മലയാളി വായനക്കാര്‍ പലരും, എം.ടി.വാസുദേവന്‍ നായരുടെ 'വാനപ്രസ്ഥം' എന്ന നീണ്ട ചെറുകഥ വായിച്ചിരിക്കും. അതിനേക്കാള്‍ നീണ്ട, 60 പേജുള്ള ചെറുകഥയാണ്, 1970 ല്‍ ഹരാകിരി ചെയ്ത, വിഖ്യാത ജാപ്പനീസ് എഴുത്തുകാരന്‍ യൂകിയോ മിഷിമയുടെ 'ആക്ട്‌സ് ഓഫ് വര്‍ഷിപ്പ്' ('ആരാധനാ കര്‍മങ്ങള്‍'). വയറുകീറി ആത്മഹത്യ ചെയ്യുന്നതാണ്, ഹരാകിരി-അതൊരു മതാനുഷ്ഠാനമാണ്. 1968 ല്‍ മിഷിമയെ നൊബേല്‍ സമ്മാനത്തിന് പരിഗണിച്ചിരുന്നു. പക്ഷേ, യെസുനാരി കവാബത്തയ്ക്കായിരുന്നു സമ്മാനം. ആത്മഹത്യ ചെയ്തില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ മിഷിമയ്ക്കും നൊബേല്‍ സമ്മാനം ലഭിക്കുമായിരുന്നു.
ക്ഷേത്രനഗരമായ മൂകാംബികയില്‍ ഗുരുവും ശിഷ്യയും ചെല്ലുന്നതിൻ്റെ കഥയാണ് 'വാനപ്രസ്ഥം.' ഗുരുവും ശിഷ്യയും ക്ഷേത്രനഗരമായ കുമണോയില്‍ ചെല്ലുന്നതാണ്, 'ആക്ട്‌സ് ഓഫ് വര്‍ഷിപ് .'
നിർമ്മാണത്തകരാർ
വാസുദേവന്‍ നായരുടെ മിക്കവാറും പുരുഷ കഥാപാത്രങ്ങള്‍ക്കെല്ലാം നിര്‍മാണത്തകരാറുണ്ട്. നല്ല പദവിയിലെത്തുമ്പോള്‍ നായകന്‍ പഴയ കാമുകിയെ തഴയും. സ്ത്രീകളെ കിട്ടിയാല്‍ കറിവേപ്പിലപോലെ കൈകാര്യം ചെയ്യും.
'വാനപ്രസ്ഥ'ത്തിലെ മാഷ്, 23-ാം വയസില്‍, താമസസ്ഥലത്തെ സഹായിയെ തൊടുന്യായം പറഞ്ഞ് ഒഴിവാക്കി, കെ.എസ്. വിനോദിനിയെന്ന പതിനഞ്ചുകാരിയെ ക്ഷണിച്ചുവരുത്തി, ലൈംഗികതൃഷ്ണയോടെ. അവള്‍ ചെന്നില്ല. 61-ാം വയസ്സില്‍ ഈ മാഷ്, 54 വയസുള്ള വിനോദിനിയെ മൂകാംബികയില്‍ കാണുന്നതും, കുടജാദ്രിയില്‍ ഒന്നിച്ചുകിടക്കേ, അവരുടെ കൈ സ്വന്തം കൈയില്‍ അമര്‍ത്തി, കഴുതക്കാമം അടക്കുന്നതുമാണ്, 'വാനപ്രസ്ഥം.' ഒളിഞ്ഞുനോട്ടവും വായ്‌നോട്ടവും ശീലമാക്കിയ ചില മലയാളികള്‍ അത് കൊട്ടിഗ്‌ഘോഷിച്ചു. 'വാരണാസി' എന്നൊന്ന് വാസുദേവന്‍ നായര്‍ എഴുതിയപ്പോള്‍ അഗാധത ആകാമായിരുന്നു.
പക്ഷേ, ഒരു പത്രപ്രവര്‍ത്തകൻ്റെ അപഥസഞ്ചാരമായിപ്പോയി, വര്‍ണന. കോഴിക്കോട്ടുള്ള ഒരു പുരുഷ നോവലിസ്റ്റ്, അവിടത്തെ ഒരു സ്ത്രീ നോവലിസ്റ്റുമായി വാരണാസിക്ക് പോയെന്നും ഒരാള്‍ 'വാരണാസി'യെന്നും മറ്റേയാള്‍ 'കാശി' യെന്നും നോവല്‍ പടച്ചതായും കഥയുണ്ട്.
കൂടല്ലൂര്‍ മലയാളി, മനുഷ്യനെ ശരീരമായി കൈകാര്യം ചെയ്യുമ്പോള്‍, ജപ്പാന്‍കാരന്‍ ആത്മാവായി, അഗാധമായി കൈകാര്യം ചെയ്യുന്നതിന് ദൃഷ്ടാന്തമാണ്, മിഷിമയുടെ കഥ. അത് ബ്രിട്ടനില്‍ പുസ്തകമായിയിറങ്ങുന്നത് 1991-ല്‍; 'വാനപ്രസ്ഥം' വന്നത്, 1992 ല്‍. 1989 ല്‍ തന്നെ 'ആക്ട്‌സ് ഓഫ് വര്‍ഷിപ്' പരിഭാഷ ചെയ്യപ്പെട്ടു. കവിയും പ്രൊഫസറുമായ ഫുജിയാമയുടെയും അദ്ദേഹത്തിനടുത്ത് കവിത പഠിക്കാനെത്തുന്ന ത്‌സുനെക്കോയുടെയും കഥയാണ് മിഷിമ പറയുന്നത്.
ഫുജിയാമയ്ക്ക് വയസ് 60; ത്‌സുനെക്കോയ്ക്ക് 45. വിധവയായ ത്‌സുനെക്കോ സഹായിയായി, ഫുജിയാമയ്‌ക്കൊപ്പം, പത്തുവര്‍ഷമായി, കൂടെയുണ്ട്. അപ്പോഴാണ്, ക്ഷേത്രനഗരമായ കുമണോയിലേക്ക് പോകാന്‍ അവരെ ഫുജിയാമ ക്ഷണിക്കുന്നത്.
കുമണോ, ഫുജിയാമയുടെ ജന്മദേശമാണ്; അവിടെ മൂന്ന് പ്രസിദ്ധമായ ബുദ്ധദേവാലയങ്ങളുണ്ട്. പരുക്കനായ ഫുജിയാമ പത്തുവര്‍ഷത്തിനിടയില്‍ വളരെയൊന്നും ത്‌സുനെക്കോയോട് ഇടപഴകിയില്ല. അവര്‍ വിധവയാണെന്ന് പോലും അയാള്‍ അറിഞ്ഞില്ല. നെയ്മി സര്‍വകലാശാലയില്‍ ജപ്പാന്‍ സാഹിത്യത്തിൻ്റെ ചെയര്‍ അലങ്കരിക്കുന്ന, ഡിലിറ്റുകാരനായ ഫുജിയാമ, കാര്യമായൊന്നും അവരെ പഠിപ്പിച്ചതും ഇല്ല.
ലോഹങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന ശബ്ദമാണ് അയാള്‍ക്ക്. ചെറിയ കാരണങ്ങളാല്‍ അയാള്‍ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കി -വിചിത്രസ്വഭാവി. വിദ്യാര്‍ത്ഥികളുടെ സംസാരം അയാള്‍ വിലക്കിയതിനാല്‍, അയാളെ കാണുമ്പോള്‍ കുട്ടികള്‍ പറഞ്ഞു: ''അതാ, വിലാപയാത്ര പോകുന്നു.''
ബ്രഹ്മചാരിയായിരുന്നു, അയാള്‍. അതിനാല്‍, ത്‌സുനെക്കോയ്ക്ക് വീട്ടിനകത്ത് പെരുമാറാന്‍ കഴിയുന്ന സ്ഥലങ്ങള്‍ക്ക് അതിരുണ്ടായിരുന്നു. പുസ്തകങ്ങള്‍ ശേഖരിച്ച മുറികളില്‍, പ്രവേശനമുണ്ടായിരുന്നില്ല. ത്‌സുനെക്കോ സുന്ദരിയായിരുന്നില്ല.
അവരെക്കണ്ടാല്‍, ഒരു പുരുഷനും ഒന്നും തോന്നുമായിരുന്നില്ല. അവള്‍, പത്തുകൊല്ലം വെറും നിഴലായി ജീവിച്ചു. ടോക്കിയോയില്‍ ജോലിയായ ശേഷം ജന്മസഥലമായ കുമണോയിലേക്ക് ഒരിക്കല്‍പ്പോലും ഫുജിയാമ പോയിരുന്നില്ല. നാട്ടില്‍നിന്നാരെങ്കിലും വന്നാല്‍, അയാള്‍ മുഖം കൊടുത്തില്ല. അതുകൊണ്ടാണ്, കുമണോ ക്ഷേത്രങ്ങളിലേക്കുപോകാന്‍ പ്രൊഫസര്‍ വിളിച്ചപ്പോള്‍, ത്‌സുനെക്കോയ്ക്ക് അദ്ഭുതമായത്. അയാള്‍ അവളോട് പറഞ്ഞു: ''ആധുനിക കവിത വിട്ടേക്കൂ; എയ്ഫുക്കു മോണിൻ്റെ സമ്പൂര്‍ണകവിതാ സമാഹാരം എടുക്കൂ.'' കമാകുറ വംശത്തിലെ 92-ാം ചക്രവര്‍ത്തി ഫുഷിമിയുടെ ഭാര്യയായിരുന്നു, മോണിന്‍.
ക്ഷേത്ര നഗരത്തിൽ
തീവണ്ടിയിലായിരുന്നു യാത്ര.
മോണിൻ്റെ സമാഹാരം എടുത്തോ എന്ന് അയാള്‍ ചോദിച്ചു. ഈ യാത്രയില്‍ കവിതയെ സംബന്ധിച്ച അവളുടെ ബാലാരിഷ്ടതകള്‍ തീരുമെന്ന് അയാള്‍ പറഞ്ഞു. അവളുടെ കണ്ണുകള്‍ നിറഞ്ഞു. നഗോയയിലിറങ്ങി, ഉച്ചഭക്ഷണത്തിനിടയിലായിരുന്നു അവരുടെ കൈവിരലുകള്‍ ഉരുമ്മിയത്. അത്, വെളുത്ത മഗ്നോലിയ പൂവിൻ്റെ , പ്രായം കവിഞ്ഞ സുഗന്ധത്തോടെ, നനവായി അവളില്‍ ശേഷിച്ചു. വെവ്വേറെ മുറികളില്‍ സത്രത്തില്‍ അവര്‍ രാത്രി തങ്ങി. അവള്‍, അയാള്‍ എഴുന്നേറ്റശേഷവും ഉറങ്ങിയപ്പോള്‍, അയാള്‍ ഉപദേശിച്ചു-സ്ത്രീകള്‍ പെരുമാറുന്നതിന് ചില രീതികളൊക്കെയുണ്ട്. ഉപദേശം, പിതൃസമാനമായിരുന്നോ, വെറുപ്പോടെയായിരുന്നോ എന്ന് അവള്‍ ശങ്കിച്ചു.
ബോട്ടില്‍ അവര്‍ താവോ അമരന്‍മാരുടെ മേഖലയിലേക്ക്, നംച്ചി വെള്ളച്ചാട്ട പ്രദേശത്തേക്ക്, യാത്രയായി. ജപ്പാനില്‍, കടലില്‍നിന്ന് കാണാവുന്ന വെള്ളച്ചാട്ടം. വെള്ളച്ചാട്ടമുള്ളിടത്ത്, ജലകന്യകയുടെ ദേവാലയമുണ്ട്. ജമു ചക്രവര്‍ത്തിയുടെ കാലം മുതല്‍ രണ്ടായിരം കൊല്ലമായി, ഇത് തീര്‍ത്ഥാടന കേന്ദ്രമാണ്. ചക്രവര്‍ത്തിമാര്‍ 83 തവണ ഇവിടം സന്ദര്‍ശിച്ചു. നാച്ചിയിലെ ദേവാലയത്തില്‍, അത് ജലകന്യകയല്ല, പുരുഷദൈവമാണെന്ന് ത്‌സുനെക്കോയ്ക്ക് തോന്നി. ദേവാലയത്തില്‍ നിന്ന് മടങ്ങവേ, പാറയില്‍ കാലുതെന്നിയപ്പോള്‍, അയാള്‍ അയാള്‍ക്ക് കൈകൊടുത്തു. ഒരു മഗ്നോലിയ പൂവു വിടര്‍ന്ന പോലെ അവള്‍ക്ക് തോന്നി.
നാച്ചി മഹാദേവാലയത്തിലേക്ക് 400 പടവുകള്‍ കയറേണ്ടിയിരുന്നു- മൂകാംബികയില്‍നിന്ന് കുടജാദ്രിക്ക് പോകുംപോലെ ശ്രമകരം. അവ കയറുമ്പോള്‍, അവള്‍ക്ക് ഒരു ദിവ്യപ്രണയം ഉള്ളില്‍ വന്നലച്ചപോലെ തോന്നി. ദേവാലയമുറ്റത്ത്, കീശയില്‍നിന്ന്, പ്രൊഫസര്‍ ചുവന്ന പൊതിയെടുത്ത് അഴിച്ചു. വെളുത്ത സില്‍ക്കിനുള്ളില്‍ അലങ്കരിച്ച മൂന്ന് ചീര്‍പ്പുകള്‍. ഓരോന്നിലും ഓരോ അക്ഷരം: ക, യോ, കോ. ആദ്യമായി ത്‌സുനെക്കോയ്ക്ക് അസൂയ തോന്നി- അക്ഷരങ്ങള്‍ ഒരു പെണ്ണിന്റെ പേരാകുന്നല്ലോ. 'ക' എന്നക്ഷരമുള്ള ചീര്‍പ്പ് ഒരു ചെറിയ മരത്തിന് താഴെ പ്രൊഫസര്‍ കുഴിച്ചിട്ടു. രണ്ടും മൂന്നും ക്ഷേത്രങ്ങളില്‍ അടുത്ത ചീര്‍പ്പുകളും. ത്‌സുനെക്കോയ്ക്ക്, അസൂയ കനത്തു.
മുറിയിലെത്തി ത്‌സുനെക്കോ, മോണിൻ്റെ കവിതാസമാഹാരമെടുത്തു. ജപ്പാനില്‍ അന്നത്തെ മന്ത്രിയായ സയോണ്‍ജി സനേക്കാനെയുടെ മകളായിരുന്നു, മോണിന്‍. 18-ാം വയസില്‍, രാജസദസിലെത്തി. ഫുഷിയി ചക്രവര്‍ത്തിയുടെ രണ്ടാം ഭാര്യയായി. അയാള്‍ സിംഹാസനം ഉപേക്ഷിച്ച് ബുദ്ധസന്യാസിയായപ്പോള്‍, അവള്‍ എയ്ഫുക്കു മോണിന്‍ എന്ന പേര് സ്വീകരിച്ചു. സന്യാസിയായ രാജാവ് മരിച്ചപ്പോള്‍, 46-ാം വയസില്‍ അവള്‍ സന്യാസിനിയായി; കവയിത്രിയായി. 72-ാം വയസില്‍ അവള്‍ മരിച്ചു.
അത് പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലമായിരുന്നു. നാല്‍പ്പത്താറാം വയസില്‍, തന്നെക്കാള്‍ ഒരു വയസു മൂപ്പുള്ളപ്പോള്‍, കവയിത്രി തലമൊട്ടയടിച്ചത് ധ്വനിപ്പിക്കാനാണോ ആ കവിതാ സമാഹാരം അടിച്ചേല്‍പ്പിച്ചതെന്ന് ത്‌സുനെക്കോയ്ക്ക് ശങ്കയായി. കല പിറക്കുന്നത്; ത്യാഗത്തില്‍നിന്നാണെന്ന് തെളിയിക്കുകയാണോ? രാവിലെ, ത്‌സുനെക്കോ പ്രൊഫസറുടെ മുറിയിലെത്തി, കവിതാ സമാഹാരം തിരിച്ചേല്‍പ്പിക്കാന്‍ ഒരുമ്പെട്ടു.
ഫുജിയാമ പറഞ്ഞു: ''പാതിവഴിക്ക് നിര്‍ത്തരുത്. വികാരങ്ങള്‍ അടക്കണമെന്നാണ് മോണിന്‍ പഠിപ്പിച്ചത്. ആധുനിക കവിത ഈ സത്യം മറന്നു.''
ജപ്പാനിലെ, അനുഷ്ഠാന നാടകമാണ്, 'നോ'- നമ്മുടെ കൂടിയാട്ടം പോലെ. അക്കൂട്ടത്തില്‍ 'മക്കിജിനു' എന്ന നാടകത്തിലാണ്, ചീര്‍പ്പുകള്‍ വരുന്നത്. അവ മരണത്തെ ധ്വനിപ്പിക്കുന്നു.
ആ പശ്ചാത്തലത്തില്‍, പ്രൊഫസര്‍, ത്‌സുനെക്കോയോട് പുരാവൃത്തം പറഞ്ഞു. അയാള്‍ കയോക്കോ എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. മാതാപിതാക്കള്‍ ആ ബന്ധം തകര്‍ത്തു. ടോക്കിയോയില്‍ അയാള്‍ പഠിക്കാന്‍ പോയ നേരം, ആകുലതയില്‍ അവള്‍ മരിച്ചു. അറുപതാം വയസ്സില്‍ അവളെ കുമണോ ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് താന്‍ വാക്കു കൊടുത്തിരുന്നു. സ്വയം ഒരിതിഹാസമാകാന്‍, ഗുരു സൃഷ്ടിച്ച കല്‍പിത കഥയാണ് അതെന്ന് ത്‌സുനെക്കോയ്ക്ക് തോന്നി. അതാണ് പെണ്ണിൻ്റെ മനസ്സ്. സത്യം കേട്ടുകഴിഞ്ഞാലും, അവളിലെ കാമുകി ഉണര്‍ന്നിരിക്കുന്നു.
പക്ഷേ, ക്ഷേത്ര നഗരം, തന്നെ ബന്ധനങ്ങളില്‍ നിന്ന് വിടര്‍ത്തിയെന്ന് അവള്‍ തിരിച്ചറിയുന്നു. ''ആ മൂന്ന് ചീര്‍പ്പുകളിലെ ചിത്രങ്ങളില്‍നിന്ന് അവള്‍ എത്ര സുന്ദരിയായിരുന്നിരിക്കും എന്ന് എനിക്കൂഹിക്കാം,'' ത്‌സുനെക്കോ പറഞ്ഞു. ''പകല്‍പോലെ, സുന്ദരി,'' അയാള്‍ പറഞ്ഞു, ''ഒരു കവിത ശ്രമിച്ചുകൂടേ?''
''ശ്രമിക്കാം,'' അവള്‍ പറഞ്ഞു.
ഇവിടെ കഴുതക്കാമം
മിഷിമ പറഞ്ഞത്, പ്രണയകഥ മാത്രമല്ല, കവിതയുണ്ടാകുന്നതിൻ്റെ സര്‍ഗാത്മക കഥ കൂടിയാണ്. വാസുദേവന്‍ നായര്‍ക്ക് പരിചയമുള്ള ചപലന്മാരുടെ കഥകളില്‍, കവിത തുളുമ്പില്ല. വാസുദേവന്‍ നായര്‍ തന്നെ 'വാനപ്രസ്ഥ'ത്തില്‍ എഴുതുന്നത്, ആ കാമാതുരനായ മാഷിൻ്റെ ഉള്ളിലെ മൃഗം ചുര മാന്തുന്നതാണ്. വയസ്സായ വിനോദിനിയുടെ കൂടെ, കുടജാദ്രിയിലെ പായയില്‍ കിടക്കുന്ന അയാളെ വാസുദേവന്‍ നായര്‍ ഇങ്ങനെ വിവരിക്കുന്നു: തളര്‍ന്ന ശരീരം, അനങ്ങാനാവാതെ, നിര്‍ജീവമായി പായില്‍ കിടന്നു. അതിൻ്റെ കൂടു തുറന്ന് വളര്‍ത്തു മൃഗം പഴയ സ്വപ്‌നങ്ങളുടെ പൊന്തക്കാടുകളില്‍ ഇരതേടി നടക്കുന്നതും വീണ്ടും കൂട്ടില്‍ക്കയറുന്നതും അയാള്‍ക്ക് കണ്ണടച്ചു കിടക്കുമ്പോഴും വ്യക്തമായി കാണാന്‍ കഴിയുന്നു.
വളര്‍ത്തുമൃഗവും പൊന്തക്കാടും.. നാലാംകിട മാഷും. പൊന്തക്കാട്ടിലെ ആ മൃഗത്തിൻ്റെ തളര്‍ന്ന മുരള്‍ച്ച- അസഹ്യമാണത്.
© Ramachandran