കയും കൈത്തറിയും ആയിരുന്നു,ഈ സമ്പദ് ഘടനയുടെ തിരികുറ്റികൾ.ചരിത്രാതീത കാലം മുതൽ ഇന്ത്യക്കാരൻറെ കരവിരുത് കൊണ്ട് നെയ്തെടുത്ത ഒന്നാന്തരം തുണിത്തരങ്ങൾ വാങ്ങി,പകരം അങ്ങോട്ട് സ്വന്തം സ്വർണവും വെള്ളിയും കയറ്റി അയയ്ക്കുകയാണ്,യൂറോപ്‌ ചെയ്‌തിരുന്നത്‌ ....ആഭരണങ്ങളോടുള്ള ഇന്ത്യക്കാരൻറെ കമ്പം പറഞ്ഞറിയിക്കാൻ ആവില്ല.മുക്കാലും നഗ്നരായി നടക്കുന്ന അധഃകൃതരുടെ പോലും കാതിൽ സ്വർണ കമ്മലോ കഴുത്തിൽ ഒരു സ്വർണ മാലയോ കാണാം.കൈവിരലിലും കാൽ വിരലിലും സ്വർണ മോതിരം സാധാരണം.സ്ത്രീകളും കുട്ടികളും സ്വർണമോ വെള്ളിയോ കൊണ്ട് തീർത്ത തടിച്ച കൈവളകളും കാൽവളകളും ധരിച്ചിരിക്കും.സ്വർണമോ വെള്ളിയോ കൊണ്ടുള്ള ദിവ്യ വിഗ്രഹങ്ങളും മിക്ക വീടുകളിലും കാണാൻ കഴിഞ്ഞേക്കാം.

മാർക്‌സ്,ഇന്ത്യ,കയ്യെഴുത്തു പ്രതി 

ഇതാണ് മാർക്‌സ് ബെർണിയറിൽ നിന്ന് ചൂണ്ടിയ യാത്രാവിവരണം.
ഇന്ത്യ ദരിദ്ര രാജ്യമായിരുന്നു എന്നും ഇപ്പോഴും ദരിദ്രമാണെന്നും പ്രസംഗിക്കുന്ന പണ്ഡിതന്മാരുണ്ട്.രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോൾ, ഇന്ത്യയുടെ വരുമാനം ബ്രിട്ടന്റേതിനെക്കാൾ 16 ഇരട്ടി ആയിരുന്നുവെന്ന് ജെഫ്രി മൂർ എഴുതിയ ഇന്ത്യ ബ്രിട്ടാനിക്ക യിൽ വായിച്ചത് ഓർക്കുന്നു. ദരിദ്ര രാജ്യത്തെ കോളനിയാക്കാൻ ഒരാളും വരില്ല. ഇന്ത്യ ആയിരുന്നു, ബ്രിട്ടൻറെ മുഖ്യ വാണിജ്യ പങ്കാളി.അസംസ്‌കൃത വസ്‌തുക്കൾ ഇന്ത്യ ബ്രിട്ടന് നൽകി.അത് കൊണ്ടുണ്ടാക്കുന്ന ഉൽപന്നങ്ങൾക്ക് ഇന്ത്യ തന്നെ ആയിരുന്നു മുഖ്യ വിപണി. മാർക്‌സ് ജീവിച്ച 19 -o നൂറ്റാണ്ടിൻറെ ഒടുവിൽ ബ്രിട്ടൻറെ ഇറക്കുമതിയിൽ 20 ശതമാനവും ഇന്ത്യയിൽ ആയിരുന്നു.ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ,ഇന്ത്യയിലേക്ക് ബ്രിട്ടൻ അയച്ചിരുന്നത്,1265 കോടി രൂപയുടെ ചരക്കുകൾ ആയിരുന്നു !ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ചരക്കുകളായ ചായ,പരുത്തി,സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ ഉൽപന്നങ്ങളായി ഇവിടെ തിരികെ എത്തി.അവ മറ്റ് രാജ്യങ്ങളിലേക്കും കയറ്റി അയച്ചു.അതുകൊണ്ടാണ് ബ്രിട്ടീഷ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ ബാല ഗംഗാധര തിലകൻ ആഹ്വാനം ചെയ്‌തത്‌ -ആദ്യ ആഹ്വാനം ഗാന്ധിയുടേത് ആയിരുന്നില്ല.തിലകന്റേത് ഗാന്ധി ആവർത്തിക്കുക മാത്രമായിരുന്നു.

ചർക്കയുടെ കാര്യം പറഞ്ഞ് മാർക്‌സ് ഇന്ത്യയെ നാണം കെടുത്തേണ്ടിയിരുന്നില്ല.ക്രിസ്‌തുവിന് 500 -1000 കൊല്ലം മുൻപ് ഇന്ത്യയിലാണ് ചർക്ക കണ്ടു പിടിച്ചത് എന്ന സത്യം അറിഞ്ഞാൽ,ലോകത്തെ തുണിയുടുക്കാൻ പഠിപ്പിച്ചത് ഇന്ത്യയാണ് എന്ന് വരും.ചർക്കയുടെ ആദ്യ ചിത്രങ്ങൾ ഉണ്ടായത് 1234 ൽ ബാഗ്ദാദിലാണ്.ചൈനയിലും ഇസ്ലാമിക ലോകത്തും ചർക്ക എത്തിയത് പതിനൊന്നാം നൂറ്റാണ്ടിൽ മാത്രമാണ്.ചർക്കയ്ക്ക് മുൻപായിരുന്നു,തക്ളി.

ഇന്ത്യക്കാരൻറെ സ്വർണാഭിനിവേശത്തെ പരിഹസിച്ച ശേഷം മാർക്‌സ് ചില കണക്കുകൾ നിരത്തുന്നു.അദ്ദേഹത്തിൻറെ ലേഖനത്തിൽ നിന്ന്:

ബ്രിട്ടീഷുകാരനായ കൈയേറ്റക്കാരൻ ഇന്ത്യയുടെ ചർക്കയും കൈത്തറിയും തകർത്തു.യൂറോപ്യൻ വിപണികളിൽ നിന്ന് ഇന്ത്യൻ പരുത്തി തുണിത്തരങ്ങളെ പുറന്തള്ളി ഇതിന് തുടക്കമിട്ടു.ബ്രിട്ടൻ അത് കഴിഞ്ഞ് അവിടേക്ക് നൂറ്റ ( twist ) തുണിത്തരങ്ങൾ കടത്തി വിട്ടു.ഒടുവിൽ പരുത്തിയുടെ ആ ജന്മ ദേശത്തെ സ്വന്തം പരുത്തി തുണികൾ കൊണ്ട് മുക്കി.ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള തുണി കയറ്റുമതി 1818 നും 1936 നും ഇടയ്ക്ക് 1 :5200 എന്ന അനുപാതത്തിൽ വർധിച്ചു.മസ്ലിൻ തുണി കയറ്റുമതി 1824 ൽ ഏതാണ്ട് പത്തു ലക്ഷം വാര മാത്രമായിരുന്നു.1837 ൽ ഇത് 6 .4 കോടിയിൽ അധികമായി.അതേ സമയം ധാക്കയിലെ ജന സംഖ്യ ഒന്നര ലക്ഷത്തിൽ നിന്ന് 20000 ആയി ചുരുങ്ങി ( പരുത്തി കേന്ദ്രമായ ധാക്ക അന്ന് ഇന്ത്യയിൽ ആയിരുന്നു).സ്വന്തം തുണിത്തരങ്ങൾക്ക് പേര് കേട്ട ഇന്ത്യൻ പട്ടണങ്ങളുടെ അധഃപതനം ആയിരുന്നില്ല ഇതിൻറെ ഏറ്റവും വലിയ ദുരന്ത ഫലം.ബ്രിട്ടീഷ് അവിയന്ത്രവും ശാസ്ത്രവും കൂടി ചേർന്ന് കൃഷിയും നിർമാണ തൊഴിലും തമ്മിൽ ഉണ്ടായിരുന്ന ആ ഐക്യത്തെ ഇന്ത്യയുടെ മുഖത്ത് നിന്ന് തുടച്ചു നീക്കി.

ബ്രിട്ടനിലെ വ്യവസായ വിപ്ലവം ഇന്ത്യയെ കുത്തുപാള എടുപ്പിച്ചു എന്നാണ് മാർക്‌സ് പറഞ്ഞതിൻറെ ധ്വനി. അതുകൊണ്ടാണ്,ബ്രിട്ടീഷ് ആധിപത്യത്തെ,ചരിത്രത്തിൻറെ അബോധ പ്രേരണയായി,മാർക്‌സ് തുടർന്ന് കണ്ടെത്തി ന്യായീകരിക്കുന്നത്.

സത്യം ഇതൊന്നും അല്ല.ബ്രിട്ടീഷ് രാജിന് കീഴിൽ,ഇന്ത്യൻ സമ്പദ് രംഗം തളർന്നു-ജനസംഖ്യയെ പോലെ ഒരു ശതമാനം വളർച്ചാ നിരക്ക്.ബ്രിട്ടൻ ഇവിടെ വ്യവസായത്തെ പിന്നോട്ട് വലിച്ചു.മുഗൾ ഭരണ കാലത്തെക്കാൾ ആളോഹരി വരുമാനവും ഉൽപന്ന നിർമാണവും കുറഞ്ഞു.നാഗരികത പിന്നോട്ടടിച്ചു.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴിൽ ഇന്ത്യയിൽ ഉണ്ടായ സാമ്പത്തിക തളർച്ച വിഗ് രാഷ്ട്രീയ നേതാവായ എഡ്‌മണ്ട് ബർക്ക് 1778 ൽ തന്നെ ബ്രിട്ടനിൽ വലിയ വിഷയമാക്കി.വാറൻ ഹേസ്റ്റിംഗ്‌സിനും ഈസ്റ്റ് ഇന്ത്യ കമ്പനിക്കും എതിരെ ഏഴു വർഷത്തെ വിചാരണ നടത്തി.ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബ്രിട്ടൻ വൃത്തികെട്ട രീതിയിൽ കൈകാര്യം ചെയ്‌തത് മാത്രമായിരുന്നു,വിഷയം.ഇന്ത്യയെപ്പറ്റിയുള്ള ലേഖനങ്ങൾ മാർക്‌സ് തയ്യാറാക്കുമ്പോൾ,മൂലധനം എഴുതിയിരുന്നില്ല. ധന ശാസ്ത്രത്തിൻറെ ബാലപാഠം പോലും അറിയാത്ത നാലാം കിട ഗവേഷകൻ മാത്രമായിരുന്നു മാർക്‌സ് എന്നാണ് അദ്ദേഹം എഴുതിയ ഇന്ത്യ വിവരണത്തിൽ നിന്ന് തെളിയുന്നത്.പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടൻ ഇന്ത്യയിൽ നടപ്പാക്കിയ സമ്പദ് ശാസ്ത്രം കൊള്ളയുടെയും നാശത്തിന്റേതും ആയിരുന്നുവെന്ന് വിശ്വ ഭാരതി സർവകാശാല വൈസ് ചാൻസലറും പ്രസിഡൻസി സർവകാശാലയിൽ ചരിത്ര എമെറിറ്റസ് പ്രൊഫസറും ആയിരുന്ന ഡോ രജത് കാന്ത റേ എഴുതിയിട്ടുണ്ട് ( 2 ).ഇതാണ് 1770 ൽ ബംഗാൾ ജന സംഖ്യയിൽ മൂന്നിലൊന്നിനെ കൊന്ന ക്ഷാമത്തിന് വഴി വച്ചത്.ഇന്ത്യൻ നെയ്ത്തു മേഖലയെ നശിപ്പിക്കാൻ ബംഗാളിലെ നൂറു കണക്കിന് നെയ്ത്തുകാരുടെ കൈകൾ ഈസ്റ്റ് ഇന്ത്യ കമ്പനി വെട്ടി നീക്കിയതായി കഥ പ്രചരിക്കുകയുണ്ടായി.ദയനീയ തൊഴിൽ സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് ധാക്കയിലെ നെയ്ത്തുകാർ സ്വയം വിരലുകൾ ഛേദിച്ചതായി വില്യം ബോൾട്സ് എഴുതി ( 3 ).ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്‌ത ഡച്ച് കച്ചവടക്കാരനായിരുന്നു,ബോൾട്സ്,1757 ലെ പ്ലാസി യുദ്ധത്തിന് ശേഷം ബ്രിട്ടൻ നടത്തിയ ചൂഷണങ്ങൾ വിവരിക്കുന്നതാണ്,ഈ പുസ്തകം.

ഇന്ത്യയുടെ കോളനിവൽക്കരണമാണ്,ബ്രിട്ടനിൽ വ്യവസായവൽക്കരണത്തിന് വഴിയൊരുക്കിയത്.ബ്രിട്ടൻറെ ഇന്ത്യയിലെ സാന്നിധ്യം,ബ്രിട്ടീഷ് ഉൽപന്നങ്ങൾക്ക് ഇന്ത്യൻ വിപണി തുറന്നു കൊടുത്തു.ബ്രിട്ടീഷുകാർക്ക് ഇവിടെ നികുതിയില്ലാതിരിക്കെ ഇന്ത്യൻ കച്ചവടക്കാർക്ക് മേൽ വൻ നികുതി ചുമത്തി.ഇന്ത്യൻ പരുത്തി ഇറക്കുമതി ചെയ്‌ത ബ്രിട്ടനിലെ ഫാക്റ്ററികൾക്കും നികുതി ഇല്ലായിരുന്നു.ഇന്ത്യ ഒരേ സമയം അസംസ്‌കൃത വസ്‌തു നൽകുന്ന രാജ്യവും ഉൽപന്നം.3 വാങ്ങുന്ന വിപണിയുമായി.1700 ൽ ലോക വരുമാനത്തിൽ ഇന്ത്യയുടെ പങ്ക് 24 .4 ശതമാനമായിരുന്നുവെന്ന് കേംബ്രിഡ്‌ജ്‌ ചരിത്രകാരൻ അംഗസ്‌ മാഡിസൺ രേഖപ്പെടുത്തിയിട്ടുണ്ട്.യൂറോപ്പിൻറെ മൊത്തം പങ്കായ 23.3 ശതമാനത്തോടൊപ്പം നിൽക്കുന്ന ഒന്ന്.1700 ൽ ബ്രിട്ടന് ലോക വരുമാനത്തിലെപങ്ക് വെറും 2 .9 ശതമാനം മാത്രമായിരുന്നു.ഇത് 1870 ൽ ഒൻപത് ശതമാനമായി.19 -o നൂറ്റാണ്ടിൽ ഇന്ത്യയെ പിന്തള്ളി ബ്രിട്ടൻ ലോകത്തിലെഏറ്റവും വലിയ തുണി നിർമാതാവായി.

മാർക്‌സ് പരിഹസിച്ച സ്വർണാഭിമുഖ്യം കുടി നോക്കാം.ഇന്ത്യയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ബ്രിട്ടന് സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യേണ്ടിയിരുന്നു.ബ്രിട്ടൻ ഇന്ത്യൻ സമ്പദ് രംഗം താറുമാറാക്കിയതിനാൽ സ്വർണത്തിന്റെ വില കൂടി.1757 ലെ പ്ലാസി യുദ്ധത്തിന് ശേഷം,ഇന്ത്യയുടെ സമ്പത്ത് കൊള്ള ചെയ്‌ത്‌ കടൽ കടത്താൻ തുടങ്ങി.1765 ന് ശേഷം ഇവിടന്ന് സാധനങ്ങൾ വാങ്ങാൻ സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യേണ്ട നില വന്നു.ഇവിടെ നടപ്പാക്കുന്ന നികുതികൾ,കൊള്ളകൾ എന്നിവ അതിന് പകരം നിന്നു.പ്ലാസി യുദ്ധത്തോടെ സ്വർണ ഇറക്കുമതി ഇടിഞ്ഞു.യുദ്ധം ഇറക്കുമതിക്ക് ദോഷം ചെയ്‌തു.ഇവിടുന്നുള്ള കൊള്ള മുതൽ,വ്യവസായ വിപ്ലവത്തിന് അടിത്തറയിട്ടു.ഈ കൊള്ള അമേരിക്കയ്ക്കും ഗുണം ചെയ്‌തു.ബ്രിട്ടനിൽ നിന്നുള്ള ഇറക്കുമതി വസ്‌തുക്കൾക്ക് അമേരിക്കയിൽ വലിയ നികുതി ചുമത്തി.
------------------------------------------------
 1 .In Theory :Classes ,Nations,Literature / Aijaz Ahmad,Verso 1992
2 .Enterpreneurship and Industry in India 1800 -1947 (ed ) 1997
3.Considerations on India Affairs,1772.

Sunday, 8 September 2019

സഖാവ് വിശ്വാമിത്രൻ

റോമില ഥാപ്പറിന് ജാതി തിമിരം

റോമില ഥാപ്പർ ഇന്ത്യയിലെ പ്രമുഖ മാർക്‌സിസ്റ്റ്‌ ചരിത്രകാരിയാണ്; പ്രാചീന ചരിത്രമാണ് അവരുടെ വിഷയം. ഇന്ത്യയിലെ ചില ചരിത്രകാരന്മാർ അവരെ ഭയഭക്തി ബഹുമാനങ്ങളോടെ കാണുന്നു.

Indian Cultures as Heritage:Contemporary Pasts എന്ന അവരുടെ പുസ്തകം, അവരുടെ മറ്റു പുസ്തകങ്ങളെപ്പോലെ തന്നെ, ചരിത്ര വസ്തുതകളെക്കാൾ പ്രസ്താവനകൾ കൊണ്ട് നിബിഡമാണ്. തെളിവ് സാമഗ്രികളുടെ പിൻബലമുള്ള ഉൾക്കാഴ്ചകളാണ്, നാം ചരിത്രമെഴുത്തിൽ നിന്ന് പ്രതീക്ഷിക്കുക. തത്വ ചിന്തകൾക്ക് പ്രാധാന്യമുള്ള പുസ്തകങ്ങളെ ആധാരമാക്കി ചരിത്രം ചമയ്ക്കാൻ ഒരുമ്പെടുമ്പോൾ, അത് പാളിപ്പോകും. ഇത് വ്യക്തമാക്കുന്നതാണ്, ഈ പുസ്തകം.തത്വ ചിന്തയെ വ്യാഖ്യാനിക്കാൻ, തത്വ ചിന്തയുടെ തന്നെ പിൻബലം വേണം.അടിത്തറ തകർന്ന മാർക്‌സിസം പോരാ.

റോമില ഥാപ്പർ 

ഇന്ത്യയിൽ അസ്‌പൃശ്യത എങ്ങനെ ഉടലെടുത്തു എന്നാണ് അവർ അന്വേഷിക്കുന്നത്.വേദത്തിലെ ആചാര വിദഗ്ദ്ധൻ എന്ന നിലയ്ക്കാണ് ബ്രാഹ്മണൻ ശുദ്ധി അവകാശപ്പെട്ടതെന്ന് അവർ കണ്ടെത്തുന്നു. പുരാണ ഹിന്ദുമതം വികസിച്ചതോടെ, വേദ -ബ്രാഹ്മണ മതത്തിന് പ്രാധാന്യമില്ലാതായി.എന്നാൽ ഗുപ്‌ത വംശത്തിന് ശേഷം വേദാചാരങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെട്ടു. അക്കാലത്തുണ്ടായ ഭിന്ന രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് അഭിഷേകം വഴി നിയമസാധുത നൽകാനായിരുന്നു, ഇത്. ആദ്യം ചെറിയ വരേണ്യ വർഗ്ഗത്തിൽ ഒതുങ്ങിയെങ്കിലും, ക്രമേണ ഇവരുടെ സംഖ്യയും അസാധാരണ പദവിയിന്മേലുള്ള അവകാശ വാദവും കൂടി വന്നു. ഇക്കാലത്താണ് 'അസ്പൃശ്യൻ' നിലവിൽ വന്നത് എന്നാണ് ഥാപ്പറുടെ നിഗമനം. കിസ്ത്വബ്ദം ആദ്യ സഹസ്രാബ്ദത്തിൻറെ ആരംഭ മധ്യത്തിലാണ് ഇതുണ്ടായത് എന്ന് അവർ കണക്കാക്കുന്നു. എന്ന് വച്ചാൽ അവർക്ക് കണിശമായി അറിയില്ല. എന്തോ, ഏതോ, ആരോ, എങ്ങനെയോ തുടങ്ങിയ പ്രായോഗങ്ങൾ ഒ എൻ വി കുറുപ്പ് എന്ന മാർക്സിസ്റ്റിന്റെ പിടിയില്ലാ പ്രയോഗങ്ങൾ ആണെന്നാണ് ഇതുവരെ കരുതിയിരുന്നത്. ചരിത്രവും അങ്ങനെ വരുമായിരിക്കും.

അസ്‌പൃശ്യത എന്ന ആശയത്തിൻറെ ജന്മ പരിണാമങ്ങൾ ഇവിടെ നിന്ന് കണ്ടെത്തുകയാണ് തൻറെ അടുത്ത ശ്രമമെന്ന് ഥാപ്പർ പറയുന്നു. എന്നാൽ,വരാനിരിക്കുന്ന വിശദീകരണം, ചരിത്രപരമായി അപൂർണമായിരിക്കുമെന്ന മുൻ‌കൂർ ജാമ്യം അവരെടുക്കുന്നു. പ്രാചീന ഇന്ത്യൻ സമൂഹത്തിലെ അവർണനെപ്പറ്റി സാമൂഹ്യ ചരിത്രകാരന്മാർ പഠിക്കാത്തതാണത്രെ മുഖ്യ വിഘ്നം. വിദ്യാഭ്യാസമില്ലാതിരുന്ന അവർണരാകട്ടെ, ഒന്നും രേഖപ്പെടുത്തിയിട്ടുമില്ല. അതിനാൽ, ഥാപ്പർക്ക് പരതേണ്ടത്, സാഹിത്യത്തിലാണ്. അങ്ങനെ ഗുപ്തനാന്തര കാലത്ത് നിരവധി രാജ്യങ്ങൾ നിലവിൽ വരികയും അവിടങ്ങളിൽ നടക്കുന്ന രാജാഭിഷേകങ്ങൾക്ക് സാധുത വേണ്ടി വരികയും ചെയ്തിടത്ത്, ബ്രാഹ്മണന് ശുദ്ധിയും അവർണന് അശുദ്ധിയും കിട്ടിയതായി ഥാപ്പർ കാണുന്നു. "ലോകത്തിൽ ഈ അയിത്തം പോലെ,മനുഷ്യത്വ ഹീനമായ ഒരാചാരം വേറൊരിടത്തും ഇല്ല."

അവർണപ്പട്ടികകൾ പലതുണ്ടെങ്കിലും, പൊതുവായി എല്ലാറ്റിലും ഏറ്റവും താഴെ വരുന്നവനാണ് ചണ്ഡാളൻ. അയാൾക്ക് ജന്മത്തിൻറെ മാത്രമല്ല, ബലിയുടെ ഇര എന്ന അശുദ്ധിയുമുണ്ട്. ചണ്ഡാളനുമായി ശാരീരിക ബന്ധം പാടില്ല. ഭക്ഷണം പങ്കിടരുത്. ജന്മം കൊണ്ടല്ല,കർമം കൊണ്ടാണ് ഒരുവൻ ചണ്ഡാളൻ ആകുന്നത് എന്ന് ബുദ്ധൻ പറഞ്ഞെങ്കിലും, ജാതക കഥകളിൽ ചണ്ഡാള വിവേചനം കാണാം. പൊതുഭാഷയിൽ നിന്ന് ഭിന്നമാണ്, ചണ്ഡാള ഭാഷ. കൗടില്യൻറെ അർത്ഥ ശാസ്ത്ര ത്തിൽ, മറ്റ് പിന്നാക്കക്കാരിൽ നിന്ന് വ്യത്യസ്തമായി, ചണ്ഡാളൻ ശ്മശാനങ്ങൾക്കടുത്താണ് വാസമെന്ന് പറയുന്നു. പാണിനി, പതഞ്‌ജലി തുടങ്ങിയ വൈയാകരണന്മാരാകട്ടെ, നഗരത്തിനകത്ത് വസിക്കുന്നവർ (അനിർവാസിത), അതിന് പുറത്തുള്ളവർ (നിർവാസിത) എന്നിങ്ങനെ രണ്ടായി ശൂദ്രരെ തിരിക്കുന്നു. രണ്ടാം വിഭാഗത്തിലാണ്, ചണ്ഡാളൻ.

ന്യായമായും ഥാപ്പർ ഇനി മനുസ്‌മൃതി യിലേക്ക് കടക്കുന്നു. അതനുസരിച്ച് ശൂദ്രന് ബ്രാഹ്മണ സ്ത്രീയിൽ ജനിച്ചവനാണ്, ചണ്ഡാളൻ. ഇതിൽ സ്ത്രീകളെ താഴ്ത്തിക്കെട്ടൽ ഉണ്ട്. ചണ്ഡാളൻ ഉച്ചിഷ്ടമാണ് ഭക്ഷിക്കുന്നത്. ശവത്തിൽ നിന്നുള്ള വസ്ത്രമാണ് വേഷം. ഇരുമ്പ് കൊണ്ടുള്ള ആഭരണങ്ങളാണ് ധരിക്കുന്നത്. കടുത്ത വിശപ്പിൽ മാത്രമേ ചണ്ഡാളനിൽ നിന്ന് ഭക്ഷണം സ്വീകരിക്കാവൂ. "ഇതാണ് മഹാഭാരതത്തിലെ അവസാന അധ്യായങ്ങളിൽ ഒന്നിലെ ചർച്ച," ഥാപ്പർ എഴുതുന്നു. വിശ്വാമിത്ര മഹർഷി ചണ്ഡാളനിൽ നിന്ന് ഭക്ഷണം സ്വീകരിക്കുന്ന ആ കഥ ഥാപ്പർ പറയുന്നത് ഇങ്ങനെ:
"കടുത്ത ക്ഷാമ കാലത്ത്,ബ്രാഹ്മണന് കഴിക്കാവുന്ന മാംസത്തെപ്പറ്റി വിശ്വാമിത്ര മഹർഷി ചണ്ഡാളനുമായി സംവാദം നടത്തുന്നു.ശരീരം നിലനിർത്താൻ, വിലക്കപ്പെട്ട ഭക്ഷണം കഴിക്കുന്നത്, നിയമപരമായി സാധുവാണോ? വിലക്ക് വിശ്വാമിത്രൻ ലംഘിക്കുന്നത് തടയാൻ ചണ്ഡാളൻ ശ്രമിക്കുന്നുവെങ്കിലും, അയാൾ വിജയിക്കുന്നില്ല. ചണ്ഡാളന് ബ്രാഹ്മണ ധർമത്തെപ്പറ്റി കൂടുതൽ അറിയാം; ഒരുപക്ഷെ പരിഹാസമാകാം എന്ന തോന്നൽ നമുക്കുണ്ടാകുന്നു. അയിത്തം അത്ര കടുത്തത് അല്ലാത്ത ഒരു കാലത്താകാം ഇത് നടന്നതെന്നും അന്ന് ആഹാരവിലക്ക് കടുത്തത് ആയിരുന്നില്ലെന്നും വിശദീകരണം ഉണ്ടാകാം."

"വിശ്വാമിത്രനും ചണ്ഡാളനും തമ്മിലുള്ള സംഭാഷണം ആകസ്മികമായിരുന്നില്ല", ഥാപ്പർ എഴുതുന്നു, "നാം അളക്കേണ്ട ഒരർത്ഥം അതിനുണ്ട്."


ഥാപ്പറുടെ ഖേദം, മഹാഭാരതം പോലുള്ള ആഖ്യാനങ്ങളിൽ ജാതിയെ പ്രത്യക്ഷമായോ പരോക്ഷമായോ വിമർശിക്കുന്നവരുടെ കഥകൾ കാണുന്നില്ല എന്നതാണ്. നമ്മുടെ പൈതൃകം ഏകപക്ഷീയമല്ലാത്തതിനാൽ, ഭൂതകാല ആഖ്യാനങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉപാഖ്യാനങ്ങൾ കൂടിയുണ്ടാവണം. ചാർവാകന്മാരുടെയും ബുദ്ധ മതക്കാരുടെയും ശ്രമണിക ഗുരുക്കന്മാരുടെയും ആശയങ്ങൾ കൂടുതലായി അറിയണം. ചാർവാകന്മാർ മതത്തെ ചോദ്യം ചെയ്തതിനാൽ, അവരെ ഒഴിവാക്കി മറ്റുള്ളവരുടെ ആകുലതകൾ അപൂർവമായേ ചർച്ച ചെയ്യുന്നുള്ളു. ചർച്ചയ്ക്ക് എടുത്താൽ തന്നെ പൊതുവായിട്ടാണ്. "ധർമ്മശാസ്ത്ര സാഹിത്യത്തിന് സമൂഹത്തിലെ ചെറിയ വർഗ്ഗത്തിൻറെ നന്മ മാത്രമേ പരിഗണയിലുള്ളു," ഥാപ്പർ വിമർശിക്കുന്നു.

ക്രിസ്തുവിന് മുൻപ് നാലാം ശതകത്തിൽ ഇന്ത്യയിൽ എത്തിയ ഗ്രീക്ക് സഞ്ചാരി മെഗസ്തനീസ് ജാതിയെ കാര്യമായി പരാമർശിക്കുന്നില്ലെന്നും ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ എത്തിയ ചൈനീസ് സഞ്ചാരി ഫാഹിയാൻ, അയിത്ത ജാതിക്കാർ പട്ടണത്തിൽ എത്തുന്നത് മറ്റുള്ളവരെ അറിയിക്കാൻ മണിയടിക്കുന്നത് കണ്ടുവെന്നും ഥാപ്പർ എഴുതുന്നു. ധർമ്മ ശാസ്ത്രങ്ങളെക്കാൾ യാത്രാ വിവരണങ്ങളെയാണ് അവർക്ക് വിശ്വാസം. യാത്രാ വിവരണങ്ങൾ വായിച്ചു മതി മയങ്ങിയാണ് ഥാപ്പറുടെ ഗുരു കാൾ മാർക്‌സ് ഇന്ത്യയെപ്പറ്റി വിഡ്ഢിത്തങ്ങൾ വിളമ്പിയത് എന്ന കാര്യം അവർ ശ്രദ്ധിക്കുന്നില്ല.

ഥാപ്പർ കാണുന്നതാണോ നമ്മുടെ ധർമ്മ ശാസ്ത്ര സാഹിത്യം?
ക്രിസ്തുവിന് മുൻപ് ഏകദേശം 350 ൽ ജനിച്ച് 290 ൽ മരിച്ച ഗ്രീക്ക് ചരിത്രകാരനും നയതന്തജ്ഞനുമായ മെഗസ്തനീസ്, ഇന്ത്യയിൽ എത്തി രചിച്ച ഇൻഡിക്ക എന്ന പുസ്തകം എന്നേക്കുമായി നഷ്ടപ്പെട്ടു. പിൽക്കാല എഴുത്തുകാരുടെ പരാമർശങ്ങളിൽ നിന്ന് ഭാഗികമായി പുനരാവിഷ്കരിച്ചതാണ് നിലവിലുള്ള ഇൻഡിക്ക. ഗ്രീക്ക് ചക്രവർത്തി സെല്യൂക്കസ് ഒന്നാമൻ പാടലീപുത്രത്തിൽ ചന്ദ്രഗുപ്ത മൗര്യൻറെ അടുത്തേക്ക് അയച്ച സ്ഥാനപതി ആയിരുന്നു, മെഗസ്തനീസ്. ചന്ദ്രഗുപ്തൻറെ കൊട്ടാരത്തിൽ ക്രിസ്തുവിന് 302 -278 കാലത്താണ് അദ്ദേഹമുണ്ടായിരുന്നത് എന്ന് ചരിത്രകാരൻ കൗശിക് റോയ് പറയുന്നത് വച്ച് ക്രിസ്തുവിന് മുൻപ് മൂന്നാം നൂറ്റാണ്ടിൽ എന്ന് പറയുന്നതാവും ശരി.

മെഗസ്തനീസ് ഇന്ത്യയിൽ ഉണ്ടായിരുന്നപ്പോൾ ഇവിടെ കാര്യമായ ജാതി ഉണ്ടായിരുന്നില്ല എന്ന് ഥാപ്പർ വിശ്വസിക്കുന്നതിനാൽ, മഹാഭാരത കാലത്തും ജാതി ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ് കാണേണ്ടത്. അതുകൊണ്ട് അസ്‌പൃശ്യതയിൽ ഊന്നാൻ, വിശ്വാമിത്ര -ചണ്ഡാള ഉപാഖ്യാനം അവർ എഴുന്നള്ളിച്ചത് തന്നെ ഭംഗി ആയില്ല.

മെഗസ്തനീസിൻറെ ഇൻഡിക്ക യിൽ, ഇന്ത്യയിൽ ഏഴു ജാതികൾ ഉള്ളതായി പറയുന്നു. ആ ജാതികൾ ഇവയാണ്: തത്വ ജ്ഞാനികൾ, കർഷകർ, ഇടയന്മാർ, കരകൗശലക്കാർ, സൈനികർ, കാര്യസ്ഥർ, ഉദ്യോഗസ്ഥർ.

തത്വജ്ഞാനികൾ എണ്ണത്തിൽ കുറവായിരുന്നെങ്കിലും, ഉന്നതജാതി ആയിരുന്നുവെന്ന് മെഗസ്തനീസ് പറയുന്നു. അവർ ഭരണാധിപന്മാരോ സേവകരോ അല്ല. ദൈവത്തോട് അടുത്ത് നിൽക്കുന്നവരാണ്, അവർ. വർഷാരംഭത്തിൽ അവർ ക്ഷാമം, ഇടിവെട്ട്, രോഗങ്ങൾ, കാറ്റിൻറെ ഗതി തുടങ്ങിയവ പ്രവചിക്കും.പ്രവചനം തെറ്റിയാൽ ശിഷ്ടകാലം മൗനമാണ്, വിധി.
കർഷകരാണ് ജാതിയിൽ കൂടുതൽ.ഗ്രാമവാസികൾ രാജാവിന് കരം നൽകണം. ഇടയന്മാർ ഗ്രാമത്തിന് പുറത്താണ്. കൃഷി നശിപ്പിക്കുന്ന പക്ഷികളെയും മൃഗങ്ങളെയും കെണി വച്ച് പിടിക്കുകയാണ് ജോലി. കര കൗശലക്കാർ കർഷകർക്കും മറ്റും ആയുധങ്ങൾ പണിയും. ജാതിയിൽ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് സൈനികർ. ബ്രാഹ്മണരും ജൂതരും സോക്രട്ടീസിന് മുൻപ് കൈകൊണ്ടിരുന്ന മതവീക്ഷണങ്ങൾ മെഗസ്തനീസ് പരാമർശിക്കുന്നു. തത്വജ്ഞാനികളുടെ കാര്യം പറയുന്നതിൽ നിന്ന് തന്നെ, ബ്രാഹ്മണരുണ്ട് എന്ന് വ്യക്തം. ജാതി വിഭജനം തൊഴിലിൻറെ അടിസ്ഥാനത്തിലാണ് എന്നും മനസ്സിലാകുന്നു. ഈ ഏഴിലായിരുന്നു ഥാപ്പർ മാർക്സിസത്തിൻറെ വർഗ വിഭജനം കാണേണ്ടിയിരുന്നത്.

മെഗസ്തനീസിനെ ഥാപ്പർ ആശ്രയിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ, ഇന്ത്യയുടെ ചരിത്രം പറയുമ്പോൾ, മദ്യ ദേവനായ ഡയനീഷ്യസ് ഇന്ത്യ ആക്രമിച്ചു കീഴടക്കി എന്ന് അദ്ദേഹം പറയുന്നത് ഥാപ്പർ അംഗീകരിക്കുന്നുണ്ടോ? മല വർഗക്കാർ ഹെരാക്ലിസ് തങ്ങളിൽ ഒരുവനായിരുന്നു എന്ന് വിശ്വസിക്കുന്നതായി മെഗസ്തനീസ് പറയുന്നത് ഥാപ്പർ അംഗീകരിക്കുന്നുണ്ടോ? ഹെരാക്ലിസിന്റെ മകൾ പാണ്ഡ്യയിൽ നിന്നാണ് മധുരയിലെ പാണ്ഡ്യർക്ക് ആ പേര് വന്നതെന്ന് മെഗസ്തനീസ് പറയുന്നത് ഥാപ്പർ സമ്മതിക്കുന്നുണ്ടോ?

മെഗസ്തനീസ് മധുര സന്ദർശിച്ചിരുന്നു എന്നാണ് വിശ്വാസം. ശ്രീകൃഷ്ണനെയാണ് അദ്ദേഹം ഗ്രീക്ക് ദേവനായ ഹെരാക്ലിസ് ആയി കണ്ടതെന്ന് പറയപ്പെടുന്നു. മെഗസ്തനീസിൻറെ മുതലാളിയായ സെല്യൂക്കസ് ഇന്ത്യ കീഴടക്കാൻ വന്ന് പരാജയപ്പെട്ട രാജാവായിരുന്നു. ഡയനീഷ്യസ് വന്ന് ഇന്ത്യയെ നഗരവൽക്കരിച്ചതിനാൽ സെല്യൂക്കസിന് പിന്മാറേണ്ടി വന്നതായി മെഗസ്തനീസ് ചരിത്രം ചമച്ചതാണെന്ന് പോൾ ജെ കോസ്‌മാൻ നിരീക്ഷിച്ചിട്ടുണ്ട്. പ്രാഗ് കമ്മ്യൂണിസ്റ്റ് സമൂഹത്തെ ഡയനീഷ്യസ് മുതലാളിത്തവൽക്കരിച്ചു എന്ന് മാർക്സിസത്തിൽ പറയാം.

മഹാഭാരതത്തിലെ പന്ത്രണ്ടാം അധ്യായമായ 'ശാന്തി പർവ'ത്തിലെ ആപദ് ധർമ്മാനുശാസനത്തിലാണ്, വിശ്വാമിത്ര -ചണ്ഡാള സംവാദം വരുന്നത്. ത്രേതാ യുഗാവസാനം, ദ്വാപര യുഗാരംഭം 12 വർഷം നീണ്ട ക്ഷാമം ഭൂമിയിൽ നടമാടി. നീതിയും ന്യായവും വരണ്ട അക്കാലത്ത് മനുഷ്യർ പരസ്‌പരം ഭക്ഷിക്കാൻ തുടങ്ങി. കാട്ടിൽ നിന്ന് മഹർഷിമാർ ഭക്ഷണം തേടി പുറത്തെത്തി. വിശ്വാമിത്രൻ ചണ്ഡാള ചാളയിൽ എത്തി.

മെഗസ്തനീസ് ജാതി കണ്ടില്ല 

ചാളയിൽ വിശ്വാമിത്രൻ കണ്ടത്, നിരവധി കുടങ്ങളും പട്ടി മാംസവും നിരവധി കഴുതകളുടെയും പന്നികളുടെയും എല്ലുകളും ശവങ്ങളും ഒക്കെയാണ്. മുനിക്ക് കഴിക്കാവുന്ന ഫല മൂലാദികൾ ഒന്നുമില്ല. തളർന്നു വീണ വിശ്വാമിത്രൻ ബോധം വീണ്ടെടുത്തപ്പോൾ കണ്ടത്, ഒരു വടിയുടെ അറ്റത്ത് കോർത്ത പട്ടി മാംസമാണ്. വിശപ്പടക്കാനായി അത് മോഷ്ടിക്കാൻ വിശ്വാമിത്രൻ ഒരുമ്പെട്ടു.ജീവിതം അപകടത്തിലായിരിക്കെ മോഷ്ടിക്കാം എന്ന ധർമ്മ തത്വം ഓർമയിൽ വന്നു. രാത്രി കുടിലിനകത്ത് വിശ്വാമിത്രൻ പട്ടി മാംസം മോഷ്ടിക്കാൻ കയറി. ചണ്ഡാളൻ വിശ്വാമിത്രനെ ചോദ്യം ചെയ്‌തു. ഏറ്റവും താഴെക്കിടയിലുള്ള മൃഗമാണ് പട്ടി. തുടയാണ് അതിൻറെ ശരീരത്തിലെ വൃത്തികെട്ട ഭാഗം. അതാണ് വിശ്വാമിത്രൻ കട്ടു തിന്നാൻ നോക്കിയത്. അറിഞ്ഞു കൊണ്ട് ചെയ്യുന്ന തെറ്റ് താൻ തപം കൊണ്ട് നീക്കിക്കൊള്ളാം എന്നായി വിശ്വാമിത്രൻ.മരിക്കാൻ പോകുന്നവന് സന്ദേഹങ്ങൾ ആവശ്യമില്ല.

പാപം ചെയ്യരുതെന്ന് ചണ്ഡാളൻ കേണപേക്ഷിച്ചു.വേറെ എന്തെങ്കിലും ആഹാരം നോക്കി കൂടെ? കുറേക്കാലം മുൻപ് അഗസ്ത്യ മഹർഷി രാക്ഷസനായ വാതാപിയെ ഭക്ഷിച്ചിട്ടുണ്ട് എന്നായി വിശ്വാമിത്രൻ. ബ്രാഹ്മണരെ രക്ഷിക്കാൻ ചെയ്തതിനാൽ അത് സാധുവെന്ന് ചണ്ഡാളൻ. ശരീരം തിന്നുന്നത് ആത്മാവിനെ ബാധിക്കാത്തതിനാൽ പട്ടിമാംസം താൻ തിന്നോളം എന്ന് വിശ്വാമിത്രൻ. ചണ്ഡാളൻ നിരവധി ചോദ്യങ്ങൾ ഉയർത്തി എങ്കിലും വിശ്വാമിത്രൻ വഴങ്ങിയില്ല. പട്ടിമാംസം എടുത്ത് ഭാര്യയും മകനും പാർക്കുന്നിടത്തു ചെന്ന് വേവിച്ച് ദേവന്മാർക്ക് ഹവിസ്സായി അർപ്പിച്ചു. ആ നിമിഷം ദേവേന്ദ്രൻ കനിഞ്ഞ് ഭൂമിയിൽ മഴ പെയ്‌തു,ഔഷധ ചെടികൾ കിളിർത്തു. ദേവന്മാർക്ക് അർപ്പിച്ചതിനാൽ പട്ടിമാംസം വിശുദ്ധമായി.

ഥാപ്പർ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന മാർക്‌സിയൻ പ്രഹസനത്തിന് വേണ്ടി മഹാഭാരത ബൃഹദാഖ്യാനത്തിൻറെ മഹാ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത ഉപാഖ്യാനമാണ് ഇത്. പട്ടിണിയിൽ ജാതിയില്ല എന്ന ലളിത തത്വം മനസ്സിലാക്കുന്നതിന് പകരം, ഭാവനാത്മകമായ വർഗ വിഭജന കുറ്റിയിൽ കഥയെ കൊണ്ട് കെട്ടിയിടുകയാണ് ഥാപ്പർ. ഭൗതികവും ആത്മീയവുമായ തീവ്ര പ്രതിസന്ധിയിൽ മനുഷ്യൻ എങ്ങനെ  പെരുമാറണം എന്ന  ചോദ്യത്തിന് ഉത്തരമായി കിട്ടുന്ന തത്വമാണ്, ഇത്. വിശ്വാമിത്ര -ചണ്ഡാള സംവാദമല്ല, മുഖ്യ കഥാ സന്ദർഭം. ഇത്തരം പ്രതിസന്ധിയിൽ എന്ത് ചെയ്യും എന്ന യുധിഷ്ഠിരൻ്റെ ചോദ്യത്തിന് ഭീഷ്മരുടെ ഉത്തരമാണ്, ഈ കഥ. യുധിഷ്ഠിരൻ്റെ ചോദ്യം ഇതാണ്: ധർമം അധർമമാകുമ്പോൾ, രാജാവും കൊള്ളക്കാരും പ്രജകളെ പീഡിപ്പിക്കുമ്പോൾ, കാമം സമൂഹത്തെ വലയം ചെയ്യുമ്പോൾ, മനുഷ്യൻ മനുഷ്യനെ കൊല്ലുമ്പോൾ, കടുത്ത ക്ഷാമത്തിൽ നട്ടം തിരിയുമ്പോൾ, ബ്രാഹ്മണൻ എന്ത് ചെയ്യും?

ഉത്തരമായി കിട്ടുന്ന ഉപാഖ്യാനത്തിൽ നടക്കുന്നതെല്ലാം അരുതായ്കകൾ ആണ്. ബ്രാഹ്മണൻ പറയക്കുടിലിൽ ചെന്ന് കൂടാ. മംസം കഴിച്ചു കൂടാ. മോഷണം പാടില്ല.എന്നിട്ടും വിശ്വാമിത്രൻ ഇതൊക്കെ ചെയ്യുമ്പോൾ കിട്ടുന്നത് അദ്വൈത തത്വമാണ്. ശരീരത്തിന് വേണ്ടത് ആത്മാവിനെ ബാധിക്കുന്നില്ല. ബ്രാഹ്മണനാകട്ടെ, ചണ്ഡാളനാകട്ടെ, ആത്മാവ് അഭിന്നമാണ്.

കാലഗണന ഥാപ്പർ തന്നെ നടത്തട്ടെ -ശങ്കരാചാര്യർ വഴിയിൽ കണ്ട ചണ്ഡാളനോട് അയിത്തം കാരണം മാറിപ്പോകാൻ പറഞ്ഞു. ചണ്ഡാളൻ ശങ്കരാചാര്യരെ ചോദ്യം ചെയ്‌തു: ശരീരത്തോടാണോ ആത്മാവിനോടാണോ മാറിപ്പോകാൻ പറഞ്ഞത്? ശരീരം എപ്പോഴും മാറുന്നതാണ്; അതിനോട് മാറിപ്പോകാൻ പറഞ്ഞിട്ട് കാര്യമില്ല. ആത്മാവാകട്ടെ,ഒരിക്കലും മാറുന്നില്ല. അതിനാൽ,അതിനോട് മാറാൻ പറയേണ്ടതില്ല.

ആ അദ്വൈത നിമിഷത്തിൽ ശങ്കരാചാര്യർ എഴുതിയതാണ്, മനീഷാ പഞ്ചകം. അഞ്ചു ശ്ലോകങ്ങളേയുള്ളു. സമയം കിട്ടുമ്പോൾ ഥാപ്പർ എടുത്തു വായിക്കണം. ബ്രാഹ്മണനും ചണ്ഡാളനും ഒന്ന് എന്ന വർഗ വിഭജനത്തിനപ്പുറമുള്ള, വിഭജനമില്ലാത്ത മാനുഷ്യകം എന്ന തത്വം പിടി കിട്ടും.

കീഴ് ജാതിക്കാരൻ സവർണനെ ചോദ്യം ചെയ്യുന്ന രണ്ടു സന്ദർഭങ്ങൾ നാം കണ്ടു. അവർണൻ സവർണനെ ചോദ്യം ചെയ്യുന്ന വലിയ കഥയാണ് ഏകലവ്യന്റേത്.മഹാഭാരതം വായിച്ച ശേഷം, രാഷ്ട്രീയ താൽപര്യങ്ങൾ കൊണ്ടാകാം, എൻറെ മനസ്സിൽ ഉടക്കിയ കഥാപാത്രമാണ്, ഏകലവ്യൻ. ശ്രീകൃഷ്ണൻറെ പിതാവ് വസുദേവരുടെ സഹോദരന് കീഴ് ജാതിക്കാരിയിൽ ജനിച്ചവനാണ് ഏകലവ്യൻ. ദ്രോണർ പെരുവിരൽ ഛേദിച്ചു വാങ്ങിയ ശേഷം അയാളെ മഹാഭാരതത്തിൽ കൃഷ്ണനും ദ്രോണർക്കുമെതിരെ പല സന്ദർഭങ്ങളിലും കാണാം-സുഭദ്രാഹരണ സമയത്ത് കൃഷ്ണൻറെ ശത്രു ജരാസന്ധനൊപ്പം. കുരുക്ഷേത്രയുദ്ധത്തിൽ ശത്രു പക്ഷത്ത്.

മഹാഭാരതത്തിൽ വ്യാസൻ ഏതെങ്കിലും പക്ഷത്ത് നിലയുറപ്പിച്ചിട്ടുണ്ടോ?ഓരോ കഥാപാത്രവും അധർമം ചെയ്യുമ്പോൾ വിളിച്ചു പറയുന്ന ജോലിയാണ് ചരിത്രകാരനായ വ്യാസൻ ആ സാഹിത്യ കൃതിയിൽ ചെയ്‌തത്‌. ധർമ്മ ശാസ്ത്രങ്ങൾക്കും ജാതികൾക്കുമപ്പുറം വിസ്‌തൃതമായി കിടക്കുന്ന മനുഷ്യ മനസും പ്രപഞ്ച മനസും അവിടത്തെ പ്രഹേളികാ സമാനമായ ജീവിത നാടകവുമാണ്, ഭാരത ചരിത്രം. വർഗ വിഭജന തിമിരം ശസ്ത്രക്രിയ ചെയ്‌തു നീക്കിയാലേ, സനാതന സത്യങ്ങൾ കാണാനാകൂ. വേദ സാഹിത്യകാരൻ കൃതികളിൽ ആവാഹിക്കുന്ന ചണ്ഡാളൻ പലപ്പോഴും ജാതി സ്വരൂപമല്ല; തത്വം വെളിവാക്കാൻ അവതരിക്കുന്ന ചുടല ഭസ്‌മം പൂശിയ ഈശ്വരനാണ്; ആ ഈശ്വരൻറെ നിറം കറുപ്പാണ്.

See https://hamletram.blogspot.com/2019/07/blog-post_1.html

Saturday, 7 September 2019

മാനവികത ചോർന്ന ആ വഴിയിൽ

സംഹാരത്തിൻറെ ജന്മവേദം 

 സോവിയറ്റ് യുണിയനിൽ എഴുത്തുകാർ സ്റ്റാലിന്റെ കാലത്ത് ഉന്മൂലനം ചെയ്യപ്പെട്ടത്,ഒരു തിരശീലയിൽ എന്ന പോലെ തെളിയാൻ തുടങ്ങിയത്,രാഷ്ട്രീയ സി ജെ എന്ന പുസ്തകത്തിൻറെ രചനക്കിടയിലാണ്;സി ജെ തോമസിൻറെ രാഷ്ട്രീയമാണ് അതിൽ വിഷയം.സി ജെ കൂത്താട്ടു കുളത്തു നിന്ന് തൃശൂർക്ക് രക്ഷപ്പെട്ട് അവിടെയാണ് ആദ്യ നാടകം അവൻ വീണ്ടും വരുന്നു എഴുതിയത്.അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി കൊൽക്കത്ത തീസിസ് അംഗീകരിച്ചതിന് പിന്നാലെ,കൂത്താട്ടുകുളത്ത് ഉമ്മൻ കൊലക്കേസ് നടന്ന് നാട്ടുകാരെ പൊലീസ് വേട്ടയാടുമ്പോഴാണ് പാർട്ടി അനുഭാവിയായ സി ജെ അവിടന്ന് രക്ഷപ്പെട്ടത്.സായുധ കലാപം പാർട്ടി നയമായി അംഗീകരിച്ചപ്പോൾ,കേരളത്തിൽ പല കലാപങ്ങൾ നടന്നതിൽ ഒന്നായിരുന്നു,ഉമ്മൻ കേസ്.

ഇടപ്പള്ളി സ്റ്റേഷൻ ആക്രമണം,ശൂരനാട് കലാപം,പൂജപ്പുര ജയിൽ കലാപം,പുന്നപ്ര വയലാർ എന്നിവക്കെല്ലാം പ്രചോദനം കൊൽക്കത്ത തീസിസോ അതിനുള്ള മുന്നൊരുക്കങ്ങളോ ആയിരുന്നു.
സി ജെ യുടെ നാടകത്തിൽ സ്വാഭാവികമായും,സഖാവ് രാഘവൻ എന്ന കഥാപാത്രം വന്നു.വിമുക്ത ഭടനും അന്ധനുമായ മാത്തുക്കുട്ടിയെ ഫാക്റ്ററിയിലെ സമരത്തിന് ക്ഷണിച്ച് കൊലയ്ക്ക് കൊടുക്കുന്ന രാഘവൻ,പുന്നപ്ര വയലാറിൽ വിമുക്ത ഭടന്മാരെ ഉപയോഗപ്പെടുത്തി,നിരപരാധികളെ കൊലയ്ക്ക് കൊടുത്ത കമ്മ്യൂണിസ്റ്റ് നേതാക്കളെ ഓർമിപ്പിക്കുന്നു.ഇത്തരം ചർച്ചകളിൽ ഉയർന്നു വരുന്ന ബ്രൂഗലിന്റെ അന്ധൻ നയിക്കുന്ന അന്ധന്മാർ എന്ന ചിത്രത്തെ അന്ധനായ മാത്തുക്കുട്ടി ഓർമിപ്പിക്കുന്നു;അഥവാ സഖാവിനാൽ നയിക്കപ്പെടുന്ന അന്ധ ജനതയുടെ പ്രതിനിധിയാണ്,അയാൾ.

ഇത് കഴിഞ്ഞ്,സ്റ്റാലിന്റെ കാലത്ത് കലാകാരന്മാർക്ക് നേരെ നടന്ന ക്രൂരതകൾ എഴുതണമെന്ന് തോന്നി.മയക്കോവ്‌സ്‌കിയും ഗോർക്കിയും അന്ന അഹ്മത്തോവയും മേയർഹോൾഡും ഇസാക് ബാബേലും തുടങ്ങി പട്ടിക നീണ്ടു.സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡിന്റെ പശിമയിൽ നിർവൃതി പൂണ്ട ഒ എൻ വി പരുവത്തിലുള്ള കമ്മ്യൂണിസ്റ്റ് എഴുത്തുകാർ നിറഞ്ഞ കേരളത്തിൽ അതൊന്നും ചർച്ച ആയില്ല.അക്കാലത്ത്,1937 ൽ കമ്മ്യൂണിസ്റ്റ് എഴുത്തുകാരനായ ഹരീന്ദ്രനാഥ് ചതോപാധ്യയുടെ സഹോദരൻ വിരേന്ദ്ര നാഥിനെ സ്റ്റാലിൻ കൊന്നത് ലോകം അറിഞ്ഞത് തന്നെ സ്റ്റാലിന്റെ മരണ ശേഷമാണ്.കവികൾ തന്നെ സ്റ്റാലിന്റെ മഹത്വം പാടിയതിന് ഉദാഹരണമാണ് പാബ്ലോ നെരൂദ;സ്റ്റാലിന് വേണ്ടി നെരൂദ ട്രോട് സ്‌കിയെ കൊല്ലാൻ കൂട്ട് നിന്ന കഥ ഈ പുസ്തകത്തിൽ വായിക്കാം.നെരൂദയ്ക്ക് ആകാമെങ്കിൽ,ആലപ്പുഴ കവികൾക്ക് എന്ത് ചേതം?

മാർക്‌സിസവും അതിൽ നിന്നുള്ള കമ്മ്യൂണിസവും മാനവികതയ്ക്ക് തന്നെ എതിരായത് എങ്ങനെ എന്ന് സൈദ്ധാന്തികമായി തന്നെ അതിനിടയിൽ അന്വേഷിച്ചു;അങ്ങനെ അന്ധനായ മാർക്‌സ് എഴുതി.മനുഷ്യനെ ഒന്നായി കാണുന്നതിന് പകരം,വിഭജിക്കുന്ന പ്രത്യയ ശാസ്ത്രമാണ് അതെന്ന് ബോധ്യപ്പെട്ടു.വിഭജന ശേഷം ഒരു വർഗം മറ്റൊന്നിനെ ഉന്മൂലനം ചെയ്യുന്ന അധികാര ക്രമം മാത്രമാണ്,കമ്മ്യൂണിസം.അധികാരമുള്ള കമ്മ്യൂണിസ്റ്റ് പുതിയ വർഗമായി മാറുന്നു.തൊഴിലാളിയുടെ പേര് പറഞ്ഞ് മുതലാളിയായി തൊഴിലാളിയെ കൂട്ടക്കൊല ചെയ്യുന്ന വർഗം.മൂന്നാറിലും ചന്ദന തോപ്പിലും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ തൊഴിലാളികളെ വെടിവച്ചു കൊന്ന മാനവികത  നക്ഷത്രവും ചുറ്റികയും എന്ന കമ്മ്യൂണിസ്റ്റ് ചരിത്ര പുസ്തകത്തിൽ ഞാൻ വിവരിച്ചിരുന്നു,അന്ധനായ മാർക്‌സ് എഴുതുമ്പോൾ മൗലികത ഇല്ലാത്ത എഴുത്തുകാരനാണ് മാർക്‌സ് എന്നും ബോധ്യം വന്നു.ഹെഗലിൻറെ ഫിലോസഫി ഓഫ് ഹിസ്റ്ററി യും ഫോയർബാക്കിന്റെ എസൻസ് ഓഫ് ക്രിസ്ത്യാനിറ്റി യും ഇല്ലെങ്കിൽ,മാർക്‌സ് ഇല്ല.ഹെഗലിൽ നിന്ന് ഫോയർബാക്കിന്റെ സഹായത്തോടെ മാർക്‌സ് ദൈവത്തെ വിച്ഛേദിച്ചപ്പോൾ,മാനവികതയുടെ ശിരച്ഛേദം നടന്നു.ദൈവം രൂപമായി പ്രത്യക്ഷപ്പെടണം എന്നില്ല.മാനവികതയുടെ മൂർത്ത രൂപമാണ്,ദൈവം.അതിനെ മുറിച്ചു മാറ്റുമ്പോൾ സംഭവിക്കുന്നത്,മനുഷ്യൻറെ ആന്തരിക ജീവിത വിച്ഛേദവും ആത്മീയതയുടെ ഉന്മൂലനവുമാണ്.വെറും ഭൗതിക തലത്തിൽ നിൽക്കുന്ന ആ പ്രത്യയ ശാസ്ത്രം പൊള്ളയായതു കൊണ്ടാണ്,മിലോവൻ ജിലാസിന് മുന്നിൽ സ്റ്റാലിൻ ദസ്തയേവ്‌സ്‌കിയെ പുച്ഛിച്ചത്.അങ്ങനെ,സോവിയറ്റ് യൂണിയനിലും അതിൻറെ കിഴക്കൻ യൂറോപ്പിലെ ഉപഗ്രഹ രാജ്യങ്ങളിലും നടന്ന ഉന്മൂലനങ്ങൾ പഠിച്ചു.അതിൻറെ ഫലമാണ്,ഈ പുസ്തകം.

സ്റ്റാലിൻ മാത്രമാണ് കൊലയാളി എന്ന് വിചാരിക്കുന്നവരുണ്ട്;ലെനിനാണ് കൂട്ടക്കൊലകൾ ആദ്യം ആസൂത്രണം ചെയ്‌തത്‌.പോളണ്ടിലെ പട്ടാളക്കാർ മാത്രമല്ല,റഷ്യൻ കർഷകരും അതിൽ പെട്ടു.സ്റ്റാലിൻ അത് ജൂത വംശ ഹത്യകളിലേക്കും കമ്മ്യൂണിസ്റ്റ് രാജ്യത്തെ തന്നെ ആക്രമിക്കുന്നതിലേക്കും വ്യാപിപ്പിച്ചു.ക്രൂഷ്ചേവ് സ്റ്റാലിനെ തള്ളിപ്പറഞ്ഞു കൊണ്ട് തന്നെ,ഹംഗറിയിൽ ടാങ്കുകൾ ഉരുട്ടി.നബോക്കോവിനെ നിരോധിച്ചു.ലൂക്കാച്ച് ഉൾപ്പെടെ ഇടത് ബുദ്ധി ജീവികൾ സ്റ്റാലിന് ജയ് പാടി സാർത്രിന്  പൂർവ മാതൃകകൾ ആയി.മാർക്‌സിസം സംഹാരത്തിൻറെ വേദ പുസ്തകം ആയി.ചതിക്കും കൊലയ്ക്കും അടിയിൽ,മാർക്‌സിന്റെ കുഞ്ഞാടുകൾ ചോര കൊണ്ട് ഒപ്പിട്ടു.നിണമൊഴുകിയ ആ വഴിയിലൂടെയുള്ള സഞ്ചാരമാണ്,ഇത്.

ഗോർബച്ചേവ് വന്ന് ആ വഴിയിൽ പുണ്യാഹം തളിച്ചത് കൊണ്ടാണ് ഈ വിവരങ്ങൾ സമാഹരിക്കാൻ ആയത്.ജനാധിപത്യ ലോകത്തിന് തുറന്നു കിട്ടിയ ആർകൈവ്‌കളിൽ കൊടും ക്രൂരതകളുടെ തെളിവുകൾ ശേഷിച്ചു എന്നത് അദ്‌ഭുതമാണ്.ചിലർ സ്വന്തം ഭാഗം ന്യായീകരിക്കാൻ ഉണ്ടാക്കുന്ന തെളിവുകൾ സത്യത്തിൻറെ ഹിരണ്മയം കൊണ്ട് തിളങ്ങുക തന്നെ ചെയ്യുമെന്ന് ചരിത്രം ഒരിക്കൽ കൂടി പഠിപ്പിക്കുന്നു.ലെനിൻ ഭിന്ന ദേശീയതകൾക്കായി വാദിച്ചു.മോസ്‌കോയിൽ നിന്ന് ആയിരം മൈൽ അകലെ ജോർജിയയിൽ നിന്ന് വന്ന സ്റ്റാലിൻ,സമഗ്രാധിപത്യത്തിന് നില കൊണ്ടു.ലെനിൻ ട്രോട് സ്‌കിയെ വെട്ടി നിരത്തി തിരഞ്ഞെടുത്തവൻ ആയിരുന്നു,സ്റ്റാലിൻ.ട്രോട് സ്‌കിയെ മാത്രമല്ല,മക്കളെയും ആ നീചൻ കൊന്ന കഥ ഇവിടെ വായിക്കാം.

വായിച്ച ശേഷം മനുഷ്യനിലേക്ക് അടുക്കാൻ കഴിഞ്ഞാൽ,അതാണ്,സുകൃതം .

( ചതിയും കൊലയും : കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ പ്രതികാരത്തിൻറെ കഥകൾ എന്ന പുസ്തകത്തിൻറെ ആമുഖം )

Friday, 6 September 2019

നെഹ്രുവിന്റെ മകൻറെ അമ്മ

ആ കുട്ടി ചാപിള്ള ആയിരുന്നു 

നെഹ്രുവിന്റെ സെക്രട്ടറി ആയിരുന്ന എം ഒ മത്തായി എഴുതിയ പുസ്തകത്തിലാണ്( Reminiscnences of Nehru Age ), നെഹ്‌റുവിന് ശ്രദ്ധമാതാ എന്ന സന്യാസിനിയിൽ ഒരു മകൻ ഉണ്ടായി എന്ന് പരസ്യമായി വന്നത്;ഇക്കാര്യം രഹസ്യമായി അറിയപ്പെട്ടിരുന്നു.1978 ഫെബ്രുവരി 28 ലെ ഇന്ത്യ ടുഡേ യിൽ ശ്രദ്ധമാതായുമായി ഒരഭിമുഖം വന്നു. മകനുണ്ടായി എന്ന കാര്യം നിഷേധിച്ച അവർ,നെഹ്രുവുമായി അടുപ്പമുണ്ടായിരുന്നു എന്നും ഏഴെട്ട് കത്തുകൾ നെഹ്‌റു തനിക്ക് എഴുതിയിരുന്നു എന്നും സമ്മതിച്ചിരുന്നു.
ജയ്‌പൂർ രാജാവായിരുന്ന സവായ് മാൻ സിംഗ് നൽകിയ ഹാത്രോയ് കോട്ടയിലെ വസതിയിൽ താമസിക്കുകയായിരുന്നു,മാതാ.

നെഹ്‌റു എഴുതിയ കത്തുകൾ തൻറെ സെക്രട്ടറി ആത്മാനന്ദിൽ നിന്ന് മോഷണം പോകുകയായിരുന്നു എന്നാണ് മാതാ വിശദീകരിച്ചത്.തൻറെ ഛായയുള്ള ഒരു സ്ത്രീ സെക്രട്ടറിയെ പറ്റിക്കുകയായിരുന്നു എന്ന മാതായുടെ വിശദീകരണം വിശ്വസിക്കാൻ വയ്യ .

സന്യാസിനി ആകും മുൻപ് താൻ 50 ദിവസത്തോളം  വിവാഹിതയായിരുന്നതായി മാതാ സമ്മതിച്ചു.അത് കഴിഞ്ഞ്,ഗാന്ധിയുടെ ആശ്രമത്തിൽ എത്തി.ഉപരാഷ്ട്രപതി ആകാൻ നെഹ്‌റു പലതവണ ആവശ്യപ്പെട്ടെങ്കിലും,പാർലമെൻറിൽ ഇരിക്കാൻ വയ്യാത്തതിനാൽ സമ്മതിച്ചില്ല. അമർനാഥിൽ ഒരു ഗുഹയിൽ വസിക്കുമ്പോൾ ഇന്ദിരാഗാന്ധിയും ധീരേന്ദ്ര ബ്രഹ്മചാരിയും തന്നെ വന്നു കണ്ടിരുന്നു. നെഹ്രുവുമായുള്ള ബന്ധത്തിൽ ഇന്ദിര ഇടപെട്ടില്ലെന്നും മാതാ പറഞ്ഞിരുന്നു.താൻ ഇതൊക്കെ വിശദീകരിക്കുന്ന പുസ്തകം എഴുതിയെന്ന് പറഞ്ഞ് മാതാ,ആദ്യ അധ്യായം ലേഖകനെ വായിച്ചു കേൾപ്പിച്ചു. പുസ്തകം ഇറങ്ങിയതായി അറിവില്ല.

ശ്രദ്ധമാതയും നെഹ്രുവും 

ജയ്‌പൂർ ആകാശവാണിക്കടുത്താണ്, ഹാത്രോയ് കോട്ട.1500 വർഷം പഴക്കമുള്ള കോട്ടയിൽ മാതയ്‌ക്കൊപ്പം ഭക്തനായ പദം സിംഗ്,ക്ഷേത്ര പൂജാരി വിജേന്ദ്ര മിശ്ര,ലണ്ടനിൽ നിന്നുള്ള കലാധ്യാപിക ബാർബറ ഹട്ടൻ, വിവാഹം തകർന്ന യുവാവ് രാജാറാം എന്നിവരാണ് ഉണ്ടായിരുന്നത്.

നെഹ്‌റുവിനെ മാതാ കണ്ടത് 1948 ൽ അവർക്ക് 35 വയസ്സുള്ളപ്പോഴാണ്.ഇന്ദിരയ്ക്ക് 31 .ബനാറസിൽ നിന്നെത്തിയ സംസ്‌കൃത പണ്ഡിതയായ ഇവരെ നെഹ്രുവിന്റെ മുൻ ജീവനക്കാരൻ എസ് ഡി ഉപാധ്യായ കൊണ്ട് വന്നു എന്നാണ് മത്തായി എഴുതിയത്.ആ കാഴ്ചകൾ പിന്നെ സ്ഥിരമായി.പണി തീർന്ന ശേഷം രാത്രികളിൽ നെഹ്‌റു അവരെ കണ്ടു.ലക്‌നോയിൽ മാതാ നെഹ്‌റുവിനെ കാണാൻ ചെന്നപ്പോൾ നെഹ്രുവിന്റെ കാമുകിയും സരോജിനി നായിഡുവിൻറെ മകളുമായ പത്മജ ക്ഷുഭിതയായി.യു പി യിൽ അന്ന് ഗവർണർ ആയിരുന്നു, സരോജിനി.കുറെ നാളത്തേക്ക് മാതാ അപ്രത്യക്ഷയായി.1949 നവംബറിൽ ബംഗളുരുവിലെ ഒരു കോൺവെന്റിൽ നിന്ന് ഒരാൾ ഒരു കൂട്ടം കത്തുകളുമായി വന്നു. ഏതാനും മാസം മുൻപ് ഉത്തരേന്ത്യയിൽ നിന്നൊരു യുവതി കോൺവെന്റിൽ എത്തി ഒരു ആൺ കുഞ്ഞിനെ പ്രസവിച്ചെന്നും അവർ പേര് പറയാതെ പോയെന്നും അവർ ഉപേക്ഷിച്ച കത്തുകൾ ആണ് അവയെന്നും അയാൾ പറഞ്ഞു. കത്തുകൾ എഴുതിയത്, പ്രധാനമന്ത്രിയാണ്.നെഹ്‌റു കത്തുകൾ വാങ്ങി കീറിക്കളഞ്ഞു.

മത്തായിയുടെ ഈ വിവരണം അന്വേഷിച്ചാണ് ഇന്ത്യ ടുഡേ പോയി 65 വയസുള്ള മാതയെ കണ്ടെത്തിയത്.ഉത്തർ പ്രദേശിലെ സുൽത്താൻ പൂരിൽ നിന്നുള്ള മാതാ ഒന്നാന്തരമായി പ്രഭാഷണം നടത്തിയിരുന്നു. ഇംഗ്ലീഷ് നന്നായി സംസാരിച്ചു.അക്കാലത്ത് അവർക്കറിയാത്ത മഹാന്മാർ ഉണ്ടായിരുന്നില്ല.ഗാന്ധി, ഡോ എസ് രാധാകൃഷ്ണൻ, പുരുഷോത്തം ദാസ് ഠണ്ഡൻ, ഗുരുജി എം എസ്  ഗോൾവാൾക്കർ, കെ എം മുൻഷി, ഡോ രാജേന്ദ്ര പ്രസാദ്, സർദാർ പട്ടേൽ എന്നിവരെയൊക്കെ അറിയാമായിരുന്നു. സുഹൃത്തുക്കളിൽ ഒരാൾ എ കെ ഗോപാലൻ ആയിരുന്നുവെന്ന് അവർ ഇന്ത്യ ടുഡേ യോട് പറഞ്ഞു.

കൊൽക്കത്തയിൽ,നെഹ്‌റു മന്ത്രിസഭയിലെ ശ്യാമപ്രസാദ് മുക്കർജി അവരുടെ ശിഷ്യനായിരുന്നുവെന്ന് മാതാ അവകാശപ്പെട്ടു. മുക്കർജിയോടാണ് നെഹ്രു തന്നെപ്പറ്റി അന്വേഷിച്ചത്.ബംഗാളി ബുദ്ധിജീവി രാജാ ക്ഷിതി മോഹൻ റോയ് തന്നെപ്പറ്റി എഴുതിയത് നെഹ്‌റു വായിക്കുകയും തൻറെ ചിത്രം കാണുകയും ചെയ്തിരുന്നു.നെഹ്‌റു മുക്കർജിയെ നിര്ബന്ധിച്ചാണ്, തന്നെ കാണണം എന്നാവശ്യപ്പെട്ടത്.

ശ്യാമപ്രസാദ് മുക്കർജി ഇടത്തേയറ്റം
 
ഉത്തർ പ്രദേശിലെ ഷിക്കോഹാബാദിലെ 70 വയസുള്ള അഭിഭാഷകൻ ഫണീന്ദ്ര പാൽ സിംഗിനെ ഇന്ത്യ ടുഡേ കണ്ടു.അദ്ദേഹമാണ് 1932 ൽ ശ്രദ്ധാ മാതയെ വിവാഹം ചെയ്‌തത്‌. "അവൾ ശക്തിയെ ആരാധിച്ചിരുന്നു;ഒരിക്കൽ പൂജാ മുറിയിൽ നെഹ്രുവിന്റെ ചിത്രവും കണ്ടു", സിംഗ് പറഞ്ഞു.

മണിക്കൂറുകൾ തന്നോട് നെഹ്‌റു സംസാരിച്ചിരിക്കുമായിരുന്നുവെന്ന് മാതാ പറഞ്ഞിരുന്നു. ഉച്ചയ്‌ക്കോ രാത്രി 11 നോ ആണ് താൻ ചെന്നിരുന്നത്.തന്നെ നെഹ്‌റുവിൽ നിന്ന് വേർപെടുത്താൻ ശ്രമിച്ച ശക്തികൾ മൂന്ന് വധശ്രമങ്ങൾ നടത്തിയെന്ന് നെഹ്‌റു അറിയിച്ചതായും മാത പറഞ്ഞു. 1954 ൽ അവർ ജയ്‌പൂരിൽ താമസമായി.കോട്ടയിൽ അവർ സ്വന്തം സേനയുണ്ടാക്കിയപ്പോൾ മുഖ്യമന്ത്രി മോഹൻ ലാൽ സുഖാദിയ നെഹ്രുവിനോട് പരാതിപ്പെട്ടു.രാജസ്ഥാൻ പത്രിക അവർക്കെതിരെ എഴുതി. ഈ സംഭവങ്ങളോടെ അവസാനമായി ഒരു വട്ടം കൂടി മാതാ നെഹ്‌റുവിനെ കണ്ടു. അത് 1958 ൽ ഒരു പാർക്കിൽ ആയിരുന്നു. മാതാ 1987 ൽ മരിച്ചു.

ഈ പശ്ചാത്തലത്തിൽ 2004 ഫെബ്രുവരി 23 ന് ഔട്ട് ലുക് അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങൾ പ്രസിദ്ധീകരിച്ചു. മത്തായി പറഞ്ഞ കാര്യങ്ങൾ ശരിവയ്ക്കുന്നതായിരുന്നു വിവരങ്ങൾ.

ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷന് അടുത്ത ആശുപത്രിയിൽ നിന്ന്,പേര് വെളിപ്പെടുത്താത്തതിനാൽ പുറത്താക്കിയ ഗർഭിണിയെ 1949 ഏപ്രിലിൽ ഏറ്റെടുത്തത് ഡോ എസക്കിയൽ എന്ന വനിതാ ഡോക്റ്റർ ആയിരുന്നു. യുവതിയുടെ പക്കൽ അധികം പണമില്ലെങ്കിലും ധനികയാണെന്ന് തോന്നിച്ചു.ബെൻസൺ ടൗണിൽ മാസം 50 രൂപ വാടകയ്ക്ക് ചെറിയ വീട് എടുത്തു കൊടുത്തു. സിവിൽ സ്റ്റേഷനിലെ കത്തോലിക്ക ആശുപത്രിയിൽ രണ്ടു തവണ പരിശോധിപ്പിച്ചു. ഒരു മാസം അവിടെ കഴിഞ്ഞ യുവതി ഒരു പാക്കറ്റിലെ കത്തുകൾ ആവർത്തിച്ച് വായിച്ചു കൊണ്ടിരുന്നു. ഉറങ്ങുമ്പോൾ അവ തലയിണക്കടിയിൽ സൂക്ഷിച്ചു. 1949 മെയ് 30 രാത്രി ആശുപത്രിയിൽ ചാപിള്ളയെ പ്രസവിച്ചു.ഒൻപതു ദിവസം ആശുപത്രിയിലും തുടർന്ന് പത്തു ദിവസം വാടക വീട്ടിലും കഴിഞ്ഞു. ജൂൺ 19 ന് വിമാനത്തിൽ ഡൽഹിക്ക് പോയി. 600 രൂപ ചെലവ് വന്നത് തിരിച്ചു നൽകാമെന്ന് എസക്കിയലിന് ഉറപ്പ് നൽകി. കത്തുകൾ എടുക്കാൻ യുവതി മറന്നു.

ഹാത്രോയ് കോട്ട 

പഞ്ചാബ്,കൊൽക്കത്ത ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസ് ആയിരുന്ന ദേബി സിംഗ് തെവറ്റിയയാണ് ഔട്ട്ലുക്കി ന് തുടർന്നുള്ള വിവരങ്ങൾ നൽകിയത്.

c/o അശുതോഷ് ലാഹിരി, ജി എസ് എച്ച് എം എസ്,ന്യൂഡൽഹി എന്ന വിലാസമാണ് എസക്കിയലിന് യുവതി കൊടുത്തത്. അതിൽ എഴുതിയ കത്ത് മടങ്ങി.എസക്കിയലിന്റെ ഭർത്താവ്, ഹിന്ദി പണ്ഡിതൻ ഡോ കരം ചന്ദ് വൈദിനടുത്ത് യുവതി മറന്ന കത്തുകൾ കൊണ്ട് പോയി.ആദ്യമെടുത്ത കത്ത് 1948 മാർച്ച് രണ്ടിന് ലക്‌നോ ഗവൺമെൻറ് ഹൗസിൽ നിന്ന് അയച്ചതായിരുന്നു. അത് ഒറ്റയടിക്ക് നെഹ്രുവിന്റെ കൈയക്ഷരമാണെന്ന് വൈദ് തിരിച്ചറിഞ്ഞു. എല്ലാ കത്തും നെഹ്‌റുവിൽ നിന്ന്; എഴുതിയിരിക്കുന്നത്, ശ്രദ്ധയ്ക്ക്. എല്ലാം പ്രണയ പൂരിതം. നെഹ്രുവിന്റെ ആരാധകനായ വൈദ്,നെഹ്രുവിന്റെ പ്രശസ്തിക്ക് ഊനം തട്ടുന്നതിൽ ആശങ്കാകുലനായി. ശ്രദ്ധ കടം വാങ്ങിയ 600 രൂപ എസക്കിയലിന് കൊടുത്ത്, വൈദ് കത്തുകൾ സൂക്ഷിച്ചു. കത്തുകൾ നെഹ്‌റുവിന് നേരിട്ട് കൊടുക്കാൻ,പ്രൈവറ്റ് സെക്രട്ടറി എ വിത്തൽ പൈക്ക്, വൈദ് എഴുതി. മറുപടി പ്രോത്സാഹ ജനകം ആയിരുന്നില്ല. കത്തുകൾ നൽകാൻ ചെല്ലേണ്ടെന്നും തൻറെ വിലാസത്തിൽ അയച്ചാൽ മതിയെന്നും പൈ എഴുതി. പ്രധാനമന്ത്രിക്ക് കത്തുകൾ ദുഷ്‌ട ലാക്കോടെ ഉപയോഗിക്കുന്നതിൽ ആശങ്കയില്ല.

രാത്രി പത്തു മണിക്ക് ശേഷം കാണാമെന്ന് ശ്രദ്ധയോട് പറയുന്ന ഭാഗം വിവരിച്ച് വൈദ് വീണ്ടും പൈയ്ക്ക് എഴുതി. അത് ദുർവ്യാഖ്യാനമാണെന്ന് പൈ തിരിച്ചെഴുതി. എന്നിട്ടും വൈദ് ഡൽഹിയിൽ പോയി നെഹ്‌റുവിനെ കണ്ടു. കൂട്ടത്തിൽ നിർദോഷമായ കത്ത്, നെഹ്‌റു വൈദിന് സൂക്ഷിക്കാൻ നൽകി. ഒരു രഹസ്യ നമ്പർ നൽകി എന്താവശ്യത്തിനും വിളിക്കാൻ നെഹ്‌റു പറഞ്ഞു; ചില ജോലികൾ വാഗ്‌ദാനം ചെയ്‌തു, വൈദ് നിരസിച്ചു.ദേശാഭിമാനത്താൽ പ്രചോദിതനായാണ് താൻ വന്നത്. പ്രധാനമന്ത്രിയുടെ കീർത്തി പോകുന്നത് നന്നല്ല.

നെഹ്രുവിന്റെ മതേതരത്വം തകർക്കാൻ ഹിന്ദു മഹാസഭ ആസൂത്രണം ചെയ്‌ത പദ്ധതിയുടെ ഭാഗമായാണ് ശ്യാമപ്രസാദ് മുക്കർജി, മാതയെ പരിചയപ്പെടുത്തിയത് എന്ന വാദം, ഔട്ട്ലുക് നിരത്തുന്നുണ്ട്. അത് ശരിയാണെങ്കിൽ തന്നെ, നെഹ്‌റുവിന് വ്യഭിചാര വാഞ്ഛയുണ്ടായിരുന്നു എന്ന് സമ്മതിക്കുകയാണ്.

വേദങ്ങളെപ്പറ്റി കൊൽക്കത്തയിൽ മാതാ സംസാരിക്കുന്നത് കേൾക്കാൻ വലിയ ആൾക്കൂട്ടം കണ്ട മുക്കർജി അവരെ ഡൽഹിയിലും സംസാരിപ്പിച്ചു. അതിനും ആളു കൂടി.ആൾദൈവങ്ങളെ ഇഷ്ടമല്ലാത്ത നെഹ്‌റു, മുക്കർജി പറഞ്ഞിട്ടും മാതയെ കാണാൻ ആദ്യം വിസമ്മതിച്ചെന്നും അപ്പോൾ സുഹൃത്ത് ജഗത് നാരായൺ ലാലിനോട് മാതയെ കൂട്ടി നെഹ്രുവിനടുത്ത് ചെല്ലാൻ നിർദേശിച്ചെന്നും ഔട്ട്ലുക് എഴുതി. 15 മിനുട്ട് കൊടുത്ത നെഹ്‌റു അവരുടെ അംഗലാവണ്യത്തിൽ ഭ്രമിച്ച് ഒന്നരമണിക്കൂർ സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ രാത്രി വൈകി ആയി കാഴ്ച.

ഹിന്ദു മഹാസഭയുടെ അശുതോഷ് ലാഹിരി, വി ഡി സവർക്കർക്ക്, മാതാ നെഹ്രുവുമായി സജീവ ബന്ധം സ്ഥാപിച്ചത് വിവരിക്കുന്ന കത്ത് എഴുതിയത്, ഐ ബി പിടിച്ചെടുത്ത് ആഭ്യന്തരമന്ത്രി സർദാർ പട്ടേലിന് കൊടുത്തു. ബംഗാൾ എം എൽ എയും ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറിയും ആയിരുന്ന ലാഹിരി ആ കത്തിൽ പറഞ്ഞു:

I believe that higher powers are guiding the destiny of India. Who knows that this new contact, if it effectuates, might lead to quite new developments.

"അതീത ശക്തികൾ ഇന്ത്യയുടെ ഭാഗധേയം നിയന്ത്രിക്കുന്നു.ഈ ബന്ധം ഫലപ്രദമായാൽ പുതിയ സംഭവ വികാസങ്ങൾ ഉണ്ടാകാം."

പട്ടേൽ 1949 മാർച്ച് നാലിന് ഈ കത്ത് പട്ടേൽ,നെഹ്‌റുവിന് അയച്ചു വിശദീകരണം തേടി.നെഹ്‌റു അന്ന് തന്നെ ഇത് നിസ്സാരമാക്കി,മറുപടി എഴുതി:

"...it is perfectly true that the lady in question has met me several times in Delhi and Lucknow... (We) usually discussed two subjects—the Hindu Code Bill and the question of language, that is, Hindi. She tried to influence me in regard to these two matters and I tried to influence her the other way. I don't know what success I've had, but she had none, so far as I am concerned."

പലതവണ ഈ സ്ത്രീ തന്നെ കണ്ടെങ്കിലും, ഹിന്ദു കോഡ് ബില്ലും ഹിന്ദി ഭാഷാ പ്രശ്നവുമാണ് ചർച്ച ചെയ്‌തത്‌ !

നെഹ്‌റു മരിച്ച് 15 വർഷത്തിന് ശേഷം, മത്തായിയുടെ വെളിപ്പെടുത്തൽ വന്ന ശേഷം, ഖുശ്വന്ത്‌ സിംഗിനോട്,മാതാ പറഞ്ഞത്, തൻറെ ആകാരത്തിൽ നെഹ്‌റു ആകൃഷ്ടൻ ആയിരുന്നു എന്നാണ്. മുജ്ജന്മ ബന്ധമുണ്ടെന്ന് തോന്നി. മണിക്കൂറുകൾ ഒന്നിച്ചുണ്ടായിരുന്നു. താൻ സന്യാസിനി ആയിരുന്നില്ലെങ്കിൽ നെഹ്‌റു വിവാഹം ചെയ്തേനെ. ഒരു കത്തിൽ മാതാ എന്നതിന് പകരം 'പ്രിയേ ' എന്ന് നെഹ്‌റു സംബോധന ചെയ്‌തിരുന്നു (Not A Nice Man to Know: The Best of Khushwant Singh).

ഖുശ്വന്ത് സിംഗ് മൂന്ന് തവണ നിഗംബോധ് ഘട്ടിലും, ഡൽഹി നഗരസഭ അവരെ അവിടന്ന് പുറത്താക്കിയപ്പോൾ, 20 മൈൽ അകലെ ഓഖ്‌ലയിൽ ശിവ് ശംഭു ദയാൽ മന്ദിറിലും കണ്ടു. അവർ സിംഗിനോട് സ്വന്തം കഥ പറഞ്ഞു: അമ്മയുടെ ഒറ്റ മകൾ. അച്ഛൻ രണ്ടാം വിവാഹം ചെയ്‌ത്‌, താൻ ജനിക്കുന്നതിന് രണ്ടു മാസം മുൻപ് മരിച്ചു. അച്ഛൻറെ സഹോദരി റാണി റഖോനാഥ് കൗർ  അവരെ ദത്തെടുത്തു. സഹോദരി അയോധ്യയ്ക്കടുത്ത് സിങ്പൂർ -പാൻഹോന നാട്ടുരാജ്യത്തിലെ രാജ്ഞി ആയിരുന്നു. റാണിക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. അവരുടെ സ്വത്ത് നോക്കിയിരുന്നത് അച്ഛനായിരുന്നു. ബ്രഹ്മ ക്ഷത്രിയ കുടുംബം. കുഞ്ഞുന്നാൾ മുതലേ കാവി ഇഷ്ടം. പാവയ്ക്കു പകരം ബുദ്ധ പ്രതിമ. ഏഴാം വയസ്സിൽ, മുല കൊടുത്തിരുന്ന ആയ മരിച്ചപ്പോൾ, ഭൗതിക ജീവിതം വേണ്ടെന്ന് തോന്നി. എട്ടാം വയസിൽ ഒരു വൃദ്ധയ്‌ക്കൊപ്പം ബദരീനാഥിൽ പോയി. വൃദ്ധ പോയിട്ടും ആറുമാസം താൻ അവിടെ കഴിഞ്ഞു. ഒൻപതാം വയസ്സിൽ റാണി തൻറെ വിവാഹം നിശ്ചയിച്ചു. ആ പയ്യനുമായി നിരന്തരം തർക്കിച്ച് അത് വേണ്ടെന്നു വച്ചു. സുന്ദരി ആയിരുന്നതിനാലും സ്വത്ത് ഉണ്ടായിരുന്നതിനാലും പലരും വിവാഹ മോഹിതർ ആയിരുന്നു. 13 വയസിൽ അകന്ന ബന്ധു ഫണീന്ദ്ര പാൽ സിംഗ് വിവാഹം ചെയ്‌തു. അന്ന് നിയമം പഠിക്കുകയായിരുന്നോ അഭിഭാഷകൻ ആയിരുന്നോ എന്ന് നിശ്ചയമില്ല.
മാൻ സിംഗും ഗായത്രി ദേവിയും 

ഭർത്താവിൻറെ വീട് തടവറ ആയിരുന്നു.അതിനാൽ താൻ നിർബന്ധ വിവാഹത്തിൻറെ ഇരയാണെന്ന് ഗാന്ധിക്ക് കത്തെഴുതി.ഉടൻ ചെല്ലാൻ പറഞ്ഞ് സെക്രട്ടറി മഹാദേവ് ദേശായ് കത്തെഴുതി. അഞ്ചാറ് ആഴ്ച ഭർത്താവിൻറെ വീട്ടിൽ കഴിഞ്ഞ് രക്ഷപ്പെട്ടു. വീട്ടിൽ ഇരുന്നാണ് ഭാഷകൾ പഠിച്ചത്. 40 ദിവസം ഗാന്ധിക്കൊപ്പം കഴിഞ്ഞു. ഭർത്താവിൻറെ വീട്ടുകാർ എത്തിയപ്പോൾ ഗാന്ധി പറഞ്ഞു: "അവൾ ഗംഗയുടെ അല പോലെയാണ്; കൂട്ടിൽ ഇടേണ്ട".

ജാതകത്തിൽ പാർവതി; ശരിപ്പേര്,ശ്യാം കല. സന്യാസം സ്വീകരിച്ചപ്പോൾ സുശ്രീയാനന്ദ സരസ്വതി.ഗാന്ധിയുടെ ആശ്രമത്തിൽ സ്വയം തോന്നിയ പേരാണ്, ശ്രദ്ധ.

മഹാരാജ സവായ് മാൻ സിംഗ് 1953 ൽ ശ്രദ്ധയ്ക്ക് നൽകിയ ഹാത്രോയ് കോട്ടയിൽ ആറാം തവണ ഖുശ്വന്ത് സിംഗ്, മാതയെ കണ്ടു. അവിടെ അവർ മഹാശക്തി പീഠം സ്ഥാപിച്ചു. ഗാന്ധി ആശ്രമത്തിൽ നിന്ന് മാതാ ബംഗാൾ കാളി ഘട്ടിൽ എത്തി.അവിടത്തെ ക്ഷേത്ര പൂജാരി ഹരി പാദ ബന്ദോപാധ്യായ ഒരു ദിവസം രാവിലെ അവരെ കണ്ട്, കാളിയുടെ അവതാരം എന്ന് കരുതി കാൽക്കൽ വീഴുകയായിരുന്നു. ഭക്ത ജന പ്രവാഹമുണ്ടായി.

അക്കൂട്ടത്തിൽ, കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് രാമപ്രസാദ്‌ മുക്കർജി ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി ശ്യാമപ്രസാദ് മുക്കർജിയുടെ ജ്യേഷ്ഠൻ. ദക്ഷിണേശ്വറിൽ റാണി രാസ് മണിയുടെ കൊട്ടാരത്തിൽ താമസിച്ചു. ധീവര രാജ്ഞിയായ അവരാണ്, രാമകൃഷ്ണ പരമഹംസരെ കണ്ടെത്തിയത്. കൊട്ടാരത്തിൽ മുൻപ് സ്വാമി വിവേകാനന്ദനും സിസ്റ്റർ നിവേദിതയും താമസിച്ചിരുന്നു. മാതാ ഗീതാ പ്രഭാഷണം നടത്തി കൊണ്ടിരുന്നു.

നെഹ്രുവിനെ താൻ  സ്വാധീനിച്ച ചില കാര്യങ്ങളുണ്ടെന്ന് മാതാ, സിംഗിനോട് പറഞ്ഞു: India that is Bharat എന്ന് ഭരണഘടനയിൽ നെഹ്‌റു ചേർക്കാൻ ശ്രമിച്ചത്, ഇന്നത്തെ Bharat that is India എന്ന് മാറ്റിയത് താനാണ്; സംസ് കൃതത്തിന്റെ  ദേവനാഗരി ലിപി റോമൻ ലിപിയാക്കാൻ നെഹ്രു നടത്തിയ നീക്കം പൊളിച്ചു സംസ്‌കൃതത്തിന് സ്ഥാനം നൽകിയത് താനാണ് -നെഹ്രുവിന്റെ മതേതരത്വം അട്ടിമറിച്ചു എന്നർത്ഥം. ഗാന്ധി വധിക്കപ്പെട്ട അന്ന് മാതാ ഫരീദാബാദിൽ ആയിരുന്നു. 1952 ൽ വിദേശത്ത് പോയി. തിരിച്ചു വന്ന് നെഹ്രുവിനെ വിളിച്ചില്ല.സവായ് മാൻ സിംഗും ഭാര്യ സുന്ദരിയായ ഗായത്രി ദേവിയും ശിഷ്യരായി മാറിയിരുന്നു. നെഹ്‌റു ജയ്‌പൂരിൽ എത്തിയപ്പോൾ,ഹരി ഭൻ ഉപാധ്യായ ഒരു മെഹ്ഫിൽ സംഘടിപ്പിച്ചു. മാതാ ദൂരെയിരുന്നു കണ്ടു.

നെഹ്രുവിന് ആദ്യ ആഘാതമുണ്ടായപ്പോൾ മാതാ ആകുലയായി കത്തെഴുതി.ദേഷ്യം മാറ്റി വയ്ക്കാൻ നെഹ്‌റു മറുപടി എഴുതി. അതായിരുന്നു,അവസാന ആശയ വിനിമയം. "അടുത്തായിരുന്നപ്പോൾ ഞാൻ അദ്ദേഹത്തിന് ശക്തി പകർന്നിരുന്നു. അകന്നപ്പോൾ നടന്നില്ല. അസുഖത്തിൽ സഹായിക്കാൻ ആയില്ല", മാതാ പറഞ്ഞു.

ദേബി സിംഗ്  തെവറ്റിയ

ജസ്റ്റിസ് ദേബി സിംഗ്  തെവറ്റിയയ്ക്ക് 1976 ൽ ഡോ വൈദിൽ നിന്ന് ഒരു കത്ത് കിട്ടിയിട്ടാണ് ഇരുവരും കണ്ടത്. വൃദ്ധനായ വൈദ് കൈയിലുള്ള ഒരു കത്ത് കാട്ടി.നെഹ്രുവിന്റെ അവിഹിത സന്തതിയെപ്പറ്റി വൈദ് പറഞ്ഞത് നടുക്കി. തെവറ്റിയയ്ക്ക് 1952 മുതൽ മാതയെ അറിയാമായിരുന്നു. ഇരുവരും ലണ്ടനിൽ പാർലമെൻറ് സ്ട്രീറ്റ് 48 ൽ ഒരേ ബോർഡിങ് ഹൗസിലാണ് അന്ന് താമസിച്ചിരുന്നത്. അവരുടെ ശബ്‌ദം വികാര ലോലമായിരുന്നു. മീര ഭജനുകൾ തരളിതമായി പാടിയിരുന്നു.

നിയമവിദ്യാർത്ഥിയായ അദ്ദേഹവും സന്യാസിനിയും മത കാര്യങ്ങൾ ചർച്ച ചെയ്‌തു. ഹിന്ദി,ഇംഗ്ലീഷ്‌ പുസ്തകങ്ങൾ അവരുടെ മുറിയിൽ നിറഞ്ഞിരുന്നു. സുൽത്താൻ പൂരിൽ ജനിച്ച അവരെ അമ്മായി ദത്തെടുത്തു. അയോധ്യയ്ക്കടുത്ത ചെറിയ സ്ഥലത്ത് റാണിയായിരുന്നു, അമ്മായി. 14 വയസിൽ ബന്ധുവായ അഭിഭാഷകൻ വിവാഹം ചെയ്‌തു. രണ്ടാഴ്ച കഴിഞ്ഞ് അവർ ഗാന്ധി ആശ്രമത്തിലേക്കും അവിടന്ന് ഹിമാലയത്തിലേക്കും പോയി. 26 വയസ്സിൽ മികച്ച പ്രഭാഷകയായ സന്യാസിനിയായി. നെഹ്‌റു യുക്തിവാദിയല്ലെന്നും രേഖ നോക്കാൻ കൈ നീട്ടുമായിരുന്നെന്നും മാതാ അന്ന് പറഞ്ഞിരുന്നു.

ലണ്ടനിലുള്ള ഉപരാഷ്ട്രപതി എസ് രാധാകൃഷ്ണൻറെ നമ്പർ കൊടുത്ത് വിളിക്കാൻ തെവറ്റിയയോട് അന്ന് മാതാ ആവശ്യപ്പെട്ടു. രാധാകൃഷ്‌ണൻ ലൈനിൽ വന്നു. ഒരാഴ്ചയ്ക്കുള്ളിൽ ലണ്ടനിൽ നിന്ന് മാതയുടെ മടക്കയാത്ര ശരിയാക്കിയത് അദ്ദേഹമായിരുന്നു.

ഒരു കൊല്ലം കഴിഞ്ഞ് ഹരിയാനയിലെ ഫരീദാബാദിൽ മാതയെ കണ്ടു. അവരുടെ കോട്ടേജിന് നിരവധി നായകൾ കാവൽ നിന്നു. കമ്പി വേലി കെട്ടിയിരുന്നു. പുതിയ പാകാർഡ് കാറിൽ തെവറ്റിയയ്ക്ക് മാതാ ഡൽഹിക്ക് ലിഫ്റ്റ് നൽകി. ഫ്രഞ്ചുകാരൻ ആയിരുന്നു ഡ്രൈവർ.വിദേശികളോട് മാതായ്ക്കുണ്ടായിരുന്ന വെറുപ്പ് മങ്ങിയിരുന്നു. വിദേശ ഭാര്യയെ കിട്ടിയോ എന്ന് അവർ തെവറ്റിയയോട് ചോദിച്ചു. 1966 ൽ രാജസ്ഥാൻ ഹൗസിൽ അവരെ കണ്ടു.തടി കുറഞ്ഞിരുന്നു. അവർ ഇടതു പക്ഷത്തായിരുന്നു. ഇന്ദിര തന്നെ വേട്ടയാടുന്നുവെന്ന് അവർ പറഞ്ഞു. എന്ത് കൊണ്ടെന്ന് ചോദിച്ചില്ല.എന്ത് കൊണ്ടെന്ന് വൈദ് വന്നപ്പോൾ മനസ്സിലായി.

തെവറ്റിയ 1985 ൽ ജയ്‌പൂരിൽ ഒരു വിവാഹത്തിന് പോയപ്പോൾ മാതയെ അവസാനമായി കണ്ടു.താമസിച്ച ഹോട്ടലിന് പിന്നിലായിരുന്നു,മാതയുടെ കോട്ട.പ്രമേഹം രൂപത്തെ ബാധിച്ചിരുന്നു.

ഹരിയാനയിലെ റോഹ്ത്തക്കിൽ ജനിച്ച തെവറ്റിയ ( 1930 -2017 ) ലണ്ടനിൽ ലിങ്കൻസ് ഇന്നിൽ പഠിച്ച് 1969 ൽ ഹരിയാന അഡ്വക്കേറ്റ് ജനറൽ ആയി. അടുത്ത കൊല്ലം ജഡ്‌ജി.1987 ൽ പഞ്ചാബ് -ഹരിയാന ചീഫ് ജസ്റ്റിസ് ആയിരിക്കെ കൊൽക്കത്തയ്ക്ക് മാറ്റിയ അദ്ദേഹം ഒരു വർഷം കഴിഞ്ഞ് ചീഫ് ജസ്റ്റിസ് ആയിരിക്കെ രാജി വച്ചു. A Journey Less Travelled ആത്മകഥ.

See https://hamletram.blogspot.com/2019/09/blog-post_5.html

Thursday, 5 September 2019

സരോജിനി,ജിന്നയ്ക്ക് പ്രണയപൂർവം

ജിന്ന പ്രണയിച്ചത് സുഹൃത്തിൻറെ മകളെ  

പാക്കിസ്ഥാൻ രാഷ്ട്ര പിതാവ് മുഹമ്മദാലി ജിന്ന ( 1876 -1948 )  നാൽപതാം വയസിൽ പതിനാറുകാരി രത്തൻ ബായ് എന്ന പാഴ്‌സി പെൺകുട്ടിയെ പ്രണയിച്ചതും രണ്ടു വർഷം കഴിഞ്ഞ് വിവാഹം ചെയ്‌തതും പുസ്‌തകം ആയ കഥയാണ്.അത്തരം പുസ്തകങ്ങളിൽ നിന്ന് കിട്ടുന്ന ഉപോല്പന്നമാണ് സരോജിനി നായിഡു ( 1879 -1949 ) വിന് ജിന്നയോട് തോന്നിയ പ്രണയം.അവർ ജിന്നയ്ക്ക് കവിതകൾ എഴുതിയിരുന്നു.

ഹെക്റ്റർ ബോലിതോ എഴുതിയ,Jinna,Creator of Pakistan എന്ന പുസ്തകത്തിൽ അങ്ങനെ ഒരു കവിത ഉദ്ധരിച്ചിട്ടുണ്ട്:

In the noon-tide hours, O Love,
secure and strong, I need thee not. . . .
But in the desolate hour of midnight, when
An ecstasy of starry silence sleeps
On the still mountains and the soundless deeps,
And my soul hungers for thy voice. .



"പ്രിയനേ ഉച്ചയ്ക്ക് നിന്നെ എനിക്ക് ആവശ്യമില്ല,പാതിരയ്ക്ക് എൻറെ ആത്മാവ് നിനക്കായി കൊതിക്കുന്നു" എന്ന് പറയുന്നതിൽ പ്രണയം മാത്രമല്ല,കാമത്തിൻറെ ആക്രാന്തം ആണുള്ളത്.

ബംഗാളി ബ്രാഹ്മണനും ഹൈദരാബാദ് നൈസാം കോളജ് പ്രിൻസിപ്പലും ശാസ്ത്രജ്ഞനുമായിരുന്ന അഘോർ നാഥ് ചതോപാധ്യയുടെ എട്ടു മക്കളിൽ മൂത്തവൾ ആയിരുന്നു,സരോജിനി.അമ്മ വരദ സുന്ദരി ബംഗാളി കവയിത്രി ആയിരുന്നു.സാധാരണ മക്കൾ ആയിരുന്നില്ല.സരോജിനി,സഹോദരിമാരായ മൃണാളിനി,സുഹാസിനി എന്നിവരെ ഇന്ത്യയിലെത്തി കണ്ട് ഒരു ലേഖനം തന്നെ എഡ്‌ഗാർ സ്നോ എഴുതുകയുണ്ടായി.സുഹാസിനി മലയാളിയായ പ്രവാസി വിപ്ലവകാരി എ സി എൻ നമ്പ്യാരുടെ ഭാര്യ ആയിരുന്നു,കുറച്ചു കാലം.സുഹാസിനി ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ,സ്വന്തം സെക്രട്ടറിയുമായി കിടപ്പറ പങ്കിട്ട നമ്പ്യാർ,സുഹാസിനിയെ വഞ്ചിക്കുകയായിരുന്നു എന്ന് വാപ്പാല ബാലചന്ദ്രൻ എഴുതിയ നമ്പ്യാരുടെ ജീവ ചരിത്രം ,A Life in Shadow യിൽ വായിക്കാം.
ററ്റിയും ജിന്നയും 
സരോജിനിയുടെ സഹോദരൻമാർ  ഹരീന്ദ്രനാഥ് എഴുത്തുകാരനായും വിരേന്ദ്രനാഥ് പ്രവാസി വിപ്ലവകാരി ആയും അറിയപ്പെട്ടു.ചാറ്റോ എന്ന പേരിൽ അറിയപ്പെട്ട വിരേന്ദ്രനാഥിനെ 1937 ൽ സ്റ്റാലിൻ വെടി വച്ച് കൊന്നു.
മെട്രിക്കുലേഷൻ കഴിഞ്ഞ് നാലു വർഷം പഠനത്തിൽ നിന്ന് വിട്ടു നിൽക്കുമ്പോൾ,സരോജിനി ഡോക്റ്ററായ പടിപ്പറ്റി ഗോവിന്ദരാജുലു നായിഡുവിനെ പ്രണയിച്ചു.കേംബ്രിഡ്‌ജിൽ പഠനം കഴിഞ്ഞായിരുന്നു,വിവാഹം.നെഹ്‌റു പ്രണയിക്കുകയും പശ്ചിമ ബംഗാളിൽ  ഗവർണർ ആക്കുകയും ചെയ്‌ത പത്മജ ഉൾപ്പെടെ അഞ്ചു മക്കൾ.ഗോവിന്ദരാജുലു 1949 ൽ മരിച്ചു.എഡിൻബർഗിൽ നിന്ന് ഡോക്റ്ററേറ്റ് എടുത്ത അഘോർ നാഥ്,മകളുടെ മിശ്ര വിവാഹത്തെ അനുകൂലിച്ചു.
സരോജിനി നായിഡു 
1905 ൽ ബംഗാൾ വിഭജനം നടന്നപ്പോഴാണ് സരോജിനി സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ എത്തിയത്.ആ വർഷം തന്നെ ആദ്യ കവിതാ സമാഹാരം,The Golden Threshold ഇറങ്ങി.മഹേർ മുനീർ എന്ന ഉറുദു നാടകവും എഴുതി.അത് ഹൈദരാബാദ് നവാബിന് നന്നേ പിടിച്ചു.ബാക്കി കവിതകൾ എല്ലാം പത്മജ എഡിറ്റ് ചെയ്‌ത്‌ സരോജിനിയുടെ മരണ ശേഷം 1961 ൽ ഇറങ്ങി -The Feather of the Dawn.ഭർത്താവ് മരിച്ച വർഷം തന്നെ ആയിരുന്നു സരോജിനിയുടെയും മരണം.ജിന്ന ഒരു വർഷം മുൻപേ മരിച്ചു.

സരോജിനി 1925 ൽ കാൺപൂർ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷ ആയിരുന്നു;1931 ൽ രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിക്കും മദൻ മോഹൻ മാളവ്യയ്‌ക്കുമൊപ്പം പങ്കെടുത്തു.ഉപ്പു സത്യഗ്രഹം,ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം തുടങ്ങി എല്ലാ പോര്മുഖങ്ങളിലും അവിഭാജ്യ ഘടകം.
അവസാനം ആശുപത്രിയിൽ ശുശ്രൂഷിച്ച നഴ്‌സിനോട് അവർ പാടാൻ പറഞ്ഞിരുന്നു.അത് കഴിഞ്ഞ് ഉറക്കത്തിൽ ആയിരുന്നു,മരണം.

മുംബൈയിലെ പാഴ്‌സി കോടീശ്വരനായ ദിൻഷാ പെറ്റിറ്റിന്റെ മകൾ രത്തൻ ബായ് ( ററ്റി ) സ്വന്തം പിതാവിനെക്കാൾ മൂന്നു വയസു മാത്രം കുറഞ്ഞ ജിന്നയുമായി പ്രണയത്തിൽ ആയത് ജിന്ന ആ സുഹൃദ് കുടുംബത്തിൻറെ വേനൽക്കാല വസതിയുള്ള ഡാർജിലിംഗിൽ അവധിക്കാലം ആഘോഷിക്കുമ്പോൾ ആയിരുന്നു.നല്ല വരുമാനമുള്ള ബാരിസ്റ്ററും വൈസ്രോയിയുടെ ഇoപീരിയൽ ലെജിസ്ലെറ്റിവ്‌ കൗൺസിൽ അംഗവുമായ ജിന്നയെ വിവാഹം ചെയ്യാൻ ഇസ്ലാമിൽ ചേർന്നപ്പോൾ ററ്റി സമുദായത്തിൽ ഒറ്റപ്പെട്ടു;കുടുംബം അകന്നു.അപ്പോൾ ററ്റി,ആശ്വാസം തേടിയത് സരോജിനി നായിഡുവിൻറെയും പത്മജയുടെയും അടുത്തായിരുന്നു.പത്മജ കൂട്ടുകാരി ആയിരുന്നു.

ക്രിസ്‌മസിന്‌ ജനിച്ച ജിന്ന 16 വയസിൽ എമി ബായിയെ വിവാഹം ചെയ്‌തെങ്കിലും,ലണ്ടനിൽ പഠിക്കുമ്പോൾ അവർ ബോംബെയിൽ കോളറ ബാധിച്ചു മരിച്ചു.അത് കഴിഞ്ഞ് ജിന്ന പൊതുവെ സ്ത്രീകളിൽ നിന്ന് അകന്നാണ് കഴിഞ്ഞിരുന്നത്.ററ്റിയെ കാണും വരെ.അത്ര സുന്ദരി ആയിരുന്നു ററ്റി.1916 ൽ രണ്ടു മാസമാണ് ഡാർജിലിംഗിൽ ദിൻഷാ കുടുംബത്തോടൊപ്പം ജിന്ന ചെലവിട്ടത്.ററ്റിയും കവിത എഴുതിയിരുന്നു;രാഷ്ട്രീയം ശ്രദ്ധിച്ചിരുന്നു.ററ്റി,ജിന്നയെ ജെ എന്ന് വിളിച്ചു.വിവാഹ താൽപര്യം ജിന്ന, ദിൻ ഷായോട് നേരിട്ട് പറഞ്ഞപ്പോൾ വിസമ്മതിച്ചു.മകൾക്ക് പ്രായ പൂർത്തി ആകാത്തതിനാൽ ജിന്നക്കെതിരെ കോടതി നിരോധം വാങ്ങി.നിയമം പാലിച്ച് ററ്റിക്ക് 18 ആകും വരെ ജിന്ന അകന്നു നിന്നു.1918 ഏപ്രിൽ 16 ന് ററ്റി വീട് വിട്ടിറങ്ങി.1,25,000 രൂപയാണ് ജിന്ന നിക്കാഹ് നേരത്ത് ററ്റിക്ക് കൊടുത്ത മെഹർ.

അടുത്ത ഓഗസ്റ്റ് 14 -15 രാത്രി മകൾ ദിന പിറന്നു.പാക്കിസ്ഥാൻ പിന്നീട് ജനിച്ച സമയം.
പത്മജ നായിഡു 
കോൺഗ്രസ് രാഷ്ട്രീയത്തിൽ ജിന്ന ഒറ്റപ്പെടുകയും ററ്റിയോട് നിരന്തരം രോഷം തീർക്കുകയും ചെയ്‌തപ്പോൾ അവർ അകന്നു.ജിന്ന നല്ല കാമുകൻ ആയിരുന്നുമില്ല.കുതിര സവാരിയിൽ മാത്രമായിരുന്നു,മനപ്പൊരുത്തം .ജിന്ന രാഷ്ട്രീയത്തിൽ മുഴുകിയിരിക്കെ 1928 ഏപ്രിലിൽ ററ്റി അമ്മയ്‌ക്കൊപ്പം പാരിസിൽ ക്ഷയ ചികിത്സയ്ക്ക് പോയി.അതറിഞ്ഞ ജിന്നയും പാരിസിൽ പോയി.ഒന്നിച്ചു വീണ്ടും പാർക്കുകയും തർക്കിക്കുകയും ററ്റി ബോംബയ്ക്ക് മടങ്ങുകയും ചെയ്‌തു.ററ്റി രോഗത്തിന് കീഴടങ്ങി.29 -o ജന്മ ദിനമായ ഫെബ്രുവരി 20 നായിരുന്നു മരണം.ആ വിവരം ദിൻ ഷാ ഡൽഹിയിലുള്ള ജിന്നയെ ഫോണിൽ അറിയിച്ചു.അകന്ന ശേഷം ആദ്യ വാക്ക്.22 ന് ജഡത്തിൽ ആദ്യം മണ്ണ് തൂവി തല ഉയർത്തി ജിന്ന പൊട്ടിക്കരഞ്ഞു.
പാരിസിൽ നിന്ന് മടങ്ങുമ്പോൾ,ജിന്നയ്ക്ക് ററ്റി അവസാന കത്തെഴുതി:

'Darling I love you--I love you--and had I loved you just a little less I might have remained with you--only after one has created a very beautiful blossom one does not drag it through the mire. The higher you set your ideal the lower it falls.
I have loved you my darling as it is given to few men to be loved. I only beseech you that the tragedy which commenced in love should also end with it.
Darling Goodnight and Goodbye.''   
ജിന്ന അയച്ച ഒരു കത്തും നിലവിലില്ല.
കവിതാമയമായിരുന്നു ററ്റി സുഹൃത്തുക്കൾക്ക് എഴുതിയ കത്തുകൾ.മഹാബലേശ്വറിൽ നിന്ന് 16 വയസിൽ അതേ പ്രായമുള്ള പത്മജയ്ക്ക് എഴുതിയ കത്ത്:

All nature seems to be astir with song birds and little insects, and often while you are feasting your soul on the exquisite and fierce grandeur of the ghats, the mist will rapidly and almost suddenly veil the scenery as though it were jealous. A few days ago while returning from Bombay Point, the delicate strains of a shepherd's flute caught my ears.

ജിന്നയിൽ നിന്ന് പ്രതീക്ഷിച്ച പ്രേമം കിട്ടാതെ ഒരു വർഷം കഴിഞ്ഞപ്പോൾ ( 1917 ) എഴുതി:

I revel in the storming passions that burn and tear at the fibres of my being till my very spirit writhes in an agony of excitement.

ഷീല റെഡ്‌ഡി ഈ പ്രണയ കഥ ( Mrs and Mr Jinna ) മനോഹരമാക്കിയത്,പത്മജ സൂക്ഷിച്ചു വച്ച കത്തുകളിലൂടെയാണ്.പത്മജയുടെ ഇളയ സഹോദരി ലീലാമണിക്കും ററ്റി എഴുതി.
ററ്റി 
ഇസ്മയിലി വിഭാഗത്തിലെ ഖോജ മുസ്ലിം ആയ ജിന്ന വിസ്‌കി കുടിക്കുകയും പന്നിമാംസം ഭക്ഷിക്കുകയും ഖുർ ആൻ വായിക്കാതിരിക്കുകയും ചെയ്‌തു.ഫ്രഞ്ചുകാരൻ അല്ലാത്ത കോഴ്സിക്കൻ നെപ്പോളിയൻ ഫ്രഞ്ച് ചക്രവർത്തിയായ പോലെ,ഓസ്ട്രിയക്കാരനായ ഹിറ്റ്‌ലർ ജർമൻ ഭരണാധികാരി ആയ പോലെ,ജീവിതത്തിൽവർഗീയത തീണ്ടാത്ത ജിന്ന രാജ്യം കിട്ടാൻ രാഷ്ട്രീയത്തിൽ അത് തിരുകി.ററ്റിയുടെ സുഹൃത്ത് കാഞ്ചി ദ്വാരകാദാസ് പറഞ്ഞത്,ററ്റി ജിന്നയുടെ ജീവിതത്തിൽ തുടർന്നെങ്കിൽ ഇത് സംഭവിക്കുകയില്ലായിരുന്നു എന്നാണ്.അങ്ങനെ ആശിക്കേണ്ടതില്ല.ഉണ്ടായ മകളെ, അമ്മൂമ്മ ഏറ്റെടുക്കും വരെ പേര് പോലും നൽകാതെ,ജിന്നയും ററ്റിയും വേലക്കാർക്ക് വിട്ടിരിക്കുകയായിരുന്നു.ജിന്നയ്ക്ക് ലൈംഗിക ജീവിതം ശൂന്യമായിരുന്നു.

മതേതരനായ ജിന്ന ററ്റിയെ മതം മാറ്റിയത്,എന്തിന് ? എന്ന ചോദ്യം പ്രസക്തമാണ്.ജമാ മസ്‌ജിദിൽ മൗലാനാ എം എച്ച് നജാഫിയാണ് മതം മാറ്റിയത്.പള്ളിയിൽ അല്ലാതെ വിവാഹം അന്ന് കോടതിയിൽ നടത്താൻ ഇരുവരും മതമില്ല എന്ന് വ്യക്തമാക്കേണ്ടിയിരുന്നു.അന്ന് ജിന്ന മുസ്ലിം സീറ്റിൽ ആണ് ലെജിസ്ലെറ്റിവ് കൗൺസിലിൽ എത്തിയത്.അത് കൊണ്ട് മുസ്ലിം ആചാരം തള്ളാൻ പറ്റില്ലായിരുന്നു.

ജിന്ന ഹോം റൂൾ ലീഗിൻറെ പ്രധാന പ്രവർത്തകൻ ആയിരിക്കുമ്പോഴാണ്,സരോജിനി നായിഡുവിനെ പരിചയപ്പെടുന്നത്.ജിന്നയെക്കാൾ മൂന്ന് വയസിന് ഇളപ്പം.സരോജിനി ജിന്നയുടെ ആരാധികയായി,അദ്ദേഹത്തെ ഹിന്ദു -മുസ്ലിം മൈത്രിയുടെ പതാക വാഹകൻ ആയി വിശേഷിപ്പിച്ചു.സരോജിനി,വികാരം ജിന്നയോട് തുറന്നു പറഞ്ഞതിന് തെളിവില്ല.1915 ലെ ബോംബെ കോൺഗ്രസ് സമ്മേളനത്തിനിടയിൽ ( ഡിസംബർ 27 -29 )  പരസ്യമായാണ്,സരോജിനി ആദ്യം ഉദ്ധരിച്ച കവിത,ജിന്നയ്ക്ക് സമർപ്പിച്ചു വായിച്ചത്.അന്ന് ജിന്ന 39 വയസുള്ള ഒന്നാന്തരം സുന്ദര ബ്രഹ്മചാരിയാണ്.സമ്മേളനത്തിൽ ഉണ്ടായിരുന്നു താനും.

അന്നോ പിന്നീടോ ജിന്നയ്ക്ക് അനുകൂല പ്രതികരണം ഉണ്ടായതിന് തെളിവില്ല.എന്നാൽ സരോജിനിയുടെ കവിത കേട്ട് അടുത്ത വർഷമാണ് ററ്റിയുമായി പ്രണയത്തിൽ ആയത്.ജിന്നയ്ക്ക് വേണ്ടി മതവും കുടുംബവും വേണ്ടെന്നു വച്ച് ററ്റി ഇറങ്ങിയത് കേട്ട് സരോജിനി നായിഡു പറഞ്ഞു:

Jinnah is worth it all – he loves her: the only really human and genuine emotion of his reserved and self-centered nature.
"ജിന്ന അതർഹിക്കുന്നു;പൊതുവെ അന്തർമുഖനായ അദ്ദേഹത്തിൻറെ ഏകവും സത്യ സന്ധവുമായ പ്രണയം."

സരോജിനി നായിഡു ആയിരുന്നു എങ്കിൽ,പ്രായം കൊണ്ടും രാഷ്ട്രീയം കൊണ്ടും പൊരുത്തപ്പെടുമായിരുന്നു.പാക്കിസ്ഥാൻ ഒഴിവാക്കാനുള്ള താക്കോൽ സരോജിനിയുടെ കൈയിൽ ഭദ്രമായേനെ!
നെഹ്രുവും എഡ്വിനയും 
പതിനൊന്ന് വയസ്സ് വ്യത്യാസമുള്ള നെഹ്രുവും പത്മജയും നിരവധി വർഷങ്ങൾ ഒന്നിച്ചു ജീവിക്കുകയായിരുന്നുവെന്ന് നെഹ്രുവിന്റെ സഹോദരി വിജയലക്ഷ്‌മി പണ്ഡിറ്റ്,ഇന്ദിരാഗാന്ധിയുടെ ജീവചരിത്രം എഴുതിയ പുപുൽ ജയ്‌കറോട് പറയുകയുണ്ടായി.ഇന്ദിര സമ്മതിക്കാത്തതിനാൽ വിവാഹം നടന്നില്ല.എന്നെങ്കിലും അത് നടക്കുമെന്ന പ്രതീക്ഷയിൽ പത്മജ വിവാഹം ചെയ്‌തില്ല.റിട്ടയർ ചെയ്‌ത ശേഷം പത്മജ 1975 വരെ,നെഹ്‌റു പ്രധാനമന്ത്രി ആയപ്പോൾ താമസിച്ചിരുന്ന തീൻ മൂർത്തി ഭവൻ വളപ്പിലെ ഒരു ബംഗ്ലാവിലാണ് കഴിഞ്ഞത്.

പത്മജ 21 വയസ്സിൽ ഹൈദരാബാദിൽ കോൺഗ്രസ് സ്ഥാപകാംഗം ആയിരുന്നു.ക്വിറ്റ് ഇന്ത്യ ഉൾപ്പെടെ സമരങ്ങളിൽ പങ്കെടുത്തു.1950 ൽ ഹൈദരാബാദ് എം പി ആയിരുന്നു.ഹൈദരാബാദ് നവാബ് സലാർ ജങ് ആയിരുന്നു ആദ്യ കാമുകൻ.1946 ൽ അലഹബാദിൽ നെഹ്രുവിൻറെ വീടിൻറെ മേൽനോട്ടം അവർക്കായിരുന്നു.തുടർന്ന് ഡൽഹിയിലും അതായി.നെഹ്രുവിന്റെ അടുത്ത മുറിയിലായിരുന്നു താമസം.ഹൈദരാബാദിൽ നിന്ന് നവംബർ ആദ്യ വാരം ജന്മദിനം കൊണ്ടാടാൻ അവരെത്തിയിരുന്നു -നെഹ്‌റു നവംബർ 14,ഇന്ദിര 19,പത്മജ 17.ഇക്കാലത്ത് എഡ്വിന മൗണ്ട് ബാറ്റനുമായും നെഹ്‌റു അടുത്തു.

1947 ശിശിരത്തിൽ നെഹ്‌റു ലക്‌നോയ്ക്ക് പോയത്,പത്മജയുമായുള്ള വിവാഹത്തിനാണെന്ന് ശ്രുതി പരന്നു.സരോജിനി നായിഡു യു പി ഗവർണറായിരുന്നു,അപ്പോൾ.നെഹ്‌റു അവിടെ എഡ്വിനയുമായി ചെന്നത്,പത്മജയെ നിരാശയാക്കി.ഒരു വർഷം കഴിഞ്ഞ് നെഹ്രുവിന്റെ കിടപ്പുമുറിയിൽ എഡ്വിനയുടെ രണ്ടു ചിത്രങ്ങൾ കണ്ട് പത്മജ ക്ഷുഭിതയായി.പത്മജയുടെ ഒരു ചിത്രം കൂടി വച്ച് നെഹ്‌റു സന്ധിയിൽ എത്തി.എം പി ആയി ഡൽഹിയിൽ വന്നപ്പോൾ പ്രധാനമന്ത്രി വസതിയിൽ നെഹ്‌റുവിന് അടുത്ത മുറിയിൽ ആയിരുന്നു പത്മജ.കുറെക്കഴിഞ്ഞ് അവരെ മാറ്റി.1956 -67 ൽ ബംഗാൾ ഗവർണറായി.
എഡ്വിനയും മൗണ്ട്ബാറ്റനും ഇന്ത്യ വിടുന്നതിന് തലേന്ന് നടത്തിയ വിരുന്നിന് ശേഷം നെഹ്‌റു എഡ്വിനയ്ക്ക് എഴുതിയ വരികളിൽ ഇത് അവസാനിപ്പിക്കാം:
"A feeling of acute malaise is creeping over me, and horror seizes me when I look at a picture in my mind of your... saying your final goodbye."
"എനിക്ക് എന്തോ ബാധിച്ച പോലെ തോന്നുന്നു.എൻറെ മനസ്സിൽ നീ അവസാന യാത്ര പറയുമ്പോഴത്തെ ചിത്രം കാണുമ്പോൾ ഞാൻ നടുങ്ങുന്നു."





FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...