Wednesday, 12 June 2019

സാർത്ര് ആകാൻ പഠിച്ച മുകുന്ദൻ

ലയാള സാഹിത്യത്തിലെ കാലഹരണപ്പെട്ട പുണ്യാളനായ എം.മുകുന്ദന്‍, കോഴിക്കോട്ട്, ഉറക്കെ ചിന്തിക്കുകയുണ്ടായി. 'കേശവന്റെ വിലാപങ്ങള്‍: നോവല്‍ പഠനങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അദ്ദേഹം പറഞ്ഞു:

 ''രാജ്യത്ത് എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഎം ആണ്. എഴുത്തുകാരന് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണ്; ഇവിടെ സാഹിത്യകാരന്മാര്‍ സുരക്ഷിതരാണ്.'' 

മാഹിയില്‍ ജനിച്ച മുകുന്ദന്റെ എഴുത്തിന്റെ വേരുകള്‍ ഫ്രാന്‍സിലാണെന്ന് പുസ്തകങ്ങള്‍ വായിക്കുന്നവര്‍ക്കൊക്കെ അറിയാം. ഫ്രഞ്ച് നോവലിസ്റ്റായ റൊബ്ബേ ഗ്രിയേയെപ്പോലുള്ളവരുടെ പുസ്തകങ്ങള്‍  പരിഭാഷ ചെയ്ത് മലയാളത്തില്‍ വന്നാല്‍ പൊട്ടുന്ന കുമിള മാത്രമാണ്, മുകുന്ദന്‍. കേരളീയതയ്‌ക്കോ ഭാരതീയതയ്‌ക്കോ പകരം, മുകുന്ദന്റെ കഥകളിലും നോവലുകളിലും അസ്തിത്വവാദം നീറിനില്‍ക്കുന്നതിന് കാരണം, മുകുന്ദന്‍ ഫ്രഞ്ചില്‍ ചിന്തിക്കുന്നതുകൊണ്ടാണ്. 
പക്ഷേ, ഫ്രാന്‍സില്‍ ജീവിച്ച ഴാങ് പോള്‍ സാര്‍ത്ര്, ആല്‍ബേര്‍ കമ്യു, റെയ്മണ്ട് ആരോണ്‍, മോറിസ് മെര്‍ലോ പോണ്ടി, സിമൊങ് ദ് ബുവ്വ എന്നിവരെ മറന്നുകൊണ്ട്, കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്, സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലപ്പട്ടം മുകുന്ദന്‍ ചാര്‍ത്തിക്കൊടുത്തത് ആർക്കും എളുപ്പം മനസ്സിലാവില്ല. ഫ്രഞ്ച് എംബസിയിലെ ഉദ്യോഗത്തില്‍നിന്ന് പിരിയുകയും അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ് കിട്ടുകയും ചെയ്തശേഷം, തന്നെ സാഹിത്യ അക്കാദമി പ്രസിഡന്റാക്കിയ പിണറായി ഗ്രൂപ്പിനോടുള്ള ഉപകാര സ്മരണ തികട്ടി വന്നതുകൊണ്ടുണ്ടായ ഓക്കാനവും ഛര്‍ദിയുമാകണം, കാരണം. സാര്‍ത്രിന്റെ ആദ്യ നോവലിന്റെ പേരു തന്നെ 'ഓക്കാനം' (Nausea) എന്നാണല്ലോ. 

2016 ലെ ഏറ്റവും മികച്ച പുസ്തകങ്ങളിലൊന്നായ, സാറാ ബേക്‌വെല്‍ എഴുതിയ, 'അറ്റ് ദ എക്‌സിസ്റ്റന്‍ഷ്യല്‍ കഫേ' എന്ന പുസ്തകം വായിച്ച് അടച്ച ശേഷമാണ് ഇത് എഴുതുന്നത്. മുകളില്‍ പറഞ്ഞവര്‍ക്കു പുറമേ, അസ്തിത്വവാദത്തിന് വിത്തിട്ട ഫ്രഞ്ച് തത്വചിന്തകരായ മാര്‍ട്ടിന്‍ ഹൈഡഗര്‍, എഡ്മണ്ട് ഹുസ്സേള്‍, കാള്‍ ജാസ്‌പേഴ്‌സ് തുടങ്ങിയവരുടെ കൂടി ജീവിത മുഹൂര്‍ത്തങ്ങളാണ്, ഈ പുസ്തകത്തിലുള്ളത്. സാര്‍ത്ര്, ബുവ്വ, കമ്യു, മെര്‍ലോ പോണ്ടി എന്നിവര്‍ സ്ഥിരമായി ഒരു കഫേയില്‍ മദ്യപിക്കുന്നവരായിരുന്നു. വല്ലപ്പോഴും, 'നട്ടുച്ചക്കിരുട്ട്' എഴുതിയ കമ്യൂണിസ്റ്റ് വിരുദ്ധന്‍ ആര്‍തര്‍ കോയ്സ്ലറും എത്തിയിരുന്നു. സാര്‍ത്രിനൊപ്പം സഹജീവിതം നയിച്ചവരായിരുന്നു ബുവ്വ. അവരുടെ ലെസ്ബിയന്‍ സുഹൃത്തുക്കളെ സാര്‍ത്രിന് പങ്കിട്ടിരുന്നുവെന്നറിഞ്ഞ് ഞാന്‍ ഞെട്ടിപ്പോയി.



 മുപ്പതുകളില്‍ ഫ്രാന്‍സില്‍, സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്റെ മേല്‍നോട്ടത്തില്‍ നടന്ന, വിമതരുടെയും എഴുത്തുകാരുടെയും കൂട്ട ഉന്മൂലനങ്ങളുടെ വാര്‍ത്തകള്‍ എത്തി. കൃത്രിമ വിചാരണകളില്‍, ശത്രുക്കള്‍ 'കുറ്റം ഏറ്റുപറയുകയും' അവരെ വെടിവച്ചു കൊല്ലുകയും ചെയ്യുകയായിരുന്നു. 1946 ല്‍ വിക്തോര്‍ ക്രാവ്‌ചെങ്കോ അവിടെനിന്ന് രക്ഷപ്പെട്ട്, 'ഐ ചോസ് ഫ്രീഡം' എന്ന പുസ്തകമെഴുതി. 1947 ല്‍ ഇത് ഫ്രഞ്ചിലേക്ക് പരിഭാഷ ചെയ്തത് എഴുത്തുകാരെ ഞെട്ടിച്ചു. കമ്യൂണിസ്റ്റ് അനുകൂല പ്രസിദ്ധീകരണമായ 'ലെ ലെറ്ററെ ഫ്രാങ്‌സ്വ' ഈ പുസ്തകത്തെ 'അമേരിക്കയുടെ വ്യാജനിര്‍മിതി' എന്നാക്ഷേപിച്ചു. ക്രാവ്‌ചെങ്കോ, മാസികക്കെതിരെ കേസു കൊടുത്തു വിജയിച്ചു. ഒരു ഫ്രാങ്ക് നഷ്ടപരിഹാരമായി കിട്ടി. അടുത്ത കൊല്ലം, ഇതേ മാസികക്കെതിരെ സമാനമായ കുറ്റത്തിന് ബുക്കന്‍വാള്‍ഡില്‍ നിന്ന് രക്ഷപ്പെട്ട  ഡേവിഡ് റൂസെറ്റ് കേസു കൊടുത്തു. സോവിയറ്റ് ഉന്മൂലന ക്യാമ്പുകളെപ്പറ്റി അന്വേഷിക്കണം എന്നാവശ്യപ്പെട്ട റൂസെറ്റിനെ മാസിക ആക്ഷേപിച്ചു. സോവിയറ്റ് യൂണിയന്‍ എഴുത്തുകാരുടെയോ തൊഴിലാളികളുടെയോ പറുദീസയല്ല എന്ന വിശ്വാസം ഫ്രാന്‍സില്‍ ശക്തിപ്പെട്ടു. 
റഷ്യയ്ക്ക് ആണവരഹസ്യങ്ങള്‍ ചോര്‍ത്തിയ കുറ്റത്തിന് ഫ്രാന്‍സ് 1951 ല്‍ ഏതല്‍, ജൂലിയസ് റോസന്‍ബര്‍ഗ് ശാസ്ത്രജ്ഞ ദമ്പതികളെ വധശിക്ഷയ്ക്ക് വിധിച്ചു. 1953  ല്‍ ശിക്ഷ നടപ്പാക്കി. സാര്‍ത്ര്, 'ലിബറേഷന്‍' പത്രത്തില്‍, രോഷാകുലനായി കത്തെഴുതി.

 ദസ്തയേവ്‌സ്‌കി, ഇതിനും എഴുപത് വര്‍ഷം മുന്‍പ് 'ബ്രദേഴ്‌സ് കാരമസോവ്' നോവലില്‍, അധികാരത്തിന്റെ പ്രശ്‌നം ലളിതമായി കൈകാര്യം ചെയ്തിരുന്നു. കാരമസോവ്, സഹോദരന്‍ അല്യോഷയോട്, ഇനിയുള്ള കാലം മുഴുവന്‍, മനുഷ്യന്‍ സമാധാനത്തോടെ ജീവിക്കുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ അല്യോഷയ്ക്ക് കഴിയും എന്നു സങ്കല്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നു. പക്ഷേ, അതു സാധിക്കാന്‍, ദാ, അപ്പുറത്തു കാണുന്ന ശിശുവിനെ കൊല്ലേണ്ടിവരും. സമ്മതമാണോ? ''അല്ല,'' അല്യോഷയുടെ ഉത്തരം കൃത്യമായിരുന്നു. കോടികളുടെ ആഹ്ളാദത്തിന്, ഒരു കുഞ്ഞിനെപ്പോലും കൊല്ലാന്‍ സാധ്യമല്ല. ലോകത്ത് ചില കാര്യങ്ങളില്‍, അളവുകളോ, കച്ചവടമോ പറ്റില്ല.

നാല്‍പതുകളിലെ ഫ്രാന്‍സില്‍, അല്യോഷയുടെ നിലപാട് നിരന്തരം കൈക്കൊണ്ടിരുന്നയാളായിരുന്നു, ആല്‍ബേര്‍ കമ്യു. 'ഇരകളോ കൊലയാളികളോ അല്ല' എന്ന ലേഖനത്തില്‍, കമ്യു എഴുതി: ''കൊലയുമായി സന്ധിയിലാകുന്നവര്‍ ആരുമാകട്ടെ, ആ കൂട്ടത്തില്‍, ഞാനില്ല.'' 1949 ല്‍ കമ്യു എഴുതിയ 'ദ ജസ്റ്റ്' എന്ന നാടകത്തില്‍, ഒരു രാഷ്ട്രീയ കൊലപാതകത്തിനിടയില്‍, വഴിപോക്കന്മാരെ കൂടി കൊല്ലേണ്ടിവരുമോ എന്നു ചര്‍ച്ച ചെയ്യുന്ന റഷ്യന്‍ തീവ്രവാദികളെ കാണാം. അതു തെറ്റാണെന്ന് കമ്യു കരുതി. 1954 ല്‍ കമ്യുവിന്റെ സ്വന്തം രാജ്യമായ അള്‍ജിയേഴ്‌സില്‍, കലാപകാരികള്‍ നടത്തിയ ബോംബ് സ്‌ഫോടനങ്ങളില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടു. ഫ്രഞ്ച് ഭരണകൂടവും വധശിക്ഷകള്‍ നടപ്പാക്കി. കമ്യു, രണ്ടിനെയും എതിര്‍ത്തു. ആളുകള്‍ ക്രൂരതകള്‍ ചെയ്‌തെന്നുവരാം. എന്നാല്‍, എഴുത്തുകാരും ഉദ്യോഗസ്ഥരും അതിനെ ന്യായീകരിക്കരുത്. 1957ല്‍, സാര്‍ത്രിന് മുന്‍പേ നൊബേല്‍ സമ്മാനം കിട്ടിയ കമ്യു നടത്തിയ പ്രഭാഷണത്തില്‍, എന്തുകൊണ്ട് അദ്ദേഹം കലാപകാരികളെ അനുകൂലിക്കുന്നില്ല എന്ന ചോദ്യമുണ്ടായി. കമ്യു പറഞ്ഞു:

 ''അള്‍ജിയേഴ്‌സിലെ ട്രാംവേകളില്‍ ആളുകള്‍ ഇപ്പോള്‍ ബോംബുവയ്ക്കുന്നു. എന്റെ അമ്മ ആ ട്രാംവേകളില്‍ ഒന്നിലുണ്ടാകാം. അതാണ് നീതിയെങ്കില്‍, എനിക്ക് വേണ്ടത്, അമ്മയെയാണ്.'' 

എന്നാല്‍, സാര്‍ത്ര്, ക്രൂരമായ കൊലകള്‍ നടന്നിട്ടും സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനൊപ്പം നിന്നു. ഇക്കാലത്ത്, സാര്‍ത്രിനോട് മെര്‍ലോ-
പോണ്ടി ചോദിച്ചു:

 300 പേരെയും 3000 പേരെയും കൊല്ലുന്ന രണ്ടു സംഭവങ്ങളുണ്ടെങ്കില്‍, താങ്കള്‍ ഏതിന്റെ കൂടെ നില്‍ക്കും? എന്തു വ്യത്യാസമാണ്, തത്വചിന്താപരമായി ഇതിലുള്ളത്? 
സാർത്ര്  പ റഞ്ഞു: 

''കണക്കിലെ വ്യത്യാസമുണ്ട്. തത്വചിന്താപരമായി, വ്യത്യാസമൊന്നുമില്ല. ഒരു വ്യക്തി സ്വന്തം നിലയ്ക്കുതന്നെ അനന്ത പ്രപഞ്ചമാണ്. ഒരു അനന്തതയെ മറ്റൊരു അനന്തതയുമായി താരതമ്യം ചെയ്യാനാവില്ല. രണ്ടു സംഭവങ്ങളിലും കണക്കാക്കാനാകാത്തതാണ്, ജീവിത നഷ്ടം.''

 സാര്‍ത്ര്, ഭരണകൂടത്തലവന്മാരുടെ കാഴ്ചപ്പാടു സ്വീകരിക്കുന്നതിനു പകരം, തത്വചിന്തകനെപ്പോലെ, മാത്രം സംസാരിക്കുന്നതായി അന്ന് കമ്യൂണിസ്റ്റ് പക്ഷപാതിയായ മെര്‍ലോ-പോണ്ടിക്കു തോന്നി. ചിലപ്പോള്‍, സാര്‍ത്ര്, അല്യോഷയെപ്പോലെയോ കമ്യുവിനെപ്പോലെയോ ആകുന്നുണ്ടെന്നും തോന്നി. അല്യോഷയുടെ നിലപാടല്ല ശരിയെന്ന് കണ്ട്, അതില്‍നിന്ന് പൂര്‍ണമായും പിന്നീട് സാര്‍ത്രും ബുവ്വയും മാറി. ഒരു കുഞ്ഞിനെ ആയിരം കുഞ്ഞുങ്ങള്‍ക്കുനേരെ നിര്‍ത്തി നോക്കുന്നത് സ്വാര്‍ത്ഥതയാണെന്ന് അവര്‍ സിദ്ധാന്തിച്ചു. ചിലപ്പോള്‍ കൈകളില്‍ ചോര പുരളേണ്ടിവരുമെന്ന് വിശ്വസിച്ച അവര്‍, കമ്യൂണിസ്റ്റ് ഭരണകൂടത്തിനൊപ്പം നിന്നു. 
സാർത്രും കാമുവും 
വെനീസില്‍ 1956 ല്‍ നടന്ന എഴുത്തുകാരുടെ സമ്മേളനത്തില്‍, ഇംഗ്ലീഷ് കവി സ്റ്റീഫന്‍ സ്‌പെന്‍ഡര്‍ സാര്‍ത്രിനോട് ചോദിച്ചു:

 ''ഒരു കമ്യൂണിസ്റ്റ് ഭരണകൂടം താങ്കളെ, തെറ്റായി ശിക്ഷിച്ച് തടവിലിട്ടാല്‍ താങ്കളുടെ ആഗ്രഹം എന്തായിരിക്കും? സുഹൃത്തുക്കള്‍ താങ്കളുടെ മോചനത്തിനായി പ്രചാരണം നടത്തിയാല്‍, ആ പ്രചാരണം ആ ഭരണകൂടത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയും അതിന്റെ ഭാവിയെ അപകടത്തിലാക്കുകയും ചെയ്താല്‍ അതു സ്വീകരിക്കുമോ? അതോ, ഏതോ വലിയ നന്മയ്ക്കായി സ്വന്തം വിധിയെ സ്വീകരിക്കുമോ?''

 ഒരു നിമിഷം ആലോചിച്ച്, സാര്‍ത്ര് പറഞ്ഞു:

 ''ആ പ്രചാരണത്തെ ഞാന്‍ അനുകൂലിക്കില്ല.'' 

മറുപടി ഇഷ്ടപ്പെടാതെ, സ്‌പെന്‍ഡര്‍ പറഞ്ഞു:

 ''ഒരാളെ അന്യായമായി തടവിലിട്ടിരിക്കുന്നതാണ്, ഏറ്റവും നല്ല പ്രതിഷേധ കാരണം.'' 

''അതുതന്നെയാണ് നാടകത്തിലെ സമസ്യ,'' സാര്‍ത്ര് പറഞ്ഞു, ''ഒരാള്‍ക്കെതിരായ അനീതി ഇനി ഒരു വിഷയമല്ല.'' 
കാമു,കോയ്സ്ലർ 
ഇരുവരും തമ്മില്‍ നടന്ന സംഭാഷണം, ആര്‍തര്‍ കോയ്സ്ലറുടെ 'നട്ടുച്ചക്കിരുട്ട്' എന്ന നോവലിന്റെ കഥാബീജത്തെ ഓര്‍മിപ്പിക്കുന്നു. കമ്യൂണിസ്റ്റുകാരനായിരുന്ന്, കമ്യൂണിസ്റ്റ് വിരുദ്ധനായ ആളാണ്, കോയ്സ്ലര്‍. 1940 ല്‍ പുറത്തുവന്ന ആ നോവല്‍, അച്യുതാനന്ദനെപ്പോലെ അവസാനത്തെ ബോള്‍ഷെവിക്കായ, സ്റ്റാലിന്റെ സൈദ്ധാന്തികന്‍ നിക്കൊളായ് ബുഖാറിനെ, 1938 ല്‍ സ്റ്റാലിന്‍ തന്നെ മഹാശുദ്ധീകരണത്തില്‍ കൊന്നതിന്റെ കഥയാണ്. ഒരു വ്യാജ കുറ്റസമ്മതത്തില്‍ ഒപ്പിട്ട്, പാര്‍ട്ടിക്കൂറുള്ള ഒരാള്‍, 'ഭരണകൂടത്തിന്റെ നന്മ'യ്ക്കായി, സ്വയം മരണത്തിലേക്ക് പോകുന്ന സാങ്കല്‍പിക കഥയാക്കി, കോയ്സ്ലര്‍ അതിനെ മാറ്റി. ഒരു കമ്യൂണിസ്റ്റിന് പാര്‍ട്ടിയെയും ഭരണകൂടത്തെയും പ്രതിരോധിച്ച് എത്രവരെ മുന്നോട്ടുപോകാം എന്ന ചോദ്യം കോയ്സ്ലര്‍ ഉന്നയിച്ചു. 'യോഗിയും കൊമ്മിസ്സാറും' എന്ന ലേഖനത്തില്‍ ഇത്തരം ചോദ്യങ്ങള്‍ പിന്നെയും അദ്ദേഹം ഉയര്‍ത്തി. വിദൂരമായ ഒരാദര്‍ശത്തിനുവേണ്ടി നിലകൊള്ളുന്ന കൊമ്മിസ്സാറാണോ, വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ കാണുന്ന യോഗിയാണോ ശരി? പാശ്ചാത്യലോകത്തും തിന്മകളില്ലേ എന്ന മറുചോദ്യം, മെര്‍ലോ-പോണ്ടി, താനും സാര്‍ത്രും ചേര്‍ന്നു നടത്തുന്ന 'ലെ ടെംപസ് മൊഡേണെ' മാസികയില്‍, 'യോഗിയും തൊഴിലാളിയും' എന്ന ലേഖനത്തില്‍ ഉയര്‍ത്തി. കോയ്സ്ലര്‍ അതിനെ അവഗണിച്ചു. 

പക്ഷേ, കമ്യു രോഷാകുലനായി. ബോറിസ് വിയാന്റെ സായാഹ്ന വിരുന്നില്‍, മെര്‍ലോ-പോണ്ടിയെ കമ്യു ചീത്തവിളിച്ച് പുറത്തേക്കുപോയി. സാര്‍ത്ര് പിന്നാലെ ഓടി. സാര്‍ത്രും കമ്യുവും കുറെനാള്‍ മിണ്ടാതായി. സാര്‍ത്രും ബുവ്വയും കമ്യുവും കോയ്സ്ലറും നല്ല സുഹൃത്തുക്കളായിരുന്ന 1946 ല്‍, ഒരു കുടിയേറ്റ റഷ്യന്‍ നൈറ്റ് ക്ലബില്‍, സൗഹൃദവും രാഷ്ട്രീയ പ്രതിബദ്ധതയും അവര്‍ ചര്‍ച്ച ചെയ്തു. ഒരു രാഷ്ട്രീയ എതിരാളിക്കൊപ്പം സുഹൃത്താകാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, പറ്റും എന്ന് കമ്യുവും പറ്റില്ലെന്ന് കോയ്സ്ലറും മറുപടി നല്‍കി. പറ്റുമെന്നുള്ളതിന് തെളിവാണ് എല്ലാവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതെന്ന് ബുവ്വ പറഞ്ഞപ്പോള്‍ പ്രശ്‌നം തീര്‍ന്നു. 1947 ല്‍ ഇതേ പ്രശ്‌നം പൊന്തിവന്നപ്പോള്‍, കോയ്സ്ലര്‍ സാര്‍ത്രിന്റെ തലയിലേക്ക്, ഗ്ലാസ് എറിഞ്ഞു. കോയ്സ്ലറുടെ ഭാര്യ മാമെയ്‌നുമായി സാര്‍ത്ര് കൊഞ്ചിക്കുഴയുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നുമില്ല. ആടിയാടി പുറത്തെത്തിയ കോയ്സ്ലറെ, തോളില്‍ കൈവച്ച് കമ്യു ശാന്തനാക്കാന്‍ ശ്രമിച്ചു. കോയ്സ്ലര്‍, കമ്യുവിനെ തല്ലി; കമ്യു തിരിച്ചുതല്ലി. സാര്‍ത്രും ബുവ്വയും ചേര്‍ന്ന് ഇരുവരെയും പിടിച്ചുമാറ്റി, കമ്യുവിനെ അയാളുടെ കാറില്‍ കയറ്റി. വീട്ടിലെത്തുംവരെയും കമ്യു കരഞ്ഞുകൊണ്ടു പുലമ്പി: ''എന്റെ കൂട്ടുകാരനായിട്ടും, അയാള്‍ എന്നെ തല്ലി.''


ബുവ്വയും സാർത്രും 

 ഭിന്നരാഷ്ട്രീയ വീക്ഷണമുള്ളവരുമായി ഒന്നിച്ചുപോകാനാവില്ല എന്ന കോയ്സ്ലറുടെ അഭിപ്രായത്തോട് സാര്‍ത്രും ബുവ്വയും പിന്നീട് യോജിച്ചു. അവര്‍ അകന്നു. സാര്‍ത്ര്, കമ്യൂണിസ്റ്റ് രാജ്യമായ ഹംഗറിയിലേക്ക് സോവിയറ്റ് ടാങ്കുകള്‍ കുതിച്ചപ്പോഴും (1956) കമ്യൂണിസ്റ്റ് ഭരണകൂടത്തോടൊപ്പം നിന്നു. പിന്നെ, ചെക്കോസ്ലോവാക്യയിലേക്ക് സോവിയറ്റ് പട്ടാളം കുതിച്ചപ്പോള്‍ (1968), സാര്‍ത്രിന് പന്തികേടു തോന്നി, അദ്ദേഹം കമ്യൂണിസത്തില്‍ നിന്ന് വഴിമാറി. സാര്‍ത്രിന് വഴിമാറാന്‍ കഴിഞ്ഞത്, അദ്ദേഹം അവാര്‍ഡുകള്‍ക്കോ, അക്കാദമി സ്ഥാനങ്ങള്‍ക്കോ പിറകെ പോകാതിരുന്നതുകൊണ്ടു കൂടിയാണ്; മുകുന്ദന്  പുരസ്‌കാരങ്ങൾ  കിട്ടാനുണ്ട്. നൊബേല്‍ സമ്മാനവും സാര്‍ത്ര് നിരസിക്കുകയായിരുന്നു. അത് കുടിയേറ്റക്കാരായ കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് കൊടുക്കുന്നതാണ് എന്ന് സാര്‍ത്ര് പറഞ്ഞതില്‍, നേരത്തെ അതു കിട്ടിയ കമ്യുവിനോടുള്ള കൊതിക്കെറുവുണ്ടായിരുന്നിരിക്കാം. മുന്‍പേ കമ്യൂണിസത്തില്‍ നിന്ന് വഴിമാറിയ ആളായിരുന്നു, കമ്യു. സാര്‍ത്രിനെക്കാള്‍, ഇന്ന് നിലനില്‍ക്കുന്നത്, കമ്യുവും അദ്ദേഹത്തിന്റെ പുസ്തകങ്ങളുമാണ്. എം.ടി.വാസുദേവന്‍ നായരുടെയോ മുകുന്ദന്റെയോ പുസ്തകങ്ങള്‍ കാലത്തെ അതിജീവിക്കില്ലെന്നും പറയാം. കൃത്രിമത്വവും കാപട്യവും, ഭീമനായി വന്നാലും, അല്‍ഫോന്‍സായി വന്നാലും, കേശവനായി വന്നാലും, വായനക്കാര്‍ തിരിച്ചറിയും. 
അതുകൊണ്ട്, ആ ചോദ്യം മുകുന്ദനോടു ചോദിക്കട്ടെ: ടി.പി.ചന്ദ്രശേഖരനെ മാര്‍ക്‌സിസ്റ്റുകള്‍ കൊന്നപ്പോള്‍, മുകുന്ദന്‍, നിങ്ങള്‍ എവിടെയായിരുന്നു?

സ്റ്റാലിൻ കൊന്ന മുസ്ലിം സഖാവ്

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ തെരഞ്ഞെടുപ്പില്‍, കേരളത്തിലെ മുസ്ലിoകളിലെ  വലിയൊരു ശതമാനം കമ്യൂണിസ്റ്റുകള്‍ക്കൊപ്പം നിന്നെന്ന വിലയിരുത്തല്‍ കണ്ടപ്പോള്‍, സുല്‍ത്താന്‍ ഗലിയേവിനെയും സജ്ജാത് സഹീറിനെയും ഓര്‍ത്തുപോയി.
 കമ്യൂണിസത്തില്‍ പരിഷ്‌കാരം വേണമെന്ന് നിര്‍ദ്ദേശിച്ചതിന്റെ പേരില്‍, സ്റ്റാലിന്‍ കൊന്ന മുസ്ലിം ആണ്, ഗലിയേവ്. ലെനിന്‍ 1912 ല്‍ പ്രാഗില്‍ വിളിച്ച ബോള്‍ഷെവിക്കുകളുടെ മാത്രം സമ്മേളനത്തോടെയാണ്, പാര്‍ട്ടി പിളര്‍ന്ന്, ബോള്‍ഷെവിക്കുകളും മെന്‍ഷെവിക്കുകളും ആയത്. ഭാരതത്തില്‍ പാര്‍ട്ടി പിളര്‍ന്നതിന് അടിസ്ഥാനകാരണം കോണ്‍ഗ്രസുമായി കൂട്ടുവേണോ വേണ്ടയോ എന്നതായിരുന്നുവെങ്കിലും, റഷ്യയില്‍, വിപ്ലവത്തിന് മുന്നില്‍ നില്‍ക്കേണ്ടത്, വ്യവസായ തൊഴിലാളിയോ കര്‍ഷകനോ എന്നതായിരുന്നു, പ്രശ്‌നം. പുന്നപ്ര വയലാറിന്റെ കാലത്ത് വിപ്ലവത്തിനു മുന്നില്‍ കര്‍ഷകന്‍ വേണമെന്നും, കൊല്‍ക്കത്താ തീസിസ് കാലത്ത് തൊഴിലാളി വേണമെന്നും നയവ്യതിയാനമുണ്ടായിരുന്നല്ലോ. 
കര്‍ഷകരായിരിക്കണം മുന്നില്‍ എന്ന് മാവോയ്ക്ക് മുന്‍പേ വാദിച്ച റഷ്യന്‍ ബോള്‍ഷെവിക്കായി, മിര്‍ സയ്യിദ് സുല്‍ത്താന്‍ ഗലിയേവ്. എം.വി.ഗോവിന്ദനെയും എം.പ്രകാശനെയും പോലെ, അധ്യാപകനായിരുന്നു, അദ്ദേഹം; അതല്ലെങ്കില്‍, പി.ടി. ഭാസ്‌കരപ്പണിക്കരെപ്പോലെ. 1917 നവംബറില്‍ നടന്ന ഒക്‌ടോബര്‍ വിപ്ലവത്തിനു തൊട്ടുപിന്നാലെ ബോള്‍ഷെവിക്കായ ഗലിയേവ്, ബഷ്‌കീര്‍ മുസ്ലിം മേഖലയില്‍നിന്നുള്ളയാളായിരുന്നു. മധ്യേഷ്യന്‍ ജനതയെപ്പറ്റി അവഗാഹമുള്ള സോവിയറ്റ് മുസ്ലിം മേഖലയിലെ ബുദ്ധിജീവി എന്ന നിലയില്‍, വലിയ ജനപ്രീതിയാര്‍ജിച്ചു, ഗലിയേവ് (1892-1940). റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബഷ്‌കീറിലെ എലംബറ്റേവോ ഗ്രാമത്തില്‍ 1892 ജൂലൈ 13 നായിരുന്നു, ജനനം. 12 കുട്ടികളുള്ള പിതാവിന്, അധ്യാപകനെന്ന നിലയില്‍ തുച്ഛവരുമാനമായിരുന്നതിനാല്‍, ദരിദ്രമായിരുന്നു, ഗലിയേവിന്റെ ബാല്യം. അച്ഛനും അമ്മയും തമ്മില്‍ എപ്പോഴും വഴക്കായിരുന്നു; അമ്മ ഒരു രാജകുമാരന്റെ മകളായിരുന്നു. അച്ഛന്‍ താഴേക്കിടയില്‍ നിന്നുള്ളയാളും. ചെറുപ്പംതൊട്ടേ ഗലിയേവ്, അച്ഛന്റെ കൈവശമുള്ള റഷ്യന്‍ ക്ലാസിക്കുകള്‍ വായിച്ചു. ടോള്‍സ്റ്റോയ്, പുഷ്‌കിന്‍ എന്നിവരുടെ കൃതികള്‍ ടാട്ടാര്‍ ഭാഷയിലേക്കു പരിഭാഷപ്പെടുത്തി. 1913 ല്‍ റൗസ ചാനിഷേവയെ നിക്കാഹ് ചെയ്തു. പാര്‍ട്ടിയുടെ മഹിളാ പ്രസ്ഥാനത്തില്‍ തിളങ്ങിയ അവരും ഗലിയേവും, 1918 ല്‍ പിരിഞ്ഞു. വിപ്ലവാശയങ്ങളില്‍ ആകൃഷ്ടനായത്, 1905 ലാണ്. വിപ്ലവം അന്നു പരാജയപ്പെട്ടപ്പോള്‍, ഗലിയേവ് ബക്കുവിലേക്ക് കടന്നു. കസാനിലെ ടാട്ടാര്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജില്‍ പഠിക്കുമ്പോള്‍, ബോള്‍ഷെവിക്കായി. 1911 ല്‍ ബിരുദമെടുത്തശേഷം, പാതി പട്ടിണിയായ അധ്യാപകനും ലൈബ്രേറിയനുമായി. എങ്കിലും, പത്രങ്ങളില്‍ ലേഖനങ്ങളെഴുതി. ബക്കുവിലെ രാഷ്ട്രീയാന്തരീക്ഷവും 1916 ല്‍ മധ്യേഷ്യയിലുണ്ടായ മുസ്ലിം കലാപവും ഗലിയേവിലെ കമ്യൂണിസ്റ്റിനെ ഉറപ്പിച്ചു. 1917 ല്‍ അവിടെ റഷ്യന്‍ മുസ്ലിം സമ്മേളനത്തില്‍ രൂപംകൊണ്ട മുസ്ലിം കൗണ്‍സിലില്‍ അംഗമായി. അതേവര്‍ഷം കസാനിലേക്കു പോയി, മുള്ളാ നൂര്‍ വാക്‌സിടോവിനെ കണ്ട്, മുസ്ലിം സോഷ്യലിസ്റ്റ് കമ്മറ്റിയുണ്ടാക്കി. നവംബറില്‍ പാര്‍ട്ടിയുടെ മുസ്ലിം വിഭാഗത്തിന്റെ മേധാവിയായി-അന്നത്തെ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, എളമരം കരീം എന്നൊക്കെ പറയാം. 1918 ല്‍ മുസ്ലിം കാര്യങ്ങള്‍ക്കുള്ള കേന്ദ്ര കമ്മിസ്സാറിയേറ്റ്, വാക്‌സിടോവിന്റെ നേതൃത്വത്തിലുണ്ടാക്കി; അതില്‍ ഗലിയേവ് റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധിയായി. സ്വന്തം സമുദായത്തെ ഒറ്റിക്കൊടുത്താണ് ഗലിയേവ് ബോള്‍ഷെവിക്കായതെന്ന വിമര്‍ശനമുയര്‍ന്നപ്പോള്‍, അദ്ദേഹം വിശദീകരണം എഴുതി. കിഴക്കിലെ ദേശീയ പ്രസ്ഥാനങ്ങളെപ്പറ്റി ഗലിയേവിനുള്ള ജ്ഞാനത്തില്‍ സ്റ്റാലിന് മതിപ്പുണ്ടായി. സ്റ്റാലിന്‍ പല ദൗത്യങ്ങളും, ഗലിയേവിനെ ഏല്‍പ്പിച്ചു. ലെനിനാകട്ടെ, ദേശീയതയുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഗലിയേവിനെ മോസ്‌കോയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. മാര്‍ക്‌സിസത്തിന് ഇസ്ലാമിക മുഖം നല്‍കാനായിരുന്നു, കെ.ഇ.എന്നിനെയും പി.കെ. പോക്കറെയും പോലെ ഗലിയേവിന്റെയും ശ്രമം. ബൂര്‍ഷ്വാകളെയും ഭൂപ്രഭുക്കളെയും പോലെ, സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്തെ റഷ്യക്കാരും, മുസ്ലിങ്ങളെ ദ്രോഹിച്ചെന്ന് അദ്ദേഹം വിശ്വസിച്ചു. മതത്തെയും മാര്‍ക്‌സിസത്തെയും സംയോജിപ്പിക്കാന്‍ ഗലിയേവ് നടത്തിയ ശ്രമം, ബോള്‍ഷെവിക്കുകള്‍ സംശയത്തോടെ കണ്ടു. ഇസ്ലാമിക, തുര്‍ക്കി അനുകൂല വ്യതിയാനം ആ സഖാവില്‍ സ്റ്റാലിന്‍ കണ്ടു. 

എങ്കിലും, പുതിയ സോവിയറ്റ് ഭരണക്രമം, മുസ്ലിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം, മറ്റൊരു പീഡനക്രമമായി മാറിയെന്ന് ഗലിയേവിനു മനസ്സിലായി. റഷ്യയില്‍ വിപ്ലവം നടത്തി അധികാരമേറ്റത് നാഗരിക തൊഴിലാളി വര്‍ഗമാണ്. അത്, റഷ്യന്‍ ബൂര്‍ഷ്വയെപ്പോലെതന്നെ യൂറോപ്യന്‍ സ്വഭാവമുള്ളതാണ്. മുസ്ലിം ജനതയില്‍നിന്ന് അകന്നതാണ്: ഗലിയേവ് നിരീക്ഷിച്ചു. വികസിത രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗവും ബൂര്‍ഷ്വയും തമ്മിലല്ല പ്രധാന സംഘര്‍ഷം എന്നു ഗലിയേവ് വിശ്വസിച്ചു; കോളനികളിലെയും അര്‍ധകോളനികളിലെയും ജനങ്ങളും മൊത്തം വ്യാവസായികലോകവും തമ്മിലാണ് സംഘര്‍ഷം. ഈ ജനത്തെ സ്വതന്ത്രരാക്കാന്‍ സോവിയറ്റ് ഭരണകൂടത്തിന് ഒന്നും ചെയ്യാനാവില്ല. സോവിയറ്റ് ഭരണകൂടവും ഈ ജനത്തെ അടിച്ചമര്‍ത്തുകയും ചെങ്കൊടിക്കുകീഴില്‍ സാമ്രാജ്യത്വനയം കൈക്കൊള്ളുകയും ചെയ്യും. അതിനാല്‍, കോളനികളിലെ ജനം, യൂറോപ്യന്‍ ആധിപത്യത്തിനെതിരെ ഐക്യപ്പെടുകയും സ്വന്തം പാര്‍ട്ടികളുണ്ടാക്കുകയും ബോള്‍ഷെവിക് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിനു (കോമിന്റേണ്‍) പകരം സ്വന്തം ഇന്റര്‍നാഷണലുണ്ടാക്കുകയും പാശ്ചാത്യ കോളനി ശക്തികള്‍ക്കും റഷ്യന്‍ കമ്യൂണിസ്റ്റുകള്‍ക്കുമെതിരെ പോരാടുകയും വേണം. കോളനീ വിരുദ്ധ പ്രത്യയശാസ്ത്രത്തെ ഇസ്ലാമിക പാരമ്പര്യവുമായി കൂട്ടിച്ചേര്‍ത്ത്, സായുധസേനാ  പിന്തുണയുള്ള ഏകകക്ഷി സംവിധാനവും ഭരണകൂടവും സൃഷ്ടിക്കണം. ഈ പരിപാടിവച്ച്, ഗലിയേവ്, റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നു ഭിന്നമായി, ഒരു മുസ്ലിം പാര്‍ട്ടിയും സ്വതന്ത്ര ടാട്ടാര്‍-ബഷ്‌കീര്‍ രാഷ്ട്രവും സൃഷ്ടിക്കാന്‍ ശ്രമിച്ചു. ലെനിനിസത്തിനും ബോള്‍ഷെവിക് പാര്‍ട്ടിക്കും സോവിയറ്റ് ഭരണകൂടത്തിനും എതിരാണെന്ന് വിധിച്ച്, സ്റ്റാലിന്‍ ഇതിനെ അടിച്ചമര്‍ത്തി. 1923 ല്‍ പാര്‍ട്ടിയില്‍നിന്ന് ഗലിയേവിനെ പുറത്താക്കി, വിദേശ ചാരസംഘടനകളുടെ ഏജന്റാണെന്നു മുദ്ര കുത്തി. 1936-37 ലെ മഹാ ശുദ്ധീകരണകാലത്ത് പാര്‍ട്ടിയിലെ വമ്പന്മാരെ സ്റ്റാലിന്‍ ഉന്‍മൂലനം ചെയ്തത് ഇത്തരം വ്യാജ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു; ആദ്യ സംഭവം ഗലിയേവിന്റേതായിരുന്നു. 1940 ജനുവരി 28 ന് ഗലിയേവിനെ വെടിവച്ചുകൊന്നു. അദ്ദേഹത്തെ ഇപ്പോള്‍, ആരും ഓര്‍ക്കുന്നില്ല. 1923 ജൂണിലെ ഒരു പ്രസംഗത്തില്‍ സ്റ്റാലിന്‍ പറഞ്ഞത്, ഗലിയേവിനെ തടവിലാക്കിയത്, അയാളുടെ ഇസ്ലാമിക, തുര്‍ക്കി അനുകൂല വീക്ഷണങ്ങള്‍ കാരണമല്ല, തുര്‍ക്കിസ്ഥാനിലെ ബസ്മാക്ക് കലാപകാരികളുമായി ചേര്‍ന്ന്, പാര്‍ട്ടിക്കെതിരെ അയാള്‍ ഗൂഢാലോചന നടത്തിയതുകൊണ്ടാണ്, എന്നാണ്. 
മുഹമ്മദാലി ജിന്നയുടെ പാക്കിസ്ഥാന്‍ വാദത്തെ ഭാരതത്തിലെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി അനുകൂലിച്ചിരുന്നുവെന്നു നമുക്കറിയാം; അന്നത്തെ പൊളിറ്റ് ബ്യൂറോ അംഗം ഡോ.ജി. അധികാരിയാണ്, ആ സിദ്ധാന്തം പാര്‍ട്ടിയില്‍ നടപ്പാക്കിയത്. 1973 ല്‍, മുസ്ലിം ദേശീയതാ പ്രശ്‌നം അദ്ദേഹം ഉയര്‍ത്തി. ഭിന്ന ദേശീയതകളെ അംഗീകരിക്കുന്നതായിരുന്നു, സോവിയറ്റ് പാര്‍ട്ടി നയം. അതുപോലെ, ഭാരതത്തില്‍, മുസ്ലിം ഭാഷാ, മതഭൂരിപക്ഷമുള്ള വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ, പഞ്ചാബ്, ബലൂചിസ്ഥാന്‍, സിന്ധ്, ബംഗാള്‍ എന്നിവ ചേര്‍ത്ത് ഭാരതത്തിനകത്ത് പ്രത്യേക മുസ്ലിം രാഷ്ട്രമാകാം എന്നായിരുന്നു, കമ്യൂണിസ്റ്റ് സിദ്ധാന്തം. മുസ്ലിംലീഗ് മുസ്ലിങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധിയാണെന്നും അതിനാല്‍ അത് മുസ്ലിങ്ങളുടെ സ്വാതന്ത്ര്യ സംഘടനയാണെന്നും കോണ്‍ഗ്രസ് എല്ലാ ഭാരതീയരുടെയും സ്വാതന്ത്ര്യസംഘടനയാണെന്നും പാര്‍ട്ടി വാദിച്ചു. രണ്ടുതരം സ്വാതന്ത്ര്യസംഘടന എന്ന വാദത്തിലെ വൈരുദ്ധ്യം, 1947 ലാണ് പാര്‍ട്ടി തിരിച്ചറിഞ്ഞത്. പാക്കിസ്ഥാന്‍ വാദത്തെ അനുകൂലിച്ച പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗമായിരുന്നു, ഉര്‍ദു സാഹിത്യകാരന്‍ സജ്ജാദ് സഹീര്‍. ഹൈദരാബാദിലെ റീജനല്‍ റിസര്‍ച്ച് ലബോറട്ടറി ഡയറക്ടര്‍ ഡോ. ഹുസൈന്‍ സഹീറിന്റെ സഹോദരനായിരുന്നു, സജ്ജാദ്. നെഹ്‌റുവുമായി അടുപ്പമുണ്ടായിരുന്ന ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് കുടുംബത്തില്‍ പെട്ടവര്‍. ഇവരുടെ മൂത്ത സഹോദരന്‍ അലി സഹീര്‍, യുപിയില്‍ കോണ്‍ഗ്രസ് നേതാവായിരുന്നു. കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി വഴിയാണ്, സജ്ജാദ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയത്. ഫൈസ്പൂര്‍ എഐസിസി കാലത്തെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ കമ്യൂണിസ്റ്റ് ഫ്രാക്ഷനില്‍ സഹീറിനൊപ്പം അംഗമായിരുന്നു, ഇഎംഎസ്. ജര്‍മനിയില്‍നിന്ന് രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയവരായിരുന്നു, ഡോ. ഹുസൈനും, പാര്‍ട്ടി പിബി അംഗം, ഡോ. ഗംഗാധര്‍ അധികാരിയും. പാര്‍ട്ടി നേതാവുതന്നെയായ ഡോ. ഇസഡ്.എ.അഹമ്മദ്, ഭാര്യ ഹാജ്‌റാ ബീഗം, മഹമൂദ് സഫര്‍, ഡോ.റഷീദാ ജഹാന്‍ എന്നിവര്‍ക്കൊപ്പം, ഉര്‍ദുവിലെ നവീന സാഹിത്യത്തിന്റെ വക്തവായിരുന്നു, സജ്ജാദ് സഹീര്‍. തകഴിയും കേശവദേവും പൊന്‍കുന്നം വര്‍ക്കിയും ബഷീറും എസ്.കെ. പൊറ്റെക്കാട്ടും 'അഞ്ചു ചീത്തക്കഥകള്‍' ഇറക്കിയപോലെ, ഇവരും കഥാസമാഹാരം ഇറക്കിയിരുന്നു; മുപ്പതുകളില്‍, തന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇസഡ്. എ. അഹമ്മദിനെ വിവാഹം ചെയ്ത ഹാജ്‌റ ബീഗം, മുസ്ലിം യാഥാസ്ഥിതികരെ ഞെട്ടിച്ചിരുന്നു. സ്റ്റാലിനുവേണ്ടി മാക്‌സിംഗോര്‍ക്കി 1935 ല്‍ ലണ്ടനില്‍ രാജ്യാന്തര എഴുത്തുകാരുടെ സമ്മേളനം വിളിച്ചപ്പോള്‍, അതില്‍ പങ്കെടുത്ത സഹീറാണ്, 1936 ല്‍ ലക്‌നൗവില്‍ അഖിലേന്ത്യാ പുരോഗമന സാഹിത്യസംഘടനയുടെ ആദ്യസമ്മേളനം ചേര്‍ന്നപ്പോള്‍, ജനറല്‍ സെക്രട്ടറിയായത്. ആ സമ്മേളനത്തിലെ ഏക മലയാളിയായിരുന്നു, കെ. ദാമോദരന്‍. എങ്കിലും, പാര്‍ട്ടി പാക്കിസ്ഥാന്‍ വാദം ഉപേക്ഷിച്ചപ്പോള്‍, സഹീറിനും കൂട്ടര്‍ക്കും നിരാശയായി. 1964 ലെ പിളര്‍പ്പില്‍, സഹീര്‍ വലതു ചേരിക്കൊപ്പം പോയി. പാക്കിസ്ഥാന്‍ വാദം നിലനില്‍ക്കെയാണ് 1946 ഓഗസ്റ്റില്‍ 'അവസാന പോരാട്ടത്തിനുവേണ്ടി' എന്ന രേഖ പാസാക്കി പാര്‍ട്ടി സായുധകലാപം അംഗീകരിച്ചത്. ഇത്, 'ഓഗസ്റ്റ് പ്രമേയം' എന്നറിയപ്പെട്ടു. പാക്കിസ്ഥാന്‍ ആവശ്യം ഉന്നയിച്ച മുസ്ലിംലീഗ്, 1946 ഓഗസ്റ്റ് 16 പ്രത്യക്ഷ സമരദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. ഇതോട് സഹകരിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചു. മാപ്പിളമാര്‍ കലാപം നടത്തണമെന്ന് ഒരു ലഘുലേഖയില്‍ ഇഎംഎസ് ആഹ്വാനം ചെയ്തു. 1946 മാര്‍ച്ചില്‍ മലപ്പുറത്തുനിന്ന് മദ്രാസ് നിയമസഭയിലേക്ക് മത്സരിച്ച ഇഎംഎസിന് മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 16 ശതമാനം മാത്രമാണ് കിട്ടിയത്-പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കുറവ് വോട്ട്. അങ്ങനെ തങ്ങള്‍ തള്ളിയ ഇഎംഎസിന്റെ ലഘുലേഖയും അവര്‍ തള്ളി. കെ. കേളപ്പനും യു. ഗോപാല മേനോനും രംഗത്തിറങ്ങിയാണ്, ഇഎംഎസ് ഒരുക്കിയ ചളിക്കുണ്ടില്‍ വീഴാതെ, മാപ്പിളമാരെ ശാന്തരാക്കിയത്. ഈ ഓഗ്സ്റ്റ് പ്രമേയത്തിന്റെ ഉല്‍പ്പന്നങ്ങളായിരുന്നു, പുന്നപ്ര വയലാറും തെലങ്കാനയും; കമ്യൂണിസ്റ്റ്-മുസ്ലിം ഐക്യമായിരുന്നു, കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവച്ച പാക്കിസ്ഥാന്‍ സിദ്ധാന്തത്തിന്റെ കാതല്‍

ബാബേലിനെ സ്റ്റാലിൻ കൊന്നു

ക്കറിയ കുറെ നാളായി, അജ്ഞാതമായ, എവിടെയൊക്കെയോ എഴുത്തുകാരനുണ്ടായ ഭീഷണികളെപ്പറ്റി പുലമ്പുന്നതു കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത്, ഇസാക് ബാബേലിനെയാണ്. ആധുനിക ലോകസാഹിത്യത്തില്‍ വേറിട്ട ഇടം എഴുതിച്ചേര്‍ത്ത ബാബേലിനെ, റഷ്യന്‍ ഭരണകൂടം, 1940 ജനുവരി 27 ന് ബൂതിര്‍ക്ക തടവറയില്‍ വെടിവച്ചുകൊന്നു. അന്നദ്ദേഹത്തിന് 45 വയസ്സേ ആയിരുന്നുള്ളൂ. ബാബേലിനെ അറിയില്ല എന്ന് എം.ടി. വാസുദേവന്‍നായര്‍ക്കു പറയാനാവില്ല. 1957 ല്‍ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങിയ 'ഗോപുര'ത്തിന്റെ അഞ്ചാം ലക്കത്തില്‍ എം.ടി. വാസുദേവന്‍ നായര്‍, ബാബേലിന്റെ 'യേശുവിന്റെ പാപം' എന്ന കഥ പരിഭാഷ ചെയ്തിരുന്നു. സി.ജെ. തോമസ്, ജി. കുമാരപിള്ള, പി.കെ. ബാലകൃഷ്ണന്‍, എന്‍. ദാമോദരന്‍, അയ്യപ്പപ്പണിക്കര്‍, എം. ഗംഗാധരന്‍, എന്‍.പി. മുഹമ്മദ്, എം.വി. ദേവന്‍ എന്നിവര്‍, എം. ഗോവിന്ദന്റെ പിന്‍ബലത്തില്‍ ഇറക്കിയതായിരുന്നു, 'ഗോപുരം'. ഇവരാരും സക്കറിയയെക്കാള്‍ മോശക്കാരല്ല. ഇവരുടെ രാഷ്ട്രീയമാണോ ശരി, ഇടതു  രാഷ്ട്രീയമാണോ ശരി എന്ന്, പയ്യന്നൂരില്‍ മാര്‍ക്‌സിസ്റ്റുകളുടെ  തല്ലു കൊണ്ടിട്ടും സക്കറിയയ് ക്കു മനസ്സിലാകാതിരുന്നത്, സക്കറിയയ് ക്ക് രാഷ്ട്രീയം അറിയാഞ്ഞിട്ടാണ്.
 അതുകൊണ്ട്, ബാബേലിന്റെ കഥ പറയാം.
 ബൈബിള്‍ പഴയ നിയമത്തില്‍ അക്ഷര ഗോപുരമാണ് ബാബേല്‍ എന്ന്, കന്യാസ്ത്രീയുടെ സഹോദരനായ സക്കറിയയ് ക്കു പറഞ്ഞുകൊടുക്കേണ്ടതില്ല. റഷ്യയില്‍ 1921-29 കാലം, ധിഷണയുടെ പ്രതിസന്ധി കാലമായാണ്, അറിയപ്പെടുന്നത്. സ്റ്റാലിന്‍ നിര്‍ബന്ധിത കൂട്ടുകൃഷിക്കളങ്ങള്‍ വഴി കുലാക്കുകള്‍ അഥവാ ഭൂപ്രഭുക്കളെ വിറപ്പിച്ച കാലം; പുത്തന്‍ സാമ്പത്തിക നയത്തിന്റെ കാലം. ബുദ്ധിജീവികള്‍ നരകത്തിലായി. കല, സാഹിത്യം, തത്വചിന്ത, ശാസ്ത്രം എന്നിവയെല്ലാം ഭീഷണിയിലായി. ഇ. സെമ്യാറ്റിന്‍ രചിച്ച 'നമ്മള്‍' എന്ന നോവല്‍ വിലക്കി. 1925 ല്‍ അത്, അമേരിക്കയില്‍ പ്രസിദ്ധീകരിച്ചു. എങ്കിലും, കലയിലും സാഹിത്യത്തിലും ഇരുപതുകള്‍ പല നേട്ടങ്ങളും കണ്ടു. വിപ്ലവത്തെ പിന്തുണച്ച എഴുത്തുകാര്‍ രചനകളില്‍ അതിന്, ആധികാരികത നല്‍കി. അലക്‌സാണ്ടര്‍ ഫദേയേവ്, ബോറിസ് പില്‍ന്യാക്, മയക്കോവ്‌സ്‌കി, സെര്‍ജി യെസേനിന്‍, ആര്‍ടെം വെസ്യോലി, റോഡ് ലിയോനോവ് എന്നിവര്‍കൂടി അടങ്ങിയ ഈ നവധാരയില്‍പെട്ടയാളായിരുന്നു, ബാബേല്‍. വിപ്ലവത്തിന്, സമൂഹത്തില്‍ നിലനിന്ന നിരാശയുടെ കൂടി പിന്തുണയുണ്ടായിരുന്നു എന്നര്‍ത്ഥം. ബോറിസ് പാസ്റ്റര്‍നാക്, അന്ന ആഹ്മത്തോവ, സെമ്യാറ്റിന്‍ എന്നിവര്‍ ഇവര്‍ക്കൊപ്പം നിന്നില്ല. 

മുപ്പതുകള്‍ പക്ഷേ, കൂമന്‍ കാലമായിരുന്നു. 'നിങ്ങള്‍ ഏതു ചേരിയില്‍' എന്ന് സ്റ്റാലിന്റെ സൈദ്ധാന്തികനായ ഷഡാനോവ് എഴുത്തുകാരോടു ചോദിച്ചു. വിപ്ലവച്ചേരിയില്‍ നില്‍ക്കാത്തവരെ വെടിവച്ചുകൊന്നു. മയക്കോവ്‌സ്‌കിയും യെസേനിനും ആത്മഹത്യ ചെയ്തു. ബൊഗ്ദാനോവ്, രോഗം പകര്‍ന്ന രക്തം കുത്തിവച്ചു ജീവനൊടുക്കി. പില്‍ന്യാക്, വെസ്യോലി, ബാബേല്‍,സംവിധായകൻ മേയർഹോൾഡ്  എന്നിവര്‍ വെടിവച്ചു കൊന്നവരില്‍ ഉള്‍പ്പെട്ടു. ലോകം  ഇന്നും ബാബേലിന്റെ രചനകള്‍ വായിക്കുന്നു. ഇസാക് ഇമ്മാനുവലോവിച്ച് ബാബേല്‍ (1894-1940) പത്രപ്രവര്‍ത്തകനുമായിരുന്നു. റഷ്യന്‍ സാഹിത്യത്തിലെ മാസ്റ്റര്‍പീസുകളാണ്, അദ്ദേഹം എഴുതിയ റെഡ് കാവല്‍റി, സ്‌റ്റോറി ഓഫ് മൈ ഡോവ്‌കോട്ട്, ടെയ്ല്‍സ് ഒാഫ് ഒഡേസ എന്നിവ. റഷ്യന്‍ ജൂതന്മാര്‍ക്കിടയിലെ ഏറ്റവും വലിയ ഗദ്യകാരനുമായിരുന്നു, അദ്ദേഹം. പാര്‍ട്ടിയോടു കൂറുള്ളവനും, അതേസമയം അതിലെ ജീര്‍ണതകള്‍ ചൂണ്ടിക്കാട്ടിയ ആളുമായിരുന്നു, ബാബേല്‍. ബാബേലിനെ കൊന്നതിന്, അദ്ദേഹം, സ്റ്റാലിന്റെ ആരാച്ചാരായിരുന്ന നിക്കൊളായ് യഷോവിന്റെ  ഭാര്യ യെവജനിയ ഫെയ്‌ഗൻ ബെർഗിൻറെ    കാമുകനായിരുന്നു എന്നതും കാരണമാണ്. സോവിയറ്റ് രഹസ്യപ്പോലീസ് മേധാവിയായിരുന്നു, യഷോവ് . ആരാച്ചാരെക്കാള്‍ മേന്മ എഴുത്തുകാരനുണ്ട് എന്ന് കൂടെക്കിടക്കുന്ന സ്ത്രീക്കു തോന്നിയിട്ടുണ്ടാകാം.

യഷോവ് 
ഒഡേസയിലെ മൊള്‍ഡാവാങ്കയില്‍, മാഗസിന്റെയും ഫെയ്ഗ ബാേബലിന്റെയും മകനായിരുന്നു, ബാബേല്‍. ഒഡേസ ടെയ്ല്‍സിനും 'അസ്തമയം' എന്ന നാടകത്തിനും പശ്ചാത്തലമാണ് ആ നഗരം. കഥകളിലെപ്പോലെ, ദാരിദ്ര്യം നിറഞ്ഞതായിരുന്നില്ല ബാബേലിന്റെ കുടുംബം. പിതാവ് കാര്‍ഷികോപകരണങ്ങളുടെ ഇടപാടുകാരനായിരുന്നു. വലിയ ഗോഡൗണുണ്ടായിരുന്നു. എങ്കിലും, കേരളത്തിലെ പ്രമാണികളായ ചില കമ്യൂണിസ്റ്റ് നേതാക്കളെപ്പോലെ, ഒരു വ്യാജ ദരിദ്ര കുടുംബകാലം, ബാബേല്‍ എഴുതിയുണ്ടാക്കി. ജൂത സംവരണ സീറ്റ് കൈക്കൂലി കൊടുത്ത് മറ്റൊരു കുട്ടി തട്ടിയെടുത്തതിനാല്‍, വീട്ടിലായിരുന്നു, ബാല്യത്തിലെ പഠനം. മോപ്പസാങ്ങിന്റെയും ഫ്‌ളോബേറിന്റെയും രചനകള്‍ ആകര്‍ഷിച്ചു. സംവരണ സീറ്റ് ഒഡേസ സര്‍വകലാശാലയിലും കിട്ടാതെ, കീവ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബാബേല്‍ ചേര്‍ന്നു. അവിടെ, ധനികവ്യവസായിയുടെ മകളായ യെവ്‌ജെനിയ ബോറിസോവ്‌ന ഗ്രോണ്‍ഫെയ്‌നെ പ്രണയിച്ച്, അവര്‍ക്കൊപ്പം ഒഡേസയിലേക്കു മടങ്ങി. പെട്രോഗ്രാഡില്‍ താമസമുറപ്പിച്ച ബാബേലിന്റെ ആദ്യ രചനകള്‍ ഫ്രഞ്ചിലായിരുന്നു. സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ പരിചയപ്പെട്ട മാക്‌സിം ഗോര്‍ക്കിയാണ്, ബാബേലിന്റെ കുറെ കഥകള്‍ പ്രസിദ്ധീകരിച്ചത്. സ്‌റ്റോറി ഓഫ് മൈ ഡോവ്‌കോട്ട് അദ്ദേഹം, ഗോര്‍ക്കിക്കു സമര്‍പ്പിച്ചു. കുളിമുറിയുടെ ജാലകം എന്ന കഥ അശ്ലീലമാണെന്നു സെന്‍സര്‍മാര്‍ കണ്ടെത്തി- മഴക്കോട്ടിട്ടു കുളിക്കുന്നയാളിന്റെ കഥയല്ല, അത്!

 ഒക്‌ടോബര്‍ വിപ്ലവകാലത്ത് ബാബേല്‍ എവിടെയായിരുന്നു എന്നു വലിയ വിവരമില്ല. 1918 ല്‍ പെട്രോഗ്രാഡില്‍ മടങ്ങിയെത്തി, ഗോര്‍ക്കിയുടെ പത്രത്തില്‍ ചേര്‍ന്നു. 1918 ല്‍ ഈ പത്രം ലെനിന്‍ പൂട്ടിച്ചു. ബാബേലിന്റെ ഭാര്യ 1925 ല്‍, ബാബേലിന്റെ പരസ്ത്രീ ഗമനങ്ങള്‍, സ്വന്തം നിലയ്ക്കുള്ള കമ്യൂണിസ്റ്റ് വിരോധം എന്നിവ കാരണം, ഫ്രാന്‍സിലേക്കു കുടിയേറി. ഇക്കാലത്ത് തമാറാ കാഷിറിനയില്‍ ജനിച്ച ഇമ്മാനുവല്‍ ബാബേല്‍, ചിത്രകാരനായി. 1934 ല്‍ അന്റോണിന പിരോഷ്‌കോവയുമായി സഹജീവിതത്തിലായി. 1920 ലെ പോളിഷ്-സോവിയറ്റ് യുദ്ധകാലത്ത് പട്ടാളക്കാരനായതിന്റെ അനുഭവമാണ്, റെഡ് കാവല്‍റി. ഒഡേസയില്‍ തിരിച്ചെത്തി എഴുതിയ ഒഡേസ കഥാപരമ്പരയിലാണ്, റഷ്യന്‍ സാഹിത്യത്തിലെ ഏറ്റവും വലിയ പ്രതിനായകന്‍ ബെന്യാ കിര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. ബാബേല്‍ 1930 ല്‍ യുക്രെയ്‌നിലേക്കു യാത്രചെയ്തപ്പോഴാണ്, നിര്‍ബന്ധിത കൂട്ടുകൃഷിക്കളങ്ങളിലെ പീഡനങ്ങള്‍ കണ്ടത്. ''ഭൂതകാല സമൃദ്ധികള്‍ അവസാനിച്ചു,'' അയാള്‍ അന്റോണിനയോടു പറഞ്ഞു. സ്റ്റാലിന്‍ എഴുത്തുകാര്‍ക്കെതിരെ നീങ്ങിയപ്പോള്‍, ബാബേല്‍ പൊതുവേദികളില്‍ നിന്ന് അ്രപത്യക്ഷനായി. സാഹിത്യത്തിലെ 'രൂപഭദ്രത'ക്കെതിരായ കമ്യൂണിസ്റ്റ് നീക്കത്തില്‍, ബാബേല്‍ വേണ്ടത്ര എഴുതുന്നില്ലെന്ന് പാര്‍ട്ടി വിമര്‍ശിച്ചു. സ്റ്റാലിന്റെ ആജ്ഞപ്രകാരം പല എഴുത്തുകാരും മുന്‍ കൃതികള്‍ തിരുത്തിയെഴുതി. ''അവര്‍ ആറു മാസത്തിനുള്ളില്‍ രൂപഭദ്രതക്കാരെ വിട്ട് വേറെന്തെങ്കിലും വിഷയം കണ്ടുപിടിച്ചോളും,'' ബാബേല്‍, സുഹൃത്തായ എഴുത്തുകാരന്‍ ഇല്യ എഹ്‌റന്‍ബര്‍ഗിനോടു പറഞ്ഞു. 1934 ലെ എഴുത്തുകാരുടെ ആദ്യ കോണ്‍ഗ്രസില്‍ ബാബേല്‍ പറഞ്ഞു: ''ഞാന്‍ പുതിയൊരു രചനാതന്ത്രത്തിന്റെ ഗുരു ആവുകയാണ്; മൗനമെന്ന രചനാ തന്ത്രം.'' മരിയ എന്ന നാടകത്തില്‍, സോവിയറ്റ് യൂണിയനിലെ അഴിമതി, പൂഴ്ത്തിവയ്പ്, നിരപരാധികളുടെ കൂട്ടക്കൊല എന്നിവ വിഷയങ്ങളായി. നാടകം സോഷ്യലിസ്റ്റ് റിയലിസത്തിനെതിരാണെന്ന്, ഗോര്‍ക്കി വിധിച്ചു. അത്, ബാബേലിനു വ്യക്തിപരമായി അപകടം ചെയ്യുമെന്ന് ഗോര്‍ക്കി മുന്നറിയിപ്പ് നല്‍കി. 1935 ല്‍ അരങ്ങേറാനിരുന്ന നാടകം റിഹേഴ്‌സല്‍ ഘട്ടത്തില്‍ തന്നെ, രഹസ്യപ്പോലീസ്, റദ്ദാക്കി.
ബാബേൽ 
പാശ്ചാത്യരാജ്യങ്ങളില്‍ അരങ്ങേറിയ നാടകം, റഷ്യയില്‍ വന്നത്, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷം മാത്രമായിരുന്നു. ആദ്യഭാര്യയെ 1932 ല്‍ ഫ്രാന്‍സില്‍ സന്ദര്‍ശിക്കുമ്പോള്‍, അവിടെ സ്വതന്ത്രനായി ജീവിക്കാന്‍ ബാബേല്‍ ആലോചിച്ചതാണ്. എന്നാല്‍, റഷ്യയില്‍ മടങ്ങിയെത്തി, സഹജീവി അന്റോണിനയുമായി വിവാഹം കരാറാക്കി. ഫ്രാന്‍സില്‍നിന്ന് നിരവധി കത്തുകള്‍ അദ്ദേഹം അന്റോണിനക്കെഴുതിയിരുന്നു. ഇവയെല്ലാം 1939 ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോള്‍ പിടിച്ചെടുത്തു. റഷ്യയിലേക്കു മടങ്ങിയ ശേഷം അദ്ദേഹം വിഖ്യാത സംവിധായകന്‍ സെര്‍ജി ഐസന്‍സ്‌റ്റൈന്റെ ബെഷിന്‍ മെഡോ എന്ന സിനിമക്കു വേണ്ടി എഴുതി. സോവിയറ്റ് രഹസ്യപ്പോലീസിന്റെ കുട്ടിച്ചാരനായ പാവ്‌ലിക് മൊറോസോവിനെപ്പറ്റിയാണ്, സിനിമ. 1935 ല്‍ പാരീസില്‍, സംസ്‌കാരത്തിനും സമാധാനത്തിനുമുള്ള എഴുത്തുകാരുടെ രാജ്യാന്തര കോണ്‍ഗ്രസില്‍ പങ്കെടുത്തു. യൂറോപ്പിലേക്കുള്ള അവസാന സന്ദര്‍ശനമായിരിക്കും അതെന്ന് ബാബേലിനു തോന്നി. ബര്‍ലിന്‍ സന്ദര്‍ശനത്തിനിടയിലാണ്, സോവിയറ്റ് എംബസിയിലെ പരിഭാഷക യെവ്ജനിയ ഫെയ് ഗ ന്‍ബര്‍ഗ്, ബാബേലിനെ വശീകരിച്ചത്. അവര്‍ രഹസ്യപ്പോലീസ് മേധാവി യഷോവിനെ   വിവാഹം ചെയ്തശേഷവും, ബന്ധം തുടര്‍ന്നു. ബാബേല്‍ നിരീക്ഷണത്തിലായി.
യെവ്ജനിയ 
പോളണ്ടിനടുത്ത ബെലോറഷ്യയിൽ 1904 ൽ ജനിച്ച യെവ്ജനിയ,പുരോഹിതൻറെ മകളായിട്ടും ,സാധാരണ ജീവിതത്തിനപ്പുറം ആഗ്രഹിച്ചു.ആദ്യവിവാഹം ഒഡേസയിൽ എത്തിച്ചു.കുറച്ചു കൂടി സ്വാധീനമുള്ള കൊമ്പിൽ പിടിച്ച് മോസ്കോയിലും ലണ്ടനിലെ റഷ്യൻ എംബസിയിലും എത്തി.മൂന്നാമത്തെ പങ്കാളിയായ യഷോവാണ് ഉയരങ്ങളിൽ എത്തിച്ചത്. സ്റ്റാലിന്‍ 1938 ല്‍ 'മഹാശുദ്ധീകരണം' തുടങ്ങിയപ്പോള്‍, ഗോര്‍ക്കിയുടെ മരണത്തെപ്പറ്റി ബാബേല്‍ സംശയങ്ങള്‍ പടര്‍ത്തുന്നുവെന്ന് യഷോവിന്  വിവരം കിട്ടി. ട്രോട്‌സ്‌കി, കാമനേവ് എന്നിവരെപ്പറ്റിയും ബാബേല്‍ പറയുന്നുവെന്ന് അയാള്‍ അറിഞ്ഞു. യെഷോവിനു മുകളില്‍ ബേറിയ വന്നു. 1939 മെയ് 15 ന് അന്റോണിനയെ പാതിര കഴിഞ്ഞ് വിളിച്ചുണര്‍ത്തി, ബാബേലിന്റെ പെറഡല്‍കിനോ ഡാച്ചയില്‍ കൊണ്ടുപോയാണ്, ബാബേലിനെ അറസ്റ്റ് ചെയ്തത്. ലുബ്രാങ്ക തടവറയ്ക്കു പുറത്തു കാര്‍ നിര്‍ത്തിയപ്പോള്‍ ബാബേല്‍ ഭാര്യയോടു പറഞ്ഞു: ''നമുക്ക് എന്നെങ്കിലും കാണാം.''
 അന്നുമുതല്‍ റഷ്യയില്‍, ബാബേല്‍ ഒരു വ്യക്തി അല്ലാതായി. ആ പേര് രേഖകളില്‍ ഇല്ലാതായി. ലുബ്രാങ്ക, ബൂതിര്‍ക്ക തടവറകളില്‍ എട്ടുമാസം ബാബേല്‍ ചെലവിട്ടു. ട്രോട്‌സ്‌കിയിസം, ഭീകരത, ഓസ്ട്രിയക്കും ഫ്രാന്‍സിനും വേണ്ടി ചാരപ്രവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചാര്‍ത്തി. കുറ്റം സമ്മതിക്കാത്തപ്പോള്‍ പീഡിപ്പിച്ചു. ഗൂഢാലോചനക്കാരനായി.സംവിധായകൻ  ഐസന്‍സ്‌റ്റൈന്റെ പേരും വന്നു. ബാബേല്‍ യാചിച്ചിട്ടും, അപൂര്‍ണ രചനകള്‍ പൂര്‍ത്തീകരിക്കാന്‍ കാട്ടിക്കൊടുത്തില്ല. ആദ്യ'വിചാരണ' 1940 ജനുവരിയിലായിരുന്നു. ബേറിയയുടെ സ്വകാര്യമുറിയില്‍ 20 മിനിറ്റിനുശേഷം, വിധി വന്നു: ഫയറിംഗ് സ്‌ക്വാഡ് വെടിവെച്ചു കൊല്ലട്ടെ. 'വിചാരണ'യില്‍ ബാബേലിന്റെ അവസാന വാചകങ്ങള്‍: 

ഞാന്‍ നിരപരാധി. ഞാന്‍ ഒരിക്കലും ചാരനായിരുന്നില്ല. ഞാന്‍ സോവിയറ്റ് യൂണിയനെതിരെ ഒന്നും ചെയ്തില്ല. ഞാന്‍ കുറ്റം സമ്മതിച്ചത് തെറ്റാണ്. എനിക്കെതിരെയും മറ്റുള്ളവര്‍ക്കെതിരെയും കുറ്റം നിര്‍ബന്ധമായി സമ്മതിപ്പിക്കുകയായിരുന്നു. ഒന്നേ ഞാന്‍ ചോദിക്കുന്നുള്ളൂ- എഴുതി വന്നത് അവസാനിപ്പിച്ചോട്ടെ. 
അടുത്തനാള്‍ ബാബേലിനെ വെടിവച്ചുകൊന്നു. മൃതദേഹം ഒരു ജഡക്കൂനയിലേക്കു വലിച്ചെറിഞ്ഞു. ഇതൊക്കെ അറിഞ്ഞത് 1990 കളിലാണ്. ഡോണ്‍സ്‌കോയ് സെമിത്തേരിയില്‍, ആരാച്ചാരായ യെഷോവിന്റെ ചിതാഭസ്മത്തിനൊപ്പമാണ് ബാബേലിന്റെയും അവശിഷ്ടങ്ങള്‍ അടക്കം ചെയ്തത്. ആരാച്ചാർ യഷോവിനെ  സ്റ്റാലിൻറെ ഉത്തരവനുസരിച്ച്  1940 ഫെബ്രുവരി നാലിന് വെടിവച്ചു കൊന്നിരുന്നു.യവ്ജനിയയെയും കൊന്നു.ഇരുവരുടെയും ദത്തു പുത്രി നറ്റാലിയയെ അനാഥാലയത്തിലാക്കി,പേരിൽ നിന്ന് യഷോവ് നീക്കി.അവർ നറ്റാലിയ ഖയൂട്ടിന ആയി.
1954 ഡിസംബര്‍ 23 ന്, ക്രൂഷ്‌ചേവ് ഭരണകൂടം ബാബേലിനെതിരായ ശിക്ഷ റദ്ദാക്കി, അദ്ദേഹത്തെ പുനരധിവസിപ്പിച്ചു. 
സക്കറിയ, ജഡത്തിന് എന്തു പുനരധിവാസം? അഥവാ, സക്കറിയ, എന്തിനാണ്, ജഡമായി ജീവിക്കുന്നത്?

ഗാന്ധിവധം;ആശയം റഷ്യയിൽ നിന്ന്

പുനെയില്‍ ഹിന്ദുമഹാസഭാ സെക്രട്ടറിയായിരുന്ന നാഥുറാം ഗോഡ്‌സെയ്ക്ക് ഗാന്ധി വധം നടപ്പാക്കുന്നതിനെ സംബന്ധിച്ച ആശയം കിട്ടിയതു റഷ്യന്‍ തീവ്രവാദികളില്‍ നിന്നാണെന്ന് വിചാരണാ വേളയില്‍ വ്യക്തമായിരുന്നു. 1947 ഓഗസ്റ്റില്‍ ഭാരതവിഭജന സമയത്തുതന്നെ ഗാന്ധിയെ കൊല്ലാന്‍ തീരുമാനിച്ചെങ്കിലും നവംബറിലാണ്, ആയുധങ്ങള്‍ക്കു ശ്രമം തുടങ്ങിയത്. വിഭജനത്തെ തുടര്‍ന്നുള്ള ദുരന്തസംഭവങ്ങള്‍ക്ക് ഗാന്ധി മാത്രമാണ് ഉത്തരവാദി എന്ന്, അയാള്‍ വിശ്വസിച്ചു. ആസൂത്രണം പിഴതെറ്റാതിരിക്കാന്‍, സമര്‍പ്പണമുള്ള നാലഞ്ചുപേര്‍ ഉണ്ടാകണമെന്ന് അയാള്‍ കണ്ടു. 
മുന്‍ നൂറ്റാണ്ടിലെ റഷ്യന്‍ ഭീകരരെയാണ് അയാള്‍ മാതൃകയാക്കിയതെന്ന്, വിചാരണാ രേഖകള്‍ പരിശോധിച്ച റോബര്‍ട്ട്  പെയ്ന്‍ 'മഹാത്മാഗാന്ധിയുടെ ജീവിതവും മരണവും' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. ആക്രമണത്തിനു മുന്‍നിര വേണം; കരുതലാളുകളും വേണം. ഇങ്ങനെ റഷ്യന്‍ തീവ്രവാദികള്‍ കൊലകള്‍ നടപ്പാക്കിയതിന്റെ നിരവധി കഥകള്‍ അന്നു പ്രചാരത്തിലുണ്ടായിരുന്നു. ഭാരതത്തില്‍ പൊതുവേ അറിയപ്പെട്ടിരുന്ന, ഇക്കാര്യങ്ങള്‍ വിവരിച്ച പുസ്തകമായിരുന്നു, സര്‍ സാമുവല്‍ ഹോറെയുടെ 'നാലാം മുദ്ര' (The Fourth Seal). റഷ്യയില്‍ ഗ്രാന്‍ഡ് ഡ്യൂക്ക് സെര്‍ജിയസിന്റെ കൊലപാതകം നടത്തിയ തീവ്രവാദികളെ ബോറിസ് സാവിന്‍കോവ് നയിച്ചതിന്റെ കഥയാണ്, അതിലുള്ളത്. ഗാന്ധി ഈ പുസ്തകം യെര്‍വാദാ ജയിലില്‍ വച്ചു വായിച്ചിരുന്നു. ''സെര്‍ജിയസിനെ കൊന്ന ഇവാന്‍ കലിയായേവിനെ സംബന്ധിച്ച ഖണ്ഡികകള്‍ പകര്‍ത്താന്‍ കഴിയുന്നതാണെന്ന് ഗാന്ധി, സെക്രട്ടറി മഹാദേവ് ദേശായിയോടു പറഞ്ഞിരുന്നു,'' റോബര്‍ട്ട് പെയ്ന്‍ എഴുതുന്നു (The life and Death of Mahatma Gandhi', പേജ് 619). 
ഇക്കഥ, പ്രമുഖ അള്‍ജീരിയന്‍ എഴുത്തുകാരനും നൊബേല്‍ ജേതാവുമായ അല്‍ബേര്‍ കമ്യു നാടകമാക്കി- 'സംഘകൊലയാളികള്‍' (The Just Assassins1949). സാവിന്‍കോവിന്റെ ഓര്‍മകളാണ്, കമ്യു ആധാരമാക്കിയത്.


ഉക്രൈനില്‍ ജനിച്ച് റഷ്യയില്‍ മരിച്ച ബോറിസ് വിക്തറോവിച്ച് സാവിന്‍കോവ് (1879-1925), സാര്‍ ചക്രവര്‍ത്തിമാരെയും തുടര്‍ന്നുവന്ന ഭരണകൂടത്തെയും വെറുത്ത കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്നു, അയാളാണ് 1904 ല്‍ മന്ത്രി വ്യാചസ്ലേവ് കോണ്‍സ്റ്റാന്റിനോവിച്ച് പ്ലെഹ്‌വേയുടെയും 1905 ല്‍ സാര്‍ ചക്രവര്‍ത്തിയുടെ അമ്മാവനും മോസ്‌കോയില്‍ ഗവര്‍ണര്‍ ജനറലുമായ സെര്‍ജി അലക്‌സാണ്ടറോവിച്ചിന്റെയും കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തത്. 
തീവ്രവാദിയെന്ന നിലയിലെ പ്രവൃത്തികളെ ആധാരമാക്കി അയാള്‍ വിവിധ തൂലികാ നാമങ്ങളില്‍ നോവലുകള്‍ എഴുതി. സാവിന്‍കോവ് സോഷ്യലിസ്റ്റ് റവല്യൂഷനറി പാര്‍ട്ടിയില്‍ ചേര്‍ന്നത്, 1903 ലായിരുന്നു. അയാള്‍ അതിന്റെ ഒരു തീവ്രവാദി ഗ്രൂപ്പിന്റെ നേതാവായി. ഒന്നാംലോക യുദ്ധക്കാലത്ത് ഫ്രഞ്ച് പട്ടാളത്തില്‍ സേവനം ചെയ്ത്, 1917 ലെ ഫെബ്രുവരി വിപ്ലവത്തിനുശേഷം, റഷ്യയില്‍ തിരിച്ചെത്തി. അയാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പട്ടാള കമ്മിസ്സാറും യുദ്ധകാര്യ ഉപമന്ത്രിയുമായി. അതായത്, കൊലയാളി, മാര്‍ക്‌സിസ്റ്റായി. ലെനിന്‍ രംഗത്തുവരുന്നതിന് മുന്‍പുള്ള ഇടക്കാല ഭരണകൂടത്തിലെ ത്രിമൂര്‍ത്തികളായിരുന്നു, പ്രധാനമന്ത്രി എ.എഫ്.കെരന്‍സ്‌കി, ജനറല്‍ എല്‍.ജി.കോര്‍ണിലോവ്, സാവിന്‍കോവ് എന്നിവര്‍. 1917 ഓഗസ്റ്റില്‍, സാവിന്‍കോവ്, കെരന്‍സ്‌കിക്ക് എതിരെ, കോര്‍ണിലോവിനെ പിന്തുണച്ചു. കോര്‍ണിലോവിന്റെ അട്ടിമറി ശ്രമങ്ങള്‍, കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും വായിച്ചിരിക്കിനിടയില്ലാത്ത ജോണ്‍ റീഡിന്റെ 'ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിനങ്ങള്‍' എന്ന പുസ്തകത്തില്‍ ഇഎംഎസും പി.ഗോവിന്ദപ്പിള്ളയും വായിച്ചിട്ടുണ്ടാകും. ബോള്‍ഷെവിക് വിപ്ലവത്തിനുശേഷം, സാവിന്‍കോവ് ഒരു വിമത പട്ടാള സംഘമുണ്ടാക്കി, ബോള്‍ഷെവിക്കുകള്‍ക്കെതിരെ നീങ്ങി. അതു പരാജയപ്പെട്ടപ്പോള്‍, സാവിന്‍കോവ് പാരീസിലേക്കു പോയി, സോവിയറ്റ് ഭരണകൂടത്തിനെതിരെ സഖ്യശക്തികളുടെ പിന്തുണ തേടി. പോളണ്ടിലെ പട്ടാളവുമായി ബന്ധമില്ലെങ്കിലും, 1921 ല്‍ സോവിയറ്റ്-പോളണ്ട് സന്ധിയുണ്ടായതില്‍ നിരാശനായി പാരീസിലേക്ക് മടങ്ങി. റഷ്യയിലേക്ക് തിരിച്ചെത്താമെന്ന് ചിലര്‍ കൊടുത്ത ഉറപ്പില്‍ അവിടെച്ചെന്നപ്പോള്‍, 1924 ഓഗസ്റ്റ് 18 ന് അറസ്റ്റിലായി. വധശിക്ഷ ജീവപര്യന്തമായി കുറച്ചെങ്കിലും, അടുത്തകൊല്ലം ലുബ്യാങ്ക തടവറയില്‍ ആത്മഹത്യ ചെയ്തു-റഷ്യയിലെ അക്കാലത്തെ ആത്മഹത്യകള്‍ അങ്ങനെയവാണം എന്നില്ല.

ഡ്യൂക്കിനെ കൊന്ന കലിയായേവ് രാഷ്ട്രീയ കാരണങ്ങളാല്‍, സര്‍വകലാശാലയില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷമാണ്, 24-ാം വയസ്സില്‍, ലെനിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്നത്. അതില്‍ മനംമടുത്ത് തീവ്രവാദം തുടര്‍ന്ന്, യുറോസ്ലാവിലേക്ക് നാടുകടത്തിയപ്പോഴാണ്, സാവിന്‍കോവിനെ കണ്ടത്. പ്ലെഹ്‌വേയെ കൊന്നപ്പോള്‍, കരുതല്‍ തീവ്രവാദിയായിരുന്നു, അയാള്‍. യെഗോര്‍ സസാനോവാണ്, കൊലയില്‍ വിജയിച്ചത്. അതുകൊണ്ട്, കലിയായേവിനു കൈയിലെ ബോംബ് ഉപയോഗിക്കേണ്ടിവന്നില്ല. അയാളെ 1905 മെയ് 23 ന് തൂക്കിക്കൊന്നു. 

ഗാന്ധിയെ ഗോഡ്‌സെ കൊല്ലുമ്പോള്‍, അഭിഭാഷകനായ നിര്‍മല്‍ ചന്ദ്രചാറ്റര്‍ജിയായിരുന്നു (1895-1971), ഗോഡ്‌സെ അംഗമായ ഹിന്ദുമഹാസഭയുടെ അധ്യക്ഷന്‍-സിപിഎം പൊളിറ്റ് ബ്യൂറോ അംഗംവരെയായ സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ്. ലണ്ടനില്‍നിന്നു ബിരുദമെടുത്ത നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജി, കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി. ഹിന്ദുമഹാസഭയുടെ പ്രസിഡന്റെന്ന നിലയില്‍, 1947 ലെ ഗ്വാളിയര്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നതു ചാറ്റര്‍ജിയാണ്. ഗാന്ധിവധത്തിനുശേഷം കുറച്ചുകാലം രോഗിയായിരുന്നു; അതുകഴിഞ്ഞാണ് ജഡ്ജിയായത്. ആദ്യ ലോക്‌സഭയില്‍ (1952-1957) ഹൂഗ്ലിയില്‍നിന്ന് ഹിന്ദു മഹാസഭാ സ്ഥാനാര്‍ത്ഥിയായിത്തന്നെയാണ് മത്സരിച്ചുജയിച്ചത്. മൂന്നാം ലോക്‌സഭയിലേക്ക് 1963 ലെ ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുമ്പോഴും 1967 ല്‍ നാലാം ലോക്‌സഭയിലേക്കു ജയിക്കുമ്പോഴും, സ്വതന്ത്രനായിരുന്നു. ആ രണ്ടുതവണയും ബര്‍ദ്വാനില്‍നിന്ന് മത്സരിച്ച നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിയെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണച്ചു. അവിടന്നാണ് 1971 ല്‍ സിപിഎം ടിക്കറ്റില്‍ സോമനാഥ് ചാറ്റര്‍ജി ആദ്യമായി ലോക്‌സഭയില്‍ എത്തിയത്. ഗാന്ധിവധവുമായി ബന്ധപ്പെട്ട്, നിര്‍മല്‍ കുമാര്‍ ചാറ്റര്‍ജിയെ പോലീസ് ചോദ്യംചെയ്തതേയില്ല; രണ്ടു ബ്രിട്ടീഷ് കൊലപാതകങ്ങളില്‍ മുന്‍പേ പ്രതിയായ വീര്‍ സവര്‍ക്കറെ സൗകര്യത്തിനു കിട്ടി. സവര്‍ക്കറെയും ഗോഡ്‌സെയെയും  ആരും അനുകൂലിക്കേണ്ടതില്ല. പക്ഷേ, ഹിന്ദുമഹാസഭയുടെ പരമോന്നത നേതാവായ നിര്‍മല്‍ കുമാര്‍ ചാറ്റര്‍ജിയെ എന്തുകൊണ്ടു ചോദ്യം ചെയ്തില്ല? എന്തുകൊണ്ട് കോടിയേരിയുടെ പാര്‍ട്ടി, ഹിന്ദു മഹാസഭാ പാരമ്പര്യമുള്ളയാളെ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചു? അന്ന്, എന്തുകൊണ്ട് ഹിന്ദുമഹാസഭയെ നിരോധിക്കാതെ, ആര്‍എസ്എസിനെ നിരോധിച്ചു? 

ഗാന്ധിയെ കൊന്ന പിസ്റ്റൾ

എഫ് ഐ ആറിൽ ദുരൂഹത 

1948 ജനുവരി 20 ന് ഗാന്ധിയെ ബിര്‍ളാ ഹൗസില്‍ കൊല്ലാനുള്ള പദ്ധതി പാളിയശേഷം, നാഥുറാം ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ എന്നിവര്‍ ഡല്‍ഹിയില്‍നിന്ന് മുംബൈ വഴി പുനെയില്‍ മടങ്ങിയെത്തി. 20 ന് നടന്നത്, ഗാന്ധിക്കെതിരായ നാലാം വധശ്രമമായിരുന്നു. ജനുവരി 28 ന്, ഗോഡ്‌സെയും ആപ്‌തെയും ഗ്വാളിയറില്‍ പോയി, ഗംഗാധര്‍ ദണ്ഡവതെയുടെ സഹായത്തോടെ, ബെരെറ്റ എം 1934 പിസ്റ്റള്‍ വാങ്ങി, 29 ന് ഡല്‍ഹിയിലെത്തി, റയില്‍വേ സ്റ്റേഷന്‍ റിട്ടയറിംഗ് റൂം നമ്പര്‍ ആറില്‍ പാര്‍ത്തു.

ആ മുറിയിലായിരുന്നു ഗൂഢാലോചന. ഗൂഢാലോചന, ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ഒറ്റയ്‌ക്കോ രണ്ടുപേര്‍ തമ്മിലോ പോരാ. മൂന്നുപേരുണ്ടായാലേ, ഗൂഢാലോചനയാകൂ; മൂന്നാമത്തെയാളാണ്, ഗൂഢാലോചനക്കേസില്‍, ദണ്ഡവതെ. ഗാന്ധിവധത്തില്‍, എട്ടുപേര്‍ക്കെതിരെയായിരുന്നു കേസ്. അതില്‍, ഗോഡ്‌സെ, ആപ്‌തെ എന്നിവര്‍ക്ക് വധശിക്ഷ കിട്ടി. മറ്റ് ആറുപേര്‍: ശങ്കര്‍ കിസ്തയ്യ, ഗോപാല്‍ ഗോഡ്‌സെ, പാക്ക് പഞ്ചാബില്‍ നിന്നുള്ള അഭയാര്‍ത്ഥി മദന്‍ലാല്‍ പഹ്‌വ, തോക്കുവില്‍ക്കുന്ന ക്രിമിനല്‍ ദിഗംബര്‍ ബഡ്‌ഗെ, വിനായക് ദാമോദർ സവര്‍ക്കര്‍, വിഷ്ണു കര്‍ക്കരെ. ദിഗംബർ ബഡ്‌ഗെ, മാപ്പുസാക്ഷിയായി. 

നാലാം വധശ്രമം 

പിസ്റ്റളിലേക്ക് കടക്കും മുന്‍പ്, നാലാമത്തെ വധശ്രമത്തെപ്പറ്റി പറയാം. മദന്‍ലാല്‍ പഹ്‌വ, ശങ്കര്‍ കിസ്തയ്യ, ദിഗംബര്‍ ബഡ്‌ഗെ, വിഷ്ണു കര്‍ക്കരെ, ഗോപാല്‍ ഗോഡ്‌സെ, നാഥുറാം ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ എന്നിവര്‍ ഗാന്ധിയെയും ഹുസൈന്‍ ഷാഹിദ് സുഹ്രവര്‍ദിയെയും കൊല്ലാന്‍, ഡല്‍ഹി ബിര്‍ളാ ഭവനിലെത്തി. ഡ ല്‍ഹിയില്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല മന്ത്രിസഭ വന്നശേഷം, 1946 ല്‍ ബംഗാളില്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത മുസ്ലിംലീഗ് പ്രധാനമന്ത്രിയായിരുന്നു, സുഹ്രവര്‍ദി. ഒരു മുസ്ലിം, ഗോഡ്‌സെയുടെ ഉന്നമായിരുന്നു, എന്നര്‍ത്ഥം. 

സ്വാതന്ത്ര്യ ശേഷം, സുഹ്രവര്‍ദി പാക്കിസ്ഥാനില്‍ പോയി, അവിടത്തെ അഞ്ചാം പ്രധാനമന്ത്രിയായി. സമ്പന്ന ബംഗാളി മുസ്ലിം കുടുംബത്തില്‍പ്പെട്ട സുഹ്രവര്‍ദി, ഓക്‌സ്ഫഡില്‍ പഠിച്ച്, ചിത്തരഞ്ജന്‍ ദാസിന്റെ സ്വരാജ് പാര്‍ട്ടിയില്‍ ചേര്‍ന്ന്, കൊല്‍ക്കത്ത മേയറായശേഷമാണ്, ലീഗില്‍ എത്തിയത്. 1946 ഓഗസ്റ്റില്‍ ജിന്ന പ്രഖ്യാപിച്ച പ്രത്യക്ഷ സമരദിനത്തിന്റെ അന്നും തലേന്നുമായി, 4000 ഹിന്ദുക്കളെയാണ്, സുഹ്രവര്‍ദിയുടെ, ഭാരതത്തിലെ ഏകലീഗ് ഭരണകൂടം കൊന്നത്. അതാണ്, ഭാരതത്തിലെ ആദ്യ ഭരണകൂട ഭീകരത. ജിന്നയുടെ പ്രത്യക്ഷ സമര പ്രഖ്യാപനത്തെ കേരളത്തില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി അനുകൂലിച്ചിരുന്നു.

ജനുവരി 20 ന്, ബിര്‍ളാ ഭവനില്‍, പഹ്‌വയും കര്‍ക്കരെയും ഒഴിച്ചുള്ളവര്‍ പിന്നിലെ കവാടം വഴി കാറില്‍ സമയത്തിനെത്തി. ബിര്‍ള ഭവനിലെ ഡ്രൈവര്‍ ചോട്ടുറാമിന് കോഴ കൊടുക്കാന്‍, പഹ്‌വ തുനിഞ്ഞപ്പോള്‍, ചോട്ടുറാമിന് സംശയമായി. വേദിക്കു പിന്നില്‍നിന്ന് ഗാന്ധിയുടെ ചിത്രങ്ങളെടുക്കാനാണ്, പഹ്‌വ കോഴ വാഗ്ദാനം ചെയ്തത്. ചോട്ടുറാമിന് സംശയം വന്നത്, ക്യാമറ കാണാഞ്ഞിട്ടാണ്. പഹ്‌വ അവിടെ നിന്ന്, താന്‍ പോവുകയാണെന്ന് ചോട്ടുറാമിനെ ബോധ്യപ്പെടുത്താന്‍, ടാക്‌സിയിലേക്ക് നടന്നു. എന്നാല്‍, അയാള്‍, വേദിക്കു പിന്നിലെ മതിലില്‍ ഒരു തുണി ബോംബുവച്ച്, തീകൊളുത്തി. അത് ആര്‍ക്കും പ്രശ്‌നമുണ്ടാക്കാതെ, പൊട്ടി. പഹ്‌വയെ ഉപേക്ഷിച്ച്, ബാക്കിയുള്ളവര്‍ കടന്നു. പിടിക്കപ്പെട്ട പഹ്‌വ, കാര്യങ്ങള്‍ തത്തപോലെ പറഞ്ഞു. പഹ്‌വ ബോംബ് പൊട്ടിച്ചുണ്ടാകുന്ന ആശയക്കുഴപ്പത്തിനിടയില്‍, ബഡ്‌ഗെയും കിഷ്തയ്യയും തലയില്‍ വെടിവയ്ക്കും. ആശയക്കുഴപ്പം കൂട്ടാന്‍, കര്‍ക്കരെ ഗ്രനേഡ് ആള്‍ക്കൂട്ടത്തിലെറിയും. ചോട്ടുറാം സംശയിച്ചതിനാല്‍, ബഡ്‌ഗെ അത് വേണ്ടെന്ന് തീരുമാനിച്ച്, തന്റെ വേലക്കാരനായ കിഷ്തയ്യയോട് പതുങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടു.

പഹ്‌വ, ഗോഡ്‌സെയും ആപ്‌തെയും പാര്‍ക്കുന്ന മറീനാ ഹോട്ടലിലേക്കും, മറ്റുള്ളവര്‍ പാര്‍ക്കുന്ന ഷറീഫ് ഹോട്ടലിലേക്കും പൊലീസിനെ നയിച്ചു. എല്ലാവരും സ്ഥലം വിട്ടിരുന്നു. 'എന്‍വിജി' എന്ന അക്ഷരങ്ങള്‍ തയ്ച്ച തുണികള്‍ കിട്ടി. ഗാന്ധി വധക്കേസ് വിചാരണക്കിടയില്‍, പഹ്‌വയെ, വേലക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ കളിച്ചിരുന്ന മൂന്നുവയസ്സുകാരന്‍ മകനെ തിരക്കി, ബിര്‍ളാ ഭവനിലെത്തിയിരുന്ന സുലോചന ദേവി തിരിച്ചറിഞ്ഞു. അവര്‍ 15-ാം സാക്ഷി; ഡ്രൈവര്‍ സുര്‍ജിത് സിങ്, 14-ാം സാക്ഷി.


പിസ്റ്റൾ ബ്രിട്ടീഷ് ഓഫിസറുടേത് 

ബെരെറ്റ എം 1934 എന്നുവച്ചാല്‍, ബെരെറ്റ മോഡല്‍ 1934. ആ വര്‍ഷത്തിന്റെ തുടക്കത്തില്‍, ഇറ്റാലിയന്‍ പട്ടാളം ഉപയോഗിക്കാന്‍ തുടങ്ങിയ പിസ്റ്റള്‍. 0.380 എസിപി എന്ന 9x17 മില്ലിമീറ്റര്‍ വെടിയുണ്ട (എസിപി എന്നാല്‍, ഓട്ടോമാറ്റിക് കോള്‍ട്ട് പിസ്റ്റള്‍) വഹിക്കുന്ന പിസ്റ്റള്‍ ആണ്, അത്. ജോണ്‍ മോസസ് ബ്രൗണിംഗ് വികസിപ്പിച്ചെടുത്ത വെടിയുണ്ട; ഇതുപയോഗിക്കുന്ന ആദ്യ പിസ്റ്റള്‍ വികസിപ്പിച്ചത്, 1908 ല്‍, കോള്‍ട്ട്. ഇറ്റലിയില്‍ ഗര്‍ദോണെ വാല്‍ത്രോംപിയയിലെ അര്‍മി ബെരെറ്റ സ്പാ, 1526 മുതല്‍ വെടിക്കോപ്പുകള്‍ ഉണ്ടാക്കുന്നു. ഒന്നാംലോകയുദ്ധകാലത്ത് 1915 ലാണ്, ആദ്യ പിസ്റ്റള്‍ ഉണ്ടാക്കിയത്; മോഡല്‍ 1915. ലോകത്തിലെ വന്‍ പിസ്റ്റള്‍ നിര്‍മാതാക്കളായി അവര്‍ മാറി;മോഡല്‍ 1934 രണ്ടാം ലോകയുദ്ധത്തില്‍ പ്രിയപ്പെട്ടതായി. 606824 സീരിയല്‍ നമ്പറുള്ള ഇത്തരമൊരു പിസ്റ്റളാണ്, ഗോഡ്‌സെ ഉപയോഗിച്ചത്. ഇത്, ഇറ്റലി, അബിസീനിയ കീഴടക്കുന്ന വേളയില്‍ ഒരു ഓഫിസര്‍ ഉപയോഗിച്ചിരുന്നതാണ്. അയാളില്‍നിന്ന്, യുദ്ധസ്മാരകമെന്ന നിലയില്‍ ഒരു ബ്രിട്ടീഷ് ഓഫിസര്‍ കൈവശപ്പെടുത്തിയ പിസ്റ്റളാണ്, ഗോഡ്‌സെയുടെ കൈയില്‍ വന്നത്. ബ്രിട്ടീഷ് ഓഫിസറുടെ കൈവശമുണ്ടായിരുന്ന പിസ്റ്റളാണ്, ഗോഡ്‌സെയുടെ കൈയില്‍ വന്നത് എന്ന വാചകത്തിന്, ഞാന്‍ അടിവരയിടുന്നു.

ഇനി, ഗാന്ധിവധത്തിന്റെ കുറ്റപത്രത്തില്‍ പിസ്റ്റളിനെപ്പറ്റി പറയുന്ന ഭാഗം: 
ഗോഡ്‌സെ, ഗ്വാളിയറില്‍ ജനുവരി 28 ന് തീവണ്ടിയില്‍ എത്തി, പിസ്റ്റള്‍ (ബെരെറ്റ എം 1934 സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ 0.380 കാലിബര്‍, സീരിയല്‍ നമ്പര്‍ 606824), ഗ്വാളിയറിലെ ഡോ.ദത്താത്രേയ പര്‍ച്ചുരെ, ഗംഗാധര്‍ ദണ്ഡവതെ, ഗംഗാധര്‍ ജാദവ്, സൂര്യദേവ് ശര്‍മ എന്നിവരുടെ സഹായത്തോടെ വാങ്ങി.

ഗംഗാധര്‍ ദണ്ഡവതെയ്ക്ക് പിസ്റ്റള്‍ കൊടുത്തത്, ജഗദീഷ് പ്രസാദ് ഗോയല്‍ ആണ്. ദണ്ഡവതെ, ഗോഡ്‌സെയ്ക്ക് കൊടുത്തു. ഈ പിസ്റ്റളിന്റെ മറ്റേ അറ്റത്തേക്ക്, ബ്രിട്ടീഷുകാരനിലേക്ക്, അന്വേഷണം പോയില്ല. ജഗദീഷ് പ്രസാദ് ഗോയലിലേക്കും പോയില്ല. കേസിന്റെ വിചാരണവേളയില്‍ ദണ്ഡവതെ സ്വയം പറഞ്ഞതാണ്, താന്‍ അത് ഗോയലില്‍നിന്ന് വാങ്ങിയതാണെന്ന്. തനിക്ക് പിസ്റ്റള്‍ എങ്ങനെ കിട്ടിയെന്ന് ഗോയല്‍ പറഞ്ഞില്ല; അതില്‍ പൊലീസിന് താല്‍പ്പര്യമില്ലായിരുന്നു. ഗോയലിനെ പൊലീസ് പിന്തുടര്‍ന്നില്ല എന്നത് നമ്മുടെ നാട്ടിലെ ചെറുകിട പൊലീസുകാരനില്‍ പോലും അദ്ഭുതമുണര്‍ത്തും. ദണ്ഡവതെയുടെ മകന്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകനായ ചന്ദ്രശേഖര്‍ പില്‍ക്കാലത്ത് പിസ്റ്റളിനെപ്പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞു: ''അതൊരു രഹസ്യമാണ്. പുറത്തറിഞ്ഞാല്‍, രാഷ്ട്രീയ കോളിളക്കമുണ്ടാകും.'' മനോഹര്‍ മള്‍ഗോങ്കര്‍, The Men Who Killed Gandhi എന്ന പുസ്തകത്തില്‍ എഴുതി: ''ഗോയല്‍ തനിക്ക് പിസ്റ്റള്‍ വിറ്റയാളുടെ പേര് മറച്ചുവച്ചതുവഴി, അയാളെ രക്ഷിക്കുകയായിരുന്നു. ഗോഡ്‌സെയെ 1949 നവംബര്‍ 15 ന് അംബാല ജയിലില്‍ തൂക്കിക്കൊന്നു. അന്നുമുതല്‍ നവംബര്‍ 15 ഗോഡ്‌സെ രക്തസാക്ഷി ദിനമായി ഹിന്ദുമഹാസഭ ആചരിക്കുന്നു.''

ഹിന്ദുമഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ജയ്‌വീര്‍ ഭരദ്വാജ് 2012 ല്‍ പറഞ്ഞു: ''പിസ്റ്റളിന്റെ ഉടമസ്ഥത എന്നും രഹസ്യമായിരിക്കും. ഒരു കാര്യം പറയാം-ചങ്ങലയിലെ അവസാന കണ്ണിയല്ല, ഗോയല്‍.'' 

ഗ്വാളിയറിലെ ഷിന്‍ഡേ കി ചാവനിയില്‍ നിന്ന്, 1948 ഫെബ്രുവരി മൂന്നിന് ഡോ. പര്‍ച്ചുരെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 18 ന് ഗ്വാളിയര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് ആര്‍.ബി.അടലിന് മുന്നില്‍ പര്‍ച്ചുരെ കുറ്റസമ്മത മൊഴി നല്‍കി. അത് ബലപ്രയോഗം വഴി വാങ്ങിയതാണെന്നു കാട്ടി, പര്‍ച്ചുരെ, പിന്‍വലിച്ചു. മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയില്‍ പര്‍ച്ചുരെ പറഞ്ഞത്, ദണ്ഡവതെയില്‍ നിന്ന് പിസ്റ്റള്‍ വാങ്ങി, ഗോഡ്‌സെയ്ക്ക് കൊടുത്തു എന്നാണ്. അതു വാങ്ങാന്‍ ജനുവരി 28 ന് ഗോഡ്‌സെയും ആപ്‌തെയും ഡല്‍ഹിയില്‍ നിന്ന് ഗ്വാളിയറില്‍ തീവണ്ടിയിറങ്ങി. കൈവശമുള്ള പിസ്റ്റള്‍ വിശ്വസിക്കാനാകാത്തതാകയാല്‍, ഓട്ടോമാറ്റിക് പിസ്റ്റളാണ്, ഗോഡ്‌സെ ചോദിച്ചത്. സെമി ഓട്ടോമാറ്റിക് ബെറെറ്റ, പര്‍ച്ചുരെ വാദ്ഗാനം ചെയ്തു. അത്, പര്‍ച്ചുരെയുടെ തളത്തില്‍ തന്നെ പരീക്ഷിച്ചു. 300 രൂപ പ്രതിഫലം നല്‍കി. 

പിസ്റ്റള്‍ ഗ്വാളിയര്‍ സ്റ്റേറ്റ് ആര്‍മിയിലെ ഓഫിസര്‍ ദേശ് മുഖിന്റേതായിരുന്നുവെന്ന് പര്‍ച്ചുരെ പറഞ്ഞു. അയാള്‍ക്ക്, അതു കിട്ടിയത്, ജര്‍മനിയില്‍നിന്നാണ്. പര്‍ച്ചുരെയെ 1949 ഫെബ്രുവരി 10 ന് കീഴ്‌ക്കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചു. പഹ്‌വ, കര്‍ക്കറെ, ഗോപാല്‍ ഗോഡ്‌സെ, കിസ്തയ്യ എന്നിവര്‍ക്കും ഇതേ ശിക്ഷ കിട്ടി. തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും കുറ്റസമ്മതം തന്നില്‍നിന്ന് പിടിച്ചുവാങ്ങിയതാണെന്നും കാട്ടി, പര്‍ച്ചുരെ പഞ്ചാബ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹിന്ദുരാഷ്ട്രസേനയ്ക്ക് സന്നദ്ധസേവകരെ റിക്രൂട്ട് ചെയ്യാന്‍ ഗോഡ്‌സെയും ആപ്‌തെയും ഗ്വാളിയറില്‍ വന്നപ്പോള്‍ കണ്ടെന്നേയുള്ളൂ. 

പര്‍ച്ചുരെ ഇപ്പറഞ്ഞതിനോട് ഗോഡ്‌സെയും ആപ്‌തെയും യോജിച്ചു. താന്‍ പിസ്റ്റള്‍ ഡല്‍ഹി അഭയാര്‍ത്ഥി ക്യാമ്പിലെ ഒരിടപാടുകാരനില്‍ നിന്ന് വാങ്ങിയതാണെന്ന്, ഗോഡ്‌സെ വെളിപ്പെടുത്തി, പര്‍ച്ചുരെയെ 1949 ജൂണില്‍ മൂന്നംഗ ഡിവിഷന്‍ ബെഞ്ച് വിട്ടയച്ചു. കിസ്തയ്യ, ബാഡ്‌ജെ യുടെ വേലക്കാരനാണ് എന്നുമാത്രം കണ്ട്, അയാളെയും വിട്ടു. മോചനംകിട്ടിയ പര്‍ച്ചുരെയെ ഗ്വാളിയറില്‍ കടക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ വിലക്കി. 1952 ല്‍ അയാള്‍ മടങ്ങിച്ചെന്ന്, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തില്ല എന്ന ഉപാധിയില്‍, പ്രാക്ടിസ് തുടര്‍ന്നു. 1985 ല്‍ മരിച്ചു.

മുംബൈയിലെ ഗ്രാന്‍ഡ് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പാസായ ദത്താത്രേയ സദാശിവ് പര്‍ച്ചുരെ (1902-1985), ജംഷഡ്ജി ജീജി ബായ് ആശുപത്രിയില്‍ ഡോക്ടറായിരുന്നു. അച്ചടക്കമില്ലായ്മ കാരണം പുറത്താക്കപ്പെട്ട്, കുടുംബം താമസിച്ച ഗ്വാളിയറിലെത്തി ആയുര്‍വേദ ചികിത്സ നടത്തുകയായിരുന്നു; എംബിബിഎസിന് മുന്‍പ്, ഹോമിയോപ്പതിയുണ്ടായിരുന്നു. ഹിന്ദുമഹാസഭയില്‍ അംഗമായിരുന്ന പര്‍ച്ചുരെ, സ്വന്തം നിലയില്‍ ഹിന്ദുരാഷ്ട്രസേന (എച്ച്ആര്‍എസ്) സംഘടിപ്പിച്ചിരുന്നു; ഗോഡ്‌സെയ്ക്ക് സ്വന്തം നിലയില്‍, ഹിന്ദുരാഷ്ട്ര ദള്‍ (എച്ച്ആര്‍ഡി) ഉണ്ടായിരുന്നു. രണ്ടും ലയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഇരുവരും നടത്തിയിരുന്നു. 1947 ഡിസംബര്‍ രണ്ടിന് പുനെയിലെ ഹിന്ദുമഹാസഭാ സമ്മേളനത്തില്‍, മുഖ്യപ്രഭാഷകനായിരുന്നു പര്‍ച്ചുരെ. അദ്ദേഹം മാത്രമല്ല, ഗോഡ്‌സെയും ഒന്നാന്തരം പ്രഭാഷകനായിരുന്നു-മദനി ഒന്നാംതരം പ്രഭാഷകനാണെങ്കില്‍. നാഥുറാമിന്റെ അനന്തരവളും ഗോപാലിന്റെ മകളുമായ ഹിമാനി സവര്‍ക്കര്‍, അച്ഛനോട് പിസ്റ്റളിനെപ്പറ്റി ചോദിച്ചപ്പോഴൊക്കെ അയാള്‍ മൗനം പാലിച്ചു. 

ആശുപത്രിയിൽ പോയില്ല 

മൂന്നുതവണ ഗോഡ്‌സെ വെടിയുതിര്‍ത്തിട്ടും, ഗാന്ധിയെ ആശുപത്രിയില്‍ കൊണ്ടുപോയില്ല. ഗാന്ധിവധക്കേസിലെ മുഖ്യ പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോ. ജഗദീശ് ചന്ദ്ര ജെയിന്‍, 'മേം ബാപ്പു കോ ന ബച്ചാ സകാ' (എനിക്ക് ബാപ്പുവിനെ രക്ഷിക്കാനായില്ല) എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. 1948 ജനുവരി 20 ന് ഗാന്ധിയുടെ പ്രാര്‍ത്ഥനായോഗത്തില്‍ പഹ്‌വ ബോംബു പൊട്ടിക്കും മുന്‍പുതന്നെ അയാള്‍, ഗാന്ധിയെ കൊല്ലുമെന്ന് ഡോ. ജയിനിനോട് പറഞ്ഞിരുന്നു. ജയിന്‍ ഇത്, മുംബൈ പൊലിസിനെ അറിയിച്ചു. അന്നത്തെ മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രി മൊറാര്‍ജി ദേശായി, വിവരം, കേന്ദ്രത്തെ അറിയിച്ചു. അന്നത്തെ ഡല്‍ഹി പൊലിസ് മേധാവി, പനി കാരണം അവധിയിലായിരുന്നു. ഇത്, പഹ്‌വ ബോംബ് പൊട്ടിക്കും മുന്‍പാണല്ലോ. പഹ്‌വ ബോംബ് പൊട്ടിച്ചശേഷം അയാളെയും ആറുപേരെയും പൊലിസ് പിടികൂടി. ബോംബും തോക്കും കത്തിയും കണ്ടെടുത്തു. കൂടെ ഗോഡ്‌സെയെയും പിടിച്ചു. പിടിച്ച ആയുധങ്ങളുടെ ഉടമകളെ കണ്ടെത്താനായില്ലെന്ന് പറഞ്ഞ്, ജനുവരി 22 ന് ഗോഡ്‌സെ, പഹ്‌വ എന്നിവരെ  പൊലിസ് വിട്ടയച്ചു! തന്നെ ഗാന്ധിയെ വധിക്കാന്‍ പ്രേരിപ്പിച്ച ആളാര്, പണം മുടക്കുന്നതാര് എന്നീ വിവരങ്ങള്‍ പൊലിസിനെ പഹ്‌വ അറിയിച്ചിരുന്നു. അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന ആര്‍.എന്‍. ബാനര്‍ജി, The Civil Servant in India എന്ന പുസ്തകം എഴുതിയിട്ടുണ്ട്. 23 ന് ഗോഡ്‌സെ, ആപ്‌തെ എന്നിവരെ ഒളിവിടത്തില്‍ നിന്ന് പിടിക്കേണ്ടതായിരുന്നു എന്ന് അതില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഡല്‍ഹി പൊലിസ്, പഹ്‌വയുടെ മൊഴി, 21 ന് മുംബൈ പൊലിസിന് അയച്ചിരുന്നു. മൊത്തം കേസില്‍, പഹ്‌വയ്ക്ക് ഒരു പോറല്‍പോലും ഏറ്റില്ല. ബിര്‍ള ഹൗസില്‍ ഉത്തരവാദിത്തമുള്ള ഒട്ടേറെപ്പേരുണ്ടായിട്ടും, ആള്‍ക്കൂട്ടത്തിലൊരാളുടെ മൊഴി വച്ചാണ്, എഫ്‌ഐആര്‍ തയ്യാറാക്കിയത്. അബദ്ധപ്പഞ്ചാംഗമാണ്, ആ എഫ്‌ഐആര്‍. ഒരു ഫൊറന്‍സിക് പരിശോധനയും നടക്കാതെ, മൂന്നു വെടിയുണ്ടകളേറ്റാണ് ഗാന്ധി കൊല്ലപ്പെട്ടതെന്ന്, അതില്‍ പറഞ്ഞിരിക്കുന്നത് കാണാം.

നാം ഒരു ബെരെറ്റയുടെ കാര്യമാണല്ലോ പറഞ്ഞത്. എന്നാല്‍, പൊലിസ്, കോടതിയില്‍ മൂന്ന് പിസ്റ്റളുകള്‍ ഹാജരാക്കി. ഒന്നും, ഗാന്ധിയുടെ ശരീരത്തില്‍ മുറിവുകളുണ്ടാക്കിയ വെടിയുണ്ടകളുമായി ചേര്‍ന്നില്ല. എങ്കില്‍, ഗോഡ്‌സെ അല്ലാതെ, മറ്റൊരു കരുതല്‍ സംഘം കൂടി ഉണ്ടായിരുന്നിരിക്കാം. ഗാന്ധിയെ ആശുപത്രിയില്‍ കൊണ്ടുപോകാത്തതിനാല്‍, പോസ്റ്റ്‌മോര്‍ട്ടം നടന്നിരിക്കില്ല.

വിവരാവകാശ നിയമം വന്നശേഷം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചോദിച്ചയാള്‍ക്ക് കിട്ടിയ മറുപടി, അത് കാണാതായി എന്നാണ്. എന്നാല്‍, 2009 ല്‍ അത് ഒരു സുബ്രഹ്മണ്യത്തിന് കൊടുത്തതായും കാണുന്നു. ഗോവക്കാരനായ, പോര്‍ച്ചുഗലില്‍ ജീവിക്കുന്ന ലോറന്‍സോ ദേ സാല്‍വദോറെ (Lourenco de Salvadore), Who killed Gandhi എന്ന പുസ്തകമെഴുതി; അത് ഭാരതത്തില്‍ നിരോധിക്കപ്പെട്ടു. ഗാന്ധിവധത്തെപ്പറ്റി കണ്ടെത്തിയ വസ്തുതകളില്‍ പത്തുശതമാനമേ കോടതിയില്‍ എത്തിയുള്ളൂ; അതിന്റെ പത്തുശതമാനമേ പുറത്തുവന്നിട്ടുള്ളൂ. വസ്തുതകള്‍ ഒളിപ്പിക്കുകയായിരുന്നു, വിചാരണയുടെ ലക്ഷ്യം.

മുഴുവന്‍ കഥയും അറിയാവുന്ന ഒരാള്‍ ഉണ്ടായിരുന്നു-മൗണ്ട് ബാറ്റന്‍. ഗാന്ധി കൊല്ലപ്പെടുമ്പോള്‍, ഭാരതത്തിന്റെ ഭരണാധികാരി അദ്ദേഹമായിരുന്നു, നെഹ്‌റു ആയിരുന്നില്ല. നമുക്ക് സ്വാതന്ത്ര്യം കിട്ടിയശേഷവും മൗണ്ട് ബാറ്റനെ ഗവര്‍ണര്‍ ജനറലായി ചുമക്കുക എന്ന അപരാധം നെഹ്‌റു കാട്ടി. അങ്ങനെ, ഗാന്ധി മരിക്കുമ്പോള്‍, ഭാരതത്തിന്റെ ഇന്റലിജന്‍സ് സംവിധാനം മുഴുവന്‍ ബ്രിട്ടീഷ് കൈകളിലായിരുന്നു. 1947 ഓഗസ്റ്റ് 15 ന് ഭാരതത്തിന്റെ ഗവര്‍ണര്‍ ജനറലായ മൗണ്ട് ബാറ്റന്‍, ഗാന്ധി കൊല്ലപ്പെട്ട് നാലുമാസം കഴിഞ്ഞ്, മറയ്‌ക്കേണ്ടതൊക്കെ മറച്ച്, ജൂണ്‍ 21 നാണ് പദവി വിട്ടത്. മൗണ്ട് ബാറ്റന് അറിയാമെങ്കില്‍, നെഹ്‌റുവും അറിഞ്ഞിരിക്കും. മൗണ്ട് ബാറ്റന്റെ ഭാര്യ എഡ്വിന, നെഹ്‌റുവിന്റെ വെപ്പാട്ടിയായിരുന്നു; കിടക്കയില്‍ കൊല്ലപ്പെടാത്ത സത്യം വല്ലതുമുണ്ടോ? ഭാരതീയന്‍ കൊല്ലപ്പെട്ടെങ്കില്‍, പിന്നില്‍, ബ്രിട്ടീഷുകാരനുണ്ടാകാതെ വയ്യ. ഒരു ഭാരതീയ ഭ്രാന്തന്‍ കളിപ്പാവയായെങ്കില്‍, അത്, ബ്രിട്ടീഷുകാരനെ സന്തോഷിപ്പിക്കും. നെഹ്‌റുവിന്റെ കൂടെ ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലും നെഹ്‌റുവും തമ്മില്‍ സംസാരിച്ചിരുന്നില്ല; പട്ടേലിനൊപ്പമായിരുന്നു, ഗാന്ധി. അതുകൊണ്ട്, ഗാന്ധി മരിച്ചാല്‍ അതുകൊണ്ടുള്ള ഗുണം ആര്‍ക്കെന്ന ചോദ്യം, വായനക്കാര്‍ക്ക് വിടുന്നു. 

പട്ടേല്‍ ഭാരതത്തിലെ ആദ്യ ഉപപ്രധാനമന്ത്രിയായിരുന്നുവെന്ന്, എത്രപേര്‍ ഓര്‍ക്കുന്നു? പാക്കിസ്ഥാനുവേണ്ടി ഗാന്ധി, നെഹ്‌റുവിനെതിരെ നിരാഹാരം കിടന്നപ്പോള്‍, തന്നെ കാണാനെത്തിയ നെഹ്‌റുവിനോടും പട്ടേലിനോടും, സ്വരചേര്‍ച്ചയോടെ മുന്നോട്ടുപോകണമെന്ന് ഗാന്ധി ഉപദേശിച്ചത്, എത്രപേര്‍ ഓര്‍ക്കുന്നു? ഗാന്ധിയും പട്ടേലും ഗുജറാത്തില്‍നിന്നുള്ളവരായിരുന്നു; പോര്‍ബന്തറില്‍നിന്ന് പട്ടേല്‍ പിറന്ന നദിയാദിലേക്ക് ദൂരം 412 കിലോമീറ്റര്‍. ഭാഷ കൊണ്ടളന്നാല്‍, ഗാന്ധിയില്‍നിന്ന് പട്ടേലിലേക്കുള്ള ദൂരം, പൂജ്യം. ഗാന്ധി കൊല്ലപ്പെടുമ്പോള്‍, ഗാന്ധിയില്‍നിന്ന് നെഹ്‌റുവിലേക്കുള്ള ദൂരം, അളക്കാന്‍ കഴിയുമായിരുന്നില്ല. രക്തസാക്ഷിത്വം, ഗാന്ധിയെ രക്ഷിച്ചു; അമരനാക്കി; നെഹ്‌റു ഇരുന്നിരുന്നു ചീഞ്ഞു.


© Ramachandran 




Tuesday, 11 June 2019

ഭഗത് സിംഗിന് മുൻപ്,വഞ്ചിനാഥൻ

പുനലൂരിലെ ഒരു വനംവകുപ്പ് ക്ലർക്ക്, ഒരു ബ്രിട്ടിഷ് കലക്ടറെ വെടിവച്ചു കൊന്ന സംഭവം, കേരളത്തിൽ അധികം അറിയപ്പെടാത്തതാണ്- അപ്പോൾ  എന്തുകൊണ്ട് അതൊരു ദേശീയ സംഭവമായില്ല എന്ന ചോദ്യത്തിനു പ്രസക്തിയില്ല. തിരുനൽവേലി കലക്ടർ റോബർട്ട് ആഷെയെ തീവണ്ടിയിൽ വെടിവച്ചു കൊന്ന വഞ്ചിനാഥൻ അയ്യർ, പുനലൂരിൽ ഫോറസ്ററ്  ക്ലർക്കായിരുന്നെങ്കിലും, ചെങ്കോട്ടക്കാരനായിരുന്നു; പിതാവ് രഘുപതി അയ്യർ, തിരുവിതാംകൂർ ദേവസ്വം ജീവനക്കാരനായിരുന്നു (പുനലൂർ- ചെങ്കോട്ട 49 കിലോമീറ്റർ). 
  ഭഗത്  സിംഗ് ബ്രിട്ടിഷ് പൊലിസ് ഓഫിസർ ജോൺ സാൻഡഴ് സിനെ വെടിവച്ചു കൊല്ലുന്നതിന് 17 വർഷം മുൻപാണ്, വഞ്ചിനാഥൻ, ആഷെയെ കൊന്നത്. എന്നിട്ടും, ഭഗത് സിംഗിന്റെ  മുൻഗാമി, ഇന്ന് ദേശീയ ചിത്രത്തിൽ ഇല്ല.
 തിരുനൽവേലിയിലെ മണിയാച്ചി റയിൽവേ സ്റ്റേഷന്റെ പേര്, ഇന്ന് വഞ്ചിമണിയാച്ചി  എന്നാണ്‌ . അതിലെ വഞ്ചി, ഒരു ധീര ദേശാഭിമാനിയാണെന്ന്  ഒരാളും ഓർക്കില്ല. വഞ്ചി, മലയാളിക്ക് വഞ്ചിനാടോ ഒരു യാത്രാ സൗകര്യമോ മാത്രമാകാം.
റോബർട്ട് ആഷെ, തിരുനൽവേലി ജംഗ്ഷനിൽ, 1911 ജൂൺ 17 രാവിലെ ഒൻപതരയ്ക്ക്, മണിയാച്ചി മെയിലിൽ കയറിയത്, കൊടൈക്കനാലിൽ പോകാനാണ്. അദ്ദേഹത്തോടൊപ്പം ഭാര്യ മേരി ലിലിയൻ പാറ്റേഴ്സൺ ഉണ്ടായിരുന്നു. അയർലണ്ടിൽ നിന്ന്‌ ഏതാനും ദിവസം മുൻപു മാത്രമാണ്, മേരി എത്തിയത്. 1898 ഏപ്രിൽ ആറിന് ബർഹാംപൂരിലായിരുന്നു , അവരുടെ വിവാഹം. ആഷെയെ ക്കാൾ ഒരു വയസു മൂത്തതായിരുന്നു, മേരി. കൊടൈക്കനാലിൽ വാടകക്കെടുത്ത ബംഗ്ലാവിലായിരുന്നു, അവരുടെ നാലു മക്കൾ- മോളി, ആർതർ, ഷീല, ഹെർബർട്ട്. അവരെക്കാണാനായിരുന്നു യാത്ര.
രാവിലെ 10.38 ന് മണിയാച്ചിയിൽ എത്തിയ ട്രെയിൻ, സിലോൺ ബോട്ട്മെയിൽ 10. 48 ന്  എത്താൻ , കാത്തു കിടന്നു. ആഷെയും മേരിയും അഭിമുഖമായാണ്  ഇരുന്നത്.

പൊടുന്നനെ,മുണ്ടുടുത്ത  രണ്ടു യുവാക്കൾ തീവണ്ടിക്കടുത്തെത്തി. അതിൽ, പച്ച ജാക്കറ്റണിഞ്ഞ്  വിഭൂ തി ചാർത്തി, തലയിൽ കുടുമയുള്ളയാൾ, കമ്പാർട്മെന്റിൽ കയറി, ബൽജിയൻ നിർമ്മിത ബ്രൗണിങ് ഓട്ടോമാറ്റിക് പിസ്റ്റലെടുത്ത് , ആഷെയുടെ നെഞ്ചിൽ നിറയൊഴിച്ചു. ആഷെ കുഴഞ്ഞു വീണു.ആഷെയെ കൊന്ന വഞ്ചിനാഥൻ പ്ലാറ്റ്  ഫോമിലൂടെ   ഓടി, കക്കൂസിൽ കയറി, സ്വന്തം വായിലേക്കു നിറയൊഴിച്ചു. അയാളിൽ നിന്ന്‌ കണ്ടെടുത്ത പിസ്റ്റളിൽ വേറെ വെടിയുണ്ടകൾ ഉണ്ടായിരുന്നില്ല. വെടിയുണ്ടകൾ രണ്ടു മാത്രം: ഒന്നു കൊലയ് ക്കും മറ്റൊന്ന് ആത്‍മഹത്യയ്ക്കും. വഞ്ചിനാഥന്റെ കീശയിലെ കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു :"നമ്മുടെ രാജ്യം പിടിച്ചടക്കിയ ഇംഗ്ലണ്ടിലെ മ്ലേച്ചന്മാർ, ഹിന്ദുക്കളുടെ സനാതന ധർമം നശിപ്പിച്ചു. ബ്രിട്ടീഷുകാരെ ഓടിച്ചു സ്വരാജ്യം വീണ്ടെടുക്കാനും  സനാതന ധർമം  പുനഃസ്ഥാപിക്കാനും ഓരോ ഇന്ത്യക്കാരനും ശ്രമം നടത്തുന്നു. രാമനും ശിവജിയും കൃഷ്ണനും ഗുരു ഗോവിന്ദനും അർജുനനും ഭരിച്ചു  ധർമം സംരക്ഷിച്ച ജന്മനാട്ടിൽ മ്ലേച്ചനായ, ഗോമാംസം ഭക്ഷിക്കുന്ന ജോർജ് അഞ്ചാ മനെ അവരോധിക്കാൻ ഒരുക്കങ്ങൾ നടത്തുകയാണ് ബ്രിട്ടീഷുകാർ. നമ്മുടെ രാജ്യത്തെത്തുമ്പോൾ തന്നെ ജോർജ് അഞ്ചാ മനെ വധിക്കാൻ മൂവായിരം തമിഴന്മാർ പ്രതിജ്ഞ ചെയ്തിരിക്കുന്നു. ഞങ്ങളുടെ ലക്ഷ്യം മറ്റുള്ളവരെ അറിയിക്കാൻ, അക്കൂട്ടത്തിൽ എളിയവനായ ഞാൻ, ഈ ദിവസം ഈ കൃത്യം നടത്തിയിരിക്കുന്നു. ഇത്, ഓരോ ഇന്ത്യക്കാരനും അവന്റെ കടമയായി കരുതണം…വന്ദേമാതരം, വന്ദേമാതരം, വന്ദേമാതരം".
ആഷെയും കുടുംബവും 
വ ഞ്ചിനാഥൻ സവർക്കറുടെ അനുയായിയാണെന്ന് ഇതിൽനിന്നു വ്യക്തം. ചെങ്കോട്ടയിൽ 1886 ൽ ജനിച്ച വഞ്ചിനാഥന് 25 വയസ്സായിരുന്നു. ഭാര്യ, പൊന്നമ്മാൾ. ഒരു പെൺകുഞ്ഞു  ജനിച്ചു  താമസിയാതെ മരിച്ചിരുന്നു. വഞ്ചിനാഥന് തിരുവനന്തപുരം മഹാരാജാസ് കോള ജിൽ നിന്ന് എം. എ പാസായ ഉടൻ ജോലി കിട്ടി.   1894 ൽ ഇന്ത്യൻ സിവിൽ സർവീസ് (ഐസിഎ സ്) പരീക്ഷ പാസായ 61 പേരിൽ നാൽപ്പതാമത്തെ  ആളായിരുന്നു, റോബർട്ട് വില്യം എസ്കൗർട്ട് ആഷെ. 1895 ഡിസംബർ നാലിന് ഇന്ത്യയിലെത്തിയ ആഷെ, അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1907 ൽ തിരുനൽവേലിയിൽ നിയമിക്കപ്പെട്ട് ദീർഘകാല അവധിക്കു ശേഷം 1908 ഫെബ്രുവരി 17 ന് അവിടെയെത്തി. തൂത്തുക്കുടിയിൽ ജോലിക്കായി ആഷെ ചെലവിട്ട രണ്ടു മാസമാണ്, അദ്ദേഹത്തിൻറെ വിധി നിർണയിച്ചത്. തെക്കേ ഇന്ത്യയിലെ പ്രധാന തുറമുഖമായ തൂത്തുക്കുടിയിൽ യൂറോപ്യൻ സൈനികനായ എ ആൻഡ് എഫ് ഹാർവിക്ക് കോറൽ മിൽ സ് എന്ന തുണി കമ്പനിയുണ്ടായിരുന്നു. ഹാർവിമാർ തന്നെയായിരുന്നു ബ്രിട്ടീഷ് ഇന്ത്യ സ്റ്റീ o  നാവിഗേഷൻ കമ്പനി  (സി ഐ എസ്‌ എൻ സി) യുടെ ഏജന്റുമാർ. ഇതിന്‌ തൂത്തുക്കുടിക്കും കൊളംബോയ്ക്കുമിടയിൽ വാണിജ്യ കുത്തകയുണ്ടായിരുന്നു. തൂത്തുക്കുടിയിൽ രണ്ടുമാസം കഴിഞ്ഞു, ആഷെയെ ഗോദാവരിക്കു  വിട്ടു. 1910  ഓഗസ്റ്റ് രണ്ടിന് തിരുന ൽവേലിയിൽ ആക്റ്റിംഗ്‌ കലക്ടറായി ചുമതലയേറ്റു.ബാലഗംഗാധര തിലകനും ലാല ലജ്‌പത്‌ റായിയും  തുടക്കമിട്ട സ്വദേശി പ്രസ്ഥാനം വേരാഴ്ത്തിയ കാലമായിരുന്നു ഇത്. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ട വി.ഒ. ചിദംബരംപിള്ള ബ്രിട്ടനെ വെല്ലുവിളിച്ചു, സ്വദേശി സ്റ്റീo  നാവിഗേഷൻ കമ്പനിക്കു വിത്തിട്ടു. രണ്ടു കപ്പലുകൾ പ്രയാസപ്പെട്ടു വാടകക്കെടുത്തു, പിള്ള ബ്രിട്ടീഷ് സ്റ്റീo  നാവിഗേഷൻ കമ്പനിക്കു വെല്ലുവിളി ഉയർത്തി. ബ്രിട്ടീഷ് കമ്പനി സൗജന്യ ടിക്കറ്റും കുടയും വാഗ്‌ദാനം ചെയ്തിട്ടും നാട്ടുകാർ, കൊളംബോയ്ക്കു പോകാൻ പിള്ളയുടെ കപ്പലുകൾ ഉപയോഗിച്ചു.  പിള്ളയെ വരുതിയിലാക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചപ്പോൾ അദ്ദേഹം വഴങ്ങിയില്ലെന്നു മാത്രമല്ല, കോറൽ മില്ലിൽ പൊതു പണിമുടക്കുണ്ടാക്കുകയും ചെയ്തു. പിള്ളയെ ജീവപര്യന്തം  ശിക്ഷിച്ചു  കോയമ്പത്തൂർ ജയിലിൽ തടവുകാരനാക്കി. അപ്പീലിൽ ശിക്ഷ ഇളവ് ചെയ്ത്, കണ്ണൂർ ജയിലിലാക്കി. പിള്ളയുടെ കപ്പൽ കമ്പനി പാപ്പരായി, കപ്പലുകൾ ബ്രിട്ടീഷ് കമ്പനി ഏറ്റെടുത്തു. ജനം ക്ഷു ഭിതരായി.
വി വി എസ് അയ്യർ 
ഈ രംഗത്താണ്, വരാഹനേരി വെങ്കടേശ സുബ്രഹ്മണ്യം അയ്യർ എന്ന വി .വി .എസ് .അയ്യർ എത്തിയത്. തിരുച്ചിയിലെ വരാഹനേരിയിൽ ജനിച്ച അയ്യർ (1881 – 1925) സെന്റ്‌ ജോസഫ്‌സ് കോളജിൽ നിന്ന് ചരിത്ര ബിരുദമെടുത്തു, 1902 മദ്രാസ് സർവകലാശാലയിൽ നിന്ന് പ്ലീഡർ പരീക്ഷ പാസായി, തിരുച്ചി ജില്ലാകോടതിയിൽ പ്രാക്ടീസ് ചെയ്തു. 1906 ൽ റങ്കൂണിൽ അഭിഭാഷകനായി. അവിടന്ന് 1907 ൽ ലണ്ടനിലെത്തി ലിങ്കൺസ് ഇ ന്നിൽ ബാരിസ്റ്റാറാകാൻ ചേർന്നു. ഇന്ത്യാ ഹൗ സിൽ വിനായക് ദാമോദർ സവർക്കറെ കണ്ടുമുട്ടിയത്, വഴിത്തിരിവായി. ലണ്ടനിലും പാരീസിലും വിപ്ലവകാരിയായ അയ്യ ർക്കെതിരെ 1910 ൽ ബ്രിട്ടീഷ് സർക്കാർ വാറന്റ് പുറപ്പെടുവിച്ചപ്പോൾ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. മുസ്ലിം വേഷത്തിൽ ഫ്രഞ്ച് അധീനതയിലുള്ള പോണ്ടിച്ചേരിയിൽ ഒളിവിൽ താമസിച്ചു. പത്തു വർഷത്തോളം അവിടെ കഴിഞ്ഞ അയ്യർ, കവി സുബ്രഹ്മണ്യഭാരതിക്കും, അരവിന്ദഘോഷിനും വിപ്ലവ സുഹൃത്തായി. വഞ്ചിനാഥന്, വിപ്ലവഗുരുവായി. അയ്യർ നേതൃത്വം നൽകിയ സവർക്കറുടെ അഭിനവ് ഭാരത് സൊസൈറ്റിയുടെ പോണ്ടിച്ചേരി ശാഖയാണ്, ആഷെയുടെ കൊലപാതകം ആസൂത്രണം ചെയ്തത്. ഇതുമായി ബന്ധമുള്ള ഭാരത് മാതാ അസോസിയേഷനിൽ അംഗമായിരുന്നു വഞ്ചിനാഥൻ. തോക്കിനും മറ്റും പശുവിന്റെ തോൽ ഉപയോഗിക്കാൻ അനുവദിച്ച ജോർജ് അഞ്ചാമനെ വധിക്കുകയായിരുന്നു, സംഘടനയുടെ ലക്ഷ്യം. പുനലൂരിൽ ജോലിയിലിരിക്കെയാണ്, വഞ്ചിനാഥൻ വി ഒ സി എന്നറിയപ്പെട്ട ചിദംബരം പിള്ളയെപ്പറ്റി അറിഞ്ഞത്. 1908 മാർച്ച് 12 ന്  അറസ്റ്റ് ചെയ്യപ്പെട്ട പിള്ളയെ ആദ്യം നാഗർകോവിൽ പാളയം കോട്ട ജയിലിലെത്തിച്ച പ്പോൾ, സ്വാതന്ത്ര്യ  സമര സേനാനികളുടെ രക്തം  തിളച്ചു. തിരുനൽവേലിയിലും തൂത്തുക്കുടിയിലും ജനരോഷം അണപൊട്ടി. ആഷെയെ കൊല്ലാനുള്ള ആസൂത്രണ ചുമതല കിട്ടിയ നീലകണ്‌ഠ ശാസ്ത്രിയുടെ അനുയായി ആയിരുന്നു, വഞ്ചിനാഥന്റെ അളിയൻ, ശങ്കര കൃഷ്ണയ്യർ. അദ്ദേഹം വഞ്ചിനാഥനെ നീലകണ്ഠന് പരിചയപ്പെടുത്തി. മൂവരും കൂട്ടുകാരും ചേർന്ന്‌, ഭാരത മാതാ സംഘം രൂപവൽക്കരിച്ചു. വഞ്ചിനാഥൻ തിരുവനന്തപുരം മൂലം തിരുനാൾ മഹാരാജാസ് കോളജിൽ (യൂണിവേഴ്സിറ്റി കോളജ്) നിന്ന് എം എ പാസായി, തിരുവിതാംകൂർ വനംവകുപ്പിൽ ജോലി നേടി അധികമായിരുന്നില്ല. 1911  ജനുവരി ഒൻപതിന് മൂന്നുമാസത്തെ അവധിയെടുത് വഞ്ചിനാഥൻ പോണ്ടിച്ചേരിയിൽ ചെന്ന് വി വി സ് അയ്യരെ കണ്ടു. റിവോൾവർ പരിശീലനം നേടി. ആഷെയുടെ നീക്കങ്ങൾ തിരുനൽവേലിയിലെത്തി നിരീക്ഷിച്ചു പോന്ന വഞ്ചിനാഥൻ, ജോർജ് അഞ്ചാമന്റെ കിരീടധാരണം നടക്കുന്ന 1911 ജൂൺ 11 ന് ആഷെയെ കൊല്ലാനാണ്  പദ്ധതിയിട്ട ങ്കിലും, അന്ന് അയാളെ പുറത്തുകണ്ടില്ല.
ഷെ എന്തുകൊണ്ട് തീവ്രവാദികളുടെ ലക്ഷ്യമായി എന്നതിൽ ദുരൂഹത കാണുന്നവരുണ്ട്. അദ്ദേഹം ആക്റ്റിംഗ്‌ കലക്ടർ മാത്രമായിരുന്നു. എൽ .എം. വിഞ്ച്  ആയിരുന്നു കലക്ടർ. പിള്ളയെ ജീവപര്യന്തം ശിക്ഷിച്ച എ ഫ്. പിൻഹി ജീവിച്ചിരിപ്പുണ്ടായിരുന്നു. എന്നിട്ടും ആഷെയെ കൊന്നതിനു കാരണമായി, ചില ദളിത് ഗ്രൂപ്പുകൾ ഒരു വാദം നിരത്തുന്നുണ്ട്. ആഷെയുടെ ഭാര്യ മേരി സാമൂഹ്യപ്രവർത്തകയായിരുന്നു. ഭർത്താവിനൊപ്പം ഒരു നാൾ ചെങ്കോട്ടയിൽ പോയ മേരി പ്രസവ വേദനയിൽ പുളഞ്ഞ ഒരു  ദളിത് യുവതിയെ കാളവണ്ടിയിൽ കയറ്റി, ബ്രാഹ്മണരുടെ അഗ്രഹാരം വഴി, ആശുപത്രിയിൽ കൊണ്ടുപോയി. ഇതിന്‌ ബ്രാഹ്മണർ ആഷെയോട് മാപ്പു പറയാൻ ആവശ്യപ്പെട്ടുവെന്നും . അയാൾ അതിനു വഴങ്ങാതിരുന്നതിനാൽ അവർ ആഷെയെ കൊന്നെന്നുമാണ് ആ വാദം. ഇങ്ങനെ ഒരു സംഗതി, വിചാരണ വേളയിൽ ഉയർന്നു വന്നിരുന്നില്ല. മാത്രമല്ല, വഞ്ചിനാഥൻ ബ്രിട്ടീഷുകാരെ കൊല്ലാനുള്ള വിപ്ലവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനു ധാരാളം തെളിവുകളുമുണ്ട്. അരവിന്ദഘോഷ് പത്രാധിപരായിരുന്ന  ‘വന്ദേമാതരം’ പത്രം ബംഗാളിൽ നിരോധിച്ചപ്പോൾ അത് പാരീസിൽ നിന്ന് മാഡം കാമ ഇറക്കി യിരുന്നു. മുംബൈ യിൽ ധനിക പാഴ്സി  കുടുംബത്തിൽ ജനിച്ച ബിഖാജി   റസ്റ്റം കാമ (1861- 1936) എന്ന മാഡം കാമ, പാരീസിൽ, വി വി എ സ് അയ്യരുടെ സഹപ്രവർത്തകയായിരുന്നു. ആഷെയെ കൊല്ലുന്നതിനു തൊട്ടു മുൻപ് മേയിൽ പാരീസിൽ നിന്നിറങ്ങിയ ‘വന്ദേമാതര’ത്തിലെ ഒരു ലേഖനത്തിൽ, “ഒരു ബംഗ്ലാവിലെ യോഗത്തിലോ റയിൽവെയിലോ വണ്ടിയിലോ കടയിലോ പള്ളിയിലോ പൂന്തോട്ടത്തിലോ ഉത്സവത്തിലോ” ബ്രിട്ടീഷുകാരെ കൊല്ലുമെന്ന് വ്യക്തമാക്കിയിരുന്നു.  അഗ്രഹാര കഥ അസംബന്ധമാണ്- സവർക്കറുടെ അനുയായികൾ അയിത്തത്തിനെതിരായിരുന്നു.അഗ്രഹാരക്കഥ സങ്കല്പികമാണെന്ന്  ആഷെ വധക്കേസിൽ അറസ്റ്റിലായ 14 പേരിൽ നിന്നു തന്നെ തെളിയും: നീലകണ്ഠൻ, ശങ്കര കൃഷ്ണയ്യർ, മടത്തുക്കടൈ ചിദംബര പിള്ള (വി. ഒ. സി യുടെ ബന്ധു- പച്ചക്കറി കച്ചവടം), മുത്തുക്കുമാരസ്വാമി പിള്ള( കുടം വില്പന), സുബ്ബയ്യാപിള്ള (അഭിഭാഷക ക്ലർക്ക്), ജഗന്നാഥ അയ്യങ്കാർ (പാചകം), ഹരിഹരയ്യർ (കച്ചവടം), ബാപ്പുപിള്ള (കർഷകൻ), വി. ദേശികാചാരി(കച്ചവടം), വേമ്പു  അയ്യർ (പാചകം), ശാ വടി അരുണാചലം പിള്ള (കർഷകൻ), അളഗപ്പാപിള്ള (കർഷകൻ), വന്ദേമാതരം സുബ്രഹ്മണ്യ അയ്യർ (സ്കൂൾ അധ്യാപകൻ), പിച്ചുമണി അയ്യർ (പാചകം).ഈ പട്ടികയിൽ പകുതിയും  ചിദംബരം പിള്ളയുടെ വെള്ളാള സമുദായത്തിൽ നിന്നുള്ളവരാണ്; അ വർണർ..കേസുമായി ബന്ധപ്പെട്ട രണ്ടു പേർ ആത്മഹത്യ ചെയ്തു: ധർമ്മരാജ അയ്യർ വിഷം കഴിച്ചു; വെങ്കടേശ്വരയ്യർ  സ്വന്തം കഴുത്തു കണ്ടിച്ചു.
ചീഫ് ജസ്റ്റിസ് സി. ആർനോൾഡ് വൈറ്റ് നേതൃത്വം  നൽകിയ മൂന്നംഗ ബഞ്ചാണ് കേസ് വിചാരണ ചെയ്തത്. അതിൽ ഒരാളായിരുന്നു, സർ സി. ശങ്കരൻ നായർ. വില്യം എയ്‌ലിംഗ് ആയിരുന്നു മൂന്നാമൻ. 1911 സെപ്റ്റംബർ മുതൽ അഞ്ചുമാസം വിചാരണ നീണ്ടു. 93 ദിവസം. പബ്ലിക് പ്രോസിക്യൂട്ടർ സി. എഫ്. നേപ്പിയറെ  അഭിഭാഷകരായ ടി. റിച്ച്മണ്ടും ആർ. സുന്ദര ശാസ്ത്രികളും സഹായിച്ചു.
വൈറ്റും എയ്‌ലിംഗും ഒറ്റ വിധി ന്യായം എഴുതിയപ്പോൾ , ശങ്കരൻ നായർ, പ്രത്യേക  വിധി എഴുതി. സുബ്രഹ്മണ്യഭാരതിയുടെ ‘സ്വാതന്ത്ര്യം’ എന്ന കവിത  ആ വിധിയിൽ ഉദ്ധരിച്ചു:
എൻട്രു  തണിയും ഇന്ത സുതന്തിര ദാഹം
എൻട്രു മടിയും എങ്കൾ അടിമയിൻ മോഹം 
പ്രതികൾക്കെതിരെ, കൊലപാതകക്കുറ്റം തെളിയിച്ചിട്ടില്ലെന്നു രേഖപ്പെടുത്തി. നീലകണ്ഠനും മറ്റൊരാളും രാജാവിനെതിരെ യുദ്ധ  പ്രഖ്യാപനം നടത്തിയതായി നായർ കണ്ടെത്തി. ഭൂരിപക്ഷാഭിപ്രായ പ്രകാരം കോടതി നീലകണ്ഠന് ഏഴുവർഷവും ശങ്കരകൃഷ്‌ണന്‌ നാലു വർഷവും കഠിന തടവ് വിധിച്ചു. മറ്റു പ്രതികൾക്ക് അതിൽ  താഴെയുള്ള തടവുശിക്ഷകൾ നൽകി.
തിരുവിതാംകൂർ, സർ സി. പി. രാമസ്വാമി അയ്യരുടെ സേവനം ആദ്യം തേ ടിയത്, ആഷെ വധക്കേസുമായി ബന്ധപ്പെട്ടാണ്. അത് വക്കീൽ എന്ന നിലയ്ക്കായിരുന്നില്ല. വഞ്ചിനാഥനും പിതാവും തിരുവിതാംകൂറിന്റെ ജീവനക്കാരും ചെങ്കോട്ട തിരുവിതാംകൂറിലുമായിരുന്നതിനാൽ, ബ്രിട്ടീഷുകാർക്ക് തിരുവിതാംകൂർ രാജാവിനോട് നീരസo  സ്വാഭാവികമായിരുന്നു. അത് നീക്കുകയായിരുന്നു ഉന്നം. ഇപ്പോഴും, സർ സി. പി. എന്താണ് തിരുവിതാംകൂറിനു  വേണ്ടി ചെയ്തത് എന്ന് വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട ഒരു ഉപകഥയിൽ മദ്രാസ് ഹൈക്കോടതിയുടെ  ശ്രദ്ധ ഉടക്കിയപ്പോഴാണ്, തിരുവിതാംകൂർ സർ സിപിയുടെ സഹായം തേടിയത് എന്നു മാത്രമറിയാം- അന്ന് അദ്ദേഹം ദിവാൻ അല്ല. അന്നദ്ദേഹം വക്കീൽ എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. 1936 ൽ മാത്രമാണ്, അദ്ദേഹം ദിവാൻ ആകുന്നത്. ചെറുപ്രായത്തിൽ തന്നെ പ്രാഗത്ഭ്യo  തെളിയിച്ച സർ സിപിയെ ജഡ്ജിയാക്കാൻ സമ്മതം ചോദിച്ച ചീഫ് ജസ്റ്റിസിന്, അത് നിരസിച്ചുകൊണ്ട് അദ്ദേഹം എഴുതി: “ദിവസം മുഴുവൻ അസംബന്ധം കേൾക്കുന്നതിനേക്കാൾ ഒരു ദിവസം ഏതാനും മണിക്കൂർ മാത്രം അസംബന്ധം പറയുന്നതാണ്  എനിക്കിഷ്ട്o ” (I prefer Mr. Chief Justice, to talk nonsense to a few hours each day than to hear nonsense everyday and all day long).
ജർമൻ പടക്കപ്പൽ എസ്എംഎസ് എംഡൻ 1914 സെപ്റ്റംബർ 22 ന് മദ്രാസ് തുറമുഖത്തെത്തി നഗരത്തിൽ ബോംബ് വർഷം  നടത്തി. ഈ കപ്പൽ കൊച്ചി തുറമുഖത്തെത്തിയതായി ഭീതി പരന്നതിൽ നിന്നാണ്, മലയാളത്തിൽ ‘എമണ്ടൻ’ എന്ന വാക്കുണ്ടായത്. എംഡന്റെ വരവിനു പിന്നിൽ പോണ്ടിച്ചേരിയിലെ തീവ്രവാദികളാണെന്ന് ബ്രിട്ടൻ ആരോപിച്ചു. വി. വി. എസ്. അയ്യരെയും അനുയായികളെയും അവിടെ നിന്ന് ആഫ്രിക്കയ്ക്കു നാടുകടത്തണമെന്ന് ഫ്രഞ്ച് സർക്കാരിനോട് ബ്രിട്ടൻ ആവശ്യപ്പെട്ടു. ഫ്രഞ്ച് പൊലിസ് ഇവർക്കെതിരെ പല കുറ്റങ്ങളും ചുമത്തിയെങ്കിലും, ശിക്ഷിച്ചില്ല. ഇക്കാലത്തു , അയ്യർ ‘തിരുക്കുറൾ’ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. രാജ്യം വിടേണ്ടി വന്നെങ്കിൽ, ഒരു പൈതൃകം അവശേഷിക്കാനായിരുന്നു ഇതെന്ന് അയ്യർ അവകാശപ്പെട്ടു. ഒന്നാം ലോക യുദ്ധത്തിനു ശേഷം അയ്യർ മദ്രാസിലെത്തി, ‘ദേശഭക്തൻ’ പത്രത്തിന്റെ പത്രാധിപരായി. രാജ്യദ്രോഹക്കുറ്റത്തിന് 1921 ൽ അറസ്റ്റിലായി ഒൻപതുമാസം ജയിലിൽ കിടന്നു. ജയിലിലിരുന്നു, A Study of Kambaramayana
 എഴുതി. തമിഴിൽ ചെറുകഥ പിറന്നത് അയ്യരിൽ നിന്നാണെന്ന് വിമർശക മതമുണ്ട്.
അയ്യർ 1925 ജൂൺ മൂന്നിന്, പാപനാശം വെള്ളച്ചാട്ടത്തിൽ മുങ്ങിയ മകൾ സുഭദ്രയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, മുങ്ങിമരിച്ചു.
അയ്യരുടെ കഥയിൽ ഞാൻ കാണുന്നത്, ഒരു വിപ്ലവകാരിയിൽ സന്യാസിയും ഉണ്ടെന്നതാണ് – അരവിന്ദ മഹര്ഷിയെപ്പോലെ. ഡോ. ശുദ്ധാനന്ദ ഭാ രതിയോടൊപ്പം അയ്യർ ചേരൻ മഹാ ദേവിയിൽ ഭ രദ്വാജ ആശ്രമം തുടങ്ങുകയുണ്ടായി. ശുദ്ധാ നന്ദഭാരതി (1897- 1990) പോണ്ടിച്ചേരിയിലെ അരവിന്ദാആശ്രമത്തിൽ1925 മുതൽ 25 വര്ഷം മൗന വ്രതത്തിൽ  കഴിഞ്ഞു. ശിവഗംഗയിലായിരുന്നു ജനനം. The Pilgrim Soul ആണ്, ആത്മകഥ.
തഞ്ചാവൂർ ശീർകാഴി ക്കടുത്ത എരുക്കൂരിൽ നിന്നുള്ളയാളായിരുന്നു  നീലകണ്ഠയ്യർ എന്ന നീലകണ്‌ഠ ശാസ്ത്രി പത്രപ്രവർത്തകനായ അദ്ദേഹം പോണ്ടിച്ചേരിയിൽ നിന്ന് ബ്രിട്ടിഷ് വിരുദ്ധ ലഘുലേഖകൾ അച്ചടിച്ചു  മദ്രാസിൽ എത്തിച്ചിരുന്നു. വിചാരണ  തുടങ്ങുമ്പോൾ നീലകണ്ഠന് 21 വയസുമാത്രമായിരുന്നു. നൂറിലധികം സാക്ഷികളെ വിസ്തരിച്ചു. പ്രതികൾക്കായി ബ്രിട്ടിഷ് ബാരിസ്റ്റർ ജെ. സി. ആഡവും പിന്നീട് ആദ്യ മുഖ്യമന്ത്രിയായ ടി. പ്രകാശവും പിന്നീട്  തിരുവിതാംകൂർ ചീഫ് ജസ്റ്റിസായ ടി. എം. കൃഷ്ണസ്വാമി അയ്യരും പിന്നീട് മദ്രാസ് ഹൈക്കോടതി ജഡ്ജിയായ എം. ബി. ദേവദാസും ഹാജരായി. അഞ്ചo ഗ അപ്പീൽ കോടതിയിൽ മൂന്നു ബ്രിട്ടിഷ് ജഡ്ജിമാർ, അപ്പീൽ തള്ളി. ജസ്റ്റിസ് അബ്ദുൽ റഹിം പ്രതികളെ വിട്ടയക്കണമെന്ന് അഭിപ്രായപ്പെട്ടു. ജസ്റ്റിസ് പി. ആർ. സുന്ദരയ്യർ ശിക്ഷയെപ്പറ്റി സംശയം പ്രകടിപ്പിച്ചു.
രാജീവ്ഗാന്ധിയാണ്‌ മണിയാച്ചി ജംഗ്ഷന്റെ പേര് വഞ്ചി മണിയാച്ചി  എന്നാക്കിയത്- അധികം വണ്ടികൾ നിർത്താത്ത ഈ സ്റ്റേഷനിൽ നിന്നു കിട്ടുന്ന ടിക്കറ്റിൽ, മണിയാച്ചിയുടെ കൂടെ, വഞ്ചി എന്നില്ല.
വിപ്ലവകാരിയായ സുബ്രഹ്മണ്യഭാരതിയിലു മുണ്ടായിരുന്നു, സന്യാസി. കൗമാരത്തിൽ കാശിയിൽ പോയ ഭാരതി, വിപ്ലവം നിർത്തിയ നാളുകളിൽ മധുരയിൽ നാടോടി സിദ്ധന്മാർക്കിടയിൽ നടന്നാണ്, കഞ്ചാവ് ശീലിച്ചത്. ഭാരതി പോണ്ടിച്ചേരിയിൽ എഴുതിയ വിവിധ ലഘുലേഖകൾ വഞ്ചിനാഥന്റെ വീട്ടിൽ നിന്നു കണ്ടെത്തിയിരുന്നു.


ആഷെ വധത്തിന്റെ സൂത്രധാരനായ നീലകണ്ഠൻ, 1889 ഡിസംബർ നാലിനാണു ജനിച്ചത്. ഏഴുവര്ഷമായിരുന്നു ശിക്ഷയെങ്കിലും, 1930 വരെ ജയിലിൽ കഴിയേണ്ടി വന്നു. വിട്ടയച്ച ശേഷവും അറസ്റ്റിലാവുകയായിരുന്നു. മോചിതനായ ശേഷം, സന്യാസിയായി- നീലകണ്‌ഠ ബ്രഹ്മചാരി. 1936 ൽ നന്ദിഹിൽസിൽ പഴയൊരു ശിവക്ഷേത്രം പുനരുദ്ധരിച്ച്  ആശ്രമവാസിയായി സദ്ഗുരു ഓങ്കാർ എന്നറിയപ്പെട്ടു. അദ്ദേഹത്തെ സന്ദർശിച്ചവരുടെ കൂട്ടത്തിൽ മഹാത്മാഗാന്ധിയുമുണ്ടായിരുന്നു. സദ്ഗുരു ഓങ്കാർ 1978 മാർച്ച് നാലിന് സമാധിയായി .

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...