Monday, 29 July 2019

ഒരു റഷ്യൻ യക്ഷിക്കഥ 11

11.ബുഖാറിനെ കൊല്ലുന്നു 

പ്രാഗിൽ 1912 ൽ നടന്ന ബോൾഷെവിക്കുകളുടെ സമ്മേളനത്തിന് ശേഷം,ഓസ്ട്രിയയുടെ നുകത്തിൻ കീഴിലായിരുന്ന പോളണ്ടിലെ ക്രാക്കോയിലാണ്,ലെനിൻ, നിക്കോളായ് ബുഖാറിനെ ആദ്യമായി കണ്ടത്.
മെൻഷെവിക്കുകളെ പുറത്താക്കിയ ലെനിൻ,പൂതിയ കേന്ദ്ര കമ്മിറ്റിയെ പ്രാഗിൽ തിരഞ്ഞെടുത്തു.ലെനിൻ,സിനോവീവ്,ഗ്രിഗറി ഓഴ്ദ്യോനികിഡ്‌സേ,ഡേവിഡ് ഷ്വാർസ്‌ മാൻ,എഫ് ഐ ഗോളോഷെച്കിൻ,സുരേൻ സ്‌പന്ദര്യൻ,റോമൻ മലിനോവ്‌സ്‌കി എന്നിവരായിരുന്നു,അംഗങ്ങൾ.ഓഴ്ദ്യോനികിഡ്‌സേ,ലോങ് ജുമോ സ്‌കൂളിൽ ലെനിൻറെ ശിഷ്യനായിരുന്നു.ഷ്വാർസ്‌ മാൻ കീവിൽ നിന്ന്,സ്പന്ദര്യൻ,ഓർദിനെപ്പോലെ,തീവ്ര ബക്കു കമ്മിറ്റി അംഗം.ഗോളോഷെച് കിൻ യുറാൾ മേഖലയിൽ പിന്നീട് സൈനിക കമ്മിസാർ ആയി.സാർ ചക്രവർത്തി കുടുംബത്തിൻറെ കൂട്ടക്കൊലയിൽ പങ്കെടുത്തു.മലിനോവ്‌സ്‌കിക്ക് എതിരെ ഒരു ബലാൽസംഗ കേസും മൂന്ന് കൊള്ളക്കേസുകളും ഉണ്ടായിരുന്നു.രേഖകൾ മുക്കി;മൂന്നു കൊല്ലം തടവിലായിരുന്നു.
പ്ലഖനോവിനെ വിളിച്ചെങ്കിലും,ക്ഷണം നിരസിച്ച് എഴുതിയ കത്തിൽ അദ്ദേഹം പറഞ്ഞു:
സമ്മേളന പ്രതിനിധികൾ ഒരേ പോലെ വോട്ട് ചെയ്യും വിധമാണ് ഒരുക്കങ്ങൾ.അതിനാൽ,പാർട്ടി ഐക്യത്തിനായി ഞാൻ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത്.
അങ്ങനെ,സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാപകരായ പ്ലഖനോവ്,ആക്സൽറോഡ്,മാർട്ടോവ്,ചകിഡ്‌സേ,ട്രോട് സ്‌കി എന്നിവരുടെ അസാന്നിധ്യത്തിലായിരുന്നു,സമ്മേളനം.ലെനിനും സിനോവീവും മലിനോവ്‌സ്‌കിയും പുത്തൻ ത്രിമൂർത്തികളായി.സായുധ കലാപത്തിന് ലെനിൻ ആഹ്വാനം ചെയ്‌തു.ബാൾട്ടിക് കപ്പൽ വ്യൂഹവുമായി ബന്ധപ്പെട്ടു.പീരങ്കികളും വെടിമരുന്നുo കടത്തി.റഷ്യയെ വളയാൻ സമയമായി.പാരീസ് വിട്ട് ലെനിൻ ക്രാക്കോയിൽ താമസിച്ചു.
ബുഖാറിൻ 
ഒരു നാൾ ബുഖാറിൻ ചുമലിൽ കനത്ത സഞ്ചിയുമായി ലെനിൻറെ വീട്ടിൽ എത്തി.കൊലുന്നനെയുള്ള ബുഖാറിൻ സന്തുഷ്ടനായിരുന്നു.25 വയസ്.എട്ടു കൊല്ലം വിപ്ലവകാരി ആയിരുന്നു.ലെനിനെപ്പോലെ,വിശാലമായ നെറ്റി,നേർത്ത മുടിയിഴകൾ,ഇത്തിരി മുകളിലേക്ക് ഉയർന്ന മൂക്ക്.അസാധാരണമായ ആഹ്ളാദവും തീക്ഷ്‌ണമായ കാഴ്ചപ്പാടും അയാളിൽ കണ്ടു.അഞ്ചാറ് ഭാഷകളിലെ പുസ്തകങ്ങൾ അയാൾ ഭക്ഷിച്ചു.ചുമൽ സഞ്ചിയിൽ ജർമൻ ചിത്രങ്ങളുടെ പകർപ്പുകൾ ആയിരുന്നു.കാൽപനിക ചിത്രകാരൻ ആർനോൾഡ് ബോക്‌ലിൻ വരച്ചത്.
വേഷം അയാൾ കാര്യമാക്കിയില്ല.ഭിന്നതകളിൽ ഊന്നിയതായിരുന്നു,ലെനിനും അയാളും തമ്മിലുള്ള ബന്ധം.
ന്യൂയോർക്കിൽ നേരത്തെ ബുഖാറിനെ കണ്ട ട്രോട് സ്‌കിക്ക് അയാളെ ഇഷ്ടമായിരുന്നില്ല.മറ്റുള്ളവരുടെ വാക്കുകളും ആശയങ്ങളും പകർത്തുന്ന ഒരു മാധ്യമം എന്ന് അയാൾ ബുഖാറിനെ പരിഹസിച്ചു.നീണ്ട യാത്രയ്ക്ക് ശേഷം എത്തിയ തന്നെ പബ്ലിക് ലൈബ്രറിയിലേക്ക് വലിച്ചിഴച്ചതിൽ കുപിതനായിരുന്നു,ട്രോട് സ്‌കി.

ലെനിൻ കാൺകെ,സ്റ്റാലിന്റെ സൈദ്ധാന്തികനായി,ബുഖാറിൻ.
ജോർജിയൻ നഗരമായ ഗോറിയിൽ 1879 ഡിസംബർ ഒൻപതിന് ജനിച്ച സ്റ്റാലിന്റെ ശരിപ്പേർ ജോസഫ് വിസാരിയോവിച് യുഗാഷ് വിലി എന്നായിരുന്നു.പ്രവദ പത്രം പിടിച്ച ശേഷം സ്വീകരിച്ച തൂലികാനാമമാണ്,ഉരുക്ക് എന്ന് അർത്ഥമുള്ള സ്റ്റാലിൻ.ചെരുപ്പുകുത്തി ആയ പിതാവ് വിസാരിയോൺ മദ്യപാനി ആയിരുന്നു.അമ്മ പഠിച്ചിരുന്നില്ല.ടിഫിസിലെ ഷൂ ഫാക്റ്ററിയിൽ പണിക്ക് ചേർന്ന വിസാരിയോൺ 1890 ൽ മരിച്ചു.ഗോറിയിലെ ഇടവക സ്‌കൂളിൽ അഞ്ചു വർഷം പഠിച്ച സ്റ്റാലിന് 1894 ൽ ടിഫിസിലെ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ പ്രവേശനം കിട്ടി.സ്റ്റാലിന്റെ സാഹചര്യത്തിൽ കോക്കസസിൽ ഉപരിപഠനത്തിന് ചേരാവുന്ന ഏക സ്ഥാപനം.റഷ്യയിൽ നിന്ന് നാടുകടത്തിയ വിപ്ലവകാരികൾ സെമിനാരിയിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ പരത്തിയിരുന്നു.സ്റ്റാലിൻ ഒരു സോഷ്യലിസ്റ്റ് ഗ്രൂപ്പിൽ ചേർന്നു.ദൈവശാസ്ത്രത്തിൽ എന്തെങ്കിലും താൽപര്യം ഉണ്ടായിരുന്നു എങ്കിൽ അത് നശിച്ചു.1899 വസന്തത്തിൽ പരീക്ഷ എഴുതാത്തതിന് പുറത്താക്കപ്പെട്ടു.സ്റ്റാലിന്റെ രചനകളിൽ ബൈബിൾ സ്വാധീനവും സുവിശേഷ ശൈലിയും കാണാം.ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും എം വി രാഘവനെപ്പോലെ ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയുന്ന ശൈലി ആയിരുന്നു.ലേഖനത്തിൽ ഓരോ ആശയത്തിനും അക്കം ഇട്ടു.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നിലവിൽ വന്നിരുന്നില്ല.1899 -900 ൽ ടിഫിസ് ഭൗമ നിരീക്ഷണ കേന്ദ്രത്തിൽ ക്ളർക് ആയ ശേഷം അത് വിട്ട് രാഷ്ട്രീയക്കാരനായി.1901 മുതൽ ജോർജിയയിലെ നിയമവിരുദ്ധ സോഷ്യലിസ്റ്റ് പത്രമായ ബ്രിഡ്‌സോല ( പോരാട്ടം ) യിൽ ലേഖനങ്ങൾ എഴുതി.ആ വർഷം ഒടുവിൽ പാർട്ടി സംഘാടക സമിതി അംഗമായി.1902 ഏപ്രിലിൽ തൊഴിലാളി പ്രകടനം സംഘടിപ്പിച്ചതിന് അറസ്റ്റ്.സൈബീരിയയിലേക്ക് നാട് കടത്തി.രക്ഷപ്പെട്ട് 1904 ൽ കോക്കസസിൽ എത്തി.സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി തലേ വർഷം പിളർന്നിരുന്നു.സ്റ്റാലിൻ ബോൾഷെവിക് ചേരിയിൽ നിന്നു.റഷ്യയിലെത്താൻ പിന്നെയും സമയം എടുത്തു .1906 ഏപ്രിലിൽ സ്റ്റോക് ഹോമിൽ നടന്ന ഐക്യ കോൺഗ്രസിൽ പങ്കെടുത്ത ഏക ബോൾഷെവിക്.1912 വരെ കോക്കസസിൽ തന്നെ നിന്നു.
ലെനിനെ ആദ്യം കണ്ടത്,1905 ൽ ടമാർ ഫോഴ്സിൽ നടന്ന പാർട്ടി യോഗത്തിൽ.1906 -07 ൽ പാർട്ടിക്ക് പണമുണ്ടാക്കാൻ ബാങ്കുകൾ കൊള്ള ചെയ്‌തു.അതിന് ശേഷം ഏതാനും വർഷം അയാൾ സാർ ഭരണ കൂടത്തിൻറെ ചാര സംഘടനയായ ഓഖ്‌റാനയിൽ ഉണ്ടായിരുന്നതായി സോവിയറ്റ് ചാര മേധാവി അലക്‌സാണ്ടർ ഓർലോവ്,സ്റ്റാലിന്റെ മരണശേഷം വെളിപ്പെടുത്തി.
സ്റ്റാലിൻ,ബുഖാറിൻ,ഓർദ്ഴോനികിഡ്‌സേ,1929 
1913 മുതൽ നാലു വർഷം തടവിൽ ആയിരുന്നു സ്റ്റാലിൻ.ലെനിൻറെ ഭൗതിക വാദവും അനുഭവ ജ്ഞാനവാദവും ( Materialism and Empiricism ) എന്ന പ്രബന്ധത്തെ വിമർശിച്ചിരുന്നു.1912 ജനുവരിയിൽ പ്രാഗിൽ ലെനിൻ സർവ ബോൾഷെവിക് സമ്മേളനം വിളിച്ച് മെൻഷെവിക്കുകളെ പുറത്താക്കി.വോളോഗ് ദയിൽ ശിക്ഷ അനുഭവിച്ചിരുന്ന സ്റ്റാലിനെ ലെനിൻറെ നിർദേശപ്രകാരം പിന്നീട് സി സി യിൽ എടുത്തു.സ്റ്റാലിൻ എന്ന പേര് റഷ്യയിൽ എത്തി.വോളോഗ് ദയിൽ നിന്ന് രക്ഷപ്പെട്ട സ്റ്റാലിനെ വീണ്ടും അറസ്റ്റ് ചെയ്‌ത്‌ നാട് കടത്തി.പിന്നെയും തടവ് ചാടി ക്രാക്കോയിൽ ലെനിനെ കണ്ടു.റഷ്യയിൽ എത്തി സ്റ്റാലിൻ ഡിസംബറിൽ വിയന്നയിൽ ആറാഴ്ച ചെലവിട്ടു.ലെനിന് വേണ്ടി മാർക്‌സിസവും ദേശീയ പ്രശ്നവും എന്ന പൊള്ളയായ ലേഖനം എഴുതി.അത് ഓസ്ട്രിയൻ മാർക്സിസ്റ്റുകൾ ആയ റുഡോൾഫ് സ്പ്രിംഗർ,ബ്രൂണോ ബോയർ എന്നിവർക്ക് എതിരായിരുന്നു.സ്റ്റാലിന് റഷ്യൻ,ജോർജിയൻ ഭാഷകൾ മാത്രമാണ് വശം എന്നതിനാൽ അന്ന് വിയന്നയിൽ ഉണ്ടായിരുന്ന റഷ്യൻ സൈദ്ധാന്തികൻ ബുഖാറിൻ ആ സൈദ്ധാന്തികരുടെ ഉദ്ധരണികൾ സംഘടിപ്പിച്ചു കൊടുത്തതാകാമെന്ന് സംശയമുണ്ട്.1913 ൽ തടവിലായ സ്റ്റാലിൻ അത്തവണ മാത്രം തടവ് ചാടിയില്ല,1917 മാർച്ചിൽ പെട്രോഗ്രാഡിൽ എത്തി ലെനിൻറെ അസാന്നിധ്യത്തിൽ പാർട്ടി കൈയിൽ എടുത്തു.കാമനെവിനൊപ്പം പ്രവദ യുടെ പത്രാധിപരായി.കെറൻസ്കിയുടെ താൽക്കാലിക ഭരണകൂടത്തോട് ചായ്‌വ് കാട്ടി.സ്വിറ്റ്‌സർലൻഡിൽ നിന്നയയ്ക്കുന്ന ലേഖനങ്ങൾ തിരുത്തി ദുര്ബലമാക്കിയതിന്,മടങ്ങി എത്തിയ ലെനിൻ സ്റ്റാലിനെ ശാസിച്ചു.ഒക്ടോബർ അട്ടിമറി ആകുമ്പോഴേക്കും സ്റ്റാലിൻ മുഖ്യ നേതാക്കളിൽ ഒരാളായി.ട്രോട് സ്‌കി ജൂലൈയിൽ മാത്രമാണ് ബോൾഷെവിക് ആയത്.ലെനിൻറെ ആദ്യ ഭരണകൂട കാലത്ത്,സ്റ്റാലിൻ ദേശീയതയുടെ കമ്മിസാർ ആയി.1919 ൽ തൊഴിലാളി കർഷക ഇൻസ്പെക്ടറേറ്റ് കമ്മിസാർ.ഈ പദവി തൊഴിലാളികളെ കൈയിൽ ഒതുക്കാൻ സഹായിച്ചു.
സിനോവീവ് 
ലഭ്യമായ രേഖകൾ വച്ച്,ഒക്ടോബർ അട്ടിമറിക്ക് മുൻപേ സ്റ്റാലിനെ പാർട്ടിക്കാർ മനോരോഗി ആയി കണ്ടിരുന്നു.ബോൾഷെവിക്ക് കാരണവന്മാരെ കൂട്ടക്കൊല ചെയ്യും വരെ ആരും അയാളെ സൈദ്ധാന്തികനായി കണ്ടില്ല.അയാൾ വ്യക്തി പൂജ പ്രോത്സാഹിപ്പിച്ചപ്പോൾ ഏതു കീറക്കടലാസും അമൂല്യ രേഖയായി.
ലെനിൻറെ പ്രതിസന്ധികളിൽ സ്റ്റാലിൻ അവസാനത്തിന് മുൻപ് വരെ ഒപ്പം നിന്നു.സ്റ്റാലിൻ ബുദ്ധിജീവി അല്ലാത്തതിൽ ലെനിന് അതൃപ്തി ഉണ്ടായിരുന്നു.ഭീകര സത്വത്തെയാണ് പ്രതിഷ്ഠിച്ചതെന്ന് ലെനിൻ അറിഞ്ഞപ്പോൾ വൈകിപ്പോയി.
ലെനിൻറെ ഒസ്യത്ത് ശത്രുക്കൾ സ്റ്റാലിന് എതിരെ ഉപയോഗിച്ചപ്പോൾ സ്റ്റാലിൻ ചോദിച്ചു:
"ശരിയാണ്,ലെനിൻ ഞാൻ ക്രൂരൻ എന്ന് കുറ്റപ്പെടുത്തി.വിപ്ലവത്തിൻറെ കാര്യത്തിൽ ഞാൻ ക്രൂരനാണ്.വിപ്ലവം തെറ്റായിരുന്നു എന്ന് ലെനിൻ പറഞ്ഞോ?"
പാർട്ടി ജനറൽ സെക്രട്ടറി ആയി സ്റ്റാലിനെ ലെനിൻ സ്വന്തം ഇഷ്ടപ്രകാരമാണ് 1922 ഏപ്രിലിൽ നിർദേശിച്ചത്.ആ പദവി പാർട്ടിയിൽ ആദ്യമായിരുന്നു.ആരും എതിർത്തില്ല.ലെനിൻറെ അവകാശി എന്ന അർത്ഥം ആരും അന്ന് കൽപിച്ചില്ലെന്ന് ട്രോട് സ്‌കി പിൽക്കാലത്തു പറഞ്ഞു.പദവി വച്ച് സ്റ്റാലിൻ താക്കോൽ സ്ഥാനങ്ങളിൽ ഏറാൻ മൂളികളെ തിരുകിക്കയറ്റി.മിർ സയ്യിദ് സുൽത്താൻ ഗലിയേവിനെ സ്റ്റാലിൻ ഉന്മൂലനം ചെയ്‌തത്‌,കേരളത്തിലെ മുസ്ലിംകളും ശ്രദ്ധിക്കണം.
ഒക്ടോബർ അട്ടിമറിക്ക് ശേഷം ബോൾഷെവിക്കായ അധ്യാപകനായിരുന്നു ഗലിയേവ്.മാവോയിസത്തിന് മുൻപേ ആ ആശയം പറഞ്ഞയാൾ.ബഷ്‌കീറിൽ  നിന്നുള്ള അദ്ദേഹം പാർട്ടിയിലെ ഏക മുസ്ലിം ബുദ്ധി ജീവി ആയിരുന്നു.സോവിയറ്റ് ഭരണകൂടം മുസ്ലിം പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെന്നദ്ദേഹം പരാതിപ്പെട്ടു.റഷ്യയിൽ ഭരണം പിടിച്ച നഗർ തൊഴിലാളി,യൂറോപ്യൻ ബൂർഷ്വയെ പോലെയാണ്.ഗലിയേവ് ഒരു മുസ്ലിം പാർട്ടി ഉണ്ടാക്കാൻ ശ്രമിച്ചു.സ്വതന്ത്ര രാജ്യവും ആഗ്രഹിച്ചു.1923 ൽ ഗലിയേവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.വിദേശ ചാരനെന്ന് മുദ്ര കുത്തി തടവിലിട്ടു.പ്രധാന പാർട്ടി നേതാവിനെതിരെ ഈ കുറ്റം ആദ്യമായിരുന്നു.ശുദ്ധീകരണ കാലത്ത് അദ്ദേഹത്തെ കൊന്നു.
സുൽത്താൻ ഗലിയേവ് 
ഗലിയേവിനെതിരായ നടപടി ലെനിൻ മരിക്കുന്നതിന് ഒരു വർഷം മുൻപാണ്.1921 ലെ പത്താം പാർട്ടി കോൺഗ്രസ് പാർട്ടിക്ക് അകത്തെ ചെറിയ ഗ്രൂപ്പുകളെ നിരോധിച്ചു.പാർട്ടി അംഗങ്ങളെ പുറത്താക്കാൻ സി സി ക്ക് അനുമതി നൽകി.ലെനിൻ,ട്രോട് സ്‌കി,സ്റ്റാലിൻ,സിനോവീവ്,കാമനെവ് എന്നിവരടങ്ങിയ സംഘം വിമത സ്വരങ്ങളെ അടിച്ചമർത്തി.1922 -23 ൽ പാർട്ടിക്ക് അകത്ത് നിരവധി കലാപങ്ങൾ ഉണ്ടായെങ്കിലും സ്റ്റാലിൻ ഉരുക്കുമുഷ്ടി പ്രയോഗിച്ചു.രോഗിയായ ലെനിന് വിവരങ്ങൾ കിട്ടാനുള്ള പഴുതുകൾ അടച്ചു.സിനോവീവ്,കാമനെവ് എന്നിവരുടെ സഹായത്തോടെ ട്രോട് സ്‌കിയെ ഒതുക്കി,പാർട്ടി പിടിച്ചു.സിനോവീവിനെയും സ്റ്റാലിൻ പുറത്താക്കി.ഇരുവരും സ്റ്റാലിനെ ഉന്നം വച്ചപ്പോൾ സിനോവീവ് ട്രോട് സ്‌കിക്ക്‌ എതിരെ മുൻപ് ഉന്നയിച്ച കുറ്റങ്ങൾ സ്റ്റാലിൻ ആയുധമാക്കി.ട്രോട് സ്‌കിയുടെ സുസ്ഥിര വിപ്ലവ ത്തിന് എതിരെ സ്റ്റാലിൻ ഒരു രാജ്യത്തെ സോഷ്യലിസം കൊണ്ട് വന്നു.
കാമനെവ് 
1921 ലെ പുത്തൻ സാമ്പത്തിക നയം ബുഖാറിനെ സൈദ്ധാന്തികൻ എന്ന നിലയിൽ പ്രസിദ്ധനാക്കി.1927 ൽ സിനോവീവും കാമനെവും പുറത്തായപ്പോൾ,സ്റ്റാലിൻ കഴിഞ്ഞാൽ അടുത്ത ആളായി ബുഖാറിൻ.
നിക്കോളായ് ഇവാനോവിച് ബുഖാറിൻ ( 1888 -1938 ) 1905 ലെ വിപ്ലവത്തിന് ശേഷമാണ് പ്രസ്ഥാനത്തിൽ എത്തിയത്.മോസ്‌കോയിൽ ജനിച്ചു വളർന്നു.മാതാപിതാക്കൾ അധ്യാപകർ ആയിരുന്നു.18 വയസിൽ പാർട്ടിയിൽ ചേർന്നു.1907 ൽ ഇക്കണോമിക്സ് പഠിക്കാൻ ചേർന്നു.പൂർത്തിയാക്കിയില്ല.1910 ൽ നാട് കടത്തി.ആറു കൊല്ലം ജർമനി,ഓസ്ട്രിയ എന്നിവിടങ്ങളിലും സ്കാന്ഡിനേവിയൻ രാജ്യങ്ങളിലും കഴിഞ്ഞു.1914 ൽ The Economic Theory of Leisure Class എഴുതി.1914 ൽ യുദ്ധം വന്നപ്പോൾ അയാളെ വിയന്നയിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്ക് ഓടിച്ചു.ദേശീയ,കർഷക പ്രശ്നങ്ങളിൽ ഇയാളുടെ നിലപാട് തെറ്റാണെന്ന് ലെനിൻ വിമർശിച്ചു.ദേശീയ സ്വയം നിർണയ പ്രശ്‍നം മാർക്സിസ്റ്റ് വിരുദ്ധമാണെന്നും പാർട്ടി കർഷക പിന്തുണ നേടുന്നത് വിഡ്ഢിത്തമാണെന്നും ബുഖാറിൻ സിദ്ധാന്തിച്ചു.പിൽക്കാലത്തു ഇതിന് വിരുദ്ധമായ വ്യതിയാനത്തിന് ബുഖാറിൻ പഴി കേട്ടു.
സ്വിറ്റ്‌സർലൻഡിലും സ്വീഡനിലും ഇരുന്ന് ബുഖാറിൻ Imperialism and World Economy ( 1918 ) എഴുതി.കയ്യെഴുത്തു പ്രതി വായിച്ച ലെനിൻ അത് തൻറെ Imperialism,the Highest Stage of Capitalism എന്ന പ്രബന്ധത്തിന് ഉപയോഗിച്ചു.ഒക്ടോബർ അട്ടിമറിക്ക് ശേഷം തൊഴിലാളി വർഗത്തിന് ഭരണാധികാരം വേണ്ട എന്ന് സിദ്ധാന്തിച്ച ബുഖാറിനെ ലെനിൻ ശകാരിച്ചു-ലെനിൻ ഭരണകൂടവും വിപ്ലവവും എന്ന പുസ്തകത്തിൽ പ്രകടിപ്പിച്ച ഉട്ടോപ്യൻ ആശയം ആവർത്തിക്കുകയായിരുന്നു,ബുഖാറിൻ.ലെനിൻറെ ഏപ്രിൽ സിദ്ധാന്തങ്ങൾക്ക് ബുഖാറിൻ പിന്തുണ നൽകി.അട്ടിമറിക്ക് ശേഷം പ്രവദ പത്രാധിപരായി.1929 വരെ ആ സ്ഥാനത്ത് തുടർന്നു.പടിഞ്ഞാറൻ ലോകത്തിന് തീ കൊളുത്തിയാലേ റഷ്യൻ വിപ്ലവം നിലനിൽക്കൂ എന്ന പൊതു ബോൾഷെവിക് സമീപനം പങ്കിട്ട ബുഖാറിൻ,ജര്മനിയുമായി സമാധാനം എന്ന ലെനിൻ ലൈൻ നിരാകരിച്ചു.1918 ആദ്യം ബുഖാറിൻ ഇടത് ചേരിക്ക് ഒപ്പമായിരുന്നു.സമാധാനം പുനഃസ്ഥാപിച്ച ശേഷം ലെനിനൊപ്പം നിന്നു.ചരിത്രപരമായ ഭൗതിക വാദം,കമ്മ്യൂണിസത്തിൻറെ എ ബി സി എന്നിവ അയാളുടെ നില ഉയർത്തി.ട്രോട് സ്‌കി,സിനോവീവ്,കാമനെവ്‌ എന്നിവർ പിളർപ്പന്മാരാണെന്ന് അയാൾ മുദ്ര കുത്തി.തൊഴിലാളി വർഗ സർവാധിപത്യം എന്നാൽ ഒറ്റ കക്ഷി,അതിൽ ഗ്രൂപ്പുകൾക്ക് സ്ഥാനമില്ല.1925 ഡിസംബറിൽ 14 -o കോൺഗ്രസിൽ സ്റ്റാലിൻ ചോദിച്ചു:
നാം ബോൾഷെവിക്കുകൾക്ക്,ഔപചാരിക ജനാധിപത്യം,പൊള്ളയായ പുറന്തോട് മാത്രമാണെന്നും പാർട്ടി താൽപര്യമാണ് എല്ലാമെല്ലാമെന്നും പ്രതിപക്ഷത്തിന് അറിഞ്ഞു കൂടെ ?*
ലെനിനും ബുഖാറിനും പാർട്ടി ഏകാധിപത്യം എന്ന് പ്രയോഗിച്ചിരുന്നു;സ്റ്റാലിൻ പാർട്ടി നേതൃത്വത്തിൻ കീഴിൽ തൊഴിലാളിവർഗ സർവാധിപത്യം എന്ന് ഉപയോഗിച്ചു.

ഭക്ഷ്യോൽപാദനം താഴേക്ക് പോയ 1927 ൽ കർഷകർക്ക് എതിരെ സ്റ്റാലിൻ കണ്ടുകെട്ടൽ ഭീഷണി മുഴക്കി.കൂട്ടുകൃഷി കളങ്ങൾക്ക് സമയമായെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചു.ഈ നയത്തിനെതിരെ ബുഖാറിൻ,അലക്‌സി റിക്കോവ്,മിഖയിൽ ട്രോംസ്‌കി എന്നിവർ കലാപം ഉയർത്തി.ലെനിന് പിൻഗാമിയായി പ്രധാനമന്ത്രി ആയിരുന്നു റിക്കോവ്.ട്രേഡ് യൂണിയൻ ചുമതക്കാരനായിരുന്നു,ട്രോംസ്കി.ഇവരെ സ്റ്റാലിൻ വലതു പ്രതിപക്ഷമായി മുദ്ര കുത്തി.1929 ആദ്യം ഈ 'ദുഃഖകരമായ സത്യം' സ്റ്റാലിൻ പി ബി യെയും തുടർന്ന് ലോകത്തെയും അറിയിച്ചു.ഈ സമയത്ത് സ്റ്റാലിന്റെ താത്വികൻ എന്ന കുപ്രസിദ്ധി ഉയർത്തിയ പുത്തൻ സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചു:കമ്മ്യൂണിസം മുന്നേറുന്തോറും വർഗ സമരവും ചൂഷകരുടെ പ്രതിരോധവും കൂടുതൽ കൂടുതൽ അക്രമാസക്തമാകും!
അടുത്ത കാൽനൂറ്റാണ്ട് ഈ കണ്ടെത്തൽ ആയിരുന്നു സകല പീഡന ങ്ങൾക്കും ആധാരം.സ്റ്റാലിന്റെ മരണസമയത്ത്,കൂട്ടുകൃഷി തുടങ്ങി കാൽനൂറ്റാണ്ട് കഴിഞ്ഞപ്പോൾ,ആളോഹരി ധാന്യോൽപാദനം 1918 ലെക്കാൾ കുറവായിരുന്നു.
നിര്ബന്ധ കൂട്ടുകൃഷി പദ്ധതി,ട്രോട് സ്‌കി -പ്രോബോഷെൻസ്‌കി സിദ്ധാന്തം,അവരുടെ പേര് മായ്ച്ചു നടപ്പാക്കിയതാണെന്ന് ലൂക്കാച് മുതൽ മെദ് വെദ്യേവ് വരെയുള്ള താത്വികർ പറഞ്ഞിട്ടുണ്ട്.ട്രോട് സ്‌കി ഈ വാദം തള്ളി.കൂട്ടുകൃഷിക്ക് തങ്ങൾ അനുകൂലമായിരുന്നു.നിര്ബന്ധമാക്കുന്നതിനെ എതിർത്തു.
ട്രോട് സ്‌കി 
1926 ശിശിരത്തിൽ ട്രോട് സ്‌കിയെ പി ബി യിൽ നിന്നും ഒരു വർഷത്തിന് ശേഷം പാർട്ടിയിൽ നിന്നും പുറത്താക്കി.1928 ആദ്യം തുർക്കി സർക്കാർ അനുമതിയോടെ അൽമാ അട്ടയിലേക്ക് നാട് കടത്തി.അവിടെയും അയാളെ വേട്ടയാടി.പ്രമുഖ കവി പാബ്ലോ നെരൂദ ട്രോട് സ്‌കിയുടെ ഒറ്റുകാരൻ ആയിരുന്നു എന്ന് പറയപ്പെടുന്നു.മെക്സിക്കോയിൽ ട്രോട് സ്‌കിയെ കൊല്ലാൻ ശ്രമിച്ച ചുവർ ചിത്രകാരൻ ഡേവിഡ് സെക്വേറോസിനെ നെരൂദ ജയിലിൽ കണ്ട് ചിലിയിലേക്ക് വിസ ഏർപ്പാട് ചെയ്‌തു.ഉപകാര സ്‌മരണയായി  കൂറ്റൻ ചിത്രം അയാൾ ചിലിയിൽ വരച്ചു.നെരൂദ മെക്‌സിക്കോയിൽ എത്തി നാലാം ദിവസം,1940 ഓഗസ്റ്റ് 21 ന്  സ്റ്റാലിന്റെ ഏജൻറ് റാമോൺ മെർക്കാദർ,ട്രോട് സ്‌കിയെ മഴു കൊണ്ട് തല്ലിക്കൊന്നു.അതിന് മെക്‌സിക്കൻ പാർട്ടി സഹായം ഉണ്ടായിരുന്നു.**1971 ൽ ഉറുഗ്വേ മാസിക മാർച്ച യ്ക്ക് നൽകിയ അഭിമുഖത്തിൽ,ആരോപണം നിഷേധിച്ചു.സെക്വേറോസിന് വിസ നൽകിയത് മെക്‌സിക്കൻ പ്രസിഡൻറ് ജനറൽ മാനുവൽ കാമചോയുടെ അപേക്ഷ അനുസരിച്ചായിരുന്നു;വിസ നൽകാനുള്ള ന്യായം അയാൾ ചിലിയിൽ ചിത്രം വരയ്ക്കും എന്നുള്ളതായിരുന്നു.ആരോപണം എന്നിട്ടും അടങ്ങിയില്ല.ചിത്രകാരൻ ജയിലിൽ ആണെന്ന് നെരൂദയ്ക്ക് അറിയാമായിരുന്നു.കോൺസൽ ജനറൽ ആകാൻ നേരത്തെ മെക്‌സിക്കോയിൽ എത്തുകയും ചെയ്‌തിരുന്നു.

1929 ഡിസംബറിൽ സ്റ്റാലിന്റെ അൻപതാം വയസ്സ്  ചരിത്ര സംഭവമായി കൊണ്ടാടിയതോടെ,വ്യക്തിപൂജ ആരംഭിച്ചു,1929 ൽ ബുഖാറിൻറെ പതനം മുതൽ 1938 ലെ അയാളുടെ കൊല വരെയുള്ള ചരിത്രം,മാർക്സിസ്റ്റുകൾക്ക് വിഷയമല്ല.പതനം കഴിഞ്ഞ് സുപ്രീം ഇക്കണോമിക് കൗൺസിലിന് കീഴിൽ ഗവേഷണ ഡയറക്റ്ററായി.വല്ലപ്പോഴും അമർന്ന ഒരു വിമർശനം ലേഖന രൂപത്തിൽ വന്നു.അച്യുതാനന്ദനെപ്പോലെ സി സി യിൽ തുടർന്നു.ഒരു പരസ്യ ശാസന കൂടി കഴിഞ്ഞ്,1934 ൽ ഇസ്വെസ്തിയ എഡിറ്ററായി.അക്കൊല്ലം ഓഗസ്റ്റിൽ എഴുത്തുകാരുടെ സമ്മേളനത്തിൽ താരതമ്യേന സ്വതന്ത്ര പ്രഭാഷണം നടത്തി.1935 ൽ പുതിയ സോവിയറ്റ് ഭരണഘടന ഉണ്ടാക്കാനുള്ള സമിതിയുടെ അധ്യക്ഷനായി.1937 ഫെബ്രുവരിയിൽ അറസ്റ്റിലായി.സ്റ്റാലിന്റെ അവസാന രാഷ്ട്രീയ വിചാരണകളിൽ ഒന്നിൽ അയാളെ കൊല്ലാൻ വിധിച്ചു.അവസാനത്തെ ബോൾഷെവിക് ആയിരുന്നു,ബുഖാറിൻ.
--------------------------------------------
*സ്റ്റാലിൻ / തിരഞ്ഞെടുത്ത കൃതികൾ,വാല്യം 7,1954,പേജ് 394
**Pablo Neruda: A Passion for Life / Adam Feinstein,2004,Page 154

See https://hamletram.blogspot.com/2019/07/10.html
   

Sunday, 28 July 2019

ഒരു റഷ്യൻ യക്ഷിക്കഥ 10

10.വെപ്പാട്ടിക്ക് പിന്നാലെ ലെനിനും 

സ്വന്തം മരണത്തിനു മുൻപ്, ലെനിനെ വ്യക്തിപരമായി ഉലച്ച സംഭവമായിരുന്നു, 1920 സെപ്റ്റംബർ 24 ന്, വെപ്പാട്ടി ഇനെസ്സ ആർമാൻഡിന്റെ മരണം. തൻറെ 40 വയസിൽ 36 വയസുള്ള ഇനെസ്സയെ പാരിസിൽ കണ്ടുമുട്ടുമ്പോൾ, ലെനിനൊപ്പം ഭാര്യ ക്രൂപ് സ്കേയ താമസിച്ചിരുന്നു.

ഇനെസ്സയുമായി ലെനിൻറെ ബന്ധം തീക്ഷ്ണമായപ്പോൾ, ക്രൂപ് സ്കേയ, കിടപ്പു മുറിയിൽ നിന്നിറങ്ങി; ലെനിൻറെ ജീവിതത്തിൽ നിന്നിറങ്ങിയില്ല. ഗോർബച്ചേവ് അധികാരമേറി, രഹസ്യ ആർകൈവ്സ് പരസ്യമായ ശേഷമാണ്, ലെനിൻറെ വെപ്പാട്ടിയെപ്പറ്റി വിശദമായി അറിയുന്നത്. ലണ്ടനിൽ ഭാര്യയുടെ സുഹൃത്ത് അപ്പോളിനാര്യ യാക്കുബോവയുമായും ലെനിന് ബന്ധമുണ്ടായിരുന്നു.ലെനിൻറെ പ്രചോദനം യാക്കുബോവ ആയിരുന്നു എന്ന വിശ്വാസവും ശക്തമാണ്. അവരുടെ ചിത്രം പുറത്തു വന്നത് 2015 ലാണ്.
അപ്പോളിനാര്യ (1870 -1917) യോട് ലെനിൻ നടത്തിയ പ്രണയാഭ്യർത്ഥന അവർ നിരസിച്ചതായി ലൂയി ഫിഷർ എഴുതിയിട്ടുണ്ട്. 1902 -1911 ൽ ഇടക്കിടെ ലണ്ടനിൽ എത്തിയിരുന്നപ്പോൾ അവർ തമ്മിൽ വിപ്ലവ ദിശയെപ്പറ്റി തർക്കങ്ങൾ നടന്നു. ലിറോച് ക എന്ന ഓമനപ്പേരിലാണ് ലെനിൻ വിളിച്ചിരുന്നത്. ബ്രിട്ടീഷ് ലൈബ്രറിക്കടുത്ത് ഭർത്താവിനൊപ്പം താമസിക്കുകയായിരുന്നു പുരോഹിതൻറെ മകളായ അപ്പോളിനാര്യ. ഫിസിക്സ് പഠിച്ച ശേഷം തൊഴിലാളികൾക്ക് ക്‌ളാസ് എടുക്കുമ്പോഴാണ്, ക്രൂപ് സ്കേയയെ പരിചയപ്പെട്ടത്. ശിക്ഷിക്കപ്പെട്ട് സൈബീരിയയിൽ കഴിഞ്ഞ ശേഷം ലണ്ടനിൽ എത്തി.

അപ്പോളിനാര്യ 

ഇനെസ്സ ഫയദറോവ്ന ആർമാൻഡ് (1874 -1920) പാരിസിലെ ഒരു ഓപെറ ഗായകൻറെ അവിഹിത സന്തതി ആയിരുന്നു. അവരാണ്, രാഷ്ട്രീയ സമരത്തിൽ പതറിയ ലെനിന് ഊർജം കൊടുത്ത്, മുന്നണിയിൽ നിർത്തിയത്. 1919 ൽ മോസ്കോയിലെ ശക്തയായ സ്ത്രീ അവരായിരുന്നു.

പാരിസിൽ, 1910 ശിശിരത്തിൽ അവന്യൂ ദി ഓർലിയൻസിലെ ഒരു കഫേയിലാണ്, ലെനിൻ, ഇനെസ്സയെ കണ്ടു മുട്ടിയത്. ബോൾഷെവിക്കുകൾ ബീർ നുണഞ്ഞ് കഫെയുടെ മുകളിലെ മുറിയിൽ രാഷ്ട്രീയം ചർച്ച ചെയ്‌തു പോന്നു. ലെനിന് പണം വരുന്ന വഴികൾ ഭരണകൂടം മരവിപ്പിക്കുകയും, ലെനിൻ പ്രോലിറ്ററി  (Proletarri) എന്ന മാസിക നിർത്തുകയും ചെയ്‌ത കാലം. നാലു ഭാഷകൾ അറിയാവുന്ന ഇനെസ്സ, അയാളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തു. 19 വയസ്സിൽ മോസ്കോയിലെ ഫ്രഞ്ച് സമൂഹത്തിൽപെട്ട, ധനിക തുണി കച്ചവട കുടുംബത്തിലെ മൂത്ത മകൻ അലക്‌സാണ്ടർ ആർമാൻഡിനെ വിവാഹം ചെയ്‌ത അവർ, ധനിക ആയിരുന്നു. ഒൻപതു കൊല്ലത്തെ ബന്ധത്തിൽ നാലു കുട്ടികൾ ഉണ്ടായി. 28 വയസ്സിൽ ഇനെസ്സ, അലക്‌സാണ്ടറുടെ 17 വയസുള്ള സഹോദരൻ വ്ളാദിമിർ വോളോദ്യയ്‌ക്കൊപ്പം പരസ്യമായി ജീവിച്ചു. വ്ളാദിമിറിൽ ഉണ്ടായ മകൻ ആൻഡ്രിയെ 1903 ൽ അലക്‌സാണ്ടർ ഏറ്റെടുത്തു. 1909 ൽ വ്ളാദിമിർ ക്ഷയം വന്ന് മരിച്ചു.

കമ്മ്യൂണിസ്റ്റ് ആയ വ്ളാദിമിറിന് ഒപ്പം വിപ്ലവ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്ന ഇനെസ്സ, ഭരണകൂടത്തെ ഭയന്നാണ്, പാരിസിൽ എത്തിയത്. അവർ ലോങ്ജുമോയിൽ വിപ്ലവ സ്‌കൂൾ തുടങ്ങി. അവിടെയാണ് ഇനെസ്സ ലെനിനോട് കാമം പറഞ്ഞത്. പ്രാഗിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി സമ്മേളനത്തിൽ ബോൾഷെവിക്കുകൾക്ക് വ്യാജ ഭൂരിപക്ഷം ഉണ്ടാക്കാൻ ഇനെസ്സയാണ് തന്ത്രം മെനഞ്ഞത്. ഇനെസ്സയ്ക്ക് വേണ്ടി ബന്ധം പിരിയാൻ ക്രൂപ് സ്കേയ തയ്യാറായെങ്കിലും, ലെനിൻ സമ്മതിച്ചില്ല. രണ്ടു സ്ത്രീകളും ഫെമിനിസ്റ്റുകൾ ആയിരുന്നു. ഇനെസ്സയുടെ മരണശേഷം, അവരുടെ ഇളയ കുട്ടികളെ ക്രൂപ് സ്കേയ ഏറ്റെടുത്തു.

വെപ്പാട്ടിയാണെങ്കിലും, ലെനിൻ അവർക്ക് ഉത്തരവുകൾ നൽകിയിരുന്നു. റഷ്യയിൽ പോളിഷ് കർഷക വേഷത്തിൽ ഇനെസ്സ സെൻറ് പീറ്റേഴ്‌സ്ബർഗിലെ പാർട്ടി പുനഃസംഘടിപ്പിക്കാൻ പോയി തടവിലായി. അലക്‌സാണ്ടർ 6500 റൂബിൾ മുടക്കി ജാമ്യത്തിൽ ഇറക്കി. ജാമ്യവ്യവസ്ഥ ലംഘിച്ച് 1913 ൽ രക്ഷപ്പെട്ട്, ക്രാക്കോയിൽ ലെനിൻറെ അടുത്തെത്തി. അപ്പോൾ ലെനിൻ ബന്ധം അവസാനിപ്പിക്കാൻ ഒരുമ്പെട്ടതായി, ഇനെസ്സയുടെ അവശേഷിക്കുന്ന പ്രണയ ലേഖനത്തിൽ നിന്നറിയാം:

ചുംബനങ്ങൾ വേണ്ട,എനിക്കൊന്നു കണ്ടാൽ മതി;അങ്ങയോട് സംസാരിച്ചിരിക്കാൻ സുഖമാണ്;അതാരെയും വേദനിപ്പിക്കേണ്ടതില്ല.എനിക്ക് എന്തിന് അത് പോലും നിഷേധിക്കുന്നു ?*

ഇനെസ്സ 

ലെനിൻ 1914 ജനുവരി മുതൽ ഇനെസ്സയ്ക്ക് 150 കത്തുകൾ അയച്ചു. ഇവയെല്ലാം ഉത്തരവുകൾ ആയിരുന്നു. കത്തിനൊടുവിൽ, കാണാൻ ആകാത്തതിൽ ദുഃഖം രേഖപ്പെടുത്തും. 1916 ജനുവരിയിൽ സോഫി പോപോഫ് എന്ന കള്ളപ്പേരിൽ ഇനെസ്സയെ പാരിസിൽ അയച്ചപ്പോൾ വേണ്ടത്ര പിന്തുണ ബോൾഷെവിക്കുകൾക്ക് കിട്ടിയില്ല. ലെനിൻ അവരെ ശാസിച്ച് കത്തയച്ചപ്പോൾ ഇനെസ്സ പ്രതിഷേധിച്ചു. അവർ കോപിച്ച് ലേക് ജനീവയ്ക്ക് മുകളിൽ വിശ്രമത്തിന് പോയി. ലെനിൻ തുരു തുരെ കത്തുകൾ അയച്ചു. നിരന്തരം വിളിച്ചു -അവർ മറുപടി നൽകാതെ കളിപ്പിച്ചു.

1917 ഫെബ്രുവരി വിപ്ലവത്തിന് ശേഷം , റഷ്യയിൽ എത്തി.മാർച്ചിൽ ഇനെസ്സയെ മോസ്‌കോ സോവിയറ്റിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാക്കി. ഓഗസ്റ്റ് 30 ന്  മൈക്കിൾസൻ പ്ലാൻറിൽ, ലെനിനെ റവലൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയിലെ ഫാനി കപ്ലാൻ വെടി വച്ച് വീഴ്ത്തി. തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ലെനിനെ വിപ്ലവ വഞ്ചകനായി കണ്ട ഫാനി, തൻറെ പാർട്ടി നിരോധിക്കപെട്ടപ്പോഴാണ് ലെനിനെ കൊല്ലാൻ ശ്രമിച്ചത്. അവരെ സെപ്റ്റംബർ മൂന്നിന് വെടി വച്ച് കൊന്നു.

ലെനിൻ ഇനെസ്സയെ വരുത്തി. കാമം പൂത്തു. ഇനെസ്സയ്ക്ക് ക്രെംലിനിൽ വലിയ വീട് കിട്ടി. ലെനിൻറെ ക്ലോസ്‌ഡ്‌ സർക്യൂട്ട് ഫോൺ വലയത്തിൽ അയാളെ നേരിട്ട് വിളിക്കാൻ സൗകര്യം കിട്ടി. ക്രൂപ് സ്കേയ പിൻവാങ്ങി ക്രെംലിൻ വിട്ടു. 1918 ൽ ഇനെസ്സ, മുൻ ഭർത്താവ് അലക്‌സാണ്ടറെ പാർട്ടി അംഗമാക്കി. അവർ കേന്ദ്ര കമ്മിറ്റി വനിതാ വിഭാഗം മേധാവി ആയി. 14 മണിക്കൂർ ജോലി ചെയ്‌തു. അവർക്ക് ന്യുമോണിയ വന്നപ്പോൾ ലെനിൻ കത്തുകൾ വഴി ആശ്വസിപ്പിച്ചു: ഫയർ പ്ളേസിൽ തീ കത്തിക്കാൻ വിറക് വേണോ?ഭക്ഷണം വേണോ ?പാചകത്തിന് ആരുണ്ട്?പെൺ മക്കളോട് ദിവസവും വിളിക്കാൻ പറയാം.

പനിയിൽ നിന്ന് രക്ഷപ്പെട്ട അവരെ കോക്കസസിലെ കിസ്ലോവോഡ്സ്കിൽ വിശ്രമത്തിന് അയച്ചു. കവർച്ചക്കാരുടെ ശല്യം കാരണം അവിടെ നിന്ന് സെപ്റ്റംബറിൽ സൈനിക ട്രെയിനിൽ ഇനെസ്സയെ കയറ്റി. ബൽസാനിൽ വച്ച് കോളറ പിടിപെട്ട് അവർ സെപ്റ്റംബർ 24 പുലർച്ചെ മരിച്ചു. എട്ടു ദിവസം കഴിഞ്ഞ് ജഡം മോസ്‌കോയിൽ എത്തിച്ചു. അലക്‌സാണ്ടർക്കൊപ്പം ലെനിൻ ജഡം കാത്തു നിന്നു. ജഡം റെഡ് സ്‌ക്വയറിൽ സംസ്‌കരിച്ചു. "ലെനിൻ ബോധം കെട്ട് താഴെ വീഴുമെന്ന് തോന്നി," അലക്‌സാൻഡ്ര കൊല്ലോന്റായ് ഓർമിച്ചു.

ഫാനി കപ്ലാൻ
 
എന്താണ് ചെയ്യേണ്ടത്? എന്ന ചേർനിഷേവ്സ്കിയുടെ നോവൽ ഇരുവർക്കും ഇഷ്ടമായിരുന്നു. പിയാനോയിൽ അവർ ബീഥോവൻറെ സൊണാറ്റകൾ വായിച്ചു. അവരുടെ മരണശേഷം ലെനിൻ കൂടുതൽ വൃദ്ധനായ പോലെ തോന്നി. ജനത്തിൽ നിന്നകന്നു. അയാളുടെ ഭീകര ഭരണത്തിന് കീഴിൽ, ജീവിതം വിരസമാണെന്ന് ക്രോൺസ്റ്റാറ്റ് കലാപകാരികൾ പരാതിപ്പെട്ടു. കവിതയിലോ കലയിലോ താൽപര്യം തോന്നിയില്ല. മയക്കോവ്സ്കിയുടെ ഒരു കവിതാ സമാഹാരം 5000 കോപ്പി അടിച്ചെന്ന് കേട്ടപ്പോൾ, അയാൾ രോഷം കൊണ്ടു: "അത് അസംബന്ധമാണ്; നിറം പിടിപ്പിച്ച അൽപ്പത്തരം, കാപട്യം."

1921 ഡിസംബർ ഏഴിന്, രോഗിയായ ലെനിനെ ക്രെംലിനിൽ നിന്ന് ഗോർക്കിയിലേക്ക് മാറ്റി. 1922 ഏപ്രിൽ മൂന്നിന് പാർട്ടി പതിനൊന്നാം കോൺഗ്രസിലെ ഒരു തീരുമാനം, റഷ്യയെ മാത്രമല്ല, ലോകത്തെ തന്നെ വരും കാലത്ത് ദുരിതക്കടലിൽ ആഴ്ത്തുന്ന ഒന്നായിരുന്നു -സ്റ്റാലിൻ ജനറൽ സെക്രട്ടറി. അത്, പാർട്ടി കോൺഗ്രസിൽ നാലു പ്രസംഗങ്ങൾ ചെയ്‌ത ലെനിൻറെ നിർദേശമായിരുന്നു. സ്റ്റാലിൻ തന്നെ, ദേശീയതയുടെ കമ്മിസാർ ആയി. ഒരാഴ്ച കഴിഞ്ഞ്, ജനകീയ കമ്മിസാർമാരുടെ കൗൺസിൽ മേധാവി ആയി, ലെനിൻ തന്നെ നിർദേശിച്ചപ്പോൾ ട്രോട് സ്‌കി നിരസിച്ചു. അടുത്ത ജനറൽ സെക്രട്ടറി എന്നാണ് അതിന് അർത്ഥമെങ്കിലും, ആ സ്ഥാനം ഒരു സമ്മാനമായി കിട്ടേണ്ടതല്ലെന്ന് ട്രോട് സ്‌കിക്ക് തോന്നി. കേന്ദ്രകമ്മിറ്റിയിൽ ഭൂരിപക്ഷവും ജൂതന്മാരാണ്; താനും ജൂതനാണ്. മുഖ്യധാരയുടെ ഭാഗമാകാത്ത ന്യൂനപക്ഷം ജൂതന്മാർ ഒരു രാജ്യത്തെ നയിക്കുന്നതിൽ അപാകതയുണ്ടെന്ന് ട്രോട് സ്‌കിക്ക് തോന്നി. സ്റ്റാലിനെപ്പോലെ ഒരു ജോർജ്ജിയക്കാരനും അതിന് അർഹൻ അല്ല. സ്ഥാനം നിരസിച്ചതോടെ, സ്വന്തം മരണ വാറന്റിൽ ട്രോട് സ്‌കി ഒപ്പിട്ടു. 

ലെനിൻ ഗോർക്കിക്ക് മടങ്ങി.

ലെനിൻ അവസാന ദിനങ്ങളിൽ 

തലവേദന കൂടി വന്നു. ലെനിൻറെ ശരീരത്തിലെ രണ്ടു വെടിയുണ്ടകളിൽ നിന്നുള്ള വിഷമാകാം കാരണമെന്ന് ജർമൻ ഡോക്ടർ സ്ട്രംപെറ്റ് അഭിപ്രായപ്പെട്ടു. ബുള്ളറ്റിൽ നിന്നുള്ള വിഷം (lead poison) കാരണം തലവേദന വരുമെന്ന് വിവരമില്ലെന്ന് ഡോ റോസാനോവ് പറഞ്ഞു. ഏപ്രിൽ 23 ന് കഴുത്തിലെ വെടിയുണ്ട ശസ്ത്രക്രിയ വഴി നീക്കി. മോസ്‌കോ സോവിയറ്റ് പ്ലീ നത്തിൽ, നവംബറിൽ ലെനിൻ അവസാന പ്രസംഗം നടത്തി. ലെനിൻറെ നിർദേശപ്രകാരം, മോസ്‌കോയിൽ നിന്ന് അവസാനത്തെ മെൻഷെവിക് പ്രൊഫസർ റോഷ്‌ക്കോവിനെ പുറത്താക്കിയ ഡിസംബർ 16 ന് ലെനിന് പക്ഷാഘാതം ഉണ്ടായി. അയാൾ ഛർദിച്ചു. അന്ന് കരുത്തു ചോർന്ന് അയാൾ അധികാരം ഇല്ലാത്തവനായി.

പന്ത്രണ്ടാം പാർട്ടി കോൺഗ്രസിൽ തനിക്ക് സംസാരിക്കാൻ ആവില്ല എന്ന തിരിച്ചറിവിൽ, ഡിസംബർ 23 ന് ലെനിൻ, സഹായികളായ മരിയ വോളോദിചേവ, ലിഡിയ ഫൊത്തിയേവ എന്നിവർക്ക് 'പാർട്ടി കോൺഗ്രസിനുള്ള കത്ത് ' പറഞ്ഞു കൊടുക്കാൻ തുടങ്ങി. ഇത് ലെനിൻറെ ഒസ്യത്ത്  (The Testament of Lenin) എന്നറിയപ്പെടുന്നു. ഇത് പരസ്യമാക്കിയത്, സ്റ്റാലിന്റെ മരണശേഷം, ഇരുപതാം പാർട്ടി കോൺഗ്രസിൽ, 1956 ഫെബ്രുവരി 25 ന് ക്രൂഷ്‌ചേവാണ്. അന്ന് പാർട്ടിയും ലോകവും ഞെട്ടി.

ലെനിൻറെ സഹോദരി മരിയ 

ഡിസംബർ 23 ന് മരിയ കേട്ടെഴുതിയത്, ട്രോട് സ്‌കി നേതൃത്വം നൽകുന്ന ആസൂത്രണ കമ്മീഷന് നിയമാധികാരം നൽകുന്നതിനെപ്പറ്റിയും കേന്ദ്ര കമ്മിറ്റി അംഗ സംഖ്യ 22 ൽ നിന്ന് 50 -100 ആക്കാനുമുള്ള നിർദേശങ്ങളാണ്. കേന്ദ്രകമ്മിറ്റിയിൽ വ്യവസായ തൊഴിലാളികൾ വരണം എന്നതായിരുന്നു, ഉന്നം. ഇത് ട്രോട് സ്‌കിയുമായുള്ള സന്ധി ആയിരുന്നു. പത്താം പാർട്ടി കോൺഗ്രസ് വിഭാഗീയത അവസാനിപ്പിക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നെങ്കിലും, ഒന്നും സംഭവിച്ചിരുന്നില്ല. സ്റ്റാലിനെക്കാൾ ജനകീയത ട്രോട് സ്‌കി, സിനോവീവ്, കാമനെവ്, ബുഖാറിൻ എന്നിവർക്ക് ഉണ്ടായിട്ടും, സ്റ്റാലിൻ ജനറൽ സെക്രട്ടറി ആയത്, വിഭാഗീയത കൂട്ടിയേക്കാം. അതിന് മുൻകരുതൽ ആയാണ് കേന്ദ്ര കമ്മിറ്റി അംഗ സംഖ്യ കൂട്ടൽ. അടുത്ത ദിവസം ലെനിൻ ഇത്ര കൂടി പറഞ്ഞു കൊടുത്തു:

  • ജനറൽ സെക്രട്ടറി എന്ന നിലയിൽ സ്റ്റാലിൻ അളവറ്റ അധികാരം കൈയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. വേണ്ട ജാഗ്രതയോടെ അയാൾ അത് ഉപയോഗിക്കുമെന്ന് എനിക്കുറപ്പില്ല. ട്രോട് സ്‌കി കഴിവുകൾ കൊണ്ട് മാത്രമല്ല, സി സി യിൽ വ്യക്തിപരമായി ഏറ്റവും കഴിവുള്ള ആൾ -അതിരു കവിഞ്ഞ ആത്മ വിശ്വാസവും ഉത്സാഹവും ഭരണപരമായ കാര്യങ്ങളിൽ കാണിക്കുന്നു. സി സി യിലെ ഈ രണ്ടു പ്രധാന നേതാക്കളുടെ ഈ രണ്ടു ഗുണങ്ങൾ, ഒരു പിളർപ്പിലേക്ക് നയിച്ചേക്കാം. അത് തടയാൻ പാർട്ടി ഉടൻ നടപടി എടുത്തില്ലെങ്കിൽ, അപ്രതീക്ഷിതമായി പിളർപ്പുണ്ടാകാം. സിനോവീവിൻറെയും കാമനെവിൻറെയും ഒക്ടോബർ സംഭവം** ആകസ്മികമല്ല. ട്രോട് സ്‌കിയുടെ ബോൾഷെവിക് സ്വഭാവം ഇല്ലായ്‌മ പോലെ, അത് കണ്ടാൽ മതി. സി സി യിലെ യുവ അംഗങ്ങളിൽ, ബുഖാറിനും പ്യാറ്റക്കോവും മിടുക്കന്മാരാണ്. ബുഖാറിൻ നല്ല സൈദ്ധാന്തികൻ ആണെങ്കിലും,പൂർണ മാർക്സിസ്റ്റ് അല്ല. പണ്ഡിത സ്വഭാവമാണ് കൂടുതൽ; വൈരുധ്യാത്മകത അല്ല. അത് പഠിച്ചിട്ടില്ല; മനസിലാക്കിയിട്ടില്ല.

താനൊഴിച്ച് ബാക്കി എല്ലാവരെയും വിമർശിക്കുന്ന ലെനിന് സ്വയം വിമര്ശനമില്ല. കേട്ടെഴുത്ത് രേഖ ഭദ്രമായി പൂട്ടി വയ്ക്കാൻ ലെനിൻ നിർദേശിച്ചു. സെക്രട്ടറിമാരുടെ കൂട്ടത്തിൽ ഭാര്യ ക്രൂപ് സ്കേയ ഉണ്ടായിരുന്നു. സ്റ്റാലിന് എതിരായ കേട്ടെഴുത്ത് എന്ത് ചെയ്യണമെന്ന് മരിയ, ലിഡിയയോട് ചോദിച്ചു. സ്റ്റാലിനോട് തന്നെ ചോദിക്കാൻ ലിഡിയ നിർദേശിച്ചു. ടൈപ് ചെയ്‌ത കോപ്പി, സ്റ്റാലിൻ ബുഖാറിൻ, ഓർദ് ഴോ നികിഡ്‌സേ, സെക്രട്ടേറിയറ്റിലെ അമായക് നസ്രേത്യൻ എന്നിവരെ കാണിച്ച ശേഷം, മരിയയോട് പറഞ്ഞു: "കത്തിച്ചു കളയൂ."

കത്തിച്ച ശേഷം, ലെനിനെ ധിക്കരിച്ചതിൽ മനം നൊന്ത്, കേട്ടെഴുതിയ കുറിപ്പുകളിൽ നിന്ന് വീണ്ടും ഒരു കോപ്പി ടൈപ്പ് ചെയ്‌ത്‌, സേഫിൽ വച്ച് പൂട്ടി.

ലിഡിയ ഫൊത്തിയേവ 

ഡിസംബർ 26, 30, 31 തീയതികളിൽ കേട്ടെഴുത്ത് തുടർന്നു. 1923 ജനുവരി നാലിന് ലിഡിയ ഫൊത്തിയേവ എഴുതി എടുത്തതായിരുന്നു, മാരകം:

  • സ്റ്റാലിൻ പരുക്കനാണ്. ഈ കുറ്റം കമ്മ്യൂണിസ്റ്റുകൾ സഹിക്കുമെങ്കിലും, ജനറൽ സെക്രട്ടറിക്ക് ചേർന്നതല്ല. അതിനാൽ, സ്റ്റാലിനെ ആ സ്ഥാനത്തു നിന്ന് നീക്കി, സഹിഷ്‌ണുതയും കൂറും വിനയവുമുള്ള, ദുരയില്ലാത്ത മറ്റൊരാളെ ജനറൽ സെക്രട്ടറിയാക്കണമെന്ന് ഞാൻ നിർദേശിക്കുന്നു. സാഹചര്യം നിസ്സാരമാണെന്ന് തോന്നാം. എന്നാൽ, ഒരു പിളർപ്പ് ഒഴിവാക്കാനും, ട്രോട് സ്‌കിയുമായുള്ള വഷളായ ബന്ധം കണക്കിലെടുത്തും, ഈ നിസ്സാരത, നിർണായകമായി തീരും.
ഇത്, രോഗക്കിടക്കയിൽ കിടന്ന് ലെനിൻ, സ്റ്റാലിനോട് പ്രഖ്യാപിച്ച രാഷ്ട്രീയ യുദ്ധമായിരുന്നു. സുഖാനോവ് എഴുതിയ, വിപ്ലവത്തെപ്പറ്റിയുള്ള കുറിപ്പുകൾ (Notes on the Revolution ) എന്ന പുസ്തകത്തിന് ലെനിൻ എഴുതിയ നിരൂപണത്തിൽ, നെപ്പോളിയൻറെ ഒരു ഉദ്ധരണി ഉണ്ടായിരുന്നു: Un S ' engage et puis ..en voit -സേനാവിന്യാസം എങ്ങനെ വേണമെന്ന് തീരുമാനിക്കും മുൻപേ, സേനാധിപൻ യുദ്ധവുമായി മുന്നോട്ട് പോകണം.

ലെനിൻറെ കേട്ടെഴുത്ത് ചോർന്ന് പ്രശ്‍നം സി സി യിൽ സംഘർഷം സൃഷ്ടിച്ചു. ലെനിൻ പ്രവദ യിൽ എഴുതിയ ലേഖനങ്ങളിൽ, പാർട്ടിയിലെ തർക്കങ്ങൾ പരാമർശിച്ചു. 1923 ജനുവരി നാലിന്, നല്ലത് കുറവ്, പക്ഷെ നല്ലത് (Better Fewer, But Better) എന്ന ലേഖനം കണ്ട്, സി സി സെക്രട്ടറിമാരിൽ ഒരാളായ വലേറിയൻ കുയ്‌ബിഷേവ്, ലെനിൻറെ ലേഖനം വച്ച് ഡമ്മി പ്രവദ ഒരെണ്ണം അടിച്ച് ലെനിന് കൊടുക്കാൻ നിർദേശം വച്ചു.

സ്റ്റാലിന് എതിരെ ജോർജിയൻ പ്രശ്‍നം കുത്തിപ്പൊക്കാൻ സഹായികളായ നിക്കോളായ് ഗോർബുനോവ്, ലിഡിയ, മരിയ ലിയാസേവ് എന്നിവരെ ലെനിൻ ജോര്ജിയയിലേക്ക്, പ്രാദേശിക ബോൾഷെവിക് നേതാവ് ബുഡു എംദ്വാനിയുടെ അപേക്ഷ പ്രകാരം അയച്ചിരുന്നു. അവരുടെ റിപ്പോർട്ട് മാർച്ച് മൂന്നിന് കിട്ടി.

ഒക്ടോബർ അട്ടിമറിക്ക് ശേഷം, ലെനിൻ ഓരോ സ്വതന്ത്ര പ്രവിശ്യയെയും ബലമായി ചേർത്താണ്, സോവിയറ്റ് യൂണിയൻ ഉണ്ടാക്കിയത്. സോവിയറ്റ് യൂണിയനുള്ളിൽ സ്വതന്ത്ര പദവി വേണമെന്ന് ജോർജിയൻ ബോൾഷെവിക്കുകൾ വാദിച്ചു. ഫിലിപ് മഖ്റദ്സെ, എംദ്വാനി എന്നിവർ സ്റ്റാലിനെതിരെ പട നയിച്ചു. ജോർജിയ, അര്മേനിയ,അസർബൈജാൻ എന്നിവ ചേർത്ത് ട്രാൻസ് കൊക്കേഷ്യൻ ഫെഡറേഷൻ ആയിരുന്നു, ജോർജിയക്കാരനായ സ്റ്റാലിന്റെ ലക്ഷ്യം. മാർക്‌സ് 1848 ലെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ യിൽ തൊഴിലാളിക്ക് രാജ്യമില്ല (The working men have no country) എന്ന് പറഞ്ഞിരുന്നു. അപ്പോൾ തൊഴിലാളി വർഗ്ഗത്തിൻറെ ലോകവീക്ഷണം എന്താണ് എന്ന് റോസാ ലക്സംബർഗ്, കൗട് സ്‌കി, ഓട്ടോബോയർ, ലെനിൻ, സ്റ്റാലിൻ തുടങ്ങിയവർ തർക്കിച്ചു. 1913 ൽ സ്റ്റാലിൻ മാർക്‌സിസവും ദേശീയ പ്രശ്നവും (Marxism and the National Question) എഴുതി റഷ്യയിൽ ഈ വിഷയത്തിൻറെ അപ്പോസ്തലനായി. ദേശീയ സ്വയം നിർണയാവകാശം, തൊഴിലാളി വർഗത്തെ ഭിന്നിപ്പിക്കുമെന്ന് അയാൾ സിദ്ധാന്തിച്ചു. 1917 ൽ അയാൾ തന്നെ ദേശീയതകളുടെ കമ്മിസാർ ആയി.

നാം ഭാരതീയർ ശ്രദ്ധിക്കണം -കമ്മ്യൂണിസ്റ്റുകൾക്ക് ദേശീയത ഇല്ല; ഉള്ളത്, സാർവ ദേശീയതയാണ്. ലോക രാഷ്ട്രങ്ങളെല്ലാം കമ്മ്യൂണിസം അംഗീകരിച്ചു കഴിയുമ്പോഴേ, അവർക്ക് ദേശീയത ഉണ്ടാകൂ -അസംബന്ധം! ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതായി തന്നെ കമ്മ്യൂണിസ്റ്റുകൾ അംഗീകരിക്കുന്നില്ല.

1922 ഡിസംബർ 30 ന് ജോർജിയയ്ക്ക് സോവിയറ്റ് യൂണിയനിൽ ചേരുന്ന കരാറിൽ ഒപ്പിടേണ്ടി വന്നു. ജനുവരി 25 ന് പി ബി, എംദ്വാനിയെ പുറത്താക്കി. ജോർജിയയിലെ മിതവാദി കമ്മ്യൂണിസ്റ്റ് സർക്കാർ നിലം പൊത്തി. റഷ്യൻ ദേശീയത, റഷ്യേതര ദേശീയതകൾക്കു മേൽ അടിച്ചേൽപ്പിക്കുന്നതിനെ ലെനിൻ എതിർത്തു. ഈ സംഭവത്തെ തുടർന്ന് സ്റ്റാലിനിൽ നിന്നുള്ള വിച്ഛേദമാണ്, ലെനിൻറെ ഒസ്യത്തിൽ കാണുന്നത്.

കേട്ടെഴുത്തിനിടയിൽ, സ്റ്റാലിൻ ഫോണിൽ ക്രൂപ് സ്കേയയെ ചീത്ത വിളിച്ചു. അവർ ലെനിനോട് പരാതിപ്പെട്ടു.

മാർച്ച് അഞ്ചിന് മരിയയ്ക്ക് ലെനിൻ രണ്ടു കത്തുകൾ പറഞ്ഞു കൊടുത്തു. ഒന്ന് ട്രോട് സ്‌കിക്ക്-ജോർജിയൻ പ്രശ്‍നം സി സി യിൽ കുത്തിപ്പൊക്കാൻ ആയിരുന്നു, ഇത്. രണ്ട് സ്റ്റാലിന്:

എൻറെ ഭാര്യയെ ഫോണിൽ വിളിച്ച് ചീത്ത പറയാനുള്ള തെമ്മാടിത്തം നിങ്ങൾ കാട്ടി. സംഭവം മറക്കാമെന്ന് അവൾ നിങ്ങൾക്ക് വാക്ക് തന്നെങ്കിലും,അത് അവൾ സിനോവീവിനോടും കാമനെവിനോടും പറഞ്ഞിരുന്നു. എനിക്കെതിരെ ചെയ്തത്,ഞാൻ മറക്കില്ല. എൻറെ ഭാര്യയ്ക്ക് എതിരെ ചെയ്തത് എന്തും, എനിക്ക് എതിരെയാണ്. അതുകൊണ്ട്, പറഞ്ഞത് തിരിച്ചെടുത്ത് മാപ്പ് പറഞ്ഞില്ലെങ്കിൽ,നമ്മുടെ ബന്ധം വിച്ഛേദിക്കപ്പെടും.

സ്റ്റാലിൻ സ്വന്തം ഭാര്യ പാർട്ടിയിൽ സജീവമാകേണ്ടെന്ന് പറയുകയും ഭാര്യ തർക്കിക്കുകയും ചെയ്തപ്പോൾ, അവർക്ക് പാർട്ടി കാർഡ് തിരിച്ചു കൊടുത്തത്, ലെനിൻ ആയിരുന്നു.

ഈ കത്ത് സ്റ്റാലിന് കൊടുക്കേണ്ടെന്ന് ക്രൂപ് സ്കേയ ഉൾപ്പെടെ സഹായി സംഘം തീരുമാനിച്ചു. അന്ന് തന്നെ ലെനിൻറെ നില വഷളായി. ഏഴിന് മരിയ കത്ത് സ്റ്റാലിന് കൊടുത്തു. കാമനെവിനും സിനോവീവിനും കോപ്പിയുണ്ടായിരുന്നു. കത്തു വായിച്ച് സ്റ്റാലിൻ പറഞ്ഞു: "ഇത് ലെനിൻ അല്ല, അയാളുടെ രോഗമാണ്."

സ്റ്റാലിൻ മറുപടി എഴുതി: "സഖാവ് എൻറെ ഭാര്യയെ ശകാരിച്ചിരുന്നെങ്കിൽ ഞാൻ ഇടപെടില്ലായിരുന്നു. താങ്കൾ പറഞ്ഞ സ്ഥിതിക്ക്, ഞാൻ നദെഴ് ദ (ക്രൂപ് സ്കേയ) യോട് മാപ്പ് പറയാം."

ഈ കത്ത് കണ്ടാൽ ലെനിൻറെ രോഷം ഇരട്ടിക്കുമെന്ന് കാമനെവ്, സ്റ്റാലിനെ ഉപദേശിച്ചു. കത്ത് തിരുത്തുമ്പോഴേക്കും ഫോണിൽ ലെനിൻറെ സഹോദരി മരിയ ഫോണിൽ സ്റ്റാലിനെ ശകാരിച്ചു.

ഭാര്യയ്‌ക്കൊപ്പം ഒടുവിൽ 

ലെനിൻ വായന നിർത്തിയിരുന്നു; സംസാരവും. അയാൾക്ക് നടക്കാനാവില്ലായിരുന്നു. മറ്റുള്ളവർ എടുത്തു കൊണ്ട് പോകണമായിരുന്നു. മാർച്ച് 10 ന് പക്ഷാഘാതത്താൽ വലതു ഭാഗം തളർന്നു.

പന്ത്രണ്ടാം പാർട്ടി കോൺഗ്രസ് കടന്നു പോയി. ദേശീയ പ്രശ്ന രേഖ സ്റ്റാലിൻ അവതരിപ്പിച്ചു. എംദ്വാനിയും സംഘവും തോറ്റു. ട്രോട് സ്‌കി എതിർത്തില്ല. ഭാവിയിലെ ട്രോട് സ്‌കിയെ പേടിച്ച് സിനോവീവും കാമനെവും സ്റ്റാലിനൊപ്പം നിന്നു. ലെനിൻ, സ്റ്റാലിനെതിരെ അയച്ച കത്തുകൾ പ്രതിനിധി സംഘ നേതാക്കളെ മാത്രം കേൾപ്പിച്ചു.

സ്റ്റാലിനെ സംബന്ധിച്ചിടത്തോളം, ഇനി ലെനിൻ ഉണ്ടാകരുത്.
ജർമനിയിൽ നിന്ന് വന്ന വിദഗ്ദ്ധ ഡോക്ടർ സ്ട്രoപെറ്റ്, ലെനിൻറെ രോഗം, അവസാന ഘട്ടത്തിൽ എത്തിയ സിഫിലിസ് ആണെന്ന് കണ്ടെത്തി. ആഴ്‌സനിക്, അയഡിൻ ചികിത്സ തുടരാൻ നിർദേശിച്ചു. റഷ്യൻ ഡോക്ടർമാർ മേയിലും രോഗം എന്തെന്ന് പൊതു ധാരണയിൽ എത്തിയില്ല. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി, ജെ എം കാർട്ടർ ആൻഡ് കമ്പനിയിൽ നിന്ന് വൈദ്യുത ചക്രക്കസേര അയച്ചു കൊടുത്തു. യുദ്ധത്തിൽ പരുക്കേറ്റ ഏതെങ്കിലും സൈനികന് അത് നൽകാൻ ലെനിൻ ഉത്തരവിട്ടു. കാക്കിയായിരുന്നു, ലെനിൻറെ വേഷം. ആകെ അയാൾ ഉച്ചരിച്ച വാക്കുകൾ, "ഇവിടെ, ഇവിടെ, ഇവിടെ."

ക്രൂപ് സ്കേയ കരഞ്ഞു കൊണ്ടിരുന്നു. അവരോടും മരിയയോടും ലെനിൻ വിഷം ചോദിച്ചു. നിർബന്ധിച്ചപ്പോൾ മരിയ ക്വിനൈൻ കൊടുത്തു.
ലെനിന് ആഗ്രഹം തോന്നി അയാളെ ഒക്ടോബർ 15 ന് ക്രെംലിനിൽ കൊണ്ട് പോയി സ്വന്തം ഓഫിസും സി സി യോഗം കൂടുന്ന മുറിയും കാട്ടിക്കൊടുത്തു. ഓഫിസ് കണ്ട് അയാൾ അസ്വസ്ഥനായി. ലെനിൻ സുഖമായിരിക്കുന്നു എന്ന് ചേക യ്ക്ക് ഡോ പീറ്റർ പാകല്ൻ റിപ്പോർട്ട് കൊടുത്തു. സദാസമയവും ഈ ചാരൻ ലെനിൻറെ ഗോർക്കി വസതിയിൽ ഉണ്ടായിരുന്നു. നവംബറിലും ഡിസംബറിലുമായി ലെനിന് ഏഴ് ആഘാതങ്ങൾ ഉണ്ടായി.

പാർട്ടിയിൽ ഉരുണ്ടു കൂടിയ തർക്കങ്ങൾ അയാൾ അറിഞ്ഞില്ല. ശിശിരത്തിൽ ട്രോട് സ്‌കി, പുതിയ ദിശ (The New Course) എന്ന ലഘുലേഖ എഴുതി. അതിനെ സ്റ്റാലിൻ, കാമനെവ്, സിനോവീവ്, ബുഖാറിൻ എന്നിവർ ചേർന്ന ഔദ്യോഗിക പക്ഷം എതിർത്തു. 1924 ജനുവരിയിലെ 13 -o പാർട്ടി കോൺഗ്രസിൽ ട്രോട് സ്‌കി പക്ഷം തോറ്റു.

ലെനിൻ അവസാനം 
\
ജനുവരി 21 രാവിലെ പത്തരയ്ക്ക് എഴുന്നേറ്റ ലെനിൻ, കുളിമുറിയിൽ പോയി വന്ന് അര കപ്പ് കട്ടൻ കാപ്പി കുടിച്ച്, വീണ്ടും കിടന്നുറങ്ങി. മൂന്നിന് വീണ്ടും അര കപ്പ് കാപ്പിയും സൂപ്പും കുടിച്ചു. ഡോ ഓസിപ്പോവ് പരിശോധിച്ചു. 5 .40 ന് നില വഷളായി. ഡോക്ടർമാരായ ഓസിപ്പോവ്, ഫോർസ്റ്റർ, വേലിസ്ട്രാറ്റോവ്, ഇവരുടെ സഹായി വ്ളാദിമിർ റുകാവിഷ്‌നിക്കോവ്, ക്രൂപ് സ്കേയ, ലെനിൻറെ സഹോദരി മരിയ എന്നിവർ നില വിലയിരുത്തി. ലെനിന് ബോധമറ്റു; ഹൃദയ താളം തെറ്റി. അത് ശരിയാക്കാൻ മരിയ വ്ളാദിമിർ സോറിനോട് കർപ്പൂരം ചോദിച്ചു.

ബുഖാറിൻ എത്തിയപ്പോൾ ഡോ പീറ്ററെ കാണാനില്ലായിരുന്നു. മുകൾ നിലയിലാണ് അയാളെ കണ്ടത്. വിയർത്ത്, വേദന കൊണ്ട് ലെനിൻ നിലവിളിച്ചു. 6.50 ന് ശ്വാസം നിലച്ചു.

ട്രോട് സ്‌കി സുഖുമിയിലേക്ക് വിശ്രമ യാത്രയിൽ ടിഫിലിസിൽ എത്തിയിരുന്നു. വിലാപയാത്ര ശനിയാഴ്ചയാണെന്നും വരേണ്ടെന്നും സ്റ്റാലിൻ അയാളെ അറിയിച്ചു. ആറു നാൾ കഴിഞ്ഞ് മാത്രമായിരുന്നു, സംസ്കാരം. ജഡം എക്കാലവും സൂക്ഷിക്കാൻ ക്രൂപ് സ്കേയയുടെ അഭിപ്രായം നിരാകരിച്ച്, പി ബി അഥവാ സ്റ്റാലിൻ തീരുമാനിച്ചു. ആ ജഡം ഒരു രാഷ്ട്രീയ കവചം ആയിരിക്കും. തൊഴിലാളികൾ ആവശ്യപ്പെട്ടിട്ടാണ് ജഡം സൂക്ഷിക്കുന്നതെന്ന് സ്റ്റാലിൻ കള്ളം പറഞ്ഞു. ജഡം ഐക്യ പ്രതീകം ആയിരിക്കും.

അന്ത്യ യാത്ര/ ഐസക് ബ്രോഡ്‌സ്‌കി 

ജഡം സൂക്ഷിക്കാനുള്ള ലേപന വിദ്യ അറിയുന്നവർ മോസ്‌കോയിൽ ഇല്ലായിരുന്നു. ഖാർകോവിൽ നിന്ന് പാത്തോളജിസ്റ്റ് -അനാട്ടമിസ്റ്റ് വോറൊബീവും സഹായികളും വന്ന്, ഡോ ബി ഐ സ്‌ബർസ്‌കിക്കൊപ്പം ആയിരുന്നു,ലേപനം.***അവർക്ക് ഗവേഷണത്തിന് മൃഗങ്ങൾ,അവയവങ്ങൾ എന്നിവ മരവിപ്പിച്ചേ പരിചയം ഉണ്ടായിരുന്നുള്ളു.

ഈജിപ്തിൽ കെയ്‌റോയ്ക്ക് പുറത്ത്, മരപ്പെട്ടിയിലാക്കി, കൽ പിരമിഡുകളുടെ നിലവറയിൽ ആയിരുന്നു, ഫറവോമാരെ അടക്കം ചെയ്‌തത്‌. ഇത് അങ്ങനെ അല്ല. റെഡ് സ്‌ക്വയറിൽ മാർബിൾ വലയത്തിനുള്ളിൽ. ഓർത്തഡോക്സ് സഭ തന്നെ, വിശുദ്ധന്മാരുടെ എല്ലുകളേ സൂക്ഷിച്ചിരുന്നുള്ളു. പോസ്റ്റ് മോർട്ടത്തിൽ രോഗം, സ്ലെറോസിസ് ആണെന്ന് എഴുതി -പിതാവിന് ഉണ്ടായിരുന്ന രോഗം .ലെനിൻറെ തലച്ചോറിൽ നിന്ന് 30000 ചീളുകൾ എടുത്ത് ബ്രെയിൻ ഇൻസ്റ്റിട്യൂട്ട് സ്ഥാപിച്ചു.

ജനുവരി 28 ന് ഇനെസ്സ ആർമാൻഡിന്റെ മകൾ ഇന്നയ്ക്ക് ക്രൂപ് സ്കേയ എഴുതി: "അദ്ദേഹത്തെ ക്രെംലിനിൽ ജഡമായി സൂക്ഷിക്കാൻ പദ്ധതി വന്നപ്പോൾ, എനിക്ക് രോഷം തോന്നി. ചുവപ്പൻ മതിലിന് കീഴിൽ, സഖാക്കൾക്കൊപ്പം ഒന്നിച്ചു കഴിയാമായിരുന്നു.

ഈ കത്ത്, പൂർണമായും രഹസ്യം എന്നെഴുതി പി ബി സൂക്ഷിച്ചു .
ഇനെസ്സയുടെ അടുത്ത് ലെനിനെ അടക്കണം എന്നായിരുന്നു, ക്രൂപ് സ്കേയയുടെ ആഗ്രഹം.

---------------------------------------

* Inessa , Lenin's Mistress / Michel Pearson
**ഒക്ടോബർ സംഭവം:ആദ്യ പി ബി ചർച്ച സിനോവീവും കാമനെവും മാക്‌സിം ഗോർക്കിയുടെ പത്രത്തിന് ചോർത്തിയതും ബദൽ രേഖ പ്രസിദ്ധീകരിച്ചതും
*** The Secret File of Joseph Stalin:A Hidden Life / Roman Brackman

See https://hamletram.blogspot.com/2019/07/9.html

Saturday, 27 July 2019

ഒരു റഷ്യൻ യക്ഷിക്കഥ 9

9.പാർലമെൻറ് ലെനിൻ പിരിച്ചു വിടുന്നു

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ധ്വംസകരിൽ ഒരാളാണ്,ലെനിൻ. 'വിപ്ലവ' ശേഷം തിരഞ്ഞെടുപ്പിലൂടെ നിലവിൽ വന്ന നിയമ നിർമാണ സഭയെ ഒരു സമ്മേളനത്തിന് ശേഷം 1918 ജനുവരിയിൽ അയാൾ പിരിച്ചു വിട്ടു.ആ തിരഞ്ഞെടുപ്പിൽ ജനം ബോൾഷെവിക്കുകളെ തള്ളിക്കളഞ്ഞതായിരുന്നു,കാരണം.സ്വന്തം ജീവൻ തന്നെ  അപകടത്തിലാണെന്ന് ശങ്കിച്ച ലെനിൻ,ഏതൊരു ഏകാധിപതിയെയും പോലെ,ഭയത്തിന് അടിമയായി,ശത്രുക്കളെ ഉന്മൂലനം  ചെയ്യുന്ന ഭീകരത രാജ്യമെങ്ങും നടപ്പാക്കി.

ജനം സാർ ചക്രവർത്തിയുടെ ഭരണം തൂത്തെറിഞ്ഞത്,റഷ്യൻ പാർലമെന്റായ ദൂമ പിരിച്ചു വിട്ടത് കൊണ്ടാണ്.കെറൻസ്കിയുടെ താൽക്കാലിക ഭരണ കൂടത്തിനെതിരെ ബോൾഷെവിക്കുകൾ ചാർത്തിയ കുറ്റവും,സഭ സജീവമാക്കാത്തതാണ്.ലെനിൻറെ മാതൃകയായ ഭീകരൻ നെചായേവ് ,ചക്രവർത്തിയുടെ സാക്ഷിക്കൂട്ടിൽ നിന്ന് വാദിച്ചപ്പോൾ ചൂണ്ടിക്കാണിച്ചതും റഷ്യയിൽ മധ്യ കാലഘട്ടത്തിൽ പോലും,സെംസ്‌കി സോബോർ ( Semski Sobor ) എന്ന സഭ ഉണ്ടായിരുന്നതാണ്.
സെംസ്‌കി സോബോർ എന്ന വാക്കിനർത്ഥം,നാടിൻറെ സഭ എന്നാണ്.16,17 നൂറ്റാണ്ടുകളിൽ റഷ്യയിൽ നില നിന്ന നിയമ സഭയാണ്,അത്.അതിന് പകരം,ചക്രവർത്തി നിക്കോളാസ് രണ്ടാമൻ ദൂമ രൂപീകരിച്ചത് 1905 ലാണ്.
ചക്രവർത്തിയോ ഓർത്തഡോക്സ് പാത്രിയർക്കീസോ ആയിരുന്നു,സോബോറിന്റെ അധ്യക്ഷൻ.മൂന്ന് വിഭാഗങ്ങളിൽ നിന്നായിരുന്നു,അംഗങ്ങൾ: പ്രഭുക്കൾ,വൈദികർ,കച്ചവടക്കാരുടെയും ജനത്തിൻറെയും പ്രതിനിധികൾ.ആദ്യ സോബോർ 1549 ൽ ഇവാൻ ദി ടെറിബിൾ രൂപീകരിച്ചു.ചക്രവർത്തിയുടെ തീരുമാനങ്ങൾ അംഗീകരിക്കുന്ന റബർ സ്റ്റാമ്പ് ആയിരുന്നു സഭ.1566 ൽ ഒപ്രിച് നിന  ( Oprichnina ) നിരോധിക്കാൻ ആവശ്യപ്പെട്ട സഭ ചക്രവർത്തിയെ ഞെട്ടിച്ചു.രാഷ്ട്രീയ പൊലീസിനെ വച്ച് ചക്രവർത്തി പരസ്യ വധശിക്ഷയും അടിച്ചമർത്തലും പ്രഭുക്കളുടെ ഭൂമി പിടിക്കലും നടത്തുന്ന നയമായിരുന്നു,ഇത്.
സോഷ്യൽ ഡെമോക്രാറ്റ് പോസ്റ്റർ ,1917 
റൊമാനോവ് വംശം അധികാരമേറിയപ്പോൾ,സഭ ഇല്ലാതായി.1654 ൽ സഭ ചേർന്നത്,30 വർഷത്തിന്‌ ശേഷമായിരുന്നു.1682 ലും 84 ലും ആണ് ഒടുവിൽ സഭ ചേർന്നത്.1922 ൽ ചക്രവർത്തിയെ സ്ഥാന ഭ്രഷ്ടനാക്കിയതിൽ പശ്ചാത്തപിച്ച്,അമൂർ മേഖലയിൽ,പട്ടാള ജനറൽ ആയിരുന്ന എം കെ ഡീയാട്രിക്‌സ്‌,സോബോർ വിളിച്ചു കൂട്ടി.അധ്യക്ഷ സ്ഥാനത്ത് ഗ്രാൻഡ് ഡ്യൂക്ക് നിക്കോളാസിൻറെയും ടൈഖോൻ പാത്രിയർക്കീസിന്റെയും പേരുകൾ വച്ചെങ്കിലും,വന്നില്ല.രണ്ടു മാസം കഴിഞ്ഞ് സഭ ഇല്ലാതായി.
നിയമ നിർമാണ സഭയ്ക്കായുള്ള ജനരോഷത്തോട് ലെനിൻ ആദ്യം പ്രതികരിച്ചത്,തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടായിരുന്നു.നാലഞ്ച് വർഷം ജനത്തെ രാഷ്ട്രീയം പഠിപ്പിച്ച് പാകമാകുമ്പോൾ തിരഞ്ഞെടുപ്പാകാം എന്ന് അയാൾ സിദ്ധാന്തിച്ചു.ആ സമയം കൊണ്ട് വോട്ടർ പട്ടികയിൽ ബോൾഷെവിക്കുകൾ മാത്രം ഉണ്ടാകുന്ന സ്ഥിതി വരും.ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ,ഭൂരിപക്ഷം കിട്ടണം എന്നില്ല.ഒരു ബൂർഷ്വാ സംവിധാനം മാത്രമാണ്,പാർലമെൻറ് !

1917 നവംബർ 25 ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് നവംബർ 9 ന് ലെനിൻറെ തിട്ടൂരം  ( decree ) വന്നു.മാൽനിൻസ്‌കി കൊട്ടാരത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തനം തുടങ്ങി.നവംബർ 11 ന് മിലിട്ടറി കമ്മിറ്റി ചെയർ മാൻ പോഡ് വോയ്‌സ്‌കി,പെട്രോഗ്രാഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.നഗരത്തെ സൈന്യം വലയം ചെയ്‌തു.പ്രതിപക്ഷത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തടയുകയായിരുന്നു,ഉന്നം.പ്രതിപക്ഷത്തിന് പോസ്റ്ററുകൾ തയ്യാറാക്കാൻ ആവശ്യമുള്ളത്ര കടലാസുകൾ കിട്ടാതായി.കമ്മീഷൻ പ്രവർത്തനത്തെ ലെനിൻ ഭരണ കൂടം തടസ്സപ്പെടുത്തി.
കേഡറ്റ് പോസ്റ്റർ,1917 
പട്ടാള മേധാവി ആയിരുന്ന കോർണിലെവിനെ പിന്തുണയ്ക്കുന്ന കേഡറ്റുകൾ,സോഷ്യലിസ്റ്റ് റെവല്യൂഷനറി പാർട്ടി,ബോൾഷെവിക് പാർട്ടി എന്നിവയായിരുന്നു,പ്രധാന കക്ഷികൾ.പെട്രോഗ്രാഡിലെ ഫലം,നവംബർ 30 ന് വന്നു.കേഡറ്റുകൾക്ക് 2,45,006 വോട്ട്.റെവല്യൂഷനറി പാർട്ടിക്ക് 1,52,230.ബോൾഷെവിക്കുകൾക്ക് 4,24,027.ബോൾഷെവിക്കുകൾക്ക് ഭൂരിപക്ഷം.മോസ്‌കോയിലും മറ്റ് ചില നഗരങ്ങളിലും ബോൾഷെവിക്കുകൾക്ക് ഭൂരിപക്ഷം കിട്ടി.പ്രവിശ്യകളിലെ കഥ മറ്റൊന്നായിരുന്നു.റെവല്യൂഷനറി പാർട്ടിക്കായിരുന്നു,ഭൂരിപക്ഷം.ആകെ 4 .17 കോടി വോട്ടിൽ ഈ പാർട്ടിക്ക് 2.08 കോടി കിട്ടി.ബോൾഷെവിക്കുകൾക്ക് 98 ലക്ഷം.മെൻഷെവിക്കുകൾക്ക് ഏതാനും ആയിരം.
ഈ അവസ്ഥയിൽ,ലെനിൻ തിരഞ്ഞെടുപ്പ് കമ്മീഷനെ തടവിലാക്കി.മോസസ് യൂറിറ്റ്സ്‌കിയെ പകരക്കാരനാക്കി.പ്രതിപക്ഷ നേതാക്കൾ വീട്ടു തടങ്കലിൽ ആയി.അച്ചടി ശാലകൾ പൂട്ടിച്ചു.ഡിസംബർ അഞ്ചിന് മിലിട്ടറി കമ്മിറ്റി പിരിച്ചു വിട്ട്,ആ സ്ഥാനത്ത് പ്രതിവിപ്ലവ പ്രതിരോധ വകുപ്പ്,ചേക  ഉണ്ടാക്കി.സിനോവീവും കൂട്ടരും സന്ധിക്കു വേണ്ടി വാദിച്ചെങ്കിലും നടന്നില്ല.

നിയമ നിർമാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡപ്യുട്ടികൾ ഡിസംബർ 10 ന് മോസ്‌കോയിൽ എത്തി.അടുത്ത നാൾ സമ്മേളനം.ബോൾഷെവിക്കുകൾ രാത്രി തന്നെ,കാതറീൻ രാജ്ഞി വാണിരുന്ന,സമ്മേളനം നടക്കേണ്ട ടോറിഡ് കൊട്ടാരം കൈയടക്കി.ഗേറ്റ് പുറത്തു നിന്ന് പൂട്ടി.ഭടന്മാർ കൊട്ടാരത്തിന് കാവൽ നിന്നു.കൊട്ടാരത്തിനകത്ത് യൂറിറ്റ്സ്‌കിയും 50 പേരും മാത്രം.കേഡറ്റ് പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്‌ത്‌ പീറ്റർ പോൾ കോട്ടയിലേക്ക് കൊണ്ട് പോയി.കെറൻസ്കി സർക്കാരിൽ മന്ത്രിമാരായിരുന്ന പ്രൊഫസർ ആൻഡ്രി ഷിംഗറേവ്,ഡോ ഫയദോർ കൊകോഷ്‌കിൻ എന്നിവരെയും അറസ്റ്റ് ചെയ്‌തു.ഇരുവർക്കും ജന സ്വാധീനം ഉണ്ടായിരുന്നു.
അങ്ങനെ,സമ്മേളനം അലസി.ജനുവരി 18 ന് വീണ്ടും ചേരാൻ ലെനിൻ തിട്ടൂരമിറക്കി.
നിയമനിർമ്മാണസഭ,1918 
ജനുവരി 14 ന് ലെനിൻ,മിഖയിലോവ്സ്കി റൈഡിങ് സ്‌കൂളിൽ പുതുതായി രൂപം നൽകിയ സോഷ്യലിസ്റ്റ് ആർമി വിഭാഗത്തോട് സംസാരിച്ചു.ഇവിടെയാണ് ചക്രവർത്തി സേനയെ അവലോകനം ചെയ്‌തിരുന്നത്‌.കവചിത വാഹനങ്ങൾ ഹാളിനെ വലയം ചെയ്‌തു.ഒരു കവചിത വാഹനത്തിൽ ലെനിൻ എത്തിയപ്പോൾ,ആരവങ്ങൾ മുഴങ്ങി.ലെനിൻറെ പ്രസംഗം തീർന്നപ്പോൾ,ചെറിയ കൈയടി ഉണ്ടായെങ്കിലും,ആളുകൾ എഴുന്നേറ്റ് നിന്ന് ആദരിച്ച് പതിവ് പോലെ ശബ്ദം മുഴക്കിയില്ല.പ്രസംഗം നന്നായില്ല.സംഘർഷം ലഘൂകരിക്കാൻ,അമേരിക്കക്കാരനായ ആൽബർട്ട് റീസ്  വില്യംസ് അവിടത്തെ സഖാക്കൾക്ക് വേണ്ടി,ഇപ്പോൾ അഭിവാദ്യം ചെയ്യുമെന്ന് പോഡ് വോയ്‌സ്‌കി അറിയിച്ചു.പത്രപ്രവർത്തകനായ വില്യംസ്,ബോൾഷെവിക്കുകളുടെ ജനസമ്പർക്ക വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു.ലെനിൻ പരിഭാഷയ്ക്ക് തയ്യാറായപ്പോൾ,റഷ്യനിൽ പ്രസംഗിക്കാം എന്നായി വില്യംസ്.ക്ഷീണിതനായ ലെനിന് ,തൻറെ പ്രസംഗം നന്നായില്ലെന്ന് അറിയാമായിരുന്നു.വില്യംസ് പ്രസംഗിച്ചു മുന്നേറിയപ്പോൾ,ഇടക്കിടെ പട്ടാളക്കാർ പൊട്ടിച്ചിരിച്ചു,കൈയടിച്ചു.വില്യംസ് ആയി,അന്നത്തെ താരം.
ആൽബർട്ട് റീസ് വില്യംസ് 
യോഗം കഴിഞ്ഞ്,ലെനിൻ നടുമുറ്റത്തേക്ക് നടന്നു.പട്ടാളം അനുഗമിച്ചു.ലെനിൻ,ഫിൻലൻഡിൽ മേൽനോട്ടക്കാരനായിരുന്ന സ്വിസ് കമ്മ്യൂണിസ്റ്റ്  ഫ്രിറ്റ്സ് പ്ലാറ്റനെയും തൻറെ സഹോദരി മരിയയെയും കൂടെ കൂട്ടിയിരുന്നു.റൈഡിങ് സ്‌കൂളിൽ നിന്ന് 50 വാര മഞ്ഞിലൂടെ കാർ നീങ്ങിയപ്പോൾ,മൂന്ന് വെടിയുണ്ടകൾ വിൻഡ് ഷീൽഡ് തകർത്ത് കാറിനുള്ളിലേക്ക് കയറി.പ്ലാറ്റൻ ലെനിൻറെ തല പിടിച്ചു താഴ്ത്തി.ഡ്രൈവർ വേഗം കൂട്ടി,അടുത്ത വളവെടുത്ത്,കാർ നിർത്തി.നിർത്തിയത് വിഡ്ഢിത്തമായിരുന്നു -വീണ്ടും ആക്രമണം നടക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നില്ല.വെടിയുണ്ടകൾ  വന്നത്,പിന്നിൽ റൈഡിങ് സ്‌കൂളിന്റെ ഭാഗത്തു നിന്ന് തന്നെ ആയിരുന്നു.ലെനിൻ രക്ഷപ്പെട്ടത്,മാർക്സിസത്തിൽ ഇല്ലാത്ത അദ്‌ഭുതം കൊണ്ട് മാത്രമായിരുന്നു.ഡ്രൈവർ പുറത്തിറങ്ങി ടയറുകൾ പരിശോധിച്ചു.ടയർ പൊട്ടിയെങ്കിൽ അപകടമായേനെ.മഞ്ഞിൻറെ പുതപ്പിലൂടെ അവർ ഭരണ കേന്ദ്രമായ സ്‌മോൾനിക്ക് നീങ്ങി.പ്ലാറ്റന്റെ കൈയിൽ നേരിയ പരുക്ക് മാത്രം.ആ പരുക്ക് പിൽക്കാലത്ത് അയാൾ സദാ പ്രദർശിപ്പിച്ചു .
ഫ്രിറ്റ്സ് പ്ലാറ്റൻ 
നാലു ദിവസത്തിന് ശേഷം നിയമ നിർമാണ സഭ ചേർന്നു.രണ്ടായിരം നാവികരും പട്ടാളക്കാരും കൊട്ടാരം വളഞ്ഞു.12 മണി ആയപ്പോൾ ജനക്കൂട്ടം ഇരച്ചെത്തി.പട്ടാളം അതിന് നേരെ നിറയൊഴിച്ചു.എട്ടൊമ്പതു പേർ കൊല്ലപ്പെട്ടു.വീണ്ടും മറ്റൊരു ജനക്കൂട്ടം രൂപപ്പെട്ടു.അതിന് നേരെയും നിറയൊഴിച്ചു.അത്രയും പേർ പിന്നെയും കൊല്ലപ്പെട്ടു.
സഭാംഗങ്ങൾ സമ്മേളനം പുലരും വരെ നീളുമെന്ന് സംശയിച്ച് മെഴുകു തിരികൾ കരുതിയിരുന്നു.ഹാളിൽ ബോൾഷെവിക് അംഗങ്ങളെ കണ്ടില്ല.അവർ കൊട്ടാരത്തിലെ മറ്റൊരു മുറിയിൽ ലെനിനൊപ്പം ചർച്ചയിൽ ആയിരുന്നു-രണ്ടു മണി.ലെനിനൊപ്പം ഭാര്യ ക്രൂപ് സ്കേയയും സഹോദരി മരിയയും സെക്രട്ടറി ബ്രോൻച് ബ്രയെവിച്ചും ഉണ്ടായിരുന്നു.നാലുമണിയോടെ,അവിടെ നിന്ന് ലെനിൻ സമ്മേളന ഹാളിലേക്ക് നടക്കുമ്പോൾ,പിസ്റ്റൾ മുറിയിൽ മറന്നു.ഓവർ കോട്ടിലാണെന്ന് ഓർമിച്ചു തിരിഞ്ഞ് നടന്നു.മുറിയിലെത്തിയപ്പോൾ,പിസ്റ്റൾ കാണാതായിരുന്നു.ലെനിൻ രോഷം കൊണ്ടു.
വിക്റ്റർ ചെർണോവ് 
സമ്മേളനാരംഭത്തിൽ,സോഷ്യലിസ്റ്റ് റെവല്യൂഷനറി പാർട്ടിയിലെ വലതു വലതു വിഭാഗത്തിലുള്ള സെർജി ഷ്വെറ്റ് സോവ് എന്ന മുതിർന്ന അംഗം അധ്യക്ഷനാകണമെന്ന് കീഴ്വഴക്കം ചൂണ്ടിക്കാട്ടി അംഗങ്ങൾ വാദിച്ചു.അദ്ദേഹം എഴുന്നേറ്റ് സമ്മേളനം തുടങ്ങുന്നതായി പ്രഖ്യാപിക്കാൻ ഒരുമ്പെട്ടപ്പോൾ,അയാളെ തള്ളി മാറ്റി,ബോൾഷെവിക് അംഗം യാക്കോവ് സ്വെർദ് ലോവ്,സമ്മേളനം തുടങ്ങുന്നതായി പ്രഖ്യാപിച്ചു.കമ്മ്യൂണിസ്റ്റ് ഇൻറർനാഷനൽ പാടണമെന്ന് ഒരംഗം ആവശ്യപ്പെട്ടപ്പോൾ എല്ലാവരും യോജിച്ചു.അധ്യക്ഷ സ്ഥാനത്തേക്ക് റെവല്യൂഷനറി പാർട്ടി ഇടത് പക്ഷത്തിലെ മരിയ സ്പിരിഡോനോവയും വലതു പക്ഷത്തിലെ വിക്റ്റർ ചെർണോവും മത്സരിച്ചു.തംബോവിലെ ഗവർണറെ വെടിവച്ചു കൊന്ന് ശിക്ഷിക്കപ്പെട്ടവളായിരുന്നു,മരിയ.തിരഞ്ഞെടുപ്പിൽ,244 -151 ന് മരിയ തോറ്റു.
റെവല്യൂഷനറി പാർട്ടി നയം സ്വെർദ് ലോവും ബോൾഷെവിക്കുകളുടേത് ബുഖാറിനും വിശദീകരിച്ചു.രാത്രി 11 ന് സ്വെർദ് ലോവിൻറെ രേഖയിൽ,ബോൾഷെവിക്കുകൾ 136 -237 ന് തോറ്റു.റെവല്യൂഷനറി പാർട്ടിയുടെ പരിപാടി പാർലമെന്റ്‌ അംഗീകരിച്ചു.തങ്ങൾ സമ്മേളനം ബഹിഷ്‌കരിക്കുകയാണെന്ന് അറിയിച്ച് ,ബോൾഷെവിക്കുകൾ ഇറങ്ങിപ്പോയി.
റെഡ് ഗാർഡുകൾ സഭയിൽ/ ബോറിസ് സ്വികോറിൻ 
സമ്മേളനം തുടർന്നു.ചെർണോവ് ഭൂപരിഷ്‌കരണ ബില്ലിൻറെ കരട് അവതരിപ്പിച്ചു.പുതിയ റിപ്പബ്ലിക് നിലവിൽ വന്നതായുള്ള പ്രമേയം അവതരിപ്പിക്കാൻ എഴുന്നേറ്റപ്പോൾ, ഹാളിലെ വിളക്കുകൾ അണഞ്ഞു.പുലർച്ചെ നാലരയോട് അടുത്തിരുന്നു.സമ്മേളനം തുടങ്ങി 13 മണിക്കൂർ പിന്നിട്ടിരുന്നു.അങ്ങനെ,ബഹളത്തിൽ തുടങ്ങി,ഇരുളിൽ ആദ്യസമ്മേളനം ബോൾഷെവിക്കുകൾ അവസാനിപ്പിച്ചു.മണിക്കൂറുകൾ കഴിഞ്ഞ്,പാർലമെൻറ് പിരിച്ചു വിട്ട്,ലെനിൻ തിട്ടൂരം ഇറക്കി.
ആ അട്ടിമറി കഴിഞ്ഞ്,അടുത്ത നാൾ ഉച്ചയോടെ സ്‌മോൾ നിയിൽ ഓൾ റഷ്യൻ സോവിയറ്റ് സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്നു.ലെനിൻ കടന്നു വരുമ്പോൾ,ആറടി അഞ്ചിഞ്ച് ഉയരമുള്ള ബോൾഷെവിക് പാർലമെൻറ് അംഗം ക്രാമനോവ് ഉച്ചത്തിൽ വിളിച്ചു:ഏകാധിപതി നീണാൾ വാഴട്ടെ !

ലെനിൻ പ്രസംഗിച്ചു:പാർലമെന്റിന്റെ നയം താൽക്കാലിക ഭരണ കൂടത്തിന്റേത് തന്നെ.റഷ്യൻ വിപ്ലവം ബൂർഷ്വാ വിപ്ലവത്തിൽ നിൽക്കരുത്.ജനം പറഞ്ഞത് കൊണ്ട് പാർലമെൻറ് സമ്മേളനം വിളിച്ചെന്നേയുള്ളൂ .
ലെനിൻ പറഞ്ഞത് ആർക്കും മനസ്സിലായില്ല.പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തണം എന്നത് ബോഷെവിക്കുകളുടെ കൂടി ആവശ്യമായിരുന്നു.അതിൽ ബോൾഷെവിക്കുകൾ തോറ്റപ്പോൾ,ലെനിന് ഇറങ്ങിപ്പോകാമായിരുന്നു.തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചു വിട്ടു;തിരഞ്ഞെടുപ്പ് അട്ടിമറിച്ചു,പാർലമെന്റും പിരിച്ചു വിട്ടു.
തൊഴിലാളി സർവാധിപത്യത്തെ  മാർക്സിസ്റ്റ് ചിന്തകൻ കൗട് സ്‌കി വിമർശിച്ചപ്പോൾ,ലെനിൻ അദ്ദേഹത്തെ ചീത്ത വിളിച്ചു:ബൂർഷ്വ,ചെരുപ്പ് നക്കി !
അത് ശരിയായില്ലെന്ന് റോസാ ലക്സംബർഗ് റഷ്യൻ വിപ്ലവം എന്ന പ്രബന്ധത്തിൽ എഴുതി:*
ഇതെല്ലാം നശിപ്പിച്ചു കഴിഞ്ഞാൽ,എന്താണ് ബാക്കി?തിരഞ്ഞെടുപ്പ് വഴി നിലവിൽ വന്ന പ്രതിനിധി സഭകൾക്ക് പകരം,ലെനിനും ട്രോട് സ്‌കിയും സോവിയറ്റുകൾ മാത്രമാണ് യഥാർത്ഥ പ്രതിനിധാനമെന്ന് ഉറപ്പിച്ചിരിക്കുന്നു...ജനാധിപത്യത്തിന് പകരം,ഏകാധിപത്യം ,ബൂർഷ്വാ ഏകാധിപത്യം .ഇത് സോഷ്യലിസ്റ്റ് നയമല്ല.

തൻറെ നടപടിയെ ന്യായീകരിക്കാൻ ലെനിൻ പ്രത്യയ ശാസ്ത്രം മുഴുവൻ അരിച്ചു പെറുക്കി.ഒടുവിൽ 1903 ലെ രണ്ടാം പാർട്ടി കോൺഗ്രസിൽ പ്ലഖനോവ് നടത്തിയ പ്രസംഗത്തിലെ ലാറ്റിൻ ഉദ്ധരണിയിൽ അഭയം  തേടിയെന്ന് ക്രൂപ് സ്കേയ പിന്നീട് ഓർമിച്ചു:Salus revolutionis Suprema.വിപ്ലവത്തിൻറെ വിജയമാണ്,ഏറ്റവും വലിയ നിയമം.( The  Success of revolution is the Supreme Law .).
ഈ വരട്ടുവാദം മുഴുവൻ ലെനിന് ഗുരുവായ ഭീകരൻ നെചായെവിൽ നിന്ന് കിട്ടിയതാണെന്ന് കാണാം.അയാളുടെ വിപ്ലവകാരിയുടെ അനുഷ്ഠാന വിധി ( Catechism of a Revolutionary ) യിലെ പ്രധാന തത്വങ്ങൾ ഇവയാണ്:**

  • വിപ്ലവകാരിക്ക് ഒന്നും നോക്കാനില്ല.അയാൾക്ക് താല്പര്യങ്ങളോ വികാരങ്ങളോ ഇല്ല.വിപ്ലവം മാത്രമാണ് ലക്ഷ്യം.സാമൂഹിക ക്രമവുമായി സകല ബന്ധവും അയാൾ വിച്ഛേദിച്ചിരിക്കുന്നു.ധാർമികതയോ സംസ്കാരമോ അയാൾക്കില്ല.അയാൾ സമൂഹത്തെ നശിപ്പിക്കും.
  • എല്ലായിടത്തും വിപ്ലവകാരി നുഴഞ്ഞു കയറും.സകലരെയും ചൂഷണം ചെയ്യും.സകലരെയും കാൽകീഴിലാക്കും.സാധാരണക്കാരൻറെ ദുരിതങ്ങൾക്ക് ആക്കം കൂട്ടും.അയാൾ ക്രൂരനായ ക്രിമിനലിൻറെ സഖ്യത്തിലാകും.ആ ക്രിമിനലാണ്,റഷ്യയിലെ യഥാർത്ഥ വിപ്ലവകാരി.
ഈ സിദ്ധാന്തത്തിൻറെ മൂർത്ത രൂപമാണ്,ലെനിൻ.
നെചായേവ് 
പഴയ സഖാവിനെ 1869 ൽ കൊന്ന് റഷ്യ വിട്ട ഭീകരനാണ്,ഈ ഗുരു.ഒന്നാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിൽ നിന്ന് പുറത്തായ അയാൾ,1872 ൽ സ്വിറ്റ്സർലൻഡിൽ പിടിയിലായി.റഷ്യയിലേക്ക് നാട് കടത്തി.20 കൊല്ലം ശിക്ഷ കിട്ടി.ദസ്തയേവ്സ്കിയുടെ Demons എന്ന നോവലിലെ പ്യോത്തർ വെർഖോവൻസ്‌കി,ഈ ഗുരുവാണ്.അയാളുടെ നിഹിലിസ്റ്റ് പ്രസ്ഥാനത്തിന് എതിരായ നോവലാണ്,അത്.ദസ്തയേവ്സ്കി ലെനിന് പ്രിയങ്കരൻ ആയിരുന്നില്ല.ലെനിൻ എങ്ങനെ ഇരിക്കുമെന്ന് 1917 വരെ റഷ്യക്കാർക്ക് അറിവുണ്ടായിരുന്നില്ല.അത് വരെ പ്രവദ ലെനിൻറെ ചിത്രം അടിച്ചിരുന്നില്ല.1921 ലെ ആഭ്യന്തര യുദ്ധ കാലത്തും അയാളെ അറിയുമായിരുന്നില്ല.ആ വർഷത്തെ പുത്തൻ സാമ്പത്തിക നയം വന്നപ്പോൾ ജനം അയാളെ ശ്രദ്ധിച്ചു.

അടിമ കുടുംബത്തിൽ ജനിച്ച നെചായേവ്,18 വയസിൽ ചരിത്രകാരൻ മിഖയിൽ പോഗോഡിൻറെ സഹായി ആയി.അധ്യാപക പരിശീലനം നേടി.നിക്കോളായ് ചേർനിഷെവ്‌സ്‌കിയുടെ എന്താണ് ചെയ്യേണ്ടത് ?( 1863 )എന്ന നോവലിലെ റാഖ്മെറ്റോവിനെപ്പോലെ പായയിൽ ഉറങ്ങി.കറുത്ത റൊട്ടി  തിന്നു.ആ നോവൽ ലെനിനും പ്രിയമായിരുന്നു -ആ ശീർഷകം കടമെടുത്താണ് ലെനിൻറെ മുഖ്യ പ്രബന്ധം.തുർഗനേവിന്റെ Fathers and Sons എന്ന നോവലിന് മറുപടി ആയിരുന്നു,ഈ നോവൽ.
സ്‌കൂളിൽ രാത്രി മെഴുകുതിരി വെട്ടത്തിൽ വിപ്ലവം വായിച്ചിരുന്ന നെചായേവ് അതിന് വേറ സസൂലിച്ചിനെയും ക്ഷണിച്ചിരുന്നു.അതിന് പോയെങ്കിലും പ്രണയം അവൾ നിരസിച്ചു.വിപ്ലവകാരിക്ക് വികാരങ്ങൾ പാടില്ല എന്ന് അയാൾ എഴുതിയത്,ഇത് കൊണ്ടാകാം.ജനീവയിൽ സൈദ്ധാന്തികൻ ബക്കുനിൻറെ വത്സല ശിഷ്യനായി.നെചായേവിന്റെ അനുഷ്ഠാന വിധി യിലാണ്,ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്ന അപകടകരമായ വാചകം പ്രത്യക്ഷപ്പെട്ടത്.
------------------------------------------
*Rosa Luxemberg / The Russian Revolution,1918,Chapter 6 
**Sergy Nechayev / Catechism of a Revolutionary,1869.Quoted in Stalin:The First in -depth Biogrophy  based on Explosive New Documents from Russia's Secret Archives,1997 / Edward Radzinsky 




ഒരു റഷ്യൻ യക്ഷിക്കഥ 8

8 .ലെനിൻ തൊഴിലാളികൾക്ക് എതിരെ 


ലോക ചരിത്രത്തിൽ ലെനിന്റേതു പോലെ ഒരു വൃത്തികെട്ട ഭരണം വേറെ ഉണ്ടായിട്ടില്ല.

അയാൾ സിംഹാസനം ഏറിയ ശേഷം,ഭരണം വിലയിരുത്താനും മറ്റും പാർട്ടി യോഗങ്ങൾ നടന്നത് വല്ലപ്പോഴുമാണ്.യോഗങ്ങൾ നടക്കുമ്പോൾ എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കും.ഒടുവിൽ സിനോവീവോ കാൾ റാഡെക്കോ ചോദിക്കും:" സഖാവിൻറെ അഭിപ്രായമെന്ത്?"
അപ്പോൾ പ്രസംഗിക്കും.

യോഗത്തിന് എത്തുന്നവരോട് പുച്ഛമായിരുന്നു.രണ്ട് പേരെ മാത്രം അയാൾ പരിഗണിച്ചു:ട്രോട് സ്‌കി,ഷെർഷിൻസ്കി.പോളിഷ്,ജർമൻ സോഷ്യലിസ്റ്റ് നേതാവായ റാഡെക് ( 1885 -1939 )  1917 ന് ശേഷം റഷ്യയിൽ എത്തി.ജൂതൻ.ശരിപ്പേർ കരോൾ സോബൽസോഹൻ .സ്റ്റാലിന്റെ കാലത്ത് കൊന്നു.ലെനിൻറെ രഹസ്യ പൊലീസ് ചേക യുടെ മേധാവി ആയിരുന്നു,ഫെലിക്സ് ഷെർഷിൻസ്കി ( Felix Dzerzhinsky )പോളിഷ് സമ്പന്ന കുടുംബത്തിലെ അംഗം.വിമത ശബ്‌ദം ഉയർത്തുന്നവരെ ഉന്മൂലനം ചെയ്യുകയായിരുന്നു,അയാളുടെ പണി.കൊല ഇഷ്ടപ്പെട്ടത് കൊണ്ടല്ല,സഖാക്കളുടെ പാപം സഹിക്കാൻ കഴിയാത്തത്‌ കൊണ്ടാണ് കൊന്നതെന്ന് അയാൾ പറഞ്ഞു പോന്നു.

കേന്ദ്ര തടി കമ്മിറ്റി ( Central timber committee ) മേധാവി എന്ന നിലയിൽ തൊഴിൽ / പ്രതിരോധ സോവിയറ്റിൽ അംഗമായിരുന്ന സൈമൺ ലീബർമാൻ ഓർത്തിരുന്ന ഒരു സംഭവമുണ്ട്:വന മേഖലകളിലെ കർഷകർ നിശ്ചിത തൂക്കം വിറക് കേന്ദ്രത്തിന് നൽകാൻ ക്വോട്ട വച്ചിരുന്നു.പലപ്പോഴും അത് കിട്ടിയില്ല.എന്ത് പരിഹാരം എന്ന ചർച്ചയിൽ ഷെർഷിൻസ്കി പറഞ്ഞു:" കർഷകർ തന്നില്ലെങ്കിൽ ഇരട്ടി ഫോറസ്റ്റർമാർ നൽകണമെന്ന് നിശ്ചയിക്കാം;തന്നില്ലെങ്കിൽ വെടി വയ്ക്കാം".
ഷെർഷിൻസ്കി 
അങ്ങനെ നിരവധി ഫോറസ്റ്റർമാർ കൊല്ലപ്പെട്ടപ്പോൾ,ആ തൊഴിലിൽ അനുഭവ ജ്ഞാനം ഉള്ളവർ ഇല്ലാതായി.1919 വസന്തത്തിൽ പുട്ടിലോവ് ഫാക്റ്ററി തൊഴിലാളികൾ പെട്രോഗ്രാഡ് തെരുവുകളിൽ ലെനിന് എതിരെ പ്രകടനം നടത്തി.അവർ വിളിച്ചു പറഞ്ഞു:" ലെനിനും കുതിര മാംസവും തുലയട്ടെ,ഞങ്ങൾക്ക് സാറും ( ചക്രവർത്തി ) പന്നി മാംസവും മതി".
തൊഴിലാളികളെ വെടിവച്ചു കൊന്നു,ഫാക്ടറികൾ പൂട്ടി.ഫാക്റ്ററികൾക്ക് വേണ്ട അസംസ്‌കൃത വസ്‌തുക്കൾ,ലെനിൻ ഉയർത്തിയ ഭീകരത കാരണം കിട്ടിയില്ല.സമ്പദ് രംഗം താറുമാറായി.1921 ഫെബ്രുവരിയിൽ ലെനിൻ സുഹൃത്ത് ഗ്ളെബ് കിർഷിഷാനോവ്‌സ്‌കിക്ക് എഴുതി:"നാം യാചകരായി;പട്ടിണിയിൽ നാം അനാഥരായ പിച്ചക്കാരായി".
അലക്‌സാണ്ടർ ഷ്ല്യാപ്നിക്കോവും അലക്‌സാൻഡ്ര കൊലോന്റെയും നേതൃത്വം നൽകിയ ' തൊഴിലാളി പ്രതിപക്ഷം',ഫാക്റ്ററികൾ തൊഴിലാളികൾക്ക് കൊടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി.
നടക്കാത്ത ഒക്ടോബർ വിപ്ലവത്തെപ്പറ്റിയാണ്,' ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങൾ എന്ന വ്യാജ നിർമിതി അമേരിക്കൻ പത്ര പ്രവർത്തകൻ ജോൺ റീഡ് ലോകത്തിന് നൽകിയത്.ലോകത്തെ ഇന്നും പിടിച്ചു കുലുക്കുന്ന നാല് സംഭവങ്ങൾ ലെനിൻറെ ദുർഭരണത്തിൽ നടന്നു.പോളണ്ടുമായുള്ള യുദ്ധം,തംബോവ്  കലാപം,ക്രോൺസ്റ്റാറ്റ് കലാപം,1921 -22 ലെ ക്ഷാമം.

പോളണ്ടുമായുള്ള യുദ്ധം 

1919 ഫെബ്രുവരി മുതൽ 1921 മാർച്ച് വരെയായിരുന്നു,റഷ്യ തോറ്റ പോളണ്ടുമായുള്ള യുദ്ധം.രണ്ടാം പോളിഷ് റിപ്പബ്ലിക്കും യുക്രേനിയൻ റിപ്പബ്ലിക്കും പ്രോട്ടോ സോവിയറ്റ് യൂണിയനും തമ്മിൽ,ഇന്നത്തെ പശ്ചിമ യുക്രൈൻ,ബെലാറസ് പ്രദേശങ്ങൾക്ക് വേണ്ടി ആയിരുന്നു,യുദ്ധം.സോവിയറ്റ് റഷ്യയും സോവിയറ്റ് യുക്രൈനും ചേർന്നതാണ്,പ്രോട്ടോ സോവിയറ്റ യൂണിയൻ.
വിപ്ലവകാരിയായ പോളണ്ട് ഭരണത്തലവൻ ജോസഫ് പിൽസുഡ്സ്‌കി,പോളണ്ടിന്റെ നേതൃത്വത്തിൽ മധ്യ,പൂർവ യൂറോപ്യൻ സാമ്രാജ്യത്തിനായി,പോളണ്ടിന്റെ അതിർത്തികൾ വികസിപ്പിക്കാൻ ഒരുമ്പെട്ടു.പോളണ്ടിനെ ജർമനിക്കുള്ള പാലമാക്കി റഷ്യൻ സാമ്രാജ്യ സ്ഥാപനമായിരുന്നു,ലെനിൻറെ ലക്ഷ്യം.1919 ൽ പോളണ്ട് പശ്ചിമ യുക്രൈനും 1920 ഏപ്രിലിൽ കീവും പിടിച്ചു.റഷ്യൻ സേന പോളിഷ് സൈന്യത്തെ വാഴ്‌സയിലേക്ക് ഓടിച്ചു.വാഴ്സ യുദ്ധത്തിൽ പോളണ്ട് ജയിച്ചു.1920 ഒക്ടോബറിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചു.1921 മാർച്ച് 18 ന് ഒപ്പിട്ട റിഗ സന്ധി പ്രകാരം,പോളണ്ടിന് അതിനു കിഴക്കുള്ള 200 കിലോമീറ്റർ പ്രദേശം അധികം കിട്ടി.
പോളിഷ് പ്രതിരോധ നിര,1920 
പോളണ്ടിന്റെ വിജയം,റഷ്യൻ സ്വാധീനം ജർമനിയിലും ഹംഗറിയിലും റൊമാനിയയിലും വ്യാപിക്കാതെ കാത്തു.1989 ൽ പോളണ്ടിന്റെ ഭരണത്തിൽ നിന്ന് കമ്മ്യൂണിസ്റ്റുകൾ പുറത്താകും വരെ,ഈ യുദ്ധം പാഠപുസ്തകങ്ങളിൽ വന്നില്ല.ആരെങ്കിലും പ്രശ്‍നം ഉയർത്തിയാൽ,യുദ്ധത്തിന് കാരണം,'വിദേശ ഇടപെടൽ ' ആണെന്ന് പറഞ്ഞു പോന്നു.രണ്ടു രാജ്യങ്ങളെക്കൊണ്ടും ഇത് പറയിച്ചത്,കമ്മ്യൂണിസ്റ്റ് നേതാക്കൾ ആയിരുന്നു.മാർക്‌സിസം,സാമ്രാജ്യത്വത്തിന് ഇന്ധനമാകും എന്ന് ഗുണപാഠം.

തംബോവ് കലാപം 

ആഭ്യന്തരയുദ്ധ കാലത്ത്,റഷ്യയിൽ 1920 -21 ൽ ഉണ്ടായ,ലോകത്തിലെ ഏറ്റവും വലിയ കർഷക കലാപം.ഇതിൽ 1,40,000 പേർ കൊല്ലപ്പെട്ടു.
മോസ്‌കോയിൽ നിന്ന് 300 മൈൽ തെക്കുകിഴക്ക് തംബോവ് ഒബ്ലാസ്റ്റ്,വോറൊനേഷ് ഒബ്ലാസ്റ്റ് ,മേഖലയിൽ ആണ് ഇതുണ്ടായത്.സോഷ്യലിസ്റ്റ് റവലൂഷനറി പാർട്ടി നേതാവായ അലക്‌സാണ്ടർ ആന്റോനോവ് ആണ് നേതൃത്വം നൽകിയത്.ആന്റോനോവ് ലഹള എന്നും അറിയപ്പെടുന്നു.

ലെനിൻ ഭരണം ഏറിയതോടെ,ബോൾഷെവിക്കുകൾ അധിക ധാന്യം പിടിച്ചെടുക്കൽ ( Prodrazryorstka ) നയം നടപ്പാക്കി.ഒരു മേഖലയിലെ കർഷകർ ഉൽപാദിപ്പിക്കുന്ന ധാന്യം,കാർഷിക ഉൽപന്നങ്ങൾ എന്നിവയിൽ,വീട്ടാവശ്യത്തിനുള്ളതു കഴിച്ച്,ബാക്കി നഗര വിതരണത്തിനായി ചെറിയ തുക നൽകി പിടിച്ചെടുക്കുന്ന പരിപാടി ആയിരുന്നു,ഇത്.തംബോവിൻറെ ക്വോട്ട 1.8 കോടിയിൽ നിന്ന് 2 .7 കോടി പൂഡ്‌സ് ആയി ഉയർത്തി.ഒരു പൂഡ്‌സ് 16 .38 കിലോ.
ഇതിൽ രോഷാകുലരായ കർഷകർ 1920 ഓഗസ്റ്റ് 19 ന് ഖിട്രോവോയിൽ കലാപം തുടങ്ങി.ജനത്തിന് മുന്നിൽ,കാരണവന്മാരെ തല്ലി റെഡ് ആർമി ധാന്യം പിടിച്ചതായിരുന്നു,പ്രകോപനം.തംബോവ് കർഷകർ യൂണിയൻ ഉണ്ടാക്കി സ്വന്തമായി കോൺഗ്രസ് വിളിച്ചുകൂട്ടി സോവിയറ്റ് അധികാരത്തെ നിരാകരിച്ചു;സ്വന്തമായി നിയമ നിർമാണ സഭ ഉണ്ടാക്കി.സഭ,പ്രായപൂർത്തി വോട്ടവകാശവും ഭൂപരിഷ്കരണവും പ്രഖ്യാപിച്ചു.ഭൂമി മുഴുവൻ കർഷകർക്ക് വിട്ടു നൽകുകയായിരുന്നു,ഉന്നം.
ആന്റോനോവ് ( നടുവിൽ )
കലാപകാരികളായ കർഷകരുടെ എണ്ണം 1920 ഒക്ടോബറിൽ 50000 ആയിരുന്നു.ഇവർക്കൊപ്പം റെഡ് ആർമിയിൽ നിന്ന് വിരമിച്ച ഭടന്മാരും ചേർന്നു,ഇക്കൂട്ടർ സോവിയറ്റ് രഹസ്യ പൊലീസ് ആയ ചേക യിൽ നുഴഞ്ഞു കയറി.70000 വരുന്ന കലാപകാരികളെ റെഡ് ആർമി,അതിൻറെ മേധാവി മിഖയിൽ തുഖാചേവ്സ്കിയുടെ നേതൃത്വത്തിൽ നേരിട്ടു.ബോൾഷെവിക്കുകൾ കർഷകർക്ക് നേരെ രാസായുധങ്ങൾ പ്രയോഗിച്ചു.ഏഴു ഉന്മൂലന ക്യാമ്പുകൾ ഭരണകൂടം തുറന്നു.1921 ഫെബ്രുവരി രണ്ടിന് ഭരണകൂടം ധാന്യം പിടിക്കൽ നിർത്തി .അന്റോനോവിനെ 1922 ൽ കൊന്നു.പത്താം കോൺഗ്രസിന് മുൻപ് ഈ മേഖലയിൽ,നികുതി ( Prodnalog ) ഏർപ്പെടുത്തി.കോൺഗ്രസ് ഈ നയം അംഗീകരിച്ചു.
കർഷകരായ കലാപകാരികളെ ബോൾഷെവിക്കുകൾ,കാട്ടുകള്ളന്മാർ എന്ന് വിളിച്ചു.കലാപ കാലത്ത്,കസാൻ മൊണാസ്ട്രിയുടെ വിന്റർ ചർച്,പ്രാദേശിക ചേക ആസ്ഥാനമാക്കി.അത് തംബോവ് സൈനിക കമ്മിസാരിയറ്റിന്റെ ആർകൈവ്സ് ആയി.1933 ൽ പ്രാദേശിക ഭരണകൂടം കലാപ രേഖകൾക്ക് തീയിട്ടു.തീ നിയന്ത്രണാതീതമായപ്പോൾ,വെള്ളമൊഴിച്ചു ;മണ്ണ് വിതറി.അൾത്താരയിൽ തീയിട്ടില്ല.അതിനാൽ,1982 ൽ കുറെ രേഖകൾ കിട്ടി.
തംബോവിലെ പാർട്ടി മേധാവി അലക്‌സാണ്ടർ ഷ്ലിക്റ്റർ ,ലെനിനെ നേരിട്ട് വിളിച്ച ശേഷമാണ്,പട്ടാളത്തെ അയച്ചത്.

കലാപത്തെ ആധാരമാക്കി,2011 ൽ ആൻഡ്രി സ്മിർനോവ് Once Upon a time there Lived a Simple Woman എന്ന സിനിമയെടുത്തു.അലക്‌സാണ്ടർ സോൾഷെനിത്സിൻറെ Apricot Jam and Other Stories ൽ യൗവനത്തിൽ കലാപകാരികളെ നേരിട്ട ജനറലിന്റെ കഥയുണ്ട്.

ക്രോൺസ്റ്റാറ്റ് കലാപം 

സോവിയറ്റ് ബാൾട്ടിക് നാവിക വ്യൂഹത്തിൻറെ താവളമായ ഫിൻലൻഡ്‌ ഉൾക്കടലിലെ കോട്ട്ലിൻ ദ്വീപിലുള്ള നാവികക്കോട്ടയാണ്,ക്രോൺസ്റ്റാറ്റ്.55 കിലോമീറ്റർ അകലെയുള്ള പെട്രോഗ്രാഡിൻറെ കാവൽപ്പുര.അവിടെ സ്റ്റെപ്പാൻ പെട്രിചെങ്കോയുടെ നേതൃത്വത്തിൽ 1921 മാർച്ചിൽ ആയിരുന്നു,നാവിക കലാപം.നാവികരും നാട്ടുകാരുമായി 10000 പേരെ റെഡ് ആർമി വെടിവച്ചു കൊന്നു.
റഷ്യയുടെ സമ്പദ് രംഗം താറുമാറായിരുന്നു.വ്യവസായോത്പാദനം കുത്തനെ താണു.ഒന്നാം ലോകയുദ്ധകാലത്ത് നിന്ന് 1921 ൽ ഖനികളുടെയും ഫാക്റ്ററികളുടെയും ഉൽപാദനം 20 ശതമാനത്തിലേക്ക് താണു.മറ്റു ചില മേഖലകൾ മരവിച്ചു.പരുത്തി ഉൽപാദനം വെറും 5 %,ഇരുമ്പ് 2 %.ഒപ്പം 1920 ലെ വരൾച്ചയും 1921 ലെ ക്ഷാമവും.കർഷകർ പാടങ്ങൾ ഉഴുതില്ല.1921 ഫെബ്രുവരിയിൽ നൂറിലധികം കർഷക കലാപങ്ങൾ ഉണ്ടായി.പെട്രോഗ്രാഡ് തൊഴിലാളികൾ പണിമുടക്കി.റൊട്ടി റേഷൻ മൂന്നിലൊന്നായി.
1921 ഫെബ്രുവരി 26 ന് ക്രോൺസ്റ്റാറ്റിലെ നാവിക പ്രതിനിധികൾ പെട്രോഗ്രാഡിൽ എത്തി സ്ഥിതി വിലയിരുത്തി.28 ന് ബാൾട്ടിക് കപ്പലുകളായ പെട്രോപാവ്ലോസ്‌ക്,സേവാസ്റ്റോപോൾ എന്നിവയിലെ നാവികർ അടിയന്തര യോഗം ചേർന്ന് 15 ആവശ്യങ്ങൾ അടങ്ങിയ പ്രമേയം അംഗീകരിച്ചു.നിലവിലുള്ള സോവിയറ്റുകൾ തൊഴിലാളി,കർഷക താൽപര്യങ്ങൾ സംരക്ഷിക്കാത്തതിനാൽ,സോവിയറ്റുകളിലേക്ക് രഹസ്യ ബാലറ്റ് വഴി പുതിയ തിരഞ്ഞെടുപ്പ്,ആവിഷ്കാര സ്വാതന്ത്ര്യം,യൂണിയൻ സ്വാതന്ത്ര്യം,തടവുകാരുടെ മോചനം,സായുധ സേനകളിൽ പാർട്ടി നിരോധനം,റേഷൻ സമത്വം,കർഷക വാതന്ത്ര്യം എന്നിവയായിരുന്നു ആവശ്യങ്ങൾ.മാർച്ച് ഒന്നിലെ പൊതുയോഗത്തിൽ ബാൾട്ടിക് കമ്മിസാർ മിഖയിൽ കാലിനിൻ പങ്കെടുത്തു.16000 നാവികർ കാലിനിന്റെ  ഭീഷണിക്ക് വഴങ്ങിയില്ല.ഏഴിന് റെഡ് ആർമി നാവികരെ ആക്രമിച്ചു.17 ന് ബോൾഷെവിക്കുകൾ എത്തി.അവരും സൈന്യവും ചേർന്ന് 10000 പേരെ കൊന്നൊടുക്കി.12 ദിവസത്തെ കലാപം അമർച്ച ചെയ്ത ശേഷം,ബോൾഷെവിക്കുകൾ പാരീസ് കമ്മ്യൂണിന്റെ 50 വർഷം കൊണ്ടാടി.1200 -2168 കലാപകാരികളെ ഉന്മൂലനം ചെയ്‌തു.
കലാപത്തിന് ശേഷം ലെനിൻ പറഞ്ഞു:" ഒരു മിന്നൽ പോലെ ക്രോൺസ്റ്റാറ്റ് സത്യം വെളിവാക്കി."
പെട്രിചെങ്കോ  
'യുദ്ധ കമ്മൂണിസം ' നിർത്തി ലെനിൻ പുത്തൻ സാമ്പത്തിക നയം കൊണ്ട് വന്നു.ലോകവിപ്ലവം ഉടൻ ഉണ്ടാവില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.കലാപ നേതാവായ പെട്രോചെങ്കോ കർഷക കുടുംബത്തിൽ നിന്നായിരുന്നു.നാവികരിൽ മുക്കാൽ പങ്കും തെക്കുകിഴക്ക് നിന്നുള്ള പുത്തൻ കർഷക യുവാക്കൾ ആയിരുന്നു.സ്വാതന്ത്ര്യം ആഗ്രഹിച്ചതായിരുന്നു,കുറ്റം.
കലാപശേഷം രക്ഷപ്പെട്ട് ഫിൻലൻഡിൽ എത്തിയ പെട്രിചെങ്കോ  അവിടെ ചാരനായി 1941 ൽ അറസ്റ്റിലായി.അയാളെ 1944 ൽ സോവിയറ്റ് യൂണിയനിലേക്ക് നാട് കടത്തി.പത്തു കൊല്ലം തടവിൽ കിടന്ന് മരിച്ചു.8000 പേർ ഫിൻലൻഡിൽ അഭയം തേടി.1917 ൽ 30 ലക്ഷം വ്യവസായ തൊഴിലാളികൾ ഉണ്ടായിരുന്നത്,കലാപശേഷം 12,40,000  ആയി കുറഞ്ഞു-58 .7% ഇടിവ്.കർഷകരുടെ എണ്ണം 21 ലക്ഷത്തിൽ നിന്ന് 34000 ആയി -98.59 % ഇടിവ്.
ലൂയി ഫിഷർ God that Failed ( 1949 ) എന്ന പുസ്തകത്തിൽ,കലാപത്തിൻറെ അനന്തര ഫലം ഇങ്ങനെ രേഖപ്പെടുത്തി:മുൻപ് സഖാക്കളും അനുഭാവികളും പാർട്ടി വിടുക മാത്രമായിരുന്നു;ക്രോൺസ്റ്റാറ്റിന് ശേഷം,അവർ പാർട്ടി വിരുദ്ധരായി.

1921 -22 ലെ ക്ഷാമം 

വോൾഗ,യുറാൾ നദീ മേഖലകളിലായിരുന്നു,ക്ഷാമം.ഒരു കോടിയോളം മനുഷ്യർ ക്ഷാമത്തിൽ മരിച്ചു.മനുഷ്യൻ,മനുഷ്യനെ തിന്നുന്ന നിലയുണ്ടായി.ഒന്നാം ലോകയുദ്ധം,റഷ്യൻ ആഭ്യന്തര യുദ്ധം എന്നിവ വഴി റയിൽ ഗതാഗതം താറുമാറായതും സമ്പദ് രംഗം ശോഷിച്ചതും ബോൾഷെവിക്കുകളുടെ ധാന്യം പിടിച്ചെടുക്കൽ മൂലം കർഷകർ ഭക്ഷ്യോൽപാദനം ഉപേക്ഷിച്ചതും വോൾഗയിലെ വെള്ളപ്പൊക്കവും ക്ഷാമത്തിന് മുൻപത്തെ വരൾച്ചയുമാണ് കാരണങ്ങൾ;കുലാക്കുകൾ ഭക്ഷണം പൂഴ്ത്തി എന്ന് ബോൾഷെവിക്കുകൾ പ്രചരിപ്പിച്ചു.
മാക്‌സിം ഗോർക്കിയുടെ അഭ്യർത്ഥന മാനിച്ച്,അമേരിക്കൻ വ്യവസായിയും പിന്നീട് പ്രസിഡൻറുമായ  ഹെർബർട്ട് ഹൂവറുടെ എ  ആർ എ ( American Relief Administration ) റഷ്യയിൽ ഭക്ഷ്യ വസ്‌തുക്കൾ എത്തിച്ചു."അമേരിക്കൻ ഭക്ഷണം കുട്ടികകൾക്ക് മാത്രം കൊടുത്താൽ മതി  എന്ന് ലെനിൻറെ തിട്ടൂരം വന്നു.
1921 ക്ഷാമം,യുക്രൈനിലെ കുട്ടി 
ക്ഷാമം,ക്രിസ്ത്യൻ സഭക്കെതിരെ നീങ്ങാൻ അവസരമാണെന്ന് ലെനിൻ 1922 മാർച്ച് 19 ന് പൊളിറ്റ് ബ്യുറോയ്ക്ക് എഴുതി.ഓർത്തഡോക്സ് സഭയുടെ 45 ലക്ഷം ഗോൾഡൻ റൂബിളിൻറെ സ്വത്ത് കണ്ടുകെട്ടി അതിൽ പത്തു ലക്ഷം ദുരിതാശ്വാസത്തിന് ചെലവാക്കി.
ക്രോൺസ്റ്റാറ്റ് കലാപത്തിന് ശേഷം നടന്ന പത്താം പാർട്ടി കോൺഗ്രസ്,റഷ്യയിൽ അനുസരണ കർക്കശമാക്കാൻ തീരുമാനിച്ചു.ചേക യ്ക്ക് അളവറ്റ അധികാരം നൽകി.മെൻഷെവിക്കുകളുടെയും സോഷ്യലിസ്റ്റുകളുടെയും അവശിഷ്ടങ്ങൾ കൂടി,ചേക വെടി വച്ച് തീർത്തു.
ഷെർഷിൻസ്കി 
ലെനിൻ 1917 ഡിസംബർ 20 ന് മിലിട്ടറി കമ്മിറ്റി പിരിച്ചു വിട്ട് സൃഷ്ടിച്ചതാണ്,ചേക .നിയമനിർമാണ സഭ നിലവിൽ വരുന്ന അടിയന്തര സാഹചര്യം പറഞ്ഞായിരുന്നു,സൃഷ്ടി.' ഉരുക്ക് ഫെലിക്സ്' എന്നറിയപ്പെട്ട ഫെലിക്‌സ് ഷെർഷിൻസ്കി ( 1877 -1926 ) മേധാവി ആയി.മരണം വരെ തുടർന്നു.കത്തോലിക്കനായ അയാളുടെ കുടുംബത്തിന് വലിയ തോട്ടമുണ്ടായിരുന്നു.തോട്ടത്തിൽ അയാളുടെ സഹോദരി 12 വയസിൽ വെടിയേറ്റ് മരിച്ചു.വെടി വച്ചത് ഷെർഷിൻസ്‌കിയാണോ സഹോദരൻ സ്റ്റാനിസ്ലാവ് ആണോ എന്ന് ഇനിയും തീരുമാനം ആയിട്ടില്ല.
പോളണ്ട് ഭരണത്തലവൻ പിൽസുഡ്സ്‌കിയും ഷെർഷിൻസ്കിയും ഒരേ സ്‌കൂളിലാണ് പഠിച്ചത്.1904 ൽ സ്വിറ്റ്‌സർലൻഡിൽ ഷെർഷിൻസ്കിയുടെ കൈയിലാണ്,രോഗിയായ കാമുകി ജൂലിയ ഗോൾഡ് മാൻറെ മരണം.അയാൾ വിഷാദ രോഗിയായി.1905 ലെ വിപ്ലവം അയാളെ അതിൽ നിന്ന് രക്ഷിച്ചു.ആറാം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ എത്തി.ഒക്ടോബർ അട്ടിമറിക്ക് ലെനിൻ വിളിച്ച 12 പേരുടെ രഹസ്യ യോഗത്തിൽ ഷെർഷിൻസ്കി ഉണ്ടായിരുന്നു.ലൈനിനൊപ്പം നിന്ന അയാൾ ലുബിയങ്ക തടവറയിലേത് ഉൾപ്പെടെ നിരവധി നിലവറകളിൽ ഉന്മൂലനം നടപ്പാക്കി.വർഗ്ഗവും വിപ്ലവ പൂർവ ചരിത്രവും നോക്കി ആയിരുന്നു,ശിക്ഷ.അയാളുടെ ലുബിയങ്ക ഓഫിസ് ചുമരിൽ റോസാ ലക്സംബർഗിൻറെ ചിത്രം ഉണ്ടായിരുന്നു.

See https://hamletram.blogspot.com/2019/07/7.html

Friday, 26 July 2019

ഒരു റഷ്യൻ യക്ഷിക്കഥ 7

7.ജർമനി അയച്ച വിപ്ലവം 

നകീയ ഭരണകൂടത്തെ അട്ടിമറിക്കാൻ ലെനിൻ അവസാന തീരുമാനമെടുത്തത്,റഷ്യയിൽ തിരിച്ചെത്തി,കാര്പോവ്കയിലെ 31 നമ്പർ മുറിയിൽ ആയിരുന്നു.റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിലെ ബോൾഷെവിക് വിഭാഗത്തിലെ 12 പേരുടെ രഹസ്യ യോഗം അദ്ദേഹം വിളിച്ചു:ലെനിൻ,ട്രോട് സ്‌കി,സിനോവീവ്,കാമനെവ്,സ്വേദ്ലോവ്,സെർഷിൻസ്‌കി,സ്റ്റാലിൻ,യുറിറ്റ്‌സ്‌കി,ബുബ്നോവ്,സോകോൾനിക്കോവ്,ലോമോവ്,അലക്‌സാൻഡ്ര കൊളോൻടെ.വാർവര യാക്കോവ് ലിയേവ മിനിറ്റ്സ് എഴുതി;സുഖാനേവിന്റെ ഭാര്യ ചായയും സാൻഡ് വിച്ചും നൽകി.

സിനോവീവ് ആയിരുന്നു,ലെനിൻറെ ഏറ്റവും അടുത്തയാൾ.
തീരുമാനത്തെ എതിർത്ത സിനോവീവും കാമനെവും അടുത്ത രാവിലെ ബദൽ രേഖ തയ്യാറാക്കി,ഗോർക്കിയുടെ പത്രത്തിൽ അച്ചടിക്കാൻ കൊടുത്തു.31 ന് അത്,അച്ചടിച്ചു വന്നു.അകത്തെ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ പുറത്തറിയിക്കുന്നത്,ഗുരുതരമായ പാർട്ടി വ്യതിയാനമാണ്.ലെനിൻ അവരോട് പൊറുത്തില്ല.അടുപ്പം കാരണം,കൊന്നില്ല.
ലെനിൻ അടച്ച ട്രെയിനിൽ എത്തുന്നു,ഏപ്രിൽ 16 ,1917 
അന്നത്തെ യോഗത്തിൽ,ഏഴംഗ പൊളിറ്റ് ബ്യുറോയെ തിരഞ്ഞെടുത്തു:ലെനിൻ,സിനോവീവ്,കാമനെവ്,ട്രോട് സ്‌കി,സ്റ്റാലിൻ,സൊകോൾനിക്കോവ്,ബുസ്‌നോവ്.
ഫിൻലൻഡിൽ നിന്ന് ലെനിൻ എത്തിയത്,ഒക്ടോബർ 20 നായിരുന്നു."വൈകിക്കുന്നത് മരണമാണ് " ( To delay is death ) എന്ന് പീറ്റർ ദി ഗ്രേറ്റ് പറഞ്ഞത് ലെനിന് അറിയാമായിരുന്നു.ജൂലൈ കലാപത്തിന് ശേഷമാണ്,ലെനിൻ പെട്രോഗ്രാഡിൽ നിന്ന് ഫിൻലൻഡിലേക്ക് രക്ഷപ്പെട്ടത്.ജർമ്മനിക്കെതിരെ ജൂൺ 16 ന് താൽക്കാലിക പ്രധാനമന്ത്രി കെറൻസ്കി യുദ്ധം പ്രഖ്യാപിച്ചിരുന്നു.മുന്നണിയിൽ നിന്ന് പെട്രോഗ്രാഡിൽ എത്തിയ സൈനികർ വീണ്ടും യുദ്ധത്തിന് പോകാൻ വിസമ്മതിച്ചു.അവർ കൂറുമാറി ബോൾഷെവിക് പക്ഷത്തായി.അവരും ക്രോൺസ്റ്റാറ്റിലെ നാവിക വ്യൂഹത്തിൽ കലാപം നടത്തി തിരിച്ചു വന്ന നാവികരും ബോൾഷെവിക്കുകളും ചേർന്നാണ്,കലാപത്തിന് വട്ടം കൂട്ടിയത്.ട്രോട് സ്‌കി അറസ്റ്റിലായി.

ഏറ്റവും അവികസിതവും ദരിദ്രവുമായ രാഷ്ട്രമായാണ് റഷ്യയെ പടിഞ്ഞാറൻ യൂറോപ്പ് കണ്ടിരുന്നത്.കര്ഷകരാ യിരുന്നു,കൂടുതൽ.വ്യവസായ തൊഴിലാളികൾ ന്യൂന പക്ഷം.റഷ്യയിൽ മാത്രമായിരുന്നു,ഭൂവുടമകൾക്ക് അന്ന് അടിമകൾ ഉണ്ടായിരുന്നത്.യൂറോപ്പിലെ മറ്റ് രാഷ്ട്രങ്ങൾ മധ്യ കാലഘട്ടത്തിൽ തന്നെ അടിമത്തം അവസാനിപ്പിച്ചിരുന്നു.റഷ്യയിൽ അടിമത്തം നിരോധിച്ചത് 1861 ൽ മാത്രമാണ്.1890 -1910 ൽ പെട്രോഗ്രാഡ്,മോസ്‌കോ എന്നീ റഷ്യൻ നഗരങ്ങളിൽ ജനസംഖ്യ ഇരട്ടിച്ചു.1854 -56 ലെ ക്രിമിയൻ യുദ്ധം മുതലുള്ള യുദ്ധങ്ങൾ റഷ്യയെ ദാരിദ്ര്യത്തിൽ ആഴ്ത്തി.ഭക്ഷ്യ ക്ഷാമം കൊടുമ്പിരിക്കൊണ്ടു.1905 ലെ വിപ്ലവത്തിന് ശേഷം സാർ ചക്രവർത്തി പൊതുസഭയായ ദൂമ ഇടക്കിടെ പിരിച്ചു വിട്ടു.1914 ഓഗസ്റ്റിൽ സെർബുകൾക്ക് വേണ്ടി റഷ്യ ഒന്നാം ലോകയുദ്ധത്തിൽ പങ്കു ചേർന്നത് കൂനിന്മേൽ കുരുവായി .1915 ൽ ചക്രവർത്തി തന്നെ യുദ്ധ മുന്നണിയിലേക്ക് പോയി.അദ്ദേഹത്തിൻറെ അസാന്നിധ്യത്തിൽ അലക്‌സാൻഡ്ര രാജ്ഞി,ഗ്രിഗറി റാസ്‌പുട്ടിനെ അന്തഃപുരത്തിലേക്ക് എടുത്തു.ഭരണം നിയന്ത്രിച്ച അയാളെ,1916 ഡിസംബർ 30 ന് പ്രഭു വർഗം കൊന്നു.മിതവാദികൾ വിപ്ലവകാരികൾക്കൊപ്പമായി.ഈ പശ്ചാത്തലത്തിൽ ആയിരുന്നു,1917 ഫെബ്രുവരി വിപ്ലവം.
റാസ്‌പുടിൻ 
ഇതുവഴി വന്ന കെറൻസ്കിയുടെ താൽക്കാലിക ഭരണ കൂടം അഭിപ്രായ സ്വാതന്ത്ര്യം,നിയമത്തിനു മുന്നിൽ സമത്വം,തൊഴിലാളികൾക്ക് സംഘടനാ സ്വാതന്ത്ര്യം എന്നിവ ഉറപ്പു വരുത്തിയെങ്കിലും യുദ്ധക്കെടുതിയിൽ ജനം വലഞ്ഞു.കർഷകർ കൃഷിയിടങ്ങൾ കൊള്ളയടിച്ചു.ഭക്ഷ്യ കലാപങ്ങൾ വാർത്ത അല്ലാതായി.ഫെബ്രുവരി 27 ന് തൊഴിലാളികൾ ഡപ്യുട്ടികളെ തിരഞ്ഞെടുത്ത് പെട്രോഗ്രാഡ് സോവിയറ്റ് ഉണ്ടാക്കി.അതിൽ ഭൂരിപക്ഷം,മെൻഷെവിക്കുകൾ ആയിരുന്നു.അവർ താൽക്കാലിക ഭരണകൂട ആസ്ഥാനമായ ടോറിഡ് കൊട്ടാരത്തിൽ തന്നെ യോഗം വിളിച്ചു.ജനാധിപത്യ പുനഃസ്ഥാപനം,മത വിവേചനം അവസാനിപ്പിക്കൽ,നിയമനിർമാണ സഭയിലേക്ക് തിരഞ്ഞെടുപ്പ് എന്നിവ ആയിരുന്നു ആവശ്യങ്ങൾ.കാമനെവ് ഉൾപ്പെടെ പല ബോൾഷെവിക്കുകളും താൽക്കാലിക ഭരണകൂടത്തെ തുണച്ചു.സോവിയറ്റിൽ മാത്രമല്ല,പെട്രോഗ്രാഡ്,മോസ്‌കോ എന്നിവിടങ്ങളിലും മെൻഷെവിക്കുകൾക്കായിരുന്നു,ഭൂരിപക്ഷം.
എന്നാൽ,ജൂലൈ കലാപത്തിന് ശേഷം ബോൾഷെവിക്കുകൾക്ക് ശക്തി കൂടി.ഫെബ്രുവരിയിൽ 24000 അംഗങ്ങൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത്,സെപ്റ്റംബറിൽ അത് രണ്ടു ലക്ഷമായി.നഗരങ്ങളിലും ഭൂരിപക്ഷം കിട്ടി.ഓഗസ്റ്റിൽ പട്ടാള മേധാവി കോർണിലോവ് അട്ടിമറിക്ക് ശ്രമിക്കുകയും കെറൻസ്കി ബോൾഷെവിക്ക് പിന്തുണ തേടി അവർക്ക് ആയുധങ്ങൾ നൽകുകയും ചെയ്‌തതോടെ,ഭരണകൂടം ഉന്തിയാൽ തകരുമെന്ന നില വന്നു.സെപ്റ്റംബർ ആദ്യം,തടവിലായിരുന്ന ബോൾഷെവിക്കുകളെ മോചിപ്പിച്ചു.മോചിതനായ ട്രോട് സ്‌കി,പെട്രോഗ്രാഡ് സോവിയറ്റ് ചെയർമാനായി.
പാർവുസ്,ട്രോട് സ്‌കി,ദ്യുഷ് ,1906 
ഫിൻലൻഡിൽ നിന്ന് ലെനിനെ തങ്ങളുടെ പ്രദേശം വഴി അടഞ്ഞ ട്രെയിനിൽ റഷ്യയിൽ എത്തിക്കാൻ ജർമൻ രഹസ്യ പൊലീസ് തീരുമാനിച്ചത്,ലെനിൻ റഷ്യയിൽ കുഴപ്പങ്ങൾ ഉണ്ടാക്കിക്കോളും എന്ന തോന്നലിൽ ആയിരുന്നു.1905 ലെ ഗാപോൺ അച്ചനെപ്പോലെ,മാർക്സിസ്റ്റ് വിപ്ലവ ഗ്രന്ഥങ്ങളിൽ കാണാത്ത ഒരു കഥാപാത്രമാണ്,ആ തന്ത്രം മെനഞ്ഞത് -മാർക്സിസ്റ്റ് സൈദ്ധാന്തികനും ജർമൻ ചാരനുമായ അലക്‌സാണ്ടർ പാർവുസ്.ലെനിന് പണവും മറ്റു സൗകര്യങ്ങളും എത്തിച്ചിരുന്നത്,പാർവുസ് ആയിരുന്നു എന്നാണ് സൂചന.ലെനിനെ പാർവുസ് 1900 ൽ മ്യുണിക്കിലും 1915 ൽ ബേണിലും 1917 ഏപ്രിൽ 13 ന് സ്റ്റോക്ക്ഹോമിലും കണ്ടിരുന്നു.ഇസ്‌ക്ര എന്ന പത്രമിറക്കാൻ ലെനിനെ പ്രേരിപ്പിച്ചത്,പാർവുസ് ആയിരുന്നു.പത്രം ഇറങ്ങിയത് ജർമനിയിൽ നിന്നാണ് ;പത്രം പിടിക്കാൻ ഗുരു പ്ലഖനോവിനെ ലെനിൻ നിരാകരിക്കുകയും ചെയ്‌തിരുന്നു.1905 ലെ വിപ്ലവ ശേഷം,ജനീവയിൽ നിന്ന് ട്രോട് സ്‌കി, പെട്രോഗ്രാഡിലേക്ക് പോകുന്നതിനു പകരം,പാർവുസിനെ കാണാൻ മ്യുണിക്കിലേക്കാണ് പോയത്.പാർവുസിന്റേതായിരുന്നു,ട്രോട് സ്‌കി പിന്നീട് എഴുതിയ,സുസ്ഥിര വിപ്ലവം ( Permanent Revolution ) എന്ന സിദ്ധാന്തം.
വൈറ്റ് റഷ്യയിലെ ബരേസിനോയിൽ ജൂത കുടുംബത്തിൽ ജനിച്ച പാർവുസിൻറെ ശരിപ്പേർ ഇസ്രായേൽ ലാസറേവിച് ഹെൽപ്ഹാൻഡ് എന്നായിരുന്നു.വിപ്ലവകാരിയും സമ്പന്നനുമാവുക എന്നതായിരുന്നു,ലക്ഷ്യം.അയാൾ രണ്ടും സാധിച്ചു.യൗവനത്തിൽ അലക്‌സാണ്ടർ എന്ന് പേര് മാറ്റി.അലക്‌സാണ്ടർ ഹെൽപ്ഹാൻഡ് എന്ന പേരിൽ കച്ചവടം നടത്തി.അലക്‌സാണ്ടർ പാർവുസ് എന്ന പേരിൽ മാർക്‌സിസ്റ്റ് സൈദ്ധാന്തിക പ്രബന്ധങ്ങൾ എഴുതി.സൈദ്ധാന്തിക ലോകത്ത്,റോസാ ലക്സംബർഗ് പോലും,അയാളെ ജീനിയസ് ആയാണ് കണ്ടത്.

പാവപ്പെട്ട കുടുംബത്തിലായിരുന്നു,ജനനം.അച്ഛൻ കൊല്ലനായിരുന്നു.കുട്ടിക്കാലത്ത് വീട് കത്തിച്ചാമ്പലായപ്പോൾ,കുടുംബം ഒഡേസയിലേക്ക് മാറി.ഇന്ന് യുക്രൈനിലാണ്,ഒഡേസ.ബേസൽ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്‌സിൽ ഡോക്റ്ററേറ്റ് നേടിയ പാർവുസ്,ജർമ്മനിയിലേക്ക് കുടിയേറി,റോസാ ലക്സംബർഗിനെ കണ്ടു.ജർമനി അയാൾക്ക് പൗരത്വം നൽകിയില്ല." കുറഞ്ഞ ചെലവിൽ പിതൃഭൂമി കണ്ടെത്താനാണ് എൻറെ ശ്രമം",അയാൾ റോസയോട് പറഞ്ഞു.1904 -1905 ലെ ജപ്പാനുമായുള്ള യുദ്ധത്തിൽ റഷ്യ തോൽക്കും എന്ന പാർവുസിൻറെ പ്രവചനം ശരിയായപ്പോൾ ജർമനിക്ക് അയാളോട് മതിപ്പ് തോന്നി.ഒരു രാജ്യത്തിന് പുറത്തു നടക്കുന്ന യുദ്ധം,ആ രാജ്യത്ത് കലാപത്തിന് ഉപയോഗിക്കാം എന്ന പാർവുസിൻറെ സിദ്ധാന്തമാണ്,ട്രോട് സ്‌കി,സുസ്ഥിര വിപ്ലവ ത്തിൽ പ്രയോഗിച്ചത്.1917 ലെ ഏപ്രിൽ സിദ്ധാന്തങ്ങളിൽ ( April Theses ) ലെനിൻ ഇത് ഉപയോഗിച്ചു.(ഒന്നാം ലോകയുദ്ധ കാലത്ത് എം എൻ റോയ് തുടങ്ങിയവർക്ക് ജർമനി പണം നൽകിയതും ഓർക്കാം ).

തുർക്കിയിൽ ആയുധ വ്യാപാരത്തിൽ ഇടനിലക്കാരനായിരിക്കെ,പാർവുസ് ജർമൻ സ്ഥാനപതി ഹൻസ് ഫ്രയർ വോൺ വാൻഗൻഹെയ്‌മുമായി അടുത്തു.സഖ്യ കക്ഷികൾക്കിടയിൽ വിപ്ലവ അഞ്ചാം പത്തികളെ സൃഷ്ടിക്കുന്നതിൽ തൽപരനായിരുന്നു,അയാൾ.പൊതുപണിമുടക്ക് വഴി റഷ്യയെ തളർത്താനാകുമെന്ന് പാർവുസ് സ്ഥാനപതിയെ ബോധിപ്പിച്ചു.സ്ഥാനപതി,പാർവുസിനെ ബെർലിനിലേക്ക് അയച്ചു.1915 മാർച്ച് 15 ന് പാർവുസ്,ജർമൻ നേതൃത്വത്തിന് മുന്നിൽ 20 പേജ് പദ്ധതി അവതരിപ്പിച്ചു:റഷ്യയിൽ വൻ രാഷ്ട്രീയ സമരങ്ങൾക്കുള്ള പദ്ധതി ( A Presentation of Massive Political Strikes in Russia ).ബോൾഷെവിക്കുകളെ ഉപയോഗിച്ച് റഷ്യയെ രണ്ടാക്കുക എന്നതായിരുന്നു,പദ്ധതി.വംശീയ വിഘടന വാദികൾ,സാർ ഭരണത്തെ എതിർക്കുന്ന എഴുത്തുകാർ എന്നിവരും പദ്ധതിയിൽ പെട്ടു.പാർവുസ് ജർമൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി സൈദ്ധാന്തികനായി.സ്വിസ് സോഷ്യലിസ്റ്റ് ഫ്രിസ്‌ പ്ലാറ്റന്റെ മേൽനോട്ടത്തിൽ,1917 ഏപ്രിലിൽ ജർമൻ ഇന്റലിജൻസിനൊപ്പം പാർവുസ്,ലെനിനെയും 30 വിപ്ലവകാരികളെയും സ്വിറ്റ്‌സർലൻഡിൽ നിന്ന് ജർമനിയും സ്വീഡനും വഴി ട്രെയിനിൽ അയച്ചു.കോപ്പൻഹേഗൻ കേന്ദ്രമാക്കി,പോഷക കമ്പനികൾ വഴിയാണ്,പെട്രോഗ്രാഡിൽ ബോൾഷെവിക്കുകൾക്ക് പണം എത്തിച്ചത്.1905 ലും 1917 ലും പാർവുസ് പെട്രോഗ്രാഡിൽ എത്തി.
പാർവുസ് 
സോഷ്യലിസ്റ്റ് ലോകം പാർവുസിനെ വെറുക്കുന്ന ഒരു സംഭവമുണ്ട്:ഗോർക്കിയുമായി അദ്ദേഹത്തിൻറെ The Lower Depths എന്ന നാടകം കളിക്കാൻ പാർവുസ് ഒരു കരാറുണ്ടാക്കി.ലാഭത്തിൻറെ 25% ഗോർക്കിക്ക് നൽകും.500 വേദികളിൽ നാടകം കളിച്ചിട്ടും,ഗോർക്കിക്ക് ഒന്നും കൊടുത്തില്ല.1,30,000  ഗോൾഡ് മാർക്ക് പാർവുസ് മോഷ്ടിച്ചതായി വാർത്ത പരന്നപ്പോൾ,റോസാ ലക്സംബർഗ് ഇടപെട്ട്,ഗോർക്കിയെ ശാന്തനാക്കി.കുറെ നാൾ കഴിഞ്ഞ് പാർവുസ് പണം കൊടുത്തു.ബെർലിനിലെ പീക്കോക് ദ്വീപിലെ 32 മുറിയുള്ള കൊട്ടാര സദൃശമായ വസതിയിലായിരുന്നു,പാർവുസിൻറെ മരണം.രണ്ടു മക്കളും സോവിയറ്റ് നയതന്ത്ര രംഗത്തായിരുന്നു.ട്രോട് സ്‌കി എഴുതിയ സോവിയറ്റ് ചരിത്രത്തിൽ,ശങ്കകൾക്ക് മറുപടി പറയാൻ ശ്രമം ഉണ്ടെങ്കിലും,1917 ലെ 'വിപ്ലവ 'ത്തിൽ ജർമൻ രഹസ്യ പൊലീസിൻറെ പങ്ക് നില നിൽക്കും.
ജർമനി ലെനിനെ റഷ്യയിൽ എത്തിക്കും മുൻപ്,റാസ് ലിവ്,ഹെൽസിങ് ഫോഴ്‌സ് എന്നിവിടങ്ങളിൽ,ഒരു വയ്‌ക്കോൽ പാടത്തും പൊലീസ് മേധാവിയുടെ വീട്ടിലും വച്ചാണ്,ലെനിൻ ഭരണ കൂടവും വിപ്ലവവും എഴുതിയത്.വയ്‌ക്കോൽ പാടത്തിൻറെ ശാന്തതയും പൊലീസ് ഭീകരതയും മൂടിനിൽക്കുന്ന ആ പുസ്തകത്തിൽ ഇല്ലാത്തത്,യുക്തിയാണ്.സ്വപ്നത്തിൻറെയും ഭ്രാന്തിൻറെയും നൂൽപ്പാലത്തിൽ കഴിയുന്ന ഒരു രോഗിയെ ആ പുസ്തകത്തിൽ കാണാം.വിപ്ലവാനന്തര സമൂഹത്തിൽ അതിക്രമങ്ങൾ ഉണ്ടാകുമെന്ന് ലെനിൻ പറയുന്നു അവയെ അമർച്ച ചെയ്യേണ്ടതില്ല.ജനം സ്വയം അത് ചെയ്യും.ചൂഷണമാണ്,അതിക്രമത്തിന് കാരണം.ചൂഷണം കൊഴിയുന്നതോടെ,അതിക്രമങ്ങളും കൊഴിയും.എത്ര വേഗം കൊഴിയുമെന്ന് പറയാൻ ആവില്ല.കൊഴിയുന്നതോടെ,ഭരണകൂടവും കൊഴിയും !

ഈ ഭ്രാന്തൻ സിദ്ധാന്തം ലെനിൻ,എംഗൽസിന്റെ ആന്റി ഡ്യുറിങി ൽ നിന്ന് എടുത്തതാകാം.എംഗൽസ് പറയുന്നു:" ഭരണകൂടം കൊഴിയുമ്പോഴാണ് ചരിത്രം തുടങ്ങുന്നത്.അപ്പോഴേ മനുഷ്യൻ സ്വതന്ത്രൻ ആകൂ ".ലെനിൻ പറയുന്നു:" ഭരണകൂടം ഉള്ളിടത്തോളം,സ്വാതന്ത്ര്യം ഇല്ല ;സ്വാതന്ത്ര്യം ഉള്ളപ്പോൾ ഭരണകൂടവും ഇല്ല ."

സ്വാതന്ത്ര്യം എന്ന മഹത്തായ ആശയത്തെ ഇത്ര വികലമായി അവതരിപ്പിക്കുന്നയാൾ,വികലമായ മാനസിക ഘടന ഉള്ളയാളായിരിക്കും.
ഈ കൊഴിഞ്ഞു പോക്കിനെ 1918 ൽ ബുഖാറിൻ ചോദ്യം ചെയ്തപ്പോൾ,അത് വലിയ കാര്യമല്ല എന്നായിരുന്നു,ലെനിൻറെ മറുപടി.ഈ ഭ്രാന്തൻ രചനയ്ക്ക് ലെനിൻ നെചായേവ്,ബക്കുനിൻ എന്നിവരുടെ ജൽപനങ്ങളും സ്വീകരിച്ചിരിക്കാം.പുസ്തകത്തിനായി തയ്യാറാക്കിയ കുറിപ്പുകളുടെ മാർജിനിൽ ബക്കുനിൻറെ പേരുണ്ട്.പാരീസ് കമ്മ്യൂണിന്റെ കാലത്ത്,മാർക്‌സ് എഴുതിയ കത്തുകളിൽ ഒന്നിലെ ഈ വാചകം ലെനിനെ സ്വാധീനിച്ചിരിക്കാം:കമ്മ്യൂണിസ്റ്റ് ഘടന ( Communard ) ഉദ്യോഗസ്ഥ -സൈനിക ഘടനയെ തട്ടിത്തകർക്കും -ഈ ഭൂഖണ്ഡത്തിൽ ജനകീയ വിപ്ലവത്തിനുള്ള പ്രാഥമിക ഉപാധി ഇതാണ് ( 1871 ഏപ്രിൽ ).
1917 സെപ്റ്റംബർ 25 -27 ൽ ലെനിൻ എഴുതിയ രണ്ടു കത്തുകൾ,റഷ്യയിലെ ജനാധിപത്യ ഭരണകൂടത്തെ മറിച്ചിടുമെന്ന് ഉറപ്പിച്ചു:ഇപ്പോൾ നാം അധികാരം പിടിച്ചില്ലെങ്കിൽ,ചരിത്രം നമുക്ക് മാപ്പ് നൽകില്ല;പെട്രോഗ്രാഡിലും മോസ്കോയിലും ഒരേസമയം അധികാരം പിടിക്കുക -ഒന്നിച്ചായില്ലെങ്കിൽ,മോസ്‌കോയിൽ തുടങ്ങണം.
ലളിതമായാണ് വിപ്ലവ പദ്ധതി ലെനിൻ ഇവിടെ വരച്ചത്-ടെലഗ്രാഫ് ഓഫിസുകൾ പിടിക്കുക;ഉദ്യോഗസ്ഥരെ തടവിലാക്കുക,പീറ്റർ /പോൾ കോട്ടയിൽ സേനയെ വിന്യസിക്കുക.
സെപ്റ്റംബർ ഒടുവിൽ ലാറ്റുക് എന്ന പത്രപ്രവർത്തകന്റെ വീട്ടിൽ ക്രേന്ദ്ര കമ്മിറ്റി അംഗം അലക്‌സാണ്ടർ ഷോട്ട് മാൻ ലെനിനെ കണ്ടു.വിപ്ലവം വഴി കെറൻസ്കി സർക്കാരിൻറെ കറൻസി നോട്ടുകൾക്ക് വിലയില്ലാതായാൽ,എന്ത് ചെയ്യുമെന്ന് ഷോട്ട് മാൻ ചോദിച്ചു."നാം പത്രം ഓഫീസുകളിലെ പ്രസുകളിൽ അടിക്കും ",ലെനിൻ പറഞ്ഞു.പൊക്കം കുറഞ്ഞ ആ മനുഷ്യൻ,എത്ര പാപ്പരായിരുന്നു !
ഷോട്ട് മാൻ 

പാർട്ടി കൂടെ നിന്നില്ലെങ്കിൽ,സ്വന്തം നിലയ്ക്ക് അധികാരം പിടിക്കും എന്ന് വ്യക്തമാക്കിക്കൊണ്ട് ,ഒക്ടോബർ 12 ന് ലെനിൻ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് രാജിവച്ചു.ഒക്ടോബർ 21 ന് അയാൾ എഴുതി:റഷ്യൻ വിപ്ലവത്തിൻറെയും ലോക വിപ്ലവത്തിൻറെയും വിജയം,രണ്ടോ മൂന്നോ ദിവസത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു.
അത്ര തന്നെ വേണ്ടി വന്നില്ല.വെറും 20 മണിക്കൂറിൽ ഭരണകൂടം വീണു.
ബ്രിട്ടനും ജർമനിയും സമാധാനസന്ധിയിൽ എത്തുമെന്ന് കിംവദന്തി ഉണ്ടായിരുന്നു.അങ്ങനെ വന്നാൽ,അവർ വെവ്വേറെ റഷ്യയെ ആക്രമിക്കുമെന്നും ബോൾഷെവിക്കുകൾ ക്ഷൗരം ചെയ്യേണ്ടി വരുമെന്നും ഏകാധിപതിക്ക് തോന്നി.അധികാരദാഹി അടങ്ങിയില്ല.
ഒക്ടോബർ 24 നും 25 നും ( നമ്മുടെ നവംബർ 6-7 ) ഇടയിൽ ഏകാധിപതിക്ക് ദരിദ്രജനം സിംഹാസനം ഒരുക്കി.

ലെനിൻ അധികാരമേറിയ ശേഷം,നിയമനിർമാണ സഭാ തിരഞ്ഞെടുപ്പുകളിൽ അയാളുടെ ബോൾഷെവിക്കുകൾക്ക് കിട്ടിയത്,24 % മാത്രം വോട്ടായിരുന്നു.പെട്രോഗ്രാഡിനും മോസ്‌കോയ്ക്കും പുറത്ത്,ബോൾഷെവിക്കുകൾക്ക് വോട്ടില്ല എന്ന് തെളിഞ്ഞു.അപ്പോൾ ലെനിൻ രാജി വയ്‌ക്കേണ്ടതായിരുന്നു.പകരം അയാൾ,ബോൾഷെവിക്കുകൾ അല്ലാത്തവരെ സോവിയറ്റ് അംഗത്വത്തിൽ നിന്ന് പുറത്താക്കി.1918 ജനുവരിയിൽ നിയമ നിര്മാണസഭ പിരിച്ചു വിട്ടു.1918 ജൂലൈ 16 ന് സാർ ചക്രവർത്തി കുടുംബത്തെ ഉന്മൂലനം ചെയ്‌തു.
നിയമ നിർമാണ സഭ പിരിച്ചു വിട്ടത്,ജനാധിപത്യ ധ്വംസനം ആയിരുന്നു എന്ന് മാർക്സിസ്റ്റ് ചിത്രകാരി റോസാ ലക്സംബർഗ് എഴുതി.ഭരണകൂടമുള്ളപ്പോൾ മനുഷ്യന് സ്വാതന്ത്ര്യമില്ല എന്നെഴുതിയ ഏകാധിപതി മനുഷ്യനെ അറിഞ്ഞില്ല.

See https://hamletram.blogspot.com/2019/07/6.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...