Monday, 1 July 2019

REVIEW OF MY NOVEL IN THE HINDU

Ramachandran/The Hindu

From the other side of history 

Journalist and author Ramachandran reconstructs the story of Rama Varma, a prince of the Cochin Royal family who converted to Christianity, in his novel Papasnanam

K Pradeep

It happened in April 1835. Rama Varma, the eldest son of Veera Kerala Varma, the Maharaja of Cochin, took a boat from Tripunithura to Fort Cochin. There he was met by his friend Ananthan, a Gowda Saraswat Brahmin. Together they went to St. Francis Church where Rama Varma was baptized and converted to Christianity. He was named Constantine Rama Varma and Ananthan came to be called Yohannan.
Information on the life of Rama Varma is very sketchy. The speech he made at the time of his ordination, later published in the journal Keralopakari and in book form by Basel Mission Press, Tellicherry, remains the only historical evidence of this prince.

Ramachandran’s debut novel Papanasam takes off from the point of conversion and explores the incomplete spiritual journey of Rama Varma. Here, history and fiction are inextricably intertwined, lives are entangled, and Kerala history is deconstructed as the novel moved through an eventful period in the 19th century.

“Conversions in Kerala have always interested me. Right from the time of the Portuguese, there have been numerous instances and reasons for conversion. In fact, there was an unsuccessful attempt to convert the Maharaja of Cochin, Unniraman Koyikal (1503-1537) to Christianity in 1510, just before the Portuguese shifted their capital from Cochin to Goa, under General Alfonso de Albuquerque. History also records the conversion of a Tanur maharaja and a nephew of the Zamorin. But Rama Varma’s case was unusual,” says Ramachandran, a journalist, whose short stories in Malayalam had won wide critical acclaim.

More than being attracted to Christianity it was power intrigues in the royal family, disillusionment with his religion, blatant theft in temples, and corruption that resulted in Rama Varma's conversion.

Divided into two parts and two geographical zones the novel moves back in forth through different realms of time. After his conversion Jacob travelled to Madras where Rev. John Tucker helped him get admission to Bishop Corrie’s Madras Grammar School. he spent three years here before moving to Belgaum. The novel begins at Belgaum.

“Choosing Belgaum was deliberate. It was here that Rama Varma committed the ‘biggest sin’ that he mentions in his autobiography. In fact, this is the first autobiography in Malayalam, though history has other names. There is no specific mention of what the sin was, which gave me the freedom to imagine what it would have been.”


Taking a cue from Nikos Kazantzakis, Ramachandran builds up the life of Rama Varma beginning from Belgaum. “The sin referred to, I assume, must have been the sin of the flesh. In his Report to Greco, Kazantzakis mentions the ‘ascetics’ disease’ that seems to have affected Rama Varma too.”

Through Rama Varma’s life in Belgaum, which involved teaching Rev. Joseph Taylor’s children and even speaking Tamil in the church on Sundays, Ramachandran shuttles through time zones to touch upon Rama Varma’s life and times before the conversion.

“The conflict between Advaita and Dvaita philosophy intrigued me. My views on this have been voiced through Rama Varma. And it was relevant because Rama Varma was born a ‘convert’ as the Cochin Royal Family had adopted Madhvaism and believed in Dvaita philosophy. This was after Shaktan Thampuran had expelled the leaders and followers of this faith from his state. After Shaktan Thampuran’s death his cousins Rama Varma and later Veera Kerala Varma, the father of the protagonist, adopted this faith, which explains the influx of the Embranthiris to Tripunithura. The novel provides space to include the history of the Embranthiris and Konkanis.”

The scene shifts to Kannur, specifically Thalassery, in the second part. This is a crucial phase in Rama Varma’s life. “Not being able to bear the pain of sin, not being to confess, Rama Varma flees to Thalassery. Here he meets Hermann Gundert, Samuel Hebich and Hermann Friedrich Moegling; it is here he is ordained and given the name Jacob. And it is here he confesses, gets married and dies of smallpox.”

Since the details of his marriage are not known Ramachandran creates a character and names her Mary. “I have deliberately named all the female characters that cross Jacob's life as Mary, like those in Jesus Christ’s life.” And appropriately Ramachandran uses Charles Baudelaire’s poem To A Woman of Malabar, to describe the woman in Jacob’s life. “I thought there’s a connect because Baudelaire's Malabar woman was a slave from Mahe, not very far from Thalassery.”

Ramachandran considers his work a tale of numerous travellers whose journeys are left incomplete. It is not the tale of a glorious prince but that of a loser. “Jacob is a loser. This is the story of his spiritual journey an incomplete one. Every winner has frailties but history gives only one side of the story. I have felt that history records past events of human life but very often it is only well-written fiction. Information pieced together by historians are often just personal opinions.”

An attempt is made in the novel to correct historical details. “I have made mention of them in footnotes. There are many inaccurate historical details that I thought needed to be set right. Even the Cochin State Manual is wrong on dates and details.”

It took Ramachandran 25 years of research for Papasnanam but only ‘25 days to write it. He has completed work on two books — a political biography of CJ Thomas and another on Swadeshabimani Ramakrishna Pillai. “I’m also working on the possibility of a historical fiction based on the very interesting characters of Jesus Christ and Marthanda Varma,” says Ramachandran.

The Hindu, September 15, 2017

PAPASNANAM
Published by SPCS
National Book Stall
Rs 170

കൈക്കുമ്പിളിലെ ഇടിമിന്നല്‍

ഒ വി ഉഷയുടെ ഗുരു ഗാഥ -വായനാനുഭവം 

തോ ജന്മപാശമാണ് ഒ.വി. ഉഷയെയും എന്നെയും ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. ദില്ലി ചാണക്യപുരിയിലെ വസതിയില്‍ ഒ.വി. വിജയനെ ഒരിക്കല്‍ കണ്ടു മടങ്ങിയതിനു പിന്നാലെയാണ് എന്നെ അന്വേഷിച്ച് ഉഷയുടെ കത്ത് വന്നത്. വിജയന്റെ വീട്ടില്‍ ഉഷയുണ്ടായിരുന്നില്ല.

 കരുണാകരഗുരുവിനെപ്പറ്റി താനെഴുതിയ ഒരു ലേഖന പരമ്പര പ്രസിദ്ധീകരിക്കാനാവുമോ എന്നാരാഞ്ഞായിരുന്നു ഉഷയുടെ കത്ത്. മലയാളമനോരമയില്‍ വാര്‍ത്തകളുടെ ഏകോപനത്തോടൊപ്പം ഞായറാഴ്ചപ്പതിപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്നു എനിക്ക്.

മനോരമയുടെ സണ്‍ഡേ സപ്ലിമെന്റ് , ഞായറാഴ്ചയായി ഉള്ളടക്കത്തിലും രൂപകല്‍പ്പനയിലും എൻറെ കൂടി പങ്കാളിത്തത്തിൽ  മാറ്റിയെടുത്ത സമ യമായിരുന്നു അത്. ക്രിസ്ത്യന്‍ അടിത്തറയുള്ള ഇന്നത്തെ ചിന്താവിഷയം ഒന്നാംപുറത്തുനിന്ന് അകത്തേക്കു പോയി. ഞായറാഴ്ചയായി മാറ്റിയപ്പോള്‍ ആദ്യകഥ ഒ.വി. വിജയന്റേതായിരിക്കണമെന്ന് തോന്നി. അദ്ദേഹത്തെ വിളിച്ചു. വിജയന്‍ പറഞ്ഞു, ചെറുതായിരിക്കും. രണ്ടായിരം രൂപ തരണം. 

ഈ സംഭാഷണം ഓര്‍ക്കുന്നതിനു കാരണം 30 വര്‍ഷത്തിനുശേഷവും കഥാകൃത്തിന് പത്രമാധ്യമങ്ങള്‍ നല്‍കുന്നത് ഈ തുക തന്നെയോ അതിലും കുറവോ ആണ് എന്നതിനാലാണ്.അങ്ങനെ വിജയന്‍ എഴുതിയ കഥയാണ് ഇടിമിന്നലിന്റെ നീളം. ഗുരുവിനെപ്പറ്റി എഴുതാന്‍ അങ്ങോട്ട് ആവശ്യപ്പെടാനിരിക്കുകയായിരുന്നുവെന്ന് ഞാന്‍ ഉഷക്കെഴുതി. ഉഷ നേരിട്ടുവന്നു. ഗുരുസ്മൃതികള്‍ അഞ്ച് അദ്ധ്യായങ്ങളില്‍ രേഖപ്പെടുത്തിയതുമായിട്ടാണ് വന്നത്. അഞ്ചാം അദ്ധ്യായം തത്വചിന്തകളായിരുന്നു. ഞാന്‍ പറഞ്ഞു, തത്വചിന്ത ഒഴിവാക്കാം. ഉഷയുടെ വ്യക്തിപരമായ അനുഭവങ്ങള്‍ മാത്രം എടുക്കാം. അങ്ങനെയാണ് പോത്തന്‍കോട്ടെ കരുണാകരഗുരുവിനെ ബാഹ്യലോകം അറിയുന്നത്. 

നാരായണ ഗുരു 

പിന്നീട് തിരുവനന്തപുരത്തു ചെന്നപ്പോള്‍ ഗുരുവിനെ കാണാന്‍ പോയി. ഒട്ടും കാത്തുനില്‍ക്കാതെ കണ്ടു. ശ്രീലങ്കയിലെയും പഞ്ചാബിലെയും ഭീകരതകള്‍ അന്നു സംസാരിച്ചു എന്നാണ് ഓര്‍മ്മ. തിരുവനന്തപുരത്തേക്കു പുറപ്പെടും മുന്‍പ് പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.ആര്‍. ചുമ്മാറിനെ വിളിച്ച് ഗുരുവിനെപ്പറ്റി ചോദിച്ചു. ചുമ്മാറിന്റെ വര്‍ക്കലയിലെ ഒളിവുകാലത്ത് അവിടെ കരുണാകരശാന്തിയായിരുന്ന ഗുരു അദ്ദേഹത്തിനു ഭക്ഷണം പാകംചെയ്തു കൊടുത്തിരുന്നു. "അന്നും അയാളുടെ കണ്ണുകള്‍ക്ക് തീക്ഷണതയുണ്ടായിരുന്നു", ചുമ്മാര്‍ പറഞ്ഞു . മടങ്ങുമ്പോള്‍ ഗുരു ഒരു ആപ്പിള്‍ തന്നു.


ആ പത്രപ്രവര്‍ത്തകാലം വിട്ട് നീണ്ട ഇടവേള കഴിഞ്ഞാണ് ജന്മഭൂമി യുടെ ചീഫ് എഡിറ്ററാകാന്‍ എന്നെ ക്ഷണിച്ചത്. മനോരമയില്‍ പറ്റാതിരുന്ന തത്വചിന്താ ഖണ്ഡം ജന്മഭൂമിയിലെ പൈതൃകം എന്ന പേജില്‍ പറ്റുമെന്ന് തോന്നി, ഉഷയെ വിളിച്ചു. പാലക്കാട്ട് പനിക്കിടക്കയിലായിരുന്ന ഉഷ ഉണര്‍ന്നു. അങ്ങനെ തുടങ്ങിയ ഗുരുവരം എന്ന പംക്തിയില്‍ വന്ന കുറിപ്പുകളാണ്, ഗുരു ഗാഥ എന്ന  ഈ പുസ്തകം. പത്രാധിപ സമിതിയുമായി ബന്ധമില്ലാത്ത ഒരാള്‍ തന്റെ വ്യക്തിതാല്പര്യങ്ങള്‍ക്ക് പത്രത്തെ കരുവാക്കുന്നതു മടുത്ത് അഞ്ചുമാസം മാത്രമേ  ആ പത്രത്തിലുണ്ടായിരുന്നുള്ളൂ. പിരിയുമ്പോള്‍ പംക്തി തുടരാന്‍  ഉഷയെ ഉപദേശിച്ചു. ആദ്യത്തെ ചില കുറിപ്പുകള്‍ക്കു ശേഷം വന്നവയില്‍ എന്റെ കൈ പതിഞ്ഞില്ല. പംക്തി അവസാനിപ്പിച്ചശേഷം പുസ്തകം ആക്കും മുന്‍പ് കുറിപ്പുകള്‍ ഉഷ എന്നെ ഏല്‍പ്പിച്ചു. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യവും തന്നു. അപൂര്‍വ്വം സ്ഥലങ്ങളിലേ അത് പ്രയോഗിക്കുകയുണ്ടായുള്ളൂ. കാരണം ഗുരുവായി ഞാന്‍ കാണുന്നത് രമണമഹര്‍ഷിയെയാണ്. ഞാന്‍ ജനിക്കുന്നതിനും പത്തുകൊല്ലം മുന്‍പേ അദ്ദേഹം സമാധിയായി. ഉഷയ്ക്കാകട്ടെ, താന്‍ കണ്ടെത്തിയ ഗുരുവിനെ അടുത്തുനിന്നു ശുശ്രൂഷിക്കാനും അനുഭവിക്കാനും കഴിഞ്ഞു. ഗുരുവരം എന്നെക്കാള്‍ ഉള്ളത് ഉഷയ്ക്കാണ്. ഗുരുക്കന്മാര്‍ നൈരന്തര്യമാകയാല്‍ എല്ലാ ഗുരുക്കന്മാരും ഒന്നാണ്. അജ്ഞത കൊണ്ടാണ് ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണന്റെ ഗുരുവായിരുന്നു എന്നു പറയുമ്പോള്‍ ചിലര്‍ വാളെടുക്കുന്നത്. ശ്രീനാരായണന്‍, രമണമഹര്‍ഷിയെ തിരുവണ്ണാമലയില്‍ പോയിക്കണ്ടതും അതേപ്പറ്റി ശ്ലോകം എഴുതിയതും ആ മനസ്സുകള്‍ പരസ്പരം അറി ഞ്ഞതുകൊണ്ടാണ്. ഗുരുക്കളില്‍ ആരാണ് കേമന്‍ എന്ന ചര്‍ച്ച മൗഢ്യമാണ്. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും രമണമഹര്‍ഷിയും അരവിന്ദമഹര്‍ഷിയും ഗാന്ധിയും ഒരേ കാലത്താണ് ഇവിടെ ജീവിച്ചത് എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. പ്രവാചകന്മാര്‍ ഏഷ്യയിലേ ഉണ്ടായിട്ടുള്ളൂ എന്ന വാസ്തവം വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം വായിക്കുമ്പോഴാണ് അമ്പരപ്പോടെ തിരിച്ചറിഞ്ഞത്. 



 രമണമഹര്‍ഷിയെ 1916 ല്‍ സന്ദര്‍ശിച്ച ശേഷം രമണാശ്രമത്തിലെ ചാമ്പമരച്ചുവട്ടില്‍ കൂടെയുണ്ടായിരുന്ന സ്വാമി വിദ്യാനന്ദയ്ക്ക് നാരായണഗുരു പറഞ്ഞുകൊടുത്തതാണ്, നിര്‍വൃതി പഞ്ചകം:
കോ നാമ ദേശഃ കാ ജാതിഃ
പ്രവൃത്തിഃ കാ കിയദ്വയഃ
ഇത്യാദി വാദോപരതിര്‍ -
യസ്യ തസ്യൈവ നിര്‍വൃതിഃ 1

ആഗച്ഛ ഗച്ഛ മാ ഗച്ഛ
പ്രവിശ ക്വ നു ഗച്ഛസി
ഇത്യാദി വാദോപരതിര്‍ -
യസ്യ തസ്യൈവ നിര്‍വൃതിഃ 2

ക്വ യാസ്യാസി കദായാതഃ
കുത ആയാസി കോസി വൈ
ഇത്യാദി വാദോപരതിര്‍ -
യസ്യ തസ്യൈവ നിര്‍വൃതിഃ 3

അഹം ത്വം സോയമന്തര്‍ഹി
ബഹിരസ്തി ന വാസ്തി വാ
ഇത്യാദി വാദോപരതിര്‍ -
യസ്യ തസ്യൈവ നിര്‍വൃതിഃ 4

ജ്ഞാതജ്ഞാതസമഃ സ്വാന്യ-
ഭേദശൂന്യഃ കുതോ ഭിദാ
ഇത്യാദി വാദോപരതിര്‍ -
യസ്യ തസ്യൈവ നിര്‍വൃതിഃ 5
ഇതിന്റെ അര്‍ത്ഥം ഇങ്ങനെ സംഗ്രഹിക്കാം:
എന്താണ് നിങ്ങളുടെ പേര്? എവിടന്നാണ്? എന്താണ് ജാതി? എന്താ ജോലി? എത്രയാണ് വയസ്സ്? ഇത്തരം ചോദ്യങ്ങളില്‍ നിന്ന് മുക്തനായവനാണ് നിര്‍വൃതി.

വരൂ! പോകരുത്! വരൂ! എങ്ങോട്ടു പോകുന്നു? ഇത്തരം ഭാഷണങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി.

എപ്പോഴാണ് പോയത്? എപ്പോഴാണ് വന്നത്? എവിടന്നാണ് വന്നത്? നിങ്ങള്‍ ആരാണ്? ഇത്തരം ചോദ്യങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി. 

നീ, ഞാന്‍, അവന്‍, ഇവന്‍, അകത്ത്, പുറത്ത് എന്നീ അന്വേഷണങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി.

ജ്ഞാതത്തോടും അജ്ഞാതത്തോടും സമദൂരം. അവനവനോടും അന്യരോടും സമഭാവന. എന്നിട്ടും  എന്തേ ഈ വൈജാത്യം? എന്നീ ചോദ്യങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി. 
ശ്രീനാരായണഗുരു 1928 ല്‍ ശിവഗിരിയില്‍ അസുഖ ബാധിതനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ രമണമഹര്‍ഷി പഴനിസ്വാമിയെയും കുഞ്ചു  സ്വാമിയെയും അയച്ചു. നാരായണഗുരുവിന്റെ പരമ്പരയിലെ സേലം ശാന്തിലിംഗസ്വാമികള്‍, സ്വാമി അച്യുതാനന്ദ, നടരാജഗുരു, സ്വാമി മംഗളാനന്ദ, നിത്യചൈതന്യയതി, സ്വാമി ജ്ഞാനാനന്ദ തുടങ്ങിയവരും രമണമഹര്‍ഷിയെ കണ്ടു. നാരായണഗുരു ശിഷ്യരായ  സ്വാമി ഗോവിന്ദാനന്ദയും ആത്മാനന്ദയും കാഞ്ചീപുരത്തെ ആശ്രമത്തില്‍ നിന്ന് രമണമഹര്‍ഷിക്ക് ഔഷധങ്ങള്‍ അയച്ചുകൊടുത്തു. നാരായണഗുരുവിന്റെ 1916 ലെ സന്ദര്‍ശനത്തെപ്പറ്റി കൂടുതലറിയാന്‍ മംഗളാനന്ദ പിന്നീട് രമണമഹര്‍ഷിയെ കണ്ടപ്പോള്‍ മഹര്‍ഷി പറഞ്ഞു; "ഗുരു മഹാനാണ്. അദ്ദേഹം എന്നോട് ഒന്നും സംസാരിച്ചില്ല. അദ്ദേഹത്തിന് എല്ലാം അറിയാമായിരുന്നു".
രമണമഹര്‍ഷിയുടെ ഭക്തനായ സ്വാമി ബാലാനന്ദ ഒരിക്കല്‍ ഗുരുദേവന്‍ എഴുതിയ ആത്മോപദേശ ശതകം മഹര്‍ഷിയെ വായിച്ചു കേള്‍പ്പിച്ചു. വായന മുന്നേറിയപ്പോള്‍ മഹര്‍ഷി തുടകളില്‍ താളം പിടിച്ച്, 'അപ്പടി താന്‍, അപ്പടി താന്‍' എന്ന് പറഞ്ഞുകൊണ്ടിരുന്നു. ആത്മസാക്ഷാത്കാരത്തിന്റെ ഭാഗമെത്തിയപ്പോള്‍ മഹര്‍ഷി നിരീക്ഷിച്ചു: 'എല്ലാം തെരിഞ്ചവര്‍, എല്ലാം തെരിഞ്ചവര്‍'. മധ്യഭാഗമെത്തിയപ്പോള്‍ മഹര്‍ഷി എഴുന്നേറ്റ് ഉദ്‌ഘോഷിച്ചു, 'പെരിയോര്‍കള്‍, പെരിയോര്‍കള്‍'.ഗുരുക്കന്മാര്‍ തമ്മില്‍ കണ്ടപ്പോള്‍ ഒന്നും സംസാരിച്ചില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആത്മാക്കള്‍ പരസ്പരം തിരിച്ചറിയുകയാണ്.

സ്‌കന്ദപുരാണത്തിലെ ഗുരുഗീത ആധാരമാക്കി, ഭാരതീയ ഗുരുപരമ്പരയിലൂടെ ഉഷ നടത്തുന്ന യാത്രയാണ് 'ഗുരുഗാഥ'. ഗുരുവിനെ കണ്ടെത്തലിലേക്കു നയിച്ച സാഹചര്യങ്ങളും ജ്ഞാനാന്വേഷണവും പുസ്തകങ്ങളും ആചാര്യന്മാരും അനുഭവങ്ങളുമൊക്കെ ഉഷ പങ്കു വയ്ക്കുന്നു.

ന്ത്യയുടെ ഗുരുപാമ്പര്യം ആ രാജ്യത്തെ മുരടിപ്പിച്ചു എന്ന് രണ്ടു ജര്‍മ്മന്‍ തത്വചിന്തകര്‍; കാള്‍മാര്‍ക്‌സും, മാക്‌സ് വെബറും അപഹസിച്ചതിനുള്ള മറുപടി കൂടിയാണ് ഈ പുസ്തകം. ഇന്ത്യയുടേത് അലസ ഗ്രാമ്യ സമ്പദ്‌വ്യവസ്ഥയും അതിനു കാരണം ഹിന്ദുമതവുമാണെന്നാണ് മാര്‍ക്‌സ് 1853 ല്‍ 'ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണി'ലെ ലേഖനങ്ങളില്‍ എഴുതിയത്. ഇതിനു കാരണം ഇന്ത്യയുടെ ഗുരുക്കന്മാരിലാണ് വെബര്‍,  'ഇന്ത്യയുടെ മതം' എന്ന പുസ്തകത്തില്‍ കണ്ടെത്തിയത്. ഇന്ത്യ മുരടിച്ചത് ബ്രിട്ടീഷ് ഭരണം നിലനിന്ന 1900-1946 കാലത്താണെന്ന് കണക്കുകള്‍ തെളിയിച്ചതോടെ ഇവരുടെ ഭൗതികവാദം തറപറ്റി.

മാര്‍ക്‌സ് ഇന്ത്യയെപ്പറ്റി എഴുതിയ 33 ലേഖനങ്ങളില്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ഭാവിഫലങ്ങള്‍ എന്നിവയാണ് കുപ്രസിദ്ധം. ബ്രിട്ടന്‍ ഇന്ത്യയില്‍ സാമൂഹ്യവിപ്ലവം നടപ്പാക്കിയ ചരിത്രത്തിന്റെ അബോധാത്മക ഉപകരണമായിരുന്നുവെന്ന വിഡ്ഢിത്തം വിളമ്പിയതായിരുന്നു ആദ്യ ലേഖനം. ഹനുമാന്‍ എന്ന കുരങ്ങിന്റെയും കാമധേനു എന്ന പശുവിന്റെയും മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന കിരാതനാണ് ഹിന്ദു എന്ന് മാര്‍ക്‌സ് പരിഹസിച്ചു. ഇതേപ്പറ്റി മാര്‍ക്‌സ് എഴുതി:
'പൗരസ്ത്യദേശത്തെ അയര്‍ലന്റാണ് അത്. ഇറ്റലിയുടെയും അയര്‍ലന്റിന്റെയും കൂടിയുള്ള വിചിത്രമായ ഈ സംലയനം സുഖഭോഗങ്ങളുടെ ലോകവും കഷ്ടപ്പാടുകളുടെ ലോകവും തമ്മിലുള്ള ഈ ചേരുവ ഹിന്ദുസ്ഥാനിലെ പ്രാചീന മതപാരമ്പര്യം വിഭാവനം ചെയ്തിട്ടുള്ള ഒന്നാണ്. അതിനുകടന്ന കാമാസക്തിയുടെയും ആത്മപീഡനത്തോളമെത്തുന്ന സര്‍വ്വസംഗ പരിത്യാഗത്തിന്റെയും മതമാണ് അത്. ലിംഗാരാധനയുടെയും ആത്മബലിയുടെയും മതമാണ് അത്. ഭിക്ഷുവിന്റെയും അതേസമയം ദേവദാസിയുടെയും മതമാണ് അത്.'
താന്‍ ഭാരതത്തിനൊരു സുവര്‍ണ്ണയുഗമുണ്ടായിരുന്നതായി വിശ്വസിക്കുന്നില്ലെന്നും മാര്‍ക്‌സ് എഴുതി.

ഇന്ത്യയുടെ മതം എന്ന പുസ്തകത്തില്‍ വെബര്‍ എഴുതിയത് മുസ്ലിംകളുടെ  സൈനികാധിപത്യവും രാഷ്ട്രീയാധീശത്വവും ഇന്ത്യയിലെ ഹിന്ദു വരേണ്യവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയാധികാരത്തെ അട്ടിമറിച്ചുവെന്നാണ്'. ഈ രാഷ്ട്രീയാധികാരം ഗുരു സ്വാധീനത്തിന് സ്വതന്ത്രാധികാരം നല്‍കുകയും അതിനെ ബീഭത്സമായ ഉയരങ്ങളിലെത്തിക്കുകയും ചെയ്തു. വെബര്‍ നിരീക്ഷിക്കുന്നു. ഈ ഗുരുപരമ്പര ജീവിതത്തിന്റെ യുക്തിവിചാരത്തെ ഹനിക്കുകയാല്‍ ഇന്ത്യയ്ക്ക് മുതലാളിത്തത്തിന്റെ സത്തയിലെത്തിച്ചേരാന്‍ കഴിഞ്ഞില്ല എന്നാണ് വെബറുടെ കണ്ടെത്തല്‍.
വെബർ
 
 മാര്‍ക്‌സിന്റെ ഇന്ത്യയെ സംബന്ധിച്ച നിരീക്ഷണങ്ങളെ മാര്‍ക്‌സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ തന്നെ നിരാകരിച്ചു കഴിഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരായ ടെറി ഈഗിള്‍ടണ്‍, എറിക് ഹോബ്‌സ്ബാം, ഐജാസ് അഹമ്മദ് തുടങ്ങിയവരുടെ പുസ്തകങ്ങളില്‍ കാണാം. വെബറുടെ തന്നെ ഈ നിരീക്ഷണം അദ്ദേഹത്തെ തന്നെ നിരാകരിക്കുന്നതാണ്. പ്രൊട്ടസ്റ്റന്റ് മതം, അതിന്റെ അനുയായികള്‍, ഭരണം, സൈനിക സേവനം, വക്കീല്‍ പണി തുടങ്ങിയ പല മേഖലകളിലും ഏര്‍പ്പെടുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനാല്‍ അവര്‍ക്ക് കച്ചവടത്തില്‍ കേന്ദ്രീകരിക്കേണ്ടി വരികയും അങ്ങനെ മുതലാളിത്തം ഉണ്ടാവുകയും ചെയ്തു എന്ന അദ്ദേഹത്തിന്റെ നിരീക്ഷണമാണ് ഇവിടെ വിവക്ഷ. ഇന്ത്യയില്‍ മതത്തിന്റെ ജോലി മുതലാളിത്തം സൃഷ്ടിക്കുന്നതില്‍ ആയിരുന്നില്ല; അതിന്റെ ലക്ഷ്യം ഭൗതികേതരമായിരുന്നു എന്ന് നമുക്ക് അനുമാനിക്കാം.
മുസ്ലിം  അധിനിവേശത്തോടെ ബ്രാഹ്മണാധിപത്യം തകര്‍ന്നപ്പോഴാണ് ഇന്ത്യയില്‍ ഗുരുക്കന്മാര്‍ക്ക് പ്രാധാന്യം കൈവന്നത് എന്നത് മാര്‍ക്‌സോ വെബറോ അറിഞ്ഞിട്ടില്ല. അവര്‍ണ്ണരും അങ്ങനെ ഗുരുക്കന്മാരായി. ബ്രിട്ടീഷുകാരാണ് നമുക്ക് സന്യാസം തന്നത് എന്ന് ശ്രീനാരായണഗുരു പറഞ്ഞതും ഓര്‍ക്കാം. ഇന്ത്യയില്‍ മതവും ഗുരുപരമ്പരയും നിര്‍വ്വഹിച്ച ദൗത്യം മനുഷ്യന്റെ ആന്തരിക ശുദ്ധീകരണമായിരുന്നുവെന്ന് ഉഷയുടെ പുസ്തകം വെളിവാക്കുകയും അങ്ങനെ അത് പാശ്ചാത്യ ഭൗതികവാദത്തിന് മറുപടിയാവുകയും ചെയ്യുന്നു. കരുണാകരഗുരു പ്ലാവിലക്കുമ്പിളില്‍ കഞ്ഞികുടിച്ചിരുന്നതുപോലെ ലാളിത്യത്തിന്റെ സന്ദേശമാണ്, മുതലാളിത്ത സന്ദേശമല്ല ഇന്ത്യ ലോകത്തിനു നല്‍കിയത്. 

ഇന്ത്യ കാണാത്ത മാര്‍ക്‌സിനെയും വെബറിനെയും പോലെ മണ്ടന്മാരായിരുന്നില്ല യൂറോപ്പിലെ ചിന്തകര്‍ എല്ലാവരും എന്നതിന് മാക്‌സ് മുള്ളറും കാള്‍ യുങും റൊമെയ്ന്‍ റൊളാങും മോണിയർ  വില്യംസും  ജർമൻ മഹാകവി  കവി ഹോൾഡർലിനും  ഒക്കെ ഉദാഹരണങ്ങളാണ്. ഹോൾഡർലിൻറെ  മഹാകാവ്യത്തിന്റെ പേരുതന്നെ ബ്രഹ്മജ്ഞാനം എന്നാണ്. സത്യാന്വേഷണം നടത്തുന്നത് എപ്പോഴും കവികളായിരിക്കും; സാമ്പത്തിക-സാമൂഹിക ശാസ്ത്രജ്ഞന്മാരാവില്ല.  ഇന്ത്യയില്‍ വന്ന് മാനസാന്തരം വന്നയാളാണ് ഫ്രോയ് ഡ്  കഴിഞ്ഞാല്‍ അടുത്തയാളായ  യുങ്. 1936 ല്‍ യുങ് എഴുതിയ പ്രബുദ്ധ ഭാരത ലേഖനത്തില്‍ പാശ്ചാത്യര്‍ക്കു ചേര്‍ന്നതല്ല യോഗ എന്നു പറഞ്ഞിരുന്നു. അതു കഴിഞ്ഞുള്ള ശിശിരത്തില്‍ കൊല്‍ക്കത്തയിലെ ബേലൂര്‍ മഠത്തിലെത്തി അദ്ദേഹം. തുടര്‍ന്നുള്ള പ്രബന്ധത്തില്‍ അദ്ദേഹം മഠത്തിലെ ശ്രീരാമകൃഷ്ണ പ്രതിമയെപ്പറ്റി ഓര്‍മ്മിച്ചത്, 'സമാധി' എന്ന വാക്കു കേട്ടാല്‍ ഏതു ഭാരതീയനും ഈ നിലയിലുള്ള യോഗിയെയാണ് ഓര്‍ക്കുക എന്നാണ്. 1939 ല്‍ ഭാരതം നമ്മെ പഠിപ്പിക്കുന്നത് എന്ന ലേഖനത്തില്‍ ഹിന്ദുമതത്തിന്റെ സമഗ്രത പാശ്ചാത്യര്‍ക്കു മാതൃകയാണെന്ന് അദ്ദേഹം എഴുതി. 1943 ല്‍ യുങ് പൗരസ്ത്യ ധ്യാനത്തിന്റെ മനഃശാസ്ത്രം എഴുതി. 1944 ല്‍ രമണമഹര്‍ഷിയുടെ ഉപദേശസാരം ഹെന്റിച്ച് സിമ്മര്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ അതിന് അവതാരികയും എഴുതി. രമണമഹര്‍ഷിയെ അദ്ദേഹം കണ്ടില്ല. ആത്മന്‍ എന്ന വാക്കിന്റെ ആഴമറിയാന്‍ മനഃശാസ്ത്രം വളര്‍ന്നിട്ടില്ല എന്ന് അദ്ദേഹം കുമ്പസരിച്ചു. 

യുങ് 

 ഹിന്ദുമതത്തിന്റെ കാതല്‍ നാരായണഗുരു നിര്‍വൃതി പഞ്ചകത്തില്‍ എടുത്തുകാട്ടിയ ഭേദചിന്ത വെടിഞ്ഞ സമഗ്രദര്‍ശനമാണ്. ഒറ്റ ഇടിമിന്നലിന്റെ നീളം ഒരിഞ്ചു വീതിയില്‍ അഞ്ചു മൈല്‍ ആയിരിക്കുമെന്നാണ് കണക്ക്. അമേരിക്കയിലെ ഡാലസില്‍ ഒരിക്കല്‍ കണ്ട ഇടിമിന്നലിന്റെ നീളം 118 മൈല്‍ ആയിരുന്നു. ഒറ്റ ഇടിമിന്നലില്‍ 200 ദശലക്ഷം വോള്‍ട്ട് വൈദ്യുതിയുണ്ടാകും. ഗുരുക്കന്മാരുടെ ലോകവും ഇടിമിന്നലിന്റെ ലോകമാണ്. അളക്കാന്‍ കഴിയാത്തതാണ് അതിന്റെ നീളം. ആ ഇടിമിന്നലിന്റെ ലോകമാണ് ഈ പുസ്തകം. എന്തെങ്കിലും ശബ്ദം കേട്ടാല്‍ പേടിക്കരുത് എന്ന് ഗുരു രണ്ടു കുടുംബാംഗങ്ങളോടു പറഞ്ഞ കഥ ഉഷ ഇതില്‍ വിവരിക്കുന്നുണ്ട്. പിന്നാലെ മിന്നല്‍ പ്രവാഹമുണ്ടായി.

വ്യക്തിപരമായി, ആചാരാനുഷ്ഠാനങ്ങള്‍ക്കു പുറകെ നടക്കുന്ന ഒരാളല്ല ഞാന്‍. അസത്തുക്കള്‍ക്കൊപ്പം കൂടി ദുര്‍വ്യയം ചെയ്യുന്ന നിമിഷങ്ങളുടെ ആകെ
ത്തുകയാണ് ജീവിതം. പൂര്‍വ്വജന്മ പുണ്യം പോലെ അപൂര്‍വ്വമായി ഗുരുസാന്നിധ്യങ്ങളില്‍നിന്ന് നമ്മുടെ മടിയിലും ഇടിമിന്നലിന്റെ തരികള്‍ വന്നു വീഴും. അത്തരം വൈദ്യുത കമ്പനമുള്ള നക്ഷത്രത്തരികളുടെ ശേഖരമാണ് ഈ പുസ്തകം.

 കുടുംബങ്ങള്‍ നിര്‍മ്മിക്കുന്ന പൊങ്ങച്ച സ്മൃതികളില്‍ താല്പര്യമില്ലെങ്കിലും പിതൃതര്‍പ്പണ സുകൃതം പോലെ ഇന്ന് ശ്രാദ്ധങ്ങള്‍ നടത്താത്ത എന്നില്‍ ഈ വായനകൊണ്ടുണ്ടായി. പാരമ്പര്യമായി ഞങ്ങള്‍ ആത്രേയ ഗോത്രത്തില്‍ പെടുന്നു എന്നാണ് വിശ്വാസം. അത്രി മുനിയുടെ പൈതൃകം എന്നര്‍ത്ഥം. അത്രിമുനി ആരാണ് എന്നന്വേഷിക്കാന്‍ ഞാന്‍ തുനിഞ്ഞില്ല. എന്നാല്‍ ഉഷയുടെ സ്മൃതികള്‍ക്കൊടുവില്‍ സപ്തര്‍ഷിമാരില്‍ തേജോമയരായ രണ്ടുപേരാണ് ഭൃഗുവും അത്രിയും എന്നുകണ്ടു. അത്രിയുടെ പതിവ്രതയായ പത്‌നി അനസൂയയെ കളങ്കപ്പെടുത്താന്‍ ത്രിമൂര്‍ത്തികള്‍ ഭാര്യമാരുടെ ഉപദേശം കേട്ടിറങ്ങിയ കഥയാണ് അത്. നമ്മുടെ വലിയ ആരാധനാ മൂര്‍ത്തികള്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ പോക്‌സോ നിയമപ്രകാരം വിചാരണ ചെയ്യപ്പെടും എന്നു തോന്നി. ആ സന്തോഷത്തിനും പിതൃസ്മരണ യുടെ ശ്രാദ്ധത്തിനും ഉഷയ്ക്കു നന്ദി. 

( ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിൻറെ അവതാരിക )

21.12.2017


കാമുവിനെ കെ ജി ബി കൊന്നോ ?

ൽബേർ കാമു 1960 ൽ കാർ മരത്തിൽ ഇടിച്ച് കൊല്ലപ്പെട്ട  സംഭവം,ഇന്ന് വായിച്ചാലും,ഞെട്ടിപ്പോകും.എഴുത്തുമായി ബന്ധപ്പെട്ടവരുടെ കാര്യമാണ് പറയുന്നത്.ഇരുപതാം നൂറ്റാണ്ടിനെ പിടിച്ചു കുലുക്കിയ അസംബന്ധ സമാനമായ ജീവിത യുദ്ധങ്ങൾക്ക് എഴുത്തിൽ ഇത് പോലെ തത്വചിന്താപരമായ വ്യാഖ്യാനം നൽകിയ മറ്റൊരാൾ ഇല്ല.കാർ അപകടം ഉണ്ടായ സ്ഥലം പഴയൊരു ഗോത്രവർഗം വസിച്ചിരുന്ന ഇടമാണെന്നും അവരെ ആട്ടിപ്പായിച്ചതിൻറെ പ്രേതാവശിഷ്ടം ദുരന്തത്തിന് കാരണമായെന്നും എവിടെയോ വായിച്ചിരുന്നു.അദ്ദേഹത്തെ സോവിയറ്റ് ചാരന്മാർ കൊന്നതാണെന്ന സിദ്ധാന്തം അദ്ദേഹം മരിച്ച കാലത്ത് ആരും ഉന്നയിച്ചില്ലെങ്കിലും,2011 ഓഗസ്റ്റിൽ അങ്ങനെ ആരോപിക്കുന്ന ഒരു പത്ര റിപ്പോർട്ട് ഇറ്റലിയിൽ വന്നു.അന്ന് അത് ഉന്നയിച്ച ഇറ്റാലിയൻ എഴുത്തുകാരൻ ജിയോവാനി കാറ്റെല്ലി ഇപ്പോൾ ഒരു പുസ്തകം തന്നെ എഴുതിയിരിക്കുന്നു:'കാമുവിൻറെ മരണം.'സോവിയറ്റ് വിദേശമന്ത്രി ദിമിത്രി ഷെപിലോവ് ആണ് കൊല ആസൂത്രണം ചെയ്തതെന്ന് പുസ്തകത്തിൽ ആരോപിക്കുന്നു.

കാമുവും ( വലത്ത് ) ഗല്ലിമർദും
1960 ജനുവരി നാലിന് ഫ്രാൻസിലെ വില്ലേബ്ലെവിനിൽ 46 വയസിലാണ് കാമു കൊല്ലപ്പെട്ടത്.1957 ൽ നൊബേൽ സമ്മാനം കിട്ടുമ്പോൾ രണ്ടാമത്തെ പ്രായം കുറഞ്ഞ ജേതാവായിരുന്നു.1907 ൽ 41 വയസിൽ നൊബേൽ നേടിയ റഡ്യാർഡ് കിപ്ലിംഗ് ആണ് പ്രായം കുറഞ്ഞയാൾ.സാഹിത്യത്തിലെ സമ്മാനത്തിന്റെ കാര്യമാണ്.

തെക്കുകിഴക്കൻ ഫ്രാൻസിൽ ഇറ്റലിയുടെ അതിർത്തിയിലെ പ്രൊവിൻസിൽ ആയിരുന്നു കാമുവിൻറെ വീട്.അവിടന്ന് പാരിസിലേക്കുള്ള ഉപയോഗിക്കാത്ത ട്രെയിൻ ടിക്കറ്റ് കാമുവിൻറെ കീശയിൽ ഉണ്ടായിരുന്നു.ക്രിസ്‌മസ്‌ അവധിക്ക് ശേഷം  ഭാര്യ ഫ്രാൻസീൻ,കൗമാരക്കാരായ ഇരട്ട പെൺകുട്ടികൾ കാതറീൻ,ജീൻ എന്നിവർക്കൊപ്പം ട്രെയിനിൽ പാരിസിലേക്ക് മടങ്ങാൻ കാമു ടിക്കറ്റ് എടുത്തിരുന്നു.സുഹൃത്തും പ്രസാധകനുമായ മൈക്കിൾ ഗല്ലിമർദ് കാറിൽ പാരിസിലേക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞപ്പോൾ,ട്രെയിൻ യാത്ര ഉപേക്ഷിക്കുകയായിരുന്നു.അങ്ങനെയാണ്,മരണം വരിക.ഗല്ലിമർദ് ഓടിച്ച ഫെയ്‌സൽ വേഗ കാർ റോഡിൽ നിന്ന് തെന്നി മാറി മരത്തിൽ ഇടിച്ച ഉടൻ കാമു മരിച്ചു.ദിവസങ്ങൾ കഴിഞ്ഞ് ഗല്ലിമർദും മരിച്ചു.അവശിഷ്ടങ്ങളിൽ നിന്ന്   144 പേജ് കയ്യെഴുത്തു പ്രതി പൊലീസ് കണ്ടെടുത്തു -The First Man എന്ന അപൂർണ നോവൽ.അൾജീരിയയിലെ ബാല്യത്തിൻറെ പശ്ചാത്തലത്തിൽ എഴുതിയ ഈ നോവൽ ആയിരിക്കും തൻറെ മികച്ച രചനയെന്ന് കാമു പറഞ്ഞിരുന്നു.
ഷെപിലോവ് 
ഇറ്റാലിയൻ പത്രമായ Corriere della Sera യിലാണ്,50 വർഷത്തിന് ശേഷം  ചാര സിദ്ധാന്തം വന്നത്.ചെക്കോസ്ലോവാക്യൻ കവിയും പരിഭാഷകനുമായ ജാൻ സാബ്രനയുടെ ഡയറി ഇറ്റലിയിൽ പരിഭാഷ ചെയ്‌ത് Celý život എന്ന പേരിൽ  പ്രസിദ്ധീകരിച്ചപ്പോൾ ഒരു പ്രധാന ഖണ്ഡിക വിട്ടു പോയെന്ന് ഇറ്റാലിയൻ പ്രൊഫസറും കവിയുമായ ജിയോവാനി കാറ്റെല്ലി കണ്ടെത്തി.ഇതാണ് ഖണ്ഡിക:

I heard something very strange from the mouth of a man who knew lots of things and had very informed sources. According to him, the accident that had cost Albert Camus his life in 1960 was organised by Soviet spies. They damaged a tyre on the car using a sophisticated piece of equipment that cut or made a hole in the wheel at speed.The order was given personally by [Dmitri Trofimovic] Shepilov [the Soviet foreign minister] as a reaction to an article published in Franc-tireur [a French magazine] in March 1957, in which Camus attacked [Shepilov], naming him explicitly in the events in Hungary.

"കാമുവിനെ സോവിയറ്റ് ചാരന്മാർ കൊന്നതാണ്.വളരെ കാര്യങ്ങൾ അറിയുന്ന ഒരാളാണ് ഇത് പറഞ്ഞത്.അവർ കാറിൻറെ ചക്രത്തിൽ അത്യാധുനിക ഉപകരണം വഴി തുളയിട്ടു.വേഗം കൂടിയപ്പോൾ ടയർ പൊട്ടി.ഇതിന് ഉത്തരവ് നൽകിയത് സോവിയറ്റ് വിദേശമന്ത്രി ദിമിത്രി ഷെപിലോവ് നേരിട്ടാണ്.ഫ്രഞ്ച് മാസികയിൽ 1957 മാർച്ചിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് പ്രകോപനം.അതിൽ ഹങ്കറിയിലെ ആക്രമണത്തിന് കാമു ഷെപിലോവിനെ കുറ്റപ്പെടുത്തിയിരുന്നു."



ഒരു വർഷം കഴിഞ്ഞ് നൊബേൽ ജേതാവായ , ഡോക്ടർ ഷിവാഗോ യുടെ കർത്താവ്  ബോറിസ് പാസ്റ്റർനാക്കിനെ പിന്തുണച്ച് കാമു പിന്നെയും സോവിയറ്റ് യൂണിയനെ  പ്രകോപിപ്പിച്ചിരുന്നു.ഈ നോവൽ സോവിയറ്റ് യൂണിയൻ  നിരോധിക്കുകയും നൊബേൽ സമ്മാനം വാങ്ങരുതെന്ന് ഉത്തരവിടുകയും ചെയ്‌തിരുന്നു.ഇങ്ങനെ ധാരാളം കാരണങ്ങൾ കാമുവിനെ കൊല്ലാൻ സോവിയറ്റ് യൂണിയനുണ്ടായിരുന്നു എന്നായിരുന്നു ഇറ്റാലിയൻ പത്രത്തിൻറെ വാദം.1957 ൽ ഇറ്റലിയിലാണ് ഷിവാഗോ  പ്രസിദ്ധീകരിച്ചത്.വൊക്ലൂസിലെ ലൂർമാരിൻ സെമിത്തേരിയിൽ കാമുവിനെ അടക്കിയപ്പോൾ ശവപ്പെട്ടി ചുമന്നവരിൽ ഒരാൾ സാർത്ര് ആയിരുന്നു.പ്രാദേശിക ഫുട്ബോൾ ടീം അംഗങ്ങൾ ദുഃഖാർത്തരായി പങ്കെടുത്തിരുന്നു.ഫ്രാൻസിലെ മഹാന്മാരുടെ കല്ലറകൾ നിൽക്കുന്ന പന്തിയനിലേക്ക് കാമുവിൻറെ ഭൗതികാവശിഷ്ടം മാറ്റാൻ 2010 ൽ പ്രസിഡൻറ് നിക്കോളാസ് സർകോസി വിഫലശ്രമം നടത്തിയിരുന്നു.
ഇറ്റാലിയൻ പത്രത്തിൻറെ സിദ്ധാന്തം  ശരിപ്പെട്ടു വന്നില്ല .പാരിസിൽ ബി ബി സി ലേഖകൻ ആയിരുന്ന ഒളിവിയർ ടോഡ് ആൽബേർ കാമു:എ ലൈഫ് എന്ന ജീവചരിത്രം എഴുതുമ്പോൾ സോവിയറ്റ് ആർകൈവ്സ് പരിശോധിച്ചിരുന്നു.ഇത്തരം വിവരങ്ങളൊന്നും അദ്ദേഹത്തിന് കിട്ടിയില്ല.പക്ഷെ കെ ജി ബി യെപ്പറ്റി എന്ത് വന്നാലും അദ്ദേഹം അദ്‌ഭുതപ്പെടില്ല.ചെക്കോസ്ലോവാക്യക്കാരെ വൃത്തികെട്ട കാര്യങ്ങൾ ചെയ്യാൻ കെ ജി ബി ഉപയോഗിച്ചിരുന്നു.ഹൂസ്റ്റൺ സർവകലാശാലയിൽ ചരിത്ര പ്രൊഫസറായ റോബർട്ട് സറേറ്റ്സ്കി  Albert Camus: Elements of a Life എന്ന പുസ്തകം എഴുതിയിട്ടുണ്ട്.ഇറ്റാലിയൻ സിദ്ധാന്തം,A Russian Plot ? No A French Obsession എന്ന ലേഖനത്തിൽ നിരാകരിക്കുകയാണ്,അദ്ദേഹം ചെയ്‌തത്‌.കാറും അത് വഴിയുള്ള മരണവും ഫ്രാൻസിൽ ഒരു ബാധയായിരുന്നു,എന്നാണ് അദ്ദേഹത്തിൻറെ സിദ്ധാന്തം.കമ്മ്യൂണിസ്റ്റുകാരെ എന്തിലും സംശയിക്കാവുന്ന സാഹചര്യം അന്ന് നില നിന്നിരുന്നു.സോവിയറ്റ് യൂണിയൻ അണുബോംബ് പരീക്ഷിച്ചിരുന്ന കാലം.ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി വലുതായിരുന്നു.ചിന്തകൻ റോജർ ഗരോദി,"ഇരുപതാം നൂറ്റാണ്ട് കമ്മ്യൂണിസത്തിൻറെ വിജയ നൂറ്റാണ്ടായി ചരിത്രം രേഖപ്പെടുത്തും" എന്ന് പ്രവചിച്ചിരുന്നു.നോത്രദാം പള്ളിയുടെ മുഖപ്പ് കൊക്കകോളയ്ക്ക് പരസ്യം വയ്ക്കാൻ സർക്കാർ കൊടുക്കാൻ പോകുന്നെന്ന് പാർട്ടി ആരോപിച്ചിരുന്നു.ജാക്വസ് ദുക്ളോസ് എന്ന കമ്മ്യുണിസ്റ്റ് നേതാവിനെ കാറിൽ രണ്ടു പ്രാവുകളുമായി പൊലീസ് അറസ്റ്റ് ചെയ്തത് കോളിളക്കമുണ്ടാക്കിയിരുന്നു.പ്രാവുകളെ കറി വയ്ക്കാൻ കൊണ്ട് പോയതാണെങ്കിലും,അവ സോവിയറ്റ് ചാരന്മാരാണെന്ന് ആരോപിക്കപ്പെട്ടു.എന്നിട്ടും കാമുവിനെ കെ ജി ബി കൊന്നു എന്ന് ആരും അന്ന് പറഞ്ഞില്ല.കാറുകളെയും അവ കൊണ്ടുള്ള ദുരന്തങ്ങളെയും പറ്റിയാണ് ആളുകൾ ബേജാറായത്.
അൻപതുകളിലും അറുപതുകളിലും ഫ്രഞ്ച് ജനകീയ സംസ്കാര ഭാഗമായിരുന്നു,കാറുകൾ.നോവലിസ്റ്റ് റോജർ നിമിയർ മഷി,ഗ്യാസോലിൻ ആക്കുന്നതിനെപ്പറ്റി എഴുതി.താൻ കാർ അപകടത്തിൽ മരിക്കുമെന്ന് പ്രവചിച്ച് 1962 ൽ അത് സാധിച്ചു.Bonjour Tristesse എഴുതിയ ഫ്രാങ്സ്വാ സാഗൻ 1957 ൽ അവരുടെ ഓസ്റ്റിൻ മാർട്ടിൻ ഇടിച്ചു തകർത്തു. മരിച്ചില്ല.നോവലിസ്റ്റ് ആന്ദ്രേ മാൽറോയുടെ രണ്ടു മക്കൾ 1961  ൽ കാർ അപകടത്തിൽ മരിച്ചു.സിട്രിയോൺ ഡി എസ് ഗോഥിക് കത്തീഡ്രൽ പോലിരിക്കുന്നു എന്നെഴുതിയ റൊളാങ് ബാർത്തിനെ 1980 ൽ പാരിസിൽ വിഴുപ്പ് കയറ്റിയ വാൻ ഇടിച്ചു കൊന്നു.കുതിരകൾക്കായുള്ള റോഡിൽ.,കാമു കയറിയ  ഫെയ്‌സൽ വേഗ കാർ തെന്നിയത്,സോവിയറ്റ് യൂണിയൻ വിശദീകരിക്കേണ്ടതില്ല.അസംബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ സമകാലികർ മതവും പ്രത്യയ ശാസ്ത്രവും തേടിയപ്പോൾ,വേഗമേറിയ മെലിഞ്ഞ കാറുകൾ തേടിയ ചിലരും ഉണ്ടായിരുന്നു.കാമു മൂക്കറ്റം പൂസായിരുന്നു എന്നും വായിച്ചതോർക്കുന്നു.കാമു ഇങ്ങനെ പറഞ്ഞിരുന്നു: "The absurd,depends as much on man as on the world.At any street corner,the feeling of absurdity can strike any man in the face." അസംബന്ധം ലോകത്തെ മാത്രമല്ല,വ്യക്തിയെയും ആശ്രയിച്ചിരിക്കുന്നു.ഏതു തെരുവ് മൂലയിലും അസംബന്ധം നമ്മുടെ മുഖത്ത് ആഞ്ഞു പതിക്കാം.വഴിയിൽ വണ്ടിയോടിക്കുന്നതിനെതിരെ സുഹൃത്ത് മുന്നറിയിപ്പ് നൽകിയപ്പോൾ,കാമു പറഞ്ഞു:"വിഷമിക്കണ്ട,എനിക്ക് വേഗവും വാഹനങ്ങളും ഇഷ്ടമല്ല." സ്വന്തം സിട്രിയോൺ വല്ലപ്പോഴുമേ കാമു ഓടിച്ചിരുന്നുള്ളു.
കാമുവിൻറെ തകർന്ന ശരീരത്തിൽ നിന്ന് ഏതാനും വാര അകലെയാണ്,The First Man കയ്യെഴുത്തു കോപ്പിയുള്ള ബ്രീഫ് കേസ് കിടന്നത്.അതിൽ കാമു എഴുതി:"Life,so vivid and mysterious, was enough to occupy his entire being.”
കാമു മരിച്ചത് 1960 ൽ.സ്റ്റാലിൻ മരിച്ചതാകട്ടെ,ഏഴു വർഷം മുൻപ് 1953 ലും.1956 ഫെബ്രുവരി 25 ന് ഇരുപതാം പാർട്ടി കോൺഗ്രസിൽ സ്റ്റാലിനെ ഉന്മൂലനം ചെയ്‌ത്‌ ക്രൂഷ്ചേവ് ശുദ്ധീകരണ പ്രഭാഷണം നടത്തി പുണ്യാഹം തളിച്ചിരുന്നു.1953 മുതൽ 1964 വരെ ക്രൂഷ്ചേവ് ആയിരുന്നു,സെക്രട്ടറി.ഉന്മൂലനത്തിൽ ക്രൂഷ്ചേവ് ഒട്ടും മോശമായിരുന്നില്ല.

30 അടി വീതിയുള്ള റോഡിൽ,ട്രാഫിക് ശുഷ്കമായിരിക്കെ നടന്ന കാമു കൊല്ലപ്പെട്ട അപകടം ദുരൂഹമാണെന്ന് ജീവചരിത്രത്തിൽ ( 1978 ) ഹെർബർട്ട് ലോട്ട്മാൻ എഴുതിയിരുന്നു.1957 മാർച്ചിൽ കാമു Franc-Tireur എന്ന ഫ്രഞ്ച് പത്രത്തിൽ എഴുതിയ ലേഖനത്തിന് മന്ത്രി ഷെപിലോവ് പക വീട്ടുകയായിരുന്നവെന്ന് കാറ്റെല്ലി പുസ്തകത്തിൽ പറയുന്നു.മൂന്നു കൊല്ലം എടുത്താണ് കൊല നടപ്പാക്കിയത്.സാബ്രനയുടെ വിധവ മേരിയെ അദ്ദേഹം കണ്ടു.പുസ്തകം ഇറങ്ങിയ ശേഷം ഫ്രഞ്ച് വിവാദ അഭിഭാഷകൻ ഴാക്വസ് വെർഗാസിന്റെ സുഹൃത്ത് ഇറ്റാലിയൻ ബാരിസ്റ്റർ ഗിലിയാനോ ബസെല്ലി ,കാറ്റെല്ലിയെ ബന്ധപ്പെട്ടു.അപകടം ആസൂത്രണം ചെയ്തതാണെന്ന് വെർഗാസ് തന്നോട് പറഞ്ഞതായി ബസെല്ലി വെളിപ്പെടുത്തി.കാമുവിൻറെ തുറന്ന നിരീക്ഷണങ്ങൾ ഫ്രഞ്ച് -സോവിയറ്റ് ബന്ധങ്ങളെ ബാധിക്കുന്നതിനാൽ,ഫ്രാൻസ് ഒറ്റിയിരിക്കാം എന്നാണ് സിദ്ധാന്തം.

കൊലയാളി ഷെപിലോവ് ( 1905 -1995 ) ക്രൂഷ്‌ചേവിനെ അട്ടിമറിക്കാൻ 1957 ൽ ശ്രമിച്ച വിമത പാർട്ടി സംഘത്തിൽ ഉണ്ടായിരുന്നു.തുർക്ക്മെനിസ്ഥാനിൽ ജനിച്ച അദ്ദേഹം അഭിഭാഷകൻ ആയിരുന്നു.പാർട്ടിയിൽ കാർഷിക രംഗത്തായിരുന്നു.സ്റ്റാലിന്റെ സൈദ്ധാന്തികൻ ഷഡാനോവിന്റെ സഹായിയായി.1957 ൽ ഗ്രോമിക്കോ പകരം വന്നു.1957 ജൂൺ 29 ന് സി സി യിൽ നിന്ന് പുറത്താക്കപ്പെട്ടു.കിർഗിസ്ഥാനിൽ ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായി.അവിടന്ന് പുറത്താക്കി ആർകൈവ്സിൽ ക്ളർക്ക് ആക്കി.1962 ഫെബ്രുവരി 21 ന് പാർട്ടിയിൽ നിന്ന് പുറത്താക്കി.1976 ൽ തിരിച്ചെടുത്തു.

കാമുവിൻറെ മകൾ കാതറീൻ കൊലപാതക സിദ്ധാന്തത്തോട് യോജിച്ചിട്ടില്ല.ഫ്രാൻസിലും അർജന്റീനയിലും കൂടി പുസ്തകം വന്നു കഴിഞ്ഞു.








Sunday, 30 June 2019

ഓർവെലിൻറെ ഭാര്യ

മരണക്കിടക്കയിലായിരുന്നു,വിവാഹം 

ജോർജ് ഓർവെൽ, സോണിയ ബ്രൗണലിനെ വിവാഹം ചെയ്തത്,ക്ഷയ രോഗ ബാധിതനായി ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോഴാണ്.ഇരുവരും ഇന്ത്യയിൽ ജനിച്ചവരായിരുന്നു .മൂന്നു മാസത്തിനു ശേഷം ഓർവെൽ മരിച്ചു.സുന്ദരിയായ അവരും ഓർവെലും തമ്മിൽ 15 വയസായിരുന്നു വ്യത്യാസം.അവർക്ക് അന്ന് 31.ഓർവെലിൻറെ സ്വത്തു കയ്യടക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് ശത്രുക്കൾ വിശ്വസിച്ചു.1971 ആയപ്പോഴേക്കും,ഓർവെലിൻറെ അനിമൽ ഫാം,1984 എന്നീ നോവലുകൾ രണ്ടു കോടി കോപ്പികൾ വിറ്റിരുന്നു.
1984 ൽ നാം കാണുന്ന ജൂലിയ ആണ്,സോണിയ.നോവലിലെ നായകൻ വിൻസ്റ്റൺ അവളുടെ സൗന്ദര്യം കണ്ട് പകച്ചു നിൽക്കുന്നു.ഓർവെൽ ഇങ്ങനെ വർണിച്ചു:
She was very young, he thought, she still expected something from life. . . . She would not accept it as a law of nature that the individual is always defeated. . . . All you needed was luck and cunning and boldness. She did not understand that there was no such thing as happiness, that the only victory lay in the far future, long after you were dead.

ഓർവെലിൻറെ വിവാഹ അഭിലാഷം ഒരിക്കൽ സോണിയ നിരസിച്ചിരുന്നു.അദ്ദേഹത്തിൻറെ മകൻ റിച്ചാഡിന്റെ  ആയ ആയിരുന്നു. അദ്ദേഹത്തോടൊപ്പം കിടക്ക പങ്കിട്ടു .അത് കഴിഞ്ഞാണ്,സ്‌കോട് ലൻഡിലെ ജൂറ ദ്വീപിൽ പോയി അദ്ദേഹം 1984 എഴുതിയത് .അതിൽ വരുന്ന പ്രയോഗമാണ് ,The Girl From the Fiction Department .ഹിലരി സ്‌പെർലിങ്,സോണിയയെപ്പറ്റി The Girl From The Fiction Department എന്ന പുസ്തകം എഴുതിയപ്പോൾ,അവരെ വെള്ള പൂശാനാണ് ശ്രമിച്ചത്.ഓർവെലിൻറെ  ജീവചരിത്രം എഴുതിയ മൈക്കിൾ  ഷെൽഡൻ ഹിലരിയുടെ  വെള്ള പൂശലിനെ The Merry Widow എന്ന വിമർശനത്തിൽ, ചോദ്യം ചെയ്തു.

കൊൽക്കത്തയിൽ 1918 ഓഗസ്റ്റ് 15 ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥൻറെ മകളായി ജനിച്ച സോണിയയ്ക്ക് നാലു മാസം മാത്രം പ്രായമുള്ളപ്പോൾ  പിതാവിനെ നഷ്ടപ്പെട്ടു.പിതാവ് ആത്മഹത്യ ചെയ്‌തു എന്നാണ് കരുതപ്പെടുന്നത്.ഒരു വർഷം കഴിഞ്ഞ് അമ്മ ഒരു മദ്യപാനിയെ വിവാഹം ചെയ്‌തു . ആറാം വയസിൽ സോണിയയും കുടുംബവും  ഇംഗ്ലണ്ടിലേക്ക് മടങ്ങി.അമ്മ ബോർഡിങ് ഹൗസുകളുടെ മേൽനോട്ടക്കാരിയായി.താൻ പഠിച്ച റോഹാംപ്ടണിലെ സേക്രഡ് ഹാർട്ട് കോൺവെന്റിനെ  സോണിയ വെറുത്തു .17 വയസിൽ സ്വിറ്റ്‌സർലൻഡിൽ പോയി ഫ്രഞ്ചും സെക്രട്ടേറിയൽ കോഴ്‌സും പഠിച്ചു.അക്കാലത്ത് മൂന്ന് സുഹൃത്തുക്കളുമായി തോണി യാത്രയ്ക്ക് പോയി.അത് മുങ്ങി സോണിയ നീന്തി കരയിലെത്തിയപ്പോൾ,രണ്ടു പേർ മുങ്ങി മരിച്ചിരുന്നു.മൂന്നാമനായ പയ്യൻ സോണിയയുടെ കൈയിൽ വെള്ളത്തിൽ നിന്ന് പിടിച്ചു വലിച്ചു.അവൻ തന്നെയും കൊണ്ടേ പോകൂ എന്ന് തോന്നിയപ്പോൾ,സോണിയ അവൻറെ മുടിയിൽ പിടിച്ച് അവൻറെ തല മുക്കി.അവൻ പിന്നെ പൊങ്ങിയില്ല.ഇത് സോണിയയുടെ ജീവിതത്തെ നിർണയിച്ച ദുരന്തമായി.
ബിഹാറിൽ ഓർവെൽ ജനിച്ച വീട് 
മാഞ്ചസ്റ്റർ സർവകലാശാലയിൽ മധ്യകാല ഇംഗ്ലീഷ് വിദഗ്ദ്ധൻ യൂജിൻ വിനവറിന്റെ മലോറി എന്ന പുസ്തകം എഴുതിയെടുത്തത്,സോണിയ ആയിരുന്നു.ഈറ്റൻ കോളജിൽ ഓർവെലിൻറെ സഹപാഠി ആയിരുന്ന സിറിൽ കൊണോലി നടത്തിയിരുന്ന ഹൊറൈസൺ എന്ന ചെറുകിട സാഹിത്യ മാസികയിൽ സെക്രട്ടറിയും എഡിറ്റോറിയൽ അസിസ്റ്റന്റും  ആയിരിക്കെയാണ് സോണിയ ഓർവെലിനെ പരിചയപ്പെട്ടത്.ഓർവെലിൻറെ ഭാര്യ എയ്‌ലീൻ  ഷോനെസി ഗർഭപാത്രം നീക്കിയതിനെ തുടർന്ന് മരിച്ചിരുന്നു.ഒരു കുട്ടി ഉണ്ടായിരുന്നു.സോണിയയെ ഓർവെൽ വിവാഹം ചെയ്യുമ്പോൾ മകൻ റിച്ചാഡിന് അഞ്ചു വയസ്.ഓർവെലും ജനിച്ചത് ഇന്ത്യയിലാണ്;ബിഹാറിലെ മോത്തിഹാരിയിൽ.പിതാവ് റിച്ചാഡ് ബ്ളയർ ഇന്ത്യൻ സിവിൽ സർവീസിലെ കറപ്പ് ( opium ) വകുപ്പിലായിരുന്നു.ഓർവെൽ ജനിച്ച വീട് ബിഹാറിൽ സംരക്ഷിത സ്‌മാരകമാണ്.

മെർലോപോണ്ടി 
ഫ്രഞ്ച് ചിന്തകൻ മെർലോപോണ്ടിയുടെ ജീവിതം വായിക്കുമ്പോഴാണ് സോണിയയെ അദ്ദേഹത്തിൻറെ കാമുകിയായി ഞാൻ കാണുന്നത്.വിവാഹിതനായ അദ്ദേഹത്തെ 1946 ൽ  സോണിയ കണ്ടത്  ഒരു ലേഖനത്തിനു വേണ്ടി ആയിരുന്നു.പ്രണയത്തിലായ ഇരുവരും കത്തുകൾ എഴുതി.ആദ്യ കത്ത് ഇംഗ്ലീഷിൽ എഴുതിയ മെർലോപോണ്ടി പിന്നെ ഫ്രഞ്ചിലേക്കു മാറി.ഇരുവരും ഫ്രഞ്ചിൽ പ്രേമിച്ചു.അക്കാലത്ത് ലണ്ടനിൽ തനിക്ക് ജോലിക്ക് ശ്രമിക്കണമെന്ന് ഇംഗ്ലീഷ് എഴുത്തുകാരൻ എ ജെ അയറോട് മെർലോപോണ്ടി പറഞ്ഞിരുന്നു.1947 ക്രിസ്മസ് കഴിഞ്ഞ് ഒരാഴ്ച ലണ്ടനിൽ സോണിയയ്‌ക്കൊപ്പം താമസിച്ച മെർലോപോണ്ടിക്ക് സോണിയയിലെ ഭാവ വ്യത്യാസങ്ങൾ പിടിച്ചില്ല.മുൻ കാമുകി എലിസബെത് ലെ കോയിനെയാണ് സോണിയ ഓർമിപ്പിച്ചത് .മെർലോപോണ്ടിയെ ഭാര്യയിൽ നിന്ന് വേർപെടുത്താൻ കഴിയുമെന്ന് സോണിയ ആഗ്രഹിച്ചിരുന്നു.പാരിസിൽ എത്തിയ സോണിയയെ ഹോട്ടൽ മുറിയിൽ കാത്തിരുന്നത്,മെർലോപോണ്ടിയുടെ ഭാര്യ സൂസന്റെ കുറിപ്പാണ് -അദ്ദേഹം തെക്കൻ ഫ്രാൻസിലേക്ക് പോയി.സോണിയ,ഓർവെലിൻറെ മരണ ശേഷം ഒരിക്കൽ കൂടി പാരിസിൽ പോയി ശ്രമിച്ചെന്ന് ഷെൽഡൻ പറയുന്നു.
ലൂസിയൻ ഫ്രോയ്‌ഡ്‌ 
ലണ്ടൻ യൂണിവേഴ്‌സിറ്റി കോളജ് ആശുപത്രിയിലെ മുറിയിൽ 1949 ഒക്ടോബർ 13 നായിരുന്നു ഓർവെലിനെ സോണിയ കെട്ടിയത്.മെർലോപോണ്ടിയുടെ ഭാര്യയുടെ കുറിപ്പ് കിട്ടി അധികമായിരുന്നില്ല.
ഓർവെലിനെ താൻ സ്നേഹിക്കുന്നില്ലെന്ന് സോണിയയും തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് ഓർവെലും പരസ്‌പരം പറഞ്ഞിരുന്നു.ഓർവെലിനെ ശുശ്രൂഷിക്കണം,കുട്ടിയെ നോക്കണം.വിവാഹശേഷം കിടക്കയിൽ കിടന്ന് സോണിയയെ ചുംബിക്കാൻ ഓർവെലിന് കഴിഞ്ഞില്ല.ഓർവെൽ ഗാന്ധിയെപ്പോലിരുന്നുവെന്ന് സുഹൃത്ത് ഡേവിഡ് ആസ്റ്റർ പറഞ്ഞു -എല്ലും തൊലിയും.എറിക് ബ്ലെയർ എന്നായിരുന്നു ഓർവെലിൻറെ ശരിപ്പേര്.മിസിസ് എറിക് ബ്ലെയർ ആയ സോണിയ അവിടന്ന് നേരെ റിറ്റ്സ് ഹോട്ടലിൽ സുഹൃത്തുക്കൾക്ക് വിരുന്നു നൽകാൻ പോയി.അവിടെ സോണിയ വജ്രവും മാണിക്യവും മരതകവും അടങ്ങിയ  വിവാഹ മോതിരം പ്രദർശിപ്പിച്ചു.ഓർവെൽ നൽകിയ ബ്ലാങ്ക് ചെക് വച്ച് സോണിയ തന്നെയാണ് വാങ്ങിയത്.സ്വിറ്റ്‌സർലൻഡിലെ ചികിത്സാകേന്ദ്രത്തിലേക്ക് ഓർവെലിനെ മാറ്റാൻ ഡോക്റ്റർമാർ നിർദേശിച്ചപ്പോൾ സ്വകാര്യ വിമാനം സോണിയ ചാർട്ടർ ചെയ്തു.വിമാനത്തിൽ മുൻ കാമുകനും ചിത്രകാരനുമായ ലൂസിയൻ ഫ്രോയിഡിനെയും കയറ്റി.1950 ജനുവരിയിൽ ഓർവെൽ മരിക്കുമ്പോൾ സോണിയ ലൂസിയനും പൊതുസുഹൃത്ത് ആൻ ഡണ്ണിനുമൊപ്പം നൈറ്റ് ക്ലബ്ബിലായിരുന്നു.മോതിര വിവരവും നൈറ്റ് ക്ലബും ഹിലരിയുടെ പുസ്തകത്തിൽ ഇല്ല.

ലൂസിയൻ ഫ്രോയിഡ് മാത്രമല്ല,ബ്രിട്ടീഷ് ചിത്രകാരന്മാരായ വില്യം കോൾഡ്‌സ്ട്രീം,വിക്ടർ പാസ്‌മോർ,ഫ്രാൻസിസ് ബേക്കൺ  എന്നിവരും സോണിയയുടെ കാമുകന്മാരായിരുന്നു.സുഹൃത്തായ പിക്കാസോ സോണിയ എന്ന സ്കെച്ച്  തന്നെ വരച്ചു.ചിത്രകാരന്മാരുടെ മോഡലും വെപ്പാട്ടിയുമായി,അവർ.സിറിൽ കൊണോലിക്ക് വഴങ്ങാത്തതിനാൽ,സോണിയ ലെസ്ബിയൻ ആണെന്ന് അയാൾ പറഞ്ഞു പരത്തി.സാർത്ര്,കാമു,ആർതർ കോയ്സ്ലർ.,ഡബ്ലിയു .എച്ച് ഓഡൻ,ലകാൻ,റൊളാങ് ബാർത് എന്നിവരെയൊക്കെ അവർക്ക് അറിയാമായിരുന്നു.
പിക്കാസോ വരച്ച സ്കെച്ച് 
ഓർവെൽ മരിച്ച് ആറാഴ്ച കഴിഞ്ഞ് സെയിന്റ് ട്രോപിസിൽ അവധി ആഘോഷിക്കാൻ പോയപ്പോഴാണ് അവസാനമായി മെർലോപോണ്ടിയെ വീഴ്ത്താൻ ശ്രമിച്ചത്.മെർലോപോണ്ടി ഭാര്യയെ ഉപേക്ഷിക്കാൻ വിസമ്മതിച്ചതോടെ,നിരാശയായ സോണിയ ലണ്ടനിലേക്ക് മടങ്ങി.
ജലദോഷം എന്ന് പറഞ്ഞ് സോണിയ ഓർവെലിനെ അവസാന ദിവസങ്ങളിൽ ആശുപത്രിയിൽ കണ്ടിരുന്നില്ല എന്ന് ജെഫ്‌റി മെയേഴ്സ് എഴുതിയ ഓർവെൽ ജീവചരിത്രത്തിലും കാണാം.
ആദ്യ ഭാര്യ മരിച്ച ശേഷം പല സ്ത്രീകളോടും ഓർവെൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ആരും വിവാഹത്തിന് സമ്മതിച്ചില്ല.ഹൊറൈസൺ മാസിക പൂട്ടി സോണിയയ്ക്ക് ജോലി ഇല്ലാതായപ്പോഴാണ്,അവരോട് ഓർവെൽ ആഗ്രഹം പ്രകടിപ്പിച്ചത്.ഒരു വിരൂപ പ്രഹസനം എന്നാണ് വിവാഹത്തെ സിറിൽ കൊണോലി വിശേഷിപ്പിച്ചത്.ഹിലരിയും കവി സ്റ്റീഫൻ സ്‌പെൻഡറിൻറെ ഭാര്യ നടാഷയും ഓർവെലിൻറെ കൈയിൽ അത്ര പണമൊന്നും ഇല്ലായിരുന്നു എന്ന് പറഞ്ഞാണ്,സോണിയയുടെ പക്ഷം ചേർന്നത്.സോണിയ ഓർവെലിനെ സ്നേഹിച്ചതേ ഇല്ലെന്ന് സ്‌പെൻഡറുടെ ഓർമ്മകുറിപ്പുകളിൽ കാണാം.താൻ ഒരു കോക്റ്റൈൽ പാർട്ടിക്ക് പോകുന്നതിനാൽ വൈകിട്ട് ഉണ്ടാവില്ലെന്ന് സോണിയ ഒരിക്കൽ ഓർവെലിനോട് പറഞ്ഞത് സ്‌പെൻഡറുടെ സാന്നിധ്യത്തിലാണ്.ലോലമായ പ്രതിഷേധം ഓർവെൽ പ്രകടിപ്പിച്ചു.മരിക്കാൻ പോകുന്ന ആളെ സ്നേഹമില്ലാതെ വിവാഹം ചെയ്യുന്നത് വിവാഹമേ അല്ല എന്ന് ഇംഗ്ലീഷ് എഴുത്തുകാരി  ഫ്രാൻസെ സ് പാർട്രിഡ്‌ജിന്റെ അക്കാലത്തെ ഡയറിക്കുറിപ്പുകളിലുണ്ട്.


വർഷം 1000 പൗണ്ട് കൊണ്ട് ജീവിക്കാം എന്ന് 1946 ൽ ഓർവെൽ എഴുതിയിരുന്നു.അവസാനത്തെ ആറുമാസം 1984 വിറ്റ് 40000 പൗണ്ട് കിട്ടിയിരുന്നു.ഓർവെൽ മരിക്കുമ്പോൾ പുസ്തക വരുമാനം 10000 പൗണ്ട് മാത്രമായിരുന്നു എന്നൊരു വങ്കത്തം ഹിലരി എഴുന്നള്ളിക്കുന്നു.മരണത്തിന് നാലു മാസം മുൻപ് മാത്രമാണ് 1984 അമേരിക്കൻ പതിപ്പ് ഇറങ്ങിയത്.പണം ഇല്ലായിരുന്നെങ്കിൽ,നാലു മാസത്തെ ആശുപത്രിവാസം എങ്ങനെ നടന്നു ?വിമാനം ചാർട്ടർ ചെയ്തതോ?സ്വിറ്റ്‌സർലൻഡ് ചികിത്സയോ ?
രണ്ടാം ലോകയുദ്ധം തീർന്ന് ബ്രിട്ടീഷുകാർക്ക് വിദേശ യാത്ര നിയന്ത്രണമുള്ളപ്പോൾ,.കാമുകനെ അന്വേഷിച്ച് എങ്ങനെ ആറു മാസത്തിനകം സോണിയയ്ക്ക് പോകാൻ കഴിഞ്ഞു?

എന്നും സോണിയ ഓർവെൽ എന്നറിയപ്പെടാനാണ് സോണിയ ആഗ്രഹിച്ചത്.അത് ഹിലരി പറയും പോലെ ഓർവെൽ ദരിദ്രനായത് കൊണ്ടോ എറിക് ബ്ളയർ എന്ന പേര് അദ്ദേഹം ഉപേക്ഷിച്ചിരുന്നതു കൊണ്ടോ അല്ല.അദ്ദേഹത്തെ അവസാനവും കുടുംബാംഗങ്ങളും സുഹൃത്തുക്കളും എറിക് എന്ന് തന്നെയാണ് വിളിച്ചിരുന്നത്.കത്തുകളിൽ ആ പേര് തന്നെയാണ് ഉപയോഗിച്ചിരുന്നത്.കുഴിമാടത്തിൽ എഴുതിയിരിക്കുന്നത്,Here lies Eric Arthur Blair എന്നാണ്.1958 ൽ മൈക്കിൾ പിറ്റ് റിവേഴ്‌സിനെ വിവാഹം ചെയ്‌തിട്ടും സോണിയ,ഓർവെൽ എന്ന പേർ ഉപയോഗിച്ചത് ലണ്ടനിലെ സാഹിത്യ ലോകത്ത് അത് ചെലവാകും എന്നത് കൊണ്ട് തന്നെ.റിവേഴ്‌സിൽ നിന്ന് വിവാഹ മോചനം നേടിയപ്പോൾ സൗകര്യമായി.അമ്മായി വളർത്തിയ ഓർവെലിൻറെ മകൻ എന്നും റിച്ചാർഡ് ബ്ളയർ ആയിരുന്നു.പ്രതിവർഷം 150 പൗണ്ട് മാത്രമാണ് അവനെ വളർത്താൻ അമ്മായിക്ക് സോണിയ അയച്ചിരുന്നത്.വിവാഹം കഴിഞ്ഞപ്പോൾ ഫർണിച്ചർ വാങ്ങാൻ പണത്തിന് സോണിയയോട് യാചിക്കേണ്ടി വന്നു.പിന്നെ അവൻ പണിയെടുത്ത് സ്വന്തം കാലിൽ നിന്നു.1980 ൽ സോണിയ മരിച്ചതോടെ ഓർവെൽ എസ്റ്റേറ്റിൽ നിന്നുള്ള വരുമാനം അവന് കിട്ടി.
റിവേഴ്‌സും സോണിയയും 
ഓർവെലിന് ശേഷം സോണിയ വിവാഹം ചെയ്ത ഭൂവുടമ മൈക്ക് റിവേഴ്‌സ്,സ്വവർഗാനുരാഗി ആയിരുന്നു എന്ന് മാത്രമല്ല,സ്വവർഗ രതിക്ക്,സോണിയയുമായുള്ള വിവാഹത്തിന് നാലു  വർഷം മുൻപ് ശിക്ഷിക്കപ്പെട്ട ആളുമായിരുന്നു.ബിലിയുവിലെ മൊൺടാഗു പ്രഭുവും രണ്ട് മുൻ വ്യോമസേനാ ഉദ്യോഗസ്ഥരും പ്രഭുവിൻറെ ബന്ധുവായ മൈക്ക് റിവേഴ്‌സും പ്രഭുവിൻറെ തോട്ടത്തിൽ പുഴയോര വസതിയിൽ 1953 ൽ രതി ലീലകളിൽ ഏർപെട്ടെന്നായിരുന്നു,കേസ്.1954 ൽ റിവേഴ്‌സിന് 18 മാസം തടവ് കിട്ടി.ഈ സംഭവത്തിന് ശേഷമാണ് ബ്രിട്ടനിൽ സ്വവർഗ രതി കുറ്റകരമല്ല എന്ന നിയമം വന്നത്.1958 വിവാഹിതരായ റിവേഴ്‌സും സോണിയയും ഏഴു വർഷത്തിന് ശേഷമാണ് പിരിഞ്ഞത്.റിവേഴ്‌സിന്റെ ജീവിത പങ്കാളി,വില്യം ഗ്രോനോ ഡേവിസ് ആയിരുന്നു എന്ന് മാത്രമല്ല,1999 ൽ മരണ ശേഷം സ്വത്തുക്കളുടെ അവകാശിയും അയാളായിരുന്നു.ഓർവെലിൻറെ സ്വത്തിൽ കണ്ണ് വച്ച പോലെ സോണിയ ഇവിടെ വിജയിച്ചില്ല.

ഓർവെൽ ട്രസ്റ്റിൻറെ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്ന ഓർവെലിൻറെ അക്കൗണ്ടൻറ്  ജാക് ഹാരിസൺ, ഫൗണ്ടേഷനിൽ നിന്ന് സോണിയയെ  പുറത്താക്കി,അവരെ വീടും ചില്ലിക്കാശും ഇല്ലാത്ത പരുവത്തിലാക്കി.ഹാരിസൺ ഓർവെൽ മരണക്കിടക്കയിൽ ആയിരിക്കെ അദ്ദേഹത്തിൻറെ റോയൽറ്റിയും സ്വത്തും കൈകാര്യം ചെയ്യാൻ കമ്പനിയുണ്ടാക്കി അതിൽ 25 % ഓഹരി ഓർവെൽ തനിക്ക് നൽകി എന്ന് പറഞ്ഞ് കൈക്കലാക്കിയിരുന്നു .ഈ ഓഹരി തൻറെ മൂന്നു മക്കൾക്ക് അയാൾ വീതിച്ചു നൽകിയപ്പോൾ സോണിയ കോടതിയെ സമീപിച്ചു .ഈ സാഹചര്യവും  അമിത മദ്യപാനവും അവരെ വഴിയാധാരമാക്കി.തലച്ചോറിൽ കാൻസർ വന്നായിരുന്നു മരണം.ഓർവെലിൻറെ രചനകൾ മുഴുവൻ അവർ സമാഹരിച്ച് The Collected Writings പുറത്തിറക്കി.ബെർണാഡ് ക്രിക്കിനെക്കൊണ്ട് ജീവചരിത്രം എഴുതിച്ചു.അത് പൂർത്തിയായപ്പോൾ അവർ ഹാരിസണും ഫൗണ്ടേഷനും എതിരായ കേസ് കോടതിക്ക് പുറത്ത് തീർപ്പാക്കി.ഒരു മാസം കഴിഞ്ഞ് 1980 ഡിസംബർ 11 ന്  മരിച്ചു.
ഡേവിഡ് പ്ലാൻറെ Difficult Women ( 1979 ) എന്നൊരു പുസ്‌തകം എഴുതി.അവസാന വർഷങ്ങളിൽ സോണിയ അദ്ദേഹത്തോട് പറഞ്ഞു:" I have fucked up my life.I am angry because I have fucked up my life".
ഇതിന് മറുപടി തുടക്കത്തിൽ ചേർത്ത ഓർവെൽ ഉദ്ധരണിയിൽ ഉണ്ട്:She did not understand that there was no such thing as happiness, that the only victory lay in the far future, long after you were dead.
"സന്തോഷം എന്നൊന്നില്ല എന്ന് അവൾക്കറിയുമായിരുന്നില്ല.വിദൂര ഭാവിയിൽ,മരണാനന്തരം മാത്രമേ,വിജയിക്കാൻ കഴിയൂ."
സർഗശേഷി ഇല്ലാതിരുന്നതിനാൽ,ഇത് സോണിയയ്ക്ക് മനസിലായില്ല;അതുള്ളവന്,പണമല്ല,അവൻ അക്ഷരങ്ങൾ കൊണ്ടു സൃഷ്ടിക്കുന്ന സർഗ സാമ്രാജ്യമാണ്,വലുത്.

see https://hamletram.blogspot.com/2019/06/blog-post_810.html






Saturday, 29 June 2019

സാർത്ര്,മെർലോപോണ്ടി -വിച്ഛേദ കഥ

മെർലോപോണ്ടിയും മാർക്സിസം വിട്ടു 

ലയാളികൾ ഒരിക്കലും ശ്രദ്ധിക്കാത്തതും ശ്രദ്ധിക്കേണ്ടിയിരുന്നതുമായ ഫ്രഞ്ച് ചിന്തകനാണ്,മോറിസ് മെർലോപോണ്ടി ( 1908 -1961 ).ശ്രദ്ധിക്കാത്തതിന് കാരണം,മലയാളികൾ സാർത്ര്.കാമു എന്നിവരിലും അവരുടെ കാമുകിമാരിലും ഒതുങ്ങിപ്പോയി എന്നതിനാലും, അവരെ വായിക്കാത്തവർ ബുദ്ധിജീവികൾ ആവില്ല എന്ന് കരുതിയിരുന്നതിനാലും ആണ്.സാർത്ര് എഴുതിയ നോസിയ,റോഡ്‌സ് ടു ഫ്രീഡം നോവൽ ത്രയം എന്നിവ വായിക്കുമ്പോൾ വരണ്ട സാഹിത്യം എന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നുവെങ്കിലും,പൊതു ധാരണ അതായിരുന്നില്ല.അക്കാലത്തു തന്നെ കാഫ്‌കയും കാമുവും സർഗാത്മക സാഹിത്യകാരന്മാരാണ്  എന്ന ബോധ്യവും ഉണ്ടായി.വ്യക്തിയെ സംബന്ധിച്ച അടിസ്ഥാന ചോദ്യങ്ങൾ ആത്മീയം കൂടിയാണ് എന്നറിയാനുള്ള ചവിട്ടു പലകകൾ -അവിടെ നിന്ന് കസാൻദ് സാക്കിസിൽ എത്തുക എളുപ്പമായിരുന്നു

.
മെർലോപോണ്ടി 
മെർലോപോണ്ടിയാണ് തന്നെ മാർക്സിസത്തിൽ എത്തിച്ചതെന്ന് സാർത്ര് എഴുതിയിട്ടുണ്ട്.സാർത്ര് തുടങ്ങിയ ലെ ടെംപസ് മോഡേണെ യുടെ പത്രാധിപ സമിതി അംഗവുമായിരുന്നു,മെർലോപോണ്ടി.എഡ്‌മണ്ട് ഹുസ്സെളും മാർട്ടിൻ ഹൈഡഗറും സ്വാധീനിച്ച വഴിയിൽ,പ്രതിഭാസിക ശാസ്ത്ര പാതയിൽ മുന്നേറിയ അദ്ദേഹം സോവിയറ്റ് കമ്മ്യൂണിസത്തെ മാത്രമല്ല,അവിടെ ലെനിൻറെയും സ്റ്റാലിന്റെയും നേതൃത്വത്തിൽ അരങ്ങേറിയ ഭീകരതകളെയും വാരിപ്പുണർന്നു. അതിൻറെ ഫലമായിരുന്നു,1947 ൽ ഇറങ്ങിയ Humanism and Terror.അദ്ദേഹം 1955 ൽ Adventures of the Dialectic എഴുതി,മാർക്സിസം ഉപേക്ഷിക്കുകയും,അതിനു മുൻപേ സാർത്രിൽ നിന്ന് അകലുകയും ചെയ്തു.കാമുവിൻറെ പക്ഷത്ത് മെർലോപോണ്ടിയെ കാണുമ്പോൾ,അത് തന്നെയാണ്,മനുഷ്യ പക്ഷം.

മെർലോപോണ്ടിയുടെ അഞ്ചു വയസ്സിൽ പിതാവ് മരിച്ചതിനാൽ അമ്മയാണ് വളർത്തിയത്.അമ്മയുടെ തണലിൽ സന്തുഷ്ടമായ ബാല്യം, പല ചിന്തകരെയും അപേക്ഷിച്ച് മെർലോപോണ്ടിക്ക് സംയമനം സമ്മാനിച്ചു.മനഃശാസ്ത്രം പഠിക്കുകയും ഫിലോസഫിയിലേക്ക് തിരിയുകയും ചെയ്ത അദ്ദേഹം,രണ്ടിലും പ്രൊഫസറായി ജോലിചെയ്തു.ബാല മനഃശാസ്ത്രം എഴുത്തിൽ പ്രയോഗിച്ച അപൂർവം ചിന്തകരിൽ ഒരാളാണ് -റൂസോയും അത് ചെയ്തിട്ടുണ്ട്.കോളജിൽ സാർത്ര് ,സിമോങ് ദി ബുവ്വ,സൈമൺ വെയിൽ ,ഴാങ് ഹിപ്പൊലൈറ്റ് എന്നിവർ സമകാലികരായിരുന്നു.1929 ഫെബ്രുവരിയിൽ എഡ്‌മണ്ട് ഹുസ്സെളിന്റെ പാരീസ് പ്രഭാഷണങ്ങൾ കേട്ടു.1928 ൽ ജാക്വസ് ഹെല്ലർ എന്ന തൂലികാനാമത്തിൽ നോർഡ്  എന്ന നോവൽ എഴുതിയത് മെർലോപോണ്ടിയാണ് എന്ന് 2014 ൽ കണ്ടെത്തി.

സാർത്ര് തുടങ്ങിയവരുടെ കൂട്ടത്തിൽ മൗലികതയുള്ളയാളാണ് താനെന്ന് 1945 ൽ The Phenomenology of Perception എന്ന പുസ്തകം വഴി മെർലോപോണ്ടി തെളിയിച്ചു.ജീവിതത്തിൽ സന്ധി വേണമെന്ന പക്ഷത്തായിരുന്നു,അദ്ദേഹം..ബോധം, ലോകത്തിനു മേൽ വന്നു വീഴുന്ന മൂടുപടമാണ്.കുറച്ചു കഴിഞ്ഞ് ആ ആവരണം ഇല്ലാതെയാകും.
മൂടു പട ബിംബം അദ്ദേഹം,The Visible and the Invisible എന്ന അടുത്ത പുസ്തകത്തിലും ആവർത്തിച്ചു.

സാർത്രിനൊപ്പം 
നന്നായി നൃത്തം ചെയ്തിരുന്ന മെർലോപോണ്ടി,കുടുംബത്തെ നന്നായി നോക്കിയെന്ന് ഏക മകൾ മരിയൻ ഓർത്തിരുന്നു.പ്രതിസന്ധികളിലും പുഞ്ചിരിച്ചു .വിവാഹത്തിന് പുറത്ത് ഗൗരവമുള്ള ഒരു ബന്ധം സോണിയ ബ്രൗനെല്ലുമായി ഉണ്ടായി;അവരെയാണ് പിന്നീട് ജോർജ് ഓർവെൽ വിവാഹം ചെയ്തത്.സിറിൽ കൊണോലിയുടെ ഹൊറൈസൺ മാസികയ്ക്ക് ഒരു ലേഖനം ചോദിച്ചാണ് അവർ മെർലോപോണ്ടിയെ കണ്ടത്.ലണ്ടനിൽ പോയി ഒരാഴ്ച അവർക്കൊപ്പം താമസിച്ചു.ആ ഒരാഴ്ച നന്നായില്ല.സോണിയ ഓർമിപ്പിച്ചത് മെർലോപോണ്ടിയുടെ പഴയ കാമുകി എലിസബത്ത് ലെ കോയിനെ ആണ്.ഒരിക്കൽ അദ്ദേഹത്തെ കാണാൻ പാരിസിൽ എത്തിയ സോണിയയെ ഹോട്ടൽ മുറിയിൽ കാത്തിരുന്നത്,മെർലോപോണ്ടിയുടെ ഭാര്യ സുസൻറെ കുറിപ്പാണ് -അദ്ദേഹം തെക്കൻ ഫ്രാൻസിലാണ്.അതോടെ ബന്ധം അറ്റു.സോണിയ താമസിയാതെ മരണ  കിടക്കയിലായിരുന്ന ഓർവെല്ലിനെ വിവാഹം ചെയ്തു.

സോണിയ 
ഹുസ്സെളിനെപ്പറ്റി മെർലോപോണ്ടിയുമായി തർക്കിക്കുന്നതിനിടയിൽ 1941 ൽ,തങ്ങളുടെ ഭിന്നതകളുടെ വേരുകൾ കിടക്കുന്നത് ബാല്യത്തിലാണെന്ന് തിരിച്ചറിഞ്ഞതായി സാർത്ര് ഒരിക്കൽ പറയുകയുണ്ടായി.സാർത്ര് എഴുതിയതെല്ലാം തനിക്ക് വിചിത്രമായി തോന്നിയെന്ന് മെർലോപോണ്ടിയും ഒരഭിമുഖത്തിൽ നിരീക്ഷിച്ചു.അത് ചിന്താപരമായ ഭിന്നത ആയിരുന്നില്ല.വികാരപരമായിരുന്നു.പ്രത്യേകിച്ചും നോസിയ. ഇരുവരും വ്യത്യസ്ത മാനസിക നിലകളിൽ ലോകത്തെ കണ്ടത്,ഭിന്നമായിട്ടായിരുന്നു.ജീവിത ലക്ഷ്യത്തിലും അവർ ഭിന്നിച്ചു.കോളജ് ദ ഫ്രാൻസിൽ ഫിലോസഫി മേധാവിയായി 1953 ജനുവരി 15 ന് ചെയ്ത പ്രഭാഷണത്തിൽ നമ്മുടെ അനുഭവത്തിലെ അവ്യക്തതകൾ ആകണം ചിന്തകരെ ആകുലരാക്കേണ്ടതെന്ന് മെർലോപോണ്ടി നിരീക്ഷിച്ചു.യുക്തിയും ശാസ്ത്രവും വച്ച് വ്യക്തമായാണ്,അവ്യക്തതകളെ നേരിടേണ്ടത്.

ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ബോംബിട്ടതോടെ.അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ യുദ്ധകാലത്തുണ്ടായിരുന്ന സഖ്യം പൊട്ടിത്തകർന്നു.ലോകം മൂന്നാം ലോകയുദ്ധത്തിൽ ഇല്ലാതാകും എന്ന ചിന്ത നിലനിൽക്കെ പടിഞ്ഞാറൻ യൂറോപ്പിൽ പലരും സോവിയറ്റ് യൂണിയനിൽ പ്രതീക്ഷ അർപ്പിച്ചു.അവിടെ നിന്നാകട്ടെ,ഉന്മൂലന ക്യാമ്പുകളുടെ കഥകൾ വന്നു.എന്നിട്ടും അമേരിക്കയുടെ ചൂഷണ ലോകത്തെക്കാൾ നല്ലത് സോവിയറ്റ് യൂണിയൻ എന്ന് കരുതിയ കൂട്ടത്തിലായിരുന്നു,സാർത്ര്.അമേരിക്ക കമ്മ്യൂണിസത്തെ അടിച്ചമർത്തിക്കൊണ്ടിരുന്നു.
സാര്‍ത്ര്, ക്രൂരമായ കൊലകള്‍ നടന്നിട്ടും സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനൊപ്പം നിന്നു. ഇക്കാലത്ത്, സാര്‍ത്രിനോട് മെര്‍ലോപോണ്ടി ചോദിച്ചു:

 300 പേരെയും 3000 പേരെയും കൊല്ലുന്ന രണ്ടു സംഭവങ്ങളുണ്ടെങ്കില്‍, താങ്കള്‍ ഏതിന്റെ കൂടെ നില്‍ക്കും? എന്തു വ്യത്യാസമാണ്, തത്വചിന്താപരമായി ഇതിലുള്ളത്? 

സാർത്ര്  പറഞ്ഞു:

''കണക്കിലെ വ്യത്യാസമുണ്ട്. തത്വചിന്താപരമായി, വ്യത്യാസമൊന്നുമില്ല. ഒരു വ്യക്തി സ്വന്തം നിലയ്ക്കുതന്നെ അനന്ത പ്രപഞ്ചമാണ്. ഒരു അനന്തതയെ മറ്റൊരു അനന്തതയുമായി താരതമ്യം ചെയ്യാനാവില്ല. രണ്ടു സംഭവങ്ങളിലും കണക്കാക്കാനാകാത്തതാണ്, ജീവിത നഷ്ടം.''

 സാര്‍ത്ര്, ഭരണകൂടത്തലവന്മാരുടെ കാഴ്ചപ്പാടു സ്വീകരിക്കുന്നതിനു പകരം, തത്വചിന്തകനെപ്പോലെ, മാത്രം സംസാരിക്കുന്നതായി അന്ന് കമ്യൂണിസ്റ്റ് പക്ഷപാതിയായ മെര്‍ലോപോണ്ടിക്കു തോന്നി. 
1940 ല്‍ പുറത്തുവന്ന ആർതർ കോയ്സ്ലറുടെ നട്ടുച്ചയ്ക്കിരുട്ട് എന്ന  നോവല്‍, അച്യുതാനന്ദനെപ്പോലെ അവസാനത്തെ ബോള്‍ഷെവിക്കായ, സ്റ്റാലിന്റെ സൈദ്ധാന്തികന്‍ നിക്കൊളായ് ബുഖാറിനെ, 1938 ല്‍ സ്റ്റാലിന്‍ തന്നെ മഹാശുദ്ധീകരണത്തില്‍ കൊന്നതിന്റെ കഥയാണ്. ഒരു വ്യാജ കുറ്റസമ്മതത്തില്‍ ഒപ്പിട്ട്, പാര്‍ട്ടിക്കൂറുള്ള ഒരാള്‍, 'ഭരണകൂടത്തിന്റെ നന്മ'യ്ക്കായി, സ്വയം മരണത്തിലേക്ക് പോകുന്ന സാങ്കല്‍പിക കഥയാക്കി, കോയ്സ്ലര്‍ അതിനെ മാറ്റി. ഒരു കമ്യൂണിസ്റ്റിന് പാര്‍ട്ടിയെയും ഭരണകൂടത്തെയും പ്രതിരോധിച്ച് എത്രവരെ മുന്നോട്ടുപോകാം എന്ന ചോദ്യം കോയ്സ്ലര്‍ ഉന്നയിച്ചു. 'യോഗിയും കൊമ്മിസ്സാറും' എന്ന ലേഖനത്തില്‍ ഇത്തരം ചോദ്യങ്ങള്‍ പിന്നെയും അദ്ദേഹം ഉയര്‍ത്തി. വിദൂരമായ ഒരാദര്‍ശത്തിനുവേണ്ടി നിലകൊള്ളുന്ന കൊമ്മിസ്സാറാണോ, വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ കാണുന്ന യോഗിയാണോ ശരി? പാശ്ചാത്യലോകത്തും തിന്മകളില്ലേ എന്ന മറുചോദ്യം, മെര്‍ലോ-പോണ്ടി, താനും സാര്‍ത്രും ചേര്‍ന്നു നടത്തുന്ന 'ലെ ടെംപസ് മൊഡേണെ' മാസികയില്‍, 'യോഗിയും തൊഴിലാളിയും' എന്ന ലേഖനത്തില്‍ ഉയര്‍ത്തി. കോയ്സ്ലര്‍ അതിനെ അവഗണിച്ചു
പക്ഷേ, കമ്യു രോഷാകുലനായി. ബോറിസ് വിയാന്റെ സായാഹ്ന വിരുന്നില്‍, മെര്‍ലോ-പോണ്ടിയെ കമ്യു ചീത്തവിളിച്ച് പുറത്തേക്കുപോയി. സാര്‍ത്ര് പിന്നാലെ ഓടി. സാര്‍ത്രും കമ്യുവും കുറെനാള്‍ മിണ്ടാതായി.കാമുവിനേക്കാൾ ഭേദമാണ് തങ്ങളെന്ന് മൂവരും കരുതി.

1949 ഓഗസ്റ്റ് 29 ന് സോവിയറ്റ് യൂണിയൻ ആറ്റം ബോംബ് പൊട്ടിക്കുകയും ഉത്തര കൊറിയ ദക്ഷിണ കൊറിയയെ ആക്രമിക്കുകയും ചെയ്തതോടെ നില വഷളായി.ചൈനയും സോവിയറ്റ് യൂണിയനും ഉത്തര കൊറിയയെയും അമേരിക്ക ദക്ഷിണ കൊറിയയെയും തുണച്ചപ്പോൾ ഫ്രാൻസിൽ യുദ്ധ ഭീതി പരന്നു.സോവിയറ്റ് യൂണിയൻ ഫ്രാൻസിനെ ആക്രമിച്ചു കീഴടക്കുമെന്ന സംശയം ശക്തമായി.ചാഞ്ചാട്ടം കാട്ടിയ സാർത്രിനെ  റഷ്യ, പേനയേന്തിയ കഴുതപ്പുലി എന്ന് വിളിച്ചു.1948 ഏപ്രിലിൽ Dirty Hands എന്ന നാടകത്തിൽ സാർത്ര് സോവിയറ്റ് യൂണിയൻറെ ആക്രമണ പ്രവണത ച്ത്രീകരിച്ചപ്പോൾ,സോവിയറ്റ് സാംസ്‌കാരിക കമ്മിസാർ അലക്സാണ്ടർ ഫദായേവ് ആണ് അങ്ങനെ വിളിച്ചത്.

മെർലോപോണ്ടി സോവിയറ്റ് യൂണിയനൊപ്പം നിന്നു -കുട്ടിയെപ്പോലെ ഒന്നും സംഭവിക്കാത്ത മട്ടിൽ എന്ന് പിന്നീട് സാർത്ര് ഓർമിച്ചു.ആക്രമണം വന്നാൽ ന്യൂയോർക്കിൽ പോയി എലിവേറ്റർ ബോയ് ആകുമെന്ന് മെർലോപോണ്ടി തമാശ പറഞ്ഞു.സെയിന്റ് റാഫേലിൽ അവധി ആഘോഷിക്കുന്നതിനിടയിൽ ആകസ്മികമായി കണ്ട ഇരുവരും ഭാവി ചർച്ച ചെയ്തു.കൊറിയൻ പ്രശ്നത്തിൽ മാസിക നയം സ്വീകരിക്കണമെന്ന് സാർത്ര് പറഞ്ഞത്,മെർലോപോണ്ടി അംഗീകരിച്ചില്ല.
വിയോജിപ്പ് എഡിറ്റോറിയൽ നയത്തിനപ്പുറമായിരുന്നു.കമ്മ്യൂണിസത്തിൽ ഒരാളുടെ വിശ്വാസം ഏതറ്റം വരെ കൊണ്ടു പോകാം എന്നതായിരുന്നു,പ്രശ്‍നം.ഉത്തര കൊറിയ എന്ന കമ്മ്യുണിസ്റ്റ് രാഷ്ട്രം ദക്ഷിണ കൊറിയയെ ആക്രമിച്ചത് ശരിയായില്ലെന്ന് മെർലോപോണ്ടിക്ക് തോന്നി.മുതലാളിത്തലോകത്തെ പോലെ ആർത്തിയുള്ളതാണ്,കമ്മ്യൂണിസ്റ്റ് ലോകവും.പ്രത്യയ ശാസ്ത്രം മൂടുപടം മാത്രമാണ്.സോവിയറ്റ് ഉന്മൂലന ക്യാമ്പുകളും മെർലോപോണ്ടിയെ അസ്വസ്ഥനാക്കി.

കാമുവിൻറെ റിബലിന് എതിരെ മാസിക ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ,കാമു സാർത്രിന് 17 പേജ് കത്തെഴുതി.ഫ്രാൻസിസ് ജിൻസൺ എന്ന സഹപ്രവർത്തകനെ കൊണ്ടാണ് സാർത്ര് കാമുവിന് എതിരെ എഴുതിച്ചത്.1953 ൽ സഹ എഡിറ്ററായ മെർലോപോണ്ടിയെ കാണിക്കാതെ സാർത്ര്,Communists and Peace എന്ന പ്രബന്ധത്തിൻറെ ആദ്യ ഭാഗം മാസികയിൽ പ്രസിദ്ധീകരിച്ചു.മര്യാദകേട് ആണെന്നറിഞ്ഞാണ് സാർത്ര് അത് ചെയ്തത്.കാണിച്ചിരുന്നെങ്കിൽ മെർലോപോണ്ടി കത്രിക വച്ചേനെ.മെർലോപോണ്ടി കാമുവിൻറെ പക്ഷത്തേക്ക് മാറിയിരുന്നു.1953 ആദ്യം വരെ ഇരുവരും തമ്മിൽ സംഘർഷം വർധിച്ചു.ജനുവരിയിൽ കോളജ് ദ് ഫ്രാൻസിൽ മെർലോപോണ്ടി മേധാവിയായ ചടങ്ങിൽ പങ്കെടുത്ത സാർത്ര്,ചെറു പ്രസംഗത്തിൽ,അദ്ദേഹത്തെ അഭിനന്ദിച്ചില്ല.പൊതു പ്രശ്നങ്ങളിൽ ചിന്തകർ ജാഗ്രത പുലർത്തണമെന്നും അവ്യക്തത ഒഴിവാക്കണമെന്നും മെർലോപോണ്ടി പ്രസംഗത്തിൽ പറഞ്ഞത് സാർത്രിനെ ലക്ഷ്യമാക്കി ആയിരുന്നു.കാര്യങ്ങൾ മെർലോപോണ്ടി ചെറിയ തോതിൽ അട്ടിമറിക്കുമെന്ന് താൻ കരുതുന്നതായി നീരസത്തോടെ സാർത്ര് പരിഹസിച്ചു.സന്ധിക്കായി സാർത്ര് റോമിൽ നിന്ന് എഴുതിയെങ്കിലും,മെർലോപോണ്ടിയുടെ മനസ്സ് മാറിയില്ല.മാസികയുടെ ജോലി ഏതാണ്ട് പൂർണമായും ചെയ്തിരുന്ന മെർലോപോണ്ടി എഡിറ്റോറിയൽ യോഗങ്ങളിൽ വൈകി.ഒരു സോവിയറ്റ് അനുകൂല ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ,അത് മാസികയുടെ നയമല്ല എന്ന് ആമുഖമായി മെർലോപോണ്ടി എഴുതിയത്,സാർത്ര് വെട്ടിയതോടെ,അവസാന ആണിയായി.ഫോണിൽ രണ്ടു മണിക്കൂർ തർക്കിച്ച ശേഷം,മെർലോപോണ്ടി കുടുംബത്തോട് പറഞ്ഞു:"അത് അവസാനിച്ചു."
ഈ വിച്ഛേദത്തിൻറെ ആഘാതം ചെറുതാക്കി,മെർലോപോണ്ടിയുടെ അമ്മ മരിച്ചു.

1955 ൽ Adventures of the Dialectic എഴുതി,മാർക്‌സിയൻ  പ്രത്യയ ശാസ്ത്രത്തിൽ നിന്ന് തന്നെ മെർലോപോണ്ടി സ്വയം  വിച്ഛേദിച്ചു.ജോർജ് ലൂക്കാച്ച് തുടങ്ങിയ മാർക്സിസ്റ്റ് സൈദ്ധാന്തികരെ പിച്ചിക്കീറുന്നതാണ്,പുസ്തകം.അതിൽ Sartre and Ultrabolshevism എന്ന നീണ്ട പ്രബന്ധത്തിൽ,സാർത്രിന്റെ പൊള്ളത്തരവും വിവരിക്കുന്നു.സാർത്രിന്റെ ചിന്തയ്ക്ക് നൈരന്തര്യമില്ല,പ്രായോഗികതയും.മെർലോപോണ്ടിയെ ആക്രമിച്ച് ബുവ്വ രംഗത്ത് വന്നു.പാർട്ടി തന്നെ നടത്തിയ ആക്രമണത്തിന് മുന്നിൽ ഇത് നിസ്സാരമായിരുന്നു.
മാർക്സിസത്തിൻറെ അവശേഷിക്കുന്ന തുരുത്തായ കേരളത്തിൽ മെർലോപോണ്ടി അറിയപ്പെടാത്തതിൽ അദ്‌ഭുതമില്ല.

















FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...