Tuesday, 11 June 2019

സാർത്രിന്റെ മാസിക പൂട്ടുമ്പോൾ

രുപതാം നൂറ്റാണ്ടിലെ വലിയ ചിന്തകൻ ഴാങ് പോൾ സാർത്രിന്റെ സഹയാത്രിക സിമോങ് ദേ ബുവ്വ സ്ഥാപിച്ച ഇടതു മാസിക ലെ ടെംപെസ് മോഡേണെ പൂട്ടി. 74 കൊല്ലം പ്രസിദ്ധീകരിച്ചു.ഞായർ ഉച്ചയിലെ ഇതിൻറെ പത്രാധിപ സമിതി യോഗങ്ങൾ ആയിരുന്നു സൗഹൃദത്തിൻറെ ഏറ്റവും വലിയ മാതൃകയെന്ന് ബുവ്വ പറഞ്ഞിരുന്നു. അവസാന എഡിറ്റർ ക്ളോദ് ലാൻസ് മാൻ കഴിഞ്ഞ ജൂലൈയിൽ മരിച്ചതോടെ പൂട്ടൽ അനിവാര്യമായിരുന്നു.1986 ൽ ബുവ്വ മരിച്ചപ്പോഴാണ്, ലാൻസ് മാൻ എഡിറ്ററായത്. സാർത്രിന്റെ വിദ്യാർത്ഥിയായിരുന്ന ലാൻസ് മാൻ ബുവ്വയുടെ കാമുകനുമായിരുന്നു. വിസ്മയിക്കേണ്ട, സാർത്രും ബുവ്വയും ലൈംഗിക സ്വാതന്ത്ര്യം അനുഭവിച്ചവരാണ്. തൻറെ ശിഷ്യകളെയും ബുവ്വ സാർത്രിന്റെ കിടക്കയിൽ എത്തിച്ചിരുന്നു.
നവ പത്രപ്രവർത്തനം അമ്പതുകളിൽ ന്യൂയോർക്കിൽ നിന്ന് തുടങ്ങി എന്നവകാശപ്പെടുന്നുവെങ്കിലും നാല്പതുകളിൽ പാരിസിൽ ഈ മാസികയോടെ തുടങ്ങി എന്ന ബദൽ ചരിത്രവുമാകാം.ശൈലി മൗലികവും റിപ്പോർട്ടിങ് സാഹിത്യവുമായിരുന്നു.അപഗ്രഥനമാകട്ടെ,വീറുള്ളതും.1945 ഒക്ടോബറിലെ ആദ്യ ലക്കം പത്ര പ്രവർത്തനത്തിലും രാഷ്ട്രീയത്തിലും സ്ഫോടനമായിരുന്നു.അതിൻറെ മാനിഫെസ്റ്റോ ലോകം മുഴുവൻ പരിഭാഷ ചെയ്യപ്പെട്ടു.”ബൂർഷ്വയായി ജനിച്ച ഏത് എഴുത്തുകാരനും നിരുത്തരവാദിത്തത്തിൻറെ പ്രചോദനം അറിയാം പാരീസ് കമ്മ്യൂണിന് ശേഷമുള്ള അടിച്ചമർത്തലുകൾക്ക് ഉത്തരവാദി ഫ്ലോബേർ ആണെന്ന് ഞാൻ പറയും;കാരണം അതിനെതിരെ അദ്ദേഹം ഒന്നും എഴുതിയില്ല” എന്ന് തുടങ്ങുന്നതായിരുന്നു,അത്.

ചാർളി ചാപ്ലിൻറെ മോഡേൺ ടൈംസ് ആയിരുന്നു ശീർഷകം.റെയ്മോന്ദ് ആരോൺ,മെർലോ പോണ്ടി,മൈക്കിൾ ലെയറിസ്,ഫിലിപ് ടോയിൻബി എന്നിവർ എഴുതി.പിക്കാസോ മുഖചിത്രം വരച്ചു.തുടർന്നുള്ള ലക്കങ്ങളിൽ സാമുവൽ ബക്കറ്റും ഷെനെയുമൊക്കെ എഴുതി.എല്ലാ ചൊവ്വയും വെള്ളിയും വൈകിട്ട് ഇതിൻറെ ഓഫിസിൽ സാർത്രിനെ ആർക്കും ചെന്ന് കാണാമായിരുന്നു.ഇത് മാസികയിൽ അച്ചടിച്ചു,ഫോൺ നമ്പർ കൊടുത്തു.

മാർക്സിസത്തിൻറെ കൊഴിഞ്ഞു പോക്ക്

ന്ത്യയിൽ ഇറക്കുമതി ചരക്കായ മാർക്സിസത്തിൻറെ കൊഴിഞ്ഞു പോക്ക് ബംഗാളിൽ തന്നെ നടന്നത്, വിധി വൈപരീത്യം തന്നെ. മൗലികമായി ഒന്നും തന്നെയില്ലാത്ത ഒരു പ്രത്യയ ശാസ്ത്രം ബംഗാളിലും കേരളത്തിലും വേരു പിടിച്ചത്, രണ്ടിടത്തും അതിൻറെ വരവിനു മുൻപ്, നവോത്ഥാനം പൂർത്തിയായിരുന്നു എന്നതിനാൽ. ആ നവോത്ഥാന പ്രക്രിയയിൽ, വിവരമുള്ള സന്യാസിമാർ വഴി, വിവേകാനന്ദനും അരവിന്ദ ഘോഷും നാരായണ ഗുരുവും ചട്ടമ്പി സ്വാമികളുമൊക്കെ വഴി, അദ്വൈതം അന്തർധാരയായി കടന്നു കയറി. ദൈവവും മനുഷ്യനും ഒന്ന് എന്ന അദ്വൈത ചിന്ത, എങ്കിൽ ദൈവം വേണ്ട എന്ന നിലയിലേക്ക്, കമ്മ്യൂണിസ്റ്റുകൾക്ക് വളച്ചൊടിക്കാൻ എളുപ്പമായി. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പിറന്നത് തന്നെ ബംഗാളിലാണ്. അതും നവോത്ഥാന തുടർച്ചയായിരുന്നു.

ഗാന്ധിയുടെ കാലത്ത്, ബംഗാളിലെ കോൺഗ്രസ് ഗാന്ധിയുടെ നയങ്ങൾക്കൊപ്പം നിന്നില്ല എന്നത് ചരിത്രമാണ്. ചിത്തരഞ്ജൻ ദാസ് എന്ന വടവൃക്ഷം കോൺഗ്രസ് നേതാവായി നിന്ന ബംഗാളിൽ, ഗാന്ധിക്ക് കാര്യമായ പ്രവേശനം തന്നെ ഉണ്ടായിരുന്നില്ല. ഒന്നാന്തരം കവി കൂടിയായിരുന്ന ദാസിൻറെ കവിത, സാഗര ഗീതംമോഷ്ടിച്ചതാണ്, ജി ശങ്കരക്കുറുപ്പിൻറെ സാഗര സംഗീതം. ദാസിൻറെ കവിത ഇംഗ്ലീഷ്-ലേക്ക് പരിഭാഷ ചെയ്തത്, മഹർഷി അരവിന്ദനായിരുന്നു. കുറുപ്പ് കവിത പകർത്തിയ പോലെ, പി കൃഷ്ണ പിള്ള,മാർക്‌സിസം അവിടന്ന് പകർത്തി. കോൺഗ്രസുകാരനായി, ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിലിൽ ആയിരുന്നപ്പോഴാണ്, പിള്ള ബംഗാളിലെ തീവ്ര സംഘടനയായ അനുശീലനുമായി ബന്ധപ്പെട്ടതും അതിൽ അംഗമായതും. ഇ എം എസ് ചേർന്നത് പിന്നീടാണ്. മറ്റൊരു വഴിയിൽ, പി കേശവദേവ് ബാരിസ്റ്റർ എ കെ പിള്ളയുടെ വീട്ടിൽ പോയി, ജോൺ റീഡ് എഴുതിയ ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങൾ വായിച്ച് ആലപ്പുഴയിലെ ആദ്യ തൊഴിലാളി യൂണിയൻ നേതാവായി. അദ്ദേഹം മാർക്‌സിസം ആദ്യമായി പ്രസംഗിച്ച വഴിയിൽ രണ്ടു കിലോമീറ്റർ കൂടി
യാത്ര ചെയ്താൽ, അമൃതാനന്ദമയീ മഠം ആയി.
തൊഴിലാളികൾ ധാരാളമുണ്ട്, അവരെ കൈയിലെടുക്കാൻ; പുതിയൊരു വേദം കിട്ടി എന്ന മട്ടിൽ കാര്യങ്ങൾ നീങ്ങി. ഇ എം എസിനെയും മറ്റും കോൺഗ്രസിൽ ചാലപ്പുറം ഗ്യാങ് ഒതുക്കിയിരുന്നതിനാൽ, അദ്ദേഹത്തിനും വേറൊരു വേദി കിട്ടി. പുതിയ വേദത്തിൻറെ മൗലികതയില്ലായ്മ വിഷയമായിരുന്നില്ല. ഇന്ന് കത്തോലിക്കാ മതത്തിൽ നിന്ന് പെന്തക്കോസ്തിൽ ചേർന്ന് ഏഴകൾ കൊഴിയും പോലെ, മുതലാളിയുടെ സേവകത്വത്തിൽ നിന്ന് മോചിതനായ പോലെ തൊഴിലാളിക്ക് തോന്നി.

ഹെഗലിൻറെ ഫിലോസഫി ഓഫ് ഹിസ്റ്ററി എന്ന പുസ്തകത്തിലെ ഖണ്ഡികകൾ അതേ പടി മോഷ്ടിച്ച അന്നത്തെ സുനിൽ ഇളയിടമായിരുന്നു, മാർക്സ്. ഹെഗലിൻറെ ചിന്തയിൽ നിന്ന് ദൈവത്തെ വെട്ടി നീക്കി, ഫോയർബാക്കിന്റെ എസ്സൻസ് ഓഫ് ക്രിസ്ത്യാനിറ്റി യിലെ ആശയങ്ങൾ ചേർത്താൽ മാർക്‌സിസം കിട്ടും. ഭാര്യ ജെന്നി  നാലാം പ്രസവത്തിനു പോയപ്പോൾ, വീട്ടു വേലക്കാരി ഹെലൻ ഡീമുത്തിൽ അവിഹിത സന്തതിയെ സൃഷ്ടിച്ച അരാജകത്വം കൂടി ചേർത്താൽ, ജീവിത ദര്ശനവും കിട്ടും. അത് അദ്വൈതത്തിൽ ഇല്ല. ശശിമാരിൽ ഉണ്ട്.
മാർക്സിസം ബംഗാളിൽ വേര് പിടിച്ചതിൽ  സുഭാഷ് ചന്ദ്ര ബോസിൻറെ പങ്ക് ചെറുതല്ല. ചിത്തരഞ്ജൻ ദാസിൻറെ ശിഷ്യനും പിൻഗാമിയുമായ ബോസ്, ഗാന്ധിയുമായി തർക്കിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ തീവ്രവാദി പ്രസ്ഥാനങ്ങളുമായി ബന്ധത്തിലായിരുന്നു. കോൺഗ്രസിന്റേതല്ലാത്ത ഒരു രാഷ്ട്രീയ ധാരയ്ക്ക് അവിടെ ഭൂമി കിളച്ചത് ബോസാണ്. ഇന്ത്യൻ കമ്മ്യൂണിസത്തിൻറെ പിതാവായ മുസഫർ അഹമ്മദ്, ബോസിനും എട്ടു കൊല്ലം മുൻപേ ജനിച്ചിരുന്നു. ബോസിൻറെ തീവ്രവാദം വന്നത് തന്നെ, ഇന്ത്യൻ പൈതൃകത്തിൽ നിന്നായിരുന്നു. ഈ ആത്മീയത ബംഗാൾ കമ്മ്യുണിസ്റ്റുകൾ പിന്തുടർന്നില്ല. അതായത്,മാർക്സിസത്തിൻറെ ഭാരതവൽക്കരണം നടന്നില്ല. മാത്രമല്ല, ആധുനിക ഊർജ്ജതന്ത്രം, ഭാരതീയ സിദ്ധാന്തങ്ങൾ ശരിവച്ചു മുന്നേറിയപ്പോൾ, മാർക്സിസത്തിൻറെ ശാസ്ത്രീയമായ പുതുക്കലും നടന്നില്ല. മൗലികമല്ലാത്ത സിദ്ധാന്തത്തിന്, അടിത്തറയില്ലാത്തതിനാൽ, പുതുക്കലുകൾ സാധ്യമല്ല. ഇങ്ങനെ ബംഗാളിലും കേരളത്തിലും പാർട്ടിയെ ബൂർഷ്വ റാഞ്ചി. മുതലാളിക്ക് ലെവി പിരിച്ച്, ബന്ദിപ്പണം കൊടുത്തു കൊണ്ടിരിക്കുകയാണിപ്പോൾ. മാർക്സിസത്തിൻറെ നടുവൊടിക്കുന്ന മസാല ബോണ്ടിൽ അത് കുടുങ്ങിപ്പോയി. കണ്ണകി വലിച്ചെറിഞ്ഞ ചിലമ്പ് പോലെ, അവശിഷ്ടങ്ങൾ മധുരയിലും കോയമ്പത്തൂരിലും പൊങ്ങി. അത് ജഡാവശിഷ്ടങ്ങളാണെന്ന് കേരള സഖാക്കൾ അറിയുമ്പോഴേക്കും, ഭരണകൂടം കൊഴിഞ്ഞിരിക്കും.

ടിയാനന്മെന്നിലെ ടാങ്ക് മാൻ


ചൈനീസ് തലസ്ഥാനമായ ബെയ്‌ജിങിലെ ടിയാനന്മെൻ ചത്വരത്തിൽ കമ്യൂണിസ്റ്റ് ഭരണകൂടം നിരപരാധികളെ കൂട്ടക്കൊല നടത്തിയ ദുരന്തത്തിന്, ജൂൺ നാലിന് 30 വർഷം തികയുമ്പോൾ രണ്ടു മുഖങ്ങളാണ് ഓർമയിൽ വരുന്നത് – യു ആർ അനന്ത മൂർത്തിയുടെയും പി ഗോവിന്ദ പിള്ളയുടെയും. ഇന്ത്യയിൽ നിന്നുള്ള ഒരു സാംസ്‌കാരിക സംഘം, സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നു. അതിൽ അംഗമായിരുന്നു,അന്ന് കോട്ടയം സർവകലാശാല വൈസ് ചാൻസലർ ആയിരുന്ന അനന്ത മൂർത്തി. അദ്ദേഹം തിരിച്ചെത്തിയ പാടെ, ഞാൻ വീട്ടിൽ ഹാജരായി. ഏതാനും ദിവസങ്ങൾ രാവിലെ മുതൽ അദ്ദേഹം, മുറിക്കുള്ളിൽ നടന്ന്,താൻ അവിടെ കണ്ടതും അനുഭവിച്ചതും എന്നോട് പറഞ്ഞു കൊണ്ടിരുന്നു. ഓരോ ദിവസവും പറഞ്ഞത്, മലയാളത്തിലാക്കി, ഞാൻ മനോരമ യിൽ പ്രസിദ്ധീകരിച്ചു. ആ നല്ല പരമ്പര പുസ്തകമായില്ല.
രണ്ടാമത്തെ മുഖം, പീജിയുടേതാകാൻ കാരണം, അദ്ദേഹം ചിന്ത യിൽ ചൈനീസ് ഭരണകൂടത്തെ എതിർത്ത് ലേഖനം എഴുതിയതിന്, പാർട്ടി അദ്ദേഹത്തെ ശാസിച്ചു എന്നത് കൊണ്ടാണ്. അന്ന്വാർത്തയും വ്യക്തിയും എന്ന പംക്തിയിൽ പീജിയെപ്പറ്റിയുള്ള വിലയിരുത്തൽ ഞാൻ ഇങ്ങനെ തുടങ്ങി: ” എ കെ ജി സെൻററിൽ നിന്ന് ടിയാനന്മെന്നിലേക്കുള്ള അകലം, ഒരു ശാസനയുടെ അകലമാണ്”.
അഞ്ചു കൊല്ലത്തിനു ശേഷം, ബെയ്‌ജിങിലെ ആ ചത്വരത്തിൽ ഞാൻ നിന്നത്, കമ്മ്യുണിസ്റ്റ് ലോകം പ്രപഞ്ചത്തിനു നൽകിയ നടുക്കങ്ങളെ ഓർത്തു കൊണ്ടാണ്. ഇതു പോലെ ഏകാധിപതികളെ സൃഷ്‌ടിച്ച രാഷ്ട്രീയ തത്വ ശാസ്ത്രം വേറെയില്ല. ഒരു തുക്കിടി ലോക്കൽ സെക്രട്ടറിയിൽ പോലും ഒരു ചെറുകിട സ്റ്റാലിനെ കാണാം.
ലോകം ടിയാന ന്മെൻ ദുരന്തത്തെ ഓർക്കുന്നത് ടാങ്ക് മാൻ എന്ന ചിത്രo വഴിയാണ്. ഷോപ്പിംഗ് കഴിഞ്ഞു വന്ന ഒരാൾ ആ സഞ്ചിയും പിടിച്ച്, കൂട്ടക്കൊല നടത്തി മടങ്ങുന്ന ടാങ്കുകൾക്ക് സ്വന്തം ശരീരം വാഗ്‌ദാനം ചെയ്യുന്നതാണ്, മായാത്ത ആ ചിത്രം. അതെടുത്തത്, അസോഷ്യേറ്റഡ് പ്രസ് ( എ പി ) ഫോട്ടോഗ്രഫർ, ജെഫ് വൈഡ്‌നർ.


ബാങ്കോക്കിൽ എ പി യുടെ ഫോട്ടോ എഡിറ്ററായിരുന്ന ജെഫിനോട് ബെയ്‌ജിങിൽ പോകാൻ കമ്പനി പറഞ്ഞത്, ടിയാനന്മെന്നിൽ, വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷമായപ്പോഴാണ്. ഇന്നദ്ദേഹത്തിന് 62 വയസ്. ബാങ്കോക്കിലെ ചൈനീസ് കോൺസുലേറ്റ് വിസ നിഷേധിച്ചപ്പോൾ, ജെഫ്, ഹോംഗ് കോങിലേക്ക് പറന്നു. അവിടെ ട്രാവൽ ഏജൻസി വഴി ടൂറിസ്റ്റ് വിസ കിട്ടി. ലഗേജിൽ മൊബൈൽ ഡാർക്ക് റൂം കരുതി. ദിവസവും രാവിലെ സൈക്കിളിൽ ടിയാനന്മെനിൽ പോയി. 1989 മെയ് 30 ന് ടിയാനന്മെൻ ഗേറ്റിൽ, മാവോയുടെ വൻ ചിത്രത്തിന് എതിരെ ജനാധിപത്യത്തിൻറെ ദേവി യുടെ ചിത്രം വിദ്യാർത്ഥികൾ ഉയർത്തിയതിന്റെ ഫോട്ടോ എടുത്തു.


സർക്കാർ പട്ടാള നിയമം പ്രഖ്യാപിച്ചപ്പോൾ വഴികളിൽ ജനം സേനയെ തടഞ്ഞു. ഡെങ് സിയാവോ പിങിനും സഖാക്കൾക്കും അത് ദഹിച്ചില്ല. ജൂൺ മൂന്ന് രാത്രി സേന ചത്വരത്തിൽ ജനക്കൂട്ടത്തെ ഭേദിച്ചപ്പോൾ, ജെഫിനൊപ്പം ലേഖകൻ ഡാൻ ബിയേഴ്‌സും ഉണ്ടായിരുന്നു. ടാർ പൂശിയ ഒരു കല്ല് തലയിൽ വന്നു പരുക്കേറ്റ് ജെഫ് ഹോട്ടലിലേക്ക് മടങ്ങി. അടുത്ത ഉച്ചയ്ക്ക് ജെഫ് കണ്ടത്, സ്വന്തം ഭരണ കൂടം തങ്ങൾക്കു നേരെ നീങ്ങുന്നത് കണ്ടു ബോധം കെട്ട ജനത്തെയാണ്. വാഹനങ്ങൾ കത്തിക്കരിഞ്ഞു കിടക്കുന്നു. സേനയെ നിരാലംബരായ ജനം പ്രതിരോധിക്കുന്നു. പട്ടാളം ചത്വരം കീഴടക്കിയ ചിത്രത്തിനായി, ബെയ്‌ജിങ്‌ ഹോട്ടലിനു മുകൾ നിലയിൽ എത്തി. അവിടെ അമേരിക്കയിൽ നിന്ന് കൈമാറ്റ പദ്ധതിയിൽ എത്തിയ വിദ്യാർത്ഥി കിർക് മാർട്ട്സനെ കണ്ടു മുട്ടി. ഒരുപാടു കാലം പരിചയമുള്ള പോലെ കിർക് പെരുമാറി, ഹോട്ടലിന് കാവൽ നിന്ന സേനക്കിടയിലൂടെ കടക്കാൻ ജെഫിനെ സഹായിച്ചു. ആറാം നിലയിലെ തൻറെ മുറിയിൽ കിർക്, ജെഫിനെ കടത്തി -അവിടെ നിന്ന് തെരുവ് നന്നായി കാണാം. ഫിലിം തീർന്നിരുന്നു. അതിനായി എ പി ബ്യുറോയിൽ പോകുന്നത് ആലോചിക്കാനേ വയ്യ. ലോബിയിൽ പേടിച്ചരണ്ട ടൂറിസ്റ്റുകളോട് ചോദിക്കാൻ പോയ കിർക് രണ്ടു മണിക്കൂർ കഴിഞ്ഞ് ഫിലിമുമായി എത്തി. ഒരൊറ്റ റോൾ മാത്രം. രാത്രി മുഴുവൻ ജെഫ് ഉറക്കമിളച്ചു. ജൂൺ അഞ്ച് പുലർച്ചെ ടാങ്കുകളുടെ ഇരമ്പം കേട്ട് ബാൽക്കണിയിൽ ചെന്നു. ചിത്രമെടുക്കാൻ തുടങ്ങിയപ്പോൾ സഞ്ചിയുമായി ഒരു മനുഷ്യൻ ടാങ്കുകൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. അയാൾ തൻറെ ചിത്രം അലമ്പാക്കും എന്ന് ജെഫ് കരുതി. അയാളെ നോക്കി നല്ല ചിത്രത്തിന് ജെഫ് കാത്തു. അയാളെ അവർ വെടി വച്ചില്ല. എങ്കിൽ, ഒരു ക്ളോസ് ഷോട്ട് വേണമെന്ന് തോന്നി. രണ്ടു തവണ ടാങ്കുകളെ തടഞ്ഞ അയാൾ, ഒരു തവണ അതിനു മുകളിൽ കയറി, സൈനികനോട് തർക്കിച്ചു. നീല വസ്ത്രമണിഞ്ഞ രണ്ടു പേർ അയാളെ അവിടന്ന് മാറ്റി – ആ മൂന്നു പേർ ആരെന്നു നമുക്കറിയില്ല. അഞ്ചു ഫൊട്ടോഗ്രഫർമാരും വിഡിയോഗ്രാഫർമാരും സംഭവം ചിത്രീകരിച്ചു. ജെഫിൻറെ ചിത്രം പ്രശസ്തമായി – പുലിറ്റ്സർ സമ്മാനത്തിന്റെ അവസാന ഘട്ടം വരെ എത്തി. ലോകത്തെ സ്വാധീനിച്ച 100 ചിത്രങ്ങളിൽ ടൈം വാരിക ഇതുൾപ്പെടുത്തി. സംഹാരത്തെ പ്രതിരോധിക്കുന്നത്, ചിലപ്പോൾ ഒരു മനുഷ്യൻ മാത്രമായിരിക്കും. ടിയാനന്മെനുമായി ബന്ധപ്പെട്ട 3000 വാക്കുകൾ ചൈനയിൽ ഇൻറർനെറ്റ് സെർച്ചിൽ ഭരണ കൂടം നിരോധിച്ചിട്ടുണ്ട്. അതിലൊന്നാണ്, ടാങ്ക് മാൻ.

Monday, 10 June 2019

ആനന്ദ, നിത്യാനന്ദ യാത്രകൾ


മലയാളികൾ ശ്രദ്ധിക്കാത്ത മഹർഷി 


കാസർകോട് കാഞ്ഞങ്ങാട്ടെ ആനന്ദാശ്രമവുമായി വർഷങ്ങളായി എന്നെ ബന്ധിപ്പിച്ചു നിർത്തുന്നത്, സന്ത് ജ്ഞാനേശ്വർ ഭഗവദ് ഗീതയ്ക്ക് രചിച്ച, ‘ജ്ഞാനേശ്വരി’ എന്ന വ്യാഖ്യാനമാണ്. ആശ്രമമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ചെങ്ങന്നൂർ നഗരസഭാ അദ്ധ്യക്ഷനായിരുന്ന എം. പി.സദാശിവൻ പിള്ള ആശ്രമത്തിലെ അന്തേവാസിയായ ശേഷം നിർവഹിച്ചതാണ് പരിഭാഷ. വലിയ അത്ഭുതങ്ങൾ പ്രതീക്ഷിക്കാതെ ആ വ്യാഖ്യാനം വായിക്കുന്നതിനിടയിൽ അതിൽ, “വേഷപ്രച്ഛന്നമായി എത്തിയ മരണമാണ്, ജീവിതം” എന്ന വാചകം വായിച്ച് ഞാൻ സ്‌തബ്ധനായി; പഠിച്ച ഷേക്‌സ്‌പിയറെല്ലാം വെന്ത് വെണ്ണീറായി. LIFE IS NOTHING BUT DEATH IN DISGUISE എന്ന് ആ വരി പരിഭാഷപ്പെടുത്താം. LIFE IS NOTHING BUT A TALE TOLD BY AN IDIOT, FULL OF SOUND AND FURY എന്ന ഷേക്‌സ്‌പിയർ വരി, അതിനു മുന്നിൽ നിഷ്‌പ്രഭമാണ്.
 
നിത്യാനന്ദ 

ആനന്ദാശ്രമത്തിൽ പോകാനായത് ഇപ്പോൾ മാത്രമാണ്. ഇക്കുറി എന്നെ അങ്ങോട്ട് ഉന്തിവിട്ടത്, ഭഗവാൻ നിത്യാനന്ദയെപ്പറ്റിയുള്ള പഠനമാണ്. കാഞ്ഞങ്ങാട്ട് ആനന്ദാശ്രമം മാത്രമല്ല, നിത്യാനന്ദാശ്രമവുമുണ്ട്. 1959ലാണ് രമണമഹർഷി സമാധിയായത്; നിത്യാനന്ദയാകട്ടെ 1961ലും. രമണ മഹർഷിയോളം സിദ്ധികൾ കൈവരിച്ച ഏക മലയാളി സന്യാസി നിത്യാനന്ദയായിരിക്കും. അഷ്ടസിദ്ധികൾക്ക് ഉടയോൻ ആയിരുന്നു, നിത്യാനന്ദ. എന്നാൽ, അദ്ദേഹത്തെ മലയാളികൾ വേണ്ടവിധം അറിഞ്ഞിട്ടില്ല. അദ്ദേഹം ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചില്ല.

കൊയിലാണ്ടി തുണേരിയിൽ കൃഷിപ്പണിക്കാരായ ചാത്തുവിനും ഉണ്ണിയമ്മക്കും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ കുഞ്ഞിന് അവർ രാമൻനായർ എന്ന് പേരിട്ടു. വി.ആർ. കൃഷ്ണയ്യരുടെ ബന്ധുവും അഭിഭാഷകനുമായ ഈശ്വരയ്യരുടെ പണിക്കാരായ ഇരുവരും കുഞ്ഞിന് ആറു വയസ്സാകുമ്പോഴേക്കും മരിച്ചു. അതിനു മുമ്പ്, കുഞ്ഞിനെ അവർ ഈശ്വരയ്യരെ ഏൽപിച്ചു. പത്താം വയസ്സിൽ എനിക്ക് പോകണം എന്ന് പറഞ്ഞ രാമനോട്, “എൻ്റെ മരണസമത്ത് വരണം” എന്ന് ഈശ്വരയ്യർ അപേക്ഷിച്ചു. കുഞ്ഞ് ഈശ്വരചൈതന്യമുള്ളവനാണ് എന്ന് അദ്ദേഹം അറിഞ്ഞിരുന്നു.

കാഞ്ഞങ്ങാട്ടെ കാട്ടിലേക്കാണ് രാമൻ പോയത്. കാട്ടിൽ ചെങ്കല്ലു തുരന്ന് ഗുഹയുണ്ടാക്കി, അതിലവൻ തപസ്സുചെയ്തു. അവിടെ സിദ്ധികൾ നേടിയ അവൻ പാപനാശിനി തീർത്ഥമുണ്ടാക്കി. അഷ്ടസിദ്ധി ശിലകൾ കൊത്തി. ജീവിതത്തിൽ മിക്കവാറും മൗനത്തിൽ കഴിഞ്ഞ നിത്യാനന്ദ, മംഗലാപുരത്തെ ധ്യാന നിമിഷങ്ങളിൽ പറഞ്ഞ വാക്കുകൾ സാധ്വി തുളസി അമ്മ എഴുതിയെടുത്തതാണ്, ‘ചിദാകാശ ഗീത’. അത് 1927ൽ കന്നടയിൽ വന്നു.

ഈശ്വരയ്യരുടെ മരണ സമയത്ത് വീട്ടിലെത്തി, നിത്യാനന്ദ. നിത്യാനന്ദയുടെ ശിഷ്ടകാലം മഹാരാഷ്ട്രയിലെ വിരാറിനടുത്ത വജ്രേശ്വരി (ഗണേശ് പുരി) യിലായിരുന്നു. നിത്യാനന്ദയെപ്പറ്റി ആദ്യം വായിച്ചത്, നിത്യചൈതന്യയതിയുടെ ആത്മകഥയായ ‘യതിചരിത’ത്തിലാണ്.

യതിയുടെ ജീവിതത്തിലുണ്ടായ രണ്ടേ രണ്ടു ദർശനങ്ങൾ നിത്യാനന്ദയുടേത് ആയിരുന്നു (പേജ് 357-359).

അതീന്ദ്രിയാനുഭവങ്ങളുണ്ടോ എന്ന് യതി പഠിക്കുന്നതിനിടയിലായിരുന്നു, ആദ്യ ദർശനം. ഉച്ചയൂണു കഴിഞ്ഞു യതി, ദാദറിലെ ഒരു പഴയ കെട്ടിടത്തിൽ മൂന്നാം നിലയിലെ മുറിയിൽ, ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കെ, നല്ല കറുപ്പ് നിറവും തടിച്ച ശരീരവുമുള്ള ഒരു രൂപം ജനലിനു പുറത്തു വന്നു. അര വരെ മാത്രം കാണാം. കാണുന്നത് വിഭ്രാന്തിയാകാമെന്ന് കരുതി, യതി, കൈയും കാലും മുഖവും കഴുകി, മുഖം തോർത്താതെ ജനലിനടുത്തെത്തി. രൂപം വീണ്ടും അഭിമുഖമായി, പുറത്തുനിന്നു. യതി മുഖം അമർത്തി തുടച്ചു, സ്വന്തം ശരീരത്തിൽ നുള്ളിനോക്കി. രൂപം അപ്പോൾ സംസാരിച്ചു; ”കാണണോ, ഒരാളെ അയയ്ക്കാം .”

നാലുമണിവരെ ഉറങ്ങിയ യതി, വാതിലിൽ മുട്ടുകേട്ട് എഴുന്നേറ്റു. വാതിൽ തുറന്നപ്പോൾ, പുറത്തു നിന്ന പാഴ്‌സി, വജ്രേശ്വരിയിൽ നിത്യാനന്ദ സ്വാമിയെ കാണാൻ പോകുന്നുണ്ടോ എന്ന് ചോദിച്ചു. അടുത്തനാൾ രാവിലെ ഒരാൾ യതിയെ കൊണ്ടുപോകാൻ കാറുമായി എത്തി. ആശ്രമത്തിൽ, ടാർപോളിൻ കെട്ടിയുണ്ടാക്കിയ ഷെഡിനുതാഴെ, വീതിയുള്ള പലക ബെഞ്ചിൽ തലേന്ന് ഉച്ചക്ക് ജനലിനു പുറത്തു കണ്ട രൂപം- നിത്യാനന്ദ. ആ കണ്ണുകൾക്ക് മുന്നിൽ ആത്മാവ് നഗ്നമായതുപോലെ യതിക്ക് തോന്നി. അന്തേ വാസി കൊണ്ടുവന്ന കസേരയിൽ യതിയിരുന്നു. ഒരു പാത്രം നിറയെ പൊളിച്ച ഓറഞ്ചും തൊലികളഞ്ഞ വാഴപ്പഴവും മുന്ദിരിങ്ങയുമെത്തി. വലിയ ഗ്ലാസിൽ, ചൂടുപാൽ. യതി അവ ഭക്ഷിച്ചപ്പോൾ, സ്വാമിജി തൃപ്തിയോടെ ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചു. ഒന്നും പറഞ്ഞില്ല. സ്വാമിജി സമാധിയാകുന്നതിനു മൂന്നു മാസം മുമ്പ്, ഒരപരിചിതൻ എത്തി വീണ്ടും യതിയെ ആശ്രമത്തിൽ കൊണ്ടുപോയി. അന്നും ഒന്നും പറഞ്ഞില്ല.

ഗുരുക്കന്മാർ ഒരു പരമ്പരയിലെ കണ്ണികളാണെന്നു നാം അറിയുന്നു; അവർ ഒന്നും പറയേണ്ടതില്ല.

കായംകുളം ചേരാവള്ളി ഒന്നാം മൈലിൽ ഏതാനും മാസം മുമ്പ് വരെ ജീവിച്ച തങ്ക ദാസ് എന്ന അസാമാന്യ സിദ്ധികൾ ഉണ്ടായിരുന്ന ജോത്സ്യൻ, നിത്യാനന്ദയുടെ ശിഷ്യനായിരുന്നു എന്ന് എന്നോട് പറഞ്ഞത്, പ്രമുഖ പത്ര പ്രവർത്തകൻ ബി.സി. ജോജോ ആണ്; തങ്ക ദാസിൻറെ കഥകൾ പറഞ്ഞതാകട്ടെ, കാർഷിക ശാസ്ത്രജ്ഞൻ ഡോ.ആർ.ഗോപി മണിയും. തങ്ക ദാസിൻറെ തത്വചിന്ത, ‘ധ്യാനഭൂമിക’ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇറക്കിയിട്ടുണ്ട്- മലയാളികൾ അത് ശ്രദ്ധിച്ചിട്ടില്ല.

തങ്ക ദാസ് 

ബാല്യ, യൗവനങ്ങൾക്കിടയിൽ, വജ്രേശ്വരി ആശ്രമത്തിനു പുറത്തു ആറു മാസം കാത്തു കിടന്ന ശേഷമാണ് കായംകുളത്തുകാരൻ തങ്കപ്പനെ, നിത്യാനന്ദ അകത്തു പ്രവേശിപ്പിച്ചത്. പതിനാറു വർഷം സ്വാമിയുടെ കൂടെ തങ്കപ്പൻ ചെലവിട്ടു.

വാരണാസിയിലെ സംസ്കൃത പണ്ഡിതന്മാരിൽ നിന്നു വേദങ്ങളും തക്ഷശിലയിൽ നിന്നു തന്ത്രവും അഭ്യസിച്ചു. പതിനാറു വർഷമായപ്പോൾ സ്വാമിജി, തങ്കപ്പനോട് പറഞ്ഞു: ”തങ്കപ്പാ, നീ സന്യാസിയായാൽ നാട്ടുകാർ തല്ലിക്കൊല്ലും. നിൻറെ അച്ഛൻ ജയിലിൽ നിന്നു വന്നിട്ടുണ്ട്. കൊടുങ്ങലൂർ മേമനയില്ലത്തിന് പുറത്തു ചെന്ന് നിന്നാൽ തൊഴിൽ ചെയ്തു കുടുംബം പോറ്റാനുള്ള വഴികിട്ടും.”

അങ്ങനെ തങ്കപ്പൻ, ഗൃഹസ്ഥനായി. ഉത്രാടം തിരുന്നാൾ മാർത്താണ്ഡവർമയുടെ അസ്വാസ്ഥ്യങ്ങൾ മാറിയപ്പോൾ കായംകുളത്തു വീടും സ്ഥലവും കിട്ടി. സ്വന്തം ഭാര്യ സോജയുടെയും സഹോദരി ദേവിയുടെയും ദുരിതങ്ങൾ തങ്കദാസ് ആയ തങ്കപ്പൻ മാറ്റിയതുകൊണ്ട്, യുക്തിവാദിയും കമ്മ്യൂണിസ്റ്റുമായ ഗോപി മണി, ആത്മീയതയിലെത്തി. ആ വഴിയിൽ, ഒരുപാടുപേർ, ജില്ലാ ജഡ്‌ജി സോമരാജനും, അദ്ദേഹത്തിൻറെ മകൻ ഹൈക്കോടതി ജഡ്ജിയായ സിരിജഗനും വരെ, തങ്കദാസിൻറെ അദ്ഭുതങ്ങൾ കണ്ടു. ഹോരാശാസ്ത്രം, നിങ്ങളുടെ പ്രോബബിലിറ്റി തിയറി തന്നെയെന്ന് തങ്ക ദാസ്, ഗോപിമണിയോട് പറഞ്ഞു. സംസ്‌കൃത ജഡിലമായ സംഭാഷണങ്ങൾ ഗോപിമണി ടേപ്പ് ചെയ്‌ത്‌ വച്ചു. അത് പുസ്തകമാക്കാമെന്നു പറഞ്ഞപ്പോൾ, തങ്ക ദാസ് ശകാരിച്ചു: ”പത്തുപൈസയ്ക്കു കിട്ടുന്ന ‘ഹരിനാമകീർത്ത’നത്തിൽ ഞാൻ പറഞ്ഞതൊക്കെ ഉണ്ട്. ഞാൻ ചമൽക്കാരത്തിൽ പറയുന്നു എന്നേ ഉള്ളു.”

ഗോപിമണിയുടെ ഭാര്യ സോജയുടെ, സെക്രട്ടേറിയറ്റിലെ ജോലിക്ക് പ്രശ്നം വരുന്നത് തങ്കദാസ് പ്രവചിച്ചു. ഭീമാപള്ളിയിൽപ്പോയി വ്യാസി ഓതിക്കാൻ ചട്ടം കെട്ടി. ഗോപിമണിയുടെയും ബന്ധുക്കളുടെയും അനുഭവങ്ങൾ നീണ്ട ചരിത്രമാണ്.

നിത്യാനന്ദയുടെ സമാധിക്ക് ശേഷം, അമേരിക്കൻ പുരാവസ്തു വ്യാപാരിയായ റൂഡിക്ക് ദർശനമുണ്ടായി. സമാധിയാകുന്നതിനു രണ്ടുവർഷം മുമ്പ് സ്വാമിയെ കണ്ടിരുന്നു. സ്വാമി രുദ്രാനന്ദ എന്നറിയപ്പെട്ട റൂഡി, Rudi In His Own Words, Spiritual Cannibalism എന്നീ പുസ്‌തകങ്ങളെഴുതി. റൂഡിയെപ്പറ്റി ജോൺ മാൻ Before the Sun Meeting Rudi എന്ന പുസ്തകം എഴുതി. റൂഡി വിമാനാപകടത്തിൽ മരിച്ചു. നിത്യാനന്ദയുടെ ശിഷ്യൻ സ്വാമി മുക്താനന്ദ വിദേശങ്ങളിൽ പ്രസിദ്ധനാവുകയും വിവാദങ്ങളിൽ പെടുകയും റൂഡിയുമായി തർക്കിക്കുകയും ചെയ്തു. മുക്താനന്ദ, Bhagvan Nithyananda of Ganeshpuri, Play of Consciousness എന്നിവ എഴുതി.

ആനന്ദാശ്രമത്തിൽ താമസിച്ചാണ് ഞാൻ നിത്യാനന്ദാശ്രമത്തിലേക്കും നിത്യാനന്ദ തപസ്സു ചെയ്ത ഗുരുവനത്തിലേക്കും പോയത്. രണ്ടും, രണ്ടു വഴിക്കാണ്. ചെങ്കൽ തുരന്നാണ്, സ്വാമി, ഗുരുവനത്തിലെ ഗുഹകൾ സൃഷ്ടിച്ചത്. ഗുരുവനത്തിലെത്താൻ നല്ല വീതിയുള്ള ചെങ്കൽപാതയുണ്ട്. ആ പാത രണ്ടാക്കിയത്, അന്നത്തെ കലക്ടർ സായിപ്പിന് വേണ്ടിയായിരുന്നു എന്ന് തങ്കദാസ് ഒർമിച്ചിരുന്നു. സർക്കാർ വക സ്ഥലത്തു ഒരാൾ പാറ കുഴിക്കുന്നു എന്ന പരാതി ഉണ്ടായിട്ടാണത്രേ കലക്‌ടർ എത്തിയത്. ജനം കൂടിയപ്പോൾ, താൻ ഒറ്റയ്ക്ക് ഗുഹയിൽപോയി തുറക്കുന്നവനെ കണ്ടോളാമെന്നു കലക്‌ടർ പറഞ്ഞു. കലക്‌ടറും തുരക്കുന്നവനും തമ്മിൽ നടന്ന സംവാദം നമുക്ക് അറിഞ്ഞുകൂടാ. തിരിച്ചെത്തി കലക്‌ടർ ആൾക്കൂട്ടത്തോട് പറഞ്ഞു: ”ആരും അയാളെ ശല്യപ്പെടുത്തരുത്.”

ഗുഹയിലെ തപസ്സുകൊണ്ട് നേടിയ ആത്മീയാനുഭവത്തിൽ നിന്നാണ് ‘ചിദാകാശ ഗീത’ ഉണ്ടായത്. എൻ്റെ കയ്യിൽ ഉള്ളത്, അതിൻ്റെ ഇംഗ്ലീഷ് പരിഭാഷയാണ്. അതിൽ പറയുന്നു: ”ശരീരത്തിലെ പ്രധാന നാഡികൾ സൂര്യൻ അഥവാ സുഷുമ്ന; ചന്ദ്രൻ അഥവാ ഇഡ; നക്ഷത്രം അഥവാ പിംഗള. സുഷുമ്ന ചുവപ്പ്, ഇഡ നീല, പിംഗള പച്ച. ഇഡ, നട്ടെലിൻറെ ഇടത്ത്, പിംഗള വലത്ത്. നട്ടെല്ലിൻറെ മധ്യത്തിലെ പൊള്ളയായ അരുവിയാണ് സുഷുമ്ന. ഈ മൂന്നു നാഡികളും സംഗമിക്കുന്ന സ്ഥലം, ഹൃദയാകാശം.. ഒരാൾ യോഗവിദ്യ അനുഷ്ഠിക്കുമ്പോൾ, ശിരസ്സിൽ നിന്ന് ബിന്ദുവിന്റെ ശബ്ദം കേൾക്കുന്നു. ഈ ശബ്ദം ഹാർമോണിയത്തി ന്റേതുപോലെയോ ചെണ്ടയുടേതുപോലെയോ വയലിൻറെതുപോലെയോ ആകാം. ഈ പ്രക്രിയയിൽ മനസ്സിനെ വിസ്മരിക്കുകയും ബിന്ദുവിൻറെ ശബ്ദത്തിൽ ലയിക്കുകയും ചെയ്യുന്നു. കർപ്പൂരത്തിൽ തീ കത്തിച്ചാൽ കർപ്പൂരം അപ്രത്യക്ഷമാകുന്നു. മനസ്സ് ആത്മാവിൽ നിന്ന് വേറിട്ടതാണെന്ന് നാം കരുതുന്നുവെങ്കിലും, യോഗവിദ്യയാൽ, മനസ്സ് ആത്മാവിൽ ലയിക്കുന്നു.”

ആനന്ദാശ്രമത്തിലും നിത്യാനന്ദാശ്രമത്തിലും താമസവും ഭക്ഷണവും സൗജന്യമാണ്. എന്നിട്ടും അവിടെ എത്താൻ ഇത്രയും കാലമെടുത്തത് ഓർത്തപ്പോൾ, ആനന്ദാശ്രമം അധിപതി സ്വാമി മുക്താനന്ദ പറഞ്ഞു: ”ഓരോന്നിനും സമയമുണ്ടല്ലോ.” നിത്യാനന്ദശിഷ്യൻറെ പേരുതന്നെയാണ് ഈ സ്വാമിജിക്കും. രാമകൃഷ്ണ മിഷനിലെ സ്വാമി രംഗനാഥാനന്ദയ്ക്കു ശേഷം ഞാൻ കാണുന്ന ധിഷണാശാലിയാണ്, ആനന്ദാശ്രമത്തിലെ മുക്താനന്ദ.

ആശ്രമത്തിനകത്ത്, ലളിത ജീവിതമാണ് സ്വാമി നയിക്കുന്നത്. കുടിലിനു സമാനമായ പഴയൊരു മന്ദിരത്തിലെ ആ വാസം കണ്ടു തന്നെ അറിയണം. ആനന്ദാശ്രമവും സ്വാമിയും പൊതുജന മധ്യത്തിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. പണ്ട്, രംഗനാഥാനന്ദ, നല്ല സന്യാസിമാർ വിവാദവിഷയങ്ങളിൽ അഭിപ്രായം പറയില്ല എന്ന് എന്നോട് പറഞ്ഞത് ഓർമിച്ച്, മുക്താനന്ദയോട് ശബരിമലയെപ്പറ്റി ചോദിച്ചില്ല. രംഗനാഥാനന്ദ അത് പറയുമ്പോൾ, അദ്വാനിയുടെ രഥയാത്ര കാലമായിരുന്നു . രംഗനാഥനാന്ദ പറഞ്ഞു: ”സോമനാഥിലേക്കുള്ള വഴിയിലും അശോകൻറെ ശിലാലിഖിതങ്ങളുണ്ട്.” (വ്യക്തിക്കുള്ള അവാർഡ് വേണ്ട എന്നു പറഞ്ഞു പത്മ വിഭൂഷൺ നിരസിച്ചയാളാണ്, രംഗനാഥാനന്ദ).

ആനന്ദാശ്രമം 

നിത്യാനന്ദയ് ക്കു കുണ്ഡലിനി ഉണരുന്ന കാലത്ത്, ഗൃഹസ്ഥനായിരുന്നു, ആനന്ദാശ്രമം സ്ഥാപിച്ച സ്വാമി രാംദാസ്. ഇരുപതാം വയസ്സിൽ മംഗലാപുരത്ത് ഗാന്ധിയെ കണ്ടതും, പിന്നീട് തിരുവണ്ണാമലയിൽ രമണ മഹർഷിയെ കണ്ടതും രാംദാസിന്റെ ജീവിതത്തിൽ വഴിത്തിരിവുകളായി. വിട്ടൽ റാവു എന്ന് പൂർവ്വാശ്രമത്തിൽ പേരുള്ള രാംദാസിൻറെ ആത്മീയയാത്ര ദ്വൈതത്തിൽ നിന്ന് അദ്വൈതത്തിലേക്കായിരുന്നോ എന്ന് ഞാൻ മുക്താനന്ദയോട് ചോദിച്ചില്ല. കാരണം, ആ ചോദ്യത്തിന്റെ ഉത്തരമാണ്, ആനന്ദാശ്രമം.

രാം ദാസ് 

ഞാൻ ഇടയ്ക്കിടെ രമണാശ്രമത്തിൽ പോകാറുണ്ട്. അവിടെ വെളുത്തവാവ് ദിവസങ്ങളിൽ സംഗീതജ്ഞൻ ഇളയരാജ എത്തുന്നു. മാസത്തിൽ ഒരിക്കൽ ആനന്ദാശ്രമത്തിൽനിന്നു പ്രസാദവുമായി, അന്തേവാസികൾ രമണാശ്രമത്തിൽ പോകാറുണ്ട്. രമണമഹർഷിയെപറ്റി പറയുമ്പോൾ, തൻറെ തലയ് ക്കുമുകളിലെ കലണ്ടറിലേക്കു മുക്താനന്ദ ശ്രദ്ധ ക്ഷണിച്ചു- രമണമഹർഷിയാണ് മുക്താനന്ദയുടെ മുറിയിലെ കലണ്ടറിൽ.

മുപ്പത്തിയേഴാം വയസ്സിലാണ് ഗൃഹസ്ഥാശ്രമം വിട്ടു രാംദാസ് ആത്മീയ ജീവിതത്തിലെത്തിയത്. താമസിയാതെ വിധവ കൃഷ്ണാഭായ് ആശ്രമത്തിൽ ശിഷ്യയായി എത്തി. അനന്തശിവൻ എന്ന സച്ചിദാനന്ദ സ്വാമി പിൻഗാമിയായി. അതുകഴിഞ്ഞു, മുക്താനന്ദ.

“അമ്മയുടെ വയറ്റിൽ നിന്ന് വരുമ്പോൾ നാം ഓരോരുത്തരും ഒന്നും കൊണ്ടുവരുന്നില്ല,” മുക്താനന്ദ രാംദാസിൻറെ സന്ദേശത്തിലേക്കു കടന്നു. വായുവും വെള്ളവും ഭൂമിയും ചൂടും സഞ്ചരിക്കാനുള്ള ഇടവും എല്ലാം പ്രകൃതിയുടെ രൂപത്തിൽ ദൈവം ഒരുക്കിയിരിക്കുന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ഭാഷ, വിദ്യാഭ്യാസം എന്നിവ സമൂഹം ഒരുക്കുന്നു. ഓരോ വ്യക്തിയും ജീവിക്കുന്നത് താനല്ലാത്ത ഘടകങ്ങൾ കൊണ്ടാണ്. കിട്ടിയതു തിരിച്ചുകൊടുക്കണം. അങ്ങനെ വ്യക്തി, എന്നിൽനിന്ന് നമ്മളിലേക്ക് വളരുന്നു. ഇതെല്ലാം കരുണയോടെ നിരത്തിവച്ച ദാതാവിനെ ഓർത്തു നാമം, ധ്യാനം, സേവ എന്നിവ വഴി ഓരോരുത്തരും ഈശ്വരനിലേക്കു വികസിക്കുന്നു. അതുകൊണ്ട് നാമം വാക്കിലും ചിന്തയിലും. പ്രവൃത്തിയിൽ സ്നേഹസ്പർശം. ഉണർന്ന് എഴുനേൽക്കുമ്പോൾ കിടക്കയോട് നന്ദി പറഞ്ഞു ചുളിവുകൾ നിവർത്തുക-ഇത്രയും നേരം കിടത്തിയല്ലോ.

“ആത്മീയതയും ലൗകികതയും രണ്ടല്ല.” എന്ന് മുക്താനന്ദ പറഞ്ഞത് അമ്പരപ്പിച്ചു. നമ്മുടെ വീട്ടിലെ പൂജാമുറി മറ്റു മുറികളിൽ നിന്ന് വ്യത്യസ്തമാണ്. ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടെന്നും അതിനു വിധേയമാകണമെന്നുള്ള നിർബന്ധമാണ്, പൂജാമുറി വ്യത്യസ്തമാകാൻ കാരണം. മുറികളിലെ ഈ വ്യത്യാസമാണ്, ആത്മീയതയും ലൗകികതയും തമ്മിലുള്ളത്. എല്ലാം ഈശ്വര സമർപ്പണത്തിനായി, ഈശ്വരൻ ഒരുക്കിത്തരുന്നു എന്ന ഉന്നത ചിന്തയിലെത്തിയാൽ പിന്നെ പ്രത്യേക പൂജാ മുറിയുടെ ആവശ്യമില്ല. എന്ത് ചെയ്താലും അത് ഈശ്വര പൂജയാകുന്നു. ലൗകിക കാര്യങ്ങളും ഈശ്വരസ്മരണയോടെ ചെയ്യുമ്പോൾ അവയും ആത്മീയതയിൽ ലയിക്കുന്നു.

കടിച്ചാൽ പൊട്ടാത്ത ഒന്നും സ്വാമി രാംദാസിൻറെ കണ്ടെത്തലിൽ ഇല്ല. രമണാശ്രമവും ആനന്ദാആശ്രമവും പോലെ, മനസ്സ് സ്വതന്ത്രമാകുന്ന വേറെ സ്ഥലങ്ങൾ എനിക്ക് പരിചയമില്ല. ആനന്ദാശ്രമത്തിൽ ദിവസം മൂന്നു തവണ മണി അടിക്കും. അപ്പോൾ, എവിടെയായിരുന്നാലും ഭോജനശാലയിൽ എത്തണം എന്ന നിയമം മാത്രമേയുളളു. ഞങ്ങൾ, ഞാനും ഭാര്യയും ചെന്ന ദിവസം (ഒക്ടോബർ 12, 2018) ആശ്രമത്തിൽ സച്ചിദാനന്ദ സ്വാമിയുടെ ജന്മശതാബ്‌ദി ആഘോഷമായിരുന്നു. അതറിഞ്ഞിട്ടല്ല പോയത്. പോകുമ്പോൾ, എടനീർമഠത്തിലെ കേശവാനന്ദ ഭാരതിയെ പറ്റി പലവട്ടം ഓർമിച്ചു; ഒരു ദിവസം അവിടെ ചെല്ലണമെന്നു കരുതി. എന്നാൽ, അദ്ഭുതം , ആഘോഷത്തിൽ പങ്കെടുക്കാൻ കേശവാനന്ദ ഭാരതി ഞങ്ങൾ ചെന്ന് മൂന്ന്‌ മണിക്കൂറിനുള്ളിൽ, ആനന്ദാശ്രമത്തിലെത്തി. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മൗലികാവകാശ കേസിലെ നായകനായ സ്വാമി കേശവാനന്ദ ഭാരതി, പ്രഭാഷണത്തിനല്ല, പാടാനാണ് വന്നത്. ആധുനിക സംഗീതോപകരണങ്ങളുടെ അകമ്പടിയിൽ, രണ്ടു മണിക്കൂർ അദ്ദേഹം പ്രായാധിക്യത്തെ കീഴടക്കി , ഭജനപാടി. സ്വന്തമായി മലയാളത്തിൽ എഴുതിയ ശ്രീകൃഷ്ണ, രാമകീർത്തനങ്ങൾ ആലപിച്ചു. അപാരമായ രാഗജ്ഞാനമുള്ള അദ്ദേഹത്തിന്റെ ശുഭപന്തുവരാളി, ഇപ്പോഴും കാതിൽ മുഴങ്ങുന്നു. അന്ന് കാർത്തിക സോമവാരമാണെന്നു അദ്ദേഹം പറഞ്ഞു. ഭജനയ്ക്കു ശേഷം, പ്രസാദവിതരണത്തിനിടയിൽ സ്വാമിജിയോട് സംസാരിച്ചു. സ്വാമിജിയെ യാത്രയിലുടനീളം ഓർമിച്ചകാര്യം പറഞ്ഞു.

വിശേഷപ്പെട്ട ഒരു സംഗതി ആനന്ദാശ്രമത്തിലുണ്ട്. ആശ്രമം ഗ്രന്ഥശാലയിൽ നിന്ന് പുറന്തള്ളുന്ന പഴയപുസ്തകങ്ങൾ ഒരിടത്തു ദിവസവും വയ്ക്കുന്നത്, നമുക്ക് സൗജന്യമായി എടുക്കാം. അങ്ങനെ മൂന്ന് പുസ്തകങ്ങൾ എനിക്ക് കിട്ടി: J M Coetzee എഴുതിയ The Child Hood Of Jesus,സ്വാമി രാമതീർത്ഥന്റെ In Woods Of God Realization, തുളി ബാബയുടെ Journey Of a Madcap. ഈറോഡിൽ ആശ്രമം സ്ഥാപിച്ച തമിഴനാണ്, തുളി ബാബ.
\
ഗുരുക്കൻമാരുടെ ചിത്രങ്ങൾ ആനന്ദാആശ്രമത്തിൽ കാണാം. അക്കൂട്ടത്തിൽ രാമതീർത്ഥനുമുണ്ട്. രാമതീർത്ഥൻറെ ഈ വാചകങ്ങൾ ആശ്രമത്തിനു വിശ്വാസ പ്രമാണമാണ് : “സത്യത്തെ അറിയുന്നതിൽ നിന്ന് ഒരാളെ തടയും വിധം ചുറ്റും മതിൽ പണിയുന്നത് തെറ്റാണ്. വിശാലമായ ആകാശത്തെ കാണാൻ ഏതു ജാലകത്തിലൂടെയും നിങ്ങൾക്കാവണം. സ്വന്തം വീട്ടിൽ നിന്നിറങ്ങി ഈ സ്വർഗ്ഗം മുഴുവൻ ആസ്വദിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. “

ഭൂമിയിലെ ഏറ്റവും വലിയ ഊർജ്ജകേന്ദ്രമാണ് അരുണാചല ശിവൻ ഇരിക്കുന്ന തിരുവണ്ണാമല എന്നൊരു വിശ്വാസം അവിടെയുണ്ട്. അതുപോലെ എന്തോ ഒന്ന് കാഞ്ഞങ്ങാട്ടുമുണ്ട്. പോകുന്ന വഴിയില്ലെല്ലാം ക്ഷേത്രങ്ങളാണ്. ബേക്കലിലേക്കു പോകുന്ന വഴിയിൽ, പി. കുഞ്ഞിരാമൻ നായരുടെ തറവാടിരിക്കുന്ന വെള്ളിക്കോത്തിനടുത്ത്, മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിൽ പ്രാചീന ദാരുശില്പങ്ങൾ കണ്ടു. ക്ഷേത്രപാലകൻ എന്ന പേരിൽ ശിവനും, കാളരാത്രിയമ്മ എന്ന പേരിൽ കാളിയുമാണ്, പ്രതിഷ്ഠ. പടിപ്പുരയിൽ മേലാപ്പിൽ പാലാഴിമഥനവും ക്ഷേത്രമേലാപ്പിൽ ശിവപാർവതി പുരാവൃത്തവും ദാരുശില്പങ്ങളായിരിക്കുന്നത്, നമ്മുടെ ഈടുവയ്പ്പാണ്. ചിത്രങ്ങൾക്ക് പണ്ട് നൽകിയിരിക്കുന്ന പച്ചില നിറങ്ങൾ മങ്ങിയത്, വീണ്ടും ചാർത്തി മിനുക്കിയാൽ, ഗംഭീരമായിരിക്കും.

ബേക്കൽ കോട്ടയിലെക്കാൾ സമയം ചെലവിട്ടത്, കോട്ടയോട് ചേർന്ന ശ്രീ മുഖ്യ പ്രാണ ക്ഷേത്രത്തിനാണ്. ഹനുമാന്റെ പാർശ്വമുഖമാണ്, വിഗ്രഹം. ഹനുമാന്റെ വാലിൽ, ഒരു വെള്ളിമണി കാണാം. വ്യാസരായർ നടത്തിയ ആഞ്ജനേയ പ്രതിഷ്ഠകളിലെല്ലാം, വാലിൽ മണിയുണ്ടെന്ന്, ക്ഷേത്രപൂജാരി മഞ്ജുനാഥ അഡിഗ പറഞ്ഞു. കൊച്ചി രാജ കുടുംബം, ശക്തൻ തമ്പുരാന് ശേഷം എഴുപതു വർഷത്തോളം, ഹിന്ദു മതം വിട്ട് മാധ്വ മതം സ്വീകരിക്കുകയും നമ്പൂതിരി ശാന്തിക്കാരെ എന്റെ നാടായ തൃപ്പുണിത്തറയിലെ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ നിന്ന് ഓടിക്കുകയും ചെയ്ത ചരിത്രം ഞാൻ അഡിഗയോട് പറഞ്ഞു. പൂർണത്രയീശ ക്ഷേത്രത്തിൽ ശാന്തിക്കാരൻ ഇപ്പോഴും, അഡിഗയെപ്പോലെ, എമ്പ്രാന്തിരിയാണ്.

എൺപതു ശതമാനം ഹനുമാൻ ക്ഷേത്രങ്ങളിലും നടക്കുന്നത്, വിഷ്ണു പൂജയാണെന്ന് അഡിഗ വെളിപ്പെടുത്തി. മിക്കവാറും ഗുരുക്കന്മാർ, പിഴയ് ക്കുമോ എന്ന് ഭയന്ന് , ഹനുമാൻ മന്ത്രോപദേശം ശിഷ്യന്മാർക്ക് നൽകാറില്ല. ആകസ്മികമായി ഹനുമൽ മൂലമന്ത്രം തന്നെ അഡിഗയ്ക്ക് കിട്ടി. ഇത്രയും പറഞ്ഞു, വിഷ്ണു സഹസ്രനാമത്തിലെ ഫലശ്രുതി അഡിഗ ഉരുവിട്ടു:

ആകാശാത് പതിതം തോയം
യഥാ ഗച്ഛതി സാഗരം
സർവ ദേവ നമസ്കാരം
കേശവം പ്രതിഗച്ഛതി.

ആകാശത്തു നിന്നു വീഴുന്ന ജലത്തുള്ളികൾ സാഗരത്തിൽ ചെന്നു ചേരും പോലെ, സർവ്വ ദൈവങ്ങൾക്കുമുള്ള നമസ്ക്കാരം, കേശവനിൽ ചെന്ന് ചേരുന്നു.



© Ramachandran 

മമതയുടെ പതനം

വി കെ ജി ശങ്കര പിള്ള, ബംഗാളിൽ നിന്ന് ഒന്നും കേൾക്കുന്നില്ല എന്നു വിലപിച്ചത്, മൂന്നു പതിറ്റാണ്ടു മുൻപാണ്. ഇപ്പോൾ അവിടെ നിന്നേ കേൾക്കുന്നുള്ളു.അന്ന് അവിടെ മാർക്സിസ്ററ് പാർട്ടിയുടെ ഏക കക്ഷി ഭരണമായിരുന്നു. അവർക്ക് പത്ര പ്രവർത്തകരെ പുച്ഛമായിരുന്നു. ജനത്തെയും പുച്ഛമായിരുന്നു. മിക്കവാറും ദിവസം ബന്ദായിരുന്നു. പൂട്ടിയതോ പൂട്ടാൻ പോകുന്നതോ ആയ ചണ മില്ലുകളിൽ സഖാക്കൾ അക്രമം അഴിച്ചു വിട്ടിരുന്നു. ഞങ്ങളുടെ ലേഖകൻ തപസ് ഗാംഗുലിക്ക് ഒരു ട്രങ്ക് കോൾ ബുക് ചെയ്താൽ, അതു കിട്ടാൻ അഞ്ചു മണിക്കൂർ എടുത്തിരുന്നു. ഇന്ന്, ‘ടെലഗ്രാഫ് ‘ലേഖകനായിരുന്ന സൗമ്യ ദീപ്ത ബാനര്ജിക്ക് അന്നു കണ്ടതൊക്കെ വിളിച്ചു പറയാൻ കഴിയുന്നുണ്ട്. ഏകകക്ഷി ഭരണത്തെ ജനം കടപുഴക്കി എറിഞ്ഞതാണ്, കാരണം.
ദളിതരെ 1978 -1979 ൽ അവർ പാർക്കുന്ന ദ്വീപിൽ പോയി സഖാക്കൾ കൂട്ടക്കൊല ചെയ്തത് അന്ന് ശങ്കര പിള്ള അറിഞ്ഞിട്ടുണ്ടാവില്ല. ഇക്കഴിഞ്ഞ ജ്ഞാനപീഠം കിട്ടിയ അമിതാവ് ഘോഷിൻറെ ‘ദി ഹൻഗ്രി ടൈഡ്’ എന്ന നോവലിൻറെ പശ്ചാത്തലം, മാരീചൻപി  എന്ന ദ്വീപിൽ നടന്ന ആ കൂട്ടക്കൊലയാണ്.സുന്ദർബൻസിലെ കണ്ടൽകാടുകളിലുള്ള ദ്വീപാണ് മാരീചൻപി. ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികളെ ഈ ദ്വീപിൽ പുനരധിവസിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പിന്  മുൻപ് മാർക്സിസ്റ്റ് പാർട്ടി വാക്കു നൽകിയിരുന്നു. 1977 ൽ ആദ്യമായി പാർട്ടി അധികാരത്തിൽ വന്നു. അഭയാർത്ഥികൾ കൂട്ടമായി ദ്വീപിൽ കുടിയേറി.ഇവർ 40000 പേർ വരുമായിരുന്നു.1979 ജനുവരി 31 ന് രാവിലെ പത്തു യന്ത്ര ബോട്ടുകളിൽ  സഞ്ചരിച്ച സ്ത്രീകളെ പൊലീസ് ആക്രമിച്ചു കൊണ്ടായിരുന്നു തുടക്കം. അവരെ വെടി വച്ച് കൊന്നു. കുടിയേറ്റക്കാർ പ്രതിഷേധിച്ചതോടെ, സഖാക്കൾ എത്തി. സ്കൂളിൽ അഭയം തേടിയ 15 കുട്ടികൾ ഉൾപ്പെടെ 1700 പേരെ കൂട്ടക്കൊല ചെയ്‌തു. ബുദ്ധദേവ് ഭട്ടാചാര്യ വേറെയും കൂട്ടക്കൊലയുടെ കഥകൾ ഏറ്റു പറഞ്ഞു. മനുഷ്യർ അജ്ഞാതമായ തലയോടുകളായി മാറിയിരുന്നു.
വിവരം ശങ്കര പിള്ള എന്നല്ല.,.നാമാരും അറിഞ്ഞില്ല. സി പി എം ഗുണ്ടകൾ പിൽക്കാലത്ത് തൃണമൂൽ ഗുണ്ടകളായതും സി പി എം അതിൻറെ പല ജില്ലാ സമ്മേളനങ്ങൾ ഒന്നിച്ച് സുരക്ഷിതമായ കല്യാണ മണ്ഡപങ്ങളിൽ നടത്തേണ്ടി വന്നതും നാം ശ്രദ്ധിച്ചില്ല.പതിമൂന്നു വർഷത്തിനു ശേഷം, മമത ബാനർജി, ധർണ രാഷ്ട്രീയത്തിലേക്ക് മടങ്ങിയപ്പോൾ  ഒന്നു വ്യക്തം -അവർ പേടിക്കുന്ന വിധം, ബി ജെ പി വളർന്നിരിക്കുന്നു. ഇപ്പോൾ നടക്കുന്ന പോരാട്ടത്തിൽ ബി ജെ പി ജയിച്ചാൽ, അവർ ബംഗാൾ ഭരിക്കും.
മമതയെ കൊൽക്കത്തയിലെ കുടുസ്സു വീട്ടിൽ അവരുടെ പോരാട്ട കാലത്തു ഞാൻ കണ്ടിട്ടുണ്ട്. മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ഒറ്റയാൾ സമരം നടത്തുന്ന അവർക്ക് ഉറക്കം കുറവായിരുന്നു.അവർ രണ്ടു പുസ്തകങ്ങൾ എനിക്കു തന്നു-അവർ എഴുതിയ കഥകൾ. എന്നിട്ടും അവർ അമിതാവ് ഘോഷിന് ഒരു സ്വീകരണം കൊടുത്തില്ല. 2004 ൽ ആണ് ഹൻഗ്രി ടൈഡ് വന്നത്; മമത മുഖ്യമന്ത്രിയായത്, ഏഴു വർഷം കഴിഞ്ഞാണ്. ശാരദ ചിട്ടിഫണ്ട് കേസ് കൊടുത്തത്, കോൺഗ്രസ് ആണ്. സുപ്രീം കോടതി ആണ് കേസ് സിബിഐയെ ഏൽപ്പിച്ചത്.  ഇതൊന്നും ചെയ്തത് ബിജെപി അല്ല. പണ്ട് മോദിയെ സിബിഐ ഒൻപതു മണിക്കൂർ ചോദ്യം ചെയ്തിട്ടുണ്ട് അമിത്ഷായെ അറസ്റ്റ് ചെയ്തു ജയിലിൽ ആക്കിയിട്ടുണ്ട്. ഒരു പോലീസ് കമ്മീഷണർക്ക് എതിരെ നിയമം അതിന്റെ വഴിക്ക് പോകരുത് എന്ന് പറയാൻ മമതയ്ക്ക് എന്ത് അധികാരം?സി പി എം നൽകിയ പാഠങ്ങൾ അവർ പഠിച്ചില്ല. അധികാരം അവരെയും ദന്തഗോപുര വാസിയാക്കി. അവരിൽ നിന്ന് ജനം അകന്നു പോയി. ഇത്, ഒരു വഴിത്തിരിവാണ്.
ഇപ്പോൾ ബി ജെ പി 18 ൽ തൃണമൂലുമായി അഞ്ചു സീറ്റിൻറെ മാത്രം വ്യത്യാസത്തിൽ നിൽക്കുമ്പോൾ, അതൊരു വലിയ കടന്നു കയറ്റവും വളർച്ചയുമാണ്. സി പി എമ്മിൻറെ അണികൾ കൂടി സഹായിച്ച ഭീമമായ വളർച്ച. ബി ജെ പി ക്ക് ഏജന്റുമാരില്ലാത്ത ബൂത്തുകളിൽ, സി പി എം അണികൾ സഹായിച്ചു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയത്,രണ്ട് സീറ്റ് മാത്രമാണ്. 2009 ൽ വെറും ഒരു സീറ്റ് ആയിരുന്നു – ഡാർജിലിംഗ്.എന്നാൽ വോട്ട് ശതമാനം 2009 ലെ ആറിൽ നിന്ന് 2014 ൽ 17 ലെത്തി. അഞ്ച് വർഷത്തിന് ശേഷം, അത് 40 ൽ എത്തി.വോട്ട് ശതമാനം 2014 ൽ സി പി എമ്മിന് പത്തും കോൺഗ്രസിന് നാലും കുറഞ്ഞു.സി പി എമ്മിന് 22, കോൺഗ്രസിന് 9.6. ഇക്കുറി സി പി എമ്മിന് കിട്ടിയത് വെറും ആറു ശതമാനം.ബാക്കി 16 ശതമാനവും ബി ജെ പി ക്ക് കിട്ടി. സി പി എമ്മിന് ഒരു സീറ്റും കിട്ടിയില്ല. കോൺഗ്രസിന് ഒന്ന്.തൃണമൂലിന് 2014 ൽ 8 കൂടി 39 ൽ എത്തിയിരുന്നു. അഞ്ചു ശതമാനം ഇക്കുറി കൂടി.
തൃണമൂലും സി പി എമ്മും പോരടിച്ചിരുന്നിടത്ത്, ഇപ്പോൾ തൃണമൂലും ബി ജെ പി യും തമ്മിലായി. തോൽവിയുടെ ഉത്തരവാദിത്തം സീതാറാം യെച്ചൂരി ഏറ്റു.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ക്ക് മൂന്നു സീറ്റേ കിട്ടിയുള്ളൂ. 2011 ൽ ഒന്നുമുണ്ടായിരുന്നില്ല.
വോട്ട് ശതമാനത്തിൽ കേരളവുമായി സാമ്യവുമുണ്ട്.
കേരളത്തെക്കാൾ ബി ജെ പി വളരുകയും അതിനനുസരിച്ച് സി പി എം തളരുകയും ചെയ്‌തു. 2018 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി ജെ പി രണ്ടാം സ്ഥാനത്തെത്തി.
എന്നാൽ ലോക് സഭാ തിരഞ്ഞെടുപ്പിൽ 39 , നിയമസഭാ തിരഞ്ഞെടുപ്പിൽ 45 വോട്ട് ശതമാനം നേടിയ തൃണമൂലിൻറെ അടുത്തൊന്നും അല്ല, കണക്കിൽ, ബി ജെ പി. തൃണമൂൽ ലോക് സഭയിൽ 42 ൽ 34, നിയമസഭയിൽ 294 ൽ 211.
തൃണമൂലിനെതിരെ അടിത്തട്ടിൽ അമർഷമുണ്ട്. മമതയുടെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ, ഭൂരിപക്ഷ വികാരമുണ്ട്. ഒരുകാലത്ത് കോൺഗ്രസിലെ ചിത്തരഞ്ജൻ ദാസും ശ്യാമപ്രസാദ് മുഖർജിയും, സുഭാഷ് ചന്ദ്ര ബോസും കൈകാര്യം ചെയ്ത രാഷ്ട്രീയം ആണ്, അത്. 2014 നു ശേഷം പത്തിടങ്ങളിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടായി. കൂച് ബിഹാർ, ഉലുബെറിയ ലോക് സഭാ ഉപതിരഞ്ഞെടുപ്പുകളിലും കാന്തി, നോവപോര നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും ബി ജെ പി രണ്ടാം സ്ഥാനത്തു വന്നു. ഇക്കുറി ഹിന്ദു വികാരത്തിൽ പിടിക്കുന്ന മൂന്ന് വിഷയങ്ങൾ ബി ജെ പി എടുത്തു. പൗരത്വ ബിൽ,ദേശീയ റജിസ്റ്റർ കമ്മീഷൻ, ബംഗ്ലാദേശി കുടിയേറ്റം.30 % മുസ്ലിംകൾ തൃണമൂലിൻറെ കൂടെ നിന്നു.മുൻപ് അവർ സി പി എമ്മിനൊപ്പമായിരുന്നു. 40 എം എൽ എ മാർ തൃണമൂൽ വിടുമെന്നത് മോദിയുടെ വാക്കാണ്. അത് ഭീഷണിയുമാണ്.
സി പി എം നേരിട്ട ദയനീയ പരാജയത്തിൽ,റായ് ഗഞ്ചിൽ അതിൻറെ സിറ്റിംഗ് എം പി മുഹമ്മദ് സലിമിനെ തോൽപിച്ചത്, ബി ജെ പി സ്ഥാനാർത്ഥി ദേബശ്രീ ചൗധരി. ദേബശ്രീയ്ക്ക് 511652 വോട്ട് കിട്ടിയപ്പോൾ സലീമിന് കിട്ടിയത് 182035 മാത്രം.ദേബശ്രീയ്ക്ക് 40% വോട്ട്,സലീമിന് 14.25 മാത്രം. ഇവിടെ മൂന്നാം സ്ഥാനത്താണ്.രണ്ടാം സ്ഥാനത്ത് തൃണമൂലിൻറെ കനയ്യ ലാൽ അഗർവാൾ. 35.32. കോൺഗ്രസിൻറെ ദീപ ദാസ് മുൻഷിക്ക് 6 .55 % മാത്രം -83662 വോട്ട്.കോൺഗ്രസ് നേതാവായിരുന്ന പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ വിധവയാണ്.
റായ്‌ഗഞ്ചിലും മുർഷിദാബാദിലുമാണ് 2014 ൽ സി പി എം ജയിച്ചിരുന്നത്. മുർഷിദാബാദിൽ സിറ്റിംഗ് എം പി ബദറുദ്ദുസ ഖാനും മൂന്നാം സ്ഥാനത്തായി. തൃണമൂലിൻറെ താഹിർ ഖാനാണ് തോൽപിച്ചത്. ബി ജെ പി യുടെ ഹുമയൂൺ കബീറിന് 17 .05%. ബദറുദ്ദുസയ്ക്ക് 12 .44 മാത്രം.
ബി ജെ പി ക്ക് 2014 ൽ രണ്ടു സീറ്റ് മാത്രമായിരുന്നു – അസൻസോളിൽ ഗായകൻ ബാബുൽ സുപ്രിയോയും ഡാർജിലിംഗിൽ എസ് എസ് അലുവാലിയയും. അവിടന്നാണ് 18 ലേക്ക് കുതിച്ചു ചാടിയത്.
കോൺഗ്രസുമായി ഈ രണ്ട് സീറ്റുകൾ ഉൾപ്പെടെ ആറു സീറ്റിൽ ധാരണയ്ക്ക് സി പി എം കേന്ദ്ര കമ്മിറ്റി പച്ചക്കൊടി കാട്ടിയെങ്കിലും, അത് കോൺഗ്രസ് തള്ളുകയായിരുന്നു. നാല് സീറ്റ് കോൺഗ്രസ് ജയിച്ചതായിരുന്നു. ഇക്കുറി രണ്ടു സീറ്റിൽ കോൺഗ്രസ് ഒതുണ്ടി – ബഹ്റാം പൂരിൽ അദിർ രഞ്ജൻ ചൗധരിയും ദക്ഷിണ മാൽഡയിൽ അബു ഹസിം ഖാൻ ചൗധരിയും.
ബി ജെ പി ജയിച്ച മണ്ഡലങ്ങൾ:
ആലിപ്പൂർ ദ്വാർ, അസൻസോൾ,ബലുർ ഘട്ട്,ബംഗാവ്ൻ, ബാങ്കുറ, ബർധമാൻ -ദുർഗാപുർ, ബാറക് പൂർ, ബിഷ്ണു പൂർ, കൂച്ച് ബീഹാർ, ഡാര്ജിലിങ്, ഹൂഗ്ലി, ജൽപൈഗുഡി, ജർഗ്രാം, മാൽഡ ഉത്തർ, മേദിനി പൂർ, പുരുലിയ, റായ് ഗഞ്ജ് , റാണാ ഘട്ട്.
പ്രണബ് മുഖർജിയുടെ മകൻ അഭിജിത് ജംഗൽ പൂരിൽ മൂന്നാം സ്ഥാനത്തായി. കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു.

ശങ്കരൻ നായരുടെ ജാലിയൻ വാലാബാഗ്

ജാലിയൻ വാലാബാഗ് കൂട്ടക്കൊല അഥവാ അമൃത് സർ കൂട്ടക്കൊലയുടെ ശതാബ്‌ദി വർഷമാണ്, ഇത്. കേണൽ റജിനാൾഡ് ഡയർ 1919 ഏപ്രിൽ 13 നാണ്അമൃത് സറിലെ ഏഴേക്കർ ഉദ്യാനമായ ജാലിയൻ വാലാ ബാഗിൽ, സിഖ് പുതു വർഷമായ ബൈശാഖി ആഘോഷിക്കാൻ കൂടിയ ജനത്തിനു നേരെ വെടിവച്ച് 379 പേരെ കൊന്നത്. രാഷ്ട്രീയ കക്ഷികൾ ശതാബ്‌ദി ആചരിക്കുന്നുണ്ടോ ഇല്ലയോ എന്നറിയില്ല.അവർക്ക് തിരഞ്ഞെടുപ്പ് തിരക്കായിരിക്കും.

മലയാളികൾക്കും ജാലിയൻ വാലാ ബാഗ് ഗൃഹാതുരത്വമാണ്-ആ കൂട്ടക്കൊലയെ തുടർന്നു സർ സി ശങ്കരൻ നായർ വൈസ്രോയിയുടെ കൗൺസിലിൽ നിന്ന് രാജി വച്ചു.

അന്ന് ഇന്ത്യയുടെ ഭരണം നയിച്ച ആ കൗൺസിലിൽ എത്തിയ ഏക മലയാളിയാണ് ശങ്കരൻ നായർ. 1897ൽ അമരാവതിയിലെ എ ഐ സി സി സമ്മേളനത്തിൽ അദ്ദേഹം കോൺഗ്രസിൻറെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വേറൊരു മലയാളിയും ആ സ്ഥാനത്ത് എത്തിയിട്ടില്ല; ഇനി എത്തുകയും ഇല്ല. അത് നെഹ്‌റു കുടുംബത്തിന് സംവരണം ചെയ്തതാണ്.


ശങ്കരൻ നായരെ ഗുരുവായൂരിൽ പോകുന്നവർക്കൊക്കെ ഓർക്കാവുന്നതാണ്. ക്ഷേത്രത്തിനു മുന്നിലെ 24  അടി ഉയരമുള്ള ദീപ സ്തംഭം ശങ്കരൻ നായർ സംഭാവന ചെയ്തതാണ്. എന്നാൽ,ഗുരുവായൂർ രണ്ടാം വീടാക്കിയിരുന്ന കെ.കരുണാകരൻ ഈ ചരിത്രം പറഞ്ഞു കേട്ടിട്ടില്ല.

ബ്രിട്ടീഷ് പക്ഷപാതിയും ഗാന്ധി വിരുദ്ധനുമായ ശങ്കരൻ നായർ അന്നു കൗൺസിലിൽ നിന്ന് രാജി വച്ചില്ലായിരുന്നെങ്കിൽ, ജനവികാര തീയിൽ വെന്ത് ഉരുകിയേനെ. “ഗാന്ധിയും അരാജകത്വവും” എന്ന പുസ്തകം 1922ൽ എഴുതി ഗാന്ധിയെ  ജന വിരുദ്ധനായി ചിത്രീകരിച്ച ശങ്കരൻ നായർ, മാപ്പിള ലഹളയുടെ ഉത്തര വാദിത്തവും ഗാന്ധിയിൽ കെട്ടി വച്ചു. ആ പുസ്തകം നായരെക്കൊണ്ട് ബ്രിട്ടീഷുകാർ എഴുതിച്ചതും ആകാം.

ആ പുസ്തകം ജീവിത കാലം മുഴുവൻ നായരെ വേട്ടയാടി. ഗാന്ധിയെ പുസ്തകം എഴുതി ഭസ്മമാക്കാം എന്നു കരുതിയ നായർക്കു മുന്നിൽ, ഗാന്ധി വടവൃക്ഷമായി വളർന്നു. കോൺഗ്രസിൻറെ വാതിലുകൾ നായർക്കു മുന്നിൽ അടഞ്ഞു.

ആ പുസ്തകം വഴി ജാലിയൻ വാലാ ബാഗും നായരെ വേട്ടയാടി.
ജാലിയൻ വാലാ ബാഗുമായി ബന്ധപ്പെട്ട ഡയർമാർ രണ്ടുണ്ട്. കൂട്ടക്കൊല നടത്തിയ കേണൽ റജിനാൾഡ് ഡയർ ഒന്ന്. പഞ്ചാബിൽ ലഫ്റ്റനന്റ് ഗവർണറായിരുന്ന മൈക്കിൾ ഒ’ ഡയർ, അടുത്തയാൾ. പഞ്ചാബിൽ ഒ’ ഡയർ പട്ടാള നിയമം പ്രഖ്യാപിച്ചത് റൗലറ്റ് ആക്ട് കാരണം ആയിരുന്നു. അതാണ് കേണൽ ഡയർ എന്ന കൊലപാതകിയെ സൃഷ്ടിച്ചത്. അന്ന് കേണൽ മാത്രമായിരുന്ന അയാളെ ജനറൽ എന്നു പലരും പറയാറുണ്ട്.

മൈക്കിൾ ഒ’ഡയർ എന്ന വ്യക്തിയാണ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി എന്നു നായർ പുസ്തകത്തിൽ എഴുതി:
Before the reforms (Montagu-Chelmsford), it was in the power of the Lt.Governor, a single individual, to commit the atrocities in the Punjab, which we know only too well. (page 47).

ശങ്കരൻ നായർക്ക് എതിരെ മൈക്കിൾ ഒ ‘ഡയർ ലണ്ടനിൽ മാനനഷ്ടക്കേസ് കൊടുത്തു. 12 അംഗ ജൂറി, 11 -1 ന് ശങ്കരൻ നായർക്ക് എതിരെ 500 പൗണ്ട് ശിക്ഷ വിധിച്ചു. 7,000 പൗണ്ട് കോടതി ചെലവ് നൽകാനും ഉത്തരവായി. നായർ മാപ്പു പറഞ്ഞെങ്കിൽ പിഴ ഒഴിവായേനെ.

ലോകത്തെ മുഴുവൻ ക്രിസ്ത്യാനികളാക്കാൻ ശ്രമിക്കുന്ന ആംഗ്ലിക്കൻ ബിഷപ്പുമാരുടെ വിധിയായി അതിനെ ചിത്രീകരിച്ച്, നായർ അപ്പീലിനും പോയില്ല. നായർക്കൊപ്പം ജൂറിയിൽ ഒരാൾ നിന്നല്ലോ-അതാണ്, ഹാരോൾഡ്‌ ലാസ്‌കി. ബ്രിട്ടീഷ് ലേബർ പാർട്ടി ചെയർമാനും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് പ്രൊഫസറുമായ ലാസ്‌കിക്ക് നെഹ്രുവിനെയും വി കെ കൃഷ്‌ണ മേനോനെയും പോലുള്ള സുഹൃത്തുക്കൾ ഉണ്ടായിരുന്നു.
ലാസ്‌കിയുടെ നെഹ്രുവിനുള്ള ശുപാർശ കത്തുമായാണ് കെ ആർ നാരായണൻ ലണ്ടനിൽ നിന്ന് ഇന്ത്യയിൽ എത്തിയത്. അതായിരുന്നു നാരായണന്, നയതന്ത്ര വഴി.

കൃഷ്ണ മേനോൻ എന്ന ദുരിതം

ന്ത്യൻ രാഷ്ട്രീയത്തിൽ എന്നല്ല,വ്യക്തി ജീവിതത്തിലും ദുരന്തമായിരുന്നു, വി കെ കൃഷ്ണ മേനോൻ. ഒരിക്കലും കൊണ്ടു നടക്കരുത് എന്ന് വിവരമുള്ളവർ ഉപദേശിച്ചിട്ടും, നെഹ്‌റു മേനോനെ  കൊണ്ടു നടന്നത്, ചില  കമ്പങ്ങൾ  കൊണ്ടാണെന്ന് ഞാൻ പറയുകയില്ല. സത്യജിത് റേയുടെ ജീവചരിത്രം എഴുതിയ മേരി സെറ്റനെ പോലുള്ളവരുമായി മേനോന് ഉണ്ടായിരുന്ന ബന്ധം പറഞ്ഞു ശശി തരൂരിൻറെ വില ഇപ്പോൾ ഞാൻ കളയുന്നില്ല.
മേനോൻ മഹാനാണെന്ന്  പറയാൻ ഒരു  വി.കെ. മാധവൻ കുട്ടി കാണും.
ഈ സംഘർഷ കാലത്ത്, എന്തു കൊണ്ട് 1959 ഓഗസ്ററ് 31 ന്   കരസേനാ മേധാവി ജനറൽ കോതേന്ദ്ര സുബ്ബയ്യ തിമ്മയ്യ രാജി വച്ചു എന്ന് നാം അന്വേഷിക്കണം. പ്രതിരോധമന്ത്രി ആയിരുന്ന മേനോൻ കുലീനനായ തിമ്മയ്യയെ ചീത്ത വിളിച്ചു എന്നത് ചരിത്രമാണ്. ആ കഥയാണ്, ഇപ്പോൾ പറയുന്നത്.
1957 മുതൽ, നെഹ്രുവും മേനോനും കൂടി, അക് സായ് ചിൻ പ്രശ്‍നം വഷളാക്കിയി രുന്നു എന്ന് രേഖകൾ വ്യക്തമാക്കുന്നു.

തിമ്മയ്യയ്ക്ക് മേനോൻ ശരിയല്ലെന്ന്  ബോധ്യപ്പെട്ടു. തിമ്മയ്യ നെഹ്‌റുവിനെ കാണാൻ സമയം ചോദിച്ചു. ഇതറിഞ്ഞ മേനോൻ തിമ്മയ്യയെ വിളിച്ചു വരുത്തി.
തൻറെ അനുമതി ഇല്ലാതെ നെഹ്‌റുവിനെ കാണാൻ ആവില്ലെന്ന് മേനോൻ തിമ്മയ്യയോട് പറഞ്ഞു. പ്രധാനമന്ത്രിക്ക് സേനാ സന്നാഹത്തെപ്പറ്റി അറിയാനുള്ളതു കൊണ്ടാണ് എന്ന്  തിമ്മയ്യ പറഞ്ഞു. 18 മാസമായി മേനോനുമായി ഒരു ചർച്ചയും ഉണ്ടായില്ലെന്നും തിമ്മയ്യ പറഞ്ഞു.
മേനോൻ രോഷാകുലനായി. മേനോൻറെ ഇംഗ്ലീഷ് മഹത്തരമാണെന്നും, 11 മണിക്കൂർ കശ്മീർ പ്രശ്നത്തെപ്പറ്റി ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിച്ചെന്നുമാണ് കേൾവി. 20 മിനിറ്റിൽ കാര്യങ്ങൾ പറയാൻ കഴിയാത്തയാൾക്ക് ബോധമില്ല  എന്നാണ് പത്രാധിപന്മാർ കണ്ടെത്തിയിട്ടുള്ളത്. പിന്നെയാണ് 11 മണിക്കൂർ.
മേനോൻ തിമ്മയ്യയോട് കോപിച്ചു: “No General, it is downright disloyalty and amounts to impropriety.”
തിമ്മയ്യയുടെ ആഗ്രഹം കൂറില്ലായ്മയും അനൗചിത്യവുമാണെന്ന് മേനോൻ  ഉത്തരവായി. മേനോൻ  മയക്കു മരുന്നിന് അടിമയായിരുന്നു.
തിമ്മയ്യ മറുപടി പറഞ്ഞു: “ഞാൻ ഒരു ആരോപണവും പറഞ്ഞില്ല. നിങ്ങൾക്ക് മറ്റ് സേനാ മേധാവികളെയും വിളിക്കാം. ഞാൻ ഇതുവരെ പറഞ്ഞത് അവർ ആവർത്തിക്കും. നിങ്ങൾ സേനയെ പരിഗണിക്കുന്നില്ല. അതിൻറെ ആത്മ വീര്യം ചോർന്നു. ഞങ്ങൾ മുൻപും താങ്കളോട് പറഞ്ഞിട്ടുണ്ട്; ഇപ്പോൾ പ്രധാനമന്ത്രിയോടും പറഞ്ഞു. തുറന്നു പറയുന്നത് കൂറില്ലായ്മ അല്ല. ഞങ്ങൾ ഈ രാജ്യത്തോട് കൂറുള്ളവരാണ്. അതാണ്, എന്നെ സംബന്ധിച്ചിടത്തോളം, കൂറ്.”
ഇതാവർത്തിച്ചു തിമ്മയ്യ എഴുന്നേറ്റപ്പോൾ മേനോൻ പറഞ്ഞു: “You are disloyal to me and I have no place for disloyal generals.”
(നിങ്ങൾക്ക് എന്നോട് കൂറില്ല, കൂറില്ലാത്ത ജനറൽമാരെ എനിക്ക് വേണ്ട).
തിമ്മയ്യ പോയ ശേഷം, മേനോൻ നെഹ്‌റുവിനെ കണ്ടു. കപ്പൽ മുക്കരുതെന്ന് നെഹ്‌റു മേനോനോട്  പറഞ്ഞു. മേനോൻ ക്ഷമിച്ചാൽ തിമ്മയ്യയെ വരുതിയിൽ ആക്കാമെന്ന് നെഹ്‌റു പറഞ്ഞു.
തിമ്മയ്യ രാത്രി വീട്ടിലെത്തി ഭാര്യയോട് വിവരം പറഞ്ഞു. ഭാര്യ നീന, നമുക്ക് അവസാനിപ്പിക്കാം എന്ന് ആശ്വസിപ്പിച്ചു. മറ്റ് സേനാ മേധാവികളോട് തിമ്മയ്യ സംസാരിച്ചു -എയർ ചീഫ് മാർഷൽ സുബ്രതോ മുഖർജി, അഡ്‌മിറൽ രാംദാസ് കട്ടാരി. നമ്മുടെ കൊച്ചിയിൽ കട്ടാരി ബാഗ് ഉണ്ട്.
രാജി ആലോചിക്കുകയാണെന്ന് തിമ്മയ്യ പറഞ്ഞു. തങ്ങളും അതു ചെയ്യാമെന്ന് മറ്റു രണ്ട് സേനാ മേധാവികളും പറഞ്ഞു.
തിമ്മയ്യ നിർദിഷ്ട പിൻഗാമി എസ് പി പി തോറാത്തിനെ വിളിച്ചു. നെഹ്‌റുവിനെ കണ്ടിട്ട് മതി എന്ന് മുൻ കരസേനാ മേധാവി കരിയപ്പ പറഞ്ഞു.
രാവിലെ രാജിക്കത്ത് തിമ്മയ്യ നെഹ്‌റുവിന് അയച്ചു. നെഹ്‌റു, തിമ്മയ്യയുടെ തോളത്തു കയ്യിട്ടു. വൈകിട്ട് ഏഴു മണി വരെ രാജിക്കത്ത് കീശയിലിടാമെന്നും, അതിനിടയിൽ പിൻവലിക്കണമെന്നും നെഹ്‌റു ആവശ്യപ്പെട്ടു. നെഹ്‌റു മറ്റ് സേനാ തലവന്മാരെയും വിളിച്ചു. അവരെ രാജിയിൽ നിന്ന് പിന്തിരിപ്പിച്ചു.
കൃഷ്ണമേനോനോട്, അയാളുടെ രാജി തയ്യാറാക്കി വയ്ക്കാൻ നെഹ്‌റു ആവശ്യപ്പെട്ടു. വൈകിട്ടത്തെ കൂടിക്കാഴ്ചയിൽ, രാജിക്കത്ത് പിൻവലിക്കില്ലെന്ന് തിമ്മയ്യ പറഞ്ഞു.
നമുക്ക് ആണാകാൻ അപൂർവം അവസരങ്ങൾ കിട്ടാറുണ്ട്; അപ്പോഴും ഷണ്ഡന്മാരാകുന്നവരെയാണ് ഞാൻ കണ്ടിട്ടുള്ളത്.
മേനോൻ ബ്രില്ലിയൻറ് ആണെന്നും മനുഷ്യൻ എന്ന നിലയിൽ ഡിഫിക്കൽട്ട് ആണെന്നും നെഹ്‌റു വിശദീകരിച്ചു. അയാൾ സമനിലയില്ലാത്തവൻ ആണെന്നും ബ്രില്ലിയൻസ്‌, ഓക്സ്ഫോഡ് ഫിലോസഫി പ്രൊഫസറുടേതാണെന്നും, പ്രൊഫസർക്ക്  ഇന്ത്യ വിഷയമല്ലെന്നും തിമ്മയ്യ പറഞ്ഞു.
തിമ്മയ്യ അവസാനിപ്പിച്ചു: “ഇന്നത്തെ പട്ടാളത്തിൻറെ അവസ്ഥയിൽ ജയിക്കില്ല. വേറെ ആരെങ്കിലും ചെയ്യട്ടെ.”
സഹോദരൻ എന്ന നിലയ്ക്ക്, രാജി പിൻവലിക്കാൻ നെഹ്‌റു ആവശ്യപ്പെട്ടു. രാത്രി ഒൻപതരയ്ക്ക് തങ്ങൾ ഒറ്റക്കെട്ടാണെന്നും, തങ്ങൾ മേനോന് എതിരാണെന്നും കട്ടാരി നെഹ്രുവിനോട് പറഞ്ഞു.
രാജി പിൻവലിച്ച തിമ്മയ്യ വീട്ടിൽ ഒറ്റപ്പെട്ടു. 1959 സെപ്റ്റംബർ രണ്ടിന് പാർലമെൻറിൽ, തിമ്മയ്യ തുടരുന്നുവെന്ന് നെഹ്‌റു പറഞ്ഞു.
മൂന്നു കൊല്ലം കഴിഞ്ഞു യുദ്ധത്തിൽ തോറ്റ് നെഹ്രുവും മേനോനും കളങ്കിതരായി.
നെഹ്രുവിന്റെ കെ സി വേണുഗോപാൽ ആയിരുന്നു,മേനോൻ എന്ന് തോന്നുന്നു.

ഗണേശ് പുരി, നിത്യ സമാധി

ല്ലാം ആകസ്മികമാണ്. ജനനവും മരണവും എല്ലാം.

നാലുമാസം മുൻപാണ് കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തിൽ പോയത്. അദ്ദേഹത്തെ പ്രതിഷ്ഠിച്ച ക്ഷേത്രവും അദ്ദേഹം തപസ്സു ചെയ്‌ത്‌ സിദ്ധിവന്ന ഗുഹയും കണ്ടത്.
 
കൊയിലാണ്ടി തൂണേരിയിലെ കർഷക ദമ്പതികൾക്ക് പറമ്പിൽ കിടന്നു കിട്ടിയ കുട്ടി പത്താം വയസിൽ വീടുവിട്ട് കാഞ്ഞങ്ങാട് ചെന്ന് തപസ്സു ചെയ്‌തു. നിത്യാനന്ദയുടെ കഥ, ‘ആനന്ദം,നിത്യാനന്ദം' എന്ന ലേഖനത്തിൽ ഞാൻ പറഞ്ഞിട്ടുള്ളതിനാൽ, ആവർത്തിക്കുന്നില്ല.

നിരക്ഷരരാണ് ഇന്ത്യയിൽ, ആത്മീയതയുടെ മറുകര കണ്ടവർ; ശ്രീരാമകൃഷ്ണ പരമഹംസനെപ്പോലെ തന്നെ നിത്യാനന്ദയും. കാഞ്ഞങ്ങാട് സിദ്ധികൾ കൈവന്ന നിത്യാനന്ദയുടെ 1936 മുതൽ 1961 ൽ സമാധിയാകും വരെയുള്ള (ജനനം 1897 ) ജീവിതം, മഹാരാഷ്ട്രയിലെ ഗണേശ് പുരിയിൽ ആയിരുന്നു എന്നത്, പൂർവ നിശ്ചയമാകാം.

കാഞ്ഞങ്ങാട് പോകുന്നതിനു മുൻപ് നിത്യചൈതന്യ യതിയുടെ ആത്മകഥ, ‘യതിചരിതം’ ഒന്നുകൂടി നോക്കിയിരുന്നു. യതിയുടെ ജീവിതത്തിൽ രണ്ടുതവണ, മുൻ പരിചയമില്ലാത്ത നിത്യാനന്ദ രണ്ടു തവണ പ്രത്യക്ഷപ്പെട്ട വിവരണമുണ്ട്. ദാദറിലെ ഒരു പഴയകെട്ടിടത്തിലെ മൂന്നാം നിലയിലെ മുറിയിൽ, ജനാല തുറന്നപ്പോൾ, പുറത്തു നിൽക്കുകയായിരുന്നു, നിത്യാനന്ദ.

ആകസ്മികമായി, ഞാൻ ഗണേശ് പുരിയിൽ എത്തിയത് ദാദർ വഴി തന്നെ. മാർച്ച് 10. മുംബൈ ചെമ്പുരിൽ നിന്ന് സബർബൻ ട്രെയിനിൽ കുർള. അവിടന്ന് ദാദർ. അവിടന്ന് വിരാർ.

വിരാർ വരെയുള്ള ടിക്കറ്റ് ആദ്യം തന്നെ എടുക്കാം. വെറും 20 രൂപ. 75 കിലോമീറ്റർ. വിരാറിൽ നിന്ന് ഗണേശ് പുരിക്ക് 29 കിലോമീറ്ററുണ്ട്. ബസ് എപ്പോഴും ഇല്ല. ഒരു മണിക്കൂർ കാത്തു.


ഗണേശ് പുരി ഇപ്പോഴും ഗ്രാമമാണ്. നിത്യാനന്ദയുടെ കാലത്ത് ഇനിയും ചെറിയ ഗ്രാമം ആയിരുന്നിരിക്കണം.

നിത്യാനന്ദ മഹാരാഷ്ട്രയിലെ തൻസ താഴ്‌വരയിൽ, വജ്രേശ്വരിയിൽ നാടോടിയായി ചെന്നത്, 1923 ലാണ്. അദ്ദേഹത്തിൽ കണ്ട അദ്‌ഭുതങ്ങൾ ജനത്തെ ആകർഷിച്ചു. എല്ലാം ദൈവേച്ഛ ആണെന്ന്, നിത്യാനന്ദ പറഞ്ഞു. ആദിവാസികളെ സഹായിച്ചു. പാഠശാല തുടങ്ങി. അവർക്ക് ഭക്ഷണവും പാർപ്പിടവും കിട്ടി.

നിത്യാനന്ദ ഒന്നും സംസാരിച്ചിരുന്നില്ല. യതിയോടും ഒന്നും സംസാരിച്ചില്ല. നിത്യാനന്ദ 1936 ൽ ഗണേശ് പുരിയിലെ ശിവക്ഷേത്രത്തിൽ ചെന്ന് പാർക്കാൻ അനുമതി ചോദിച്ചു. ക്ഷേത്രം പരിപാലിച്ചിരുന്ന കുടുംബം സമ്മതിച്ചു, ഒരു കുടിൽ പണിതു. ഭക്തർ ഏറിയപ്പോൾ അത്, ആശ്രമമായി.

സമാധി 1961 ഓഗസ്ററ് എട്ടിനായിരുന്നു.

ഗണേശ് പുരിയിൽ എത്തിയപ്പോൾ ഉച്ചയ്ക്ക് രണ്ടര ആയിരുന്നു. ക്ഷേത്രത്തിനു പുറത്ത് അന്നപൂർണ ഹാളിൽ മിതമായ നിരക്കിൽ, സമൃദ്ധമായ ഭക്ഷണം. ആശ്രമത്തിൽ ചെന്ന്, നിത്യാനന്ദയുടെ നാട്ടുകാരനാണെന്ന് പരിചയപ്പെടുത്തി. അവർ അദ്ദേഹത്തെ ബാബ എന്നു വിളിക്കുന്നു. ബാബ ഉപയോഗിച്ചിരുന്ന വസ്‌തുക്കൾ സൂക്ഷിച്ചിരിക്കുന്നത് ഒരാൾ കാട്ടിത്തന്നു. അതാണ്, കൈലാസ് നിവാസ്. അവിടെ ധ്യാനിക്കാം.

സമാധി സ്ഥലം നിത്യ പൂജകൾ നടക്കുന്ന വലിയ ക്ഷേത്രമാണ്.

ശിവ, കൃഷ്ണ, ഭദ്രകാളി, നവഗ്രഹ ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ക്ഷേത്രക്കുളത്തിൽ സദാസമയവും ചൂടു വെള്ളമാണ്. അതിലാണ്, ബാബ കുളിച്ചു ധ്യാനിച്ചിരുന്നത്.

എന്തുകൊണ്ടാണ്, എപ്പോഴും ചൂട് എന്ന് എനിക്കറിയില്ല. യുക്തിവാദത്തിൽ കണ്ടേക്കാം. ചൂട്‌ അരുവികൾ രണ്ടുണ്ട്. രണ്ടും ബാബയുടെ സൃഷ്ടികളാണെന്ന് വിശ്വസിക്കപ്പെടുന്നു. കാഞ്ഞങ്ങാട്ട് ഗുഹയ്ക്കു താഴെ തണുത്ത നീരൊഴുക്കും സൃഷ്ടിച്ചതാണെന്നു പറയപ്പെടുന്നു.

ഇങ്ങനെയും പറയാം -ഒന്നും സൃഷ്ടിച്ചതല്ല, എല്ലാം ഉള്ളതാണ്.. ഉള്ളതാണ്, ഉണ്മ.


© Ramachandran 


ഖദറിട്ട എൻ എസ് മാധവൻ

ലിയ ധർമ്മസങ്കടമാണ്,എൻ എസ് മാധവൻ എഴുതിയ ‘രാഹുൽ ചുരം കയറുമ്പോൾ’ എന്ന പ്രബന്ധ തല്ലജത്തിൽ കാണുന്നത്.തല്ലജo എന്നാൽ എന്താണ് എന്നറിഞ്ഞു കൂടാ.പ്രാചീനമായ ഒരു പ്രബന്ധത്തെപ്പറ്റി പറയുമ്പോൾ,പ്രാചീന പ്രബന്ധങ്ങളിലെ വാക്ക് വന്നു വീണെന്നേയുള്ളൂ.
ഖദറുടുത്ത മാധവനെയാണ്,പ്രബന്ധത്തിൽ കാണുന്നത്.എ കെ ആൻറണിയുടെ സെക്രട്ടറി ആയി പിരിയുമ്പോൾ പിഞ്ഞിയ ചില ഖദർ ഷർട്ടുകൾ ആൻറണി കൊടുത്തിരിക്കാം.
രാഹുൽ ഗാന്ധി വയനാട്ടിൽ വന്നുനിന്നതിൽ,ടി സിദിഖിനേക്കാൾ ആവേശം മാധവനിൽ നുരയുന്നുണ്ട്.വയനാട്ടിലെ വോട്ടറായിരുന്നെങ്കിൽ,മാധവൻ ഇടതു സ്ഥാനാർത്ഥിക്കല്ല,രാഹുലിന് വോട്ട് ചെയ്യുമായിരുന്നു.കാരണം മാധവൻ പറയുന്നുണ്ട് -ആ സ്ഥാനാർത്ഥിത്വം ബഹുസ്വരതയെ ഉറപ്പിക്കുന്നു.
ബഹുസ്വരതയെ നെഹ്രുകുടുംബം,പ്രണയ,വിവാഹ,വിവാഹേതര ബന്ധങ്ങളിൽ ഉറപ്പിച്ചിട്ടുണ്ടെന്നത് വാസ്തവമാണ്.അമേഠിയിൽ തോൽക്കുമെന്ന് പേടിച്ച് വയനാട്ടിൽ വന്ന ഭീരുവിന്,അവിടെ എന്തു ബഹുസ്വരത നട്ടു വളർത്താൻ കഴിയുമെന്ന് മനസ്സിലാകുന്നില്ല.കീശമണ്ഡലങ്ങളിൽ നിന്ന് പലായനം ചെയ്യുക ആ കുടുംബത്തിൻറെ സ്വഭാവമാണ്.റായ് ബറേലിയിൽ പഴത്തൊലിയിൽ ചവിട്ടിവീണ ഭയപ്പാടിലാണ്,ഇന്ദിരാ ഗാന്ധി ആന്ധ്രയിലെ മേഡക്കിൽ വന്നു വീണത്.കന്നി മത്സരത്തിൽ തോൽക്കരുതെന്ന് കരുതിയാണ്,ബറേലിക്കൊപ്പം സോണിയാ രാജീവ് ബെല്ലാരിയിൽ പ്രത്യക്ഷപ്പെട്ടത്.”അദ്ദേഹം കേരളത്തിൽ നിന്നു മത്സരിച്ചാൽ,അതിൻറെ പ്രഭാവം കേരളത്തിലെമ്പാടും ഉണ്ടാകുമെന്ന മുൻവിധി ശരിയാകണമെന്നില്ല” എന്ന് പ്രബന്ധാവസാനം നിരീക്ഷിച്ച്,ബഹുസ്വരതയെ സ്വയം മാധവൻ റദ്ദാക്കുന്നുമുണ്ട്.ബി ജെ പി ക്ക് വേണ്ടി വായിട്ടലയ്ക്കുന്ന റിപ്പബ്ലിക് ടി വി പോലും കേരളത്തിൽ കോൺഗ്രസ് മുന്നണിക്ക് 16 സീറ്റ് കൊടുത്തിട്ടുണ്ട്.പിന്നെയാണ്,പ്രഭാവം !


വയനാട്ടിൽ നിന്ന് ബഹുസ്വരത പടർത്തിയ രാഹുൽ ഉത്തര കർണാടകയിലാണ് നിൽക്കേണ്ടിയിരുന്നത് എന്നു പറഞ്ഞും,മാധവൻ വയനാട്ടിൽ രാഹുൽ നട്ട ബഹുസ്വരത പിഴുതെറിയുന്നു.അതൊക്കെ ഗണിച്ചിട്ടാണ്,മാധവാ,പയ്യൻ വയനാട്ടിൽ വന്നത്.ഒന്നുകൂടി ഗണിക്കാനാണ്,ഉമ്മൻ ചാണ്ടി പറഞ്ഞിട്ടും ഒരാഴ്ച എടുത്തത്.ബീദർ,ധാർവാർ,ചിക്കോടി എന്നീ മണ്ഡലങ്ങൾ നോക്കി.ബീദറിൽ കഴിഞ്ഞ തവണ ബി ജെ പി യിലെ ഭഗവന്ത് ഖുബ 92222 .വോട്ട് ഭൂരിപക്ഷത്തിനാണ് ജയിച്ചത്.ധാർവാറിൽ ബി ജെ പി യിലെ പ്രഹ്ളാദ് ജോഷിക്ക് 111657 വോട്ടായിരുന്നു,ഭൂരിപക്ഷം.ചിക്കോടിയിൽ കോൺഗ്രസിലെ പ്രകാശ് ഹുകേറിയാണ് ജയിച്ചത്.ഭൂരിപക്ഷം 3003 വോട്ട് മാത്രമായിരുന്നു.
എന്നിട്ടും ചെക്കന് ഉത്തര കർണാടകത്തിൽ നിൽക്കാമായിരുന്നു,എന്നു പറയുന്നതിൻറെ മറിമായം പിടികിട്ടുന്നില്ല.
ഉത്തരകർണാടകത്തിൽ രാഹുൽ നിന്നെങ്കിൽ ബി ജെ പി യെ ഒറ്റ അക്കത്തിലേക്ക് തളച്ചിടാമായിരുന്നെന്നും,അത് ഇനിയും സംഭവിച്ചു കൂടായ്‌കയില്ലെന്നും മാധവൻറെ ഭാവന ചിറകു വിടർത്തുന്നുണ്ട്.ഈ മനുഷ്യൻ ഏതു ലോകത്താണ്,ജീവിക്കുന്നത്?ഉത്തര കർണാടകത്തിലെ ഗുൽബർഗയിൽ നിന്ന്,മല്ലികാർജുൻ ഖാർഗെ,കലബുർഗിയിലേക്ക് പലായനം ചെയ്‌തത്‌ അറിഞ്ഞില്ലേ?
ഇത്രയും നേരം രാഹുലിനു വേണ്ടി വാദിച്ച ശേഷം,മാധവൻ പ്രാചീന പ്രബന്ധം അവസാനിപ്പിക്കുന്നത്,ഇങ്ങനെ:”ആകെ നോക്കിയാൽ സങ്കീർണവും സമ്മിശ്രവുമാണ് രാഹുൽ ഗാന്ധിയുടെ വയനാടൻ ചുരം കയറ്റം”.
ബെസ്റ്റ് കണ്ണാ,ബെസ്റ്റ് -നന്നായി ശ്രമിച്ചാൽ മാധവന് ഒരു സിവിക് ചന്ദ്രനാകാൻ കഴിയും.അമാന്തിക്കരുത്.

യേശുദാസും ദൈവവും

കാണാൻ കഴിയുന്ന പ്രണവമാണ്, യേശുദാസ്.
അദ്ദേഹത്തെ മുൻ നിർത്തി ഒരു നിർണായക ചോദ്യം കേരളത്തിലെ ഹിന്ദു സമൂഹത്തിനു മുന്നിൽ നിൽക്കുമ്പോഴാണ്, ശബരിമല പ്രശ്‍നം വഷളാക്കിയത്. അദ്ദേഹത്തിന് വേണ്ടിയാണ് നവോത്ഥാന വാദികൾ നില കൊണ്ടത് എങ്കിൽ, അർത്ഥമുണ്ടാകുമായിരുന്നു.
എൻറെ നാടായ തൃപ്പൂണിത്തുറയിലാണ് യേശുദാസ് പഠിച്ചത്. പൊതുവെ തിരുവിതാംകൂറിനേക്കാൾ പുരോഗമനവാദികളാണ് കൊച്ചിക്കാർ എന്ന് ഭാവിക്കാറുണ്ട്. അത് ഒട്ടും ശരിയല്ല. തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശനം നടന്ന് പത്തു വർഷം കഴിഞ്ഞാണ്, കൊച്ചിയിൽ ഉണ്ടായത്. കടൽ കടന്ന് കേംബ്രിഡ്‌ജിൽ പഠിക്കാൻ പോയ രാമുണ്ണി മേനോനെ പുരോഗമനവാദിയായി അറിയപ്പെടുന്ന കൊച്ചി രാജാവ് ഭ്രഷ്ടനാക്കി. ആ മേനോൻ മലബാറിൽ പോയി, മദ്രാസ് സർവകലാശാല വൈസ് ചാൻസലറായി.
കുറെ വർഷം മുൻപ് ഒരു ചാനൽ പരിപാടിയിൽ, എൻറെ സുഹൃത്ത് ടി എസ് രാധാകൃഷ്ണൻറെ സാന്നിധ്യത്തിൽ വിതുമ്പുന്ന യേശുദാസിനെ ഇന്നാണ് വിഡിയോയിൽ കണ്ടത്. അദ്ദേഹത്തിന് അപ്പുറവും ഇപ്പുറവും എം ജയചന്ദ്രനും ചിത്രയുമുണ്ട്. “ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ” എന്ന പാട്ടിൻറെ സാഹചര്യം രാധാകൃഷ്ണൻ വിവരിച്ച ശേഷം, യേശുദാസ് അത് പാടുകയാണ്.കൃഷ്ണൻ മുന്നിൽ വന്നു നിന്ന അനുഭവത്തിലാണ്, അദ്ദേഹം. “ഒരു പീലിയെങ്ങാനും ” എന്ന് തുടങ്ങി വിതുമ്പിയ അദ്ദേഹം,
അകതാരിലാക്കുവാൻ 
എത്തുമെൻ ഓർമ്മകൾ 
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം 
എന്ന് തുടങ്ങിയപ്പോൾ പൊട്ടിപ്പോയി. “ഞാൻ കണ്ടിട്ടില്ലല്ലോ “, അദ്ദേഹം പറഞ്ഞു; പാട്ടു മുറിഞ്ഞു. ഭക്തി പാരവശ്യത്തിൽ ഒരു  വലിയ മനുഷ്യൻ പിന്നെയും വലുതായി. ഗുരുവായൂർ ക്ഷേത്രത്തിനുള്ളിലെ മണ്ഡപത്തിൽ നാരായണീയം എഴുതുന്ന മേൽപത്തൂരിനെ, അത്രയും സംസ്‌കൃതമില്ലാത്ത പൂന്താനത്തെ, ഞാൻ അദ്ദേഹത്തിൽ കണ്ടു. ചെമ്പൈ വൈദ്യനാഥ ഭാഗവതർ അനുഗ്രഹിച്ചതായി അനുഭവപ്പെട്ടു. എന്ത് കൊണ്ടെന്നാൽ, പാട്ട് പണിപ്പെട്ടു മുഴുമിച്ച ശേഷം, യേശുദാസ് പറഞ്ഞ വാക്കുകളിൽ, അപാരമായ അദ്വൈതം വിളങ്ങി നിന്നു. ഇതാ ആ വാക്കുകൾ:
ഭക്തരെ കയറ്റേണ്ട കാലം കഴിഞ്ഞു. സഹോദരങ്ങൾ ഇതുൾക്കൊള്ളണം. എന്നെ കയറ്റണമെന്നല്ല. ഭക്തിയോടെ അർപ്പിക്കുന്ന ആരെയും കയറ്റണം.തൃപ്പൂണിത്തുറയിൽ ഒരിക്കൽ മധുര മണി അയ്യർ പാടുന്നത് പുറത്തു നിന്ന് കേട്ടു. അകത്ത് കയറ്റില്ല. അപ്പോഴാണ് “സ്വാമിയേ ശരണമയ്യപ്പ” എന്ന വിളിയുമായി ഒരു സംഘം എത്തിയത്. ശബരിമലയിൽ നിന്ന് തിരിച്ചു പോകുന്ന ഭക്തരാണെന്ന് കൂട്ടുകാരൻ പറഞ്ഞു. ഞാൻ അങ്ങോട്ട് എഴുതി. വ്രതമെടുത്ത് പതിനെട്ടാം പടി ചവിട്ടുന്ന ആർക്കും അവിടെ വരാമെന്ന് മറുപടി കിട്ടി. അതാണ് അദ്വൈതം. ഒരണയ്ക്കു താഴെയുള്ള മാലയിടുന്ന ഏതൊരാളും അയ്യപ്പനാണ്. അതാണ് തത്വമസി. ഞാൻ തന്നെയാണ് ദുര്യോധനൻ.ഞാൻ തന്നെയാണ്, കൃഷ്ണൻ. കൃഷ്ണൻറെ അംശം തന്നെയാണ്, ദുര്യോധനൻ. ഹൃദയത്തിൽ ഞാൻ പൊട്ടിപ്പോകുന്നു. കയറാൻ കഴിയാത്തതിൽ ദുഃഖമുണ്ട്. എനിക്ക് വേണ്ടിയല്ല. ഞാൻ അവസാനമേ കയറൂ. വേർതിരിക്കരുത്. ഈശ്വരൻ ജനിച്ചിട്ടുണ്ടോ? ജനിപ്പിക്കാനാവില്ല. അവനാണ് സ്രഷ്ടാവ്.

യേശുദാസ് പറഞ്ഞതാണ്, അദ്വൈത സാരം എന്നെനിക്കറിയാം. ഹിന്ദു ദൈവങ്ങളെ ഉണർത്താനും ഉറക്കാനും അദ്ദേഹം വേണം. എന്നാൽ അമ്പലത്തിൽ കയറ്റില്ല. യേശുദാസ് പറഞ്ഞ മധുര മണി അയ്യർ കച്ചേരി പൂർണത്രയീശ ക്ഷേത്രത്തിലായിരിക്കണം, നടന്നത. അവിടെ ഉത്സവത്തിന് കച്ചേരിയും കഥകളിയും മാത്രമേയുള്ളു. നവോത്ഥാനം പരീക്ഷിക്കാൻ പറ്റിയ സ്ഥലമാണ്, തൃപ്പൂണിത്തുറ. രാജകുടുംബത്തിലുള്ളവർ ഏറെയും കമ്മ്യൂണിസ്റ്റുകളാണ്. അതുകൊണ്ട്, യേശുദാസിനെ ആദ്യം അവിടത്തെ ക്ഷേത്രത്തിൽ കയറ്റണം.ഊട്ടുപുര ഹാളിൽ കച്ചേരി നടത്തിക്കണം.മണി അയ്യരെ കേൾക്കാൻ കഴിയാത്ത മഹാഗായകനെ പൂർണത്രയീശൻ അനുഗ്രഹിക്കട്ടെ. അവിടെ നിന്ന്  വേണം പുതിയ ക്ഷേത്ര പ്രവേശന വിളംബരം.
അദ്വൈതം വച്ച് യേശുദാസും ദൈവവും ഒന്നാകയാൽ, അദ്ദേഹം അമ്പലത്തിൽ പോകേണ്ടതുണ്ടോ എന്ന ചോദ്യമുണ്ട്. അതിലുള്ള പ്രശ്‍നം, അദ്ദേഹം, ഇത്രയും ജീവിത സുഖങ്ങൾ ത്യജിച്ച ഒരാൾ, ഈശ്വരൻ തന്നെ എന്ന സത്യം അദ്ദേഹം അറിയുന്നില്ല എന്നതാണ്. അദ്ദേഹം പാടുമ്പോൾ മുന്നിലിരിക്കുന്ന നമ്മളാണ്, കേൾക്കുന്നത്. അദ്ദേഹം ശബ്ദത്തിൻറെ പിന്നിലാണ്. പ്രണവ സ്വരൂപിയാണ്.അദ്ദേഹത്തിന് ഭക്തൻ എന്ന അവകാശ വാദം മാത്രമേയുള്ളു.അത് അവകാശവുമാണ്. ഈശ്വരനെ അറിയാനുള്ള പല മാർഗങ്ങളിൽ ഒന്നാണ്, ഭക്തി മാർഗം.
അതിന് സൗകര്യം ചെയ്യാതിരിക്കുന്നത്, ഹിന്ദുക്കൾ സ്വന്തം പൈതൃകത്വത്തോട് കാട്ടുന്ന വഞ്ചനയാണ്. ആ പൈതൃകത്തിൻറെ വീണ്ടെടുപ്പ്, ആ ശബ്ദം വഴിയാണ് നടന്നത്. കനകദാസനെ വരേണ്യർ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കയറ്റാതിരുന്നപ്പോൾ, അദ്ദേഹം പുറത്തു നിന്ന്, “കൃഷ്ണാ നീ ബേഗനേ” പാടി. പടിഞ്ഞാറു വശത്തെ ഭിത്തി പിളർന്ന് വിഗ്രഹം കനകദാസന്‌ അഭിമുഖം വന്നു. ഈശ്വരനുമായി നേരിട്ട് ആശയവിനിമയമുള്ള യേശുദാസ് പാടിയാൽ തുറക്കാത്ത ഇണ്ടംതുരുത്തി മനകൾ കണ്ടേക്കാം. അവ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പൊക്കോളും.

ബാബു പോളും മാരാരുടെ പ്രേതവും

കുതിരപ്പുറത്ത് പ്രേതം വന്നു 


ഐ എ എസിൽ രണ്ടു പെരുമ്പാവൂർക്കാരുമായാണ്, എനിക്ക് അടുപ്പമുണ്ടായിരുന്നത്: മലയാറ്റൂർ രാമകൃഷ്ണനും ബാബു പോളും. എഴുതുന്നവർക്ക് ആഴങ്ങൾ മനസ്സിലാകും എന്നതാണ്, കാരണം. 'യക്ഷി’യും ‘മൃദുല പ്രഭു’വും എഴുതിയ മലയാറ്റൂരിനെപ്പോലെ, ബാബു പോളിനും അതീന്ദ്രിയ തലമുണ്ടായിരുന്നു. 'കഥ ഇതുവരെ' എന്ന ആത്മകഥയിൽ, ഉദാത്ത തലങ്ങളിൽ ബാബു പോൾ എത്തുന്ന പല നിമിഷങ്ങളുമുണ്ട്. കൊച്ചി പോർട്ട് ട്രസ്റ്റ് ചെയർ മാനായിരുന്ന കെ ഡബ്ലിയു പി മാരാരുടെ പ്രേതത്തെ ബാബു പോൾ കണ്ട വിവരണം എനിക്ക് മറക്കാനായില്ല. മാരാരെപ്പറ്റി എഴുതിയതിനപ്പുറം ഒന്നുമറിയില്ല എന്ന് ബാബു പോൾ പറഞ്ഞപ്പോൾ. സ്വന്തം നിലയിൽ മാരാരെപ്പറ്റി ഞാൻ അന്വേഷിച്ചു. ആ കഥ:

മാരാർ

ബാബു പോൾ പോർട്ട് ട്രസ്റ്റ് ചെയർമാനായത് 1984 മാർച്ച് 25 നാണ്. മിൽനെയ്ക്ക് ശേഷം, രണ്ടാമത്തെ ചെയർ മാനായിരുന്നു, മാരാർ. മാരാരുടെ ക്രിക്കറ്ററായ മകൻ എം പി ഗോവിന്ദ്, തിരുവനന്തപുരം എഞ്ചിനീറിങ് കോളജിൽ ബാബു പോളിൻറ സഹപാഠി. 

മാരാർ ഐ സി എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 1928 ഒക്ടോബർ 4 നായിരുന്നു. 11 ഇന്ത്യക്കാർ തിരഞ്ഞെടുക്കപ്പെട്ടതിൽ, ഒരേ ഒരു മലയാളി. തെക്കേ ഇന്ത്യയിൽ നിന്ന് രണ്ടുപേർ കൂടിയുണ്ടായിരുന്നു: നെല്ലിച്ചേരി സ്വാമിനാഥൻ അരുണാചലം, ഹുണ്ടി ശ്രീനിവാസ കമ്മത്ത്. മാരാർക്ക് മുൻപ് ഐ സി എസിൽ എത്തിയ മലയാളികൾ: കെ പി എസ് മേനോൻ (1922), എൻ ആർ പിള്ള (1923 ), എം കെ വെള്ളോടി. ഗോവിന്ദ് തൃശൂർക്കാരനാണെന്ന് ബാബു പോൾ പറഞ്ഞു; തൃശൂർ പൂത്തോൾ കോട്ടപ്പുറത്ത്, കോട്ടിൽ വളപ്പിൽ വാരിയമുണ്ട്.

1935 ജനുവരി നാലിലെ 'എഡിൻബർഗ് ഗസറ്റി'ൽ, മാരാർക്ക്, കൈസർ എ ഹിന്ദ് മെഡൽ നൽകിയതായി കാണുന്നു. അന്ന് അദ്ദേഹം, അസമിലെ നൗഗോങിൽ ഡപ്യൂട്ടി കമ്മീഷണറായിരുന്നു, അവിടെ സെൻസസ് സൂപ്രണ്ടായിരുന്നു. ഭക്ഷ്യ സെക്രട്ടറി ആയിരുന്നു. പോർട്ട് ട്രസ്റ്റ് ചെയർമാനാകും മുൻപ്, 1944 -47 ൽ കേന്ദ്ര കൃഷിവകുപ്പ് ജോയിന്റ് സെക്രട്ടറി. രണ്ടാം ലോകയുദ്ധം തീരുന്ന 1945 വരെ തുറമുഖം നേവിയുടെ കയ്യിലായിരുന്നു.

സെൻസസ് മേധാവിയെന്ന നിലയിൽ അസമിൽ വിവാദപുരുഷനായിരുന്നു, മാരാർ (1941). ആദ്യ രാഷ്‌ട്രപതി രാജേന്ദ്ര പ്രസാദ് എഴുതിയ, India Divided എന്ന പുസ്‌തകത്തിൽ പരാമർശിക്കുന്നുണ്ട്. 1931 ലെ സെൻസസിനെ അപേക്ഷിച്ച്, മാരാരുടെ സെൻസസിൽ ക്രിസ്ത്യാനികളുടെ എണ്ണം നന്നായി കുറഞ്ഞിരുന്നു. ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും എണ്ണവും കുറഞ്ഞു. 1 931 ലെ സെൻസസ് മതാടിസ്ഥാനത്തിലും 1941 ലേത് സമുദായാടിസ്ഥാനത്തിലും ആണെന്ന് മാരാർ ന്യായീകരിച്ചു. ഖാസി ജാതിയിൽ പെട്ടവൻ ഖാസി ആയിരിക്കും, ഹിന്ദുവോ ക്രിസ്ത്യാനിയോ ആയിരിക്കില്ല.

അതായത്, മാരാർ, മതം മാറ്റത്തെ നിരാകരിച്ചു. സർക്കാർ സെൻസസ് അട്ടിമറിച്ചതായി കോൺഗ്രസ് ആരോപിച്ചു. മുസ്ലിം ലീഗിൻറെ മൗലവി സയ്യിദ് സർ മുഹമ്മദ് സാദുല്ലയായിരുന്നു, മുഖ്യമന്ത്രി. മുസ്ലിം ജനസംഖ്യ പെരുപ്പിച്ച് കാണിക്കുകയാണ് ഉന്നം എന്ന് ആരോപിക്കപ്പെട്ടു.

വില്ലിംഗ് ഡൻ ഐലൻഡിൽ ഇപ്പോഴത്തെ തുറമുഖ ട്രസ്റ്റ് ഓഫിസ് തന്നെയായിരുന്നു, മാരാരുടെയും ഓഫിസ്. ചെയർമാൻ ആയി ഏതാനും മാസങ്ങൾക്കകം വിഷം ഉള്ളിൽ ചെന്ന് അദ്ദേഹം മരിച്ചു. ബാബു പോൾ എഴുതുന്നത്, മരണ ശേഷംപലപ്പോഴും മാരാർ കടലിൽ നിന്ന്, കറുത്ത കുതിരപ്പുറത്ത് കോട്ടും ടൈയുമണിഞ്ഞ് ഉയർന്നു വന്നിരുന്നു എന്നാണ്. ഇപ്പോഴത്തെ ഹാർബർ ഹൗസിൻറെ ഓരത്തുകൂടി പഴയ കെട്ടിടത്തിലേക്കു പോകും. വെള്ളിയാഴ്ച്ചയും കറുത്ത വാവുമാണെങ്കിൽ ഉറപ്പായും മാരാർ കടലിൽ നിന്നുയരും. കാവൽക്കാരൻ ഉറങ്ങുന്ന കണ്ടാൽ, ചൂരൽ കൊണ്ടടിക്കും. മലബാർ ഹോട്ടൽ വരെ ചെന്ന്, ചെയർ മാൻറെ ജെട്ടിയിൽ എത്തി, മാരാർ അപ്രത്യക്ഷനാകും.

ഒരുനാൾ അതേവേഷത്തിൽ മാരാർ തൻറെ കുളിമുറിയിൽ നിൽക്കുന്നത് ബാബു പോൾ കണ്ടു. വാരാന്ത്യമായിരുന്നു, ഭാര്യ നിർമലയും കുട്ടികളും അവരുടെ നാട്ടിലായിരുന്നു. വിരുന്നു കഴിഞ്ഞ് മടങ്ങിയ ബാബു പോൾ ഏകനായിരുന്നു. അടുത്തനാൾ പഴയ ചെയർമാന്മാരുടെ ചിത്രങ്ങൾ മറിച്ചു നോക്കി, ബാബു പോൾ, കണ്ട രൂപത്തെ തിരിച്ചറിഞ്ഞു.

ബാബു പോൾ, മാരാരുടെ ഭാര്യ ലീല യെ അടുത്ത റിപ്പബ്ലിക് ദിനത്തിന് ക്ഷണിച്ചു. അവർ കുടുംബവുമായി വന്നപ്പോഴാണ്, ഗോവിന്ദ്, 'തടിയൻ ഗോവിന്ദൻ” മാരാരുടെ മകനാണെന്ന് മനസ്സിലായത്. മാരാരുടെ ഹോബി കുതിരസവാരി ആയിരുന്നെന്നും മാരാർക്ക് കറുത്ത കുതിരകളെ ഇഷ്ടമായിരുന്നെന്നും ലീല പറഞ്ഞപ്പോൾ, ബാബു പോൾ ഞെട്ടി!

പിന്നെ ഹാർബർ ഹൗസിൽ ഏകനാകുന്നത്, ബാബു പോൾ ഒഴിവാക്കി. സ്വന്തം പിതാവിൻറെ മരണം വരെ ബാബു പോൾ ഈ ഭയം കൊണ്ടു നടന്നു. അതു കഴിഞ്ഞ്, പരലോകത്ത് തനിക്ക് രക്ഷകനുണ്ടെന്ന് സമാധാനിച്ചു.

ഇക്കഥ എൻറെ ഇംഗ്ലീഷ് ബ്ലോഗിൽ എഴുതിയപ്പോൾ, 1951 -60 ൽ പോർട്ട് ട്രസ്റ്റ് അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായിരുന്ന എം എസ് വെങ്കട്ടരാമൻറെ മകൻ അതിനു താഴെ കമന്റ് ഇട്ടു. ഹാർബർ ഹൗസിൻറെ ഒന്നാം നിലയിലാണ്, വെങ്കട്ടരാമൻ താമസിച്ചിരുന്നത്. താഴെ ഓഫിസ്. താഴെ, ഗോവണിയുടെ ഇടതുള്ള ഫാമിലി ഗസ്റ്റ് റൂമിൽ മാരാർ മരിച്ച കഥ സഹായികൾ പറഞ്ഞിരുന്നു. ഒരു നാൾ വെങ്കട്ടരാമൻറെ സുഹൃത്ത് ആർ എം സുന്ദരം ഐ സി എസ്, അതിഥിയായി എത്തി. ആ ഗസ്റ്റ് റൂമിൽ പാതിരയ്ക്ക് എഴുന്നേറ്റ സുന്ദരം മുറിയിൽ വല്ലാത്ത ഒന്ന് കണ്ടതായി പരാതിപ്പെട്ടു.
 
ഒൻപതു കൊല്ലം സന്തോഷമായി അവിടെ ജീവിച്ചെന്ന് വെങ്കട്ടരാമൻറെ മകൻ എഴുതി. ബാബു പോളിന്റെയും സുന്ദരത്തിൻറെയും വിചാരപ്രക്രിയയിൽ മാരാരെപ്പറ്റിയുള്ള അറിവുകൾ കടന്നുകൂടിയുള്ള വിഭ്രാന്തി ആവില്ലേ അത് എന്നദ്ദേഹം ശങ്കിച്ചു.

ഞാൻ വിളിച്ചപ്പോൾ ബാബു പോൾ ചെന്നൈയിലായിരുന്നു. ഇത് അദ്ദേഹത്തെ വായിച്ചു കേൾപ്പിച്ചു. ബാബു പോൾ പറഞ്ഞു: “അത് യുക്തിയുടെ ഭാഗത്തു നിന്നുള്ള വിശദീകരണം മാത്രമാണ്” (It is the logical way of explaining things).
 
അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്. മറ്റെല്ലാ അവയവങ്ങളുടെയും പ്രവർത്തനം നിലച്ചിട്ടും, ബാബു പോളിൻറെ ഹൃദയം സ്പന്ദിച്ചു കൊണ്ടിരുന്നു, അതാണ് മരണ പ്രഖ്യാപനം വൈകിയത് എന്ന് ഡോക്ടർ വിശദീകരിച്ചതായി സുഹൃത്ത് പറഞ്ഞു. ”ബാബു പോൾ ചെറിയ ആളല്ല," ഞാൻ പറഞ്ഞു, "ദൈവവുമായി മനപ്പൊരുത്തം സൃഷ്ടിച്ചവനാണ്”.



© Ramachandran
















അയ്യപ്പനെപ്പറ്റി പറഞ്ഞാൽ എന്ത്?

 തിരഞ്ഞെടുപ്പ് കാലത്തെ അസാധാരണമായ സംഭവം തിരഞ്ഞെടുപ്പ് കമ്മിഷൻ, പ്രചാരണത്തിൽ അയ്യപ്പൻറെ പേരു വിലക്കിയതാണ്.തിരഞ്ഞെടുപ്പിന് ശേഷവും, അതിലെ അന്യായം സമൂഹത്തിൽ അനുരണനം സൃഷ്ടിക്കും.അയ്യപ്പൻറെ ചിത്രം ഉപയോഗിക്കരുതെന്നു പറഞ്ഞ കമ്മീഷൻറെ പരസ്യങ്ങളിലെല്ലാം ആ പദവിയിൽ ഇരിക്കുന്നയാളുടെ ചിത്രങ്ങൾ കാണുകയുണ്ടായി.പിണറായി വിജയനു പകരം മറ്റൊരാൾ നമ്മെ ഭരിക്കുകയാണോ എന്നു തോന്നിപ്പോയി.
കേരളത്തിൽ രണ്ടു ദൈവങ്ങൾക്ക് അസാധാരണത്വമുണ്ട് -അയ്യപ്പനും പറശ്ശിനിക്കടവ് മുത്തപ്പനും.അവർണ്ണർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന കാലത്ത്,അവർക്കു കൂടി പ്രവേശനം ഉണ്ടായിരുന്ന ക്ഷേത്രങ്ങളാണ്,ഇവ.അതായത്,പ്രോലിറ്റേറിയൻ ക്ഷേത്രങ്ങൾ.മുത്തപ്പന് മദ്യം നിവേദിക്കാറുണ്ട് എന്നു നമുക്കറിയാം.ഇത് ആചാരമാണ്.ഇത് നാളെ നിരോധിച്ചാൽ,പിണറായി വിജയൻ എന്ത് ചെയ്യും?അയ്യപ്പൻ കേരളമാകെ നിറഞ്ഞു നിൽക്കുന്നു എന്നത് എനിക്ക് ബോധ്യപ്പെട്ടത് അദ്ദേഹം കാസർകോടും ആരാധിക്കപ്പെടുന്നത് നേരിട്ട് കണ്ടപ്പോഴാണ്.
നമ്മുടെ നാട്ടിൽ പണ്ടുണ്ടായിരുന്നത്,മത രാഷ്ട്രീയമാണ്.ലോകത്ത് പല ഭാഗത്തും അങ്ങനെയായിരുന്നു.കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്തുമതത്തെ രാഷ്ട്ര മതമായി സ്വീകരിച്ചപ്പോഴാണ്,ആ മതം രക്ഷപ്പെട്ടത്.ഇസ്രയേലിൽ ചർച് ഓഫ് നേറ്റിവിറ്റിയിൽ പോയപ്പോഴാണ്,ആ പള്ളിയിരിക്കുന്ന സ്ഥലത്ത് യേശു ജനിച്ചു എന്നത് സങ്കൽപ്പം മാത്രമാണ് എന്നു മനസ്സിലായത്.അദ്ദേഹം ബെത്ലഹേമിൽ ജനിച്ചു എന്നത് മാത്രമാണ് സത്യം.അതായത്,രാഷ്ട്രീയം ചില കണ്ടുപിടിത്തങ്ങൾ നടത്തുന്നു.ഇംഗ്ലണ്ടിൽ ചാൾസ് രണ്ടാമൻ പ്രൊട്ടസ്റ്റന്റ് മതം രാഷ്ട്ര മതമായി അംഗീകരിച്ചപ്പോഴാണ്,അത് രക്ഷപ്പെട്ടത്.അതിൻറെ തകർച്ചയിലാണ്,മാർക്സ് ലണ്ടനിൽ പോയി,ഇന്ന് കാലഹരണപ്പെട്ട മാർക്സിസ്റ്റ് മതത്തിൻറെ മിശിഹ ആയത്.
കേരളത്തിൽ പണ്ട് ഭഗവതി ക്ഷേത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവ പൂട്ടിപ്പോയത് ശൈവ,വൈഷ്ണവ രാഷ്ട്രീയത്തിൻറെ കടന്നു കയറ്റത്തിലാണ്.വടക്കുന്നാഥൻ അല്ല ഒറിജിനൽ,പാറമേക്കാവ് ഭഗവതിയാണ്.ഗുരുവായൂരപ്പനല്ല ഒറിജിനൽ.മഞ്ജുളാലിലെ ഭഗവതിയാണ്.പുത്തേഴത്ത് രാമൻ മേനോൻറെ ‘ തൃശൂർ = ട്രിചൂർ ‘ എന്ന പുസ്തകം വായിച്ച ഓർമ്മയാണ്.ഭഗവതിമാരെ തട്ടിത്തകർത്ത് ശിവനും വിഷ്‌ണുവും വന്നത്,രാഷ്ട്രീയമായിരുന്നു.പരശുരാമൻ ഉണ്ടാക്കിയ സ്ഥലത്ത്,തമിഴ്‌നാട്ടിലെപ്പോലെ അമ്മ രേണുകയെ,മാരിയമ്മയെ,കുറഞ്ഞ പക്ഷം മറിയാമ്മയെ ആണ് പൂജിക്കേണ്ടത്.ശിവനും വിഷ്‌ണുവും ഭഗവതിയെ ചവിട്ടിപ്പുറത്താക്കിയപ്പോൾ,വനിതാ മതിൽ ഉണ്ടായതായി രേഖകൾ ഇല്ല.ആകെയുള്ളത്,ഗ്രേസിയുടെ ‘ പടിയിറങ്ങിയ പാർവതി ‘ എന്ന കഥയാണ്.

ബുദ്ധമത സ്വാധീനം കേരളത്തിൽ പ്രബലമാണ്.നാസ്തികമായ ആ മതത്തിൽ നിന്ന് കിട്ടിയതാകാം,നമുക്ക് നിഷേധ സ്വഭാവം.ആ സ്വഭാവത്തെയാണ്,ചിലർ മതേതരത്വം എന്ന് വിളിക്കുന്നത്.ചിലരെയൊക്കെ വെല്ലുവിളിച്ച യോദ്ധാവായ അയ്യപ്പനിൽ ഈ സ്വഭാവമുള്ളതു കൊണ്ട് നമ്മുടെ ദൈവമായി.വിഷ്‌ണുവും ശിവനുമായി ഉള്ളതിനേക്കാൾ ബന്ധം,അയ്യപ്പന് ബുദ്ധനോടാണുള്ളത്.വിഷ്‌ണുവിനെയും ശിവനെയും കാൾ പഴക്കമുള്ള തനി ദ്രാവിഡ ദൈവം.എല്ലാ ദൈവങ്ങളെയും ചേർത്ത് അഷ്ടബന്ധം ഉറപ്പിച്ച പ്രതിഷ്ഠ.
തിരുവിതാംകൂറിന് 1936 നവംബർ 12 നും കൊച്ചിക്ക് 1947  ലും  അവർണ്ണ ക്ഷേത്ര പ്രവേശനം കിട്ടിയത്,അവർണ്ണർ ഹിന്ദുമതം വിടും എന്ന പശ്ചാത്തലത്തിലാണ്.അത് ചിത്തിര തിരുനാളിൻറെ ഓശാരമല്ല.മതകാര്യമായതിനാൽ പ്രജാസഭയിൽ ചർച്ച ചെയ്യില്ല എന്ന നിലപാട് പ്രജാസഭയിൽ ദിവാൻ രാഘവയ്യ(1920 -25 ) എടുത്തിരുന്നു.ഇതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ അധ്യക്ഷൻ കുമാരനാശാനായിരുന്നു.1922 ൽ കൊട്ടാരക്കരയിൽ ചേർന്ന എസ് എൻ ഡി പി യോഗം ക്ഷേത്രപ്രവേശന പ്രമേയം അംഗീകരിച്ചു.ക്ഷേത്രപ്രവേശനം കിട്ടാത്ത ഈഴവർ ബുദ്ധമതത്തിൽ ചേരണം എന്ന് ടി കെ മാധവൻ എസ് എൻ ഡി പി യോഗത്തിൽ പ്രമേയം കൊണ്ടുവന്നു.ക്രിസ്തുമതത്തിലേക്ക് മാറണം എന്ന വാദവും വന്നു.ഹിന്ദുമതാചാര പരിഷ്‌കരണം വഴി നീതി തേടുക എന്ന് വാദിച്ച കുമാരനാശാൻ,അത് വ്യക്തമാക്കി എഴുതിയ പ്രബന്ധമാണ്,നടേശൻ വായിക്കാത്ത,’മത പരിവർത്തന രസ വാദം’.കോഴിക്കോട്ട് മിതവാദി സി കൃഷ്‌ണൻ ഭിക്ഷു ധർമ്മ സ്‌കന്ദനെ കൊണ്ടു വരിക മാത്രമല്ല,ബുദ്ധക്ഷേത്രം പണിത്,ആ മതത്തിൽ ചേരുകയുമുണ്ടായി.മന്നത്തു പത്മനാഭൻ കുടുംബക്ഷേത്രം 1922 ൽ അവർണ്ണർക്ക് തുറന്നു കൊടുത്തു.കുമ്പളത്തു ശങ്കുപ്പിള്ള കണ്ണൻകുളങ്ങര ക്ഷേത്രം അവർണ്ണർക്ക് തുറന്നു കൊടുത്തു.മഹാൻ എന്നു വിവരദോഷികൾ വാഴ്ത്തുന്ന വേലുത്തമ്പി ദളവ,വൈക്കം ക്ഷേത്രത്തിൽ കടക്കാൻ ശ്രമിച്ച ഈഴവരെ,അയാളുടെ കങ്കാണി,കുതിരപ്പക്ഷി എന്നറിയപ്പെട്ട പത്മനാഭ പിള്ളയെ ഉപയോഗിച്ച് കൂട്ടക്കൊല ചെയ്‌ത സംഭവവുമുണ്ട്.ആ ജഡങ്ങൾ തള്ളിയ കുളമാണ്,ദളവാ കുളം.
നവോത്ഥാനം,മാർക്‌സിസ്റ്റ് പാർട്ടി കരുതും പോലെ,സന്യാസിമാർ ഉണ്ടാക്കിയതല്ല.ഹിന്ദുമതത്തെ നന്നാക്കാൻ,ആ മതത്തോട് കലഹിക്കുകയും അതു വിടുകയും ചെയ്‌തവരാണ്,യഥാർത്ഥ കലാപകാരികൾ.ആ ഊർജം ബുദ്ധനിൽ നിന്നാണ്.അയ്യപ്പനിൽ നിന്നാണ്.അവരുടെ പേരു പറഞ്ഞാൽ,ആർക്കാണ് അയിത്തം?
പണ്ട്,സച്ചിദാനന്ദന് മുൻപ്,കവികൾ സത്യം പറഞ്ഞിരുന്നു.ആശാന് നിലപാടുണ്ടായിരുന്നു.ക്ഷേത്ര പ്രവേശന വിളംബരത്തിൻറെ കരട് തയ്യാറാക്കിയത്,മഹാകവി ഉള്ളൂരായിരുന്നു.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...