ബ്രിട്ടീഷ് പാചകത്തെപ്പറ്റി 1946 ൽ ജോർജ് ഓർവെലിനോട് ചോദിച്ചു വാങ്ങിയ ലേഖനം നിരസിച്ചതിന്,ബ്രിട്ടീഷ് കൗൺസിൽ മാപ്പു പറഞ്ഞു.
അനിമൽ ഫാം,1984 എന്നീ നോവലുകൾ എഴുതി പ്രശസ്തനായ ഓർവെൽ,”ബ്രിട്ടീഷ് കുക്കറി ‘എന്ന ശീർഷകത്തിലാണ് ലേഖനം എഴുതിയത്. ലേഖനത്തിനൊപ്പം,ഓറഞ്ച് മർമലെയ്‌ഡിന്റെ പാചക വിധിയും വച്ചിരുന്നു. ലേഖനം നന്നായിരുന്നെങ്കിലും,പാചകവിധി യിൽ പഞ്ചസാരയും വെള്ളവും കൂടിയതിനാൽ ആണത്രെ,മൊത്തത്തിൽ നിരസിച്ചത്. ലേഖനത്തിൽ,ബ്രിട്ടീ ഷ് ഭക്ഷണം “ലളിതവും എന്നാൽ കനത്തതും അപരിഷ്‌കൃതവുമാണെന്നും മദ്യം ഏതു നേരത്തും സ്വീകാര്യമാണെന്നും” ഓർവെൽ പറഞ്ഞിരുന്നു. ലേഖനം രണ്ടാം ലോകയുദ്ധ കാലത്തെ ക്ഷാമത്തിന് ശേഷമായിരുന്നു . “1945 ലെ വിശന്ന ശിശിരത്തിനു ശേഷം ഇങ്ങനെ ഒന്ന് വേണ്ടെന്നു വച്ചതാകാം”,ബ്രിട്ടീഷ് കൗൺസിൽ പോളിസി അനലിസ്റ്റ് അലാസ് ഡയർ ഡൊണാൾഡ് സൺ പറഞ്ഞു.
അശ്ലീല നിരോധനക്കേസ് തീരുമാനിക്കാൻ കോടതിയിൽ എത്തിയ ഡി എച്ച് ലോറൻസിൻറെ ലേഡി ചാറ്റർലീസ് ലവർ എന്ന നോവലിൻറെ കോപ്പി ദേശീയ സാംസ്‌കാരിക നിധിയായി സൂക്ഷിക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. കേടുവന്ന ഈ കോപ്പി രാജ്യം വിട്ടു പോകരുതെന്ന് സർക്കാർ ഉത്തരവിട്ടു.
1960 ൽ പ്രസാധകരായ പെൻഗ്വിൻ ബുക്സിനെ ശിക്ഷിക്കാൻ ജഡ്ജി ഉപയോഗിച്ച പേപ്പർ ബാക്ക് കോപ്പിയാണിത്. ധനികയായ സ്ത്രീയും ഭർത്താവിൻറെ മൃഗശിക്ഷകനും തമ്മിലുള്ള പ്രണയമാണ്, നോവൽ. മൂന്നു മണിക്കൂർ കൊണ്ട് പെൻഗ്വിൻ കുറ്റം ചെയ്തില്ലെന്ന് കോടതി വിധിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിലെ വലിയ ചുവടു വയ്പ്. സാമൂഹികമൂല്യങ്ങളിൽ പൊളിച്ചെഴുത്ത്. ലേലത്തിൽ വാങ്ങിയ ആൾ ആരെന്ന് വെളിവാക്കിയിട്ടില്ല. പുസ്തക കയറ്റുമതി നിരോധിച്ച സർക്കാർ, ഇത് ബ്രിട്ടനിലെ ആരെങ്കിലും വാങ്ങുമോ എന്ന് നോക്കും. സാംസ്‌കാരിക ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു വിചാരണയെന്ന് സാംസ്‌കാരിക മന്ത്രി മൈക്കിൾ എല്ലിസ് പറഞ്ഞു. ഓഗസ്റ്റ് 9 വരെ വ്യക്തികൾക്കോ മ്യൂസിയങ്ങൾക്കോ ഇത് വാങ്ങാൻ സമയമുണ്ട്. അല്ലെങ്കിൽ സർക്കാർ വഴി കണ്ടെത്തും.
നോവലിലെ ലൈംഗിക വർണ്ണനകൾ ജഡ്ജി സർ ലോറൻസ് ബിർനിയുടെ ഭാര്യ ലേഡി ഡൊറോത്തിയാണ്, അടിവരയിട്ടു കൊടുത്തത്.
ലോറൻസിൻറെ അവസാന നോവൽ ആയിരുന്നു ഇത്. 1930 ൽ അദ്ദേഹം മരിച്ചു.
സാംസ്‌കാരിക കാര്യങ്ങളിൽ ഇന്ത്യൻ സർക്കാരുകൾ എത്ര പാപ്പരാണെന്ന് ഈ വിധി തെളിയിക്കുന്നു. അടുത്ത കാലത്ത് ടഗോറിൻറെയും നന്ദലാലിൻറെയും മറ്റും ചിത്രങ്ങൾ ലണ്ടനിൽ ലേലം ചെയ്തപ്പോൾ ഇന്ത്യ ഇടപെട്ടില്ല. നമ്മുടെ എത്രയോ വിഗ്രഹങ്ങൾ അവിടെ ലേലം ചെയ്തു വിൽക്കുന്നു. ടിപ്പുവിൻറെ തോക്കും ഈയിടെ അവിടെ വിറ്റു.
വലിയ കാൽപനിക കവികളിൽ ഒരാളായ വില്യം വേർഡ്‌സ്‌വർത്തിന്റെ വീടും മ്യൂസിയവും വേർഡ്‌സ്‌വർത്ത് ട്രസ്റ്റ് പരിഷ്‌കരിക്കും.
വീട് ഡോവ് കോട്ടജ് കുറേക്കൂടി മൂലരൂപത്തിലാക്കും. മ്യൂസിയം വിപുലമാക്കും. കത്തുകളും കുറിപ്പുകളും ചിത്രങ്ങളുമാണ്, മ്യൂസിയത്തിൽ.
വീടിനോട് ചേർന്ന് പൂന്തോട്ടം – പ്രകൃതിസ്നേഹി ആയിരുന്നു, കവി. 1843 മുതൽ മരണം വരെ ആസ്ഥാന കവി.
മ്യൂസിയത്തിൽ പുതിയ ഗാലറികൾ വരും,ഒരു ആമുഖ പ്രദര്ശനശാലയും വരും.
നടക്കുമ്പോൾ കണ്ട സ്ഥലം കവി വാങ്ങുകയായിരുന്നു. കാടു പിടിച്ച ആ പാത തെളിക്കും. നടുമുറ്റം പണിയും.
എന്നാലും തുഞ്ചൻ പറമ്പിൻറെ അത്ര വിസ്‌തൃതി വരില്ല.
ഡിക്കൻസ് |
വിഖ്യാത എഴുത്തുകാരനും പത്രപ്രവർത്തകനുമായ ചാൾസ് ഡിക്കൻസ്, 1858 ൽ ഭാര്യ കാതറീൻ ഹോഗാർത്തു മായി പിരിഞ്ഞതിൻറെ കാരണം, സമൂഹത്തിൽ നിന്ന് മറച്ചു വച്ചു.ഇപ്പോൾ കണ്ടെടുത്ത കത്തുകളിൽ,ആ രഹസ്യം വെളിവാകുന്നു: ഡിക്കൻസ്, കാതറീനെ പുറത്താക്കാൻ ശ്രമിച്ചു എന്നു മാത്രമല്ല, അവരെ ഒരു ഭ്രാന്താശുപത്രിയിൽ തടവിലിടാനും ശ്രമിച്ചു. കാരണം, ഡിക്കൻസ്, എല്ലെ ൻ ടെർനൻ എന്ന നടിയുമായി പ്രണയത്തിലായിരുന്നു.ഇരുപതു കൊല്ലം ഡിക്കൻസ്, കാതറീൻറെ കൂടെ ജീവിച്ചു; അവർക്ക് പത്തു കുട്ടികൾ ഉണ്ടായി.
കാതറീൻ |
യോർക്ക് സർവകലാശാലയിൽ, പത്തൊൻപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സാഹിത്യ പ്രൊഫസർ ജോൺ ബോവൻ എഴുതിയ ലേഖനത്തിലാണ്, ഈ വിവരങ്ങൾ. സ്വന്തം ഇമേജ് സൂക്ഷിക്കാൻ, ഡിക്കൻസ്, 1860 കളിൽ 20 വർഷത്തെ കത്തുകളും കടലാസുകളും തീയിട്ടു. ഡിക്കൻസ് മരിച്ച് പത്തു കൊല്ലം കഴിഞ്ഞു കാതറീൻ, അയൽക്കാരനായ നാടക വിമർശകൻ എഡ്‌വേഡ് ഡാറ്റാൻ കുക്കിനോട് കാര്യങ്ങൾ പറഞ്ഞു. കുക്കിന്റെ കത്തുകളാണ്, ബോവൻ കണ്ടെടുത്തത്.
എലൻ ടെർണർ |
ഭ്രാന്താശുപത്രി നടത്തിയിരുന്ന ഡോ.തോമസ് ഹാരിങ്‌ടൺ ട്യുക്കുമായി അടുപ്പത്തിലായിരുന്നു, ഡിക്കൻസ്. ആവശ്യം ഡോക്ടർ നിരാകരിച്ചപ്പോൾ ആ ബന്ധത്തിൽ വിള്ളൽ വീണു.
ഷേക്‌സ്‌പിയർ നാടകങ്ങളുടെ 1623 ലെ അമൂല്യമായ ആദ്യ പതിപ്പ് (first folio), റൂർക്കി ഐ ഐ ടി യുടെ മഹാത്മാ ഗാന്ധി ലൈബ്രറിയിൽ നിന്ന് കിട്ടി. നാടക കൃത്ത് മരിച്ച് ഏഴാം വർഷമിറങ്ങിയ ഈ പതിപ്പിൽ, ഒരു നാടകം ഒഴികെ എല്ലാമുണ്ട്. 37 എണ്ണമാണ് ഷേക്‌സ്‌പിയർ എഴുതിയത്.നിരവധി കയ്യെഴുത്തു പ്രതികൾക്കും ഇതുവരെ കാണാത്ത ചിത്ര ശേഖരത്തിനും ഇടയിൽ നിന്നാണ്, നാടക സമാഹാരം കിട്ടിയത്.'
ലൈബ്രേറിയൻറെ ഓഫിസിൽ കാർഡ് ബോർഡ് പെട്ടിക്കുള്ളിലായിരുന്നു പുസ്തകം. ഓരോ താളിനുമിടയിൽ ട്രേസിങ് പേപ്പർ വച്ചിരുന്നു. പകുതി കീറിയ ആദ്യ പേജിൽ 1623 എന്നുണ്ട്. അന്ന് ആകെ 750 കോപ്പി അച്ചടിച്ചു എന്നാണ് വിശ്വാസം. 234 എണ്ണം നിലവിലുണ്ട്. ബ്രിട്ടീഷ് ലൈബ്രറിയിൽ അഞ്ചെണ്ണമുണ്ട്. ഷേക്സ്പിയറിന് റെ ചിത്രം ആലേഖനം ചെയ്തവ നാലെണ്ണം മാത്രം.ആദ്യ പതിപ്പ് നില നിന്നതു കൊണ്ടു മാത്രമാണ്, Macbeth, Twelfth Night, Measure for Measure, Julius Caesar, Tempest എന്നിവ നമുക്ക് കിട്ടിയത്.ഒരു കോപ്പി 2001ൽ ക്രിസ്റ്റീസ് ലേലം ചെയ്‌തത് 6 .6 മില്യൺ ഡോളറിന് (47 കോടി രൂപ) ആണ്.
ജോർജ് ഓർവെലിൻറെ, ബ്രിട്ടീഷ് കൗൺസിൽ 1946 ൽ നിരസിച്ച ഓറഞ്ച് മർമലൈഡ് പാചക വിധി.
ചേരുവകൾ:
2 സെവിൽ ഓറഞ്ചുകൾ
2 മധുര ഓറഞ്ചുകൾ
2 നാരങ്ങ
മൂന്നര കിലോ പഞ്ചസാര
നാലര ലിറ്റർ വെള്ളം.
പാകം ചെയ്യേണ്ട വിധം
പഴം കഴുകി ഉണക്കുക, പിഴിഞ്ഞ ജ്യൂസ് എടുക്കുക.കുറച്ച് അവശിഷ്ട അല്ലി എടുത്തു ബാക്കി കളയുക. കുരുക്കൾ മസ്ലിൻ സഞ്ചിയിൽ കെട്ടിയിടുക.ജ്യൂസ്, തൊലി, കുരുക്കൾ എന്നിവ 48 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.വലിയ ചട്ടിയിൽ, തൊലി മാര്ദവമുള്ളതാകും വരെ തിളപ്പിക്കുക.രാത്രി മുഴുവൻ വച്ച് പഞ്ചസാര ഇട്ട് അത് അലിയും വരെ തിളപ്പിക്കുക. തണുത്ത പ്ളേറ്റിൽ വയ്ക്കുമ്പോൾ ജെല്ലി ആകും വരെ തിളപ്പിക്കുക. ഇത് നേരത്തെ ചൂടാക്കിയ ജാറുകളിലേക്ക് പകരുക.