Showing posts with label അമ്മാളു അമ്മ. Show all posts
Showing posts with label അമ്മാളു അമ്മ. Show all posts

Saturday, 6 July 2019

അമ്മാളു അമ്മയുടെ തകരപ്പെട്ടി

അഥവാ എസ് രമേശനെ പുറത്താക്കിയത് എന്തിന്?

'സ്വദേശാഭിമാനിയുടെ തൊണ്ടിമുതൽ 'എന്ന  പേരിൽ  ഞാൻ എഴുതിയ പഠനവും ലാലാ ഹർദയാൽ എഴുതിയ മാർക്സിന്റെ ഇന്ത്യയിലെ ആദ്യ ജീവചരിത്രത്തിന് ഞാൻ നിർവഹിച്ച പരിഭാഷയും 'ഗ്രന്ഥാലോകം'  പ്രസിദ്ധീകരിച്ചതിനെ തുടർന്ന്, പത്രാധിപർ എസ് രമേശനെ സി പി എം ആ സ്ഥാനത്തു നിന്ന് പുറത്താക്കി. അതിനു മുൻപ്,പിരപ്പൻകോട് മുരളി,ഏതോ ഒരു കാർത്തികേയൻ നായർ എന്നിവർ എൻറെ പഠനത്തിന് എഴുതിയ പൊള്ളയായ മറുപടികൾ,'ഗ്രന്ഥാലോകം 'പ്രസിദ്ധീകരിച്ചു. അവയ്ക്ക് എൻറെ മറുപടികൾ ഗ്രന്ഥാലോകം ചുമതല വഹിക്കുന്ന എസ് ആർ ലാൽ പ്രസിദ്ധീകരിച്ചില്ല.അയാൾ മുരളിയുടെ അനന്തരവൻ ആണെന്നും അയാൾക്ക് മുരളി ജോലി കൊടുത്തതാണെന്നും പിന്നീട് മനസ്സിലായി. രമേശനെ പുറത്താക്കിയതിനെപ്പറ്റി 'കേസരി''വാരിക എന്നോട് ഒരു ലേഖനം ചോദിച്ചു വാങ്ങിയ ശേഷം, പ്രസിദ്ധീകരിച്ചില്ല. 'മാധ്യമം' പത്രം ഒരു ലേഖനം ചോദിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു (ഓഗസ്റ്റ് 12, 2018 ). അതാണ് ചുവടെ:
രമേശൻ 
സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള ദളിതരോട് ചെയ്തത് തന്നെയാണ്,സി പി എം ആ പാർട്ടിക്കാരനായ കവി എസ് രമേശനോടും ചെയ്തത്.വൈക്കത്തെ ദരിദ്ര ദളിത് കുടുംബത്തിൽ ജനിച്ച രമേശനെ ഗ്രന്ഥാലോകം പത്രാധിപ സ്ഥാനത്തു നിന്ന് പാർട്ടി പുറത്താക്കിയപ്പോൾ നടന്നത്,ക്രൂരമായ ദളിത് വേട്ടയാണ്. ഇതേപ്പറ്റി ദളിത് കുത്തകയുള്ള സാംസ്‌കാരിക നായകർ പ്രതികരിക്കുകയില്ലെങ്കിലും, കുരീപ്പുഴ ശ്രീകുമാർ എന്നൊരു സഹ കവിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കേട്ടാൽ കൊള്ളാം. ദളിതർക്കെതിരെ നിലയുറപ്പിച്ച് തിരുവനന്തപുരത്തെ ഒരു ജാതിയുടെ താൽപര്യമാണ്, രാമകൃഷ്ണ പിള്ള സംരക്ഷിച്ചു പോന്നത്. രമേശൻറെ കാര്യത്തിൽ അന്തകരായത്, പാർട്ടിക്കകത്ത് പിരപ്പൻകോട് മുരളിയുടെ നേതൃത്വത്തിലുള്ള അതേ ജാതി സംഘമാണ്.

എറണാകുളം മഹാരാജാസ് കോളജിൽ പഠിച്ച ഞങ്ങൾ രമേശനെ ഒരിക്കലും ദളിതനായി കണ്ടിട്ടില്ല. പൊതു സമ്മതനായതിനാൽ, രണ്ടു തവണ തുടർച്ചയായി കോളജ് യൂണിയൻ ചെയർ മാനായ ചരിത്രത്തിന് ഉടമയാണ്, രമേശൻ. എസ് എഫ് ഐ യുടെ, കേരളത്തിലെ ആദ്യ കോളജ് യൂണിയൻ ചെയർ മാൻ.കോടിയേരി ബാലകൃഷ്ണനും എം എ ബേബിയും വിദ്യാർത്ഥി രാഷ്ട്രീയം പഠിച്ചത് പിന്നീടാണ്. 1973 -74 ൽ ആദ്യ വട്ടം രമേശൻ ചെയർ മാൻ ആയപ്പോൾ,യൂണിയൻ കൗൺസിലർ ആയിരുന്നു, ധനമന്ത്രി തോമസ് ഐസക്. എന്നാൽ, രണ്ടു കൊല്ലം മുൻപ്, മഹാരാജകീയം കോളജ് മാസികയ്ക്ക് വേണ്ടി എൻ കെ വാസുദേവൻ നടത്തിയ അഭിമുഖത്തിൽ ഐസക് പറഞ്ഞത്, രമേശൻ എസ് എഫ് ഐ യുടെ തിരഞ്ഞെടുപ്പ് സുവനീർ എഡിറ്ററായിരുന്നു എന്നാണ്. ചെയർ മാനായിരുന്ന സത്യം ഐസക് ബോധ പൂർവം ഓർമിക്കാതിരുന്നു. 

മഹാരാജാസിൽ എത്തുമ്പോൾ കത്തോലിക്കാ വിദ്യാർത്ഥി സംഘടനയായ ഐക്കഫിന്റെ മാത്രം പ്രവർത്തകൻ ആയിരുന്ന ഐസക്കിനെ എസ് എഫ് ഐ യിൽ എത്തിച്ചതിൽ രമേശനും പങ്കുണ്ട്.ബോധപൂർവമായ തിരസ്‌കാരം, സ്റ്റാലിനിസത്തിൽ പതിവുള്ളതാണ്. അമേരിക്കൻ പത്ര പ്രവർത്തകനായ ജോൺ റീഡ് എഴുതിയ ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങൾ എന്ന ഒക്ടോബർ വിപ്ലവ വ്യാജ ദൃക്‌സാക്ഷി വിവരണത്തിന് അവതാരിക എഴുതിയത്, ലെനിൻ ആയിരുന്നു. സ്റ്റാലിൻ സിംഹാസനമേറിയപ്പോൾ, ആ അവതാരിക ഒഴിവാക്കി -പുസ്തകത്തിൽ ലെനിനും ട്രോട് സ്‌കിയും അല്ലാതെ, സ്റ്റാലിൻ ഇല്ല. ആ അവതാരിക ഉന്മൂലനം ചെയ്യപ്പെട്ട പോലെ, പാർട്ടി രമേശനെ തിരസ്കരിക്കുന്നു. കൂട്ടത്തിൽ പറയട്ടെ,സഹ വിദ്യാർത്ഥിയായ മമ്മൂട്ടിയെ എം ടി വാസുദേവൻ നായർക്ക് പരിചയപ്പെടുത്തിയതും രമേശനാണ്.

രമേശനെ പുറത്താക്കിയ ലൈബ്രറി കൗൺസിലിലെ പാർട്ടി ഫ്രാക്ഷൻ യോഗത്തിൽ പങ്കെടുത്ത,സംസ്ഥാന പാർട്ടി സെക്രട്ടേറിയറ്റിൽ സാംസ്‌കാരിക ചുമതലയുള്ള ബേബിജോണിന് മുൻപേ പാർട്ടിയിൽ എത്തിയ ആളാണ്, രമേശൻ.എം എൻ വിജയൻ പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡൻറ് ആയിരിക്കെ 33 വയസിൽ ജനറൽ സെക്രട്ടറി ആയിരുന്നു, രമേശൻ. ഒരു ഘട്ടത്തിൽ ഞാറയ്‌ക്കലിൽ നിന്ന് നിയമ സഭയിലേക്ക് മത്സരിക്കേണ്ടതായിരുന്നു എങ്കിലും, കുടുംബ പ്രാരബ്‌ധത്താൽ അതിൽ നിന്ന് വിട്ടു നിന്നു. എ കെ ബാലനെക്കാൾ വൃത്തിയായി സാംസ്‌കാരിക രംഗം രമേശന് അറിയാം. ടി കെ രാമ കൃഷ്ണൻ മന്ത്രി ആയിരിക്കെ സാംസ്‌കാരിക രംഗം നിയന്ത്രിച്ചത് രമേശൻ തന്നെ.

ഐസക് ഇടക്കിടെ മഹാരാജാസിൽ എത്തുന്നത് കൊണ്ടാകാം, പഠിച്ച് 40 വർഷത്തിന് ശേഷമാണ്, ഈയിടെ രമേശൻ അവിടെ പോയത്; അഭിമന്യു വധത്തിന് എതിരെ പ്രസംഗിക്കാൻ.

രാമകൃഷ്ണ പിള്ള എത്ര മാത്രം ദളിത് വിരുദ്ധനാ യിരുന്നുവെന്നും മനുഷ്യത്വ ഹീനനായിരുന്നുവെന്നുമുള്ള ഉറച്ച ബോധ്യം രമേശന് മാത്രമല്ല, അദ്ദേഹത്തിൻറെ ഗുരുവായ എം കെ സാനുവിനുമുണ്ട്. സ്വദേശാഭിമാനി:ക്ലാവ്‌ പിടിച്ച കാപട്യം എന്ന എൻറെ പുസ്തകം ജനങ്ങളിലേക്ക് എത്തിച്ചതിൽ ഇരുവരും പങ്കാളികളാണ്. പിള്ളയുടെ കുപ്രസിദ്ധമായ ഒരു മുഖപ്രസംഗത്തിലെ ദളിത് വിരുദ്ധമായ വാചകം, ആ പുസ്തകത്തിൻറെ അവതാരികയിൽ, സാനു മാഷ് ഉദ്ധരിക്കുന്നുണ്ട്:
എത്രയോ തലമുറകളായി ബുദ്ധി കൃഷി ചെയ്തു വന്നിട്ടുള്ള ജാതിക്കാരെയും അതിനെക്കാൾ എത്രയോ കാലമായി നിലം കൃഷി ചെയ്തു വരുന്ന ജാതിക്കാരെയും തമ്മിൽ ബുദ്ധി കാര്യത്തിൽ ഒന്നായി ചേർക്കുന്നത്,കുതിരയെയും പോത്തിനെയും ഒരേ നുകത്തിൽ കെട്ടുന്നതിനു സമമാണ്.

ദിവാൻ പി രാജഗോപാലാചാരി ദളിതർക്ക് സ്‌കൂൾ പ്രവേശനം നൽകിയപ്പോഴായിരുന്നു, ഈ ജാതി വെറിയുടെ പൊട്ടിത്തെറി.
പിള്ളയെ 1910 സെപ്റ്റംബർ 26 ന് തിരുവിതാംകൂറിൽ നിന്ന് നാട് കടത്തിയെങ്കിലും, അയാളിലെ ജാതിവാദി അടങ്ങിയില്ല. കൊച്ചിയിൽ എത്തി, ധീവര നേതാവായ പണ്ഡിറ്റ് കെ പി കറുപ്പൻ്റെ ബാലാകലേശം എന്ന കാവ്യത്തെ വാലാ കലേശം എന്ന് പരിഹസിച്ചു. പിള്ള ശത്രുവായി പ്രഖ്യാപിച്ച ദിവാൻ രാജ ഗോപാലാചാരിയാണ്, അയ്യൻ കാളിയെയും കുമാരനാശാനെയും ശ്രീമൂലം പ്രജാ സഭയിൽ അംഗങ്ങൾ ആക്കിയത്. ഇതൊന്നും പിള്ളയിലെ ജാതി വാദിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.

പുരോഗമന വിരുദ്ധനായ പിള്ള മാർക്സിന്റെ മാത്രമല്ല, ഗാന്ധിയുടെയും ജീവചരിത്രം എഴുതി.ഇതിൽ മാർക്സിന്റെ ജീവചരിത്രം, ഇന്ത്യയിൽ ആദ്യത്തേത് എന്നായിരുന്നു,പിള്ള ഭക്ത സംഘത്തിൻറെ കൊട്ടിപ്പാടിസ്സേവ. എന്നാൽ, പിള്ള ലാലാ ഹർദയാൽ എഴുതിയ Karl Marx:A Modern Rishi മോഷ്ടിക്കുകയായിരുന്നു എന്നാണ് ഞാൻ കണ്ടെത്തിയത്.

ഹർദയാലിന്റെ ലേഖനം, കൊൽക്കത്തയിൽ നിന്നുള്ള മോഡേൺ റിവ്യൂ വിൽ 1912 മാർച്ചിൽ വന്നു; അത് പകർത്തി ഓഗസ്റ്റിൽ പിള്ള മലയാളത്തിൽ ഇറക്കി. അതിൻറെ പേരിൽ സി പി എമ്മിലെ ജാതി വാദികൾ പിള്ളയെ മാർക്സിസത്തിൻറെ അപ്പോസ്തലനാക്കി നടത്തിയ വിഗ്രഹ പ്രതിഷ്ഠ, എൻറെ കണ്ടെത്തലോടെ, ഉടഞ്ഞു ചിതറി. ഈ കണ്ടെത്തലിന് തെളിവുകളുടെ പിൻബലം ഉണ്ടെന്നു കണ്ടാണ്, ഹർദയാലിന്റെ ലേഖനത്തിൻറെ പരിഭാഷയും എൻറെ പഠനവും രമേശൻ പ്രസിദ്ധീകരിച്ചത്.

പിള്ള എഴുതിയ ജീവചരിത്രത്തിൻറെ ആദ്യ ഖണ്ഡിക ഒഴിച്ചാൽ,ബാക്കി മുഴുവൻ ഹർദയാലിൽ നിന്ന് പകർത്തിയതാണ്. ഹർദയാൽ മാർക്സിസത്തോട് പ്രകടിപ്പിക്കുന്ന വിയോജിപ്പുകൾ പിള്ള ഉപേക്ഷിച്ചു. ഹർദയാലിന്റെ പ്രബന്ധത്തിലെ ഉദ്ധരണികൾ പിള്ള അതേ പടി നില നിർത്തി.


ഹർദയാലിന്റെ പ്രബന്ധം കൊൽക്കത്ത നാഷനൽ ലൈബ്രറിയിലും നെതർലാൻഡ്‌സിലെ ഇൻറർനാഷനൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യൽ ഹിസ്റ്ററി ആർക്കൈവ്സിലുമുണ്ട്. നാഷനൽ ലൈബ്രറിയിൽ നിന്ന് കണ്ടെടുത്ത പ്രബന്ധം, പി സി ജോഷി, കെ ദാമോദരൻ എന്നിവർ എഡിറ്റ് ചെയ്ത Marx Comes to India (1975) എന്ന പുസ്തകത്തിൽ ചേർത്തു. അതോടൊപ്പം ആ പുസ്തകത്തിൽ, പിള്ള എഴുതിയ ജീവചരിത്രം ഹൈദരാബാദ് സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷ് അധ്യാപകനായ കെ പി മോഹനെ കൊണ്ട് പരിഭാഷ ചെയ്യിച്ച് ചേർത്തു. അങ്ങനെ രണ്ടും ഇംഗ്ലീഷിലും ഒത്തു നോക്കാൻ അവസരം വന്നു.എന്നിട്ടും പിള്ളയുടേത് മോഷണമാണെന്ന സത്യം ജോഷിയും ദാമോദരനും പുസ്തകത്തിന് എഴുതിയ ആമുഖത്തിൽ മറച്ചു വച്ചു. എന്നാൽ മാർക്സിസ്റ്റ് ചരിത്രകാരനായ കിരൺ മൈത്ര താനെഴുതിയ  Marxism in India എന്ന ചരിത്രത്തിൽ ഇത് ശ്രദ്ധിച്ചിട്ടുണ്ട്.അദ്ദേഹം പറയുന്നു: "ഹർദയാലിന്റെ നഖ ചിത്രത്തിന് പിന്നാലെ,ഹർദയാലിന്റെതിനോട് അതീവ സാമ്യമുള്ള ഒരു ജീവചരിത്ര കുറിപ്പ് ഒരു രാമ കൃഷ്ണ പിള്ള മലയാളത്തിൽ പ്രസിദ്ധീകരിച്ചു".


വിപ്ലവം നടത്താൻ ഇന്ത്യ വിടുകയും അതിനായി താൻ വിശ്വാസം അർപ്പിച്ച ജർമനി ഒന്നാം ലോകയുദ്ധത്തിൽ തോൽക്കുകയും ചെയ്തപ്പോൾ, ബ്രിട്ടനൊപ്പം ചേർന്ന് ലണ്ടനിൽ അധ്യാപകനായ ആളാണ്, ലാലാ ഹർദയാൽ (1884 -1939). ഡൽഹിയിൽ കായസ്ഥ കുടുംബത്തിൽ ജനിച്ച്, അവിടെയും ലഹോറിലും പഠിച്ച് എം എ യ്ക്ക് ഒന്നാം റാങ്ക് നേടി, സർക്കാർ സ്കോളർ ഷിപ്പോടെ 1905 ൽ ഓക്സ്ഫോഡിലെ സെയിന്റ് ജോൺസ് കോളജിൽ പഠിക്കാൻ ചെന്നു. ഇന്ത്യൻ സോഷ്യോളജിസ്റ്റ് എഡിറ്ററായിരുന്ന ശ്യാംജി കൃഷ്ണ വർമ്മ (1857 -1930) സ്ഥാപിച്ച ദേശീയ തീവ്രവാദി കേന്ദ്രമായ ഇന്ത്യ ഹൗസുമായി ബന്ധപ്പെട്ടു. സവർക്കർ,ചാറ്റോ തുടങ്ങിയവരെ അവിടെ കണ്ടു. 1907 ൽ പഠനം ഉപേക്ഷിച്ച് ലഹോറിൽ എത്തി പഞ്ചാബി വിപ്ലവകാരികൾക്കിടയിൽ പ്രവർത്തിച്ചു. അടുത്ത കൊല്ലം യൂറോപ്പിൽ എത്തി.ബംഗാളിൽ നിരോധിച്ച വന്ദേമാതരം ഇറക്കി; ലണ്ടനിലും സ്റ്റാൻഫോഡിലും അധ്യാപകനായി; ഗദർ പാർട്ടി സ്ഥാപിച്ചു.

ഇന്ത്യൻ പത്ര പ്രവർത്തനത്തിൻറെ പിതാവ് രാമാനന്ദ് ചാറ്റർജി പത്രാധിപരായ മോഡേൺ റിവ്യൂ വിൽ ടഗോർ, നെഹ്‌റു, ബോസ്, ഗാന്ധി, റൊമെയ്ൻ റൊളാങ്, ലാലാ ലജ് പത് റായ്, സിസ്റ്റർ നിവേദിത എന്നിവർ ഒക്കെയായിരുന്നു എഴുതിയിരുന്നത്. ഇന്ത്യൻ ദേശീയതയുടെ സംഗമ ബിന്ദുവായിരുന്ന ആ മാസിക കേരളത്തിൽ പരിചിതമായിരുന്നു. എന്നാൽ, അതിൽ നിന്ന് പിള്ള ദേശീയതയുടെ പാഠങ്ങൾ ഒന്നും പഠിച്ചില്ല. ജാതി, സ്വാർത്ഥ താൽപര്യങ്ങളുടെ പടുകുഴിയിൽ വീണ പിള്ള, അയാളുടെ ഗുരു നാരായണ കുരുക്കൾക്ക് വേണ്ടി, രാജ കുടുംബത്തിന് എതിരായും സ്വന്തം ജാതിക്കു വേണ്ടി, ദളിതർക്കും ഈഴവർക്കും എതിരായും തിരിയുകയാണ്, ഉണ്ടായത്. പാർട്ടിയിൽ ഈ ജാതി താൽപര്യം പൊക്കിപ്പിടിച്ച പി ഗോവിന്ദ പിള്ള, പ്രസ് അക്കാദമി ചെയർ മാൻ ആയിരിക്കെ, പണം കൊടുത്ത്, ടി വേണുഗോപാലനെ കൊണ്ട്, പൂർവ പിള്ളയെപ്പറ്റി രാജദ്രോഹിയായ രാജ്യ സ്‌നേഹി എന്നൊരു പുസ്തകം നിർമിച്ചു.

' നിർമിച്ചു' എന്ന് പറയാൻ കാരണം, അതിൽ അയ്യൻ കാളിയുടെ പേരിൽ ഒരു വ്യാജ നിർമിതിയുണ്ട് എന്നതിനാലാണ്. പാലക്കാട് തരവത്ത് അമ്മാളു അമ്മയുടെ വീട്ടിൽ നിന്ന് തനിക്കൊരു തകരപ്പെട്ടി കിട്ടിയെന്നും അതിൽ അയ്യൻ കാളിയുടെ കത്തുണ്ടായിരുന്നുവെന്നുമാണ് വേണുഗോപാലൻറെ അവകാശ വാദം.പിള്ള അമ്മാളു അമ്മയുടെ വീട്ടിൽ താമസിച്ചിരുന്നു.മദ്രാസിൽ പിള്ളയ്ക്കായി പ്രസ്താവനകൾ ഇറക്കിയിരുന്ന തരവത്ത് മാധവൻ (ടി എം) നായരുടെ തറവാടായിരുന്നു, അത്. ഇപ്പറഞ്ഞ തകരപ്പെട്ടി പിള്ളയുടേതായിരുന്നുവെന്ന് വേണുഗോപാലൻ പറയുന്നു.

എന്നാൽ, അയ്യൻ കാളി, പിള്ളയ്ക്ക് എഴുതിയതായി പറയുന്ന കത്തിൽ അയ്യൻ കാളിയുടെ ഒപ്പില്ല. കത്തിലെ കൈപ്പടയാകട്ടെ, പിള്ളയുടേതാണ്. പിള്ളയോട് അയ്യൻ കാളി മാപ്പപേക്ഷിക്കുകയും പിള്ള ദളിതരുടെ സുഹൃത്തായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നതാണ്, ഈ വ്യാജ കത്ത്. അയ്യൻ കാളിയുടെ ഒറിജിനൽ കത്ത്, രാജ കോപം പേടിച്ച് നശിപ്പിച്ചു എന്നാണ് വേണുഗോപാലൻ പറയുന്നത്. ദിവാൻ രാജഗോപാലാചാരിക്ക് വാത്സല്യമുണ്ടായിരുന്ന ആളാണ്, അയ്യൻ കാളി; തൻറെ കുടുംബത്തിലെ പഞ്ചമിക്ക് സ്‌കൂൾ പ്രവേശനം നൽകാത്ത ഊരൂട്ടമ്പലം നായന്മാരോട് കായികമായി പൊരുതിയവനാണ്, അയ്യൻ കാളി. അദ്ദേഹത്തിന് എന്തോന്ന് രാജകോപം?

അമ്മാളു അമ്മ 

പിള്ള നിർമിച്ച ഈ വ്യാജ വഴിയിലാണ്, പിരപ്പൻകോട് മുരളിയും രമേശന് എതിരായ ജാതി സംഘവും, അതിൻറെ സമ്മർദത്തിന് കീഴ്പെട്ട പാർട്ടിയും.അമ്മാളു അമ്മയുടെ തകര പെട്ടിയിൽ നിന്ന് ഇനിയും എത്രയോ തിരു ശേഷിപ്പുകൾ ദളിതരുടെ ഉന്മൂലത്തിനായി വരാനിരിക്കുന്നു!

ഞാൻ അരാജക വാദിയാണെന്ന് മുരളി ആരോപിച്ചത് വായിച്ച് പൊട്ടിച്ചിരിച്ചു പോയി -മുരളിയുടെ ഗുരു കാൾ മാർക്സ്, ഭാര്യ ജെന്നി നാലാം പ്രസവത്തിനു പോയപ്പോൾ, വേലക്കാരി ഹെലൻ ഡി മുത്തിനെ ഗർഭിണിയാക്കിയ അരാജകത്വം എനിക്കില്ല. മാർക്സിന്റെ അരാജകത്വം തിരുവനന്തപുരത്തെ ചില നായർ കുടുംബങ്ങളുടെ സവിശേഷ സംസ്‌കാരവുമായി ചേരുന്നതിനാൽ, അത് അരാജകത്വമായി മുരളിക്ക് തോന്നുകയില്ല. ഇതാകട്ടെ, ഭക്തി വിലാസത്തിൽ ദിവാൻ കോണാൻ ഉടുക്കാതെയാണ് ഇരിക്കുന്നത് എന്ന് പത്രത്തിൽ എഴുതിയ പിള്ളയുടെ ഒളിഞ്ഞു നോട്ട സംസ്‌കാരവുമായി ഒത്തു പോവുകയും ചെയ്യും.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...