Monday, 8 December 2025

ഹിന്ദുവായി മരിച്ച ചേരമാൻ പെരുമാൾ

ചേരമാൻ പെരുമാൾ മതം മാറിയില്ല 

മുപ്പത് വർഷത്തിന് ശേഷം വീണ്ടും തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിൽ പോയി. വൈകിട്ട് പോയി മൂന്ന് മണിക്കൂർ ചെലവിട്ടു. ദമ്പതി പൂജ അഥവാ പള്ളിയറ പൂജ നടത്തി.

'ഹിരണ്യ' മാസികയ്ക്ക് വേണ്ടി 'കൊടുങ്ങല്ലൂരിലെ കണ്ണകി' എന്നൊരു ലേഖനം എഴുതി എഴുന്നേറ്റപ്പോൾ ഭാര്യ ചോദിച്ചു: "നമുക്കൊന്ന് തിരുവഞ്ചിക്കുളത്ത് പോയാലോ?" 


ഞാൻ ഞെട്ടി. ലേഖനത്തിൽ പറഞ്ഞത് 'ചിലപ്പതികാരം', 'മണിമേഖലൈ' എന്നിവയിലെ കണ്ണകി കഥ മാത്രമല്ല, കോയമ്പത്തൂരിലെ കരൂരിന് പകരം എങ്ങനെ തിരുവഞ്ചിക്കുളം ചേര തലസ്ഥാനമായി എന്നത് കൂടിയായിരുന്നു. അപ്പോൾ ഇങ്ങനെ ഭാര്യ ചോദിക്കുന്നതിന് ടെലിപ്പതികാരം എന്ന് പറയാം. 


തിരുവഞ്ചിക്കുളം എൻ്റെ  മനസ്സിൽ കടന്നത് പി കെ ബാലകൃഷ്ണൻ്റെ  'ജാതിവ്യവസ്ഥിതിയും കേരളചരിത്രവും' എന്ന കൃതിയിലെ ഒരു വരിയിലൂടെയാണ്. നൂറ്റാണ്ടു യുദ്ധത്തിൽ മഹോദയപുരം തകർന്നു തരിപ്പണമായി എന്ന് ഇളംകുളം കുഞ്ഞൻ പിള്ള എഴുതിയിരിക്കുന്നു, എങ്കിൽ എങ്ങനെ ഇപ്പോഴും തിരുവഞ്ചിക്കുളം ക്ഷേത്രം തകരാതെ നിൽക്കുന്നു എന്നൊരു ചോദ്യം ഉയർത്തി പിള്ളയെ ബാലകൃഷ്ണൻ തരിപ്പണമാക്കി. 


പെരുമാളും നായനാരും തിരുവഞ്ചിക്കുളത്ത് 

വേണുജി എഴുതിയ ചാക്യാർകൂത്ത് പുസ്തകത്തിലെ മറ്റൊരു പരാമർശം തിരുവഞ്ചിക്കുളത്തെ മനസ്സിൽ ഉറപ്പിച്ചു. അവസാനത്തെ ചാക്യാർ ആടയാഭരണങ്ങൾ തിരുവഞ്ചിക്കുളം ക്ഷേത്ര മണ്ഡപത്തിൽ അഴിച്ചു വച്ച് കാശിക്ക് പോകും എന്നതാണ് ആ വിവരം. അത് ഞാൻ 'ചിലപ്പതികാരം' എന്ന ചെറുകഥയിൽ ഉപയോഗിച്ചു.


ക്ഷേത്രത്തിൽ വൈകിട്ട് അത്താഴ ശീവേലി കഴിഞ്ഞാൽ തിടമ്പ് പള്ളിയറയിലേക്ക് കൊണ്ട് പോകും. ശിവൻ, പാർവതി എന്നിവരെ പള്ളിയറയിലെ ആട്ടുകട്ടിലിലേക്ക് ആനയിച്ച് വിശേഷാൽ പൂജ നടത്തുന്നു. ഇത് കണ്ടു തൊഴുന്നത് ദീർഘ മംഗല്യത്തിനും മംഗല്യപ്രാപ്തിക്കും ഉത്തമം. ആ നേരത്ത് പാടിയ സോപാനം ഗംഭീരമായിരുന്നു. ഒടുവിൽ പാട്ടിൽ പൂർണത്രയീശനും വന്നു. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിനടുത്ത് പുത്തൻ ബംഗ്ലാവിലെ തേവാരപ്പുരയിൽ കുലദൈവമായ തിരുവഞ്ചിക്കുളത്തപ്പനുണ്ട്. 


പ്രതിഷ്ഠയ്ക്ക് പള്ളിയറയുള്ളത് ഇവിടെയല്ലാതെ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മാത്രമാണ്.


തിരുവഞ്ചിക്കുളത്തെപ്പോലെ ഇത്രയും ഉപദേവതകൾ കേരളത്തിൽ വേറൊരു ക്ഷേത്രത്തിലും ഇല്ല. 33 ഉപദേവതകൾ. ചിദംബരത്തെ നടരാജനെ ഇവിടെ പ്രതിഷ്ഠിച്ചത് പെരുമാൾ തന്നെ എന്ന് വിശ്വാസം. അത്യപൂർവമായ ശക്തിപഞ്ചാക്ഷരി പ്രതിഷ്ഠയുണ്ട് -ശിവകുടുംബത്തിന്റെ ധ്യാനസങ്കല്പം. ഇത്രയധികം ശ്രീകോവിലുകൾ വേറൊരു ക്ഷേത്രത്തിലും ഇല്ല. 


ആമേട ക്ഷേത്രത്തിൽ പതിവായി സപ്തമാതൃക്കളെ തൊഴാറുണ്ട്. തിരുവഞ്ചിക്കുളത്തും ഇവരുണ്ട്. ഇവരെ സാധാരണ ബലിക്കല്ലുകളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചു കാണാം. വിഗ്രഹരൂപത്തിൽ ഇവരെ കാണുക രുരുജിത് രീതിയിൽ പൂജ നടക്കുന്ന കാളീക്ഷേത്രങ്ങളിലാണ്. കൊടുങ്ങലൂർ, തിരുമാന്ധാംകുന്ന്, പനയന്നാർക്കാവ്, മാടായിക്കാവ് ഒക്കെ ഉദാഹരണം. 


ഡച്ചുകാർ 1780 ൽ കൊടുങ്ങലൂർ ഭരണി നാളിൽ ഈ ക്ഷേത്രം ആക്രമിച്ചു. ടിപ്പു പടിഞ്ഞാറേ ഗോപുരം തകർത്തു. 


ചോതി തിരുവിഴ 


ക്ഷേത്രത്തിൽ കയറിയാൽ തന്നെ പ്രാചീനശക്തികളെ അറിയാൻ കഴിയും. അന്നും ഇന്നും ക്ഷേത്രത്തിൽ കൂട്ടമില്ല. കൊടുങ്ങലൂർ നിന്ന് രണ്ടു കിലോമീറ്ററേ ഉള്ളൂ. അവിടെ എത്തുന്നവർ ഇവിടെ എത്താതെ പോകുന്നത് വലിയ നഷ്ടമാണ്. 'പെരിയ പുരാണ'ത്തിലും തേവാരപ്പതികങ്ങളിലും പറയുന്ന ക്ഷേത്രമാണ് തിരുവഞ്ചിക്കുളം. 


ആദ്യം ക്ഷേത്രത്തിൽ എത്തിയത് അങ്ങോട്ട് എന്ന് കരുതി പോയതല്ല. തൃശൂരിൽ നിന്ന് മടങ്ങുമ്പോൾ ബോർഡ് കണ്ട് ക്ഷേത്രത്തിലേക്ക് കാർ തിരിച്ചതാണ്. ക്ഷേത്രത്തിൽ ഉപദേവതകളുടെ കൂട്ടത്തിൽ ചേരമാൻ പെരുമാൾ, സുന്ദരമൂർത്തി നായനാർ എന്നിവരുടെ വിഗ്രഹങ്ങൾ കണ്ടത് എന്നെ അമ്പരപ്പിച്ചു. ശൈവ സിദ്ധന്മാരിലെ സുന്ദരർ ആണ് സുന്ദരമൂർത്തി നായനാർ. ശൈവ സിദ്ധന്മാരിൽ പെട്ടയാൾ തന്നെ ചേരമാൻ പെരുമാൾ നായനാരും. 


കവികളായിരുന്ന ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. അവർ കർക്കടത്തിലെ ചോതി നാളിൽ ക്ഷേത്രത്തിൽ നിന്ന് ഉടലോടെ സ്വർഗത്തിൽ പോയി എന്നാണ് ഐതിഹ്യം. സുന്ദരർ ഐരാവതത്തിൻ്റെ  പുറത്തും പെരുമാൾ കുതിരപ്പുറത്തും പോയി. ഈ ദിനം ഇന്നും കൊണ്ടാടുന്നു-ചോതി തിരുവിഴ. 


കേരളത്തിലെ ഏറ്റവും പ്രാചീനമായ ഈ ക്ഷേത്രത്തിൽ ചേരമാൻ പെരുമാളിൻ്റെ  വിഗ്രഹം കാണുന്നതിനാൽ തന്നെ പെരുമാൾ ഇസ്ലാമിൽ ചേർന്നു എന്നത് വെറും സുടാപ്പിക്കഥയാണെന്ന് തെളിയുന്നു. കാലാകാലങ്ങളായി ഉള്ളതാണ് സ്വർഗ്ഗാരോഹണ ഐതിഹ്യം. പെരുമാൾ കൊടുങ്ങല്ലൂരിൽ തന്നെയാണ് മരിച്ചത്. ഗാസയിലോ മെക്കയിലോ അല്ല.


ഏഴാം നൂറ്റാണ്ടിനൊടുവിൽ വില്ലുപുരം തിരുനാവലൂരിൽ ശൈവബ്രാഹ്മണനായ സദയ നായനാർക്കും ഇശൈജ്ഞാനിയാർക്കും ജനിച്ച സുന്ദരരെ, നരസിംഹ മുനയരായർ പല്ലവ ക്ഷത്രിയ കുടുംബം ദത്തെടുത്തു. ബാല്യം അങ്ങനെ സമൃദ്ധമായി.


സമയമായപ്പോൾ ഈ കുടുംബം സുന്ദരർക്ക് വിവാഹം നിശ്ചയിച്ചു. വിവാഹ പാർട്ടി ശിവക്ഷേത്രത്തിന് അടുത്തെത്തിയപ്പോൾ ഒരു വൃദ്ധൻ സംഘത്തെ ഒരോല കാട്ടി. അതിൽ വൃദ്ധനെ സേവിക്കാൻ നിയോഗിക്കപ്പെട്ടവനാണ് സുന്ദരർ എന്നെഴുതിയിരുന്നു. കാരണവന്മാർ ഓല സത്യമെന്ന് കണ്ടെത്തി സുന്ദരരെ വൃദ്ധനെ സേവിക്കാൻ നിയോഗിച്ചു. വൃദ്ധൻ തിരുവാരൂർ ശിവക്ഷേത്രത്തിൽ അപ്രത്യക്ഷനായി.


ക്ഷേത്രനർത്തകി പറവയാരെ സുന്ദരർ വിവാഹം ചെയ്തു. മദ്രാസിലെ തീരനഗരമായ തിരുവൊട്രിയൂരിൽ വെള്ളാള സ്ത്രീയായ ചങ്കിലിയുമായി സുന്ദരർ പ്രണയത്തിലായി. സ്ഥലം വിടില്ല, ചങ്കിലിയെയും വിടില്ല എന്ന ഉപാധിയിൽ ആ വിവാഹം നടന്നു. വാക്ക് തെറ്റിച്ച് അദ്ദേഹം പറവയുടെ അടുത്തേക്ക്, തിരുവാരൂരിലേക്ക് മടങ്ങി. വാക്ക് ലംഘിച്ചതിനാൽ അന്ധനായി. തുടർന്നുള്ള ദുരിതജീവിതം തേവാരപ്പാട്ടുകളുടെ ഭാഗമാണ്. അന്ധകവി ശിവക്ഷേത്രങ്ങൾ സന്ദർശിച്ച് ഘട്ടം ഘട്ടമായി കാഴ്ച വീണ്ടെടുത്തു.


പെരുമാൾ സുഹൃത്ത് 


കേരളം ഭരിച്ച ചേരമാൻ പെരുമാൾ തിരുവാരൂരിലെത്തി സംയുക്തമായാണ് ആ തീർത്ഥയാത്ര നടന്നതെന്ന് പറയുന്നു. ഈ തീർത്ഥാടന ശേഷം മറ്റൊരു കാലത്ത്  തിരുവഞ്ചിക്കുളത്ത് സുന്ദരരുടെ സ്വർഗാരോഹണം. അത് സി ഇ 730 നടുത്താകാമെന്ന് കാമിൽ സ്വലേബിൽ A History of Indian Literature ൽ (വാല്യം 10) കണക്കാക്കുന്നു.


വാങ്‌മൊഴിയായാണ് സുന്ദരരുടെ തേവാരഗീതികൾ പ്രചരിച്ചത്. സി ഇ 1000 അടുത്ത് രാജരാജചോഴൻ ഇതിൽ നിന്നുള്ള ഭാഗങ്ങൾ സദസ്സിൽ കേട്ടു. ഗണേശക്ഷേത്ര പൂജാരിയായ നമ്പിയാന്തർ നമ്പിയോട് അവ പൂർണമായി കണ്ടെടുക്കാൻ ആവശ്യപ്പെട്ടു. ചിദംബരം നടരാജ ക്ഷേത്രത്തിലെ അകത്തളത്തിൽ വെള്ളയുറുമ്പുകൾ തിന്ന പനയോലകളിൽ അവ കണ്ടെത്തി. തേവാരം ത്രിമൂർത്തികളായ സംബന്ധർ, തിരുനാവുക്കരശർ എന്ന അപ്പർ, സുന്ദരർ എന്നിവർ നേരിട്ടെത്തിയാലേ ഇവ കൈമാറൂ എന്ന് ക്ഷേത്രാധികാരികൾ കട്ടായം പറഞ്ഞു. അങ്ങനെ രാജാവ് മൂന്ന് കവികളെയും അവിടെ പ്രതിഷ്ഠിച്ചു. പി കുഞ്ഞിരാമൻ നായർ, ഇടശ്ശേരി, വൈലോപ്പിള്ളി തുടങ്ങിയവർ പ്രതിഷ്ഠയാകുന്നതും സച്ചിദാനന്ദൻ ആകാത്തതും ഉള്ളിലെ ആത്മീയതയുടെ സമൃദ്ധിയും അഭാവവും നിമിത്തമാണ്.


വേദങ്ങളെ അനുഗമിച്ച ഈ മൂന്ന് തേവാരക്കവികളാണ് ശിവക്ഷേത്രങ്ങളിൽ ആഗമ പൂജ നിർണയിച്ചത്. ആ പൂജയ്ക്ക് ശേഷം തേവാരം പാടുന്നു. സുന്ദരരുടെ ശിവാലയ തീർത്ഥയാത്രകൾ തമിഴ്‌നാട്ടിൽ ശിവഭൂമികയ്ക്ക് വിസ്തൃതി കൂട്ടി. 


ചേരമാൻ പെരുമാളുമൊത്ത് നടത്തിയ യാത്രയിൽ ഇരുവരും മധുരയ്ക്കുള്ള വഴിയിൽ തിരുനാഗൈകോർണത്ത് എത്തി. ദൈവത്തെ സഖ്യ ഭാവത്തിൽ കണ്ട സുന്ദരർ ഒരുപാട് സ്വത്തിനായി പ്രാർത്ഥിച്ചു. പല രാജാക്കന്മാരെ കണ്ട അവർ തിരുകണ്ടിയൂരിൽ നിൽക്കെ അപ്പുറത്തെ കരയിൽ തിരുവയ്യാർ നഗരം കണ്ടു. അവിടെയെത്താൻ പെരുമാൾ ആഗ്രഹിച്ചു. സുന്ദരർ പ്രാർത്ഥിച്ച് വെള്ളപ്പൊക്കം നീക്കി, പുഴ വഴി മാറി. 


അവിടെ നിന്നാണ് ഇരുവരും തിരുവഞ്ചിക്കുളത്ത് എത്തിയത്. കുറെക്കാലം പെരുമാൾക്കൊപ്പം താമസിച്ച സുന്ദരരെ ഗൃഹാതുരത്വം പിടികൂടി. ഒപ്പം  തിരുവാരൂർക്ക് പോകാൻ കഴിയാതെ പെരുമാൾ ഖേദിച്ചു. സാഷ്ടാംഗം നമസ്കരിച്ച് പെരുമാൾ സമ്മാനങ്ങൾ നൽകി. അവയുമായി ഒരു സംഘം സുന്ദരരെ അനുഗമിച്ചു. 


തിരുമുരുകൻപോണ്ടി എന്ന സ്ഥലത്ത് സുന്ദരരെ കൊള്ള ചെയ്തു. അദ്ദേഹം തന്നിൽ നിന്ന് മാത്രം സമ്മാനങ്ങൾ സ്വീകരിച്ചാൽ മതിയെന്ന് ശിവൻ തീരുമാനിച്ചുവെന്നാണ് ഐതിഹ്യം. അടുത്ത ശിവക്ഷേത്രത്തിൽ സുന്ദരർ പതികങ്ങൾ പാടി പുറത്തെത്തിയപ്പോൾ, ദാ കിടക്കുന്നു സമ്മാനങ്ങൾ! 


നായനാരും പെരുമാളും സ്വർഗത്തേക്ക്, നെല്ലയപ്പർ ക്ഷേത്രം , തിരുനൽവേലി 

കാലങ്ങൾ പോകെ വീണ്ടും പെരുമാളിനെ കാണാൻ സുന്ദരർ യാത്രയായി. തിരുപൊക്കിളിയൂർ അവിനാശിയിൽ ചില വീടുകളിൽ നിന്ന് ആഹ്ളാദശബ്ദവും ചിലയിടങ്ങളിൽ നിന്ന് അലമുറയും കേട്ടു. ഒരേ പ്രായമുള്ള രണ്ടു ബ്രാഹ്മണ കുട്ടികൾ കുളിക്കാൻ പോയി. ഒന്നിനെ മുതല പിടിച്ചു. അന്ന് ഉപനയനം കഴിഞ്ഞ പയ്യൻ രക്ഷപ്പെട്ടു. കരയുന്ന വീട്ടുകാർ, പയ്യൻ ജീവിച്ചിരുന്നെങ്കിൽ ഉപനയനം നടന്നേനെ എന്ന് പറഞ്ഞത് സുന്ദരരെ സ്പർശിച്ചു, പയ്യനെ അദ്ദേഹം ഉയിർപ്പിച്ചു -മുതല പയ്യനെ ഛർദിച്ചു. 


ഉയിർപ്പ് കഥ സുന്ദരർക്ക് മുൻപേ തിരുവഞ്ചിക്കുളത്ത് എത്തിയിരുന്നു. കൊട്ടാരത്തിൽ പെരുമാൾക്കൊപ്പം താമസിച്ച സുന്ദരർ മഹാദേവ ക്ഷേത്രത്തിൽ ചെന്നു. വിഗ്രഹം കണ്ടപാടെ സമാധിയിലായി. ശയന പ്രദക്ഷിണം നടത്തുമ്പോൾ കണ്ണുനീർ പ്രവഹിച്ചു. ഒരു പതികം പാടി കൈലാസത്തിൽ പോകാൻ ആഗ്രഹിച്ചു.


സ്വർഗ്ഗാരോഹണത്തിന് ഭഗവാൻ ഐരാവതത്തെ അയച്ചു. ക്ഷേത്രത്തിന് പുറത്ത് ആന കാത്തു നിന്നു. പെരുമാളിനെ ഒപ്പം കൂട്ടാൻ സുന്ദരർ ആഗ്രഹിച്ചു. ഈ യാത്ര സൂക്ഷ്മശരീരത്തിൽ ആയിരുന്നെന്ന് ഒരു പതികത്തിൽ സുന്ദരർ പാടിയിട്ടുണ്ട്. സ്ഥൂലശരീരത്തെ ഭൂമിയിൽ വിട്ടു. 


ഈ സ്വർഗ്ഗാരോഹണ വാർത്തയറിഞ്ഞ പെരുമാൾ കുതിരപ്പുറത്ത് മഹാദേവ ക്ഷേത്രത്തിലെത്തി. സുന്ദരരെ ഗഗനവീഥിയിൽ പെരുമാൾ കണ്ടു. കുതിരയുടെ ചെവിയിൽ പെരുമാൾ പഞ്ചാക്ഷര മന്ത്രം ഉരുവിട്ടു-ഓം നമഃശിവായ!


പെരുമാളുമായി കുതിര പറന്ന് സുന്ദരർക്കൊപ്പം ചേർന്നു. സൂക്ഷ്മശരീരത്തിൽ അവർ കൈലാസത്തിൽ ശിവപാദം പൂകി. കൈലാസ വാതിലിൽ സുന്ദരരെ മാത്രം അകത്തേക്ക് കടത്തി. പെരുമാളിനായി സുന്ദരർ കെഞ്ചി. ശിവൻ നന്ദികേശ്വരനെ അയച്ച് പെരുമാളിനെ ആനയിച്ചു.


ഗുണപാഠം: അർഹതയില്ലാത്തവൻ ഗുരുവിനോട് ചേർന്നാൽ ദൈവസവിധത്തിൽ എത്താം. 


അങ്ങനെ തമിഴ് കവികളായ 63 നായനാർമാരിൽ രണ്ടു പേരുടെ മുക്തിസ്ഥലമാണ് തിരുവഞ്ചിക്കുളം. മുഖ്യപ്രവേശന കവാടത്തിൻ്റെ വലത്ത് ക്ഷേത്രത്തിനകത്ത്.


ഗുണപാഠം: പെരുമാൾ ഇസ്ലാമിൽ ചേർന്നു എന്നത് ജിഹാദി രാഷ്ട്രീയത്തിലെ അസംബന്ധം. 


© Ramachandran









Thursday, 4 September 2025

1857 ഒരു ബ്രാഹ്മണ വിപ്ലവം

1857 ൽ ബ്രാഹ്മണ നേതൃത്വം 

വൈഭവ് പുരന്ദരേ എഴുതിയ Tilak:The Empire's Biggest Enemy എന്ന ഉഗ്രൻ പുസ്തകത്തിൽ ഇതുവരെ ശ്രദ്ധിക്കാത്ത ഒന്ന് വായിച്ചു. 1857 ലെ ആദ്യ സ്വാതന്ത്ര്യ വിപ്ലവത്തിൻ്റെ മൂന്ന് മുഖ്യ നേതാക്കൾ മറാത്താ ബ്രാഹ്മണർ ആയിരുന്നു-നാനാ സാഹബ്, റാണി ലക്ഷ്മി ബായ്, താത്തിയ തോപ്പി.

ധോണ്ടു പന്ത് നാനാ സാഹബ് പൂനയിൽ നിന്ന് കാൺപൂരിലെ ബൈത്തൂരിലേക്ക് ബ്രിട്ടീഷുകാർ നാട് കടത്തിയ അവസാന പേഷ്വയുടെ അനന്തരാവകാശി. ലക്ഷ്മി ബായ്, ജാൻസിയിലെ മറാത്താ മഹാരാജാവ് ഗംഗാധർ റാവു നെവാൽകറുടെ ഭാര്യ. അവരുടെ പേര് മണികർണിക താംബെ എന്നായിരുന്നു. താംബെ മഹാരാഷ്ട്ര ബ്രാഹ്മണ നാമം.


അവസാന പേഷ്വ ബാജി റാവു രണ്ടാമനെ 1817 ൽ ബ്രിട്ടീഷുകാർ പുറത്താക്കി. അദ്ദഹത്തിന്റെ സഹോദരൻ ചിമാജിയുടെ സേവനത്തിലുണ്ടായിരുന്ന മോറോപാന്ഥ് താംബെയുടെയും ഭാഗീരഥിയുടെയും മകളാണ് ലക്ഷ്മീബായ്. കർഹദെ ബ്രാഹ്മണ സ്ത്രീ.


ലക്ഷ്മീബായ്
ദേശാസ്ത ബ്രാഹ്മണർ 


താത്തിയ തോപ്പി നാനാ സാഹബിന്റെ പീരങ്കി വിദഗ്ധൻ. താത്തിയ എന്നാൽ കാരണവർ, തോപ്പി എന്നാൽ പീരങ്കി. രാമചന്ദ്ര പാണ്ഡുരംഗ യെവൽക്കർ എന്നായിരുന്നു പേര്. ദേശാസ്ത ബ്രാഹ്മണൻ. 


ആ പോരാട്ടത്തിലെ ഏറ്റവും വലിയ വില്ലനായി നാനാസാഹബിനെ ബ്രിട്ടീഷുകാർ ചിത്രീകരിച്ചു. കാൺപൂരിൽ ഗംഗയിലെ ബോട്ടുകളിലേക്ക് കയറുന്ന ബ്രിട്ടീഷുകാരുടെ ഉന്മൂലനം, തടവിലായ നൂറോളം ബ്രിട്ടീഷ് സ്ത്രീകളുടെയും കുട്ടികളുടെയും അന്ത്യം എന്നിവയായിരുന്നു കാരണം. 


ഇതേതുടർന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ആർമിയിൽ നിന്ന് മറാത്തകളെ ഒഴിവാക്കി. 1857 ന് ശേഷം ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണം പിടിച്ചു. ബ്രിട്ടീഷ് രാജ്. പട്ടാളത്തിലേക്ക് കായികശക്തിയുള്ള ഗോത്ര പട്ടികയുണ്ടാക്കി. അതിൽ നിന്ന് മറാഠകൾക്കൊപ്പം അയോദ്ധ്യ (ഔധ്), ബംഗാൾ എന്നിവിടങ്ങളിൽ ഉള്ളവരെയും ഒഴിവാക്കി. അയോധ്യക്കാർ 1857 കലാപ മധ്യത്തിൽ ഉണ്ടായിരുന്നു. 

താത്തിയ തോപ്പി
പേഷ്വമാർ 


മറാത്താ രാജാക്കന്മാരുടെ ബ്രാഹ്മണ പ്രധാനമന്ത്രിമാർ ആയിരുന്ന പേഷ്വമാർ പതിനെട്ടാം നൂറ്റാണ്ട് മുഴുവൻ ഭരണകർത്താക്കൾ ആയി. 1818 ൽ പേഷ്വ ഭരണം അവസാനിച്ചു. അവസാന പേഷ്വ 1803 ൽ ബ്രിട്ടീഷ് സംരക്ഷണ ഉടമ്പടിയിൽ ഒപ്പിട്ടതോടെ മരണമണിയായി. എല്ലാ കുഴപ്പവും ഉണ്ടാക്കുന്നത് ചിത്പവൻ ബ്രാഹ്മണരാണെന്ന് 1879 ജൂലൈ മൂന്നിന് ബോംബെ ഗവർണർ റിച്ചാർഡ് ടെമ്പിൾ വൈസ്രോയ് ലോർഡ് ലിറ്റന് എഴുതിയിരുന്നു.


1857 കലാപത്തെ ആദ്യ സ്വാതന്ത്ര്യസമരം എന്ന് സാവർക്കർ വിളിക്കുമ്പോൾ ഈ മറാത്താ പശ്ചാത്തലം കൂടി കാണണം. 


റാണി ലക്ഷ്മി ബായ് -യുടെ ഭർത്താവ് ഗംഗാധർ റാവു ചിത്പവൻ ആയിരുന്നില്ല, കരാദെ ബ്രാഹ്മണൻ ആയിരുന്നു. മഹാരാഷ്ട്ര ബ്രാഹ്മണർ മൂന്ന് തരം: കൊങ്കൺ തീരത്തു നിന്ന് ചിത്പവൻ, ഡക്കാനിൽ നിന്ന് ദേശാസ്ത, തെക്കുപടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കരാടിൽ നിന്ന് കരാദെ. 


പോരാടി രക്തസാക്ഷിയാകാൻ കൂടിയുള്ളതായിരുന്നു, ബ്രാഹ്മിൻ ഹെഗെമണി എന്നും പറയാം -വേടന് വിരോധം ഇല്ലെങ്കിൽ. ശിവാജിയുടെ പോരാട്ടവീര്യം 1857 ലും മറാഠകൾ സൂക്ഷിച്ചു എന്നർത്ഥം.


സാധാരണ ബ്രാഹ്മണർ പോരാളികൾ ആവില്ല, ഉപദേഷ്ടാക്കൾ ആയിരിക്കും. മഹാഭാരതത്തിൽ ആയോധനവിദ്യ പഠിപ്പിക്കുന്ന ദ്രോണരെ അതുകൊണ്ട് തന്നെ നീചബ്രാഹ്മണൻ ആയി കരുതിപ്പോരുന്നു. എന്നാൽ മറാത്തയിൽ ചില ബ്രാഹ്മണർ പോരാളികളായി മാറി. പതിനെട്ടാം നൂറ്റാണ്ട് മുഴുവൻ മറാത്ത ഭരിച്ച പേഷ്വമാർ ബ്രാഹ്മണർ ആയിരുന്നു എന്നതാണ് കാരണം. 


പേഷ്വമാരുടെ ഭരണകാലത്ത് കൊങ്കൺ തീരത്തു നിന്നുള്ള ചിത്പവൻ ബ്രാഹ്മണർക്ക് അവസരങ്ങൾ കിട്ടി. അവരിൽ ഒരാളായിരുന്നു ബാൽ ഗംഗാധർ തിലകിൻ്റെ  പ്രപിതാമഹൻ കേശവ്. കൊങ്കണിലെ അഞ്ജൻവെൽ പ്രദേശത്തെ നികുതി പിരിവ് അദ്ദേഹത്തിന് കിട്ടി. 


പരശുരാമൻ കടലിൽ നിന്ന് പടിഞ്ഞാറൻ തീരം സൃഷ്ടിച്ചു. 50 കിലോമീറ്റർ വീതിയുള്ള കൊങ്കൺ തീരമുണ്ടായി. അത് കടലിനെ മലയിൽ നിന്ന് വേർതിരിച്ചു. 


കൊടുങ്കാറ്റടിച്ച ഒരു രാത്രി വെളുത്ത നിറമുള്ള 14 നാവികർ രത്നഗിരി തീരത്ത് കപ്പൽച്ചേതമുണ്ടായി തീരമണഞ്ഞു. രാവിലെ അവരുടെ ജഡങ്ങൾ തീരവാസികൾ കണ്ടെത്തി. വിറക് കൊള്ളികൾ കൊണ്ട് ശവദാഹത്തിന് ചിതയുണ്ടാക്കി. തീ ആളിയപ്പോൾ പരശുരാമൻ പ്രത്യക്ഷപ്പെട്ടു. അവരെ അദ്ദേഹം ഉയിർപ്പിച്ചു. അവരുടെ പാപങ്ങൾക്ക് അഗ്നിശുദ്ധിയുണ്ടായി. ചിത് ചിത, പവൻ ശുദ്ധീകരിച്ച പ്രാണൻ. ചിത് എന്നാൽ ചിത്തം അഥവാ ആത്മാവ് എന്നൊരു പാഠം ഉണ്ട് -ആത്മാവ് ശുദ്ധീകരിക്കപ്പെട്ടു എന്നർത്ഥം.


സഹ്യാദ്രിയിൽ പരശുരാമൻ നിന്ന ചിപ്ലനിൽ പരശുരാമക്ഷേത്രമുണ്ട്. ചിപ്ലൻ =ചിത് പോലൻ. അദ്ദേഹത്തിന്റെ അമ്പ് വീണ സ്ഥലം ബന്നാലി. ഗോവയിലെ ബനോലിo. 


ഈ ബ്രാഹ്മണരെ വാസിഷ്‌ടി നദീതടത്തിൽ പാർപ്പിച്ചു. അക്കാലത്ത് സരസ്വതി വറ്റിവരണ്ടു. ആ നദീതീരത്തെ ബ്രാഹ്മണരെ മാറ്റിപ്പാർപ്പിക്കാൻ കശ്യപമുനി പരശുരാമ സഹായം തേടി. അങ്ങനെ എത്തിയവർ സാരസ്വത ബ്രാഹ്മണർ. 


ശിവാജിയുടെ കൊച്ചുമകൻ ഷാഹു മഹാരാജ്, ചിത്പവൻ ബ്രാഹ്മണനായ ബാലാജി വിശ്വനാഥ് ഭട്ടിനെ അഞ്ചാമത്തെ പ്രധാനമന്ത്രി (പേഷ്വ) ആയി നിയമിച്ചു. അങ്ങനെ ചിത്പവൻ ബ്രാഹ്മണർ പൂനയിലെത്തി. 1763 -64 ലെ ഒരു രേഖപ്രകാരം 67% ക്ലർക്കുമാരും ഈ സമുദായത്തിൽ നിന്നായിരുന്നു. 


ആ നാവികർ എവിടെ നിന്ന് വന്നു? പശ്ചിമേഷ്യയിലെയോ മധ്യേഷ്യയിലെയോ പീഡനം സഹിക്കാനാവാതെ പലായനം ചെയ്തു എന്ന് ഐതിഹ്യം. പഴയ പേർഷ്യൻ ഭാഷയായ അവസ്തയിലും ചിത് എന്നാൽ മനസ്സാണ്. 

നാനാ സാഹബ്
ആ നാവികരുടെ എണ്ണമനുസരിച്ച് ചിത്പവൻ ബ്രാഹ്മണരിൽ 14 ഗോത്രങ്ങൾ. പരശുരാമനെ ആദിപുരുഷനായി അവർ കാണുന്നു. സ്കന്ദപുരാണത്തിലെ സഹ്യാദ്രികാണ്ഡത്തിൽ ഈ ഐതിഹ്യം കാണാം. 


റായ്‌ഗഡിൽ എത്തിയ ബനെ ഇസ്രയേൽ ജൂത ഗോത്രവുമായി ചിത്പവൻ ബ്രാഹ്മണർക്ക് ബന്ധം കാണുന്നവരുണ്ട്. 


പരശുരാമൻ ഉയിർപ്പിച്ചതാണെങ്കിൽ പിന്നെ പോരാളികൾ ആകണം. ബാൽ ഗംഗാധർ തിലക്, മഹാദേവ് ഗോവിന്ദ് റാനഡെ, ഗോപാലകൃഷ്ണ ഗോഖലെ, സാവർക്കർ, ഹെഡ്ഗേവാർ, ഗോൾവൽക്കർ, ഫഡ്‌നാവിസ് ഒക്കെ ചിത്പവൻ ആണ്. അഗാർക്കർ, കാർവെ, റാനഡെ, ആപ്‌തെ, ഗാഡ്ഗിൽ എല്ലാം ചിത്പവനാണ്. 


ഫഡ്‌കെ എന്ന ഇതിഹാസം 


ചിത്പവൻ ബ്രാഹ്മണരിലെ വലിയ വിപ്ലവകാരിയാണ് 1875-78 ൽ ഡക്കാൻ കലാപം എന്നറിയപ്പെട്ട കർഷക കലാപത്തെ കാട്ടിൽ നിന്ന് നയിച്ച വാസുദേവ് ബൽവന്ത് ഫഡ്‌കെ. യെമനിലെ ഏഡനിലേക്ക് ബ്രിട്ടീഷുകാർ നാട് കടത്തി. അവിടെ മരിച്ചു. 


മിലിട്ടറി അക്കൗണ്ട്സ് വകുപ്പിൽ ജോലി ചെയ്തിരുന്ന ഫഡ്‌കെ 33 വയസ്സിലാണ് 1878 ൽ കുടുംബം വിട്ട് വനത്തിലേക്ക് പോയത്. അവിടെ സൈന്യമുണ്ടാക്കി. അടുത്ത വർഷം പൂനയ്ക്കു ചുറ്റുമുള്ള ഗ്രാമങ്ങളിൽ ബ്രിട്ടീഷ് കേന്ദ്രങ്ങൾ ആക്രമിച്ചു. ബ്രിട്ടീഷ് ഓഫിസർമാരുടെ ശമ്പളം വെട്ടിക്കുറച്ച് പാവം കർഷകർക്ക് വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കിൽ ബ്രിട്ടീഷുകാരെ ഉന്മൂലനം ചെയ്യും.


ഫഡ്‌കെയെ 1879 ജൂലൈയിൽ പിടികൂടി വിചാരണ ചെയ്ത് ഏഡനിലേക്ക് കടത്തി. 


ഇന്നത്തെ റായിഗഡിലെ ഷിർദോനിൽ 1845 ൽ ജനിച്ച ഫഡ്‌കെ ദാരിദ്ര്യം തിന്നാണ് ബാല്യം കടന്നത്. ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കാതെ പൂനയിൽ പോയി 15 കൊല്ലം ക്ലർക്കായി. ദലിതനും ഗുസ്തിക്കാരനുമായ ലഹുജി സാൽവേയുടെ ശിഷ്യനായി. മഹാദേവ് ഗോവിന്ദ് റാനഡെയുടെ പ്രഭാഷണങ്ങൾ കേട്ട് ബ്രിട്ടന് എതിരായി. യുവാക്കളെ ബോധവൽക്കരിക്കാൻ ഐക്യവർദ്ധിനി സഭയുണ്ടാക്കി. അവധി കിട്ടാത്തതിനാൽ അമ്മയെ അന്ത്യനിമിഷത്തിൽ കാണാനായില്ല. അതായിരുന്നു വഴിത്തിരിവ്.


1875 ൽ ബ്രിട്ടൻ ബറോഡ മഹാരാജാവ് മൽഹർ റാവു ഗേക്ക്‌വാദിനെ സ്ഥാനഭ്രഷ്ടനാക്കി. ഫഡ്‌കെ സർക്കാരിനെതിരെ പ്രഭാഷണങ്ങൾ നടത്തി. കടുത്ത ക്ഷാമത്തിൽ നാട് വിറങ്ങലിച്ചപ്പോൾ അദ്ദേഹം ഡക്കാനിൽ പര്യടനം നടത്തി സ്വാതന്ത്ര്യം നേടാൻ ജനത്തെ ഉപദേശിച്ചു. വിദ്യാസമ്പന്നർ കൂടെ നിൽക്കാതെ ഗോത്രവർഗമായ രാമോഷി സമുദായത്തിൽ നിന്ന് കുറെപ്പേരെ കൂടെ കൂട്ടി. കോലി, ഭിൽ, ധങ്കർ സമുദായക്കാരും ചേർന്നു. 


പണമുണ്ടാക്കാൻ ഈ സംഘം ട്രഷറികൾ കൊള്ളയടിക്കാൻ ഒരുങ്ങി. ഷിരൂരിലെ ദമാരിയിൽ ആദ്യ ആക്രമണം. ആദായ നികുതി ശേഖരിച്ചു സൂക്ഷിച്ച ബാൽചന്ദ് സംഗ്ലയുടെ വീട് ആക്രമിച്ചു. നാനാഗാവിലെ പിന്നാക്ക സമുദായം അദ്ദേഹത്തെ വനത്തിൽ സംരക്ഷിച്ചു.


ഫഡ്‌കെ
ഫഡ്‌കെയുടെ വലംകൈ ദൗലത് റാവു നായിക്കിനെ മേജർ ഡാനിയൽ വെടിവച്ചു കൊന്നു. 500 റോഹില്ലകളെ കൂടെക്കൂട്ടി ഫഡ്‌കെ അടുത്ത ആക്രമണത്തിന് ഒരുങ്ങിയപ്പോൾ ബ്രിട്ടീഷ് സർക്കാർ ഫഡ്‌കെയുടെ തലയ്ക്ക് വിലയിട്ടു. ബോംബെ ഗവർണറുടെ തലയ്ക്ക് ഫഡ്‌കെയും ഇനാം പ്രഖ്യാപിച്ചു. 

ഹൈദരാബാദിലേക്ക് കടന്ന ഫഡ്‌കെയെ നൈസാമിന്റെ പോലീസ് കമ്മീഷണർ മേജർ ഹെൻറി ഡാനിയൽ കലദഗി ക്ഷേത്രത്തിൽ പിടികൂടി. ഏഡൻ ജയിൽ ചാടിയ ഫഡ്‌കെയെ പോലീസ് പിന്നെയും പിടിച്ചു. നിരാഹാരം അനുഷ്ഠിച്ച് 1883 ഫെബ്രുവരി 17 ന് മരിച്ചു.


ഫഡ്‌കെയുടെ കലാപത്തിൽ നട്ടം തിരിഞ്ഞാണ് എല്ലാ കുഴപ്പവും ഉണ്ടാക്കുന്നത് ചിത്പവൻ ബ്രാഹ്മണരാണെന്ന് ബോംബെ ഗവർണർ റിച്ചാർഡ് ടെമ്പിൾ വൈസ്രോയ് ലോർഡ് ലിറ്റന് എഴുതിയത്.


ഫഡ്‌കെ മരിച്ച് രണ്ടു മാസം കഴിഞ്ഞാണ് സാവർക്കർ ജനിച്ചത്. രണ്ടു സിനിമയെടുക്കാനുള്ള ജീവിതമാണ് ഫഡ്‌കെയുടേത്. 


© Ramachandran


Wednesday, 13 August 2025

അങ്ങനെ കാവിക്കൊടി ഉണ്ടായി

സമർത്ഥ രാംദാസും ശിവാജിയും

മുസ്ലിം അധിനിവേശത്തിനെതിരെ ഉപരോധം തീർത്ത ഭക്തിപ്രസ്ഥാനത്തിൻ്റെ ഒടുവിൽ മുഗൾഭരണത്തിനെതിരെ മറാത്താ സാമ്രാജ്യം ശിവാജിയുടെ (ശിവജി എന്നല്ല) നേതൃത്വത്തിൽ ഉയർന്നു. ശിവാജിയുടെ ഗുരുവും വഴികാട്ടിയുമായി സമർത്ഥ രാംദാസ് നിന്നു. ചില മറാത്താ പക്ഷപാതികൾക്ക് ബ്രാഹ്മണ ഗുരുവിനെ സങ്കൽപിക്കുന്നത് അയിത്തമാകയാൽ അവർ ഈ ചരിത്രം പറയുമ്പോൾ നെറ്റി ചുളിക്കും. രാംദാസ് മാത്രമല്ല, ശൂദ്രനായ സന്യാസ കവി തുക്കാറാമും ശിവാജിയുടെ ഗുരുവായിരുന്നു.

നെറ്റി ചുളിക്കേണ്ടതില്ല. ജാതിചിന്തകൾക്കതീതമായി ഹിന്ദു സമൂഹം ഒന്നിച്ചു നിന്ന ഒന്നാണ് ഭക്തിപ്രസ്ഥാനം. ശിവാജിയും ഹിന്ദുക്കളെ ഒന്നായി കണ്ടതിനാൽ അദ്ദേഹം ബ്രാഹ്മണ ഗുരുവിനെ വരിച്ചു കാണില്ല എന്ന സങ്കുചിത ചിന്തയ്ക്ക് അടിസ്ഥാനമില്ല.


ജൽനയിലെ ജാമ്പിൽ 1608 ൽ പിറന്ന രാംദാസ് പൂർവാശ്രമത്തിൽ നാരായൺ തോസർ  ആയിരുന്നു. മുസ്ലിം അധിനിവേശക്കാലത്ത് മഹാരാഷ്ട്രയിലെ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളെ ചൂഴ്ന്നു നിന്ന രാംദാസ് സ്വാമി മാറ്റം ലക്ഷ്യമാക്കി രണ്ടു നല്ല കൃതികൾ രചിച്ചു -ഭരണം, നേതൃത്വം, ധാർമികത എന്നിവ കൈകാര്യം ചെയ്യുന്ന ‘ദശബോധ്,’ ആത്മനിയന്ത്രണം, സത്യസന്ധത, ഭക്തി എന്നിവയുടെ പ്രാധാന്യം വിവരിക്കുന്ന ‘മേനാച്ചേ ശ്ലോക്.’ സമൂഹപരിഷ്‌കരണം ലക്ഷ്യമാക്കി മഠങ്ങളും ഹനുമാൻ ക്ഷേത്രങ്ങളും സ്ഥാപിച്ചു. വിദ്യാഭ്യാസം, ആത്മീയ ഉണർവ്, ദേശാഭിമാനം എന്നിവയുടെ കേന്ദ്രങ്ങളായി അവ വളർന്നു. സ്വരാജ്യം, ധർമ്മം എന്നിവ ശിവാജിയുടെ മുദ്രാവാക്യങ്ങളായത് അങ്ങനെയാണ്.


രാംദാസ്


ഗുരുവിനെ കാണുന്നു 


കുട്ടിയായിരിക്കെത്തന്നെ രാജമാതാ ജീജാബായി ശിവാജിയിൽ ഭക്തിയും ഹിന്ദുസമൂഹ സ്നേഹവും വളർത്തി. അവയെ ധാർമിക തലത്തിലേക്ക് രാംദാസ് ഉയർത്തി. രാംദാസും ശിവാജിയും ആദ്യം കണ്ടത് 1649 -ലാണെന്ന് കരുതുന്നു. എന്നാൽ ഇതുണ്ടായത് 1652 ൽ ശിവതർ ഗലിൽ ആയിരുന്നെന്ന് ചരിത്രകാരൻ ജി എച്ച് ഖരെ എഴുതുന്നു. 1658 -ലെന്ന് വിജയ്‌റാവു ദേശ്‌മുഖ് വാദിക്കുന്നു. ബാബാസാഹേബ് പുരന്ദരേ, സേതുമാധവ് റാവു പഗാഡി എന്നിവർ പറയുന്നത് 1672 ൽ ആണെന്നാണ്. 


വർഷം ഏതുമാകട്ടെ, അവർ പലതവണ കണ്ടെന്ന് ചരിത്രത്തിലുണ്ട്. 1672 -76 ൽ ഇരുവരും ഏഴോ എട്ടോ തവണ കണ്ട ചരിത്രം പഗാഡി പറയുന്നു. 1658 ൽ തന്നെ സമർത് സന്യാസസമൂഹവുമായി ശിവാജിക്ക് ബന്ധമുണ്ട്. ചഫൽ സനദ് എന്ന സാമ്പത്തിക സഹായ രേഖയിൽ സമർത്ഥ രാംദാസിനെ ശിവാജി ശ്രീ സദ്ഗുരുവര്യ എന്ന് വിശേഷിപ്പിക്കുന്നു. 


മറാത്താ ദേശാസ്ത ഋഗ്വേദി ബ്രാഹ്മണ കുടുംബത്തിലാണ് രാംദാസ് ജനിച്ചത്. സൂര്യാജി പന്ത് അച്ഛൻ, രാണു ബായ് അമ്മ. ഗംഗാധർ മൂത്ത കുട്ടി. രാംദാസിന് ഏഴു വയസുള്ളപ്പോൾ അച്ഛൻ മരിച്ചു, അവൻ അന്തർമുഖനായി. 12 വയസിൽ അസംഗാവിലെ സ്വന്തം വിവാഹ പന്തലിൽ നിന്ന് ഒളിച്ചോടി. ഗോദാവരി തീരം വഴി 200 കിലോമീറ്റർ നടന്ന് നാസിക്കിനടുത്ത് പഞ്ചവടിയിൽ എത്തി.ഗോദാവരിയും നന്ദിനിയും സംഗമിക്കുന്ന തൿലിയിൽ പാർപ്പായി. രാമനെ ഭജിച്ച് 12 വർഷം കഴിഞ്ഞു. 


ആയിടെ ഭർത്താവ് മരിച്ച് വിധവയായ സ്ത്രീക്ക് രാംദാസ് അബദ്ധത്തിൽ ദീർഘ ദാമ്പത്യം ആശംസിച്ചു. പിന്നെ എന്ത് ചെയ്യാം? രാംദാസ് മരിച്ചയാളെ ഉയിർപ്പിച്ചു പ്രശസ്തനായി. 24 വയസിൽ ജ്ഞാനോദയമുണ്ടായി. രാംദാസ് എന്ന പേര് സ്വീകരിച്ചു. ചാണകത്തിൽ തീർത്ത ഹനുമാൻ വിഗ്രഹം പ്രതിഷ്ഠിച്ചു. ചിലരെ മാർക്സിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ചാണകം എന്ന് വിളിക്കുന്നത് ബഹുമതിയായി കാണാം. മാർക്സിസ്റ്റ് സർക്കാരിൻ്റെ ഔഷധി തന്നെ ചാണകം അടങ്ങിയ പഞ്ചഗവ്യം വിൽക്കുന്നുണ്ട്. ചാണകം വിറ്റാണ് മാർക്സിസ്റ്റ് സർക്കാർ നിലനിൽക്കുന്നത്!


ഗുരു മുഗളർക്കെതിരെ 


പിന്നെ രാംദാസ് 12 വർഷം യാത്ര ചെയ്തു. ഇക്കാലത്തെ സാമൂഹിക നിരീക്ഷണങ്ങൾ അശ്മണി സുൽത്താനിയ, പരചക്ര നിരൂപൺ എന്നീ രചനകളിൽ രേഖപ്പെടുത്തി. ഹിമാലയത്തിൽ പോയി. കശ്മീരിൽ ആറാം സിഖ് ഗുരു ഹർഗോബിന്ദിനെ കണ്ടു. സത്താറയ്ക്കടുത്ത മഹാബലേശ്വറിലേക്ക് മടങ്ങി. മസൂറിൽ ലക്ഷങ്ങൾ പങ്കെടുത്ത രാമനവമി കൊണ്ടാടി. ഹിന്ദുക്കളുടെ ഐക്യത്തിന് സമർത്ഥ സമൂഹമുണ്ടാക്കി 700 -1100 മഠങ്ങൾ സ്ഥാപിച്ചു. ചപാലിൽ രാമക്ഷേത്രം പണിതു. തെക്കൻ മഹാരാഷ്ട്രയിൽ 11 ഹനുമാൻ ക്ഷേത്രങ്ങൾ തുറന്നു. ഇവ 11 മാരുതി എന്നറിയപ്പെടുന്നു. 1644 -1654 ൽ നടന്ന ഈ ക്ഷേത്ര സ്ഥാപനങ്ങൾ ഹിന്ദു വിപ്ലവമാണ് - ഭക്തിപ്രസ്ഥാനം ഏഴാം നൂറ്റാണ്ടിൽ ഉണ്ടാകുമ്പോൾ മുഗൾ ഭരണത്തിൽ ഹിന്ദു ക്ഷേത്ര നിർമാണം അസാധ്യമായിരുന്നു. അതാണ് ഹിന്ദു ദൈവങ്ങൾ കീർത്തനങ്ങളിൽ ഒതുങ്ങിയത്. അതിൽ വിപ്ലവകരമായ മാറ്റമാണ് രാംദാസ് നിർവഹിച്ചത്.


അതിന് തെളിവാണ് രാംദാസ് എഴുതിയ രചനകൾ. ഇസ്ലാമിക ഭരണാധികാരികളെ വെല്ലുവിളിക്കാൻ അദ്ദേഹം തീക്ഷ്‌ണമായി ആഹ്വാനം ചെയ്തു. എങ്ങനെ ശിവാജി അദ്ദേഹത്തെ കാണാതിരിക്കും? രാംദാസിൻ്റെ ഒരു മന്ത്രമാണ് ‘രഘുപതിരാജാറാമി’ന് പ്രചോദനം. അദ്ദേഹത്തിൻ്റെ ‘ദശബോധ്’ മൂല ഗ്രന്ഥം ഉസ്മാനാബാദ് ധോംഗാവ് മഠത്തിലുണ്ട്.


അദ്വൈതത്തിൽ ചാലിച്ചതാണ് രാംദാസിൻ്റെ ഭക്തി. ശ്രവണത്തിൽ തുടങ്ങി ആത്മനിവേദനം വഴി സാക്ഷാത്കാരത്തിൽ എത്തുക. “ഞാൻ” അലിഞ്ഞില്ലാതാവുക.അതേസമയം സമൂഹത്തെ സംരക്ഷിക്കാൻ യോദ്ധാക്കൾ നിർബന്ധമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സന്യാസിമാർ സമൂഹത്തിൽ നിന്ന് വലിയരുത്. സജീവമായി ഇടപെട്ട് സാമൂഹികമാറ്റം ഉണ്ടാക്കണം. മുസ്ലിം അധിനിവേശം വഴി തകർന്ന ഹിന്ദുമതത്തെ സജീവമാക്കുകയായിരുന്നു ദൗത്യം. 


രാംദാസിന് 18 ശിഷ്യകൾ ഉണ്ടായിരുന്നു. സാംഗ്ലി മിറാജിലെ മഠം വെണ്ണബായി നയിച്ചു. ചാപൽ മഠം അക്കബായിയും. ‘ദശബോധി’ൽ രാംദാസ് എഴുതി: “എല്ലാവരും സ്ത്രീയുടെ ഗർഭപാത്രത്തിൽ നിന്ന് വരുന്നു. ഇതിൻ്റെ പ്രാധാന്യം അറിയാത്തവർ ആണുങ്ങളല്ല.” സ്ത്രീകളെ ഇന്നും മോസ്കുകളിൽ കയറ്റാത്ത ആണുങ്ങൾ ഉള്ളപ്പോൾ പതിനേഴാം നൂറ്റാണ്ടിൽ നടന്ന ഈ ഹിന്ദുവിപ്ലവം സിലബസിൽ കയറില്ല. വേടന്മാർ കയറും.


സിഖ് ഗുരു ഹർഗോബിന്ദിനെ കശ്മീരിൽ കണ്ടപ്പോൾ രാംദാസ് ചോദിച്ചു: “ഗുരു നാനാക്കിൻ്റെ പീഠത്തിൽ ഇപ്പോൾ താങ്കളാണ്. നാനാക് ഭൗതികജീവിതം വെടിഞ്ഞ ത്യാഗി സാധുവായിരുന്നു. അങ്ങേക്ക് ആയുധങ്ങളും സേനയും കുതിരകളുമുണ്ട്. എന്നിട്ടും യഥാർത്ഥ രാജാവ് എന്നവകാശപ്പെടുന്നു. അങ്ങ് എന്ത് സന്യാസിയാണ്?”


“അകത്ത് സാധു, പുറത്ത് രാജാവ്,” ഗുരു ഗോബിന്ദ് സിംഗ് പറഞ്ഞു, “പാവങ്ങൾക്ക് സുരക്ഷയ്ക്കും പീഡകന് ശിക്ഷയ്ക്കും ആയുധം. നാനാക് ലോകത്തെ ഉപേക്ഷിച്ചില്ല, മായയാണ് ഉപേക്ഷിച്ചത്. സ്വാർത്ഥവും അഹംബോധവും.” 


“കൊള്ളാമല്ലോ,” രാംദാസ് പറഞ്ഞു.


ഈ കഥ നിറയെ അദ്വൈതമാണ്, രാംദാസ് ശങ്കരാചാര്യരെ അറിഞ്ഞിട്ടുണ്ടാവണം.

 

തുക്കാറാം, രാംദാസ്, ശിവാജി 


ദാ കാവിക്കൊടി 


മറ്റൊരു കഥ സദ്ഗുരു ജഗ്ഗി വാസുദേവ് പ്രസിദ്ധമാക്കി. 


ഒരിക്കൽ ശിവാജി കൊട്ടാര മേലാപ്പിൽ നിന്ന് താഴെ വീടുവീടാന്തരം ഗുരു രാംദാസ് ഭിക്ഷ യാചിക്കുന്നത് കണ്ടു. 


“എന്തിനാണ് എൻ്റെ ഗുരു പിച്ച തെണ്ടുന്നത്, ഞാൻ രാജാവാണ്, എൻ്റെ ഗുരു അത് ചെയ്തു കൂടാ,” ശിവാജി തീരുമാനിച്ചു.


ഗുരുവിനടുത്തു ചെന്ന് ശിവാജി രാജ്യം മുഴുവൻ വാഗ്ദാനം ചെയ്തു.


“അപ്പോൾ നീ എന്ത് ചെയ്യും?” രാംദാസ് ചോദിച്ചു.


‘അങ്ങ് ചെയ്യുന്നത്,” ശിവാജി പറഞ്ഞു, “അങ്ങേയ്‌ക്കൊപ്പം അങ്ങയെ പരിചരിച്ച്.”


അവർ ഒന്നിച്ച് പിച്ച തെണ്ടി. സന്യാസി തെണ്ടിയാൽ ജനം സഹിക്കും, രാജാവ് അത് ചെയ്താൽ പ്രജകൾ അയാളെ നിരാകരിക്കും.


ആ അവസ്ഥയിൽ ശിവാജിക്ക് രാംദാസ് ഒരു കാവി തുണി കൊടുത്തു. “ഇത് കൊടിക്കൂറയാക്കുക, ഭരിക്കുക”, രാംദാസ് പറഞ്ഞു. “എന്നാൽ ഒന്ന് കരുതണം, ഈ രാജ്യം നിന്റേത് അല്ല, നിന്റേതല്ല എന്ന് കരുതിയാൽ അത് നിന്റേത് ആകും. പ്രജകൾക്ക് നല്ലത് ചെയ്യാൻ കഴിയും.”


ഈ കഥയും അദ്വൈതം തന്നെ.


ആ തുണി ശിവാജി രാജ്യ പതാകയാക്കി. അങ്ങനെയാണ് കാവിക്കൊടി ഉണ്ടായത്. ഗോൾവൽക്കർ സൃഷ്ടിച്ചതല്ല. ത്യാഗത്തിൻ്റെ നിറമാണ് കാവി. ഔറംഗസേബിനെ വിറപ്പിച്ച ശിവാജി സന്യാസി കൂടിയായിരുന്നു. സന്യാസിയും യോദ്ധാവാണെന്ന് രാംദാസ് ഗുരുഗോബിന്ദ് സിംഗിൽ നിന്ന് അറിഞ്ഞതാണല്ലോ. വിവേകാനന്ദനും ചിദാനന്ദപുരിക്കും മുൻപേ ഈ ചിന്ത ഭാരതത്തിൽ ഉണ്ടെന്ന് അർത്ഥം. രാംദാസ് സ്വാധീനിച്ച പിൽക്കാല നേതാക്കളാണ് ബാൽ ഗംഗാധർ തിലക്, സാവർക്കർ, ഹെഡ്ഗേവാർ എന്നിവർ. 


രാംദാസ് എഴുതിയ മാരുതി സ്തോത്രം മഹാരാഷ്ട്രയിലെ സ്‌കൂളുകളിലും അഖാഡകളിലും ചൊല്ലുന്നു. 


സമാധിക്ക് അഞ്ചു വർഷം മുൻപ് രാംദാസ് ആഹാരവും വെള്ളവും ഉപേക്ഷിച്ചു. ഇങ്ങനെ മരണം സ്വയംവരിക്കുന്നതാണ് പ്രായോപവേശം. അക്കാലമത്രയും അദ്ദേഹം താരകാ മന്ത്രം ഉരുവിട്ടു: ശ്രീറാം ജയ് റാം, ജയ് ജയ് റാം. (ഇതാണ് ഞാൻ പിൽക്കാല രാംദാസ് തുടങ്ങിയ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലും കേട്ടിട്ടുള്ളത്.)


തഞ്ചാവൂരിൽ നിന്ന് കൊണ്ടുവന്ന രാമവിഗ്രഹം ആയിരുന്നു അപ്പോൾ അടുത്ത്. ശിഷ്യരായ ഉദ്ധവ് സ്വാമിയും അക്കാ സ്വാമിയും പരിചരിച്ചു. ഉദ്ധവ് സ്വാമി അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. ശിഷ്യൻ്റെ പേരാണോ ഉദ്ധവ് താക്കറെയ്ക്ക് കിട്ടിയത് എന്നറിയില്ല.  മഹാഭാരതത്തിൽ ‘ഉദ്ധവഗീത’യുള്ളത് താക്കറെ അറിയാൻ വഴിയില്ല. 


© Ramachandran








Friday, 4 July 2025

കൊടുങ്ങല്ലൂരിലെ കണ്ണകി

ചിലപ്പതികാര കൊടുങ്ങല്ലൂർ

മിഴ് ചരിത്രകാരൻ ടി പൊന്നമ്പലം പിള്ളൈ എഴുതിയ “കൊടുങ്ങല്ലൂർ ക്ഷേത്ര ഉദ്ഭവം” (The Origin of the Cranganur Temple) എന്ന ലേഖനം ഈയിടെ വായിച്ചു. നമ്മെക്കാൾ താൽപര്യം തമിഴർക്ക് കൊടുങ്ങല്ലൂരിനോടുണ്ട്. അത് ചേര തലസ്ഥാനവും കണ്ണകി കഥയുടെ എഴുത്ത് നടന്ന സ്ഥലവുമാണ്. അതിലുപരി കണ്ണകിക്ക് ക്ഷേത്രം ഉണ്ടായ സ്ഥലം. അത് മറന്നൊരു കളി തമിഴനില്ല. 

കൊടുങ്ങല്ലൂർ ആണ് തലസ്ഥാനം എന്നത് കൃത്യമല്ല. തൊട്ടടുത്ത തിരുവഞ്ചിക്കുളം ആയിരുന്നു ചേര തലസ്ഥാനം.


കോയമ്പത്തൂരിലെ കരൂർ മുൻപൊരു കാലത്ത് തലസ്ഥാനം ആയിരുന്നിരിക്കാം എന്ന് പിള്ള എഴുതുന്നു. കരൂർ വെള്ളപ്പൊക്കവും വരൾച്ചയും ബാധിക്കുന്ന ഇടമാണ്. 1877 ലെ ക്ഷാമം പോലും തിരുവിതാംകൂറിനെയും കൊച്ചിയെയും ബാധിച്ചില്ല. അതിനാൽ കണ്ണകിക്കഥയുടെ കാലത്ത് തിരുവഞ്ചിക്കുളം തന്നെ തലസ്ഥാനം എന്നാണ് അദ്ദേഹം കാണുന്നത്.


‘ചിലപ്പതികാരം’, ‘മണിമേഖലൈ’ എന്നീ രചനകളിലും പിൽക്കാല ‘കോവലൻ കതൈ’യിലും ഈ വസ്തുതയ്ക്ക് തെളിവുണ്ട്. ‘ചിലപ്പതികാരം’ എന്നൊരു ചെറുകഥ മുൻപ് ഞാൻ എഴുതുമ്പോൾ ആ വാക്കിൻ്റെ അർത്ഥം കവി വി മധുസൂദനൻ നായരോട് ചോദിച്ചിരുന്നു. ചിലമ്പിൻ്റെ അധികാരം എന്നാണ് അദ്ദേഹം പറഞ്ഞത്. ചിലമ്പിൻ്റെ അധ്യായങ്ങൾ എന്നാണ് പിള്ള വിശദീകരിക്കുന്നത്. തമിഴിൽ ധ എന്ന അക്ഷരം ഇല്ല. അത് മലയാളത്തിൽ ഉള്ളതിനാൽ അധികാരം എന്ന് പറയാമെങ്കിലും ആ ധാരണ തെറ്റ്.


കൊടുങ്ങല്ലൂർ കുരുംബ ക്ഷേത്രം 

‘ചിലപ്പതികാര’ സ്രഷ്ടാവ് ഇളങ്കോവടികൾ അന്നത്തെ ചേര രാജാവ് ചെങ്കുട്ടുവൻ്റെ  സഹോദരൻ ആയിരുന്നു. ഇരുവരും ചേരലാതൻ്റെ മക്കൾ. ഇളങ്കോവടികൾ കാമം വെടിഞ്ഞ് സന്യാസിയായി. ‘ചിലപ്പതികാരം’ എഴുതുമ്പോൾ കുനവായിൽ കോട്ടം എന്ന ആശ്രമത്തിൽ കഴിയുകയായിരുന്നു. കിഴക്കൻ കവാട ക്ഷേത്രം/ കൊട്ടാരം എന്നർത്ഥം. ‘ചിലപ്പതികാര’ തുടർച്ചയായ ‘മണിമേഖലൈ’ എഴുതിയത് പലചരക്ക് കച്ചവടക്കാരൻ ചാതൻ. 


കൊടും ക്രൂരത 


കൊടുങ്ങല്ലൂർ എന്നത് കൊടും കോലൂർ എന്ന തമിഴ് വാക്കിൻ്റെ ലോപമായി പിള്ള കാണുന്നു. കൊടും എന്നാൽ ക്രൂരം. കോൽ എന്നാൽ തെറ്റ്, നിർഭാഗ്യം. ഊർ, നഗരം. ക്രൂരതയുടെ നഗരം എന്ന പേര് വന്നത് പൊതുവെ അങ്ങനെ എന്ന അർത്ഥത്തിൽ അല്ല. കണ്ണകിയോടും ഭർത്താവ് കോവലനോടും ചെയ്ത ക്രൂരത എഴുതപ്പെട്ട നഗരം എന്ന അർത്ഥത്തിൽ വന്നത്. തമിഴിനോടുള്ള ആശ്രയത്തിന് പകരം സംസ്കൃതത്തിന് പിന്നാലെ പായുന്ന മലയാളി അത് കോടിലിംഗപുരം എന്നതിൻ്റെ ലോപമായി കാണുന്നത് അസംബന്ധം. 


സംഭവം നടന്നത് പാണ്ഡ്യ തലസ്ഥാനമായ മധുരയിൽ ആയിരുന്നു. സാധാരണ ഹിന്ദു ഗ്രന്ഥങ്ങൾ പോലെ ഏതെങ്കിലും ദൈവത്തെ പ്രാർത്ഥിച്ചു കൊണ്ടല്ല രണ്ടു രചനകളും തുടങ്ങുന്നത്. ചന്ദ്രൻ, സൂര്യൻ, മഴ എന്നിവയെ ആവാഹിച്ചാണ് തുടക്കം. ഇന്ദ്രനുള്ള വാർഷികോത്സവം പിന്നെ പരാമർശിക്കുന്നു. അതിനാൽ ഇവ വേദകാലത്തെന്നോ ബുദ്ധകാലത്തെന്നോ സംശയിക്കാം. ഇരു സ്രഷ്ടാക്കളും ബുദ്ധമതക്കാരായതിനാൽ ദൈവത്തെ വിളിച്ചില്ല എന്ന് കരുതാം. എന്നാൽ, ‘ജീവകചിന്താമണി’ പോലുള്ള ബുദ്ധ ഗ്രന്ഥങ്ങളും ദൈവത്തെ ഭജിച്ചു തുടങ്ങുന്നുണ്ട്.


‘ചിലപ്പതികാര’വും ‘മണിമേഖലൈ’യും ബുദ്ധ, പുരാണ കാലങ്ങൾക്കിടയിൽ ഉണ്ടായതാകാം. ‘ചിലപ്പതികാര’ത്തിൽ ബുദ്ധമതത്തെയും ഭിക്ഷുക്കളെയും പരാമർശിക്കുന്നു. ‘മണിമേഖലൈ’യിൽ അതിൻ്റെ തത്വങ്ങളുണ്ട്. രണ്ടിലും ബ്രഹ്മാവ് ഇല്ല. രചനകൾ സംസ്കൃത ശീലിൽ അല്ല. 


രണ്ടിലും സമകാലിക ചരിത്രമുണ്ട്. ഇളങ്കോ അടികൾ ചെങ്കുട്ടുവൻ്റെ അനുജൻ ആയിരുന്നു. അമ്മ ചോള രാജാവ് കരികാലൻ്റെ മകൾ. സംഭവത്തിൽ വില്ലനായ  അന്നത്തെ പാണ്ഡ്യ രാജാവ് ചേലിയൻ സെമ്പിയൻ വിവാഹം വഴി ചോള ബന്ധമുള്ളയാൾ. അന്നത്തെ ലങ്ക രാജാവ് കയാവാഹു. ആ ദ്വീപിൻ്റെ ചരിത്രം നോക്കിയാൽ സി ഇ (എ ഡി ) ഒന്നാം നൂറ്റാണ്ട്. 


ചോള, ചേര, പാണ്ഡ്യ തലസ്ഥാനങ്ങൾ നോക്കിയാലും കഥയുടെ കാലം കിട്ടും. ചോള തലസ്ഥാനം കാവേരിപൂംപട്ടിനം. കാവേരിക്കര. കിഴക്കിലെ വലിയ തുറമുഖം. ജാവയും ചൈനയുമായി ഈ തലസ്ഥാനത്തിന് കച്ചവടം. കണ്ണകി കഥ കഴിയുമ്പോൾ ഈ നഗരം കടലെടുത്തു പോവുകയോ അഗ്നിപർവത സ്‌ഫോടനത്തിൽ ഇല്ലാതാവുകയോ ചെയ്തു. തലസ്ഥാനം കാഞ്ചിപുരമായി. 


തിരുവഞ്ചിക്കുളം തലസ്ഥാനം 


കണ്ണകി കഥയുടെ കാലത്ത് ചേര തലസ്ഥാനം കോയമ്പത്തൂരിലെ കരൂരോ കൊടുങ്ങല്ലൂരിൽ നിന്ന് ഒരു മൈൽ അകലെയുള്ള തിരുവഞ്ചിക്കുളമോ? ‘ചിലപ്പതികാരം’ അധ്യായം 25 ൽ രാജാവ് രാജ്ഞിക്കും കിരീടാവകാശിക്കും അനുജനും ഒപ്പം പ്രകൃതി സൗന്ദര്യം കാണാൻ പെരിയാർ നദിക്കരയിലാണ്. അത് “വിഷ്ണുവിൻ്റെ കഴുത്തിലെ മാല” പോലെ തോന്നിച്ചു. പരുത്തി, കൊന്ന, വേങ്ങ മരങ്ങൾ നദിക്കരയിൽ. ശിവഗിരി മലയിൽ നിന്നൊഴുകി കുത്തുകാലിൽ ഇടിയറയുമായി ചേർന്ന് തിരുവഞ്ചിക്കുളത്തിന് പത്തു മൈൽ അകലെ കൊച്ചിക്കായലിൽ അലിയുന്നു. 


കരൂർ ആകട്ടെ, കാവേരി -അമരാവതി സംഗമത്തിലാണ്. ഇവിടെയാണ് രാജാവും സംഘവും എത്തിയത് എങ്കിൽ കാവേരിയെ പരാമർശിക്കുമായിരുന്നു. എന്നാൽ രാജാവ് എത്തിയത് പെരിയാർ കരയിൽ. തിരുവിതാംകൂർ -കൊച്ചി മലവാസികൾ പതിവ് പോലെ രാജാവിന് കാഴ്ചവസ്തുക്കൾ നൽകി. അതിൽ തേനും ആനക്കൊമ്പും തേങ്ങയും ഏലക്കയും മാങ്ങയും വെളുത്തുള്ളിയും വാഴപ്പഴവും അടയ്ക്കയും ചന്ദനവും ഒക്കെയുണ്ട്. ഇതൊക്കെ ഒന്നിച്ചു കിട്ടുന്നത് മലബാർ തീരത്താണ്. അതിനാൽ രാജാവ് എത്തിയത് തിരുവഞ്ചിക്കുളത്ത് തന്നെ. 


‘മണിമേഖലൈ’ അധ്യായം 28 ൽ പറയുന്നത്, ചോള തലസ്ഥാനം കാഞ്ചിപുരത്തേക്ക് മാറ്റിയ ശേഷം വരൾച്ച വന്നപ്പോൾ ജനം തിരുവഞ്ചിക്കുളത്തേക്ക് പലായനം ചെയ്തു എന്നാണ്. ‘ചിലപ്പതികാരം’ അധ്യായം 23 ൽ കാണുന്നത്, കണ്ണകി ചേര രാജ്യത്തിലേക്ക് വൈഗൈ നദിയുടെ കര വഴി പടിഞ്ഞാറ് മലനാടിലേക്ക് പോയി എന്നാണ്. കണ്ണകിയെ കാണാതെ പിന്തുടർന്ന കൂട്ടുകാരികൾ ചോള തലസ്ഥാനത്തു നിന്ന് മധുരയ്ക്കും പിന്നെ വഞ്ചിക്കും പോയി. 


പാണ്ഡ്യദേശത്തു നിന്ന് പണ്ടേ ചേര രാജ്യത്തേക്ക് പശ്ചിമഘട്ടം വഴി പോയിരുന്നു. പൂഞ്ഞാർ, പന്തളം കൊട്ടാരങ്ങൾ പാണ്ഡ്യ ബന്ധമുള്ളവർ ആയിരുന്നെന്നും പിള്ള വ്യക്തമാക്കുന്നു. പശ്ചിമഘട്ടം വഴിയാണ് അവർ പാണ്ഡ്യരാജ്യം വിട്ട് തിരുവിതാംകൂറിൽ എത്തിയത്. ആലുവയിലെ ശിവലിംഗവും ഈ വഴിയാണ് എത്തിയത്. മധുരയ്ക്കും ‘ആലുവായ്’ എന്ന് പറയാറുണ്ട്. 


കഥ നടക്കുമ്പോൾ ചെങ്കുട്ടുവൻ കുടകും ഭരിച്ചിരുന്നു. കരൂരിൽ നിന്നല്ല, തിരുവഞ്ചിക്കുളത്ത് നിന്ന് കുടക് ഭരിക്കാനാണ് എളുപ്പം. 


കണ്ണകിക്ക് ക്ഷേത്രം  


കണ്ണകിക്കഥ പിള്ള വിശദമായി വിവരിക്കുന്നുണ്ട്. ചോള തലസ്ഥാനത്ത് രണ്ടു സമ്പന്ന കച്ചവടക്കാർ, മസത്തുവാനും മനൈകനും ജീവിച്ചു. ആദ്യത്തെയാളുടെ മകൻ കോവലനും രണ്ടാമൻ്റെ മകൾ കണ്ണകിയും വിവാഹിതരായി. ദമ്പതിമാർക്ക് പ്രത്യേക കൊട്ടാരം നൽകി. മാധവി എന്ന നർത്തകിയിൽ അനുരക്തനായി കോവലൻ എല്ലാം ധൂർത്തടിച്ചു. മാധവി വേറൊരാളിൽ മുഴുകി എന്ന് തോന്നിയ കോവലൻ കണ്ണകിയിലേക്ക് മടങ്ങി. വിൽക്കാൻ ചിലങ്കകൾ ബാക്കിയുണ്ടായിരുന്നു. അതിൽ ഒന്നെടുത്ത് രാജാവിൻ്റെ സ്വർണപ്പണിക്കാരൻ്റെ അടുത്ത് പോയി. റാണിയുടെ ചിലങ്ക പണിയാൻ കൊടുത്തത് അയാളിൽ നിന്ന് നഷ്‌ടമായ നേരം. സ്വർണപ്പണിക്കാരൻ കോവലനെ കള്ളനാക്കി ചിലങ്ക ഹാജരാക്കി. കോവലനെ രാജാവ് വധിച്ചു,


തുടർന്ന് പ്രജകളെ തടുത്തുകൂട്ടി കണ്ണകി പ്രതികാര യാത്ര തുടങ്ങുന്നു. തൻ്റെ ചിലങ്കയ്‌ക്കുള്ളിൽ വൈരം ഉണ്ടായിരുന്നെന്ന് കണ്ണകി തെളിവ് നിരത്തി, രാജാവിന് ഹൃദയാഘാതമുണ്ടായി. പുറത്തിറങ്ങിയ കണ്ണകി സ്വർണപ്പണിക്കാരൻ്റെ വീടിന് മേലേക്ക് ഇടതു മുല ഛേദിച്ച് വലിച്ചെറിഞ്ഞു. ജനം അയാളെ കൊന്നു, വീട് കത്തിച്ചു.


വ്യാജ നങ്ങേലിക്കഥയിൽ അല്ല ആദ്യമായി മുല ഛേദിച്ചത്!


കുരുംബ
 
ഈ വഴിത്തിരിവിൽ നിന്നാണ് കണ്ണകി മധുര വിട്ടത്. പശ്ചിമഘട്ട താഴ്‌വരയിൽ വേങ്ങ മര ചുവട്ടിൽ ദലിതർ അവളുടെ കദന കഥ കേട്ടു. ആ നേരത്ത് ചേര രാജാവ് പെരിയാർ കരയിൽ എത്തി. ദലിതർ കഥ രാജാവിനോട് പറഞ്ഞു. ഇളങ്കോ അടികൾ അത് എഴുതി. കണ്ണകിയുടെ ദുരന്തം നടക്കുമ്പോൾ മധുരയിൽ ‘മണിമേഖലൈ’ കർത്താവ് ചാതൻ ഉണ്ടായിരുന്നു. അദ്ദേഹം രാജാവിനോട് കഥ വൃത്തിയായി പറഞ്ഞു. 


കഥ കേട്ട് മനസ്സലിഞ്ഞ രാജാവ് കണ്ണകിക്ക് ആദരമായി കൊടുങ്ങലൂരിൽ ക്ഷേത്രം പണിതു. ഇത് ‘ചിലപ്പതികാരം’ അധ്യായം 27 ൽ വിവരിക്കുന്നു. ഭദ്രകാളിയുടെ അവതാരമായിരുന്നു, കണ്ണകി.


വിഗ്രഹത്തിനുള്ള ശില രാജാവ് തന്നെ ഹിമാലയത്തിൽ പോയി കൊണ്ടു വന്നു. ഇളങ്കോ അടികൾ എഴുതിയ ‘ചിലപ്പതികാര’ത്തിൽ മോക്ഷം കൈകാര്യം ചെയ്തില്ല. അതാണ് ‘മണിമേഖലൈ’യിൽ ചാതൻ ചെയ്തത്. 


ഇങ്ങനെ കണ്ണകി സംഭവത്തിൽ നിന്നാണ് പൊന്നമ്പലം പിള്ളൈ കൊടുങ്ങല്ലൂർ സ്ഥലനാമ വേര് കണ്ടെടുക്കുന്നത്. ‘കൊടും കൽ ഊർ’ എന്നാൽ ചെങ്കുട്ടുവൻ ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്ന കല്ലിൻ്റെ പേരിലാണെന്ന് പറയുന്നവരുണ്ട്. നല്ല ഭരണമുള്ള സ്ഥലം എന്ന് മറ്റൊരു പാഠം -’കൊടും കോൽ ഊർ’. കോൽ എന്നാൽ ചെങ്കോൽ എന്നെടുത്താൽ. ‘കൊടും കാളി ഊർ’ എന്ന് വേറൊന്ന്. 


മുന്നൂറു വർഷം ഈ സ്ഥലം ചേരന്മാരുടെ ആസ്ഥാനമായിരുന്നു. സ്ഥലപ്പേരുകൾ പൊതുവെ പുരാണങ്ങളുമായി ബന്ധപ്പെട്ടതിനാൽ കണ്ണകി ചരിത്രത്തിൽ വേരുണ്ട് എന്ന് കരുതുന്നത് തെറ്റാവില്ല. 


തമിഴിലെ ചരിത്ര പാഠങ്ങളിൽ നിന്ന് കേരളത്തിന് ധാരാളം കോരിക്കുടിക്കാനുണ്ട്. നിർഭാഗ്യവശാൽ മാർക്സിസ്റ്റ് ചരിത്രകാരന്മാരുടെ പടിഞ്ഞാറൻ മലിനജലമാണ് മലയാളികൾ കുടിച്ചു കൊണ്ടിരിക്കുന്നത്. അതാണ് ഇന്നത്തെ വേട സന്നിക്ക് കാരണം. 


© Ramachandran






Saturday, 28 June 2025

ജിഹാദിനെ ചെറുത്ത ഭക്തിപ്രസ്ഥാനം

ജിഹാദിനെതിരെ ഹിന്ദു പ്രതിരോധം

ക്തിപ്രസ്ഥാനത്തെപ്പറ്റിയുള്ള ചർച്ചകളിൽ പൊതുവെ സന്യാസിമാരും ഭക്തമീരയെപ്പോലുള്ള ഗായികമാരുമൊക്കെയാണ് ഇടംപിടിക്കുക. ആ പ്രസ്ഥാനത്തിൻ്റെ രാഷ്ട്രീയം കൈകാര്യം ചെയ്തു കാണാറില്ല. ഏഴാം നൂറ്റാണ്ടിൽ അയലത്തു നിന്ന് മുസ്ലിം ഭരണാധികാരികൾ ഇന്ത്യയിൽ അധിനിവേശം നടത്തുമ്പോൾ അതിനെ ചെറുക്കാൻ ഹിന്ദുക്കൾ കണ്ടെത്തിയ ഉപാധിയായിരുന്നു, ഭക്തിപ്രസ്ഥാനം.

ജാതിക്കും സാമൂഹിക നിലയ്ക്കുമപ്പുറം, സ്ത്രീ പുരുഷ ഭേദമെന്യേ ഹിന്ദുമതം ഒന്നിച്ചു നിന്ന മധ്യ കാലമായിരുന്നു, അത്. കബീർ, മീര, തുളസിദാസ്‌, ചൈതന്യ മഹാപ്രഭു, എഴുത്തച്ഛൻ തുടങ്ങിയവർ അതിനെ നയിച്ചു. പ്രാദേശിക ഭാഷകളിൽ ഭക്തികീർത്തനങ്ങൾ രചിച്ചു പാടി അവർ ഹിന്ദു ഐക്യത്തെ ഉറപ്പിച്ചു നിർത്തി.


ഏഴാം നൂറ്റാണ്ടു മുതൽ പതിനേഴാം നൂറ്റാണ്ട് വരെ പത്തു നൂറ്റാണ്ടുകൾ അത് നിലനിന്നു. ഒരു ദേവനോടോ ദേവതയോടോ ഉള്ള ഭക്തി വഴി മോക്ഷം നേടുക എന്ന ആശയം മുൻനിർത്തിയുള്ള ആത്മീയപ്രസ്ഥാനം, അയിത്തമില്ലാതെ ഏവരെയും ചേർത്തു പിടിച്ചു. ഏതാണ്ട് ഒരു സഹസ്രാബ്ദം അത് നിലനിന്നത് തന്നെ ഹിന്ദുമതത്തിൽ വരേണ്യർക്കായിരുന്നു സ്വാധീനം എന്ന മാർക്സിസ്റ്റ് ആഖ്യാനത്തിന് മുഖത്തേൽക്കുന്ന ചുട്ട അടിയാണ്. റോമില്ല താപ്പർ റോമില്ല പാപ്പർ ആകുന്ന മുഹൂർത്തമാണ് അത്. സംസ്കൃതത്തിൽ നിന്ന് മാറി പ്രാദേശിക ആത്മീയധാര ഇന്ത്യയെ പൊതിഞ്ഞു നിന്നു.


തുടക്കം തെക്ക് 


തമിഴ്‌നാട്ടിൽ ആയിരുന്നു തുടക്കം.  ആൾവാർമാരും നായനാർമാരുമാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. ആൾവാർമാർ വിഷ്ണുകീർത്തനങ്ങളും നായനാർമാർ ശിവസ്തോത്രങ്ങളും പാടി. ചില ഘട്ടങ്ങളിൽ അവർ വരേണ്യരെയും ആചാരങ്ങളെയും ചോദ്യം ചെയ്തു. പ്രസ്ഥാനം ഉത്തരേന്ത്യയിലേക്ക് പടർന്നു. അവിടത്തെ സാമൂഹിക സന്ദർഭങ്ങൾക്ക് പുറമെ സൂഫിസ സ്വാധീനവും പകർന്നു. ദൈവവുമായി വ്യക്തിബന്ധം സ്ഥാപിച്ചുള്ള സമർപ്പണം ഭക്തിപ്രസ്ഥാനപ്രവർത്തകരുടെ ജീവിതത്തെയും രൂപപ്പെടുത്തി. പെരിയാൾവാർ, ആണ്ടാൾ, നമ്മൾവാർ എന്നിവരില്ലാതെ ഭക്തിപ്രസ്ഥാനമില്ല. അപ്പർ, സുന്ദരർ, സംബന്ധർ എന്നിവരില്ലാതെ നായനാർമാരുമില്ല. 


ചൈതന്യ മഹാപ്രഭു 

ബുദ്ധമതവും ജൈനമതവും സാധാരണക്കാർക്ക് ആത്മീയ ജീവിതം വാഗ്‌ദാനം ചെയ്തു. അവയുടെ നാശം ഭക്തിപ്രസ്ഥാനത്തിന് വേരുകൾ നൽകി. അപ്പോഴാണ് മുസ്ലിം അധിനിവേശം ഉത്തരേന്ത്യയിൽ സാമൂഹിക സംഘർഷം വിതച്ചത്. ഹിന്ദു രാജവംശങ്ങളുടെ തിരോധാനം കാരണം ഹിന്ദുവിൻ്റെ  ഭക്തി വ്യക്തിനിഷ്ഠമായി. ദൈവത്തിന് മുന്നിൽ സകലരും തുല്യരാണ് എന്ന സത്യം ഉറച്ചതിനാൽ സന്യാസിമാർ ഉച്ചനീചത്വങ്ങളെ വെല്ലുവിളിച്ചു. സാമൂഹിക അതിർത്തികളെ ഭക്തി ഉല്ലംഘിച്ചു. 


തമിഴ്, ഹിന്ദി, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിൽ സൃഷ്ടികളുണ്ടായി. ജനത്തിന് കാര്യം മനസ്സിലായി. പ്രാദേശികസാഹിത്യം സമ്പന്നമായി. സങ്കീർണചര്യകളും ആചാരങ്ങളും വഴി മാറി. ആചാരങ്ങൾ ധൂർത്തില്ലാത്തവിധം ലളിതമായി. 


മീരയ്ക്ക് മുൻപേ കർണാടകത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ അക്കമ്മഹാദേവിയുണ്ട്. മറാത്തിയിൽ ജന ബായിയും. 


വടക്ക് പതിനാലിൽ 


പതിനാലാം നൂറ്റാണ്ടിലാണ് ഭക്തിപ്രസ്ഥാനം വടക്ക് എത്തിയത്. രാമാനന്ദ ശിഷ്യരായിരുന്നു കബീറും രവിദാസും. എഴുത്തച്ഛനും രാമാനന്ദ ശിഷ്യനായിരുന്നു എന്ന് വിശ്വാസമുണ്ട്. രാമാനന്ദൻ രാമാനുജാചാര്യ ശിഷ്യനാണെന്നും ഭാഷ്യമുണ്ട്.


ഭക്തിപ്രസ്ഥാന കവികളായ അസമിലെ ശങ്കർ ദേവ്, ഗുജറാത്തിലെ നർസിംഗ മേത്ത, മഹാരാഷ്ട്രയിലെ തുക്കാറാം, തമിഴ് നാട്ടിലെ ഔവ്വയാർ, രാജസ്ഥാനിലെ മീര, യു പി യിലെ രവിദാസ്, കേരളത്തിലെ എഴുത്തച്ഛൻ എന്നിവരൊക്കെ ഭിന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്. കർണാടകയിലെ ഉരിലിംഗ പെഡ്ഢി ദലിതൻ.  ബസവണ്ണയും ജ്ഞാനേശ്വറും  ബ്രാഹ്മണരും തുക്കാറാം ശൂദ്രനുമായിരുന്നു. തിരുപ്പനാൾവാർ ദലിതൻ, കുലശേഖരാൾവാർ ക്ഷത്രിയൻ, നമ്മൾവാർ ശൂദ്രൻ, പുരന്ദരദാസർ വൈശ്യൻ, കനകദാസർ ശൂദ്രൻ. ഒരു സഹസ്രാബ്ദം, യൂറോപ്യന്മാർ വരും വരെ ഹിന്ദുമതം ജാതിക്ക് അതീതമായിരുന്നു. 


ദൈവം സഗുണനോ നിർഗുണനോ ആകാം എന്നതിനാൽ കാക്കത്തൊള്ളായിരം ദേവതകളെപ്പറ്റി അത്രയും തന്നെ കീർത്തനങ്ങളുണ്ടായി. ഭക്തിപ്രസ്ഥാനം വ്യക്തി സമർപ്പണത്തിൽ ഊന്നിയതിനാൽ ആചാര്യന്മാർ ലളിത ജീവിത മാതൃകകൾ ആയി. രൂപവും ഗുണവുമുള്ള ദേവതയെ ഭജിച്ചതിൽ നിന്ന് തുളസിദാസ്‌ ‘രാമചരിതമാനസ്’ സൃഷ്ടിച്ചു. മീര കൃഷ്ണനിൽ ലയിച്ചു. അന്ധനായ സൂർദാസ് കൃഷ്ണൻ്റെ ബാല്യ യൗവനങ്ങളിൽ നിന്ന് കളിയും ക്രീഡയും വിവരിച്ചു. 


അരൂപിയായ ദൈവത്തെ ഭജിക്കുമ്പോൾ തത്വചിന്ത നിറഞ്ഞാടി. നെയ്ത്തുകാരനായ കബീറിൻ്റെ ദോഹകൾ മതത്തിനപ്പുറം പോയി. സംഘടിത മതം, ആചാരങ്ങൾ, വിഗ്രഹാരാധന എന്നിവയ്ക്കപ്പുറവും ചെന്നു. ഗുരുനാനാക് ആകട്ടെ സിഖ് മതം തന്നെ സ്ഥാപിച്ചു. ആചാരങ്ങൾ വിട്ട് ദൈവത്തിൻ്റെ ഏകാത്മകതയിൽ ‘ഗുരുഗ്രന്ഥസാഹിബ്’ ഉണ്ടായി. അരൂപിയായ ദൈവം രാജസ്ഥാനിലെ ദാദു ദയാലിൻ്റെ രചനകളിലും കണ്ടു. 


ഗോബിന്ദ് സിംഗ് 

മീര വിധവയായത് മുസ്ലിം ആക്രമണത്തിൽ ഭർത്താവായ ഹിന്ദു രാജകുമാരൻ കൊല്ലപ്പെട്ടത് കൊണ്ടാണ്. ഭർത്താവായ മേവാറിലെ ഭോജ്‌ രാജ് ഡൽഹി സുൽത്താൻ ആക്രമണത്തിലെ പരുക്കുകൾ കൊണ്ട് 1518 ലാണ് വിഷ്ണുപദം പൂകിയത്.


സിഖ് ഉന്മൂലനം 


സിഖ് ഗുരുക്കന്മാർക്കെതിരെ മുഗൾ ഭരണം അഴിച്ചുവിട്ട ആക്രമണങ്ങൾക്ക് കണക്കില്ല. ഗുരു അർജുനെ ജഹാംഗീർ പീഡിപ്പിച്ചു. ആ ക്രൂരതകൾ ഗോബിന്ദ് സിംഗിൻ്റെ നേതൃത്വത്തിൽ സമൂഹത്തെ ഐക്യപ്പെടുത്തി. അഞ്ചാം ഗുരുവായ അർജുനെ കൊന്നു. ആറാം ഗുരു ഹർഗോബിന്ദ് മുഗൾ ഭരണത്തിനെതിരെ ആയുധമെടുത്തു. ഔറംഗസേബ് 1675 ൽ ഒൻപതാം സിഖ് ഗുരു തേജ് ബഹദൂറിൻ്റെ തല വെട്ടി. കശ്മീരിലെ ഹിന്ദുക്കളെ ബലം പ്രയോഗിച്ച് ഇസ്ലാമിലേക്ക് മാറ്റുന്നതിനെ എതിർത്തു, സ്വയം ഇസ്ലാമിൽ ചേരാൻ വിസമ്മതിച്ചു എന്നിവയായിരുന്നു കുറ്റം. 


ഇസ്ലാമിക ഭരണത്തിൽ രാമായണവും പുരാണങ്ങളും പരസ്യമായി ചൊല്ലാൻ കഴിയാതെ വന്നപ്പോൾ ഭക്തിപ്രസ്ഥാന ആചാര്യന്മാർ അതിലെ നായകന്മാരെ നമ്മുടെ അയലത്ത് കൊണ്ടു വന്നു. സനാതനധർമ്മം രാമനായി ഉമ്മറപ്പടിയിലും കൃഷ്ണനായി നദിക്കരയിലും നിറഞ്ഞു നിന്നു. വിഗ്രഹങ്ങളും ക്ഷേത്രങ്ങളും വെന്തപ്പോൾ ഭക്തിപ്രസ്ഥാനം ആശ്രയമായി. 


ആ പ്രസ്ഥാനത്തിൻ്റെ കാമ്പിൽ നിന്നാണ് ശിവാജി ഉയിർത്തതും മറാത്താ സാമ്രാജ്യം ഉണ്ടായതും ഔറംഗസേബിനെ വിറപ്പിച്ചതും. ഭക്തിപ്രസ്ഥാന ആചാര്യനായ സമർത്ഥ രാമദാസ് ശിവാജിയുടെ ഗുരുവായത് യാദൃച്ഛികമല്ല. തുക്കാറാമും ശിവാജിയെ പ്രചോദിപ്പിച്ചു. 


പിന്നെ കണ്ടത് ഇസ്ലാമിക ഭരണത്തിൻ്റെ പതനമായിരുന്നു. കാക്കത്തൊള്ളായിരം ദേവതമാരും അത്രയും കീർത്തനങ്ങളും ബഹുസ്വരതയാണ്, വിരിഞ്ഞു നിൽക്കുന്ന ജനാധിപത്യമാണ്. അതിനാൽ, ഭക്തിപ്രസ്ഥാനം ഇസ്ലാമിക ഏകാധിപത്യത്തിനും ഏകദൈവാധിപത്യത്തിനും മതാധിപത്യത്തിനും എതിരായ ആത്മീയ ഗറില്ലാ പ്രവർത്തനമായിരുന്നു എന്ന് കാണണം. അതാണ് ഭക്തിപ്രസ്ഥാനത്തിൻ്റെ രാഷ്ട്രീയം.


© Ramachandran



FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...