If Nothing had any meaning,you would be right.But there is something that still has a meaning.
-Albert Camus/Second Letter to a German Friend,1943
സി ജെ തോമസ് |
ഹിമാലയത്തിന് മുകളില്‍ ഉദിച്ചുയരുന്ന രക്തചൈനയ്ക്കുവേണ്ടിയാണ്, അരിക്കുവേണ്ടിയല്ല അധ്വാനിക്കുന്ന ജനവിഭാഗം പണിയെടുക്കുന്നത് എന്നാണ് പച്ചോന്തിന്റെ ധാരണ. ചൈനയില്‍ കേരളം പ്രസിദ്ധമാണ്. അദ്ദേഹം അനേകം ചൈനാക്കാരോട് സംസാരിച്ചു. അവരെല്ലാം പറഞ്ഞത്, കേരളം ചൈനയുടെ ഭാഗമാണെന്നാണ്. അവിടെ ലക്ഷക്കണക്കിന് മുതലാളിമാരുണ്ട്. എല്ലാം അണ്ടര്‍ഗ്രൗണ്ടിലാണ്. തരം കിട്ടുമ്പോള്‍ പുറത്തുവരും. അതാണ് തിബത്തിലെ വര്‍ത്തമാനം. പഴഞ്ചന്‍ ലാമയ്ക്ക് പകരം പുത്തന്‍ ലാമ! പുത്തന്‍ ലാമ അമേരിക്കന്‍ ജാതിയാണ്. (ഇന്ന് തിബത്തന്‍ വിപ്ലവകാരികള്‍ ചൂണ്ടിക്കാണിക്കുന്നതും ദലൈലാമ സിഐഎ ചാരനാണെന്നാണ്; നാടകത്തില്‍, പഞ്ചന്‍ലാമയെപ്പറ്റിയുള്ള കറുത്ത ഫലിതമാണ്, പഴഞ്ചന്‍ ലാമ.)
ചൈനയില്‍ ഭൂമി പൊതുസ്വത്താണ്. അവിടെ അരിക്ക് വിലയില്ല. ഊണും ഉറക്കവും ഫ്രീ. വല്യമ്മാവന്റെ അമ്മാവന്റെ കാലത്ത് കേരളത്തിലും അങ്ങനെയായിരുന്നുവെന്ന്, പരമുപിള്ള ചൂണ്ടിക്കാട്ടുന്നു. പത്താഴം പെറും, ചക്കി കുത്തും, അമ്മ വയ്ക്കും, ഞാനുണ്ണും, എന്ന് പച്ചോന്ത്. എല്ലാ പുലയരെയും മക്കളെപ്പോലെ നോക്കിക്കൊള്ളും. പക്ഷേ, ധിക്കാരം കാണിക്കാന്‍ സമ്മതിക്കില്ല. വടക്കൊക്കെ (ഇഎംഎസിന്റെ നാട്ടില്‍) ചെറുമക്കള്‍ എന്നുപറയും. അതാണ്, ഏക യോഗ ക്ഷേമം! (ഇഎംഎസ് പാര്‍ട്ടി വിട്ട്, യോഗക്ഷേമ സഭയില്‍ പ്രവര്‍ത്തിക്കാന്‍ പോയിരുന്നു.)
ഇഎംഎസ് സര്‍ക്കാരിന്റെ ആന്ധ്രാ അരി കുംഭകോണം ചര്‍ച്ചയാകുമ്പോള്‍, പരമുപിള്ളയ്ക്ക് സംശയമുണ്ട്- ആദ്യം പറഞ്ഞു, കേന്ദ്രം അരി തരണമെന്ന്; പിന്നെപ്പറഞ്ഞു, സ്വയം വാങ്ങിച്ചോളാമെന്ന്. പച്ചോന്ത് ഇടപെടുന്നു-അതാണ് ദ്വന്ദ്വമാനമായ വൈരുദ്ധ്യം. അതുകൊണ്ട്, ഭക്ഷ്യക്ഷാമത്തെപ്പറ്റിയും താന്‍ കവിതയെഴുതും.
ചന്ദനത്തോപ്പിലും മൂന്നാറിലും ഇഎംഎസ് സര്‍ക്കാര്‍ തൊഴിലാളികളെ വെടിവച്ചു കൊന്നത്, അങ്ങനെ ചെയ്തിട്ട്, സ്വയം അന്വേഷണം പ്രഖ്യാപിക്കുന്നത്, ചര്‍ച്ചയാകുമ്പോള്‍, ദളിത് യുവതി മാല ചോദിക്കുന്നു: ''ഈ വെടിവെപ്പുകള്‍ നമ്മെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തുകില്ലേ?'' പച്ചോന്ത്: ഹില്ല; നാം നാട്ടുകാരെ ഒറ്റപ്പെടുത്തും.
നാടകം എഴുതുമ്പോള്‍ തന്നെ, നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ സി.ജെ അറിഞ്ഞിരുന്നുവെന്നു തോന്നുന്നു. കേന്ദ്രസര്‍ക്കാര്‍, ഇഎംഎസ് സര്‍ക്കാരിനെതിരെ എന്തൊക്കെയോ ആലോചിക്കുന്നുവെന്ന 'പരമരഹസ്യം' പച്ചോന്ത് പുറത്തുവിടുന്നു. പക്ഷേ, പച്ചോന്ത് അത് കണക്കാക്കി ഒരു കവിത തയ്യാറാക്കിയിട്ടുണ്ട്: ''വരൂ, വരൂ കേന്ദ്രമേ, വരൂ വരൂ മോചകാ'' എന്ന വരി മാത്രമേ ഓര്‍മയുള്ളൂ! അപ്പോള്‍, സഖാവ് ഗോപാലനെപ്പറ്റിയുള്ള രാമായണം എവിടംവരെയായി എന്നു പരമുപിള്ള ചോദിക്കുന്നുണ്ട്. ''അപൂര്‍ണ കൃതികള്‍ സഹൃദയസമക്ഷം അവതരിപ്പിക്കരുതെന്നാണ് ബ്രഹുസ്പതി (ബൃഹസ്പതി) മതം എന്നാണ് പച്ചോന്തിന്റെ ഉത്തരം. പച്ചോന്തിന്റെ ഒറിജിനല്‍ ആരാണെന്ന് വായനക്കാര്‍ക്ക് സംശയമുണ്ടാകാം.
നിന്‍ പുരോഭാഗത്തതാ ധീരതേജസ്സാം നാളെ!
രക്തമായുടുപ്പിന്മേല്‍ രക്തപുഷ്പവും കുത്തി
വ്യക്ത വൈഭവം വന്നതെന്തിനാണെന്നോ 'നാളെ?'
വേലതന്‍ ജയത്തിന്റെ പവിഴക്കൊടിക്കൂറ
ലീലയില്‍ പറപ്പിച്ചു പാരിനെപ്പുതുക്കുവാന്‍
നിങ്ങള്‍ കൈയടക്കിയ മോദവും പ്രകാശവും
മങ്ങലില്‍ കിടക്കുന്ന മന്നിനു പകുക്കുവാന്‍
അമ്പിളിക്കല വാനിന്‍ വക്കില്‍പോല്‍,ചരിത്രത്തിന്‍
തുമ്പിലാരക്തശ്രീയായ്ത്തിളങ്ങു'മരിവാളേ'!
ചിരവഞ്ചിതയായ വേല നിന്മേലാ ഞാനാശാ
ഭരനമ്രയായ് നിന്നതിന്നത്തെക്കൂട്ടക്കൊയ്ത്തില്‍
ആഹ്ളാദിക്കൂ ഹൃദയമേ, ആഹ്ളാദിക്കൂ
റഷ്യന്‍ സൈനികനു ജൈത്രപടഹമടിക്കൂ!
സമരകൗതുകമല്ല അവന്റെ വാളില്‍,
തീവ്രയാതനയുടെ നാളില്‍,
സമാധാനത്തിനുള്ള മോഹം
മനുഷ്യത്വത്തോടുള്ള സ്‌നേഹം
ആണ് വെട്ടിത്തിളങ്ങുന്നത്.
ആഹ്ളാദിക്കൂ ഹൃദയമേ, ആഹ്ളാദിക്കു !
മനുഷ്യത്വത്തിന്റെ വിജയോല്ലാസത്തില്‍ മത്തടിക്കൂ.
സാഗരവീചിക പരിവര്‍ത്തന ഗായിക
രക്തസൈനികന്റെ അപദാനം
നിത്യമോഹന നവഗാനം
ആലപിച്ചാലപിച്ചാടുന്നു
ആഹ്‌ളാദിക്കൂ ഹൃദയമേ, ആഹ്ളാദിക്കു !
ഉദാരമായ ചെങ്കൊടിയിന്മേല്‍ ഉയര്‍ന്നുയര്‍ന്നു പറക്കൂ
മാനവമഹിമയുടെ കൊടുമുടിയില്‍ തത്തിക്കളിക്കുന്ന ചെങ്കൊടിയില്‍
ചിരപ്രതീക്ഷിതമായ നവ്യപ്രഭാതത്തിന്റെ
നറും തുടുപ്പു നടമാടുന്നു
ഇരുട്ടില്‍ നിന്ന് വെളിച്ചം പിടിച്ചെടുക്കുന്ന
സന്ധ്യാകാശ ചന്ദ്രക്കല
ചെങ്കൊടിയിലെ ആ സഖിയെ ചുംബിക്കും.
ആഹ്ളാദിക്കു ഹൃദയമേ, ആഹ്ളാദിക്കു !
ലോകസ്വാതന്ത്ര്യത്തിന്റെ ചിറക് വിടരുന്ന
ചലനമേറ്റൊന്നു തുടിക്കൂ!
കവിതയൊഴിച്ച് വേറെ പലതുമുള്ള ഇതു പകര്‍ത്തുമ്പോള്‍ തന്നെ, എന്റെ പേനയ്ക്ക്, ഓക്കാനം വന്നു. ഇനിയാണു ഛര്‍ദ്ദി-പച്ചോന്തിന്റെ 'കുടല്‍മാല'യ്ക്കു പകരം, ജി. ശങ്കരക്കുറുപ്പിന്റെ 'അന്ത്യമാല്യം.' ഇഎംഎസ് സര്‍ക്കാര്‍ വെടിവെച്ചുകൊന്ന ഫ്‌ളോറിയുടെ ഗര്‍ഭസ്ഥശിശുവിന്,
അന്ത്യോപചാരം,'അന്ത്യ മാല്യം'.
ഹാ മരിച്ചുപോയ് മണ്ണില്‍പ്പിറന്നു വീഴും മുന്‍പി-
ലോമനേ, നീ നാടിന്റെ നിഷ്ഠുര പാപത്താലേ!
.........................................................
കളിക്കാനൊരു പിടി മണ്ണു നീയെടുത്തിലി-
ങ്ങൊളിക്കാന്‍ പുരവാതില്‍ തന്‍ പിന്നില്‍ നീ നിന്നീല.
തായതന്‍ മടിയിലെ സ്‌നേഹത്തിന്‍ സിംഹാസനം
സ്വീയമാക്കിയില്ലധികാരത്തിലിരുന്നീല.
താരുകളുടെ ഘോഷയാത്രയെ നയിച്ചീല,
താരകങ്ങളായ് ഗൂഢാലോചന നടത്തീല,
ഉച്ചലല്‍ കല്ലോലങ്ങളോടൊത്തു മുദ്രാവാക്യ-
മുച്ചരിച്ചീലാ വിശ്വസ്വാതന്ത്ര്യത്തിനുവേണ്ടി,
വാരിളം തളിര്‍ കുഞ്ഞിക്കാലിനാല്‍ ചവിട്ടീല
പാരിനെ ദുഃഖിപ്പിക്കും പാപത്തിന്‍ മുഖങ്ങളില്‍,
എന്തപരാധം ചെയ്തിതമ്മ തന്നുദരത്തില്‍
ശാന്തമായുറങ്ങുമ്പോള്‍ നീതിതന്‍ വെടിയേല്‍ക്കാന്‍?
നീതിയും നിയതിയും കേള്‍ക്കട്ടേ, ചോദിക്കുവിന്‍
പ്രീതി നോക്കാതാവര്‍ത്തിച്ചാവര്‍ത്തിച്ചലകളേ!
കുരിശിന്‍ നിഴലിലേക്കോമനേ; നീയും നിന്‍ പു-
ഞ്ചിരി കാണാതേ നൊന്ത കണ്ണടഞ്ഞൊരു തായും,
ചൂരലും തോക്കും ജാതിമതകക്ഷി വര്‍ഗാധി-
കാരമോഹവും കലാവിദ്യയും ന്യായങ്ങളും
നിങ്ങളെ ഹോമിക്കാത്ത നിത്യശാന്തിയിലേക്കു
നീങ്ങുക,ശപിക്കാതെ നിഷ്ഠുര മനുഷ്യനെ!
പച്ചയോന്തിനും നാണം വരുന്നു.