Friday, 14 June 2019

'മനോരമ' കാണാത്ത ദാവീദ്

2016 ഡിസംബര്‍ 13 ന്റെ ‘മലയാള മനോരമ’ രണ്ടു കാര്യങ്ങള്‍കൊണ്ട് ശ്രദ്ധേയമായി. ഒന്നാം പേജിന്റെ മുകളില്‍, ബിനാലെയുടെ ഉദ്ഘാടനം. ഒന്നാം പേജിന്റെ ഒന്നാം കോളത്തിന് നടുവില്‍, രണ്ടു കലാകാരന്മാരെ രണ്ടു കലാരൂപങ്ങളെ തമസ്‌കരിച്ച്, ക്ഷമാപണം. ഇങ്ങനൊന്ന് എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ കണ്ടിട്ടില്ല.
ബിനാലെയുടെ സംഘാടനത്തില്‍ എന്തോ പങ്ക് ‘മനോരമ’യ്ക്കുണ്ടെന്നോ ഉണ്ടായിരുന്നുവെന്നോ തോന്നുന്നു. അതിന്റെ സംഘാടകരിലൊരാളാണ് പ്രമുഖ ചിത്രകാരനായ റിയാസ് കോമു. അദ്ദേഹം 11 കൊല്ലം മുന്‍പ് രചിച്ച നാരായണ ഗുരുവിന്റെ ശില്‍പത്തെ സംബന്ധിച്ചാണ് ‘മനോരമ’യുടെ ക്ഷമാപണം; അത് ഡിസംബര്‍ ലക്കം ‘ഭാഷാ പോഷിണി’യുടെ കവര്‍ ചിത്രമായിരുന്നു. ‘മനോരമ’യുടെ രണ്ടാം ക്ഷമാപണം ഇതേ ‘ഭാഷാ പോഷിണി’യുടെ അകത്ത് പ്രസിദ്ധീകരിച്ച ടോം വട്ടക്കുഴിയുടെ ‘അവസാനത്തെ അത്താഴ’ചിത്രത്തെ സംബന്ധിച്ചാണ്. ഒരു കന്യാസ്ത്രീയുടെ നഗ്നമാറിടം ആ ചിത്രത്തില്‍ കാട്ടിയിരുന്നു. ഗുരുവിന്റെ ശില്‍പവും കന്യാസ്ത്രീയുടെ മാറിടവും വായനക്കാരെ വേദനിപ്പിച്ചു എന്നു മനസ്സിലാക്കിയാണ് ക്ഷമാപണം എന്നാണ് ‘മനോരമ’ പറഞ്ഞത്.
സി.ആര്‍. ഓമനക്കുട്ടന്റെ മരുമകനും അമല്‍ നീരദിന്റെ അളിയനും എന്റെ സുഹൃത്തുമായ ഗോപന്‍ ചിദംബരത്തിന്റെ നാടകത്തിനാണ്, ടോം വട്ടക്കുഴി ചിത്രം വരച്ചത്. ആ നാടകത്തില്‍ പറയുന്നതാകണമല്ലോ, ചിത്രത്തില്‍ വന്നത്. ‘മനോരമ’, ആ നാടകവും നിരോധിച്ചോ? ചിത്രകാരനോടുള്ള അതേ സമീപനം നാടകകൃത്തിനോടും കാട്ടിയോ? ‘ഭാഷാ പോഷിണി’യില്‍ ചിത്രങ്ങള്‍ വന്നതിന്, എന്തിനാണ് ‘മനോരമ’ മാപ്പുപറഞ്ഞത്? ക്ഷമാപണം ഗൗരവമാണെങ്കില്‍, രണ്ടു ഭീകരതെറ്റുകള്‍ ‘ഭാഷാ പോഷിണി’ക്കു പറ്റി. അതിന്, പത്രാധിപര്‍ കെ.സി. നാരായണനെ പിരിച്ചുവിട്ടോ?
കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ്, ബാര ഭാസ്‌കരന്റെ, ‘ ഭാഷാ പോഷിണി’യിലെ ‘എന്റെ കേരളം’ പരമ്പരയില്‍, മുഹമ്മദ് നബിയുടെ ചിത്രം വരയ്ക്കുകയുണ്ടായി. അതിന്, ‘മനോരമ’ അകത്തേ പേജില്‍ മാപ്പുപറഞ്ഞു തടിതപ്പി. ഇന്നത്തെ നിലയ്ക്ക്, കെ.സി.നാരായണനെ, ആ കുറ്റത്തിന്, മുന്‍കാല പ്രാബല്യത്തോടെ പിരിച്ചുവിടുമോ? ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളെ ഒരുപോലെ വ്രണപ്പെടുത്തിയ ഇങ്ങനെ ഒരു പത്രാധിപരും മുന്‍പുണ്ടായിട്ടില്ല.
ഫ്ലോറൻസിലെ ദാവീദ് ,സാൻ ലിയാൻഡ്രോയിലെ സ്ത്രീ 
മനോരമ’യുടെ ഒന്നാം പേജില്‍ വന്ന ക്ഷമാപണം, കെ.സി. നാരായണന്റേതല്ല; മാമ്മന്‍ മാത്യുവിന്റേതാണ്. അദ്ദേഹമാണ്, ‘ഭാഷാ പോഷിണി’ യുടെയും ‘മനോരമ’യുടെയും ചീഫ് എഡിറ്റര്‍. അതുകൊണ്ട്, സ്വന്തം പത്രാധിപത്യത്തില്‍ ഇറങ്ങുന്ന എന്തിലും ക്ഷമാപണം ആകാം. ഇത്തിരി കഴിയുമ്പോള്‍, ‘മനോരമ’യില്‍ വരുന്ന അബദ്ധത്തിന്റെ ക്ഷമാപണം, ‘ഭാഷാ പോഷിണി’യില്‍ കണ്ടെന്നും വരാം.
ഞാന്‍ ‘ഭാഷാ പോഷിണി’യുടെ വായനക്കാരനല്ല; ‘മനോരമ’യുടെ വായനക്കാരനാണു താനും. പണ്ട്, ‘മനോരമ’ തിരുവനന്തപുരത്ത് തുടങ്ങുമ്പോള്‍ ഒരു സര്‍വേ നടത്തി. ‘കേരള കൗമുദി’യുടെ ഒരു വായനക്കാരന്‍ സര്‍വേയില്‍ ഉള്‍പ്പെട്ടു. ‘കേരള കൗമുദി’ നല്ല പത്രമല്ലെങ്കിലും അതു വരുത്തുന്നു എന്ന് അയാള്‍ പറഞ്ഞു. കാരണം, ഒരു അല്‍സേഷ്യനെ നാം വളര്‍ത്താന്‍ തുടങ്ങിയാല്‍, മരണംവരെ അതിനെ ചുമക്കും. ഇതേ ന്യായം കാരണമാണ്, ഞാന്‍ ‘മനോരമ’ വരുത്തുന്നത്.
എന്റെ ആശയക്കുഴപ്പവും ഇവിടെയാണ്. ‘ഭാഷാ പോഷിണി’ ഞാന്‍ കണ്ടിട്ടില്ല; ‘മനോരമ’യില്‍ ക്ഷമാപണം കണ്ടു. ഈ അവസ്ഥയില്‍, ‘മനോരമ’ കലാകാരന്മാരോട് ചെയ്തതു ശരിയോ തെറ്റോ എന്നറിയാന്‍ ഞാന്‍ എവിടെപ്പോകും?
മനോരമ’ ചെയ്യേണ്ടിയിരുന്നത്, എന്നെപ്പോലുള്ള നിഷ്‌കളങ്ക വായനക്കാര്‍ക്കായി, ‘ഭാഷാപോഷിണി’യില്‍ വന്ന രണ്ടു ചിത്രങ്ങളും, ക്ഷമാപണത്തിനൊപ്പം പ്രസിദ്ധീകരിക്കുക എന്നതായിരുന്നു. ‘മനോരമ’ പത്രാധിപരുടെ ഭാഗത്ത് ഇപ്പോഴുള്ളത്, ബുദ്ധിപരമായ പാപ്പരത്തമാണോ നേതൃത്വപരമായ പാപ്പരത്തമാണോ എന്നു വിലയിരുത്താനുള്ള അവസരം, ചിത്രങ്ങളുടെ അഭാവത്തില്‍, വായനക്കാര്‍ക്ക് നഷ്ടപ്പെട്ടു. കെ.സി. മാമ്മന്‍ മാപ്പിളയുടെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന്, കമ്യൂണിസത്തെ ‘മനോരമ’ വാരിപ്പുണര്‍ന്നു നില്‍ക്കുമ്പോഴേ, സംഗതികള്‍ പന്തിയല്ല എന്നു വായനക്കാര്‍ കാണുന്നുണ്ട്. ഫിദല്‍ കാസ്‌ട്രോയെപ്പറ്റി ‘മനോരമ’ എഴുതിപ്പിടിപ്പിച്ച സ്തുതികള്‍ വായിച്ചപ്പോള്‍, അയാള്‍ ജനിച്ചതു കഞ്ഞിക്കുഴിയിലാണെന്ന് തോന്നിപ്പോയി.
കാനായി കുഞ്ഞിരാമന്റെ രണ്ടു നഗ്ന സ്ത്രീ ശില്‍പങ്ങള്‍ മലമ്പുഴയിലും ശംഖുംമുഖത്തുമുണ്ട്. ‘ഭാഷാപോഷിണി’ ചിത്രങ്ങള്‍ കണ്ടു വ്യാകുലപ്പെട്ടവര്‍ ഈ രണ്ടു മേഖലകളും യാത്രാപരിപാടികളില്‍ നിന്നൊഴിവാക്കിയിട്ടുണ്ടോ?
കാല്‍ നൂറ്റാണ്ട് മുന്‍പ്, കാനായി കുഞ്ഞിരാമന്‍ എന്നോടു പറഞ്ഞത്, അദ്ദേഹത്തിന്, കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒരറ്റത്തുനിന്ന് മറ്റേയറ്റംവരെ, ശയിക്കുന്ന നഗ്നമത്സ്യകന്യകയുടെ ശില്‍പം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ്. ശില്‍പത്തിനു താഴെ കടകള്‍ക്കു പഴുതുണ്ടായിരുന്നു. കൊച്ചിക്ക് മാദകത്വം നല്‍കുന്ന ശില്‍പമാവുമായിരുന്നു, അത്.
‘മനോരമ’യുടെ മാതൃരാജ്യമായ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഇക്കഴിഞ്ഞ മാസം 55 അടി ഉയരമുള്ള നഗ്ന സ്ത്രീ ശില്‍പത്തിനെതിരെ ചില ഞാഞ്ഞൂലുകള്‍ തലപൊക്കിയിരുന്നു. തൊഴിലാളി വര്‍ഗ മേഖലയായ സാന്‍ ലിയാന്‍ഡ്രോയിലാണ്, 13,000 പൗണ്ടുള്ള, ഉരുക്കില്‍ തീര്‍ത്ത നഗ്ന സ്ത്രീ ശില്‍പം. നൃത്തം വയ്ക്കുന്ന സ്ത്രീയ്ക്ക് കീഴെ ഒരു വാചകമുണ്ട്: ”സ്ത്രീകള്‍ സുരക്ഷിതരായിരുന്നെങ്കില്‍, ലോകം എന്തായിരുന്നേനെ?”
സാന്‍ ലിയാന്‍ഡ്രോ റയില്‍വേ സ്റ്റേഷനില്‍ നിന്ന് കാണാവുന്നതാണ്, ഒരു സാങ്കേതിക ഓഫിസ് സമുച്ചയത്തിലെ ഈ ശില്‍പം. നെവാദാ മരുഭൂമിയില്‍ എല്ലാ വര്‍ഷവും പ്രതിസംസ്‌കാര ആഘോഷമുണ്ട്. 2013 ലെ ആഘോഷത്തില്‍, മാര്‍ക്കോ കൊക്രാനേ എന്ന ശില്‍പി പ്രദര്‍ശിപ്പിച്ചതാണ്, ഈ ശില്‍പം. അതിപ്പോള്‍ ഒരു വന്‍ ‘സെല്‍ഫി സ്‌പോട്ട്’ ആയി മാറി.
മൈക്കലാഞ്ചലോയുടെ ‘ദാവീദ്’ ശില്‍പത്തിന്റെ മൂന്നിരട്ടി ഉയരമുണ്ട്, ഈ സ്ത്രീക്ക്.
മൈക്കലാഞ്ചലോയുടെ ‘ദാവീദ്’ പ്രതിമയുടെ ചിത്രം, ഇനി, ‘ഭാഷാ പോഷിണി’ക്ക് അച്ചടിക്കാനാവുമോ? ദാവീദിന്റെ നഗ്നപ്രതിമയിലെ പുരുഷലിംഗം, ഏതെങ്കിലും കന്യാസ്ത്രീ സഹിക്കുമോ?
‘മനോരമ’യുടെയും കന്യാസ്ത്രീമാരുടെയും അറിവിനായി പറയാം- ദാവീദിന്റെ നഗ്നപ്രതിമ, മൈക്കലാഞ്ചലോയെക്കൊണ്ട് കൊത്തിച്ചുണ്ടാക്കിയത്, ഫ്‌ളോറന്‍സ് കഥീഡ്രലില്‍ വയ്ക്കാനാണ്. 1501-1504 ലാണ് ഇത് സൃഷ്ടിച്ചത്. എന്നിട്ട്, പള്ളിക്കകത്തു വയ്ക്കാതെ, ഇത് ജനം കാണാനായി, 1504 സെപ്തംബര്‍ എട്ടിന്, ടൗണ്‍ഹാളായ പലാസ്സോ ദീലിയ സിഞ്ഞോറിയയ്ക്ക് പുറത്ത്, സ്ഥാപിച്ചു. അത് ചെയ്തവനാണ്, യഥാര്‍ത്ഥ കത്തോലിക്കന്‍; ‘മനോരമ’ വായിക്കുന്നവനല്ല. ഈ പ്രതിമ, ഫ്‌ളോറന്‍സിന്റെ പൗരുഷ പ്രതീകമായി. പള്ളിക്കാര്‍ ഡാവിഞ്ചിയോട് സംസാരിച്ചിരുന്നെങ്കിലും, ഇരുപത്താറുകാരനായ മൈക്കലാഞ്ചലോയ്ക്കാണ് ശില്‍പനിര്‍മാണത്തിന് നറുക്ക് വീണത്. പണി തീരാറായപ്പോള്‍, ആറ് ടണ്ണിലധികം വരുന്ന പ്രതിമ, കഥീഡ്രലിന്റെ മേലറ്റത്തേക്കുയര്‍ത്താനാവില്ലെന്ന് മനസ്സിലായി. തുടര്‍ന്ന്, ഡാവിഞ്ചിയും സാന്‍ഡ്രോ ബോട്ടിസെല്ലിയും ഉള്‍പ്പെട്ട 30 പൗരന്മാരുടെ സമിതി വിളിച്ചാണ്, ദാവീദിന്, അധികൃതര്‍ സ്ഥലം കണ്ടെത്തിയത്. മൈക്കലാഞ്ചലോയുടെ അരമൈല്‍ അകലെയുള്ള ശില്‍പശാലയില്‍ നിന്ന്, ടൗണ്‍ഹാളിനടുത്തേക്ക് ദാവീദിനെ കൊണ്ടുവരാന്‍, നാലുദിവസമെടുത്തു. ഫ്‌ളോറന്‍സില്‍ അക്കാലത്തു പോലും കലയുടെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്, കലാകാരന്മാരാണ്. മെത്രാന്മാരും സമുദായവാദികളുമില്ല. ചിത്രത്തെ കാണേണ്ടത് ചിത്രമായിട്ടാണ്; ശരീരമായിട്ടല്ല. മനസ്സിലെ അശ്ലീലം വച്ചല്ല ചിത്രം കാണേണ്ടത്. ആത്മീയതയില്‍നിന്ന് ഭൗതികതയിലേക്ക് മെത്രാനും പത്രാധിപരും കൂപ്പുകുത്തിയാല്‍, രാജാ രവിവര്‍മയുടെ ദമയന്തി, ഷക്കീലയും, ഹംസം, കോഴിയുമായിപ്പോകും.
സ്ഥിരമായി ഇറ്റലിയില്‍ പോയി വരുന്ന മെത്രാന്മാരോടും കന്യാസ്ത്രീമാരോടും ഒരു ചോദ്യം ബാക്കിയുണ്ട്- നഗ്നമാറിടം വരച്ച ടോം വട്ടക്കുഴി ക്രിസ്ത്യാനിയാണല്ലോ. അയാളെ കലാകാരന്മാരുടെ റിപ്പബ്ലിക്കില്‍ നിന്ന് സഭ പുറത്താക്കിയോ? വട്ടക്കുഴിക്ക്  തെമ്മാടിക്കുഴി വിധിക്കുമോ?

പ്രളയ കാലത്തെ മൺവണ്ടി

മ്യൂണിസത്തില്‍നിന്ന് വഴിമാറിയാല്‍, പലര്‍ക്കും പല ആശ്രയങ്ങള്‍ കാണും. നക്‌സലിസത്തിലേക്ക് പോയ കെ. വേണുവും സായിബാബയിലേക്ക് പോയ ഫിലിപ്പ് എം. പ്രസാദും 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'ക്ക് പാഠഭേദം ചമച്ച സിവിക് ചന്ദ്രനുമുണ്ട്. പാര്‍ട്ടി കാര്‍ഡ് ഉപേക്ഷിച്ച്, ശൂദ്രകന്റെ 'മൃച്ഛകടിക'ത്തിലേക്ക് പോയ തോപ്പില്‍ ഭാസിയാണ്, നമ്മെ അദ്ഭുതപ്പെടുത്തുന്നത്.
 ഭാസിയെപ്പറ്റി പറയുന്നത്, വയലാര്‍ രാമവര്‍മയ്ക്കും ഒഎന്‍വി കുറുപ്പിനും ബാധകമാണ്. കമ്യൂണിസത്തില്‍ നിന്നും നില്‍ക്കാതെയും നിന്ന ഒഎന്‍വി, 'പൊല്‍തിങ്കള്‍ക്കല'യും 'പ്രിയ സഖി ഗംഗേ'യും എഴുതിയ അതേ സിനിമയില്‍, 'ഓങ്കാരം, ആദിമന്ത്ര'വും 'ഇന്ദുകലാമൗലി'യും വയലാര്‍ മത്സരിച്ചെഴുതിയതു മറന്നുകൂടാ. തോപ്പില്‍ഭാസിയുടെ ആത്മകഥയുടെ രണ്ടാം ഭാഗമായ, 'ഒളിവിലെ ഓര്‍മകള്‍ക്കുശേഷം', സത്യത്തില്‍ ഭാസിയുടെ വീണ്ടെടുപ്പിന്റെ കഥയാണ്. ആദ്യഭാഗമായ 'ഒളിവിലെ ഓര്‍മകള്‍' എന്ന പുസ്തകത്തില്‍ പാര്‍ട്ടിക്കുവേണ്ടി മൂടിവച്ചതൊക്കെ, മനുഷ്യര്‍ക്കുവേണ്ടി എടുത്തു പുറത്തിടുന്ന ഭാസിയെയാണ് രണ്ടാംഭാഗത്തില്‍ കാണുന്നത്. ഭാസി സംസ്‌കൃത ഹൈസ്‌കൂളില്‍ പഠിക്കാന്‍ ചേരുന്ന കാലത്തുതന്നെ, അഞ്ചുമനയ്ക്കല്‍ കുഞ്ഞിരാമന്‍ വൈദ്യന്‍ എന്ന ഗുരുവിന്റെ മുമ്പില്‍, പനയോലത്തടുക്കില്‍ ചമ്രം പടഞ്ഞിരുന്ന്, ശബ്ദരൂപവും ധാതുരൂപവും തര്‍ക്കശാസ്ത്രവും അമരകോശവും പഠിച്ചു. സംസ്‌കൃത സ്‌കൂളില്‍നിന്ന് കുമാരസംഭവവും രഘുവംശവും കുവലയാനന്ദവും കാദംബരിയും ശാകുന്തളവും പഠിച്ചു. വയലാര്‍, ഉപനയനം കഴിഞ്ഞ്, ഗുരുമുഖത്തുനിന്ന് വേദവും ഉപനിഷത്തുകളും പഠിച്ചു. ഒഎന്‍വിയുടെ പിതാവ്, ഒ.എന്‍.കൃഷ്ണക്കുറുപ്പ്, സംസ്‌കൃതത്തില്‍ പണ്ഡിതനും വൈദ്യത്തില്‍ മഹാപണ്ഡിതനും ആയിരുന്നു. ''ഇങ്ങനെ, അമ്പതുകളിലെ ഞങ്ങളുടെ തലമുറയില്‍പ്പെട്ട എഴുത്തുകാര്‍ക്ക് പാര്‍ട്ടി കാര്‍ഡിന് പുറമെ, ചിലത് പറയാനുണ്ടാകും,'' ഭാസി ഓര്‍മിക്കുന്നു. 
ഭാസി, ഇത് ഓര്‍മിക്കാന്‍ കാരണം, അദ്ദേഹം പാര്‍ട്ടിയില്‍ നിന്നകന്ന് നാടകത്തില്‍ മുഴുകിയ കാലത്ത്, പാര്‍ട്ടി നാടകസംഘമായ കെപിഎസിയുടെ എക്‌സിക്യൂട്ടീവില്‍ നടന്ന ഒരു ചര്‍ച്ചയാണ്. താനും ഒഎന്‍വിയും പാര്‍ട്ടിയോടൊപ്പം നിന്ന എഴുത്തുകാരും പാര്‍ട്ടിയുടെ സൃഷ്ടികളുമാണെന്ന സെക്‌ടേറിയന്‍ ചിന്താഗതിക്കാരുടെ വാദം, ഭാസി അംഗീകരിച്ചില്ല. പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവ്, ആ യോഗത്തില്‍ ഭാസിയോടു ചോദിച്ചു: ''നിങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൃഷ്ടിയല്ലേ?'' ഭാസി പറഞ്ഞു: ''ഞാന്‍ ഒരു കലാകാരനും നാടകകൃത്തും ആകാന്‍ സാധാരണ ജനങ്ങളുടെ ഇടയിലെ ജീവിതം വളരെ സഹായിച്ചിട്ടുണ്ട്. അതിന് കളമൊരുക്കിയത് പാര്‍ട്ടിയാണ്. പക്ഷേ, നിങ്ങളിങ്ങനെ ചോദിച്ചാല്‍, ഞാന്‍ മറിച്ചൊരു ചോദ്യം ചോദിക്കും: എന്നെക്കാള്‍ പാര്‍ട്ടിക്കൂറും, എന്നെപ്പോലെ പാര്‍ട്ടി പ്രവര്‍ത്തന പരിചയവുമുള്ള നിങ്ങള്‍ എന്തുകൊണ്ട്, ഒരേകാങ്ക നാടകമോ, നാലുവരി കവിതയോ എഴുതിയില്ല?'' ഭാസിയുടെ ചോദ്യം മര്‍മത്തുകൊണ്ടു. നേതാവ് ഒന്നും പറഞ്ഞില്ല; നീരസം മുഖത്ത് കണ്ടു. ആ നേതാവ് ആരാണെന്നു ഭാസി പറഞ്ഞിട്ടില്ല. എന്‍.ഇ. ബാലറാം ആയിരുന്നിരിക്കും. ഭാസി, പാര്‍ട്ടിയെയും ഇഎംഎസിനെയും വിമര്‍ശിച്ചെഴുതുന്ന ലേഖനങ്ങള്‍ 'ജനയുഗ'ത്തില്‍ കൊടുക്കുന്നതു ബാലറാം വിലക്കിയിരുന്നു. 21-ാം വയസ്സില്‍ താന്‍ എഴുതിക്കൊടുത്ത മാപ്പ്, ബ്രിട്ടീഷുകാര്‍ തള്ളിയതു കാരണം, പാര്‍ട്ടിയില്‍ തുടര്‍ന്നയാളാണ്, ബാലറാം. ഒരു പാര്‍ട്ടി കാര്‍ഡ് കൈയിലുണ്ടായിരുന്നാല്‍, സാഹിത്യകാരനോ കഥാകാരനോ ആവില്ല, മറ്റുചിലതു വേണം എന്നുപറഞ്ഞിട്ട്, ഭാസി, ദണ്ഡി എഴുതിയ 'കാവ്യാദര്‍ശം' ഉദ്ധരിക്കുന്നു. നൈസര്‍ഗികീ ച പ്രതിഭാ ശ്രുതം ച ബഹുനിര്‍മലം അമന്ദശ്ചാഭിയോഗാ, അസ്യാഃ കാരണം കാവ്യസമ്പദഃ (നൈസര്‍ഗികമാണു പ്രതിഭ; പ്രതിഭയ്ക്കു വളര്‍ച്ച നല്‍കാന്‍, നിര്‍മലമായ പഠിച്ചറിവു വേണം. പ്രതിഭകള്‍ക്ക് കാവ്യസമ്പത്തുണ്ടാകാന്‍ കാരണം, കാവ്യത്തോടുള്ള അലസതയില്ലാത്ത ആഭിമുഖ്യമാണ്).
 പ്രതിഭ എന്താണെന്നും ദണ്ഡി പറയുന്നു: ബുദ്ധി താല്‍ക്കാലികീ പ്രോക്താ, പ്രജ്ഞാ, ത്രൈകാലികീ മതാ. പ്രജ്ഞാം നവനവോന്മേഷ- ശാലിനി, പ്രതിഭാം ഗുരു. (ബുദ്ധി, കാണുന്നതിനെപ്പറ്റിയുള്ള താല്‍ക്കാലികമായ അറിവാണ്. പ്രജ്ഞ അഗാധജ്ഞാനമാണ്. ത്രികാലങ്ങളുടെ അറിവാണ്, പ്രജ്ഞ. പ്രജ്ഞയുള്ളവര്‍ക്ക് നവോന്മേഷം നല്‍കുന്ന അറിവാണ്, പ്രതിഭ.)
 'അശ്വമേധ'ത്തിന്റെ രണ്ടാംഭാഗമായി 'ശരശയ്യ' എഴുതിയപ്പോള്‍, അത് വിജയിക്കാതിരുന്നതിന് കാരണം തേടിയ ഭാസി ചെന്നുനിന്നത്, ഭരതമുനിയുടെ 'നാട്യശാസ്ത്ര'ത്തിലാണ്. നാടകത്തിന്, അഞ്ചു സന്ധികള്‍ ഉണ്ട്: മുഖം (അവതരണം), പ്രതിമുഖം (നാടകത്തിലെ സംഘര്‍ഷത്തിന്റെ അവതരണം), ഗര്‍ഭം (നാടകപ്രമേയം വികസിച്ച് പൂര്‍ണമാകല്‍), വിമര്‍ശം (നാടകീയ മുഹൂര്‍ത്തങ്ങള്‍ വഴിയുള്ള സംഘര്‍ഷം), സംഹൃതി (പരമകാഷ്ഠ, ക്ലൈമാക്‌സ്). 'അശ്വമേധ'ത്തിന്റെ ക്ലൈമാക്‌സ്, മറ്റൊരു നാടകത്തിന്റെ പശ്ചാത്തലമാക്കി, മുന്‍കഥതന്നെ തുടര്‍ന്നുകൊണ്ടുപോയി, മറ്റൊരു ക്ലൈമാക്‌സ് ഉണ്ടാക്കാന്‍ നോക്കിയപ്പോള്‍, ഭാസി തോറ്റു. 'കിരീടം' സിനിമ വിജയിക്കുകയും 'ചെങ്കോല്‍' തോല്‍ക്കുകയും ചെയ്തപ്പോള്‍, നാടകകൃത്തായ ലോഹിതദാസും ഇത് ഓര്‍ത്തിരിക്കാം.
പാര്‍ട്ടി പിളര്‍പ്പിനുശേഷം, ബെംഗളൂരുവില്‍ കെപിഎസി പൊതുയോഗം ചേര്‍ന്ന്, ഇഎംഎസിന്റെയും എകെജിയുടെയും ചേരിയില്‍ നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍, ഭാസിയുണ്ടായിരുന്നില്ല. അനുജന്‍ തോപ്പില്‍ കൃഷ്ണപിള്ള അറിയിച്ചതനുസരിച്ച്, ചെന്നൈയില്‍ നിന്ന് വിമാനത്തില്‍ ചെന്നാണ്, ഭാസി സംഘത്തെ മുഴുവന്‍ വലതുചേരിയിലേക്ക് തിരിച്ചത്. നാടകകൃത്തിനെ കൈയൊഴിയാന്‍ അവര്‍ക്ക് സാധ്യമല്ലായിരുന്നു; അവര്‍ ഇഎംഎസിനെയും എകെജിയെയും ഉപേക്ഷിച്ചു. 'ശരശയ്യ'യുടെ അവതരണം, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, മുംബൈയില്‍ അലങ്കോലമാക്കി. സിപിഐ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നപ്പോള്‍, കെപിഎസിക്കുവേണ്ടി, എ.എന്‍.ഗണേശ് എഴുതിയ 'ഭരതക്ഷേത്രം', ഭാസി മാറ്റിയെഴുതി. സഞ്ജയ് ഗാന്ധിയെ ഓര്‍മിപ്പിച്ച്, ക്ഷേത്രഭരണത്തില്‍ അവിഹിതമായി കൈകടത്തുന്ന ഒരു മകന്‍ നാടകത്തിലുണ്ടായിരുന്നു. അത് പാര്‍ട്ടി വിലക്കിയപ്പോള്‍, ഭാസി, കെപിഎസി വിട്ടു. അങ്ങനെയാണ് ഭാസി സിനിമയുടെ ചെളിക്കുണ്ടില്‍ വീണത്. അടിയന്തരാവസ്ഥയ്ക്കുശേഷം, സിപിഐ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചപ്പോള്‍, ഭാസി കെപിഎസിയിലേക്ക് മടങ്ങി- 'ഭരതക്ഷേത്രം' പഴയനിലയില്‍ രംഗത്തെത്തി. പാര്‍ട്ടിക്കു വേരുനല്‍കിയ, 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാടകത്തെ ഭാസി, പാര്‍ട്ടിയില്‍ പ്രമാണി വര്‍ഗം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പുനരവലോകനം ചെയ്തതിന്റെ ഫലമായിരുന്നു, 'ഇന്നലെ, ഇന്ന്, നാളെ.' 'കമ്യൂണിസ്റ്റാക്കി'യിലെ പ്രധാന കഥാപാത്രങ്ങളായ മാലയും കറമ്പനും, സിനിമയും നാടകവും വഴി പ്രമാണിയായ ഭാസിയെ കാണാനെത്തുമ്പോള്‍, അയാള്‍ ഫാനിന്റെ വേഗം കൂട്ടി വീട്ടിനകത്ത് ഒളിച്ചിരിക്കുന്നതാണ് നാടകത്തില്‍ നാം കാണുന്നത്. 
ഇവിടെനിന്നാണ്, ഭാസി, 'മൃച്ഛകടികം', 'പാഞ്ചാലി', 'ശാകുന്തളം' എന്നിവയിലെത്തുന്നത്. സംസ്‌കൃത നാടക നിയമങ്ങള്‍ തെറ്റിച്ചുകൊണ്ട് ശൂദ്രകന്‍ എഴുതിയതാണ് 'മൃച്ഛകടികം.' ഭാസി എഴുതുന്നു: സംസ്‌കൃത നാടകങ്ങളാണ്, സദസ്സിനെ സജ്ജമാക്കാന്‍, നാടകം ആസ്വദിക്കാന്‍, പ്രേക്ഷകരെ ഒരുക്കിയെടുക്കാന്‍, മികച്ച സങ്കേതം നമ്മെ പഠിപ്പിക്കുന്നത്. ക്രിസ്തുവിനും മുന്‍പ് രചിക്കപ്പെട്ട സംസ്‌കൃത നാടകങ്ങള്‍ മുഴുവന്‍ ഭാസന്റെയും കാളിദാസന്റെയും നാടകങ്ങളുള്‍പ്പെടെയുള്ള എല്ലാ നാടകങ്ങളും തുടങ്ങുന്നത് നാന്ദിയോടെയാണ്. നാന്ദി, അവതരണഗാനമാണ്. നാന്ദിക്കുശേഷം സൂത്രധാരന്‍ പ്രവേശിക്കുകയായി. സൂത്രധാരന്‍ ഒരു നടിയെയോ വിദൂഷകനെയോ കൂട്ടിയാണ്, വേദിയിലേക്ക് വരിക.ഭരതമുനി കഥയെഴുതി സംവിധാനം ചെയ്ത്, തന്റെ മക്കളെക്കൊണ്ട് അഭിനയിപ്പിച്ച ആദ്യ നാടകം, ദിതിയുടെയും ദനുവിന്റെയും പുത്രന്മാരായ അസുരന്മാരെ, ദേവന്മാര്‍ സംഹരിച്ച ദേവാസുരയുദ്ധം കഥയായിരുന്നു. ദേവന്മാര്‍ വിജയക്കൊടി നാട്ടുന്ന നാടകം. ആ നാടകം ഉത്സവപരിപാടിയായിട്ടാണ് അവതരിപ്പിച്ചത്. ബ്രഹ്മാവാണ്, ഉദ്ഘാടന നാടകം ഉത്സവ പരിപാടിയാക്കാന്‍, ഭരതനെ ഉപദേശിച്ചത്. മഹാനയം, പ്രയോഗസ്യ സമയഃ സമുപസ്ഥിതഃ അയം, ധ്വജമനഃ ശ്രീമാന്‍ മഹേന്ദ്രസ്യ പ്രവര്‍ത്തതേ. അത്രേ ദാനീം, അയം വേദോ നാട്യസംജ്ഞ: പ്രയുജ്യതാം(നാട്യ പ്രയോഗത്തിന് ഏറ്റവും നല്ല സമയം ഇതാ, അടുത്തുവന്നിരിക്കുന്നു. ദേവേന്ദ്രന്റെ ധ്വജോത്സവം നടക്കാന്‍ പോകുന്നു. ഇപ്പോള്‍ അവിടെ ഈ നാട്യവേദം-നാടകം-അവതരിപ്പിക്കാം). നാടകവും ഒരു വേദമാണ്; പഞ്ചമവേദം. ആദ്യനാടകം നടക്കുമ്പോള്‍, തങ്ങളെ ദേവന്മാര്‍ തോല്‍പിക്കുന്നതു സഹിക്കാതെ, സദസ്സിലുണ്ടായിരുന്ന അസുരന്മാര്‍ കൂവി; 'നാട്യശാസ്ത്ര'ത്തില്‍ നിന്ന്: അഥാ പശ്യത് സദാ വിഘ്‌നൈ: സമന്താത് പരിവാരിതം സഹേതരൈഃ സൂത്രധാരം നഷ്ടസംജ്ഞം ജഡീകൃതം(അഭിനേതാക്കളെ വിഘ്‌നകാരികള്‍ വളഞ്ഞു. സൂത്രധാരനെയും കൂട്ടരെയും ബോധം കെടുത്തി). ഇതാണ് നാം, കണ്ണൂരില്‍ കണ്ടുകൊണ്ടിരിക്കുന്നത്. അസുരന്മാരുടെ ക്രൂരതകണ്ട് ക്രുദ്ധനായ ദേവേന്ദ്രന്‍, 'ജര്‍ജരം' എന്ന ആയുധവുമായി അസുരന്മാരെ നേരിട്ടു; അവരെ അടിച്ചു തകര്‍ത്തു. പക്ഷേ, നാടകം മുടങ്ങി. 'ദേവാസുര യുദ്ധം' നാടകം മുടക്കിയ അസുരന്മാര്‍, വിരൂപാക്ഷന്റെ നേതൃത്വത്തില്‍, ബ്രഹ്മാവിനെ കണ്ടുപറഞ്ഞു: ''അങ്ങ് ദേവന്മാരുടെ പക്ഷം പിടിച്ചുണ്ടാക്കിയിരിക്കുന്ന നാടകം ഞങ്ങളെ അപമാനിക്കുന്നതാണ്; ഞങ്ങളത് തടയും.'' ബ്രഹ്മാവ് പറഞ്ഞു: നൈകന്തതോ, അത്ര, ഭവതാം, ദേവനാഞ്ചാനുഭാവനം. ത്രൈലോക്യസ്യാസ്യ, സര്‍വസ്യ നാട്യം ഭാവാനു കീര്‍ത്തനം(നാടകത്തില്‍ നിങ്ങള്‍ക്കോ ദേവന്മാര്‍ക്കോ മാത്രം എന്തെങ്കിലും അനുഭൂതിയുണ്ടാക്കിത്തീര്‍ക്കുകയെന്നുള്ളതല്ല ലക്ഷ്യം. മൂന്നുലോകത്തിലുമുള്ളവരുടെ സ്വഭാവം വര്‍ണിച്ചുകാട്ടി രസാസ്വാദനം ഉളവാക്കുക എന്നതു മാത്രമാണ്.)
ഭാസന്റെ ചാരുദത്തനാണ്, ശൂദ്രകന്റെ 'മൃച്ഛകടിക'ത്തിലെയും നായകന്‍. മലയാളിയാണെന്ന് വിശ്വസിക്കപ്പെടുന്ന ഭാസനെപ്പോലെ തന്നെ, നാടകമാമൂലുകള്‍ ഉപേക്ഷിച്ചാണ്, ഈ നാടകമെഴുതിയിട്ടുള്ളത്. ദുരന്തം സംസ്‌കൃത നാടകങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ലെങ്കിലും, ഭാസന്‍, ദുരന്തനാടകമായ 'ഊരുഭംഗം' എഴുതി. സംസ്‌കൃതത്തിലെ ഒരു പ്രോലിറ്റേറിയന്‍ നാടകമാണ്, 'മൃച്ഛകടികം.' സാമൂഹിക, രാഷ്ട്രീയ ലക്ഷ്യങ്ങള്‍വച്ച്, ഇടത്തരക്കാരുടെ ജീവിതസ്ഥിതി വരച്ചുകാട്ടുന്ന, 'പ്രകരണ' വിഭാഗത്തില്‍പ്പെട്ട നാടകമാണ് ഇത്. രാജാക്കന്മാരുടെ കുത്തഴിഞ്ഞ ജീവിതവും ചതുരംഗക്കമ്പവും നാടിനു വന്നുചേര്‍ന്ന പതനവുമാണ് നാടക പശ്ചാത്തലം. ചാരുദത്തനോട്, ഗണികയായ വസന്തസേനയ്ക്ക് പ്രണയം തോന്നുന്നു. ചാരുദത്തന്റെ മകന്റെ മൃച്ഛകടികം അഥവാ, മണ്‍വണ്ടി നിറച്ച് സ്വര്‍ണാഭരണങ്ങള്‍ ചാരുദത്തന് സമ്മാനമായി നല്‍കുന്നതില്‍ നിന്നാണ്, ശീര്‍ഷകം. എന്തുകൊണ്ട്, ഭാസി, 'മൃച്ഛകടിക'ത്തിലെത്തി എന്നതിനുത്തരം, അദ്ദേഹം പൂര്‍ണത അന്വേഷിച്ചലഞ്ഞ കലാകാരനായിരുന്നു, എന്നതാണ്. ''ഏറ്റവുമധികം ആനന്ദിക്കുന്ന ജീവി കലാകാരനാണ്. ഏറ്റവും ഉന്നതമായ സൃഷ്ടി, സാഹിത്യമുള്‍പ്പെടെയുള്ള കലയാണ്'', ഭാസി എഴുതുന്നു. അദ്ദേഹം 'നാട്യശാസ്ത്ര'ത്തിന്റെ അവസാന ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നു: യാ,ഗതി: വേദ വിദുഷാം യാ,ഗതി: യജ്ഞ കാരിണാം യാ,ഗതി: ദാനശീലാനാം താം ഗതിം പ്രാപ്‌നുയാദ്ധി, സ: (വേദ പണ്ഡിതര്‍ക്കും യാഗം ചെയ്യുന്നവര്‍ക്കും ദാനം ചെയ്യുന്നവര്‍ക്കുമുള്ള ഔന്നത്യമാണ് കലാകാരനുള്ളത്). ഗാന്ധര്‍വം ചേന നാട്യം ച യഃ സമ്യക് പരിപാലയേത് ലഭതേ സല്‍ഗതിം പുണ്യാം സമം ബ്രഹ്മര്‍ഷൗ ഭിര്‍ന്നര(സംഗീതത്തെയും നാട്യത്തെയും ആരാണോ വേണ്ടപോലെ പരിപാലിക്കുന്നത്, അയാള്‍ക്ക് ബ്രഹ്മര്‍ഷികളെപ്പോലെ പുണ്യ സദ്ഗതി കിട്ടും.) കമ്യൂണിസത്തിനുമപ്പുറം, ഇത്രകൂടി അറിയാമായിരുന്നു എന്നതിനാലാണ്, ഭാസിയെയും വയലാറിനെയും ഒഎന്‍വിയെയും നാം ഓര്‍ക്കുന്നത്. 
ഒരുപാടു വാക്കുകള്‍, കുട്ടിക്കാലത്തു ഞാന്‍ പഠിച്ചത് വയലാറിന്റെ പാട്ടുകളില്‍ നിന്നാണ്- 'ചെമ്പരത്തി'യിലെ 'ചക്രവര്‍ത്തിനീ നിനക്കു ഞാന്‍' എന്ന പാട്ടുമാത്രം കേട്ടാല്‍ കിട്ടും, മച്ചകം, മഞ്ജു ശയ്യ, സാലഭഞ്ജിക. അതിനുശേഷം ഒരു സാലഭഞ്ജിക കണ്ടത്, വിക്രമാദിത്യന്‍ കഥകളിലാണ്. യഥാര്‍ത്ഥത്തില്‍ അത് വയലാറിനു മുന്‍പ് അവിടെയുണ്ടായിരുന്നു. ഞാന്‍ ശരിക്കും അമ്പരന്നത്, 'മഴക്കാറി'ല്‍ 'പ്രളയ പയോധിയില്‍ ഉറങ്ങിയുണര്‍ന്നൊരു പ്രഭാമയൂഖമേ, കാലമേ' എന്ന വയലാറിന്റെ വരികള്‍ കേട്ടപ്പോഴാണ്. രണ്ടേരണ്ടു വരിയിലാണ് കാലം ജനിക്കുന്നത്. അവിടെ ഞാന്‍, 'ഭാഗവത'ത്തിലെ മഹാപ്രളയവും നോഹയുടെ പെട്ടകവും കണ്ടു.

Thursday, 13 June 2019

ജ്യോതി ബസുവിൻ്റെ കൂട്ടക്കൊല

ദലിതരെ ആക്രമിച്ച കഥ


ന്ദിഗ്രാമിലും സിംഗൂരിലും മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ കാലത്തുനടന്ന മുസ്ലിം വംശഹത്യകളെപ്പറ്റി പറയാന്‍ ചരിത്രകാരന്മാര്‍ക്ക് നാവേറെയുണ്ട്. ഇവിടെ, ഇതുവരെ ഇന്ത്യ ശ്രദ്ധിക്കാത്ത, ജ്യോതി ബസുവിന്റെ ആദ്യസര്‍ക്കാരിന്റെ കാലത്തുനടന്ന ദളിത് കൂട്ടക്കൊലയുടെ കഥയാണ് പറയാന്‍ പോകുന്നത്.


 1979 ജനുവരി 31 ന് കൊല്‍ക്കത്തയില്‍നിന്ന് 85 കിലോമീറ്റര്‍ അകലെ, സുന്ദര്‍ബന്‍സ് ദ്വീപസമൂഹത്തിലെ മരിച് ജാന്‍പി ദ്വീപില്‍, ബംഗ്ലാദേശില്‍ നിന്നുള്ള 1700 ഹിന്ദു ദളിത് കുടിയേറ്റക്കാരെ പൊലിസും മാര്‍ക്‌സിസ്റ്റുകളും കൂട്ടക്കൊല ചെയ്തു. ഇതേപ്പറ്റി ഒരു കേസും നിലവിലില്ല; ഇതില്‍ ആരും പ്രതിയും അല്ല. അമിതാവ് ഘോഷിന്റെ നാലാമത്തെ നോവലായ ദി ഹൻഗ്രി ടൈഡ്  (വിശക്കുന്ന വേലിയേറ്റം/2004) എന്ന നോവലില്‍ ഈ കൂട്ടക്കൊലയെ പരാമര്‍ശിക്കുന്നുണ്ട്. പിയാലി റോയ് എന്ന മറീന്‍ ബയോളജിസ്റ്റിന്റെ ജീവിതയാത്രയിലെ ചെറിയ സംഭവം മാത്രമാണ്, അത്. അതില്‍ വിശദാംശങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടാണ്, സംഭവം അന്വേഷിച്ചത്. കൂട്ടക്കൊലയ്ക്ക് മുന്‍പ്, ദ്വീപിലെ പാവപ്പെട്ട ദളിതരും മറ്റു പിന്നാക്ക വിഭാഗക്കാരും (ഒബിസി) ഹിന്ദുവര്‍ഗീയവാദികളാണെന്ന് സിപിഎം പറഞ്ഞുപരത്തിയിരുന്നു. എന്തായാലും, ദുരന്തത്തെപ്പറ്റി ആദ്യം ലോകത്തോട് പറഞ്ഞ അമിതാവ് ഘോഷ്, ഹിന്ദുതീവ്രവാദി അല്ലല്ലോ. നിസ്സഹായരും ഏഴകളുമായ അഭയാര്‍ത്ഥികള്‍ മാത്രമായിരുന്നു ആ ദളിതരെന്ന് നോവലില്‍നിന്നറിയാം. കൂട്ടക്കൊലയെപ്പറ്റി ഗവേഷണം നടത്തി,ദീപ് ഹൽദാർ ' ബ്ലഡ് ഐലൻഡ് ' എന്ന പുസ്തകം എഴുതി.


ഇനി ചരിത്രം പറയാം. അന്ന് ജ്യോതിബസുവിന്റെ ആദ്യ മന്ത്രിസഭ അധികാരമേറി രണ്ടുവര്‍ഷം ആകുന്നതേയുണ്ടായിരുന്നുള്ളൂ. ബസു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് 1977 ജൂണ്‍ 21 നാണ്. 1947 ലെ ഇന്ത്യാ വിഭജനത്തിന് അല്‍പം മുന്‍പ് മുതല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍നിന്ന് ബംഗാളിലേക്ക് അഭയാര്‍ത്ഥി പ്രവാഹമുണ്ടായിരുന്നു. 1970-71 ല്‍ പശ്ചിമ പാക്കിസ്ഥാനിലെ പട്ടാളത്തിന്റെ ക്രൂരതകള്‍ സഹിക്കാതെ ഹിന്ദു അഭയാര്‍ത്ഥികള്‍ വീണ്ടും പ്രവഹിച്ചു. ''ഇന്ത്യാ വിഭജനകാലത്ത് കുടിയേറാനുള്ള സാഹചര്യം ഇല്ലാതിരുന്ന പാവങ്ങളായിരുന്നു ഇവര്‍,'' ചരിത്രകാരന്‍ അമിയ മജുംദാര്‍ പറയുന്നു. ധനിക ഹിന്ദുക്കള്‍ 1947 ല്‍ തന്നെ പശ്ചിമബംഗാളിലേക്ക് കുടിയേറിയിരുന്നു. 1947 ല്‍ പാവപ്പെട്ട ദളിത് ഹിന്ദുക്കള്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ തന്നെ നിന്നതിന് കാരണം, അവര്‍ക്കിടയില്‍ സ്വാധീനമുണ്ടായിരുന്ന ദളിത് നേതാവ് ജോഗേന്ദ്ര നാഥ് മണ്ഡലാണ്. ദളിത്-മുസ്ലിം ഐക്യത്തിന്റെ വക്താവായിരുന്ന അദ്ദേഹം, ഇന്ത്യയിലേക്കുള്ള കുടിയേറ്റത്തിനെതിരെ നിന്നു. അദ്ദേഹം പാക്കിസ്ഥാനിലെ ആദ്യ തൊഴില്‍/നിയമമന്ത്രിയായെങ്കിലും, ഹിന്ദുക്കളെ ഇസ്ലാമിലേക്ക് നിര്‍ബന്ധിതമായി മതംമാറ്റുന്നതിലും മറ്റു പീഡനങ്ങളിലും പ്രതിഷേധിച്ച് പ്രധാനമന്ത്രി ലിയാഖത്ത് അലിഖാന് നീണ്ട രാജിക്കത്തെഴുതി, 1950 ല്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തു.

മുസ്ലിം മതമൗലികവാദികളുടെ ക്രൂരതകള്‍ സഹിക്കാതെ, മണ്ഡലിന് പിന്നാലെ, ദളിത്/പിന്നാക്ക വിഭാഗക്കാരും അതിര്‍ത്തി കടന്നു. ബംഗാള്‍, അസം, ത്രിപുര എന്നിവിടങ്ങളില്‍ താമസിക്കാന്‍ വയ്യാതെ, ഈ ഹിന്ദു കുടിയേറ്റക്കാരെ, ദണ്ഡകാരണ്യത്തില്‍ താമസിപ്പിച്ചു. ഒഡീഷ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലെ ആദിവാസി മേഖലയാണ്, ദണ്ഡകാരണ്യം. രണ്ടരലക്ഷം പേര്‍ അവിടെയെത്തി. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവര്‍ക്ക് നല്ല പാര്‍പ്പിടമോ മറ്റു സൗകര്യങ്ങളോ നല്‍കിയില്ല. ഭൂമി കൃഷിക്ക് പറ്റുമായിരുന്നില്ല. അവര്‍ അസംതൃപ്തരായി. അറുപതുകളുടെ മധ്യത്തില്‍ ശക്തിപ്പെട്ട ബംഗാള്‍ മാര്‍ക്‌സിസ്റ്റുകള്‍ ഈ അതൃപ്തി മുതലെടുത്തു. സുന്ദര്‍ബന്‍സ് ദ്വീപസമൂഹങ്ങളില്‍ ഇവര്‍ക്ക് സൗകര്യമൊരുക്കുമെന്ന് ജ്യോതിബസുതന്നെ വാഗ്ദാനം ചെയ്തു. ബസുവും ഫോര്‍വേഡ് ബ്ലോക്കുകാരും ദണ്ഡകാരണ്യത്തില്‍ ചെന്ന്, കുടിയേറ്റക്കാരോട് കൂടാരങ്ങള്‍ വിട്ട് ബംഗാളിലെത്താന്‍ ആവശ്യപ്പെട്ടു. എഴുപതുകളുടെ മധ്യത്തില്‍ ബംഗാളിലേക്ക് ഇവരുടെ തിരിച്ചു കുടിയേറ്റം തുടങ്ങി. പലരെയും റയില്‍വേ സ്റ്റേഷനുകളില്‍ തടഞ്ഞ് സര്‍ക്കാര്‍ മടക്കി അയച്ചു. പലരും പൊലിസിനെ വെട്ടിച്ചു. അഭയാര്‍ത്ഥി ക്ഷേമ സമിതി ഇവര്‍ക്കായി സുന്ദര്‍ബന്‍സിലെ മരിജാപി കണ്ടെത്തി.

ഇടതുമുന്നണി ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നു. ഇടതുമുന്നണിയുടെ കാരുണ്യം കാത്ത് 1978 മധ്യമായപ്പോള്‍ ഒന്നരലക്ഷം അഭയാര്‍ത്ഥികള്‍ ദണ്ഡകാരണ്യത്തില്‍ നിന്നും മറ്റു ഭാഗങ്ങളില്‍നിന്നു ബംഗാളിലെത്തി. അവര്‍ കൊല്‍ക്കത്തയിലും മറ്റും പുറമ്പോക്കുകളില്‍ ദയനീയാവസ്ഥയില്‍ കഴിഞ്ഞു. 1978 ആദ്യം തന്നെ കുറെപ്പേര്‍ മരിച് ജാന്‍പിയിലെത്തി. അവര്‍ കാടുവെട്ടി, വേലിയേറ്റത്തില്‍ നിന്ന് രക്ഷതേടി കടല്‍ഭിത്തികള്‍ കെട്ടി. 1978 ജൂണ്‍ ആയപ്പോള്‍ ഏതാണ്ട് 30,000 അഭയാര്‍ത്ഥികള്‍ അവിടെയെത്തി. ബീഡിതെറുപ്പു യൂണിറ്റ്, മരപ്പണി ശാല, ബേക്കറി, തുണിശാല, സ്‌കൂള്‍, മത്സ്യബന്ധന സഹകരണസംഘം എന്നിവയുണ്ടായി. മീന്‍പിടിച്ച് അടുത്തുള്ള കുമിര്‍മാരി ദ്വീപില്‍ വിറ്റു. സ്ത്രീകള്‍ തുന്നി. ഇത്രയുമായപ്പോള്‍, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലപാടുമാറ്റി. അയല്‍രാജ്യത്തുനിന്നുള്ളവര്‍ക്ക് ബംഗാളില്‍ സ്ഥലമില്ല; ദണ്ഡകാരണ്യത്തിലും മറ്റും നിന്നും വന്നവര്‍ വന്നിടത്തേക്ക് മടങ്ങണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 1978 ഡിസംബര്‍ അവസാനം, പൊലിസും സിപിഎം അണികളും മരിച് ജാന്‍പിയിലെത്തി, കുടിയേറ്റക്കാരോട് സ്ഥലം വിടാന്‍ ആജ്ഞാപിച്ചു. അണികളും ഗുണ്ടകളും പറഞ്ഞത് കുടിയേറ്റക്കാര്‍ അനുസരിക്കാത്തപ്പോള്‍ സംഘര്‍ഷമായി.

സമീപ ദ്വീപുകളില്‍ സിപിഎം അണികളും ഗുണ്ടകളും ചെന്ന്, കുടിയേറ്റക്കാര്‍ക്ക് ഒന്നും വില്‍ക്കരുതെന്നും വാങ്ങരുതെന്നും ആവശ്യപ്പെട്ടു. അപ്രഖ്യാപിത ഉപരോധം വന്നു. സുന്ദര്‍ബന്‍സിലെ മുസ്ലിംകളെ തുരത്താനെത്തിയ ഹിന്ദുതീവ്രവാദികളാണ് കുടിയേറ്റക്കാരെന്ന് സിപിഎം പറഞ്ഞുപരത്തി. ബാഹ്യശക്തികളുടെ പണം വാങ്ങി മരിച് ജാന്‍പിയില്‍ ആയുധമുണ്ടാക്കി, കുടിയേറ്റക്കാര്‍ ഇന്ത്യക്കെതിരെ കലാപം നടത്തുമെന്നായി, കുപ്രചാരണം. 1979 ജനുവരി മധ്യത്തില്‍, പൊലിസ് പട്രോള്‍ ബോട്ടുകള്‍ കുടിയേറ്റക്കാരെ ഭീഷണിപ്പെടുത്തി. ആ ബോട്ടുകളിലെത്തിയ സിപിഎം അണികള്‍ കുടിയേറ്റക്കാര്‍ പിടിച്ച മത്സ്യങ്ങള്‍ കടത്തി. രാത്രിയില്‍, അണികളെത്തി കുടിയേറ്റക്കാരുടെ വസ്തുവകകള്‍ നശിപ്പിച്ചു. കുമിര്‍മാറിയില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ അവര്‍ തടഞ്ഞു. ഒരാഴ്ചത്തെ ഉപരോധത്തില്‍ വലഞ്ഞ ദളിതര്‍, ഉപരോധം ലംഘിച്ച് കുമിര്‍മാറിയിലേക്ക് പോകാന്‍ ഒരുമ്പെട്ടു. ഇക്കാലമത്രയും അവര്‍ പുല്ലുതിന്ന് ജീവിച്ചു. ജനുവരി 29 ന് രാത്രി 20 കുടിയേറ്റക്കാര്‍ കുമിര്‍മാറിയിലേക്ക് യാത്രയായി. അടുത്ത രാത്രി കുമിര്‍മാറി ചന്തയില്‍ ഇവരെ പൊലിസും സിപിഎം അണികളും കണ്ടു. കുടിയേറ്റക്കാര്‍ വാങ്ങിയ കുട്ടികള്‍ക്കുള്ള ആഹാരം, അരി, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയും മിച്ചമുണ്ടായിരുന്ന പണവും പൊലിസ് കൈവശപ്പെടുത്തി. പൊലിസിനും സിപിഎം അണികള്‍ക്കുമെതിരെ കുടിയേറ്റക്കാര്‍ പ്രതിഷേധംകൂട്ടി. പൊലിസ് വെടിവയ്പില്‍ ഒരു ഡസനോളം ദളിതര്‍ കൊല്ലപ്പെട്ടു. ജഡങ്ങള്‍ പൊലിസ് കൊരങ്കാളി പുഴയിലേക്ക് വലിച്ചെറിഞ്ഞു. ശേഷിച്ചവര്‍ തടവിലായി. 


ജനുവരി 30 ഉച്ചയ്ക്ക് വിവരം മരിജാപിയിലെത്തിയപ്പോള്‍, രോഷം അണപൊട്ടി. അവര്‍ യോഗം ചേര്‍ന്ന് അടുത്ത ദിവസം പൊലിസിന്റെയും പാര്‍ട്ടി അണികളുടെയും ഉപരോധം ലംഘിക്കാന്‍ തീരുമാനിച്ചു. ജനുവരി 31 രാവിലെ കുമിര്‍മാറിയിലേക്ക് 16 അംഗ സ്ത്രീകളുടെ സംഘത്തെ അയച്ചു. അവരെ പൊലിസ് ദ്രോഹിക്കില്ലെന്ന വിചാരം പാളി. പൊലിസ് ആജ്ഞ ലംഘിച്ച് സ്ത്രീകള്‍ സഞ്ചരിച്ച പത്തു തോണികളിലേക്ക് പൊലിസിന്റെ യന്ത്രബോട്ടുകള്‍ ഇടിച്ചുകയറി. വെള്ളത്തിലേക്ക് ചാടിയ സ്ത്രീകളുടെ നേര്‍ക്ക് പൊലിസ് നിറയൊഴിച്ചു. രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. (ബാക്കിയുള്ളവരെ അടുത്ത ദ്വീപിലെ കാട്ടില്‍ ഏതാനുംനാള്‍ കഴിഞ്ഞു കണ്ടെത്തി-അവരെ പൊലിസും മാര്‍ക്‌സിസ്റ്റുകളും ബലാത്സംഗം ചെയ്തിരുന്നു). സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമം കരയില്‍നിന്ന് കണ്ട ദളിതര്‍ കൈയില്‍ കിട്ടിയതൊക്കെ എടുത്ത് പ്രതിഷേധത്തിന് തയ്യാറായി. പൊലിസും സഖാക്കളും ദ്വീപിലിറങ്ങി, തേര്‍വാഴ്ചയായി. വെടിവയ്പ്, ബലാത്സംഗം, കൊള്ള.

 ജനുവരി 31 മുഴുവന്‍ ഇവര്‍ അഴിഞ്ഞാടി. അഞ്ചിനും പന്ത്രണ്ടിനുമിടയിലുള്ള 15 കുട്ടികളെപ്പോലും അവര്‍ വെറുതെവിട്ടില്ല. ഓലമേഞ്ഞ പള്ളിക്കൂടത്തില്‍ അടുത്തനാളത്തെ സരസ്വതി പൂജയ്ക്ക് ഒരുക്കം കൂട്ടുകയായിരുന്നു, കുട്ടികള്‍. വെടിയൊച്ചകള്‍ കേട്ട് അവര്‍ പേടിച്ചുവിറച്ച് സ്‌കൂളില്‍ പതുങ്ങി. പൊലിസും സഖാക്കളും അവരെ സ്‌കൂളില്‍നിന്ന് പുറത്തേക്ക് കൊണ്ടുവന്ന് അവരുടെ തലകള്‍ വെട്ടി. അതുംപോരാഞ്ഞ്, സരസ്വതീ വിഗ്രഹം തവിടുപൊടിയാക്കി. ഇടതുഭരണം വന്നാല്‍, പുനരധിവാസം ഉറപ്പുപറഞ്ഞ ബസുവും സഖാക്കളും എന്തുകൊണ്ട് തകിടം മറിഞ്ഞു എന്ന് ആര്‍ക്കും അറിയില്ല. താന്‍ അധികാരമേറിയാല്‍ സംഭവത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പറഞ്ഞ മമതാ ബാനര്‍ജിയും കൈകഴുകി. പുന്നപ്ര വയലാറിലെ ഭരണകൂട കൂട്ടക്കൊലയെപ്പറ്റി വാതോരാതെ സംസാരിക്കുന്ന സഖാക്കള്‍ സ്വന്തം ഭരണകൂട കൂട്ടക്കൊലയെപ്പറ്റി മിണ്ടാത്തതെന്തേ?

പുന്നപ്ര വയലാറിലെ ഈഴവരും ലത്തീന്‍ കത്തോലിക്കരും വോട്ടുബാങ്കാണ്; ദളിതന്‍, പ്രത്യേകിച്ചും കുടിയേറ്റ ദളിതന്‍, ഒരു നിഴല്‍ ചിത്രം മാത്രമാണ്. 1957 ലെ ഇഎംഎസ് ഭരണകൂടം മൂന്നാറിലും ചന്ദനത്തോപ്പിലും തൊഴിലാളികളെ വെടിവച്ചുകൊന്ന മാതൃക, ജ്യോതിബസുവിന് പറയാന്‍ ഉണ്ടായിരുന്നിരിക്കും-സ്റ്റാലിനു കഞ്ഞിവച്ചവന്‍. ദളിതന്റെ ചോര വീണ ദ്വീപ് ഏതെങ്കിലും ബൂര്‍ഷ്വായ്ക്ക് പാട്ടത്തിന് കൊടുക്കാന്‍ ആലോചിച്ചിരുന്നു എന്നും വരാം. വിപ്ലവം ജയിക്കട്ടെ!

© Ramachandran


     


പിതാവും പുത്രനും

കാവാലം നാരായണപ്പണിക്കരുടെ ശവദാഹത്തിന്റെ അന്ന് ഞാന്‍, കാവാലത്ത് പോവുകയുണ്ടായി. എന്നാല്‍, ജഡം കാണുകയുണ്ടായില്ല; കാവാലത്തിന്റെ മരണം അതിനുമുന്‍പേ നടന്നിരുന്നു എന്ന് എനിക്കറിയാമായിരുന്നു- അദ്ദേഹത്തിന്റെ മകന്‍ ഹരി മരിച്ച ദിവസം. ഒരച്ഛനെ സംബന്ധിച്ചിടത്തോളം, പുത്രന്റെ മരണംപോലെ വേറൊരു ദുരന്തം ഇല്ല. അതിനാല്‍ രാജകുമാരനെ നഷ്ടപ്പെട്ട ശ്രീകുമാരന്‍തമ്പിയെയും ഇടക്കിടെ ഓര്‍ക്കുന്നു. മകനെ കുടുംബത്തിനു നഷ്ടപ്പെടുന്ന 'ദേശാടനം' സംവിധായകന്‍ ജയരാജിനൊപ്പമിരുന്നു കണ്ട് കണ്ണു നനഞ്ഞതും ഓര്‍ക്കുന്നു.
 ഈ പുത്രവിയോഗങ്ങള്‍, ദൈവമെടുത്തതാണ് എന്നു നമുക്കു പറയാം. എന്നാല്‍, പുത്രനെ കൊല്ലാന്‍ ദൈവം ആവശ്യപ്പെടുന്നത്, സാധാരണമല്ല. അത്തരമൊരു ഗംഭീര സന്ദര്‍ഭമാണ്, ബൈബിള്‍ പഴയനിയമത്തിലെ, അബ്രഹാമിന്റെ ബലി. വിശ്വാസവും ത്യാഗവും ഒരു മഹത്തായ ദൗത്യത്തിന്റെ ഭാഗമാണ് എന്നറിയുന്നതുകൊണ്ടാണ്, അബ്രഹാം, മകനെ കൊല്ലാന്‍ കത്തിയെടുത്തത്. മോറിയാ മലനിരയിലെ ബലിപീഠത്തില്‍, മകന്‍ ഇസഹാക്കിന്റെ കൈകാലുകള്‍ കെട്ടി, അവനെ വിറകിനു മുകളില്‍ കിടത്തി, അബ്രഹാം ബലിക്കായി കൈനീട്ടി കത്തിയെടുത്തപ്പോള്‍ മാലാഖ പറഞ്ഞു: ''കുട്ടിയുടെ മേല്‍ കൈവയ്ക്കരുത്; അവനെ ഒന്നും ചെയ്യരുത്'' (ഉല്‍പത്തി 22:12). ഇക്കഥയില്‍ ക്രൈസ്തവസഭ കാണുന്നത്, വിശ്വാസവും അനുസരണയുമാണ്. ജൂതസംസ്‌കാരത്തില്‍, ബലിക്കുയര്‍ത്തിയ കൈ താഴ്ത്താന്‍ ആജ്ഞയുണ്ടായതിനാല്‍, ഇത് ദൈവ കാരുണ്യത്തിന്റെ കഥയായി. എന്നാല്‍, ഡാനിഷ് ചിന്തകനായ കീര്‍ക്കെഗാദ്, അബ്രഹാമിനെപ്പറ്റി 'ഭയസംഭ്രമങ്ങള്‍' (1843) എന്നൊരു പുസ്തകംതന്നെ എഴുതി. അദ്ദേഹത്തിന്, അബ്രഹാം, ദൈവേച്ഛക്കുള്ള ഒരുപകരണം മാത്രമല്ല; അബ്രഹാം മഹത്വമുള്ളവനാകുന്നത്, അയാള്‍ ദൈവത്തിന്റെ വിശ്വാസവിചാരണയ്ക്കു മുന്നില്‍ പതറാതെ നിന്ന്, ആ സഹനം ഏറ്റുവാങ്ങുന്നതുകൊണ്ടാണ്. 
സോറന്‍ ആബ്യെ കീര്‍ക്കെഗാദ്, മുപ്പതാം വയസ്സില്‍, പ്രണയവിഛേദത്തിനു ശേ ഷമാണ്, ആത്മബലിയുടെ പുസ്തകം എഴുതുന്നത്. മകന്റെ ബലിക്ക് അബ്രഹാം മല കയറുമ്പോള്‍, അയാള്‍ക്ക് നൂറുവയസ്സ് തികഞ്ഞിരുന്നു; കാലവുമായി അയാള്‍ പോരാടുകയായിരുന്നു. വിശ്വാസമുള്ളതുകൊണ്ടാണ്, അബ്രഹാം ആ പ്രായത്തില്‍ ചെറുപ്പമായിരുന്നത്. പ്രത്യാശ മാത്രമുള്ളവന്‍, ജീവിതത്താല്‍ വഞ്ചിക്കപ്പെട്ട്, വൃദ്ധനാകുന്നു. തിന്മ മാത്രം പ്രതീക്ഷിക്കുന്നവന്‍ അകാലത്തില്‍ വൃദ്ധനാകുന്നു. വിശ്വാസമുള്ളവന്‍, അനന്തയൗവ്വനത്തില്‍ കഴിയുന്നു. ഇത്, കീര്‍ക്കെഗാദ് എഴുതിയ വാചകങ്ങളാണ്. കീര്‍ക്കെഗാദ് എന്നത്, ഡാനിഷ് ഭാഷയില്‍, രവൗൃരവ്യമൃറ അഥവാ പള്ളിപ്പറമ്പിനെ കുറിക്കുന്ന വാക്കാണ്; ഇംഗ്ലീഷിലെന്നപോലെ, ആ വാക്കിന്റെ ആദ്യ അര്‍ത്ഥം  ശ്മശാനം എന്നുതന്നെ. കീര്‍ക്കെഗാദിന്റെ പിതാവിന്റെ കുടുംബം, ജൂട്‌ലാന്‍ഡിലെ പ്രാദേശിക പുരോഹിതന്റെ ഭൂമിയില്‍ അടിമപ്പണി എടുക്കുന്നവരായിരുന്നു. അങ്ങനെയാണ്, പള്ളിപ്പറമ്പ്, കുടുംബപ്പേരായത്. 1813 മെയ് അഞ്ചിന്, കോപ്പന്‍ഹേഗനിലായിരുന്നു, കീര്‍ക്കെഗാദിന്റെ ജനനം. 21-ാം വയസ്സില്‍ അടിമപ്പണിയില്‍നിന്നു മോചിതനായ പിതാവ്, അമ്മാവന്റെ അടിവസ്ത്രവ്യാപാരത്തില്‍ സഹായിക്കാന്‍ കോപ്പന്‍ഹേഗനിലെത്തിയ സമയമായിരുന്നു, അത്. അടിമപ്പണിയില്‍നിന്ന് അടിവസ്ത്രത്തിലേക്കുള്ള പോക്കില്‍, ഒരു കയറ്റമല്ല, മുങ്ങാങ്കുഴിയിടലാണ്, ഉള്ളത്. പിതാവ്, പില്‍ക്കാലത്ത്, ഇറക്കുമതി ചെയ്ത ചരക്കുകളുടെ മൊത്തവില്‍പ്പനക്കാരനായി, ധനികനായി, കയറ്റത്തിലെത്തി. പിതാവ് മരിച്ചപ്പോള്‍, പുത്രന് നല്ല സ്വത്തുകിട്ടി. ഏഴുമക്കളില്‍ ഇളയവനായിരുന്നു, കീര്‍ക്കെഗാദ്; പിതാവിന്റെ രണ്ടാം ഭാര്യയിലെ പുത്രന്‍. ആദ്യഭാര്യയുടെ വേലക്കാരിയായിരുന്നു, രണ്ടാം ഭാര്യ. കീര്‍ക്കെഗാദിന് ഒന്‍പതു വയസ്സാകും മുന്‍പ്, ഒരു സഹോദരനും സഹോദരിയും മരിച്ചു. ബാക്കി രണ്ടു സഹോദരിമാരും ഒരു സഹോദരനും അമ്മയും 21-ാം പിറന്നാളിനു മുന്‍പു മരിച്ചു. താന്‍ മുപ്പത്തിമൂന്നിനപ്പുറം പോവില്ലെന്ന് കീര്‍ക്കെഗാദ് ഉറപ്പിച്ചു. മരിച്ചത്, 42-ാം വയസ്സിലായിരുന്നു. കര്‍ക്കശമായി നടത്തപ്പെട്ട സദാചാരപാഠശാലയിലായിരുന്നു, പഠനം. അവിടെ, തീക്ഷ്ണമായ, നര്‍മമേറിയ പ്രതികരണങ്ങള്‍ കൊണ്ടു ശ്രദ്ധിക്കപ്പെട്ടു. 1830 ല്‍ സര്‍വകലാശാലയില്‍ ദൈവശാസ്ത്ര പഠനത്തിനു ചേര്‍ന്നു. ഏഴുകൊല്ലം അങ്ങനെ പോയി.
 കോപ്പന്‍ഹേഗനിലെ ഒരു ധനികന്റെ മകളായ പതിനാലുകാരി റെജിന്‍ ഒാള്‍സനെ കീര്‍ക്കെഗാദ് 1837 ല്‍ കണ്ടു, ഇഷ്ടപ്പെട്ടു. അടുത്തവര്‍ഷം പിതാവു മരിച്ചു. മതത്തിലും ജീവിതത്തിലും പിതാവ് പ്രകടമാക്കിയ കാര്‍ക്കശ്യം നിറഞ്ഞ ബാല്യകാലം, കീര്‍ക്കെഗാദില്‍ നീറിനിന്നു. ആ പീഡനത്തില്‍നിന്ന് സ്വച്ഛമായി ഒഴുകാന്‍ മനസ്സ് വെമ്പി.പിതാവുമായി ബന്ധപ്പെട്ട ക്രൈസ്തവികത, തന്നെ തകര്‍ക്കുന്ന സ്വാധീനമായി 1835 ല്‍ തന്നെ കീര്‍ക്കെഗാദ് വിവരിച്ചു. അയാള്‍, പഠനം പാതിവഴിക്കു നിര്‍ത്തി, തനിക്കു പറ്റിയ ഒരാശയം തേടി അലഞ്ഞു; ആ ആശയത്തിനുവേണ്ടി, ജീവിക്കണം, മരിക്കണം. കലാകാരനായ ധനികയുവാവായി അയാള്‍ അലയുന്നതാണ് ജനം കണ്ടത്. എന്നാല്‍, കീര്‍ക്കെഗാദ് അക്കാലത്ത് എഴുതിയ ഡയറിക്കുറിപ്പുകളില്‍ കാണുന്നത്, കടുത്ത വിഷാദത്തിലാണ്ട ഒരാളെയാണ്. 81-ാം വയസ്സില്‍ മരിച്ച പിതാവുമായി അദ്ദേഹം സന്ധിചെയ്തതായും കാണുന്നു. പിതാവ് മരിക്കുമ്പോള്‍ കീര്‍ക്കെഗാദിന് 25 വയസ്സ്. 1840 സെപ്തംബര്‍ 10 ന് ഇരുവരുടെയും മനസ്സമ്മതം കഴിഞ്ഞപ്പോള്‍, അദ്ദേഹം കുടുംബജീവിതത്തിലേക്കു കടക്കുംപോലെ തോന്നി. അതല്ല, നടന്നത്. മനസ്സമ്മതം കഴിഞ്ഞ് കീര്‍ക്കെഗാദ്, പുരോഹിതനാകാനുള്ള പ്രായോഗിക പരിശീലനത്തിലായി; ജോലി ലക്ഷ്യംവച്ചാകാം, ഡോക്ടറേറ്റ് ഗവേഷണ പ്രബന്ധവും തുടങ്ങിവച്ചു. ആദ്യകുര്‍ബാന അര്‍പ്പിച്ചു. എന്നാല്‍, 1841 ഓഗസ്റ്റില്‍, മനസ്സമ്മത സമയത്ത് അണിഞ്ഞ മോതിരം, അയാള്‍ കാമുകിയെ തിരിച്ചേല്‍പ്പിച്ചു. നവംബറില്‍ ഡോക്ടറേറ്റ് പ്രബന്ധം വിജയകരമായി പൂര്‍ത്തിയാക്കി, അയാള്‍ ബര്‍ലിനിലേക്കു പോയി. അവിടെ ജര്‍മന്‍ തത്വചിന്തകനും ഹെഗലിന്റെ റൂംമേറ്റുമായ ഫ്രഡറിക് ഷെല്ലിങ്ങിന്റെ പ്രഭാഷണങ്ങള്‍ കേട്ടു. ഇക്കാലത്ത്, കാള്‍ മാര്‍ക്‌സും ആ പ്രഭാഷണങ്ങള്‍ കേട്ടിരുന്നു. എന്നാല്‍, മാര്‍ക്‌സും കിര്‍ക്കെഗാദും പരസ്പരം കണ്ടതിനു തെളിവില്ല. ഒരു ഭര്‍ത്താവിന്റെയും പിതാവിന്റെയും ജീവിതം തനിക്കു പറ്റില്ലെന്നും, അത്തരമൊന്നല്ല തന്റെ ദൗത്യമെന്നും തിരിച്ചറിഞ്ഞതാകാം, പ്രണയവിഛേദത്തിനു കാരണം.
 1843 ഫെബ്രുവരി മുതല്‍ ഭിന്നതൂലികാനാമങ്ങളില്‍, അനവധി രചനകള്‍ അദ്ദേഹത്തില്‍നിന്നുണ്ടായി. എഴുത്തുകാരന്റെ ജീവിതമാണ്, 1855 നവംബര്‍ 11 ന് മരിക്കുംവരെ, കീര്‍ക്കെഗാദ് പിന്തുടര്‍ന്നത്. ജനരോഷം ക്ഷണിച്ചുവരുത്തി, അതില്‍ മുങ്ങിയായിരുന്നു, മരണം. 1846 ല്‍ ഡാനിഷ് ഹാസ്യവാരികയായ 'കോഴ്‌സെയറു'മായി തുടങ്ങിവച്ച പോരാട്ടമായിരുന്നു, ഇതിനു കാരണം. ഡാനിഷ് സഭയ്ക്കും അതിന്റെ മേധാവികള്‍ക്കുമെതിരായ കീര്‍ക്കെഗാദിന്റെ ആക്രമണം, വാരികയ്ക്ക് ഇഷ്ടപ്പെടാതെ, അദ്ദേഹത്തെ അത് പരിഹാസപാത്രമാക്കി. അദ്ദേഹത്തിന്റെ രൂപം, വസ്ത്രങ്ങള്‍, ഇളകിയുള്ള നടത്തം എന്നിവയെ കളിയാക്കി. ഒന്‍പതു ലക്കം മാത്രം നീണ്ട 'ദ ഇന്‍സ്റ്റന്റ്' എന്ന പത്രം സ്വന്തം നിലയ്ക്ക് ഇറക്കി മറുപടി പറയുന്നതിനിടയിലാണ്, അദ്ദേഹം വഴിയില്‍ കുഴഞ്ഞുവീണത്. ആറാഴ്ച കഴിഞ്ഞ് ആശുപത്രിയില്‍ മരിച്ചു. ശ്വാസകോശത്തിലെ അണുബാധയാണ് കാരണം എന്നാണ് കരുതുന്നത്. സ്വന്തം സഹോദരന്‍ പുരോഹിതനായിരുന്നെങ്കിലും, താനുള്‍പ്പെട്ട സഭയിലെ എമില്‍ ബോസന്‍ എന്ന ഉപദേശിയെ മാത്രമേ കീര്‍ക്കെഗാദ് കാണുമായിരുന്നുള്ളൂ. മരണക്കിടക്കയില്‍, ബോസനെ വിളിച്ച് കീര്‍ക്കെഗാദ് പറഞ്ഞു: ''എന്റെ ജീവിതം പൊങ്ങച്ചവും അഹന്തയും നിറഞ്ഞതാണെന്നു തോന്നിയിരിക്കാം; എന്നാല്‍, അത് മറ്റുള്ളവര്‍ക്ക് അജ്ഞാതമായ മഹാസഹനമായിരുന്നു.'' വിവാഹം കഴിക്കാത്തതിലും, ഒരു പദവി വഹിക്കാത്തതിലും അദ്ദേഹം അപ്പോള്‍ ഖേദിച്ചു. കീര്‍ക്കെഗാദിന്റെ വിലാപയാത്രയും ബഹളത്തില്‍ കലാശിച്ചു. തന്റെ ശവസംസ്‌കാരച്ചടങ്ങുകളില്‍ സഭ ഇടപെടരുതെന്ന് അദ്ദേഹം വിലക്കിയിരുന്നെങ്കിലും, സഭ അതിനു മുതിര്‍ന്നപ്പോള്‍, വിദ്യാര്‍ത്ഥിയായ അനന്തരവന്‍, സുഹൃത്തുക്കള്‍ക്കൊപ്പമെത്തി, ചോദ്യംചെയ്തു.

 റെജീനുമായുള്ള പ്രണയം വിഛേദിച്ചശേഷം, സര്‍ഗശേഷിയുടെ അപാരമായ കുത്തൊഴുക്കില്‍, കീര്‍ക്കെഗാദ് 1843 ല്‍ എഴുതിയ മൂന്നു പുസ്തകങ്ങളില്‍ അവസാനത്തേതാണ്, അബ്രഹാമിന്റെ മനസ്സന്വേഷിക്കുന്ന, 'ഭയസംഭ്രമങ്ങള്‍, (Fear and Trembling ). ഭൗതികലോകം വിട്ട്, പ്രാപഞ്ചിക ലോകം എത്തിപ്പിടിക്കാനുള്ള വ്യഗ്രതയിലാണ്, പ്രണയവിഛേദം. ആ ദൗത്യം എത്തിപ്പിടിക്കാന്‍, ത്യാഗം അഥവാ ബലി ആവശ്യമുണ്ട്. അങ്ങനെ, ജീവിതത്തിനുനേരെ, വിശ്വാസവും ത്യാഗവും ഉരച്ചുനോക്കുന്ന പുസ്തകമാണ്, ഇത്. പ്രണയസാഫല്യമായി, വിവാഹം കാത്തുനിന്ന റെജീനെ, ബലികഴിക്കുകയായിരുന്നു അദ്ദേഹം; അത് ആത്മബലിയായിരുന്നു. പിതാവിന്റെ മതപരമായ കാര്‍ക്കശ്യത്തില്‍ തന്റെ ജീവിതം ബലിയര്‍പ്പിക്കപ്പെട്ടു എന്നു കരുതിയ കീര്‍ക്കെഗാദിന് പ്രണയബലി വലുതായി തോന്നിയിട്ടുണ്ടാവില്ല. അങ്ങനെ, അദ്ദേഹത്തെ സംബന്ധിച്ച്, പിതാവിന്റെ സ്ഥാനത്ത് അബ്രഹാം നിന്നു. മനഃശാസ്ത്രമറിയുന്നയാളായിരുന്നു, കീര്‍ക്കെഗാദ്. കാമുകിയെ ബലികഴിച്ചപ്പോഴുണ്ടായ വേദന, പിതാവ് തനിക്കു നല്‍കിയ വേദനകൊണ്ട് അദ്ദേഹം ഹരിച്ചിരിക്കാം. വിശ്വാസത്തിന്റെ കാര്യവും ഇതുതന്നെ. തനിക്ക് 'ഈ ജീവിതത്തില്‍' വിശ്വാസമുണ്ടായിരുന്നെങ്കില്‍, താന്‍ റെജീന്റെ കൂടെ കഴിയുമായിരുന്നുവെന്ന്, അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളില്‍ കാണുന്നു. എന്നാല്‍, അതിനും ബലി വേണ്ടിയിരുന്നു- എഴുത്തുകാരന്‍ എന്ന നിലയ്ക്കുള്ള ജീവിതത്തിന്റെ ബലി. ഒരു ബലിയും എളുപ്പമല്ല. അബ്രഹാമിനെയും മകന്‍ ഇസഹാക്കിനെയും മരണം വേര്‍പെടുത്തുമായിരുന്നു. ഇസഹാക്കാണ്, അതിന്റെ ഇര. ദൈവം തന്നെയാണ്, ഇവിടെ മരണദൂതന്‍. ഇതിനപ്പുറം കടുത്ത ഒരു പരീക്ഷണം മനുഷ്യന് ഇല്ല. മരണദൂതനെയാണു ശപിക്കാറുള്ളത്; ഇവിടെ അതും വയ്യ. അബ്രഹാമിന്, സ്വന്തം നെഞ്ചില്‍ കത്തി കുത്തിയിറക്കാമായിരുന്നു. ആ മലഞ്ചെരിവില്‍ ആടുകള്‍ മേയുന്നുണ്ടായിരുന്നു. അതിലൊന്നിനെ പകരമെടുക്കൂ എന്നു യാചിക്കാമായിരുന്നു. ഒടുവില്‍ ദൈവമെടുത്തത് ആടിനെയായിരുന്നല്ലോ. എന്നാല്‍, അയാള്‍ വിശ്വാസത്തില്‍ മുറുകെപ്പിടിച്ച്, മകനെ ത്യജിക്കാന്‍ നിന്നു. അങ്ങനെ, ബലി, കൊലയല്ലാതായി; അതു നേര്‍ച്ചയായി. എന്താണു വിശ്വാസം? ദൈവം ഇസഹാക്കിന്റെ ജീവനെടുക്കില്ല എന്നതാണ്, അത്. അയാള്‍ ഒരു നിമിഷവും ശങ്കിച്ചില്ല. ദൈവത്തോട്, 'പോ മോനേ ദിനേശാ' എന്നു പറഞ്ഞ്, അബ്രഹാമിന്, മകനെയുംകൊണ്ടു സ്ഥലംവിടാമായിരുന്നു. വീടണഞ്ഞാല്‍, അവിടെ ഭാര്യ സാറയുണ്ടാകും. അവള്‍ക്കൊപ്പം സഹശയനമാകാം. മകന്‍ കൂടെയുണ്ടാകും. പക്ഷേ, ഒന്നും പഴയപോലെ ആയിരിക്കില്ല. ജീവിതം പലായനവും ഈശ്വരേച്ഛ ഹാസ്യവുമായിത്തീരും. 'മോറയ ഗിരിനിരകളിലേക്കു നടത്തിയ യാത്ര' എന്ന പേരില്‍ ഒരു പീറകൃതി എഴുതാം. അത്രമാത്രം. പരമമായ പരീക്ഷണത്തെ അതിജീവിച്ച്, മരണത്തിനു മുന്‍പേ മരണത്തെ ദര്‍ശിച്ച്, അബ്രഹാം അമരനായി. പുസ്തകത്തിനൊടുവില്‍, കീര്‍ക്കെഗാദ്, നമുക്കുമുന്നില്‍, സോക്രട്ടീസിനെ ആനയിക്കുന്നു. ധിഷണാശാലിയായ ദുരന്തനായകനാണ്, സോക്രട്ടീസ്. രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്, ഇ.കെ. നായനാര്‍, മുഖ്യമന്ത്രിസ്ഥാനത്തേക്ക്, സുശീലാ ഗോപാലനെ തോല്‍പിച്ചത്. വെറും മൂന്നു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്, സോക്രട്ടീസിന്, വധശിക്ഷ വിധിച്ചത്. ആ വിധിച്ച നിമിഷം, സോക്രട്ടീസ് മരിച്ചു. അയാള്‍, അധികാരികള്‍ കൊല്ലാന്‍ കാത്തുനിന്നില്ല. ആ മരണം, പ്രാണന്റെ കരുത്താണ്. അത്, മരണത്തിനു മുന്‍പുള്ള മരണമാണ്; ഭീഷ്മരുടേതെന്നപോലെ, സ്വച്ഛന്ദമൃത്യു. നായകനെന്ന നിലയില്‍, സോക്രട്ടീസ് ശാന്തനാണ്. ധിഷണശാലിയായ നായകനെന്ന നിലയില്‍, സ്വയം പൂര്‍ണനാകാന്‍ അയാള്‍ ആത്മാവിന്റെ കരുത്തുകൂടി കാട്ടണം. അതിന്, സാധാരണ ദുരന്തനായകനെപ്പോലെ, മരണവുമായി മുഖാമുഖം കണ്ടാല്‍ പോരാ. താന്‍ സംഘര്‍ഷങ്ങള്‍ക്ക് അതീതനാണെന്ന് അയാള്‍ തെളിയിക്കണം. അത്, ആ നിമിഷംതന്നെ വേണം താനും. വധശിക്ഷാവിധി കേട്ട് തടവറയിലേക്ക് മടങ്ങി, തൂക്കുമരവും കാത്ത് സോക്രട്ടീസ് കാലയാപനം ചെയ്തിരുന്നുവെങ്കില്‍, അദ്ദേഹം സ്വന്തം ജീവിതത്തിന്റെ ഫലശ്രുതിയെ ദുര്‍ബ്ബലമാക്കിയേനെ. നാം അയാളെ ഓര്‍ക്കുമായിരുന്നില്ല. മരണത്തെ അതിജീവിക്കുന്നതാണ്, മഹത്വം. അതുകൊണ്ടാണ്, 'ജ്ഞാനേശ്വരി'യില്‍ ജ്ഞാനേശ്വര്‍ പറഞ്ഞത്- വേഷപ്രച്ഛന്നമായി എത്തിയ മരണമാണ്, ജീവിതം.

സഖാവ് വാങ്ങിയ വലിയ ചിത്രം

വാക്കുകൊണ്ടും വരകൊണ്ടും പാട്ടുകൊണ്ടും മനുഷ്യന്‍ സൃഷ്ടിക്കുന്ന സ്വകാര്യ സാമ്രാജ്യത്തിനൊപ്പം, പണംകൊണ്ട് കെട്ടിപ്പൊക്കുന്ന ഒരു സാമ്രാജ്യവും നില്‍ക്കില്ല. പക്ഷേ, ഇവിടെപ്പറഞ്ഞ മൂന്നിന്റെയും പ്രശ്‌നം, കലാകാരന് അവന്റെ ജീവിതകാലത്ത്, അവ ഉതകുകയില്ല എന്നതാണ്. ജീവിതശേഷമാണ്, അയാള്‍ സൃഷ്ടിച്ച സാമ്രാജ്യം തിരിച്ചറിയപ്പെടുന്നത്. അമൃത ഷെര്‍ഗില്‍ മുതല്‍ അമേദിയസ് മോദിഗ്ലിയാനി വരെയുള്ള ചിത്രകാരന്മാരുടെ ജീവിതം വരച്ചിടുന്ന സത്യമാണ്, ഇത്. 
ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ ഞാന്‍, ലളിതകലാ അക്കാദമി ചെയര്‍മാനും ചിത്രകാരനുമായ ടി.എ.സത്യപാലിനെ വിളിച്ചു-ഒരു സംശയം തീര്‍ക്കാന്‍. ന്യൂഡ ല്‍ഹിയിലെ സാഫ്രണ്‍ ആര്‍ട്ട് ഗാലറിയില്‍ കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ അക്ബര്‍ പദംസിയുടെ 'ഗ്രീക്ക് ലാന്‍ഡ്‌സ്‌കേപ്' എന്ന ചിത്രത്തിന് 19 കോടി രൂപ കിട്ടിയല്ലോ. പദംസി 1000 രൂപയ്ക്ക് കൃഷന്‍ ഖന്നയ്ക്ക് വിറ്റ ചിത്രം. അപ്പോള്‍, 19 കോടിയില്‍ എന്തെങ്കിലും പദംസിക്കു കിട്ടുമോ? ഇതായിരുന്നു, എന്റെ സംശയം. പദംസിയും ഖന്നയും വയസ്സന്മാരായി ജീവിച്ചിരിക്കുന്നുണ്ട്. കേന്ദ്ര അക്കാദമിയില്‍ സെക്രട്ടറിയായിരിക്കുകയും, പലതവണ സാഫ്രണില്‍ പോവുകയും ചെയ്ത സത്യപാല്‍ പറഞ്ഞത്, പദംസിക്ക് ഒന്നും കിട്ടില്ല എന്നുതന്നെ. കോരന് മാത്രമല്ല, കലാകാരനും കുമ്പിളില്‍ കഞ്ഞി എന്ന് ഞാന്‍ പറഞ്ഞത്, സത്യപാലിന് ഇഷ്ടപ്പെട്ടു. സത്യം ഇതൊന്നുമല്ല കേട്ടോ. കലാകാരന്റെ ചിത്രം നേരിട്ട് ലേലം ചെയ്താല്‍ അയാള്‍ക്ക് തന്നെ പണം കിട്ടും. പക്ഷെ, സത്യപാലില്‍നിന്ന് എനിക്ക് മനസ്സിലായത്, സാഫ്രണ്‍ പോലുള്ള ഗാലറികള്‍, കലാകാരന്മാരില്‍നിന്ന് നേരിട്ട് ചിത്രം വാങ്ങി ലേലം ചെയ്യുന്നില്ല എന്നാണ്. അവര്‍ ചിത്രം ശേഖരിക്കുന്നവരില്‍നിന്നാണ് ചിത്രം എടുക്കുന്നത്. ചിത്രകാരന്‍, ദാരിദ്ര്യകാലത്ത് വരച്ച് ചില്ലറയ്ക്ക് വിറ്റ ചിത്രം, ചിത്രകാരനു ഖ്യാതിയുണ്ടായശേഷം, മറിച്ചുവില്‍ക്കുന്ന പ്രക്രിയ. ഇതിലാണ്, നന്നായി കമ്മീഷന്‍ അടിക്കാന്‍ പറ്റുക. സാഫ്രണില്‍ ഒരിക്കല്‍ സത്യപാല്‍ ചെന്നപ്പോള്‍, പിക്കാസോ വരച്ച ഒരു ചെറുചിത്രം കണ്ടു എന്നുകേട്ട് ഞാന്‍ ഞെട്ടി. ഒരു ഭാരതീയ ചിത്രശേഖരന്റെ കൈയില്‍ പിക്കാസോയോ? അതെ, ഉണ്ടായിരുന്നു! പദംസിയുടെ ചിത്രം 19 കോടിക്ക് വാങ്ങിയ ആള്‍ അജ്ഞാതനാണ്. 
എന്നാല്‍, മോദിഗ്ലിയാനിയുടെ 'കിടക്കുന്ന സ്ത്രീ' ലോകത്തിലെ  വലിയ വിലയായ 1137 കോടി രൂപയ്ക്ക് ലേലംകൊണ്ടയാള്‍ അജ്ഞാതനല്ല-ചൈനക്കാരന്‍ ലിയു യിക്വാന്‍. അപ്പോള്‍, കമ്യൂണിസത്തില്‍ ഒന്നും പൊതുഉടമയില്‍ ആകുന്നില്ല. സ്വകാര്യ സ്വത്താകാം; കമ്യൂണിസം നീണാള്‍ വാഴട്ടെ! ഓഹരിയിലും ഭൂമിയിലും മരുന്നിലും നിക്ഷേപം നടത്തി കോടീശ്വരനായ ആളാണ്, ലിയു യിക്വാന്‍. ഷാങ്ഹായിയിലെ സണ്‍ലൈന്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍. ഷാങ് ഹായിയില്‍ ഒരിക്കല്‍ ഞാന്‍ പോയതാണ്. അന്ന്, അദ്ദേഹത്തെപ്പറ്റി കേട്ടിരുന്നില്ല. 2010 ല്‍ ഇയാളുടെ സ്വത്ത് 10705 കോടി രൂപയുടേതായിരുന്നു. ചൈനയിലെ സമ്പന്നരില്‍, സ്ഥാനം, 163. ലോകത്തില്‍, 1533. ഈ സഖാവ്, 2004 ല്‍ ടിയാന്‍പിങ് ഓട്ടോ ഇന്‍ഷുറന്‍സും ഗുവോഹുവ ലൈഫ് ഇന്‍ഷുറന്‍സും തുടങ്ങി. പതിനാലാം നൂറ്റാണ്ടില്‍ തുടങ്ങി, 300 വര്‍ഷം ചൈന ഭരിച്ച മിങ് വംശകാലത്തെ ഒരു കപ്പിന്, ലിയു, 2014 ഏപ്രിലിലെ ലേലത്തില്‍, 243 കോടി രൂപകൊടുത്തു. 2015 മാര്‍ച്ചില്‍, 600 വര്‍ഷം പഴക്കമുള്ള തിബത്തന്‍ ചിത്രകമ്പളത്തിന്, 301 കോടി രൂപ കൊടുത്തു- ഒരു ചൈനീസ് ചിത്രപ്പണിക്കു ലോകത്ത് കിട്ടിയ ഏറ്റവും വലിയ ലേലത്തുക. ആ മാസാവസാനം, ന്യൂയോര്‍ക്കിലെ സോത്ബീസ് ലേലം ചെയ്ത, പത്മാസനത്തിലിരിക്കുന്ന പ്രാചീന തിബത്തന്‍ യോഗിയുടെ വെങ്കല പ്രതിമയും വാങ്ങി. പത്താം നൂറ്റാണ്ടിലെ സോങ് രാജവംശകാലത്തെ പൂപ്പാത്രത്തിന്, 2015 ഏപ്രിലില്‍ 98 കോടി നല്‍കി. അതുകഴിഞ്ഞ്, നവംബറിലാണ്, 1137 കോടി രൂപയ്ക്ക്, മോദിഗ്ലിയാനിയുടെ, 'ഉറങ്ങുന്ന സ്ത്രീ' വാങ്ങിയത്. സ്വന്തം കൈയിലെ അമേരിക്കന്‍ എക്‌സ്പ്രസ് ക്രെഡിറ്റ് കാര്‍ഡാണ്, സഖാവ്, അതിനായി ഉപയോഗിച്ചത്! ഇതിന് മുന്‍പ്, മേയില്‍, പിക്കാസോയുടെ 'അള്‍ജിയേഴ്‌സിലെ സ്ത്രീകള്‍', 790 കോടിരൂപയ്ക്ക് ലേലത്തില്‍ പോയിരുന്നു. തര്‍ക്കവുമുണ്ട്- മോദിഗ്ലിയാനിക്കാണോ, പിക്കാസോയ്ക്കാണോ ഒന്നാം സ്ഥാനം? 

മോദിഗ്ലിയാനിയുടെ കൈയിലെ നഖങ്ങള്‍ മഞ്ഞയും കറുപ്പും കലര്‍ന്നതായിരുന്നു. നിക്കോട്ടിനും എണ്ണച്ചായവും കലര്‍ന്നു നല്‍കിയ നിറം. വടിക്കാത്ത താടിയും ചപ്രച്ഛമുടിയും. നാറുന്ന ജാക്കറ്റ്. പാരിസില്‍ അയാള്‍ പട്ടിണിയിലായിരുന്നു. പാരിസിലെ മോണ്ട്പാര്‍ണസ്സെയില്‍, പണം തീരുംവരെ വാറ്റുചാരായം കുടിക്കും. അതിന്റെ ലഹരി തീര്‍ന്നാല്‍, അടുത്ത കുപ്പിക്കായി, എന്തെങ്കിലും വരച്ചുതള്ളും. 1917 ല്‍, ലോകയുദ്ധത്തിന്റെ ഉച്ചസ്ഥായി, ആയിട്ടും, പാരീസില്‍ ടൂറിസ്റ്റുകള്‍ ധാരാളമായിരുന്നു. റോട്ടണ്ടെ എന്ന പ്രിയപ്പെട്ട ബാറില്‍, ആരെങ്കിലും അടുത്തുവന്നിരുന്നാല്‍, മോദിഗ്ലിയാനി, അയാളുടെ സ്‌കെച്ച് വരയ്ക്കും. ''ഞാന്‍ മോദിഗ്ലിയാനി'', ചിത്രം നീട്ടി അയാള്‍ പറയും, ''ജൂതന്‍; അഞ്ചു ഫ്രാങ്ക് തരൂ.'' ആ പേര് ആരും കേട്ടിരുന്നില്ല. ചിത്രങ്ങളിലെ തലകള്‍ നീണ്ടതായിരുന്നു; കണ്ണുകള്‍ ശൂന്യവും. ഇന്ന് ഇത്ര വിലയുണ്ടായിട്ടും, വാന്‍ഗോഗിനെയും പിക്കാസോയെയും പോലെ, ജനപ്രിയനല്ല, മോദിഗ്ലിയാനി. മയക്കുമരുന്നും മദ്യവും പെണ്ണും അക്രമാസക്തിയും മൂവര്‍ക്കും പൊതുവായിരുന്നു. മോദിഗ്ലിയാനി ജനിക്കും മുന്‍പ്, പിതാവ്, ഇറ്റലിയിലെ തുറമുഖനഗരമായ ലിവോണോയിലെ ഫ്‌ളാമിനിയോയുടെ ബ്ലേഡ് കമ്പനി പൊട്ടിയിരുന്നു. കടംകൊടുത്തവര്‍ വീട് വലയം ചെയ്തു. ഗര്‍ഭിണിയെ കടക്കാര്‍ ശല്യപ്പെടുത്തരുത് എന്ന ചട്ടമുണ്ടായിരുന്നതിനാല്‍, യൂജെനിയില്‍ ചിത്രകാരന്‍ ജനിച്ചു. 11-ാം വയസ്സില്‍ ബാധിച്ച പ്ലൂറിസിയുടെ വടുക്കള്‍ അവസാനംവരെ നിന്നു. അത് ക്ഷയമായി. രോഗിയായ കുട്ടിയെ അതു മറക്കാന്‍, അമ്മ യാത്രകളില്‍ കൊണ്ടുപോയി. പതിനാറാം വയസ്സില്‍ തന്നെ, അമ്മയ്‌ക്കൊപ്പം കാപ്രിയില്‍ പോയ മോദിഗ്ലിയാനി, നോര്‍വേയില്‍നിന്നുള്ള ഒരു ടൂറിസ്റ്റിനെ പ്രാപിച്ചു. വരാനിരിക്കുന്ന അസംഖ്യം കീഴടക്കലുകളില്‍ ആദ്യത്തേത്. ചിത്രകാരനാകാന്‍ അയാള്‍ 1906 ല്‍ പാരീസിലെത്തി. അമ്മ അയയ്ക്കുന്ന പണംകൊണ്ട് ജീവിക്കാം; പക്ഷേ, ഹാഷിഷിന് എന്തുചെയ്യും? അതിനാണ് വരച്ചത്. അങ്ങനെ ആദ്യം വരച്ച സ്ത്രീ ചിത്രത്തില്‍, സ്ത്രീയുടെ കഴുത്ത് അരയന്നത്തിന്റെ കഴുത്തുപോലെ നീണ്ടു. പിന്നെ, എല്ലാ കഴുത്തും നീണ്ടു. റഷ്യന്‍ കവയിത്രി അന്നാ അഹ്മത്തോവയെ നമ്മില്‍ പലരും അറിയും; എന്റെ സുഹൃത്ത് വിജയലക്ഷ്മി അവരുടെ കവിതകള്‍ മൊഴിമാറ്റിയിട്ടുണ്ട്. 1910 ല്‍ 26 വയസ്സുള്ള മോദിഗ്ലിയാനി, 21 വയസ്സുള്ള അന്നയുമായി തീഷ്ണപ്രണയത്തിലാകുമ്പോള്‍, അന്ന വിവാഹിതയായി, ഒരുവര്‍ഷമേ ആയിരുന്നുള്ളൂ. അവര്‍ ഒന്നിച്ചു കവിതകള്‍ ചൊല്ലി, ചന്ദ്രന് കീഴില്‍ നടന്നു; ലോവ്രേ ചിത്ര ഗാലറിയില്‍ പോയി. പരസ്പരം പ്രാപിച്ചു. അക്രമകാരിയായ അയാളില്‍നിന്ന്, ഒരു വര്‍ഷത്തിനുള്ളില്‍, അന്ന അകന്നു. അയാള്‍ ഹാഷിഷിലും കൊക്കെയ്‌നിലും ചാരായത്തിലും മുങ്ങാങ്കുഴിയിട്ടു. ലഹരിയുടെ മൂര്‍ധന്യത്തില്‍ അയാള്‍ അന്യരെ ആക്രമിച്ചു. ചിലപ്പോള്‍, തെരുവില്‍ അയാള്‍ നഗ്നനായി നൃത്തം വച്ചു. ഒരിക്കല്‍ അയാളുടെ ശരീരം, തൂപ്പുകാര്‍, കുപ്പത്തൊട്ടിയില്‍ നിന്ന് പുറത്തേക്കിട്ടു. എല്‍വിരാ എന്ന സൈ്വരിണി അയാള്‍ക്കൊപ്പം ശരീരവും കൊക്കെയ്‌നും പങ്കിട്ടു. നീചനായി ജീവിച്ച അയാള്‍, കലയില്‍ അധികാരിയായിരുന്നു; അയാള്‍ മഹാനാണെന്ന്, വലിയ ചിത്രകാരനായ റെനോയര്‍ അറിഞ്ഞിരുന്നു. എന്നിട്ടും, നാട്ടുകാര്‍ അയാളെ അറിഞ്ഞില്ല. കാന്‍വാസിനെക്കാള്‍ അയാള്‍ക്കിഷ്ടം ഉടലുകളായിരുന്നു. കാമുകിയായ ഇംഗ്ലീഷ് കവയിത്രി, ബിയാട്രിസ് ഹേസ്റ്റിങ്‌സ്, 'രതിയുടെ രഥ'മായി- വലിയ തൊപ്പിക്കടിയില്‍, ചലിക്കുന്ന താറാവുകളുമായി, കവയിത്രി, പാരിസ് തെരുവുകളില്‍ അലഞ്ഞു. പ്രണയിനികളെ തലമുടിയില്‍ പിടിച്ചുവലിക്കുക അയാള്‍ക്ക് ശീലമായിരുന്നു. ഒരിക്കല്‍ ബിയാട്രിസിനെ അയാള്‍ ജനാല വഴി പുറത്തേക്കെറിഞ്ഞു. ഫ്രഞ്ച് ചിത്രകാരി ജീന്‍ ഹെബുടേണിനെ ആദ്യം കണ്ടപ്പോള്‍ ബലാത്സംഗം ചെയ്തു. എന്നിട്ടും, അവര്‍ പ്രണയികളായി. ആ കാലത്താണ്, മോദിഗ്ലിയാനി, ഏറെ വരച്ചത്. അന്നുണ്ടായതാണ്, 'ഉറങ്ങുന്ന സ്ത്രീ.' അത്, ജീന്‍ ആയിരിക്കണമല്ലോ. ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍, പൊലീസ് പ്രദര്‍ശനം നിര്‍ത്തി വയ്പിച്ചു. ''ചിത്രത്തില്‍, രോമങ്ങളുണ്ട്,'' പൊലീസ് പരാതിപ്പെട്ടു. ജീനിന് 1918 ല്‍, ആ പേരില്‍ തന്നെ പെണ്‍കുഞ്ഞുണ്ടായി. മകളെ, മോദിഗ്ലിയാനിക്ക്, അറിയേണ്ടിവന്നില്ല. 1920 ല്‍ അയാള്‍ രക്തം ഛര്‍ദിച്ചു. ക്ഷയം വരുമ്പോള്‍, ചില വേള, ബാക്ടീരിയ തലച്ചോറിന്റെ അതിരുകളിലേക്ക് പോകും. അത് മസ്തിഷ്‌ക ജ്വരമാകും. ജനുവരി 24 ന് മരിക്കുമ്പോള്‍, അയാള്‍ക്ക്, 35 വയസ്സായിരുന്നു; 35 വയസ്സ് മാത്രമായിരുന്നു. അടുത്ത ദിവസം രാവിലെ, ജീന്‍, മുകള്‍ ജനാലയില്‍നിന്ന് പുറകോട്ടു ചാടി, ജീവനൊടുക്കി. ആ ചാട്ടത്തില്‍, വയറ്റിലുണ്ടായിരുന്ന അടുത്ത കുഞ്ഞും കൊല്ലപ്പെട്ടു. എനിക്കിനി ഒന്നും പറയാനില്ല-വരയ്ക്കാനാവാത്തതാണ് ജീവിതത്തിന്റെ വലിയ ചിത്രം.

പുസ്തകത്തിലെ തീ

റാക്ക് സേന, ഐഎസില്‍നിന്ന്, നിംറൂദ് വീണ്ടെടുത്തു എന്നു വായിച്ചപ്പോള്‍, പൊടുന്നനെ ഓര്‍മയില്‍ വന്നത്, കൊര്‍ദോബ എന്ന വാക്കാണ്. അവിടത്തെ ഗ്രന്ഥശാല കത്തിച്ച കാര്യം കുട്ടിക്കാലത്തു വായിച്ചപ്പോള്‍ ഉള്ളുനൊന്തു. ആറാം വയസുമുതല്‍ തൃപ്പൂണിത്തുറ മഹാത്മാ ഗ്രന്ഥശാലയിലെ സ്ഥിരക്കാരനായിരുന്നു, ഞാന്‍. എന്‍.വി. കൃഷ്ണവാരിയര്‍ സെക്രട്ടറിയായിരുന്ന ആ ഗ്രന്ഥശാലയാണ്, ചങ്ങമ്പുഴ 'രമണന്‍' എഴുതിയതിന് പിന്നാലെ, അദ്ദേഹം വിഷാദകവിതകള്‍ എഴുതുന്നതു നിര്‍ത്തണമെന്ന് പ്രമേയം പാസാക്കിയത്. ഗ്രന്ഥശാലയുടെ ഒരു വാര്‍ഷികത്തില്‍ അധ്യക്ഷനായത്, ഗാന്ധിയാണ്. 
ഇസ്ലാമിക സ്‌പെയിനിലെ നഗരമായിരുന്നു, കൊര്‍ദോബ. റോമിലെ അഗസ്റ്റസ് ചക്രവര്‍ത്തിയുടെ കാലത്ത് (ബിസി 27 -എഡി 14) അത് ബേട്ടിക്കയുടെ തലസ്ഥാനമായിരുന്നു; റോമന്‍ തത്വചിന്തകന്‍ സെനേക്കയുടെ ജന്മനഗരം. ഇസ്ലാമിക സ്‌പെയിന്‍ അഥവാ, അല്‍ അന്‍ഡാലസിന്റെ തലസ്ഥാനമായിരുന്നപ്പോഴാണ് (756-1031) അത് തിളങ്ങിനിന്നത്. കൊര്‍ദോബയിലെ ഖലീഫയായ അല്‍ ഹക്കം രണ്ടാമന്റെ (961-976) ഗ്രന്ഥശാലയില്‍ നാലുലക്ഷം ഗ്രന്ഥങ്ങളുണ്ടായിരുന്നു. തന്റെ കാലശേഷം ഗ്രന്ഥശാല നിലനില്‍ക്കില്ല എന്ന് അല്‍ ഹക്കം ശങ്കിച്ചു. 976 മുതല്‍ 1002 വരെ അല്‍ അന്‍ഡാലസിന്റെ അനൗദ്യോഗിക ഭരണാധികാരിയായ അല്‍ മന്‍സൂര്‍, ഗ്രന്ഥശാലയിലെ മിക്കവാറും തത്വചിന്താ ഗ്രന്ഥങ്ങള്‍, മുസ്ലിം പുരോഹിതരെ പ്രീണിപ്പിക്കാന്‍ ചുട്ടുകരിച്ചു. കുറെയൊക്കെ വിറ്റഴിച്ചു. ബാക്കി ആഭ്യന്തരയുദ്ധത്തില്‍ നശിച്ചു. മൊസൂളില്‍ നിന്ന്, 30 കിലോമീറ്റര്‍ തെക്കാണ്, നിംറൂദ്. അത്, പുരാതന അസീറിയന്‍ നഗരത്തിന്റെ അറബിക്കിലും അരമായിക്കിലുമുള്ള പേരാണ്. യേശു സംസാരിച്ചിരുന്ന അരമായിക്ക് ഭാഷ, അന്യംനിന്നുപോയി. ബൈബിളിലെ നിംറോദ് എന്ന വേട്ടക്കാരന്റെ പേര് പുരാതന നഗരത്തിന് പില്‍ക്കാലത്തു നല്‍കിയതാണ്. ബൈബിളില്‍ പറയുന്ന 'കാല' നഗരമാണ്, നിംറൂദ്. അത് ഉല്‍പത്തി പുസ്തകത്തില്‍, നിംറോദിനെ പരാമര്‍ശിക്കുമ്പോള്‍ വരുന്നുണ്ട്. ഇസ്ലാമികമല്ലാത്ത നഗരമല്ലാത്തതിനാല്‍ ഇതിനെ നശിപ്പിക്കുമെന്ന്, 2015 ലാണ് ഐഎസ് പ്രഖ്യാപിച്ചത്. ഐഎസ്, നഗരം നശിപ്പിക്കാന്‍ ബുള്‍ഡോസറുകള്‍ ഇറക്കി. നഗരത്തിലെ ലമാസു പ്രതിമ, ഇടിച്ചു തകര്‍ക്കുന്ന വീഡിയോ വന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍, ബാമിയാന്‍ ബുദ്ധപ്രതിമകള്‍ തകര്‍ത്തത് ഓര്‍ത്തുപോയി. ജെങ്കിസ് ഖാന്റെ ഇറാക്ക് ആക്രമണം വഴിയും മറ്റും ടാട്ടാര്‍ ബീജം പലയിടത്തും ചെന്നെത്തിയതാണ്, ഇസ്ലാമിനെ ക്രൂരമാക്കിയതെന്ന്, ജെങ്കിസ് ഖാന്റെ ജീവചരിത്രത്തില്‍ വായിച്ചതും ഓര്‍ത്തു. ഹരിയാനയില്‍ ഓംപ്രകാശ് ചൗട്ടാലയുടെ ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്തു മടങ്ങിയശേഷം, ഒരിക്കല്‍ ഒ.വി. വിജയനെ വീട്ടില്‍ കണ്ടു; എന്തുകൊണ്ടാണ്, ഹരിയാന ഇങ്ങനെയായത് എന്നു ചോദിച്ചപ്പോള്‍, അദ്ദേഹം ആദ്യം കുസൃതി പറഞ്ഞു: ''ജാട്ടുകള്‍ ഇവിടത്തെ ഈഴവരാണ്!'' അതുകഴിഞ്ഞ്, അദ്ദേഹം കാര്യം പറഞ്ഞു: ഹരിയാനയ്ക്ക് സ്വന്തമായി സാഹിത്യമോ പുസ്തകമോ ഇല്ല. അപ്പോള്‍ പിന്നെ ഗ്രന്ഥശാലകളും ഇല്ലല്ലോ. പലവട്ടം ഞാന്‍ ഹരിയാനയില്‍ പോയിട്ടുണ്ട്. സാഹിത്യമല്ല, എരുമകളും പാലുമാണ് കൂടുതല്‍; പോത്തുകളാണ്, വളരെക്കൂടുതല്‍. സാഹിത്യവും സംസ്‌കാരവുമില്ലെങ്കില്‍, സമൂഹത്തില്‍ പോത്തുകളുടെ എണ്ണം കൂടും, കണ്ണൂരിലെ മാര്‍ക്‌സിസ്റ്റുകള്‍ അതു തെളിയിക്കുന്നു. 

മുസ്ലിംകള്‍ മാത്രമല്ല, ക്രിസ്ത്യാനികളും ഗ്രന്ഥശാലകള്‍ക്ക് തീവച്ചിട്ടുണ്ട്. അതിന് ഒരു പാത്രിയര്‍ക്കീസ് തന്നെ മുന്‍കൈ എടുത്തിട്ടുണ്ട്. അതിനാണ്, നാം അലക്‌സാണ്ട്രിയയിലെ ഗ്രന്ഥശാല നശിപ്പിച്ച കഥ പഠിക്കേണ്ടത്. പുരാതനകാലത്തെ ഏറ്റവും വലിയ ഗ്രന്ഥശാലയായിരുന്നു, അലക്‌സാണ്ട്രിയയിലേത്. വിജ്ഞാനവും സംസ്‌കാരവും സംഹരിക്കപ്പെട്ട കാര്യം പറയുമ്പോള്‍ ആദ്യം ഓര്‍ക്കുന്നത്, ഈ ഗ്രന്ഥശാലയെയാണ്. പലവട്ടം അത് അഗ്നിക്കിരയായി. അതില്‍ പ്രധാനം നാലുഘട്ടങ്ങളാണ്. ബിസി 48 ലെ ആഭ്യന്തരയുദ്ധക്കാലത്ത്, ജൂലിയസ് സീസര്‍ തീവച്ചത്. എഡി 270-275 ല്‍ ഔറേലിയന്റെ ആക്രമണം. 391 ല്‍ കോപ്റ്റിക് പാത്രിയാര്‍ക്കീസ് തിയോഫിലസിന്റെ ഉത്തരവ്. 642 ല്‍ ഈജിപ്തിന്റെ മുസ്ലിം അധിനിവേശം. 'സീസറിന്റെ ജീവിതം' എന്ന പുസ്തകത്തില്‍ ചരിത്രകാരന്‍ പ്ലൂട്ടാര്‍ക്ക് എഴുതി: സമുദ്രം വഴിയുള്ള വിനിമയം ശത്രു വിഛേദിച്ചപ്പോള്‍, ആ അപകടം അദ്ദേഹം വഴിതിരിച്ചുവിട്ടത്, സ്വന്തം കപ്പലുകള്‍ക്ക് തീവച്ചാണ്. അത് ഡോക്കുകള്‍ ചാരമാക്കി, പടര്‍ന്ന് മഹത്തായ ഗ്രന്ഥശാല നശിപ്പിച്ചു. ഗ്രന്ഥശാലയാണോ പുസ്തകശേഖരമാണോ കത്തിപ്പോയത് എന്നൊക്കെ പണ്ഡിതര്‍ തര്‍ക്കിക്കാറുണ്ട്. ബിബ്ലിയോതെക്ക അലക്‌സാണ്ട്രിയ എന്നായിരുന്നു, ഗ്രന്ഥശാലയുടെ പേര്. രണ്ട് ഗ്രീക്കു വാക്കുകള്‍ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കാം. ബിബ്ലിയോതെക്കാസ് എന്നുവച്ചാല്‍, പുസ്തകക്കൂട്ടം. ബിബ്ലിയോതെക്കാ എന്നുപറഞ്ഞാല്‍, ഗ്രന്ഥശാല. സീസറും ടോളമി പതിമൂന്നാമനും തമ്മിലായിരുന്നു, യുദ്ധം. 40,000 പുസ്തകങ്ങള്‍ നശിപ്പിച്ചതായി, റോമന്‍ ചിന്തകന്‍ സെനേക്ക കുറിച്ചിട്ടുണ്ട്. സാമ്രാജ്യത്തിന്റെ കിഴക്കന്‍ മേഖല ഭരിക്കുമ്പോള്‍, മാര്‍ക്ക് ആന്റണി, പെര്‍ഗമണിലുള്ള ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഗ്രന്ഥശാല കൊള്ളയടിച്ച് (40-30 ബിസി), പ്രണയിനിയായ ക്ലിയോപാട്രയ്ക്ക് സമ്മാനമായി കൊടുത്തു; സീസറിന്റെ അഗ്നിയില്‍ നഷ്ടപ്പെട്ട പുസ്തകങ്ങള്‍ക്ക് പകരമായിരുന്നു, അത്. ഈജിപ്ത് ഭരിച്ച പാമിറയിലെ രാജ്ഞി സെനോബിയ (269-274)യുടെ കലാപം അമര്‍ച്ച ചെയ്യുമ്പോഴാണ്, ഔറേലിയന്‍ ചക്രവര്‍ത്തി, ഗ്രന്ഥശാലയില്‍ കൈവച്ചത്. മുഖ്യ ഗ്രന്ഥശാല തകര്‍ക്കപ്പെട്ടെങ്കിലും, സെറാപ്പിയത്തില്‍ ചെറുഗ്രന്ഥശാല അവശേഷിച്ചു. അതില്‍നിന്ന് പുസ്തകശേഖരം, കോണ്‍സ്റ്റാന്റിനോപ്പിളില്‍ പുതിയ തലസ്ഥാനമുണ്ടാക്കിയപ്പോള്‍, അവിടം അലങ്കരിക്കാന്‍ കൊണ്ടുപോയി. വിഗ്രഹാരാധന, 391 ലെ തീട്ടൂരംവഴി തിയഡോഷ്യസ് ഒന്നാമന്‍ ചക്രവര്‍ത്തി നിയമവിരുദ്ധമാക്കിയപ്പോഴാണ് തിയോഫിലസ് പാത്രിയര്‍ക്കീസ് അലക്‌സാണ്ട്രിയയിലെ ദേവാലയങ്ങള്‍ പൂട്ടിയത്. മിത്രിയം തകര്‍ത്തു; അതുകഴിഞ്ഞ്, സെറാപ്പിയം. അലക്‌സാണ്ട്രിയ 642 ലാണ്, അമര്‍ ഇബന്‍ അല്‍-അസിന്റെ മുസ്ലിം സേന പിടിച്ചത്. അമര്‍ പറഞ്ഞു: ''ആ പുസ്തകങ്ങള്‍ ഖുര്‍ ആനോട് യോജിക്കുന്നുവെങ്കില്‍, നമുക്ക് അവയുടെ ആവശ്യമില്ല; അവ ഖുര്‍ ആനോട് വിയോജിക്കുന്നുവെങ്കില്‍, അവ നശിപ്പിക്കുക.'' 
നളന്ദയിലെ ഗ്രന്ഥശാല 1193 ല്‍ തുര്‍ക്കിയില്‍ നിന്നുവന്ന ബക്ത്യാര്‍ ഖില്‍ജിയാണ് തീവച്ചത്. അത്, ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ തകര്‍ച്ചയ്ക്ക്, ആക്കം കൂട്ടി.പുസ്തകം നശിപ്പിക്കാനായില്ലെങ്കില്‍, എഴുതിയവന്റെ കൈവെട്ടുന്നതാണ് നാം കേരളത്തില്‍ കണ്ടത്.

കലണ്ടറിലെ നഷ്ടങ്ങൾ

നാം പഠിപ്പിച്ച ജ്യോതിശാസ്ത്രം


ര്‍ഷവും തീയതിയും ആഴ്ചയും കലണ്ടറുമൊന്നും വിഷയമല്ലാതിരുന്ന ഒരു ദിവസമാണ്, കണകനെപ്പറ്റി അറിയുന്നത്. ആദ്യത്തെ പ്രമുഖ ഭാരതീയ ബഹിരാകാശ ഗവേഷകനും പാടലീപുത്രക്കാരനുമായ ആര്യഭടന്‍ മരിച്ച് 250 വര്‍ഷത്തിനുശേഷം, എഡി 773 ല്‍ സിന്ധുനദീതട മേഖലയില്‍നിന്ന്, ഒരു നയതന്ത്ര സംഘം പുതിയ അറബ് തലസ്ഥാനമായ ബാഗ്ദാദിലെത്തി. അവര്‍ പായ്ക്കപ്പലില്‍, ഇന്നത്തെ ഇറാന്റെ മരുതീരം ചുറ്റി പേര്‍ഷ്യന്‍ ഗള്‍ഫില്‍ കടന്ന്, അബദാന്‍ തുറമുഖത്തിലെത്തിയതാവണം. എക്കല്‍ അടിഞ്ഞ് ഇപ്പോള്‍, ആ തുറമുഖം, മുപ്പതുമൈല്‍ ഉള്ളിലേക്കു കയറിയിരിക്കുന്നു. അവിടെനിന്ന്, ടൈഗ്രിസ് വഴി 200 മൈല്‍ കടന്നാകണം, അല്‍ മന്‍സൂര്‍ ഖലീഫയുടെ കൊട്ടാര കവാടത്തിലെത്തിയത്.

സിന്ധു നദീതട മേഖല, എഡി 711 ല്‍ അറബികള്‍ കീഴടക്കിയശേഷം, പ്രാദേശിക ഭാരത നയതന്ത്ര സംഘങ്ങള്‍ പലതും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അല്‍ മന്‍സൂറിനെ ചെന്നു കണ്ടിരുന്നു. അബ്ബാസിദ് ഭരണവംശ സ്ഥാപകനായ മന്‍സൂറിന്, അവര്‍ പല സമ്മാനങ്ങളും കരുതി-രത്‌ന ഖചിത പോര്‍ച്ചട്ട, ദന്തത്തില്‍ തീര്‍ത്ത ഓടക്കുഴല്‍, നല്ല വിലയുള്ള പരുന്ത്, ചിത്രങ്ങള്‍ വരഞ്ഞ പട്ട്. മന്‍സൂര്‍ ഒരു പട്ടാളക്കാരന്‍ മാത്രമല്ല, കലാകാരനുമായിരുന്നതിനാല്‍, ആദ്യം പറഞ്ഞ സംഘം, അവരുടെ കൂട്ടത്തില്‍ ഒരു ജ്യോതിശാസ്ത്രജ്ഞനെയും കരുതിയിരുന്നു-കണകന്‍. അയാളില്‍ നിന്നാണോ, ഗണകന്‍ എന്ന വാക്കുണ്ടായത് എന്നറിഞ്ഞുകൂടാ! സൂര്യ, ചന്ദ്ര ഗ്രഹണങ്ങളില്‍ ജ്ഞാനിയായിരുന്ന കണകന്‍, ഖലീഫയ്ക്ക് കൊടുക്കാന്‍ ഭാരതീയ ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങള്‍ കൊണ്ടുപോയി. അതില്‍ 'സൂര്യസിദ്ധാന്ത'വും ആര്യഭടനെ പരാമര്‍ശിക്കുന്ന ബ്രഹ്മഗുപ്തന്റെ രചനകളും ഉണ്ടായിരുന്നു.

മൻസൂർ 

കണകനെപ്പറ്റി കൂടുതലൊന്നും നമുക്കറിഞ്ഞുകൂടാ. അയാളെ ആദ്യം പരാമര്‍ശിക്കുന്നത്, 500 വര്‍ഷത്തിനുശേഷം, അല്‍ ഖിഫ്തി എന്ന അറബ് ചരിത്രകാരനാണ്. കണകന്‍ കൊണ്ടുപോയ ഗ്രന്ഥങ്ങള്‍ ഉടന്‍ പരിഭാഷപ്പെടുത്താന്‍ അല്‍ മന്‍സൂര്‍ ഉത്തരവിട്ടെന്നാണ്, അല്‍ ഖിഫ്തി പറയുന്നത്. ഇവയുടെ ഉള്ളടക്കം, 'മഹാ സിന്ധ് ഹിന്ദ്' എന്ന പാഠപുസ്തകമായി. സിദ്ധാന്തം എന്ന സംസ്‌കൃത വാക്കിന് പര്യായമാണ്, 'സിന്ധ് ഹിന്ദ്.' ആ വാക്കില്‍ എന്റെ മുന്‍ സുഹൃത്ത് സക്കറിയ പറയുന്ന 'ഹിന്ദുത്വ' ഉണ്ട്. ഇപ്പറഞ്ഞ ജ്യോതിശാസ്ത്ര സിദ്ധാന്തം, ബാഗ്ദാദില്‍ നിന്ന് സിറിയ, സിസിലി, അറബ് ആധിപത്യത്തിലുള്ള സ്‌പെയിന്‍ വഴി ക്രിസ്ത്യന്‍ സാമ്രാജ്യത്തിലെത്തി. 1126 ല്‍ 'മഹാ സിന്ധ് ഹിന്ദ്' ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തി. യൂറോപ്പിനെ ആധുനികതയിലേക്ക് പറപ്പിക്കുകയും കൃത്യമായി വര്‍ഷം കണക്കാക്കാന്‍ സഹായിക്കുകയും ചെയ്ത ഒരു ഡസന്‍ ഗ്രന്ഥങ്ങളിലൊന്നായിരുന്നു, ഇത്. ഇതു പറഞ്ഞതു പി.പരമേശ്വരന്‍ അല്ല, 'ദ കലണ്ടര്‍' എന്ന പുസ്തകത്തില്‍, ഡേവിഡ് ഇവിംഗ് ഡങ്കന്‍ (1998) ആണ്.

അറബ് ലോകത്തെ എഡി 600 കളുടെ മധ്യത്തില്‍ പിടിച്ചുകുലുക്കിയ രാഷ്ട്രീയ ഭൂകമ്പത്തിന് ഒന്നരനൂറ്റാണ്ടുശേഷമാണ്, കണകന്‍ ബാഗ്ദാദിലെത്തിയത്. മതേച്ഛയും നൂറ്റാണ്ടു പഴക്കമുള്ള ഗോത്ര സൈനിക പരിചയവും കൂട്ടിക്കലര്‍ത്തി മുന്നേറിയ മുഹമ്മദ് നബിയുടെ സേന, തീര്‍ത്തും അപ്രതീക്ഷിതമായി, വിജ്ഞാനവ്യാപനത്തിലും ശ്രദ്ധിച്ചു. യുഡിഎഫ് ഭരണത്തില്‍ മുസ്ലിംലീഗ് വിദ്യാഭ്യാസ വകുപ്പ് വച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റിയല്ല പറയുന്നത്; വിശ്വാസികള്‍ ജ്ഞാനം നേടണമെന്ന് പ്രവാചകന്റെ ആജ്ഞയുണ്ടായി. പടിഞ്ഞാറ്, റോമിന്റെ പ്രവിശ്യകളും നഗരങ്ങളും തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്ത ബാര്‍ബറികളില്‍ നിന്നു വ്യത്യസ്തരായിരുന്നു, അറബികള്‍. ഗ്രീസും സമീപ പൗരസ്ത്യ ദേശവും കീഴടക്കിയ റോമാക്കാര്‍ ചെയ്തപ്പോലെ, അറബികളും കീഴടക്കിയ പ്രദേശത്തെ സംസ്‌കാരം ആവാഹിച്ചു.

പതിറ്റാണ്ടുകളുടെ യുദ്ധത്തിലും ആഭ്യന്തര പോരാട്ടങ്ങളിലും പെട്ട് പുരാതന പാഠശാലകളും അവയ്ക്ക് പ്രചോദനമായ സംസ്‌കൃതികളും ജീര്‍ണിച്ച ഘട്ടത്തിലാണ്, അറബ് ഭരണം വന്നത്. ഗുപ്ത ഭരണം അവസാനിച്ച്, ഭാരതം ചെറുരാജ്യങ്ങളായി; ഹൂണന്മാരുടെ ആക്രമണത്തില്‍ നില്‍ക്കക്കള്ളിയില്ലാതായി. സമീപ പൗരസ്ത്യ മേഖലയില്‍, ബൈസാന്റിയവും (തുര്‍ക്കി) പേര്‍ഷ്യയും തമ്മില്‍ നടന്ന യുദ്ധം 628 ല്‍ സന്ധിയിലായപ്പോള്‍ ഇരുരാജ്യങ്ങളും ശോഷിച്ചിരുന്നു. റോമില്‍, ബാര്‍ബറികള്‍ നാശം തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ ഇംഗ്ലീഷില്‍ പ്രാകൃതം എന്നര്‍ത്ഥം വരുന്ന Barbarians എന്ന പ്രയോഗമുണ്ടായി. ഇക്കാലത്ത്, മൗലിക ചിന്തകള്‍ക്ക് വിഘ്‌നമുണ്ടായി. ഭാരതത്തില്‍ ബ്രഹ്മഗുപ്തനെപ്പോലെ ചില അപവാദങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍, ബൈസാന്റിയ സാമ്രാജ്യത്തിനകത്തെ ഗ്രീക്ക് പാരമ്പര്യത്തിനുള്ളില്‍, പണ്ഡിതന്മാര്‍ എരിപിരികൊണ്ടു. അവശിഷ്ട റോമാ സാമ്രാജ്യം, യാഥാസ്ഥിതികമായി. വിമത ക്രിസ്ത്യന്‍ വിഭാഗങ്ങളെയും വിഗ്രഹാരാധകരെയും വരട്ടു മതാത്മകത സ്വീകരിക്കാത്തവരെയും ക്രിസ്ത്യന്‍ സഭ അടിച്ചമര്‍ത്തി. 529 ല്‍ ജസ്റ്റിനിയന്‍, ആതന്‍സിലെ 900 വര്‍ഷം പഴക്കമുള്ള പ്ലാറ്റോയുടെ അക്കാദമി അടച്ചുപൂട്ടി. അതു വിഗ്രഹാരാധകരുടെ കേന്ദ്രമായി എന്നായിരുന്നു, വിമര്‍ശനം. പേടിച്ചരണ്ട പണ്ഡിതന്മാര്‍, പേര്‍ഷ്യയിലേക്കു പലായനം ചെയ്തു. ഒരു പ്രവാസ അക്കാദമിയുണ്ടായി. ഒരു നൂറ്റാണ്ടുകഴിഞ്ഞ് അറബികള്‍ പേര്‍ഷ്യ പിടിച്ചപ്പോള്‍, ഈ ഗ്രീക്ക് പണ്ഡിതര്‍ അറബ് പണ്ഡിതര്‍ക്കു മുന്നില്‍, അവരുടെ പുസ്തകങ്ങള്‍ നിവര്‍ത്തിവച്ചു.

ഇറ്റലിയില്‍ കാസിയോഡോറസ് മരിച്ച് 30 കൊല്ലം കഴിഞ്ഞപ്പോള്‍, 610 ല്‍, മെക്കയെന്ന മരുപ്പച്ചയിലെ നാല്‍പ്പതുകാരനായ വ്യാപാരി, ഒരു ദര്‍ശനത്തില്‍ ഗബ്രിയേല്‍ മാലാഖയെ കണ്ടു. ജൂത, ക്രിസ്ത്യന്‍-പാരമ്പര്യങ്ങള്‍ ശുദ്ധീകരിക്കാന്‍ മാലാഖ ആവശ്യപ്പെട്ടു. തന്റെ പട്ടണത്തിലെ വിഗ്രഹാരാധകരോട് അദ്ദേഹം, 'സമ്പൂര്‍ണ സമര്‍പ്പണം' ഉപദേശിച്ചു. അറബിക്കില്‍ 'ഇസ്ലാം' എന്ന വാക്കിന്റെ അര്‍ത്ഥം അതാണ്. തുടക്കത്തില്‍ കുടുംബാംഗങ്ങളും ചില സുഹൃത്തുക്കളും മാത്രമാണ് അദ്ദേഹത്തിനൊപ്പം നിന്നത്. മറ്റുള്ളവര്‍ പരിഹസിച്ചു. അദ്ദേഹവും അനുയായികളും 622 ല്‍ മെദീന എന്ന മറ്റൊരു മരുപ്പച്ചയിലേക്ക് പലായനം ചെയ്തു. ഇത്, 'ദേശാന്തര ഗമനത്തിന്റെ വര്‍ഷം' ആയി അറബിക്കില്‍, ഹിജ്‌റ. ഇംഗ്ലീഷില്‍ ഹെജീറ. അങ്ങനെ, മുസ്ലിം കലണ്ടറുണ്ടായി. ജൂതരുടെ ചന്ദ്ര/സൂര്യ കലണ്ടറിനും ക്രിസ്ത്യാനികളുടെ സൂര്യകലണ്ടറിനും വിരുദ്ധമായി, ചന്ദ്ര കലണ്ടറായിരുന്നു ഇത്. ഇതാണ്, കലണ്ടറിലെ രാഷ്ട്രീയം. 

പലിശയും പന്നിമാംസവും വിലക്കിയതിലും ഒന്നാന്തരം രാഷ്ട്രീയമുണ്ടായിരുന്നു. മെദീനയില്‍ ആധിപത്യമുള്ള ജൂതന്മാര്‍, അതു രണ്ടും വഴി, പുതിയ ഇസ്ലാം മതത്തിന്റെ അനുയായികളില്‍ നിന്നു പണം തട്ടരുത്. തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ത്ത പ്രവാചകന്‍ 630 ആയപ്പോള്‍ മെക്ക കീഴടക്കിയിരുന്നു. പുതിയ മതം സ്ഥാപിച്ച അദ്ദേഹം 632 ജൂണ്‍ എട്ടിന് മരിച്ചു. ആ മരണം, അനുയായികളെ ആശയക്കുഴപ്പത്തിലാഴ്ത്തിയെങ്കിലും, പ്രവാചകന്റെ അളിയനായ അബൂബക്കര്‍ പിന്‍ഗാമി അഥവാ ഖലീഫ ആയി.

ഇത് അന്നോ പിന്നീടോ, പ്രശ്‌നം തീര്‍ത്തില്ല. പുതിയ ഭരണം രണ്ടു പതിറ്റാണ്ടിനുള്ളില്‍, പേര്‍ഷ്യന്‍ സൈന്യത്തെ തരിപ്പണമാക്കി, ഈജിപ്തും സിറിയയും ഏഷ്യാമൈനറിന്റെ ഭാഗങ്ങളും പിടിച്ചു; ബൈസാന്റിയം ഏതാണ്ടു വരുതിയിലാക്കി. 696 മുതല്‍ 720 കള്‍ വരെ, ഇസ്ലാം സൈന്യം വടക്ക് കാസ്പിയന്‍ കടലിലേക്കും തുര്‍ക്കിസ്ഥാനിലേക്കും വടക്കുകിഴക്ക് ഇറാനിലേക്കും ചൈനീസ് അധീനതയിലെ കഷ്ഗറിലേക്കും കടന്നു. തെക്കുകിഴക്ക്, സിന്ധു നദീതടം കൈവശപ്പെടുത്തി. പടിഞ്ഞാറ്, ഉത്തര ആഫ്രിക്ക പിടിച്ച്, സ്‌പെയിനിലേക്കു കടന്നു. ഫ്രാന്‍സില്‍ ചാര്‍ലിമാന്‍ ചക്രവര്‍ത്തിയുടെ മുത്തച്ഛന്‍ ചാള്‍സ് മാര്‍ട്ടലിനോടു തോറ്റപ്പോള്‍ ഈ സൈന്യം പിന്‍വാങ്ങി. ബാക്കിനില്‍ക്കുന്നത് എന്തൊക്കെ എന്നു വിലയിരുത്തിപ്പോള്‍, അതില്‍ പേര്‍ഷ്യന്‍, ഗ്രീക്ക്, ഭാരത സംസ്‌കാരവും ശാസ്ത്രവും സാഹിത്യവും ഉണ്ടായിരുന്നു.

പ്രവാചകന്‍ മരിച്ച് ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോള്‍, ഈ കൂട്ടുമൂശയില്‍നിന്ന് പുതിയ സംസ്‌കൃതി ഉണ്ടായി; അല്‍ മന്‍സൂര്‍ പണിത ബാഗ്ദാദ്, വിജ്ഞാനത്തിനു കൂടിയുള്ളതായിരുന്നു. അത്, മന്‍സൂറിന്റെ പിന്‍ഗാമികളായ ഹാരൂണ്‍ അല്‍ റഷീദ് (786-809), പുത്രന്‍ അല്‍ മാമൂണ്‍ (809-833) എന്നിവരുടെ കാലത്ത് ഉച്ചസ്ഥായിയിലെത്തി. അപ്പോഴാണ്, അവിടെ കണകനെ കണ്ടത്. പിന്നെയും 500 വര്‍ഷം കഴിഞ്ഞ്, 1267 ല്‍ ക്ലെമന്റ് നാലാമന്‍ മാര്‍പ്പാപ്പയ്ക്ക്, റോജര്‍ ബേക്കണ്‍ എന്ന ഇംഗ്ലീഷ് പാതിരി, രോഷം വാരിവിതറിയ ഒരു കത്തയച്ചു. അപ്പോഴത്തെ കലണ്ടര്‍ വര്‍ഷം, ശരിക്കുള്ള സൂര്യവര്‍ഷം നോക്കിയാല്‍, 11 മിനുട്ട് ദൈര്‍ഘ്യമേറിയതാണെന്ന് കത്തില്‍ നിരീക്ഷിച്ചു. അങ്ങനെ, 125 വര്‍ഷം കൂടുമ്പോള്‍ ഒരു ദിവസത്തിന്റെ തെറ്റുണ്ടാകും. താന്‍ ജീവിക്കുന്ന കാലത്ത് അങ്ങനെ ഒന്‍പത് അധികദിവസങ്ങളായിക്കഴിഞ്ഞു. ഇങ്ങനെയങ്ങുപോയാല്‍, മാര്‍ച്ച് ശരത്കാലത്തേക്കും ഓഗസ്റ്റ് വസന്തത്തിലേക്കും പോകും. മാത്രമോ ഇപ്പോള്‍ ക്രിസ്ത്യാനികള്‍ ഈസ്റ്ററും മറ്റു വിശുദ്ധ ദിനങ്ങളും ആചരിക്കുന്നത്, തെറ്റായ തീയതികളിലാണ് എന്നും കത്തില്‍ രേഖപ്പെടുത്തി.

അന്നത്തെ കാലത്ത് ബേക്കണെ കുരിശില്‍ തറയ്ക്കാവുന്ന കുറ്റമാണ്, ആ കത്തെഴുത്ത്. നാല്‍പ്പതാം വയസ്സു കടന്ന് പാതിരിയായ ബേക്കണ്‍, പാരിസ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴും ഫ്രാന്‍സിസ്‌കന്‍ സന്യാസ സമുഹത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും സ്വതന്ത്രചിന്തകനായിരുന്നു. അദ്ദേഹം ആലോചിച്ചുകൊണ്ടേയിരുന്നു-എന്താണ് മഴവില്ലിനു കാരണം? ലിയൊനാര്‍ദോ ഡാവിഞ്ചിക്കും രണ്ടു നൂറ്റാണ്ടുകള്‍ മുന്‍പ്, കണ്ണിന്റെ ആന്തരഭാഗങ്ങള്‍ ബേക്കണ്‍ വരച്ചു. ടെലസ്‌കോപ്പ്, കണ്ണട, വിമാനങ്ങള്‍, അതിവേഗം കറങ്ങുന്ന യന്ത്രങ്ങള്‍, യന്ത്രവല്‍കൃത കപ്പലുകള്‍ തുടങ്ങിയവയെല്ലാം ഉണ്ടാകുമെന്ന് പ്രവചിച്ചു. വെടിമരുന്നിന് രഹസ്യഫോര്‍മുല കണ്ടെത്താന്‍ ശ്രമിച്ചു. ഓക്‌സ്ഫഡിലും പാരീസിലുമുള്ള സഹപാതിരിമാര്‍ ബേക്കന്റെ ബുദ്ധിയെ പേടിച്ച് അയാളെ ഒരുതരം വീട്ടുതടങ്കലിലാക്കി. എഴുത്ത്, അധ്യാപനം എന്നിവയില്‍ നിന്നൊഴിവാക്കി. വൈദികാശ്രമത്തില്‍ അടിച്ചുതളിക്കാരനാക്കി. പലപ്പോഴും ഭക്ഷണം നിഷേധിച്ചു.

ഫ്രാന്‍സിലെ ലൂയി പതിനാലാമന്റെ കൊട്ടാര ഉപദേഷ്ടാവും അഭിഭാഷകനുമായ ഗയ്‌ഥേ ഗ്രോസ് ഫള്‍ക്കസ്, 1265 ല്‍ ബേക്കണെപ്പറ്റി അറിഞ്ഞ്, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ എഴുതി അറിയിക്കണം എന്നാവശ്യപ്പെട്ടില്ലായിരുന്നെങ്കില്‍, ബേക്കണ്‍, അങ്ങനെ ഒടുങ്ങിയേനെ. ഭാര്യ മരിച്ച 1256 ല്‍ വൈകി പാതിരിയായ ആളായിരുന്നു, ഫള്‍ക്കസ്. ശരവേഗത്തില്‍ അദ്ദേഹം മെത്രാനും കര്‍ദ്ദിനാളുമായി. അപ്പോഴാണ്, ബേക്കണ്‍ എഴുതിയത്. കുറച്ചുമാസങ്ങള്‍ കഴിഞ്ഞ്, ഫള്‍ക്കസ്, മാര്‍പ്പാപ്പയായി-ക്ലമന്റ് നാലാമന്‍. അന്ന് വിവാഹിതനും മാര്‍പ്പാപ്പയാകാം. റോമില്‍നിന്ന് മാര്‍പ്പാപ്പ വീണ്ടും ബേക്കണ് കത്തെഴുതി. സ്വന്തം സന്യാസസമൂഹത്തിന്റെ പീഡനം കാരണം, വേണ്ടവിധം സിദ്ധാന്തങ്ങള്‍ ക്രോഡീകരിക്കാനായില്ലെന്ന് ബേക്കണ്‍ അറിയിച്ചു. സ്വതന്ത്രനായി രണ്ടുവര്‍ഷത്തിനുള്ളില്‍ ബേക്കണ്‍  മുഖ്യപ്രബന്ധം മാര്‍പ്പാപ്പയ്ക്ക് ജോണ്‍ എന്ന സഹായിവശം കൊടുത്തയച്ചു.

പല വിഷയങ്ങളുമുള്ള പ്രബന്ധത്തില്‍, ഗണിതത്തിന്റെ ഭാഗത്താണ് കലണ്ടര്‍ പ്രശ്‌നം വന്നത്. കലണ്ടറുണ്ടാക്കിയ ജൂലിയസ് സീസറിനെയാണ്, ബേക്കണ്‍ പ്രതിസ്ഥാനത്തു നിര്‍ത്തിയത്. ബിസി 45 ജനുവരി ഒന്നിനാണ്, ആ കലണ്ടര്‍ ആരംഭിച്ചത്. അതില്‍ വര്‍ഷത്തിന്റെ ദൈര്‍ഘ്യം ശരിയായിരുന്നില്ല. 130 വര്‍ഷത്തിലൊരിക്കല്‍, ഒരു ദിവസം അതില്‍ കൂടുതലായിരിക്കും; അതെടുത്ത് മാറ്റിയാല്‍, കലണ്ടര്‍ നേരെയാകും. വസന്തസംക്രാന്തി കഴിഞ്ഞുവരുന്ന വെളുത്തവാവിന് ശേഷമുള്ള ഞായറാഴ്ചയാണ്, സഭ ഈസ്റ്റര്‍ ആചരിച്ചിരുന്നത്. 325 ല്‍ തുര്‍ക്കിയിലെ നിസിയയില്‍ ചേര്‍ന്ന കൗണ്‍സിലാണ്, അങ്ങനെ തീരുമാനിച്ചത്. എന്നാല്‍ 325 നുശേഷം, സംക്രാന്തി ദിവസം ദൈര്‍ഘ്യം കൂടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നു ബേക്കണ്‍ വാദിച്ചു-11 മിനുട്ടിലധികം. പ്രബന്ധമെഴുതുന്ന 1267 ല്‍ കൃത്യമായ സംക്രാന്തി നാള്‍ മാര്‍ച്ച് 12 ആയിരുന്നുവെന്ന് അദ്ദേഹം കണക്കുകൂട്ടി. അപ്പോള്‍, ഒന്‍പതു ദിവസത്തെ വ്യത്യാസം കലണ്ടറില്‍ കാണേണ്ടതായിരുന്നു. ഓരോ 125 വര്‍ഷം കൂടുമ്പോഴും ഒരു ദിവസം കലണ്ടറില്‍ കുറയ്ക്കുക എന്നതായിരുന്നു, ബേക്കണ്‍ നിര്‍ദ്ദേശിച്ച പോംവഴി.

കണക്കു ശരിയായിരുന്നില്ലെങ്കിലും, ബേക്കണ് സഹസ്രാബ്ദം മുന്‍പ്, ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞന്‍ ക്ലോഡീയസ് ടോളമി (ഏതാണ്ട് എഡി 100-178) കലണ്ടര്‍ വര്‍ഷം യഥാര്‍ത്ഥ വര്‍ഷത്തേക്കാള്‍ കുറവാണെന്ന് കണ്ടിരുന്നു. ദൈര്‍ഘ്യം കൂടുതല്‍ അഥവാ കുറവ് എന്നു ഗണിച്ചവരില്‍, ആര്യഭടന്‍ (476-550), മുഹമ്മദ് ഇബ്ന്‍മൂസാ അല്‍-ഖ്വാറിസ്മി (780-850) തുടങ്ങിയവരും പെടും. ശാസ്ത്രം മുന്നോട്ടുവച്ച സത്യം നിരാകരിക്കുന്നവന്‍ മണ്ടനാണെന്ന് ബേക്കണ്‍ എഴുതി. 1268 നവംബര്‍ 29 ന് ക്ലമന്റ് നാലാമന്‍ മാര്‍പ്പാപ്പ മരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നുവെന്ന്, നമുക്കറിഞ്ഞു കൂടാ. പിന്നീടുവന്ന ഗ്രിഗറി പത്താമന്‍ മാര്‍പ്പാപ്പയും ഒന്നും പറഞ്ഞില്ല.


1272 ല്‍ ബേക്കണ്‍ രാജാക്കന്മാരെയും മാര്‍പ്പാപ്പയെത്തന്നെയും വിമര്‍ശിച്ചു. സ്വത്തും അധികാരവും കയ്യാളി, യേശുവിന്റെ ഉദ്‌ബോധനങ്ങളില്‍ നിന്നു സഭ വഴിവിട്ടതായി കണ്ട്, ബേക്കണ്‍ യൂറോപ്പിലെ ഒരു ചെറുസംഘം വൈദികര്‍ക്കൊപ്പം ചേര്‍ന്നു. 'സംശയാസ്പദമായ നവീനതകള്‍' പ്രചരിപ്പിച്ചതിന് 1277 ല്‍ ബേക്കണെ വിചാരണ ചെയ്ത് തടവിലിട്ടു. മോചിതനായ ശേഷം, വൃദ്ധനായ ബേക്കണ്‍ 1292 ല്‍ പിന്നെയും തീപ്പൊരി പ്രബന്ധമെഴുതി. അതാരും ശ്രദ്ധിച്ചില്ല. അദ്ദേഹത്തിന്റെ മരണത്തിന്റെ രേഖകളൊന്നും നിലവിലില്ല. നവോത്ഥാനകാലത്ത്, ബേക്കണ്‍ ഉയിര്‍ത്തെഴുന്നേറ്റു. ബേക്കണ്‍ മരിച്ച് 300 കൊല്ലം കഴിഞ്ഞ്, ഗ്രിഗറി പതിമൂന്നാമന്‍ മാര്‍പ്പാപ്പ (1502-1585), 1582 ല്‍ കലണ്ടര്‍ നേരെയാക്കി. 1543 ല്‍ കോപ്പര്‍നിക്കസ് കലണ്ടര്‍ പ്രശ്‌നമുയര്‍ത്തുകയും സൂര്യനും ഗ്രഹങ്ങളും ഭൂമിക്കു ചുറ്റും വലയംവയ്ക്കുന്നുവെന്ന വിശ്വാസം വിഡ്ഢിത്തമാണെന്നു പറയുകയും സഭ അയാളെ ശിക്ഷിക്കുകയും ചെയ്തിരുന്നു. സഭയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അങ്ങനെയാണ്: വിവരം വിളിച്ചുപറയുന്നവരെ ശിക്ഷിക്കും. അപ്പോള്‍ ഇഎംഎസിനെ പുറത്താക്കാത്തതോ?



വിവരമില്ലാതിരുന്നതിനാലാണ്, എന്നതാണ് ഉത്തരം. ഇഎംഎസ് എഴുതിയ ഒരു വരിപോലും, കാലത്തെ അതിജീവിക്കില്ല. അദ്ദേഹത്തിനു സര്‍ഗശേഷിയുണ്ടായിരുന്നില്ല. ''നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, ചങ്ങലകള്‍ അല്ലാതെ'' എന്നു മാര്‍ക്‌സും എംഗല്‍സും തൊഴിലാളികളോടു പറഞ്ഞിടത്ത് ഒരു സര്‍ഗ സ്ഫുലിംഗമുണ്ട്. അത്തരം വരികള്‍ നിലനില്‍ക്കും-പ്രത്യയശാസ്ത്രം മൊത്തത്തില്‍ പൊളിഞ്ഞാലും. സഭയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കമ്മീഷനുകളെ വയ്ക്കും. ബവേറിയയിലെ ഗണിതശാസ്ത്രജ്ഞന്‍ ക്രിസ്റ്റഫര്‍ ക്ലേവിയസ്, ഇറ്റാലിയന്‍ വൈദ്യന്‍ അലോഷ്യസ് ലിലിയസ് എന്നിവരെ കമ്മീഷനാക്കിവച്ച്, ഗ്രിഗറി മാര്‍പ്പാപ്പ കലണ്ടര്‍ തിരുത്തിയ വിളംബരം 1582 ഫെബ്രുവരി 24 ന് വന്നു. ബേക്കണ്‍ മുന്‍ മാര്‍പ്പാപ്പയെ വിവരമറിയിച്ചശേഷം, അപ്പോള്‍, രണ്ടുവര്‍ഷം കൂടി നഷ്ടപ്പെട്ടിരുന്നു. എപ്പോഴും, കലാകാരനിലെ പ്രണയമാണ് സര്‍ഗശേഷിയെ ഉണര്‍ത്താറ്: ജൂലിയസ് സീസറിന് ക്ലിയോപാട്രയോട് പ്രണയം തോന്നിയിടത്താണ്, കലണ്ടര്‍ ഉണ്ടായത്. തീയതിവച്ചേ, സമാഗമം പറ്റൂ. 41 നാളത്തെ മണ്ഡലവ്രതം, റോമില്‍ ഉണ്ടായിരുന്നില്ല.


നമുക്കും സ്വന്തം കലണ്ടറുണ്ട്; കൊല്ലം തലസ്ഥാനമായ മുഹൂര്‍ത്തം വച്ചാണെന്നു പറയപ്പെടുന്നു; അതിനെ സംബന്ധിച്ച് പാഠഭേദമുണ്ട്. അതാണ് കൊല്ലവര്‍ഷം; കൊല്ലാന്‍ കിട്ടിയ നേരം എന്നതാകാം, ശരി. പൊതുവെ മനുഷ്യര്‍ക്ക് സ്വകാര്യ കലണ്ടറുള്ളതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒന്‍പതു ദിവസം നഷ്ടപ്പെട്ടതാണ് ബേക്കണ്‍ കണ്ടത് എങ്കില്‍, കലണ്ടര്‍ ദിനങ്ങള്‍ മൊത്തത്തില്‍ നഷ്ടപ്പെടുത്തുന്നവരെയും നാം കാണാറുണ്ട്; അവരിലൊരാളാണ്, നക്‌സലിസത്തില്‍ നിന്നു റിട്ടയര്‍ ചെയ്ത കെ.ഒളിവിടം തേടി ഒരിക്കല്‍ കെ., ചെന്നൈയില്‍ നടന്‍ കെ.പി.ഉമ്മറിന്റെ വീട്ടിലെത്തി. 'ചെറിയ വാടകയ്ക്ക് ലോഡ്ജ് മുറി വേണം' എന്നു പറഞ്ഞപ്പോള്‍, ഉമ്മറിന് കാര്യം മനസ്സിലായി-പണം ഇല്ല. ഉമ്മര്‍ തന്റെ കാര്‍ഷെഡ് കെ.യ്ക്ക് താമസിക്കാന്‍ കൊടുത്തു. അപ്പോഴാണ്, കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണം. അതു ചെയ്തത് തന്റെ പാര്‍ട്ടിയാണെന്ന്, അവിടെനിന്നു കെ. പ്രസ്താവനയിറക്കി. നാട്ടില്‍നിന്ന് അതിഥികള്‍ വരുന്നുവെന്നു ന്യായം പറഞ്ഞ്, ഉമ്മര്‍ കെ.യെ ഒഴിവാക്കി. കാലം ഒരു പ്രവാഹമാണ്; അതിന്റെ തീരത്തിരുന്നു കലണ്ടറുണ്ടാക്കുന്നതു തന്നെ പാഴ്‌വേലയാണ്. ക്രിസ്തു മരിച്ച അന്നാണോ ലോകമുണ്ടായത്? നബി മെദീനയ്ക്കു പോയപ്പോഴാണോ, ലോകം ആരംഭിച്ചത്? കലണ്ടര്‍ വെറും അക്കമാണ്; അക്ഷരമാണ് ജീവിതം. എങ്കിലും കാശുകായ്ക്കുമെങ്കില്‍ കലണ്ടര്‍, '.....' തന്നെ!


© Ramachandran

     


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...